അങ്ങനെ മിടുമിടുക്കിയായി ഡ്രൈവിംഗ് പഠിച്ചു കഴിഞ്ഞു. സാറ് അപ്പുറത്തെ സീറ്റിൽ ചുമ്മാതിരുന്നാൽ മതി, ഞാൻ പുല്ലു പോലെ വണ്ടി ഓടിയ്ക്കും. ക്ലച്ചും ബ്രേക്കും സാറിനും കൂടി നിയന്ത്രിയ്ക്കാൻ പറ്റുന്ന വിധത്തിലുള്ള ഡ്രൈവിംഗ് സ്കൂളിന്റെ കാറല്ലേ ഓടിയ്ക്കുന്നത് എന്ന് ചോദിയ്ക്കരുത്. അങ്ങനെ സംശയം ചോദിയ്ക്കുന്നവർക്കെല്ലാം അവരവരുടെ സ്വദേശിയോ വിദേശിയോ ആയ കാറ് ഞാനോടിച്ചു കാണിച്ചു തരുന്നതായിരിയ്ക്കും. അല്ല, പിന്നെ.
എച്ച് മാത്രമല്ല സൌകര്യം കിട്ടിയാൽ ഇസഡ് വരെ എടുത്തു കളയും ഞാനെന്ന് ബോധ്യമായപ്പോൾ ലൈസൻസ് ടെസ്റ്റിന് പോകാമെന്നായി സാറ്.
ഭയ ഭക്തി ബഹുമാനത്തോടെ തൊട്ട് തലയിൽ വെച്ച് എല്ലാം മംഗളമായാൽ ഫുൾ ടാങ്ക് പെട്രോളും ആവശ്യത്തിന് ഓയിലുമൊക്കെ ഏതെങ്കിലുമൊരു കാറിനു എപ്പോഴെങ്കിലും നേദിയ്ക്കാം എന്നൊരു നേർച്ച കൈക്കൂലിയും വാഗ്ദാനം ചെയ്തു ഞാൻ ടെസ്റ്റ് കാറ് ഭഗവാനെ പ്രസാദിപ്പിയ്ക്കാൻ ശ്രമിച്ചു. കൊട്ടാരക്കര ഗണപതിയ്ക്ക് ഉണ്ണിയപ്പം നേർന്നിട്ട് ആൽത്തറ ഗണപതിയ്ക്ക് നേദിയ്ക്കണപോലെയല്ലേ ഇതെന്ന് ചില അതി വിശ്വാസികൾ ഏഷണി കൂട്ടുന്നതു ഞാൻ കേൾക്കുന്നുണ്ട്. പക്ഷെ, കാര്യം പറഞ്ഞു വരുമ്പോൾ രണ്ടും ഗണപതി തന്നെയാണല്ലോ. അതു മാത്രമല്ല, ഞാൻ ആണെങ്കിൽ ദൈവം ഒന്നേയുള്ളൂ എന്നും നമ്മളാണ് ദൈവത്തിന് പല രൂപങ്ങൾ നൽകുന്നതെന്നും ഉറച്ച് വിശ്വസിയ്ക്കുന്ന ഒരു മിത വിശ്വാസിയുമാണ്.
എന്തായാലും നേർച്ച ഏറ്റു. എച്ച് പരീക്ഷയിൽ ടെസ്റ്റ് കാറ് ഭഗവാൻ പ്രസാദിച്ചു.
പക്ഷെ, വലിയ പരീക്ഷ വരുന്നതേ ഉണ്ടായിരുന്നുള്ളൂ. നാഷണൽ ഹൈവേയിൽ കാറോടിച്ച് കാണിയ്ക്കണമത്രെ! എല്ലാ ഗിയറും മാറ്റി ഇട്ട് ഓടിയ്ക്കണം പോലും.
പരീക്ഷകനായ വെഹിക്കിൾ ഇൻസ്പെക്ടറെ നേരിട്ടു കണ്ടപ്പോൾ, കാറോടിയ്ക്കുന്നതു പോയിട്ട്, ആ മഹനീയ സാന്നിധ്യമുള്ള കാറ് വേറെ ആരെങ്കിലും ഓടിയ്ക്കുകയാണെങ്കിൽ കൂടി അതിൽ കയറി, ചുമ്മാ കാറ്റേറ്റിരിയ്ക്കാൻ പോലും പറ്റില്ലെന്ന് എനിയ്ക്ക് മനസ്സിലായി.
ആറടിയ്ക്കു മേൽ പൊക്കവും രണ്ട് രണ്ടരയടി വീതിയും ഈ ലോകം മുഴുവൻ ചുട്ടു ചാമ്പലാക്കാൻ അരിശപ്പെടുന്ന ഒരു തീക്കൊള്ളി മുഖഭാവവുമായിരുന്നു അദ്ദേഹത്തിന്. എല്ലാറ്റിനും പുറമേ കാക്കി യൂണിഫോറവും. ഈ കാക്കി കണ്ടു പിടിച്ചവനെ എനിയ്ക്ക് കണ്ണെടുത്താൽ കണ്ടു കൂടാ. കാക്കി കണ്ടാലുടനെ എനിയ്ക്ക് നാഡീതളർച്ചയും പേശി വലിവും ഉണ്ടാകും, ഒരു മാതിരി നെഞ്ചു വേദനയോ തൊണ്ട വരൾച്ചയോ ഒക്കെ തോന്നും. അതുകൊണ്ട് കാക്കിയിടുന്ന എല്ലാവരും പൂക്കളുള്ള കുപ്പായമിട്ടു കാണാനാണ് എനിക്കിഷ്ടം. ആരു കണ്ടു, കാക്കിക്കാരുടെ മുരടത്തമൊക്കെ ചിലപ്പോൾ മിനുസമുള്ള വർണക്കുപ്പായം ധരിച്ചാൽ കാശിയ്ക്കു പോയെന്നുമിരിയ്ക്കും. ഈ പോലീസുകാരെ മനുഷ്യത്തമുള്ളവരാക്കണം എന്ന് വാദിയ്ക്കുന്ന ചില പരിഷക്കരണക്കമ്മറ്റികൾക്ക് എന്റെ ഈ നിർദ്ദേശം കണക്കിലെടുക്കാവുന്നതാണ്.
അതു പോട്ടെ, പരീക്ഷാ സമയത്താണോ ഇതൊക്കെ ആലോചിയ്ക്കേണ്ടത്?
ആ മഹാൻ വന്ന് കാറിൽ കയറി ഇടി കുടുങ്ങും പോലെയുള്ള ശബ്ദത്തിൽ ചോദിച്ചു, “പേരെങ്ങനാ?“
ഉത്തരം ഒരു ഞരക്കം മാത്രം, അതേന്ന്….. കാക്കി കണ്ടപ്പോൾ തന്നെ ഞാൻ കവാത്തു മറന്നു.
“കാറ് പുറകോട്ട് പോകട്ടെ.“ ഇടി കുടുക്കം തുടരുകയാണ്.
കാറ് പുറകോട്ടെങ്ങനെ പോകും? എത്ര ഗിയറുണ്ട് കാറിന് ? നാലോ അതോ അഞ്ചോ? അതിൽ ഏത് വലിച്ചൂരിയാലാണ് കാറ് പുറകോട്ട് പോവുക?
ഞാനെന്തൊക്കെയോ ചെയ്തു. എന്റെ ഭാഗ്യം! അല്ല, നേർച്ചയുടെ ബലം. കാറ് പുറകോട്ട് നീങ്ങാൻ തുടങ്ങി.
“ശരി, കാറ് ഒതുക്കി നിറുത്തു.“
ഒതുക്കി നിറുത്തുകയോ? ഇയാൾക്ക് തലയ്ക്ക് സുഖമില്ലേ? ഒതുക്കാൻ കാറെന്താ റോഡില്‍ പരന്നിരിയ്ക്കയാണോ? അയ്യോ! ഇനി ഒതുക്കുന്ന ഗിയർ ഏതാണ്?
“കാറു നിറുത്താൻ പറഞ്ഞത് കേട്ടില്ലേ“
ബ്രേക്ക് ചവിട്ടിയാലാണ് കാറ് നിൽക്കുക എന്നാണ് പഠിച്ചത്. ഏതാ ഈ ബ്രേക്ക്? രണ്ട് കാലിനും കൂടി ചവിട്ടിക്കളിയ്ക്കാൻ ഇത്തരം മൂന്നു വിചിത്ര മാരണങ്ങൾ കണ്ടു പിടിച്ചവൻ ആരെടാ? അവന് ചായയല്ല ബിരിയാണി തന്നെ വാങ്ങിക്കൊടുക്കണം.
ഭാഗ്യം, കാറു നിന്നു. അപ്പോൾ ആ മഹാപാപി വീണ്ടും…
“സിഗ്നൽ കാണിച്ച് ഇൻഡിക്കേറ്ററിട്ട് കാറ് മുൻപോട്ട് ഓടിച്ചു പോകു, അപ്പോൾ ഗിയർ മാറ്റിക്കൊണ്ടിരുന്നാൽ മതി.“
പറഞ്ഞപ്പോൾ കഴിഞ്ഞു. എങ്ങനെ പോകുമെന്നാണിയാളുടെ വിചാരം?
ഈ സിഗ്നലും ഇൻഡിക്കേറ്ററുമൊക്കെ കാറിന്റെ ഏതു ഭാഗത്താണ് സൂക്ഷിച്ചു വെച്ചിട്ടുള്ളത്? വേഗം പോകാൻ ഫോർത്ത് ഗിയറിടണമെന്നല്ലേ അതോ ഫസ്റ്റ് ഗിയറിടണമെന്നാണോ….അയ്യോ! എല്ലാം മറന്നുവല്ലോ.
എന്തായാലും രണ്ടും കൽപ്പിച്ച് ഗിയർ മാറ്റി, വണ്ടി ചീറ്റുകയും തുമ്മുകയും ഒന്നും ചെയ്തില്ല. അത് സ്വന്തം തലേലെഴുത്തിന്റെ വലുപ്പമാലോചിച്ച് സങ്കടപ്പെടുന്ന മാതിരി മുന്നോട്ട് ഓടുമ്പോഴാണ് കണ്ണും തുറുപ്പിച്ച് ഭീമാകാരമായ ട്രക്കുകൾ ആ നേരം നോക്കി എതിരേ വരുന്നത്! വല്ല വേലിയ്ക്കലോ മതിലിനടുത്തോ ഒക്കെ തോക്കും പിടിച്ച് അറ്റൻഷനിൽ നിന്ന് “സാരേ ജഹാൻ സേ അച്ഛാ“ എന്ന് പാടുന്നതിനു പകരം ഈ പട്ടാളക്കാർക്ക് രാവിലെ എഴുന്നേറ്റ് ഇങ്ങനെ ട്രക്കിലെഴുന്നള്ളേണ്ട വല്ല കാര്യവുമുണ്ടോ?
എപ്പോഴും ബന്ദും ഹർത്താലുമായി റോഡെല്ലാം കാലിയാവുന്ന ഈ നാട്ടിൽ ഇത്രയധികം വണ്ടികൾ എവിടുന്നു വരുന്നു?
എതിരെയും പുറകേയും വരുന്ന എല്ലാവരുടെയും ഭാര്യമാരും ഭർത്താക്കന്മാരും ദീർഘ സുമംഗലരും അച്ഛന്മാരും അമ്മമാരും നെടും സന്താനയോഗരും ഒക്കെയാവണേ!
“മതി നിറുത്തു,“ അവസാനത്തെ ഇടിമുഴക്കം.അമ്പടാ! ഒടുക്കം കാക്കിയിട്ട ഭീമൻ മണ്ടച്ചാർക്ക് ബുദ്ധിയുദിച്ചു, ഞാനോടിയ്ക്കുന്ന കാറിലിരുന്നുള്ള ഈ ഉത്തരവിടല് സ്വന്തം തടി കേടു വരുത്തുമെന്ന്….
എനിയ്ക്ക് ലൈസൻസ് തരില്ലെന്ന് മാത്രമല്ല, ഏതെങ്കിലും വണ്ടിയുടെ സ്റ്റിയറിംഗ് വീലിനു പുറകിൽ ഞാൻ വെറുതെ ഇരിയ്ക്കുന്നത് കണ്ടാലും നിയമ നടപടികൾ സ്വീകരിയ്ക്കണമെന്നു കൂടി അദ്ദേഹം ശുപാർശ ചെയ്യുമെന്ന് എനിയ്ക്ക് ഉറപ്പായി. ഈ ഷൂട്ട് അറ്റ് സൈറ്റ് എന്നൊക്കെ പറയുന്ന പോലെ…..
എന്നിട്ട് സംഭവിച്ചതോ?
നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ എന്റെ പോട്ടമൊക്കെ പതിച്ച് ഒരു സുന്ദരൻ അടിപൊളി കാർഡ് എന്നെത്തേടി വന്നിരിയ്ക്കുന്നു!
ഞാൻ എന്നെ നുള്ളി നോക്കി, സത്യം സത്യം …..നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിലെ ഏതു നിരത്തിലൂടെയും എനിയ്ക്ക് കൂളായി കാറോടിയ്ക്കാമെന്ന് ......അതിനുള്ള പവറും വിവരവുമൊക്കെയുണ്ടെന്ന്………
ഇനി ഒരു കാറു വേണം. എനിയ്ക്ക് ഓടിയ്ക്കണം….
ഒരു കാറും നോക്കി ഞാനിരിയ്ക്കുമ്പോഴാണു അവൻ വന്നത്, എന്റെ കൂട്ടുകാരൻ….. കാറ് എനിയ്ക്കോടിയ്ക്കണമെന്ന് വാശി പിടിച്ചാൽ പാവം, അവനെന്തു ചെയ്യാനാണ്? വല്ല വിമർശകനോ ശാസകനോ ശിക്ഷകനോ കുറഞ്ഞ പക്ഷം ഒരു രക്ഷകനെങ്കിലുമോ ആയിരുന്നെങ്കിൽ ആ ആഗ്രഹത്തെ ചടുപിടെന്ന് തറയിൽ വീണ കോഴിമുട്ടയോ പപ്പടമോ ചില്ലു പാത്രമോ മീൻ ചട്ടിയോ ഒക്കെയാക്കാമായിരുന്നു. കൂട്ടുകാരനായിപ്പോയാൽ, അത് പറ്റില്ലല്ലോ.
അങ്ങനെ അവനെ ഇടത്തു വശത്തിരുത്തി ഞാൻ ഫുൾ ഗമയിൽ കാർ ഓടിച്ചു വരികയായിരുന്നു…..നല്ല ബെസ്റ്റ് ഡ്രൈവിംഗായിരുന്നു…. ഞാനൊരു മിടുക്കിയല്ലേ എന്ന് വിചാരിച്ചു കളയാമെന്ന് ആലോചിയ്ക്കുമ്പോഴേയ്ക്ക്….
ഹേബിയസ് കോർപ്പസ് ഹർജി കൊടുത്ത് വീട്ടു തടങ്കലിൽ നിന്നും രക്ഷിച്ച സ്വന്തം കാമുകനെ കണ്ടുമുട്ടിയ കാമുകിയുടെ ആവേശത്തിൽ കാറ് നേരെ മുന്നിലുയർന്നു വന്ന മതിലിനെ ഗാഢ ഗാഢം ചുംബിച്ചു.
മതിലുകൾ എന്നും എന്റെ ഈ കൊച്ചു ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്. സൈക്കിൾ ചവിട്ടി വരുമ്പോഴും ഇതു പോലെ ചുംബനം കൊതിയ്ക്കുന്ന വശ്യ ശക്തിയുള്ള ഒരു മതിലുണ്ടായിരുന്നു. മതിലുകളെയൊക്കെ ആരാണു അപ്പോൾ അവിടെ കൊണ്ട് വെച്ചതെന്ന് എനിക്കിതു വരെയും മനസ്സിലായിട്ടില്ല. കാരണം റോഡിന്റെ മുൻപിൽ ഒരിയ്ക്കലും അത്തരം മതിലുകൾ കാണപ്പെട്ടിരുന്നില്ല. എന്നിട്ട് സൈക്കിളും കാറുമെല്ലാം എങ്ങനെ അവിടെ ഇത്ര കൃത്യമായി എത്തിച്ചേർന്നു?
എന്നു വെച്ച് ഞാൻ പരാജയം സമ്മതിച്ചിട്ടൊന്നുമില്ല.
ഇപ്പോഴും ഇടയ്ക്കിടെ ഡ്രൈവിംഗ് ലൈസൻസ് പുറത്തെടുത്ത് കാണിക്കാറുണ്ട് ഞാൻ. ശ്ശേ, തിരിഞ്ഞില്ലേ? റോഡിലൊന്നുമല്ലന്നെ…. ട്രെയിനിൽ വെച്ച് ടി ടി ആർ തിരിച്ചറിയൽ കാർഡ് ചോദിയ്ക്കുമ്പോൾ……
24 comments:
ലൈസൻസ് കിട്ടിയല്ലെ?,,,,ഇനി,,, അതുമായി മുന്നോട്ട് പോകാം...
എച്മു, വല്ലപ്പോഴും ഒരു ലിഫ്റ്റ് തരണേ...എനിക്ക് പേടിയൊന്നും ഇല്ല. (തൂവല്‍ പക്ഷികളിലും ഇത് വായിച്ച് അഭിപ്രായവും എഴുതിയിരുന്നു)
എച്മുക്കുട്ടി ആ കഥ ഇവിടെയും ഇട്ടോ? മനുഷ്യരെ പേടിപ്പിക്കാന്‍!
കുറെ നാള് മുന്‍പ് വന്ന ഒരു പരിഷ്ക്കരണക്കമ്മിറ്റി, പോലീസിനു ജനകീയ മുഖം നല്കാന്, ലൈറ്റ് ബ്ലൂ ഷര്‍ട്ടും, നേവി ബ്ലൂ പാന്റ്സും ശുപാര്‍ശ ചെയ്തതാണ്...വിദേശരാജ്യങ്ങളിലെപ്പോലെ ...ഇപ്പോ അത് ഏതു ചവറ്റുകുട്ടയിലാനെന്നറിയില്ല...
"വേഗം പോകാന്‍ ഫോര്‍ത്ത് ഗിയറിടണമെന്നല്ലേ...അതോ ഫസ്റ്റ് ഗിയറിടണമെന്നാണോ" - പ്രപഞ്ചത്തിലെ ഏറ്റവും വലിയ ദാര്‍ശനിക പ്രശ്നമാണ് അത്. അതിനുത്തരം കണ്ടെത്തിയവരെല്ലാം ഇഹലോകത്തില്‍ ആയുരാരോഗ്യസന്താനസമ്പല്സമൃദ്ധിയും പരലോകത്തില്‍ മോക്ഷപ്രാപ്തിയും കൈവരിച്ചിട്ടുണ്ട്.
ഞാന്‍ നാട്ടില്‍ വരുമ്പോള്‍ അറിയിക്കാം. അന്നേരം വണ്ടിയും കൊണ്ട് നിരത്തിലിറങ്ങല്ലേ, പ്ലീസ്.
ഇപ്പോഴും ആ ലൈസൻസ്തന്നെയാണോ ഉപയോഗിക്കുന്നത്, സാറെ. എയറോപ്ലെയിനിൽ സചരിക്കുമ്പോൾ കാണിക്കാൻ എനിക്കും വേണം ഇതേപോലൊരു തുറുപ്പുചീട്ട്. എന്നാലും, വീട്ടുതടങ്കലിൽനിന്നും രക്ഷിച്ച കാമുകനെക്കാണാൻ ഓടിയെത്തുന്ന ‘കാമിനീമാനസം’, പഴയ ‘കർക്കടകവാവി’ലെ ‘ചക്ക’ പോലെ വീർത്തുപോയോ എന്ന സംശയം, ഇപ്പോൾ രണ്ടാമതു വായിച്ചപ്പോൾ തോന്നുന്നു. സ്വതസിദ്ധമായ നല്ല ശൈലി. ശക്തമായ കഥാസന്ദർഭങ്ങളിൽനിന്ന് ഗതിമാറിത്തുടങ്ങിയോ? ഈയിടെവന്ന ‘ചെപ്പി’ലെ ‘ഭോലയുടെ ഓണം’, ഒരു കരണ്ടിയിൽ ഒഴിച്ചുതന്ന അമൃതിനുതുല്യമായിരുന്നു. ആശംസകൾ....
എച്മുവിന്റെ പോസ്റ്റ് കണ്ട് ആവേശത്തോടെ വന്നതാണ്..പക്ഷേ പഴയ "പിണ്ഡതൈലം" പുതിയ കുപ്പിയിൽ :)..ചില unwanted elements ഒഴിവാക്കിയത് കഥയെ ഒന്നു മിനുക്കിയിട്ടുണ്ട്...
പിന്നെ ഭരണഭാഷ മലയാളമാക്കിയതിന്റെ ഭാഗമായി "H" നു പകരം "ക്ഷ" "ക്ക്ല" തുടങ്ങിയ അക്ഷരങ്ങളാണ് ഇപ്പോൾ ടെസ്റ്റിനു എടുക്കേണ്ടതെന്നു കേട്ടു..സത്യമാണോ എന്തോ...
സസ്നേഹം,
പഥികൻ
ഇത് ഞാൻ കണ്ടതും കമെന്റിയതും ആണല്ലോ, തമാശക്കാരീ. ഇനിയും എഴുതണം ഇതുപോലെ ലൈറ്റായവയും.
അവിടെ വായിച്ചിരുന്നു :)
നേരത്തെ വായിച്ചു കമന്റ് അറിയിച്ചിരുന്നു. എച്ച്മുവിനു ഹാസ്യവും നന്നായി വഴങ്ങുന്നു...
ഇത് നേരത്തെയും വായിച്ചതാണ്..ഒരു അപേക്ഷയെ ഉള്ളൂ..ദൈവത്തെ ഓര്‍ത്തു വണ്ടിയുമായി നിരത്തില്‍ ഇറങ്ങരുത്...ലൈസെന്‍സ് കയ്യില്‍ വെച്ചോളൂ..തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാം..
കാക്കിയിടുന്ന എല്ലാവരും പൂക്കളുള്ള കുപ്പായമിട്ടു കാണാനാണ് എനിക്കിഷ്ടം :::ഇത് എനിക്കും ഇഷ്ടമായി :)
കഴിഞ്ഞ ദിവസം പൂങ്കുന്നം റോഡില്‍ ഒരു യു ടേണ്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍, അതു വരെ ഇല്ലാതിരുന്ന ഒരു ഓട്ടോ എന്റെ വണ്ടിയുടെ മുന്നില്‍ പ്രത്യക്ഷപ്പെടുകയും അതിന്റെ ഗാഡ ചുംബനത്തില്‍ മയങ്ങി സൈടും കുത്തി റോഡില്‍ ജെളിഞ്ഞു കിടന്നു... ഭാഗ്യത്തിന് ആര്‍ക്കും ഒന്നും പറ്റിയില്ല...
എന്റെ ലൈസെന്‍സ് അതോടെ RTO അല്ല, അമ്മ തിരിച്ചു വാങ്ങി ;)
ങാഹ് ലൈസൻസ് കൊണ്ടിങ്ങനേം ഉപകാരമുണ്ടെന്ന് പുടി കിട്ടീല്ലേ.. :)
ഓട്ടോമാറ്റിക് കാര്‍ റോഡ് ഡ്രൈവിംഗ് ടെസ്ടിനു കിട്ടിയാല്‍ നന്നായിരുന്നു അല്ലെ ..
അവിടെയും ഇട്ടിരുന്നു ഒരു കമന്റ് ..ആ ബ്ലോഗും ഇയാള്ടെ ആണോ ??
എച്ചുമുക്കുട്ടിയുടെ വ്യത്യസ്തമായൊരു പോസ്റ്റ്.
ബഹു രസായി...
പതിവ് എച്മു ശൈലിയില്‍ നിന്ന് വിട്ടു നില്ക്കുന്ന എഴുത്ത്.
നല്ല വായന നല്കി.
എച്മൂ..ഈ എഴുത്തും എനിക്കിഷ്ടമായി.ഇടക്ക് ഇത് പോലെ തമാശയും വെച്ച് കാച്ച്.
പിന്നെ എച്ചുമു വിചാരിക്കുന്നത് പോലെ കാക്കിക്കാര് അത്ര ഭയങ്കരന്മാരൊന്നും അല്ല.പാവത്തുങ്ങളാണെന്നെ..(എച്ചുമുവിന്റെ എഴുത്തിന്റെ ആരാധകനായ എന്റെ കാക്കിക്കാരന് കെട്ടിയവനെ ഈ പോസ്റ്റോന്നു കാണിക്കുന്നുണ്ട് )
ഇത് നിങ്ങള്‍ മുന്‍പൊരിക്കല്‍ പോസ്റ്റിയ കഥയല്ലേ
മതിലുകള്‍ ഇല്ലാത്ത ഒരു ലോകം കൂടി പ്രാര്‍ത്ഥിക്കണം ..........
ഞാനിതവിടെ വായിച്ചിരുന്നു.
എച്മൂ,
ലൈസെന്‍സ് കിട്ടുന്നത് വരെയുള്ള ഭാഗം എന്റെ സ്വന്തം അനുഭവം തന്നെയായിരുന്നു. സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചു പഠിച്ചു മുള്ളുവേലീടെ മോളില് വീണു കൈയ്യൊടിഞ്ഞപ്പോള്‍ ആ പഠനം അവസാനിച്ചു. കല്യാണം കഴിഞ്ഞു സ്കൂട്ടി പഠിപ്പിക്കാന്‍ ശ്രമിച്ചു ശ്രമിച്ചു എന്റെ പാവം ചേട്ടായി തോല്‍വി സമ്മതിച്ചു. രണ്ടു വര്‍ഷം പൊടി പിടിച്ച് അവസാനം കിട്ടിയവിലക്ക് സ്കൂട്ടി കൊടുത്ത് അത്രയും സ്ഥലം ഫ്രീയാക്കി. ആ ഞാന്‍ കാര്‍ ഓടിക്കാന്‍ പഠിക്കുമെന്ന് എനിക്ക് പോലും വിശ്വാസമില്ലായിരുന്നു. ഇപ്പറഞ്ഞതുപോലെ ആരുടെയോ നേരുകൊണ്ട് എനിക്ക് ലൈസെന്‍സ് കിട്ടി. ഇപ്പോള്‍ കാര്‍ ഡ്രൈവ് ചെയ്യും, വീട് തൊട്ടു ഓഫീസ് വരെയുള്ള റൂട്ട് മാത്രം, അല്ലാതെവിടെക്കെങ്കിലും തന്നെപോവാന് പറഞ്ഞാല്‍ ചങ്കിലൊരു വിറയലാ..
superb........!!!!!!!!!!!!!!!
superb........!!!!!!!!!!!!!!!
കൊള്ളാം ..ഞാനും ടെസ്റ്റിനു പോയത് ഓര്‍ക്കുന്നു കാലു കൂട്ടിയിടിക്കുകയായിരുന്നു ..അവസാനം കൂടെ വന്നവര്‍ പേടിച്ചു വിറച്ചു പറഞ്ഞു വണ്ടി കൊണ്ട് വല്ലിടത്തും തട്ടിയാല്‍ അവരുടെ ടെസ്റ്റും പോകും ജീവിതവും പോകും എന്ന് ..ഒടുവില്‍ ലൈസന്‍സ് കിട്ടിയപ്പോള്‍ കണ്ണ് തള്ളി നിന്ന നിപ്പ് ഇപ്പൊ ഓര്‍മ്മ വന്നു ട്ടോ ..എച്മുവിന്റെ ഈ പോസ്റ്റ് ഇപ്പോളാണ് കണ്ടത് ലിങ്ക് അവതാരിക വഴി കിട്ടി ...കഥ ഇഷ്ടായി ..
Post a Comment