ആവണിഅവിട്ടത്തിനു സ്ത്രീകള്‍
എന്തൊക്കെ ചെയ്യണമെന്നാണ് ആചാരമെന്ന് അമ്മയോട്
ചോദിച്ചു.. അമ്മ ആദ്യം ഒന്നും പറഞ്ഞില്ല.
പിന്നെ
ചിരിച്ചു.
‘കാലത്തെഴുന്നേറ്റ് കുളിച്ച്
ധാരാളം പലഹാരങ്ങളും വിഭവങ്ങളും മറ്റും ഉണ്ടാക്കുക . നാമജപവും പൂണൂല്‍ മാറ്റലും
തര്‍പ്പണവും ഒക്കെ കഴിഞ്ഞ് പുരുഷന്മാര്‍
വരുമ്പോള്‍ അവരെ ആരതിയുഴിയുക,
വിഭവ സമൃദ്ധമായ ആഹാരം വിളമ്പുക.
വേറെ എന്താ പെണ്ണുങ്ങള്‍ക്ക് ചെയ്യാന്‍
പറഞ്ഞിട്ടുള്ളത് ആചാരങ്ങളില്‍ .... ’
അമ്മ
നിറുത്തിയപ്പോള്‍ ഞാന്‍
ആലോചിക്കുകയായിരുന്നു. വേറെ എന്താണ്
ഒരു റോള്‍... വളരെ ലഘുവായ ചില
നാമജപങ്ങള്‍ക്കപ്പുറം ... കേമപ്പെട്ട ഒരു
ജപവും സ്ത്രീകള്‍ക്കായി അനുവദിക്കപ്പെട്ടിട്ടില്ല. വിശിഷ്ടമായ ഒരു
പൂജയും അനുവദിക്കപ്പെട്ടിട്ടില്ല. സ്ത്രീകള്‍ക്കും ദൈവത്തിനുമിടയില്‍ അധികം അവകാശങ്ങളുമായി എന്നും
പുരുഷന്മാര്‍ നിലയുറപ്പിച്ചിരുന്നു.
തമിഴ്
ബ്രാഹ്മണ പുരുഷന്മാരുടെ ഉല്‍സവമാണ് ആവണി
അവിട്ടം. ഇക്കൊല്ലം ആഗസ്റ്റ് 20
നായിരുന്നു അത്. ഋഗ് വേദികളും യജുര്‍
വേദികളുമായ ബ്രാഹ്മണര്‍ ശ്രാവണ പൌര്‍ണമി ദിവസം നാമജപവും പൂണൂല്‍
മാറ്റലും മറ്റും ചെയ്യുമ്പോള്‍ സാമവേദികള്‍
വിനായകചതുര്‍ഥിയ്ക്കാണ് ഇതൊക്കെ
ചെയ്യുന്നത്. ബ്രഹ്മചാരിക്കും ഗൃഹസ്ഥനും
സന്യാസിക്കും ആവണി അവിട്ടമുണ്ട്.
ബ്രഹ്മാവിന്
താന്‍ വേദങ്ങളുടെ സൂക്ഷിപ്പുകാരനാണെന്ന് വലിയ
അഹന്തയുണ്ടായത്രെ. ആ അഹന്ത അടക്കാന്‍ വിഷ്ണു രണ്ട് അസുരന്മാരെ
പറഞ്ഞയക്കുകയും അവര്‍ വേദങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. അഹന്ത ഒതുങ്ങിയ ബ്രഹ്മാവ്
വിഷ്ണുവിന്‍റെ സഹായം തേടിയപ്പോള്‍
വിഷ്ണു ഹയഗ്രീവനായി അവതാരം കൊണ്ട്
വേദങ്ങള്‍ വീണ്ടെടുത്തു. അങ്ങനെ
ആവണി അവിട്ടം ഹയഗ്രീവ ഉത്പത്തി ദിവസമായും
അറിയപ്പെടുന്നു.
പുരുഷന്മാര്‍
രാവിലെ കുളിച്ച് അമ്പലത്തില്‍ പോയി സന്ധ്യാവന്ദനവും കാമമൃത്യുജപവും ബ്രഹ്മ യജ്ഞവും ദേവയജ്ഞവും പിതൃയജ്ഞവും മഹാസങ്കല്‍പവും അനുഷ്ഠിക്കുന്നു. അതിനുശേഷം കുളിച്ച് പൂണൂല്‍ മാറ്റിയശേഷം കാണ്ഡ
ഋഷീ തര്‍പണവും ഹോമവും ചെയ്യുന്നു.
വേദാധ്യയനത്തിനു ആരംഭം കുറിക്കുന്നു.
വീട്ടിലെത്തുമ്പോള്‍
പുരുഷന്മാരെ ആരതി ഉഴിഞ്ഞ്
സ്വീകരിക്കുന്നതും പിന്നെ ഇഡ്ഡലി, ഉഴുന്നു വട, പരിപ്പു വട, നെയ്യപ്പം,
ചോറ്, പലതരം കറികള്‍, അപ്പളാം,
പായസം ഒക്കെയായി
വിഭവസമൃദ്ധമായ ഭക്ഷണം നല്‍കുന്നതും ആണ് സ്ത്രീകളൂടെ ആവണി അവിട്ടം . അവര്‍ക്ക് പ്രണവ മന്ത്രമില്ല, വിഷ്ണു സഹസ്രനാമമില്ല,
വിശിഷ്ടമായ ഗായത്രിയില്ല..
ഒന്നുമില്ല.
പുരുഷന്മാര്‍
പിറ്റേ ദിവസം രാവിലെ കുളിച്ച്
ആയിരത്തെട്ട് തവണ ഗായത്രി ജപിക്കുന്നു. അപ്പോഴാണ് ആവണി അവിട്ടം പൂര്‍ത്തിയാകുന്നത്.
രക്ഷാബന്ധനെ പരിചയമായത് ഉത്തരേന്ത്യയില്‍ വെച്ചാണ്. സഹോദരന്മാരില്ലാത്ത
എനിക്ക് ഈ ഉല്‍സവം ഒരിക്കലും കാര്യമായി ആഘോഷിക്കേണ്ടി വന്നില്ല. ഒരു
സുഹൃത്തിനു രാഖി കെട്ടിയിരുന്നു കുറച്ചു
കാലം. അദ്ദേഹത്തിന്‍റെ ഭാര്യ സ്വന്തം പെങ്ങളല്ലല്ലോ പിന്നെന്തിനാണ് രാഖി കെട്ടുന്നതെന്ന് ചോദിച്ച ദിവസം ഞാനത് നിറുത്തി. പിന്നീട്
ഒരിക്കലും ആര്‍ക്കും രാഖി
കെട്ടിയില്ല.
ഇന്തയില്‍
മാത്രമല്ല നേപ്പാളിലും മൌറീഷ്യസിലും
പാക്കിസ്ഥാനിലും രക്ഷാബന്ധന്‍ ആഘോഷമുണ്ട്.
പെങ്ങള്‍
ആങ്ങളയെ സ്വന്തം രക്ഷകനായി കണ്ട്
ആങ്ങളയുടെ കൈയില്‍ രാഖി
കെട്ടുന്നു. ആങ്ങള പെങ്ങള്‍ക്ക് പണവും
സമ്മാനങ്ങളും മറ്റും നല്‍കുന്നു. ശ്രാവണ പൂര്‍ണിമ ദിനത്തിലാണ് രാഖി ആഘോഷിക്കപ്പെടുന്നത്.
ചിത്തോറിലെ റാണിയും വിധവയുമായിരുന്ന കര്‍ണാവതി ദേവി മുഗള്‍
ചക്രവര്‍ത്തി ഹുമയൂണിനു രാഖി അയച്ച്
ഗുജറാത്ത് സുല്‍ത്താനായിരുന്ന ബഹദൂര്‍ഷായുടെ ആക്രമണത്തില്‍
നിന്ന് ചിത്തോറിനെ രക്ഷിക്കാന്‍ ആവശ്യപ്പെട്ടതായും അതിനുശേഷമാണ് രാഖി ഇത്ര
പ്രശസ്തമായ ഒരുല്‍സവമായതെന്നും
ഐതിഹ്യമുണ്ട്. ഹുമയൂണിനു
സമയത്തെത്തി റാണിയെ രക്ഷപ്പെടുത്താന്‍
പറ്റിയില്ലത്രെ. അവര്‍ തീയില്‍ച്ചാടി മരിച്ചെങ്കിലും ഹുമയൂണ്‍ ബഹദൂര്‍ഷായെ
കീഴടക്കി ചിത്തോര്‍ റാണിയുടെ മകനു
തിരിച്ചേല്‍പ്പിക്കുകയായിരുന്നു.
ശിശുപാല
വധത്തില്‍ ശ്രീകൃഷ്ണന്‍റെ വിരലില്‍ പറ്റിയ
മുറിവില്‍ നിന്ന് രക്തമൊഴുകുന്നത് നിറുത്താന്‍
ദ്രൌപതി തന്‍റെ സാരി വലിച്ചു കീറി മണിബന്ധത്തില്‍ ഒരു കെട്ടു കെട്ടിയെന്നും ദ്രൌപതിയുടെ
സ്നേഹവും ഉല്‍ക്കണ്ഠയും മനസ്സിലാക്കിയ ശ്രീകൃഷ്ണന്‍ പിന്നീടുള്ള കാലമത്രയും
ദ്രൌപതിയെ സംരക്ഷിക്കാന്‍
ചെലവാക്കിയെന്നും മറ്റൊരു ഐതിഹ്യമുണ്ട്. കൃഷ്ണന്‍റെ മണിബന്ധത്തില്‍ ദ്രൌപതി കെട്ടിയ ആ
സാരിക്കഷ്ണത്തിന്‍റെ ഓര്‍മ്മയാണ് പിന്നീട്
രാഖിയായി മാറിയതത്രെ.
കഥകള്‍
എന്തായാലും പുരുഷനാല്‍ രക്ഷിക്കപ്പെടേണ്ടവള്‍ മാത്രമാണ് സ്ത്രീയെന്ന സമൂഹബോധത്തെ
ഊട്ടിയുറപ്പിക്കുന്നതില്‍ രാഖിയ്ക്ക് വലിയ
പങ്കുണ്ട്. രാഷ്ട്രീയമായും സാമൂഹികമായും നിയമപരമായും സ്ത്രീയ്ക്ക ഒരു
വ്യക്തിയെന്ന നിലയില്‍ സ്വാഭാവികമായി
ലഭിക്കേണ്ട സംരക്ഷണത്തെ ഇമ്മാതിരി
ചില സൂത്രങ്ങള്‍ കൊണ്ട് നേരിടാനുള്ള ഒരു
പരിശ്രമം.
ഇന്ദിരാഗാന്ധി
പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ശ്രാവണ പൌര്‍ണമി
സംസ്കൃതദിനമായി ആചരിക്കാന്‍
ആഹ്വാനം ചെയ്തത്. ഇന്നലെ ( ആഗസ്റ്റ് 20 ) ആയിരുന്നു ഈ വര്‍ഷത്തെ സംസ്കൃതദിനം. സംസ്കൃതം ലോകത്തിലെ ഏറ്റവും പുരാതനമായ ഭാഷകളില്‍ ഒന്നാണെന്ന് അഭിപ്രായമുണ്ട്. ഏതോ ഒരു
പുരാതന കാലത്ത് സംസ്കൃതം ഇന്ത്യയില്‍
അനവധി പേര്‍ സംസാരിച്ചിരുന്നുവെന്ന് പറയുന്നവരും ഉണ്ട്. വ്യാകരണ
മഹാഭാഷ്യത്തില്‍ ഇതിനു തെളിവുണ്ടെന്നും
വാദിക്കപ്പെടുന്നുണ്ട്. മധ്യപ്രദേശിലെ ഝിരി എന്ന ഗ്രാമത്തിലും കര്‍ണാടകയിലെ മത്തൂര്‍ എന്ന ഗ്രാമത്തിലും
ഇപ്പോഴും സംസ്കൃതത്തില്‍ സംസാരിക്കുന്ന
അനവധി പേര്‍ ഉണ്ടത്രേ. ഉത്തരാഖണ്ഡിലെ ഔദ്യോഗിക
ഭാഷ സംസ്കൃതമാണ്.
ആകാശവാണിയില്‍
സംസ്കൃതവാര്‍ത്ത വായിച്ചിരുന്ന ബലദേവാനന്ദ
സാഗരയായിരിക്കും ഇയം ആകാശവാണി, സമ്പ്രതി വാര്‍ത്താ ഹാ ശ്രൂയന്താം
പ്രവാചകോ ബലദേവാനന്ദ സാഗരഹ... .. എന്നും
വാര്‍ത്തകള്‍ തീരുമ്പൊള്‍ ഇതി വാര്‍ത്താഹാ എന്നും ഉള്ളത്രയും സംസ്കൃതം ഒരുപക്ഷെ, അധിക
ഭാഗം ഇന്ത്യാക്കാരെയും പരിചിതമാക്കിയത്. കേരളത്തിലെ ആകാശവാണിനിലയങ്ങള്‍ സംസ്കൃതപാഠം പ്രക്ഷേപണം
ചെയ്തിരുന്നു... മനോഹരമായ
വാദ്യവൃന്ദത്തില്‍ ഒരു അവതരണ ഗാനത്തോടെ ... ന
സ്നാനം ന വിലേപനം ന കുസുമം എന്നൊരു ഭാഗം
മാത്രമേ ആ ഗാനത്തില്‍ ഇപ്പോള്‍ ഓര്‍മ്മിക്കാന്‍
കഴിയുന്നുള്ളൂ.
2006 ല്‍ ആദ്യമായി സംസ്കൃതത്തില്‍ ജ്ഞാനപീഠ പുരസ്കാരം നേടിയ ശ്രീ സത്യവ്രതശാസ്ത്രികള്‍, 2010
ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ ഡോ എച്ച് ആര്‍ വിശ്വാസ് തുടങ്ങി അനവധി
സംസ്കൃത സാഹിത്യകാരന്മാര്‍ ഈ ഭാഷയുടെ സാര്‍വജനീനമായ പ്രചാരത്തിനു പരിശ്രമിക്കുന്നുണ്ട്.
സംഭാഷണ
സന്ദേശാ, ഭാരതമുദ്രാ,രസനാ തുടങ്ങിയ ആനുകാലികങ്ങളും സുധര്‍മ്മാ എന്ന ദിനപത്രവും
ഇപ്പോള്‍ സംസ്കൃതഭാഷയിലുണ്ട്.
സംസ്കൃതം വളരെക്കുറച്ചു പേരില്‍ മാത്രം ഒതുങ്ങിപ്പോയ ഒരു
ഭാഷയാണ്. നമ്മുടെ ജാതി വ്യവസ്ഥിതിയും ഇക്കാര്യത്തില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
കോടിക്കണക്കിനു മനുഷ്യര്‍ ഈ
ഭാഷയ്ക്കുണ്ടെന്ന് പലരും അവകാശപ്പെടുന്ന
സകല മേന്മകളില്‍ നിന്നും ജാതിയുടെ പേരില്‍
മാത്രം എക്കാലവും
പുറത്താക്കപ്പെട്ടവരാണ്. ...