Tuesday, November 29, 2011

അയാളും അവളും


അവൾക്ക് മുപ്പത് വയസ്സ് പ്രായമുള്ളപ്പോഴാണ് നിത്യരോഗിണിയായിരുന്ന അമ്മ മരിച്ചത്. ജന്മം കൊണ്ടേ പരമ ദരിദ്രയായിരുന്ന അവൾ അതോടെ തികഞ്ഞ അനാഥയുമായി. കണ്ണടിച്ചു കാണിയ്ക്കാനും നടന്നു പോകുമ്പോൾ ഇരുട്ട് വാക്കിനു ചന്തിയ്ക്കും നെഞ്ചത്തും നുള്ളുവാനും ഒരുങ്ങിയ നാട്ടിലെ ചെറുപ്പക്കാരോ വയസ്സന്മാരോ ആരും, എന്നാൽപ്പിന്നെ അവളെ കല്യാണം കഴിച്ചു കളയാമെന്ന് ഒരു  നേരമ്പോക്കിനും കൂടി ആലോചിച്ചില്ല. സൌകര്യത്തിനു സഹകരണത്തോടെ ഒത്തുകിട്ടിയാൽ അഞ്ചോ പത്തോ രൂപ കൊടുക്കാമെന്നല്ലാതെ  ഒരു പട്ടിണിക്കാരി പേക്കോലത്തിനെ ആർക്കാണ് ഭാര്യയായി വേണ്ടത്? 

ഒന്നര സെന്റ് സ്ഥലത്തെ ചെറ്റപ്പുരയ്ക്കും അമ്മയുടെ കുഴിമാടത്തിനും ഇടയിൽ തലയും ഞാവി, വായിലൂറുന്ന വെള്ളവും കുടിച്ച്, പട്ടിണി കിടന്നിരുന്ന അവളെയാണ് അയാൾ വീട്ടുപണിയ്ക്ക് വിളിച്ചത്.

അവൾ അനുസരണയോടെ അയാളുടെ വീട്ടു മുറ്റത്ത് ചെന്ന് തലയും കുനിച്ച് നിന്നു.

“കാലത്ത് വന്ന് മുറ്റമടിയ്ക്കണം, ത്തിരി ചായേം പിന്നെ കഞ്ഞീം കൂട്ടാനും വെച്ചുണ്ടാക്കണം. അകത്തെ മുറികള് അടിച്ചു വാരണം.“ അയാൾ ചെയ്യാനുള്ള പണികൾ ഒറ്റശ്വാസത്തിൽ പറഞ്ഞു  തീർക്കുകയായിരുന്നു.

“പിന്നെ, നീയ് ഇവ്ടന്ന് തന്നെ തിന്നോ. ഞാൻ രാത്രി വരുമ്പോളേയ്ക്കും വൈകുന്നേരത്തെ വെപ്പും കഴിച്ച് നിനക്കുള്ളതും എടുത്ത് വീട്ടില് പൊക്കോ. വാതല് പൂട്ടീട്ട് താക്കോല് ആ തൊളസിത്തറേല് കുഴിച്ച് വെച്ചാ മതി, ങാ, പിന്നെ മൊടങ്ങരുത്. ഞായറാഴ്ചേം വരണം, എനിയ്ക്ക് അന്നും വക്കീലിന്റെ ആപ്പീസില് പണിണ്ടാവും. നിന്റെ പണി നന്നാണെങ്കിൽ നിർത്താം, അല്ലെങ്കി പറഞ്ഞു വിടും. വൃത്തീം വെടിപ്പും ഇല്യാത്ത അശ്രീകരങ്ങളെ എനിയ്ക്ക് കണ്ടൂടാകാശിന്റെ കാര്യം പണി കണ്ടിട്ട് തീർച്ചയാക്കാം, എന്തേയ്..

അവൾ എല്ലാം സമ്മതമെന്ന മട്ടിൽ തലയുയർത്തി അയാളെ ഒന്നു നോക്കുക മാത്രം ചെയ്തു.

പിറ്റേന്ന് മുതൽ അവൾ വീട്ടു വേലക്കാരിയായി. മുറ്റമടിച്ച്, ചവറു വാരി കൂട്ടിക്കത്തിച്ചിട്ട് ചുറ്റും നോക്കിയപ്പോൾ തന്നെ ഒരു സന്തോഷം കൈവന്നു. “ഉം, അന്യം പിടിച്ച് കെടന്ന പറമ്പിനു ശ്രീത്തായി“ പിറുപിറുത്തുകൊണ്ട് അവൾ അടുക്കളയിലേയ്ക്ക് കയറി.

അയാൾക്ക് പോകാറായപ്പോഴേയ്ക്കും  ആവി പാറുന്ന കഞ്ഞിയും തേങ്ങാ ചുരണ്ടിയിട്ട കർമ്മൂസിന്റെ തോരനും തയാറായിക്കഴിഞ്ഞിരുന്നു. അയാൾ രുചിയോടെ ഭക്ഷണം കഴിയ്ക്കുമ്പോൾ വിശപ്പുകൊണ്ട് അവളുടെ വയറാളിക്കത്തി. കേസ് കടലാസുകളും  ഹർജികളും മറ്റുമായി അയാൾ കോടതിയിലേയ്ക്കോ വക്കീലാപ്പീസിലേയ്ക്കോ പുറപ്പെട്ടതും അവൾ വലിയൊരു കിണ്ണത്തിൽ നികക്കെ കഞ്ഞിയൊഴിച്ച് നല്ല സ്വാദോടെ വയറു പൊട്ടുവോളം കോരിക്കുടിച്ചു. 

അപ്പോൾ മേൽച്ചുണ്ടിനു മീതെ വിയർപ്പു പൊടിഞ്ഞു. നല്ല ക്ഷീണവും വല്ലാത്ത ഒരു ആലസ്യവും തോന്നി. കൈ കഴുകിയിട്ട് ഉടുത്തിരുന്ന കീറിയ മുണ്ട് ഒന്നയച്ചു കുത്തി അവൾ ഉമ്മറത്തെ മുറിയിലെ തണുപ്പുള്ള തറയിൽ കിടന്നൊന്നു മയങ്ങി. അത്ര സുഖകരമായ മയക്കം ഓർമ്മയായിട്ട് ആദ്യമായിരുന്നു.

“വയറ് നെറഞ്ഞാ ഒറ്ങ്ങാൻ നല്ല സുഖം!“  തലയിൽ നിന്നു നിലത്ത് വീണിഴയുന്ന പേനിനോട് അവൾ പറഞ്ഞു. എന്നിട്ട് ഒരു പ്രതികാര മനോഭാവത്തോടെ അതിനെ തള്ളവിരലിന്റെ ചെളി പിടിച്ച നഖത്തിന്മേൽ വെച്ച് മുട്ടിക്കൊല്ലുകയും ചെയ്തു. 

വേലക്കാരിയുടെ ജോലി രണ്ടാഴ്ച നീണ്ടപ്പോഴേയ്ക്കും ആ വീട് അവൾ ഒരു അമ്പലം പോലെ തുടച്ചു മിനുക്കി മനോഹരമാക്കിക്കഴിഞ്ഞിരുന്നു. പലതരം പച്ചക്കറി വിത്തുകൾ പാകി മുളപ്പിച്ചും പൂച്ചെടിക്കൊമ്പുകൾ കുഴിച്ചിട്ട് വെള്ളമൊഴിച്ചും ആരും ശ്രദ്ധിയ്ക്കാനില്ലാതെ ഉണങ്ങി വരണ്ട് കിടന്ന പറമ്പിൽ അവൾ പച്ചപ്പിനെ ക്ഷണിച്ചു വരുത്തി. വൃത്തിയേയും വെടിപ്പിനേയും പറ്റി മേനി പറഞ്ഞു അയാളെങ്കിലും  വീട്ടിൽ തെളിമ വന്നത് അവൾ അധ്വാനിച്ചപ്പോൾ മാത്രമായിരുന്നുവല്ലോ.

പിന്നെപ്പിന്നെ സന്ധ്യയ്ക്ക് വെപ്പു പണിയും കഴിഞ്ഞ്, ആഹാരവും പകർത്തി ഇരുളടഞ്ഞ മൺകൂരയിലേയ്ക്ക് പോകുന്നതിൽ അവൾക്ക് താല്പര്യം കുറഞ്ഞു വന്നു. മണ്ണെണ്ണവിളക്കിന്റെ ഇത്തിരി വെട്ടത്തിൽ വെറുതെ കുത്തിയിരിയ്ക്കുമ്പോൾ, അനാഥയാണെന്ന തോന്നൽ ഒരു കൂടമായി മുഴക്കത്തോടെ നെഞ്ചിലിടിയ്ക്കും. തനിച്ചാക്കിപ്പോയ അമ്മയെ ഓർമ്മിച്ച് കണ്ണുകൾ കലങ്ങും. ഒരു മാസം കഴിഞ്ഞ് പണി ഇല്ലാതായാലോ എന്ന് കൈയും കാലും തളരും. മൂർച്ചപ്പെടുത്തിയ അരിവാളും തലയ്ക്ക് വെച്ച് ഉറങ്ങാൻ കിടക്കുമ്പോൾ ഓല വാതിൽ വലിച്ചു തുറന്ന് ആരെങ്കിലും കയറി വരുമോ എന്ന് കാലൻ കോഴിയുടെ ഒച്ച കേൾക്കും പോലെ കിടുങ്ങും.

ശമ്പളം കിട്ടുമ്പോൾ കാവിലമ്മയ്ക്ക് ഒരു വിളക്ക് വെയ്ക്കണം, എല്ലാ ദുരിതങ്ങളിൽ നിന്നും രക്ഷപ്പെടുത്തണേ എന്ന് പ്രാർഥിയ്ക്കണം..

ഒരു ദിവസം  അടിച്ചു വാരി നിവരുമ്പോഴാണ് അവളുടെ കണ്ണുകൾ സ്റ്റീൽ അൽമാരയുടെ കണ്ണാടിയിൽ പതിഞ്ഞത്, വേണമെന്ന് വെച്ച് നോക്കിയതൊന്നുമാ‍യിരുന്നില്ല. അബദ്ധത്തിൽ പറ്റിപ്പോയതാണ്. അല്ലെങ്കിലും സ്വന്തം ശരീരത്തെക്കുറിച്ച് വലിയ ബോധ്യമൊന്നുമുണ്ടായിരുന്നില്ല, ഒരുകാലത്തും. വയറു നിറയെ ഭക്ഷണം കഴിയ്ക്കാൻ കിട്ടുമ്പോഴല്ലേ ദേഹത്തെപ്പറ്റി ചിന്തിയ്ക്കാൻ കഴിയുക, അതുമല്ലെങ്കിൽ വലിയ വേദനയുള്ള രോഗങ്ങളുണ്ടാവുമ്പോൾ..അല്ലാതെ അവളെപ്പോലെ ഒരാൾക്ക് എന്തു ദേഹചിന്ത? വേഗം വേഗം ജോലികൾ ചെയ്യാൻ സാധിയ്ക്കുന്ന ഒരു ശരീരമാവണമെന്നല്ലാതെ

കണ്ണാടിയിൽ കണ്ട രൂപം അവളെ അതിശയിപ്പിച്ചു, അവൾക്ക് തടി വച്ചിരിയ്ക്കുന്നു, പിഞ്ഞിയ ബ്ലൌസ് ഇറുകിക്കിടക്കുന്നു, കവിളിൽ മിനുമിനുപ്പ്, ചുണ്ടുകളിൽ രക്തത്തുടിപ്പ്,. അൽഭുതത്തോടെയും പൊട്ടി വിടരുന്ന ആഹ്ലാദത്തോടെയും അവൾ  സ്വന്തം സൌന്ദര്യം ആസ്വദിച്ചു. ഇപ്പോൾ താനൊരു ശ്രീയുള്ള പെണ്ണായിട്ടുണ്ടെന്ന് തോന്നി. അടഞ്ഞതും ഒട്ടും മയമില്ലാത്തതുമായ ഒച്ചയിലാണെങ്കിലും അവൾ ഒന്നു പാടിപ്പോയിഅമ്മ പാടി കേട്ടിട്ടുള്ള പാട്ട്, “പിച്ചകമുല്ല പൂവണിഞ്ഞു.“ എന്തുകൊണ്ടോ അടുത്ത വരി ഒട്ടും ഓർമ്മ വരുന്നില്ലായിരുന്നു.

ഒരു മാസമായി ജോലി ചെയ്യുന്നുവെന്ന കാര്യമാണ് പാട്ടിനു പകരം മനസ്സിൽ തെളിഞ്ഞു വന്നത്. ഇന്നോ നാളേയോ അയാൾ പണം തരാതിരിയ്ക്കില്ല്ലെന്ന് ആലോചിച്ചപ്പോൾ കണ്ണാടിയിൽ കണ്ട സൌന്ദര്യം പൊടുന്നനെ ഇരട്ടിച്ചതു മാതിരിയായി. വൈകുന്നേരം അയാൾക്കായി വറുത്തരച്ച മസാല മുട്ടക്കറിയും ചുവന്ന മുളകു മുറിച്ചിട്ട് കാച്ചിയ പപ്പടവും കറിവേപ്പില വിതറി വെളിച്ചെണ്ണയൊഴിച്ച് മൊരിയിച്ച കായ മെഴുക്കു പുരട്ടിയും ഉണ്ടാക്കണമെന്ന് അവൾ തീരുമാനിച്ചു. 

രുചിയുള്ള ഭക്ഷണത്തിന്റെ സുഗന്ധം പരത്തിക്കൊണ്ട് അടുക്കളയിൽ ധിറുതി പിടിച്ച് ജോലി ചെയ്യുമ്പോഴാണ് അയാൾ പതിവില്ലാത്ത വിധം നേരത്തെ വന്നു കയറിയത്. തുളസിത്തറയുടെ സമീപം ചെന്നപ്പോൾ വീട്ടിലാളുണ്ടല്ലോ എന്ന് അയാൾ അവളെ ഉറക്കെ വിളിച്ചു. അമ്മ മരിച്ചതിനു ശേഷം ജോലി കഴിഞ്ഞു വരുമ്പോൾ അയാൾക്കായി വാതിൽ തുറക്കാൻ ആരുമുണ്ടാവാറില്ല. അതുകൊണ്ടു തന്നെ അവളുണ്ടായത് ഒരു പുതുമയായി  തോന്നാതെയുമിരുന്നില്ല.

“ഒരു ചായ എട്ത്തോ“

അയാളുടെ കനമുള്ള ശബ്ദം കേട്ടപ്പോൾ തെല്ലൊന്നു പരിഭ്രമിച്ചുവെങ്കിലും, അവൾ സാവധാനം തല കുലുക്കി, എന്നിട്ട് അടുക്കളയിലേയ്ക്ക് പിൻവാങ്ങി.

അവളുടെ ശരീരം അപ്പോഴാണു കണ്ണിൽ പെട്ടത്.  ഒരു മാസം മുൻപ് മുറ്റമടിയ്ക്കാൻ വന്ന നീർക്കോലിപ്പെണ്ണല്ല . അയാളുടെ ചെലവിൽ ചോരയും നീരും മാംസവും വെച്ചിരിയ്ക്കുന്നു! അങ്ങനെ ഓർത്തപ്പോൾ അയാൾക്ക് ശരീരം ചൂടു പിടിയ്ക്കുകയായിരുന്നു. ഇതിനു മുൻപ് ഈ പെണ്ണിനെ ലവലേശം ശ്രദ്ധിയ്ക്കാതെ പോയത് എന്തുകൊണ്ടെന്ന് അയാൾക്ക് മനസ്സിലായില്ല. ഒരുപക്ഷേ, ശ്രദ്ധ പിടിച്ചു പറ്റാനാവശ്യമായ ഒന്നും അവളിലില്ലാതിരുന്നതുകൊണ്ടാവാം.

അയാൾ കല്യാണം കഴിയ്ക്കാത്തതിന്റെ കാരണം പലരും ചോദിച്ചിട്ടുണ്ട്. അതിന് വ്യക്തമായ ഒരു ഉത്തരമൊന്നും അയാൾക്കു തന്നെ നിശ്ചയമുണ്ടായിരുന്നില്ല. കഴിച്ചില്ല അല്ലെങ്കിൽ ഇതുവരെ പറ്റിയില്ല, അത്രയേ ഉള്ളൂ. എങ്കിലും പെണ്ണിനെ അറിയാത്ത മുനിയൊന്നുമായിരുന്നില്ല, അയാൾ. 

എന്തായാലും ഇപ്പോൾ കലശലായ ആഗ്രഹം തോന്നുന്നു.

ചായയുമായി  വന്നപ്പോൾ അയാൾ ആ കണ്ണുകളിൽ സൂക്ഷിച്ചു നോക്കി, നോട്ടം നേരിടാനാവാതെയെന്ന പോലെ അവൾ മുഖം കുനിച്ച് നിന്നു. 

“ശമ്പളം നാളെ തരാം, ഇന്ന് വെള്ളിയാഴ്ചയല്ലേ“ ചായ കുടിച്ചുകൊണ്ട് അയാൾ പറഞ്ഞു.

അവൾ തലയാട്ടി.

“നിന്റെ പണിയൊക്കെ എനിക്കിഷ്ടായി, വീടും പറമ്പും ഒക്കെ വൃത്തിയായിട്ട്ണ്ട്. അമ്മ എപ്പോളും പറ്യ്യാര്ന്ന് വീട് നോക്കാൻ ഒരു പെണ്ണ് വേണംന്ന്. അമ്മേടെ വാക്ക് വേണ്ട കാലത്ത് കേട്ട്ല്ല. ആ, ഇനീം സമയം വൈകീട്ട്ല്ല്യാന്ന് ഇപ്പോ തോന്നാരൂല്യാത്തോര്ക്ക് ആരോടും ചോദിയ്ക്ക്ണ്ട കാര്യല്ലല്ലോ” 

അവളുടെ കണ്ണുകൾ അതിവേഗം പിടയ്ക്കുന്നത് അയാൾ കാണുന്നുണ്ടായിരുന്നു. അടുത്ത നിമിഷം അയാൾ ആ ശരീരത്തെ സ്വന്തം ദേഹത്തോട് ചേർത്തമർത്തി. 

       *                  *            *             *           *          *          *          *         *        *

അടുക്കളയിൽ പാത്രങ്ങൾ കൊഞ്ചിക്കുണുങ്ങുന്നത് കേട്ടുകൊണ്ട് തികഞ്ഞ സംതൃപ്തിയോടെ കിടക്കുകയായിരുന്നു അയാൾ. ഇന്നു രാത്രി വീട്ടിൽ പോകേണ്ടെന്ന് അവളോട് പറഞ്ഞിട്ടുണ്ട്.

അല്ലെങ്കിൽ എന്തിനാണ് ഇന്നു മാത്രമാക്കുന്നത്?

അമ്പതു വയസ്സായെന്ന് തോന്നുകയില്ലെന്ന്, ചെറുപ്പത്തിന്റെ ചൊടിയും ചുണയുമുണ്ടെന്ന് അവൾ പറഞ്ഞത് ഓർമ്മ വന്നപ്പോൾ അയാൾക്ക് രോമാഞ്ചമുണ്ടായി. കൈയിൽ കിടന്നുള്ള അവളുടെ പിടച്ചിലും പല താളങ്ങളിൽ കേൾപ്പിച്ച സീൽക്കാരങ്ങളും അയാളിൽ പുളകമുണർത്തിയിരുന്നു. കീഴെക്കിടന്ന് പെണ്ണ് ഇങ്ങനെ പറയുന്നത് കേൾക്കാൻ, പുളയുന്നത് കാണാൻ കൊതിയില്ലാത്ത ഏതെങ്കിലും ആണുണ്ടോ ഈ പ്രപഞ്ചത്തിൽ? ആ മിടുക്കുണ്ടോ എന്നും പെണ്ണു എക്കാലവും തന്റെ കെട്ടുംമൂട്ടിൽ തന്നെ നിന്നോളുമോ എന്നും അങ്ങനെ നിന്നോളാൻ എന്തൊക്കെ ചെയ്തു വെയ്ക്കണം എന്നും ചിന്തിച്ചു ചിന്തിച്ചല്ലേ  ആണിന്റെ സമയം അധികവും ചെലവാകുന്നത്?

അയാൾ എണീറ്റിരുന്ന് ഒരു ബീഡി കത്തിച്ചു, വലിയൊരു പുകയെടുക്കുമ്പോൾ ഒരുപാട് സിവിൽ കേസുകൾ നടത്തി മുടിഞ്ഞു പോയ തറവാട്ടിലെ അവസാന കണ്ണിയായ ഇരുപതുകാരിയെ അയാൾ ആഗ്രഹത്തോടെ മനസ്സിൽ കാണുകയായിരുന്നു. അളന്നു നോക്കുകയായിരുന്നു.

മുപ്പതു വയസ്സുള്ളവളെ , ചെറുപ്പക്കാരനാണെന്ന് തോന്നിപ്പിയ്ക്കാമെങ്കിൽ പിന്നെ ഇരുപതുകാരിയെ തോന്നിപ്പിച്ചു കൂടേ? അല്ലെങ്കിലും ഒരു പെണ്ണിനെ അമർത്തിപ്പിടിയ്ക്കാൻ ആണൊരുത്തന് പ്രായം പ്രശ്നമാണോ? ആശ്വാസം കിട്ടുന്ന ഒരു കൈത്താങ്ങിന് കാത്തിരിയ്ക്കുകയാണ് ആ പെണ്ണും അതിന്റെ ചാകാറായ അമ്മൂമ്മത്തള്ളയും. വക്കീൽ ഗുമസ്തൻ എന്ന നിലയ്ക്ക് ഇടയ്ക്കൊക്കെ ചില്ലറ സഹായങ്ങൾ ചെയ്യാറുമുണ്ട്. അവളെയങ്ങ് കല്യാണം കഴിയ്ക്കാമെന്ന് പറഞ്ഞാൽ…….. പറഞ്ഞാലെന്താ? അതു നടക്കും, അത്ര തന്നെ. ഇത്രകാലം കല്യാണം നടക്കാതിരുന്നത് ഇങ്ങനെ ഒരു യോഗം കൊണ്ടായിക്കൂടെന്നുണ്ടോ? പിന്നെ ക്ഷയിച്ചെങ്കിലും തറവാട്ടുകാരാണ്. അയ്യേ! കാണിച്ചത് ചേപ്രയായി എന്ന് നാലാൾ കേട്ടാൽ പറയില്ല.

നാളെ  പണിക്കാരിപ്പെണ്ണിന് ശമ്പളമായി കുറച്ച് അധികം എന്തെങ്കിലും കൊടുക്കണം. ഇന്നു രാത്രിയും അവൾ കൂടെ ഉണ്ടാവുമല്ലോ. അവൾ മിടുക്കിയാണ്. ചില പെണ്ണുങ്ങളെപ്പോലെ ചാട്ടവും തൊഴിയും ആവശ്യമില്ലാത്ത കരച്ചിലും ശീലാവതി ചമയലും ഒന്നും ഉണ്ടായില്ല. അവൾക്കും ആശയുണ്ടായിട്ടുണ്ടാവും. നിവർത്തിച്ചു കൊടുക്കാൻ ആരും ഇല്ലല്ലോ. അല്ലെങ്കിൽ കല്യാണം കഴിയുന്നതു വരെ അവൾ ഇവിടെ തന്നെ ഇങ്ങനെ നിന്നോട്ടെ എന്നു വെയ്ക്കാം.  കെട്ടുപാടുകളില്ലാതെ സുഖമനുഭവിയ്ക്കുന്നതിനും ഒരു ജാതക യോഗമുണ്ടാവണം, വേണ്ടേ?

ഒരു ചെറുപ്പക്കാരിപ്പെണ്ണിനൊപ്പം അന്തി ഉറങ്ങുന്നതിൽ വല്ലാത്ത സുഖവും ലഹരിയുമുണ്ടെന്ന്  ഓർത്തോർത്ത് അയാൾ ആഹ്ലാദത്തോടെ ചൂളം വിളിച്ചു.


*         *          *           *             *       *          *           *            *       *         *      *

അയാളുടെ ചൂളം വിളി കാതിൽ വീണപ്പോൾ അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.  ഇന്നു വീട്ടിൽ പോകണ്ട എന്ന് പറഞ്ഞത്  ഓർമ്മിയ്ക്കുകയായിരുന്നു അവൾ.

ശരിയാണ്,അല്ലെങ്കിൽ ഇനി എന്തിനാണ് വേറെ വീട്ടിൽ പോയി താമസിയ്ക്കുന്നത്? 

കഴിയുന്നത്ര വേഗം അമ്പലത്തിൽ പോയി ഒരു താലി കഴുത്തിലിട്ടു തരണമെന്ന് അപേക്ഷിയ്ക്കണം. പത്തിരുപത് വയസ്സ് കൂടുതലുണ്ട്. അതു സാരമില്ല. ഒരു ചെറുപ്പക്കാരനാണെങ്കിൽ ഇത്തിരി കൂടി ഉശിരും ചുണയുമുണ്ടാകുമെന്നേയുള്ളൂ. ചുണ കുറഞ്ഞാലും വേണ്ടില്ല, ആരെങ്കിലും വാതിലു തുറന്ന് കയറി വരുമോ എന്ന് പേടിയ്ക്കാതെ കിടക്കാൻ അടച്ചുറപ്പുള്ള വീടും വയറു നിറയെ ഭക്ഷണവും മാറി ഉടുക്കാൻ കുറച്ച് തുണിയും പിന്നെ നാലാളെ ചൂണ്ടിക്കാണിയ്ക്കാനൊരു ആൺ തുണയും കിട്ടിയാൽ മതി. 

ഒക്കെ ആദ്യമായിട്ടാണെങ്കിലും ഒന്നും മിണ്ടാതെ കിടന്നതും സുഖമായെന്ന് ധ്വനിപ്പിച്ചതും അതിനാണ്. അല്ലാതെ സുഖം കൊതിച്ചിട്ടോ അത് വാരിക്കോരി തന്നതുകൊണ്ടോ അല്ല. മീശക്കാരൻ വലിയ മിടുക്കനാണെന്ന് തന്നെ വിചാരിച്ചോട്ടെ. 

പഠിപ്പും ജോലിയും കാശുമൊന്നുമില്ലാത്തവർക്കും വേണമല്ലോ ജീവിതം. 

നേരത്ത വന്ന് കയറിയപ്പോൾ, ആ തുളച്ചു കയറുന്ന നോട്ടം കണ്ടപ്പോൾ മനസ്സിലായി ഇന്ന് ഇങ്ങനെയാവുമെന്ന്.

നാളെ കാലത്ത് കുളിച്ച് കാവിലമ്മയ്ക്ക് വിളക്ക് വെയ്ക്കണം.അടുത്ത പറമ്പിലെ മൺ കുടിൽ തട്ടി നിരത്തി ധാരാളം പൂച്ചെടിക്കൊമ്പുകളും പച്ചക്കറി വിത്തുകളും നട്ടു പിടിപ്പിയ്ക്കണം. പിന്നെ, അമ്മയ്ക്ക് ഒരു അസ്ഥിത്തറയുണ്ടാക്കണം.  

എല്ലാം പതുക്കെ മതി. ആദ്യം താലി കഴുത്തിൽ വീഴട്ടെ. ഇനി ചെയ്യുന്നതെല്ല്ലാം ആ വഴി മാത്രം ലക്ഷ്യം വച്ചായിരിയ്ക്കണം.

അവൾ അടുപ്പു ഒന്നു കൂടി ഊതിക്കത്തിച്ചു.


118 comments:

വെള്ളരി പ്രാവ് said...

വികാരം വിവിധ വ്യക്തികളിലെ വിചാരങ്ങളെ കീഴ്പെടുത്തുമ്പോള്‍, വീക്ഷണ കോണുകളില്‍ വിവേകം അടിമപെടുന്നത് വ്യക്തമായി വിവരിച്ചിരിക്കുന്നു.സാഹിത്യ എഴച്ചുകെട്ടലുകളുടെ എടുത്താല്‍ പൊങ്ങാത്ത മുഴുപ്പ് ഇല്ലാതെ തികച്ചും ലളിതം.. മനോഹരം.

Prabhan Krishnan said...

മനോഹരമായി എഴുതി.
കഥാഗതിമാറ്റിമറിച്ച രണ്ടാം ഭാഗം അതി കേമം..!

ആശംസകളോടെ..പുലരി

ente lokam said...

ഇത്ര മനോഹരം ആയി മനുഷ്യ മനസ്കളെ കീറി മുറിച്ചു എഴുതുന്ന ഈ എഴുത്തിന് നമസ്കാരം..

ശ്രീ said...

പതിവു പോലെ ഭംഗിയായി അവതരിപ്പിച്ചു...

SIVANANDG said...

പതിവു എച്മു ടച്ച് മിസ്സിങ്. എങ്കിലും മനുഷ്യ മനസ്സിന്റെ കാണാകയങ്ങളിലേക്കു ഒരു യാത്ര.അവിടെ ചിന്തകള്‍ ആകാശ കോട്ടകള്‍ കെട്ടുന്ന ലളിത ചിത്രീകരണം. അതു പകര്‍ത്താന്‍ നല്ലൊരു ക്യാന്‍വാസ് ഒരിക്കിരിക്കുന്നു. ഇഷ്ടമായി.

Manoraj said...

കഥാഗതിയില്‍ പെട്ടന്നുണ്ടായ ചില മാറ്റങ്ങളായിരുന്നു ഇതില്‍ വ്യത്യസ്തമായി തോന്നിയത്. അതിനപ്പുറം എച്മുവിന്റെ നല്ല കഥകളുടെ ഗണത്തില്‍ പെടുത്താവുന്നതെന്ന് എനിക്ക് തോന്നിയില്ല.

അഭിപ്രായം ഇരുമ്പുലക്കയല്ലാത്തത് കൊണ്ടും പറഞ്ഞാന്‍ കൃത്യമായ സെന്‍സില്‍ എടുക്കും എന്നത് കൊണ്ടും ആണ് പറഞ്ഞത്.

സീത* said...

ക്ലൈമാക്സ് നന്നായി...മനുഷ്യമനസ്സുകളുടെ സങ്കീർണ്ണത നന്നായി പറഞ്ഞു..

കുസുമം ആര്‍ പുന്നപ്ര said...

അവസാനത്തെ ആ ഭാഗം അങ്ങിനെ മാറ്റിയതാണ് ഈ കഥയുടെ വിജയം. നല്ല കഥ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നല്ല ഒഴുക്കോടെ വായിച്ചുപോകാന്‍ പറ്റിയ സൂക്ഷ്മരചന.
പക്ഷെ കഥാവസാനമില്ലാത്ത തോന്നല്‍ ഉണ്ടായി.
ആശംസകള്‍

keraladasanunni said...

രണ്ടുപേരുടേയും മനോഭാവം ഭംഗിയായി ചിത്രീകരിച്ചു.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കഥാപാത്രങ്ങളുടെ മനസ്സ് ചിത്രീകരിക്കുന്നതില്‍ വളരെ മികവ് കാട്ടി.ലളിതവും എന്നാല്‍ ശക്തവുമായ ഭാഷയില്‍ പറഞ്ഞ കഥ വിത്യസ്തമായ പ്രമേയം കൊണ്ടും വളരെ നന്നായി.

Sapna Anu B.George said...

എച്ചുമ്മക്കുട്ടീ.....ഇതു കഥതന്നെ, എന്നാല്‍ എല്ലാം കഥയല്ല എന്നൊരുതോന്നല്‍ ഇല്ലാതില്ല. നന്നായിരിക്കുന്നു

വീകെ said...

ആനേ കൊടുത്താലും ആശ കൊടുക്കരുത്..!!?
പ്രത്യേകിച്ച് ഇത്തരം കാര്യങ്ങളിൽ...

ആശംസകൾ...

മുകിൽ said...

അവൾ അടുപ്പു ഒന്നു കൂടി ഊതിക്കത്തിച്ചു..

പുരുഷ-സ്ത്രീജന്മങ്ങള്‍ നന്നായി കണ്ണാടി നോക്കുകയാണു ഈ കഥയില്‍. ഇതാണാവശ്യം. ഇതാണു കഥ.
ചില സൂക്ഷ്മനിരീക്ഷണങ്ങള്‍ എന്നെ വളരെ സന്തോഷിപ്പിക്കുന്നു. അഭിനന്ദനങ്ങള്‍‍ എച്മുക്കുട്ടി.

ഒരു യാത്രികന്‍ said...

പതിവുപോലെ എച്ചുമുവിന്റെ കടക്കവും രചനാ മികവും വെളിവാക്കുന്ന സൃഷ്ടി.....സസ്നേഹം

റോസാപ്പൂക്കള്‍ said...

കഥ ഇഷ്ടപ്പെട്ടു.എന്നാലും കഥാവസാനം വായിച്ചു കഴിഞ്ഞപ്പോള്‍ എച്ചുമു എന്റെ എച്ചുമു ആയില്ല എന്നൊരു തോന്നല്‍

ശിഖണ്ഡി said...

കഥ ഇഷ്ടായി.... അവസാനം വരെ ഒരു സസ്പെന്‍സ് നിലനിര്‍ത്തി. കഥയുടെ ഒഴുക്കില്‍ വന്ന മാറ്റവും ഗംഭീരം...

രാജീവ്‌ .എ . കുറുപ്പ് said...

ക്ലൈമാക്സ് അതി ഗംഭീരം, കഥാപാത്രം വെറും കണ്ണീര്‍ പൊഴിച്ച് വിധിയെ പഴിക്കുന്നില്ല, പകരം തന്റേടം കൈമുതലാക്കി മുന്നേറാന്‍ നോക്കുന്നു, അത് കലക്കി,

കര്‍മൂസ് (ഇത് എന്തൂട്ടാ ഈ സാധനം)

(കുറുപ്പിന്റെ കണക്കു പുസ്തക)

രമേശ്‌ അരൂര്‍ said...

ഒരേ വിഷയത്തില്‍ ആണും പെണ്ണും എങ്ങിനെ ചിന്തിക്കുന്നു എന്ന് കാട്ടിത്തരുന്നതായി ഈ കഥ ,,പക്ഷെ
ഇങ്ങനെ തന്നെയാവുമോ എല്ലാവരും ??...ആഹ്..:)

ബഷീർ said...

ആരുമില്ലാത്തവര്‍ക്ക് ഇങ്ങിനെയും തുണകള്‍ തേടിയെത്തുന്നു അല്ലേ.

all the best
.
അവസാനം പൂര്ണ്ണമായില്ലേ എന്നും തോന്നി. വെറും തോന്നലാവാം.

Valsan Anchampeedika said...

എന്റെ ലിങ്കിൽ കണ്ടപ്പോൾ വഴിതെറ്റി എത്തിയതാണ്. വായിച്ചു. വാക്കുകൾ പൊന്നുപോലെ ഉപയോഗിക്കുക.കാരണം അവ വിലയേറിയതാണ്. കുറെക്കൂടി മുറുക്കം മിഴിവ് നൽകാനുതകും.Good.Keep it!-
http://valsananchampeedika.blogspot.com

കൊമ്പന്‍ said...

എച്മു പറയാന്‍ കൊമ്പന് യോഗ്യത ഉണ്ടോന്നു അറിയില്ല
അവിവേകമെങ്കില്‍ പൊറുക്കുക
എച്ച് മുവിന്റെ ബ്ലോഗില്‍ വരുമ്പോള്‍ നല്ല വിഭവം കഴിച്ചു വയര്‍ നിറഞ്ഞൊരു ഏമ്പക്കവും ഇട്ടാ പോകാറു
പക്ഷെ ഈ പോസ്റ്റില്‍ എയുതി പകുതി ആയ തേ ഒള്ളൂ എന്ന് തോന്നുന്നു
ഒരു ക്ലൈമാക്സ് ഉണ്ടായില്ല അവതരപ്പിച്ച രീതി പ്രമേയം എല്ലാം മനോഹരം പക്ഷെ അവസാനമില്ലാണ്ടായി

പുത്തൂരാന്‍ said...

ലളിതം .... മനോഹരം....
ആശംസകള്‍...

khaadu.. said...

വ്യത്യസ്ത രീതിയില്‍ സഞ്ചരിക്കുന്ന മനുഷ്യ മനസ്സുകള്‍.. അത് വളരെ സൂഷ്മതയോടും വ്യക്തതയോടും കൂടി എഴുതി... കഥയേക്കാള്‍ ഇഷ്ടമായത് ഈ എഴുത്ത് തന്നെയാണ്...

ആശംസകളോടെ...

M. Ashraf said...

മനോഹരമായ രചന. കഥാഗതി അങ്ങനെ തന്നെയാവുമോ എന്നൊന്നും ചിന്തിക്കുന്നില്ല.

അവതാരിക said...

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞ പോലെ കഥാവസാനമില്ലാത്ത തോന്നല്‍ ഉണ്ടായി.

ഇതിന്‍റെ ബാക്കി കൂടി എഴുതണേ ..ഇല്ലെങ്ങില്‍ നല്ല ഇടി മേടിക്കും ..

അവതാരിക said...

"അയാളും അവളും"

എന്ന ടൈറ്റില്‍ കൊള്ളാം ..എന്നാലും എന്നെങ്കിലും ഇത് ഏതേലും ആഴ്ചപ്പതിപ്പില്‍ വരുമ്പോള്‍ പുതിയ ടൈറ്റില്‍ കണ്ടു പിടിക്കണേ

Typist | എഴുത്തുകാരി said...

അവൾ മനോരാജ്യം കാണട്ടെ, പാവം.

പട്ടേപ്പാടം റാംജി said...

എച്ചുമുവിന്റെ രചനകളില്‍ ഞാന്‍ വായിച്ചതില്‍ ലളിതമായ അവതരണം. വളരെ ഇഷ്ടായി എന്ന് പറയേണ്ടല്ലോ. രണ്ടുപേരുടെയും മനസ്സ്‌ ഭംഗിയാക്കി. നാളെ എന്താവും എന്ന് പറയാന്‍ കഴിയില്ലല്ലോ. ഇന്ന് വളരെ കൃത്യമായിരിക്കുന്നു. നീളുമ്പോള്‍ ഒരുപക്ഷെ അവസാനം എത്ത്തിനില്‍ക്കുന്നിടത്ത് നിന്ന് മാറ്റം സംഭവിച്ചേക്കാം. ഇന്ന് എല്ലാം അങ്ങിനെയാണ്. ഇന്ന് വരെ നല്ലത് പോലെ നടന്നാലും നാളെ നാളത്തെ രീതി അനുസരിച്ച് മാറ്റങ്ങള്‍ വന്നേക്കും. ഇന്ന് നാം കാണുന്ന പല കേസുകളും അങ്ങിനെയാണ്. ഇന്നലെ നീതിക്ക്‌ വേണ്ടി തെരുവിലിറങ്ങി ബഹളം വെച്ച ഒരു സംഭവത്തെ നാളെ അതിനെ എങ്ങിനെ തുടര്‍ന്നുള്ള ജീവിതത്തിനു പ്രയോജനപ്പെടുത്താം എന്ന ചിന്തയോടെ അതിന്റെ നീതി നഷ്ടപ്പെടുന്നു.
ഇവിടെയും അയാളുടെ മനസ്സ്‌ അവസാനം എത്ത്തിത്തുടങ്ങുന്നതോടെ അല്പം വ്യതിയാനം സംഭവിക്കുന്നത് സൂചിപ്പിച്ചത്‌ കൂടുതല്‍ ഇഷ്ടപ്പെട്ടു.

ജന്മസുകൃതം said...

എല്ലാം പതുക്കെ മതി. ആദ്യം താലി കഴുത്തിൽ വീഴട്ടെ. ഇനി ചെയ്യുന്നതെല്ല്ലാം ആ വഴി മാത്രം ലക്ഷ്യം വച്ചായിരിയ്ക്കണം.
നന്നായി പറഞ്ഞു..
അഭിനന്ദനങ്ങള്‍‍

ramanika said...

ഗംഭീരം!

Anil cheleri kumaran said...

അവളും ഉഷാർ തന്നെ അല്ലേ.

അലി said...

എത്ര മനോഹരമായി എഴുതിയിരിക്കുന്നു!
ആശംസകൾ!

Echmukutty said...

ആദ്യം പറന്നു വന്നല്ലോ വെള്ളരിപ്രാവ്. സന്തോഷം.
പ്രഭൻ കൃഷ്ണൻ അഭിനന്ദിച്ചതിൽ സന്തോഷം.വിവിധ കാരണങ്ങളാൽ പരസ്പരം പറ്റിയ്ക്കുന്ന സ്ത്രീ പുരുഷ മാനസങ്ങളെ ചിത്രീകരിയ്ക്കാൻ ശ്രമിച്ചതാണ്.
എന്റെ ലോകത്തിന്റെ വരവിന് നന്ദി.
ശ്രീ വന്നതിലും ആഹ്ലാദം.
ചിലപ്പോൾ വിചാരിയ്ക്കുന്നതു പോലെ ഭംഗിയാകുന്നില്ല ശിവാനന്ദ്, എങ്കിലും ഇനിയും ശ്രമിയ്ക്കാം. വന്നതിൽ വലിയ സന്തോഷം.

ChethuVasu said...

"അപ്പോൾ മേൽച്ചുണ്ടിനു മീതെ വിയർപ്പു പൊടിഞ്ഞു"


'ചൂടുള്ള കഞ്ഞി കുടിച്ചു കഴിയുമ്പോള്‍ മേല്‍ച്ചുണ്ടിനു മേല്‍ വിയര്‍പ്പു പൊടിയുന്നു" എന്ന് പറഞ്ഞ ഒറ്റക്കാരണം കൊണ്ട് മാത്രം ഈ എഴുതിയ ആള്‍ക്ക് നൂറു മാര്‍ക്ക് കൊടുക്കുന്നു .. കാരണം വെറും നിരീക്ഷണവും അനുഭവവും അതിന്റെ ചിത്രീകരണവും അല്ലല്ലോ എഴുത്ത് ...ജീവുനുള്ള ശരീരത്തെ , അതിന്റെ മാനസിക രാസ സങ്കലങ്ങളുടെ ബാഹ്യ സംവേദനത്തെ തിരിച്ചറിയാന്‍ ചുരുക്കം ചില സൂചകങ്ങളെ ലഭ്യമാകൂ എന്നിരിക്കില്‍ .. അത് വേര്‍തിരിച്ചെടുത്തു സര്‍ഗ്ഗാത്മകമായി അവതരിപ്പിക്കുമ്പോള്‍ ആണ് അത്മാവുള്ള എഴുത്തുകള്‍ ഉണ്ടാകുന്നത്.. എല്ലാവര്ക്കും കഴിയുന്ന ഒന്നല്ല സൂക്ഷ്മ സംവേദന പരത ! ഭാവുകങ്ങള്‍ !

Echmukutty said...

ഇരുമ്പുലക്കയെന്ന് പറഞ്ഞ് പേടിപ്പിയ്ക്കല്ലേ മനു, ചില കഥകളിൽ വല്ലാതെ പ്രതിഭാ ദാരിദ്ര്യം വന്നു പോകുന്നു അല്ലേ? കൂടുതൽ നന്നായി എഴുതാൻ ശ്രമിയ്ക്കാം. ക്ഷമിയ്ക്കുകയും ഇനിയും വന്ന് വായിയ്ക്കുകയും ചെയ്യുമല്ലോ
സീത വന്നതിൽ സന്തോഷം.
കുസുമത്തിന്റെ അഭിനന്ദനത്തിൽ ആഹ്ലാദം.

ChethuVasu said...

ഒരേ സ്പേസ് ആന്‍ഡ്‌ ടൈം ഷെയര്‍ ചെയ്യുന്ന രണ്ടു മനസ്സുകള്‍ അമൂര്തങ്ങള്‍ ആയി ഒരെ സ്പേസില്‍ നിറഞ്ഞു നില്‍ക്കിലും പരസ്പരം mutually exclusive ആകുന്നു എന്ന underlying മിസ്റ്റിക് എലെമെന്റ് ഇഷ്ടമായി ..!

പ്രയാണ്‍ said...

മനോഹരം എന്നൊന്നും പറയുന്നില്ല. കാരണം എച്മൂന്‍റെ മനോഹരം ഇതല്ലാന്ന്ള്ളതുകൊണ്ട്തന്നെ....... എന്നാലും ഈക്കഥ ഇങ്ങിനെയല്ലാതെ വയ്യ...:)

Pradeep Kumar said...

ഭംഗിവാക്കല്ല.,എനിക്കിഷ്ടപ്പെട്ടു.നല്ല വായനാനുഭവം തന്ന എഴുത്ത്...

അതീവ സങ്കീര്‍മായ മനുഷ്യ മനസുകളുടെ സൂക്ഷ്മഭാവങ്ങള്‍ പോലും തിരിച്ചറിയുക എന്നതും,ലിംഗഭേദമനുസരിച്ച് അതില്‍ ഉളവാകുന്ന വൈജാത്യങ്ങള്‍ മനസിലാക്കിയെടുക്കുക എന്നതും, അത് എഴുത്തിലേക്ക് പ്രതിഫലിപ്പിക്കുക എന്നതും, ഫലപ്രദമായി സംവേദനം ചെയ്യുക എന്നതും., വലിയ വെല്ലുവിളിയാണ്. ലളിതമായ ഭാഷയില്‍,വിദഗ്ദമായി കൊരുത്ത പദാവലികളുടെ സൗമ്യതയാര്‍ന്ന പ്രവാഹധാരയിലൂടെ കല അതു സാധിച്ചെടുത്തിരിക്കുന്നു...

അഭിനന്ദനങ്ങള്‍...

കൊച്ചു കൊച്ചീച്ചി said...

ഹ,ഹ!! സംഗതി ഗൌരവമുള്ള വിഷയമാണെങ്കിലും ഞാനൊന്നു ചിരിച്ചുപോയി. ക്ഷമിക്കുക.

വേലക്കാരിയുടെ മനക്കണക്കും ഗംഭീരം, വേലക്കാരിയുടെ കൂടെക്കിടന്ന് ഇരുപതുകാരിയെ സ്വപ്നംകാണുന്ന ഗുമസ്തന്റെ മനക്കണക്കും ഗംഭീരം.

എല്ലാം അതിജീവനത്തിന്റെ പ്രകൃതിനിയമങ്ങളില്‍പ്പെട്ടതുതന്നെ.

രചനയില്‍ യാതൊരു കുറവും എനിക്കനുഭവപ്പെട്ടില്ല. ഉജ്ജ്വലം എന്നുതന്നെയാണ് തോന്നിയത്.

Echmukutty said...

എനിയ്ക്ക് ഈ കഥ ഇങ്ങനെയേ അവസാനിപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ ഇസ്മയിൽ.വന്നതിൽ വലിയ സന്തോഷം.
കേരള ദാസനുണ്ണിയ്ക്ക് നന്ദി.
മുഹമ്മദിനും നന്ദി.ഇനിയും വരുമല്ലോ.
സപ്ന വന്നതിൽ സന്തോഷം.എല്ലാം കഥയല്ല എന്നറിഞ്ഞതിലും സന്തോഷം.
പരസ്പരം പറ്റിയ്ക്കുമ്പോൾ എല്ലാവരും ആശയാണ് കൊടുക്കുന്നത് വി കെ. വന്നതിൽ വലിയ സന്തോഷം.
അതെ, മുകിൽ. ഈ കണ്ണാടി നോക്കുമ്പോൾ ഇഷ്ടമില്ലാത്തത് പലതും കണ്ടെന്നിരിയ്ക്കും അല്ലേ? അഭിപ്രായത്തിന് നന്ദി കേട്ടോ.

നാമൂസ് said...

മനുഷ്യ മനസ്സ് ഏറെ സങ്കീര്‍ണ്ണമാണ്. അതിന്റെ ആഗ്രഹങ്ങളെ ബന്ധങ്ങളെ ഒരു പ്രത്യേക കളത്തിലേക്ക് ഒതുക്കി, ശേഷം അതിനൊരു പേരുംചൊല്ലി പ്രയാസപ്പെടാതിരിക്കുക എന്നതാണ് ഏറ്റം സുന്ദരം.
ഇവിടെ, വിവേചിക്കാനാവാത്ത ആ മാനസിക ഭാവങ്ങളെ കൃത്യമായും അടയാളപ്പെടുത്താന്‍ എച്ചുമുവിന്റെ ഈ എഴുത്തിനു സാധിച്ചിട്ടുണ്ടെന്നാണ് എന്റെ അഭിപ്രായം. അങ്ങനെ രണ്ടു മനസ്സുകളെ ഒട്ടും ഏച്ചുകെട്ടലുകളില്ലാതെ പറഞ്ഞുവെക്കാന്‍ സാധിച്ച ഈ നല്ലയെഴുത്തിനു ഭാവുകങ്ങള്‍..!!!

പഥികൻ said...

കഥയെക്കാൾ മനസ്സിന്റെ ഒരു ഫോട്ടോസ്റ്റാറ്റ് എന്നു പറയുന്നതാവും കൂടുതൽ ശരി..അതിമനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു..എച്മു ടച്ച് ഇല്ലെന്ന് ഞാൻ പറയില്ല....എന്നലും ഒരു കഥയുടെ പൂർണ്ണതയില്ല...

Echmukutty said...

യാത്രികനു നന്ദി.
ആ തോന്നലിലാണെങ്കിലും റോസാപ്പൂവ് വന്ന് വായിച്ചല്ലോ, പിന്നെ എന്റെ എച്ച്മു എന്നെഴുതിയിരിയ്ക്കുന്നു! അതിന് നന്ദി പറയാൻ വാക്കുകളില്ല.
ശിഖണ്ഡിയുടെ അഭിനന്ദനത്തിൽ സന്തോഷം.
രാജീവിന്റെ അഭിനന്ദനത്തിന് നന്ദി.കർമ്മൂസ് എന്നാൽ പപ്പായയാണ് രാജീവ്. ഇനിയും വന്ന് വായിയ്ക്കുമല്ലോ.
രമേശ് എന്തു പറയുമെന്ന് ഉൽക്കണ്ഠയുണ്ടായിരുന്നു. ഈ കഥയിലെ മനുഷ്യർ ഇവിടെ മാത്രമല്ലേ? എല്ലാവരും ഇങ്ങനെയാവുകയില്ലല്ലോ. വന്നതിൽ വലിയ സന്തോഷം.

Mohiyudheen MP said...

വായിച്ചു, മാനുഷിക ബന്ധങ്ങളേയും കെട്ട്‌ പാടുകളേയും തന്‍മയത്തത്തോടെ അവതരിപ്പിച്ചു, വായനക്ക്‌ തുടക്കമിട്ട്‌ കഴിഞ്ഞപ്പോള്‍ മുതല്‍ അടുത്ത വരികളിലെ മാസ്മരികത എന്താണെന്ന് കൌതുകമുണ്‌ടാക്കുന്ന എഴുത്ത്‌.. സ്ത്രീ പുരുഷ ബന്ധത്തിന്‌റെ ഉള്ളറകളിലേക്ക്‌ ഇറങ്ങിച്ചെല്ലാന്‍ വായനക്കാരന്‌ പ്രേരിപ്പിക്കുന്നുണ്‌ട്‌, അത്‌ പ്രശംസനീയം തന്നെ.. എടുത്ത്‌ പറയാവുന്ന വിമര്‍ശനം എന്തെന്ന് വെച്ചാല്‍ അവസാന ഭാഗം ഒന്ന് കൂടെ നന്നാക്കി കഥക്ക്‌ പൂറ്‍ണ്ണാര്‍ത്ഥം നല്‍കാമായിരുന്നു എന്നൊരു തോന്നല്‍.... അതായത്‌ ആശയങ്ങള്‍ തമ്മില്‍ ഏറ്റു മുട്ടുന്നുണ്‌ടോ എന്നൊരു സംശയം.. എന്തായാലും എഴുത്ത്‌ ആസ്വദിച്ചു. വ്യത്യസ്ഥത അനുഭവപ്പെട്ടു,,, ഇനിയും മികച്ച രീതിയില്‍ എഴുതുക...

ശ്രീനാഥന്‍ said...

അയാളും അവളും തമ്മിലുള്ള ചിന്തകളിലെ വ്യത്യാസം കഥ നന്നായി പറയുന്നുണ്ട്. ഒന്ന് മറ്റു വീട്ടിലെ പൂച്ചെടി തിന്നാൻ ഉത്സാഹിക്കുന്ന കൊറ്റനാടാണെങ്കിൽ (വൈലോപ്പിള്ളി) സുരക്ഷിതത്വം എന്തിലുമേറെ കൊതിക്കുന്ന നാടൻപെണ്ണ്‌ അപ്പുറത്ത്. സൌന്ദര്യം,ശ്രീ,( കുലീനത) ഒക്കെ ഒരു കാൽ‌പ്പനികസംഭവമല്ല, നല്ല ഭക്ഷണത്തിന്റെ ഉൽ‌പ്പന്നമാണെന്ന ആ ധ്വനി വളരെ ഇഷ്ടമായി. അല്ലെങ്കിലും കാലു തറയിലാണെന്നതാണല്ലോ എച്ചുമുക്കുട്ടിയുടെ ഒരു ഗുണം.

Lipi Ranju said...

ഇഷ്ടായി എച്മു, നാളെ അയാളുടെ മനസിലെ ഇരുപതുകാരിയെ
കുറിച്ച് ആ പാവം പെണ്ണ് അറിയുമായിരിക്കും, അവള്‍ വീണ്ടും അനാഥയാവുമായിരിക്കും... അങ്ങനെ ഒന്നും സംഭവിക്കാതെയും ഇരിക്കാല്ലോ... അവള്‍ കൊടുക്കുന്ന സ്നേഹം അയാളുടെ മനസിനെ
മാറ്റിയെക്കാമല്ലോ... ആ ഒരു പ്രതീക്ഷ കഥാവസാനം ഇല്ലാതാക്കുമോ എന്ന് സംശയിച്ചിരുന്നു...

പൊട്ടന്‍ said...

ആണുങ്ങള്‍ ശരീരത്തിന് വേണ്ടി സ്നേഹം നല്‍കുന്നു.

സ്ത്രീകള്‍ സ്നേഹത്തിനു വേണ്ടി ശരീരവും.

ഇവിടെ രണ്ടു കഥാപാത്രങ്ങളും തങ്ങളുടെ ചുറ്റുപാടില്‍ സ്വാര്‍ത്ഥമായി ചിന്തിക്കുകയാണെന്ന് തോന്നാമെങ്കിലും അത് യഥാര്‍ത്ഥത്തില്‍ അവരുടെ നിസ്സഹായത അല്ലെ?
A good piece of aesthetic creation without compromising social norms.
Congrats!!!

പൊട്ടന്‍ said...

ക്ഷമിക്കുക, അഭിപ്രായങ്ങള്‍ വായിച്ചപ്പോള്‍ പറയാന്‍ തോന്നിയതാണ്.
മലയാളത്തിലെ എക്കാലവും മികച്ച കഥയായ ഗൌരി വായിക്കുമ്പോള്‍ പോലും ഈ അപൂര്‍ണ്ണത തോന്നാം. ഒന്നും പൂര്‍ണ്ണമല്ല. ആ തോന്നല്‍ ഉളവാക്കാനെ ആകൂ. എന്റെ അഭിപ്രായം ഒരു നല്ല സ്ഥലത്ത് തന്നെ കഥ നിര്‍ത്തി എന്നാണ്.

Echmukutty said...

ബഷീറിന്റെ അഭിപ്രായത്തിന് നന്ദി. ഇനിയും വരുമല്ലോ.
വത്സനു സ്വാഗതം. നിർദ്ദേശങ്ങൾ സ്വീകരിയ്ക്കുന്നു. ഇനിയും വരികയും വായിയ്ക്കുകയും ചെയ്യുക.
കൊമ്പന്റെ അഭിപ്രായം വായിച്ചു. മറ്റൊരു രീതിയിൽ കഥ അവസാനിപ്പിയ്ക്കാൻ കഴിഞ്ഞില്ല. കാരണം രണ്ട് കഥാപാത്രങ്ങളുടെയും മനസ്സിൽ കഥ തുടർന്നു പോവുകയാണല്ലോ.
അനീഷിന്റെ അഭിനന്ദനത്തിന് നന്ദി.
ഖാദുവിനും നന്ദി. ഇനിയും വരിക
അഷ്രഫിന് നന്ദി.
അമ്മച്ചീ.....അവതാരിക ഇടിയ്ക്കും...യ്യോ.. എഴുതി നോക്കാം ബാക്കി കൂടി അല്ലേ? കഥ അവസാനിച്ചില്ല എന്ന് കേൾക്കുമ്പോൾ......

Echmukutty said...

പുതിയ തലക്കെട്ട് കണ്ടു പിടിയ്ക്കാൻ ശ്രമിയ്ക്കാം അവതാരിക.
രാംജി വായിച്ചതിൽ സന്തോഷം.
ലീല ടീച്ചർക്ക് നന്ദി.
രമണിക വായിച്ചതിലും സന്തോഷം.
അവളുടെ ലക്ഷ്യം അവൾക്ക് വ്യക്തമാണ്. അതു നേടാൻ അവൾ ഉഷാറായി ശ്രമിയ്ക്കുന്നു.കുമാരൻ പറഞ്ഞത് ശരി തന്നെ.
അലി അഭിനന്ദിച്ചതിൽ സന്തോഷം.
ചെത്തു വാസു ആദ്യമാണല്ലേ വരുന്നത്. വന്നതിലും അഭിനന്ദിച്ചതിലും സന്തോഷമുണ്ട്. ഇനിയും വരുമല്ലോ.ആ മിസ്റ്റിക് എലമെന്റ് എടുത്തു കാണിച്ചതിലും നന്ദിയുണ്ട്.
പ്രയാൺ വായിച്ചല്ലോ. നന്ദി.

Bijith :|: ബിജിത്‌ said...

വായിച്ചു കഴിഞ്ഞിട്ടും അവനും അവളും മനസ്സില്‍ നിന്നും ഇറങ്ങി പോകുന്നില്ല. അതില്‍ കൂടുതല്‍ എന്താ വേണ്ടത് എഴുത്തുകാരിക്ക് അല്ലെ...

Echmukutty said...

പ്രദീപ് മാഷ് എന്തു പറയുമെന്ന് ഞാൻ ആലോചിച്ചിരുന്നു. ഈ നല്ല വാക്കുകൾക്ക് നന്ദി.
ചിരിപ്പിയ്ക്കാൻ പറ്റിയോ എനിയ്ക്ക് കൊച്ചുകൊച്ചീച്ചിയെ? എങ്കിൽ നന്നായി. എല്ലാം അതിജീവനത്തിന്റെ കണക്കു തന്നെ അല്ലേ? വായിച്ചതിൽ വലിയ സന്തോഷം.
നാമൂസ് വേഗം വന്നല്ലോ.അഭിപ്രായം എഴുതിയത് സന്തോഷമായി.
വേലക്കാരിയായ അവൾ സ്വന്തം ജീവിതം സുരക്ഷിതമാക്കാനാവുമോ എന്നും കൂടി ചിന്തിയ്ക്കുന്ന മിടുക്കിയാണ് ടൈപ്പിസ്റ്റ് ചേച്ചി. പേരു പരാമർശിയ്ക്കാൻ ഇടയിൽ വിട്ടു പോയതാണ്. ക്ഷമിയ്ക്കണം.
പഥികൻ വായിച്ചതിൽ സന്തോഷം. കഥ അപൂർണ്ണമായിപ്പോയി എന്നതിൽ വിഷമമുണ്ട്.

Nisha K S said...

വീക്ഷണ കോണുകള്‍ മാറുമ്പോള്‍ ... സംഭവിക്കുന്ന സ്വാഭാവികമാറ്റത്തെ .. വളരെ വ്യക്തമായും ... ശക്തമായും എഴുതിയിരിക്കുന്നു ..
"അവനും അവളും" ... ചേര്‍ന്ന തലേക്കെട്ട് തന്നെ ...
സ്ത്രീയുടെ ചിന്തയും പുരുഷന്റെ ചിന്തയും ഒരിക്കലും ഒരേ വഴിക്കായിരുന്നില്ല .. അല്ല ഒരേ വഴിക്കല്ല എന്ന പ്രപഞ്ച സത്യം വീണ്ടും വീണ്ടും .. ഒരു എച്മു കഥകളില്‍ പ്രതിഫലിക്കുന്നു ... നല്ല കഥ .. കഥയല്ല ഒരനുഭവം തന്നെയായിരുന്നു ..

Echmukutty said...

മൊഹിയുദ്ദീൻ വായിച്ചുവല്ലോ. നന്ദി. വിമർശനം ശ്രദ്ധിയ്ക്കുന്നു. കൂടുതൽ പരിശ്രമിയ്ക്കാം.
ശ്രീനാഥൻ മാഷ് എഴുതിയത് ശരിയാണ്. ഈ പറയുന്നതെല്ലാം നല്ല ഭക്ഷണത്തിന്റെ വിശ്രമത്തിന്റെ താരതമ്യേനെ സുരക്ഷിതമായ ജീവിത രീതികളുടെ ഉൽ‌പ്പന്നങ്ങൾ തന്നെയാണ്.നല്ല വാക്കിന് ഒത്തിരി നന്ദി.
ലിപി, അവൾ നാളെയല്ല ഇന്നും അനാഥ തന്നെയല്ലേ? അയാളിൽ നിന്ന് ജീവിത സുരക്ഷിതത്വം ഉണ്ടാകണമെന്ന, ഉണ്ടായേക്കാമെന്ന ആശയിൽ അവൾ അവളുടെ ആകെക്കൂടിയുള്ള സ്വത്തായ ശരീരത്തെ വിട്ടുകൊടുക്കുന്നു. അതൊരു തരം ഗാംബ്ലിംഗാണ്. അയാളെ അല്പം പറ്റിച്ചുകൊണ്ടായാലും അവൾക്ക് ജീവിത മാർഗ്ഗമുണ്ടാവുമോ എന്ന് പരീക്ഷിയ്ക്കുന്നു.അവൾ അയാളെ സ്നേഹിയ്ക്കുന്നുവെന്ന് അവളോ അയാളോ വിചാരിയ്ക്കുന്നില്ല. ലിപി വന്നതിൽ വലിയ സന്തോഷം.
ഈ കഥയിൽ സ്നേഹമില്ല പൊട്ടൻ.അവൾക്ക് അയാളോടും അയാൾക്ക് അവളോടും ഇല്ല. അവൾ കല്യാണമെന്ന ജീവിതമാർഗ്ഗത്തിന് വഴി തേടുന്നു. അയാൾ തൽക്കാല ആശയ്ക്ക് കിട്ടിയ പൂർത്തീകരണം നൽകിയ ആത്മവിശ്വാസത്തിൽ വേറൊരു ജീവിതം സ്വപ്നം കാണുന്നു അല്ലേ? ഇരുവരും പരസ്പരം വഞ്ചിതരും വഞ്ചിയ്ക്കുന്നവരുമാണ്. വായിച്ച് നല്ല വാക്കുകൾ എഴുതിയതിന് വളരെ നന്ദി.കഥ നല്ല ഇടത്ത് നിറുത്തി എന്ന് വായിച്ചപ്പോൾ വലിയ സന്തോഷമുണ്ടായി.
ബിജിത് എഴുതിയത് വായിച്ച് ഞാൻ സന്തോഷിയ്ക്കുന്നു, വളരെ. ഇനിയും വന്ന് വായിയ്ക്കുമല്ലോ.

yousufpa said...

ലളിതമായി ഒരു പെണ്ണിന്റെ മനസ്സ് പറഞ്ഞു തന്നു.

ശ്രീനന്ദ said...

എച്മൂ
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചും ക്ലൈമാക്സ് .

Ismail Chemmad said...

വീണ്ടും എച്മു അത്ഭുദപ്പെടുത്തുന്നു.. ആശംസകള്‍..

ശ്രീജിത്ത് said...

ചില സിനിമകളെ കുറിച്ച് പറയണപോലെ, സെക്കന്റ്‌ ഹാഫ് ഗംഭീരം. മാത്രവുമല്ല, കഥ പറഞ്ഞു നിര്‍ത്തിയതും എനിക്ക് ഇഷ്ടപ്പെട്ടു. പറഞ്ഞതത്രയും മനോഹരം. പറയാതെ ബാക്കി വച്ചത് അതിമനോഹരം.

വേണുഗോപാല്‍ said...

ചെറിയ കാര്യങ്ങള്‍ വലിയ രീതിയില്‍ വരച്ചു കാട്ടുന്ന മികവു എച്ചുവിന്റെ ആഖ്യാനത്തിന്റെ പ്രത്യേകതയാണ് .
കഥാന്ത്യം എന്താകും എന്നൊരു ജിജ്ഞാസയോട് കൂടി വായിച്ചു വന്നപ്പോള്‍ സഡന്‍ ബ്രേക്ക്‌ ഇട്ടതോഴിച്ചാല്‍
കഥ നന്നായിരിക്കുന്നു. ഞാന്‍ ഫോളോ ചെയ്യുന്നുണ്ടെങ്കിലും ഈ ബ്ലോഗ്‌ എന്റെ ഡാഷ് ബോര്‍ഡില്‍ വരുന്നില്ല.
ആയതിനാല്‍ എല്ലായ്പോഴും വൈകിയാണ് എത്തുന്നത്‌ .. ആശംസകള്‍

anamika said...

ഓരോ പെണ്ണിന്റെ കാത്തിരിപ്പും പ്രതീക്ഷയും ഒരു ആണിന്റെ വീക്ഷണ കോണിലൂടെ ... ഞാന്‍ ആലോചിച്ചത് 20 വയസ്സുകാരിയെ കുറിച്ചാണ്

nanmandan said...

ലളിതം.. മനോഹരം..ആശംസകളോടെ

മനോജ് കെ.ഭാസ്കര്‍ said...

രണ്ടു വീക്ഷണകോണുകളിലൂടെ കഥ മനോഹരമായി അവതരിപ്പിച്ചു. പക്ഷേ താളം മുറുകി വരവേ ചെണ്ട ഉപേക്ഷിച്ച് ഓടിപ്പോയതെന്തിനാണ്, ഒരു കലാശക്കൊട്ടില്ലാതെ.
ലളിതമായി എഴുതിയതിന് അഭിനന്ദനങ്ങള്‍....

ഹരീഷ് തൊടുപുഴ said...

ഉഗ്രൻ കഥ..!!

ഷബീര്‍ - തിരിച്ചിലാന്‍ said...

മനുഷ്യമനസ്സിനെ ലളിതമായ ഭാഷയില്‍ ഇവിടെ തുറന്നുകാണിച്ചിരിക്കുന്നു. മനോഹരമായ എഴുത്ത്. കഥയുടെ ക്ലൈമാക്സ് വായനക്കാരന് അവനിഷ്ടമുള്ളപോലെ ചിന്തിക്കാന്‍ വിട്ടത് നന്നായി.

Fousia R said...

ഈ കഥ ഇങ്ങനെയേ തീരൂ എന്നു കുറച്ച് വായിച്ചപ്പോഴേ പിടികിട്ടി.
പലരീതികളില്‍ കീഴടക്കുവാന്‍ നടക്കുന്ന ആണും നിവര്‍ന്നു നില്‍ക്കുന്ന പെണ്ണും
ഒര്‍ത്തിരി പരിചയിച്ചതുകൊണ്ടാവാം ഒരു കഥ എന്നെ നിലയില്‍ എനിക്കത്ര നന്നായി തോന്നിയില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

പെൺ മനം മാത്രമല്ല ..
ആണിന്റെ മനവും അതിമനോഹരമായിവരച്ചിട്ടിരിക്കുന്ന എച്ച്മുവിന്റെ ഇക്കഥക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ...!

പ്രത്യേകിച്ച് ആ ലൈംഗികതയുടെ ആശകളും ,ആശയങ്ങളും, ആശങ്കകളും വളരെ തന്മയത്വമായി കൈകാര്യം ചെയ്ത് അവതരിപ്പിച്ചത് അസ്സലായിട്ടുണ്ട്..കേട്ടൊ

ഷാജു അത്താണിക്കല്‍ said...

ആശംസകള്‍

ഭാനു കളരിക്കല്‍ said...

എന്റെ ഒരു സഖാവ് അമ്പതു കഴിഞ്ഞപ്പോള്‍ വീട്ടു വേലക്കാരിയെ വിവാഹം ചെയ്തതും അതോടെ ആശ്രിതരായി കൂടെ നിന്നിരുന്ന അനുജന്മാരും പെങ്ങന്മാരും അദ്ദേഹത്തിനു എതിരായതും ഓര്‍മയില്‍ വന്നു, ഈ കഥ വായിച്ചപ്പോള്‍. ആ കഥ ശുഭ പര്യവസാനി ആയിരുന്നു . പക്ഷെ എച്ചുമു പറയും പോലെയാണ് കൂടുതല്‍ കഥകളും.

Jefu Jailaf said...

സ്വാര്തമായ താല്പ്രയ്ത്ത്ലൂടെയാണ് അവനും അവളും അടുത്തതെങ്കിലും നല്ല രസമുള്ള വായന സമ്മാനിച്ചു അഭിനന്ദനങ്ങള്‍. തുടര്‍ന്നെഴുതുവാന്‍ വേണ്ടി നിറുത്തിയത് പോലെ..

Echmukutty said...

നിഷയുടെ നല്ല വാക്കുകൾക്ക് നന്ദി. ഇനിയും വായിയ്ക്കുമല്ലോ.
പരസ്പരം വഞ്ചിയ്ക്കുന്ന അതേ സമയം സ്വയം വഞ്ചിതരാകുന്ന സ്ത്രീ പുരുഷ മനസ്സുകളെയാണ് ചിത്രീകരിയ്ക്കാൻ ശ്രമിച്ചത് യൂസുഫ്പാ.വായിച്ചതിൽ സന്തോഷം.
ശ്രീനന്ദയ്ക്ക് ഇഷ്ട്പ്പെട്ടുവെന്നറിഞ്ഞ് സന്തോഷിയ്ക്കുന്നു.
ഇസ്മയിലിനും ശ്രീജിത്തിനും നന്ദി.
വേണുഗോപാൽ വായിച്ചതിൽ സന്തോഷം.എന്തുകൊണ്ടാണു ഡാഷ് ബോർഡിൽ കിട്ടാത്തതെന്ന് അറിയില്ല വൈകിയാലും വായിച്ച് അഭിപ്രായം പറയണേ.
അനാമികയ്ക്ക് നന്ദി. ആൺകാഴ്ച മാത്രമല്ല പെൺകാഴ്ചയും അവതരിപ്പിയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്, പക്ഷെ, ഇരുപതുകാരി തീർച്ചയായും വേദനയുളവാക്കുന്ന ഒരു ചിത്രമാണ്.
nanmandan വന്നതിൽ സന്തോഷം.
മനോജിനു നന്ദി. കഥ പെട്ടെന്നവസാനിച്ചുവെന്നെഴുതിയത് മനസ്സിലാക്കുന്നു. കൂടുതൽ ഭംഗിയാക്കി എഴുതുവാൻ പരിശ്രമിയ്ക്കാം.
ഹരീഷിന്റെ അഭിപ്രായത്തിൽ ആഹ്ലാദമുണ്ട്. ഇനിയും വന്ന് വായിയ്ക്കണേ.
ഷബീറിന്റെ നല്ല വാക്കുകൾ കേട്ട് സന്തോഷിയ്ക്കുന്നു.

Echmukutty said...

ഫൌസിയ വന്നതിൽ സന്തോഷം. ഇതിൽ കീഴടക്കലും നിവർന്ന് നിൽക്കലുമില്ല ഫൌസിയ. പല ന്യായങ്ങളും കാരണങ്ങളും കൊണ്ട് പരസ്പരം വഞ്ചിയ്ക്കുകയും വഞ്ചിതരാകുകയും ചെയ്യുന്ന സ്ത്രീ പുരുഷ മാനസങ്ങളെക്കുറിച്ച് എഴുതാൻ ശ്രമിച്ചതാണ്. ഇനിയും വന്ന് വായിയ്ക്കുമല്ലോ.
മുരളിഭായ് അഭിനന്ദിച്ചതിൽ ഒത്തിരി ഒത്തിരി സന്തോഷമുണ്ട്.
ഷാജുവിന് നന്ദി.
ഭാനു വന്നില്ലല്ലോ എന്ന് വിചാരിയ്ക്കുകയായിരുന്നു.
ജെഫുവിന്റെ നല്ല വാക്കുകൾക്ക് നന്ദി.

प्रिन्स|പ്രിന്‍സ് said...

കഥാഗതിക്ക് അവിചാരിതമായി ഉണ്ടാകുന്ന മാറ്റങ്ങൾ വയനയ്ക്ക് നല്ല ഒഴുക്ക് നൽകുന്നുണ്ട്. പലപ്പോഴും കെട്ടുകഥകളേക്കാൾ വിചിത്രവും അവിചാരിതമായ ഗതിവിഗതികളുണ്ടാകുന്നതുമാണ് ജീവിതം...

Yasmin NK said...

എചുമുവിന്റെ എഴുത്തിന്റെ ശക്തിയെ അഭിനന്ദിക്കുന്നു. എഴുത്തില്‍ പെണ്ണെഴുത്ത്,ആണെഴുത്ത് എന്നീ വേര്‍തിരിവുകളില്ലാ എന്നത് അടിവരയിടുന്നു എചുമുവിന്റെ ശൈലി.

വര്‍ഷിണി* വിനോദിനി said...

ഒരു നിഷ്കളങ്ക രീതി...മനസ്സ് ശുദ്ധമാണേല്‍
ഇങ്ങനെയാണ്‍...മറയില്ലാതെ സംസാരിയ്ക്കാനാകും...ആശംസകള്‍..!

പൈമ said...

കഥ ഒന്നാംതരം തന്നെ
കഥയെക്കാള്‍ എനിക്ക് നന്നായി തോന്നിയത് അവതരണം ആണ് ..വാക്കുകള്‍ എല്ലാംലാളിത്യത്തോടെ ചേര്‍ന്ന് ഒരു കഥ .നമ്മുടെ നേര്‍ കാഴ്ചകള്‍ ചിലയിടത്ത് കാണാന്‍ പറ്റി .എങ്കിലും അവസാനംത്തിന്റെ തൊട്ടു മുന്‍പ് കഥ എവിടെയോ തിരിഞ്ഞു കറങ്ങി.കഥാകാരി അവിടെ പരാജയപ്പെട്ടു .എന്നാല്‍ അവസാനം ..അങ്ങനെ തന്നെ വേണമെന്നും തോന്നി .
പൈമ ...

പൈമ said...

ആണിന്റെയും പെണ്ണിന്റെയും ചിന്തകളെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് ...ഭാവുകങ്ങള്‍
നാളത്തെ കേരളത്തിലെ "പരിസ്ഥിതി മാലിന്യം " ഇപ്പോഴും ഓര്‍മയില്‍ ഉണ്ട്

Anurag said...

ഭംഗിയായി അവതരിപ്പിച്ചു

സ്മിത മീനാക്ഷി said...

നല്ല കഥ എച്മു... പുരുഷന്‍ എന്നും പുരുഷന്‍ തന്നെ.. ഏതു പ്രായത്തിലും.. എത്ര കാലമെടുത്താലും പര്‍സ്പരം മനസ്സിലാകാത്ത ആണിനെയും പെണ്ണിനെയും ഒന്നിച്ചു ചേര്‍ത്ത് വംശം നിലനിര്‍ത്തുന്ന സൃഷ്ടാവിന്റെ ഒരു കഴിവ്...

SHANAVAS said...

വിഷമിക്കുന മനുഷ്യരുടെ മനോവ്യാപാരം ഇത്ര ഭംഗിയായി അവതരിപ്പിക്കുന്ന പ്രിയ കഥാകാരിക്ക് നമോവാകം..സുന്ദരം ..അതിസുന്ദരം..ഈ കഥ..

V P Gangadharan, Sydney said...

അണഞ്ഞ വിളക്കിന്റെ ഇരുണ്ട നിഴലുകളില്‍ മാംസങ്ങള്‍ കൂട്ടിയുരച്ച്‌, കണ്ണുകള്‍ കൂട്ടിയടച്ച്‌, തീര്‍ക്കാറുള്ള സ്ത്രീപുരുഷ രതിമോഹം വെറും സഹജപ്രകൃതം എന്ന്‌ കീഴ്‌വര ഇട്ടുകൊണ്ട്‌ ഇവിടെ സമാഹരിക്കപ്പെട്ടു കാണുവാന്‍ തുടക്കം മുതല്‍ അവസാനം വരെ വിര്‍പ്പടക്കിനിന്നു, ഞാന്‍.

രചനയില്‍ തന്മയീഭാവം ഒട്ടും വിടാതെ തന്നെ അനുയോജ്യമായ നീസര്‍ഗ്ഗസ്വഭാവങ്ങളും സാഹചര്യങ്ങളും സൃഷ്ടിച്ചുവെങ്കിലും ഒടുക്കം എന്റെ മനക്കണക്ക്‌ കഥാകാരി ഇങ്ങിനെ തെറ്റിച്ചു കളഞ്ഞു: "ഒക്കെ ആദ്യമായിട്ടാണെങ്കിലും ഒന്നും മിണ്ടാതെ കിടന്നതും സുഖമായെന്ന് ധ്വനിപ്പിച്ചതും അതിനാണ്. അല്ലാതെ സുഖം കൊതിച്ചിട്ടോ അത് വാരിക്കോരി തന്നതുകൊണ്ടോ അല്ല. മീശക്കാരന്‍ വലിയ മിടുക്കനാണെന്ന് തന്നെ വിചാരിച്ചോട്ടെ.. ."

ജീവിതമാര്‍ഗ്ഗം തേടിയുള്ള പുറപ്പാടില്‍ കണ്ടെത്തപ്പെട്ട നീണ്ട വഴിയില്‍ എവിടെയോ സൗകര്യപൂര്‍വ്വം വിരിച്ചിടാന്‍ കിട്ടിയ പായത്തെല്ലില്‍ ഒടുക്കം ജീവിതത്തെ പെറുക്കിക്കൂട്ടിയ തന്റേടിപ്പെണ്ണിന്റെ പക്ഷം പിടിച്ച്‌ കഥാകാരി നില്‍പുറപ്പിച്ചുകളഞ്ഞു എന്ന് തോന്നാതില്ല.

ഏതായാലും കഥ നന്നായി പറഞ്ഞു.

the man to walk with said...

ലളിതം മനോഹരം
ആശംസകള്‍

മൻസൂർ അബ്ദു ചെറുവാടി said...

നല്ല വായന.
കഥ പറഞ്ഞ ഭാഷയും അവതരണവും ഭംഗിയായി.
അഭിനന്ദനങ്ങള്‍

ചാണ്ടിച്ചൻ said...

വീണ്ടും നല്ല ഒരു കഥ...
ഒരു സാഹചര്യത്തില്‍ രണ്ടു വ്യക്തികള്‍ ചിന്തിക്കുന്നതെങ്ങനെ എന്ന് നന്നായി വരച്ചു കാട്ടി....
ചിന്തകള്‍ വ്യത്യസ്ഥമാണെങ്കിലും, ആത്യന്തികമായി ഉദ്ദേശം ഒന്ന് തന്നെ....സ്വാര്‍ഥത...
ആണിന് തന്റെ സുഖമാണ് നോട്ടമെങ്കില്‍, പെണ്ണിന് തന്റെ സുരക്ഷയാണെന്നു മാത്രം....

Kalavallabhan said...

നല്ല കഥ
ലളിതമായ അവതരണം

Anonymous said...

live music in Malayalam
visit :http://www.themusicplus.com

like link exchnge with themusicplus cont: admin@themusicplus.com

ധനലക്ഷ്മി പി. വി. said...

എച്മു ,എനിക്കൊരുപാടിഷ്ടമായി ഈ കഥ..ആണിന്റെയും പെണ്ണിന്റെയും മനസ്സുകള്‍ എത്ര സൂക്ഷ്മമായിട്ടാണ് എച്മു കാണുന്നത്..

Echmukutty said...

പ്രിൻസ്// കൊച്ചനിയൻ വന്നതിൽ സന്തോഷം. ഇനിയും വരുമല്ലോ.
മുല്ലയ്ക്കും വർഷിണിയ്ക്കും നല്ല വാക്കുകൾക്ക് പ്രത്യേകം നന്ദി.
പ്രദീപ്,
അനുരാഗ്,
സ്മിത,
ഷാനവാസ്ജി,
ഗംഗാധരൻ ജി,
ദ് മാൻ റ്റു വാക് വിത്,
ചെറുവാടി,
ചാണ്ടിച്ചൻ,
കലാവല്ലഭൻ,
അനോണിമസ്,
ധനലക്ഷ്മി പി വി എല്ലാവരുടേയും വരവിനും നല്ല വാക്കുകൾക്കും നന്ദി. നമസ്ക്കാരം.

jayanEvoor said...

ലളിതമധുരമായ ആഖ്യാനം.
എങ്കിലും കഥാന്ത്യം അല്പം കൂടി പുതുമയുള്ളതാക്കാമായിരുന്നു എന്നു തോന്നി.

Sabu Hariharan said...

പല കഥകളിലും ചിന്തകൾ ആവർത്തിക്കുന്നോ എന്നു സംശയം.
ശ്രദ്ധിക്കുമല്ലോ.

MINI.M.B said...

സാധാരണ ആശയം, നന്നായി അവതരിപ്പിച്ചു.

smitha adharsh said...

കഥ നന്നായീട്ടോ.. ഭാഷ പതിവ് പോലെ നന്നായി..എന്നാലും,പെണ്ണുങ്ങളിലും മിടുക്കികള്‍ ഉണ്ട് ല്ലേ? ഇനിയും നല്ല കഥകള്‍ എഴുതൂ..

Sukanya said...

പുരുഷന്റെയും സ്ത്രീയുടെയും വിചാരങ്ങള്‍ അങ്ങനെ രണ്ടു വഴിക്ക് നീങ്ങുന്നത് കഥയില്‍ നന്നായി കണ്ടു.

Akbar said...

കഥ വായിച്ചു. സാധാരണപോലെ ലളിതമായ നല്ല ആഖ്യാനം. പുരുഷന്റെ മനസ്സ് പകര്‍ത്തിയത് നന്നായി. സംഭവിക്കാം.

എന്നാല്‍ സ്ത്രീ അയാള്‍ക്ക്‌ എതിര്‍പ്പുകളില്ലാതെ വഴങ്ങി കൊടുക്കുന്നത് "ഇങ്ങിനെ വഴങ്ങിക്കൊടുത്താല്‍ അയാള്‍ തന്നെ വിവാഹം കഴിക്കും" എന്നു കരുതിയാണെന്ന് പറയുന്നിടത്ത് എച്ചുമുവിനു പിഴവ് പറ്റി എന്നാണു എന്‍റെ പക്ഷം.

കാരണം അങ്ങിനെ എന്തെങ്കിലും ഒരു ഉറപ്പു അയാള്‍ നല്‍കുകയോ, "മുതലാളി - വേലക്കാരി" എന്നതിനപ്പുറം അവര്‍ക്കിടയില്‍ ഒരു ബന്ധം രൂപപ്പെട്ടു വരുന്നതായോ കഥയില്‍ കാണുന്നില്ല. ആ വഴങ്ങലിനെ അങ്ങിനെ ന്യായീകരിക്കുന്നിടത്തു കഥാകാരി പക്ഷപാതം കാട്ടിയില്ലെ എന്നൊരു സംശയം ബാക്കിയാകുന്നു.

ഭംഗിയായി കഥ പറയാനുള്ള എച്ചുമുവിന്റെ കഴിവിനെ അഭിനന്ദിക്കുന്നു. ആശംസകളോടെ .

Echmukutty said...

ജയൻ വായിച്ചതിൽ സന്തോഷം.
ചിന്തകൾ ആവർത്തിയ്ക്കാതിരിയ്ക്കാൻ ശ്രമിയ്ക്കാം സാബു, വായിച്ചതിനു നന്ദി.
മിനിയുടെ വരവിനും നന്ദി. ഇനിയും വരിക.
സ്മിത വന്നിട്ട് കുറെക്കാലമായല്ലോ. പെണ്ണുങ്ങൾ പല കാര്യസാധ്യത്തിനും ഇത്തരം പല അടവ് പരിശ്രമങ്ങൾ നടത്താറുണ്ട്....പലരും പല രീതികളിൽ ചെയ്യുമെന്ന് മാത്രം......
സുകന്യ വന്നതിൽ സന്തോഷം. ഇനീം വരുമല്ലോ.
അക്ബർ എന്തു പറയുമെന്നൊരു വിചാരമുണ്ടായിരുന്നു. കഥയിലെ സ്ത്രീ ഒരു കഥാപാത്രം മാത്രമാണ്.അവളുടെ മൂല്യങ്ങൾ ഭരിയ്ക്കുന്നത് അവളെ മാത്രവും.അയാളുടെ വീട് വിട്ട് ഇരുൾ മൂടിയ മൺകുടിലിൽ പോകാൻ മടിയുള്ളവളാണവൾ...അയാളുടെ നോട്ടം കണ്ടപ്പോൾ ഇങ്ങനെയൊക്കെയാകുമെന്ന് കരുതിയവൾ, ഒറ്റയ്ക്കുള്ള ജീവിതത്തെപ്പറ്റി അയാൾ പറയുന്നത് കേൾക്കുമ്പോൾ മിഴികൾ പിടഞ്ഞവൾ...അവൾക്ക് സ്ത്രീധനമോ ആഭരണങ്ങളോ കുടുംബ മഹിമയോ ഒന്നും ഇല്ല ഒരു ഭർത്താവിനെ ആകർഷിയ്ക്കാൻ. അതുകൊണ്ട് കൈവശമുള്ള ഏക സ്വത്തിനെ അവൾ ഒരു ഗാബ്ലിംഗിന് വിട്ടുകൊടുക്കുന്നു.അയാൾ സുഖം പകർന്നുവെന്ന് അധികമായി പ്രകടിപ്പിച്ച് അയാളെ അല്പം പറ്റിച്ചായാലും ഒരു സുരക്ഷിത ജീവിതം കിട്ടാൻ വഴിയുണ്ടാകുമോ എന്നു നോക്കുന്നു...അത്രേയുള്ളൂ.
പിന്നെ പെണ്ണുങ്ങൾ ഭീരുവായ പുരുഷനെ ധീരനെന്നും പിശുക്കനെ ധാരാളിയെന്നും ഭയങ്കരനെ പാവമെന്നും കഴിവുകെട്ടവനെ മിടുക്കനെന്നും ഒക്കെ പറഞ്ഞ്കൊണ്ട് നടക്കുകയും അത്തരം പുരുഷന്മാരോട് തന്നെ അങ്ങനെ പറയുകയും ചെയ്യാറുണ്ട്. അത് അവരുടെ കാര്യസാധ്യത്തിനാണ്, കാരണം പലപ്പോഴും പണത്തിന്റെയും തീരുമാനങ്ങൾ എടുക്കാനുള്ള അധികാരത്തിന്റെയുമൊക്കെ ആൾ പുരുഷനായിരിയ്ക്കും. കഴിയുന്നത്ര പുരുഷനെ പ്രീണിപ്പിച്ച് കാര്യം നേടാനുള്ള ശ്രമമാണ് സ്ത്രീകൾ നടത്തുക.
വായിച്ചതിൽ വലിയ സന്തോഷം. ഇനിയും വരികയും വായിയ്ക്കുകയും നിർദ്ദേശങ്ങൾ തരികയും ചെയ്യുക.

കഥ വായിച്ച് എന്നെ പ്രോത്സാഹിപ്പിയ്ക്കുന്ന എന്റെ എല്ലാ കൂട്ടുകാർക്കും നന്ദിയും നമസ്ക്കാരവും അറിയിയ്ക്കുന്നു.

മണിലാല്‍ said...

എച്ച്മിക്കുട്ടീടെ അനുഭവ പരിസരങ്ങള്‍ വിപുലമാണ്,എഴുത്ത് ക്രിയാത്മകവും.ഭാവുകങ്ങള്‍

mattoraal said...

വാക്കുകള്‍ കൊണ്ട് ചിത്രം ചമക്കുന്ന വിരുത് അഭിനന്ദനീയം

അതിഭാവുകത്വവും അതിവൈകാരികയുമില്ലാതെ കഥാപാത്രങ്ങളെ സമീപിക്കുന്ന കയ്യടക്കം ശ്രദ്ധേയം ...

പിന്നെ പ്രമേയം ..എല്ലാവര്ക്കും അവനവനെത്തന്നെ അല്ലെ സ്നേഹം

രതിയില്‍ പോലും സ്നേഹം തന്നോട് തന്നെ

അവസാനിപ്പിച്ചത് നല്ല സ്ഥാനത്ത്‌ ...

അഭിനന്ദനങള്‍ ....

Sandeep.A.K said...

കല ചേച്ചി..

ചേച്ചിയുടെ കഥകള്‍ വായിക്കുമ്പോള്‍ എഴുത്തിന്റെ കുറെ പാഠങ്ങള്‍ പഠിക്കാന്‍ കഴിയുന്നു.. എന്റെ വായന കഥയുടെ സൂഷ്മതലങ്ങളില്‍ ചികയുന്നത് കഥ നമ്മിലേക്കെറിയുന്ന ചിന്തകളെയോ മറ്റു യുക്തിവിചാരങ്ങളെയോ അല്ല.. വാക്യഘടനയും അവതരണരീതികളുമാണ്.. ഏതു സന്ദര്‍ഭത്തില്‍ ഏതു വാക്ക്... ?? അത് പകരം വെയ്ക്കാന്‍ കഴിയാത്ത വണ്ണം യോജിക്കുന്നതാവണം എഴുത്തുക്കാരന്റെ കണ്ടെത്തല്‍ .. അങ്ങനെ വാക്കുകളെ പെറുക്കിക്കൂട്ടി വെച്ചുണ്ടാക്കുന്ന താജ്മഹലുകള്‍ ആണ് ഓരോ സാഹിത്യസൃഷ്ടിയും എന്ന് ഒരു ധാരണ(തെറ്റോ ശരിയോ...??? ആവോ..) യുണ്ട് എന്റെയുള്ളില്‍ ..

രണ്ടു കഥാപാത്രങ്ങളുടെ മനോവിചാരങ്ങളെ അതിന്റെ തികവില്‍ അവതരിപ്പിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട് ചേച്ചി.. അക്ബറിക്കയ്ക്ക് കൊടുത്ത മറുപടിയില്‍ തൃപ്തനായി ഞാന്‍ .. അതുകൊണ്ട് ഞാനാ സന്ദേഹം ഏറ്റുപിടിക്കുന്നില്ലാ.. :)

Sandeep.A.K said...

ഈ കഥയില്‍ നിന്നും ഞാന്‍ പെറുക്കിക്കൂട്ടുന്ന വാക്കുകള്‍ ...

# തലയും ഞാവി, വായിലൂറുന്ന വെള്ളവും കുടിച്ച്, പട്ടിണി കിടന്നിരുന്ന അവളെ
(ഞാവി എന്നുള്ള വാക്ക് എനിക്ക് പുതുമ തോന്നി.. എന്നാല്‍ സാന്ദര്‍ഭികമായ അര്‍ത്ഥം വ്യക്തമാവുന്നുണ്ട്)

# കേസ് കടലാസുകളും ഹർജികളും മറ്റുമായി അയാൾ കോടതിയിലേയ്ക്കോ വക്കീലാപ്പീസിലേയ്ക്കോ പുറപ്പെട്ടതും
(ഇവിടെ കഥാകാരി അയാള്‍ പോയ സ്ഥലത്തെ കുറിച്ച് ബോധപൂര്‍വം അവ്യക്തത കൊണ്ടുവരുന്നു.. great..)

# മേൽച്ചുണ്ടിനു മീതെ വിയർപ്പു പൊടിഞ്ഞു
(മറ്റു കഥകളിലെന്ന പോലെ ഇവിടെ കലചേച്ചിയുടെ സൂഷ്മരചനാ ശൈലി തെളിഞ്ഞു കാണുന്നു)

# “വയറ് നെറഞ്ഞാ ഒറ്ങ്ങാൻ നല്ല സുഖം!“ തലയിൽ നിന്നു നിലത്ത് വീണിഴയുന്ന പേനിനോട് അവൾ പറഞ്ഞു. എന്നിട്ട് ഒരു പ്രതികാര മനോഭാവത്തോടെ അതിനെ തള്ളവിരലിന്റെ ചെളി പിടിച്ച നഖത്തിന്മേൽ വെച്ച് മുട്ടിക്കൊല്ലുകയും ചെയ്തു
( ഒരു വേലക്കാരി പെണ്ണിന്റെ വിചാരങ്ങളെ/ ചേഷ്ടകളെ ഇത്ര തന്മയത്വത്തോടെ അവതരിപ്പിക്കുന്നത്‌ ശരിക്കും ഞാന്‍ അത്ഭുതത്തോടെ കണ്ടു പഠിക്കുന്നു)

# കാലൻ കോഴിയുടെ ഒച്ച (കാലങ്കോഴിയെ പറ്റി എവിടെ കേട്ടാലും ആദ്യം മനസ്സില്‍ എത്തുന്നത് വിജയേട്ടന്റെ "മങ്കര" എന്ന ചെറുകഥയാവും)

#അയാളുടെ ചെലവിൽ ചോരയും നീരും മാംസവും വെച്ചിരിയ്ക്കുന്നു
(നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് ദേഹം മുഴുവനും ലൈംഗികാവയവങ്ങള്‍ ആണ് എന്നാണു പൊതുവിലുള്ള ധാരണ എന്ന് മുന്‍പേതോ എഴുത്തുകാരി പറഞ്ഞതോര്‍ക്കുന്നു.. കഷ്ടം ല്ലേ പെണ്‍കുട്ടികളുടെ കാര്യം)

# പെണ്ണിനെ അറിയാത്ത മുനിയൊന്നുമായിരുന്നില്ല, അയാൾ
(അയാളെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ഈ ഒരു വാചകത്തില്‍ തെളിയുന്നു..)

# പാത്രങ്ങൾ കൊഞ്ചിക്കുണുങ്ങുന്നത് (ഒരു നല്ല പ്രയോഗം തന്നെ)

# കീഴെക്കിടന്ന് പെണ്ണ് ഇങ്ങനെ പറയുന്നത് കേൾക്കാൻ, പുളയുന്നത് കാണാൻ കൊതിയില്ലാത്ത ഏതെങ്കിലും ആണുണ്ടോ ഈ പ്രപഞ്ചത്തിൽ?
(ഈ സന്ദര്‍ഭം മാത്രം എടുത്തു പറയട്ടെ... പുരുഷവര്‍ഗ്ഗത്തിന്റെ chauvinismത്തിനു നേരയുള്ള മൂര്‍ച്ചയുള്ള ആക്രമണം തന്നെ.. പുരുഷഗര്‍വിന്റെ ഉത്തുംഗങ്ങളില്‍ നിന്നും പിടി വിട്ടൊരു വീഴ്ച)

# ചേപ്രയായി
(ഇത് വല്ല പ്രാദേശികവാക്ക്‌ ആണോ.. കൊള്ളാം.. ഏതാ രാജ്യം..?? :) )

# മീശക്കാരൻ വലിയ മിടുക്കനാണെന്ന് തന്നെ വിചാരിച്ചോട്ടെ.
(ഹ ഹ ഹ.. പെണ്ണിന്റെ കുടിലത എന്ന് വേണമെങ്കില്‍ ആരോപിക്കാം.. നിവര്‍ത്തിയില്ലാത്തവളുടെ ഓരോ ഉപായങ്ങള്‍ / സൂത്രങ്ങള്‍ എന്ന് സഹതാപം കൂറാം )

# എല്ലാം പതുക്കെ മതി. ആദ്യം താലി കഴുത്തിൽ വീഴട്ടെ. ഇനി ചെയ്യുന്നതെല്ല്ലാം ആ വഴി മാത്രം ലക്ഷ്യം വച്ചായിരിയ്ക്കണം.
(ഇവള്‍ വലിയ സൂത്രക്കാരി തന്നെ.. കഥയുടെ ശേഷം കാഴ്ച എന്താവും.. പരിതാപകരമാകുമോ..??)

എവിടെയൊക്കെയോ MTയുടെ "നീലത്താമര" വിരിയുന്ന പോലെ.. :) ചുമ്മാ പറഞ്ഞതാ ചേച്ചി.. ഹി ഹി

കഥയ്ക്ക് കുറച്ചു കൂടി നല്ല തലക്കെട്ട്‌ പരിഗണിക്കാമായിരുന്നു എന്നൊരു അഭിപ്രായമുണ്ട്..

(ചേച്ചിയുടെ കഥകള്‍ക്ക് നീളത്തില്‍ ഒരു ആസ്വാദനം തയ്യാറാക്കണം എന്നോക്കെയുണ്ട് എനിക്ക്.. പക്ഷെ മടി.. അതോണ്ട് അതിനുള്ള raw material ആയി കണക്കാക്കാവുന്ന സംഗതികള്‍ കമന്റില്‍ പറഞ്ഞവസാനിപ്പിക്കുന്നു... തത്കാലം കഥയിലെ നല്ല വശങ്ങളെ ഹൈലൈറ്റ് ചെയ്തത് പറഞ്ഞു വന്നതാ.. ഒരു കഥയില്‍ നിന്നും എങ്ങനെ സാഹിത്യം സാംശീകരിക്കാം എന്നുള്ള എന്റെ പരീക്ഷണനിരീക്ഷണങ്ങള്‍ .. പൊറുക്കുമല്ലോ )

NB : വലുതല്ലെങ്കിലും ചിലയിടങ്ങളില്‍ ചില കൊച്ചു അക്ഷരത്തെറ്റുകള്‍ കണ്ടു.. ചേച്ചിയെ പോലുള്ള എഴുത്തുകാരില്‍ നിന്നും പിഴവുകള്‍ വരുന്നത് ഒരിക്കലും സഹിക്കാന്‍ പറ്റില്ലാ ട്ടോ.. ശ്രദ്ധിക്കുമല്ലോ.. :)

സ്നേഹപൂര്‍വ്വം
സന്ദീപ്‌

സേതുലക്ഷ്മി said...

എനിക്കു വളരെ ഇഷ്ട്ടമായി.

കാലാ കാലങ്ങളായി സ്ത്രീ പുരുഷ മനസ്സുകൾ ചിന്തിക്കുന്നത് ഇങ്ങനെ തന്നെയാണ്. തികച്ചും വികാരരഹിതമായി ആ സത്യം പറയുകയാണു് എച്മു.
ഞാൻ ഈ കഥയെ ' എച്മുവിന്റെ എനിക്കിഷ്ട്ടപ്പെട്ട കഥകൾ'എന്ന ലേബലിൽ ചേർക്കുന്നു.

ഒരു വിളിപ്പാടകലെ said...

ഇഷ്ടായി . അഭിനന്ദനങ്ങള്‍ !

Unknown said...

ധരിദ്രയായി അനാഥയായി മാനം കാക്കാന്‍ അരിവാളുമായി ഉറങ്ങണം
എങ്കിപിന്നെ ഒരാളെ ഭോഗിച്ചു വലയിലാക്കം
പാവങ്ങളൊക്കെ പാപികളുമാണോ കലേ............

വിനുവേട്ടന്‍ said...

പുരുഷന്റെയും സ്ത്രീയുടെയും മനോവ്യാപാരം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു... സമ്മതിച്ചിരിക്കുന്നു കേട്ടോ...

നികു കേച്ചേരി said...

അത്യുഷ്ണത്തിന്റെ നിർബന്ധത്തിൽനിന്ന് മിതോഷ്ണത്തിലേക്ക് മാറിയിരിക്കുന്ന നല്ല കഥ...

ഉമാ രാജീവ് said...

സ്വപ്നങള്‍ .........സംസ്കാരമുള്ളതുംഇല്ലാത്തതും
നന്നായി എഴുതി

Abdulkader kodungallur said...

ചിന്തയുടെ മൂശയിലിട്ടു ഈ കഥ ഊതിയുരുക്കിയെടുത്തപ്പോള്‍ തെളിഞ്ഞുവന്നത്‌ നല്ലൊരു കഥാ തന്തുവും ,ലളിതമനോഹര ആഖ്യാന ശൈലിയുമാണ് . സ്ത്രീ പുരുഷ മനോവ്യാപാരങ്ങളെ ,ലിംഗാസക്തിയുടെ തീനാളങ്ങളെ, നിലനില്‍പിന്റെ നിറക്കൂട്ടുകളെയെല്ലാം കഥാകാരി നന്നായിത്തന്നെ ആവിഷ്ക്കരിച്ചിരിക്കുന്നു
അമ്മയുടെ മരണത്തോടെ തികച്ചും അനാഥയായ കഥാനായികയ്ക്ക് അസ്ഥാനത്ത് ചാകാറായ ഒരമ്മൂമ്മ എന്തിനാ ....
അതുപോലെ വലിയ അപകടമില്ലെങ്കിലും ചെറിയൊരു അപാകത ഈ വരികളിലെ ആഖ്യാനത്തില്‍ അനുഭവപ്പെടുന്നു .
"മുപ്പതു വയസ്സുള്ളവളെ , ചെറുപ്പക്കാരനാണെന്ന് തോന്നിപ്പിയ്ക്കാമെങ്കിൽ പിന്നെ ഇരുപതുകാരിയെ"

ഭാവുകങ്ങള്‍ .

പ്രദീപ്‌ രവീന്ദ്രന്‍ said...

വരികള്‍ക്ക് ഇടയില്‍ എവിടെയോ നമ്മുടെ പഴയ കഥാകാരി "രാജലക്ഷ്മി" യുടെ സാന്നിധ്യം അനുഭവപെട്ടു.. നല്ല വായന സുഖം ഉള്ള രീതി. ഒരു കാര്യത്തിലെ വിയോജിപ്പ് ഒള്ളു. ഇയാളുടെ കഥകളിലെ സാഹചര്യങ്ങള്‍, സന്ദര്‍ഭങ്ങള്‍ എല്ലാം 1960 - 1970 കാലഘട്ടങ്ങളിലെ കഥകള്‍ ആണ് ഓര്‍മിപ്പിക്കുന്നത്. ആ കാലത്തിലെ ഹങ്ങോവേര്‍ വിട്ടു പോരാന്‍ സമയമായില്ലേ?

Anonymous said...

നേരത്തേ വായിച്ചിരുന്നു കമന്റെഴുതാന്‍ ഒന്നൂടി വന്നതാണേയ്. വിഷയം വഞ്ചന അല്ലേ? ഇത്തിരി ആയപ്പോഴേ വഴിത്തിരിവ് പ്രതീക്ഷിരുന്നു. എച്ച്മുവിന്റെ സാധാരണ കഥകള്‍ നോക്കുമ്പോള്‍ എനിക്ക് അത്രയൊന്നും ഇഷ്ടപ്പെട്ടില്ല. പിന്നെ ഞാവി, ചേപ്ര ഇതെല്ലാം എനിക്കു പുതിയ വാക്കുകള്‍, എച്ച്മൂ സ്‌പെഷ്യല്‍ ആയി നേരത്തേ കണ്ടിരുന്നുവെന്നു തോന്നുന്നു.

mayflowers said...

മനുഷ്യമനസ്സിലെ പച്ചയായ വികാരങ്ങള്‍ പകര്‍ത്തുമ്പോള്‍ എച്ചുമുക്കുട്ടിയുടെ തൂലികക്ക് ഒരു പ്രത്യേക ശക്തി വരുന്നതായി തോന്നിയിട്ടുണ്ട്.
ആശംസകള്‍.

Echmukutty said...

മണിലാൽ വന്ന് അഭിപ്രായം എഴുതിയത് സന്തോഷമായി. ഇനിയും വരുമല്ലോ.
കോണത്താന് നന്ദി.
കഥയെ വിലയിരുത്തിയെഴുതുവാൻ സന്ദീപ് കാണിച്ച വലിയ മനസ്സിന് ഒത്തിരി നന്ദി. ഇത്തരം പ്രോത്സാഹനങ്ങളെ ഞാൻ ഹൃദയത്തോട് ചേർത്തു വെയ്ക്കുന്നു. അക്ഷരത്തെറ്റ് ചൂണ്ടിക്കാണിയ്ക്കുക, ചിലപ്പോൾ അശ്രദ്ധ, മറ്റു ചിലപ്പോൾ ചില്ലറ ടെക്നിക്കൽ വീഴ്ചകൾ ഇതാവും കാരണം. എന്തായാലും സന്ദീപിന് ഒരിയ്ക്കൽക്കൂടി നന്ദി പറഞ്ഞുകൊള്ളട്ടെ. പിന്നെ തല ഞാവൽ മധ്യകേരളത്തിലെ ഒരു പ്രയോഗമാണ്. തല ചൊറിയുക എന്ന് തന്നെ അർഥം. ചേപ്രയും അങ്ങനെ തന്നെ. അയ്യേ! മോശം എന്ന് പറയുന്നതിന് ഈ വാക്കുപയോഗിയ്ക്കാറുണ്ട്.
ആഹ! സേതു വരാൻ വൈകിയെങ്കിലും കഥ ഇഷ്ടപ്പെട്ടു എന്നെഴുതിയതിൽ വലിയ സന്തോഷം കേട്ടോ.
ഒരു വിളിപ്പാടകലെ വന്ന് വായിച്ചതിലും അഭിപ്രായമെഴുതിയതിലും സന്തോഷം.
ഒരു കഥയിൽ ഒരു സ്ത്രീ കഥാപാത്രം എന്ന് മാത്രം കാണുക സുനിൽ. ഇതിൽ ഒരു ജനറലൈസേഷനും ഇല്ല. പാവങ്ങൾ പാപികളാണെന്ന് ഈ കഥയിൽ എഴുതിയിട്ടില്ലെന്നാണ് എനിയ്ക്ക് പറയുവാനുള്ളത്. ഇനിയും വന്ന് വായിയ്ക്കുമല്ലോ.
വിനുവേട്ടൻ, നികു, ഉമ എല്ലാവർക്കും നന്ദി.
അബ്ദുൽഖാദർ ജി ഇപ്പോൾ വരാറില്ലല്ലോ. എന്നെ മറന്നുവെന്നാണ് ഞാൻ വിചാരിച്ചത്. വന്നതിൽ സന്തോഷം. വേലക്കാരിയ്ക്ക് അമ്മൂമ്മയില്ല കഥയിൽ. എടുത്തെഴുതിയ വാക്യത്തിന്റെ ഘടന ശരിയായില്ല എന്നാണോ ഉദ്ദേശിച്ചത്? എനിയ്ക്ക് ശരിയ്ക്കും പിടി കിട്ടിയില്ല.
പ്രദീപ് 1960..70 കാലഘട്ടം എന്ന് പറഞ്ഞത് അല്പം കൂടി വിശദീകരിച്ചാൽ നന്നായിരുന്നു. എനിയ്ക്ക് മനസ്സിലായില്ല. വരവിനും രാജലക്ഷ്മി എന്ന വലിയ എഴുത്തുകാരിയെ ഓർമ്മിപ്പിച്ചതിനും നന്ദി. ഇനിയും വരുമല്ലോ.
ആഹാ! മൈത്രേയി വന്നല്ലോ. സന്തോഷം. ഇനീം എന്നെ മറക്കാതെ വരണേ! കഥകൾ ഇഷ്ടപ്പെട്ടില്ലെങ്കിലും വായിച്ച് നോക്കണേ!
മേ ഫ്ലവേഴ്സിന് നന്ദി. ഇനിയും വരുമല്ലോ.

വി.എ || V.A said...

‘ഇയാളല്പം താമസിച്ചുപോയി, എങ്കിലും എല്ലാവരും കഥയിലൂടെ ഓടിനടക്കുന്നത് കണ്ട്. രണ്ടു മനസ്സുകളുടെ വികാരവിചാരങ്ങൾ ഒരു ഫ്രെയിമിൽ കാണിച്ചു. നല്ലത്, ഭാവുകങ്ങൾ....

kochumol(കുങ്കുമം) said...

കഥ ഇഷ്ടായി ..ഒരേ വിഷയത്തില്‍ രണ്ടുപേരുടെയും വ്യത്യസ്തമായ ചിന്തകള്‍...അത് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു...

ഗൗരിനാഥന്‍ said...

എച്മു എന്റെ നെറ്റും മലയാളം കീയും വഴിതെറ്റി നടപ്പാ, വായിച്ചിട്ട് ഏറേ നാളായെങ്കിലും കമന്റാന്‍ ഇന്ന് പറ്റുമെന്ന് കരുതുന്നു. രണ്ട് കഥാ‍ാപാത്രങ്ങളുടെ രണ്ട് ലക്ഷ്യങ്ങള്‍ ഭംഗിയായി പറഞ്ഞു. എന്തായാലും അവളുടെ ലക്ഷ്യം നടക്കട്ടെ എന്നാഗ്രഹിക്കുന്നു. ആ ചോയ്സ് വായനക്കാര്‍ക്ക് വിട്ടുതന്നതും നന്നായി ട്ടോ

Unknown said...

മനോഹരമായി പറഞ്ഞു, അവിടെ നിര്‍ത്തിയതാണ് ഈ കഥയുടെ വ്യത്യസ്തത.
അഭിനന്ദനങ്ങള്‍ എച്മു

Anonymous said...

നന്നായിരിക്കുന്നു കഥ. അവസാനഭാഗം ശരിക്കും രസായി.

ചന്തു നായർ said...

ഇവിടെ എത്താൻ താമസിച്ചു...അഭൊപ്രായങ്ങൾ മറ്റുള്ളവർ പറഞ്ഞു കഴിഞ്ഞു...മനുഷ്യ മൻസ്സുകളെ തൊട്ടറിഞ്ഞുള്ള ഇത്തരം രചനകൾ ആ തൂലികയിൽ നിന്നും ഇനിയുമുരിത്തിരിയട്ടെ ആശംസകൾ........എച്ച്ചുമൂ....

Biju Davis said...

എഴുത്തിനു നല്ല ഒഴുക്ക് ഉണ്ടെങ്കിലും, പ്രമേയത്തില്‍ പുതുമ തോന്നിയില്ല, കല മേം... ഇതെന്താ താന്‍ ചീത്ത പറയാന്‍ പിറകെ കൂടിയിരിയ്ക്കുകയാനോ എന്നാലോചിയ്ക്കുകയായിരിയ്ക്കും. :)

ആ ഒഴുക്കില്‍, തകര്‍പ്പന്‍ ഒരു ക്ലൈമാക്സ് കു‌ടെ ചേര്‍ന്നാലോ എന്നാശിയ്ക്കുവാനുള്ള ആസ്വാദകന്റെ അവകാശം എന്ന ആശ്വസിയ്ക്കു.... :)