എന്തിനായിരിയ്ക്കും തങ്കക്കുട്ടി അമ്മയെ വരാൻ പറഞ്ഞയച്ചത്?
കപ്പക്കാരി മറിയ അക്കാര്യം പറഞ്ഞപ്പോൾ മുതൽ രമയ്ക്ക് മനസ്സിനു എടങ്ങേറായി. മറിയക്കാണെങ്കിൽ കൂടുതലൊന്നും അറിഞ്ഞു കൂടാ.
വെളിച്ചായ നേരത്ത് തങ്കക്കുട്ടി വേലിയ്ക്കരികെ വന്നു വിളിച്ചുവത്രെ ‘മറിയച്ചേടത്തീ, അമ്മേ ചന്തേല് കാണുല്ലോ, അപ്പോ ഇത്രേടം ഒന്നു വരാമ്പറയണം.‘ അത്രയും പറഞ്ഞ് പെരയ്ക്കകത്തോട്ട് കയറിപ്പോവുകയും ചെയ്തുവത്രെ.
രാവിലത്തെ പങ്കപ്പാടിനിടയ്ക്കായതു കൊണ്ട് മോളോട് ഒന്നും ചോദിച്ചറിയാൻ മറിയയ്ക്ക് അപ്പോ കഴിഞ്ഞതുമില്ല.
‘അവിടെ വിശേഷിച്ചൊന്നൂല്യല്ലോ മറിയേ?‘ എന്ന് ഇതിനിടയ്ക്ക് ഒരു നൂറു കുറി രമ ചോദിച്ച് കഴിഞ്ഞു.
ആ വെപ്രാളം കാണുമ്പോ അന്വേഷിയ്ക്കാതെ പോന്നതിൽ മറിയയ്ക്ക് കലശലായ വിഷമം തോന്നുന്നുണ്ട്.
വെറും പത്തൊൻപത് വയസ്സുള്ള കുട്ടിയെ അങ്ങനെ എടുപിടീന്ന് കല്യാണം കഴിപ്പിയ്ക്കേണ്ട കാര്യമുണ്ടായിരുന്നോ? വല്ല വർക്കീസിലോ മറ്റോ തൂക്കിക്കൊടുപ്പ് ജോലിയോ ജൌളിക്കടയിൽ തുണികളെടുത്ത് കൊടുക്കുന്ന ജോലിയോ ഒക്കെ ചെയ്ത് പത്തു കാശുണ്ടാക്കിയിട്ട് പതുക്കെ പോരേ കല്യാണം എന്നായിരുന്നു രമയുടെ മനസ്സിലിരിപ്പ്.
മറിയയും കൂടി നല്ലോണം ശുപാർശ ചെയ്തിട്ടാണ് തങ്കക്കുട്ടിയെ രാജുവിന് കല്യാണം കഴിപ്പിച്ച് കൊടുത്തത്. അവൻ മറിയേടെ അയൽപ്പക്കക്കാരനാണ്.
പ്ലംബിംഗ് പണിയ്ക്ക് രാജുവിനെ കഴിച്ചേയുള്ളൂ ആരും. നല്ല ആരോഗ്യമുള്ള ചെറുക്കൻ, ചീത്ത സ്വഭാവമൊന്നുമുള്ളതായി മറിയ കേട്ടിട്ടില്ല. അമ്മേം അച്ഛനും അവനും മാത്രം. ചെറുതാണെങ്കിലും ഒരു വീടുണ്ട്. ചേച്ചിയെ നേരത്തെ കല്യാണം കഴിപ്പിച്ചു,
പിന്നെ അവന്റെ അമ്മ ഇത്തിരി നാക്കുകാരിയാണ്. അച്ഛൻ അരകല്ലിന് കാറ്റ് പിടിച്ചത് പോലെ ഇരിയ്ക്കുന്നതാവും തള്ള സാമർഥ്യക്കാരിയാവാൻ കാര്യമെന്ന് മറിയ വിചാരിയ്ക്കാറുണ്ട്.
രാജുവിന് തങ്കക്കുട്ടിയെ കണ്ടപ്പോ ഇഷ്ടമായി. അവന്റെ അമ്മയ്ക്ക് അത്ര പിടിച്ചില്ല. തങ്കക്കുട്ടിയ്ക്കല്ല കുറ്റം. രമേടെ സ്ഥിതിയാണ് കാരണം. അവൾക്ക് കേറിക്കെടക്കാൻ ഒരു വീടും കൂടിയില്ല. ആസ്പത്രീടടുത്ത പുറമ്പോക്കിലൊരു തട്ടിക്കൂട്ട് പെരയിലാണ് താമസം
ആലോചിച്ചാൽ രമേടെ കാര്യം വലിയ കഷ്ടമാണ്. തങ്കക്കുട്ടിയ്ക്ക് ആറുമാസം പ്രായണ്ടായിരുന്നപ്പോളാണ് ഭർത്താവായിരുന്ന പണ്ടാരക്കാലൻ തമിഴത്തീടെ കൂടെ പൊറുതിയായത്. കറുത്തുരുണ്ട ഒരു എണ്ണമൈലിയായിരുന്നു ആ കാക്കാലത്തി. രമേടെ മാതിരി ഒണക്കക്കൊള്ളിയല്ല. നല്ല മൊതലുള്ള ദേഹം.
അവള് അയാളേം കൊണ്ട് നാട് വിട്ടു. പിന്നെ കണ്ടിട്ടില്ല.
രമ ആ കൊശവന്റെ താലീം കഴുത്തിലിട്ട് നെറ്റീലും നെറ്കേലും സിന്ദൂരോം പൂശി മലക്കറി വിറ്റ് കഴിഞ്ഞു കൂടി. അയാള് പോയീന്ന് അവളാരോടും പറയില്ല. ഭർത്താവ് ദാ അപ്പറത്തെ കടേല് പണി ചെയ്യുന്നുണ്ട് എന്ന മട്ടിലാണ് അവളെപ്പോഴും.
അതിലിത്തിരി ലാഭവുമുണ്ട് എന്നു വെച്ചോ. ആണൊരുത്തൻ ചോദിയ്ക്കാനും പറയാനും ഉണ്ടെന്ന് ഭാവിച്ചാ പിന്നെ ബാക്കി ഉണ്ണാക്കന്മാരായ ആണുങ്ങളൊക്കെ ഒരകലത്തില് നിന്നോളും. അല്ലെങ്കിൽ പിന്നെ പറയട്ടെ, വരട്ടെ, തൊടട്ടെ, കെടക്കട്ടെ എന്നും ചോദിച്ച് തൊയിരം തരാതെ പിന്നാലെ കൂടും. വാല് പൊക്കണ കണ്ടാ അറീല്ലേ മനസ്സിലിരിപ്പ്?
തങ്കക്കുട്ടിയെ രാജുവിന് കൊടുക്കാൻ രമ വേഗം സമ്മതിച്ചതും അതുകൊണ്ടാണെന്ന് മറിയയ്ക്ക് നല്ല ബോധ്യമുണ്ട്. ഒരു ആൺ തുണയായല്ലോ.
അവന്റെ വീട്ടുകാർക്ക് പണ്ടം പോരാ, സാരി പോരാ, കല്യാണത്തിന് ആർഭാടം പോരാ എന്നൊക്കെ പലതരം പരാതികളുണ്ടായെങ്കിലും രമ കല്യാണം ഭംഗിയായി നടത്തി.
രാജുവിന് ഒരു മോട്ടോർ സൈക്കിളും മോതിരവും മാലയും കൊടുത്തു.
തങ്കക്കുട്ടീടെ കാതിലും കഴുത്തിലും കൈയിലും പണ്ടങ്ങളൊക്കെ ഇടീച്ച്, ഭേദപ്പെട്ട തുണികളും പാത്രങ്ങളും എരട്ടക്കട്ടിലും മെത്തേം മേശപ്പൊറത്ത് വയ്ക്കണ ഫാനും ഒക്കെയായിട്ടാണ് രാജുവിന്റെ കൂടെ അയച്ചത്. ആ വകയിൽ ഇപ്പോ രണ്ട് ലക്ഷം രൂപ കടവുമുണ്ട്.
വിളുമ്പിൽ ഇത്തിരി സ്വർണക്കസവുള്ള കൈത്തറി സാരിയും ഒരു താലിയും മാലയും മാത്രമാണ് അവൻ തങ്കക്കുട്ടിയ്ക്കായി കൊടുത്തത്.
തങ്കക്കുട്ടിയ്ക്ക് രമ ചാർത്തിച്ച പണ്ടങ്ങളൊക്കെ രാജുവിന്റെ അമ്മ അവര്ക്ക് വിശ്വാസമുള്ള തട്ടാനെക്കൊണ്ട് വന്ന് തൂക്കിയ്ക്കുകയും ഉരച്ച് നോക്കിയ്ക്കുകയും ചെയ്തപ്പോൾ രമയ്ക്ക് മാത്രല്ല മറിയയ്ക്കും നല്ലോണം വിഷമം തോന്നി.
പിന്നെ സമാധാനിച്ചു.
ചെറുക്കന്റെ വീട്ടുകാരല്ലേ? അവർക്കിത്തിരി ഗമയും പൊങ്ങച്ചവും വീറും വാശിയും ഒക്കെ ഉണ്ടാകും. പെൺ വീട്ടുകാർ എപ്പോഴും താഴ്ന്ന് നിൽക്കേണ്ടവരല്ലേ.
രാജു രണ്ട് മാസമായി ദുബായിലേയ്ക്ക് പോയിട്ട്. എഴുത്തും പണവും വന്നു തുടങ്ങീട്ടില്ല. ദുബായിലെത്തീന്ന് പറഞ്ഞു ഒരു ദിവസം അവന്റെ അമ്മ. തങ്കക്കുട്ടിയെ ഇടയ്ക്ക് കാണാറുണ്ടെങ്കിലും അവളും വിവരമൊന്നും പറഞ്ഞില്ല.
നല്ല വിശേഷമെന്തെങ്കിലുമാവും കുട്ടിയ്ക്ക് പറയാനുള്ളത്. അതിനാവും അമ്മയോട് വരാൻ പറഞ്ഞത്.
മറിയ രമയെ സമാധാനപ്പെടുത്താൻ ശ്രമിച്ചു.
‘ഒക്കെ നല്ലതാവും. വെറുതേ ഓരോന്നാലോചിച്ച് കൂട്ടണ്ട. മൊഖം ഒന്നു തെളിച്ച് പിടിയ്ക്ക്. ഇതിപ്പോ അമ്മേ കാണുമ്പോ കുട്ടി പേടിയ്ക്കുല്ലോ.‘
ബേക്കറിയിൽ നിന്ന് രമ കുറേ മധുര പലഹാരം പൊതിഞ്ഞ് വാങ്ങി. വെറും കൈയോടെ മോളെ കെട്ടിച്ച വീട്ടിലേയ്ക്ക് ചെന്നു കയറുന്നതെങ്ങനെയാണ്? പഴക്കടയിൽ നിന്ന് നേന്ത്രപ്പഴവും മേടിച്ചു.
റേഷൻ കട മുക്കിൽ മറിയയ്ക്കൊപ്പം ബസ്സിറങ്ങുമ്പോൾ രമയ്ക്ക് പരിഭ്രമം തോന്നുന്നുണ്ടായിരുന്നു. പാറക്കോവിലിലേയ്ക്ക് ഒരു വെടി വഴിപാട് നേർന്നു. കുട്ടി സുഖമായിരിയ്ക്കുന്നുവെന്ന് തന്നെ കേൾക്കാൻ ഇട വരണേ!
കാലം വളരെ മോശമാണ്. പണത്തിനോട് എല്ലാവർക്കും ഒരു പോലെ ആർത്തി പെരുത്തിരിയ്ക്കുന്ന കാലം. എപ്പോ വേണമെങ്കിലും എന്തു ദുർബുദ്ധിയും തോന്നാവുന്ന കാലം.
പടിക്കെട്ട് കയറി മുറ്റത്തെത്തിയപ്പോഴേയ്ക്കും തങ്കക്കുട്ടി ഓടി വന്നു.
‘അമ്മേ… അമ്മ വന്നല്ലോ. ഞാൻ ……..‘
രമയുടെ കണ്ണു നിറഞ്ഞു. കുട്ടിയ്ക്ക് വലിയ ക്ഷീണമൊന്നുമില്ല. അവൻ പോയതുകൊണ്ടുള്ള സങ്കടമാവണം മുഖത്തിന് അൽപ്പം വാട്ടമുണ്ട്.
മറിയ ചിരിച്ചു. ‘മോളേ, അമ്മയ്ക്കിത്തിരി നല്ല ചായ ഇട്ട് കൊടുക്ക്. ഉച്ച്യ്ക്ക് ഊണൊന്നും കഴിച്ചിട്ടില്ല. ഞാൻ വീട്ടിലേയ്ക്ക് നടക്കട്ടെ. രമ ഇന്ന് പോണുണ്ടോ?നാളെ നമ്ക്ക്……..’
‘മറിയച്ചേട്ത്തി ഇവിടെ ഇരിയ്ക്കോ, ഇത്തിരി കഴിഞ്ഞിട്ട് പോവാം.‘
മറിയക്ക് പൂർത്തിയാക്കാനവസരം കൊടുക്കാതെ തങ്കക്കുട്ടി ഇടയിൽ കടന്നു.
രമ തളർച്ചയോടെയാണ് വരാന്തയിൽ ഇരുന്നത്. അതു കണ്ടപ്പോൾ മറിയയ്ക്കും വിഷമമായി.
തങ്കക്കുട്ടി രണ്ട് പാത്രം നിറയെ ഉപ്പിട്ട കഞ്ഞിവെള്ളം കൊണ്ടു വന്നു.
കഞ്ഞിവെള്ളം അകത്തു ചെന്നപ്പോൾ രമയ്ക്ക് ഒരാശ്വാസം തോന്നി. മറിയയും ചിറി തുടച്ച് പാത്രം താഴെ വെച്ചു.
‘അമ്മേം അച്ഛനും എവിടെ മക്കളേ? ഉച്ച മയക്കാണോ?‘
തങ്കക്കുട്ടി മിണ്ടിയില്ല. അവൾ താലിയിൽ തെരുപ്പിടിച്ചുകൊണ്ട് എന്തോ ആലോചിയ്ക്കയായിരുന്നു. രമ ചോദ്യമാവർത്തീച്ചപ്പോഴാണു അവളുടെ മറുപടി വന്നത്.
‘അവരിവിടില്ല, നാത്തൂന്റവിടെയ്ക്ക് പോയിരിയ്ക്കാണ്.‘
കൂടുതലൊന്നും പറയാതെ അവൾ കഞ്ഞിപ്പാത്രങ്ങളുമെടുത്ത് അകത്തേയ്ക്ക് പോയി.
ഓ! അപ്പോൾ അതാണു കാര്യം. അവരിവിടില്ല. തനിച്ചിരിയ്ക്കാൻ വിഷമമായിട്ട് അമ്മയെ കൂട്ട് വിളിച്ചതാണ്. അതിനെന്താ? അവർ വരുന്നതു വരെ ഇവിടെ ഇരിയ്ക്കാം. വരാൻ വൈകുകയാണെങ്കിൽ തനിയ്ക്ക് നാളെ പോയാലും മതിയല്ലോ.
വെറുതേ ഓരോന്നാലോചിച്ച് പേടിച്ചു.
രമ ദീർഘമായി നിശ്വസിച്ചു. മറിയ മുറുക്കാൻ പൊതിയഴിച്ച് ഒന്നു മുറുക്കി.
പുറത്തെയ്ക്ക് വന്ന തങ്കക്കുട്ടി സാരി മാറ്റിയിരുന്നു. വലിയൊരു ബാഗും പിടിച്ചിരുന്നു. അവൾ അതിവേഗം വാതിൽ പൂട്ടി താക്കോൽ മറിയയെ ഏൽപ്പിച്ചു.
‘എണീയ്ക്ക് അമ്മേ, നമുക്ക് വീട്ടിൽ പോകാം. അവരു വരുമ്പോ താക്കോല് മറിയച്ചേട്ത്തി കൊടുക്കും.’
‘നീയെന്താ കാട്ട്ണേ? അവരു വരുമ്പോ നീയിവിടെ ഇല്ലാണ്ടിരിയ്ക്കാൻ പാടുണ്ടോ? ഇതെന്താ കുട്ടിക്കളിയാ? കഴുത്തില് താലി വീണാ പിന്നെ ഭർത്താവും അവര്ടെ വീടും അവര്ടെ അച്ഛനുമമ്മേം ഒക്കെയാ പെൺകുട്ടിയ്ക്ക് പ്രധാനം. അല്ലാണ്ട് പെറന്ന വീടല്ല.’
‘അവരാ പറഞ്ഞേ, എന്റെ വീട്ടില് പോയി നിന്നോളാൻ. ഇനി രാജുവേട്ടൻ വരുമ്പോ ഇങ്ങട്ട് വന്നാ മതീന്ന്‘
‘രാജു എന്നാ വരാ?’
‘രണ്ട് മൂന്നു കൊല്ലം കഴീമ്പോ വരും. വരുമ്പോ എന്റെ പണ്ടങ്ങൾക്ക് പകരം പുതിയത് പണീപ്പിച്ച് തരാം എന്നു പറഞ്ഞിട്ട്ണ്ട്.‘
‘ങേ, അപ്പോ നിന്റെ പണ്ടങ്ങള് എന്ത് ചെയ്തു?‘
‘അതൊക്കെ വിറ്റിട്ടാ, രാജുവേട്ടൻ ദുബായിലേയ്ക്ക് പോയത്. താലി മാല മാത്രം വിറ്റിട്ടില്ല. പക്ഷെ, ആ താലീം മാലേം കറ്ത്ത് കറ്ത്ത് വരാ. അമ്മ ഇതൊന്ന് നോക്കിയേ.കണ്ടോ കറത്തിരിയ്ക്കണത്? സ്വർണം മൂന്നു മാസാവുമ്പോഴേയ്ക്കും ഇങ്ങനെ കറ്ക്കോ അമ്മേ?‘
തങ്കക്കുട്ടി ഊരി നീട്ടിയ കറുപ്പുരാശി പടർന്ന മങ്ങിയ മാലയും താലിയും രമയുടെ വിണ്ടു കീറി പരുത്ത കൈവെള്ളയിൽ, ഒരു ചോദ്യചിഹ്നമായി പുളഞ്ഞു .