Wednesday, June 13, 2012

ഒരു മുറി….ഒരു വീട്


                                                 



(2012 ജൂൺ ലക്കം അസ്സീസ്സി മാസികയിൽ പ്രസിദ്ധീകരിച്ചത്)
                                               
പുറകു വശത്തെ ഉയർന്ന മതിലിനപ്പുറത്ത് ഒരു ചേരിയാണ്, ഈ ബ്രഹ്മാണ്ഡത്തെ കൂട്ട്  വലുപ്പമാർന്ന ഒരു ചേരി. വൃത്തികെട്ട പുഴുക്കളായി മനുഷ്യർ ഇടതിങ്ങിപ്പാർക്കുന്ന, കെട്ട നാറ്റം വമിയ്ക്കുന്ന  ഇടം. അതാണ് ഈ സ്ഥലത്തിനു വില കുറയാൻ കാരണം. പുര വെയ്ക്കാൻ ഒട്ടും നല്ലതല്ലെന്ന് എല്ലാവരും സമ്മതിച്ച് കൈയൊഴിഞ്ഞ സ്ഥലം. ഒരു വാസ്തു സങ്കൽ‌പ്പത്തിലും ശരി എന്ന് ആരും അനുകൂലിക്കാത്ത സ്ഥലം. ചരിഞ്ഞ് അല്പം ഉയർന്ന് പിന്നെ ഇത്തിരി കുഴിഞ്ഞ്..ഒരു വശം നീളം കൂടി..എന്നെപ്പോലെ തന്നെ ഒട്ടും വ്യവസ്ഥയില്ലാത്ത ഒരിടം. 

അവളെന്നോട് പറഞ്ഞു, ‘സാരമില്ല, എല്ലാ പുരയിടത്തിലും കൃത്യം വ്യവസ്ഥപ്പെട്ട ആകൃതിയിലിരുന്ന് വാസ്തു പുരുഷന്റെ കഴുത്തിനു വേദനയുണ്ടാകുന്നുണ്ടാവും. ഈ പുരയിടത്തിൽ അല്പം കാലു നീട്ടിയിരുന്നാലും വിരോധമില്ലെന്ന് നമുക്ക് പറയാം.‘

ചിരി വന്നെങ്കിലും അതമർത്തിപ്പിടിച്ചു. 

വാസ്തു പുരുഷൻ കേട്ടുകാണുമോ ആവോ? കേട്ടാൽ മുഖം വീർപ്പിച്ച് വഴക്കിടുമോ?

“നല്ല പശിമയുള്ള മണ്ണാണ്. ചേരിക്കാരു മുഴുവൻ തൂറണത് ഇവിടെയാ. എന്തു വെതച്ചാലും പൊലിച്ച് പൊലിച്ച് വരും” അവളുടെ മുഖത്ത് ചിരി.

“അല്ലെങ്കിൽ, ഈ ഭൂമിയിലെവിടെയാ തീട്ടവും ശവങ്ങളും ഇല്ലാത്തത്? പുര വെയ്ക്കാൻ എത്ര നല്ല പറമ്പ് കണ്ടു പിടിച്ചാലും ഇത് രണ്ടും അവിടെ ഉണ്ടാവും.“

പിന്നീടുള്ള ദിവസങ്ങളിൽ പഴയ കെട്ടിടങ്ങൾ പൊളിച്ചു വിൽക്കുന്ന ആക്രിച്ചേരികളിൽ അലഞ്ഞു നടന്നു. എല്ലായിടത്തും എന്തെങ്കിലും ഒക്കെ ഉണ്ട്. അതൊക്കെ വെച്ച് മുറിയുണ്ടാക്കാം. ഒരു മുറി എപ്പോഴാണു വീടാവുക? അല്ലെങ്കിൽ ഒരു വീട് എപ്പോഴാണ് മുറിയാവുക? അവളുള്ളപ്പോൾ എല്ലാ മുറികളും എന്നും വീടായിരുന്നു. അവളില്ലാത്തപ്പോഴാവട്ടെ വീടുകളെല്ലാം എന്നും മുറികൾ മാത്രമായിരുന്നു.  

പ്ലാൻ വരയ്ക്കാൻ അധികാരമുള്ളവർ വരച്ച പടവുമായി ചെന്നാലേ ഒരു മുറിയായാലും അര മുറിയായാലും പണിയാൻ പറ്റൂ എന്ന് കോർപ്പറേഷൻ ഓഫീസിലെ ഉദ്യോഗസ്ഥൻ മുറുക്കിത്തുപ്പി. അല്ലെങ്കിൽ സമ്മതം കിട്ടില്ല. സർക്കാർ സമ്മതമില്ലാതെ ഒരു ഇഷ്ടിക കഷണം എടുത്ത് ആ പറമ്പിൽ വെച്ചാൽ പോലും അത് പൊളിച്ചുകൊണ്ടു പോകാൻ രണ്ടു സെക്കൻഡ് വേണ്ടി വരില്ല, ബുൾഡോസറിന്. അതുകൊണ്ട് ആദ്യം മര്യാദക്കുള്ള ഒരു പടവുമായി വന്നു, കാണേണ്ടവരെ കണ്ടു നോക്കെന്നായിരുന്നു അയാളുടെ ഉത്തരവ്.

എല്ലാ അധികാര സ്ഥാപനങ്ങളും എന്തെങ്കിലും ആവശ്യവുമായി അവിടെ കടന്നുചെല്ലുന്നവരോട് ഒരു ജന്മ ശത്രുവിനെപ്പോലെ മാത്രം പെരുമാറുന്നതെന്താണെന്ന് തീരെ മനസ്സിലാവാറില്ല. ആരും കടന്നു ചെല്ലേണ്ടെങ്കിൽ പിന്നെ ഇത്രയും സ്ഥലവും വലിയ വലിയ കെട്ടിടങ്ങളും പലതരം വണ്ടികളും വിവിധ രീതികളിലുള്ള അവകാശ അറിയിപ്പുകളും മറ്റും എന്തിനാണ്?

ചേരിക്കടുത്ത പുരയിടം കാണാൻ പോലും തയാറില്ലാത്ത ഒരാളായിരുന്നു, പ്ലാൻ വരച്ചു തന്നത്. അയാളുടെ മുൻപിൽ ഇരിയ്ക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത  നിസ്സഹായതയും പ്രകടിപ്പിച്ചു തീർക്കാനാവാത്ത  അരിശവും കൊണ്ട് ഞാൻ വീർപ്പുമുട്ടി. ആൺപിറവി കൊണ്ടൊന്നും ഒരു കാര്യവുമില്ല. എന്തെങ്കിലും രീതിയിൽ ബലവാനായ ഒരു പുരുഷൻ , ആ പ്രത്യേക ബലം ഇല്ലാത്ത മറ്റൊരു പുരുഷനെ പറ്റാവുന്ന ഏതു മാർഗ്ഗമുപയോഗിച്ചും ചവുട്ടിയരച്ചു കളയുന്നത് വളരെ സാധാരണമായ ഒരു കാര്യമാണ്. സ്ത്രീകൾ പറയുന്നതു മാതിരി അവർക്കു മാത്രമൊന്നുമല്ല, ഈ അപമാനവും നിസ്സാരമാക്കപ്പെടലും നേരിടേണ്ടി വരുന്നത്. 

അസാമാന്യമായ സംയമനം പാലിച്ചുകൊണ്ട് ഞാ‍നാ സാങ്കേതിക വിദഗ്ധന്റെ  കീഴിൽ അനുസരണയോടെയിരുന്നു.  ഏറ്റവും നിസ്സഹായനായ ദുർബലനായ ദരിദ്രനായ പൊതുജനം മാത്രമാണല്ലോ, എന്തൊക്കെപ്പറഞ്ഞാലും ഈ ഞാൻ. എന്റെ പ്രതിഷേധങ്ങൾക്ക് ഒരു കഴുത്തു പിടിച്ചുന്തലിന്റേയോ ഒരു ഗെറ്റൌട്ട് അലർച്ചയുടേയോ  വില മാത്രമേയുള്ളൂ എന്ന് പലവട്ടം പലയിടങ്ങളിലായി ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

ഈ ചേരിക്കടുത്ത് എങ്ങനെ താമസിക്കും? കുറച്ചു കൂടി പണം മുടക്കി മറ്റൊരു ഭാഗത്ത് സ്ഥലം വാങ്ങാമായിരുന്നില്ലേ?‘

ചേരിക്കാർ മുഴുവൻ കള്ളന്മാരാണ്. ക്രിമിനലുകളാണു അവിടെ അധികവും.’

ഇത്ര സമനിരപ്പില്ലാത്ത ഭൂമിയിൽ മുറി പണിയുന്നത്....ങാ , പിന്നെ ഒരു മുറിയല്ലേ ഉള്ളൂ. വിവിധോദ്ദേശ മുറി..

‘എപ്പോൾ വേണമെങ്കിലും വിറ്റിട്ട് പോകാമല്ലോ’

വരയ്ക്കുന്നതിനിടയിൽ അയാൾ തുരുതുരാ ഇങ്ങനെ ഒരോന്നു പറഞ്ഞുകൊണ്ടിരുന്നു. നല്ല തിളക്കവും മിനുസവുമുള്ള കടലാസ്സുകളിൽ അച്ചടിച്ച വില കൂടിയ മാഗസിനുകളിൽ കാണുന്ന മാതിരി കൊച്ചു വീടുകളും മുറികളും നിർമ്മിക്കുവാൻ ആ രംഗത്തെ വിദഗ്ദ്ധർക്ക് അത്ര താല്പര്യമൊന്നുമില്ലെന്ന് ഇതിനകം തന്നെ എനിക്ക് മനസ്സിലായിക്കഴിഞ്ഞിരുന്നു.  വലിയ വലിയ കെട്ടിടങ്ങൾ ചെയ്യുന്നതിനിടയിൽ ഒന്നോ രണ്ടോ ചെറിയ കെട്ടിടങ്ങൾ അങ്ങനെ അബദ്ധത്തിൽ ചെയ്തു പോകുന്നതാണ് അവരൊക്കെ. കാശില്ലാത്തവനും വായിക്കണമല്ലോ, നമ്മുടെ  മാഗസിൻ എന്നു കരുതി ഇടയ്ക്കും മുറയ്ക്കും ആ കൊച്ചു വീടുകളെ മഹാസംഭവമെന്ന് ‍മാസികക്കാ അവതരിപ്പിയ്ക്കുന്നു. ഈ ഒരു മുറി പണിതു കഴിയുമ്പോഴേയ്ക്കും അനുഭവങ്ങളുടെ ഒരു പാഠപുസ്തകമാകും ഞാനെന്ന് എനിക്ക് വൈകാതെ മനസ്സിലായി.

എത്ര പേരോട് സംസാരിച്ചതിനു ശേഷമാണ് ഇങ്ങനെയെങ്കിലും ഒരാളെ ഒത്തു കിട്ടിയത്! അതുകൊണ്ട് എന്തെല്ലാം കേൾപ്പിച്ച് അരിശം വരുത്തിയാലും അയാൾ വരച്ചു തീരുന്നതു വരെ ക്ഷമയോടെ കാത്തിരിക്കാൻ ഞാൻ തീരുമാനിച്ചു.

ആവശ്യത്തിലും എത്രയോ അധികം സമയമെടുത്തിട്ടാണെങ്കിലും കെട്ടിടം പണിയാനുള്ള അനുമതി ഒടുവിൽ കോർപ്പറേഷനിൽ നിന്ന് എനിക്ക് കിട്ടുക തന്നെ ചെയ്തു.

പാവപ്പെട്ടവർക്കായി സർക്കാർ പ്രഖ്യാപിച്ച പല ഭവന പദ്ധതികളേയും കുറിച്ച് എനിക്കും അല്പമൊക്കെ അറിവുണ്ടായിരുന്നു. അത്തരമൊരു ധനസഹായത്തിനായി ബാങ്കിനെ സമീപിച്ചപ്പോഴാണ് ബാങ്ക് മാനേജർ യാതൊരു കാരുണ്യവുമില്ലാതെ എന്നോട് പറഞ്ഞത്. ഈ ആക്രി സാധനമൊന്നും വെച്ചുണ്ടാക്കുന്ന വീടുകൾക്ക് ധന സഹായം ചെയ്യാനല്ല ബാങ്കിരിക്കുന്നതെന്ന്. ഞാൻ സ്തംഭിച്ചിരുന്നു പോയി. പഴയ കരിങ്കല്ലും ഇഷ്ടികയും പഴയ ജനലും വാതിലും  മുളയും നിവർത്തിയെടുത്ത എണ്ണപ്പാട്ട ഷീറ്റുകളും പുല്ലുകെട്ടും കാറ്റാടിക്കഴയുമൊക്കെ.....വീടുണ്ടാക്കാൻ ഞാൻ ശേഖരിച്ചതെല്ലാം അയാളുടെ കണ്ണിൽ യാതൊരു വിലയുമില്ലാത്ത അനാവശ്യ വസ്തുക്കളാണ്. തീയിലെരിയിച്ചു കളയേണ്ടുന്ന  വെറും ചണ്ടിചപ്പുകളാണ്.

എനിയ്ക്ക് വളരെ അപരിചിതമായതും ശ്രമപ്പെട്ട് വരുത്തിക്കൂട്ടിയതുമായ താഴ്മയോടെ, ഒത്തിരി സാധ്യതയോടെ ആ കഷണ്ടിത്തലയൻ ബാങ്ക് മാനേജരോട് അപേക്ഷിച്ച് നോക്കി. കാര്യങ്ങൾ വിശദീകരിച്ചു നോക്കി. എന്തുകൊണ്ട് ഒരാൾ ഉപയോഗിച്ചുപേക്ഷിച്ച സാധനങ്ങൾ ഉപയോഗിക്കുന്നുവെന്നും മനുഷ്യൻ വീടിനായി ധനം മാത്രമല്ല, പ്രകൃതിയെക്കൂടി എങ്ങനെയെല്ലാം ദുരുപയോഗം ചെയ്യുന്നുവെന്നും ഒക്കെ വിശദീകരിക്കാൻ ശ്രമിച്ചു. ഉപ്പിലിട്ട മാങ്ങ പോലെ ചുങ്ങിപ്പോയ ഒരു തലച്ചോറായിരുന്നു അയാൾക്കുണ്ടായിരുന്നത്. വലിയ ബംഗ്ലാവുകൾക്കും കാറുകൾക്കും ലോ കൊടുക്കാമെങ്കിലും, ഇമ്മാതിരിയുള്ള അലവലാതി സാധനങ്ങൾ കൊണ്ടുള്ള വീടിനു പണം മുടക്കുന്നത് ഒട്ടും ബുദ്ധിപരമായിരിക്കില്ലെന്ന് അയാൾ തീരുമാനിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് എല്ലാം കേട്ടിട്ട് അയാൾ ഒറ്റ വാചകത്തിൽ മറുപടി പറഞ്ഞു.ബാങ്കീന്ന് ലോൺ തരാൻ പറ്റില്ല.

ബാങ്കിലെ ഏ സി മുറിയിൽ നിന്ന് ചുമട്ടുകാരന്റേതും വഴിയോരക്കച്ചവടക്കാരന്റേതും പിച്ചക്കാരന്റേതും മറ്റുമായി തീറെഴുതപ്പെട്ട  പൊള്ളുന്ന വെയിലിലേക്കിറങ്ങി വന്ന് അവളോട് പറഞ്ഞു. 

ഒരു കാക്കയോ നാരായണക്കിളിയോ മറ്റോ ആയി ജനിച്ചാൽ മതിയായിരുന്നു.ചുള്ളിക്കമ്പുകളും നാരുകളും കൊണ്ട് വീടുണ്ടാക്കാമായിരുന്നു.

അതിനു കാക്കേം കിളീം കാശിനു ബാങ്കിൽ പോവാറില്ലല്ലോ. കാക്ക ബാങ്കും കിളി ബാങ്കും എവിടെങ്കിലും ഉണ്ടോ? മെയിൻ റോഡിലൊന്നും കണ്ടിട്ടില്ല.അവൾ ഒരു പൂമരം പോലെ ആകെ ചിരിച്ചുലഞ്ഞു.

പെണ്ണേ, നേരവും കാലവും നോക്കാതെ തമാശ പറയരുത്, പണിക്കാരെ നിറുത്തിയാൽ കൂലി കൊടുക്കണം. അതിനു പണം വേണ്ടേ?‘

നമ്മൾ പണിതാൽ നമുക്ക് താമസിക്കാൻ ഒരു മുറിയുണ്ടാക്കാൻ പറ്റുമോ? ഞാനും നീയും കൂടി പണിതാൽ......

വാനം കോരാനോ മണ്ണും ചെളിയും കുഴച്ചുരുട്ടാനോ കരിങ്കല്ലോ ഇഷ്ടികയോ പണിയാനോ ഒന്നും പഠിച്ചിട്ടില്ല. ആരെങ്കിലും ഉണ്ടാക്കിയ വീട്ടിൽ വാടക കൊടുത്ത് കഴിയാൻ അറിയാം.അല്ലെങ്കിൽ എന്തുണ്ടാക്കാനാണ് അറിയാവുന്നത്? ഭക്ഷണമുണ്ടാക്കാനറിയില്ല, വസ്ത്രമുണ്ടാക്കാനറിയില്ല. സ്വന്തമായി അവകാശം പോലെ എടുത്തുപയോഗിക്കുന്ന യാതൊന്നും തന്നെ ഉണ്ടാക്കാൻ അറിയില്ല. 

മിനുങ്ങുന്ന മാസികകളിലെ വീടു വേണമെന്ന് വാശി പിടിക്കുകയോ കലഹിക്കുകയോ ചെയ്യുന്ന പെണ്ണായിരുന്നു ഇവളെങ്കിൽ ഏതൊരു ദുർബലനായ പുരുഷനേയും പോലെ തന്റെ അറിവില്ലായ്മയുടെ കുറവുകൾ അവളിൽ കെട്ടിവെച്ച് തലയൂരാൻ നോക്കാമായിരുന്നു. കുറഞ്ഞപക്ഷം അവനവനോടെങ്കിലും എന്തെങ്കിലും ന്യായങ്ങൾ നിരത്തി ആശ്വസിക്കാമായിരുന്നു. എല്ലായ്പോഴും കൂടെ നിൽക്കുന്നവൾ, തെളിഞ്ഞ ദീപം പോലെ യാതൊരു ഒളിവും മറവുമില്ലാത്തവൾ ഇമ്മാതിരിയൊരു കൂട്ടുകാരിയെപ്പറ്റി കഥയെഴുതാനും കവിതയെഴുതാനും കൊള്ളാം, കൂടെ ജീവിക്കാനുള്ള ബുദ്ധിമുട്ട് ആരറിയാനാണ്?  ഒറ്റ വനിതാ മാസികയിലും ഇതു പോലൊരുത്തിയെപ്പറ്റി ആരും എഴുതിക്കണ്ടിട്ടില്ല. ചിന്തിക്കുന്നത് കൃത്യമായി തുറന്നു പറയുന്നവൾ, പറയുന്നതു പ്രവർത്തിക്കുന്നവൾ, അപകടകരമായ രീതിയിൽ സത്യസന്ധയാണെങ്കിലും, എപ്പോഴും സന്തോഷവതിയായവൾ

അങ്ങനെയാണ് എനിക്കും അവൾക്കും  മുറിയുണ്ടായത്. പഴയ കരിങ്കല്ലിന്റെ അടിത്തറയിൽ പഴയ ഇഷ്ടികകൾ മണ്ണിൽ പണിത് പഴയ ജനലുകളും വാതിലുകളുമായി, കാറ്റാടിക്കഴകളിൽ പനമ്പ് തട്ടിയുടെ പ്ലൈവുഡ്ഡിനു മേലെ  വെളിച്ചെണ്ണ പാട്ടകൾ നിവർത്തി മേഞ്ഞ്, അതിനും മുകളിൽ പുല്ലു പാവിയ മുറി.

പൊട്ടിയ ചില്ലു കഷ്ണങ്ങൾ നിരത്തി, നനവ് വരുന്നയിടങ്ങളിൽ  ടൈലിന്റെ പ്രതീതി ഉണ്ടാക്കി.
ഒരു മൂലയിൽ അടുക്കളയുണ്ടായി. പച്ചക്കറികൾ വരുന്ന പീഞ്ഞപ്പെട്ടി കൊണ്ട് ഷെൽഫുകൾ, കെട്ടിടം പണിയുമ്പോൾ നിലകളിടാൻ ഉപയോഗിക്കുന്ന മുളന്തട്ടുകൾ കൊണ്ട് കട്ടിൽ,  കാപ്പിക്കെറ്റിലിന്റെ നീണ്ട മൂക്ക് കൊണ്ട് ടൌവൽ തൂക്കി, പഴയ ട്രങ്ക് പെട്ടി കൊണ്ട് ഉറുമ്പ് കേറാത്ത അലമാരി  

ഉപേക്ഷിക്കപ്പെടുന്ന, തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന എല്ലാറ്റിനും എന്തെങ്കിലും ഉപയോഗമുണ്ടെന്ന് ആ മുറി പണിയുമ്പോൾ ഞങ്ങൾ കണ്ടുപിടിച്ചു. മുൻ വശത്തെ കൊച്ചു മുറ്റത്ത് നട്ടു പിടിപ്പിച്ച റങ്കൂൺ ക്രീപ്പർ പൂത്തുലഞ്ഞ് ഞങ്ങളുടെ പനമ്പ് തട്ടി പ്ലൈവുഡ് കൊണ്ടുള്ള വാതിലിന്റെ എല്ലാ കുറവുകളും കുറച്ചു കാലം കഴിഞ്ഞപ്പോൾ പരിഹരിച്ചു തന്നു. അടിമുടി പൂ വിതറിയ ആ മനോഹരിയെ കാണാതെ ആർക്കും കടന്നു പോകാനാവുമായിരുന്നില്ല.

ആ മുറിയിലാണ് ഞാനും അവളും ഒമ്പതു വർഷം താമസിച്ചത്. 

അച്ഛനുമമ്മയും മരിച്ചു പോയി അനാഥയായ മകളും, ഭാര്യ ഉപേക്ഷിച്ചു പോയ ഭർത്താവും,  പന്തു കളിച്ചു കാലൊടിഞ്ഞ കളിക്കാരനും, ആരും നോക്കാനില്ലാത്ത അമ്മൂമ്മയും, എയിഡ്സ് പിടിച്ച ഡോക്ടറും .അങ്ങനെയങ്ങനെ എണ്ണിയെണ്ണി പേരും വിശേഷങ്ങളും പറയാവുന്ന എത്രയോ അനവധി സുഹൃത്തുക്കൾ താമസിച്ചത്. 

വലിയൊരു ചേരിയുടെയും , സി ആർ പി എഫ് ക്യാമ്പിന്റെയും ഇടയിൽ.

ചേരിയിലെ ഓരോ തെരുവും ഓരോ ലോകമാണെന്ന തിരിച്ചറിവുണ്ടായത് അപ്പോഴാണ്. ചേരിയിൽ നിന്ന് സിന്നനേയും രാമായിയേയും  ഓടിച്ചു കളഞ്ഞാൽ പിന്നെ എന്നും രാവിലെ പാലും പച്ചക്കറികളുമായി ആരും വാതിലിൽ മുട്ടി വിളിക്കില്ല.  കുപ്പായം തേച്ചു തരാൻ അയ്യപ്പൻ വരില്ല. പാത്രം കഴുകാനും തുണി അലക്കാനും വീട് വൃത്തിയാക്കിത്തരാനും ചിലപ്പോഴെങ്കിലും ഭക്ഷണമുണ്ടാക്കാനും  ചീരു ഉണ്ടാവില്ല. 

എപ്പോഴും എന്തെങ്കിലും മാലിന്യം ഉണ്ടാവും, എല്ലാ വീടുകളിലും. അതെടുത്ത് മാറ്റണമെങ്കിൽ ചേരിയിലെ ഇറ്റാരി വരേണ്ടേ? അയാൾ വന്നില്ലെങ്കിൽ ഉണ്ടായിത്തീരുന്ന നാറ്റത്തിൽ ആർക്കും കഴിഞ്ഞു കൂടുവാൻ പറ്റില്ലല്ലോ.

ഇതെല്ലാമറിഞ്ഞിട്ടും  ഇന്ന് യാതൊന്നും ചെയ്യാൻ കഴിഞ്ഞില്ല.

അതിരാവിലെ ഇരമ്പി വന്ന ബുൾഡോസറുകൾ ചേരിയെ നിരപ്പായ വൃത്തിയുള്ള ഒരു പ്രദേശമാക്കി മാറ്റിയെടുക്കുമ്പോൾ, ഞാൻ വെറുതേ നോക്കി നിൽക്കുക മാത്രമായിരുന്നു. അവിടെ ഉണ്ടാകേണ്ടത് ചേരിയല്ല, ഒരു സ്പോർട്സ് കോമ്പ്ലക്സാണ്. വാസ്തുപുരുഷൻ  ചേരിക്കാരുടെ വൃത്തികേടുകളിലല്ല, കായികതാരങ്ങളുടേയും കാണികളുടെയും ആഹ്ലാദാരവങ്ങളിലാണ് കഴിയേണ്ടത്. വിദേശികൾ വരുമ്പോൾ മഹത്തായ നമ്മുടെ രാജ്യം ചേരികളിലെ വൃത്തികേടുകളല്ല, ഫ്ലഡ് ലൈറ്റുകളിൽ പ്രഭ ചൊരിയുന്ന  ആഢ്യത്തവും പ്രൌഡിയുമാണ് പ്രദർശിപ്പിക്കേണ്ടത്. ഒരു മതിലിന്റെ ഇപ്പുറത്തായിരുന്നു ഇടിഞ്ഞു തകരുന്ന ചേരിക്കു മുന്നിലെ എന്റെ സുരക്ഷിതത്വം. ആ മതിൽ നഗര സൌന്ദര്യത്തിന്റെ പുഴുക്കുത്താണെന്ന് അധികാരത്തിനു തോന്നുന്ന ദിവസം എന്റെ ഈ മുറിയും ബുൾഡോസർ തകർത്തെറിയും.

‘രാമായീം സിന്നനും പോകുമ്പോൾ അടുത്തതായി നമ്മളാവും പോകേണ്ടി വരിക. നമ്മൾ അതു വെറുതേ നോക്കിയിരിക്കാൻ പാടില്ല. വരൂ, നമുക്കും അവരുടെ അടുത്ത് പോകാം, അവർക്കൊപ്പം ബുൾഡോസറിനു മുന്നിൽ കുത്തിയിരിക്കാം. ഈ സ്ഥലം വിട്ടുകൊടുക്കരുത്’

അവൾ ഓടിയകലുകയായിരുന്നു. തടയാൻ കഴിയും മുൻപ് ഒന്നും ചെയ്യാൻ കഴിയും മുൻപ് ഇരുമ്പ് തൊപ്പിയിട്ട പോലീസുകാർ പരപ്പൻ ലാത്തിയടി തുടങ്ങിയിരുന്നു അടിക്കു ശേഷമാണോ അതിനു മുൻപാണോ തോക്കുകൾ ഗർജ്ജിച്ചതെന്ന് എനിക്ക് ഓർമ്മ കിട്ടുന്നില്ല.

ഇപ്പോൾ രാത്രിയായി, ആശുപത്രിയുടെ വരാന്തയിൽ കുത്തിക്കെട്ടി കിട്ടുന്ന അവളുടെ മെലിഞ്ഞ ശരീരവും കാത്ത് ഞാനിരിക്കുകയാണ്. എനിക്ക് ഒട്ടും ഇഷ്ടം തോന്നുന്നില്ലെങ്കിലും  ചന്ദ്രൻ പൌഡറിട്ട് ആകാശത്ത് തിളങ്ങി നിൽക്കുന്നു. എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീർച്ചാലുകളെ മിന്നിമിന്നിക്കാണിച്ചുകൊണ്ട്……..

ഉയർന്ന മതിലുകൾക്കപ്പുറത്ത് എവിടെയെല്ലാമോ വലിയ വലിയ ലോറികളിൽ വില കൂടിയ കെട്ടിട നിർമ്മാണ സാമഗ്രികൾ വന്നിറങ്ങുന്നുണ്ട്. വാസ്തുപുരുഷൻ കായികതാരമാവാൻ  ട്രാക് സ്യൂട്ടണിയുന്നതാവാം. അല്ലെങ്കിൽ ഗൃഹസ്ഥനാവാൻ കസവുമുണ്ടുടുക്കുന്നതാവാം. അതുമല്ലെങ്കിൽ വ്യവസായിയാവാൻ കോട്ടും സൂട്ടുമിടുന്നതാവാം.

88 comments:

Echmukutty said...

ഈ പോസ്റ്റിന്റെ ക്രമ നമ്പർ നൂറ് ആണ്..... എനിക്ക് സ്വയം വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിലും...

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പാവപ്പെട്ടവരും പരമ ദരിദ്രരുമായ ഒട്ടനവധി കെട്ടിടം പണിക്കാർക്കൊപ്പം വിവിധ ജോലികൾ ചെയ്തു കഴിഞ്ഞു കൂടിയ ഒരു കാലത്തിന്റെയും അതിലുൾപ്പെട്ട പലപല സിന്നന്മാരുടെയും രാമായിമാരുടെയും ഓർമ്മകളിൽ ഒരു കഥ......

Unknown said...

കഥ ഭീകരം തന്നെ. കഥയല്ലെന്നുതോന്നുന്നു.

Sapna Anu B.George said...

ഉഗ്രൻ കഥ എച്ചുമ്മക്കുട്ടി..... വീടു വെക്കുന്നവനെ അതിന്റെ വിഷമം അറിയത്തുള്ളു.

Unknown said...

നന്നായി.

പട്ടേപ്പാടം റാംജി said...

നൂറിന് ആശംസകള്‍.
ക്രമനമ്പര്‍ ഇനിയും വളരെയധികം ഉയരട്ടെ.

വാസ്തുപുരുഷന് സുന്ദരമായ സുഖമാണ് വീട്...
നന്നായിരിക്കുന്നു.

K@nn(())raan*خلي ولي said...

ചോര പൊടിയുന്ന ചിന്തകള്‍ !
കഥയില്‍ ചോദ്യമുണ്ടോ ആവോ!

Minesh Ramanunni said...

സെന്സസുകളിലും സര്‍ക്കാര്‍ രേഖകളിലും ഇടം കിട്ടാതെ പോകുന്ന മനുഷ്യപ്പുഴുക്കളുറെ ദൈന്യതകള്‍ .. നന്നായി എഴുതി .

സേതുലക്ഷ്മി said...

എച്മു,ഈ കഥയ്ക്ക് ഒരു കമന്റ് എഴുതാന്‍ കഴിയാതെ ഞാന്‍ നിസ്സഹായയാവുന്നു.

പൌഡറിട്ട ചന്ദ്രന്‍... എന്തൊരു ഭാവനയാണിത്‌..

നൂറിന്റെ നിറവിന്, നൂറാശംസകള്‍.

ajith said...

മനുഷ്യമനസ്സിന്റെ കരുണാര്‍ദ്രദേശങ്ങളെ സ്പര്‍ശിക്കാന്‍ വേണ്ടി മാത്രം പിറവി കൊണ്ട വാക്കുകള്‍. എച്മു ഒരു മാനവികതാവാദിയാണ് എന്ന് ഞാന്‍ പഠിച്ചു മുമ്പ് തന്നെ. ഇപ്പോഴത് ഒന്നുകൂടെ ആവര്‍ത്തിച്ച് പറയുന്നു.






Today's highlight:
എച്മു നൂറടിച്ചേയ്.......

vettathan said...

അങ്ങിനെ നൂറാമത്തെ സൃഷ്ടി ഒരു കഥയായി.കഥയങ്ങിനെ പറഞ്ഞുപോകുന്ന ഒരു പ്രതീതി.ഒരു ഇഴയടുപ്പത്തിന്റെ കുറവ് പോലെ.

Viswaprabha said...

എച്ച്മൂ,

ഒരു വാശി പോലെ,
ആശാഭംഗം പോലെ,
ഇപ്പോൾ ബ്ലോഗുകളിലൊന്നും കമന്റ് എഴുതാറില്ല.
നന്നായി എഴുതിയതായി തോന്നിയാൽപ്പോലും,
ഞാൻ പിന്നാമ്പുറത്തുകൂടിവന്നൊന്നെത്തിനോക്കി എന്നുപോലും ആരെയും അറിയിക്കാറില്ല.
പക്ഷേ....

ഇക്കഥ ഉറഞ്ഞുതുള്ളി, ഉടവാളുകൊണ്ടു് എന്റെ വാശിയേയും നെടുകെ പിളുർത്ത്, പടച്ചുകൂട്ടിയ പിണ്ടിക്കോവിലുകൾ വാരിയെറിഞ്ഞു തിമർക്കുകയാണല്ലോ!

നന്നായി എന്നെഴുതാൻ ഇപ്പോഴും തോന്നുന്നില്ല. പൊന്നു തിളങ്ങുന്നു എന്നോ കനൽ ചുടുന്നു എന്നോ പോലെയുള്ള സ്ഥാവരസത്യങ്ങളെ എങ്ങനെയാണു നാം പൊട്ടുകുത്തിപ്പൂചൂടിച്ചലങ്കരിക്കുക?

നാളേറുമ്പോൾ ഒന്നു ബോദ്ധ്യമായി വരുന്നു. കഥയുടെ പരന്നസമതലങ്ങളിലൂടെ വരച്ചുകുറിച്ചൊഴുകാൻ ഒരു പുഴ പുഷ്പിണിയായി പൂത്തൊരുങ്ങി മലയിറങ്ങിവരുന്നുണ്ടു്.
കൽക്കെട്ടുകളും മൊന്തക്കാടുകളും കടന്നു് ഓടിയിറങ്ങിവരുന്ന അവളുടെ പാദസ്വരങ്ങൾ കേൾക്കാൻ, ഈ താളുകളിൽ വെറുതെ ചെവിയോർത്തിരുന്നാൽ മതി.

സ്വച്ഛന്ദമായി,
സൗരസ്യമായി,
സൗഹിത്യമായി
വരിക,
ഇളവുകളിൽ നനവുതൂകി നിളയായിപ്പരക്കുക!

mattoraal said...

എച്മു , വായിച്ചപ്പോള്‍ ഡല്‍ഹി കോമ്മണ്‍ വെല്‍ത്ത് ഗെയിംസ് പിന്നാമ്പുറങ്ങള്‍ ഓര്‍മ്മ വന്നു . ആശംസകള്‍

കാളിയമ്പി said...

ഇത് ഒട്ടും ഒരു കഥയല്ല

ശ്രീനാഥന്‍ said...

ചേരി നേരിട്ടറിഞ്ഞ,അനുഭവിച്ച ഒരാൾക്കേ ഇതെഴുതാനാവൂ. തിളങ്ങി നിൽക്കുന്നു ആ ഭാര്യാഭർത്താക്കന്മാർ,ബുൾഡോസ് ചെയ്യപ്പെടുന്ന ജീവിതങ്ങൾ. ശക്തമായ കഥ, ‘ഇമ്മാതിരിയൊരു കൂട്ടുകാരിയെപ്പറ്റി കഥയെഴുതാനും കവിതയെഴുതാനും കൊള്ളാം, കൂടെ ജീവിക്കാനുള്ള ബുദ്ധിമുട്ട് ആരറിയാനാണ്?‘ അതു തന്നെയാണു ഞാനും ആലോചിക്കുന്നത്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതിനു വെറും ഒരു കമന്റ്‌ ഇട്ടാല്‍ അത്‌ ഈ പോസ്റ്റിന്‍ അവമാനിക്കലാകും

അതുകൊണ്ട്‌ ഇതുപ്പൊലെ ഒരു നൂറ്‌ എച്മുമാര്‍ എന്ന് ഉണ്ടായിക്കാണാന്‍ പറ്റും എന്ന് പ്രാര്‍ത്ഥിക്കുക മാത്രം ചെയ്യുന്നു

Pradeep Narayanan Nair said...

"കാക്കേം കിളീം കാശിനു ബാങ്കിൽ പോവാറില്ലല്ലോ. കാക്ക ബാങ്കും കിളി ബാങ്കും എവിടെങ്കിലും ഉണ്ടോ? "
കാക്കേം കിളിയുമായിരുന്നെങ്കില്‍ ....

ഇത് കഥ അല്ല. എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാണ്.
കഷ്ടകാലം പിടിച്ച നേരത്ത് വീട് പണിയാന്‍ തോന്നുന്ന എല്ലാവരുടെയും കഥ ഒത്തിരി ഇഷ്ടായി ..

വേണുഗോപാല്‍ said...

ഈ വാസ്തു പുരുഷന്‍ ഒരു സംഭവാ ...
അതിന്നു പിന്നിലെ യുക്തി എനിക്കറിയില്ല. നാട്ടില്‍ ഒരു പാട് പേര്‍ ഇദ്ദേഹത്തിന്റെ ലീലകളാല്‍ വെള്ളം കുടിക്കുമ്പോള്‍, പല സാധുക്കളും കഷ്ട്ടപെട്ടു വെച്ച വീട് നീളത്തിലും വിലങ്ങനെയുമൊക്കെ തള്ളി പൊളിച്ചു മാറ്റങ്ങള്‍ വരുത്തി ധന നഷ്ടം ഏറ്റു വാങ്ങുമ്പോള്‍ ഞാന്‍ ഈ നഗര കാഴ്ചകളെ കുറിച്ച് ചിന്തിക്കും. തല ചായ്ക്കാന്‍ ഇടമില്ലാത്തവന്‍ ഒരിഞ്ചു സ്ഥലം കിട്ടിയാല്‍ അവിടെ കൂര വെച്ചു താമസിക്കും. വാസ്തു പുരുഷന്‍ അവരെ ശല്യം ചെയ്യാറില്ല !!!! കഥ നന്നായി ട്ടോ

mini//മിനി said...

നൂറ് നൂറ് പൂക്കൾ (കഥകൾ) വിരിയട്ടെ,,, ആശംസകൾ

ശ്രീ said...

നൂറാം പോസ്റ്റിന് ആശംസകള്‍ ചേച്ചീ...

കഥ (കഥയല്ല, ഒരുപാടു പേരുടെ ജീവിതമല്ലേ ഇത്) വല്ലാത്തൊരു കഥ തന്നെ. വേറെ എന്തു പറയാനാണ്. ഇത്തരക്കാരുടെ വിഷമതകളൊന്നും മറ്റാരുടെയും കണ്ണില്‍ പെടില്ലല്ലോ.

ChethuVasu said...

നമ്മുടെ പൂര്‍വ്വികരും നമ്മളും നമ്മളുടെ കുട്ടികളും "സുഖമായും " "ഐശ്വര്യമായും " ജീവിക്കുന്നത് മറ്റാരൊക്കെയോ തെണ്ടി പോകുന്നത് കൊണ്ടാണ് .. വളരെ ലൈതമായ ഈ സത്യം ആരും ഓര്‍ക്കുന്നില്ല എന്നത് കൊണ്ട് മാത്രമാണ് നമ്മള്‍ പലരും മനസ്സമാധാനത്തോടെ ഇരിക്കുന്നത് ..... കുറ്റബോധം കൊട്നു വീര്‍പ്പു മുട്ടിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട് ..
എന്തിനു പറയുന്നത് , സംസ്കാരവും കലയും രൂപമെടുക്കുന്നതും ചിലര്‍ക്ക് അത്തരം കാര്യങ്ങളില്‍ വ്യാപ്രുതരാകാന്‍ വേണ്ടി ഉള്ള സമയവും ശ്രദ്ധയും ഉണ്ടാകാന്‍ വേണ്ടി ഏറെ ചിലര്‍ പുഴുക്കളെ പ്പോലെ കഷ്ടപ്പെടുന്നത് കൊണ്ടാണ് .എല്ലാവരും ഒരു പോലെ തന്നെ അധ്വാനികള്‍ ആയിരുന്നു , അന്ന സമ്പാദനത്തിനു വേണ്ടി ക്ലെശിച്ചിരുന്നു എങ്കില്‍ , ഇവിടെ കല , സാഹിത്യം , "സംസ്കാരം " , ആഭിജാത്യം , കുല മഹിമ , പാരമ്പര്യ ഗുണം എന്നിവ ഒന്നും ഉണ്ടാകുമായിരുന്നില്ലല്ലോ .. എന്ത് ചെയ്യാന്‍ ചരിത്രത്തിന്റെ സത്യം അങ്ങനെയാണ് - ഭീകരവും ക്രൂരവും .പക്ഷെ നാം അതിന്റെ ഗുണം അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു എന്നാണ് യാഥാര്‍ത്ഥ്യം .. മൂല്യങ്ങള്‍ വസ്തു നിഷ്ടമായി ചിന്താല്‍ അര്‍ത്ഥ രഹിതമാണ് .. പിന്നെ അങ്ങനെ ഒന്നുണ്ട് എന്ന് നമുക്ക് വെറുതെ സ്വയം ആശ്വസിപ്പിക്കാം എന്ന് മാത്രം ..

പതിവ് പോലെ നല്ല കിടിലന്‍ പോസ്ടാനു എന്ന് പറയേണ്ടതില്ലല്ലോ ..ഉറുമ്പ് ആനയെ വിലയിരുത്തുന്നതില്‍ കാര്യമില്ല ..ഹ് ! അക്ഷയപാത്രം പോലെ എച്ച്മുവിന്റെ തൂലിക ( സോറി! കീ ബോര്‍ഡ് ) ക്രിയേറ്റിവിറ്റിയുടെ നോണ്‍ സ്റ്റോപ്പ്‌ ഫ്ലൈറ്റില്‍ കയറി ഇരിക്കുകയാണ് ..പക്ഷെ ഇടക്കൊക്കെ റൂട്ടും ഡെസ്ടിനെഷനും ഒന്ന് റീ പ്ലാന്‍ ചെയ്യുന്നത് കാണാന്‍ ആഗ്രഹം ഇല്ലാതില്ല ...........................ഹഹ ! ഇപ്പൊ സംഗതി ഓട്ടോ പൈലറ്റ്‌ മോഡില്‍ ആണ് .... :) ക്രാഷ് ലാന്ഡ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ ..! ഹഹ !

ente lokam said...

നൂറിന്റെ നിറവു വേദന ആയി പെയ്തിറങ്ങിയല്ലോ
എച്മു...നൂറുമായി കഥയ്ക്ക് ബന്ധം ഇല്ലെങ്കിലും..

കഥയെപ്പറ്റി കുറെ എഴുതണം..
അത് കൊണ്ട് തന്നെ
ഒറ്റ വാക്കില്‍ ഗംഭീരം എന്ന് പറഞ്ഞു നിര്‍ത്തുന്നു..
ആശംസകള്‍...

രാജീവ് സാക്ഷി | Rajeev Sakshi said...

വാക്കുകളില്‍ ചോരപൊടിയുന്നു..ഒരു ക്രമനമ്പറിലും ഒതുങ്ങാത്ത വസ്തുതകള്‍...

അഭി said...

നന്നായിരിക്കുന്നു ചേച്ചി...

ആശംസകള്‍

sreee said...

തങ്കത്തിളക്കമുള്ള കഥ. വായന പോലും ഒരു അനുഭവമായി. നൂറിനു ആശംസകള്‍.

റോസാപ്പൂക്കള്‍ said...

എച്ചുമു, നൂറിന്‍റെ ആശംസകള്‍.
നഗരം വെടിപ്പാക്കി എന്നതിനര്‍ത്ഥം ഇത് പോലുള്ള "അഴുക്കുകളെ"തൂത്തു വെടിപ്പാക്കുക എന്നാണു അല്ലെ..? അല്ലാതെ ഒന്ന് എന്നാണു നമ്മുടെ അധികൃതര്‍ പഠിക്കുക..?

ചന്തു നായർ said...

നൂറിനു നൂറു മാർക്ക്........ഞാൻ വീണ്ടും വരാം എല്ലാ ഭാവുകങ്ങളും

viddiman said...

ഇതേ പ്രമേയവുമായി മുമ്പും കഥകൾ വായിച്ചിട്ടുണ്ട്..
എഴുത്തുകൊണ്ട് എച്മു വേറിട്ടു നിൽക്കുന്നു..

Akbar said...

നൂറാമത്തെ പോസ്റ്റിനു ആശംസകള്‍. അക്ഷര ലോകത്തെ എച്ചുമുവിന്റെ ജൈത്ര യാത്ര തുടരട്ടെ.

വാസ്തുപുരുഷനും ഇപ്പോള്‍ ഇഷ്ടം വലിയ ബംഗ്ലാവുകളും അപ്പാര്‍ട്ട്മെന്റുകളുമൊക്കെയാണ്. വികസനത്തിന്റെ ബുള്‍ഡോസറുകളാല്‍ കുടിയിരക്കപ്പെടുന്നവരുടെ വേദനകളിലേക്കു ശ്രദ്ധ ക്ഷണിച്ച കഥ.

sm sadique said...

വികസനത്തിന്റെ പേരിൽ കുടിയിറക്കപ്പെടുന്ന ഹതഭാഗ്യർക്ക് വേണ്ടി;.........ഈ പാവം ജനങ്ങളെ കൂടി പങ്കാളികളാക്കി അവരുടെ ജീവിതത്തിനു വെളിച്ചം പകരുന്ന വികസനമായിരുന്നെങ്കിൽ ? ഇത്തരം ഒരു പോസ്റ്റിനു ആശംസകൾ......

prasanna raghavan said...

‘രാമായീം സിന്നനും പോകുമ്പോൾ അടുത്തതായി നമ്മളാവും പോകേണ്ടി വരിക. നമ്മൾ അതു വെറുതേ നോക്കിയിരിക്കാൻ പാടില്ല. വരൂ, നമുക്കും അവരുടെ അടുത്ത് പോകാം, അവർക്കൊപ്പം ബുൾഡോസറിനു മുന്നിൽ കുത്തിയിരിക്കാം. ഈ സ്ഥലം വിട്ടുകൊടുക്കരുത്’

അഹങ്കാരി ഫെമിനിസ്റ്റ് അവളല്ലേ ഈ കൊഴപ്പമുണ്ടാക്കിയത്.അവിടെങ്ങാനും ഉണ്ടാക്കിയ കൂരേൽ അടങ്ങിയൊതുങ്ങിയൊതുങ്ങിയിരുന്നിരുന്നെങ്കിൽ. ഇപ്പോ ഇതാ ഒരുത്തൻ കൂടീ വിധവനായി. ഹൊ ശിവ ശിവ.

അവളുടെ മെമ്മോറിയൽ സെർവീസിൽ പങ്കെടുക്കുന്ന(ഇതും ഭാവനയണേ)സംസ്കാരചിത്തന്മാരും ചിത്തകളൂം മരണത്തെ എങ്ങനെ മനസിൽ വിലയിരുത്തുമൊന്നാലോചിച്ചുപോയതാ ഒരു നിമിഷം.

എച്ച്മു കേവലങ്ങളെകൊണ്ട് ഉദാത്തമായ ആശയങ്ങൾ ഉണ്ടാക്കുന്നു കഥകൾ എഴുതുമ്പോൾ.അതുകൊണ്ടു തന്നെ അതൊരു പ്രത്യേക ജനറിൽ പെടുന്നു.വളരെ നന്നായിരിക്കുന്നു.:)

kamaneya said...

"A house is built by briks but a home is built by hearts..."ur story is touching!!congrats!!

Cv Thankappan said...

ആശംസകള്‍.
ബുള്‍ഡോസറുകള്‍ വാഴും കാലം...!!!

Irshad said...

എന്നും പ്രസക്തമായ വിഷയം. ആള്‍ബലത്തിനേക്കാള്‍ പണത്തിലും അധികാരത്തിലുമാണ് ശക്തി എന്ന സത്യം മുന്നില്‍ വലുതായി നിലകൊള്ളുമ്പോഴും, മനുഷ്യത്വവും കരുണയും കുടികൊള്ളുന്ന ഹൃദയം അനീതിയെ എതിര്‍ക്കാനും വേണ്ടിവന്നാല്‍ മരിക്കാനും തയ്യാറാകുന്നതെങ്ങനെയെന്ന ചിത്രം ഈ കഥയില്‍ കാണാം. നന്നായിരിക്കുന്നു. ആശംസകള്‍

ധനലക്ഷ്മി പി. വി. said...

എച്ചുമു ...ഹൃദയത്തില്‍ നീറി നീറിപ്പിടിക്കുന്ന കഥ..

ഇനിയും ഒരുപാടു നൂറുകള്‍ എഴുത്തില്‍ ഉണ്ടാവട്ടെ ..ആശംസകള്‍

ശങ്കരനാരായണന്‍ മലപ്പുറം said...

കഥ വളരെ നന്നായി !

ഒരു ദുബായിക്കാരന്‍ said...

നല്ല കഥ...നൂറല്ല ഇതുപോലത്തെ ആയിരം കഥകള്‍ എച്ചുമുവില്‍ നിന്നുണ്ടാകട്ടെ എന്നാശംസിക്കുന്നു.

Mohiyudheen MP said...

നൂറ് പോസ്റ്റുകൾ തികച്ച ഈ അസുലഭ നിമിഷത്തിന് അഭിനന്ദനങ്ങൾ.

സമകാലീന ചുറ്റുപാടുകളെ വരച്ച് കാട്ടി... വീടും, വാസ സ്ഥലത്തേയും, പ്രതിസന്ധികളേയും തനത് ശൈലിയിൽ വരച്ച് കാട്ടി. ആശംസകൾ വികസന പ്രവർത്ത്തനങ്ങൾക്ക് മുമ്പിൽ പണയം വെക്കേണ്ടി വരുന്ന ദരിദ്രരുടെ കൊച്ചു മോഹങ്ങൾ

കൈതപ്പുഴ said...

നന്നായിരിക്കുന്നു. ആശംസകള്‍

Unknown said...

ജീവിതം കൊണ്ട് വീട് പണിയുന്നു

MINI.M.B said...

നല്ല കഥ... നന്നായി.

ഒരില വെറുതെ said...

മുമ്പെപ്പോഴെക്കെയോ
പറഞ്ഞതു പോലെ, ജീവിതം!
പച്ചജീവിതം വന്നു നെഞ്ചരിക്കുന്നു.
ഉള്ളുലയ്ക്കുന്നു.
നൂറു കുറിപ്പുകളുടെ ഈ തീവണ്ടി
ഇനിയുമേറെ ഓടട്ടെ.
ജീവിതത്തെ വീണ്ടും വീണ്ടും
ഉള്ളില്‍ നിറയ്ക്കട്ടെ.

അനില്‍കുമാര്‍ . സി. പി. said...

പൊള്ളുന്ന യാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചകളുമായി മറ്റൊരു എച്മു കഥ.

പോസ്റ്റുകളുടെ ക്രമനമ്പരുകളില്‍ അക്കങ്ങളുടെ എണ്ണം ഒരുപാട് ഇനിയും കൂടട്ടെ.

എം പി.ഹാഷിം said...

വളരെ നന്നായി പറയാനാവുന്നു!

aboothi:അബൂതി said...

നന്നായി പറഞ്ഞു..നല്ല കഥ
നൂറാമത്തെ പോസ്റ്റിനൊരു പ്രത്യേക കൈകുലുക്കള്‍
ആശംസകള്‍..

Arif Zain said...

പൌഡറും പെര്‍ഫ്യൂമും വാരിപ്പൂശി ലോകത്തിന് മുന്‍പില്‍ നില്‍ക്കുന്ന ചിത്രമല്ല യഥാര്‍ത്ഥത്തില്‍ രാജ്യതിനുള്ളതെന്ന് എല്ലാവരും മനസ്സിലാക്കിയതാണ്. അറിയാവുന്നതാണ്. പ്രദര്‍ശിപ്പിക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും ഒരുപോലെ അതറിയാം.
രാമായിമാര്‍ക്കും സിന്നന്മാര്‍ക്കും സമര്‍പ്പിച്ച ഈ കഥ മനോഹരം.

SHANAVAS said...

എന്നും ഇരകളുടെ ഭാഗത്ത്‌ നില്‍ക്കുന്ന എച്ച്മുവിനു നമോവാകം.. പുല്ലും ചപ്പും കൊണ്ടാണെങ്കിലും ഒരു വീട് വെച്ച് കഴിയുമ്പോള്‍ അത് പൊളിക്കാന്‍ വരുന്നവനെ തീ ആളുന്ന നെഞ്ചോട്‌ കൂടി മാത്രമേ നോക്കാന്‍ കഴിയൂ.. ഈ എഴുത്തിന് ആയിരം ആശംസകള്‍..

പ്രയാണ്‍ said...

good one.... അഭിനന്ദനങ്ങള്‍ ..... നൂറിന്നും...

jayanEvoor said...

നൂറുക്കു നൂറ്!

ഒരാശ്ലേഷം, തിലകക്കുറി!

വീകെ said...

നഗരം വൃത്തിയാക്കുകയെന്നാൽ ചേരി നിർമ്മാർജ്ജനം തന്നെയാണ് ലക്ഷ്യമിടുന്നത്. അല്ലാതെ ചീഞ്ഞു നാറുന്ന ചപ്പുചവറ് നീക്കമല്ല,.
എഛ്മുവിന്റെ തൂലിക ഒരു പടവാളായി വെട്ടിത്തിളങ്ങട്ടെ...
പിന്നെ, ‘പൌഡറിട്ട ചന്ദ്രന് ’ ഒരു മണിമുത്തം കൂടി...
ആശംസകൾ...

പൈമ said...

ചരിഞ്ഞ് അല്പം ഉയർന്ന് പിന്നെ ഇത്തിരി കുഴിഞ്ഞ്..ഒരു വശം നീളം കൂടി..എന്നെപ്പോലെ തന്നെ ഒട്ടും വ്യവസ്ഥയില്ലാത്ത ഒരിടം.

ഇതെനിക്ക് ഇഷ്ട്ടായി...

വാസ്തു പുരുഷ്യൻ കാലു നീട്ടിയതു കൊണ്ട് ...എന്ന പ്രയോഗവും നന്നായി.....

പിന്നെ എന്താണു ...മോശപ്പെട്ട വാക്കുകൾ ഉപയൊഗിച്ചിരിക്കുന്നു.കഥാപാത്രം പറയുന്നു എന്നു കരുതി മോശപ്പെട്ട വാക്കുകൾ എഴുതിവെയ്ക്കാമോ?

പേനതുമ്പിൽ നിന്നും കടലാസ്സില്‍ വിരിയുന്ന പൂവുകൾ ആണു വാക്കുകൾ എച്ചുമൂ​‍ൂ..

നൂറാമത്തെ പോസ്സ്ടിനു ഭാവുകങ്ങള്‍ നല്കിയെന്നെ പക്ഷെ ആ ചീത്ത വാക്കുകള്‍ ..കാരണം ..തരുന്നില്ല ..
സ്നേഹത്തോടെ .....
പൈമ...

jayaraj said...

manoharamayirikkunnu post. oru veedu vekkuvaan irabgumpozhanu athinte prayasam manasilakuka. ethra perude munnil cellanam.

ramanika said...

നൂറാം പോസ്റ്റിന് ആശംസകള്‍ ..........
നൂറു ആയിരവും പതിനായിരവും ആകട്ടെ
.

Pradeep Kumar said...

എച്ചുമുവിന്റെ നൂറാമത്തെ പോസ്റ്റ് - എടുത്തു പറയേണ്ട നിരവധി പ്രത്യേകതകളോടെ അവിസ്മരണീയമാക്കിയിരിക്കുന്നു. അഭിനന്ദനങ്ങൾ . സൈബര്‍ എഴുത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള എച്ചുമിവിന്റെ സാംസ്കാരിക സപര്യക്ക് അനുമോദനങ്ങൾ.....

കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് നഗരത്തിലെ ചേരിപ്രദേശങ്ങളിലെ വീടുകളിലൂടെ ഒരു സര്‍വ്വേയുടെ ഭാഗമായി കയറി ഇറങ്ങേണ്ടി വന്നു. സ്വസ്ഥമായ പാര്‍പ്പിടം, ശുദ്ധമായ ജലം എന്നിവ മരീചികയായി തുടരുന്ന ജീവിതസാഹചര്യങ്ങൾ നേരിട്ടു കാണുകയും നടുക്കത്തോടെ അറിയുകയുമുണ്ടായി... അത്തരം മാനവദുരിതങ്ങൾക്കു നേരെ വികസനത്തിന്റെ ബുൾഡോസറുകൾ ഉരുട്ടിക്കയറ്റി പ്രതിഷേധത്തെ ഞെരിച്ചു കൊല്ലുന്ന വികസന മാതൃകകൾ നാം ഇതിനകം കണ്ടു കഴിഞ്ഞതണല്ലോ.....

ഈ മാനവപക്ഷ രചനക്ക് പ്രണാമം......

സുസ്മേഷ് ചന്ത്രോത്ത് said...

എച്ച്മുക്കുട്ടിയുടെ കഥകളില്‍ തീമിനാണ് പ്രാധാന്യം.അത് മോശമാണന്നല്ല.പക്ഷേ സൌന്ദര്യം വരിക കഥ പറയുന്നതിന്‍റെ ക്രാഫ്റ്റിലും ശ്രദ്ധിക്കുന്പോഴായിരിക്കും.പക്ഷേ തന്നെപ്പോലൊരു സാമൂഹികപരിഷ്കര്‍ത്താവിന്(ഒരൂഹത്തിന് പറയുന്നതാണ്.വ്യക്തിപരമായി എനിക്കൊന്നുമറിയില്ല.അതിന്‍റെ ആവശ്യവുമില്ല. എന്തായാലും പുരോഗമനേച്ഛുവായ ഒരു വ്യക്തി താങ്കളിലുണ്ട്.)ഇങ്ങനെയേ കഥ പറയാന്‍ പറ്റൂ.
അത്തരം കഥകളെ ചില പ്രശ്നങ്ങളുടെ അവതരണങ്ങളായേ എനിക്ക് കാണാന്‍ പറ്റൂ.
അത് ആ അര്‍ത്ഥത്തില്‍ അഭിനന്ദനീയമാണുതാനും.

M. Ashraf said...

കഥയായും ലേഖനമായും എച്്മു വിളിച്ചു പറയുന്നു വാസ്തവങ്ങള്‍. കണ്ണു തുറക്കേണ്ടതും കാണേണ്ടതും നമ്മള്‍.
അഭിനന്ദനങ്ങള്‍..

Sidheek Thozhiyoor said...

നൂറിന്റെ മികവിന് നൂറായിരം ആശംസകള്‍
ഇതൊരു കഥയായി തോന്നിയില്ല -നേരിന്റെ നേര്‍ക്കാഴ്ചകള്‍ എങ്ങനെ കഥയായിക്കൂട്ടും എച്ചുമു.!

Viswaprabha said...

സുസ്മേഷിനൊരു വിയോജനക്കുറിപ്പു്:

രാത്രി മുഴുവൻ അടഞ്ഞുകിടന്ന ഒരു വാതിൽ മൂലം ഒരു പൂച്ചക്കുട്ടിയ്ക്കു് വീട്ടിനകത്തു കടക്കാനാവാഞ്ഞ് അതു നിരാശനാവുന്നതും ഒടുവിൽ പുലർച്ചേ എങ്ങനെയൊക്കെയോ കടന്നുകൂടുന്നതുമായ ഒരൊറ്റക്കഥ ഓരോ രാത്രിയിലും ഏതാണ്ട് ഒരേ തീം ആവർത്തിക്കത്തക്ക വിധം ഞാൻ ആറേഴുവർഷം എന്റെ മോളോട് പറഞ്ഞുകൊണ്ടിരുന്നിട്ടുണ്ടു്. ഒരിക്കൽ പോലും മടുക്കാതെ, കുട്ടിക്കാലത്തേതുപോലെ, ഇന്നും അതേ കഥാ'വൈവിദ്ധ്യം' കേൾക്കാൻ അവൾക്കിഷ്ടമേ ഉണ്ടാവൂ എന്നെനിക്കു ബോദ്ധ്യവുമുണ്ടു്.

എന്നത്തേയും പോലെ, കഥ തീമിനേക്കാൾ ക്രാഫ്റ്റിനോടുതന്നെയാണു ബന്ധപ്പെട്ടിരിക്കുന്നതു്.

എച്ച്മു എന്ന പെണ്ണിന്റെ / പെൺകുട്ടിയുടെ കഥക്കാമ്പ് തീമിലല്ല, ക്രാഫ്റ്റിൽ തന്നെയാണു് എന്നതുകൊണ്ടാണു് ഞാനിവിടെ വീണ്ടും വീണ്ടും വരുന്നതും ഇതൊക്കെ വായിച്ചുനോക്കുന്നതും.

എനിക്കുറപ്പായും പറയാൻ കഴിയും, ഇതുവരെ മലയാളത്തിൽ വായിച്ചറിയാത്തൊരു ക്രാഫ്റ്റാണു് എച്ചുവിന്റേതെന്നു്. ആ കരകൗശലത്തിൽ അഭിലഷണീയമായ (unconventionally altruistic) പെണ്ണെഴുത്തിന്റെ തൻപോരിമയും ഗ്രാമ്യചേതനയുടെ ലാവണ്യവും ഒരേ സമയം കാണാനാവും.

ബ്ലോഗ് കഥകളുടെ കമന്റുകളിൽ സാധാരണ കാണാവുന്ന ഒരു ഘടകമാണു് കഥയിലെ എഴുന്നുനിൽക്കുന്ന ശൈലികളും വാക്യങ്ങളും ഉദ്ധരിക്കൽ. ആ രീതി കടമെടുക്കുകയാണെങ്കിൽ, ഇക്കഥയിൽ നിന്നുതന്നെ ഒരു പാടു വാക്കുകൾ ഈ കമന്റിൽ വന്നു ചേരും. ഒരു ഉദാഹരണത്തിനു മാത്രം,
"കോർപ്പറേഷൻ ഓഫീസിലെ ഉദ്യോഗസ്ഥൻ മുറുക്കിത്തുപ്പി" എന്ന വരിയെടുക്കാം. വേറെ എവിടെയെങ്കിലും എന്നെങ്കിലും ആരെങ്കിലും ഈ പ്രയോഗം നടത്തിയിട്ടുണ്ടോ എന്നെനിക്കറിയില്ല. അങ്ങനെയില്ലെങ്കിൽ, ഇതു് അറിഞ്ഞോ അറിയാതെയോ ഉള്ള ഒരാവർത്തനമല്ലെങ്കിൽ, അത്തരമൊരു ചിത്രം ഒരൊറ്റ വാക്കുകൊണ്ടു സ്ഥാപിച്ചെടുക്കാൻ കഴിയുന്ന ധിഷണയെയാണു നാം ക്രാഫ്റ്റ് എന്നുദ്ദേശിക്കുന്നതു്.

എച്ച്മുവിനുള്ള കഴിവു് ക്രാഫ്റ്റാണു്. അതാണു് എച്ച്മുവിന്റെ കഥകളെ ആകാശത്തേക്കുയർത്തിയൂയലാട്ടുന്നതും നിലത്തു നിൽക്കുന്ന വായനക്കാരെ മുകളിലേക്കു നോക്കിപ്പിച്ച് സ്ത്ബ്ധരാക്കുന്നതും.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എന്തുട്ടാണീ ക്രാഫ്റ്റ്‌ ? എനിക്കറിയില്ല കേട്ടൊ
പക്ഷെ
എച്മൂന്റെ "കണ്ടാശങ്കടാവൂ" ന്നൊരു പോസ്റ്റു വായിച്ചിരുന്നു.

ഞാന്‍ എഴുത്തുകാരനൊന്നും അല്ല . പക്ഷെ അങ്ങനെ ഒരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ അത്‌ എങ്ങനെ എഴുതിയേനെ എന്നു നല്ല എഴുത്തു കാണുമ്പോഴൊക്കെ ആലോചിച്ചു നോക്കും
"നല്ല എഴുത്ത്‌" അത്‌ എന്റെ നോട്ടത്തിലെ "നല്ല" ആണെ.

ആ പോസ്റ്റിലെ കഥ എഴുതാന്‍ എനിക്കു ഒരൊറ്റ വാചകത്തില്‍ കൂടൂതല്‍ ആവശ്യം വരുമായിരുന്നില്ല.
പക്ഷെ എച്ച്മൂന്‌ അത്‌ രണ്ടു പേജ്‌ നിറയെ എഴുതാനുണ്ടായിരുന്നു.

ഒരുദാഹരണത്തിനു പറഞ്ഞെന്നെ ഉള്ളു എച്മുവിന്റെ ഓരോ പോസ്റ്റും അതുപോലെ ഓരോ അത്ഭുതങ്ങളായി തന്നെയാണ്‌ എനിക്കു തോന്നുന്നത്‌.

സാധാരണ തമാശക്കഥ വല്ലതും കണ്ടാലേ വായിക്കൂ എന്നു നിര്‍ബന്ധം പിടിച്ചിരുന്ന എനിക്കു എച്മുവിന്റെ കഥകള്‍ വിഷമമുണ്ടാക്കുനവയായാല്‍ പോലു ഒഴിവാക്കാന്‍ സാധിക്കാത്ത ഒരവസ്ഥയാണ്‌

ഇതില്‍ ക്രാഫ്റ്റാണോ തീമാണൊ ന്നൊന്നും എനിക്കറിയില്ല

മുകിൽ said...

വാസ്തുപുരുഷൻ കായികതാരമാവാൻ ട്രാക് സ്യൂട്ടണിയുന്നതാവാം. അല്ലെങ്കിൽ ഗൃഹസ്ഥനാവാൻ കസവുമുണ്ടുടുക്കുന്നതാവാം. അതുമല്ലെങ്കിൽ വ്യവസായിയാവാൻ കോട്ടും സൂട്ടുമിടുന്നതാവാം.

nalla ending.

V P Gangadharan, Sydney said...

നൂറായെന്ന്‌ എച്ച്മു വിശ്വസിച്ചില്ലെങ്കിലും ഞങ്ങള്‍ വിശ്വസിക്കും- ഈ നൂറ്‌ വെറുതേ എണ്ണാവുന്നൊരു നൂറല്ലെന്നും. ഈ നൂറില്‍ മുഴുക്കെ ഏഴകളുടെ കദനപ്പാട്ടുകളും, മേധാവിത്ത്വത്തോടുള്ള അരിശവും, അനീതിയോടും അധര്‍മ്മത്തോടും പേനകൊണ്ടുള്ള അവിരാമമായ നിശബ്ദ വിപ്ലവവും മുടങ്ങാതെ കണ്ടു; കേട്ടു- ഭാരത ദര്‍ശനം, കലയുടെ തനി കലാരൂപത്തില്‍ വീണ്ടും ഇവിടെ...

പള്ളിക്കരയിൽ said...

പൊള്ളുന്ന കുറെ സത്യങ്ങൾ ഉള്ളുലയ്ക്കുന്ന വിധത്തിൽ എഴുതി. ഒരു കഥ എന്ന നിലയിൽ നിരൂപിക്കുമ്പോൾ ശില്പഭദ്രതയുടെ കുറവ് മുഴച്ചു നിൽക്കുന്നതായി പറയേണ്ടിയിരിക്കുന്നു. ക്രമ നമ്പർ ഇനിയും എത്രയോ ഉയരുകയും പാരയണക്ഷമമായ രചനകൾ ഇനിയും പിറവികൊള്ളുകയും ചെയ്യട്ടെയെന്ന് ആശംസിക്കുന്നു.

ChethuVasu said...

പൂജ്യനീയ പണിക്കര്‍ ജി ,

കണ്ടാശ്ശങ്കടവില്‍ എന്ത് സംഭവിച്ചു ..?
അവിടെ ഒരു കിടിലന്‍ ബാര്‍ ഉള്ളതായി എനിക്കറിയാം ..!
അത്രയും പ്രാധാന്യം ഇല്ലെങ്കിലും അവിടെ ഞങ്ങള്‍ ഒരു വള്ളം കളി സംഖടിപ്പികാരുണ്ട് ...!

ChethuVasu said...

"എന്റെ " കാഴ്ച എന്നതിനെ "എന്റെ "(അഥവാ ഞാന്‍ എന്നാ പ്രഥമ പുരുഷന്‍ ) എന്നത് ഒരു വേരിയബിള്‍ ആകുകയും ആ വേരിയബിളില്‍ അസ്സയിന്‍ ചെയ്യാവുന്ന വാല്യൂസില്‍ ( വ്യക്തിത്വങ്ങളില്‍ ) മുടിഞ്ഞ വേരിയേഷന്‍ വരുത്തുകയും ചെയ്യാന്‍ കഴിയുന്ന ഒരു എഴുതകാരന്റെ /എഴുത്തുകാരിയുടെ അസാമാന്യമായ സര്‍ഗ്ഗ പ്രതിഭയും നിരീക്ഷണ പാടവും വിശകലന ധീഷണയും പ്രകടമാക്കുന്നു . ഇന്ത്യയിലെ പല പീഠങ്ങളും കയറിയ പല എഴുത്തുകാര്‍ക്കും പ്രഥമ പുരുഷനെ തന്റെ തന്നെ സ്വത്വത്തില്‍ നിന്നും നിന്നും അത്ര കണ്ടു മാറ്റി നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം .ഇവിടെ ,ഈ ബ്ലോഗില്‍ അതെ സമയം ആത്മ നിഷ്ടതയില്‍ വേരിയേഷന്‍ വരുമ്പോഴും ഫോക്കസ് വസ്തുനിഷ്ടമായി ഇരിക്കുന്നു എന്നത് അസ്തമയ സൂര്യനെ കൃഷണന്‍ മറച്ചു എങ്കിലും അത് തന്നെക്കൊണ്ടാവില്ലെന്നും സത്യത്തെ സര്‍ഗ്ഗ ശേഷി കൊണ്ട് മറക്കുകയില്ല എന്ന ഉറച്ച നിലപാടില്‍ നിന്നാണ് എന്ന് കാണേണ്ടി വരും ..എഴുത്തുകാരന്റെ സാമൂഹ്യ പ്രതിബദ്ധതയെ പറ്റി , അത് എഴുത്തുകാരന്റെ സര്‍ഗ്ഗ ശക്തിയുടെ അസ്വാതന്ത്ര്യമാണ് എന്ന രീതിയില്‍ അതി ബുദ്ധിജീവികള്‍ ചര്‍ച്ചകള്‍ കൊഴുപ്പിക്കുമ്പോള്‍ ആണ് സൂര്യ തേജസ്സാര്‍ന്ന സത്യത്തെ പ്രതിഭലിപ്പിക്കുമ്പോള്‍ ഒരാളുകടെ കഴിവുകള്‍ വര്‍ദ്ധിതമായി പ്രകാശിക്കുന്നു എന്ന അനുഭവം ഈ ബ്ലോഗിലൂടെ വായനക്കരുക്ക് ലഭ്യമാകുന്നു . പിന്നെ ആ കാഴ്ച്ചയെ തിരിച്ചു റീ പാക്കേജു ചെയ്തു ഇറക്കി വാക്കുകള്‍ മാത്രം ഉപയോഗിക്കാതെ വാക്കുകള്‍ കൊണ്ട് ബിംബങ്ങളും ഇമെജരികളും തീര്‍ത്തു വായനക്കാരന്റെ മനസ്സിന്റെ അസ്ബ്ട്രാക്റ്റ് അനുഭവങ്ങളെ , മുന്‍പ് രേഖപ്പെടുതപ്പെട്ടിട്ടും പ്രോസെസ്സ് ചെയ്യപ്പെടാതെ മനസ്സിന്റെയും ഒര്മയുടെയും ചിന്തയുടെയും പിന്നംബുരങ്ങളില്‍ ഡംപ് ചെയ്യപ്പെടുന്ന അനുഭവ കണങ്ങളെ തൊട്ടു വിളിച്ചു ഉണര്‍ത്തി , അവയെ തിരിച്ചു എക്സിക്യൂഷന്‍ സ്ട്രീമില്‍ കയറ്റി വിട്ടു ചിന്തയുടെയും , തത്സമയ അനുഭവത്തിന്റെയും ഓളങ്ങള്‍ ശ്രുഷ്ടിക്കാന്‍ ഒരാള്‍ക്കകുമ്പോള്‍ അയാള്‍ ഒരു സര്‍ഗ്ഗ പ്രതിഭാ ധനഞ്ജയന്‍ ആണ് എന്നോ മറ്റോ അറിയപ്പെടാം !!


നൂറടിച്ച സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബാറ്റു ഉയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്യുമ്പോള്‍ , ഇവിടെ എന്താ ആചാരം...!

ജന്മസുകൃതം said...

കഥയോ...?
കഥയല്ലിതു ജീവിതം.
സെഞ്ചുറി അടിച്ചല്ലേ!
സ്പെഷ്യല്‍ സല്യുട്ട് ....

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എച്മൂ ഓടോ യ്ക്കു മാപ്പ്‌
വാസുവേട്ടന്റെ ഓരോ തമശ

ബാറില്‍ 'വെള്ളംകളി'യല്ലെ പറ്റൂ
വള്ളംകളി എങ്ങനെ കളിക്കും?

രണ്ടാമത്തെ കമന്റു ഇനി ഒരു പത്തു പ്രാവശ്യം കൂടി വായിക്കട്ടെ

Muralee Mukundan , ബിലാത്തിപട്ടണം said...

അനുഭങ്ങൾകൊണ്ടിഴചേർത്തൊരു അസ്സൽ കഥയുമായാണല്ലോ സ്വെഞ്ചറിയടിച്ചത്...!
രണ്ടിനും അഭിനന്ദനങ്ങൾ..!

yousufpa said...

നിര്‍വചിക്കാന്‍ വാക്കുകള്‍ ഇല്ല.
കഥയില്‍ ചോദ്യം ഇല്ല. എങ്കിലും ...!

എല്ലാ അധികാര സ്ഥാപനങ്ങളും എന്തെങ്കിലും ആവശ്യവുമായി അവിടെ കടന്നുചെല്ലുന്നവരോട് ഒരു ജന്മ ശത്രുവിനെപ്പോലെ മാത്രം പെരുമാറുന്നതെന്താണെന്ന് തീരെ മനസ്സിലാവാറില്ല. ആരും കടന്നു ചെല്ലേണ്ടെങ്കിൽ പിന്നെ ഇത്രയും സ്ഥലവും വലിയ വലിയ കെട്ടിടങ്ങളും പലതരം വണ്ടികളും വിവിധ രീതികളിലുള്ള അവകാശ അറിയിപ്പുകളും മറ്റും എന്തിനാണ്?

കുഞ്ഞൂസ് (Kunjuss) said...

പതിവ് പോലെ ഉള്ളം നീറ്റുന്ന കഥയുമായി എച്മു.... കഥയല്ലിതു ജീവിതം തന്നെയെന്നു തിരിച്ചറിയുന്നു.

കൂടുതല്‍ ഉയരങ്ങളിലേക്ക് ഈ കഥാകാരി പറന്നുയരട്ടെ എന്ന ആശംസയോടെ...

ജോയ്‌ പാലക്കല്‍ - Joy Palakkal said...

മനുഷ്യന്‍ മനുഷ്യനെതിരായി ചെയ്യുന്ന ദുഷ്‌ചെയ്തികള്‍!!!!!
നന്നായിരിക്കുന്നു ....
അഭിനന്ദനങ്ങള്‍!!!

ഭാനു കളരിക്കല്‍ said...

ചെമ്പൂരിലെ ഒരു ചേരിയില്‍ ഒരു സഖാവിനെ തേടി അലയുമ്പോഴാണ് പഴയ ഒരു ചങ്ങാതി എന്റെ മുന്നില്‍ വന്നുപെട്ടത്. അവനെന്നോട് പറഞ്ഞു ഭാര്യയും കുഞ്ഞും കൂടെ ഉണ്ട്. എന്റെ ഭാര്യക്ക് തന്നെ പരിചയമുണ്ട്. വാ എന്നു പറഞ്ഞു. സ്നേഹത്തോടെ ഉള്ള ആ ക്ഷണം നിരസിച്ചില്ല്യ. പാട്ടകള്‍കൊണ്ടും ചാക്കുകൊണ്ടും മറച്ച ചേരിയിലെ വീടുകള്‍ക്കിടയിലൂടെ കുറേ നടന്നു അവന്റെ കുടിലിന്നു അടുത്തെത്തി. ചാക്കും പാട്ടയും പോലും ഇല്ലാത്ത ഒരു ടെന്റ്. ആ കൂട്ടുകാരി പെട്ടെന്ന് വന്നെത്തിയ അതിഥിക്ക് മുന്നില്‍ ചൂളി നിന്നു. ഇവന്‍ എന്നെ ഇവിടെ കൊണ്ടുവന്നത് എന്തിനെന്ന് അറിയാതെ പകച്ചു പോയി ഞാന്‍. നഗരങ്ങളില്‍ ഇത്തിരി ഇടത്തില്‍ തല ചായ്ക്കാന്‍ കഷ്ട്ടപ്പെടുന്നവരുടെ മേല്‍ ഇടിത്തീ പോലെയാണ് സര്‍ക്കാര്‍ വികസനങ്ങള്‍ വരുന്നത്. ഒറീസയിലും ബോംബെയിലും എല്ലാം ഇത്തരം നീക്കങ്ങള്‍ക്കെതിരെ സമരങ്ങള്‍ സജീവമാണ്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഇരകളാണ് ചേരിനിവാസികള്‍. അവരെ പുനരധിവസിപ്പിക്കാതെ ബുള്‍ഡോസര്കള്‍ക്കൊണ്ട് തുടച്ചു നീക്കുകയാണ് നഗരസഭകള്‍.
ചേരി നിവാസികളുടെ ഹൃദയത്തിലേക്ക് ഇറങ്ങിയ ഈ കഥയ്ക്കും എച്ചുമുവിന്റെ നൂറാം എഴുത്തിനും ആശംസകള്‍. ഇനിയും ഉജ്ജ്വലങ്ങളായ രചനകള്‍ക്ക് ഈ തൂലിക പിറവി നല്‍കട്ടെ.

Prabhan Krishnan said...
This comment has been removed by the author.
Prabhan Krishnan said...

ഞാനെന്തു പറയാന്‍!!
അശരണരുടെ അത്മാവുപകര്‍ത്തുന്ന എഴുത്തുകാരിക്ക് അഭിനന്ദനങ്ങള്‍..!
ആശംസകള്‍..!

യച്ച്മു നൂറടിച്ച സന്തോഷത്തില്‍ ഞാനും പോയൊരു ‘നൂറടിക്കട്ടെ’..!!
സസ്നേഹം ..പുലരി

Muhammed Shameem Kaipully said...
This comment has been removed by the author.
Muhammed Shameem Kaipully said...

ഇത് കഥയോ, യാഥാര്‍ത്ഥ്യമോ? ജീവിത പാതകളില്‍ ഇങ്ങനെ കഥയില്ലാത്ത എത്രയെത്ര ജീവിതങ്ങള്‍? അവരുടെ വേദന ആരറിയാന്‍? ഇങ്ങനെ വേദന തിന്നു ജീവിക്കുന്നവരെ തൂലിക കൊണ്ട് വരച്ചു വെച്ചതിനു ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ നേരുന്നു..!!!!!!!!

സുസ്മേഷ് ചന്ത്രോത്ത് said...

വിശ്വപ്രഭ,
വിയോജിപ്പിനും പ്രതികരണത്തിനും നന്ദി.താങ്കളും ഞാനും മനസ്സിലാക്കിവച്ചിരിക്കുന്ന കഥയും കഥയെഴുത്തിലെയും വായനയിലെയും ക്രാഫ്റ്റും രണ്ടും രണ്ടാണ്.അതില്‍ ഖേദമില്ല.
എച്ച്മുക്കുട്ടി കഥയുടെ തീമിലാണ് എല്ലായ്പ്പോഴും ശ്രദ്ധിക്കുന്നതെന്നും അത് കഥാവായനയുടെയും ആസ്വാദനത്തിന്‍റെയും തലങ്ങളെ അലോസരപ്പെടുത്തുന്നുണ്ടെന്നതുമായ എന്‍റെ വാദത്തില്‍ തന്നെയാണ് ഞാനിപ്പോഴും.
കഥ കഥയാവുകയാണ് വേണ്ടത്.
സ്നേഹപൂര്‍വ്വം,
സുസ്മേഷ്.

ഫാരി സുല്‍ത്താന said...

ആദ്യം നൂറു പോസ്റ്റ്‌ തികച്ചതിനു ആശംസകള്‍
ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ എന്തൊക്കെയോ മനസിലൂടെ ഓടി മറഞ്ഞു.
വല്ലാത്തൊരു അനുഭവം തന്നെ. കഥയായി തീര്‍ന്നാല്‍ മതിയെന്ന് പ്രാര്‍ഥിച്ചു പോയി.

Admin said...

ആദ്യം തന്നെ നൂറാം പോസ്റ്റിന് ആശംസകള്‍..
പുറമ്പോക്കുമനുഷ്യര്‍ എപ്പോഴും അങ്ങിനെത്തന്നെയായിരിക്കും.. അവര്‍ക്കെപ്പോഴും അവഗണനയും പീഡനവും തന്നെയാവും വിധി..
കഥ നന്നായെഴുതി. ഭാഷയിലും പ്രയോഗത്തിലും ശ്രദ്ധവച്ചു...

A said...

നൂറാമത്തെ പോസ്റ്റിനെ നൂറു ശതമാനവും മികവുള്ളതാക്കി മാറ്റി. എച്ച്മുവിന്റെ ഓരോ പോസ്റ്റും ഒരു വായന തന്നെയാണ്.
അജിത്‌ പറഞ്ഞപോലെ അത് പക്ഷം ചേര്‍ന്ന് തന്നെ നില്‍ക്കുന്നു. ഹൃദയത്തിന്റെ പക്ഷത്ത്

ഒരു യാത്രികന്‍ said...

നൂറാം പോസ്റ്റിനു ആശംസകള്‍. മനസ്സിനെ ചുട്ടുപൊള്ളിക്കുന്ന , നൂറു ചോദ്യങ്ങള്‍ വായനക്കാരനെക്കൊണ്ട് സ്വയം ചോദിപ്പിക്കുന്ന എച്ചുമുവിന്റെ കഥ എന്നത്തെയും പോലെ ഹൃദ്യം.........സസ്നേഹം

Unknown said...

നൂറാശംസകള്‍ :)

SIVANANDG said...

നൂറാശംസകള്‍!!!!
നീണ്ട വെക്കേഷന്‍ അവധിക്കാലം കാരണം പോസ്റ്റുകള്‍ വായിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഇതു മൊബൈലിലെ കുഞ്ഞു സ്ക്രീനില്‍ തപ്പിതപ്പി വായിച്ചിരുന്നു. പലര്‍ക്കും വീടു വച്ചു നല്‍കിയിട്ടുള്ള അനുഭവം ഉണ്ടെനിക്കു. വള്രെ കൃത്യമായും വേദനകള്‍ പറഞ്ഞിരിക്കുന്നു.
നൂറായിരത്തിലേക്ക് ആശംസിക്കുന്നു.

- സോണി - said...

ഒരു പോസ്റ്റില്‍ ഒരുപാടു കാര്യങ്ങള്‍ പറഞ്ഞുവച്ചു. സര്‍ക്കാര്‍ ഓഫീസുകളിലെയും ബാങ്കുകളിലെയും ജനവിരുദ്ധനിലപാടുകളെപ്പറ്റി, സ്ഥലം വാങ്ങാനും വീട് വയ്ക്കാനും പെടുന്ന പാടുകളെപ്പറ്റി, ചേരിയുടെ അവസ്ഥയും പണക്കൊഴുപ്പിന്‍റെ അധിനിവേശത്തെപ്പറ്റി, സര്‍വ്വോപരി, ഒറ്റമുറിയില്‍ ഒതുങ്ങുന്ന ഒതുക്കാനാവാത്ത സ്നേഹത്തെപ്പറ്റി...
നല്ല പോസ്റ്റ്‌.

ഇസ്മയില്‍ അത്തോളി said...

നൂറാവര്‍ത്തി പുളിയിട്ടു തേച്ചു കഴുകിയ ഓട്ടു കിണ്ണം പോലെ തിളങ്ങുന്നുണ്ട് എച്മൂടെ എഴുത്ത് ..........
ആശംസകള്‍ ..........ഒരു നൂറ് .................

mayflowers said...

സെഞ്ച്വറി തികച്ച എച്ചുമുക്കുട്ടിക്ക് സ്നേഹപൂര്‍വ്വം അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ..
കാണാത്ത വഴികളിലൂടെ,അപരിചിതമായ ലോകങ്ങളിലൂടെ വായനക്കാരെ കൊണ്ടുപോകുമ്പോള്‍ ഞങ്ങളറിയുന്നു അവിടെയാണ് ജീവിതമുള്ളതെന്ന് ..

Siji vyloppilly said...

വിശ്വേട്ടൻ ഫേസ് ബുക്കിൽ ഇട്ട ഒരു ലിങ്ക് പിടിച്ച് ഇവിടം വരെയെത്തി..ബ്ലോഗെഴുത്തും കറങ്ങലും ഇല്ല അതുകൊണ്ട് പുതിയ തിളക്കങ്ങളൊന്നും അറിയുന്നില്ല. ബ്ലോഗ് ഒട്ടുമുക്കാലും ഇന്നിരുന്നു വായിച്ചു. എഴുതുന്നത് ഫലിതമോ ഗൌരവമോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഭാഷ..വളരെ കുറച്ച് പേർക്കേ അതുണ്ടാകൂ. പൂർവ്വികർക്കു പറ്റിയതുപോലെ കമന്റുകളിൽ മുങ്ങി ഭാഷയുടെ കയ്യടക്കം നഷ്ടപ്പെടുത്തരുത് കെട്ടൊ. ഇനിയും ഇടക്കിടക്കു ഇവിടേക്കു വരുന്നുണ്ട്. :)

മാധവൻ said...

കലര്‍പ്പില്ലാത്ത കാഴ്ച്ചകളുടെ അരോചകത്വം അസ്വസ്ഥമാക്കുന്നുണ്ട്...എഴുത്ത് ഇടപെടലാവുന്നുണ്ട്,എച്ചുമു. ആശംസകള്‍........

Echmukutty said...

വായിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊള്ളട്ടെ....

സുധി അറയ്ക്കൽ said...

ഒരു കമന്റ്‌ ഇടാൻ നോക്കുമ്പോൾ തളർച്ച തോന്നുന്നത്‌ ചേച്ചീടെ എഴുത്തിന്റെ ശക്തി കൊണ്ടാണെന്ന് തിരിച്ചറിയുന്നു.