Wednesday, August 28, 2013

ആവണി അവിട്ടം, രക്ഷാബന്ധന്‍, സംസ്കൃത ദിനം


https://www.facebook.com/echmu.kutty/posts/186495371529765

( 2013 ആഗസ്റ്റ് 21നു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് )

ആവണിഅവിട്ടത്തിനു  സ്ത്രീകള്‍  എന്തൊക്കെ ചെയ്യണമെന്നാണ്  ആചാരമെന്ന്  അമ്മയോട്  ചോദിച്ചു.. അമ്മ ആദ്യം ഒന്നും പറഞ്ഞില്ല.

പിന്നെ ചിരിച്ചു.

കാലത്തെഴുന്നേറ്റ്  കുളിച്ച്  ധാരാളം പലഹാരങ്ങളും വിഭവങ്ങളും  മറ്റും ഉണ്ടാക്കുക . നാമജപവും പൂണൂല്‍ മാറ്റലും തര്‍പ്പണവും ഒക്കെ കഴിഞ്ഞ്  പുരുഷന്മാര്‍ വരുമ്പോള്‍ അവരെ ആരതിയുഴിയുക,   വിഭവ സമൃദ്ധമായ   ആഹാരം വിളമ്പുക. വേറെ എന്താ പെണ്ണുങ്ങള്‍ക്ക്  ചെയ്യാന്‍ പറഞ്ഞിട്ടുള്ളത്  ആചാരങ്ങളില്‍ ....
 
അമ്മ നിറുത്തിയപ്പോള്‍ ഞാന്‍  ആലോചിക്കുകയായിരുന്നു.  വേറെ എന്താണ് ഒരു  റോള്‍... വളരെ ലഘുവായ  ചില  നാമജപങ്ങള്‍ക്കപ്പുറം ... കേമപ്പെട്ട ഒരു  ജപവും സ്ത്രീകള്‍ക്കായി അനുവദിക്കപ്പെട്ടിട്ടില്ല.  വിശിഷ്ടമായ ഒരു  പൂജയും അനുവദിക്കപ്പെട്ടിട്ടില്ല. സ്ത്രീകള്‍ക്കും ദൈവത്തിനുമിടയില്‍  അധികം അവകാശങ്ങളുമായി  എന്നും  പുരുഷന്മാര്‍ നിലയുറപ്പിച്ചിരുന്നു. 

തമിഴ് ബ്രാഹ്മണ പുരുഷന്മാരുടെ  ഉല്‍സവമാണ് ആവണി അവിട്ടം.  ഇക്കൊല്ലം ആഗസ്റ്റ് 20 നായിരുന്നു അത്.  ഋഗ് വേദികളും യജുര്‍ വേദികളുമായ  ബ്രാഹ്മണര്‍  ശ്രാവണ പൌര്‍ണമി ദിവസം നാമജപവും പൂണൂല്‍ മാറ്റലും  മറ്റും ചെയ്യുമ്പോള്‍  സാമവേദികള്‍  വിനായകചതുര്‍ഥിയ്ക്കാണ് ഇതൊക്കെ  ചെയ്യുന്നത്. ബ്രഹ്മചാരിക്കും ഗൃഹസ്ഥനും  സന്യാസിക്കും ആവണി അവിട്ടമുണ്ട്.

ബ്രഹ്മാവിന് താന്‍   വേദങ്ങളുടെ സൂക്ഷിപ്പുകാരനാണെന്ന്  വലിയ   അഹന്തയുണ്ടായത്രെ.    അഹന്ത അടക്കാന്‍ വിഷ്ണു രണ്ട് അസുരന്മാരെ പറഞ്ഞയക്കുകയും അവര്‍ വേദങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. അഹന്ത ഒതുങ്ങിയ ബ്രഹ്മാവ് വിഷ്ണുവിന്‍റെ സഹായം  തേടിയപ്പോള്‍ വിഷ്ണു  ഹയഗ്രീവനായി  അവതാരം കൊണ്ട്  വേദങ്ങള്‍ വീണ്ടെടുത്തു.  അങ്ങനെ ആവണി അവിട്ടം ഹയഗ്രീവ ഉത്പത്തി ദിവസമായും  അറിയപ്പെടുന്നു. 

പുരുഷന്മാര്‍ രാവിലെ കുളിച്ച് അമ്പലത്തില്‍ പോയി സന്ധ്യാവന്ദനവും   കാമമൃത്യുജപവും  ബ്രഹ്മ യജ്ഞവും  ദേവയജ്ഞവും പിതൃയജ്ഞവും മഹാസങ്കല്‍പവും  അനുഷ്ഠിക്കുന്നു. അതിനുശേഷം കുളിച്ച്  പൂണൂല്‍ മാറ്റിയശേഷം   കാണ്ഡ ഋഷീ തര്‍പണവും ഹോമവും  ചെയ്യുന്നു. വേദാധ്യയനത്തിനു  ആരംഭം കുറിക്കുന്നു.   

വീട്ടിലെത്തുമ്പോള്‍ പുരുഷന്മാരെ ആരതി ഉഴിഞ്ഞ്   സ്വീകരിക്കുന്നതും   പിന്നെ  ഇഡ്ഡലി, ഉഴുന്നു വട, പരിപ്പു വട, നെയ്യപ്പം,  ചോറ്, പലതരം  കറികള്‍, അപ്പളാം,  പായസം  ഒക്കെയായി വിഭവസമൃദ്ധമായ   ഭക്ഷണം  നല്‍കുന്നതും ആണ്  സ്ത്രീകളൂടെ ആവണി അവിട്ടം . അവര്‍ക്ക്  പ്രണവ മന്ത്രമില്ല,  വിഷ്ണു സഹസ്രനാമമില്ല,  വിശിഷ്ടമായ ഗായത്രിയില്ല..  ഒന്നുമില്ല.

പുരുഷന്മാര്‍ പിറ്റേ ദിവസം രാവിലെ കുളിച്ച്  ആയിരത്തെട്ട് തവണ ഗായത്രി ജപിക്കുന്നു. അപ്പോഴാണ് ആവണി അവിട്ടം  പൂര്‍ത്തിയാകുന്നത്.  

രക്ഷാബന്ധനെ  പരിചയമായത് ഉത്തരേന്ത്യയില്‍ വെച്ചാണ്. സഹോദരന്മാരില്ലാത്ത എനിക്ക്  ഈ ഉല്‍സവം ഒരിക്കലും  കാര്യമായി ആഘോഷിക്കേണ്ടി വന്നില്ല. ഒരു സുഹൃത്തിനു  രാഖി കെട്ടിയിരുന്നു കുറച്ചു കാലം. അദ്ദേഹത്തിന്‍റെ ഭാര്യ സ്വന്തം പെങ്ങളല്ലല്ലോ  പിന്നെന്തിനാണ് രാഖി  കെട്ടുന്നതെന്ന്  ചോദിച്ച ദിവസം ഞാനത് നിറുത്തി. പിന്നീട് ഒരിക്കലും  ആര്‍ക്കും  രാഖി  കെട്ടിയില്ല.

ഇന്തയില്‍ മാത്രമല്ല നേപ്പാളിലും  മൌറീഷ്യസിലും പാക്കിസ്ഥാനിലും രക്ഷാബന്ധന്‍ ആഘോഷമുണ്ട്. 

പെങ്ങള്‍ ആങ്ങളയെ സ്വന്തം രക്ഷകനായി കണ്ട്  ആങ്ങളയുടെ  കൈയില്‍ രാഖി കെട്ടുന്നു. ആങ്ങള  പെങ്ങള്‍ക്ക്  പണവും  സമ്മാനങ്ങളും  മറ്റും നല്‍കുന്നു.  ശ്രാവണ പൂര്‍ണിമ ദിനത്തിലാണ് രാഖി  ആഘോഷിക്കപ്പെടുന്നത്.

ചിത്തോറിലെ  റാണിയും വിധവയുമായിരുന്ന കര്‍ണാവതി ദേവി മുഗള്‍ ചക്രവര്‍ത്തി ഹുമയൂണിനു രാഖി അയച്ച്  ഗുജറാത്ത് സുല്‍ത്താനായിരുന്ന ബഹദൂര്‍ഷായുടെ  ആക്രമണത്തില്‍  നിന്ന് ചിത്തോറിനെ രക്ഷിക്കാന്‍ ആവശ്യപ്പെട്ടതായും അതിനുശേഷമാണ് രാഖി  ഇത്ര  പ്രശസ്തമായ ഒരുല്‍സവമായതെന്നും  ഐതിഹ്യമുണ്ട്.  ഹുമയൂണിനു സമയത്തെത്തി  റാണിയെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലത്രെ. അവര്‍ തീയില്‍ച്ചാടി മരിച്ചെങ്കിലും ഹുമയൂണ്‍ ബഹദൂര്‍ഷായെ കീഴടക്കി ചിത്തോര്‍  റാണിയുടെ മകനു തിരിച്ചേല്‍പ്പിക്കുകയായിരുന്നു.

ശിശുപാല വധത്തില്‍ ശ്രീകൃഷ്ണന്‍റെ  വിരലില്‍ പറ്റിയ മുറിവില്‍ നിന്ന് രക്തമൊഴുകുന്നത് നിറുത്താന്‍  ദ്രൌപതി  തന്‍റെ സാരി വലിച്ചു  കീറി മണിബന്ധത്തില്‍  ഒരു കെട്ടു കെട്ടിയെന്നും  ദ്രൌപതിയുടെ  സ്നേഹവും ഉല്‍ക്കണ്ഠയും മനസ്സിലാക്കിയ ശ്രീകൃഷ്ണന്‍ പിന്നീടുള്ള  കാലമത്രയും  ദ്രൌപതിയെ  സംരക്ഷിക്കാന്‍ ചെലവാക്കിയെന്നും മറ്റൊരു ഐതിഹ്യമുണ്ട്. കൃഷ്ണന്‍റെ  മണിബന്ധത്തില്‍ ദ്രൌപതി കെട്ടിയ ആ സാരിക്കഷ്ണത്തിന്‍റെ  ഓര്‍മ്മയാണ് പിന്നീട് രാഖിയായി മാറിയതത്രെ. 

കഥകള്‍ എന്തായാലും പുരുഷനാല്‍ രക്ഷിക്കപ്പെടേണ്ടവള്‍ മാത്രമാണ് സ്ത്രീയെന്ന സമൂഹബോധത്തെ ഊട്ടിയുറപ്പിക്കുന്നതില്‍ രാഖിയ്ക്ക് വലിയ  പങ്കുണ്ട്. രാഷ്ട്രീയമായും സാമൂഹികമായും നിയമപരമായും സ്ത്രീയ്ക്ക  ഒരു  വ്യക്തിയെന്ന  നിലയില്‍  സ്വാഭാവികമായി  ലഭിക്കേണ്ട  സംരക്ഷണത്തെ ഇമ്മാതിരി ചില  സൂത്രങ്ങള്‍ കൊണ്ട് നേരിടാനുള്ള ഒരു പരിശ്രമം. 

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ശ്രാവണ പൌര്‍ണമി  സംസ്കൃതദിനമായി  ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. ഇന്നലെ ( ആഗസ്റ്റ് 20 ) ആയിരുന്നു    വര്‍ഷത്തെ  സംസ്കൃതദിനം. സംസ്കൃതം  ലോകത്തിലെ ഏറ്റവും  പുരാതനമായ ഭാഷകളില്‍ ഒന്നാണെന്ന്  അഭിപ്രായമുണ്ട്.  ഏതോ ഒരു  പുരാതന കാലത്ത്  സംസ്കൃതം  ഇന്ത്യയില്‍  അനവധി പേര്‍ സംസാരിച്ചിരുന്നുവെന്ന് പറയുന്നവരും ഉണ്ട്. വ്യാകരണ മഹാഭാഷ്യത്തില്‍ ഇതിനു തെളിവുണ്ടെന്നും  വാദിക്കപ്പെടുന്നുണ്ട്. മധ്യപ്രദേശിലെ ഝിരി എന്ന ഗ്രാമത്തിലും  കര്‍ണാടകയിലെ മത്തൂര്‍ എന്ന ഗ്രാമത്തിലും ഇപ്പോഴും  സംസ്കൃതത്തില്‍ സംസാരിക്കുന്ന അനവധി  പേര്‍  ഉണ്ടത്രേ. ഉത്തരാഖണ്ഡിലെ  ഔദ്യോഗിക  ഭാഷ  സംസ്കൃതമാണ്. 

ആകാശവാണിയില്‍ സംസ്കൃതവാര്‍ത്ത  വായിച്ചിരുന്ന ബലദേവാനന്ദ സാഗരയായിരിക്കും ഇയം  ആകാശവാണി, സമ്പ്രതി വാര്‍ത്താ ഹാ ശ്രൂയന്താം പ്രവാചകോ  ബലദേവാനന്ദ സാഗരഹ... .. എന്നും വാര്‍ത്തകള്‍   തീരുമ്പൊള്‍  ഇതി വാര്‍ത്താഹാ എന്നും  ഉള്ളത്രയും സംസ്കൃതം ഒരുപക്ഷെ,  അധിക ഭാഗം ഇന്ത്യാക്കാരെയും പരിചിതമാക്കിയത്.  കേരളത്തിലെ  ആകാശവാണിനിലയങ്ങള്‍ സംസ്കൃതപാഠം പ്രക്ഷേപണം ചെയ്തിരുന്നു...  മനോഹരമായ വാദ്യവൃന്ദത്തില്‍ ഒരു അവതരണ ഗാനത്തോടെ ...   ന സ്നാനം ന വിലേപനം ന കുസുമം എന്നൊരു ഭാഗം  മാത്രമേ  ആ ഗാനത്തില്‍ ഇപ്പോള്‍ ഓര്‍മ്മിക്കാന്‍ കഴിയുന്നുള്ളൂ.  
  
2006 ല്‍  ആദ്യമായി സംസ്കൃതത്തില്‍  ജ്ഞാനപീഠ പുരസ്കാരം നേടിയ  ശ്രീ സത്യവ്രതശാസ്ത്രികള്‍,  2010 ലെ  കേന്ദ്ര സാഹിത്യ  അക്കാഡമി അവാര്‍ഡ്  നേടിയ ഡോ എച്ച് ആര്‍ വിശ്വാസ് തുടങ്ങി അനവധി സംസ്കൃത സാഹിത്യകാരന്മാര്‍ ഈ ഭാഷയുടെ സാര്‍വജനീനമായ  പ്രചാരത്തിനു പരിശ്രമിക്കുന്നുണ്ട്.

സംഭാഷണ സന്ദേശാ, ഭാരതമുദ്രാ,രസനാ തുടങ്ങിയ  ആനുകാലികങ്ങളും  സുധര്‍മ്മാ എന്ന  ദിനപത്രവും  ഇപ്പോള്‍ സംസ്കൃതഭാഷയിലുണ്ട്.

സംസ്കൃതം  വളരെക്കുറച്ചു പേരില്‍ മാത്രം ഒതുങ്ങിപ്പോയ ഒരു ഭാഷയാണ്. നമ്മുടെ ജാതി വ്യവസ്ഥിതിയും ഇക്കാര്യത്തില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.  കോടിക്കണക്കിനു മനുഷ്യര്‍ ഈ ഭാഷയ്ക്കുണ്ടെന്ന്  പലരും അവകാശപ്പെടുന്ന സകല മേന്മകളില്‍ നിന്നും ജാതിയുടെ പേരില്‍  മാത്രം  എക്കാലവും പുറത്താക്കപ്പെട്ടവരാണ്. ...    

38 comments:

ajith said...

എന്തെല്ലാം ദിനങ്ങള്‍
എന്തെല്ലാം ആചാരങ്ങള്‍
രാഖി കെട്ടുകയും ആ‍ ദിവസം കഴിഞ്ഞാല്‍ പലതും അഴിക്കുകയും ചെയ്യുന്നവര്‍. സ്വാതന്ത്ര്യത്തിന്റെ ദശകങ്ങള്‍ ഏഴാകുമ്പോഴും ബന്ധനത്തിലായിരിയ്ക്കുന്ന നീതിനിയമങ്ങള്‍, പട്ടിണി മാറ്റാന്‍ ഭക്ഷ്യസുരക്ഷയൊരുക്കി മുഖം മിനുക്കുന്ന ഭരണം, ചേരികളുടെ മുമ്പില്‍ സുന്ദരന്‍ മതില്‍ കെട്ടി വര്‍ണ്ണമടിച്ച് നഗരമുഖം മിനുക്കിയവര്‍ ഇതിലപ്പുറം ചെയ്തില്ലെങ്കിലെന്ത്? സംസ്കാരമില്ലെങ്കില്‍ സംസ്കൃതം കൊണ്ടെന്ത് കൃതം? പ്രതീക്ഷയുടെ പുതുനാമ്പുകളെവിടെയെങ്കിലും തളിര്‍ക്കുന്നുണ്ടോ എന്ന് മാത്രം നോക്കാം!

Pradeep Kumar said...

ജി.വി അയ്യര്‍ സംസ്കൃതഭാഷയില്‍ ആദിശങ്കരചാര്യ എന്നൊരു സിനിമയെടുത്തിട്ടുണ്ട്....

മൃതമായിക്കൊണ്ടിരിക്കുന്ന പുരാതനഭാഷകളുടേയും, സാസ്കാരിക പാരമ്പര്യങ്ങളുടേയും സംരക്ഷണത്തിന് ചില ദിനങ്ങള്‍ ആചരിക്കുന്നത് നല്ലതുതന്നെ. എന്നാല്‍ മുമ്പില്ലാതിരുന്ന പലതും കടന്നുവന്ന് തനതുപാരമ്പര്യങ്ങളെ ഇല്ലായ്മ ചെയ്ത് പുത്തന്‍ സംസ്കാരങ്ങളും മൂല്യബോധവും സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതും അത്ര ആശാവഹമല്ല. രക്ഷാബന്ധന്‍, അക്ഷയതൃതീയ തുടങ്ങിയ ആഘോഷങ്ങള്‍ മലയാളികള്‍ക്കിടയില്‍ അത്ര പ്രചാരത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ഇത്തരം ആഘോഷങ്ങള്‍ക്ക് വലിയ പ്രാധാന്യം വന്നുകൊണ്ടിരിക്കുന്നു.ഇതോടൊപ്പം മലയാളികളുടെ തനതായ പല ആഘോഷങ്ങളും ആചാരങ്ങളും അന്യം നിന്നുകൊണ്ടിരിക്കുന്നു. ഇറക്കുമതി ചെയ്യപ്പെട്ട സാസ്കാരങ്ങള്‍ തനത് സംസ്കാരത്തെ കീഴടക്കി ഇല്ലായ്മ ചെയ്യുന്നത് നാം നിരുത്സാഹപ്പെടുത്തേണ്ടിയിരിക്കുന്നു.

എച്ചുമുവിന്റെ ലേഖനം വായിച്ചപ്പോള്‍ മനസ്സിലേക്കു വന്ന ചിന്തകള്‍ പങ്കുവെച്ചു എന്നുമാത്രം....

Rajesh said...

വിഷ്ണു രണ്ട് അസുരന്മാരെ പറഞ്ഞയക്കുകയും അവര്‍ വേദങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. അഹന്ത ഒതുങ്ങിയ ബ്രഹ്മാവ് വിഷ്ണുവിന്‍റെ സഹായം തേടിയപ്പോള്‍ വിഷ്ണു ഹയഗ്രീവനായി അവതാരം കൊണ്ട് വേദങ്ങള്‍ വീണ്ടെടുത്തു --

This Vishnu looks like the mythological equivalent of USA, alle? Creates something and then storms out as a hero to destroy the own creation, (all with various motives)


ente lokam said...

Rajesh:vishnu oru sambhavam thanne....

സമ്പ്രതി വാർത്ത‍ ഹ ശ്രുയന്താം.
ബല ദേവാനന്ദ സാഗരാഹ .

ഒരിക്കലും മറക്കാത്ത റേഡിയോ
ശബ്ദം....

ഹും ദ്രൗപതി സാരിയുടെ തുമ്പ് കീറിയതിനു
എന്താ വില? മുഴുവൻ സാരീ പുതപ്പിച്ചു
കെട്ടിയോനെ സംരക്ഷിച്ചാലും ഇന്ന് സാധാരണ
പെണ്ണുങ്ങൾക്ക്‌ വല്ല വിലയും ഉണ്ടോ അല്ലെ?
അതിനും വേണം യോഗം .

മുകിൽ said...

vijnana pradham, pathivupole..

ജന്മസുകൃതം said...

nalla parichayam thonni....F b yil ninnum vaayichirunnu.

chinthaye punarjeevippikkaan ee vaayanakond sadhichu.

nanmayude dinangal aasamsikkunnu.

ചന്തു നായർ said...

ആവണി അവിട്ടം, രക്ഷാബന്ധന്‍, സംസ്കൃത ദിനം....എന്നീ ദിനങ്ങൾ ചേർത്ത് കൊണ്ടുള്ള ഒരു ലേഖനം.അതിൽ എച്ചുമൂ മുൻപെന്ന വണ്ണം സ്ത്രീ സമത്വ വാദി ആകുന്നതും കണ്ടൂ.പണ്ടൊക്കെ രക്ഷാബന്ധൻ കേരളത്തിൽ ആചരിച്ചിരുന്നില്ലാ...ആർ.എസ്.എസ്. കാരാണ് കേറളത്തിൽ അതു ഒരു ഉത്സവമാക്കി മാറ്റിയത്... ലേഖനത്തിന് ആശംസകൾ

Sidheek Thozhiyoor said...

കണ്ണിന്റെ പ്രശ്നം മൂലം സിസ്റ്റത്തില്‍ കൂടുതല്‍ നേരം ഇരിക്കാറില്ലാത്തതിനാല്‍ പ്രിന്റ്‌ എടുത്താണ് പോസ്റ്റുകള്‍ കൂടുതലും വായിക്കാറുള്ളത് .അതുകൊണ്ടാണ് പലപ്പോഴും കമ്മന്റ് ചെയ്യാതിരിക്കുന്നത് , എച്ചുമുവിന്റെയും മറ്റു ചിലരുടെയും പോസ്റ്റുകള്‍ ഞാന്‍ ഒരിക്കലും ഒഴിവാക്കാറില്ല-വീണ്ടും കാണാം .സ്നേഹാശംസകളോടെ..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കേയൂരാണി ന ഭൂഷയന്തി പുരുഷം ഹാരാ ന ചന്ദ്രോജ്വലാഃ
ന സ്നാനം ന വിലേപനം ന കുസുമം നാലം കൃതാ മൂര്‍ധജാ
വാണ്യേകാ സമലംകരോതി പുരുഷം യാ സംസ്കൃതാ ധാര്യതെ
ക്ഷീയന്തേ ഖലു ഭൂഷണാനി സതതം വാഗ്ഭൂഷണം ഭൂഷണം

വളകള്‍, ചന്ദ്രനെ പോലെ തിളങ്ങുന്ന മാലകള്‍, കുളി, ചന്ദനാദി ലേപനങ്ങള്‍, പുഷ്പധാരണം അലങ്കരിക്കപ്പെട്ട തലമുടി ഇവൂന്നും മനുഷ്യന്‍ അലംകാരം ആകുന്നില്ല.

പീനെയോ സംസ്കരിക്കപെട്ട വാക്ക്‌ അതു മാത്രമാണ്‌ മനുഷ്യന്‌ യഥാര്‍ത്ഥ ആഭരണം. അതുമാത്രമാണ്‌ ശാശ്വതം ബാക്കി എല്ലാം നശിക്കുന്നവയാണ്‌

ഇതാണ്‌ അത്‌. പക്ഷെ ഇത്‌ എച്മുവിന്‍ അറിയില്ല എന്ന് പറഞ്ഞത്‌ ഒരു ആക്കല്‍ ആയി തോന്നി

ഇനി ഒന്ന് പുരുഷന്റെ കടമ സ്ത്രീയെ സംരക്ഷിക്കല്‍ ആണ്‌ എന്ന രീതിയില്‍ അര്‍ത്ഥം കാണാതെ -----
കഥകള്‍ എന്തായാലും പുരുഷനാല്‍ രക്ഷിക്കപ്പെടേണ്ടവള്‍ മാത്രമാണ് സ്ത്രീയെന്ന സമൂഹബോധത്തെ ഊട്ടിയുറപ്പിക്കുന്നതില്‍ രാഖിയ്ക്ക് വലിയ പങ്കുണ്ട്.

----ഇമ്മാതിരി എഴുതിയത്‌ വായിച്ചിട്ടും ഒരു ഇത്‌.

സാരമില്ല എന്തും എങ്ങനെയും നമുക്ക്‌ മനസിലാക്കാമല്ലൊ അല്ലെ?

Echmukutty said...

അജിത്തേട്ടന്‍ ആദ്യം വായിച്ചതില്‍ സന്തോഷം.. പുതുനാമ്പുകള്‍ തളിര്‍ക്കുന്നുണ്ടോ എന്നു നോക്കാം.. നമുക്ക് പ്രതീക്ഷകള്‍ എന്നും ഉണ്ടാവട്ടെ..
പ്രദിപ് മാഷ് പറഞ്ഞത് വാസ്തവമാണ്.. ഒരുപാട് പുതിയ തരം അധിനിവേശ മാതൃകകള്‍ കടന്നു വരുന്നുണ്ട്.
അതില്‍ വല്ല സംശയവുമുണ്ടോ രാജേഷ്? വിഷ്ണു എപ്പോഴും അങ്ങനെയായിരുന്നു...

Echmukutty said...

എന്‍റെ ലോകത്തിന് നന്ദി. ദ്രൌപതിയുടെ ജീവിതവും അതിന്‍റെ വിലയുമൊക്കെ നമ്മള്‍ വളരെ വിശദമായി അറിഞ്ഞതല്ലേ... അതിനു താരതമ്യം വേണ്ടല്ലോ..
മുകിലിനും ജന്മസുകൃതത്തിനും നന്ദി.
ചന്തുവേട്ടന്‍ വായിച്ചതിലും സന്തോഷം. രക്ഷാബന്ധന്‍ ഇന്നും ഉത്തരേന്ത്യയില്‍ ആഘോഷിക്കുന്നതു പോലെ കേരളത്തില്‍ ആഘോഷിക്കുന്നില്ല. സമയം എടുക്കുമായിരിക്കും അത് പടര്‍ന്നു പിടിക്കാന്‍.. രാഷ്ട്രീയാധികാരത്തിന്‍റെ തണല്‍ ലഭിച്ചാല്‍ ചിലപ്പോള്‍ എളുപ്പത്തില്‍ പടര്‍ന്നേക്കാം.. എല്ലാവര്‍ക്കും അവകാശങ്ങള്‍ ഒപ്പമാണെന്ന് കരുതാനാണ് എനിക്കിഷ്ടം. ചില മന്ത്രങ്ങള്‍ സ്ത്രീകള്‍ ചൊല്ലരുത്, ദളിതന്‍ കേള്‍ക്കരുത് എന്നൊക്കപ്പറയുന്ന ഏര്‍പ്പാടിനോട് എനിക്ക് പൊരുത്തപ്പെടാന്‍ വിഷമമുണ്ട് ചന്തുവേട്ടാ..

Echmukutty said...

സിദ്ദീഖ് ജിയുടെ അസുഖം ഭേദമാകാന്‍ ആഗ്രഹിക്കുന്നു. വായിക്കുന്നുണ്ട് എന്നു കേട്ട് വളരെ ആഹ്ലാദിക്കുന്നു.ഒത്തിരി സ്നേഹത്തോടെ

the man to walk with said...

Nice
Best Wishes

mini//മിനി said...

അതിമഹത്തായ ആചാരങ്ങൾ!!!! ഇതിന്റെയൊക്കെ പിന്നിൽ എന്തെല്ലാം ഒളിച്ചിരിക്കുന്നു?

Echmukutty said...

ഓ! ഇങ്ങനെ ഒരു ഡോക്ടര്‍ സാറ്.. ഞാന്‍ തോറ്റു.
ഈ ശ്ലോകം അതിമനോഹരമായ ഒരു ഗാനമായി സംസ്കൃതപാഠത്തില്‍ കേള്‍പ്പിച്ചിരുന്നു. ആ വരികളുടെ അര്‍ഥം അറിയാമായിരുന്നു. മറന്നു പോയത് ആ ശ്ലോകമാണ്.. അതില്‍ എന്ത് ആക്കലാണെന്ന് എനിക്ക് തിരിഞ്ഞില്ല കേട്ടോ. എസ് പി ബി യുടെ ശബ്ദത്തില്‍ പുകഴേന്തി സംഗീതം കൊടുത്ത ലിംഗാഷ്ടകം, ബില്വാഷ്ടകം, വിശ്വനാഥാഷ്ടകം ഇതൊക്കെ ശ്ലോകപാദങ്ങള്‍ ചിലപ്പോള്‍ മറന്നു പോകാറുണ്ട്.. എന്നാലും ആ സംഗീതം മറക്കില്ല.. അതുപോലെയാണ് സംസ്കൃതപാഠത്തിലെ ആ അവതരണ ഗാനമായ ശ്ലോകം..

പിന്നെ സ്ത്രീയെ സം രക്ഷിക്കലാണ് പുരുഷന്‍റെ ധര്‍മ്മമെന്ന് അര്‍ഥം കാണാതെ എന്ന്.. അതെങ്ങനെയാ കാണുന്നത്.? അങ്ങനൊരു കാര്യം എങ്ങനെയാ പറ്റുന്നത്? രോഗം, വേദന, രാഷ്ട്രീയമായ അധിനിവേശം, പോലീസ് അതിക്രമം, പട്ടാളത്തിന്‍റെ കീഴ്പ്പെടുത്തല്‍ , മറ്റു പുരുഷന്മാര്‍ കൂട്ടത്തോടെ ആക്രമിച്ചാലുള്ള നിസ്സഹായത, പ്രകൃതി ദുരന്തം ഇമ്മാതിരി ദുരനുഭവങ്ങളിലൊന്നും സ്വയം പോലും രക്ഷപ്പെടാനാവാത്ത പാവം ജീവിയാണ് പുരുഷന്‍.. പിന്നെങ്ങനാ ആ പാവം സ്ത്രീയെ സംരക്ഷിക്കുന്നത്?
പുരുഷന്‍റെ കടമയാണ് സ്ത്രീ സംരക്ഷണം എന്നത് പുരുഷനും സ്ത്രീയും ഒരുമിച്ച് തെറ്റിദ്ധരിച്ചു പോരുന്ന ഒരു അന്ധവിശ്വാസം മാത്രമാണ്. അത് മാറാന്‍ ഇരുവരും സമ്മതിക്കില്ല. നിസ്സഹായനായ പുരുഷന്‍ കൂടുതല്‍ നിയമമുണ്ടാക്കും, സ്ത്രീ സംരക്ഷണം കിട്ടുമെന്ന വിചാരത്തില്‍ പിന്നേം പിന്നേം വഴങ്ങും. തുടക്കവും ഒടുക്കവും ഇല്ലാത്ത വൃത്തം പോലെ...
യഥാര്‍ഥത്തില്‍ ഇമ്മാതിരി സംരക്ഷകനും സംരക്ഷകയുമല്ലാത്ത എല്ലാറ്റിലും അവസരങ്ങള്‍ തുല്യമായി ലഭ്യമാകുന്ന ആഭ്യന്തരമായ സ്വാതന്ത്ര്യമുള്ള നീതിയുക്തമായ ഒരു രാജ്യത്തില്‍ വ്യക്തികള്‍ കൂടുതല്‍ നല്ല ജീവിതം നയിക്കും. അതിനു രാഷ്ട്രീയവും അധികാരവും മതവും സമ്മതിക്കില്ല..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...


വാണ്യേകാ "സമലംകരോതി" പുരുഷം എന്നു വായിച്ചിട്ട്‌ വാക്ക പുരുഷനെ സമലന്‍ ആക്കി തീര്‍ക്കുന്നു എന്ന് അര്‍ത്ഥം പറഞ്ഞാല്‍ പറ്റുമൊ?

അധികാരവും രാഷ്ട്രീയവും സമ്മതിക്കില്ല - ഇന്നത്തെ രീതിയില്‍ ഉള്ള "മതവും" സമ്മതിക്കില്ല. മതം എന്താണ്‌ എന്നറിയാത്തതു കൊണ്ടാണ്‌ എച്മു അതിനെ കൂടി മറ്റുള്ളവയ്ക്കൊപ്പം പറഞ്ഞത്‌ അല്ലെ?
ഇന്നത്തെ രീതിയില്‍ കാണുന്ന എന്ന ഒരു വിശേഷണം കൂടി വേനം അപ്പൊഴെ ശരിയാകൂ

keraladasanunni said...

മൂന്നു വിഷയങ്ങളെ കോർത്തിണക്കിയ ലേഖനം നന്നായി. ആവണി അവിട്ടം ദിവസം തമിഴ് ബ്രാഹ്മണർ പുഴയിൽ കുളിച്ച് മന്ത്രം ജപിച്ചിരിക്കുന്നത് കുട്ടിക്കാലത്ത് കാണാറുണ്ട്. ഇന്ന് പുഴയിൽ മണൽതിട്ടയില്ല. ഐ ചടങ്ങ് കാണാറുമില്ല.

രക്ഷാബന്ധൻ നൽകുന്ന സന്ദേശം എനിക്ക് ഇഷ്ടമാണ്. സ്ത്രീയെ സഹോദരിയായി സങ്കൽപ്പിക്കാൻ ആ ചരടിന്നു കഴിയുമെങ്കിൽ അത് മഹത്തരമാണ്.

ഹൈസ്കൂൾ വിദ്യാഭ്യാസകാലത്തും കോളേജിൽ പഠിക്കുമ്പോഴും ഞാൻ സംസ്കൃതം പഠിച്ചിരുന്നു. പഠിക്കേണ്ടത് സംസ്കൃതം, ക്ലാസ്സ് എടുക്കുന്നത് മലയാളത്തിൽ പരീക്ഷയ്ക്ക് ഉത്തരം എഴുതുന്നത് ഇംഗ്ലീഷിൽ. എന്നാലെന്താ മാർക്ക് കിട്ടാൻ എളുപ്പമാായിരുന്നു.

Aneesh chandran said...

നാടോടുമ്പോള്‍ നടുവേ ഓടാന്‍ ചില മാര്‍ക്കുകള്‍ .

Cv Thankappan said...

ലേഖനം നന്നായിരിക്കുന്നു.
പല വിവരങ്ങളും മനസ്സിലാക്കാന്‍ കഴിഞ്ഞു...
ആശംസകള്‍

ഭാനു കളരിക്കല്‍ said...

രക്ഷാബന്ധൻ ദിനത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രതിഫലനങ്ങൾ എച്ചുമു എഴുതിയതും പലരും അഭിപ്രായപ്പെട്ടതും ഒക്കെതന്നെയെങ്കിലും സാഹോദര്യത്തിന്റെ ഒരു നേരിയ വെളിച്ചം ആ ദിവസങ്ങളിൽ കണ്ടത് ഓർമ്മവരുന്നു. അകലങ്ങളിൽ ഉള്ള തന്റെ ആങ്ങളക്ക് രക്ഷാ ബന്ധൻ അയയ്ക്കുന്ന സഹോദരിയുടെ കണ്ണിലെ സ്നേഹത്തിന്റെ തിളക്കം മധുരതരമാണ്. അതിന്ന് വൈകാരികമായ ഒരു തലം കൂടെ ഉണ്ട്. ദീപാവലി ആഘോഷത്തിന്റെ ഒരു നാൾ കൂടി ആങ്ങളക്കും പെങ്ങൾക്കും കൂടി ഉള്ളതാണ് മഹാരാഷ്ട്രയിൽ.

സംസ്കൃതത്തെ കുറിച്ചുള്ള എച്ചുമുവിന്റെ എഴുത്ത് വളരെ ദരിദ്രമായി പോയി. ആദി കാവ്യം രചിക്കപ്പെട്ട ഒരു ഭാഷയെ പറ്റി ഇത്രയും ലാഘവത്തോടെ എഴുതിയത് മോശമായി പോയി. ഇന്തോ ആര്യൻ സംസ്കൃതിയുമായി ബന്ധപ്പെട്ടു കിടക്കുന്ന ആ ഭാഷയുടെ യൌവ്വനം കഴിഞ്ഞുപോയത്‌ ഇന്നത്തെ ഇറാനിലും അഫ്ഗാനിലും ഒക്കെയാണ്. ഇറാനിലെ ഭാഷകളായ പേർഷ്യൻ, ഖുർദീഷ്, ബലൂചി, അഫ്ഗാനിലെ പഷ്തോ തുടങ്ങിയ ഭാഷകൾക്കാണ് സംസ്കൃതത്തോട് കൂടുതൽ സാമ്യം. ഉത്തരേന്ത്യയിലെ മിക്കഭാഷകളിലും സംസ്കൃതത്തിന്റെ സ്വാധീനം വ്യാപകമാണ്. ഭാഷയുടേയും മനുഷ്യന്റേയും സംസ്കാരത്തിന്റേയും ഭാഗമായ ഒരു ഭാഷയെ ഇത്രയും വില കുറഞ്ഞ രീതിയിൽ വിലയിരുത്തിയത് പാതകം തന്നെ.

ശ്രീനാഥന്‍ said...

കുറെ നല്ല നുറുങ്ങു വിവരങ്ങൾ,പെണ്ണിനു നിഷേധിക്കപ്പെടുന്ന ആഘോഷങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ.നന്നായി. എന്തോ, രാഖി എന്നു കേട്ടാൽ ഒരു നടിയെയാണ് എനിക്ക് ഓർമ്മ വരിക.

Echmukutty said...

ദ് മാന്‍ ടു വാക് വിതിനും മിനി ടീച്ചര്‍ക്കും നന്ദി

Echmukutty said...

ഡോക്ടര്‍ സാര്‍ എഴുതിയത് ഇപ്പോഴും എനിക്ക് മനസ്സിലായില്ല. ആരാണ് അങ്ങനെ അര്‍ഥം പറഞ്ഞത്?
അതു പോലെ സാര്‍ ഉദ്ദേശിക്കുന്ന മതം എന്താണെന്നും കൂടി പറഞ്ഞു തരൂ. എന്‍റെ അറിവില്ലായ്മ മാറ്റാന്‍ പറ്റുമോ എന്നു ശ്രമിക്കാമല്ലോ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഓരോരുത്തരും മനസില്‍ സങ്കല്‍പ്പിക്കുന്ന മതം ഓരോന്നായിരിക്കില്ലെ എച്മു? ഞാന്‍ കാണുന്ന രീതിയില്‍ ആവില്ലല്ലൊ എച്മു കാണുന്നത്‌. അതുകൊണ്ടാണ്‌ ഞാന്‍ പറഞ്ഞത്‌ ഇന്നു കാണുന്ന എന്ന ഒരു വിശേഷണം വേണം എന്ന്

പിന്നെ അര്‍ത്ഥം പറഞ്ഞത്‌. ആ വരിക്ക്‌ ആരും അങ്ങനെ അര്‍ത്ഥം പറഞ്ഞില്ല.
പക്ഷെ എച്മു എഴുതിയ രീതിയില്‍ രാഖി കെട്ടുന്നതിനെ വ്യാഖ്യാനിക്കാന്‍ നോക്കുന്നത്‌ ഏകദേശം അതുപോലെ ആകും എന്നെ പറഞ്ഞുള്ളു

കാലത്തെ മുഷിയല്ലെ
എനിക്കു തോന്നുന്നത്‌ അങ്ങ്‌ നേരെ പറയുന്ന സ്വഭാവം ഉള്ളതു കൊണ്ട്‌ പറ്റുന്ന കുഴപ്പം ആണ്‌ പോട്ടെ

Bipin said...

പട്ടിണിയും പരിവട്ടവും ആയി ക്കഴിയുന്ന ഭരണാധികാരികളുടെ മാങ്ങാ മനുഷ്യർക്ക് (am admi) ENTERTAINMENT ന് എന്തെങ്കിലും വേണ്ടേ?

മഹാരാഷ്ട്രയിൽ ഇക്കഴിഞ്ഞ dahi handi രാഷ്ട്രീയക്കാർ ഏറ്റെടുത്തു. ഒരു dahi handi യുടെ prize money എത്രയാണെന്ന് അറിയാമോ? 1 കോടി രൂപ.

ആര്‍ഷ said...

സംസ്കൃത ദിനം അറിഞ്ഞിരുന്നില്ല - മറ്റു രണ്ടു വിശേഷങ്ങളും അറിഞ്ഞു. രക്ഷ ബന്ധന്‍ എന്നെ സംബന്ധിച്ച് വളരെ ഇഷ്ടമുള്ള ഒരു ആഘോഷമാണ്, ചേട്ടായിമാര്‍ രണ്ടാണേ ! അതിനെ കുറിച്ച് nostalgic ആയി ഒരു പോസ്റ്റും ഇട്ടു. :)

റോസാപ്പൂക്കള്‍ said...

ആചാരങ്ങളുടെ ഉദ്ദേശം ആ ദിവസത്തേക്ക് മാത്രമാകാതിരിക്കട്ടെ .
നല്ല പോസ്റ്റ്

drpmalankot said...

ലേഖനം നന്നായിരിക്കുന്നു. ആചാരങ്ങൾ മനുഷ്യനന്മക്കായി ഉണ്ടാവുന്നതൊക്കെ നല്ല കാര്യമാണല്ലോ. എന്റെ ബ്ലോഗുകൾ പതിവായി വായിക്കുന്ന ഒരു പെണ്‍കുട്ടിയുമായുള്ള സൗഹൃദം, യാന്ത്രികമായി സാഹോദര്യമായി പരിണമിച്ചു. അതുവഴി ഒരു കവിതയുമെഴുതി. പോസ്റ്റുന്നത്നു മുമ്പായി എങ്ങിനെയോ രാഖി മനസ്സില് വന്നു. അതും എഴുതിച്ചേർത്തു. എന്നാൽ, coincidence എന്ന് പറയട്ടെ - പിറ്റേ ദിവസം രാഖി (രക്ഷ ബന്ധൻ) ആണെന്ന് മനസ്സിലായപ്പോൾ എന്റെ മനസ്സില് തോന്നിയ വിചാരങ്ങൾ വിവരിക്കാൻ വാക്കുകളില്ല.

A said...

നല്ല അവതരണം. ചില സങ്കുചിത മാനസികാവസ്ഥയുടെ ഫലമായി ഹിന്ദുസ്ഥാനി ഭാഷയുടെ നട്ടെല്ലായ ഉറുദു ഭാഷയെ ഒരു വശത്ത്‌ ഞെക്കികൊല്ലാന്‍ വേണ്ടതെല്ലാം ചെയ്യുന്നു. എന്നിട്ടും സാധാരണക്കാരന്‍ സംസാരിക്കുന്നത് ആ ഹിന്ദുസ്ഥാനി തന്നെ, "ഹിന്ദി" സിനിമ എന്ന് വിളിക്കുന്ന ജനുസ്സിലെ സംഭാഷണങ്ങളും ഗാനങ്ങളുമെല്ലാം 99% മനോഹരമായ ഉറുദു ഷായരി തന്നെ. ഇതേ വികാരത്തിന്‍റെ മറുവശത്ത്‌ സംസ്കൃതം വളര്‍ന്നു പന്തലിക്കാന്‍ വേണ്ടതൊക്കെ ചെയ്തു നോക്കുന്നു. എന്നിട്ടും വേണ്ട ഒരു ഫലവും വരുന്നുമില്ല. ചിന്തിക്കാം നമുക്ക്. ഇതി വാര്‍ത്താഹ.

asrus irumbuzhi said...

അറിയാന്‍ ഇനിയും എന്തല്ലാം ആചാരങ്ങള്‍ !
എല്ലാ ആചാരങ്ങളും നന്മയിലേക്ക് ആയിരിക്കട്ട......
അസ്രൂസാശംസകള്‍ :)

Unknown said...

എന്നാണു ഒരു കഥ വായിക്കാൻ സാധിക്കുക ?

Echmukutty said...

ഉണ്ണിച്ചേട്ടന്‍ വായിച്ചതില്‍ സന്തോഷം. വെറുതേ രാഖി കെട്ടുന്നല്ലേയുള്ളൂ...
ആരും അന്യസ്ത്രീയെ സഹോദരിയായി കാണുന്നില്ലല്ലോ. അതുകൊണ്ട് അതൊരു ആഘോഷം മാത്രം..
ഞാന്‍ ചെറുപ്പത്തിലേ സംസ്കൃത അക്ഷരമൊക്കെ എഴുതി പഠിച്ചിരുന്നു. പല വിശിഷ്ട ശ്ലോകങ്ങളും
വായിച്ച് അര്‍ഥം മനസ്സിലാക്കി കാണാപ്പാഠമാക്കിയിരുന്നു. പിന്നെ ജീവിതം കുറെ കഷ്ടപ്പാടുകളിലൂടെ
മാത്രം വഴി നടത്തിയപ്പോള്‍ ഞാന്‍ പല ശ്ലോകപാദങ്ങളും വരികള്‍ തന്നെയും മറന്നു പോയി..

അനീഷിന്‍റെ അഭിപ്രായം എനിക്ക് മനസ്സിലായില്ല കേട്ടോ..

തങ്കപ്പന്‍ ചേട്ടനു നന്ദി..

Echmukutty said...

ഭാനു, സാഹോദര്യം ഊട്ടിയുറപ്പിക്കാന്‍ ആ ആഘോഷത്തിനു കഴിയുന്നുവെങ്കില്‍ നല്ലത് തന്നെ.. നിര്‍ഭാഗ്യവശാല്‍ അത് ഉണ്ടാവുന്നില്ലെന്നാണ് മനസ്സിലാകുന്നത്. രാഖി സഹോദരിയോട് എന്തക്രമവും ചെയ്യാന്‍ പലര്‍ക്കും കഴിയുന്നുമുണ്ട്..

സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെപ്പറ്റി ഞാന്‍ ഒന്നും എഴുതിയില്ല.. സംസ്കൃതദിനം ആവണി അവിട്ടം..രക്ഷാബന്ധന്‍ എല്ലാം കൂടി ഒന്നിച്ച് വന്ന ദിവസത്തെപ്പറ്റി ചില്ലറ നുറുങ്ങു വിവരം എഴുതിയെന്നേയുള്ളൂ. ഗൌരവതരമായി എഴുതിയ ഒരു കുറിപ്പായിരുന്നില്ല ഇത്.. സംസ്കൃത ഭാഷയെപ്പറ്റി ഗൌരവതരമായി വിജ്ഞാനപ്രദമായി എഴുതാനുള്ള അവഗാഹമൊന്നും എനിക്കില്ല... സംസ്കൃതം ഇന്ത്യയിലെ എല്ലാ ഭാഷകളേയും സ്വാധീനിച്ചിട്ടുണ്ടെങ്കിലും ഇന്‍ഡ്യയിലെ സാധാരണ ജനതയ്ക്ക് സംസ്കൃതം ഒരു ബാലികേറാമല ആയത് വലിയ വൈരുദ്ധ്യമാണ്.. അതിനെപ്പറ്റി അനവധി കഥകള്‍ കേള്‍ക്കാനിടയായിട്ടുണ്ട്.. സം സ്കൃത പണ്ഡിതന്മാര്‍ പറഞ്ഞതും പാവപ്പെട്ട മനുഷ്യര്‍ പറഞ്ഞതും... അതൊക്കെ എന്‍റെ ഈ വരികളെ സ്വാധീനിച്ചിട്ടുണ്ടാവും.. പക്ഷെ, സംസ്കൃതത്തെ നിസ്സാരമാക്കി, വില കുറച്ച് എഴുതാന്‍ എനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ലെന്നു വ്യക്തമാക്കിക്കൊള്ളട്ടെ.

Echmukutty said...

അതേ, ശ്രീനാഥന്‍ മാഷെ.. ചില നുറുങ്ങ് വിവരങ്ങള്‍ മാത്രം.. തന്നെ..തന്നെ രാഖി നല്ലൊരു നടിയായിരുന്നു.
ഡോക്ടര്‍ സാര്‍ തന്ന ലിങ്കില്‍ പോയി വായിച്ചു ലേശം വിവരം വെച്ചിട്ടുണ്ട്.. രാഖിയെപ്പറ്റി അത്ര അപകടത്തിലായോ ഞാന്‍ എഴുതിയത്?

ആ വിവരം വായിച്ചൈരുന്നു, ബിപിന്‍. പോസ്റ്റ് വായിച്ച് കമന്‍റെഴുതിയതില്‍ സന്തോഷം..


Echmukutty said...

ആര്‍ഷയ്ക്കും റോസാപ്പൂവിനും ഡോക്ടര്‍ക്കും ഒത്തിരി നന്ദി.
സലാമിനു നന്ദി. ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ ദില്ലിയില്‍ വെച്ച് ഇങ്ങനെ പറഞ്ഞതോര്‍ക്കുന്നു.. ഒന്നാംകിട ഭാഷയായ ഉറുദു ആണ്കുട്ടികള്‍ പഠിക്കുന്ന ഭാഷയായിരുന്നുവത്രെ മുമ്പൊക്കെ. പെണ്കുട്ടികള്‍ രണ്ടാംകിട ഭാഷയായ ഹിന്ദി പഠിക്കുമായിരുന്നു. ഒരു മുപ്പതു വര്‍ഷമേ ആയിട്ടുള്ളൂ പോലും ഹിന്ദിയും കൊള്ളാവുന്ന ഒരു സ്റ്റാറ്റസ് നേടിയിട്ട്...

അസ്രൂസിനും മൈഡ്രീംസിനും നന്ദി..


Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മുടെ ആര്യ ഭാഷയായ ഈ സംസ്കൃതം ആണ് ലോകത്തിലെ ഭാഷ കളുടേയും അപ്പൂപ്പൻ കേട്ടൊ

വേണുഗോപാല്‍ said...

ചില പുതിയ വിവരങ്ങള്‍ ഈ പോസ്റ്റില്‍ നിന്ന് ലഭിച്ചു. എഴുത്തുകാരിക്ക് ആശംസകള്‍

പൊറേരി വിജയൻ said...

വളരെ നന്നായി