Friday, September 27, 2013

ഇത്തിരി കഞ്ഞിയും ഒരു മഞ്ഞ മിഠായിയും .....



https://www.facebook.com/pratilipimalayalam/posts/818016045008642




                                     
കുട്ടിക്ക് ലതയുമായി വലിയ കൂട്ടായിരുന്നു. രണ്ടാമത്തെ പീര്യേഡ് കഴിഞ്ഞ്  മൂത്രമൊഴിക്കാന്‍ എല്ലാവരും വരിവരിയായി  പോകുമ്പോള്‍ കുട്ടി  എന്നും ലതയുടെ പുറകിലേ നടക്കാറുള്ളൂ. അവള്‍ എപ്പോഴും കുട്ടിയെ അതിശയിപ്പിച്ചു. അഞ്ചു വയസ്സുള്ള ലതയ്ക്ക് നാലാം ക്ലാസ്സിലെ ചേച്ചിമാരോടു പോലും തല്ലു കൂടി ജയിക്കാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ട്  ചട്ടമ്പി ,   വെളിച്ചപ്പാട് പൂച്ചാണ്ടി തല്ലിപ്പൊളി  എന്നൊക്കെ എല്ലാവരും തരം പോലെ പല പേരുകള്‍  അവളെ വിളിച്ചിരുന്നു.  അങ്ങനെ എന്തു പേരു വിളിച്ചാലും അവള്‍ക്കൊരു പരിഭ്രമവുമുണ്ടായിരുന്നില്ല.  ഭീമന്‍ ലത  എന്നു വിളിച്ച രമേശനെ നല്ല  തടിയനും വഴക്കുണ്ടാക്കാന്‍ മിടുക്കനുമായ  മഹാദേവന്‍ തിരുത്തി ഭീമി ലത, അവള്‍  ഒരു പെണ്ണാണെടാ  ആണല്ല. മഹാദേവനെ നോക്കിയും  യാതൊരു മടിയും കൂടാതെ ലത കോക്രി കാണിച്ചിരുന്നു, മുഖം കൊണ്ടും  കൈകാലുകള്‍ കൊണ്ടും  ലതയ്ക്കറിയുന്നത്രയും കോക്രികള്‍ ക്ലാസ്സില്‍ വേറെയാര്‍ക്കും അറിയുമായിരുന്നില്ല. ലത എവിടുന്നാ ഇങ്ങനെയൊക്കെ കാണിക്കാന്‍ പഠിക്കണത് എന്ന് കുട്ടി ചോദിക്കുമ്പോഴൊക്കെ  അത്  കാവിലെ ദേവീടെ അനുഗ്രഹമാണെന്ന മട്ടിലാവും ലതയുടെ മുഖഭാവം. അല്ലെങ്കില്‍  വളരെ കഷ്ടപ്പെട്ട്  പഠിച്ച ഒരു കേമത്തമാണെന്ന ഭാവമാവും അവള്‍ പ്രകടിപ്പിക്കുക. ആ  മുഖഭാവവും  ആ കണ്ണാട്ടലും ഒക്കെ അവളില്‍ നിന്നും പഠിക്കണമെന്ന് കുട്ടി എപ്പോഴും വിചാരിക്കുമെങ്കിലും ഇത്ര നാളായിട്ടും  പറ്റിയിട്ടില്ല. എണ്ണാനും എഴുതാനും പദ്യം ചൊല്ലാനും  കണക്ക് ചെയ്യാനുമൊക്കെ കുട്ടി നല്ല മിടുക്കിയായിരുന്നു. പക്ഷെ, ലതക്ക്  ചെയ്യാനറിയുന്ന ഒട്ടുമുക്കാലും കാര്യങ്ങള്‍ കുട്ടിക്കറിയുമായിരുന്നില്ല. അറിയുന്നതു പോയിട്ട് അങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ ആലോചിക്കാന്‍ പോലും കുട്ടിക്ക്  പേടിയായിരുന്നു.

ലത സ്കൂള്‍ വരാന്തയിലെ  തൂണില്‍ വലിഞ്ഞു കയറി, ഉത്തരത്തിലിരിക്കുന്ന കിളിക്കൂടില്‍ നിന്ന് മങ്ങിയ വെളുപ്പു നിറമുള്ള നാലു കിളിമുട്ടകള്‍ പുറത്തെടുത്ത് കാണിച്ചപ്പോള്‍ കുട്ടിക്ക്  അതിശയം കൊണ്ട് തല ചുറ്റി. 

ഈ മുട്ടകള് അവിടെണ്ടെന്ന് എങ്ങനെയാ അറിഞ്ഞേ?  
  
കിളികള് കുറച്ചു ദിവസായി ഇവിടെ ചുറ്റിത്തിരിയണുണ്ടായിരുന്നു. അത് കൂടുവെച്ചപ്പോ ലതയ്ക്ക് മനസ്സിലായി...  അവള്‍ മുഖം ആട്ടിയിളക്കിക്കൊണ്ട് പറഞ്ഞു. ലത ഒരിക്കലും ഞാന്‍ എന്നോ എന്‍റെ എന്നോ എനിക്ക് എന്നോ  പറഞ്ഞിരുന്നില്ല. ലത കണ്ടു, ലതേടെ പുസ്തകം, ലതയ്ക്ക് കിട്ടി എന്നൊക്കെയാണു എപ്പോഴും പറയുക.

മല്ലിക്കുരു, പുളിങ്കുരു,  മധുരപ്പുളി,  തേങ്ങാപ്പൂള്‍  ഇതു മാതിരി  തീറ്റസ്സാധനങ്ങള്‍ ഒക്കെ ലതയുടെ  സഞ്ചിയില്‍ എപ്പോഴും ഉണ്ടാവും. വലിയ പച്ചമാങ്ങ  വരാന്തയിലോ ബെഞ്ചിന്മേലോ  അടിച്ച്  പല കഷ്ണമാക്കാനും അവള്‍ക്ക് അറിയാമായിരുന്നു. എന്ത് സാധനമായാലും ക്ഷണനേരം കൊണ്ട്  അവള്‍ തിന്നു കഴിയും. കൈയിലെടുക്കുന്നതും  വായിലേക്കിട്ട്  വിഴുങ്ങുന്നതും കണ്ണടച്ചു തുറക്കുന്ന  വേഗത്തിലാണ്.

ഒരു ദിവസം ഉച്ചയ്ക്ക് ഊണു കഴിക്കാന്‍  പോയ ലത മടങ്ങി വന്നത് വലിയ ഒരു അതിശയവുമായാണ്. മഞ്ഞ വര്‍ണക്കടലാസ്സില്‍ പൊതിഞ്ഞ ഒരു മിഠായി ഉടുപ്പിന്‍റെ  കീശയില്‍ ലത  സൂക്ഷിച്ചിരുന്നു.  മാങ്ങയിട്ട് വെച്ച കൂട്ടാന്‍റെ പുളിമണമുള്ള വായടുപ്പിച്ച്  പിടിച്ച്  ലത കുട്ടിയോട് സ്വകാര്യം  പറഞ്ഞു, ഈ മിഠായി  അച്ചുമ്മാന്‍ തന്നതാണെന്ന് ....... .. രണ്ടെണ്ണം തന്നുവെന്ന്. ഒരെണ്ണം ലത  കുട്ടിക്കായി കൊണ്ടു വന്നതാണെന്ന്...... 

പരിചയമില്ലാത്ത ആരെങ്കിലും എന്തെങ്കിലും  തന്നാല്‍  വാങ്ങിക്കഴിക്കാന്‍ പാടില്ലെന്ന്  കുട്ടിക്ക്  അറിയാം. വീട്ടില്‍ മുതിര്‍ന്നവരെല്ലാം എപ്പോഴും പറയാറുള്ള ഒരു കാര്യമാണത്. മിഠായി നിറച്ചു വെച്ച  പലതരം ഭരണികളും,  പെന്‍സിലും റബറും ബുക്കുകളും ഒക്കെ അടുക്കിയടുക്കി  വെച്ചിട്ടുള്ള അലമാരകളുമുള്ള അച്ചുമ്മാന്‍റെ  കട ലതയുടെ വീടിനടുത്താണെന്നും കുട്ടിക്കറിയാം. ലതയ്ക്ക് അച്ചുമ്മാനെ അറിയുമായിരിക്കും. നല്ല മധുരമുള്ള   മിഠായി നുണയുമ്പോള്‍  കുട്ടി വിചാരിച്ചു. ലതയല്ലേ മിഠായി കുട്ടിക്ക് തന്നത്. കുട്ടി  ലതയെ നന്നായി അറിയുമല്ലോ. 

സ്ക്കൂളില്‍ കഞ്ഞീം പയറും  ഉണ്ടാക്കുന്ന ജാനുചേച്ചിയെ  കണ്ടപ്പോള്‍ ലത അവരുടെ പിന്നാലെ പോയി. എല്ലാവരും കഴിച്ച്  ബാക്കിയുള്ള കഞ്ഞി ലത കഴിക്കാറുണ്ടെന്ന് കുട്ടി മനസ്സിലാക്കിയിട്ടുണ്ട്.  അതുകൊണ്ട് കുട്ടി ലതയുടെ പുറകെ പോയില്ല. ഉച്ചയ്ക്ക്  വീട്ടില്‍ പോയി  ചോറുണ്ട്  വന്നിട്ടും എങ്ങനെയാണ് ലത പിന്നേയും  കഞ്ഞീം പയറും  കഴിക്കുന്നതെന്ന് കുട്ടിക്ക് എപ്പോഴും അതിശയം തോന്നും. കൂട്ടാനും പപ്പടവും ചേര്‍ത്ത്   അഞ്ചെട്ട് ഉരുള കഴിക്കുമ്പോഴേക്കും കുട്ടിയുടെ വയറു  പൊട്ടാറായിട്ടുണ്ടാവും. എത്ര നിര്‍ബന്ധിച്ചാലാണെന്നോ കുട്ടി ലേശം തൈരും കൂട്ടി ഇത്തിരി ചോറ് കഴിക്കുക. 

ലത കഞ്ഞീം  പയറും  വാരി അമക്കാന്‍ പോയോ?
 
കുട്ടി ചോദ്യം കേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കിയത്  ഡേവീസിന്‍റെ മുഖത്തേയ്ക്കായിരുന്നു.    
 പെരുവയറിക്ക്  എട്ട് വയസ്സെങ്കിലും ഉണ്ടാവുമെന്ന്  അപ്പോള്‍  ഡേവീസ്  പറഞ്ഞു. ആരോടും ഒന്നും  മിണ്ടാതെയും പറയാതെയും എപ്പോഴും വലിയ ഗമയിലിരിക്കുന്ന അവന് എവിടുന്നാണ് ഇങ്ങനെയൊരു വിവരം കിട്ടിയെതെന്ന് കുട്ടി ആലോചിച്ചു. 

അത് ഡേവീസിനെങ്ങനെയാ അറിയാ ?

അവന്‍ കളിയാക്കുന്ന മാതിരിയുള്ള  ഒരു ചിരിയല്ലാതെ മറുപടിയൊന്നും തന്നില്ല.  ഒരു മാരുതി കാറില്‍ സ്ക്കൂളിലേക്ക് വരികയും പോവുകയും ചെയ്യുന്ന അവന് ആകെപ്പാടെ ഒന്നും പിടിക്കാത്ത  പോലെയാണ് എപ്പോഴും. അവന്‍ വേറെ ഏതോ വലിയ സ്കൂളില്‍ ചേരാന്‍ പോവുകയാണെന്ന് വന്ന അന്നു മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്.  എന്നാണാവോ പോകുന്നത്?  അതുകൊണ്ടാവും ആര്  എന്തു ചോദിച്ചാലും ഈ കളിയാക്കല്‍ച്ചിരി തന്നെയാണ് അവന്‍റെ മറുപടി. 

 കുട്ടിക്ക്  ഇത്തിരി വിഷമം തോന്നി. എട്ടു വയസ്സ് എന്നു പറഞ്ഞാല്‍  നാലാം ക്ലാസില്‍ പഠിക്കേണ്ട പ്രായമായി...അപ്പോള്‍ ലത എന്നല്ല ശരിക്കും  ലതച്ചേച്ചി എന്നല്ലേ വിളിക്കേണ്ടത്

ലതയോട്  ഇക്കാര്യമെല്ലാം പറഞ്ഞത് പരമ അബദ്ധമായി എന്ന് കുട്ടിക്ക് തോന്നിയത് അവള്‍  ഡേവീസിന്‍റെ നടുംപുറത്ത് കുട കൊണ്ട് അടിച്ചപ്പോഴാണ്. അടി വീണ നിമിഷം ഡേവീസ് അയ്യോ എന്ന്  കരഞ്ഞു വിളിച്ച്  തറയിലിരുന്നു. കുഞ്ഞിക്കണ്ണുകളില്‍ നിറച്ചും കണ്ണീരുമായി  അവന്‍  കുട്ടിയെ നോക്കിയപ്പോള്‍ എന്താണെന്നറിയില്ല കുട്ടി മുഖം  തിരിച്ചു കളഞ്ഞു. 

എന്നാലും ഡോളി ടീച്ചര്‍ ചൂരല്‍  വിറപ്പിച്ചുകൊണ്ട് തുരുതുരെ ചോദ്യങ്ങള്‍ ചോദിച്ച ഉടനെ   കുട്ടി നടന്നതെല്ലാം  പറയാതിരുന്നില്ല. 

ലത ചെയ്തത് ഒട്ടും ശരിയായില്ലെന്ന് ടീച്ചര്‍ പറഞ്ഞു.  

ഡേവീസിനെ അടിച്ചതു മാത്രമല്ല  ബാക്കിയുള്ള കഞ്ഞീം  പയറും കഴിക്കുന്നതും തെറ്റാണ്. ലത അത്   കഴിക്കുന്നുണ്ടെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. അത്  ഡേവീസ് അറിയുകയും പറയുകയും ചെയ്തതിനു  അവനെ തല്ലുകയല്ല വേണ്ടത് . 

ലതയ്ക്ക് എട്ടു വയസ്സായി  എന്ന് പറഞ്ഞതിനാണ് ലത തല്ലിയതെന്ന് കുട്ടി  ഒന്നു രണ്ട്  വട്ടം പറഞ്ഞത് ടീച്ചര്‍ കേള്‍ക്കാത്ത മാതിരി ഇരിക്കുകയായിരുന്നു. 

ജാനുചേച്ചിയെ വിളിച്ചുകൊണ്ടു വരാന്‍  ടീച്ചര്‍ ക്ലാസ് ലീഡറായ രമേശനോടാണ് പറഞ്ഞത്. അവന്‍  ബസ്സിന്‍റെ വളയം തിരിക്കുന്ന പോലെ  കൈ വട്ടം കറക്കി  ഡുര്‍ര്‍ര്‍......... എന്ന ഒച്ചയുമുണ്ടാക്കി  പാഞ്ഞു പോയി.

ജാനുചേച്ചി വന്നപ്പോള്‍ ഡോളി ടീച്ചര്‍ കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു.

കള്ളത്തരത്തില്  കുട്ടികള്‍ക്ക്  കഞ്ഞീം പയറും  കൊടുക്കുന്നത് റൂളു പ്രകാരം തെറ്റും കുറ്റവുമാണ്.  ഞാനിത്  റിപ്പോര്‍ട്ടു ചെയ്താല്‍ ജോലി പോവും... പറഞ്ഞില്ലാന്നു വേണ്ട.
 
അയ്യോ! ഞാനങ്ങനെ ഒരു കള്ളത്തരോം ഇന്നു വരെ ചെയ്തിട്ടില്ല... ജാനുചേച്ചിയുടെ മുഖം  നീല നിറമായതു പോലെ തോന്നി കുട്ടിക്ക്. 

കളവ് പറയണ്ട. ഈ നില്‍ക്കണ ലതയ്ക്ക് എന്നും  കൊടുക്കണില്ലേ കഞ്ഞീം പയറും ? രജിസ്റ്ററില്‍ ഇതിന്‍റെ  പേരില്ലല്ലോ. അപ്പോ പിന്നെ അത് കള്ളത്തരം അല്ലേ?
 
അത്... അതിന് വെശക്കുമ്പോ... പാവണ്ട്... പിന്നെ ബാക്കി വരണതല്ലേ,
 
എന്നും ബാക്കി വരണത്... ഇവള്‍ തിന്നാന്‍  വരുന്ന് കണക്കുകൂട്ടി  ആദ്യമേ ഉണ്ടാക്കുമ്പോഴല്ലേ? സൂത്രമൊന്നും എന്നോട്  പറയണ്ട
 
അല്ലല്ല,  ആരെങ്കിലും ഒക്കെ മുടങ്ങില്ലേ ക്ലാസില്.. അപ്പോ ബാക്കിയാവണതാ. ..
 
അതെ, അതെ..  വല്യ  കാരുണ്യാ നല്ല സ്വഭാവാ  നിങ്ങള്‍ക്ക്. എന്നാലും ഞാനൊരു ചെറിയ ജോലി അധികം പറഞ്ഞാ നിങ്ങള്  ചെയ്യില്ല.. ...
 
സ്കൂളിലെ എതു പണീം ചെയ്യാറില്ലേ ടീച്ചറെ... വീട്ടിലെ പണി  ചെലപ്പോ ഒന്നോ രണ്ടോ  ...

അത്  തന്നെയാ ഞാന്‍ പറഞ്ഞത് . സ്കൂളിലും നിങ്ങള് ചെയ്യേണ്ട കാര്യം റൂളും  വകുപ്പും ഒന്നും തെറ്റിക്കാണ്ട്  ചെയ്താ മതി. അധികം കാരുണ്യത്തിന് നില്‍ക്കണ്ട... ഇപ്പോ ഞാന്‍ ഒന്നും പറയണില്ല... ആരോടും.. ഇനീങ്ങനെ സര്‍ക്കാര്‍ പൈസ എടുത്ത് ദാനം ചെയ്താ അതിന്‍റെ ഭവിഷ്യത്ത് അനുഭവിക്കണ്ടി വരും.  വീട്ട്ന്നും സ്കൂള്ന്നും ങ്ങനെ വാരി തിന്നിട്ടാവും ഇവള് ചക്കപ്പോത്തു പോലെ വലുതായിട്ട് ആണ്‍ കുട്ട്യോള്ടെ  മെക്കിട്ട് കേറണത്.. ഇനി ഏതെങ്കിലും ആണ്‍കുട്ട്യേ  അടിച്ചാ നിന്നെ ഞാന്‍  ശരിയാക്കും  കേട്ടോ... ടീച്ചര്‍  ലതയുടെ ചെവിയില്‍ നുള്ളിക്കൊണ്ട് പറഞ്ഞു.  

നീ ഒരു മിടുക്കന്‍ ആണ്‍കുട്ട്യല്ലേടാ  ഡേവീസേ...  നാണാവില്ലേ ഒരു പെണ്ണ്  തല്ലീന്ന് പറഞ്ഞ്  നെലോളിക്കാന്‍.. ചെന്ന് സീറ്റിലിരിക്ക്  മൂന്നാളും   

ഡേവീസിനോടും ലതയോടും കുട്ടിയോടും  ഒന്നിച്ചാണ്  ടീച്ചര്‍ അങ്ങനെ പറഞ്ഞത്.
കുട്ടി പേടിച്ചു ചുരുണ്ട് പോയിരുന്നു. നെഞ്ചത്ത് നിന്ന് എന്തോ ഇങ്ങനെ  തെറിച്ച് തെറിച്ച്  പുറത്തേക്ക് വരുന്ന മാതിരിയുണ്ടായിരുന്നു. ലത ഒരു   മിടുക്കിക്കുട്ടിയാണെന്ന് കുട്ടിക്ക് നല്ല ഉറപ്പായി. കാരണം ഇത്രേം ഒക്കെ ടീച്ചര്‍ പറഞ്ഞിട്ടും ചെവിയില്‍  നുള്ളിയിട്ടും   ലത കരഞ്ഞതേയില്ലല്ലൊ. എന്നാലും  അവളുടെ  കണ്ണുകള്‍ ചുവന്നിട്ടുണ്ട്.  

ജാനുചേച്ചി  തലയും കുനിച്ച് എന്തോ പിറുപിറുത്തുകൊണ്ട്  വരാന്തയില്‍ നിന്നിറങ്ങി  സ്ക്കൂളിന്‍റെ  ഗ്രൌണ്ടും  കടന്ന് ,  വാക മരത്തിന്‍റെ അടുത്തുള്ള അടുക്കളയിലേക്ക് പോകുന്നതു കുട്ടി  കണ്ടു. തൊട്ടു  പുറകെ ടീച്ചറും സൈലന്‍സ് എന്ന് മേശപ്പുറത്ത്  ചൂരല്‍ കൊണ്ടടിച്ചിട്ട്  അപ്പുറത്തെ  ഭാരതി ടീച്ചറുടെ ക്ലാസ്സിലേക്ക്  പോയി.

കുട്ടി വിഷമത്തോടെ ലതയോട്  പറഞ്ഞു.

ഡേവീസിനെ അങ്ങനെ  അടിക്കണ്ടായിരുന്നു.  

ലതയ്ക്ക് ചെലപ്പോ അങ്ങനെയാ... വല്ലാണ്ട്  ദേഷ്യം വരും. ഇന്നെന്താന്നറിയില്ല... ചോറും കുറവായിരുന്നു  വീട്ടില്... കഞ്ഞീം പയറും  ഇത്തിരിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. വെശപ്പ് മുഴുവന്‍ മാറീല്യാ...
 
എന്താ ചോറ് കുറവായത് വീട്ടില്... എന്‍റെ വീട്ടില്‍...

ലതേടെ അമ്മ ചോറ് വെച്ചത് കമത്തിക്കളഞ്ഞു.  അമ്മയ്ക്ക് സുഖല്യാ..  ചെല ദിവസം ചോറും കൂട്ടാനും  കമത്തിക്കളയും... വീടിനു ചുറ്റും ഓടും...  പാത്രൊക്കെ  വലിച്ചെറിയും, അന്ന് നല്ല പെടേം  പെടയ്ക്കും ലതേനേം ... പൂച്ചേനേം ഒക്കെ പെടയ്ക്കും... അതാ  ചെവീമ്മേ നുള്ളിയാലൊന്നും ലത  കരയാത്തെ..
 
അമ്മേ ഡോക്ടറെ  കാണിച്ചാ മതി. ഒരു കുത്തുവെച്ചാ മതി  ഒക്കെ മാറും.

ലത അതൊട്ടും തന്നെ ശ്രദ്ധിച്ചില്ലെന്ന് കുട്ടിക്ക്  തോന്നി. അവള്‍ ബാഗില്‍ എന്തോ തപ്പി നോക്കിയിട്ട്  പൊടുന്നനെ  കൈ മലര്‍ത്തിക്കാണിച്ചു.

ഒരു മാങ്ങയിട്ട്ണ്ടായിരുന്നു സഞ്ചീല് എന്ന് വെച്ച്ട്ട്  തപ്പി നോക്കീതാ ലത  
   
അയ്യോ! ഞാനാ മിഠായീം തിന്നു.. അല്ലെങ്കില്‍ അത്  തരായിരുന്നു ... വെശന്നാ പഠിക്കാന്‍ പറ്റില്ലാന്നാ എന്‍റെ അമ്മ പറയാറ്...

ലതയ്ക്ക്  വെശന്നാലും പഠിക്കാനും ഒറങ്ങാനും നടക്കാനും കുളിക്കാനും ഒക്കെ പറ്റും. മിഠായി ഞാന്‍ തന്നതല്ലേ.. അത് സാരല്യാ.. അച്ചുമ്മാനു ഉമ്മ കൊടുത്താ മതി. എത്ര മിഠായി വേണങ്കിലും ലതയ്ക്ക് തരും. കൊറെ ഉമ്മ കൊടുത്താ ചെലപ്പോ ദേവുവമ്മേടെ കടേന്ന്  നല്ല മസാല ദോശ വാങ്ങിത്തരും. നല്ലോണം ഭക്ഷണം കഴിച്ച്  വേഗം വലുതായാ അച്ചുമ്മാന്‍ നല്ല പണിയാക്കിത്തരാന്ന്  എപ്പൊഴും പറയും. പണി കിട്ടീട്ട്  വേണം ലതയ്ക്ക് അമ്മേ ചികില്‍സിക്കാന്‍... അച്ഛനോട്  ഇനി കള്ള് കുടിച്ചാ ചെവീമ്മേ നുള്ളുന്ന്  പറഞ്ഞ് പേടിപ്പിക്കാന്‍...  
 
കുട്ടീടെ അച്ഛനും  ഇടയ്ക്ക്  മസാല ദോശ വാങ്ങിക്കൊണ്ടു വരാറുണ്ട്. അതു പക്ഷെ,  രൂപ കൊടുത്തിട്ടാണ്.  

ഉമ്മ കൊടുത്താല്‍  മസാല ദോശ കിട്ടുമോന്ന് അച്ഛനോട് ചോദിച്ചാലോ.. വേണ്ട. പിന്നെ ഡോളി ടീച്ചറെപ്പോലെ ഓരോന്നൊക്കെ പറഞ്ഞ് അച്ചുമ്മാനേ  വിളിച്ച് എന്താ റൂള് വകുപ്പ്  എന്നൊക്കെ ദേഷ്യപ്പെട്ട്.. പോലീസുകാരനായതുകൊണ്ട് അച്ഛന് ദേഷ്യം വരല് എപ്പോഴും  ഇത്തിരി  കൂടുതലാണ്.   പാവം,  ലതയ്ക്ക്  വിശക്കുമ്പോ  പിന്നെ  മഞ്ഞ മിഠായീം  മസാലദോശയും ഒന്നും കിട്ടാതായാലോ... 

ആ ഡേവീസ് പറഞ്ഞതൊന്നും ലതയോട്  ഒരിക്കലും പറയണ്ടായിരുന്നു.. അതുകൊണ്ടല്ലേ  അവള്‍ക്ക് ദേഷ്യം വന്ന് അവനെ അടിച്ചത് ? അതുകൊണ്ടല്ലേ എല്ലാം  എല്ലാവരും  അറിഞ്ഞതും കഞ്ഞി  കൊടുക്കരുതെന്ന്  ടീച്ചര്‍ ജാനുചേച്ചിയോട് പറഞ്ഞതും..

 അമ്മ പറയണത് ശര്യാ... സൂക്ഷിച്ച്  വേണം എപ്പോഴും  വായ തുറക്കാന്‍....

കുട്ടി ഇനി സൂക്ഷിക്കും. നല്ലോണം സൂക്ഷിക്കും.   

Friday, September 20, 2013

മനസ്സുകളുടെ മാത്രം തീരുമാനങ്ങള്‍


https://www.facebook.com/echmu.kutty/posts/196842057161763

( 12    09 2013 ന് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. ) 

മണ്ണിഷ്ടികയുടെയും മമ്മട്ടിയുടേയും  കണക്കെടുപ്പ് പോലെയോ  ഓഫീസില്‍ ചായ കൂട്ടുന്നതും മേശ തുടയ്ക്കുന്നതും പോലെയോ  പെന്‍സില്‍ കൂര്‍പ്പിക്കുന്നതും ടേപ്പ്  പിടിക്കുന്നതും   പോലെയോ ഉള്ള വളരെ നിസ്സാരമായ  ജോലികള്‍ മാത്രമേ  സ്വന്തമായി  ഞാന്‍ അധികവും  ചെയ്തിട്ടുള്ളൂവെങ്കിലും  കൊടും പണക്കാരേയും   അതിപ്രശസ്തരേയും  വലിയ  ഭരണാധികാരികളേയുമൊക്കെ പരിചയപ്പെടാന്‍  സാധിച്ചിട്ടുണ്ടെനിക്ക്.  അവരില്‍ പലരുടേയും   വാക്കുകള്‍ കേട്ട്   അന്തം വിട്ടു  നില്‍ക്കേണ്ടി വന്നിട്ടുണ്ട്. 

ഇരുപതിനായിരം രൂപയുടെ  ഷൂസില്‍ പറ്റിയ ചെളിയെക്കുറിച്ച്  അനിയന്ത്രിതമായി ഉല്‍ക്കണ്ഠാകുലരാകുന്ന, മടിയര്‍ക്കാണ്  ദരിദ്രമായി കഴിയേണ്ടി വരുന്നതെന്ന്  ഉറപ്പിച്ചും തറപ്പിച്ചും  പറയുന്ന,   കാറിന്‍റെ ഡോര്‍ സ്വന്തമായി തുറക്കേണ്ടി  വരുന്നതു പോലും കഠിനാധ്വാനമാണെന്നു വിശ്വസിക്കുന്ന  കൊടും പണക്കാര്‍ ....   കേരളത്തിലെ ടൈല്‍ ഫാക്ടറിയിലുണ്ടാക്കിയ  ഓട്  വിമാനത്തില്‍  കയറ്റിക്കൊണ്ടു വന്ന്  രാജസ്ഥാനിലെ മൌണ്ട് ആബുവില്‍ മാളിക പണിയാമെന്ന്   നിസ്സാരമായി പറയുന്ന , ഒരു ആദിവാസി കോളനിയിലേക്കുള്ള കുടിവെള്ളം ഒരാഴ്ച വഴി തിരിച്ചു വിട്ടിട്ടായാലും  സ്വന്തം മാളികയുടെ  കോണ്‍ക്രീറ്റിംഗ് ആവാമെന്നും ആദിവാസികള്‍ എന്ന അവറ്റകള്‍ എന്തെങ്കിലും ചെയ്തു വെള്ളം കുടിച്ചോളുമെന്നും കരുതുന്ന  ഭരണാധികാരികള്‍.. അരപ്പട്ടിണിക്കാരനായ  ഒരു  തൊഴിലാളിയുടെ   ദിവസക്കൂലിയില്‍  ഇച്ചിരി കുറവ്  വരുത്താന്‍ കഴിയുമ്പോള്‍  ആഹ്ലാദം കൊണ്ട്  ഭ്രാന്തു പിടിയ്ക്കുന്ന അതിപ്രശസ്തരായ  ന്യായാധിപന്മാര്‍,  ധനികരായ രാജകുടുംബാംഗങ്ങള്‍   ..  അങ്ങനെ അനവധി അനവധി  വേദനിപ്പിക്കുന്ന  അനുഭവങ്ങള്‍.  

കൊടും പണക്കാരേയോ അതിപ്രശസ്തരേയോ  വലിയ  അധികാരമുള്ളവരേയോ  എന്തെങ്കിലും കാരണവശാല്‍  കാണാന്‍ പോകേണ്ടി വന്നാല്‍ എനിക്ക്  ഭയമാകാന്‍ തുടങ്ങും. അത്  ഇന്ന മേഖലയെന്നില്ല.  അത്  വെറും  പണത്തിന്‍റെയോ രാജ്യഭരണത്തിന്‍റെയോ അല്ലെങ്കില്‍ മതത്തിന്‍റേയോ  കലയുടേയോ ശാസ്ത്രത്തിന്‍റേയോ മാത്രം മേഖലയുമല്ല.  ഏതു  മേഖലയായാലും  വര്‍ദ്ധിച്ച മേദസ്സിന്‍റെ  ലോകങ്ങളും  അവയുടെ  പളപളപ്പുള്ള  പശ്ചാത്തലങ്ങളും  എന്നെ   വലിയ തോതില്‍ ഭയപ്പെടുത്തുന്നവയാണ്.   സാധാരണക്കാരായ  മനുഷ്യരെയും അവരുടെ ബുദ്ധിയേയും പ്രശ്നങ്ങളേയും എല്ലാം  പണക്കാര്‍ക്കും ഭരണീയര്‍ക്കും മാത്രമല്ല, ഏതു  മേഖലയിലായാലും  എന്തെങ്കിലും തരത്തില്‍  മുന്നില്‍ക്കയറി  നില്‍ക്കുന്നവരില്‍  അധികം പേര്‍ക്കും  മനസ്സിലാക്കാന്‍ പ്രയാസമാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഒന്നാം ലോകക്കാര്‍ മൂന്നാം ലോകക്കാരെ, ധനികര്‍ ദരിദ്രരെ, ഭരണാധികാരികള്‍ ജനങ്ങളെ, ഒരു  ഭൂരിപക്ഷ  മതക്കാര്‍ മറ്റു മതക്കാരെ, വിശ്വാസികള്‍ അവിശ്വാസികളെ,  പ്രശസ്തര്‍ അപ്രശസ്തരെ,  മുതിര്‍ന്നവര്‍  കുട്ടികളെ, പുരുഷന്‍മാര്‍  സ്ത്രീകളെ എന്ന ദ്വന്ദ്വങ്ങളുടെ രീതിയില്‍  ആ മനസ്സിലാക്കാന്‍ സാധിക്കായ്ക നമ്മുടെ  ജീവിതത്തില്‍  എക്കാലവും നിത്യ  യുദ്ധങ്ങളായി നിലനില്‍ക്കുന്നു.  

കൂട്ടുകാരന്‍റെ  സംസ്ഥാന ഭരണാധികാരിയായ  ഒരു  ക്ലാസ്മേറ്റും ഭാര്യയും  കാണാന്‍ വന്നപ്പോള്‍  ഇമ്മാതിരിയുള്ള ഒത്തിരി ആശങ്കകളാല്‍  കലുഷിതമായിരുന്നു എന്‍റെ  മനസ്സ്.  കാരണം അതീവധനികരായ അവരുമായി  വളരെ വിദൂരമായ ഒരു  അല്‍പ്പപരിചയം മാത്രമേ എനിക്കു ണ്ടായിരുന്നുള്ളൂ.  അവരുടെ  കാറില്‍   ആ കടലോര നഗരം  ചുറ്റിക്കാണാന്‍ കൊണ്ടു  പോകാമെന്നും  ഒറ്റയ്ക്ക്  ബോറടിക്കേണ്ടെന്നും അവര്‍ പറഞ്ഞു.  അവരുടെ  ലളിതമായ വസ്ത്രധാരണവും  സാധാരണ മനുഷ്യരെപ്പോലെയുള്ള  സംസാരരീതിയും  എന്നില്‍ ലേശമൊരു ആത്മവിശ്വാസമുണ്ടാക്കാതിരുന്നില്ല.   

അങ്ങനെയാണ്  ചലിക്കുന്ന  കൊട്ടാരം  പോലെയുള്ള ആ  കാറില്‍ ഞാനവര്‍ക്കൊപ്പം പോയത്. 

റാണി  എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഭാര്യയുടെ  പേര്. അവര്‍ ശരിക്കും  ഒരു മഹാറാണിയെപ്പോലെ  ഐശ്വര്യവതിയും കാന്തിമതിയും ആയിരുന്നു.  വളരെ ഘനമേറിയ  ഒരു സ്വര്‍ണമാല  അവര്‍ ധരിച്ചിരുന്നു.  ആ മാലയിലെ കുഞ്ഞു കുഞ്ഞു സ്വര്‍ണ രൂപങ്ങള്‍ എന്നില്‍ വിസ്മയം ജനിപ്പിച്ചു. അതില്‍ വാഴക്കുലയും നാളികേരവുമുള്‍പ്പടെ  പല തരം ഫലങ്ങളുണ്ടായിരുന്നു. അതാണത്രേ അവരുടെ മംഗല്യ സൂത്രം. സ്വര്‍ണത്തിലാണ് പണിതിരിക്കുന്നതെങ്കിലും അസാധാരണമായ മനോഹാരിതയും സൂക്ഷ്മതയുമുള്ള  തികവുറ്റ കലാരൂപങ്ങളായിരുന്നു  അവയെല്ലാം തന്നെ. 

ഉര്‍വരതയുടെ  നിത്യചിഹ്നങ്ങളാവണമല്ലോ മംഗല്യ  സൂത്രത്തില്‍  സ്ഥാനം  പിടിക്കേണ്ടതെന്ന്  ഞാന്‍ അപ്പോള്‍  വിചാരിക്കാതിരുന്നില്ല. 

അവരുടെ ആചാരങ്ങളും വിശ്വാസങ്ങളും  എന്നില്‍  അല്‍ഭുതമുളവാക്കി . പെണ്‍കുട്ടികളെ  പണം ചെലവാക്കി പഠിപ്പിക്കേണ്ടതില്ലെന്ന്  അവര്‍ തീര്‍ത്തു പറഞ്ഞു. അത്യാവശ്യം വിദ്യാഭ്യാസം മതി.. എന്നു വെച്ചാല്‍ മാക്സിമം  ഡിഗ്രി വരെ.. പോസ്റ്റ് ഗ്രാജുവേഷന്‍,  ഗവേഷണം , എന്‍ജിനീയറിംഗ്,  മെഡിസിന്‍ ,  ഐ എ എസ് പോലെയുള്ള മല്‍സരപ്പരീക്ഷകള്‍  ഇതൊന്നും  പെണ്‍കുട്ടികള്‍ക്ക്  ആവശ്യമേയില്ല. അവര്‍ വീട്ടിന് പുറത്ത്   ജോലിക്ക്  പോകുന്നതേ അനാവശ്യം. പതിനെട്ട് വയസ്സില്‍  തന്നെ  കഴിയുന്നതും  കല്യാണം  കഴിപ്പിക്കണം. ഭംഗിയായി വീടു നോക്കുകയും കുഞ്ഞുങ്ങളെ സ്നേഹത്തോടെ  വളര്‍ത്തുകയുമാണ്  സ്ത്രീ ചെയ്യേണ്ടത്.  സാധിച്ചാല്‍  ചില്ലറ ഹോബികളാവാം. അതില്‍ നിന്നു അല്‍പം ധനവരുമാനം കൂടിയായാല്‍  പിന്നെ സ്ത്രീയ്ക്ക്  മറ്റൊന്നും  വേണ്ട. 

പുരുഷന്‍റെ  ജോലിയാണ്  ഉയര്‍ന്ന പഠിത്തവും ഉയര്‍ന്ന  ജോലിയും ധന സമ്പാദനവും മറ്റും . സ്ത്രീധനമായി  മുന്നൂറും അഞ്ഞൂറും  പവനൊക്കെ കൊടുക്കുമത്രേ  പെണ്‍വീട്ടുകാര്‍.  അതു ലഭിക്കാന്‍ യോഗ്യനാവണമെങ്കില്‍  അതിനനുസരിച്ച് വരുമാനമുള്ളവനാകണം പുരുഷന്‍. അല്ലാതെ  വധുവായി   വരുന്ന  പെണ്ണിന്‍റെ  സ്വര്‍ണമെടുത്ത്  പണയം വെച്ച് കഴിഞ്ഞു  കൂടാമെന്ന്  കരുതുന്നവനാകരുത്.  ഉയര്‍ന്ന  വരുമാനത്തിനു  പുറമേ  പുരുഷനു വാഹനവും   സ്വന്തം വീടും നിര്‍ബന്ധമായും ഉണ്ടാവണം. അദ്ധ്വാനിച്ച് അന്തസ്സായി കുടുംബം പുലര്‍ത്താന്‍ പ്രാപ്തിയില്ലാത്ത പുരുഷന്‍  അവരുടെ സമൂഹത്തില്‍  അപമാനവും ശല്യവുമാണ്.

വളരെ കര്‍ശനമായ  വംശശുദ്ധി  നിലനിറുത്തുന്ന  അവര്‍ക്കിടയില്‍  ജാതി മാറി കല്യാണം  കഴിക്കുക എന്നതൊരു മാപ്പില്ലാത്ത കുറ്റമാണ്. ജാതിയില്‍ നിന്നു  പുറത്താക്കപ്പെടുന്നത്  ആരും  ഇഷ്ടപ്പെടുകയില്ല. കൊടിയ ധനനഷ്ടവും  ഒറ്റപ്പെടലും സഹിക്കേണ്ടി വരുമെന്നതുകൊണ്ട്  ആരും അമ്മാതിരി  മണ്ടന്‍ കാര്യങ്ങള്‍ ചെയ്യുകയുമില്ല. 

എന്നെയും സ്വന്തം റാണിയേയും  വീട്ടിലാക്കിയിട്ട്  അല്‍പം  ഭരണകാര്യങ്ങള്‍ തീര്‍ത്തു വരാമെന്ന് പറഞ്ഞ്  രാജാവ് കാത്തു നിന്നിരുന്ന  പോലീസ് അകമ്പടിക്കാര്‍ക്കൊപ്പം സ്ഥലം വിട്ടു. 

ആ കൊട്ടാരം പോലെയുള്ള വീട്ടില്‍ ചെന്നിറങ്ങിയപ്പോള്‍  ഒരു സ്ഥലജലഭ്രമത്തില്‍ അകപ്പെട്ടതു പോലെ ഞാന്‍ വിഭ്രമം പൂണ്ടു . എവിടെ  കാല്‍ കുത്തണം എന്നു പോലും  എനിക്ക് സംശയമായി.  അവരുടെ വീട്ടിന്‍റെ  പശ്ചാത്തലങ്ങളായി  വളരെ വിലയേറിയ  അലങ്കാരങ്ങളും ഗൃഹോപകരണങ്ങളും  കൌതുക വസ്തുക്കളും പാത്രങ്ങളും മറ്റും  ഓരോ  മൂലയിലും  മിന്നിത്തിളങ്ങിക്കൊണ്ടിരുന്നു.  അവയെ അടുത്തു ചെന്നു  തൊട്ടുനോക്കാനുള്ള പ്രലോഭനമാകട്ടെ അതി തീവ്രവുമായിരുന്നു. 

മൂന്നാലു  കുട്ടികള്‍  ആ വീട്ടിലുണ്ടായിരുന്നു.   എട്ടും  പത്തും  വയസ്സുള്ളവര്‍,  പന്ത്രണ്ടും  പതിന്നാലും  വയസ്സുള്ളവര്‍. അവര്‍  എനിക്കും റാണിക്കുമൊപ്പം  സോഫകളിലിരുന്നു,  അടുക്കളയില്‍ പോയി  സവോളയുടെ തൊലി കളയുന്ന  സ്ത്രീയെ  സഹായിച്ചു, അലക്കിയുണക്കിയ  തുണികള്‍  ഭംഗിയായി മടക്കി വെച്ചു,  ലക്ഷക്കണക്കിനു രൂപ വിലപിടിപ്പുള്ള  ടി വി യില്‍  സ്വന്തം ഇഷ്ടത്തിനു ചാനലുകള്‍  മാറ്റിക്കളിച്ചു.  റാണിയോട്   കലപിലയെന്ന് സംസാരിക്കുകയും  ധാരാളം നേരമ്പോക്കുകളും കുട്ടിക്കഥകളും പറഞ്ഞ്  ചിരിക്കുകയും ചെയ്തു.   വീടും  അവിടത്തെ   സകല കാര്യങ്ങളും  അവര്‍ക്ക്  സുപരിചിതമാണെന്ന്  എനിക്ക് മനസ്സിലായി. എന്നാല്‍ അവര്‍ റാണിയുടെ മക്കളായിരുന്നില്ല.  റാണിയുടെ  മക്കള്‍  കൂടുതല്‍  മുതിര്‍ന്നവരായിരുന്നു.  മകള്‍ പ്ലസ് ടൂവിനും  മകന്‍ മെഡിക്കല്‍  കോളേജിലും  പഠിക്കുകയായിരുന്നു.  അവരും ഈ കുട്ടികള്‍ക്കൊപ്പം  കളിച്ചു  രസിക്കുന്നുണ്ടായിരുന്നു. 

ആകെപ്പാടെ  ആഹ്ലാദം  നിറഞ്ഞ ബഹളമയമായ ആ അന്തരീക്ഷം എന്നെയും  പതുക്കെപ്പതുക്കെ കീഴടക്കി. ഞാനും മെല്ലെ മെല്ലെ ഒച്ചവെയ്ക്കാനും ഓരോരോ നേരമ്പോക്കുകള്‍ പറഞ്ഞ്  കൂടെക്കൂടെ  പൊട്ടിച്ചിരിക്കാനും  തുടങ്ങി. 

ഉച്ചഭക്ഷണം  ഞങ്ങള്‍  എല്ലാവരും  ഒന്നിച്ചിരുന്നാണ് കഴിച്ചത്.  

റാണിയുടെ രാജാവ്  ഓഫീസില്‍ നിന്ന് നേരത്തെ  വന്നപ്പോള്‍  എല്ലാവരും ചേര്‍ന്ന്   ബീച്ചില്‍  പോയി  സമയം ചെലവാക്കാമെന്നായിരുന്നു  അഭിപ്രായപ്പെട്ടത്.  
 
ബീച്ചില്‍ കുട്ടികളുടെ കൂടെ  സംസ്ഥാന  ഭരണത്തിന്‍റെ  യാതൊരു  ധാടികളുമില്ലാതെ അദ്ദേഹം ബഹളമുണ്ടാക്കി  ഓടിക്കളിക്കുമ്പോള്‍  ഞാന്‍ റാണിയോട്  മെല്ലെ  ആരാഞ്ഞു... ഈ കുട്ടികള്‍ ?’
 
പൂര്‍ണിമാ ദീദിയുടെ  മക്കളാണ് .' 
 
റാണിയുടെ  ...  

അടുക്കളയില്‍  സഹായിക്കുന്നത്  ദീദിയാണ്.  സഹായിക്കുന്നുവെന്നല്ല   എന്‍റെ സ്വന്തം അമ്മയെപ്പോലെ  ആത്മാര്‍ഥമായി  വീട്   നോക്കി നടത്തുന്നുവെന്നാണ് പറയേണ്ടത്.    ദീദിയുടെ  ഭര്‍ത്താവ്  ഞങ്ങളുടെ  ഡ്രൈവറും  മാനേജറും  എല്ലാമാണ്.  അതുകൊണ്ടാണ് എനിക്ക്  ബൊട്ടീക്   ഇത്ര സക്സസ് ഫുള്ളായി  ഓടിക്കാന്‍  കഴിയുന്നത് .
 
റാണിയുടെ ബൊട്ടീക്  ആ കടലോര നഗരത്തില്‍  വളരെ  പ്രശസ്തമായിരുന്നു. സിനിമാതാരങ്ങളും  ഫാഷന്‍ മോഡലുകളും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ  ഭാര്യമാരും അതിലെ പതിവുകാരായിരുന്നു. 

കുട്ടികള്‍ക്കൊപ്പം  ഓടിക്കളിച്ച് വിയര്‍ത്ത  നെറ്റിയോടെയും  ലേശമൊരു കിതപ്പോടെയും  റാണിയുടെ ഭര്‍ത്താവ്  ഞങ്ങള്‍ക്കരികില്‍  വന്നിരുന്നു.  അല്‍പം കഴിഞ്ഞപ്പോള്‍  ഐസ്ക്രീം കോണുകളുമായി  ആഹ്ലാദത്തോടെ  ബഹളമുണ്ടാക്കിക്കൊണ്ട്  കുട്ടികളും എത്തിച്ചേര്‍ന്നു.   

കൂട്ടത്തില്‍ ഏറ്റവും ചെറിയ, എട്ടു വയസ്സായ കുട്ടി നിസ്സങ്കോചം  അദ്ദേഹത്തിന്‍റെ മടിയില്‍  കയറി ഇരുന്ന് ഐസ്ക്രീം  കഴിക്കുവാന്‍ ആരംഭിച്ചു. 

അദ്ദേഹം  എന്നെച്ചൂണ്ടി കുഞ്ഞിനോട് പറഞ്ഞു.  ഈ ആന്‍റിക്കൊപ്പം പൊക്കോളൂ. നിനക്കും  നാടു ചുറ്റി ക്കാണാന്‍ വലിയ മോഹമല്ലേ.. ഈ ആന്‍റിയാണെങ്കില്‍  എപ്പോഴും  യാത്രയിലാണ്. എന്നും പുതിയ പുതിയ സ്ഥലങ്ങള്‍ കാണാം.. നല്ല  രസമായിരിക്കും.
 
കുട്ടി തല വിലങ്ങനെ ആട്ടി.. വിസമ്മതം പ്രകടിപ്പിച്ചു. 
 
അദ്ദേഹം കുട്ടിയെ കൊഞ്ചിച്ചു കൊണ്ട് കൂടുതല്‍ പ്രേരിപ്പിച്ചപ്പോള്‍  കുഞ്ഞ്  നിഷ്ക്കളങ്കമായി  ചിരിച്ചു .   കിഷന്‍ കണൈയ്യ വിളിച്ചാല്‍ കൂടി ഞാന്‍  പോവില്ല. കണൈയ്യ എന്നെ ഇങ്ങനെ   മടീലിരുന്നു  ഐസ്ക്രീം കഴിക്കാന്‍  സമ്മതിക്കുമോ?’  

റാണിയും അദ്ദേഹവും ഒന്നിച്ച്  ആ കുഞ്ഞിന്‍റെ  കവിളില്‍  വാല്‍സല്യത്തോടെ ചുംബിക്കുന്നത്  കണ്ട്  എന്‍റെ കണ്ണുകളില്‍  എന്തുകൊണ്ടോ  ലേശം  നനവു  പടര്‍ന്നു. 

സ്നേഹവും വാല്‍സല്യവും വിശ്വാസവും  സമത്വവുമെല്ലാം മനസ്സിന്‍റെ തീരുമാനങ്ങള്‍  മാത്രമാണെന്ന്  പൊന്‍ വെളിച്ചത്തില്‍ കുളിപ്പിച്ചു കൊണ്ട് ,  കടലിലേക്കിറങ്ങാന്‍  തുടങ്ങുന്ന  സൂര്യന്‍ എന്നോട്  പുഞ്ചിരിക്കുകയായിരുന്നു.. .