പുറകു
വശത്തെ ഉയർന്ന മതിലിനപ്പുറത്ത് ഒരു ചേരിയാണ്, ഈ ബ്രഹ്മാണ്ഡത്തെ കൂട്ട് വലുപ്പമാർന്ന ഒരു ചേരി. വൃത്തികെട്ട പുഴുക്കളായി
മനുഷ്യർ ഇടതിങ്ങിപ്പാർക്കുന്ന, കെട്ട നാറ്റം വമിയ്ക്കുന്ന ഇടം. അതാണ് ഈ സ്ഥലത്തിനു വില കുറയാൻ കാരണം. പുര
വെയ്ക്കാൻ ഒട്ടും നല്ലതല്ലെന്ന് എല്ലാവരും സമ്മതിച്ച് കൈയൊഴിഞ്ഞ സ്ഥലം. ഒരു വാസ്തു
സങ്കൽപ്പത്തിലും ശരി എന്ന് ആരും അനുകൂലിക്കാത്ത സ്ഥലം. ചരിഞ്ഞ് അല്പം ഉയർന്ന്
പിന്നെ ഇത്തിരി കുഴിഞ്ഞ്..ഒരു വശം നീളം കൂടി..എന്നെപ്പോലെ തന്നെ ഒട്ടും വ്യവസ്ഥയില്ലാത്ത
ഒരിടം.
അവളെന്നോട്
പറഞ്ഞു, ‘സാരമില്ല, എല്ലാ പുരയിടത്തിലും കൃത്യം വ്യവസ്ഥപ്പെട്ട ആകൃതിയിലിരുന്ന്
വാസ്തു പുരുഷന്റെ കഴുത്തിനു വേദനയുണ്ടാകുന്നുണ്ടാവും. ഈ പുരയിടത്തിൽ അല്പം കാലു
നീട്ടിയിരുന്നാലും വിരോധമില്ലെന്ന് നമുക്ക് പറയാം.‘
ചിരി
വന്നെങ്കിലും അതമർത്തിപ്പിടിച്ചു.
വാസ്തു
പുരുഷൻ കേട്ടുകാണുമോ ആവോ? കേട്ടാൽ മുഖം വീർപ്പിച്ച് വഴക്കിടുമോ?
“നല്ല
പശിമയുള്ള മണ്ണാണ്. ചേരിക്കാരു മുഴുവൻ തൂറണത് ഇവിടെയാ. എന്തു വെതച്ചാലും പൊലിച്ച്
പൊലിച്ച് വരും” അവളുടെ മുഖത്ത് ചിരി.
“അല്ലെങ്കിൽ,
ഈ ഭൂമിയിലെവിടെയാ തീട്ടവും ശവങ്ങളും ഇല്ലാത്തത്? പുര വെയ്ക്കാൻ എത്ര നല്ല പറമ്പ്
കണ്ടു പിടിച്ചാലും ഇത് രണ്ടും അവിടെ ഉണ്ടാവും.“
പിന്നീടുള്ള
ദിവസങ്ങളിൽ പഴയ കെട്ടിടങ്ങൾ പൊളിച്ചു വിൽക്കുന്ന ആക്രിച്ചേരികളിൽ അലഞ്ഞു നടന്നു.
എല്ലായിടത്തും എന്തെങ്കിലും ഒക്കെ ഉണ്ട്. അതൊക്കെ വെച്ച് മുറിയുണ്ടാക്കാം. ഒരു
മുറി എപ്പോഴാണു വീടാവുക? അല്ലെങ്കിൽ ഒരു വീട് എപ്പോഴാണ് മുറിയാവുക? അവളുള്ളപ്പോൾ
എല്ലാ മുറികളും എന്നും വീടായിരുന്നു. അവളില്ലാത്തപ്പോഴാവട്ടെ വീടുകളെല്ലാം എന്നും
മുറികൾ മാത്രമായിരുന്നു.
പ്ലാൻ
വരയ്ക്കാൻ അധികാരമുള്ളവർ വരച്ച പടവുമായി ചെന്നാലേ ഒരു മുറിയായാലും അര മുറിയായാലും
പണിയാൻ പറ്റൂ എന്ന് കോർപ്പറേഷൻ ഓഫീസിലെ ഉദ്യോഗസ്ഥൻ മുറുക്കിത്തുപ്പി. അല്ലെങ്കിൽ
സമ്മതം കിട്ടില്ല. സർക്കാർ സമ്മതമില്ലാതെ ഒരു ഇഷ്ടിക കഷണം എടുത്ത് ആ പറമ്പിൽ
വെച്ചാൽ പോലും അത് പൊളിച്ചുകൊണ്ടു പോകാൻ രണ്ടു സെക്കൻഡ് വേണ്ടി വരില്ല,
ബുൾഡോസറിന്. അതുകൊണ്ട് ആദ്യം മര്യാദക്കുള്ള ഒരു പടവുമായി വന്നു, കാണേണ്ടവരെ കണ്ടു നോക്കെന്നായിരുന്നു
അയാളുടെ ഉത്തരവ്.
എല്ലാ
അധികാര സ്ഥാപനങ്ങളും എന്തെങ്കിലും ആവശ്യവുമായി അവിടെ കടന്നുചെല്ലുന്നവരോട് ഒരു
ജന്മ ശത്രുവിനെപ്പോലെ മാത്രം പെരുമാറുന്നതെന്താണെന്ന് തീരെ മനസ്സിലാവാറില്ല. ആരും
കടന്നു ചെല്ലേണ്ടെങ്കിൽ പിന്നെ ഇത്രയും സ്ഥലവും വലിയ വലിയ കെട്ടിടങ്ങളും പലതരം വണ്ടികളും
വിവിധ രീതികളിലുള്ള അവകാശ അറിയിപ്പുകളും മറ്റും എന്തിനാണ്?
ചേരിക്കടുത്ത പുരയിടം കാണാൻ
പോലും തയാറില്ലാത്ത ഒരാളായിരുന്നു, പ്ലാൻ വരച്ചു തന്നത്. അയാളുടെ മുൻപിൽ
ഇരിയ്ക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത നിസ്സഹായതയും
പ്രകടിപ്പിച്ചു തീർക്കാനാവാത്ത അരിശവും കൊണ്ട് ഞാൻ
വീർപ്പുമുട്ടി. ആൺപിറവി കൊണ്ടൊന്നും ഒരു കാര്യവുമില്ല. എന്തെങ്കിലും രീതിയിൽ
ബലവാനായ ഒരു പുരുഷൻ , ആ പ്രത്യേക ബലം ഇല്ലാത്ത മറ്റൊരു
പുരുഷനെ പറ്റാവുന്ന ഏതു മാർഗ്ഗമുപയോഗിച്ചും ചവുട്ടിയരച്ചു കളയുന്നത് വളരെ സാധാരണമായ ഒരു കാര്യമാണ്.
സ്ത്രീകൾ പറയുന്നതു മാതിരി അവർക്കു മാത്രമൊന്നുമല്ല, ഈ അപമാനവും നിസ്സാരമാക്കപ്പെടലും നേരിടേണ്ടി വരുന്നത്.
അസാമാന്യമായ
സംയമനം പാലിച്ചുകൊണ്ട് ഞാനാ സാങ്കേതിക വിദഗ്ധന്റെ കീഴിൽ
അനുസരണയോടെയിരുന്നു. ഏറ്റവും നിസ്സഹായനായ ദുർബലനായ
ദരിദ്രനായ പൊതുജനം മാത്രമാണല്ലോ, എന്തൊക്കെപ്പറഞ്ഞാലും ഈ
ഞാൻ. എന്റെ പ്രതിഷേധങ്ങൾക്ക് ഒരു കഴുത്തു പിടിച്ചുന്തലിന്റേയോ ഒരു ഗെറ്റൌട്ട്
അലർച്ചയുടേയോ വില മാത്രമേയുള്ളൂ എന്ന് പലവട്ടം
പലയിടങ്ങളിലായി ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
‘ഈ ചേരിക്കടുത്ത് എങ്ങനെ താമസിക്കും? കുറച്ചു കൂടി പണം
മുടക്കി മറ്റൊരു ഭാഗത്ത് സ്ഥലം വാങ്ങാമായിരുന്നില്ലേ?‘
‘ചേരിക്കാർ മുഴുവൻ കള്ളന്മാരാണ്. ക്രിമിനലുകളാണു അവിടെ അധികവും.’
‘ഇത്ര സമനിരപ്പില്ലാത്ത ഭൂമിയിൽ മുറി പണിയുന്നത്....ങാ
, പിന്നെ ഒരു മുറിയല്ലേ ഉള്ളൂ. വിവിധോദ്ദേശ മുറി..‘
‘എപ്പോൾ
വേണമെങ്കിലും വിറ്റിട്ട് പോകാമല്ലോ’
വരയ്ക്കുന്നതിനിടയിൽ
അയാൾ തുരുതുരാ ഇങ്ങനെ ഒരോന്നു പറഞ്ഞുകൊണ്ടിരുന്നു. നല്ല തിളക്കവും മിനുസവുമുള്ള
കടലാസ്സുകളിൽ അച്ചടിച്ച വില കൂടിയ മാഗസിനുകളിൽ കാണുന്ന മാതിരി കൊച്ചു വീടുകളും
മുറികളും നിർമ്മിക്കുവാൻ ആ രംഗത്തെ വിദഗ്ദ്ധർക്ക് അത്ര
താല്പര്യമൊന്നുമില്ലെന്ന് ഇതിനകം തന്നെ എനിക്ക് മനസ്സിലായിക്കഴിഞ്ഞിരുന്നു. വലിയ വലിയ കെട്ടിടങ്ങൾ ചെയ്യുന്നതിനിടയിൽ ഒന്നോ രണ്ടോ ചെറിയ കെട്ടിടങ്ങൾ അങ്ങനെ അബദ്ധത്തിൽ ചെയ്തു
പോകുന്നതാണ് അവരൊക്കെ. കാശില്ലാത്തവനും വായിക്കണമല്ലോ, നമ്മുടെ
മാഗസിൻ എന്നു കരുതി ഇടയ്ക്കും മുറയ്ക്കും ആ കൊച്ചു വീടുകളെ
മഹാസംഭവമെന്ന് മാസികക്കാർ അവതരിപ്പിയ്ക്കുന്നു. ഈ ഒരു മുറി
പണിതു കഴിയുമ്പോഴേയ്ക്കും അനുഭവങ്ങളുടെ ഒരു പാഠപുസ്തകമാകും ഞാനെന്ന് എനിക്ക് വൈകാതെ
മനസ്സിലായി.
എത്ര
പേരോട് സംസാരിച്ചതിനു ശേഷമാണ് ഇങ്ങനെയെങ്കിലും ഒരാളെ ഒത്തു
കിട്ടിയത്! അതുകൊണ്ട് എന്തെല്ലാം കേൾപ്പിച്ച് അരിശം വരുത്തിയാലും അയാൾ
വരച്ചു തീരുന്നതു വരെ ക്ഷമയോടെ കാത്തിരിക്കാൻ ഞാൻ തീരുമാനിച്ചു.
ആവശ്യത്തിലും
എത്രയോ അധികം സമയമെടുത്തിട്ടാണെങ്കിലും കെട്ടിടം പണിയാനുള്ള
അനുമതി ഒടുവിൽ കോർപ്പറേഷനിൽ നിന്ന് എനിക്ക് കിട്ടുക തന്നെ
ചെയ്തു.
പാവപ്പെട്ടവർക്കായി
സർക്കാർ പ്രഖ്യാപിച്ച പല ഭവന പദ്ധതികളേയും കുറിച്ച് എനിക്കും അല്പമൊക്കെ അറിവുണ്ടായിരുന്നു. അത്തരമൊരു ധനസഹായത്തിനായി ബാങ്കിനെ
സമീപിച്ചപ്പോഴാണ് ബാങ്ക് മാനേജർ യാതൊരു കാരുണ്യവുമില്ലാതെ
എന്നോട് പറഞ്ഞത്. ഈ ആക്രി സാധനമൊന്നും വെച്ചുണ്ടാക്കുന്ന വീടുകൾക്ക് ധന സഹായം
ചെയ്യാനല്ല ബാങ്കിരിക്കുന്നതെന്ന്. ഞാൻ സ്തംഭിച്ചിരുന്നു പോയി. പഴയ കരിങ്കല്ലും
ഇഷ്ടികയും പഴയ ജനലും വാതിലും മുളയും നിവർത്തിയെടുത്ത
എണ്ണപ്പാട്ട ഷീറ്റുകളും പുല്ലുകെട്ടും കാറ്റാടിക്കഴയുമൊക്കെ.....വീടുണ്ടാക്കാൻ
ഞാൻ ശേഖരിച്ചതെല്ലാം അയാളുടെ കണ്ണിൽ യാതൊരു വിലയുമില്ലാത്ത
അനാവശ്യ വസ്തുക്കളാണ്. തീയിലെരിയിച്ചു കളയേണ്ടുന്ന വെറും ചണ്ടിചപ്പുകളാണ്.
എനിയ്ക്ക്
വളരെ അപരിചിതമായതും ശ്രമപ്പെട്ട് വരുത്തിക്കൂട്ടിയതുമായ താഴ്മയോടെ, ഒത്തിരി സാധ്യതയോടെ ആ കഷണ്ടിത്തലയൻ ബാങ്ക് മാനേജരോട് അപേക്ഷിച്ച് നോക്കി.
കാര്യങ്ങൾ വിശദീകരിച്ചു നോക്കി. എന്തുകൊണ്ട് ഒരാൾ ഉപയോഗിച്ചുപേക്ഷിച്ച സാധനങ്ങൾ
ഉപയോഗിക്കുന്നുവെന്നും മനുഷ്യൻ വീടിനായി ധനം മാത്രമല്ല, പ്രകൃതിയെക്കൂടി
എങ്ങനെയെല്ലാം ദുരുപയോഗം ചെയ്യുന്നുവെന്നും ഒക്കെ വിശദീകരിക്കാൻ ശ്രമിച്ചു.
ഉപ്പിലിട്ട മാങ്ങ പോലെ ചുങ്ങിപ്പോയ ഒരു തലച്ചോറായിരുന്നു അയാൾക്കുണ്ടായിരുന്നത്.
വലിയ ബംഗ്ലാവുകൾക്കും കാറുകൾക്കും ലോൺ കൊടുക്കാമെങ്കിലും,
ഇമ്മാതിരിയുള്ള അലവലാതി സാധനങ്ങൾ കൊണ്ടുള്ള വീടിനു പണം മുടക്കുന്നത്
ഒട്ടും ബുദ്ധിപരമായിരിക്കില്ലെന്ന് അയാൾ തീരുമാനിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് എല്ലാം കേട്ടിട്ട് അയാൾ ഒറ്റ വാചകത്തിൽ
മറുപടി പറഞ്ഞു. ‘ബാങ്കീന്ന് ലോൺ തരാൻ
പറ്റില്ല. ‘
ബാങ്കിലെ
ഏ സി മുറിയിൽ നിന്ന് ചുമട്ടുകാരന്റേതും വഴിയോരക്കച്ചവടക്കാരന്റേതും പിച്ചക്കാരന്റേതും
മറ്റുമായി തീറെഴുതപ്പെട്ട പൊള്ളുന്ന വെയിലിലേക്കിറങ്ങി വന്ന്
അവളോട് പറഞ്ഞു.
‘ഒരു കാക്കയോ നാരായണക്കിളിയോ മറ്റോ ആയി ജനിച്ചാൽ മതിയായിരുന്നു.ചുള്ളിക്കമ്പുകളും
നാരുകളും കൊണ്ട് വീടുണ്ടാക്കാമായിരുന്നു.‘
‘അതിനു കാക്കേം കിളീം കാശിനു ബാങ്കിൽ പോവാറില്ലല്ലോ. കാക്ക ബാങ്കും കിളി
ബാങ്കും എവിടെങ്കിലും ഉണ്ടോ? മെയിൻ റോഡിലൊന്നും
കണ്ടിട്ടില്ല.’ അവൾ ഒരു പൂമരം പോലെ ആകെ ചിരിച്ചുലഞ്ഞു.
‘പെണ്ണേ, നേരവും കാലവും നോക്കാതെ തമാശ പറയരുത്,
പണിക്കാരെ നിറുത്തിയാൽ കൂലി കൊടുക്കണം. അതിനു പണം വേണ്ടേ?‘
‘നമ്മൾ പണിതാൽ നമുക്ക് താമസിക്കാൻ ഒരു മുറിയുണ്ടാക്കാൻ പറ്റുമോ? ഞാനും നീയും കൂടി പണിതാൽ......’
വാനം
കോരാനോ മണ്ണും ചെളിയും കുഴച്ചുരുട്ടാനോ കരിങ്കല്ലോ ഇഷ്ടികയോ പണിയാനോ ഒന്നും
പഠിച്ചിട്ടില്ല. ആരെങ്കിലും ഉണ്ടാക്കിയ വീട്ടിൽ വാടക കൊടുത്ത് കഴിയാൻ
അറിയാം.അല്ലെങ്കിൽ എന്തുണ്ടാക്കാനാണ് അറിയാവുന്നത്? ഭക്ഷണമുണ്ടാക്കാനറിയില്ല,
വസ്ത്രമുണ്ടാക്കാനറിയില്ല…. സ്വന്തമായി അവകാശം പോലെ എടുത്തുപയോഗിക്കുന്ന യാതൊന്നും തന്നെ
ഉണ്ടാക്കാൻ അറിയില്ല.
മിനുങ്ങുന്ന മാസികകളിലെ
വീടു വേണമെന്ന് വാശി പിടിക്കുകയോ കലഹിക്കുകയോ ചെയ്യുന്ന പെണ്ണായിരുന്നു ഇവളെങ്കിൽ
ഏതൊരു ദുർബലനായ പുരുഷനേയും പോലെ തന്റെ അറിവില്ലായ്മയുടെ കുറവുകൾ അവളിൽ
കെട്ടിവെച്ച് തലയൂരാൻ നോക്കാമായിരുന്നു. കുറഞ്ഞപക്ഷം അവനവനോടെങ്കിലും എന്തെങ്കിലും
ന്യായങ്ങൾ നിരത്തി ആശ്വസിക്കാമായിരുന്നു. എല്ലായ്പോഴും കൂടെ നിൽക്കുന്നവൾ, തെളിഞ്ഞ
ദീപം പോലെ യാതൊരു ഒളിവും മറവുമില്ലാത്തവൾ ഇമ്മാതിരിയൊരു കൂട്ടുകാരിയെപ്പറ്റി
കഥയെഴുതാനും കവിതയെഴുതാനും കൊള്ളാം, കൂടെ ജീവിക്കാനുള്ള ബുദ്ധിമുട്ട് ആരറിയാനാണ്? ഒറ്റ വനിതാ മാസികയിലും ഇതു പോലൊരുത്തിയെപ്പറ്റി
ആരും എഴുതിക്കണ്ടിട്ടില്ല. ചിന്തിക്കുന്നത് കൃത്യമായി തുറന്നു പറയുന്നവൾ,
പറയുന്നതു പ്രവർത്തിക്കുന്നവൾ, അപകടകരമായ രീതിയിൽ സത്യസന്ധയാണെങ്കിലും, എപ്പോഴും സന്തോഷവതിയായവൾ…
അങ്ങനെയാണ് എനിക്കും
അവൾക്കും മുറിയുണ്ടായത്. പഴയ
കരിങ്കല്ലിന്റെ അടിത്തറയിൽ പഴയ ഇഷ്ടികകൾ മണ്ണിൽ പണിത് പഴയ ജനലുകളും വാതിലുകളുമായി,
കാറ്റാടിക്കഴകളിൽ പനമ്പ് തട്ടിയുടെ പ്ലൈവുഡ്ഡിനു മേലെ വെളിച്ചെണ്ണ പാട്ടകൾ നിവർത്തി മേഞ്ഞ്, അതിനും
മുകളിൽ പുല്ലു പാവിയ മുറി.
പൊട്ടിയ ചില്ലു
കഷ്ണങ്ങൾ നിരത്തി, നനവ് വരുന്നയിടങ്ങളിൽ
ടൈലിന്റെ പ്രതീതി ഉണ്ടാക്കി.
ഒരു മൂലയിൽ
അടുക്കളയുണ്ടായി. പച്ചക്കറികൾ വരുന്ന പീഞ്ഞപ്പെട്ടി കൊണ്ട് ഷെൽഫുകൾ, കെട്ടിടം
പണിയുമ്പോൾ നിലകളിടാൻ ഉപയോഗിക്കുന്ന മുളന്തട്ടുകൾ കൊണ്ട് കട്ടിൽ, കാപ്പിക്കെറ്റിലിന്റെ നീണ്ട മൂക്ക് കൊണ്ട് ടൌവൽ
തൂക്കി, പഴയ ട്രങ്ക് പെട്ടി കൊണ്ട് ഉറുമ്പ് കേറാത്ത അലമാരി…
ഉപേക്ഷിക്കപ്പെടുന്ന,
തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന എല്ലാറ്റിനും എന്തെങ്കിലും ഉപയോഗമുണ്ടെന്ന് ആ
മുറി പണിയുമ്പോൾ ഞങ്ങൾ കണ്ടുപിടിച്ചു. മുൻ വശത്തെ കൊച്ചു മുറ്റത്ത് നട്ടു
പിടിപ്പിച്ച റങ്കൂൺ ക്രീപ്പർ പൂത്തുലഞ്ഞ് ഞങ്ങളുടെ പനമ്പ് തട്ടി പ്ലൈവുഡ്
കൊണ്ടുള്ള വാതിലിന്റെ എല്ലാ കുറവുകളും കുറച്ചു കാലം കഴിഞ്ഞപ്പോൾ പരിഹരിച്ചു തന്നു.
അടിമുടി പൂ വിതറിയ ആ മനോഹരിയെ കാണാതെ ആർക്കും കടന്നു പോകാനാവുമായിരുന്നില്ല.
ആ മുറിയിലാണ്
ഞാനും അവളും ഒമ്പതു വർഷം താമസിച്ചത്.
അച്ഛനുമമ്മയും
മരിച്ചു പോയി അനാഥയായ മകളും, ഭാര്യ ഉപേക്ഷിച്ചു പോയ ഭർത്താവും, പന്തു കളിച്ചു കാലൊടിഞ്ഞ കളിക്കാരനും, ആരും
നോക്കാനില്ലാത്ത അമ്മൂമ്മയും, എയിഡ്സ് പിടിച്ച ഡോക്ടറും ….അങ്ങനെയങ്ങനെ എണ്ണിയെണ്ണി പേരും വിശേഷങ്ങളും പറയാവുന്ന എത്രയോ അനവധി
സുഹൃത്തുക്കൾ താമസിച്ചത്.
വലിയൊരു
ചേരിയുടെയും , സി ആർ പി എഫ് ക്യാമ്പിന്റെയും ഇടയിൽ….
ചേരിയിലെ ഓരോ
തെരുവും ഓരോ ലോകമാണെന്ന തിരിച്ചറിവുണ്ടായത് അപ്പോഴാണ്. ചേരിയിൽ നിന്ന് സിന്നനേയും
രാമായിയേയും ഓടിച്ചു കളഞ്ഞാൽ പിന്നെ
എന്നും രാവിലെ പാലും പച്ചക്കറികളുമായി ആരും വാതിലിൽ മുട്ടി വിളിക്കില്ല. കുപ്പായം തേച്ചു തരാൻ അയ്യപ്പൻ വരില്ല. പാത്രം
കഴുകാനും തുണി അലക്കാനും വീട് വൃത്തിയാക്കിത്തരാനും ചിലപ്പോഴെങ്കിലും
ഭക്ഷണമുണ്ടാക്കാനും ചീരു ഉണ്ടാവില്ല.
എപ്പോഴും
എന്തെങ്കിലും മാലിന്യം ഉണ്ടാവും, എല്ലാ വീടുകളിലും. അതെടുത്ത് മാറ്റണമെങ്കിൽ
ചേരിയിലെ ഇറ്റാരി വരേണ്ടേ? അയാൾ വന്നില്ലെങ്കിൽ ഉണ്ടായിത്തീരുന്ന നാറ്റത്തിൽ ആർക്കും
കഴിഞ്ഞു കൂടുവാൻ പറ്റില്ലല്ലോ.
ഇതെല്ലാമറിഞ്ഞിട്ടും
ഇന്ന് യാതൊന്നും ചെയ്യാൻ കഴിഞ്ഞില്ല.
അതിരാവിലെ ഇരമ്പി
വന്ന ബുൾഡോസറുകൾ ചേരിയെ നിരപ്പായ വൃത്തിയുള്ള ഒരു പ്രദേശമാക്കി
മാറ്റിയെടുക്കുമ്പോൾ, ഞാൻ വെറുതേ നോക്കി നിൽക്കുക മാത്രമായിരുന്നു. അവിടെ
ഉണ്ടാകേണ്ടത് ചേരിയല്ല, ഒരു സ്പോർട്സ് കോമ്പ്ലക്സാണ്. വാസ്തുപുരുഷൻ ചേരിക്കാരുടെ വൃത്തികേടുകളിലല്ല, കായികതാരങ്ങളുടേയും
കാണികളുടെയും ആഹ്ലാദാരവങ്ങളിലാണ് കഴിയേണ്ടത്. വിദേശികൾ വരുമ്പോൾ മഹത്തായ നമ്മുടെ
രാജ്യം ചേരികളിലെ വൃത്തികേടുകളല്ല, ഫ്ലഡ് ലൈറ്റുകളിൽ പ്രഭ ചൊരിയുന്ന ആഢ്യത്തവും പ്രൌഡിയുമാണ് പ്രദർശിപ്പിക്കേണ്ടത്.
ഒരു മതിലിന്റെ ഇപ്പുറത്തായിരുന്നു ഇടിഞ്ഞു തകരുന്ന ചേരിക്കു മുന്നിലെ എന്റെ
സുരക്ഷിതത്വം. ആ മതിൽ നഗര സൌന്ദര്യത്തിന്റെ പുഴുക്കുത്താണെന്ന് അധികാരത്തിനു
തോന്നുന്ന ദിവസം എന്റെ ഈ മുറിയും ബുൾഡോസർ തകർത്തെറിയും.
‘രാമായീം
സിന്നനും പോകുമ്പോൾ അടുത്തതായി നമ്മളാവും പോകേണ്ടി വരിക. നമ്മൾ അതു വെറുതേ നോക്കിയിരിക്കാൻ
പാടില്ല. വരൂ, നമുക്കും അവരുടെ അടുത്ത് പോകാം, അവർക്കൊപ്പം ബുൾഡോസറിനു മുന്നിൽ
കുത്തിയിരിക്കാം. ഈ സ്ഥലം വിട്ടുകൊടുക്കരുത്’
അവൾ ഓടിയകലുകയായിരുന്നു.
തടയാൻ കഴിയും മുൻപ് ഒന്നും ചെയ്യാൻ കഴിയും മുൻപ് ഇരുമ്പ് തൊപ്പിയിട്ട പോലീസുകാർ പരപ്പൻ
ലാത്തിയടി തുടങ്ങിയിരുന്നു… അടിക്കു ശേഷമാണോ അതിനു മുൻപാണോ തോക്കുകൾ ഗർജ്ജിച്ചതെന്ന്
എനിക്ക് ഓർമ്മ കിട്ടുന്നില്ല.
ഇപ്പോൾ
രാത്രിയായി, ആശുപത്രിയുടെ വരാന്തയിൽ കുത്തിക്കെട്ടി കിട്ടുന്ന അവളുടെ മെലിഞ്ഞ ശരീരവും
കാത്ത് ഞാനിരിക്കുകയാണ്. എനിക്ക് ഒട്ടും ഇഷ്ടം തോന്നുന്നില്ലെങ്കിലും ചന്ദ്രൻ പൌഡറിട്ട് ആകാശത്ത് തിളങ്ങി നിൽക്കുന്നു.
എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീർച്ചാലുകളെ മിന്നിമിന്നിക്കാണിച്ചുകൊണ്ട്……..
ഉയർന്ന
മതിലുകൾക്കപ്പുറത്ത് എവിടെയെല്ലാമോ വലിയ വലിയ ലോറികളിൽ വില കൂടിയ കെട്ടിട നിർമ്മാണ
സാമഗ്രികൾ വന്നിറങ്ങുന്നുണ്ട്. വാസ്തുപുരുഷൻ കായികതാരമാവാൻ ട്രാക് സ്യൂട്ടണിയുന്നതാവാം. അല്ലെങ്കിൽ
ഗൃഹസ്ഥനാവാൻ കസവുമുണ്ടുടുക്കുന്നതാവാം. അതുമല്ലെങ്കിൽ വ്യവസായിയാവാൻ കോട്ടും
സൂട്ടുമിടുന്നതാവാം.