Saturday, October 5, 2013

കായേനും ആബേലും



https://www.facebook.com/echmu.kutty/posts/204992769680025

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013  സെപ്തംബര്‍ 27 ന്  പ്രസിദ്ധീകരിച്ചത് )

വിദ്യാസമ്പന്നരും ഉന്നതോദ്യോഗസ്ഥരുമായ ആ മാതാപിതാക്കന്മാര്‍  പൊട്ടിക്കരയുകയായിരുന്നു.  കേള്‍ക്കുന്ന , കാണുന്ന  ആര്‍ക്കും  സങ്കടം തോന്നുന്ന വിധത്തില്‍...

രണ്ടു  പെണ്‍കുട്ടികളാണവര്‍ക്ക്.  ഇരുവരും തമ്മില്‍  ഒരു സ്നേഹവുമില്ല.  അതെ,  ഈ സദാ വാഴ്ത്തിപ്പാടപ്പെടുന്ന  സഹോദരസ്നേഹമുണ്ടല്ലോ ,   ബ്ലഡ്  ഈസ്  തിക്കര്‍ ദാന്‍  വാട്ടര്‍ എന്ന ആംഗലേയ  പ്രയോഗത്തിലുള്‍പ്പെടുന്ന  കൂടപ്പിറപ്പുകള്‍ തമ്മിലൂള്ള സ്നേഹം....    അതവര്‍ക്ക്  തീരെയില്ല. പരസ്പരം  കണ്ടാല്‍  കടിച്ചു  കീറുമെന്ന മാതിരി ... മൂത്തവളെ  കൊണ്ടു  പോയി കുഴിച്ചിട്  എന്ന് ഇളയവളും ഇളയവളെ  പെട്രോളൊഴിച്ച്  കത്തിക്ക്   എന്ന്  മൂത്തവളും  അലറുമ്പോള്‍  അച്ഛനമ്മമാര്‍ക്ക് പൊട്ടിക്കരയാന്‍ മാത്രമേ കഴിയുന്നുള്ളൂ. 

പെണ്‍കുട്ടികള്‍ മാത്രമായാലും ആണ്‍ കുട്ടികള്‍ മാത്രമായാലും  എന്നു വേണ്ട ആണും പെണ്ണും  കുട്ടികളായി  വീട്ടിലുണ്ടായാലും ഈ  വിരോധവും വഴക്കും ഉണ്ടാകുന്നുണ്ട്.  ആണ്‍കുട്ടിക്ക് വഴങ്ങിക്കൊടുക്കാന്‍  പെണ്‍കുട്ടിയെ  മിക്കവാറും പല കാര്യങ്ങളിലും വീട്ടുകാര്‍  നിര്‍ബന്ധിക്കുമെന്നതുകൊണ്ട്  അത്തരം സാഹചര്യങ്ങളില്‍    വിരോധ മനസ്ഥിതി  അല്‍പം ചില മൂടുപടങ്ങളോടെ  മാത്രമേ  പുറത്തു വരികയുള്ളൂ.   മറ്റ്  സാഹചര്യങ്ങളില്‍ അത്  തികച്ചും  നഗ്നമായി വെളിപ്പെടും.  ഒരു  ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമായാല്‍ വളര്‍ത്താന്‍  എളുപ്പമാണെന്ന പൊതു വിശ്വാസത്തിനു  ഇതും ഒരു കാരണമായിരിക്കാം.

സിബ് ലിംഗ് റിവല്‍റി  എന്ന് ഇംഗ്ലീഷില്‍  പറയുന്ന സഹോദരങ്ങള്‍ തമ്മിലൂള്ള    വഴക്കുകളും മല്‍സരങ്ങളും  ലോകത്തിലെ മുതിര്‍ന്ന മനുഷ്യരില്‍ മൂന്നിലൊന്നു  ഭാഗം പേരും അനുഭവിച്ചിട്ടുള്ളതാണത്രേ! പത്തു വയസ്സിനും പതിനഞ്ചു  വയസ്സിനും  ഇടയ്ക്കുള്ള  കാലത്ത് ഏറ്റവും രൂക്ഷമാകുന്ന    പ്രശ്നം  കാലംചെല്ലുന്തോറും  കുറഞ്ഞു വരാറുണ്ടെങ്കിലും ചില  സഹോദരങ്ങള്‍ക്കിടയില്‍  കൂടുതല്‍  കാലം  നിലനില്‍ക്കാറുണ്ട്.  അറുപതു വയസ്സിനപ്പുറം ഏകദേശം എണ്‍പതു ശതമാനം സഹോദരങ്ങളും   നല്ല  സൌഹൃദം  പുലര്‍ത്തുന്നുവെന്നാണ്  കണക്കുകള്‍ പറയുന്നത്.നല്ല ആരോഗ്യമുള്ളപ്പോള്‍  വഴക്കുണ്ടാക്കാന്‍ ആശയും ഏറുമായിരിക്കാം.  

കാര്യം അത്ര  നിസ്സാരമല്ലെന്ന് മനസ്സിലായല്ലോ. 

കുട്ടികള്‍  തമ്മില്‍  വഴക്കും മല്‍സരവും മൂക്കുമ്പോള്‍  അച്ഛനമ്മമാര്‍  സങ്കടപ്പെടുമെങ്കിലും    പ്രശ്നം  ഉണ്ടാവുന്നതില്‍  വഹിക്കുന്ന  പങ്ക്   അവര്‍ സൌകര്യപൂര്‍വം  മറക്കുകയാണ് പതിവ്.    കുഞ്ഞു വാവ  വരുമ്പോ പിന്നെ  അമ്മേടടുത്ത് കിടത്തില്ല ... അമ്മയ്ക്ക് കുഞ്ഞു  വാവയെ  നോക്കാനുണ്ട്... നീ  വലുതായില്ലേ... നിന്‍റെ  കാര്യം  നിനക്ക് ചെയ്തു കൂടെ എന്നൊക്കെ പറഞ്ഞു  തുടങ്ങുന്നത്  തന്നെ  മുതിര്‍ന്ന കുട്ടിയെ  രണ്ടാമത്തെ കുട്ടിയില്‍  നിന്നകറ്റും. അതുപോലെ മിടുക്കനായ  ചേട്ടനെ കണ്ട് പഠിക്ക്,  അനിയത്തിക്കാണ്  സൌന്ദര്യവും  നിറവും കൂടുതല്‍  .. ഇളയവനാണ് അമ്മയോട് അധികം സ്ഥായി എന്നതു മാതിരിയുള്ള   തികച്ചും അനാവശ്യമായ  താരതമ്യ  പ്രസ്താവനകളും അച്ഛനമ്മമാര്‍  ബോധപൂര്‍വം ഒഴിവാക്കേണ്ടതുണ്ട്.  വഴക്കും ബഹളവും ഉണ്ടാകുമ്പോള്‍ അതീവ പരിഗണന  കാണിച്ച്  പ്രശ്നം പരിഹരിക്കുവാന്‍ തുനിയുന്നതും ആരുടെയെങ്കിലും ഭാഗം പിടിക്കുന്നതും  കുട്ടികളില്‍ തെറ്റായ സന്ദേശം  നല്‍കും .  ചില  മാതാപിതാക്കന്മാര്‍ ,   ഞാനിവിടെ ഇല്ലായിരുന്നു  കേട്ടോ.  അന്നേരം ഇവന്‍  അനിയനെ  വീടിനു ചുറ്റും വലിച്ചിഴച്ചു... അനിയന്‍  കൊച്ചല്ലേ .. അവന്  കരയാനല്ലേ  പറ്റൂ.. എന്ന മട്ടില്‍  ഇമ്മാതിരി വഴക്കുകളിലുള്ള , മൂത്തവന്‍റെ  വാശിയെക്കുറിച്ച്  അതിഥികളോട് അവതരിപ്പിക്കാറുണ്ട്.  ഇത്  ഒരിക്കലും തീരാത്ത പ്രശ്നമായി  മാറുവാന്‍ സാധ്യത ഏറെയാണ്. ചേട്ടന്  ആദ്യം മുതലേ എന്നോട് ഇഷ്ടക്കുറവാണെന്ന്  അനിയന്‍ തെറ്റിദ്ധരിക്കാന്‍ ഇത്  കാരണമാകും, പലപ്പോഴും.  ചേട്ടന്‍  താനൊരു കേമനാണെന്ന്  കരുതാനും ഇതു മതിയാകും. ഒരു വയസ്സാവുമ്പോഴേക്കും തന്നെ അച്ഛനമ്മമാര്‍ പക്ഷം പിടിക്കുന്നതും താരതമ്യം ചെയ്യുന്നതും പരസ്പരം കലഹിക്കുന്നതും കുട്ടികള്‍ തിരിച്ചറിഞ്ഞു തുടങ്ങുമത്രേ! ഒന്നര വയസ്സു മുതല്‍ മൂന്നു വയസ്സിനുള്ളില്‍   കുടുംബത്തെപ്പറ്റിയും തൊട്ടടുത്തുള്ള സാമൂഹ്യ ജീവിതത്തെപ്പറ്റിയും (അയല്‍പക്കവും അടുത്ത മാര്‍ക്കറ്റും പോലെയുള്ള കാര്യങ്ങള്‍) ഒക്കെ സാമാന്യം ഭംഗിയായ ധാരണ അവര്‍ക്കുണ്ടായിക്കഴിയും. അവരോടാണ്   വൈകാരിക പക്വതയില്ലാത്ത മാതാപിതാക്കന്മാര്‍   സ്വന്തം കലഹമനസ്ഥിതിയും  പക്ഷപാതിത്തവും പലതരം  താരതമ്യങ്ങളും  അനാവശ്യമായ അധികാര സമവാക്യങ്ങളും സമൂഹത്തില്‍ നിന്നു സ്വന്തമാക്കിയ സകല  ജീര്‍ണതകളും  നിര്‍ലജ്ജം പ്രദര്‍ശിപ്പിക്കുന്നത്. 

കുട്ടികളുടെ കലഹങ്ങള്‍  മിക്കവാറും  മാതാപിതാക്കന്മാരുടെ കലഹരീതികളെ  പകര്‍ത്തുന്നവയാണ്. വാതില്‍ വലിച്ചടയ്ക്കുന്നതും ചീത്തവാക്കുകള്‍  പറയുന്നതും സാധനങ്ങള്‍ വലിച്ചെറിയുന്നതും ശാരീരികമായി ആക്രമിക്കുന്നതും നിന്ദിക്കുന്നതും അപമാനിക്കുന്നതും എല്ലാം  കുട്ടികള്‍ വീട്ടില്‍ നിന്നു തന്നെയാണ്  പഠിച്ചു തുടങ്ങുന്നത് . നിര്‍ഭാഗ്യവശാല്‍  അച്ഛനമ്മമാരാവാന്‍  മാനസികമായ  യാതൊരു കഴിവും പക്വതയും നേടാതെ, തികച്ചും  ശാരീരികമായി മാത്രം പ്രാപ്തി നേടുന്നവരാണല്ലോ നമ്മില്‍ അധികം പേരും.

കുട്ടികളോടൊപ്പം  സമയം  ചെലവാക്കുവാന്‍  അച്ഛനമ്മമാര്‍ സമയം കണ്ടെത്തുക എന്നതാണ്  അവര്‍  തമ്മിലുള്ള  വഴക്കുകളൂടേയും  മല്‍സരങ്ങളുടേയും   പ്രശ്നം പരിഹരിക്കാനുള്ള  ആദ്യപടി.  വഴക്കുകളില്‍  നിവൃത്തിയുള്ളിടത്തോളം ഇടപെടാതെ, അവര്‍  തമ്മില്‍ അതു  പറഞ്ഞു തീര്‍ക്കാനുള്ള  അവസരം നല്‍കുകയും വേണം. നമ്മള്‍ ഇടപെടുമ്പോള്‍  അതൊരു  പക്ഷംപിടിക്കലായി  മനസ്സിലാക്കപ്പെടാനുള്ള  സാധ്യത അധികരിക്കുകയാണ് ചെയ്യുക. അതുപോലെ നീയാണ് തെറ്റുകാരന്‍ അല്ലെങ്കില്‍ തെറ്റുകാരി എന്ന മട്ടിലുള്ള  ന്യായം വിധിക്കലുകള്‍ പൂര്‍ണമായും ഒഴിവാക്കണം. വ്യത്യസ്തമായ  കാഴ്ചപ്പാടുകള്‍  മനസ്സിലാക്കാനും വിട്ടുവീഴ്ച ചെയ്യാനും അനിയന്ത്രിതമായ   വികാര വിക്ഷുബ്ധത  നിമിത്തം  മറ്റൊരാളെ  മുറിപ്പെടുത്താതിരിക്കാനും   ആവശ്യമായ  പരിശീലനം   കുട്ടികള്‍ക്ക്  മാതാപിതാക്കന്മാര്‍  തന്നെയാണ്  ആദ്യം പകരേണ്ടത്.  കൂടുതല്‍  ക്ഷമ അച്ഛനാണുള്ളതെങ്കില്‍  അച്ഛനും  അല്ല, അമ്മയ്ക്കാണുള്ളതെങ്കില്‍ അമ്മയും  അധികാരത്തിന്‍റെ  അസഹിഷ്ണുതയില്ലാതെ  ഇടപെട്ടേ തീരു. കുട്ടികള്‍ സുരക്ഷിതരാണെന്നും അവരോടുള്ള സ്നേഹം  ഉപാധികളിലധിഷ്ഠിതമല്ലെന്നും  തോന്നിപ്പിക്കാനുള്ള പ്രാപ്തി മാതാപിതാക്കള്‍ നേടിയെടുക്കേണ്ടതുണ്ട്..

നമ്മള്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്ന്  അവരുടെ പ്രശ്നം പരിഹരിക്കാന്‍  പഠിക്കണം.. അല്ലാതെ അവരില്‍  നിന്നകന്നു മാറി  അവര്‍ക്ക് വേണ്ടി  പ്രശ്നം പരിഹരിക്കാന്‍  ശ്രമിക്കരുത്.  ഇത്   കുഞ്ഞുങ്ങള്‍  ജനിച്ചു  വീഴുന്ന നിമിഷം മുതല്‍ ആരംഭിക്കേണ്ട  കാര്യമാണ്.  അങ്ങനെയാവുമ്പോള്‍  ഒപ്പം നില്‍ക്കുന്ന അച്ഛനമ്മമാരുടെ  കൈവിട്ട് അവര്‍  എവിടെയും പോവില്ല. അതുകൊണ്ട് തന്നെ നമുക്ക് പൊട്ടിക്കരയേണ്ടിയും  വരില്ല.

കായേനും ആബേലും  എക്കാലവും  ബൈബിളില്‍  മാത്രം  ഒതുങ്ങട്ടെ എന്ന് ആശിക്കാം.. അതിനായി ബോധപൂര്‍വം  പ്രയത്നിക്കാം.

26 comments:

mini//മിനി said...

വളർത്തുദോഷം ഒരു ദോഷം തന്നെയാണ്.

കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം said...

മക്കളെ എങ്ങനെ വളര്‍ത്തനം എന്നു മാതാപിതാക്കന്‍മ്മാരേ പഠിപ്പിക്കണം അല്ലേ !!!

മൻസൂർ അബ്ദു ചെറുവാടി said...

നന്നായി എച്ച്മൂ . നല്ല നിരീക്ഷണങ്ങൾ . ശ്രദ്ധിക്കേണ്ടിയിരിക്കുന്നു

Sabu Kottotty said...

ഒന്നുകൂടി ചേർത്തു പറയാനുണ്ട് എച്ച്മു. കുട്ടികളെ സംബന്ധിച്ച് മാതാപിതാക്കളെ ബഹുമാനിക്കാൻ മാതാപിതാക്കൾതന്നെ ചെയ്യേണ്ട ഒന്ന്. അച്ഛനോടു ചോദിച്ചു പൊയ്ക്കോ, അച്ഛൻ വഴക്കു പറയൂട്ടോ, അച്ഛനോടു മേടിച്ചോളൂ തുടങ്ങിയ പ്രയോഗങ്ങൾ അമ്മ പറയുമ്പോൾ അച്ഛൻ ബഹുമാനിക്കേണ്ടതും അനുസരിക്കേണ്ടതുമായ ഒന്നാണെന്ന് കുട്ടികളുടെ മനസ്സിൽ അറിയാതെ സ്ഥാനം പണ്ടിക്കും, അതുപോലെ അച്ചനും ശ്രമിച്ചാൽ കുട്ടികൾ നന്നായിക്കൊള്ളും. ഇതാവട്ടെ മിക്കയിടത്തും നടക്കുന്നില്ലെന്നാണ് അനുഭവം....

vettathan said...

മാതാപിതാക്കളുടെ പെരുമാറ്റദോഷം തന്നെയാണ് ഇതിന്നുകാരണം. ആദ്യത്തേകുട്ടിക്ക് മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങളില്‍ നിന്നു താന്‍ പെട്ടെന്നു നിഷ്ക്കാസിതനായി എന്ന തോന്നലുണ്ടാവാം.ചില കേസുകളില്‍ ആദ്യകുട്ടിക്ക് കൊടുക്കുന്ന സ്നേഹവും പരിഗണനയും രണ്ടാമത്തെ കുട്ടിക്ക് കൊടുക്കാന്‍ മാതാപിതാക്ക്കള്‍ക്ക് കഴിഞ്ഞെന്നും വരില്ല.ഫലം-രണ്ടാമത്തേകുട്ടി അന്തര്‍മുഖനും സഹോദരന്‍റെ ശത്രുവുമാകുന്നു.

Pradeep Kumar said...

വീടു നന്നായാല്‍ നാടും നന്നാവും എന്നു കേട്ടിട്ടുണ്ട്. നാടു നന്നാവാനായി ഓരോ വീടും ഒരു സ്നേഹലോകമാക്കി മാറ്റാന്‍ നമുക്കു പരിശ്രമിക്കാം....

the man to walk with said...

mm..ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെ ..

ആശംസകൾ

ബഷീർ said...

>>കുട്ടികളുടെ കലഹങ്ങള്‍ മിക്കവാറും മാതാപിതാക്കന്മാരുടെ കലഹരീതികളെ പകര്‍ത്തുന്നവയാണ്. വാതില്‍ വലിച്ചടയ്ക്കുന്നതും ചീത്തവാക്കുകള്‍ പറയുന്നതും സാധനങ്ങള്‍ വലിച്ചെറിയുന്നതും ശാരീരികമായി ആക്രമിക്കുന്നതും നിന്ദിക്കുന്നതും അപമാനിക്കുന്നതും എല്ലാം കുട്ടികള്‍ വീട്ടില്‍ നിന്നു തന്നെയാണ് പഠിച്ചു തുടങ്ങുന്നത് . നിര്‍ഭാഗ്യവശാല്‍ അച്ഛനമ്മമാരാവാന്‍ മാനസികമായ യാതൊരു കഴിവും പക്വതയും നേടാതെ, തികച്ചും ശാരീരികമായി മാത്രം പ്രാപ്തി നേടുന്നവരാണല്ലോ നമ്മില്‍ അധികം പേരും. << ഈ വരികൾക്ക് അടിവരയിട്ടു പറയട്ടെ.. കുട്ടികളുടെ ആദ്യ അദ്ധ്യാപകർ മാതാപിതാക്കളാണ് .അവരിൽ നിന്ന് തന്നെയാണ് കുട്ടികൾ നല്ലതും ചീത്തയും പഠിക്കുന്നത് അത്യന്തികമായി.. അവർ തന്നെയാണ് കുട്ടികളുടെ വഴികാട്ടികളും വഴികേടാക്കുന്നവരും.. വിചിന്തനീയമായ കുറിപ്പ്..ആശംസകൾ

Aneesh chandran said...

പൂജ്യം മുതല്‍ തുടങ്ങേണ്ട കാര്യങ്ങള്‍ ,തുടരേണ്ട കാര്യങ്ങള്‍.

Unknown said...


അറിയേണ്ട ഒരുപിടി നല്ല കാര്യങ്ങൾ പറഞ്ഞു തന്ന ഒരു നല്ല കുറിപ്പ്.
ആശംസകൾ ചേച്ചി !

ajith said...

വായിച്ചു
നല്ല നിരീക്ഷണം

Cv Thankappan said...

കുട്ടികളെ ചിട്ടയോടെ വളര്‍ത്തേണ്ട കാര്യങ്ങള്‍ നന്നായി പ്രതിപാദിച്ചിട്ടുണ്ട് ഈ കുറിപ്പില്‍....
ആശംസകള്‍

ജന്മസുകൃതം said...

sabu paranjinodu yojikkunnu.

inganoru charcha athyavashyam thanne....nalla nireekshanam echmukkutti....

Aarsha Abhilash said...
This comment has been removed by the author.
പ്രയാണ്‍ said...

good post.....

വീകെ said...

കുട്ടികളെ നല്ല സ്വഭാവമഹിമയോടെ വളരാനുള്ള കുടുംബാന്തരീക്ഷമാണ് ഒരുക്കേണ്ടത്. അത് അഛനമ്മമാരുടേത് മാത്രമല്ല മറ്റു കുടുംബാഗങ്ങളുടേയും ബാദ്ധ്യതയാണ്. നല്ല അയൽ‌പക്കവും ആവശ്യമാണ്.
ആശംസകൾ...

ശിഹാബ് മദാരി said...

എമ്മെൻ വിജയന്സാറിന്റെ ഒരു കുറിപ്പ് വായിച്ചതോർക്കുന്നു.
കുഞ്ഞിലെ കിട്ടുന്ന കാഞ്ഞിരത്തിന്റെ കൈപ്പ് :)

കൊച്ചു കൊച്ചീച്ചി said...

കുട്ടികളായാലും വലിയവരായാലും ജന്തുക്കളായാലും "അധികാരം" വ്യക്തമായി തിരിച്ചറിയുന്നവരാണ് ലോകത്തിലെ ചരജീവികളെല്ലാം. അധികാരം വ്യക്തമായും ശക്തമായും നിര്‍വ്വഹിക്കപ്പെടാത്തിടത്താണ് സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത്.

വീട്ടില്‍ മര്യാദരാമനായ് കുട്ടി സ്കൂളില്‍ തെമ്മാടിയാകാം. തോമാസ് മാഷിന്റെ ക്ലാസ്സില്‍ നല്ലവനായിരിക്കുന്നവന്‍ കമലട്ടീച്ചറുടെ ക്ലാസ്സില്‍ ചെകുത്താനാകും. എല്ലായിടത്തും നന്നായി പെരുമാറുന്ന കുട്ടി അമ്മൂമ്മയുടെ വീട്ടില്‍ ചെന്നാല്‍ മട്ടു മാറും.

അച്ചടക്കവും ഉത്തരവാദിത്വവും അവകാശങ്ങളും സ്ഥായിയായി പാലിക്കപ്പെടുന്ന ചുറ്റുപാടുകളില്‍ "മാത്രം" വളരുന്നവര്‍ക്കേ ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന പ്രശ്നങ്ങളില്‍നിന്ന് തീര്‍ത്തും ഒഴിവാകാനാകൂ (അല്ലെങ്കില്‍ കുറേ വലുതായി തന്നത്താന്‍ മാറണം). പക്ഷേ ഒരു രാജ്യം ഒട്ടാകെത്തന്നെ അരാജകത്വത്തിലാണ്. വീട് എന്ന കൊച്ചു പരിമിതിയില്‍ മാതാപിതാക്കളാല്‍ ആവുന്നതു ചെയ്യാം, but the corrupting influences are all over...

വര്‍ഷിണി* വിനോദിനി said...

ക്ലാസ്സുകളിൽ ഞങ്ങളും നേരിടുന്ന ഒരു പ്രശ്നമാണിത്‌..
വീട്ടിലെ കുഞ്ഞുവാവ അഞ്ചുവയസ്സുകാരന്റെ / കാരിയുടെ ഉറക്കം കളയുന്ന ബാല്യം..അല്ലെങ്കിൽ വരാൻ പോകുന്ന കുഞ്ഞുവാവയെ കുറിച്ച്‌ പേരന്റ്സ്‌ കുത്തി നിറച്ചു കൊടുക്കുന്ന അമിത വിവരണങ്ങൾ..
നിയ്ക്ക്‌ കൂടി ഉപകാരപ്രദമായ പോസ്റ്റ്‌..നന്ദി ട്ടൊ, ഒരുപാട്‌ സ്നേഹമോടെ

ലംബൻ said...

നല്ല നിരീക്ഷണങ്ങള്‍.
ഇതൊക്കെ പ്രയോഗത്തില്‍ വരുത്തുക അതും ഒരുപാട് ടെന്‍ഷനുകള്‍ നിറഞ്ഞ ഇന്നത്തെ ജീവിതത്തില്‍ ഒരുപാടു പരിശ്രമിക്കേണ്ടി വരും. ഇതൊക്കെ പഠിപ്പിക്കാന്‍ വല്ല സ്ഥാപനവും തുടങ്ങേണ്ടി വരുമെന്നാ തോന്നുന്നത്.

മുക്കുവന്‍ said...

സാധനങ്ങള്‍ വലിച്ചെറിയുന്നതും ശാരീരികമായി ആക്രമിക്കുന്നതും നിന്ദിക്കുന്നതും അപമാനിക്കുന്നതും എല്ലാം കുട്ടികള്‍ വീട്ടില്‍ നിന്നു തന്നെയാണ് പഠിച്ചു തുടങ്ങുന്നത് . ...

I disagree this... kids are getting this from other sources too. its easy to pinpoint parents.

TV/school/friends etc are more influence than parents!

Echmukutty said...

വായിച്ച് അഭിപ്രായം എഴുതിയവര്‍ക്കെല്ലാം നന്ദി.. സ്നേഹം..

drpmalankot said...

Nannaayirikkunnu.
''Charity begins at home''. Not only charity, but all else.

Muralee Mukundan , ബിലാത്തിപട്ടണം said...

കൊച്ചു കൊച്ചീച്ചിക്ക് പിന്തുണ പ്രഖ്യാപിക്കുന്നൂ‍ൂ

Aarsha Abhilash said...

കലേച്ചീ , നല്ലൊരു നിരീക്ഷണം . ഒരു കുഞ്ഞാനുസിനെ വളര്‍ത്തി കൊണ്ട് വരുന്നുണ്ട് -അത് കൊണ്ട് ഇതില്‍ പലതും വായികുമ്പോള്‍ , ഇവിടെ ഇടയ്ക്കിടെ വീട്ടില്‍ ഉണ്ടാകുന്ന തമാശകള്‍ ഓര്‍മ്മ വന്നു... നമ്മള്‍ നല്ല മാതാപിതാക്കള്‍ ആയാല്‍ നല്ല മക്കള്‍ താനേ വളര്‍ന്നു വരും .(അനുഭവം ! )

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അച്ഛനമ്മമാരാവാന്‍ മാനസികമായ യാതൊരു കഴിവും പക്വതയും നേടാതെ, തികച്ചും ശാരീരികമായി മാത്രം പ്രാപ്തി നേടുന്നവരാണല്ലോ നമ്മില്‍ അധികം പേരും.

അത് വളരെ ശരി.