Thursday, October 20, 2011

എന്റെ കൂട്ടുകാരൻ


https://www.facebook.com/search/str/echmu+kutty/keywords_searchechmukutty

http://www.chintha.com/node/105564
ർജ്ജനി മെയ് 2011 വോള്യം 7 നം 5

http://orethoovalpakshikal.blogspot.com/2011/07/blog-post_11.html
രേ തൂവൽ പക്ഷികൾ. ജൂലായ് 11 2011 

സൂര്യനുരുകിത്തിളയ്ക്കുന്ന ഒരു മധ്യാഹ്നത്തിലായിരുന്നു ഞങ്ങൾ ആദ്യമായി പരസ്പരം കണ്ടത്. ആവശ്യത്തിലുമധികം നീളവും അയവുമുള്ള പരുക്കൻ വൈലറ്റ് അങ്കി ധരിച്ചവൻ. ആ ഒറ്റത്തുണിയിൽ നഗ്നത മറയ്ക്കാനാകുമെങ്കിലും അത് എന്നെ ചിരിപ്പിച്ചു. ഒറ്റത്താങ്ങു മാത്രമുള്ള കണ്ണട ധരിച്ചിരുന്ന അവന്റെ മുഖത്ത് ശ്രമപ്പെട്ട് വരുത്തിയ ഗൌരവമുണ്ടായിരുന്നു. എത്ര അമർത്തിയിട്ടും എനിയ്ക്ക് ചിരി പൊട്ടി. പരിഹാസത്തിന്റെ മേമ്പൊടി ചേർത്ത  ചിരി. അക്കാലങ്ങളിൽ എനിയ്ക്ക് സ്വന്തം ശരീരത്തിലോ മനസ്സിലോ യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ല. കടലാസ്സു തുണ്ട് പറക്കുന്നത് കാൺകേ ഉറക്കെയുറക്കെ ചിരിയ്ക്കാനും പൂ വാടുന്നത് കാൺകേ പൊട്ടിപ്പൊട്ടിക്കരയാനും എനിയ്ക്ക് കഴിഞ്ഞിരുന്നു.
വെറ്റിലച്ചോപ്പിലും കറുപ്പ്  നിറം തെളിഞ്ഞു കാണുന്ന വായ തുറന്ന്  ചോക്ലേറ്റ് തിന്നുന്ന കുഞ്ഞിനെപ്പോലെ അവൻ പറഞ്ഞു നിങ്ങളുടെ പേരെനിയ്ക്ക് പരിചിതമാണല്ലോ. പെങ്ങളുടെ പേര് അല്ലെങ്കിൽ അമ്മയുടെ പേര്, അത് പോലെ പരിചിതംആ മുഖത്ത് കടലിന്റെ ആഴമുണ്ടായി, അസാധാരണ വലുപ്പത്തിൽ, തിളങ്ങുന്ന കണ്ണുകളിൽ അഭൌമ ശാന്തി പരന്നു. അപ്പോൾ കളിയാക്കിച്ചിരി എന്റെ ചുണ്ടുകളിൽ തന്നെ ഉറഞ്ഞു പോയി.
അവന്റെ ബുദ്ധിശക്തിയേയും കഴിവുകളെയും കുറിച്ച് ഒരുപാട് കഥകൾ കാറ്റും മഴയും വെയിലും മഞ്ഞും എന്നോട് പറഞ്ഞുവെങ്കിലും ഞാനവയൊന്നും പരിഗണിച്ചതേയില്ല. അതുകൊണ്ട് സാധാരണമായ ഈ ലോകത്തിനു വേണ്ടി ഉയർത്തിപ്പിടിച്ചിരുന്ന എന്റെ നുണക്കൂടാരത്തിന്റെ കൊടിക്കൂറ അതേ കൌശലത്തോടെ ഞാനവനു വേണ്ടിയും പ്രദർശിപ്പിച്ചു. പല വർണ്ണങ്ങളുള്ള കൊടിക്കൂറയുടെ പകിട്ടിൽ അവന്റെ കണ്ണുകൾ മഞ്ഞളിയ്ക്കുന്നത് കണ്ട് ഞാൻ രഹസ്യമായി പൊട്ടിച്ചിരിയ്ക്കുകയും ആ വാഴ്ത്തപ്പെട്ട ബുദ്ധിശക്തിയെ അപഹസിയ്ക്കുകയും ചെയ്തു. അവനെ വിഡ്ഡിയാക്കി, ആഘോഷത്തിന്റെ മുദ്രമോതിരം ധരിയ്ക്കാൻ  തയാറെടുത്തിരുന്ന എന്നോട് കണ്ണുകളിൽ സ്വന്തം നയനങ്ങൾ കോർത്ത് അവൻ കല്പിച്ചു. ഈ മുഖപടം ധരിച്ച് എന്നെ വഞ്ചിക്കരുത് 
അതായിരുന്നു ആ നിമിഷം.
കണ്ണുകളിലൂടെ അവൻ എന്റെ മറുപുറം കണ്ടു. വസ്ത്രത്തിനു മുകളിലൂടെ നിർജ്ജീവമായിരുന്ന തൊലിയെ തൊട്ടു. മരവിച്ചു പോയിരുന്ന മാംസപേശികൾക്കും ഒടിഞ്ഞു നുറുങ്ങിയിരുന്ന എല്ലുകൾക്കും ഉറഞ്ഞു കെട്ടിരുന്ന  രക്തത്തിനുമുള്ളിൽ കൈകളുയർത്തി നിരാലംബമായി  തേങ്ങിക്കരയുന്ന അനാഥവും പിഞ്ഞിക്കീറിയതുമായ ഈ ആത്മാവിനെ സ്വന്തം കൈകളിൽ കോരിയെടുത്തു. 
ഞാൻ ഒപ്പ് ചാർത്തിയാൽ മാത്രം മാറ്റാനാവുന്ന ബ്ലാങ്ക് ചെക്കാണ് അവനെന്ന് പറഞ്ഞപ്പോൾ അക്ഷരങ്ങൾ ഓരോന്നായി പെറുക്കിയെഴുതി അടിയിൽ വരയ്ക്കുന്ന എന്റെ ഒപ്പിന്റെ മൂല്യത്തെക്കുറിച്ച് ഞാനാദ്യമായി ആലോചിയ്ക്കുവാൻ തുടങ്ങി. സൌഹൃദമെന്ന വാക്കിന് എന്റെ മുഖച്ഛായയാണെന്ന് കേട്ടപ്പോൾ ഒരു കണ്ണാടി കാണുവാൻ ഞാൻ കൊതിച്ചു. വിളിയ്ക്കുമ്പോൾ അരികിലിരുന്ന് സംസാരിയ്ക്കുവാൻ അയയ്ക്കുമെന്ന ഉറപ്പിൽ മാത്രമേ എന്നെ മരണത്തിന് പോലും കൈമാറുകയുള്ളൂ എന്നവൻ പറഞ്ഞപ്പോൾ നിശിതമായ ആ കണക്കു പറച്ചിലിൽ എനിയ്ക്ക് പിന്നെയും ചിരി വന്നു.
അപ്പോഴേയ്ക്കും ലോകം വലിയ വായിൽ തർക്കിക്കാൻ തുടങ്ങിയിരുന്നു. കടന്നു പോയവയും വരാനിരിയ്ക്കുന്നവയുമായ യുഗങ്ങളെല്ലാം തന്നെ  ഇരുപത്തിനാലു മണിക്കൂറും മുന്നൂറ്ററുപത്തഞ്ചു ദിവസവും നിറുത്താതെ  തർക്കിച്ചു. നിയമങ്ങളും മതവും വിശ്വാസവും ആചാരവും എന്തിന് മാറ്റങ്ങൾക്കായി ദാഹിയ്ക്കുന്ന വിപ്ലവം പോലും ലോകത്തോടൊപ്പമായിരുന്നു.  ലോകത്തിന് ഞങ്ങൾ അനാവശ്യവും അനാശാസ്യവുമായി. 
ചിലർ അവനെ ടാഗോറെന്ന് വിളിച്ചു, ബിൻലാദനെന്നും ഖാൻ സാഹിബെന്നും മറ്റ് ചിലരും.  ഇനിയും ചിലർ ഓഷോയെന്നും ഗുരുവെന്നും…….. എന്നാൽ പ്രാന്തനെന്നും തെണ്ടിയെന്നും ദരിദ്രവാസിയെന്നും വിളിച്ചവരും കുറവായിരുന്നില്ല. അമ്പലങ്ങൾ അവനെ മാപ്പിളയെന്നും മുസ്ലിമെന്നും വിളിച്ചകറ്റിയപ്പോൾ പള്ളികൾ അവന്റെ തുകിലിലും നാമത്തിലും പരിഭ്രമിച്ചു നിന്നു.
പുല്ലാങ്കുഴലും ഗിറ്റാറും മൃദംഗവും അവന്റെ വിരൽത്തുമ്പുകളെ പ്രണമിച്ചിട്ടും, ഞാനാവശ്യപ്പെട്ട വിഡ്ഡിപ്പാട്ടുകൾ അവൻ യാതൊരു മടിയും കൂടാതെ ശ്രുതി മധുരമായി ആലപിച്ചു. കടുകു വറുത്തിട്ട അവിയലും പച്ചവെള്ളത്തിൽ വേവിച്ച ഉപ്പുമാവും അവനെനിയ്ക്ക് കഴിയ്ക്കുവാൻ തന്നു. ഉരുക്കു കമ്പികൾ വളച്ചുണ്ടാക്കിയ ഇരിപ്പിടവും സ്വന്തം കൈയാൽ തുന്നിയ അങ്കിയും സമ്മാനിച്ചു. യന്ത്രങ്ങൾ ആട്ടിൻ കുട്ടികളെപ്പോലെ അവനെ അനുസരിച്ചപ്പോൾ കാറ്റും മഴയും വെയിലും മഞ്ഞും അവനു മുൻപിൽ നാണിച്ചു  തല കുനിച്ചു.
ഉണങ്ങിച്ചുരുണ്ട ഇലകളോടും വാടിക്കരിഞ്ഞ പൂക്കളോടും പോലും അവൻ പുഞ്ചിരിച്ചു. മുറിവേറ്റ എല്ലാ മൃഗങ്ങളെയും തലോടി. വറ്റിപ്പോയ ജലധാരയോടും ഇടിഞ്ഞു പരന്നു പോയ കുന്നുകളോടും സംസാരിച്ചു. അവൻ നടക്കുമ്പോൾ ഉറങ്ങിക്കിടന്ന വിത്തുകൾ ഭൂമിക്കടിയിൽ നിന്ന് പുതു നാമ്പുകൾ നീട്ടി ആ പാദങ്ങളെ പുൽകി. അവനായിരുന്നു പ്രപഞ്ചത്തിന്റെ ഐശ്വര്യം.
ഞാൻ ചിരിച്ചപ്പോൾ അവൻ ചിരിച്ചു, ഞാൻ കരയുമ്പോൾ അവൻ മൌനിയായി. ഞാൻ കോപിച്ചപ്പോൾ  അവൻ തല കുനിച്ചു. എന്നാൽ എന്റെ മുറിവുകളുടെ ആഴങ്ങളെ ഒരിയ്ക്കലും മടുക്കാതെയും തളരാതെയും നക്കിയുണക്കിക്കൊണ്ടിരുന്നു. കാർന്നു  കാർന്നു തിന്നുന്ന വേദനയുടെ വാലൻപുഴുക്കളെ പോലും അവന്റെ വിരലുകൾ ക്ഷമയോടെ എപ്പോഴും എന്നിൽ നിന്നകറ്റി.
സ്വന്തം പേരെഴുതിയ യാതൊന്നും അവന് ഈ പ്രപഞ്ചത്തിലുണ്ടായിരുന്നില്ല. മഹാപ്രപഞ്ചത്തിന് മുന്നിൽ  ഒരു അടയാളവുമവശേഷിപ്പിയ്ക്കാനുള്ള കേമത്തമില്ലെന്ന് അവൻ പറഞ്ഞപ്പോൾ അത് മറ്റാരിലുമില്ലാത്ത കേമത്തമാണെന്ന് ഞാനറിഞ്ഞു. എന്നിട്ടും ഗർഭപാത്രങ്ങളുടെ ഒടുങ്ങാത്ത അഹന്തയും  ബീജങ്ങളുടെ അനാദിയായ ഉടമസ്ഥതയും അവനെ നിരന്തരം പരിഹസിയ്ക്കുകയും അപമാനിയ്ക്കുകയും ചെയ്തു. രക്തബന്ധത്തിന്റെ ആണിപ്പഴുതുള്ള അളവു പാത്രമുപയോഗിച്ച്  ആകാശത്തോളം നീളമുള്ളവനും ചക്രവാളത്തോളം വീതിയുള്ളവനുമായ അവനെ അളന്നു കുറിയ്ക്കുവാൻ ദീക്ഷയെടുത്തു. തലമുടികൊണ്ടും താടികൊണ്ടും അവനു ചുറ്റും വേലി കെട്ടുവാനായേയ്ക്കുമെന്ന് ലോകം കരുതി.
കടലോളം സ്നേഹവും കുന്നോളം കരുതലും മഴയോളം വാത്സല്യവും വെയിലോളം പ്രകാശവും നൽകി അവൻ വളർത്തിയ സ്വപ്നങ്ങൾ കുഞ്ഞിക്കണ്ണുകൾ മിഴിച്ച്, കൈകൾ നീട്ടി അവനെ സ്പർശിച്ചു, കാലുകൾ പെറുക്കി അവനൊപ്പം നടന്നു, പുരികം ചുളിച്ച് അവനെപ്പോലെ ചിരിച്ചു. അങ്ങനെയങ്ങനെ അവൻ കണ്ട സ്വപ്നങ്ങളെല്ലാം ഭാവിയുടെ സത്യമായി.
മരിയ്ക്കാത്തതും മുറിയാത്തതുമായ സ്വാതന്ത്ര്യത്തിന്റെ താക്കോൽ അവനെനിയ്ക്ക് നൽകി. അവന്റെ അരികിലിരിയ്ക്കുമ്പോൾ ഞാൻ ആഹ്ലാദമായിത്തീർന്നു. എന്റെ പേര് അഭിമാനമെന്നായി മാറി.
അവൻ…….അവനാണെന്റെ കൂട്ടുകാരൻ.

35 comments:

സ്മിത മീനാക്ഷി said...

ഒരു കൂട്ടുകാരന്റെ ചിത്രം എത്ര വലിയ ക്യാന്വാസിലാനു എച്മു വരച്ചിരികുന്നത്... എന്നിട്ടും സൌഹൃദത്തിന്റെ കൊച്ചു വാല്‍ക്കണ്ണാടിയില്‍ അവന്‍ പൂര്‍ണരൂപമാകുന്നു.

Bijith :|: ബിജിത്‌ said...

കിടിലന്‍ സൗഹൃദം... അതോ അതിനേക്കാള്‍ മേലെ, ആഴമേറിയ എന്തോ... ഭാഗ്യം ചെയ്തവള്‍ തന്നെ എച്ചുമു ;)

Kalavallabhan said...

"കടലാസ്സു തുണ്ട് പറക്കുന്നത് കാൺകേ ഉറക്കെയുറക്കെ ചിരിയ്ക്കാനും പൂ വാടുന്നത് കാൺകേ പൊട്ടിപ്പൊട്ടിക്കരയാനും "
കഴിയുന്നവർക്ക് ഇനിയും വളരെയേറെ പറയുവാനുമുണ്ടാവും...

റോസാപ്പൂക്കള്‍ said...

എച്ചുമുവിന്റെ കൂട്ടുകാരനെ എനിക്കും ഇഷ്ടമായി

സേതുലക്ഷ്മി said...

പിഞ്ഞിക്കീറിയ അനാഥവും നിരാലംബവുമായ ഒരാത്മാവിനെ കയ്യിലെടുക്കാന്‍ കഴിയുന്ന ഒരു കൂട്ടുകാരന്‍...

അവന്‍ പലായനം ചെയ്യുന്നവന്‍.. കഴുതപ്പുറത്തു സഞ്ചരിക്കുന്നവന്‍..
പീലിക്കോല്‍ കയ്യിലെടുത്തവന്‍..
ആരുമാകട്ടെ,അവന്‍ നിനക്ക് മതിയായവന്‍ തന്നെ...

Mohiyudheen MP said...

nannayerkunu, ashamsakal

നാമൂസ് said...

കൂടക്കകത്തുള്ള കോഴി നടക്കുമ്പോള്‍,
കൂടയും കൂടെ ചലിക്കുമ്പോലെ..
കൂട്ടുകാരന്‍ നിന്റെ കൂടെ വസിക്കുമ്പോള്‍,
ആട്ടത്തിലും വെട്ടത്തെ കാണുന്നില്ലേ..?

കൊച്ചു കൊച്ചീച്ചി said...

കുറേയൊക്കെ തലേടെ മോളീക്കൂടി ശറശറാന്ന് പറന്നു പോയി. വാലറ്റക്കാരനാണേ, ബുദ്ധീടെ കാര്യത്തില് കൊറച്ച് പിന്നിലാ.

ഷിര്‍ദ്ദി സായി ബാബയേക്കുറിച്ചാണ് ഈ രചന എന്നാണ് വായിച്ചപ്പോള്‍ തോന്നിയത്. ആണോ ആവോ.

വിധു ചോപ്ര said...

ഈ കഥ മുൻപ് പ്രസിദ്ധീകരിച്ചതായും, വായിച്ചതായും ഓർക്കുന്നു.
ആശംസകൾ
സ്നേഹപൂർവ്വം വിധു

ramanika said...

ഐസാ ഏക്‌ ഫ്രന്റ്‌ സരൂരി ഹോത്താ ഹായ് !

khader patteppadam said...

അനാദിയും അരൂപിയുമായ നിഴലെന്നതിനെ വിളിക്കാമോ...?

A said...

ഭ്രമിപ്പിച്ചല്ലോ എച്മൂ. എന്താ എഴുതേണ്ടേ എന്നറിയില്ല. ഓര്‍മ്മ വന്നത് ഖലീല്‍ ജിബ്രാനെയാണ്. അവളുടെ കൂട്ടുകാരന്‍ ഒരു പ്രവാചകന്‍ തന്നെയാവും.

"When love beckons to you, follow him,
Though his ways are hard and steep.
And when his wings enfold you yield to him,
Though the sword hidden among his pinions may wound you.
And when he speaks to you believe in him,
Though his voice may shatter your dreams
as the north wind lays waste the garden. "

smitha adharsh said...

വായിച്ചു കേട്ടോ..എനിക്കെന്തോ എച്ച്മൂന്റെ ആ പതിവ് 'ടച്' അത്രയ്ക്കങ്ങ് ഫീല്‍ ചെയ്തില്ല.എന്‍റെ കുഴപ്പമാ.. ഒന്നും തോന്നല്ലേ..ചിലപ്പോഴൊക്കെ അങ്ങനെയാണ് എന്ത് വായിച്ചാലും 'കുറച്ചുകൂടി നന്നാവാമായിരുന്നു' എന്ന് തോന്നിപ്പോകും..

ajith said...

ഇത് മുമ്പ് വായിച്ചിട്ട് ഞാനെഴുതിയ അഭിപ്രായം ഇപ്പോള്‍ അവ്യക്തമായി ഓര്‍ക്കുന്നു..“എനിക്കറിയാം ഈ കൂട്ടുകാരനെ” ഇങ്ങിനെയോ മറ്റോ ആണെന്ന് തോന്നുന്നു. അതെ എനിക്കറിയാം ആരാണീ കൂട്ടുകാരന്‍ എന്ന്...നല്ല കഥ. നല്ല വാക്കുകള്‍. നല്ല കൂട്ടുകാരന്‍..പക്ഷെ അവന്‍ എവിടെ...സങ്കല്പങ്ങളില്‍ മാത്രമോ, അതോ മേഘപാളികള്‍ക്കകലെ ഒളിച്ചുകളിക്കുകയോ..!!

വിനുവേട്ടന്‍ said...

ഇത്‌ നാം ഓരോരുത്തരുടെയും കൂട്ടുകാരന്‍ തന്നെ...

ആശംസകള്‍ എച്‌മു...

ഹംസ said...

“കൂട്ടുകാരന്‍റെ” അഭിനന്ദനങ്ങള്‍ ...

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോൾ ഈ കൂട്ടുകാരൻ എല്ലായിടത്തും എത്തി അല്ലേ..എച്ച്മു

Junaiths said...

:)

ശ്രീനാഥന്‍ said...

ഉജ്ജ്വലമായി കൂട്ടുകാരന്റെ ചിത്രം, ആരെയും മോഹിപ്പിക്കുന്നൊരു കൂട്ട്. ഇഷ്ടമായി.

ഉമാ രാജീവ് said...

കൊതിപ്പിക്കുന്നു ഈ വരികളും ....... കൂട്ടുകാരനും . ഓരോ വരിയിലും മധുവുണ്ടു ഞാന്‍

രാജേഷ്‌ ചിത്തിര said...

വളരെ നന്നായി എഴുതി.
എഴുത്തിനാവത്തതു പറയലാണ് ചിത്രങ്ങള്‍
പറയുന്നതെന്നു കേട്ടിട്ടുണ്ട്.
ഒരു മിഴിവാര്‍ന്ന ചിത്രം വരച്ചു; വര്ണ്ണങ്ങളിലൂടെ
വരകളിലൂടെ ഒരു പാടു ദൂരം പോകാനുണ്ടെന്നും.
ആശംസകള്‍

Sabu Hariharan said...

എന്താണുദ്ദേശിച്ചതെന്ന് മുഴുവനും വ്യക്തമായില്ല..
അതൊന്നു വിശദീകരിച്ചെങ്കിൽ, ഒന്നു കൂടി വന്ന് വായിക്കാമായിരുന്നു..

പഥികൻ said...

അനുഭവങ്ങളെ ഊതിക്കാച്ചി അമർഷത്തിന്റെയും ആത്മരോഷത്തിന്റെയും കരിയും പൊടിയും തട്ടിക്കളഞ്ഞ് മിനുക്കിയെടുക്കുന്നതാണ് സാധാരണ എച്മുവിന്റെ രചനകൾ.പക്ഷേ
എന്തു കൊണ്ടോ കുറച്ചു നാളായി വരുന്നതെല്ലാം raw materials ആണെന്ന തോന്നൽ...അതോ എന്റെ നിലവാരം വച്ചിതൊന്നും മനസ്സിലാകാൻ പറ്റാത്തതാണോ ?

എന്നാ പിന്നെ അങ്ങോട്ടെഴുതിക്കാണിക്കാൻ പറയരുത്...അതു ഫൌളാണ് :))

ഭാഷയും ശൈലിയും പതിവു പോലെ അതിമനോഹരം..

സസ്നേഹം,
പഥികൻ

എന്‍.ബി.സുരേഷ് said...

i am envy with you. because you have a nice and bold friendship.

mattoraal said...

നീ തന്നെ ജീവിതം ...നീ തന്നെ മരണവും

നീ തന്നെ നീ തന്നെ നീ തന്നെ സന്ധ്യേ ..

അയ്യപ്പപണിക്കരെ ഓര്‍മ്മ വന്നു..

mayflowers said...

ആര്‍ക്കെങ്കിലും ഉണ്ടാകുമോ ഇത് പോലൊരു സ്നേഹിതന്‍?

"വിളിയ്ക്കുമ്പോൾ അരികിലിരുന്ന് സംസാരിയ്ക്കുവാൻ അയയ്ക്കുമെന്ന ഉറപ്പിൽ മാത്രമേ എന്നെ മരണത്തിന് പോലും കൈമാറുകയുള്ളൂ എന്നവൻ പറഞ്ഞപ്പോൾ നിശിതമായ ആ കണക്കു പറച്ചിലിൽ എനിയ്ക്ക് പിന്നെയും ചിരി വന്നു."
എന്റെ തൊണ്ടയിലെന്തോ കുരുങ്ങിക്കിടക്കുന്നത്‌ പോലെ...
ശരിക്കും ടച്ചിംഗ്..

ജയിംസ് സണ്ണി പാറ്റൂർ said...

വളരെ ഇഷ്ടമായി

Yasmin NK said...

നന്നായി എച്ചുമു. സൌഹൃദത്തെ പറ്റി തന്നെയാണൊ എഴുതിയേക്കണെ..എങ്കി ഉള്ളത് തന്നെ. വിളിക്കുമ്പോള്‍ സംസാരിക്കാന്‍ വരാനുള്ള ഉറപ്പല്ല ഒരാളേം കൂടി കൂടെ കൂട്ടിയാലെ മരണത്തിനു പോലും വിട്ടു കൊടുക്കൂന്നത്രയും...

Manoraj said...

കൂട്ടുകാരനെക്കുറിച്ചുള്ള തിങ്കിങ് കൊള്ളാം... ഒട്ടേറെ അര്‍ത്ഥതലങ്ങളിലൂടെ

jayanEvoor said...

അപാരനായ കൂട്ടുകാരൻ!

സമാധാനം, അവനോടുകൂടെ!

പൈമ said...

കൂട്ടുകാരനെ ഇഷ്ട്ടായി

http://pradeeppaima.blogspot.com/2011/10/blog-post_21.html?showComment=1319307039488#c8903401756381228895

kochumol(കുങ്കുമം) said...

കൂട്ടുകാരനെ കുറിച്ചുള്ള സങ്കല്പ്പം ഇഷ്ടായി .......

സീത* said...

ഈ കൂട്ട് കൊതിപ്പിച്ചു...

Unknown said...

ആരും ആഗ്രഹിച്ചു പോകുന്ന ഈ കൂട്ടുകാരനെ എനിക്കും ഇഷ്ടമായി.

Unknown said...

full version ണ്ടോ ?