Wednesday, September 4, 2013

കടന്നുകയറ്റത്തിന്‍റെ ഏറ്റവും നിസ്സഹായരായ ഇരകള്‍


https://www.facebook.com/echmu.kutty/posts/192034984309137

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013  ആഗസ്റ്റ്  23  ന് പ്രസിദ്ധീകരിച്ചത്.)

എപ്പോഴും.. 

അവരാണ്.  നമ്മുടെ കുട്ടികള്‍. ഇരയാക്കുന്നവര്‍ അധികപങ്കും  അപരിചിതരോ ബന്ധുക്കളോ  പോലീസുകാരോ ഭരണാധികാരികളോ അധ്യാപകരോ  ഒന്നുമല്ല,  അവരെ ജനിപ്പിച്ച മാതാപിതാക്കള്‍ തന്നെയാണ്.. 

മനുഷ്യര്‍ക്ക് മക്കള്‍  ജനിക്കുന്നതെന്തിനാണ്? ടെലിവിഷനില്‍ ആവര്‍ത്തിച്ചു വരുന്ന അമിതാബ് ബച്ചന്‍റെ പരസ്യത്തില്‍ പറയുന്നത്  നമ്മുടെ അച്ഛനമ്മമാര്‍ ഒരിക്കലും  നമ്മെ വിട്ടുപോകുന്നില്ല, മക്കളുടെ പുരികത്തിലും മിഴിത്തുമ്പിലും കാലാട്ടുന്നതിന്‍റെ താളത്തിലും എല്ലാം അവര്‍ നമുക്കൊപ്പം ഉണ്ടെന്നാണ്. അങ്ങനെ  നമ്മുടെ മാതാപിതാക്കന്മാരുടെ തുടര്‍ച്ചയാണ്  മക്കളെന്നാണ്.  അനപത്യതയാണെങ്കില്‍ പലപ്പോഴും ഈശ്വരന്‍റെ അനുഗ്രഹമില്ലായ്മയും മുജ്ജന്മ പാപഫലമായും  കഠിനമായ ദുര്‍വിധിയായും  വിശദീകരിക്കപ്പെടാറുണ്ട്. എന്നിട്ടുമെന്നിട്ടും  സ്വന്തം മക്കളോട്  നമ്മില്‍ച്ചിലര്‍  ഇങ്ങനെ പെരുമാറുന്നതെന്താണാവോ?

നമ്മള്‍ ഹിറ്റ് ലര്‍, മുസ്സോളിനി, പോള്‍പോര്‍ട്ട്  എന്നൊക്കെ ചിലരുടെ  പേരുകള്‍ കൊടും ക്രൂരതകളുടെ പര്യായമായി  എഴുതാറുണ്ട്.  ഇനി അമ്മാതിരി വിദേശപ്പേരുകളുടെ ആവശ്യം നമുക്കില്ല. അ വരെയൊക്കെ പിന്‍ തള്ളാവുന്ന  നല്ല സ്വദേശിപ്പേരുകള്‍ എത്രയോ ഇപ്പോള്‍ നമുക്ക്  പരിചയമായി. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ബീഹാറും ഝാര്‍ഖണ്ഡും ഒഡീഷയും പോലെയുള്ള സംസ്ഥാനങ്ങളില്‍ പോലും അച്ഛനമ്മമ്മാര്‍ കുഞ്ഞുങ്ങളോട്  ഇവ്വിധം പെരുമാറുന്നില്ല.  ദേശീയ ശരാശരിയേക്കാള്‍ എത്രയോ മേലെയാണ്  സമ്പൂര്‍ണ സാക്ഷരരായ നമ്മള്‍ മലയാളികളുടെ,   കുഞ്ഞുങ്ങളോടുള്ള ക്രൂരതയുടെ നിരക്ക്. 

പണ്ടൊക്കെ  പട്ടിണിക്കിടുന്ന രണ്ടാനമ്മയും ഏഷണി കൂട്ടി അച്ഛനെക്കൊണ്ട് അടിപ്പിക്കുന്ന  രണ്ടാനമ്മയും  ബലാല്‍സംഗം ചെയ്യാന്‍ തക്കം പാര്‍ത്ത്  നടക്കുന്ന  രണ്ടാനച്ഛനുമായിരുന്നു കുട്ടികളോട് ക്രൂരമായി പെരുമാറുക എന്നതായിരുന്നു സര്‍വരാലും അംഗീകരിക്കപ്പെട്ട വിശ്വാസം. ഈ വിശ്വാസം ഊട്ടിയുറപ്പിക്കാനുതകുന്ന  പഴഞ്ചൊല്ലുകളും കഥകളും കവിതകളും സിനിമകളും മറ്റും  എത്രയോ അനവധിയായി നമുക്കുണ്ട്. അവ  കേട്ടും കണ്ടും മനസ്സിലുറപ്പിച്ചിട്ടുള്ളതുകൊണ്ട്  രണ്ടാനമ്മയേക്കാള്‍ രണ്ടാനച്ഛനേക്കാള്‍  ക്രൂരരായ ആരേയും നമുക്ക് സങ്കല്‍പിക്കാന്‍ സാധ്യവുമല്ല.

ഇപ്പോള്‍  പുറത്തു വരുന്ന  കഥകള്‍ പക്ഷെ,  കുട്ടികള്‍ക്ക്  സ്വന്തം അച്ഛനമ്മമാരെയും  കണക്കറ്റു  ഭയന്നു  മാത്രമേ  കഴിയാനാവൂ എന്നതിന്‍റെ  ഉറച്ച ബോധ്യങ്ങളാണ്. സ്വന്തം മകളെ  ബലാല്‍ക്കാരം ചെയ്യുന്ന എത്രയോ അച്ഛന്മാര്‍ നമുക്കിടയിലുണ്ട്. സ്വന്തം മകളെ പലര്‍ക്കും വില്‍ക്കുന്ന അമ്മമാരും അച്ഛന്മാരും കൊച്ചു കുഞ്ഞിനെ  പൊള്ളിക്കുകയും നായ്കൂട്ടില്‍ ഇട്ടടയ്ക്കുകയും ചെയ്യുന്ന മാതാപിതാക്കന്മാരും നമുക്കിപ്പോള്‍ പരിചിതരാണ്. വീട്ടിനുള്ളില്‍ മൂത്രമൊഴിച്ചതിനു  ഒന്നര വയസ്സുള്ള കുഞ്ഞിനെ കണ്ണില്‍ച്ചോരയില്ലാതെ ഉപദ്രവിക്കാന്‍ കഴിയുന്ന അമ്മമാരും  അഞ്ചര മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്‍റെ കൈ ഒടിക്കുവാനും ഭാര്യയോടുള്ള പ്രതികാരമായി  കൊച്ചുകുഞ്ഞിനെ നിലത്തടിക്കുവാനും കഴിയുന്ന അച്ഛന്മാരും, ഇപ്പോള്‍ നമുക്കിടയിലുണ്ട് . നമ്മള്‍ ശരിയായ തോതില്‍ ചികില്‍സ തേടേണ്ടുന്ന, മനോരോഗികളായ,  ഒരു  ജനതയായി മാറിക്കൊണ്ടിരിക്കുകയാണെന്നര്‍ഥം. 

കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന കാര്യത്തില്‍  സമൂഹത്തിലെ എല്ലാവരും, സാമ്പത്തികമായി മുന്‍ നിരയില്‍ നില്‍ക്കുന്നവരും  ഇടത്തരക്കാരും  ദരിദ്രരും വിദ്യാഭ്യാസവും ജോലിയുമുള്ളവരും  പദവികളുള്ളവരും ഇതൊന്നും  ഇല്ലാത്തവരും അങ്ങനെ എല്ലാവരും ഒരേ പോലെ  പെരുമാറുന്നു. കുട്ടികളുടെ  വാക്കുകളെ വിശ്വസിക്കുന്ന ഒരു സമ്പ്രദായം പൊതുവേ നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്കും  പോലീസിനും ജനസമൂഹത്തിനും അപരിചിതമാണ്.  കുട്ടികളല്ലേ, ബുദ്ധിയും ബോധവുമൊന്നുമില്ലല്ലോ, എന്നൊക്കെ നിസ്സാരമാക്കിപ്പറഞ്ഞ് വേദനകളില്‍  തകര്‍ന്നടിയുന്ന കുട്ടികളേയും  അവരുടെ വാക്കുകളേയും മുതിര്‍ന്നവര്‍ തള്ളിക്കളയാറുണ്ട്. അച്ഛനമ്മമാര്‍ തങ്ങളെ ഉപദ്രവിക്കുന്നുവെന്ന്  കുട്ടികള്‍ വെറുതേ കള്ളം പറയുകയാണെന്ന്  വളരെ  സൌകര്യപൂര്‍വം  വിശദീകരിക്കുന്ന മനശാസ്ത്രജ്ഞരും അഭിഭാഷകരും പോലീസുദ്യോഗസ്ഥരും മറ്റും യഥാര്‍ഥത്തില്‍ കൊടും കുറ്റവാളികള്‍ക്ക് അച്ഛനമ്മമാര്‍ എന്ന പേരില്‍  അനാവശ്യമായ സൌജന്യങ്ങള്‍ അനുവദിക്കുന്നവരും അങ്ങനെ കുഞ്ഞുങ്ങളുടെ ജീവിതം കൂടുതല്‍ നശിപ്പിക്കുന്നവരുമാണ്. പ്രതിഫലം ഇച്ഛിക്കാത്തതും ഉപാധികളില്ലാത്തതും മറ്റാര്‍ക്കും ഇല്ലാത്തതുമായ  സ്നേഹമാണ് മാതാപിതാക്കന്മാര്‍ക്കുള്ളതെന്ന്  പല രീതിയില്‍ പറഞ്ഞു പഠിപ്പിക്കുന്നതാണ് ഇമ്മാതിരി അന്ധവിശ്വാസങ്ങള്‍ക്ക്  കാരണം. 

ശാരീരികമായ ഉപദ്രവങ്ങള്‍ മാത്രമേ കുഞ്ഞുങ്ങളുടെ കാര്യത്തിലും ഗൌരവമുള്ള കുറ്റങ്ങളായി പരിഗണിക്കപ്പെടുന്നുള്ളൂ എന്നത് നമ്മുടെ  നിയമവ്യവസ്ഥയിലെ ഒരു  കുറവു തന്നെയാണ്. കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന മാനസിക പീഡനങ്ങള്‍ പലപ്പോഴും ആരുടേയും ശ്രദ്ധയില്‍ പെടാതെ പോകുന്നു. പരീക്ഷയിലെ മാര്‍ക്കും തൊലിയുടെ നിറവും കാഴ്ചയിലുള്ള സൌന്ദര്യവും  മുതിര്‍ന്നവരുടെ  പലതരം അന്ധവിശ്വാസങ്ങളും  കലാഭിരുചിയിലെ ഏറ്റക്കുറച്ചിലുകളും  മാത്രമല്ല അച്ഛനമ്മമാര്‍ തമ്മിലുള്ള സ്വരചേര്‍ച്ചക്കുറവിന്‍റെ ഫലമായുള്ള ഉപദ്രവിക്കലുകളും കുഞ്ഞുങ്ങളുടെ ജീവിതത്തിലെ വലിയ മനോവേദനകളാണ്.

കുഞ്ഞുങ്ങളെ ശാരീരികമായും  മാനസികമായും പീഡിപ്പിക്കുന്നവര്‍ക്ക് അവരാരായാലും  കാലതാമസമില്ലാത്ത കൃത്യമായ ശിക്ഷ നിര്‍ബന്ധമാക്കേണ്ടതുണ്ട്. കുഞ്ഞുങ്ങളായതുകൊണ്ട്  അവരെ എങ്ങനെ വേണമെങ്കിലും  ഉപദ്രവിക്കാമെന്നും  പിന്നീട്  അച്ഛന്‍  അമ്മ  എന്നൊക്കപ്പറഞ്ഞ് ഗുരുതരമായ ശിക്ഷകളില്‍ നിന്ന് രക്ഷപ്പെടാമെന്നും ഉള്ള  അവസ്ഥ തിരുത്തപ്പെട്ടേ  മതിയാകൂ. ദൈവങ്ങള്‍  രക്ഷയേകാന്‍ വരാത്ത നമ്മുടെ ഈ കെട്ടകാലത്തില്‍  ചൈല്‍ഡ് ഹെല്‍പ്  ലൈന്‍  നമ്പറുകള്‍  കുഞ്ഞുങ്ങളുടെ താല്‍ക്കാലിക പരിരക്ഷയെങ്കിലും ഉറപ്പാക്കണം. നിയമവ്യവസ്ഥയും സന്നദ്ധ സംഘടനകളും  എന്നു  വേണ്ട  ശരിയായ സാമൂഹിക ഉത്തരവാദിത്തങ്ങള്‍  അല്‍പമെങ്കിലും പാലിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും കൃത്യമായി ചെയ്യേണ്ട ചുമതലയാണ് കുഞ്ഞുങ്ങളുടെ ജീവിത സുരക്ഷ.  

കുഞ്ഞുങ്ങളെ  അപകടപ്പെടുത്തുന്ന ഒരു  സമൂഹത്തിനു ഈ പ്രപഞ്ചത്തില്‍  നിലനില്‍ക്കാനുള്ള  യാതൊരു  അര്‍ഹതയുമില്ല.

19 comments:

ajith said...

എനിയ്ക്ക് കുഞ്ഞുങ്ങളില്ല
അതുകൊണ്ട് ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അതിവൈകാരികമായിപ്പോയേക്കാം

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പലപ്പോഴും മനുഷ്യൻ അന്ധവിശ്വാസങ്ങൾ എന്നു പറയുന്ന വിശ്വാസങ്ങളിൽ വിശ്വസിക്കാൻ കാരണം അനുഭവനഗളും അവനവന്റെ ചുറ്റും നടക്കുന്ന വിശദീകരിക്കൻ പറ്റാത്ത  സംഭവങ്ങളും ആണ്.

എന്തിന് ~ എന്തുകൊണ്ട് എന്ന പല ചോദ്യങ്ങൾക്കും  ഉത്തരം കിട്ടാതെ പോകുന്നു

ഇപ്പോൾ ഞാൻ ഇത് വായിച്ചു കഴിഞ്ഞപ്പോൾ ആലോചിച്ചു പോയി- അഥവാ പുനർജ്ജന്മം ഉണ്ടെങ്കിൽ - സൗമ്യ എന്ന ആ പെൺകുട്ടിയും ഗോവിന്ദചാമിയും മറ്റ് രൂപങ്ങളിൽ - ഗോവിന്ദചാമി പെണ്ണായും സൗമ്യ ആണായും ജന്മം എടുത്തു എന്ന് വയ്ക്കുക 

എന്തായിരിക്കാം സംഭവിക്കുക 

മണിലാല്‍ said...

എന്തു കൊണ്ടും നന്നായി ഈ എഴുത്ത്........

ജന്മസുകൃതം said...

ullu pollikkunna sathyam...!!

Anonymous said...

കലികാലത്തിനു വേദപുസ്തകങ്ങളിലെ ഡെഫനിഷനുകൾക്കും അതീതമായ ക്രൂരതകൾ

jayanEvoor said...

സംശയമൊന്നുമില്ല.
“കുഞ്ഞുങ്ങളെ അപകടപ്പെടുത്തുന്ന ഒരു സമൂഹത്തിനു ഈ പ്രപഞ്ചത്തില്‍ നിലനില്‍ക്കാനുള്ള യാതൊരു അര്‍ഹതയുമില്ല!”

മുഴുവൻ മാനവകുലവും കുറ്റിയറ്റുപോകുന്ന നാൾ അതിവിദൂരമല്ല!

നളിനകുമാരി said...

എന്ത് ചൊല്ലേണ്ടൂ ഞാന്‍ ...കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന പലതരം പീഡനങ്ങളെ കുറിച്ചുള്ള നല്ലൊരു ലേഖനം
അഭിനന്ദങ്ങള്‍ എച്മൂ

ശങ്കരനാരായണന്‍ മലപ്പുറം said...

നന്നായി. നേരത്തെ വായിച്ചിരുന്നു.

പട്ടേപ്പാടം റാംജി said...

മാധ്യമത്തില്‍ വായിച്ചിരുന്നു.
നന്നായി

ശ്രീ said...

നന്നായി, ചേച്ചീ

"ഹിറ്റ്ലര്‍, മുസ്സോളിനി, പോള്‍പോര്‍ട്ട്... ഈ വിദേശപ്പേരുകളുടെ ആവശ്യം ഇപ്പോള്‍ നമുക്കില്ല. അവരെയൊക്കെ പിന്‍ തള്ളാവുന്ന നല്ല സ്വദേശിപ്പേരുകള്‍ എത്രയോ ഇപ്പോള്‍ നമുക്ക് പരിചയമായി"

വളരെ ശരി.

Yasmin NK said...

നല്ല ലേഖനത്തിനു അഭിനന്ദനം. മാധ്യമത്തിൽ വായിച്ചിരുന്നു.

വീകെ said...

നാം ഒരുപാട് മാറിപ്പോയിരിക്കുന്നു.. നമ്മുടെ ചിന്തകളും..!

റോസാപ്പൂക്കള്‍ said...

ഏറ്റവും പുതിയ വാര്‍ത്തയും വായിച്ചു നടുങ്ങി നില്‍ക്കുന്നു. പതിനൊന്നുകാരനെ അച്ഛന്റെ സഹോദരി കുടുക്കിട്ടു കൊന്ന ഞെട്ടിക്കുന്ന വാര്‍ത്ത.

drpmalankot said...

Charity begins at home എന്ന് പറയാറുണ്ടല്ലോ. ചാരിറ്റി മാത്രമല്ല എല്ലാ നല്ലകാര്യങ്ങളുടെയും അല്ലാത്തതിന്റെയുമൊക്കെ ഉറവിടം വീടും, അച്ഛനമ്മമാരുമൊക്കെത്തന്നെയാണ്. ഈ പറഞ്ഞതിന് അപവാദമായി - ഒരേ അച്ഛനമ്മമാർക്ക് പൈശാചിക മനോഭാവമുള്ളവരും അല്ലാത്തവരുമായ സന്താനങ്ങൾ ജനിക്കുന്നു എന്നതും ഭാരത ചരിത്ര സത്യം കൂടി ആണല്ലോ. എന്തൊക്കെ പറഞ്ഞാലും അഭ്യസ്തവിദ്യരുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ലജ്ജാവഹം തന്നെ. നല്ലൊരു ലേഖനം. അഭിനന്ദനങ്ങൾ, ആശംസകൾ.

Muralee Mukundan , ബിലാത്തിപട്ടണം said...

‘ശാരീരികമായ ഉപദ്രവങ്ങള്‍ മാത്രമേ കുഞ്ഞുങ്ങളുടെ കാര്യത്തിലും ഗൌരവമുള്ള കുറ്റങ്ങളായി പരിഗണിക്കപ്പെടുന്നുള്ളൂ എന്നത് നമ്മുടെ നിയമവ്യവസ്ഥയിലെ ഒരു കുറവു തന്നെയാണ്. കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന മാനസിക പീഡനങ്ങള്‍ പലപ്പോഴും ആരുടേയും ശ്രദ്ധയില്‍ പെടാതെ പോകുന്നു. പരീക്ഷയിലെ മാര്‍ക്കും തൊലിയുടെ നിറവും കാഴ്ചയിലുള്ള സൌന്ദര്യവും മുതിര്‍ന്നവരുടെ പലതരം അന്ധവിശ്വാസങ്ങളും കലാഭിരുചിയിലെ ഏറ്റക്കുറച്ചിലുകളും മാത്രമല്ല അച്ഛനമ്മമാര്‍ തമ്മിലുള്ള സ്വരചേര്‍ച്ചക്കുറവിന്‍റെ ഫലമായുള്ള ഉപദ്രവിക്കലുകളും കുഞ്ഞുങ്ങളുടെ ജീവിതത്തിലെ വലിയ മനോവേദനകളാണ്.‘

ശാ‍രീരിക പീഡനത്തേക്കാൾ കുട്ടികളെ ഏറ്റവും കൂടുതൽ ഹിംസിക്കുന്ന ഇത്തരം പ്രവണതകൾ വലുതാകുമ്പോൾ അവരെ മറ്റു ക്രിമിനൽ പാശ്ചാത്തലമുള്ളവരാക്കും..!
നല്ല പോസ്റ്റ് കേട്ടൊ എച്മു..

വിനുവേട്ടന്‍ said...

ലോകം വളരെ മാറിപ്പോയിരിക്കുന്നു... ഇനി ഒരിക്കലും തിരികെ വരാനാകത്ത വിധം മനസ്സുകൾ മരവിച്ചു പോയിരിക്കുന്നു...

vettathan said...

ഏറ്റവും നിസ്സഹായരാണ് കുട്ടികള്‍ അവരോടു എന്തുമാകാം.

A said...

നിറം കെട്ട ഈ കാലത്ത് ജീവിക്കേണ്ടി വന്നതില്‍ ലജ്ജിക്കുക. നന്നായി എഴുതി.

Pradeep Kumar said...

നമ്മുടെ സമൂഹത്തിന്റെ ഗതിവിഗതികൾ കാണുമ്പൾ പേടിതോന്നുന്നു.....