കുടുംബ മാധ്യമത്തിലെ സ്വകാര്യം എന്ന കോളത്തിലും (ജനുവരി 13 വെള്ളിയാഴ്ച)
ഗൾഫ് മാധ്യമത്തിലെ ചെപ്പ് എന്ന പംക്തിയിലും (ഫെബ്രുവരി 10 വെള്ളിയാഴ്ച) പ്രസിദ്ധീകരിച്ചത്.
ഈയിടെ ഒരു ദിവസം, വീടു പണിയുവാനുള്ള സ്വപ്നം പങ്കുവെച്ച ഒരു ബന്ധുവിന്റെ മുന്നിൽ അല്പനേരം കണ്ണും മിഴിച്ചിരുന്നു പോയി. വീട്ടു സ്വപ്നത്തിൽ തികച്ചും വിചിത്രമെന്ന് തോന്നാവുന്ന ഒരു നിലപാടുണ്ടായിരുന്നു. അതെന്താണെന്നല്ലേ? ആ വീട്ടുകാർക്കൊന്നും അയൽപ്പക്കക്കാരോട് ഒരു ബന്ധവും പുലർത്തേണ്ട ഗതികേട് ഒരു കാലത്തും ഉണ്ടാവരുത്. അതായത് വലിയ ചുറ്റുമതിലിനുള്ളിൽ ഒറ്റ നിലയിലുള്ള വീട് പൂർണമായും സ്വയം പര്യാപ്തമായിരിയ്ക്കണം. ഫയർ അലാറം, ബർഗ്ലർ അലാറം, ക്ലോസ്ഡ് സർക്യൂട്ട് ടി വി …. എന്നു തുടങ്ങി സകല ആധുനിക സുരക്ഷാമാർഗ്ഗങ്ങളും പിടിപ്പിച്ച ഒരു “പരിപൂർണ്ണ“ വീടാണ് അവരുടെയും ഭർത്താവിന്റേയും സ്വപ്നം. ഈ സുരക്ഷാ മാർഗ്ഗങ്ങൾ ഏറ്റവും ആധുനികമായാൽ മതി. പഴയ കാലത്തെപ്പോലെ നിസ്സാര ആവശ്യങ്ങൾക്കൊന്നും അവർക്ക് അയൽപ്പക്കം വേണ്ടി വരില്ല. കാരണം അവർ തികഞ്ഞ ധനികരാണ്.
“ഞങ്ങൾ ആരുടെ വീട്ടിലും പോയിരുന്ന് ഗോസ്സിപ്പിങ്ങ് ചെയ്യില്ല, ഇവിടെ അങ്ങനൊരു കാര്യം ഞങ്ങൾ സമ്മതിയ്ക്കുകയുമില്ല.“ അവർ തീർത്തു പറഞ്ഞു. അയൽപ്പക്കത്ത് നിന്നും യാതൊന്നും ആവശ്യമില്ലാത്തത്രയും സ്വയം പര്യാപ്തതയിൽ സ്വന്തം കാര്യം നോക്കി ആരേയും ഉപദ്രവിയ്ക്കാതെ ആരുടെ കാര്യത്തിലും തലയിടാതെ ജീവിയ്ക്കാനാണ് അവർക്കിഷ്ടം.
ശരിയാണ്. എല്ലാവർക്കും ഇപ്പോൾ അവരവർ മാത്രം മതി. അയൽപ്പക്കത്തെ വീട്ടിൽ എന്തു സംഭവിച്ചാലും നമുക്ക് ഒന്നുമില്ല. അതെല്ലാം ടി വിയിലെ പ്രധാന വാർത്തയായോ പത്രത്തിലെ ബോക്സ് ന്യൂസായോ പുട്ടും കടലയ്ക്കും ഒപ്പം മാത്രം അറിയാനാണ് നാം ആഗ്രഹിയ്ക്കുന്നത്. “ഞങ്ങള്‍ ഗുണത്തിനില്ല, ഒരു ദോഷത്തിനും ഇല്ല“ ……. എന്നതാണ് നമ്മുടെ പരിഷ്ക്കാര മുദ്ര.
അല്പം പഞ്ചസാരയോ ഇത്തിരി ഉപ്പോ ഒരു കൈവായ്പയോ അയൽപ്പക്കത്ത് നിന്നു വാങ്ങാൻ നമുക്ക് അഭിമാനക്കുറവുണ്ടാകുന്നു. അതുകൊണ്ട് നമ്മൾ കാറെടുത്ത് സൂപ്പർ മാർക്കറ്റിലും ഏ ടി എമ്മിലും ഉടനെ യാത്ര പോകുന്നു. അയൽപ്പക്കത്ത് ആരെങ്കിലും മരിച്ചു കിടന്നാലും നമ്മൾ അറിയില്ല. അറിയണമെന്ന് നമുക്ക് തോന്നുന്നുമില്ല.
നാൽപ്പതോളം വീടുകളുള്ള ഒരു ഹൌസിംഗ് കോളനിയിൽ മാലിന്യങ്ങൾ പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കി റോഡിലിടുന്നതല്ലാതെ, അതെടുത്തു മാറ്റാത്ത കുടുംബശ്രീ സ്ത്രീകളെ അധിക്ഷേപിയ്ക്കുന്നതല്ലാതെ മറ്റെന്തെങ്കിലും ചെയ്തു പ്രശ്നം പരിഹരിയ്ക്കാൻ ആർക്കും തോന്നുന്നില്ല. ക്രെഷില്ലാത്തതുകൊണ്ട് കുഞ്ഞുങ്ങളെ ഏൽപ്പിച്ചു ജോലിയ്ക്കു പോവാനാവുന്നില്ലെന്ന് സങ്കടപ്പെടുന്ന അമ്മമാർക്കും അപൂർവം അച്ഛന്മാർക്കും ആരും കേൾവിക്കാരായില്ല. മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായ കുളം കാണുമ്പോൾ മുഖം തിരിച്ചു മടങ്ങാനല്ലാതെ അതു വൃത്തിയാക്കണമെന്ന് ആലോചിയ്ക്കാൻ പോലും ആർക്കും കഴിയുന്നില്ല. അയൽപ്പക്കക്കാർ ഒത്തൊരുമിച്ച് ശ്രമദാനം ചെയ്തിരുന്ന പുരകെട്ടലും വിവാഹ സൽക്കാരവും അടിയന്തിരവും പോലെയുള്ള കാര്യങ്ങൾ നമ്മുടെ ജീവിതങ്ങളിൽ നിന്ന് ഇടം മാറി. ഒരു സമ്മാനപ്പാക്കറ്റും കൈയിലേന്തി ചടങ്ങുകൾ നടക്കുന്ന പൊതുസ്ഥലങ്ങളിൽ വന്ന് ഭക്ഷണം കഴിച്ച് പോവുക എന്നതു മാത്രമായി അയൽപ്പക്ക സൌഹൃദം.
“നമ്മൾ എന്തുചെയ്യാനാണ്? നമുക്കിവിടെ പരിചയക്കാരൊന്നുമില്ലല്ലോ.“ എന്ന് ഓരോ വീട്ടുകാരും ഓരോ പ്രശ്നത്തിലും സ്വയം വിലപിയ്ക്കുമ്പോഴും അയൽപ്പക്കവുമായി പരിചയപ്പെടാനോ എന്തെങ്കിലും പങ്കു വെയ്ക്കാനോ സാധിയ്ക്കാത്ത മട്ടിലുള്ള ഒരു പ്രതിരോധം അവരുടെയെല്ലാമുള്ളിൽ നിലനിൽക്കുന്നുമുണ്ട്.
അന്യ വീട്ടിലെ വിശേഷങ്ങൾ അറിയുന്നത്, അവരോട് സംസാരിയ്ക്കുന്നത് ഒക്കെ പെണ്ണുങ്ങളുടെ നാട്ടു വർത്തമാനം പറച്ചിലെന്ന നിസ്സാരത്വമായിരുന്നു പണ്ടെങ്കിൽ, ഇന്ന് അങ്ങനെയൊരു കാര്യമേ ആവശ്യമില്ല എന്നായിട്ടുണ്ട്. വീട്ടമ്മമാർ പഴയ കാലത്ത് പരസ്പരം വിശേഷങ്ങൾ പങ്ക് വെച്ചിരുന്നതിനെയാണല്ലോ പെണ്ണുങ്ങളുടെ നൊണേം കൊതീം പരദൂഷണവും പറഞ്ഞുള്ള സമയം കളയലായി നമ്മുടെ സാഹിത്യത്തിലും സിനിമയിലും ഒക്കെ വ്യാഖ്യാനിയ്ക്കപ്പെട്ടിരുന്നത്! നല്ല സ്ത്രീകൾ സ്വന്തം വീട്ടിലെ ജോലി കഴിഞ്ഞ് അയൽപ്പക്കം നിരങ്ങാതെ അടങ്ങിയൊതുങ്ങി ഒരു ഭാഗത്തിരിയ്ക്കുന്നവരും ഈശ്വര നാമം ചൊല്ലുന്നവരും ഒക്കെയായി ചിത്രീകരിയ്ക്കപ്പെട്ടിരുന്നു!
അങ്ങനെയെല്ലാം ഉദ്ബോധിപ്പിച്ചിട്ടാണോ എന്തോ ഇപ്പോൾ എല്ലാവരും ടി വി പരിപാടികളിലെ വീടുകളുമായി മാത്രമേ അയൽപ്പക്ക ബന്ധം പുലർത്താൻ ഇഷ്ടപ്പെടുന്നുള്ളൂ. ടി വിയിലെ വീടുകളിലൊന്നും നമ്മൾ പോകേണ്ടതില്ല, അവർ നമ്മുടെ വീട്ടിൽ വന്ന് വിശേഷങ്ങൾ പങ്കു വെച്ചുകൊള്ളും….. ഗോസ്സിപ്പിംഗ് എന്ന് ഇംഗ്ലീഷിൽ പറയുന്ന നമ്മുടെ നാട്ടു വർത്തമാനം ഇല്ലാതാക്കിയതിൽ ടി വി പരിപാടികൾക്ക് വലിയ പങ്കുണ്ട്. കൂട്ടു ചേരലുകളുടെ രാഷ്ട്രീയം എപ്പോഴും അപകടമാണെന്നറിയാവുന്ന അധികാരമാണ് ടി വിയെ നമ്മുടെ സ്വീകരണ മുറിയിലും പലപ്പോഴും കിടപ്പുമുറിയിലും പോലും എത്തിച്ചത്. തമ്മിൽ സംസാരിയ്ക്കുന്നതും ആശയങ്ങളും വിഭവങ്ങളും പരസ്പരം പങ്കുവെയ്ക്കുന്നതും അങ്ങനെ സൌഹൃദമുണ്ടാകുന്നതും മനുഷ്യരിൽ സംഘടിത ശക്തിയുണ്ടാക്കുമെന്ന് ഭയപ്പെടുന്നവരെല്ലാം അയൽപ്പക്കങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നതാണ് ശരിയെന്ന് വിശ്വസിയ്ക്കുകയും അങ്ങനെ വിശ്വസിപ്പിയ്ക്കാൻ കഠിന പരിശ്രമം നടത്തുകയും ചെയ്യും.
അവരവർ മാത്രമെന്ന് കാണുമ്പോഴാണ് ഒരിടത്ത് അണക്കെട്ടിന്റെ ഉറപ്പ് പ്രശ്നമാകുന്നതും അയൽപ്പക്കക്കാരന് അത് “ഒരു പ്രച്ച്നമേയില്ലൈ“ എന്നുമാകുന്നത്. അവിടെ ആണവ നിലയം പ്രശ്നമാകുമ്പോൾ “ഹോ! മനുഷ്യനു വൈദ്യുതി വേണ്ടേ? വ്യവസായം വളരേണ്ടേ“ എന്ന് ഇപ്പുറത്തെ അയൽപ്പക്കത്തിന് അത് നിസ്സാരമാകുന്നത്. പ്രത്യേക മതങ്ങളിൽ ജനിച്ചു പോയവരുടെ ഗർഭത്തിൽ കിടക്കുന്നവരെ പോലും കുത്തിക്കൊല്ലുന്ന വാർത്തകൾ നമുക്ക് വിദൂര അയൽപ്പക്കത്തിന്റെ വിശ്വസിയ്ക്കാനാവാത്ത കെട്ടുകഥയാകുന്നത്. ഒരു വ്യാഴവട്ടത്തോളം പട്ടിണി കിടന്ന് അധികാരികളുടെ മനുഷ്യത്വമില്ലായ്മക്കെതിരെ പ്രതിഷേധിയ്ക്കുന്ന സ്ത്രീയുടെ മുഖചിത്രം കണ്ടുകൊണ്ട് ബിരിയാണി കഴിച്ച് ഏമ്പക്കം വിടാൻ സാധിയ്ക്കുന്നത്.
ഒരു വീടിന്റെ, ഒരു നാടിന്റെ പശ്ചാത്തലമാണ് അതിന്റെ അയൽപ്പക്കങ്ങൾ. അവയിൽ നിന്ന് ആ വീടിനെയും നാടിനേയും അടർത്തിയെടുക്കുമ്പോൾ വീടും നാടും ഏകാന്തമാകുന്നു. ആത്മാവിൽ തനിച്ചായിത്തീർന്ന കുറച്ച് ശരീരങ്ങളെ ഒളിപ്പിയ്ക്കുന്ന ഒരിടം മാത്രമായി അവ രണ്ടും ചുരുങ്ങിയൊതുങ്ങിപ്പോകുന്നു. അതിന്റെ വാതിലുകൾ അകത്തേയ്ക്ക് മാത്രം തുറക്കുന്നവയായി മാറുന്നു. ക്രോസ്സ് വെന്റിലേഷൻ ഇല്ലാത്ത മുറികളിലെന്ന പോലെ ഒരു ജീർണ്ണമണം വ്യാപിയ്ക്കുന്നു….
107 comments:
ചെപ്പില്‍ വായിച്ചിരുന്നു. എച്മുക്കുട്ടി എന്ന പേര് കണ്ടുകഴിഞ്ഞാല്‍ പിന്നെ വായിക്കാതെ വിടുന്ന പ്രശ്നമില്ല. (പുറത്തേയ്ക്കും മലര്‍ക്കെ തുറക്കുന്ന വാതിലുകള്‍ ഉണ്ടാവട്ടെ നിറയെ...!)
ചെപ്പിലെ "സ്വകാര്യം" എന്ന കോളത്തില്‍ വായിച്ചിരുന്നു.
ലേഖനം നന്നായി. ആശംസകള്‍
"ഒരു വീടിന്റെ, ഒരു നാടിന്റെ പശ്ചാത്തലമാണ് അതിന്റെ അയൽപ്പക്കങ്ങൾ..!"
സംഗതി ചീറി..!
പുറത്തേക്കുള്ള വാതിലുപോലെ മനസ്സിന്റെ വാതിലും മലർക്കെ തുറക്കട്ടെ.
ആശംസകൾ എച്ച്മുവേ..!
പുലരി
നമസ്കാരം കല ചേച്ചി.. ഇത്തവണയും ഞാന്‍ ഒരുപാടു ആലോചിച്ചു പരിഭ്രമിച്ചിട്ടുള്ള, ടെന്‍ഷന്‍ ആയിട്ടുള്ള ഒരു വിഷയം ആണ് താങ്കള്‍ തിരഞ്ഞെടുത്തത്, അതിനു തിരഞ്ഞെടുത്തിരിക്കുന്ന ടൈറ്റില്‍ അതിമനോഹരവും, "അകത്തേക്ക് മാത്രം തുറക്കുന്ന വാതിലുകള്‍ ". ഒരു മതിലിനു അപ്പുറമോ, ഒരു വിളിപ്പാടകലയോ ആരെന്നോ എന്തെന്നോ അറിയാത്ത അപരിചിതര്‍ . എന്നെപ്പോലെ നാട്ടിപുറത്തു ജനിച്ചു വളര്‍ന്ന ഒരാളുടെ സങ്കല്‍പ്പത്തിലെ ഉണ്ടാരുന്നില ഇതൊന്നും, പക്ഷെ ജോലി ആവശ്യത്തിന് ആയി പട്ടണത്തിലേക്ക് താമസം മാറിയപ്പോള്‍ എല്ലാം അനുഭവത്തില്‍ വന്നു. ഇവിടെ എല്ലാം വിളിപ്പാടകലെ അല്ല.. ഒരു മിസ് കാള്‍ന്റെ അകലെ ആണ്. ഒരാളുടെ മുഖം അല്ല തിരിച്ചറിയുന്നത്; സ്വരം, വോയിസ് ആണ്. നാട്ടിന്‍പുറത്തിന്റെ ആ നഷ്ടങ്ങള്‍ ഒരു നല്ല സംസ്ക്കാരത്തിന്റെ വിടവാങ്ങല്‍ കൂടി ആണ്. ഇപ്പോള്‍ ടി.വി സീരിയല്ലുകള് ചീറ്റുന്ന വിഷത്തിന്റെ ഒരംശം പോലും പണ്ടത്തെ അയല്‍പ്പക്ക സദസ്സുകളില്‍ ഉണ്ടായിരുന്നില്ല.
കഥ
നല്ല അയല്‍ക്കാര്‍
----------
അങ്ങേവീടിനും ഇങ്ങേ വീടിനുമിടയിലെ നിശ്ശബ്ദത ചോദിച്ചു:
ഒരു കപ്പുപ്പു തര്വോ ...
ഒരു കഷ്ണം ഇഞ്ചി?
തീപൂട്ടാനൊരു തീപ്പെട്ടിക്കൊള്ളി?
ഒരു വിളക്കെണ്ണ?
അത് കേള്‍ക്കെ അങ്ങേ വീട്ടിലെയും ഇങ്ങേ വീട്ടിലെയും അടുക്കള കോപിച്ചു.
'മിണ്ടിപ്പോവരുത്..!'
പിന്നീട് ഒരിക്കലും നിശബ്ദതക്കു നാക്ക് പോങ്ങിയിട്ടില്ല..!
(പിന്നെ ചെപ്പ് ഒരു പംക്തിയല്ല , ഇവിടെ ഇറങ്ങുന്ന ഗള്‍ഫ് മാധ്യമത്തിന്റെ വാരാന്തപ്പതിപ്പ് ആണ്.. നാട്ടില്‍ പ്രസിദ്ധീകരിക്കുന്ന വാരാദ്യ മാധ്യമം കുടുംബ മാധ്യമം എന്നിവയില്‍ വരുന്ന ചിലതൊക്കെ ചേര്‍ത്ത് ഇവിടെ ഇറക്കുന്ന വെള്ളിയാഴ്ചപ്പതിപ്പ് )
ചെപ്പിൽ കണ്ടു... വായിക്കുകയും ചെയ്തു... പറഞ്ഞതെല്ലാം അക്ഷരം പ്രതി സത്യം... കുഞ്ഞുണ്ണി മാഷ് പറഞ്ഞത് ഓർമ്മ വരുന്നു...
“എനിക്കുണ്ടൊരു മരം...
നിനക്കുണ്ടൊരു മരം...
നമുക്കില്ലൊരു മരം...”
എച്ചുമുക്കുട്ടിയുടെ പുതിയ പോസ്റ്റിന്റെ മെയില്‍ വന്നപ്പോള്‍ ഞാന്‍ സന്തോഷത്തോടെ വായിച്ചു . കുട്ടീ നഗ്ന സത്യം ഉറക്കെ തുറന്ന് പറയുന്നത് കൊണ്ട് കല്ലേറ് കൊള്ളുന്ന ഞാന്‍ ഇവിടെയും സത്യം പിന്നെയും , പിന്നെയും വിളിച്ചുപറയാന്‍ പ്രകൃതി എന്നെ പ്രേരിപ്പിക്കുന്നു. ഈ ലേഖനം മാതൃഭൂമിയില്‍ വന്നാലും ഞാന്‍ എതിര്‍ക്കും . കാരണം എച്ചുമുക്കുട്ടിയുടെ സര്‍ഗ്ഗ സമ്പന്നതയെ ഈ ലേഖനം പരിപോഷിപ്പിക്കുന്നില്ല . കുട്ടിയുടെ കഴിവുകള്‍ ഈ ലേഖനത്തില്‍ പ്രതിഫലിക്കുന്നില്ല. ക്ഷമിക്കണം സര്‍ഗ്ഗ സമ്പന്നത യുള്ളവരില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നത് കൊണ്ട് സംഭവിക്കുന്ന അബദ്ധങ്ങളാവാം. പോസ്റ്റില്‍ ചിലതൊക്കെയുണ്ട് . ദൌര്‍ഭാഗ്യവശാല്‍ വേണ്ടത് പലതുമില്ല . നല്ലത് വരട്ടെ . ഭാവുകങ്ങള്‍ .
നാം ഇപ്പോള്‍ നടക്കുന്ന രീതി പുതുതായി പഠിക്കുന്ന ശീലങ്ങള്‍...
പിന്നോട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ചിലതെല്ലാം നല്ലതായിരുന്നു എന്ന തോന്നല്‍..
എല്ലാത്തിനും അതിന്റേതായ ഗുണവും ദോഷവുമുണ്ട്, അത് ബാലൻസ് ചെയ്തു കൊണ്ടുപോകാനുള്ള കഴിവാണ് നമുക്കു നഷ്ടപ്പെട്ടിരിക്കുന്നത്..
ഇന്ന് ലച്മുക്കുട്ടിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് ഈ വരികളാണ്...
നാലാമിടം "http://www.nalamidam.com "
മഞ്ഞില്‍ മറയാതെ അവളുടെ കാല്‍പ്പാടുകള്‍:-
“നാം സ്നേഹം കാണിക്കാതിരുന്നാ
നമ്മെ സ്നേഹിക്കുന്നവരും അകന്നു പോകും.
അതാ ലോക നടപ്പ്. പിന്നീട് ആ സ്നേഹം തിരികെ കിട്ടാന്‍ ആഗ്രഹിക്കും. അപ്പോ കിട്ടിയെന്നു വരില്ല”.
അയല്പക്കങ്ങളില് നിന്ന് അകന്ന് സ്വപര്യാപ്തമായ ഒരു വീട് അതിനുള്ളില്‍ ഒരോരുത്തര്‍ക്കും സ്വപര്യാപതമായ അടയ്ക്കുവാന്‍ സാധിക്കുന്ന വാതിലുള്ള മുറി..
ചുരുക്കത്തില്‍ വീട്ടിനുള്ളിലുള്ളവര്‍ പോലും അങ്ങോട്ടും ഇങ്ങോട്ടും കൊടുത്തും വാങ്ങിയും അല്ല ജീവിക്കുന്നതെന്ന് ചുരുക്കം..
...തികച്ചും കാര്യമാത്രപ്രസക്തമായ സത്യങ്ങൾ തന്നെ. ഏകദേശം ഇക്കാര്യങ്ങളും അതിനുള്ള പ്രതിവിധികളും, പല പോസ്റ്റുകളിലായി ലിപി രഞ്ജു ഉൾപ്പെടെ നിങ്ങൾ ‘നാളത്തെ കേരള’ത്തിൽ എഴുതിയിരുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ഇതിലും ‘ക്രിയാത്മകമായി പാലിക്കേണ്ടതി’നെപ്പറ്റി, ഓരോ ഖണ്ഡികയുടേയും കൂടെ ഓരോ വാചകമെങ്കിലും വായനക്കാർ പ്രതീക്ഷിക്കുന്നത്, ‘എച്മു’വിന്റെ എഴുത്തായതുകൊണ്ടാണ്. നല്ല ‘വിമർശനം’ എന്ന നിലയ്ക്ക് ശ്രദ്ധിക്കേണ്ടുന്ന പ്രധാനപ്പെട്ടവയൊക്കെ നല്ലതുപോലെ പറഞ്ഞു. എന്തെഴുതിയാലും അതിനുകൊടുക്കുന്ന അർത്ഥവത്തായ ശീർഷകം മഹത്തരമാക്കുന്ന പ്രാഗത്ഭ്യത്തെ പുകഴ്ത്തുന്നു. ഭാവുകങ്ങൾ....
പഴയ അയൽവക്കബന്ധം തന്നെയായിരുന്നു നാട്ടിനു നല്ലത്. അന്ന് ഓരോരുത്തരും മുണ്ടുമുറുക്കിയുടുത്തിട്ടായിരുന്നെങ്കിലും സമാധാനമുണ്ടായിരുന്നു. കാരണം, അയൽപക്കക്കാരന്റെ സന്തോഷവും സമാധാനവുമായിരുന്നു ഞങ്ങളുടേതും..
ശരിയാണ്....
എല്ലാവർക്കും ഇപ്പോൾ അവരവർ മാത്രം മതി. അയൽപ്പക്കത്തെ വീട്ടിൽ എന്തു സംഭവിച്ചാലും നമുക്ക് ഒന്നുമില്ല. അതെല്ലാം ടി വിയിലെ പ്രധാന വാർത്തയായോ പത്രത്തിലെ ബോക്സ് ന്യൂസായോ പുട്ടും കടലയ്ക്കും ഒപ്പം മാത്രം അറിയാനാണ് നാം ആഗ്രഹിയ്ക്കുന്നത്. “ഞങ്ങള്‍ ഗുണത്തിനില്ല, ഒരു ദോഷത്തിനും ഇല്ല“ …….
എന്നതാണ്
അയലക്കം വേണ്ടാന്നുവെക്കുന്ന മാലായാളികളുടെ/നമ്മുടെ പുത്തൻ പരിഷ്ക്കാര മുദ്ര...!
നാം ഓരോരുത്തരും അവനവനിസത്തില്‍ പി എച് ഡി എടുത്തു കൊണ്ടിരിക്കുകയല്ലേ...അതുകൊണ്ട് തന്നെ കൂറ്റന്‍ മതിലുകളും ഗെയിട്ടുകളും എല്ലാം നമ്മെ പരസ്പരം അകറ്റി കൊണ്ടിരിക്കുന്നു. മികച്ച ചിന്ത ചേച്ചി
ഒരുപാട് ചിന്തിപ്പിക്കുന്ന പോസ്റ്റ് എച്മൂ.. ഓരോ തവണ നാട്ടില്‍ വെക്കേഷന് പോകുമ്പോഴും, അടുത്ത വീട്ടിലൊക്കെ പോകുന്നതൊക്കെ വളരെ സന്തോഷമുള്ള കാര്യമായിരുന്നു.. ഇപ്പൊ, ചിലപ്പോഴെങ്കിലും, ഈ പെണ്ണെന്തിനാ ഇങ്ങോട്ട് കാര്യം അന്വേഷിക്കാന്‍ വരുന്നത് എന്ന് തോന്നുന്നുണ്ടോ എന്ന് കരുതി, പോകാന്‍ ഒരു മടി.. കാലം മാറി ..ഒപ്പം ആളുകളും.. ഇനിയൊരിയ്ക്കലും പണ്ടത്തെ അയല്‍ ബന്ധമൊന്നും ഉണ്ടാകും എന്ന് തോന്നുന്നില്ല.ഫ്ലാറ്റ് സംസ്കാരവും , ടിന് ഫുഡും ഒരിയ്ക്കലും അയല്‍ക്കാരെ ആശ്രയിക്കേണ്ടി വരുത്തുന്നില്ലല്ലോ.. നല്ല ഓര്‍മ്മകള്‍ അയവിറക്കാം.
ഞാന്‍ ചെപ്പില്‍ വായിച്ചു അഭിപ്രായം അപ്പോള്‍ തന്നെ എച്ചുമുവിനെ മെയിലില്‍ അറിയിച്ചിരുന്നു ,കിട്ടിയിരിക്കുമെല്ലോ!എച്ചുമുവിന്റെ ലേഖനങ്ങള്‍ വായിക്കുമ്പോള്‍ മനസ്സിനൊരു സുഖമാണ്.
സമൂഹവുമായി സംവദിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഓരോന്നായി നമ്മള് അടര്‍ത്തിമാറ്റിക്കൊണ്ടിരിക്കുന്നു ... അയല്പക്കം മതില് കെട്ടിയും . . . യാത്രക്കിടയില്‍ , പ്രഭാത സവാരിക്കിടയില്‍ , ഒക്കെഉണ്ടായിരുന്ന സംഭാഷണങ്ങള്‍ ഇയര്‍ഫോണ്‍ ചെവിയില്‍ കുത്തിയും ....
പിന്നെ മിനേഷ് പറഞ്ഞപോലെ അവനവനിസത്തില്‍ പി എച്ച് ഡി എടുക്കുന്ന മനുഷ്യര്‍ ... കൊള്ളാം ആ പ്രയോഗം..
ഒരു സമൂഹം മുഴുവൻ അടഞ്ഞ മുറിക്കുള്ളിലേക്ക് വലിയുന്നതിലെ വേവലാതി ഉണ്ട് ഈ കുറിപ്പിൽ. അതെ , ഗുണത്തിനൂല്യ, ദോഷത്തിനൂല്യ എന്ന ഒരു മനോഭാവം. ഇത് എവിടെക്കൊണ്ടെത്തിക്കുമോ ആവോ? ആശങ്കയിൽ പങ്കു ചേരുന്നു.
നല്ല വിഷയം നല്ല അവതരണം.ഇതൊക്കെ വായിച്ചു വേദനിക്കുന്ന നമ്മൾ ബൂലോകർ വാതിലുകൾ പുറത്തേക്കും തുറക്കും എന്നു പ്രതീക്ഷിക്കാം. അങ്ങനെയൊരുകാലം വരും.
നല്ല ലേഖനം
ഇനിയെങ്കിലും മനുഷ്യന് മനുഷ്യനായെങ്കില്‍ ......
സ്വന്തം കാര്യം സിന്ദാബാദ് എന്ന് ചിന്താഗതി വളര്‍ന്നു കഴിഞ്ഞു.
ഞങ്ങളുടെ നാട്ടിലൊക്കെ ഇപ്പോഴും അയല്പക്കങ്ങള്ക്ക് അതിന്റേതായ സ്ഥാനമുണ്ട്, ഓരോ കുടുംബങ്ങളിലും എന്ന് ആലോചിയ്ക്കുമ്പോള്‍ ഒരു സന്തോഷം...
എച്ച്മുക്കുട്ടി സര്‍ഗ്ഗപ്രതിഭയുടെ തീജ്വാലയാണ്, അക്ഷരാര്‍ത്ഥത്തില്‍ 'കല' തന്നെയാണ്- പേരില്‍ മാത്രമല്ല.
കുതിച്ചു നീങ്ങുന്ന കാലം എന്ന നിത്യസത്യത്തെ കണ്ടു കണ്ണടക്കാതെ, അതിന്റെ ഒഴുക്കില്‍ കിട്ടുന്ന പരുക്കില്‍ നൊന്തിട്ടാണെങ്കില്പോലും പത്രഭാഷയില്‍ പരാതിപ്പെട്ട് ചലിപ്പിക്കേണ്ട തൂലികയല്ലിത്.
സുഹൃത്ത് Abdulkader kodungallur ആത്മാര്‍ത്ഥമായി നല്കിയ ഉപദേശങ്ങള്‍ക്കു കീഴില്‍, ഒട്ടും അവകാശമില്ലാഞ്ഞിട്ടാണെങ്കില് പോലും, ഞാനും കയ്യൊപ്പ് പതിപ്പിക്കുന്നു.
By the way, there is nothing wrong in illustrating the sweeping changes that come along with the astronomical material advancement and the subsequent infrastructural developments and its inexorable impact on the state of social environment. Nevertheless, you cannot escape from mentioning the root cause of it analytically while you amplify the consequences. It is easily said than done. In effect, we must admit, we all have significant roles in this seemingly gigantic problem.
പണ്ട് ഒരു വലിയ ലോകോത്തര ബിസിനസുകാരൻ തന്റെ മകനെ ബിസിനസ് കാര്യങ്ങൾ പഠിക്കാനായി തന്നെ പോകാൻ പറയുന്നതും തിരിക വരുമ്പോൾ " മോനെ നിനക്കിപ്പോൾ എവിടെ പോയാലും അവിടെ ഒക്കെ കയറി കിടക്കാൻ ഒരു വീടുണ്ടോ?" എന്നു ചോദിച്ചതും ആയ കഥ ഓർത്തു പോയി ആദ്യം. പിന്നീടങ്ങോട്ട് ആണ് എഴുത്തിലെ പ്രമേയത്തിന്റെ ശക്തി ശ്രദ്ധിച്ചത്
ഭാവുകങ്ങൾ
Nannaayirikkunnu theerchayaayum namukkithellaam nashttappedum...
oru dheerkka niswaasam allaathey ...
mattonnum parayaan kazhiyunnilla thante ee changaathikku...
Sasneham
Salildas Gopi
Oman
Nalla likhanam
Aashamsakal
ലേഖനം നന്നായി. ആശംസകള്‍
Other is hell. എന്ന് സാര്‍ത്ര് പറഞ്ഞത് ഓര്‍ക്കുന്നു
ഉറക്കെയുള്ള ഈ ചിന്തകള്‍ ഇഷ്ടമായി..ആശംസകള്‍..
തികച്ചും കാര്യമാത്രപ്രസക്തമായ ഒരു ലേഖനം. അവനവാത്മസുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായിക്കൂടി വരേണം എന്ന ഗുരു ചിന്തയൊക്കെിന്ന് ആളുകളുടെ മനസ്സിൽ വെറുമൊരു 'കുരു' ചിന്തയായി മാറിയിരിക്കുന്നു. ഈ 'അവനവനിസം' നമ്മെ എവിടെ എത്തിക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം. ആശംസകൾ.
കുടുംബ മാധ്യമത്തിൽ വായിച്ചിരുന്നു.നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
ശക്തി ചോര്‍ന്നുപോകാതിരിക്കാന്‍ ഉള്‍വലിഞ്ഞ് സ്വയം ചെറുതാകുകയും, നിര്‍വീര്യരാകുകയും ചെയ്യുന്ന വ്യക്തികളുടേയും കുടുംബത്തിന്റേയും, സമൂഹത്തിന്റേയും, രാജ്യത്തിന്റേയും വര്‍ത്തമാന കാലത്തെ സ്പഷ്ടമായും ഹൃദ്യമായും വരച്ചുകാണിക്കുന്ന പോസ്റ്റ് മനോഹരമായിരിക്കുന്നു. സമൂഹത്തിന്റെ വികാസ പരിണാമത്തിന്റെ ഓരോ ഘട്ടങ്ങളിലൂടെ കാലം കടന്നുപോക്കുമ്പോള്‍ സമൂഹം ഇങ്ങനെയൊക്കെ ആയിത്തീരാന്‍ സാംസ്ക്കാരികവും,സാമ്പത്തികവും, രാഷ്ട്രീയപരവുമായെ കാരണങ്ങളുണ്ടായിരിക്കണം. അതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് അസാധാരണമായ വിധത്തിലുള്ള പണത്തിന്റെ ഒഴുക്കാണ്.ആ ഒഴുക്കിനെ പരമാവധി തങ്ങളുടെ വരുതിക്കകത്ത് തടഞ്ഞുനിര്‍ത്തി കഴിവുള്ളവരെന്ന് സ്വയവും അന്യരേയും ബോധ്യപ്പെടുത്താനുള്ള പെടപ്പാടിലാണ് നാം. കാരണം അങ്ങനെ പെരുമാറാനാണ് നമ്മുടെ പൊള്ളയായ സംസ്ക്കാരവും,തെറ്റായ ചരിത്രജ്ഞാനവും, ശുഷ്ക്കമായ രാഷ്ട്രീയബോധവും നമ്മെ പ്രേരിപ്പിക്കുന്നത്. സ്വന്തം അച്ഛനും അമ്മക്കും ബന്ധുവിനും ചന്തം പോരെന്നു തോന്നി സ്വന്തംഅച്ഛനെ മാറ്റിപ്പറയുന്ന മലയാളിയുടെ യഥാര്‍ത്ഥ സംസ്ക്കാരത്തെ നാം പണവും പത്രാസുംകൊണ്ട് ആകര്‍ഷകവും അഭിമാനകരവുമാക്കി ആധുനികരാകാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം ആത്മപരിശോധനകളുടെ വേലിയേറ്റങ്ങളും സുനാമികളും ആഞ്ഞടിക്കേണ്ടത് ആവശ്യമാണ്.
അഭിനന്ദനങ്ങള്‍ !!!
അച്ഛനെ മാറ്റിപ്പറയുന്ന മലയാളിക്കൊരു ചിരിമരുന്ന്
നല്ല ലേഖനം എച്ചുമു...
ശരിയാണ്. നമ്മളകത്തേക്കു മാത്രം തുറക്കുന്ന വാതിലുകളായി മാറിപ്പോയി.ഇനിയിപ്പോള്‍ നമ്മള് പുറത്തേക്കൊന്നു തുറക്കാമെന്നു വെച്ചാല്‍തന്നെ ആ വാതിലിന്റ കട്ടിളപ്പടിവരെ ഇളക്കി ദൂരെ എറിയും. ഇല്ലെങ്കിലെച്ചുമെ ഒന്നു ശ്രമിച്ചു നോക്കുക. തലസ്ഥാന നഗരിയിലെ ഏതേലും അയല്‍വക്കത്തെ കാര്യത്തിനൊന്ന് ഇടപെട്ടു നോക്കുക. അപ്പോള്‍ മനസ്സിലാകും. അപ്പോളവിടെ ഇസം വരും ജാതിവരും എല്ലാം വരും. മനുഷ്യന് അങ്ങിനെ തന്നിലേയ്ക്ക് ഉള് വലിഞ്ഞു. ആക്കി തീര്‍ത്തു എന്നും പറയാം. അതാണ് വാസ്തവം. നമുക്ക് ഇങ്ങിനെ എഴുതാനെ പറ്റു.നല്ല ലേഖനം. അഭിനന്ദനങ്ങള്‍.
വളരെ പ്രസക്തമായ വിഷയം....
അണുകുടുംബങ്ങള്‍ മാത്രം നിറയുന്ന നഗരത്തിന്റെ ശാപം...
മിനിയാന്ന് ഒരു കാര്യം സംബവിച്ചു കാലത്തു വൈദ്യുതി മുടങ്ങിയതു ഓര്‍ക്കാതെ വീടു പൂട്ടിപ്പോയ ഞാന്‍ ടിവി ഓഫാക്കിയില്ല. വൈകിയതു കാരണം വീട്ടില്‍ പോകാതെ രാത്രി വണ്ടിക്ക് നാഗര്‍കോവിലിലേക്കു പോയി. അയല്പക്കവുമായി നല്ല സൌകൃതമായതിനാല് അവര്‍ വീട്ടിലെ ഫ്യൂസ് ഊരിവച്ച് സഹായിച്ചു.....കാരണം എന്റെ വീടിന്റെ വാതിലുകള്‍ ഞാന്‍ ആരുടെ മുന്നിലും കൊട്ടിയടക്കാറില്ല.
സ്വപ്നലോകത്തു ജീവിക്കുന്നവര്‍ യാഥാര്ത്യം മനസിലാക്കി വരുമ്പോളേക്കും പലതും കൈവിട്ടുപോയിട്ടുണ്ടാവും.
നമ്മൾ നമ്മെപ്പറ്റിമാത്രമാണിപ്പൊൾ ചിന്തിക്കുന്നത് ആ ചിന്തയുള്ളവർക്ക് അയൽവക്കം അയലത്തുള്ള വക്കമായ് അവശേഷിക്കുന്നു.സത്യം സത്യമായ് പറഞ്ഞതിനാശംസകൾ...
വെറും പ്രാര്‍ഥന കൊണ്ട് കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടുകയും അയല്പക്കക്കാര്ക്ക് ചെറിയ ചെറിയ സഹായം പോലും ചെയ്യാത്തവരെ വിമര്‍ശിച്ചുംകൊണ്ടുള്ള വേദപുസ്തകത്തിലെ അധ്യായം ഓര്‍ത്തു.
തികച്ചും പ്രസ്ക്തമായ കുറപ്പിന് ഒരായിം അഭിനന്ദനങ്ങള്‍.
പുറത്തേയ്ക്കും മലര്‍ക്കെ തുറക്കുന്ന വാതിലുകള്‍ ഉണ്ടാവട്ടെ!
'കുടുംബമാധ്യമ'ത്തില്‍ എഴുതിയ ലേഖനം-ചോര്‍ന്നു പോകുന്ന സമയത്തുള്ളികള്‍-വായിച്ചിരുന്നു. നല്ല ലേഖനം. ആശംസകള്‍!
യച്ചുമു എത്ര പരമാര്‍ത്ഥങ്ങളാണ് മൂച്ച് വിടാമെ പറഞ്ഞു തീര്‍ത്തത്!
അഭിനന്ദനങ്ങള്‍ യച്ചുമൂ! അഭിനന്ദനങ്ങള്‍!
ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍...!!
വേലിക്കപ്പുറവും ഇപ്പുറവും നിന്ന് ‘പരദൂഷണം‘ പറയുന്ന പെണ്ണുങ്ങളെ കാണാന്‍ കൊതിയാവുന്നു.
വീട്ടില്‍ നിന്ന് നീട്ടി ഒരു വിളി വന്നാല്‍ ‘ദാ ഇപ്പൊ വന്നു, നീ പോവല്ലേ..” എന്ന് പറഞ്ഞോടുന്നവര്.
“അല്ല,ഗോയിന്നേട്ടാ, ഇക്കൊല്ലം ചേമ്പിനത്ര ഉഷാറ് കാണ്ണില്യല്ലോ, ന്താ ഇടവളം ഇട്ടില്യേ?’ എന്ന് ചോദിക്കുന്ന ബീരാനിക്ക.
“ ഗോപിയേയ്..പൂയ്...വേം വാടാ, അമ്പലക്കുളത്തില്‍ കുളിക്കാമ്പോവാ...‘ന്ന് വിളിക്കുന്ന കൂട്ടുകാരന് രാജന്.
-ഒക്കെ സ്വപ്നത്തില്‍ മാത്രം!!
എച്മുട്ടീ, കീപ് ഇറ്റ് അപ്!
എച്ചുമു വിവരിക്കുന്ന പ്രശ്നങ്ങള്‍ നമ്മുടെ സമൂഹം നേരിടുന്ന ഒരു രോഗത്തിന്റെ ലക്ഷണങ്ങള്‍ ആണ്. അല്ലെങ്കില്‍ നാം ഇന്ന് ആശങ്കയോടെ മനസ്സിലാക്കുന്ന നമ്മുടെ പരിണാമം ആണ്. എന്താണ് രോഗം എന്നു അന്വേഷിക്കുമ്പോള്‍, അതിന്റെ കാര്യ കാരണങ്ങളിലേക്ക് ഇറങ്ങിചെല്ലുംബോള്‍ ലേഖനം കാര്യമാത്ര പ്രസക്തമാകും. ചിത്രകാരന് അത്തരം ചില ചിന്തകള്‍ക്ക് തുടക്കം കുറിച്ചത് നന്നായി.
മലര്‍ക്കെ തുറന്നിടുന്ന വാതിലുകള്‍ക്ക് പകരം ഇന്ന്കൊട്ടിയടക്കപ്പെടുന്ന കൊട്ടാര വാതിലുകളായി.. അയല്പക്കം എന്നത് അന്യാമായിരിക്കുന്നു. തന്റെ ചുറ്റുവട്ടത്തുള്ള 40 വീടുകള്‍ തന്റെ അയല്‍ വാസികളായി പരിഗണിക്കണമെന്നുള്ള മഹത് വചനം ഇന്നാരും ഓര്‍ക്കാതെയായി.. തൊട്ടടുത്ത് പട്ടിണിയുമായി മണ്ണ് തിന്ന് മരിക്കുമ്പോഴും നാം അടച്ചിട്ട ശീതീകരിച്ച കൊട്ടാരത്തിനുള്ളില്‍ മയക്കത്തിലാണ്..
സാമൂഹിക തിന്മകള്ക്ക് / ജീര്‍ണ്ണതകള്‍ക്ക് നേരെ തുറന്ന് വെച്ച ഈ മനസും കണ്ണും ആരുടെയെങ്കുലുമൊക്കെ മനസില്‍ ഹൃദയത്തില്‍ വെളിച്ചമേകാതിരിക്കില്ല. ആശംസകള്‍
പണ്ടുള്ളവര്‍ പരിമിതിയില്‍ നിന്ന് കൊണ്ട് വലിയ ലോകത്തെ സ്വപനം കണ്ടു
ഇപ്പോള്‍ ഉള്ളവര്‍ എല്ലാ സൌകര്യങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ചെറിയ ലോകത്തിലേക്ക് ചുരുങ്ങുന്നു
നല്ല തലവാചകം. അതിനൊത്ത കാര്യങ്ങൾ..മറ്റ് രചനകളെ അപേക്ഷിച്ച് നോക്കുമ്പോൾ വാക്കുകളിലെ തീഷ്ണതക്ക് ചെറിയ കുറവുണ്ടെന്ന് മാത്രം.... എന്നാലും ഇത്തരത്തിൽ ഒരു ചിന്ത കലയുടെ തൂലികയിലേ പിറക്കൂ... അഭിനന്ദനങ്ങൾ..
എച്മു... നല്ല ഒരു ഓര്‍മ്മപ്പെടുത്തല്‍. നാട്ടില്‍ വരുമ്പോള്‍ ആണ് ഭാവിക്കുന്നത് തന്നെ. ഇവിടെ കുറച്ചു കൂടി വിശാലമാണ് ലോകം എന്നു തോന്നാറുണ്ട്.
മനസ്സിന്റെ വാതിലുകള്‍ പുറത്തേക്കു കൂടി തുറന്നു വക്കുന്നുവെങ്കില്‍ ഇങ്ങനെയ്യാവില്ല ലോകം എത്ര പുരോഗമിച്ചാലും അല്ലെ? പ്രതിവിധികളും ചുറ്റുവട്ടത്തില്‍ തന്നെയുണ്ടാവുമല്ലോ...
ഇനിയും വരാം..
പറഞ്ഞത് സത്യം.
ശാപം കിട്ടിയ ജന്മം ആണ് TV യുടേത്. മനുഷ്യന്റെ എല്ലാ കൊള്ളരുതായ്മള്ക്കും പഴി കേള്‍ക്കാനുള്ള ഒരു പെട്ടി.
മനുസ്യൻ കൂടുതൽ സെല്‍ഫിഷായി കൊണ്ടിരിക്കുന്നു. വിശാല മനസ്സുകൽക്ക് സമൂഹം നൽകുന്ന പാ0മായിരിക്കാം അതിനുകാരണം.
മനുഷ്യ മനസ്സുകളില്‍ മതിലുകള്‍ പണിതുകഴിഞ്ഞു...!
നല്ല ചിന്ത... നല്ല എഴുത്ത്...
വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പ്രശസ്തമായ ഇംഗ്ലീഷ് കഥ വായിച്ചു.ഒരു ചിത്രകാരന് നല്ല ഒരു വീട് വരച്ചു..അതിന്റെ മുമ്പില്‍ കാത്തു നില്ക്കുന്ന ഒരു വൃദ്ധനും...സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം ഒരു സുഹൃത്ത് അദ്ദേഹത്തോട് പറഞ്ഞു.ഞാന്‍ ഒരു കുറവ് കാണുന്നു ഇതില്‍.ആ വീടിന്റെ വാതിലിനു കൈപിടി ഇല്ല എന്ന്.അപ്പൊ ചിത്രകാരന് പറഞ്ഞു.വീടിനു വെളിയില്‍ കാത്തു നില്‍ക്കുന്നത് ദൈവം ആണ്..അകത്തേക്ക് തുറക്കാന്‍ ആ വാതിലിന്റെ കൈപിടി അകത്തു ആണ് ഉള്ളത്.ഉള്ളിലുള്ള മനുഷ്യന് ആ കൈപ്പിടിയില്‍ ഒന്ന് കൈ വെയ്ക്കാന്‍ വളരെ നാളുകള്‍ ആയി പുറത്തുള്ള ദൈവം കാത്തു നില്ക്കുക ആണ് എന്ന്..!!ഇവിടെയും അകത്തുള്ളവരുടെ attitude അത് തന്നെ...തുറക്കാന്‍ മടി....നന്നായി എഴുതി എച്മു..
നൂറായിരം അഭിനന്ദനങ്ങള്‍ , ഈ ലേഖനം എല്ലാവരും വായിച്ച് മനസ്സിലാക്കേണ്ടതുണ്ട്. കല ചേച്ചി ഇവിടെ പറഞ്ഞത് പോലെ സ്വന്തത്തിലേക്ക് ഇഴുകിച്ചേറ്ന്ന് സ്വാര്‍ത്ഥരായി ജീവിതം മുന്നോട്ട് നയിക്കുന്നതിന്റെ പ്രധാന കാരണം ടെലിവിഷന്റെ ആവിര്‍ഭാവം തന്നെയാണ്. ഒഴിവ് സമയങ്ങളില്‍ അയല്പക്കങ്ങളില് പോയി സൊറ പറഞ്ഞിരുന്ന് സമയം കളഞ്ഞിരുന്നവര്‍ ഇപ്പോള്‍ ആ സമയം റ്റെലിവിഷന് പ്രോഗ്രാമുകളില്‍ വ്യാപൃതമായിരിക്കുകയാണ്. ഒാരോ എപ്പിഡോസും മുടങ്ങാതെ കാണുന്ന അവര്‍ അയല്‍പക്കങ്ങളിലേക്കുള്ള അകല്‍ച്ച ദിനം പ്രതി കൂട്ടി കൊണ്ടിരിക്കുകയാണ്. എന്റെ കാഴ്ചപ്പാടില്‍ ഈ അകല്‍ച്ചക്കുള്ള പ്രധാന കാരണം ടെലിവിഷനും പിന്നെ എല്ലാവരും സ്വയം പര്യാപ്തത പ്രാപിച്ചതുമാണ്. പണ്ടൊക്കെ പഞ്ചായത്ത് കിണറില്‍ നിന്നും വെള്ളം കോരാന്‍ വരുന്നവരുടെ സമ്മേളനം കിണറ്റില്‍ കരയില്‍ കാണാം. ഇന്നോ... കാലം പുരോഗമിക്കുന്നതിനനുസരിച്ച് മനസുകള്‍ തമ്മില്‍ അടുക്കാനാവാത്ത വിധം അകന്ന് പോയിക്കൊണ്ടിരിക്കുന്നു.
ബന്ധങ്ങള്‍ക്ക് അല്ല ബന്ധനങ്ങള്‍ക്ക് ആണ് ഇന്ന് പ്രാധാന്യം
ലേഖനം നന്നായി. ആശംസകള്‍
വിശാലമനസ്സുകള്‍ മരിച്ചുകൊണ്ടിരിക്കുന്ന ലോകത്തെക്കുറിച്ചുള്ള ആശങ്കകള്‍ ..
നന്നായി അവതരിപ്പിച്ചു.
വീട്ടില്‍ ടി.വി വാങ്ങി വെയ്ക്കാത്തതിനാല്‍, വീട്ടില്‍ ചെന്നാല്‍ ഒരുപാട് സമയമുണ്ട്. കറങ്ങാനും കളിക്കാനും :)
പോസ്റ്റ് നന്നായി. എല്ലാവരും ഒരേ വഴിയേ വേഗത്തില്‍ സഞ്ചരിക്കുന്നു. ആരെങ്കിലും പതിയെ പോയാല്‍ അതു തന്നെ നേട്ടം.
പക്ഷേ ഏച്ചുമു തൊട്ടയല്‍പക്കക്കാര്‍ പരിചയമാവും മുന്‍പെ ബെഡിങ്ങും ക്രോക്കറിയുമൊക്കെ തുടങ്ങി കടം ചോദിച്ചുകൊണ്ടുപോയിത്തുടങ്ങിയപ്പോള് മറ്റുള്ള അയല്‍ക്കാര്‍ എന്റെ മഹാമനസ്കതയെ പുച്ഛിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് എന്റെ വീട് എന്റേത് മാത്രമെന്ന് ഡിക്ലെയര്‍ ചെയ്യേണ്ടി വന്നു.... അവര്‍ ചിലപ്പോ ഒരുപകാരോമില്ലാത്ത അയല്‍ക്കാരെപ്പറ്റി ബ്ലോഗെഴുതിയിട്ടുണ്ടാവും..:)
നല്ല ചിന്തകള്‍ , കല...അഭിനന്ദനങ്ങള്‍ ..ഒന്നു ചോദിച്ചോട്ടെ, നമ്മുടെ കൂട്ടത്തില്‍ എത്ര പേര്‍ക്ക് തുറന്ന വാതിലുകളുള്ള വീടുണ്ട്?ഞങ്ങളുടെ വീട് പൂട്ടാറില്ല,പുറത്തു പോകുമ്പോള്‍ പോലും..വീട് പൂട്ടുക എന്നത് ഒരു അസ്വസ്ഥതയാണ് മക്കള്‍ക്കുള്‍പ്പടെ...നാട്ടിന്‍പുറമെന്ന അനുകൂല സാഹചര്യം ഉള്ളതുകൊണ്ടാവാം...മോഷ്ടിക്കപ്പെടാനായി ഒന്നുമില്ലെന്നതും...ഉണ്ടെങ്കിലും പൂട്ടുമോ വാതില്‍?സംശയം..
വളരെ പ്രസക്തമായ കാര്യമാണ് എച്മു പറഞ്ഞത്. ഒരു പക്ഷെ പഴയ കൂട്ടായ്മയെപ്പറ്റി അറിയാത്ത പുതു തലമുറയ്ക്ക് ഇത് മനസ്സിലാവില്ലായിരിക്കാം. പരസ്പരം ഇടപഴകി കഴിഞ്ഞ ആ ഗ്രാമജീവിതം ഒരു നിമിഷം ഓര്‍ത്തു വേദനിച്ചു പോയി.
കിടിലന്‍ പോസ്റ്റ് ! സാമൂഹ്യ പ്രസക്തം ! ഓര്‍മ്മപ്പെടുത്തല്‍ ..!
Man is supposed to be a "social" animal. Unfortunately the first part is no more in context these days.. So that would mean " Man has become less social and more of "animal "
"അന്യന്" എന്നാ വാക്ക് ഒരു നാടിന്റെ സംസ്കാരവും ആയി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു .. എന്ത് കൊണ്ടാണ് അപ്പുറതുള്ളവരെ അന്യരായി ക്കാണാന്‍ നാം ആഗ്രഹിക്കുന്നത് എന്നത് ഒരുപാട് സാമൂഹിക മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിഷയമാണ് .. അന്യനെ നാം അങ്ങനെ നിര്‍വ്വചിക്കുന്നു ..? അവിടെ ഇതിനുത്തരം ഉണ്ട്..!!
തീര്‍ച്ചയായും ഓരോ വീടിന്റെയും മുറിക്കുള്ളിലേക്ക് ഒരു വേര്ച്ച്യുല് സമൂഹം ടി വി യിലൂടെ കയറി വന്നപ്പോള്‍ , പുറത്തുള്ള യഥാര്‍ത്ഥ സമൂഹത്തോട് നമുക്ക് പുച്ചമായി ..സുന്ദരന്മാരും സുന്ദരികളും , ഗ്ലാമര്‍ താരങ്ങളും ഒക്കെ നിറയുന്ന ടി വി മതിയല്ലോ നമ്മെ സമൂഹ ജീവിയാണ് എന്ന് ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കാന്‍ .. ടി വി മാത്രമോ..അപ്പൊ ഇന്റര്‍നെറ്റ് --ബ്ലോഗ് ..!! ഹ ഹ പറഞ്ഞു വന്നാല്‍ , വെര്ചുഅല് സമൂഹം എവിടെയുണ്ടോ അവിടെയെല്ലാം യഥാര്‍ത്ഥ സമൂഹത്തിനു കിട്ടേണ്ട സമയം അപഹരിക്കപ്പെടുന്നു എന്ന് പറയാം .. അത് കാലത്തിന്റെ ഒരു രീതി ..അല്ലാതെന്തു പറയാന്‍ ..
മതില് കേട്ടുന്നതിന്റെ മനശാസ്ത്രം : അടിസ്ഥാനമായി നായ തന്റെ അതിര്‍ത്തിയില്‍ മുള്ളുന്നതിനു പിന്നിലെ മനശാസ്ത്രം തന്നെ ..Man is social and territorial at the same time ..അത് അടിസ്ഥാന അതിജീവനത്തിന്റെ പ്രശ്നം ..വിഭവങ്ങളുടെ അപര്യാപ്തത , ശേഖരണം സുരക്ഷിതമാക്കല്‍ എന്നതുമായി ചേര്‍ത്ത് വായിക്കേണ്ട വിഷയം ..പരിണാമ ശാസ്ത്രവും സാമൂഹിക ശാസ്ത്രവും അതിനുത്തരം പറയും ..പക്ഷേ ...പക്ഷേ...
പക്ഷെ....
പ്രാകൃതമായ സാഹചര്യങ്ങളില്‍ അനുപെക്ഷിനീയമായി വരുന്ന ഈ ചോദനകള്‍ ( struggle for existance in a competative enviorment ) , പ്രാക്രുതമാല്ലാത്ത ഒരു സംസ്കാരം വാര്‍ത്തെടുത്ത ആധുനിക മനുഷ്യന് കൂടെ കൊണ്ട് നടന്നു പ്രദര്‍ശിപ്പിക്കേണ്ട ആവശ്യമില്ലല്ലോ .. അവിടെയാണ് സമൂഹം മനുഷ്യനെ എങ്ങനെ ആണ് വാര്‍ത്തെടുക്കുന്നത് എന്നാ ചിന്ത പ്രസക്തമാകുന്നത് .. അതിനു സമൂഹം ഉപയോഗ്ക്കുന്ന രണ്ടു ടൂള്‍സ് -1 .നമ്മുടെ വിദ്യാഭ്യാസം 2 . നമ്മുടെ സംസ്കാരം ( കല, മാധ്യമം, സവേദിക്കപ്പെടുന്നതെന്തും ) - ആ ടൂള്‍സിനെ ആരാണ് നിയന്ത്രിക്കുന്നതും , മെച്ചപ്പെടുതുന്നതും എന്ന ചോദ്യം ..!!
മതില് കെട്ടി തിരിക്കുന്നതിനു പിന്നില്‍ വ്യക്തികള്‍ മാത്രമല്ല , അപരനോട് ഭയവും വെറുപ്പും അന്യതാബോധവും പുലര്‍ത്താന്‍ ആവശ്യപ്പെടുന്ന ,അത്തരം മതിലുകള്‍ക്ക് സിമന്റും ഇഷ്ടികയും യെധേഷ്ടം സപ്പ്ലൈ ചെയ്യുന്നത് സമൂഹത്തിലെ ഏറെ കൊണ്ടാടപ്പെടുന്ന ജീര്‍ണ സംസ്കാരങ്ങളും പാവനവും പരിശുദ്ധവും എന്ന് കൊട്ടിഖോഷിക്കപ്പെടുന്ന മത ബോധവും അവ കലക്കി കൊടുക്കുന്ന സ്വത്വം ടോണിക്കായി ചെറുപ്പത്തിലെ നുകര്‍ന്നും അത് കൊണ്ട് തുന്നിയ കുപ്പായങ്ങള്‍ ഒന്നഴിച്ചു വെക്കാന്‍ പോലും മിനക്കിടാതെ രാവും പകലും പേറി നടക്കുന്നത് കൊണ്ടും കൂടിയാണ് ...
അടിസ്ഥാന ബയോളജിയും ജനിതകശാസ്ത്രവും മര്യാദക്ക് ഒന്നാം ക്ലാസ്സിലെ തന്നെ പഠിപ്പിച്ചു എല്ലാവന്മാരെയും മനുഷ്യക്കുഞ്ഞുങ്ങള്‍ ആക്കി മാറ്റിയെടുതാലെ അപ്പുരത്തുള്ളവന് തന്റെ തന്നെ അധികം ഒന്നും വ്യത്യാസമില്ലാത്ത ഒരു ബയോളജിക്കല്‍ ബ്ലൂ പ്രിന്റ് ആണ് എന്നും , അവനും താനുമായി മനുഷ്യന് എന്നാ നിലയില്‍ ശാരീരികവും മാനസികവും ആയി ഏറെ താദാദ്മ്യം ഉണ്ടെന്നും ..അവന്റെ സാന്നിദ്ധ്യം സഹജീവനം എന്നിവ തന്റെ തന്നിലെ മനുഷ്യ ജീനുകളുടെ പ്രകാശനം കൂടുതല്‍ അധികമാക്കി, തന്നെ ഉദാത്തമായ മാനവികതക്കു ഉടമയായി മാറ്റാന്‍ അത്യന്താപെക്ഷിതമാണ് എന്നും , സാരോപദേശം എന്നാ നിലക്ക് മാത്രമല്ലാതെ , ശാസ്ത്രീയമായി തന്നെ കുഞ്ഞുങ്ങളെ മനസ്സിലാക്കിക്കൊടുക്കാന്‍ പൌരബോധമുള്ളവര്‍ (?) മനുഷ്യത്വത്തെ മനസ്സിലാക്കുന്നവര്‍ (?) അവര്‍ വോട്ടു ചെയ്തു ജയിപ്പിക്കുന്ന പ്രതിനിധികള്‍ (?) അവരുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ (!!!) എന്നിവ ചെയ്യേണ്ടതാണ് ..!! വിവാദങ്ങളെ ഭയപ്പെട്ടു പിന്തിരിഞ്ഞു പോയാല്‍ ജയിക്കുന്നത് മാനവികത ആയിരിക്കില്ല ..
സാമൂഹിക ബോധം വ്യക്തി ചിന്തക്ക് വിരുദ്ധമല്ല എന്ന് മാത്രമല്ല അനുപൂരകവും കൂടിയാണ് .. കേവല വ്യക്തി സാമൂഹ്യ ജീവിതം ഇഷ്ടപ്പെടുന്നു .. അവനെ അങ്ങനെ അല്ലാതാക്കുന്നതു കുഞ്ഞു നാളിലെ അവനെ ആക്രമിച്ചു കീഴടക്കുന്ന ചില വിഷ ബീജങ്ങലം വൈറസുകളും ആണ് ... സ്വന്തം ഇമ്മ്യുനിട്ടി കൂട്ടി, ഇമ്മാതിരി വിഷബീജങ്ങളെ സ്വശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും ചവിട്ടി പുരത്താക്കുകയെ സ്വാതന്ത്ര്യ വാന്ച്ചയും ഊര്ര്ധ മുഖത്വവുമുള്ള ഒരാള്‍ക്ക് തല്ക്കാലം കരണീയമായിട്ടുള്ളൂ ..
സോറി ! സംഗതി എഴുതി വന്നപ്പോ കമന്റു ജാസ്തിയായി .. :)
"അടിസ്ഥാന ബയോളജിയും ജനിതകശാസ്ത്രവും മര്യാദക്ക് ഒന്നാം ക്ലാസ്സിലെ തന്നെ പഠിപ്പിച്ചു എല്ലാവന്മാരെയും മനുഷ്യക്കുഞ്ഞുങ്ങള്‍ ആക്കി മാറ്റിയെടുതാലെ ----
അപ്പൊ ഒന്നാം ക്ലാസിനു മുന്നെ മനസിൽ കുത്തിനിറയ്ക്കുന്നത് പ്രശ്നമല്ലെ? :)
അകലെ കിടക്കുന്ന അടുത്ത ബന്ധുവിനേക്കാള്‍ എത്ര നല്ലതാണ് അരികെയുള്ള അയല്‍വാസി എന്നത് ആരറിയാന്‍..?. സ്വന്തം അയല്‍വാസിയുടെ ക്ഷേമം അന്വേഷിക്കാത്തവനെ ഇസ്ലാമില്‍ നരകത്തിന്റെ അവകാശി ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
വാതിലുകൾ അകത്തേയ്ക്ക് മാത്രം തുറക്കുന്നവയായി മാറുന്നു. ക്രോസ്സ് വെന്റിലേഷൻ ഇല്ലാത്ത മുറികളിലെന്ന പോലെ ഒരു ജീർണ്ണമണം വ്യാപിയ്ക്കുന്നു….
ലേഖനം നന്നായി..
മാധ്യമത്തില്‍ ജനുവരിയില്‍ തന്നെ വായിച്ചിരുന്നു. ഒതുക്കി പറഞ്ഞ ചെറിയ വലിയ കാര്യം.
ബ്ലോഗിലാവുംബോഴേ അപ്പോഴേ പ്രതികരിക്കാനാവൂ..
അതെ എച്ചുമു,നമ്മളെല്ലാവരും മാറിപ്പോയി.പണ്ടത്തെ അയല്പക്കങ്ങള് ചേര്‍ന്ന് നടത്തിയിരുന്ന കല്യാണ ആഘോഷങ്ങങ്ങളൊക്കെ കെട്ടു കഥയായി.ഈ ഓര്‍മ്മപ്പെടുത്തല്‍ നന്നായി
അകത്തേക്കു മാത്രം തുറക്കുന്ന വാതിലുകള്‍....
നല്ല ഒരു പ്രയോഗമാണ് കല. അയല്പക്കങ്ങള് ഇല്ലാതവുന്ന നമ്മുടെ കാലത്തെ ശരിക്കും അടയാളപ്പെടുത്തുന്നുണ്ട് ഈ രചന. ഓരോരുത്തരം അവരവരുടെ തോടിനുള്ളിലേക്കു ഉള്‍വലിഞ്ഞ് സുരക്ഷിതരാവാന്‍ ശ്രമിക്കുകയാണ് എന്നത് കാലത്തിന്റെ സത്യമാണ്.ടെലിവിഷന്‍ സ്ക്രീനിലെ മായക്കഴ്ചയിലെ നിഴലുകളാണിപ്പോള് നമ്മുടെ അയല്‍ക്കാര്‍....
- കല പറയാന്‍ ശ്രമിച്ച ആശയം വളരെ പ്രസക്തിയുള്ളതാണ്.ആ രീതിയില്‍ ഈ രചനയുടെ സ്ഥാനം ഉയരത്തിലാണ്. എന്നാല്‍ എഴുത്തിന്റെ നിലവാരം കൊണ്ട് എച്ചുമു എന്ന എഴുത്തുകാരിയുടെ ആവറേജ് നിലവാരത്തില്‍ നില്ക്കുന്നു എന്നാണ് എനിക്കു തോന്നിയത്....
കല ചേച്ചി..
ഇതേ വിഷയത്തില്‍ മാസങ്ങള്‍ക്കു മുന്‍പ് മാത്രുഭൂമിയില്‍ വന്ന "അയല്പ്പക്കങ്ങളില് വേവുന്ന മണം" എന്ന കഥ വായിച്ചതോര്‍ക്കുന്നു.. ശ്രീ മധുപാല്‍ എഴുതിയ ആ കഥ ഒരുള്ക്കിടിലത്തോടെയാണ് ഞാനന്ന്...
അയല്പ്പക്കങ്ങള് നമുക്ക് അകലങ്ങള്‍ ആവാതിരിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു..
സമൂഹ്യപ്രസക്തമായ ഈ വിഷയത്തിന്റെ അവതരണം അല്‍പ്പം കൂടി ഗഹനമാക്കമായിരുന്നു എന്നൊരു അഭിപ്രായമുണ്ട്....
സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന, എല്ലാവരും ചിന്തിക്കേണ്ടിയിരിക്കുന്ന വിഷയത്തെ കുറെ പേരുടെ ശ്രദ്ധയില്‍ പെടുത്തിയതിനു തീര്‍ച്ചയായും ചേച്ചി അഭിനന്ദനമര്‍ഹിക്കുന്നു ...
സ്നേഹപൂര്‍വ്വം
സന്ദീപ്
ലേഖനം നന്നായി, ആശംസകള്‍'........
ആദ്യം നഷ്ടമായത് കൂട്ടുകുടുംബങ്ങളായിരുന്നു. ഇപ്പോള്‍ അയല്പക്കങ്ങളും.
എല്ലാവരും അവരവരിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്നു. പരസ്പരം പങ്കുവയ്ക്കലുകളില്ലാത്ത ഇതിന്റവസാനം ഒരു മഹാവിസ്ഫോടനത്തിലായിരിക്കും എന്ന് അറിയാഞ്ഞിട്ടുമല്ല.....
നല്ല ലേഖനം ആശംസകള്‍.
കാലം മാറുന്നു.മാറുന്ന കാലത്തിനൊപ്പം ശീലങ്ങളും മാറുന്നു.കൂട്ട് കുടുംബങ്ങളില്‍ നിന്നു മാറി മാറി ഇപ്പോള്‍ അണുകുടുംബങ്ങളില്‍ എത്തിനില്‍ക്കുന്നു.ഇനിയും മാറും.കുടുംബം എന്ന വ്യവസ്ഥിതി അധികകാലം നിലനില്‍ക്കില്ല.സ്ത്രീയുടെ സഹനത്തിലും,കണ്ണീരിലുമാണ് കുടുംബം നിലനില്‍ക്കുന്നത്.അവളുടെ തിരിച്ചറിവു ആകെയൊരു പൊളിച്ചെഴുത്തിന് കാരണമാകും.ആരോ പറഞ്ഞതുപോലെ മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാവും.അതില്‍ ഖേദിക്കേണ്ട.
'നാൽപ്പതോളം വീടുകളുള്ള ഒരു ഹൌസിംഗ് കോളനിയിൽ മാലിന്യങ്ങൾ പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കി റോഡിലിടുന്നതല്ലാതെ, അതെടുത്തു മാറ്റാത്ത കുടുംബശ്രീ സ്ത്രീകളെ അധിക്ഷേപിയ്ക്കുന്നതല്ലാതെ മറ്റെന്തെങ്കിലും ചെയ്തു പ്രശ്നം പരിഹരിയ്ക്കാൻ ആർക്കും തോന്നുന്നില്ല. '
ഗ്രേറ്റ് .... ആശംസകള്‍
നന്നായി...അഭിനന്ദനങ്ങള്‍
മനുഷ്യന് അവനവനിലേയ്ക്ക് ചുരുങ്ങി
കഴിയുന്ന അര്‍ത്ഥവത്തായ ലേഖനം.
ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ആ ദേശത്തുള്ളവരെ അറിയാം.
പുതിയതായി എത്തുന്നവരുമായി
ബന്ധംപുലര്ത്തുകയുംചെയ്യും. ഈയടുത്ത് ടൌണില്‍ എന്റെ ബന്ധു മരിച്ചു.മരണവീട് കണ്ടു പിടിക്കാന്പ്പെട്ട
പാട്!എത്രവട്ടം കറങ്ങി!!!
തൊട്ടയല്‍പ്പക്കത്ത് ചോദിച്ചിട്ടും
അവര്‍ക്കറിയില്ല!ഫോണ്‍ കിട്ടുന്നുമില്ല.
കറങ്ങുന്നതിനിടയില്‍ വിളിച്ച്,അന്വേഷിച്ച്......
ഫോണ്‍ലൈന്‍ ക്ളിയര്‍ ആയപ്പോള്‍
നിര്‍ദ്ദേശം കിട്ടിയ വഴിയിലൂടെ വന്നു.
എന്താ സ്ഥിതി! മുമ്പ് അന്വേഷിച്ച
വീട്ടിന്റെ തൊട്ടയല്‍പ്പക്കത്ത്....,....!!!
ആര്‍ക്കും ആരേയും അറിയില്ല.
നേരമില്ല...അല്ലെങ്കില്‍,......???
ആശംസകള്‍
അജിത്ജി എഴുത്ത് നിറുത്തിയത് കഷ്ടമായിപ്പോയി എന്ന പരാതി ഇനിയും തീർന്നിട്ടില്ല എനിയ്ക്ക്. പിന്നെ എന്നോട് കാണിയ്ക്കുന്ന ഈ വലിയ പരിഗണനയ്ക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.
മൻസൂർ,
പ്രഭൻ,
പ്രദീപ് എല്ലാവർക്കും നന്ദി.
അതെ, നിശ്ശബ്ദതയ്ക്ക് നാക്ക് എങ്ങനെ പൊങ്ങാനാണ് അല്ലേ? ചെപ്പ് പംക്തിയല്ല എന്ന അറിവ് തന്നതിന് നന്ദി. പക്ഷെ, അതു തിരുത്താനുള്ള വിവരം എനിയ്ക്ക് വന്നിട്ടില്ലാത്തതുകൊണ്ട് തൽക്കാലം ഒന്നും ചെയ്തിട്ടില്ല. ഉസ്മാന് നന്ദി.
വിനുവേട്ടനു നന്ദി. തിരക്കിലായിട്ടും വായിച്ചല്ലോ.
കുറിപ്പ് വേണ്ടത്ര നന്നായില്ല എന്ന വിമർശനം മനസ്സിലാക്കുന്നു. കൂടുതൽ നന്നായി എഴുതുവാൻ തീർച്ചയായും പരിശ്രമിയ്ക്കുമെന്ന് അബ്ദുൽഖാദർജിയോട് പറയട്ടെ. വായിച്ചതിൽ സന്തോഷം.
അതെ, രാംജി, ചിലതെല്ലാം നല്ലതായിരുന്നു, ചിലതെല്ലാം മോശവും. ആ തെരഞ്ഞെടുപ്പിലും അതിന്റെ സമതുലനത്തിലുമാണ് നമ്മൾ ഒരു പക്ഷെ,മണ്ടത്തരം കാണിയ്ക്കുന്നത്.
പഥികന്റെ അഭിപ്രായത്തിനു നന്ദി.
അത്, മാണിക്യം ചേച്ചി എഴുതിയത് തികച്ചും പരമാർഥമാണ്. വായിച്ചതിൽ വലിയ സന്തോഷം.
വി എ യുടെ വായനയ്ക്ക് നന്ദി.പ്രതീക്ഷയ്ക്കൊത്തു എഴുതാൻ ഇനിയും പരിശ്രമിയ്ക്കാം.എഴുതാനാഗ്രഹിയ്ക്കുന്ന ആരും എന്നും പുതുക്കിപ്പുതുക്കി കൊണ്ടു വരേണ്ട നിതാന്ത പരിശ്രമമാണല്ലോ അത്.
മുരളീ ഭായ്ക്ക് നന്ദി.
അവനവനിസം എന്ന വാക്കിന് ഒത്തിരി നന്ദിയുണ്ട് മിനേഷ്.
സ്മിത വന്നതിൽ സന്തോഷം.
അതെ, സിദ്ധീക്കയുടെ മെയിൽ കിട്ടിയിരുന്നു. നല്ല വാക്കുകൾക്ക് നന്ദി.
മിർഷദിന് നന്ദി. വായിച്ചതിൽ സന്തോഷം.
ശ്രീനാഥൻ മാഷ്ക്ക് നന്ദി.
ഉഷശ്രീ,
രമണിക,
കേരള ദാസനുണ്ണി,
ശ്രീ എല്ലാവരും വായിച്ചതിൽ സന്തോഷവും നന്ദിയും.
ക്ഷമിക്കണം എച്മൂ. എനിക്കീ പോസ്റ്റ് തീരെ ഇഷ്ടമായില്ല. മൊത്തം സമൂഹത്തെ കുറ്റം പറഞ്ഞ് ആളാകുന്നത് എന്തായാലും നന്നല്ല. ഇത് കാടടച്ച് വെടിവെക്കലായിപ്പോയി. പ്രശ്നങ്ങളെ പുരപ്പുറത്ത് കയറി വിളിച്ചു പറയാൻ ആർക്കാണു പറ്റാത്തത്? അവയ്ക്കൊരു പരിഹാരം നിർദ്ദേശിക്കാനാണ് സാധിക്കേണ്ടത്. അതിവിടെയില്ല. മായാ സമ്പദ് വ്യവസ്ഥയുടെ തിളക്കത്തിൽ പലരും പലതും മറക്കുന്നുണ്ട്. അതിനവരെ കുറ്റപ്പെടുത്താമോ? ഇന്നലെയുടെ ചിന്തകളും സ്വാർഥതയുടേയും, പക്ഷപാതത്തിന്റേയും, കുത്തിത്തിരിപ്പിന്റേതും തന്നെയാണ് എന്നാണ് ചരിത്രങ്ങളെല്ലാം കാട്ടിത്തരുന്നത്. ഇത് വർത്തമാനത്തിന്റെ മാത്രം പ്രശ്നമാണെന്ന് തോന്നുന്നില്ല. എല്ലാ കാലവും അതിന്റേതായ ദോഷങ്ങൾ കാട്ടിയിട്ടുണ്ട്. അതിന്റെ പരിണിത ഫലമാണിന്നു കാണുന്ന എല്ലാ മാറ്റങ്ങളും.
എച്മു പറഞ്ഞത് എല്ലാർക്കുമറിയുന്ന കാര്യങ്ങൾ ആണെന്നതിനാൽ മാത്രമല്ല, ഒരു പരിഹാര നിർദ്ദേശം മുന്നോട്ട് വച്ചില്ല എന്നതു കൊണ്ടു കൂടിയാണിത് ഇഷ്ടപ്പെടാഞ്ഞത് എന്ന് അറിയിക്കുമ്പോൾ തന്നെ, മുൻ കാല അനുഭവങ്ങൾ പഠിപ്പിച്ച ഒരു പാഠത്തെ മുൻ നിർത്തി ഒരു അപേക്ഷ കൂടിയുണ്ട്.
എതിരഭിപ്രായം ഇഷ്ടപ്പെടാത്തയാളാണ് എച്മുവെങ്കിൽ ദയവായി ഇത് പ്രസിദ്ധീകരിക്കരുത്. (അനോണിയെ കൊണ്ട്
ചീത്ത വിളിപ്പിച്ച അനുഭവം ഉണ്ടായിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞതാ.)
അതെ സംഭവിച്ചതെല്ലാം മോശം. സംഭവിച്ചു കൊണ്ടിരിക്കുന്നതും മോശം. ഇനി സംഭവിക്കാൻ പോകുന്നതെങ്കിലും നല്ലതാവട്ടെ.
ആശംസകൾ എച്മൂ.
സജഷൻ സ്വീകരിക്കുന്നതായി പറയുമ്പോൾ എന്തു സജഷനും തരാം എന്നു പറയും.
എത്ര വിഡ്ഢിത്തവും ആയിക്കോട്ടെ. ഒരു സജഷൻ തരൂ.
കേൾക്കുമ്പോൾ തോന്നും ഇതും ഒരു വിഡ്ഢിത്തമല്ലെ എന്ന് അല്ലെ?
പക്ഷെ ഒരു സംഭവം കേട്ടോളൂ
ഒരു വലിയ എക്സിക്യുട്ടിവിന്റെ പി എ. ഒരിക്കലും കസേരയിൽ ഇരിക്കില്ല കറങ്ങി നടക്കും.
അതൊന്നു നിർത്തണം.
എന്തു ചെയ്യാൻ പറ്റും?
അതിനു വേണ്ടി ഒരു മീറ്റിങ്ങ് വിളിച്ചു.
എല്ലാവരോടും അഭിപ്രായം പറയുവാൻ പറഞ്ഞു.
പിരിച്ചു വിട്ട് വേറെ ആളെ എടുക്കണം.
അപ്പോള്‍ വരുന്നത് ഇതിലും കിട ആയാലൊ?
സസ്പെൻഡ് ചെയ്യണം.
തിരികെ വരുമ്പോൾ നന്നാകും എന്ന് എന്തുറപ്പ്?
അങ്ങനെ അങ്ങനെ ചർച്ച പുരോഗമിച്ചു.
ഒരാൾ പറഞ്ഞു
പി എ യുടെ കാലുകൾ വെട്ടിക്കളയുക. പിന്നെ എണീറ്റു പോകില്ലല്ലൊ
കേൾക്കുമ്പോൾ ഒരു പമ്പര വിഡ്ഢിത്തം അല്ലെ?
പക്ഷെ ആ ചർച്ചയിൽ നിന്നാണ് വികലാംഗരെ അതുപോലെ ഉള്ള പോസ്റ്റിൽ നിയമിക്കാം എന്ന ഐഡിയ വന്നത്
വാട്ട് ആ ഐഡിയ സർ ജി
അപ്പൊ പറഞ്ഞു വന്നത് ചോപ്ര ജിയൊടാണ്
വിഷയത്തിന്റെ പ്രാധാന്യം എച്മു പോസ്റ്റാക്കി കാണിച്ചു. ഇനി ചർച്ചയിൽ കൂടി എന്തെങ്കിലും ഉരുത്തിരിഞ്ഞാലോ?
അല്ലാതെ പോസ്റ്റിടുന്ന ആൾ തന്നെ പരിഹാരവും നിർദ്ദേശിച്ചില്ലെങ്കിൽ ഇടരുത് എന്നു പറയാമൊ?
പരിഹാരം അതിൽ തന്നെ ഉണ്ട് താനും
അന്തർമുഖത്വം വെടിഞ്ഞ് സമൂഹജീവിയാകണം അതു തന്നെ
അത് ഓരോരുത്തരും സ്വാംശീകരിക്കണം അതല്ലെ വേണ്ടത് അതല്ലെ ഈ പോസ്റ്റിൽ നിന്നു കിട്ടുന്ന സന്ദേശവും?
അപ്പൊ ഹാപ്പി വാലന്റ്റയിൻ
പണിക്കർ സാർ..........എനിക്കിട്ട് നല്ല താങ്ങ് തന്നെയായി ഇവിടെ പറഞ്ഞ കഥ.എനിക്കിത് കിട്ടണം. അത്രക്കുണ്ട് കുരുത്തക്കേട്.
അന്തർമുഖത്വം വെടിയുന്നത് പക്ഷേ എങ്ങനെ? ആരൊക്കെ? എവിടെ?
അന്തർമുഖത്വം വെടിയുന്നത് എന്തിനു വേണ്ടി?
ആവശ്യങ്ങളെല്ലാം സ്വയം തീർപ്പാക്കിക്കഴിയുമ്പോൾ പിന്നെ മറ്റാളുകളെ പരിഗണിക്കുന്നതെന്തിന്? അഥവാ ആരെങ്കിലും അങ്ങോട്ടേക്ക് ചെന്നാൽ തന്നെ അത് ഏതളവു വരെ സ്വീകാര്യമാകും മറ്റേയാൾക്ക്?
ആർക്കുമൊരു പ്രശ്നവുമില്ലെങ്കിൽ പ്രശ്നമുണ്ടാക്കാതിരിക്കാനെങ്കിലും ആകാം അന്തർമുഖത്വം എന്ന, കരുതിക്കൂട്ടി ഒരുക്കിയ വൽമീകത്തിൽ ഒതുങ്ങാമെന്ന പ്രായോഗികതയാണിന്നത്തെ രീതി. അതാർക്ക് മാറ്റാനൊക്കും? അതാണ് ചോദ്യം.
ഏതായാലും എച്മുവിനെയും എന്നെയും വിടുക. നല്ലൊരു പരിഹാര നിർദ്ദേശം ആരെങ്കിലും മുന്നോട്ട് വയ്ക്കുമോ? ഈ നില മാറ്റുന്നതിൽ എന്തു ചെയ്യണമെന്ന് എനിക്കൊരു ഐഡിയയുമില്ല. അതാ.
ചോപ്ര ജി താങ്ങിയതല്ല.
കൂട്ടു കുടുംബം എന്ന വ്യവസ്ഥിതി കൊണ്ടുള്ള ഗുണങ്ങൾ ദോഷങ്ങളെക്കാൾ വളരെ കൂടുതൽ ആണ്.
പക്ഷെ അതു മനസിലാകുന്നത് കുറച്ചു പ്രായം ചെല്ലുമ്പോഴാണെന്നു മാത്രം.
അതു പോലെ ഗ്രാമാന്തരീക്ഷത്തിൽ വളർന്ന എനിക്ക് പട്ടണജീവിതത്തിലെ അണുകുടുംബരീതിയോട് ഒരിക്കലും പൊരുത്തപ്പെടാനാവില്ല.
പണ്ട് ഒരൗ ധനികൻ തന്റെ കൊച്ചു മകനെ ദരിദ്രരുടെ ജീവിതം കാണിക്കാൻ കൊണ്ടുപോയിട്ട് തിരികെ വന്നപ്പോൽ മകൻ പരഞ്ഞ കഥ കേട്ടിരിക്കുമല്ലൊ.
തങ്ങൾ എത്രഭാഗ്യവാന്മാരാണെന്നു കേൾക്കാൻ കൊതിച്ച അച്ഛാനോടു മകൻ പറഞ്ഞത് " ഹൊ അവർ എത്ര ഭാഗ്യവാന്മാരാ. നമുക്കു കുളിക്കാൻ കുളിമുറി, അവർക്കു കുളിക്കൻ പുഴ. നമുക്കു രക്ഷകൻ സെക്യൂരിറ്റി അവർക്കു കാവൽ കൂട്ടുകാർ എത്ര വേണമെങ്കിലും, നമുക്കു കളിക്കൻ ക്ലബ് നിശ്ചിത സമയം, അവർക്കു കളിക്കാൻ പുല്‍മേടുകൾ എപൊപൊ വേണമെങ്കിലും എത്ര വേനമെങ്കിലും കൂട്ടുകാരോട് കൂടി ----" അങ്ങനെ അനതമായ വർണ്ണനകൾ.
ഞങ്ങളുടെ ഗ്രാമത്തിലെക്കു തന്നെ അന്നു കാലത്ത് അപരിചിതരായ ഒരാൾക്കു വന്നു പെടണം എങ്കിൽ - നല്ല ഉദ്ദേശം ആണെങ്കിൽ ഒരു പാടുമില്ല എന്നാൽ ചീത്ത ഉദ്ദേസം ആണെങ്കിൽ എത്തുകയും ഇല്ല- കാരണം പുതിഅയ് ഒരാളെ കണ്ടാൽ അയാളുടെ അടൂത്തു ചെന്ന് ആരാണ്, എവിടെ നിന്നു വരുന്നു, എങ്ങോട്ടു പോകുന്നു ആരെകാണാൻ എന്നു തുടങ്ങി അന്വേഷണവും അയാൾ ആ പറഞ്ഞതൊക്കെ സത്യമാണൊ എന്നറിയുന്നതു വരെ അവരുടെ പിന്നാലെ പോകാനും ആാളുകൾ ഉണ്ടായിരുന്നു.
എന്നാൽ ഇന്നൊ ഒരു ദിവസം വീടടച്ചിട്ടു പോയാൽ തിരികെ വരുമ്പോള്‍ വീടു മിക്കവാറും കാലി ആയിരിക്കും.
ബാല്യത്തില്‍ അമ്മൂമ്മയുടെ വീട്ടില്‍ അവധിയ്ക്ക് താമസിക്കുമ്പോള്‍ അയല്പക്ക ബന്ധങ്ങള്‍ അറിഞ്ഞിരുന്നു, “ കമലേ പ്രാതലിനെന്താ? അത്താഴം വച്ചോ?” എന്നൊക്കെ ചോദിച്ച് അങ്ങോട്ടുമിങ്ങോട്ടും സൌഹൃദം പങ്കിടുന്ന വീടുകള്‍ .. ഇപ്പോള്‍ അതൊക്കെ അന്യം നിന്ന ഏര്‍പ്പാടുകളായി. എച്മുവിന്റെ ചിന്തകള്‍ ഇഷ്ടമായി.
വായനാസുഖം തന്ന ലേഖനം. നാട്ടിന്‍പുറങ്ങളില്‍ അയല്സൌഹൃദങ്ങള് ഇപ്പോഴും വേണ്ടുവോളം ഉണ്ടല്ലോ.നഗരത്തിരക്കില്‍ അത്തരം ബന്ധങ്ങളെ വിലവയ്ക്കാന്‍ ആര്‍ക്കാണ് നേരം. ഓട്ടമല്ലേ ഓട്ടം . ആരെന്നും എന്തെന്നും അറിയാഞ്ഞും പരസ്പരം വിശ്വാസമില്ലാഞ്ഞും ആവും നഗരം ഇങ്ങനെ. ചിരിക്കാന്‍ പിശുക്കുന്ന ആള്‍ക്കാരെ നീലി ഇത്രയധികം കണ്ടത് ഈ നഗരത്തിരക്കില്‍ വന്ന ശേഷമാണ്.
എച്മൂ..,ഞാനും എന്റെ വാതിൽ അകത്തേയ്ക്കൊന്നു തുറന്നു നോക്കി ഈ ലേഖനം വായിച്ച ശേഷം...
കണ്ട കാഴ്ച്ചകൾ ഒരു പരിധി വരെ എച്മു എഴുതിയ കുറേ സത്യങ്ങളായിരുന്നു..
പക്ഷേ എല്ലാം ആഗ്രഹിക്കുന്നു നല്ല അയല്പക്കം ബന്ധുക്കൾ...സത്യസന്ധമായി ഇതൊക്കെ ഇപ്പോ എവിടാ കിട്ടുക..
എച്മു എന്നെ ഇരുത്തിയൊന്നു ചിന്തിപ്പിച്ചു...
ലേഖനം നന്നായി. ആശംസകള്‍
കുടുംബ മാധ്യമത്തില്‍ വായിച്ചിരുന്നു.
വെറുതെയാണോ ഇപ്പോഴത്തെ പിള്ളേരുടെ മനസ്സുകള്‍ ഇടുങ്ങിപ്പോകുന്നത്?
ഒരീച്ചക്ക് പോലും പ്രവേശനം കിട്ടാത്ത വിധത്തിലല്ലേ നമ്മള് വീടുണ്ടാക്കുന്നത്.ജയിലിലെ പോലത്തെ മതിലുകള്‍ കാണുമ്പോള്‍ ശ്വാസം മുട്ട് അനുഭവപ്പെടാറുണ്ട്.
വിഷയം വളരെ നന്നായി.
ഗംഗാധരൻ ജി എഴുതിയ നല്ല വാക്കുകൾ കണ്ണു നിറയ്ക്കുന്നു. ഈ ഭാഗ്യം എനിയ്ക്കെന്നുമുണ്ടാകട്ടെ എന്ന് പ്രാർഥനയോടെ.. അയൽപ്പക്കം വേണമെന്നും നമ്മൾ എല്ലാവരും അതിനായി നമ്മുടെ നിലനിൽക്കുന്ന പരിതസ്ഥിതികളിൽ പോലും പരിശ്രമിയ്ക്കണമെന്നുമാണ് ഞാൻ എഴുതാൻ ശ്രമിച്ചത്. അത് വേണ്ട വിധത്തിൽ സംവേദനം ചെയ്യപ്പെടാതെ പോയി എന്ന് ഞാൻ മനസ്സിലാക്കുന്നു. വായിച്ചതിൽ വളരെ സന്തോഷം.
ഇൻഡ്യാ ഹെറിട്ടേജിന് നന്ദി.
സലിൽ ദാസ് ഗോപി,
ദ മാൻ ടു വാക് വിത്,
അനുരാഗ് എല്ലാവർക്കും നന്ദി.
സുരേഷ് മാഷെ കണ്ടതിൽ വലിയ ആഹ്ലാദം. ഒത്തിരി നാളായല്ലോ ഇവിടെ വന്നിട്ട്.......
ഷാനവാസ് ജിയ്ക്കും നന്ദി.
മണ്ടൂസൻ,
ഷബ്ന വായിച്ചതിലും അഭിപ്രായം കുറിച്ചതിലും സന്തോഷം.
ചിത്രകാരൻ വന്നതിൽ വലിയ സന്തോഷം. ആശയം വിശദമാക്കി എഴുതിയതിലും അഭിനന്ദിച്ചതിലും നന്ദിയും നമസ്ക്കാരവും....
രഘുനാഥനു നന്ദി.
അയൽക്കാരും അയൽപ്പക്കവും അത്ര മേൽ ആവശ്യമാണെന്ന്, ഈ ഇസവും ജാതിയും ഒന്നും അയൽപ്പക്കങ്ങളെ തമ്മിൽ അകറ്റരുതെന്നാണ് ഞാൻ പറയാൻ ശ്രമിച്ചത്, കുസുമക്കുട്ടീ..വന്നതിൽ സന്തോഷം കേട്ടൊ.
ശിവാനന്ദ്ജി എഴുതിയത് സത്യം. പലതും കൈവിട്ട് പോയിട്ടേ നാം അറിയുകയുള്ളൂ.
സങ്കൽപ്പങ്ങൾ,
എം അഷ്രഫ്,
ശങ്കര നാരായണൻ മലപ്പുറം,
ആത്മ,
കൈതമുള്ള് എല്ലാവർക്കും നന്ദി.
ഭാനു പറഞ്ഞത് ശരിയാണ്, പ്രശ്ന പരിഹാരങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങളും കൂടിയാകുമ്പോഴേ ലേഖനം കാര്യമാത്ര പ്രസക്തമാവുകയുള്ളൂ.വന്നതിൽ വലിയ സന്തോഷം.
ബഷീർ,
മൈ ഡ്രീംസ്,
ചന്തുവേട്ടൻ,
കാടോടിക്കാറ്റ് എല്ലാവർക്കും നന്ദി, ഇനിയും വരുമല്ലോ.
All d Best...
ഞങ്ങള്‍ക്ക് നല്ല അയല്പക്കങ്ങള് കുറെയുണ്ട് ചേച്ചി ,ഞാന്‍ എല്ലായിടത്തും മിക്കവാറും ഒന്ന് കറങ്ങാറും ഉണ്ട്, നാലാളെ കാണാതെ അടച്ചുപൂട്ടി ഇരിക്കുന്നതില്‍ എന്ത് സുഖം,എനിക്ക് ഒത്തിരി ഇഷ്ടമായി ഈ ലേഖനം.
നന്നായി പറഞ്ഞ ലേഖനം.
പണ്ട് നാട്ടില്‍ ചെല്ലുമ്പോള്‍ ഒപ്പോളോട് വേദനയോടെ പറയുമായിരുന്നു.
ഇവിടെ നമ്മുടെ അയല്‍വീടുകള്‍ നമ്മുടെ വീടുകളും അയല്‍ക്കാര്‍ നമ്മുടെ തന്നെ കുടുംബാംഗങ്ങളും. മുംബയില്‍ മുന്നിലെ വീട്ടിലെ ഗുജരാത്തിക്ക് എന്നെ കുറിച്ച് എന്തറിയാന്‍?
ഇന്ന് ഗ്രാമങ്ങളും അതെ പാതയിലൂടെയാണോ പ്രയാണം ചെയുന്നത് എന്ന് സംശയിക്കത്തക്ക വണ്ണം നമ്മള് നമ്മളിലേക്ക് തന്നെ ഉള്‍വലിഞ്ഞിരിക്കുന്നു . വെറും അകത്തേക്ക് മാത്രം തുറക്കുന്ന വാതിലുകള്‍ പോലെ!!!!!
എച്ച്മുക്കുട്ടീടെ ലേഖനം സജീവമായ ഒരു പ്രതികരണമാണ്.
ദിവാരേട്ടൻ പറഞത് പരമ സത്യം. മനുഷ്യന്റെ കൊള്ളരുതായ്മകൾക്ക് ടി വിയെ കുറ്റം പറയാൻ പാടില്ല. ആ അഭിപ്രായത്തിന് നമസ്ക്കാരം.
ശ്രീകുമാർ,
എൻ പി ടി,
അന്ന്യൻ എല്ലാവർക്കും നന്ദി, ഇനിയും വായിയ്ക്കുമല്ലോ.
വാതിലുകൾ തുറക്കാൻ എന്തായാലും എല്ലാവരും അല്പം മടിയ്ക്കുന്നുണ്ട് എന്നതൊരു സത്യമാണ്. എന്റെ ലോകത്തിന് നന്ദി.
മൊഹിയ്ക്ക് നന്ദി. ഇനിയും വരിക.
കൊമ്പൻ,
കൈതപ്പുഴ,
ആറങ്ങോട്ടുകര മുഹമ്മദ്,
പഥികൻ എല്ലാവർക്കും നന്ദി.
അയൽപ്പക്കതെ ചൂഷണം ചെയ്യുന്നതിലല്ലല്ലോ ശരിയായ അയല്പക്ക ബന്ധത്തിന്റെ ആവശ്യകത ഉള്ളത്. ചൂഷണം എതിർക്കപ്പെടേണ്ടതാണ്, എന്തിന്റെ പേരിലായാലും. പ്രയാണിന്റെ അഭിപ്രായത്തിനു നന്ദി.
വാതിൽ പൂട്ടാതെ പോകാനാവുന്നത് അത്യപൂർവമായ അനുഗ്രഹമാണ് സന്ധ്യ,ഡി നഗരത്തിലെ ബിഷപ്പിനെപ്പോലെ.അത്രയൊന്നുമില്ലെങ്കിലും അല്പം കൂടി ഊഷ്മളമായ മാനുഷിക ബന്ധങ്ങൾ ഉണ്ടാവണമെന്ന മോഹമാണ് ഞാൻ പ്രകടിപ്പിയ്ക്കാൻ ശ്രമിച്ചത്.ഇനിയും വായിയ്ക്കുമല്ലോ.
സേതുവിന്റെ വരവിനു നന്ദി. ഇനിയും വരിക.
പോസ്റ്റിനേക്കാൾ ആഴത്തിൽ കമന്റെഴുതിയ ചെത്തു വാസുവിനോട് നന്ദി പറയാനുള്ള അറിവ് പോലുമില്ലെന്ന് മനസ്സിലാക്കിക്കൊണ്ട് നമസ്ക്കാരം അറിയിച്ചുകൊള്ളട്ടെ.ഇനിയും വരികയും അഭിപ്രായങ്ങൾ പങ്കു വെയ്ക്കുകയും ചെയ്യുമല്ലോ.
ഇൻഡ്യാ ഹെറിട്ടേജിന് നന്ദി.
യൂസുഫ്പാ,
ഖാദു,
സലാം,
റോസാപ്പൂക്കൾ എല്ലാവർക്കും നന്ദി.
പ്രദീപ് കുമാറിന്റെ അഭിപ്രായം ഗൌരവത്തിൽ മനസ്സിലാക്കുന്നു. കൂടുതൽ നന്നായി എഴുതുവാൻ തീർച്ചയായും പരിശ്രമിയ്ക്കും.
എന്റെ കഴിവു പോലെ ഗഹനമായി എഴുതുവാൻ പരിശ്രമിയ്ക്കാം സന്ദീപ്. വായിച്ചതിലും അഭിപ്രായം പങ്കു വെച്ചതിലും സന്തോഷം.
ഇൻഡ്യൻസ്ഥാൻ.കോം ആദ്യമാണല്ലേ? വരവിനു നന്ദി.
മനോജിനും നന്ദി.
വെട്ടത്താൻ എഴുതിയത് വളരെ പ്രാധാന്യമേറിയ ഒരു പോയിന്റാണ്.അത് അധികമാരും കണ്ടതായി ഭാവിയ്ക്കുകയില്ല. നന്ദിയും നമസ്ക്കാരവും പറയട്ടെ.
രസികൻ,
ലീല ടീച്ചർ വായിച്ചതിൽ വലിയ സന്തോഷം.
തങ്കപ്പൻ ചേട്ടന്റെ ഈ അനുഭവം പങ്കു വെച്ചത് വളരെ നന്നായി. ഇത്തരം അയൽപ്പക്കങ്ങൾ നമ്മുടെ നാട്ടിൽ പെരുകുന്നുവന്ന യാഥാർഥ്യം എല്ലാവരും മനസ്സിലാക്കേണ്ടതു തന്നെ.
വിധൂ ചോപ്രയുടെ വിമർശനം അംഗീകരിയ്ക്കുന്നു. കൂടുതൽ ഭംഗിയായി എഴുതാനുള്ള പരിശ്രമം തീർച്ചയായും എന്റെ ഭാഗത്ത് നിന്നുണ്ടാകും. വന്നതിൽ വലിയ സന്തോഷം.
പണിയ്ക്കർ സാർ വീണ്ടും വന്നതിലും ഈ കഥ പങ്കു വെച്ചതിലും സന്തോഷമുണ്ട്.
വിധു ചോപ്രയുടെ ചോദ്യത്തിനുത്തരം പറയാൻ ആഗ്രഹമുണ്ട്. എന്നാലും അറിവു പോരാഠതുകൊണ്ട് തൽക്കാലം ഞാൻ മൌനത്തിലാകുന്നു. ഇനിയും വന്ന് വായിയ്ക്കുമല്ലോ.
പണിയ്ക്കർ സാർ, വീണ്ടും വിശദീകരണം തരാൻ കാണിയ്ക്കുന്ന ഈ നല്ല മനസ്സിനു നന്ദി.
സ്മിത വന്നതിൽ സന്തോഷം.
നീലിയ്ക്ക് സ്വാഗതം. ഇനിയും വരിക.
ജാനകിയെ വീണ്ടും കണ്ടതിൽ വലിയ ആഹ്ലാദം. എത്ര നാളായി ഇവിടെ വന്നിട്ട്.....
അക്ബർ,
മേ ഫ്ലവേർസ്,
വെള്ളരിപ്രാവ്,
നേനക്കുട്ടി,
വേണുഗോപാൽ,
സുസ്മേഷ് എല്ലാവരുടേയും അഭിപ്രായങ്ങൾക്ക് നന്ദി,ഇനിയും വായിയ്ക്കുക....എന്റെ എല്ലാ കൂട്ടുകാരോടും നമസ്ക്കാരം പറഞ്ഞുകൊള്ളുന്നു....
"ഇൻഡ്യൻസ്ഥാൻ.കോം ആദ്യമാണല്ലേ? വരവിനു നന്ദി."
IndianSatan.com
എച്മു ഇത് ഇൻഡ്യൻ സാത്താൻ എന്നല്ലെ ഇൻഡ്യൻ സ്ഥാൻ അല്ലല്ലൊ ഇനി ആണൊ?
:)
എച്മു വിന്റെ പതിവ് കഥ വായിക്കാന്‍ വന്നതായിരുന്നു ,,കഥയ്ക്ക് പകരം ഇത്തവണ കാര്യമാണല്ലോ വിഷയം ,,,നന്നായി എഴുതി എന്ന് പറഞ്ഞാന്‍ അത് ബോര് ആകും കാരണം നല്ലതല്ലാത്തതോന്നും അച്ചടി മഷി കാണില്ലല്ലോ ,,,ആശംസകള്‍
"ഞമ്മളും ഞമ്മന്റെ കെട്ട്യോനും ഒര് തട്ടാനും മാത്തിരം മതി ഇദ്ദുനിയാവില്..."
എന്ന ഞങ്ങളുടെ ഒരു പഴയ നാടന്‍ തമാശയെ ഓര്‍മ്മിപ്പിക്കുന്ന പുതിയ കാലം. ഗൃഹസങ്കല്‍പ്പം. ഇവരൊരിക്കലും മോഡേണല്ല. എത്ര മോഡേണ്‍ ഉപകരണങ്ങളുപയോഗിച്ചാലും... പഴഞ്ചന്മാര് തന്നെ.
എനിയ്ക്ക് തെറ്റു പറ്റീതാ, പണിയ്ക്കർ സാർ. ഇനി ആ ഇൻഡ്യൻ സാത്താൻ.കോം വഴക്കു പറയുമോ ആവോ?
ഫൈസൽ ബാബു വന്നതിൽ സന്തോഷം. ഇനിം വരണേ...
അതെ, ശ്രീജിത്ത് പറഞ്ഞത് ശരിയാണ്. ഇതല്ല പരിഷ്ക്കാരം. ഇനിയും വായിയ്ക്കുമല്ലോ.
സെഞ്ചുറി കണ്ണൂരാന്‍ വക!
ചോപ്രയുടെയും ഇന്ത്യ ഹെറിറ്റേജ് ഡോക്ട്ടരുടെയും കമന്റുകള്‍ മതി ഈ പോസ്റ്റിന്റെ മഹത്വം കാണാന്‍)
അവരവർ മാത്രമെന്ന് കാണുമ്പോഴാണ് ഒരിടത്ത് അണക്കെട്ടിന്റെ ഉറപ്പ് പ്രശ്നമാകുന്നതും അയൽപ്പക്കക്കാരന് അത് “ഒരു പ്രച്ച്നമേയില്ലൈ“ എന്നുമാകുന്നത്. അവിടെ ആണവ നിലയം പ്രശ്നമാകുമ്പോൾ “ഹോ! മനുഷ്യനു വൈദ്യുതി വേണ്ടേ? വ്യവസായം വളരേണ്ടേ“ എന്ന് ഇപ്പുറത്തെ അയൽപ്പക്കത്തിന് അത് നിസ്സാരമാകുന്നത് ...gambheeram
:)
നല്ല ലേഖനത്തിന്ന് ആശംസകള്‍..
"എനിയ്ക്ക് തെറ്റു പറ്റീതാ, പണിയ്ക്കർ സാർ. ഇനി ആ ഇൻഡ്യൻ സാത്താൻ.കോം വഴക്കു പറയുമോ ആവോ?""
എച്മൂ സാത്താനല്ലെ സൂക്ഷിക്കണെ
ഒരു ശത്രുസംഹാര യന്ത്രം വല്ലതും മേടിച്ചു കെട്ടണേ
ഇപ്പൊ യന്ത്രത്തിനൊന്നും ഒരു പഞ്ഞവുമില്ല
ടി വിയിലും പത്രത്തിലും എല്ലാം കറണ്ടു പോലെ പ്രവർത്തിക്കുന്ന യന്ത്രങ്ങളാ ചിലപ്പോൾ രുദ്രാക്ഷവും കാണും
ഇനി ഞാൻ പറഞ്ഞില്ലെന്നു പറയരു
ചിന്തിക്കേണ്ട ഒരു വിഷയം തന്നെ..
പക്ഷെ,ചിന്തിയ്ക്കാന്‍ മറന്നു പോകുന്ന ഇന്നത്തെ മനുഷ്യന് ഇതൊക്കെ അകത്തേക്ക് മാത്രം തുറക്കുന്ന വാതിലുകള്‍!!!!
ചിന്തകള്‍ ഏറേ ദീപ്തം!!
എല്ലാ ആശംസകളും!!!
എല്ലാവരും ഒതുങ്ങുകയാണ് തന്നിലേക്ക് തന്നെ.
ഒരു മാസം ഒരു വീടുപണിയുടെ തിരക്ക് കാരണം മാറി നിന്ന ഞാന്‍ ഇത് കാണാന്‍ വൈകിയതില്‍ ഖേദിക്കുന്നു.
എഴുത്ത് അസ്സലായി. പക്ഷെ കാര്യങ്ങളോട് യോജിച്ചേനെ, ഒരു മാസം മുന്‍പ് ആയിരുന്നെങ്കില്‍.
ഹ...ഹാ...ഹാ.
കാര്യങ്ങള്‍ പറയാം.
പുതിയ ഒരു സ്ഥലത്താണ് വീട് നിര്‍മ്മിച്ചത്. മതിലില്ലാത്ത വീട്, അതായിരുന്നു എന്റെ സ്വപ്നം. കുരുമുളകും, ആടിന് ചെമ്പരശിന്റെ (ചീലാന്തി) ഇലയും പറിക്കാന്‍ അയല്‍ക്കാര്‍ വന്നപ്പോള്‍ ഞാന്‍ അഭിമാനിച്ചു. എനിക്കോ വേണ്ട, അവര്‍ കൊണ്ട് പൊയ്ക്കോട്ടേ.
അല്പം അടുപ്പമായി. പിന്നെ സംഭാഷങ്ങളുടെ രീതി മാറി
"അനിയാ, ഈ വീട് നോക്കിയാണോ വച്ചത്. കന്നി മൂല താഴ്ന്നു കിടക്കുന്നു. പണ നഷ്ടം വരും കേട്ടോ"
" ചീലാന്തിയില തിന്ന ആടിലൊന്നു ചത്തുപോയി"
" കുരുമുളക് പറിച്ചിട്ടു പോയി കിടന്നതും വല്ലാത്ത മയക്കം, എന്തോ കുഴപ്പമുണ്ട്"
" പലതും പറഞ്ഞു കേള്‍ക്കുന്നു, നിങ്ങള്‍ വാസ്തു നോക്കിയാണോ വച്ചത്? ആള് നഷ്ടം വരെ വരാം കേട്ടോ"
ഞാന്‍ എട്ടടിയോളം ചുറ്റും മതില് കെട്ടിപ്പൊക്കി.
നാട്ടിന് പുറത്തു നന്മകള് മാഞ്ഞു തുടങ്ങിയിരിക്കുന്നു. സാന്ത്വനവും ഒരു കൈ സഹായവും ശീലമായി കണ്ടുവളര്‍ന്ന ഞാന്‍, ഇന്ന് അതൊന്നുമില്ലാന്നു മനസ്സിലാക്കുന്നു.
എട്ടടി മതിലിനെ വാനത്തില്‍ മുട്ടിക്കാന്‍ എന്താ വഴി?
അകത്തേക്കു മാത്രം തുറക്കുന്ന വാതിലുകള്‍.... നല്ല ഒരു പ്രയോഗമാണ് കല. അയല്പക്കങ്ങള് ഇല്ലാതവുന്ന നമ്മുടെ കാലത്തെ ശരിക്കും അടയാളപ്പെടുത്തുന്നുണ്ട് ഈ രചന. ഓരോരുത്തരം അവരവരുടെ തോടിനുള്ളിലേക്കു ഉള്‍വലിഞ്ഞ് സുരക്ഷിതരാവാന്‍ ശ്രമിക്കുകയാണ് എന്നത് കാലത്തിന്റെ സത്യമാണ്.ടെലിവിഷന്‍ സ്ക്രീനിലെ മായക്കഴ്ചയിലെ നിഴലുകളാണിപ്പോള് നമ്മുടെ അയല്‍ക്കാര്‍.... - കല പറയാന്‍ ശ്രമിച്ച ആശയം വളരെ പ്രസക്തിയുള്ളതാണ്.ആ രീതിയില്‍ ഈ രചനയുടെ സ്ഥാനം ഉയരത്തിലാണ്. എന്നാല്‍ എഴുത്തിന്റെ നിലവാരം കൊണ്ട് എച്ചുമു എന്ന എഴുത്തുകാരിയുടെ ആവറേജ് നിലവാരത്തില്‍ നില്ക്കുന്നു എന്നാണ് എനിക്കു തോന്നിയത്....
Post a Comment