കുട്ടി അഞ്ചാം ക്ലാസ്സിലാണ് പഠിയ്ക്കുന്നത്.
ആ വലിയ സ്കൂളിലെ ഏറ്റവും ചെറിയ ക്ലാസ്സിൽ.
വീട്ടിൽ നിന്ന് കുറെ ദൂരെയായിരുന്നു സ്കൂൾ. ഒന്നുകിൽ ബസ്സു വരുന്ന റോഡിലൂടെ പോകണം. അല്ലെങ്കിൽ ഇടവഴിയിലൂടെ നടന്ന് പാടവും അതിനുശേഷമുള്ള കൊച്ച് റബർത്തോട്ടവും കടന്ന് വേണം സ്കൂളിലെത്താൻ.
ബസ്സ് ഓടുന്ന വഴിയേക്കാൾ കുട്ടിയ്ക്കിഷ്ടം ഇടവഴിയും പാടവും റബർത്തോട്ടവും ചവുട്ടി പോകാനായിരുന്നു. ഇടയ്ക്കിടെയുള്ള കിളികളുടെ ചിലയ്ക്കലും കേട്ട് പേരറിയാത്ത പൂക്കളുടെ മണവും ശ്വസിച്ച് പച്ചിലച്ചാർത്തിനുള്ളിൽ സൂര്യ രശ്മികൾ ഒളിച്ചു കളിയ്ക്കുന്നതും കണ്ട്, ഒരു പച്ചച്ച ഗുഹ മാതിരി നീണ്ട് കിടക്കുന്ന ഇടവഴിയിലൂടെ മെല്ലെ മെല്ലെ നടക്കാൻ കുട്ടി ആഗ്രഹിച്ചു.
ഇളം നീലയും ചുവപ്പും മഞ്ഞയും നിറമുള്ള തുമ്പികളെ ആ വഴിയിൽ ധാരാളമായി കാണാമായിരുന്നു. സുന്ദരിക്കോതകളായ മഞ്ഞക്കിളികളും തലയിൽ ചുവന്ന തൂവാല കെട്ടിയ മരം കൊത്തിയും മനോഹരമായ നീലയുടുപ്പിട്ട പൊന്മാനും രാത്രി മുഴുവൻ ഉറങ്ങാതിരുന്ന് പഠിച്ച് കണ്ണും ചുവപ്പിച്ച് വരുന്ന ചെമ്പോത്തും എല്ലാം കലപില കൂട്ടുന്ന നാട്ടുവഴിയിലൂടെ കൊച്ചു കാലടികൾ പെറുക്കി വെച്ച് കുട്ടി സ്കൂളിൽ പോയി വന്നു.
നാലു കാലുള്ള നങ്ങേലിപ്പെണ്ണിനെ കോലു നാരായണൻ കട്ടോണ്ട് പോയതല്ല വായ മുഴുക്കെ തുറന്ന് ശാപ്പാടടിച്ചതാണ് എന്ന് കുട്ടിയ്ക്ക് മനസ്സിലായത് ആ പാടത്തായിരുന്നു. കോലു നാരായണനെ കണ്ട് പേടിച്ച് വിറച്ച് പോയെങ്കിലും നാരായണൻ കുട്ടിയെ തീരെ ശ്രദ്ധിയ്ക്കാതെ ധിറുതിയായി സ്വന്തം ജോലി നോക്കി കടന്നുപോയി.
മഞ്ഞക്കിളിയെ കണ്ടാൽ മധുരം കിട്ടുമെന്ന് പറയുന്നത് മുഴുവനൊന്നും ശരിയല്ലെന്ന് മനസ്സിലാക്കിയതും അക്കാലത്താണ്. മധുരം ലഭിച്ചില്ലെന്നു മാത്രമല്ല, കണക്കിൽ മാർക്ക് കുറഞ്ഞതിനും ഇംഗ്ലീഷിൽ സ്പെല്ലിംഗ് തെറ്റിച്ചതിനുമൊക്കെ അടിയും കൊള്ളേണ്ടി വന്നു. എന്നാൽ മഞ്ഞക്കിളികളാവട്ടെ കുട്ടിയുടെ തലയ്ക്കു മുകളിലൂടെ നിത്യവും പാറിപ്പറക്കുമായിരുന്നു.
ചെമ്പോത്താണ് ചകോരമെന്ന് കുട്ടിയോട് പറഞ്ഞത് വാര്യത്തെ രാജനാണ്. വേറൊരു കാര്യവും കൂടി രാജന് പറയാനുണ്ടായിരുന്നു. കുചേലൻ ചെമ്പോത്തിനെ ശകുനം കണ്ടിട്ടാണത്രെ ശ്രീകൃഷ്ണനെ കാണാൻ പോയത്. അതുകൊണ്ട് സ്കൂളിൽ പോവുമ്പോൾ ചെമ്പോത്ത് ശകുനമായി വരികയാണെങ്കിൽ ടീച്ചർമാർ ദേഷ്യപ്പെടുകയോ തല്ലുകയോ ഒന്നുമില്ലെന്നും ഒന്നും പഠിച്ചില്ലെങ്കിലും പരീക്ഷയ്ക്ക് നൂറിൽ നൂറു മാർക്ക് കിട്ടുമെന്നും രാജൻ പറഞ്ഞു. അതിനു ശേഷം കുട്ടിയ്ക്ക് ചെമ്പോത്തിനെ കാണുന്നത് വലിയ സന്തോഷമാണ്.
നീലക്കൊടുവേലി എന്നൊരു അൽഭുത മരുന്നുണ്ടെന്നും അതിന്റെ വേര് ചെമ്പോത്തിന്റെ കൂട്ടിൽ കാണുമെന്നും രാജനറിയാമായിരുന്നു. ആ കൂടാണെങ്കിൽ ഇതു വരെ കണ്ടു പിടിയ്ക്കാൻ സാധിച്ചിട്ടില്ല. ആ വേരു കിട്ടിയാൽ പിന്നെ രാജനാരാ? ചക്രവർത്തിയാണ്, ചക്രവർത്തി.
രാജനിതൊക്കെ പറഞ്ഞുകൊടുക്കുന്നത് അവന്റെ അച്ഛമ്മയാണ്. അവർക്കറിഞ്ഞു കൂടാത്ത കാര്യങ്ങളില്ല.
റബർത്തോട്ടത്തിൽ നിന്ന് കുട്ടിയും രാജനും കൂടി റബർക്കുരുക്കൾ പെറുക്കി. രാജന്റെ ട്രൌസർക്കീശയിൽ നിക്ഷേപിച്ചു. കുരു നിലത്തുരച്ച് കൈയിന്മേൽ വെച്ചാൽ ചൂടേറ്റ് തൊലി പൊള്ളുമെന്ന് രാജൻ പറഞ്ഞു. ആ റബർക്കുരുക്കൾ കൊണ്ട് കല്ലു കളിയ്ക്കുന്നമാതിരി കളിയ്ക്കാമെന്നും അമ്മാനമാടാമെന്നും കുട്ടി മനസ്സിലാക്കി.
ഈ ഭാഗ്യമൊക്കെ പൊയ്പോയത് വളരെ പെട്ടെന്നായിരുന്നു.
അമ്പലത്തിൽ വഴിപാട് കഴിപ്പിച്ച അപ്പമായിരുന്നു അന്നത്തെ നാലുമണിപ്പലഹാരം. നല്ല മണവും സ്വാദുമുണ്ടായിരുന്ന അപ്പം കുട്ടി നാലെണ്ണം തിന്നുവെന്നത് നേരാണ്. അതിന് ഇങ്ങനെ പനി വരണോ? ഇത്രയധികം ചർദ്ദിയ്ക്കണോ?
എന്തായാലും പതിനഞ്ചു ദിവസം സ്കൂൾ മുടങ്ങി.
പിന്നെ സ്ക്കൂളിൽ പോകാമെന്ന് തീരുമാനിച്ചതിന്റെ തലേന്നാണ് കുട്ടി വിവരമറിഞ്ഞത്. റബ്ബർത്തോട്ടവും അതിനടുത്തുള്ള പാടവുമൊക്കെ ആരോ വാങ്ങി വളരെ ഉയരത്തിൽ മുള്ളുവേലി നിർമ്മിച്ച് വഴിയടച്ചു കഴിഞ്ഞിരിയ്ക്കുന്നുവത്രെ. ഇടവഴിയിലൂടെ മണ്ണു നിറച്ച ലോറികൾ വന്ന് പാടം നികത്തുകയാണ്. അവിടെ ഒരു വലിയ ആയുർവേദ ഹോസ്പിറ്റൽ വരുന്നു, അതിലെ ജോലിക്കാർക്ക് താമസിയ്ക്കാനാവശ്യമായ വീടുകൾ വരുന്നു, അങ്ങനെ എന്തൊക്കെയോ വരുന്നു.
ആശുപത്രി വന്നാൽ നാട് നന്നാകും, സ്ഥലത്തിന് വില കൂടും.
മുതിർന്നവരെല്ലാം പറയുന്നത്, ആശുപത്രിയും ഫാക്ടറികളും വലിയ വലിയ അമ്പലങ്ങളും മറ്റും നാട്ടിൽ ധാരാളമായി വരണമെന്നാണ്. അപ്പോഴാണ് റോഡൊക്കെ ശരിയായി നല്ല നല്ല വണ്ടികൾ ഓടാൻ തുടങ്ങുക. അങ്ങനെയാണ് നാട്ടിലെല്ലാവരും കാശുകാരായി മാറുക.
എന്തായാലും ടാറിട്ട പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ മാത്രമേ ഇനി സ്കൂളിൽ പോകാൻ പറ്റൂ.
കുട്ടി ബസ്സിൽ പോയാൽ മതി എന്ന് വീട്ടിൽ തീരുമാനമായി.
കുട്ടിയുടെ അഭിപ്രായം ആരും ചോദിച്ചില്ല. എങ്കിലും കുട്ടി പ്രതിഷേധിച്ചു നോക്കി. ‘എനിയ്ക്ക് നടന്നു പോവാനാ ഇഷ്ടം‘ എന്ന് പറഞ്ഞു നോക്കി. പക്ഷെ, മുതിർന്നവർക്ക് എല്ലാം അറിയാമല്ലോ, അതുകൊണ്ട് അവരാരും അതൊന്നും കേട്ടതു പോലുമില്ല.
വേറെ വഴിയൊന്നുമില്ലാതെ കുട്ടി ബസ്സിൽ പോകാൻ തുടങ്ങി. പത്ത് പൈസയായിരുന്നു ബസ്സ് ചാർജ്. അങ്ങനെ കുട്ടി എന്നും ഇരുപത് പൈസ ചെലവാക്കിപ്പോന്നു.
ആഴമുള്ള കുഴികളും ഇളകിക്കിടക്കുന്ന കരിങ്കൽക്കഷണങ്ങളും നിറഞ്ഞ ടാറിട്ട റോഡിലൂടെ ബസ്സ് ആടിക്കുലുങ്ങി നീങ്ങുമ്പോൾ കുട്ടി വീഴാതിരിയ്ക്കാൻ വല്ലാതെ ശ്രമപ്പെട്ടുകൊണ്ടിരുന്നു. ആരുടെയൊക്കെയോ കൈയിലും കാലിലും ബസ്സിലെ കമ്പികളിലും മാറി മാറിപ്പിടിച്ച് കുട്ടി മടുത്തു.
പലരുടെ കൈയിലും നല്ല ചൂടുള്ള ചോറു നിറച്ച സ്റ്റീൽ പാത്രങ്ങൾ ഉണ്ടായിരുന്നു. അറിയാതെ അതിൽ തൊടേണ്ടി വന്നപ്പോഴൊക്കെ കുട്ടി പിടഞ്ഞു. പലതരം പൌഡറുകളുടേയും വിയർപ്പിന്റേയും ബീഡിപ്പുകയുടെയും സമ്മിശ്ര ഗന്ധത്തിൽ കുട്ടിയ്ക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.
ഇടയ്ക്കിടെയുള്ള സഡൻ ബ്രേക്കുകളായിരുന്നു മറ്റൊരു ദ്രോഹം. അപ്പോൾ കുട്ടി ബാലൻസു തെറ്റി വീഴാൻ പോകും, തന്നെയുമല്ല വേറെയാരെങ്കിലുമൊക്കെ അതുപോലെ പത്തോന്ന് കുട്ടിയുടെ പുറത്തു വന്നു വീഴുകയും ചെയ്യും.
പഴയതു പോലെ നടന്നു പോകാൻ കുട്ടി കൊതിച്ചു.
ചെമ്പോത്തും പൊന്മാനും മഞ്ഞക്കിളിയുമൊക്കെ എവിടെപ്പോയിരിയ്ക്കുമോ ആവോ? തുമ്പികളും ചിലപ്പോൾ കൂടെ പോയിരിയ്ക്കും.
കോലു നാരായണനെ കാണുകയൊന്നും വേണ്ട, എന്നാലും എവിടെപ്പോയിരിയ്ക്കും എന്നറിയാനാഗ്രഹമുണ്ട്.
അങ്ങനെ ശ്രമപ്പെട്ട് ബസ്സിൽ യാത്ര ചെയ്യുന്ന കാലത്ത് ഒരു വൈകുന്നേരം കുട്ടി സ്ക്കൂളിൽ നിന്നു മടങ്ങുകയായിരുന്നു. നല്ല തിരക്കുണ്ടായിരുന്നു. കൊള്ളാവുന്നതിലുമധികം യാത്രക്കാരെ കുത്തി നിറച്ച് ചുമച്ചും തുപ്പിയും നീങ്ങിക്കൊണ്ടിരുന്ന ബസ്സിൽ വച്ച് എന്തുകൊണ്ടോ അന്ന് കുട്ടിയുടെ പക്കൽ നിന്ന് കണ്ടക്ടർ പൈസ വാങ്ങുകയുണ്ടായില്ല. തിരക്കിൽ അയാൾ വിട്ടു പോയതായിരിയ്ക്കാം.
ബസ്സിറങ്ങി പഞ്ചായത്ത് കിണറിന്റെ അടുത്ത് എത്തിയപ്പോഴാണ് ചുരുട്ടിപ്പിടിച്ചിരിയ്ക്കുന്ന കൈയിൽ പത്ത് പൈസാത്തുട്ടുണ്ടെന്ന് കുട്ടി അറിഞ്ഞത്. ബസ്സുകൂലി കൊടുത്തില്ലെന്ന് ഓർമ്മിച്ചപ്പോൾ കുട്ടി പേടിച്ചു പോയി.
ഇനിയിപ്പോഴെന്തു ചെയ്യും?
കുട്ടി നിലവിളിച്ചുകൊണ്ട് ബസ്സിനു പുറകെ ഓടി.
ബസ്സ് കൂടുതൽ ആളുകളെ കുത്തിനിറച്ച് പുറപ്പെട്ടതേയുള്ളൂ. കുട്ടി ബസ്സിന്റെ പുറകേ ഓടി വരുന്നതു കണ്ടപ്പോൾ, ആരോ ബെല്ലടിച്ചതു കൊണ്ടാവാം ബസ്സ് പെട്ടെന്ന് നിന്നു.
കണ്ടക്ടർ വാതിൽക്കൽ നിന്ന് തല പുറത്തേക്കിട്ട് അന്വേഷിച്ചു, ‘എന്താ കുട്ടീ, എന്തു പറ്റി?‘
കുട്ടി കിതച്ചു.
‘ദേ, പൈസ. എന്റെ ബസ്സു കൂലി വാങ്ങീല്ല.‘
ബസ്സിലിരുന്ന മുതിർന്നവരെല്ലാം ഹ ഹ ഹ എന്ന് പൊട്ടിച്ചിരിച്ചു.
‘അയ്യേ! ഒരു പത്ത് പൈസയ്ക്കാ ഇങ്ങനെ ഓടീത്……….’
മുതിർന്നവരുടെ സങ്കീർണമായ ലോകത്തിൽ ഏതു വസ്തുവിനാണ്, ഏതു പ്രവൃത്തിയ്ക്കാണ്, ഏതു കാലത്തിനാണ്, എപ്പോഴാണ് വിലയിടിയുകയും ഉയരുകയും ചെയ്യുന്നതെന്ന് മനസ്സിലാക്കാനുള്ള വിവരമൊന്നും കുട്ടിയ്ക്ക് അപ്പോഴുണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ എല്ലാവരും പൊട്ടിച്ചിരിച്ചതിന്റെ കാരണം കുട്ടിയ്ക്ക് മനസ്സിലായതുമില്ല.
79 comments:
ഇതിലെ പ്രമേയം തികച്ചും വ്യത്യസ്തമായി തോന്നി. നഷ്ടപ്പെടുന്ന ഗ്രാമീണ്യതയും അതിന്റെ ശീലുകളും ഒക്കെ മനോഹരം തന്നെ... കുട്ടിയിലൂടെ കുറേയേറെ കാര്യങ്ങള്‍ എച്മു പറഞ്ഞു. ബോറടിക്കാതെ വായിക്കാവുന്ന ഒരു രചന..
Took me to a few years back..Thanks
കാലമാകുന്ന ബസ്സില്‍ കയറി പിന്നോട്ട് സഞ്ചരിക്കാന്‍ ഒരു കൊതി...എന്നാലും ഓര്‍മതന്‍ ബസ്സ് കുറെ പുറകോട്ടു ഓടാന്‍ സഹായിച്ചു ഈ പോസ്റ്റ്!
ആശംസകള്‍ എച്മു, ഹൃദ്യമായ രചന..
ഞങ്ങളുടെ നാട്ടില്‍ ഒരു കുറ്റിച്ചെടി ഉണ്ട് .കാഞ്ഞിരം പോലെ കയ്ക്കുന്ന
ഇല ഉള്ളത്.പാണല്‍ എന്നാണ് പറയുക. അതിന്റെ ഇല ഒരു പ്രത്യേക രീതിയില്‍
കൂട്ടികെട്ടിയിട്ടു സ്കൂളില്‍ പോയാല്‍ ഉച്ചക്ക് തിരികെ വരുന്നത് വരെ അത്
അഴിയാതെ ഇരുന്നാല്‍ ആന്നു ടീച്ചറിന്റെ കയ്യില്‍ നിന്നും അടി കിട്ടൂല്ല എന്നാണ്
വിശ്വാസം.ആ കെട്ട് എപ്പോ അഴിഞ്ഞു പോകുന്നോ അപ്പൊ ഉറപ്പിച്ചോ
ടീച്ചറിന്റെ അടി വീണിരിക്കും ക്ലാസ്സില്‍. എല്ലാം കുട്ടി വിശ്വസിച്ചു
അല്ലെ. പത്തു പ്യ്സയുടെ കളവും വല്യ പൈസയ്ടെ കളവും കുട്ടിക്ക് വലുത്
മുതിര്‍ന്നവര്‍ക് അതെല്ലാം ഇന്നും ചെറുത്.അഭിനന്ദനം .
പണ്ട് സ്കൂളില്‍ പോകുമ്പോള്‍ ഒരുപാട് നോക്കി നിനിട്ടുണ്ട് ചെമ്പോത്തിനെയും, മൈനയെയും... എന്നിട്ടും എന്താ ഫലം പടിക്കത്തത്തിനു തല്ലു കിട്ടീല്ല പക്ഷെ നേരം വൈകിയതിനു കിട്ടും അടി....
നല്ല പോസ്റ്റ് .വായിച്ചു തീര്‍ന്നതും ഞാന്‍ അറിഞ്ഞില്ല .അവസാനം എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടായി ..ചിരിക്കുന്നവര്‍ക്ക് അറിയില്ല ,പത്ത് പൈസയുടെ വിലയും ,കുട്ടി കളിലെ നല്ല മനസും . ..........
പത്തു പൈസ കൊടുക്കാന്‍ വേണ്ടി ഓടിയത് അന്ന്..
ഇന്ന് ആരെ കൊന്നിട്ടെന്കിലും പത്തു കോടി എങ്ങനെ ഉണ്ടാക്കാം എന്നാ എല്ലാരുടേം ചിന്ത.
"മുതിർന്നവരുടെ സങ്കീർണമായ ലോകത്തിൽ ഏതു വസ്തുവിനാണ്, ഏതു പ്രവൃത്തിയ്ക്കാണ്, ഏതു കാലത്തിനാണ്, എപ്പോഴാണ് വിലയിടിയുകയും ഉയരുകയും ചെയ്യുന്നതെന്ന് മനസ്സിലാക്കാനുള്ള വിവരമൊന്നും കുട്ടിയ്ക്ക് അപ്പോഴുണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ എല്ലാവരും പൊട്ടിച്ചിരിച്ചതിന്റെ കാരണം കുട്ടിയ്ക്ക് മനസ്സിലായതുമില്ല. ...."
ഇതൊക്കെ മനസ്സിലാക്കി വരുമ്പോള്‍
നിഷ്ക്കളങ്കമായ കുട്ടിത്തം കൈമോശം വന്നിട്ടുണ്ടാവും..
നല്ലൊരു കഥ നന്ദി എച്മു
എപ്പോഴത്തെയും പോലെ എച്ച്മുന്റെ സുന്ദരമായ മറ്റൊരു കഥ കൂടി.. കുട്ടിയുടെ മഞ്ഞക്കിളിയോടും,ചെമ്പരുന്തോടും,പയ്യാരം പറഞ്ഞുള്ള സ്കൂളിലേക്കുള്ള യാത്ര എന്നെയും കുറെ വര്‍ഷം പിറകിലേക്ക് എത്തിച്ചു.പൂമ്പാറ്റകളുടെ അഴകില്‍ മയങ്ങി
സ്കൂളില്‍ വൈകി എത്തുന്നതിനു ക്ലാസ് മാഷിന്റെ കയ്യില്‍ നിന്നും നല്ല ചൂരല്‍ കഷായം വാങ്ങിക്കുന്ന ഒരു ആറാം ക്ലാസ് ലീഡര്ക്കാരിയെ! ബസ്സ് യാത്ര കുട്ടിയെ ശരിക്കും വേദനിപ്പിച്ചു ല്ലേ?
എച്മുവിന്റെ പതിവു ശൈലിയിൽ അതിമനോഹരമായൊരു കഥ. ഓർമ്മകൾ കുറെ പിന്നിലേക്ക് കൊണ്ടുപോയി.
കുട്ടികളുടെ ലോകത്തിലെ നന്മ അടയാളപ്പെടുത്തുന്ന കഥ ..
വലിയവര്‍ വായിച്ചു മനസ്സിലാക്കട്ടെ
വളരെ ഇഷ്ടമായി ചേച്ചീ...
നമുക്ക് ഇന്നത്തെ കാലത്ത് അന്യമായിക്കൊണ്ടിരിയ്ക്കുന്ന ഗ്രാമീണതയും നിഷ്കളങ്കതയും എല്ല്ലാം ഈ ഒരൊറ്റ പോസ്റ്റിലൂടെ വരച്ചു കാട്ടിയിരിയ്ക്കുന്നു.
:)
കാലത്തിനു കുറുകെ ഓര്മകൊണ്ടൊരു രാമസേതു
കളങ്കമില്ലാത്ത ഓര്‍മകളുടെ ഒരു നല്ല കാലമാണ് ബാല്യം. ശരിക്കും പറഞ്ഞാല്‍ അതൊരു ആഘോഷം തന്നെയാണ്. ചതിയും വഞ്ചനയും വേദനയും വിലക്കുകളും ഒക്കെയുള്ള മറ്റൊരു ലോകം നമ്മെ കാത്തിരിക്കുന്നുണ്ടെന്ന് അറിയാതെ കളിച്ചും ചിരിച്ചും നടക്കുന്ന നിഷ്കളങ്ക ബാല്യം. ഈ പോസ്റ്റ് എന്നെ കുട്ടിക്കാലത്തേയ്ക്ക് കൂട്ടി കൊണ്ടു പോയി.
കഥയിഷ്ടമായി. നന്ദി എച്ചുമൂ.
ഗ്രാമങ്ങളും, ഗ്രാമീണതയും നമുക്ക് നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത്, എന്റെ ബാല്യകാലത്തിലേക്ക് തിരിച്ചു വിളിച്ച, എച്ച്മുക്കുട്ടിക്കു അഭിനന്ദനങ്ങള്‍. ഒരു നല്ല നോവലിന്റെ ആദ്യ ശകലം പോലെ വായിച്ചു, ആസ്വദിച്ചു. ഒരു നോവല്‍ എഴുതുന്നതിനെക്കുറിച്ച് ആലോചിച്ചുകൂടെ? നിങ്ങള്‍ക്ക് കഴിയും എന്നെനിക്കു തോന്നുന്നു.
കഥ വളരെ ഇഷ്ടമായി
ആശംസകള്‍
ആ കുട്ടി എച്മു തന്നെയല്ലേ...
ഇപ്പോഴും മനസ്സില്‍ ആ നിഷ്കളങ്കതയുണ്ടോ??? ഉണ്ടെങ്കില്‍ ഉടനെ അത് കളയുക...കാരണം ഇന്നത്തെ ലോകത്തില്‍ നിഷ്കളങ്കര്‍ക്ക് ജീവിക്കാന്‍ പറ്റില്ല...
കുഞ്ഞിലെ ചിന്തയും നിഷ്കളങ്കതയും കുഞ്ഞിലേ തന്നെ ഇട്ടേച്ചു പോന്നത് നന്നായി. ഇല്ലേല് ഇന്ന് കഷ്ടപ്പെട്ടേനെ...
എന്നത്തേയും പോലെ നനുത്ത ഒരു വായന... നന്ദി എച്ചുമു
നഷ്ടമായ നന്മയുടെ കാലം പലരും മനപൂര്‍വം തന്നെ ഓര്‍ക്കാതിരിക്കുന്നു..
ഇഷ്ടായി പോസ്റ്റ്
ആശംസകള്‍
പുസ്തക പെട്ടിയും കയ്യിലെടുത്ത് നാട്ടുമാവിലും പുളിമരത്തിലും നോക്കി സ്കൂളില്‍ പോവുന്ന ഒരു പയ്യനെ ഞാന്‍ ഓര്‍ക്കുന്നു....
ഓര്‍മകളിലേക്ക് ഒരു മടക്കയാത്ര തന്നതിന് നന്ദി എച്ചൂ
എച്മുവിന്റെ ആ സ്കൂളിലേക്കുള്ള യാത്രയും, ചെമ്പോത്തിനേയും, മൈനയേയും, മഞ്ഞക്കിളികളേയും ഒക്കെ എന്നിക്ക് ക്ഷാ പിടിച്ചൂട്ടാ...മനസ് കൊണ്ട് ഞാനും ആ സ്കൂള്‍ കുട്ടിയായി..പിന്നെ പൈസ കൊടുക്കാന്‍ വേണ്ടി ബസ്സിനു പുറകെ ഓടിയില്ലേ...അതു വായിച്ചപ്പോള്‍ ഒരു കോളേജ് കുട്ടിയും..
പരമാവധി യാത്രകള്‍ കണ്സഷന് കാര്‍ഡുപയോഗിച്ച് യാത്ര ചെയ്യാനാ അന്നു ഞാനും കൂട്ടുകാരും ശ്രദ്ധിച്ചിരുന്നത്...വേറൊന്നും പറയാനില്ല...ആശംസകള്‍
പത്ത് പൈസയും കുട്ടിയും
വായിച്ചു തീര്‍ന്നു പോയതറിഞ്ഞില്ല
തീരരുതേ എന്നായിരുന്നു മനസ്സില്‍
ഓര്‍മകളിലേക്കൊരു ബസ്സ്യാത്ര...!
നന്നായി പറഞ്ഞു. വായിച്ചു കൊതിതീര്‍ന്നില്ല.
മുതിർന്നവരുടെ സങ്കീർണമായ ലോകത്തിൽ ഏതു വസ്തുവിനാണ്, ഏതു പ്രവൃത്തിയ്ക്കാണ്, ഏതു കാലത്തിനാണ്, എപ്പോഴാണ് വിലയിടിയുകയും ഉയരുകയും ചെയ്യുന്നതെന്ന് മനസ്സിലാക്കാനുള്ള വിവരമൊന്നും കുട്ടിയ്ക്ക് അപ്പോഴുണ്ടായിരുന്നില്ല
എല്ലാം അറിഞ്ഞു വരുമ്പോഴേക്കും എല്ലാ നിഷ്ക്കളങ്കതയും നഷ്ടപ്പെടുന്നു.
സൌന്ദര്യമുള്ള നല്ല കഥ.
vow ! വളരെ ഹൃദ്യമായിരിക്കുന്നു.
കുട്ടികാലത്ത് 20 പൈസ കൊടുത്തു ബസ്സില്‍ പോയതും ഇതിനു നേരെ വിപരീതമായി ആ 20 പൈസ കൊടുക്കാതിരിക്കാന്‍ ശ്രമിചിരുന്നതും ഒക്കെ ഓര്മ വന്നു.
കഴിഞ്ഞ ദിവസം കൊണ്ട് വെച്ച പുസ്തകങ്ങള്‍ പിറ്റേന്ന് അതെ ദിവസം അതെ സ്ഥലത്ത് നിന്നുമെടുത്തു, സമയമില്ലാ സമയത്താണ് നിന്റെ കളി എന്ന് പറഞ്ഞു വേവലാതി പെടുന്ന അമ്മയോട് കുസൃതി കാട്ടി അടിമേടിച്ചും, ഒപ്പം സ്കൂളിലേക് വരുന്ന അയല്പക്കത്തെ കുട്ടികളുടെ കൂടെ ഒരു ചെറു വടിയുമായി ചേറു നിറഞ്ഞ പാടവരമ്പത്തൂടെ വീഴാതെയും വീണും , കുളത്തില്‍ കല്ലെറിഞ്ഞും ഒക്കെയുള്ള യാത്ര.. പിന്നെ എടുത്താല്‍ പൊങ്ങാത്ത പുസ്തകകെട്ടുകളും ഒക്കെയായി കണ്ടക്ടര്‍-ന്റെയും കിളികളുടെയും തട്ടും മുട്ടും കൊണ്ടും കൊടുത്തും , മുന്നോട്ടാഞ്ഞും പിന്നോട്ട് മരിഞ്ഞുമുള്ള യാത്രകള്‍ ഇതൊക്കെ ഒര്മാപ്പെടുതിയത്തിനു നന്ദി. ഇതൊന്നും അനുഭവിചിട്ടില്ലാതവരുടെ ജീവിതത്തിന്റെ ഏറ്റവും നല്ല കാലം നഷ്ടപ്പെട്ടു തീര്‍ച്ച. ഹൃദ്യമായ് എഴുതി. ആശംസകള്‍, അഭിനന്ദനങ്ങള്‍.
ഇനിയും കാണാം. കാണും.
ഹാപ്പി ബാച്ചിലേഴ്സ്
ജയ് ഹിന്ദ്.
nostalgic..... കഥയുടെ പരിണാമം സുന്ദരമായിരിക്കുന്നു.
എച്മുക്കുട്ട്യേ,
നിഷ്കളങ്കന് എന്ന പേരേ എനിക്കുള്ളൂ. യ്യാണ് നിഷ്കളങ്ക. ലളിതസുന്ദരം!
വായിച്ച് പ്രോത്സാഹിപ്പിയ്ക്കുന്ന എന്റെ എല്ലാ കൂട്ടുകാർക്കും നന്ദി.
ഇനിയും വരുമല്ലോ.
മനസ്സില്‍ എവിടെയൊക്കെയോ ഒരു വിങ്ങല്‍ , നഷ്ടപ്പെട്ട ആ ബാല്യകാലത്തിന്റെ ഓര്‍മ്മകളാവാം...അങ്ങോട്ട് ഒരിക്കലൂടെ തിരിഞ്ഞു നോക്കാന്‍ അവസരം തന്ന എച്ചുമുട്ടിയുടെ എഴുത്തിന്റെ ഇളം കാറ്റുപോലുള്ള ശൈലി ...നന്ദി ..ഒരുപാട് ..
ഹൃദ്യമായ വിവരണം കേട്ടൊ എച്മു...
എല്ലാ വായനക്കാരേയും കുട്ടിക്കാലത്തേക്ക് കൂട്ടി കൊണ്ടുപോയി ,നമ്മുടെ നാടിന്റെ നന്മകൾ ഒരൊന്നും തൊട്ടറിയിക്കുകമാത്രമല്ല...
ആ കുട്ടിയിലൂടെ , വളരെ കട്ടിയുള്ള ഒരു സംഗതി വ്യക്തമാക്കിപ്പിക്കുകയും ചെയ്തതിൽ കഥാകാരി അഭിനന്ദനം അർഹിക്കുന്നൂ...
കഥ നന്നായിരിക്കുന്നു എച്ചുമുകുട്ടി . അതിനൊന്നും അറിയില്ല . കാരണം അത് കുട്ടിയാണ് .................
പത്ത് പൈസകൊണ്ട് കുട്ടി ബസ്സിന്റെ പിറകെ ഓടിയപ്പോള്‍ എല്ലാവരും ചിരിച്ചു പക്ഷെ അപ്പോള്‍ എന്റെ കണ്ണില്‍ നിന്നും അറിയാതെ കണ്ണുനീര് വന്നു അത് എന്ത്കൊണ്ട് എന്ന് എനിക്കിപ്പോഴും മനസ്സിലാവുന്നില്ല . ആ കുട്ടിയുടെ നിശ്കളങ്കത ഓര്‍ത്തിട്ടാവാം ...
നല്ല സുഖത്തോടെയുള്ള വായന ഏച്ചുമ്മു നല്‍കിയത് . കുട്ടിക്കാലവും സ്കൂള്‍ ജീവിതവും . ഇടവഴിയിലൂടെയുള്ള നടത്തവും . ചൊമ്പോത്തിനെ തിരഞ്ഞ് പൊന്തക്കാടിന്റെ അടുത്ത് പോയി നിന്നിരുന്നതും , എല്ലാം എല്ലാം ഓര്‍മകളായി ഒരു തിരിച്ചു വരവ് നടത്തി മനസ്സിലൂടെ..... കഥ വായിച്ച് കഴിഞ്ഞിട്ടും അൽപ്പ നേരം .. ഞാന്‍ ഇതേ കുറിച്ചു തന്നെ ചിന്തിച്ചു എന്നതാണ് സത്യം ...
നല്ല ഇഷ്ടമായി കഥ.. നല്ല ഒരു സുഖാനുഭൂതി നല്കിയ ഏച്ചുമ്മുവിനു അഭിനന്ദനങ്ങള്‍
നിഷ്കളങ്കം!
ഓർമ്മപ്പെരുമഴ...
സന്തോഷം!
ആകര്‍ഷണീയമായ ആഖ്യാന ശൈലിയിലൂടെ മനോഹരമായ വിവരണത്തിലൂടെ ,കുട്ടിക്കാലത്തെ ഓര്‍മ്മകളും , കുട്ടിയുടെ നിഷ്ക്കളങ്കതയും ,ചെറിയ പ്രമേയത്തിലൂടെയുള്ള വലിയ കാര്യങ്ങളും പോസ്റ്റിനെ സമ്പന്നമാക്കി .തനതായ ഈ ശൈലി കഥാകാരിക്ക് വേറിട്ടൊരു പരിവേഷം നല്കുന്നു . അഭിനന്ദനങ്ങള്‍
" aa pacha ghuha" prayogam kalakeettindta chechii . :)
കുട്ടിക്കാലത്ത് സ്കൂളിലേക്ക് നടന്നത് ഓര്‍മിപ്പിച്ചു
കുട്ടിയുടെ കഥ മനോഹരം
തീര്‍ച്ചയായും ഒരു വത്യസ്ഥ ഭാവം ഈ കഥയ്കുണ്ട് ....ആശംസകള്‍....സസ്നേഹം
നന്നായി അവതരിപ്പിച്ചു. ആശംസകള്‍ !!!!!
കുഞ്ഞിന്റെ കണ്ണിലൂടെ ഗ്രാമക്കാഴ്ച കണ്ട്, പഴയ ചൊല്ലുകളുടെ രസം നുകർന്ന് എന്റെ മനസ്സ് കുളിർന്നു. നല്ല കഥ. എച്ചുംകുട്ടിക്ക് മറകൾക്കു പിറകിൽ ഒരു പൈതൽ മനസ്സുണ്ടെന്ന് ചിലപ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്, അത് ഊട്ടിയുറപ്പിക്കുന്നു ഈ കഥ. പത്തു പൈസയുടെ സത്യസന്ധത കുഞ്ഞു മനസ്സിന്, കുഞ്ഞിനെപ്പോലെ മനസ്സുള്ളവർക്ക് വളരെ വലിയ പ്രശ്നമാണ്. മാധവിക്കുട്ടിയെ അനുകരിച്ച് ഈ കഥയുടെ ആദ്യവാചകം ഒരു തമാശക്ക് ഞാനിങ്ങനെ മാറ്റി നോക്കി- കുട്ടിയുടെ പേര് സത്യസന്ധനെന്നൊന്നുമായി രുന്നില്ല, എങ്കിലും ...
ഒരു ഗ്രാമത്തിന്റെയും വാസികളൂടെയും നൈർമല്യവും നിഷ്കളങ്കതയുമാണ് നൊസ്റ്റാൾജികായ ഈ കഥയുടെ കാതൽ..
സ്കൂളിൽ പോകുന്ന വഴികളിലുടനീളം കാക്കോടും പൂച്ചോടും പൂക്കളോടൂം തുമ്പികളോടും കിന്നാരം പറഞ്ഞ് ആറും തോടും കടന്ന് കുന്നുകൾ താണ്ടി..
മാവിൽ കല്ലെറിഞ്ഞ്.. കശുവണ്ടി പെറുക്കി..
വാക്കുകളില്ല ഇനി..
തിരിച്ചു കിട്ടില്ലാത്ത ആ സുവർണ്ണകാലമൊരിക്കലും ഓർമ്മയിൽ നിന്നും മരിക്കില്ല..!!
എച്ച്മ്മൂ..
ആശംസകൾ..
ഹൃദ്യമായ രചന.അവസാനം എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടായി ..ചിരിക്കുന്നവര്‍ക്ക് അറിയില്ല ,പത്ത് പൈസയുടെ വിലയും ,കുട്ടി കളിലെ നല്ല മനസും . .
ഒരോ കഥകളിലും വ്യത്യസ്ഥത കൊണ്ടുവരാന്‍ കഴിയുന്നു എന്നത് തന്നെയാണ് എച്മുവിന്റെ വിജയം.
ബാല്യത്തിന്റെ നിഷ്കളങ്കതയും, മുതിര്ന്നവരുറ്റെ മുതിരാത്ത ചിന്തകളും ഒക്കെ ഹൃദ്യമായി ഈ കഥയില്‍.
എച്ച്മുകുട്ടി വെറുതെയല്ല കണക്കെഴുത്ത് നിര്‍ത്തിയത്.
നല്ല കഥ.ആഖ്യാനരീതി ഒന്ന് കൂടെ മെച്ചപ്പെടുത്താമായിരുന്നു.
ആശംസകള്‍
മുതിർന്നവരുടെ സങ്കീർണമായ ലോകത്തിൽ ഏതു വസ്തുവിനാണ്, ഏതു പ്രവൃത്തിയ്ക്കാണ്, ഏതു കാലത്തിനാണ്, എപ്പോഴാണ് വിലയിടിയുകയും ഉയരുകയും ചെയ്യുന്നതെന്ന് മനസ്സിലാക്കാനുള്ള വിവരമൊന്നും കുട്ടിയ്ക്ക് അപ്പോഴുണ്ടായിരുന്നില്ല.
കുറച്ചു നേരത്തേക്ക് കുട്ടിക്കാലത്തേക്ക് തിരിച്ചു പോയി!. ഹാഷിമാണ് ഇങ്ങൊട്ടു വഴി പറഞ്ഞു തന്നത്. ഇന്നത്തെ കുട്ടികള്‍ക്ക് തീര്‍ത്തും അന്യമായ അനുഭവം.അന്നൊക്കെ പ്രകൃതിയില്‍ നിന്നെന്തെല്ലാം പഠിക്കുമായിരുന്നു,എത്ര കൂട്ടുകാരുണ്ടാവുമായിരുന്നു!. ഇന്നു വെറും ഗ്രേഡും മാര്‍ക്കും മാത്രം!.കഥ ഒത്തിരി നന്നായി,അഭിനന്ദനങ്ങള്‍!
നഗരവല്ക്കരിക്കുമ്പോള് ഒറ്റപ്പെടുന്ന മനസ്സിനെ ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍
:-)
ഒരു വലിയ ആപത്സൂചന ഗ്രാമീണ പശ്ചാത്തലത്തിൽ എച്ച്മുകുട്ടി നമ്മെ ബോധ്യപ്പെടുത്തി.നന്നായിരിക്കുന്നു.ഒരായിരം ആശംസകൾ.
"മുതിർന്നവരുടെ സങ്കീർണമായ ലോകത്തിൽ ഏതു വസ്തുവിനാണ്, ഏതു പ്രവൃത്തിയ്ക്കാണ്, ഏതു കാലത്തിനാണ്, എപ്പോഴാണ് വിലയിടിയുകയും ഉയരുകയും ചെയ്യുന്നതെന്ന് മനസ്സിലാക്കാനുള്ള വിവരമൊന്നും കുട്ടിയ്ക്ക് അപ്പോഴുണ്ടായിരുന്നില്ല."
അതാണു തിരിച്ചറിവ്.. ശരികളും തെറ്റുകളും എപ്പോൾ എങ്ങനെയെല്ലാം മാറി മറിഞ്ഞു വരുന്നു!
നാടകമേ ഉലകം.
നല്ല കഥ. നല്ല കരിക്കിൻ വെള്ളം പോലെ ശുദ്ധം.
നല്ല പോസ്റ്റ്.നിഷ്കളങ്കമായ ആ ലോകത്തേക്ക് ഞാനുമൊന്നു പോയി വന്നു..
തിരിച്ചു പോക്കില്ലല്ലോ അങ്ങനെയൊരു കുട്ടിയിലേക്ക്,കൌതുകങ്ങളിലേക്ക്,ചിന്തകളിലേക്ക് എന്നൊക്കെയുള്ള സങ്കടമാണിപ്പോള്‍..
പ്രകൃതിയുള്ള കഥ എച്ച്മു.
എഴുതു വളരെ നന്നാവുന്നുണ്ട്.
ഇനി ഈ ലെവലില്‍ നിന്നു താഴെ പോകരുതേ
:)
എന്റെ മനസ്സിലും നിറഞ്ഞുനില്ക്കുന്നത് കഥ നല്കിയ ഗ്രാമകാഴ്ചകളാണ്. ചെമ്പോത്തും മഞ്ഞകിളികലുമൊക്കെ. ഒരു ചെമ്പോത്തിനെ കണി കാണാത്ത കുറവ് എനിക്കെന്നും സ്കൂളില്‍ ഉണ്ടായിരുന്നു.
കഥ ആസ്വദിച്ചു എച്മൂ.
ഞങ്ങള്‍ കൈതമുള്ളിന്റെ തുമ്പു കെട്ടുമായിരുന്നു അടി കിട്ടാതിരിക്കാന്‍ .നമ്മുടെ ചുറ്റുപാടുകളോട് ശരിക്കും ഇടപഴകാനുള്ള സമയം ബാല്യം തന്നെ. നല്ല വിവരണം .എല്ലാ കുഞ്ഞുങ്ങള്‍കും ഇത്തരം കുറേ കഥകളുണ്ടാകും.ഇത്തരം കഥകളും ഇപ്പോള്‍ കാണാറില്ല . .
ഗ്രാമീണതയില്‍ നിന്നും നാഗരീകതയിലേക്കുള്ള കുതിപ്പില്‍ ചവിട്ടേറ്റ കേരളത്തിന്റെ ഹരിതഭൂവില്‍ പതിഞ്ഞുകിടക്കുന്ന പതിറ്റാണ്ടുകളുടെ അഭിശപ്തമായ ചെരുപ്പടയാളങ്ങള്ക്കു കീഴെ ഞെരിഞ്ഞമര്‍ന്നുപോയ പ്രകൃതിലാവണ്യത്തി
ന്റെ, ശാലീനതയുടെ, കഥ ഒരു ബാലവിദ്യാര്ത്ഥിയുടെ പാഠപുസ്തകത്തില്‍ നിന്നെന്നപോലെ ലളിതമായി പറഞ്ഞതിന്റെ ലാളിത്യത്തിന്ന് കഥാകാരി അഭിനന്ദനം അര്‍ഹിക്കുന്നു.
പക്ഷെ, കഥാന്ത്യത്തില്‍ ആദര്ശച്ചുമട് ചുമലില്‍ താങ്ങാന്‍ കെട്ടിയേല്പ്പിച്ച്, പത്തു പൈസയും കൊടുത്ത്, കൊച്ചുകുട്ടിയെ ഓടുന്ന വാഹനത്തിന്റെ പുറകേ ഓടിച്ചതോടെ കഥാകാരിയുടെ സര്‍ഗ്ഗാത്മകതയില്‍ മുങ്ങിനിന്ന പേന, കഥയുടെ ഭാവുകത്വം വിടര്‍ത്തിയ വിരിമാറിലേയ്ക്കു താഴ്ന്നിറങ്ങിയ പേനാക്കത്തിയായി മാറിക്കഴിഞ്ഞോ എന്ന സന്ദേഹം എന്തുകൊണ്ടോ മനസ്സില്‍ തെള്ളി.
അതിഭാവുകത്വം ഉപേക്ഷിച്ചാല്‍ കഥകളില്‍ ജീവാത്മാവ് കളയാതെ സൂക്ഷിക്കാവുന്നതാണ്.
വി. പി. ഗംഗാധരന്, സിഡ്നി
veepee.gangadharan@gmail.com
മുതിര്‍ന്നവര്‍ക്ക് കൈമോശം വന്ന നന്മ, ഒരു കുട്ടിയുടെ നിഷ്കളംഗതയിലൂടെ മനോഹരമായി അവതരിപ്പിച്ചു.
നല്ല കഥ. അല്ലെങ്കിലും ഈ മുതിര്‍ന്ന വര്‍ക്കൊക്കെ എന്തും ആകാല്ലോ!!!!
തുമ്പികളും പച്ചപ്പും മഞ്ഞക്കിളിയും ചെമ്പോത്തും ഒക്കെ ആസ്വദിച്ചുകൊണ്ടുള്ള സ്കൂളില്പോക്ക് പ്രിയപ്പെട്ട ആ പഴയ കാലത്തിലേക്ക് മനസ്സിനെ തെളിച്ചു കൊണ്ടുപോയി.നന്ദി.ആ അനുഭൂതികള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും പകറ്ന്നുനല്കാന് നമുക്കാവില്ലല്ലോ!മുതുകത്തെ മൂന്നുകിലോ മാറാപ്പും,മതിലുകള്‍ക്കുള്ളില്‍ നഷ്ടപ്പെട്ടുപോയ നാട്ടുവഴികളും...
"അതുകൊണ്ട് തന്നെ എല്ലാവരും പൊട്ടിച്ചിരിച്ചതിന്റെ കാരണം കുട്ടിയ്ക്ക് മനസ്സിലായതുമില്ല."
കൂടെ നിന്ന് ചിരിക്കുക അല്ലെങ്കിൽ കോമാളിയാകുക..
അതിസുന്ദരം.
echmukkutti...nannayittund..
നല്ല കഥ ..ഇഷ്ട്ടായി ....മനോഹരമായി അവതരണം
Pranamam...!
manoharam, Ashamsakal...!!
നല്ല കഥ .......കഥകാരിക്ക് ആശംസകള്‍
nalla katha.
കഥ പറച്ചിലിന്റെ ഉത്സവമാണ് എച്ചുമുവിന്റെ കഥകളില്‍. പലതവണ വന്നുപോയതാണ്.
ഇപ്പോളാണ് വായിക്കാന്‍ സമയം കിട്ടീത്.
ഇതെല്ലാം പുറം ലോകത്തിനും വായിക്കാന്‍ ഇടം ഉണ്ടാക്കുമല്ലോ.
കഥ വായിക്കുന്നതിനിടയില്‍ ഞാനും അറിയാതെ ചെറുപ്പകാലത്തേക്ക് പോയി..
സ്കൂളില്‍ പോകുമ്പോള്‍ എനിക്കും ഉണ്ടായിരുന്നു ഒരു എളുപ്പ വഴി.. (കുറുക്കു വഴി എന്നൊക്കെയ അവിടെ പറയുക..)
പഴയ ഒരു ഇടവഴി.. ഇരു വശവും ഉയര്‍ന്നു നില്ക്കുന്ന മരങ്ങളും , ഇടയ്ക്കു ഒരു കൊച്ചി തോടും പിന്നെ ചെറിയൊരു പാറയും ഒക്കെ കടന്നു, പഴയ ആള് താമസമില്ലാത്ത ഒരു വീടിന്റെ മുന്നിലൂടെ ( അതിനു മുന്നിലൊരു മഞ്ചാടി മരം ഉണ്ടായിരുന്നു ) ആയിരുന്നു ആന്നത്തെ യാത്ര.. എല്ലാം വീണ്ടും ഓര്‍ത്തു.
കഴിഞ്ഞ അവധിക്കു അതേ വഴിയിലൂടെ ഞാന്‍ ഒന്ന് പോയി നോക്കി. പക്ഷെ പഴയ ആ സുഖം കിട്ടിയില്ല. എന്റെ മനസ്സിലെ കുട്ടിത്തം പോയതുകൊണ്ടായിരിക്കും...
ഇതൊക്കെ ഓര്മിപ്പിച്ചതിനു നന്ദി..
കുട്ടിക്കാലത്തിന്റെയും നിഷ്കളങ്കതയുടെയും നഷ്ടബോധം മാത്രം ബാക്കി..
it's nice...
really touched the heart..
So nice... so touching
കഥ വായിച്ച് നിർദ്ദേശങ്ങളും വിമർശനങ്ങളും ഒപ്പം പ്രോത്സാഹനവും തരുന്ന എന്റെ എല്ലാ കൂട്ടുകാർക്കും നന്ദി.
ഇനിയും വന്ന് വായിയ്ക്കണേ.
കുട്ടിലോകവും വല്യലോകവും തമ്മില്‍ അകലം വളരെയാണ്. നല്ല കഥ എന്നു പറയണ്ടല്ലോ. പതിവു വഴിയില്‍ നിന്നു വ്യത്യസ്തം കുത്തി നോവിക്കുന്നില്ല എന്ന സന്തോഷം.....വേലാട്ടീടെ കഥയും അങ്ങനെ തന്നെയായാിരുന്നു. അല്ലെങ്കില്‍ ശ്വാസം പിടിച്ചാ എച്ച്മൂന്റെ കഥ വായിക്കുക....ഇനിയെന്താവും എന്ന് പേട്ച്ച്...
തികച്ചും വ്യത്യസ്തമായ കഥ.സുഖമുള്ള വായനാനുഭവം തന്നു.
പക്ഷേ ആ പത്തുപൈസ, കണ്ടക്ടർ വാങ്ങിയില്ലേ…!
പിന്നെ ഞാനും കുറേ നാൾ ഈ കുട്ടി പോയ അതേ വഴിയിലൂടെയാ സ്കൂളിൽ പോയിരുന്നതു, പക്ഷേ എന്റെ വഴിയിൽ ചെറിയൊരു തോടു കൂടി മുറിച്ചുകടക്കാനുണ്ടായിരുന്നു. ആ കാലമൊക്കെ ഓർമ്മ വന്നു…
ബ്ലോഗിലെ തുടക്കകാലത്ത് ഈ കഥ വായിച്ചിട്ടുണ്ട്. അന്ന് അഭിപ്രായമെഴുതിയില്ല എന്നേയുള്ളു
Post a Comment