Wednesday, April 3, 2013

കൊല്ല്, വെട്ട്, നുറുക്ക് , ചീന്ത്.......


https://www.facebook.com/groups/malayalamblogers/permalink/589539231056578/

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013 മാര്‍ച്ച് 22  നു  പ്രസിദ്ധീകരിച്ചത്. )
 
ഈയിടെയായി ഇതുമാതിരിയുള്ള ആക്രോശങ്ങളാണ് എവിടെയും.  കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ  മാനുഷിക പരിഗണനകള്‍ക്കും  മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യ വിശ്വാസങ്ങള്‍ക്കും  ഒക്കെ എതിരായി മുഖം വീര്‍പ്പിച്ചു നില്‍ക്കുന്ന, കേള്‍ക്കുമ്പോള്‍  വല്ലായ്മ തോന്നുന്ന , ഭീതിദമായ  ആഹ്വാനങ്ങള്‍. പല നൂറ്റാണ്ടുകള്‍ക്കു മുന്‍പ്   ലോകത്തിന്‍റെ  പല ഭാഗങ്ങളിലും നിലവിലുണ്ടായിരുന്ന ഭയാനകമായ ശിക്ഷാവിധികളെക്കുറിച്ച് താല്‍പര്യപൂര്‍വം പഠിക്കുകയും അവയെല്ലാം തിരിച്ചുകൊണ്ടു വരണമെന്ന് ആഗ്രഹിക്കുകയുമാണിപ്പോള്‍. ചോര മരവിപ്പിക്കുന്ന കുറ്റകൃത്യങ്ങള്‍  ചെയ്തവരെ പിന്നെ  കൊല്ലുകയല്ലേ  വേണ്ടത്  അവര്‍  സമൂഹത്തിനു തന്നെ ഭീഷണിയല്ലേ എന്ന  ചോദ്യത്തിനു  മുന്നില്‍, വധശിക്ഷയേയും അംഗഭംഗപ്പെടുത്തലിനേയും ഷണ്ഡീകരിക്കലിനേയും പറ്റിയൊക്കെ  സംശയാലു  ആവുന്ന  എത്ര വലിയ മനുഷ്യസ്നേഹിക്കും  മൊഴിമുട്ടിപ്പോവുകയും  ചെയ്യുന്നു. 

ശിക്ഷകളെ ഭയന്ന്  മനുഷ്യര്‍ കുറ്റം ചെയ്യാതിരിക്കുമെന്ന  ഉറപ്പിന്‍റെ കാലം മനുഷ്യ ചരിത്രത്തില്‍  ഒരിക്കലും ഉണ്ടായിട്ടില്ല. ശക്തമായ ശരിയത് ശിക്ഷാ നിയമങ്ങളുള്ളപ്പോഴും ആ  നാടുകളിലും മനുഷ്യര്‍ കുറ്റം ചെയ്യുന്നുണ്ടല്ലോ.  നിയമത്തെ ഭയന്ന് ജനങ്ങള്‍  കുറ്റം ചെയ്യില്ലെന്നത്  അധികാരങ്ങളുടെ വിശ്വാസം മാത്രമായിരുന്നു. അധികാരം എന്നതുകൊണ്ട് ഞാനുദ്ദേശിക്കുന്നത് എല്ലാത്തരം അധികാരങ്ങളെയുമാണ് - ജാതി മത വര്‍ഗ വര്‍ണ ലിംഗങ്ങളുടെയും  രാഷ്ട്രീയത്തിന്‍റെയും ഭരണത്തിന്‍റേയും സംസ്കാരത്തിന്‍റെയും  നിയമത്തിന്‍റെയുമായ  എല്ലാ അധികാരങ്ങളെയും.  ശിക്ഷകളിലും രക്ഷകളിലും ഈ  അധികാരങ്ങള്‍  സ്വയം അംഗീകരിക്കുകയും കല്‍പിക്കുകയും ചെയ്തിട്ടുള്ള  ഇരട്ടമുഖങ്ങളുണ്ട്. 

അധികാരങ്ങള്‍ക്കാവശ്യമുണ്ടെങ്കില്‍  കൊലപാതകവും ബലാല്‍സംഗവും ചാരപ്രവൃത്തിയും മനുഷ്യാവകാശലംഘനങ്ങളും  എന്നല്ല  ഒരുമാതിരിയുള്ള സകല കുറ്റകൃത്യങ്ങളും    തീര്‍ത്തും നിയമസാധുതയുള്ള കാര്യങ്ങളായിത്തീരും. അവ ചെയ്തതിനോ ചെയ്തവര്‍ക്കോ അല്ല , എന്തുകൊണ്ട് ഇപ്രകാരമുള്ള  ക്രൂരതകള്‍ ചെയ്തു  എന്ന് ചോദിക്കുന്നതിനും  ചോദിച്ചവര്‍ക്കുമായിരിക്കും ശിക്ഷ കിട്ടുക. കെട്ടുനാറി  ദുഷിച്ചു  പോകുന്ന അധികാരങ്ങള്‍  മനപ്പൂര്‍വം  സൃഷ്ടിക്കുന്ന നിയമവാഴ്ചയുടെ  സൂചിപ്പഴുതുകള്‍ ഓരോ കുറ്റവാളിയുടേയും സ്വപ്നരക്ഷാമാര്‍ഗമാണ്. ഏതെങ്കിലും കൊള്ളാവുന്ന ഒരു സൂചിപ്പഴുതുപയോഗിച്ച് ,അല്ലെങ്കില്‍ ഏതെങ്കിലും ഒരു അധികാരത്തിന്‍റെ  സ്വാധീനമുപയോഗിച്ച് രക്ഷപ്പെടാമെന്ന് ഓരോ കുറ്റവാളിയും കരുതുന്നു.  

കുറ്റവാളിയെ കൊന്നു തീര്‍ക്കുമ്പോള്‍ ബാക്കിയുള്ളവര്‍ക്ക്  ആശ്വാസമായി.  കുറ്റവാളികളെ സൃഷ്ടിക്കുന്നതില്‍  പങ്കു വഹിച്ച എല്ലാ ഘടകങ്ങളേയും  ആ ആശ്വാസത്തില്‍  നമ്മള്‍ കാണാതെ  പോവുകയോ കണ്ടാലും കാണാത്ത മട്ടിലിരിക്കുകയോ  ചെയ്യുന്നു. ശരീരമാകെ വ്യാപിച്ച ക്യാന്‍സറിനു മോര്‍ഫിന്‍ പോലെയുള്ളൊരു വേദനാസംഹാരി നല്‍കി  ആശ്വാസമുണ്ടാക്കുന്ന ചികില്‍സാവിധിയാണത്. വേദനസംഹാരിയുടെ  ശക്തി കുറയുമ്പോഴും ഡോസ് മതിയാവാതാവുമ്പോഴും  അമക്കിവെച്ച അസ്വസ്ഥതകള്‍ വീണ്ടും പുറത്തു വരികയായി. 

ബലാല്‍സംഗത്തിനു  വധശിക്ഷ നല്‍കണമെന്ന വാദം വളരെ ശക്തമാണ്. ഇക്കഴിഞ്ഞ  കുറച്ച്  കാലയളവില്‍  നടമാടിയ കൊടുംക്രൂരതകള്‍ മനുഷ്യത്വമുള്ള  ആരേയും തകര്‍ത്തു കളയുന്നതുമാണ്. അവര്‍ക്ക്  വധശിക്ഷയ്ക്ക് പകരം  മറ്റെന്തു നല്‍കാനാണെന്ന്  ആരും  ചോദിച്ചു പോകും. പീഡനങ്ങള്‍ക്കിരയായ ഒരു  പിഞ്ചുകുഞ്ഞിന്‍റെ  മുഖം മനസ്സിലുയരുമ്പോള്‍  ആരുടെ മനസ്സിലും  പ്രതികാരത്തിന്‍റെ  അഗ്നിജ്വാലകള്‍  ആളിപ്പടരാതിരിക്കില്ല. 

ഒരു കുറ്റവാളിയെ  അല്ലെങ്കില്‍  കുറച്ച് കുറ്റവാളികളെ കൊന്നു കഴിയുമ്പോള്‍ നമ്മുടെ  പ്രശ്നം  പരിഹരിക്കപ്പെടുമോ  എന്നതാണ്  വധശിക്ഷയേയും  അംഗഭംഗപ്പെടുത്തലിനേയും ഷണ്ഡീകരിക്കലിനേയും മറ്റും പറ്റിയുള്ള  ചര്‍ച്ചകള്‍ ഉയര്‍ത്തുന്ന ഏറ്റവും പ്രധാനമായ ചോദ്യം. കാരണം വധശിക്ഷയുണ്ടെന്നറിഞ്ഞിട്ടും  കൊലപാതകങ്ങളും ഭീകരാക്രമണങ്ങളും നടക്കുന്നുണ്ട്. വികലാംഗന്മാരും ഷണ്ഡന്മാരും ക്രൂരതകള്‍ കാണിക്കുകയില്ലെന്നത് വെറും ശുഭാപ്തിവിശ്വാസം മാത്രമാണ്. സംശയമുള്ളവര്‍  ഗോവിന്ദച്ചാമിയെപ്പോലെയുള്ളവരുള്‍പ്പെടുന്ന ഭിക്ഷാടന മാഫിയയേയും സ്ത്രീകളെ മണിക്കൂറു കണക്കിനു വില്‍ക്കുന്ന ഇന്ത്യാമഹാരാജ്യത്തിലെ ചില  തെരുവുകളേയും നിരീക്ഷിച്ചാല്‍ മാത്രം മതിയാവും. ബലാല്‍സംഗത്തിന്‍റെ തെളിവുകള്‍ മായിക്കുവാന്‍ വേണ്ടി  എന്തു ക്രൂരതയും കാണിക്കുവാനും അങ്ങനെ ബലാല്‍സംഗം ചെയ്യപ്പെട്ട ശരീരത്തെ നിശ്ചേതനമാക്കുവാനും  വധശിക്ഷ കിട്ടുമെന്നു വന്നാല്‍ കുറ്റവാളികള്‍ ശ്രമിച്ചു കൂടെന്നില്ല. കാരണം കൊലപാതകത്തിന് വധശിക്ഷ കിട്ടുമെങ്കിലും അപൂര്‍വങ്ങളില്‍ അപൂര്‍വം കേസുകള്‍ക്ക് മാത്രമല്ലേ അങ്ങനെ വിധിയുണ്ടാവാറുള്ളൂ. അന്താരാഷ്ട്ര നിലപാടുകളില്‍ വധശിക്ഷയ്ക്കെതിരേയുള്ള വാദങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രത്യേകിച്ചും. കീഴ്ക്കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും പിന്നെ ദയാഹര്‍ജിയുമുണ്ടല്ലോ വധശിക്ഷ നിയമത്തിലെഴുതപ്പെടുന്ന കുറ്റവാളിക്ക് പ്രതീക്ഷയര്‍പ്പിക്കാന്‍.... ബലാല്‍സംഗത്തിനിരയായി  കൊലപ്പെട്ടവര്‍ക്ക്    ആരിലും പ്രതീക്ഷയര്‍പ്പിക്കേണ്ടതില്ല. കൊലപ്പെടാത്തവര്‍ക്ക് ഇപ്പോഴുമെന്ന പോലെ അപ്പോഴും പ്രതീക്ഷകള്‍ക്ക്  യാതൊരു സാധ്യതയുമുണ്ടാവില്ല.
  
സ്ത്രീ, പുരുഷന്‍, കുഞ്ഞ്, പ്രകൃതി തുടങ്ങിയ വേര്‍തിരിവുകളില്ലാതെ ദുര്‍ബലമായി കാണപ്പെടുന്ന എന്തിനേയും  കീഴടക്കുമ്പോഴാണ് താന്‍ കരുത്തിന്‍റെയും അധികാരത്തിന്‍റെയും  പ്രതീകമാകുന്നത് എന്ന വികല ചിന്തയില്‍ നിന്നാണ് എല്ലാത്തരം ബലപ്രയോഗങ്ങളും  ജന്മമെടുക്കുന്നത്. മറ്റൊരു ശരീരത്തിനോടുള്ള എന്തു തരം ഇടപെടലും ആ ശരീരത്തിന്‍റെ ഉടമ നല്‍കുന്ന പൂര്‍ണ സമ്മതത്തോടെയല്ലെങ്കില്‍ അത് വളരെ ഹീനമായ സാംസ്ക്കാരിക അധ:പതനമാണെന്ന് സഹസ്രാബ്ദങ്ങളുടെ സാംസ്ക്കാരിക പാരമ്പര്യം ആവശ്യത്തിനും അനാവശ്യത്തിനും കൊണ്ടാടുന്ന നമ്മള്‍ ഇതുവരെ മനസ്സിലാക്കിയിട്ടില്ല. ആ പാഠം നമ്മുടെ തലമുറകളുടെ തികച്ചും  അത്യാവശ്യമായ പഠനമായി ആര്‍ക്കും തോന്നുന്നുമില്ല.
  
സ്ത്രീയെന്ന അമ്മയെ,പെങ്ങളെ, ഭാര്യയെ,മകളെ ഒന്നും ദ്രോഹിക്കരുതെന്ന് നമ്മുടെ ടി വി ഇപ്പോള്‍ ഇടയ്ക്കിടെ  ഉദ്ബോധിപ്പിക്കുന്നുണ്ട്. അപ്പോള്‍ ദ്രോഹിക്കാവുന്ന മനുഷ്യരെ  ചൂണ്ടിക്കാണിക്കുകയാണ് ഒരര്‍ഥത്തില്‍..... ആരുമില്ലാത്തവരേയും വില്‍ക്കപ്പെടുന്നവരേയും  ലൈംഗിക ന്യൂനപക്ഷങ്ങളേയും ഒന്നും നമ്മള്‍ ദ്രോഹിക്കാന്‍ പാടില്ലാത്തവര്‍ക്കിടയില്‍ പെടുത്തുന്നില്ല. എത്ര അതിക്രമങ്ങള്‍ ഉണ്ടായാലും  സമഗ്രവീക്ഷണത്തോടെയുള്ള ഒരു കാഴ്ചപ്പാട് നമുക്കുണ്ടാവാത്തതെന്താണെന്നറിയില്ല. നമ്മള്‍  എപ്പോഴുമെന്ന പോലെ  ഇപ്പോഴും എല്ലാ  കാര്യങ്ങളേയും വിഭാഗീയമായി മാത്രമേ  കാണുന്നുള്ളൂ.           

38 comments:

വര്‍ഷിണി* വിനോദിനി said...

ഇത്തരം എഴുത്തുകൾ വായിക്കുമ്പൊ ഒരു ആരാധനാ ഭാവമാണു എപ്പഴും നിയ്ക്ക്‌ തോന്നാ..നന്ദി ട്ടൊ..!


Echmukutty said...

ആദ്യം വന്ന വര്‍ഷിണിയുടെ കമന്‍റ് വായിച്ചപ്പോള്‍ സത്യമായും എനിക്ക് വലിയ ആഹ്ലാദം തോന്നി. ഞാനിത്തിരി സങ്കടപ്പെട്ടിരിക്കുകയായിരുന്നു.
വന്നതിനു, വായിച്ചതിനു ഈ ഒരു കമന്‍റെഴുതിയതിനു...ഒത്തിരി നന്ദി വര്‍ഷീണി...

ഗീതാരവിശങ്കർ said...

അധികാരങ്ങള്‍ക്കാവശ്യമുണ്ടെങ്കില്‍ കൊലപാതകവും ബലാല്‍സംഗവും ചാരപ്രവൃത്തിയും മനുഷ്യാവകാശലംഘനങ്ങളും എന്നല്ല ഒരുമാതിരിയുള്ള സകല കുറ്റകൃത്യങ്ങളും തീര്‍ത്തും നിയമസാധുതയുള്ള കാര്യങ്ങളായിത്തീരും. ................
തീർത്തും ശരി .

'' ഇത്തരം എഴുത്തുകൾ വായിക്കുമ്പൊ ഒരു ആരാധനാ ഭാവമാണു എപ്പഴും നിയ്ക്ക്‌ തോന്നാ..നന്ദി ട്ടൊ..! ''
ഓരോ പോസ്റ്റും വായിച്ചു മടങ്ങുമ്പോൾ എഴുതാൻ തോന്നീരുന്ന വാചകം .
ഒരുപാടിഷ്ടം ഈ എഴുത്ത് .

Pradeep Kumar said...

കുറ്റവും ശിക്ഷയും എന്നത് വിവിധ മാനങ്ങളുള്ള ഒരു വിഷയമാണ്. ശിക്ഷാസമ്പ്രദായങ്ങളും കുറ്റകൃത്യങ്ങളുടെ അളവും തമ്മിൽ പരസ്പരം ബന്ധമില്ല എന്നു തോന്നിപ്പിക്കുന്ന പല റിപ്പോർട്ടുകളും നാം കാണാറുണ്ട്. പക്ഷേ ശിക്ഷാസമ്പ്രദായങ്ങളെ നിരാകരിക്കുക എന്നതും ഒരു സമൂഹത്തിന്റെ പുരോഗതിക്ക് അഭികാമ്യമല്ല.

വളരെ പ്രധാന്യമർഹിക്കുന്ന ഒരു ചിന്തയാണ് ഈ ചെറിയ കുറിപ്പിലൂടെ മുന്നോട്ട് വെക്കുന്നത്.....

Roshan PM said...

നൂറ്റിയൊന്ന് ശതമാനവും അഭിപ്രായത്തോട് യോജിക്കുന്നു. വ്യക്തവും ലളിതവുമായി പറഞ്ഞതിന് അഭിനന്ദനങ്ങൾ

ajith said...

ശിക്ഷയെപ്പറ്റി ഭയമില്ലാതിരിക്കുന്നത് കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവിലേ കലാശിക്കുകയുള്ളു. നിയമങ്ങളുടെ കുറവല്ല, അതിലെ പഴുതുകളും നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയുടെ കുറവും, തന്നെയല്ല, നിയമപാലകരുടെ ധാര്‍മികാധപതനവും എല്ലാം അക്രമസ്റ്റാറ്റിറ്റിക്സ് ഉയര്‍ത്തുന്നുണ്ട്.


“ശക്തമായ ശരിയത് ശിക്ഷാ നിയമങ്ങളുള്ളപ്പോഴും ആ നാടുകളിലും മനുഷ്യര്‍ കുറ്റം ചെയ്യുന്നുണ്ടല്ലോ.”
വളരെയധികം പേര്‍ വാദിയ്ക്കുന്ന ഒരു കാര്യമാണ് ഈ പറഞ്ഞത്. ഇത്ര ശക്തമായ നിയമം ഉള്ളിടത്ത് അക്രമങ്ങളുടെ എണ്ണം വളരെ കുറവാണെന്നത് ആരും ശ്രദ്ധിയ്ക്കുന്നുമില്ല. 100% സാത്വികരായ ജനത ഒരു കാലത്തും ഒരു നാട്ടിലും ഉണ്ടായിരുന്നില്ല എന്നതാണതിന്റെ കാരണം. ഒരുപക്ഷെ ആ നിയമങ്ങള്‍ അവിടെ ഇല്ലാതിരുന്നെങ്കിലത്തെ അവസ്ഥ ആരോര്‍ക്കുന്നു.!!

vettathan said...

വ്യക്തികളുടെ കുറ്റങ്ങള്‍ മനുഷ്യരാശിക്കെതിരെയുള്ള അതിക്രമവും രാഷ്ട്രത്തിന്‍റെഎന്തു നീചഇടപെടലുകളും രാജ്യസ്നേഹവും ആയി പരിഗണിക്കുന്നത് തെറ്റാണ്. ഞാന്‍ വധശിക്ഷക്കെതിരാണ്.

DeepaBijo Alexander said...

"സ്ത്രീ, പുരുഷന്‍, കുഞ്ഞ്, പ്രകൃതി തുടങ്ങിയ വേര്‍തിരിവുകളില്ലാതെ ദുര്‍ബലമായി കാണപ്പെടുന്ന എന്തിനേയും കീഴടക്കുമ്പോഴാണ് താന്‍ കരുത്തിന്‍റെയും അധികാരത്തിന്‍റെയും പ്രതീകമാകുന്നത് എന്ന വികല ചിന്തയില്‍ നിന്നാണ് എല്ലാത്തരം ബലപ്രയോഗങ്ങളും ജന്മമെടുക്കുന്നത്. മറ്റൊരു ശരീരത്തിനോടുള്ള എന്തു തരം ഇടപെടലും ആ ശരീരത്തിന്‍റെ ഉടമ നല്‍കുന്ന പൂര്‍ണ സമ്മതത്തോടെയല്ലെങ്കില്‍ അത് വളരെ ഹീനമായ സാംസ്ക്കാരിക അധ:പതനമാണെന്ന് സഹസ്രാബ്ദങ്ങളുടെ സാംസ്ക്കാരിക പാരമ്പര്യം ആവശ്യത്തിനും അനാവശ്യത്തിനും കൊണ്ടാടുന്ന നമ്മള്‍ ഇതുവരെ മനസ്സിലാക്കിയിട്ടില്ല. ആ പാഠം നമ്മുടെ തലമുറകളുടെ തികച്ചും അത്യാവശ്യമായ പഠനമായി ആര്‍ക്കും തോന്നുന്നുമില്ല."

എത്ര സത്യം ! എല്ലായ്പ്പോഴുമെന്ന പോലെ ഒരുപാടിഷ്ടം എച്മൂ ....

റിനി ശബരി said...

""മറ്റൊരു ശരീരത്തിനോടുള്ള എന്തു തരം ഇടപെടലും ആ ശരീരത്തിന്‍റെ ഉടമ നല്‍കുന്ന പൂര്‍ണ സമ്മതത്തോടെയല്ലെങ്കില്‍ അത് വളരെ ഹീനമായ സാംസ്ക്കാരിക അധ:പതനമാണെന്ന് സഹസ്രാബ്ദങ്ങളുടെ സാംസ്ക്കാരിക പാരമ്പര്യം ആവശ്യത്തിനും അനാവശ്യത്തിനും കൊണ്ടാടുന്ന നമ്മള്‍ ഇതുവരെ മനസ്സിലാക്കിയിട്ടില്ല. ആ പാഠം നമ്മുടെ തലമുറകളുടെ തികച്ചും അത്യാവശ്യമായ പഠനമായി ആര്‍ക്കും തോന്നുന്നുമില്ല.""
ഈ വരികളും , ചിന്തയുമാണ് ഈ പൊസ്റ്റിന്റെ ആത്മാവ് ..
ഈ ചിന്തകള്‍ പാലിക്കുവാന്‍ , അതും ആത്മാര്‍ത്ഥമായ്
നമ്മുക്കായാല്‍ , ലോകത്ത് എന്താകും മാറ്റമുണ്ടാകുക ..
അധികാരത്തിന്റെയും , പണത്തിന്റെയും ഗര്‍വ്വ്
മറ്റുള്ളവനില്‍ തീര്‍ക്കുന്നതൊരു വിനോദമായി മാറുന്നുന്റ് ഈയിടയായ് ..
സമൂഹത്തിന്റെ നന്മക്കായി സദാ സമയവും പൊരുതുന്ന ഒരു
മനസ്സിന്റെ ഉടമയേ പൊലെ , കലേച്ചീ വേറിട്ട് നില്‍ക്കുന്നു ..
സ്നേഹാദരങ്ങള്‍ ..

പട്ടേപ്പാടം റാംജി said...

സ്ത്രീ, പുരുഷന്‍, കുഞ്ഞ്, പ്രകൃതി തുടങ്ങിയ വേര്‍തിരിവുകളില്ലാതെ ദുര്‍ബലമായി കാണപ്പെടുന്ന എന്തിനേയും കീഴടക്കുമ്പോഴാണ് താന്‍ കരുത്തിന്‍റെയും അധികാരത്തിന്‍റെയും പ്രതീകമാകുന്നത് എന്ന വികല ചിന്തയില്‍ നിന്നാണ് എല്ലാത്തരം ബലപ്രയോഗങ്ങളും ജന്മമെടുക്കുന്നത്.

ഓരോ വിഭാഗം തിരിച്ചല്ലാതെ പൊതുവില്‍ രൂപപ്പെടേണ്ട ചില ചിന്തകള്‍ , അടിസ്ഥാനപരമായ കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളായി നന്നായി അവതരിപ്പിച്ചു.

Akakukka said...

"ശിക്ഷകളെ ഭയന്ന് മനുഷ്യര്‍ കുറ്റം ചെയ്യാതിരിക്കുമെന്ന ഉറപ്പിന്‍റെ കാലം മനുഷ്യ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. ശക്തമായ ശരിയത് ശിക്ഷാ നിയമങ്ങളുള്ളപ്പോഴും ആ നാടുകളിലും മനുഷ്യര്‍ കുറ്റം ചെയ്യുന്നുണ്ടല്ലോ."

ഏറെ സമകാലീന പ്രാധാന്യമുള്ള ഒരു വിഷയത്തെ ക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍.'

അഭിനന്ദനങ്ങള്‍...,..!!!

വീകെ said...

മനുഷ്യർ തമ്മിലുള്ള സ്നേഹമില്ലായ്മയാണ് ഇത്തരം ക്രൂരമനസ്സുകൾക്ക് ഹേതുവെന്നാണ് തോന്നുന്നത്. കാലം ചെല്ലുന്തോറും ഞാനെന്ന ഭാവവും, സ്വയം ഒറ്റപ്പെടലും കൂടിക്കൂടി വരുന്നത് ഇത്തരം സ്നേഹമില്ലായ്മയിലാണ് കലാശിക്കുന്നത്. സ്വന്തം കുടുംബത്തിൽ പോലും പരസ്പ്പരം സ്നേഹമില്ലായ്മ വളരെ പ്രകടമാണ്. ആർക്കും ആരോടും ഉത്തരവാദിത്വമില്ലാത്ത ജീവിതത്തിൽ സഹജീവികളുടെ കഷ്ടതയോ ദൈന്യതയോ ഒന്നും ആരുടേയും മനസ്സുകളെ വേദനിപ്പിക്കുന്നില്ല.
ആശംസകൾ എഛ്മുക്കുട്ടി...

aboothi:അബൂതി said...

ദുർബലരോട് ദയയില്ലാത്തവനെ മനുഷ്യനെ ആയി തന്നെ കാണ്ണാൻ ആവുമോ? എനിക്കതിനാവില്ല..
സ്ത്രീ പുരുഷന അങ്ങിനെ വിത്യാസമൊന്നും ഇല്ല എന്ന് പായരുത്. കാരണ കായികമായി സ്ത്രീയേക്കാൾ ശക്തനാണ് പുരുഷൻ. അത് കണ്ട് തന്നെ അടിച്ചമർത്തലുകൾ അവർ കൂടുതൽ അനുഭവിക്കുന്നു. അതൊരു സത്യമാണ്. നാം കണ്ണടച്ചിരുട്ടാക്കിയിട്ടു കാര്യമില്ല

ശരീഅത്ത് എന്നാൽ കഠിനമായ ചില ശിക്ഷകളാണ് എന്നൊരു തെറ്റുധാരണ അഭ്യസ്ത വിദ്യരിലും ഉണ്ടെന്നു തോന്നുന്നു..
മനുഷ്യർക്കിടയിൽ കുറ്റകൃത്യങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും..
ബോധ വത്കരണം കൊണ്ട് അത് ഒരു പരിധി വരെ തടയാം. എന്നിട്ടും പോരാത്തവരെ തടുക്കാൻ ശിക്ഷ ഒരു അനിവാര്യ ഘടകമായി വരുന്നു..ശിക്ഷ കുറ്റം ചെയ്തവർക്ക് മാത്രമല്ല, കുറ്റവാസന ഉള്ളവർക്ക് ഒരു താക്കീതുമായിരിക്കണം. ശരീഅത്തില്ലേ ശിക്ഷാ സമ്പ്രദായങ്ങൾ ആ ഒരു ലക്‌ഷ്യം കൂടി കാണുന്നു.

അജിത്‌ സാറിന്റെ കമന്റിന്റെ ചോട്ടിൽ എന്റെ ഒരു ഒപ്പുണ്ട്

ആശംസകളോടെ

ഇലഞ്ഞിപൂക്കള്‍ said...

എച്മുവിന്‍റെ എഴുത്തുകള്‍ വായിക്കുമ്പോള്‍ എന്ത് പറയണമെന്ന് അറിയാതെ പോവുന്നു പലപ്പോഴും.

അവതാരിക said...

i read it....nice article

Kannur Passenger said...

"അധികാരങ്ങള്‍ക്കാവശ്യമുണ്ടെങ്കില്‍ കൊലപാതകവും ബലാല്‍സംഗവും ചാരപ്രവൃത്തിയും മനുഷ്യാവകാശലംഘനങ്ങളും എന്നല്ല ഒരുമാതിരിയുള്ള സകല കുറ്റകൃത്യങ്ങളും തീര്‍ത്തും നിയമസാധുതയുള്ള കാര്യങ്ങളായിത്തീരും. അവ ചെയ്തതിനോ ചെയ്തവര്‍ക്കോ അല്ല , എന്തുകൊണ്ട് ഇപ്രകാരമുള്ള ക്രൂരതകള്‍ ചെയ്തു എന്ന് ചോദിക്കുന്നതിനും ചോദിച്ചവര്‍ക്കുമായിരിക്കും ശിക്ഷ കിട്ടുക. "

ഇതിൽ കൂടുതൽ എന്താണ് പറയേണ്ടത്.. ??
നന്നായി പറഞ്ഞിരിക്കുന്നു കാര്യങ്ങൾ.. ഭാവുകങ്ങൾ.. :)

Villagemaan/വില്ലേജ്മാന്‍ said...

അജിത്‌ ഭായി പറഞ്ഞതിനോട് യോജിക്കുന്നു .

കുറ്റങ്ങൾക്ക് കഠിന ശിക്ഷ കൊടുക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ .

പിഞ്ചു കുഞ്ഞുങ്ങളുടെ മേൽ കാമദാഹം തീർക്കുന്നവർ ഈ സമൂഹത്തിനു ഭീഷണി തന്നെ ആണ്. അവർ ജീവിച്ചിരിക്കാൻ അര്ഹരല്ല . അല്ലെങ്കിൽ അവര്ക്ക് ജീവപര്യന്തം എന്നത് അതിന്റെ എല്ലാ അര്തതിലും ജീവിതാവസാനം വരെ ഏകാന്ത തടവ് കൊടുക്കണം .മാസത്തിൽ മാസത്തിൽ പരോൾ കൊടുത്തു , എട്ടോ ഒന്പതോ വര്ഷം കൊണ്ട് തീരുന്ന ജീവപരട്യന്തങൾ കൊണ്ട് എന്ത് നേട്ടം ?നമ്മുടെ നിയമ വ്യവസ്ട എന്നത് ഒരുപാട് പഴകിയതും ബ്രിട്ടീഷു കാരന്റെ നിയമങ്ങളും ആണ്. അതൊക്കെ കാലാനുസൃതമായി മാറ്റിയെ തീരൂ..

Echmukutty said...

കഥയില്ലാത്തവള്‍ എന്ന പേരു വേണ്ടാന്ന് ഞാന്‍ കാര്യായിട്ടു പറഞ്ഞതാ. വന്നല്ലോ , പിന്നെ ഇത്ര നല്ല വാക്കുകള്‍ എഴുതിയതിനു നന്ദി കേട്ടോ.
പ്രദീപ് മാഷിന്‍റെ വരവിനും അഭിപ്രായത്തിനും നന്ദി.
പേരു വ്യക്തമായില്ല.അഭിപ്രായത്തില്‍ സന്തോഷവും നന്ദിയും അറിയിക്കട്ടെ.
ശിക്ഷ മാത്രം പ്രഖ്യാപിച്ച് പ്രശ്നങ്ങളെ ലളിതമായി നേരിടുന്ന അധികാരത്തെക്കുറിച്ചല്ലേ അജിത്തേട്ടാ ഞാന്‍ എഴുതാന്‍ പരിശ്രമിച്ചത്? അത് മാത്രം പോരാ എന്ന് പറയുവാന്‍ ശ്രമിക്കുകയായിരുന്നു. അതിനാണ് ശരിയത്തിനെപ്പറ്റി എഴുതിയത്. വന്നതിലും വായിച്ചതിലും സന്തോഷം കേട്ടോ.

Echmukutty said...

വെട്ടത്താന്‍ ചേട്ടന് സ്വാഗതവും നന്ദിയും അറിയിക്കട്ടെ. ഈ നിലപാടിനും നന്ദി.

Echmukutty said...

ദീപയുടെ നല്ല വാക്കുകള്‍ക്ക് റിനിയുടെ സ്നേഹാദരങ്ങള്‍ക്ക് എല്ലാം സന്തോഷം.. നന്ദി.
രാംജി,
അലി,
വി.കെ എല്ലാവര്‍ക്കും നന്ദി.

അനില്‍കുമാര്‍ . സി. പി. said...

"നമ്മള്‍ എപ്പോഴുമെന്ന പോലെ ഇപ്പോഴും എല്ലാ കാര്യങ്ങളേയും വിഭാഗീയമായി മാത്രമേ കാണുന്നുള്ളൂ." - theerchayayum!

aswathi said...

പ്രശ്ന പരിഹാരമെന്തെന്നു ആലോചിച്ചാല്‍ , കിട്ടിയ പരിഹാരമോരോന്നും വീണ്ടും കുടുക്ക് വീണു കിടക്കുന്നു അല്ലേ എച്മു.

ഭാനു കളരിക്കല്‍ said...

കുറ്റവും ശിക്ഷയും തുടര്ന്നു കൊണ്ടിരിക്കും.
നല്ല മാനവനെ സൃഷ്ടിക്കുവാനുള്ള നവോത്ഥാന പ്രസ്ഥാനങ്ങൾക്കേ നല്ല ഭാവി വാഗ്ദാനം ചെയ്യാൻ ആവൂ. വേരുകളിൽ നീരെത്തുമ്പോഴല്ലേ തളിരുകൾ ശാഖകളിൽ വിരിയൂ. എച്ചുമുവിന്റെ എഴുത്തുകൾ അങ്ങനെ ആയിത്തീരട്ടെ.

Echmukutty said...

സ്ത്രീയെ പുരുഷന്‍ അടിച്ചമര്‍ത്തുന്നില്ല, അവര്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്നല്ല ഞാന്‍ എഴുതാന്‍ ശ്രമിച്ചത് അബൂതി. പൊതുവേ എല്ലാത്തരം അടിച്ചമര്‍ത്തലുകളും ഉടലെടുക്കുന്നത് രോഗതുരമായ മനസ്സുകളില്‍ നിന്നാണെന്ന് പറയുകയായിരുന്നു. ശിക്ഷയെ ഭയന്ന് മാത്രമല്ല മനുഷ്യര്‍ കുറ്റം ചെയ്യാതിരിക്കേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്. മനുഷ്യരെ അങ്ങനെ പരിവര്‍ത്തിപ്പിക്കേണ്ട ജോലി എനിക്കും അബൂതിക്കും നമ്മുടെ സമൂഹത്തിനും ഭരണകൂടത്തിനും എല്ലാമുണ്ട്. ഒപ്പം ഇവരെല്ലാം സ്വയം മാറുകയും വേണം. നമ്മള്‍ ശിക്ഷ വിധിച്ച് നീങ്ങി നില്‍ക്കുകയും നിലനില്‍ക്കുന്ന സകല പരിതസ്ഥിതികളും അതു പോലെ തുടരുകയുമല്ല വേണ്ടത് എന്നെഴുതുകയായിരുന്നു ഞാന്‍.

Echmukutty said...

ഞാന്‍ കണ്ഫ്യൂഷന്‍ ഉണ്ടാക്കുന്നുവോ ഇലഞ്ഞിപ്പൂക്കള്‍ക്ക്? വന്നതിലും വായിച്ചതിലും സന്തോഷം കേട്ടോ

Echmukutty said...

അവതാരികയ്ക്കും ഫിറോസിനും നന്ദി. ഇനിയും വരുമല്ലോ.

Joselet Joseph said...

കുറ്റങ്ങള്‍ക്ക് ശിക്ഷ വേണം. പക്ഷേ നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാനും കുറ്റവാളികള്‍ രക്ഷപെടാതിരിക്കുവാനുമുള്ള പഴുതുകലാണ് ആദ്യം അടക്കേണ്ടത്.

Unknown said...

നന്മ ചെയ്യുന്നവന് പ്രതിഫലം, തിന്മ ചെയ്യുന്നവന് ശിക്ഷ. ഇത് സമൂഹത്തിന്റെ ആവശ്യമാണ്‌. ഇതില്ലെങ്കിൽ ഞാൻ എന്തിനു നന്മ ചെയ്യണമെന്നു ചിലരെങ്കിലും ചിന്തിച്ചു പോകും. നല്ല മനുഷ്യൻ എന്ന ലേബൽ ഇതിനു മതിയാകുന്ന പ്രേരക ഘടകമല്ല. കുറ്റം ചെയ്‌താൽ കഠിന ശിക്ഷ ലഭിക്കുമെന്ന് ഉറപ്പു വരുത്തുന്നതിനോടോപ്പം അതിനിടയാക്കുന്ന സാഹചര്യങ്ങളും ഇല്ലാതാക്കണം. അതോടൊപ്പം പരലോക ശിക്ഷയെക്കുറിച്ചുള്ള ബോധം ചെറുപ്പത്തിൽ തന്നെ ഒരു മനുഷ്യനുണ്ടാകേണ്ടതാണ്. ഈ ലോകത്തിൽ പിടിക്കപ്പെട്ടാലും ഇല്ലെങ്കിലും ഇനിയൊരു ലോകം വരാനുണ്ടെന്നും അവിടെ പരമോന്നത കോടതിയിൽ വിചാരണ നടക്കാനുന്ടെന്ന ബോധം ഒരുവൻ നല്ല മനുഷ്യനായി ജീവിക്കാൻ മതിയായ പ്രേരകമാണ്.

Cv Thankappan said...

സത്യധര്‍മ്മാദികള്‍ വെടിഞ്ഞുകൊണ്ട് സുഖലോലുപതയിലേക്കുള്ള ആക്രാന്തം പിടിച്ച പ്രയാണത്തില്‍ അവശര്‍ തളര്‍ന്നുവീഴുകകയും,പ്രബലര്‍ സുഗമമമായി തെളിയിച്ചുകിട്ടിയ രാജകീയപാതയിലൂടെ ഉത്തുംഗശൃംഗത്തെത്തി താഴെയുള്ളവരെ അപഹസിക്കുകയും ചെയ്യുന്നു......
മാനത്തിന് ക്ഷതം തട്ടാതെ
എറിഞ്ഞുവീഴ്ത്താന്‍ ലക്ഷ്യബോധമുള്ള തേരാളികള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു...
Baiju Khan മാഷിന്‍റെ അഭിപ്രായം ഞാന്‍ + ചെയ്യുന്നു.

ആശംസകളോടെ

ഒരു കുഞ്ഞുമയിൽപീലി said...

അർഹിക്കുന്നവർക്ക് അത് കിട്ടണം അത് സ്നെഹമായാലും കാരുണ്യമായാലും മരണമായാലും . പറയേണ്ട രീതിയിൽ പറയേണ്ട സമയത്ത് പറഞ്ഞു അഭിനന്ദനം

Prasanna Raghavan said...

കുറ്റവാളിയുടെയും ഇരയുടെയും വട്ടത്തുനിന്ന്; കുറ്റത്തിന്റെ അന്വേഷകർ ‘മാന്യമായ’ കുടുംബങ്ങൾക്കുള്ളിലേക്ക് എന്നെങ്കിലും കയറിച്ചെല്ലുമോ?

ചന്തു നായർ said...

എല്ലാവർക്കും നല്ല മനസ്സ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം...കുറ്റവും ശിക്ഷയും എന്ന ഏർപ്പാട് വേണ്ടാത്ത കാലം....അത് ഉണ്ടാകുമോ ആവോ...... എഴുത്തിനു ആശംസകൾ

വേണുഗോപാല്‍ said...

നിയമ സംഹിതകളില്‍ പഴുതുകള്‍ ഉള്ള ഒരു രാജ്യത്ത് കുറ്റ കൃത്യങ്ങങ്ങള്‍ക്കുള്ള ശിക്ഷ തന്നെ വിഭാഗീയമാവുമ്പോള്‍ കുറ്റം ആരോടൊക്കെ ചെയ്യരുത് ആരോടൊക്കെ ചെയ്യാം എന്ന വിഭാഗീയത വന്നില്ലെങ്കിലെ അത്ഭുതമുള്ളൂ.

ഇത്തരം എഴുത്തുകള്‍ എച്ച്മുവിന്റെ എഴുത്തിനോടുള്ള പ്രിയം വര്‍ധിപ്പിക്കുന്നു എന്ന് ഞാനും പറയട്ടെ

Echmukutty said...

വില്ലേജ് മാന്‍ വന്നതില്‍ സന്തോഷം. ശിക്ഷ മാത്രം പോരാ എന്നും നമ്മള്‍ എല്ലാവരും ഉള്‍പ്പെടുന്ന സമൂഹം മൊത്തമായും മാറണമെന്നുമാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.
അനിലിനു നന്ദി.
കഴിയുന്നത്ര ഊരാക്കുടുക്കുകള്‍ അഴിക്കുവാനാവട്ടെ സമൂഹമെന്ന നിലയില്‍ നമ്മുടെ ശ്രമം. അശ്വതി വന്നതില്‍ സന്തൊഷം കേട്ടോ.



Echmukutty said...

ഭാനുവിന്‍റെ നല്ല വാക്കുകള്‍ക്ക് നന്ദി.
ജോസലൈറ്റ്,
ബൈജുഖാന്‍,
തങ്കപ്പന്‍ ചേട്ടന്‍,
ഒരു കുഞ്ഞു മയില്‍ പീലി,
പ്രസന്ന ടീച്ചര്‍,
ചന്തുവേട്ടന്‍,
വേണു മാഷ് എല്ലാവര്‍ക്കും നന്ദി. ഇനിയും വായിക്കുമല്ലോ.

മുകിൽ said...

vaayichootto

Unknown said...

കൊല്ല്, വെട്ട്, നുറുക്ക് , ചീന്ത്.......ഇത് ഒന്നും അല്ലാതെ എച്ചുകുട്ടിയുടെ കഥ വായിച്ചിട്ട് ഒരുപാട് നാളായി

Unknown said...

പ്രിയപ്പെട്ട കലേച്ചി,

തല കെട്ടിനു ഒരു കൌതുകം തോന്നി
"കൊല്ല്, വെട്ട്, നുറുക്ക് , ചീന്ത്."

കുറിപ്പ് വളരെ നന്നായി.
സ്നേഹത്തോടെ,
ഗിരീഷ്‌