Monday, October 22, 2012

പാര്‍പ്പിടം ജന്മാവകാശമാണെന്ന്......


( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2012 ഒക്ടോബര്‍  5   നു  പ്രസിദ്ധീകരിച്ചത്. )

എല്ലാ വര്‍ഷവുമെന്ന പോലെ ഇക്കൊല്ലവും ഒക്ടോബര്‍ മാസത്തെ ആദ്യ തിങ്കളാഴ്ച വേള്‍ഡ് ഹാബിറ്റാറ്റ് ഡേ ആയി ആചരിക്കപ്പെട്ടു. ഐക്യ രാഷ്ട്ര സംഘടന 1984  ല്‍ നയ്റോബിയില്‍ വെച്ചാണ് ഇത്തരമൊരു അന്താരാഷ്ട്ര ദിനാ ചരണത്തിനു തുടക്കം കുറിച്ചത്. നമ്മൂടെ വന്‍ നഗരങ്ങളേയും ചെറു പട്ടണങ്ങളേയും കുറിച്ച് മാത്രമല്ല, കിടപ്പാടം എന്ന അടിസ്ഥാനപരമായ മനുഷ്യാവകാശത്തെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ ദിനം  കൂടിയാണ് ഇത്. ഭാവി തലമുറയുടെ ആവാസപരിതസ്ഥിതിയിലെ ഉല്‍ക്കണ്ഠകളില്‍  നമുക്കെല്ലാം നിര്‍വഹിക്കാനുള്ള ചുമതലകളുടെ കൂട്ടായ ഉത്തരവാദിത്തത്തെക്കുറിച്ചും ഈ ദിനം നമ്മോടു ചിലതെല്ലാം പറയുന്നുണ്ട്.  
   
വേള്‍ഡ് ഹാബിറ്റാറ്റ് ഡേയുടേ ആരംഭ കാലത്തെ  മുദ്രാവാക്യമായിരുന്നു പാര്‍പ്പിടം എന്‍റെ ജന്മാവകാശമാണെന്നത്......തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ മുദ്രാവാക്യങ്ങള്‍ ലോക ആവാസ പരിതസ്ഥിതിയിലെ  വൈവിധ്യമാര്‍ന്ന  വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധയൂന്നുകയുണ്ടായി. വീടില്ലാത്തവര്‍ക്കെല്ലാം വീട് എന്നതായിരുന്നു 1987 ലെ മുദ്രാവാക്യം.  നമ്മുടെ അയല്‍പ്പക്കം 1995 ലേയൂം ഭാവി നഗരങ്ങള്‍ 1997 ലേയും സുരക്ഷിത നഗരങ്ങള്‍ 1998 ലേയും മുദ്രാവാക്യങ്ങളായിരുന്നു. നഗര ഭരണത്തിലെ സ്ത്രീ പ്രാതിനിധ്യം 2000 ത്തിലും ചേരികളില്ലാത്ത നഗരങ്ങള്‍ 2001ലും ആവേശകരമായ ഏറ്റുവിളികളായി. നഗരങ്ങളിലെ ജലലഭ്യതയും ശുചിത്വവും 2003 ലെ  ആവശ്യമായി ഇടം പിടിച്ചു. amdp¶ \Kc§fpw \nÀ½nXnbpsS  Ahkc§fpw എന്നതാണ്  ഈ വര്‍ഷത്തെ മുദ്രാവാക്യം.

ഏകദേശം 1.6 ബില്യണ്‍ മനുഷ്യര്‍ വളരെയേറെ  മോശപ്പെട്ട പാര്‍പ്പിടങ്ങളിലായി ഈ ഭൂമിയില്‍ കഴിഞ്ഞു കൂടുന്നുണ്ട്. അങ്ങേയറ്റം  ആത്മാര്‍ഥമായ ശ്രദ്ധയും പരിഗണനയും ഇല്ലാത്തപക്ഷം, അടുത്ത മുപ്പതു കൊല്ലത്തില്‍  ലോകമാകമാനമുള്ള ചേരി നിവാസികളുടെ എണ്ണം 2 ബില്യണായി വര്‍ദ്ധിക്കുമത്രെ. നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് അഞ്ചു തലമുറകളായിട്ട്  ഒരു  പാര്‍പ്പിടവുമില്ലാതെ ജീവിക്കുന്ന  അനവധി മനുഷ്യരുണ്ട് , ഇന്ത്യയിലെ അതീവ ഗുരുതരമായ  പാര്‍പ്പിട  പ്രശ്നത്തിന്‍റെ വേരുകള്‍ വര്‍ഷങ്ങള്‍ക്ക് പുറകിലേക്കും നീളുന്നുണ്ടെന്നര്‍ഥം.  ഏകദേശം നാല്‍പത്തൊമ്പതിനായിരം ചേരികളിലായി തികച്ചും ദയനീയമായ ജീവിത സാഹചര്യങ്ങളില്‍  93 മില്ല്യണ്‍    മനുഷ്യരാണ്, ഇന്ത്യയില്‍ ജീവിക്കുന്നതെന്ന് അറിയുമ്പോള്‍ നമ്മള്‍ കൈവരിച്ചു എന്നവകാശപ്പെടുന്ന സാമ്പത്തിക പുരോഗതിയുടെ മുഖം ഒരു  മേക്കപ്പുകളുമില്ലാതെ വെളിപ്പെടുകയാണ്. 

ആരംഭ കാലത്ത്  പാര്‍പ്പിടം ജന്മാവകാശമെന്നൊക്കെ മുദ്രവാക്യം വിളിച്ചെങ്കിലും പിന്നീട് പിന്നീട് നഗരത്തിന്‍റെയും നഗരവാസികളുടേയും പ്രശ്നങ്ങളായിരുന്നു ലോക ആവാസദിനത്തിന്‍റെ അടിയന്തിര പരിഗണനയില്‍ കടന്നുവന്നത്. 1984നു ശേഷമുള്ള മുദ്രാവാക്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്ന ഒരാള്‍ക്ക്  ഈ മാറ്റം പെട്ടെന്ന് തന്നെ മനസ്സിലാകും. ഗ്രാമങ്ങളില്‍ ജനങ്ങള്‍ ഒഴിയുകയും നഗരങ്ങളില്‍ അവര്‍  നിറയുകയും ചെയ്യുമ്പോള്‍ ഇത്തരമൊരു വ്യതിയാനം സ്വാഭവികമാകാം. കൃഷിനഷ്ടവും  ദാരിദ്ര്യവും വീട്ടാനാകാത്ത കടങ്ങളും ആത്മഹത്യകളും  നിമിത്തം ആളൊഴിഞ്ഞ  ഗ്രാമങ്ങള്‍ വില്‍പനക്കു വെച്ച വിദര്‍ഭയും  ജീവിതമാര്‍ഗം തേടിയെത്തിയ  ജനങ്ങള്‍ ഇരമ്പിപ്പെയ്യുന്ന മുംബൈയും നേരിടുന്ന പ്രശ്നങ്ങളില്‍ ഏതിനാണു കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് എങ്ങനെയാണു തീരുമാനിക്കുക?
  
2011 ലെ ഏറ്റവും പുതിയ സെന്‍സസ് റിപ്പോര്‍ട്ട്  അനുസരിച്ച്  ഇന്‍ഡ്യയില്‍ മിസ്സോറാമില്‍ മാത്രമാണു എല്ലാവരുടേയും തലയ്ക്കു മുകളില്‍  കൂരകള്‍  ഉള്ളത്. ഭക്ഷണവും വസ്ത്രവും കഴിഞ്ഞാല്‍ വേണ്ടുന്ന പാര്‍പ്പിടമെന്ന അടിസ്ഥാന സൌകര്യത്തിന്‍റെ പരിതാപകരമായ ഈ അവസ്ഥ വര്‍ഷത്തില്‍ ഒരിക്കല്‍ ആചരിക്കപ്പെടുന്ന ഒരു  പ്രത്യേക ദിവസത്തിന്‍റെ പേരില്‍ മാത്രം  മനസ്സിലാക്കപ്പെടുവാനുള്ളതല്ല. പാര്‍പ്പിടം ഉള്ളവന്‍റേയും ഇല്ലാത്തവന്‍റേയും പൊതു ബോധത്തെ നിരന്തരം അലട്ടുവാന്‍ തുടങ്ങുമ്പോഴാണു  സമൂഹത്തിന്‍റെ ചുമതലയായി  അത് പരിവര്‍ത്തിതമാകുക. അമ്മാതിരി ഒരു പരിവര്‍ത്തനം  രൂപപ്പെടാത്തിടത്തോളം കാലം ഒരു പാര്‍പ്പിടമുള്ളവന്‍ രണ്ടും രണ്ടുള്ളവന്‍ മൂന്നും മൂന്നുള്ളവന്‍ നാലും എന്ന കണക്കില്‍ പാര്‍പ്പിടങ്ങള്‍ സ്വന്തമാക്കുന്നതില്‍ മനുഷ്യര്‍ യാതൊരു മടിയുമില്ലാതെ മല്‍സരിക്കും. അപ്പോള്‍ തല ചായ്ക്കാനിടമില്ലാത്തെവരെ കാണാനോ കേള്‍ക്കാനോ പരിചയപ്പെടുവാനോ കഴിയാതാവും.  അവര്‍ക്ക് വീടു നിര്‍മ്മിക്കാനുള്ള ആലോചനകളും പദ്ധതികളും പണച്ചെലവും  എല്ലാം തികഞ്ഞ അസംബന്ധവും അനാവശ്യവും അതുകൊണ്ടു തന്നെ അടിയന്തിരമായി അവസാനിപ്പിക്കേണ്ടതുമായിത്തീരും, പലപ്പോഴും മുന്‍ കാല പ്രാബല്യത്തോടെ. 

രാജ്യത്തിന്‍റെ സമ്പദ്ഘടനയെ ആഴത്തില്‍ തുരങ്കം വെയ്ക്കുന്നവരാണ് എന്നും സബ്സിഡി വേണ്ടവരും  സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തേടുന്നവരുമായ ദരിദ്രവാസികള്‍. അത്തരം പാവപ്പെട്ടവര്‍ക്ക്  വേണ്ടി വരുന്ന ഭക്ഷണം മുതല്‍  ജീവന്‍ രക്ഷാ ഔഷധങ്ങള്‍ വരെ  നീളുന്ന എല്ലാ പദ്ധതികളും രാജ്യത്തിന്‍റെ സമ്പത്ത് ഒരു അളവും  കണക്കുമില്ലാതെ  നശിപ്പിക്കുന്നവയാണ് എന്നാണല്ലോ വിവിധ തരം കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് എല്ലാ സാമ്പത്തിക ശാസ്ത്ര വിശാരദന്മാരും നമ്മോട്  പറയുന്നത്. 

അപ്പോള്‍ പിന്നെ പാര്‍പ്പിടം എല്ലാവരുടേയും  ജന്മാവകാശമാണെന്ന കാലഹരണപ്പെട്ട  തല്ലിപ്പൊളി മുദ്രാവാക്യത്തിനു എന്തു പ്രസക്തി? ആണവനിലയങ്ങള്‍ക്കും അണക്കെട്ടുകള്‍ക്കും ഖനികള്‍ക്കും കാര്‍  ഫാക്ടറികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും അതിവേഗ റോഡുകള്‍ക്കുമാണു ശരിക്കും പാര്‍പ്പിടം അല്ലെങ്കില്‍ ഇരിപ്പിടം അല്ലെങ്കില്‍ ഭൂതലം  ആവശ്യമുള്ളത്.  അതുകൊണ്ടാണ്, അതുകൊണ്ടു തന്നെയാണ് വനഭൂമിയുടേയും കൃഷിഭൂമിയുടേയും തീരഭൂമിയുടേയും  ആവാസഭൂമിയുടേയും എല്ലാം രൂപവും ഉടമസ്ഥതയും തരാതരം പോലെ മാറുന്നത്. പെട്ടെന്ന് ഒരു ദിവസം വിചിത്രവും അതുവരെ കേട്ടുകേള്‍വിയില്ലാത്തതുമായ പുതിയ പുതിയ  ബില്ലുകള്‍ ഭൂമിയുടെ  സ്വന്തപ്പെടലുമായി ബന്ധപ്പെട്ട്  നിയമങ്ങളായി അവതാരമെടുക്കുന്നത്. പാവപ്പെട്ട മനുഷ്യര്‍ കടലിലും പുഴയിലും കുതിര്‍ന്നുകൊണ്ട് സമരം ചെയ്യേണ്ടി വരുന്നത്.  ജല പീരങ്കികളും ലാത്തികളും തോക്കുകളും നിങ്ങളെ ഒരു പാഠം  പഠിപ്പിക്കുമെന്ന്  ജനങ്ങളോട് ഉച്ചത്തിലുച്ചത്തില്‍  അലറുന്നത്. ഉടുതുണിക്ക് മറുതുണിയില്ലാത്ത പട്ടിണിക്കാരായ ജനതയെ തെറ്റായി  സ്വാധീനിക്കുന്ന വൈദേശിക ആശയങ്ങളേയും ധനത്തേയും കുറിച്ച് ഭരണാധികാരികളും സിനിമാതാരങ്ങളും  മാധ്യമപ്പുലികളും  നെടുനെടുങ്കന്‍ ചര്‍ച്ചകള്‍ നടത്തുന്നത്. 

ഇതെല്ലാം കണ്ടും കേട്ടും വായിച്ചും മാത്രമറിയുന്ന, തലയ്ക്ക് മുകളില്‍ അല്‍പം തണലുള്ളവരില്‍ ചിലരെങ്കിലുമൊക്കെ  ഊണു കഴിച്ച് ഒന്നുറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ അറിഞ്ഞതെല്ലാം മറന്നു പോകും. സ്വന്തമായി ചിലതെല്ലാമുണ്ടെങ്കിലും  ഇനിയുമൊന്നാവാമെന്ന വിചാരമുണ്ടാവും.  അങ്ങനെ എല്ലാമെല്ലാം  അവസാനമില്ലാത്ത ആര്‍ത്തിയുടെ നീണ്ട പല്ലുകള്‍ക്കിടയില്‍ കുടുങ്ങിപ്പിടയുമ്പോള്‍  പിന്നെയും പിന്നെയും  എന്തൊക്കെയോ ആവശ്യമായി  വരും . മണ്ണും കല്ലും മണലും വെള്ളവും വൈദ്യുതിയും ഭക്ഷണവും വസ്ത്രവും അങ്ങനെ ഈ മഹാ പ്രപഞ്ചത്തിലെ  എല്ലാമെല്ലാം നമുക്ക് മാത്രമായിട്ടുള്ള  ആവശ്യമായിത്തീരും , അപ്പോഴാണു ആ നെടുനെടുങ്കന്‍ ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍  പറഞ്ഞതെല്ലാം സത്യമായിരിക്കുമെന്ന് തോന്നാന്‍ തുടങ്ങുക .

അതെ, പാവപ്പെട്ടവര്‍  എന്തെല്ലാമോ അവര്‍ക്ക്  വേണമെന്ന് വാശി പിടിക്കുന്നത് കൊണ്ടാണ് രാജ്യം ദരിദ്രമായിത്തീരുന്നത്. അതു ഭക്ഷണമായാലും വസ്ത്രമായാലും  പാര്‍പ്പിടമായാലും മരുന്നായാലും വിദ്യാഭ്യാസമായാലും ജോലിയായാലും ..........

ചിലര്‍ക്ക്  ഈ പ്രപഞ്ചത്തിലെ എന്തെങ്കിലും കിട്ടിയാല്‍  മതി.
മറ്റു ചിലര്‍ക്ക് എല്ലാമെല്ലാം കിട്ടിയാലേ മതിയാവൂ.
ഇനിയും ചിലര്‍ക്ക്  മഹാപ്രപഞ്ചത്തിലെ  യാതൊന്നും കിട്ടുകയില്ല. 

ഐക്യരാഷ്ട്ര സംഘടന ഈ യാതൊന്നും കിട്ടാനിടയില്ലാത്തവര്‍ക്ക്   എന്താണു ജന്മാവകാശമായി കല്‍പിച്ചിട്ടുള്ളത്?

15 comments:

aboothi:അബൂതി said...

നന്നായി.. ഒരാളെങ്കിലും പറഞ്ഞല്ലോ.. സത്യത്തില്‍ ജന്‍മാവകാശം മാതാപിതാക്കളാണ്‌. അതുപോലുമില്ലാത്ത എത്രയോ ആളുകള്‍ നമുക്ക്‌ ചുറ്റിലും ഉണ്ട്‌. ജന്‍മം നല്‍കിയ മാതാവിനെ പോലും സ്വന്തമാക്കാന്‍ കഴിയാത്തവര്‍. ഉണ്ടു നിറഞ്ഞവര്‍ക്കെങ്ങിനെ അറിയാന്‍, ഒരിക്കലും ഉണാത്തവണ്റ്റെ വിശപ്പ്‌?

പട്ടേപ്പാടം റാംജി said...

അങ്ങനെ എല്ലാമെല്ലാം അവസാനമില്ലാത്ത ആര്‍ത്തിയുടെ നീണ്ട പല്ലുകള്‍ക്കിടയില്‍ കുടുങ്ങിപ്പിടയുമ്പോള്‍ പിന്നെയും പിന്നെയും എന്തൊക്കെയോ ആവശ്യമായി വരും .

എല്ലാം അറിഞ്ഞുകൊണ്ട് തന്നെ അറിയാത്തത്‌ പോലെ നടിക്കുന്നത് ഈ ആര്‍ത്തിയാണ്.

രണ്ടു ലേഖനവും ഒരുമിച്ച് ചേര്‍ക്കണ്ടായിരുന്നു.

vettathan said...

" ചിലര്‍ക്ക് ഈ പ്രപഞ്ചത്തിലെ എന്തെങ്കിലും കിട്ടിയാല്‍ മതി.
മറ്റു ചിലര്‍ക്ക് എല്ലാമെല്ലാം കിട്ടിയാലേ മതിയാവൂ." വളരെ ശരി.

വീകെ said...

നമ്മുടെ നാട്ടിൽ വീട് ജന്മാവകാശമാണെന്നൊക്കെ തട്ടിവിടുന്നത് വെറും വോട്ടുബാങ്ക് രാഷ്ട്രീയം മാത്രം. അതു വാങ്ങിപ്പോയവരൊന്നും പിന്നെ ആ വഴി തിരിഞ്ഞു നോക്കിയിട്ടില്ല. രാഷ്ട്രീയം ജനസേവനമാണെന്നൊക്കെ പറയുന്നതു പോലുള്ള ഒരു തമാശയാണിതും...!

jayaraj said...

LEKHANAM NANNAYIRIKKUNNU.
AASHAMSAKAL

ഭാനു കളരിക്കല്‍ said...

സാമ്പത്തീക പുരോഗതിയുടെ അളവുകോലില്‍ ദാരിദ്ര്യ നിര്മാര്‍ജ്ജനത്തിനു എന്ത് സ്ഥാനമാണ് ഉള്ളത്. നമ്മുടെ സമ്പദ് വ്യവസ്ഥയെ കുറ്റം പറയല്ലേ. ഏറ്റവും കൂടുതല്‍ കോടീശ്വരന്മാര്‍ ഉള്ള മഹത്തായ രാജ്യമാണ്.

M. Ashraf said...

ഒന്നും കിട്ടാത്തവരോടപ്പം നില്‍ക്കാന്‍ ആരുമില്ല. നല്ല കുറിപ്പ്

Cv Thankappan said...

ഉള്ളവനാണ് വീണ്ടും പെരിപ്പിക്കാനുള്ള വെപ്രാളം.അധികാരികള്‍ അതിനുള്ള
ഒത്താശയ്ക്കും കൂട്ടുനില്‍ക്കും.
ആര്‍ത്തി പെരുത്താല്‍ ആവശ്യങ്ങള്‍
ഏറും.ഒന്നുകൊണ്ടും സംതൃപ്തി
കൈവരികയില്ല!
ലേഖനം നന്നായിരിക്കുന്നു.
ആശംസകള്‍

അനില്‍കുമാര്‍ . സി. പി. said...

"ചിലര്‍ക്ക് ഈ പ്രപഞ്ചത്തിലെ എന്തെങ്കിലും കിട്ടിയാല്‍ മതി.
മറ്റു ചിലര്‍ക്ക് എല്ലാമെല്ലാം കിട്ടിയാലേ മതിയാവൂ.
ഇനിയും ചിലര്‍ക്ക് മഹാപ്രപഞ്ചത്തിലെ യാതൊന്നും കിട്ടുകയില്ല."

നല്ല ലേഖനം.

സേതുലക്ഷ്മി said...


പ്രസക്തമായ ലേഖനം,എച്മു.

Unknown said...

പ്രിയപ്പെട്ട ചേച്ചി,
വളരെ നന്നായല്ലോ. ഓരോ വരികള്‍ കഴിയുമ്പോഴും കൂടുതല്‍ കൂടുതല്‍ നന്നായതായി തോന്നി.
സ്നേഹത്തോടെ
,ഗിരീഷ്‌

മാധവൻ said...

ഉണ്ടവനുറങ്ങാനൊരു പായ വേണം,ഉണ്ണാത്തവനൊരിലയും.

എച്ചുമു..നേത്രനീതിക്ക് സലാം..

Shaleer Ali said...

കടലിലെ ഓളവും മനസ്സിലെ മോഹവും ..
അടങ്ങുകില്ലെന്നു വയലാര്‍ പറഞ്ഞത് ..
പ്രണയത്തെ ഉദ്ദേശിച്ചു മാത്രമായിരിക്കില്ല....

നല്ല ലേഖനം .... നന്ദി... ആശംസ

Echmukutty said...

വായിച്ച എല്ലാവര്‍ക്കും നന്ദി. ഇനിയും വായിക്കുമല്ലോ.

ഫൈസല്‍ ബാബു said...

ചിലതൊക്കെ കേള്‍ക്കുമ്പോള്‍ അതിനു മുമ്പില്‍ നമ്മുടെ പോരായ്മകള്‍ സ്വര്‍ഗ്ഗമാണ് !!