Thursday, October 10, 2013

താജ്മഹൽ

https://www.facebook.com/echmu.kutty/posts/546242665555032

27/03/16                                                        
https://www.facebook.com/echmu.kutty/posts/135969599087635806/12/19         


ഗുല്‍മോഹര്‍ ഓണ്‍ ലൈന്‍ മാഗസിനില്‍ ഈ കഥ വന്നിരുന്നു

http://www.gulmoharmagazine.com/gulmoharonline/kadhakal/taj-mahal 

ഒന്ന്
രാത്രിയാകാറായിരുന്നു, ജാനകീ മന്ദിരത്തിലെത്തിയപ്പോൾ. നാട്ടുവഴിയും ടാറിട്ടു നന്നായി മിനുക്കിയിട്ടുള്ളതുകൊണ്ട്  ടാക്സി തിരിഞ്ഞു  പോയപ്പോള്‍, അല്‍പം പോലും പൊടിയുയര്‍ന്നില്ല. നഗരത്തിലേക്കുള്ള എക്സ്പ്രസ് ഹൈവെയിലേക്ക് കയറാന്‍ എളുപ്പമായതുകൊണ്ടാവും ഈ ഉള്‍ നാടന്‍ വഴിക്കും  ടാറിന്‍റെ മിനുക്കം. 
 
പഴയ കാലത്തെ ഏതോ രാജാവിന്‍റെ ആളൊഴിഞ്ഞ കൊട്ടാരം പോലെ നില്‍ക്കുന്ന ജാനകീ മന്ദിരം പടരുന്ന ഇരുളിന്‍റെ പശ്ചാത്തലത്തില്‍ അസ്വസ്ഥത മാത്രമേ തരുന്നുള്ളൂ. ഉമ പരിഹസിക്കും... ബോംബെയിലെ കുടുസ്സു വീട്ടില്‍ ജീവിച്ചു ശീലിച്ച പാലക്കാടന്‍ പട്ടര്‍ക്ക് വലിയ വീടുകള്‍ കാണുമ്പോള്‍ ഭയം തോന്നാതിരിക്കില്ലല്ലോ. അവളുടെ  കണക്കില്‍ ജാനകീ മന്ദിരം ഒരു താജ്മഹല്‍ പോലെ സുന്ദരമാണ്. 

ഏക് ഷെഹന്‍ ഷാ  നെ ദൌലത്ത് കാ സഹാറ ലേകര്‍ 

ഹം ഗരീബോം കി മൊഹബത്  കാ ഉഡായാ  ഹെ മസാക്

മേരി മെഹബൂബ് കഹിം ഓര്‍ മിലാ കര്‍ മുഝ് സേ  

എന്ന് സാഹിര്‍ ലുധിയാന്‍വി എഴുതിയത്  ചൊല്ലിക്കേള്‍പ്പിച്ചപ്പോള്‍  ഉമയുടെ മുഖം  കടന്നല്‍ കുത്തിയതു മാതിരിയായി. 

അവള്‍  പറയുന്നത് സത്യമാവാം.  ഒരു താജ് മഹലായി  ഈ വീടിനെ  കാണാനും മനസ്സിലാക്കാനുമുള്ള സൌന്ദര്യബോധമില്ലാത്തതു  തന്നെയാവാം തന്‍റെ  കുഴപ്പം.   

എന്തായാലും ഉമയുടെ ഭാഗത്തിൽ കിട്ടിയ ഈ കൊട്ടാരം പോലത്തെ വീട് എന്നും പേടിപ്പിച്ചിട്ടേയുള്ളൂ. വലിയ എട്ടുകെട്ടും വില കൂടിയ നിറച്ചില്ലു ജനലുകളും താമര വിരിയുന്ന മച്ചും അര്‍ദ്ധ നഗ്നരായ  ദ്വാരപാലികമാര്‍  നിറഞ്ഞ  തൂണുകളും കണ്ണാടി പോലെയുള്ള തറയും  വെണ്‍കളി  പൂശിയ  മിനുക്കമേറിയ  ചുമരുകളും വലിയ ശരറാന്തലുകളും ..... അങ്ങനെ എല്ലാമുണ്ടെങ്കിലും  ഒരു നിർജ്ജീവതയുണ്ട്  ഈ വീടിന്. ആത്മാവില്ലാത്ത ഒരു കെട്ടിടം. ആരോ തേങ്ങിക്കരഞ്ഞുകൊണ്ടു  ചുറ്റിത്തിരിയുന്നുണ്ട്  ഇതിലെന്നു തോന്നും.  നനഞ്ഞ  കണ്ണുകള്‍ സൂക്ഷിച്ചു  നോക്കിക്കൊണ്ട്  ഒപ്പമുണ്ടെന്ന് എപ്പോഴും തോന്നുന്നത്  അത്ര സുഖമുള്ള  ഒരു ഏര്‍പ്പാടല്ല. 

വലിയ  കെട്ടിടങ്ങള്‍ , കൂറ്റന്‍ തൊടികള്‍അങ്ങനെ തീരെ ആളൊഴിഞ്ഞതും  കാഴ്ചയില്‍  വലുപ്പമേറിയതുമായ  എന്തും  മനസ്സില്‍   വല്ലാത്ത അസ്വസ്ഥത  പകരാറുണ്ട്. ധാരാളം മനുഷ്യര്‍ക്കിടയില്‍, ഒച്ചകളില്‍  ബഹളങ്ങളില്‍  ഒക്കെ  കഴിയാനാണ്  എപ്പോഴും  ഇഷ്ടം.  ജനിച്ചു വളര്‍ന്ന ബോംബെ നഗരം ഇന്നും തീക്ഷ്ണ വികാരമായി  ഞരമ്പുകളില്‍  ഓടുന്നതുകൊണ്ടാവണം.
പക്ഷെ, അതൊന്നും  ഇപ്പോള്‍ ചര്‍ച്ച ചെയ്യാനില്ല. അല്ലെങ്കില്‍ തന്നെ  ഉമയുടെ മുഖത്ത് യാതൊരു പ്രസാദവുമില്ല. അവളെ കൊല്ലാൻ കൊണ്ടുവന്നിരിയ്ക്കുന്നതു പോലെയാണ് മുഖം വീർപ്പിച്ചിരിയ്ക്കുന്നത്.

ആൾത്താമസമില്ലെങ്കിലും വരുമെന്നറിയിച്ചിരുന്നതുകൊണ്ട് അമ്മിണിയും വേലായുധനും വീടും പറമ്പും നല്ല വെടിപ്പാക്കിയിട്ടിട്ടുണ്ട്. അതു ഭാഗ്യമായി. അല്ലെങ്കിൽ നാളെ വീടു വാങ്ങാനെത്തുന്ന ലൂയിസിനു  മുൻപിൽ കാടും പടലും ചിലന്തിയും പഴുതാരയുമൊക്കെ പ്രത്യക്ഷമായേനെ.  വാങ്ങാന്‍  പോകുന്ന  വസ്തു  അവലക്ഷണം പിടിച്ചു  കണ്ടാല്‍  ആര്‍ക്കും  ഒരു  മടുപ്പും അടുപ്പക്കുറവും തോന്നും.

ഉമ മേല്‍ കഴുകി വസ്ത്രം മാറി വന്ന്  ഹോട്ടലില്‍ നിന്നു മേടിച്ച ദോശയും  ചട്ണിയും ഒരു മുഖപ്രസാദവുമില്ലാതെ വിളമ്പി വെച്ചു.അല്‍പം  കഴിച്ചുവെന്ന് വരുത്തി അതിവേഗം ഉറക്കം നടിച്ച് കിടപ്പുമായി. 

 എന്തിനാണ് നമുക്കീ വീടെ ന്ന് അവളോട് പലവട്ടം ചോദിച്ചിട്ടുണ്ട്. അവള്‍ ബോധ്യമാകുന്ന ഒരുത്തരം തന്നിട്ടില്ല. സ്ത്രീകളുടെ പൊതുവായ ഒരു കുഴപ്പമാണല്ലോ എന്തെങ്കിലും ചോദിച്ചാല്‍ അതിനുള്ള  ഉത്തരമൊഴിച്ച്  മറ്റു വല്ലതുമൊക്കെ  മറുപടിയായി തരികയെന്നത്.... ആ കുഴപ്പം ഉമയില്‍ വേണ്ടുവോളമുണ്ട്. അവളുടെ   ഭാഗത്തില്‍ കിട്ടിയ വീടിന്‍റെ കാര്യത്തിലും   ബന്ധുക്കളുടെ കാര്യത്തിലും   ജോലിയുടെ  കാര്യത്തിലും  അതു എല്ലാ മറയും നീക്കി  എപ്പോഴും പ്രകടമാവുകയും ചെയ്യും.

മുഖം വെറുതെ വീര്‍പ്പിക്കണ്ട  എന്നു പറയണോ? വേണ്ട.... പിന്നെ വീണ്ടും ചര്‍ച്ചയാകും. ഒടുവില്‍ കലശലായി കോപം വരും. അപ്പോള്‍ നാക്കു തെറ്റി  എന്തെങ്കിലും  പറഞ്ഞുപോകും. പിന്നെ അതിനെച്ചൊല്ലിയാവും വഴക്ക്. ഒടുവില്‍ സങ്കടമായി, തേങ്ങിക്കരച്ചിലായി, സ്നേഹത്തിന്‍റെ  കണക്ക് പറച്ചിലായി... അപ്പുറത്തെ മുറിയില്‍ പോയി കിടക്കലായി...  കണ്ണേ, എന്നു വിളിച്ച്  കെട്ടിപ്പിടിക്കാന്‍  കുഞ്ഞും കൂടി ഇല്ലാത്ത സ്ഥിതിക്ക്  അങ്ങനെ  അവളില്ലാതെ  ഒറ്റയ്ക്കുള്ള കിടത്തം എന്നും  കഠിനമായേ തോന്നിയിട്ടുള്ളൂ. 
 
ഇതൊന്നും വേണ്ട. ഇന്നെന്തായാലും വേണ്ട... ഒരു പരിചയവുമില്ലാത്ത പെരും പണ്ടാരം പോലെയുള്ള ഈ വീട്ടില്‍ അവള്‍  പിണങ്ങി അപ്പുറത്തെ മുറിയില്‍ പോയി കിടക്കുന്നത് ഒരു സുഖവുമില്ലാത്ത കാര്യമാണ്. മനോഹരമായ ജീവിതം പലപ്പോഴും മൌനത്തിന്‍റെ അക്ഷരങ്ങളാല്‍ എഴുതപ്പെട്ട ഒരു പുസ്തകമാണെന്ന്  ആരോ പറഞ്ഞിട്ടില്ലേ?   
    
വഴക്കുണ്ടായാല്‍ പിന്നെ തൊട്ടു കിടക്കുന്നതു പോലും അവള്‍ അടുത്ത വഴക്കിനുള്ള കാരണമാക്കിക്കളയും. അതുകൊണ്ട് തൊടാതെ സൂക്ഷിച്ച് എന്നാല്‍ അധികം അകലമിടാതെ നീങ്ങിക്കിടന്നു. അകലം അധികമാകുന്നതും അപകടമാണ്. 

ഉമ വെറുതെ വാശി പിടിക്കുകയാണ്. അവള്‍ക്ക് അമേരിക്ക വിട്ടു വരാനൊന്നും കഴിയില്ല. കാര്യം എല്ലാവരും പറ്റുമ്പോഴൊക്കെ അമേരിക്കയെ തെറി വിളിക്കുമെങ്കിലും അവിടെ ചെന്നു കഴിഞ്ഞാല്‍  ആര്‍ക്കും തിരിച്ചു വരണമെന്നില്ല. അതാണ് സത്യം. എങ്കിലും നാട്, തറവാട്, ഉല്‍സവം,  ചെമ്മണ്ണിട്ട വഴി, പായല്‍ മൂടിയ കുളം,  തവളകളുടെ കരച്ചില്‍..... എന്നൊക്കെ കരയുകയും വേണം . അമേരിക്കയില്‍ തലയും കൈയും നെഞ്ചും വയറും വെച്ച് നാട്ടില്‍ കാലും ചവിട്ടി നില്‍ക്കണമെന്നാണ് എല്ലാവര്‍ക്കും ആഗ്രഹം. ഉമയ്ക്കും അങ്ങനെ തന്നെ. പക്ഷെ, സമ്മതിക്കില്ല അതാണ് വാസ്തവമെന്ന്... ആദ്യം കുറെ നാള്‍ വാദിച്ചു നോക്കി. എല്ലാവരുടെ ഉള്ളിലും ചില്ലറ നാട്യവും കള്ളത്തരങ്ങളുമൊക്കെയുണ്ടാവും.. ഭാര്യയായാലും അമ്മയായാലും അമ്മൂമ്മയായാലും അതങ്ങനെയാണ്. അതിനെ വലിച്ചു പുറത്തിടുവാന്‍ ശ്രമിക്കുന്നതും അതിനെ അഭിമുഖീകരിക്കുവാന്‍ അവരോടു പറയുന്നതും വെറുപ്പും അകല്‍ച്ചയുമേ സൃഷ്ടിക്കു. അതു മനസ്സിലായ നിമിഷം ആ ഏര്‍പ്പാട് നിറുത്തി. 

എന്നിട്ടും ഈ വീട്  സ്വൈര്യം കെടുത്താന്‍  തുടങ്ങിയിട്ട് കാലം കുറച്ചായി.  

നിനക്കാ വീട്  കിട്ടീട്ട് നീയെന്താ ചെയ്തത്? വെറൂതേ അടച്ചിടുക എന്നല്ലാതെ..
 
അമ്മിണീം വേലായുധനും കൂടി ആ വീടും പറമ്പും തിന്നു തീര്‍ക്കും.'  

പെണ്‍കുട്ടികള്‍ക്ക് തറവാട്ട് സ്വത്ത് കൊടുത്താല്‍ ഇങ്ങനെയാണ്. നോക്കാതെ നശിപ്പിച്ചു കളയുകയേ ഉള്ളൂ.
 
ഉമയുടെ  അടുത്തവരും അകന്നവരുമായ ബന്ധുക്കള്‍ ഈ മെയിലിലും ചാറ്റിലും  കൂര്‍പ്പിച്ച  അമ്പുകളും കുന്തങ്ങളുമായി അണിനിരക്കുകയായിരുന്നു. ബന്ധുത്വത്തിന്‍റെ പേരില്‍ കുറഞ്ഞ വിലയ്ക്ക് വീട് മേടിച്ച് സഹായിച്ചു കളയാമെന്ന് വിചാരിച്ചവരും അത് തുറന്നെഴുതിയവരും കുറവല്ല.
അമേരിക്കയില്‍ വീടും മേടിച്ച്  സിറ്റിസന്‍ഷിപ്പും  കിട്ടാറായപ്പോഴാണ്  സ്വയം തോന്നിയത്... ഇങ്ങനെയൊരു കൊട്ടാരം കൊണ്ട് എന്തു  ചെയ്യാനാണെന്ന്... ഇനി തിരികെ വന്ന് ഈ നാട്ടില്‍ സെറ്റില്‍ ചെയ്യാനൊന്നും പോകുന്നില്ല. അല്ലെങ്കില്‍ പിന്നെ അമേരിക്കക്കാര്‍ ചൂലെടുത്ത് അടിച്ചിറക്കണം... അങ്ങനെ വന്നാലും പൌരത്വം, ദയവോടെ  പതിച്ചു  തന്ന് ഏറ്റെടുത്തവരെ അവസാനമായിരിക്കില്ലേ  പറഞ്ഞു വിടുന്നത്?  പറഞ്ഞു വിട്ടാല്‍ എവിടെ പോവുമെന്നത് വേറെ കാര്യം. 

ചിലപ്പോള്‍ കടുത്ത നിന്ദ തോന്നും. എന്തിനാണ് ഈ ജീവിതം ... എന്തിനാണ് ഇത്രയും ഉയര്‍ന്ന ജോലി... എന്തിനാണ് സമ്പാദ്യം... 

ഒരു കുഞ്ഞും കൂടിയില്ല.. അതിനു വേണ്ടി  എന്നൊരു  വഴുപ്പന്‍ ന്യായം  എഴുന്നള്ളിക്കാന്‍... 

ഇമ്മാതിരിയുള്ള ആലോചനകള്‍  കൊണ്ടാണോ  എന്തോ ഒട്ടും ഉറക്കം വരുന്നില്ല.  ഉഷ്ണിക്കുന്നതു പോലെ...ഒരു  വീര്‍പ്പുമുട്ടല്‍  പോലെ ...  

മെല്ലെ എഴുന്നേറ്റ്  ജനല്‍ തുറന്നു. വിശാലമായ പറമ്പ് നിലാവില്‍ മുങ്ങിക്കുളിച്ചു കിടക്കുന്നു.... അകലെ  തൊഴുത്ത്,  വലത്തോട്ട് മാറി അതി വിശാലമായ നെല്ലു കുത്തു പുര... അതിനുമപ്പുറത്ത് ജനറേറ്റര്‍ റൂം.  അവിടെ മാത്രം  കട്ടപിടിച്ച ഇരുട്ട് .. കൂറ്റന്‍  കടപ്ലാവിന്‍റെ നിഴല്‍ പരന്നതുകൊണ്ടാവണം... നാട്ടുവഴിയില്‍ നിന്ന് തെരുവു നായ്ക്കളുടെ ദയനീയമായ മോങ്ങലുയരുന്നുണ്ട്. വല്ലതും അനങ്ങുന്നതു കണ്ട് അവ ഭയപ്പെടുന്നുണ്ടോ ആവോ . 

അപ്പുറത്തെ  വിസ്താരമേറിയ കുളത്തിലേക്ക് ഒരു നിമിഷം കണ്ണു പായിച്ചപ്പോഴാണ് ഞടുങ്ങിപ്പോയത്. ആരാണ് ഇടിഞ്ഞുപൊളിഞ്ഞ  അരമതിലില്‍ ഇരിക്കുന്നത്..   നിലാവു വീണു തിളങ്ങുന്ന ആഭരണങ്ങളുടെ ഭയപ്പെടുത്തുന്ന മിനുക്കം.. കണ്ണുകള്‍ തിരുമ്മി ഒന്നു കൂടി ശ്രദ്ധിച്ചു.

അതെ,  അവിടെ ആരോ ഇരിക്കുന്നുണ്ട്. കൊത്തിവെച്ചതു പോലെ ... ജനലിനരികിലൂടെ ഏതോ ഒരു രാക്കിളി ദയനീയമായി കരഞ്ഞുകൊണ്ട്   ചിറകടിച്ചു  പറന്നകലുന്നു. 

ഈശ്വരാ!  ഭയം അള്ളിപ്പിടിക്കുന്നുവല്ലോ ... 

ആരാദ്... ആരാ?
 
ഒച്ച പൊന്തുന്നില്ല... ടോര്‍ച്ച് ഞെക്കാനുള്ള ബലം പോലും തോന്നുന്നില്ല. 

രണ്ട് 

അറിയില്ലെന്നെ  ... കാണുന്നതാദ്യമെന്നെ  ...
 
അടക്കിപ്പിടിച്ച ഒച്ചയില്‍ ചെവിയില്‍ സംസാരിക്കുന്നത് ആരാണ് ?  നല്ല വ്യക്തമായ വാക്കുകള്‍, അല്‍പം കിതപ്പ് തോന്നുന്നതൊഴിച്ചാല്‍ ..... ആരോഗ്യവും ചെറുപ്പവും തുളുമ്പുന്ന ശബ്ദം. 

ഒരു പരിചയവും കിട്ടുന്നില്ല. പതുക്കെപ്പതുക്കെ മുഖവും പുടവ മൂടിയ ശരീരവും തെളിഞ്ഞു വന്നു. പുടവയുടെ നിറം തീരെ മനസ്സിലാകുന്നില്ല. ആഭരണങ്ങള്‍ക്ക് അസാധാരണമായ ഒരു  വന്യതയുടെ  തിളക്കം.. ഇതാരാണീ സ്ത്രീ.. ഇവരെപ്പോഴാണ്  ഈ മുറി യിലേക്ക് കടന്നു വന്നത്?

ഉമ എഴുന്നേറ്റാല്‍.. പാതിരാത്രിയില്‍  ഒരു സ്ത്രീയോടൊപ്പം കണ്ടാല്‍.. ഉമ വെറുമൊരു  ഭാര്യ മാത്രമല്ല, വിദേശത്ത് തനിക്കൊപ്പം ജോലി ചെയ്യുന്ന ഡോക്ടറാണെന്നതൊക്കെ ശരി തന്നെ... എന്നാലും...എന്തും  വിളിച്ചു  പറയാനാവുന്ന വെറുമൊരു  നാടന്‍ ഭാര്യ മാത്രമായിത്തീരാന്‍  അവള്‍ക്ക് സെക്കന്‍ഡുകള്‍ പോലും വേണ്ട.  പലവട്ടം അതു ബോധ്യമായിട്ടുള്ളതാണ്. 

അവള്‍ ഇപ്പോള്‍  എണീക്കില്ല. ഞാന്‍ പോയാലേ  എണീക്കു ...
 
ഭയം കൊണ്ട് പല്ലുകള്‍ കൂട്ടിയിടിച്ചു. ഒരു സ്ത്രീ രൂപത്തേയും ജീവിതത്തിലിന്നു വരെ ഇത്രയും ഭയപ്പെട്ടിട്ടില്ല. ബോധം ഇല്ലാതാകുകയാണോ എന്ന് തോന്നി. എന്നാലും  ആ രൂപത്തെ പിന്തുടരാതിരിക്കാന്‍ കഴിയുന്നില്ല. വശ്യമന്ത്രം ജപിച്ചുകൊണ്ടാണോ ആ സ്ത്രീ നടക്കുന്നത്? ഇങ്ങനെ ഒരു കോവണിപ്പടി ഈ മുറിയില്‍ ഏതു കോണിലായിരുന്നുവെന്ന്  ഓര്‍ക്കാന്‍  പോലും ഇപ്പോള്‍ പറ്റുന്നില്ല. ചുവരില്‍ നിന്നു  മുളച്ച് വന്ന മാതിരി  ഇങ്ങനെയും പടികളോ.    .. 

താഴോട്ടാണോ  പോകുന്നത്? അതോ മുകളിലേക്കാണോ? മുറികളുടെ ഇരു വശങ്ങളിലുമുള്ള അടച്ചിട്ട കൊച്ചു വാതിലുകള്‍ ആ സ്ത്രീയെങ്ങെനെ തുറക്കുന്നു ഇത്ര എളുപ്പത്തില്‍ ... ഒന്നുറപ്പായി ഇവര്‍... ആരായാലും   ഈ വീട്  ഏറെ പരിചിതമാണ്.  

ഇപ്പോള്‍ താഴോട്ടുള്ള കുറെ പടവുകള്‍ ഇറങ്ങിക്കഴിഞ്ഞു.

ഇതേതാണീ മുറി? ഈ വീട്ടില്‍ ഇങ്ങനെ ഒരു മുറിയോ? ഒരു തണുത്ത കാറ്റ്  വീശുന്നതു പോലെ... അടുത്തെവിടെയെങ്കിലും പുഴ ഒഴുകുന്നുണ്ടാവുമോ അതോ  ഒരു ജലപേടകത്തില്‍ എത്തിപ്പെട്ടുവോ?

ഇരിക്കു  എന്ന് ക്ഷണിച്ച ശബ്ദത്തിന് അസാധാരണമായ മുഴക്കം. ഇനി  ഇത് ഈ വീട്ടിനടിയിലുള്ള  ഒരു ഗുഹയാണോ

ചുറ്റും നോക്കി. എവിടെ ഇരിക്കാനാണ്...  ആ സ്ത്രീ ഇരിക്കുമ്പോലെ  വെറും തറയില്‍ തന്നെ പടഞ്ഞിരിക്കാനാണോ ആവശ്യപ്പെടുന്നത്. ?

അടുത്ത ചോദ്യം പൊടുന്നനെയായിരുന്നു. കുറച്ചു തീക്ഷ്ണവുമായിരുന്നു. 

ലൂയിസിന് വീട് കൊടുക്കുകയല്ലേ?

നീരസമാണ് തോന്നിയത്. 

ഹു ആര്‍ യൂ ടൂ ആസ്ക് സച്ച് ക്വസ്റ്റ്യന്‍സ് ?
 
അതി ഭയങ്കരമായ ഒരു പൊട്ടിച്ചിരി കേട്ടു.  വെള്ളം കളകള ശബ്ദത്തോടെ ഇരമ്പിക്കയറുകയായിരുന്നു. പാദങ്ങളില്‍ മീനുകള്‍ കൊത്തുന്നുണ്ടായിരുന്നു.   വലുതും ചെറുതുമായ ജലസസ്യങ്ങള്‍  ചുറ്റിവരിഞ്ഞ് ശ്വാസം തടയുന്നതു പോലെ തോന്നി. എത്ര ശ്രമിച്ചിട്ടും ജല നിരപ്പില്‍ നിന്നുയരാന്‍  കഴിയുന്നില്ല. ശ്വാസകോശങ്ങളില്‍ വെള്ളത്തിന്‍റെ  കയ് പേറിയ സമ്മര്‍ദ്ദം...  

അഹങ്കരിക്കരുത്.  നീ ഒന്നുമല്ല. ആരുമല്ല. നിന്‍റെ പഠിത്തവും ആണത്തവും കേമത്തവുമെല്ലാം ഈ വെള്ളത്തില്‍ വെറും  കണികകളായി അലിഞ്ഞു ചേരും. ഉത്തരങ്ങള്‍   തരുന്നതാണ് .... അതു മാത്രമാണ് നിന്‍റെ ജോലി.

ഭയം ഒരു പെരുമ്പാമ്പായി വിഴുങ്ങിക്കഴിഞ്ഞിരുന്നു. തൊണ്ട വരണ്ടു. കൈകാലുകള്‍ ജെല്ലി പോലെ തളര്‍ന്നു കുഴഞ്ഞു. 

മൂത്രമൊഴിച്ചു  പോകുമോ?

അപ്പോള്‍ പൊടുന്നനെ ജലഭയം തല്‍ക്കാലം  വഴിയൊഴിഞ്ഞതായി... പക്ഷെ, അരികിലെങ്ങോ തക്കം നോക്കി കാത്തു നില്‍ക്കുന്നതായി... തണുത്ത കാറ്റും... എന്തൊക്കേയോ ചില  അപരിചിത ശബ്ദങ്ങളും  ചേര്‍ന്ന്   ധ്വനിപ്പിച്ചുകൊണ്ടിരുന്നു .

ലൂയിസ് വീട് വാങ്ങാമെന്ന് പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ ഇത്തവണ അത് കരാറായേക്കും.   ഘന ഗംഭീരമെന്ന്  എല്ലാവരും  പുകഴ്ത്തിപ്പറയാറുള്ള ,  സ്വന്തം ശബ്ദത്തിന്‍റെ തളര്‍ച്ചയും ഇടര്‍ച്ചയും ഇപ്പോള്‍  തികച്ചും  അവിശ്വസനീയമായിത്തോന്നി . 

ലൂയിസിനു വീട് വില്‍ക്കണം. അതെന്‍റെ തീരുമാനമാണ്. അവനീ വീട് ഇടിച്ചു  പൊളിക്കും. ആ കുളം മണ്ണിട്ട് നികത്തും.  നെല്ലു കുത്തു പുരയും ജനറേറ്റര്‍ മുറിയും എല്ലാം തകര്‍ന്നു വീഴും  ഇവിടെ പഴയതായി  യാതൊന്നും ശേഷിക്കില്ല   ലോഹം പോലെ  തണുത്ത ഉറച്ച വാക്കുകള്‍...അവയില്‍ ഒരു പരിഹാസമോ പുച്ഛമോ ക്രൂരതയായി  മുറിയുന്നുണ്ടായിരുന്നു.  

 ഈ സ്ത്രീയ്ക്ക് അതെങ്ങനെ തീരുമാനിക്കാന്‍   കഴിയും. വീട് ഉമയുടേതാണ്. അവള്‍ക്ക്  എല്ലാം  ബോധ്യപ്പെട്ട്  ഒപ്പിട്ടില്ലെങ്കില്‍ ആരു തീരുമാനിച്ചാലും ഈ വീട് വില്‍ക്കാന്‍ സാധിക്കുകയില്ല. ഭര്‍ത്താവാണെങ്കിലും  ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല.    മാരണം  വിറ്റിട്ട്  വേണമല്ലോ ലൂയിസിനു ഇടിക്കാനും പൊളിക്കാനും... 

വീട് ഉമയുടെ അല്ല. അത് അവള്‍ക്ക് കിട്ടിയ ദാനമാണ്.
 
ഇവര്‍ ആരാണ്.... മനസ്സ് വായിക്കുന്ന  ഈ സ്ത്രീ...     

ഇതുവരെ ലൂയിസ് ഈ വീട് അന്വേഷിച്ചു വന്നില്ല. അതാണ് വില്‍പന നടക്കാതിരുന്നത്. ഞാന്‍  ഇക്കാലമത്രയും ലൂയിസിനെ കാത്ത് ഈ വീട്ടിലിരിക്കുകയായിരുന്നു. ഇപ്പോള്‍ ലൂയിസ് വന്നു. വീട് അവന്‍റേതായി മാറുകയും ചെയ്യും.  

ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലല്ലോ, ഇവിടെ. ഉമ പറഞ്ഞിട്ടുമില്ല.
 
ലോഹക്കഷണങ്ങള്‍ കുടത്തിലിട്ട് കുലുക്കും പോലെ ഭീതിപ്പെടുത്തുന്ന ചിരിയുയര്‍ന്നു. രോമങ്ങള്‍ എഴുന്നു വരുന്ന മാതിരി തോന്നി.  ഭയം അതിന്‍റെ ദാര്‍ഢ്യമേറിയ  കൈകാലുകള്‍ കൊണ്ട്  കെട്ടി വരിഞ്ഞു  തൊണ്ടക്കുഴിയില്‍   ഇരുമ്പ്  വിരലമര്‍ത്തുന്നു  .  

 മൂന്ന്.

കാണാന്‍ തോന്നിയതിപ്പോഴാണ്. ചിരിയൊതുക്കിയ ശബ്ദത്തില്‍ പുച്ഛം തന്നെയായിരുന്നു. 

അടുത്തെവിടെയോ നിന്ന് ഒരു  മൂങ്ങ  തുടര്‍ച്ചയായി  ശബ്ദിച്ചു. ഞാനിവിടെയുണ്ടെന്ന് അറിയിക്കുന്നതു മാതിരി... 

വരുന്നു വരുന്നു അവര്‍ ആരോടെന്നില്ലാതെ പറഞ്ഞു. ആ ശബ്ദം മൃദുലമായിരുന്നു. അതില്‍  പുച്ഛമോ പരിഹാസമോ ഉണ്ടായിരുന്നില്ല. അടുപ്പമുള്ള ഒരു  സുഹൃത്തിനോട് സംസാരിക്കുന്നതു പോലെ തരളമായിരുന്നു ...  

എനിക്കൊന്നും മനസ്സിലായില്ലല്ലോ. വീട്  ഉമയുടെ അല്ലെന്ന്   പറഞ്ഞതെന്താണ് ?  അല്‍പം ധൈര്യം സംഭരിച്ച് ചോദിക്കാന്‍ കഴിഞ്ഞത് ആ ശബ്ദത്തില്‍ വന്ന ചെറിയൊരു മാര്‍ദ്ദവത്തിന്‍റെ  തലോടലിലായിരുന്നു.

ഉമ  ആങ്ങളയുടെ കൊച്ചു മോളാണ്. സ്വാമിയുടെ സ്വത്തായ ഈ വീട് പിന്നെങ്ങനെ ഉമയുടേതാവും? ഈ വീട് തല്‍ക്കാലം അവളെ ഏല്‍പിച്ചുവെന്ന് വെച്ച് വീട് അവളുടേതാവില്ല.  ഇത് ലൂയിസിനുള്ളതാണ്. അവന്‍ തരുന്ന പണവും മേടിച്ച്  ഉമ പോയേ തീരു. കാരണം ഇതെ ല്ലാം തീരുമാനിക്കുന്നത് ഞാനാണ്.  

കള്ളം,  പച്ചക്കള്ളമെന്ന് ഉറക്കെ അലറാന്‍  തോന്നി.

 ഇത്  ഉമയുടെ അമ്മയല്ല. അവര്‍ മരിച്ചു പോയിട്ട്  പത്തു പതിനഞ്ചു വര്‍ഷമായി. ഇവര്‍ ആരാണ് ... ഉമയുടെ അച്ഛന്‍റെ വീടിന്‍റെ കാര്യം  തീരുമാനിക്കാന്‍ ഇവര്‍ എവിടുന്നു  വന്നു ഇപ്പോള്‍? ലൂയിസ് ഇവരുടെ ആരാണ് ? ലൂയിസ്  എന്തായാലും ഒരു ക്രിസ്ത്യാനിയാണ്. അത്രയ്ക്കങ്ങ്  വിശ്വസിക്കണ്ട അയാളെ. ഇനി അയാള്‍ വല്ല നാടക നടിമാരേയും ചട്ടം കെട്ടി വിട്ടതാവുമോ ഭയപ്പെടുത്തി കുറഞ്ഞ വിലയ്ക്ക് വീട്  മേടിച്ചെടുക്കാന്‍.... അമേരിക്കയില്‍ ജോലി ചെയ്യുന്ന ഡോക്ടറാണെങ്കിലും ആഫ്റ്റര്‍  ആള്‍,   വെണ്ടയ്ക്കയും പടവലങ്ങയും തിന്നുന്ന ഒരു   പാവം പട്ടരു തന്നെയല്ലേ,   പാതിരായ്ക്ക്  പുടവയുടുത്ത ഒരു   സ്ത്രീ വന്ന് പിച്ചും പേയും പറഞ്ഞാല്‍ കിട്ടിയ വിലയ്ക്ക് ,  വീട് വിറ്റിട്ട്  ജീവനും വാരിപ്പിടിച്ച് ,  ഭയന്ന് ഓടിക്കൊള്ളുമെന്ന് വിചാരിച്ചു കാണും. 

കെട്ടിടം കുലുങ്ങുമാറുയര്‍ന്ന പൊട്ടിച്ചിരിയില്‍  ശരീരമാകെ ചെറുകഷ്ണങ്ങളായി ചിതറിത്തെ റിക്കുകയായിരുന്നു.  ഐസു പോലെ തണുത്ത കൈത്തലം കൊണ്ട് ആ സ്ത്രീ തോളുകളില്‍ അമര്‍ത്തിപ്പിടിച്ചപ്പോള്‍  ഭയം കൊണ്ട് കണ്ണുകള്‍ അടഞ്ഞു പോയി. 

ഒരു വിഷപ്പാമ്പിന്‍റെ സീല്‍ക്കാരം കാതുകളെ ചൂടു പിടിപ്പിച്ചു. 

ലൂയിസിന്‍റെ അപ്പൂപ്പന്‍  തന്ന  ഔദാര്യമാണ് ഈ എട്ടുകെട്ട്.. അതു മറക്കരുതാരും .. ആ കടം വീട്ടിയേ തീരു.  
                                                                                                                         
കണ്ണുകള്‍ തുറന്നപ്പോള്‍ കണ്ടത് ഒരു വലിയ കട്ടിലാണ്.  പുടവയകന്നു മാറിയ  ദുര്‍ബലമായ കാലുകളാണ്. പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ള പെണ്‍ദേഹം.. അരക്കെട്ട് തകര്‍ന്ന് കാലുകള്‍ അകന്ന് തുന്നല്‍ വിട്ട  തുണിപ്പാവയെ പോലെ...കുതിച്ചൊഴുകുന്ന ചോരയുടെ അരുവിയില്‍  ഭയന്ന്  വിളറി..പതറി  മൂലയില്‍ നില്‍ക്കുന്നത്  നഗ്നമായ  ഒരു  ആണ്‍ശരീരമാണ്  .... 

പുടവയുടെ രക്തവര്‍ണവും  ആഭരണങ്ങളുടെ തിളക്കവും  പെട്ടെന്ന്  നേര്‍ത്ത പരിചയമായി മനസ്സില്‍ തെളിഞ്ഞു.

ഇതെന്തു പറ്റി? ആരാണയാള്‍ .... അയാളിപ്പോള്‍  എങ്ങനെ ...  ഈ മുറിയില്‍ വന്നു? ഇതേതു കൊച്ചുകുട്ടിയാണ്? ഇനി  അവളെ ചികില്‍സിക്കാനാണോ  വന്നത്?   
  
പഠിച്ച്  ഡോക്ടറാകുവാന്‍  തോന്നിയ നിമിഷത്തെ ശപിച്ചു, കണ്ണു കിട്ടിയതും ചെവി കേള്‍ക്കുന്നതുമായ  അനുഗ്രഹത്തെ ശപിച്ചു.   

ഒരു ബ്രാഹ്മണന് ഋതുശാന്തിയും  ശാന്തി മുഹൂര്‍ത്തവും അറിയാതിരിക്കില്ലല്ലോ. അവരുടെ  ശബ്ദത്തില്‍  പിന്നെയും വഴിയുന്നത്  പുച്ഛമാണ്... അടക്കിയ പരിഹാസമാണ്. 

ഇതേത് അതിക്രമിയുടെ ശാന്തി മുഹൂര്‍ത്തമാണ്? ഇവനെയൊക്കെ  അടിച്ചുകൊല്ലുകയാണ് വേണ്ടത്.  അടിമുടി മുള്ളുകളില്‍ കോര്‍ത്ത് വലിക്കുകയാണ് വേണ്ടത്.
    
ശാന്തി മുഹൂര്‍ത്തം!  അവന്‍റമ്മേടെ തലയാണ്. 

നിങ്ങള്‍ ഈ അതിക്രമം കണ്ടിട്ട്  വീടിന്‍റെ വില്‍പനയെ കുറിച്ച്  പറഞ്ഞുകൊണ്ട്   ഇവിടെ  വെറുതേ  ഇരിക്കുകയാണോ? നമുക്ക്  ആശുപത്രിയില്‍ പോകാം. ഞാന്‍ ആംബുലന്‍സ് വിളിക്കാം."

വിറയ്ക്കുന്ന വിരലുകള്‍ പൈജാമയുടെ  പോക്കറ്റില്‍ നിന്ന് മൊബൈല്‍ എടുത്തപ്പോഴേക്കും ഒരു വലിയ ജലപ്പാളി അലയലയായി ഉയര്‍ന്ന് വിലപിടിപ്പുള്ള  ആ ഫോണിനെ ഒഴുക്കിക്കൊണ്ടു പോവുന്നതു മാതിരിയായിരുന്നു.   കുളത്തിന്‍റെ ഇടിഞ്ഞു പൊളിഞ്ഞ  കരയിലാണ് ആ സ്ത്രീയോടൊപ്പം  ഇരിക്കുന്നതെന്ന് അപ്പോഴേ  മനസ്സിലായുള്ളൂ.  

ഭയത്തോടെ പുറം തിരിഞ്ഞു നോക്കി. ദൂരെ മഞ്ഞിന്‍മറയുടെ അപ്പുറത്തെന്ന പോലെ ഉമയുടെ വീട്... അതിനു ചുറ്റും വെള്ളമാണ്.. വെള്ളമോ അല്ല... ചുവപ്പ് നിറമുള്ള വെള്ളം... അല്ല... ചോരയുടെ  മണം പരക്കുന്നു.... 

ചോര... യോനിയില്‍ നിന്നൊഴുകിപ്പരക്കുന്ന ചുടുചോര.. ചോരയുടെ പച്ചമണമുള്ള കാറ്റ്... ആ വീട് വിറച്ചു തുള്ളുകയാണോ ... ഈശ്വരാ! ഉമ ... ഉമ അവള്‍ അതിനുള്ളിലായിപ്പോയല്ലോ...

ഉമാ.. എത്ര ഉറക്കെ അലറിയിട്ടും ശബ്ദം പുറത്തു വന്നില്ല. നായ്ക്കള്‍ വലിയ ശബ്ദത്തില്‍ ഓലിയിടുന്നത് കേട്ടു. മൂങ്ങയും തെരു തെരെ  മൂളുന്നു..   
  
തുലഞ്ഞു പോകട്ടെ.. ഇതിനൊക്കെ കാരണമായവര്‍ ആരായാലും തുലഞ്ഞു പോകട്ടെ.
വീണ്ടും അത്യുച്ചത്തിലുള്ള പൊട്ടിച്ചിരി ഉയര്‍ന്നു. 

ബ്രാഹ്മണന്‍ ശപിച്ചാല്‍  ഫലിക്കില്ല. അതൊക്കെ വെറുതേ  പറഞ്ഞുണ്ടാക്കിയിട്ടുള്ള കള്ളക്കഥകള്‍. ശപിച്ചു ബുദ്ധിമുട്ടേണ്ട. 

വളര്‍ച്ചയെത്താത്ത  കൊച്ചുപെണ്‍കുട്ടികളെ,  ബലമില്ലാത്തവരെ ഒക്കെ  കുരുതി കൊടുക്കുമ്പോള്‍ അറിയണം.. അവരൊന്നും ഒരിക്കലും മരിക്കുന്നില്ലെന്ന് .... എത്രകാലം കഴിഞ്ഞാലും  ഈ പ്രപഞ്ചത്തില്‍ ,  നഷ്ടപ്പെട്ടവരുടെ  രക്തം നീതിയ്ക്കായി നിലവിളിക്കുമെന്ന്... ആ  നിലവിളി കേള്‍ക്കാതിരിക്കാന്‍ മന്ത്രം ചൊല്ലിയിട്ടോ  ന്യായം നിരത്തിയിട്ടോ   കാര്യമില്ല... ഹോമം കഴിച്ചിട്ടും ധ്യാനിച്ചിട്ടും  ഗ്രന്ഥം  വായിച്ചിട്ടും പ്രയോജനമില്ല... 
  
ഞാനാരേയും ദ്രോഹിച്ചിട്ടില്ല...എന്‍റെ  പരിചയത്തിലുമില്ല അങ്ങനെ  ആരും.  നിങ്ങള്‍ പ്രതികാരം ചെയ്യുന്നത്  എന്നോടാവുന്നതെന്തുകൊണ്ടാണ് ? എന്നെ വെറുതേ വിടൂ... ഞാന്‍ ഉമയുടെ അടുത്ത് പോയ്ക്കോട്ടെ. എന്നിട്ട്  നാളെത്തന്നെ അമേരിക്കയിലേക്ക്  മടങ്ങിപ്പോകാം. നിങ്ങളെയും മൂങ്ങയേയും നായ്ക്കളേയും ഒന്നും  ഉപദ്രവിക്കില്ല.   

ആരോ  ശക്തിയായി പിടിച്ചുലയ്ക്കുന്നുണ്ടോ... തല തിരിയുകയാണോ ... വായില്‍ ഉപ്പിന്‍റെ  രുചി...  ഒന്നും  മനസ്സിലാവുന്നില്ലല്ലോ.  

നീ എവിടെയും പോവില്ല.  ഈ വീട് ലൂയിസിനു കൊടുക്കാതെ നിനക്ക് ഇവിടെ നിന്ന് ഇറങ്ങാന്‍ കഴിയില്ല. വീട് വില്‍ക്കുന്നില്ലെന്ന് ഉമ  പറയരുത്. അവളെ നിര്‍ബന്ധിച്ച് കാര്യങ്ങള്‍  മനസ്സിലാക്കിക്കൊടുക്കാനാണ് നിന്നോടിതെല്ലാം പറയുന്നത്.  അവകാശമില്ലാത്തവയെ വേണ്ടെന്ന്  വെയ്ക്കുമ്പോഴെ ആവശ്യമൂള്ളവയെ  തൊട്ടിലാട്ടാനാവൂ .. 

 അമേരിക്കയോ?  ...  ഇവിടെ  നിന്നെണീറ്റാലല്ലേ  നിനക്ക് എന്തെങ്കിലും ചെയ്യാനാകൂ.
 
എല്ലാ  പ്രതിരോധവും  അവസാനിപ്പിച്ചവനായി തളര്‍ന്നിരുന്നു. സ്ത്രീകള്‍ ദുര്‍ബലരാണെന്നും  അവരെ  നിലയ്ക്ക്  നിറുത്തലാണ്  ആണത്തമെന്നും  പറഞ്ഞു പഠിപ്പിച്ച പമ്പരവിഡ്ഡികളെ  കണ്ടിരുന്നെങ്കില്‍ ഇവിടെ ഇരുത്തി നോക്കാമായിരുന്നു. പലരും മൂത്രമൊഴിക്കുന്നതും  വിറച്ചു വിറച്ച്  ഉരുണ്ട്  വീഴുന്നതും  കാണാമായിരുന്നു.

ആരോ നടന്നു വന്നുവോ?  തലയുയര്‍ത്തി നോക്കിയപ്പോള്‍  കണ്ടത് ഒരു വയസ്സനെയാണ്... കഴുത്തിലെ കറുത്ത ചരടില്‍ തൂങ്ങിയാടുന്ന അസാധാരണ വലുപ്പമുള്ള  കുരിശു രൂപം.  ...  ഇനി  ഇതായിരിക്കുമോ  ലൂയിസിന്‍റെ അപ്പൂപ്പന്‍ ?.
  
നാല്

മരണച്ചുറ്റിലായിരുന്നു  ആ മുഹൂര്‍ത്തം. അല്ലെങ്കില്‍ ഇരുപത്തഞ്ചു വയസ്സുള്ള   സ്വാമിക്ക് പതിമൂന്നു വയസ്സു മാത്രം  പ്രായമുള്ള  കുട്ടി ... 

എനിക്ക് കേള്‍ക്കണ്ട... പ്ലീസ്. എനിക്ക് ഇതൊന്നും അറിയില്ല. അറിയാന്‍  ആഗ്രഹവുമില്ല.  ഞാന്‍ ബോംബെയില്‍ ജനിച്ചു വളര്‍ന്നവനാണ്... പരിഷ്ക്കാരമുള്ളവന്‍  
 
വീണ്ടും അവരുടെ  ഭീതിദമായ പൊട്ടിച്ചിരി ഉയര്‍ന്നു.

എല്ലാം കാണുകയും കേള്‍ക്കുകയും വേണം. എത്ര അനവധി  പെണ്‍കുട്ടികളൂടെ  ചോരയാണ് ഈ നാടു  മുഴുവന്‍ ഒഴുകുന്നതെന്ന് അറിയണം. ഒരു  പരിഷ്ക്കാരിക്കു പോലും  കേള്‍ക്കാനും അറിയാനും  വിലയില്ലാത്ത ചോരയാണോ പെണ്‍കുട്ടികള്‍  കാലങ്ങളായി ഒഴുക്കുന്നത്
അന്നുടുത്തിരുന്ന പുടവയാണിത്. അന്നെല്ലാം കണ്ട് കണ്ണും തുറിച്ചിരുന്ന മൂങ്ങയാണിത്. ദയനീയമായി കരയുന്ന ആ  നായ്ക്കളാണ് അന്ന് ജീവനൊപ്പം കൂട്ടു വന്നത്.  

അത്  ഒരു  ഋതുശാന്തിയായിരുന്നു. പതിമൂന്ന്  പിറന്നാളുണ്ടതിന്‍റെ  ശാന്തി മുഹൂര്‍ത്തം മരണച്ചുറ്റിലായിരുന്നു. 

കുളത്തില്‍ കല്ലായമര്‍ത്തിവെച്ച് സഹായിച്ചത് ലൂയിസിന്‍റെ പാട്ടാവാണ്. അതൊരു സ്നേഹ സഹായമായിരുന്നു, ഒന്നിച്ചു സ്കൂളില്‍ പഠിച്ച സ്നേഹമായിരുന്നു.  

എന്നിട്ടും  വെള്ളപ്പോലീസു വന്നു. പണം  വെട്ടിത്തിളങ്ങുമ്പോള്‍  കണ്ണു മഞ്ഞളിക്കാത്ത  പോലീസുണ്ടോ അന്നും ഇന്നും ? വായ്  പൂട്ടി  നില്ക്കാത്ത നിയമങ്ങളുണ്ടോ?  അമേരിക്കയിലുണ്ടോ?
 
ഇല്ലെന്ന് വെറുതേ  തലയാട്ടി.

അനിയത്തി രുഗ്മിണിയ്കും  സ്വാമിയാണ്   ഋതു ശാന്തി ചെയ്തത്. അത്  നാട്ടു നടപ്പ്. നമ്മ ആചാരം... ഒരു  പെണ്ണ് എങ്ങനെ  മരിച്ചാലും വേണ്ടില്ല,   അടുത്തവള്‍.. അതേ  മുറയിലേക്ക്  പകരമാകും...  ആവണം.  കാരണം , പെണ്ണ്  എന്നും ഒരു  വസ്തുവാണ്.. 

പക്ഷെ, ഈ ഉടഞ്ഞ  ഗര്‍ഭപാത്രത്തിലെ ചോര കല്ലുകെട്ടി  താഴ്ത്തിയിട്ടും ആ  കുളത്തില്‍ ഒതുങ്ങിയില്ല... എല്ലാ മാസവും   രുഗ്മിണിയുടെ കാലുകള്‍ക്കിടയിലൂടെ അതങ്ങനെ കുതിച്ചൊഴുകി... സ്വന്തം രക്തത്തില്‍  സ്വാമിക്ക് മക്കളുണ്ടാവരുതെന്ന്  ചിരഞ്ജീവിയായ ഒതുങ്ങാത്ത ചോര  തീരുമാനിച്ചിരുന്നു.
 
ഇപ്പോഴും മൂങ്ങ മൂളുന്നുണ്ട്. നായ്ക്കള്‍  ഓലിയിടുന്നുണ്ട്.  അനങ്ങാനാവാതെ ഉറപ്പിച്ചിരിക്കുകയാണ്  പൊളിഞ്ഞ അരമതിലില്‍... 

പിന്നെ  രാശായുടെ മകന്‍ ദത്ത് വന്നു... ആ മകന്‍റെ മകളല്ലേ ഉമ. 

അണ്ടി ചൊറിയണുവെന്നും ഉപ്പിനു വില കൂടുമെന്നും സ്വാമി   പൂണൂലും തിരുമ്മിക്കൊണ്ട്  പണിക്കാരി പെണ്ണുങ്ങളോട് മുണ്ടു പൊക്കി പറഞ്ഞപ്പോഴൊക്കെയും  കുളത്തിലെ ചോര ഓളം വെട്ടി. ... പതച്ചുയര്‍ന്നു. അതുകൊണ്ട്  സ്വാമി എത്ര  കിതച്ചിട്ടും  ഒറ്റപ്പണിക്കാരിപ്പെണ്ണും കാലിനിടയ്ക്കുകൂടി  ഒരു കൊച്ചിനെ എടുത്തില്ല.  

ഓരോ പണിക്കാരികളും  നെല്ലുകുത്തുപുര കടന്നു പോവുമ്പോള്‍  ലൂയിസിന്‍റെ പാട്ടാ കുളത്തില്‍ വന്ന് കൈയും കാലും മുഖവും കഴുകി. വലിയ ശബ്ദത്തില്‍ ഓക്കാനിച്ചു.  ഒരു ദിവസം കണ്ണീരൊഴുക്കിക്കൊണ്ട് ,  കൈ  നീട്ടിപ്പിടിച്ചുകൊണ്ട്   കുളത്തിന്‍റെ മീതെ വെള്ളത്തില്‍കൂടി നടന്നു .. . . ദാ നോക്കു, ഇപ്പോഴും അവിടെയിരുന്ന് കൈയും കാലും മുഖവും കഴുകുന്നുണ്ട്.

ഇത്രയും പ്രതികാരബുദ്ധി വേണോ ഇനിയും.... “ 

അട്ടഹാസത്തിന്‍റെ ഒച്ചയില്‍ തണുത്ത  രാത്രി തുള്ളി വിറച്ചു. 

മിണ്ടരുത്... ഒരക്ഷരം മിണ്ടരുത്... ഈ കാണുന്നതൊക്കയും  സര്‍വസ്വവും     നഷ്ടപ്പെട്ടവരുടേതു  കൂടിയാണ്.  ജീവിതമേ  ഇല്ലാതായിപ്പോയവരുടേതു കൂടിയാണ്. അവരുടെ  തീരാത്ത  വേദനയിലും നിലയ്ക്കാത്ത  ചോരയിലും വറ്റാത്ത കണ്ണീരിലും കുതിര്‍ന്ന ഈ ലോകം  അസ്തമിക്കട്ടെ. വെന്തു വെണ്ണീറാകട്ടെ. ഇതിങ്ങനെ  ശാശ്വതമായി, നേടിയവരുടേതു  മാത്രമായി   എന്നെന്നും  ഉപ്പിലിട്ടു വെയ്ക്കാമെന്ന് ,  ആരെങ്കിലും ആരോടെങ്കിലും വാക്കു പറഞ്ഞിട്ടുണ്ടോ? 
 
ഒരു കൂട്ടം കടവാവലുകള്‍ ചിറകടിച്ചുയര്‍ന്നു. 

എവിടേയോ നായ്ക്കള്‍ നിറുത്താതെ ഓലിയിടുന്നു. 

മൂങ്ങയുടെ  ശബ്ദത്തിനു ഭീതിദമായ മുഴക്കം... 

ആരോ വെള്ളത്തില്‍ നടക്കുന്നു.അതി ഭയങ്കരമായ ആ പൊട്ടിച്ചിരി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട് , അവസാനമില്ലാത്ത  അലയൊലി പോലെ... വെള്ളം കളകള ശബ്ദത്തോടെ ഇരമ്പിക്കയറുകയായിരുന്നു. പാദങ്ങളില്‍ മീനുകള്‍ കൊത്തുന്നുണ്ടായിരുന്നു. വലുതും ചെറുതുമായ ജലസസ്യങ്ങള്‍  ചുറ്റിവരിഞ്ഞ് ശ്വാസം തടയുന്നുണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും ജല നിരപ്പില്‍ നിന്നുയരാന്‍  കഴിയുന്നില്ല. ശ്വാസകോശങ്ങളില്‍ വെള്ളത്തിന്‍റെ  കയ് പേറിയ സമ്മര്‍ദ്ദം...  

മുറുകുന്ന മരണച്ചുറ്റിലെ ശാന്തി... 

ഓം ശാന്തി ശാന്തി
 

27 comments:

Echmukutty said...

ഏക് ഷെഹന്‍ ഷാ നെ ദൌലത്ത് കാ സഹാറ ലേകര്‍
ഹം ഗരീബോം കി മൊഹബത് കാ ഉഡായാ ഹെ മസാക്
മേരി മെഹബൂബ് കഹിം ഓര്‍ മിലാ കര്‍ മുഝ് സേ

ഒരു ചക്രവര്‍ത്തി സമ്പത്തിന്‍റെ സഹായത്തോടെ നമ്മള്‍ പാവപ്പെട്ടവരുടെ പ്രേമത്തെ പരിഹസിച്ചു. എന്‍റെ പ്രിയപ്പെട്ടവളേ മറ്റെവിടെയെങ്കിലും വെച്ച് സന്ധിച്ചുകൂടെ നമുക്ക്..

Echmukutty said...

ചില വായനകളാണ് ചില കുടുംബകഥകളാണ് ചില പാട്ടിമാരുടെ സ്മരണകളാണ് ഈ കഥയുടെ പ്രേരണ..

1891ല്‍ ഫൂല്‍ മണി എന്ന ഒറീസ്സാക്കാരി പത്തു വയസ്സുകാരി ഭാര്യ കല്യാണ രാത്രി തന്നെ മരിച്ചു. ഭര്‍ത്താവ് 35 വയസ്സുള്ള ഹരിമോഹന്‍ മൈത്തിക്ക് അന്നുതന്നെ ലൈംഗിക ആഗ്രഹപൂര്‍ത്തി വരുത്തണമെന്ന് നിര്‍ബന്ധമായിരുന്നു. അരക്കെട്ട് തകര്‍ന്നാണ് ഫൂല്‍മണി എന്ന ഭാര്യ മരിച്ചത്. അനവധി കൊച്ചുപെണ്‍ കുട്ടികള്‍ ഇമ്മാതിരി ദാരുണ മായി കൊല്ലപ്പെടുന്ന സാമൂഹ്യപരിതസ്ഥിതി ഇന്ത്യയില്‍ പ്രബലമായി നിലനിന്നിരുന്ന ആ കാലത്ത് ഏജ് കണ്‍സെന്‍റ് ബില്‍ ( എ സി ബി ) ബ്രിട്ടീഷു കാര്‍ കൊണ്ടു വന്നത് 1891 ലാ യിരുന്നു.പത്ത് വയസ്സല്ല, പന്ത്രണ്ടു വയസ്സായാലേ കല്യാണം കഴിപ്പിക്കാവൂ എന്ന നിയമം. ഫൂല്‍ മണിയുടെ മരണം ഈ ബില്ല് പാസ്സാക്കുന്നതിന് ബ്രിട്ടീഷുകാരെ പ്രേരിപ്പിക്കുകയുണ്ടായി. ഹിന്ദുക്കള്‍ കൂടുതലും ബ്രാഹ്മണര്‍ ഈ ബില്ലിനു എതിരായിരുന്നു. ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലിമുകളും ക്രിസ്ത്യാനികളുമായ ഇന്ത്യക്കാര്‍ ഒന്നടങ്കം ഈ ബില്ലില്‍ പ്രതിഷേധിച്ചു. കാരണം ബ്രിട്ടീ ഷുകാര്‍ ഇന്ത്യന്‍ സംസ്ക്കാരത്തെ നശിപ്പിക്കുന്നു എന്ന ബ്രാഹ്മണരുടെ ന്യായവാദം അവര്‍ക്കും രുചിക്കുന്ന ഒന്നായിരുന്നു . ബാല ഗംഗാധരതിലകും ബിപിന്‍ചന്ദ്രപാലും അടങ്ങുന്ന തീവ്ര ദേശീയതാവാദികള്‍ പോലും ഈ ബില്ലിനെ എതിര്‍ത്ത് സമ്മേളനവും മറ്റും വിളിച്ചു കൂട്ടുകയും പത്രങ്ങളില്‍ ഘോരഘോരം എഴുതുകയുംചെയ്തു.
1829 – ലെ സതി നിരോധന നിയമം ,
1840 - ലെ അടിമത്ത നിരോധന നിയമം
1856 - ലെ വിധവാ വിവാഹ നിയമം
1891- ലെ ഏജ് ഓഫ് കണ്‍സെന്‍റ് ബില്‍.
1929 - ലെ ദ ചൈല്‍ ഡ് മാര്യേജ് റിസ്റ്റ്റെയിന്‍ ഡ് ആക്റ്റ്
ഇതൊക്കെ യാണ് ഒരുപക്ഷെ, സ്ത്രീകളുടെ സാമൂഹിക നിലവാരം അല്‍പമെങ്കിലും മെച്ചപ്പെടാന്‍ ഇടയാക്കിയ നിയമ നിര്‍മ്മാണങ്ങള്‍.
എങ്കിലും യൂണിസെഫിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ലോകത്തില്‍ ഉണ്ടാവുന്ന ശൈശവ വിവാഹങ്ങളില്‍ നാല്‍പതു ശതമാനവും ഇപ്പോഴും ഇന്ത്യയിലാണ് നടക്കുന്നത്. പതിനഞ്ചും പതിനാറും വയസ്സില്‍ പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ചു വിട്ടില്ലെങ്കില്‍ അവരുടെ സ്വഭാവം ചീത്തയാകുമെന്ന് പറയുന്ന രാഷ്ട്രീയ നേതാക്കന്മാരും മതമേധാവികളും അവരെ ന്യായീകരിക്കുന്നവരും ഇന്നും നമുക്കു ചുറ്റും ഉണ്ട്. സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തെപ്പറ്റിപ്പോലും തീരുമാനമെടുക്കാന്‍ അവകാശമില്ലെന്ന് വിശ്വസിക്കുന്നവരാണ് അധികം മനുഷ്യരും. മകളേയും പെങ്ങളേയുമെല്ലാം ചുട്ടുകൊല്ലുമെന്ന് ന്യൂസ് ചാനലുകളിലൂടെ ആക്രോശിക്കാന്‍ കഴിയുന്ന വക്കീലന്മാരും പെണ്‍കുട്ടികള്‍ അടങ്ങിയൊതുങ്ങിക്കഴിയണമെന്ന് പലതരത്തില്‍ ഉദാഹരണ സഹിതം സമര്‍ഥിക്കു ന്നവരും വര്‍ദ്ധിച്ചു വരികയാണ്. സ്ത്രീക്കു നേരെയുള്ള ഏതു തരം ഹീനമായ കുറ്റകൃത്യത്തിനും ഉത്തരവാദി ആ സ്ത്രീ തന്നെയാണെന്ന് വിശ്വസിക്കുന്നതിലും വിശ്വസിപ്പിക്കുന്നതിലും ഈ വ്യവസ്ഥിതി അതിന്‍റെ സര്‍വ കഴിവുകളും ഉപയോഗിക്കുന്നു.

അധിക വായനകള്‍ക്ക്...

വിമോചനത്തിന്റെ പെണ്‍ ദൂരങ്ങള്‍ - ആനന്ദ് .
Girl brides and socio legal change - മീരാ കൊസാംബി

ലംബൻ said...

എന്താണ് പറയുക..
കഥ വളരെ നന്നായി...
പക്ഷെ ഇതുപോലെ ഒരു പ്രതികാരം യഥാര്‍ത്ഥത്തില്‍ നടക്കുന്നില്ലലോ.. ഇന്നും പെണ്ണുങ്ങള്‍ വെറും മാംസം മാത്രമല്ലേ. അത് അമേരിക്കയില്‍ ആയാലും ഇന്ത്യയില്‍ ആയാലും.

Aneesh chandran said...

സ്ത്രീപക്ഷ രചനകള്‍ക്ക് സ്വാഗതം.

Echmukutty said...

പെണ്ണുങ്ങള്‍ മാത്രമല്ല ശ്രീജിത്ത് , നഷ്ടപ്പെടുന്നവര്‍ സഹിക്കുന്നവര്‍ എല്ലാം ഈലോകത്ത് അങ്ങനെയാണ്.. കഥയിലെ ലൂയിസിന്‍റെ ഭ്രാന്തനായിത്തീരുന്ന അപ്പൂപ്പന്‍ പുരുഷനായതുകൊണ്ട് എന്തു നേടി ജീവിതത്തില്‍...നഷ്ടപ്പെടുന്നവരുടെ നിലവിളിയും വേദനയും എല്ലായിടത്തും ഒരുപോലെയാണ്.. ഈ ലോകം മുഴുവന്‍ അതിന് ഒരേ താളമാണ്...

ഇതൊരു സ്ത്രീപക്ഷരചനയാണെന്ന് പറയുകയാണോ അനീഷ് ഈ ഒറ്റവരി എഴുത്തിലൂടെ ..

vettathan said...

കഥ ഹൃദയസ്പര്‍ശിയായി. ചിലത് പറയാനുള്ള തിടുക്കം കാണിക്കുന്നുണ്ട് എച്മു.അതൊഴിച്ചാല്‍ ഒന്നാംതരം രചന

പട്ടേപ്പാടം റാംജി said...

ലൂയീസിന്റെ അപ്പൂപ്പന്‍ തന്ന ഔദാര്യം......കുറെ സംഭവങ്ങളെ കോര്‍ത്തിണക്കി തീവ്രമായി എഴുതിയിരിക്കുന്നു. ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നിപ്പിക്കുന്ന ക്രൂരതകള്‍ അധികാരത്തിന്റെ ഗര്‍വ്വില്‍ അലിഞ്ഞില്ലാതാകുന്നത് നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടി വരുന്നവരുടെ രോഷം ഒരു നാള്‍ പൊട്ടിത്തെറിക്കും. തീര്‍ച്ച.
അദൃശ്യ ശക്തികള്‍ ദൃശ്യമാകുന്ന കാലം വിദൂരമല്ല.
നന്നായിരിക്കുന്നു.
ഗുല്‍മോഹറില്‍ വായിച്ചിരുന്നു.

Pradeep Kumar said...

തീരാത്ത വേദനയിലും നിലയ്ക്കാത്ത ചോരയിലും വറ്റാത്ത കണ്ണീരിലും കുതിര്‍ന്ന ഒരു ലോകത്തിന്റെ എഴുത്തുകാരി എന്ന് ഞാൻ ആദരവോടെ വിളിക്കുന്നു.....

വിനുവേട്ടന്‍ said...

എന്തൊരു തീവ്രതയാണ് ഈ എഴുത്തിന്...! എച്ച്മു എച്ചുമു തന്നെ...

വീകെ said...

കഥയേക്കാൾ വെല്ലുന്ന എഛ്മുവിന്റെ അഭിപ്രായമാണ്, ബ്രിട്ടീഷുകാർ സ്ത്രീരക്ഷക്കായി ഉണ്ടാക്കിയ നിയമങ്ങൾ പോലും നമ്മുടെ ദേശീയ നേതാക്കൾ എതിർത്തിരുന്നത് വായിച്ചപ്പോൾ തോന്നിയത്.
ആശംസകൾ...

സീയെല്ലെസ്‌ ബുക്സ്‌,തളിപ്പറമ്പ said...

enthenkilum ezhuthan maathram njan onnumalla....athe vinuvettan....echmu...echmu thanne...

Sabu Hariharan said...

Excellent writing.
"ബാല ഗംഗാധരതിലകും ബിപിന്‍ചന്ദ്രപാലും അടങ്ങുന്ന തീവ്ര ദേശീയതാവാദികള്‍ പോലും ഈ ബില്ലിനെ എതിര്‍ത്ത് സമ്മേളനവും മറ്റും വിളിച്ചു കൂട്ടുകയും പത്രങ്ങളില്‍ ഘോരഘോരം എഴുതുകയുംചെയ്തു."

അങ്ങനെ അവരുടെ കാര്യത്തിലും ഒരു തീരുമാനമായി. ഉടഞ്ഞു വീഴുന്ന വിഗ്രഹങ്ങളുടെ കൂട്ടത്തിൽ ചിലതു കൂടി..(പലതും വിഗ്രഹങ്ങൾ അല്ല എന്ന തിരിച്ചറിവ് തന്നെ ഒരു ഭാഗ്യമാണ്‌). തൃപ്തിയായി :)
കുറ്റിയറ്റു പോകാത്ത തിലകന്മാരും പാലന്മാരും ഇന്നും ഉണ്ട്.


Sabu Hariharan said...

ഒന്നു ചോദിക്കാൻ വിട്ടു, എച്ച്മു ന്റെ പേനയിൽ നിറച്ചിരിക്കുന്നത് മഷി തന്നെയല്ലെ? ചോരയല്ലല്ലോ...?

ശ്രീ said...

കഥയ്ക്കൊപ്പം ആ കമന്റു കൂടി ആയപ്പോഴാണ് ഒരു പൂര്‍ണ്ണത വന്നത്...

സാബുമാഷിന്റെ കമന്റിനു താഴെ ഒരൊപ്പ് :)

റോസാപ്പൂക്കള്‍ said...

എച്ചുമു,വലിയൊരു യാഥാര്‍ത്ഥ്യം തുറന്നു കാണിച്ചു.
സലാം

ചന്തു നായർ said...

പതിനാറിനും താഴെയുള്ള പെൺകരിമ്പുകളെ ചവച്ചരച്ച് നീരു കുടിക്കാൻ വെമ്പി നിൽക്കുന്ന ചിലർ ഇപ്പോഴും നമ്മുടെ നാട്ടിൽ നിയമ ഭേദഗതി വരുത്താൻ ശക്തിയാർജിക്കുന്നു....മാളികകളിൽ,പഞ്ച നക്ഷത്ര ശയ്യകളിൽ..പെൺകുരുന്നുകൾക്ക് ഇപ്പോൾ നല്ല വിലയുമാണ്,ദല്ലാളന്മാർ മലങ്കാണി കുടികളിലും കയറി ഇറങ്ങുന്നു...ആരും തൊടത്ത പൂക്കളെ കശക്കി എറിയാൻ മിക്ക പുരുഷന്മാർക്കും വാഞ്ച ഏറെയാണ്..പണ്ട് പട്യാലയിലെ മഹാരാജാവിനു ഒരു പ്രത്യേക വിനോദമുണ്ടായിരുന്നു.എല്ലാ രാത്രികളിലും അന്തി ഉറങ്ങാൻ കന്യകകളെ വേണം..അതും കന്യാ ചർമ്മം പൊട്ടാത്തതായിരിക്കണം..കുട്ടിയെ പ്രാപിച`കഴിഞ്ഞാൽ രണ്ട് വൈരക്കൽ കമ്മൽ ആ കുട്ടിയുടെ കതിലണിയിക്കും..എന്നിട്ട് ഒരു കാത് അറുത്തെടുക്കും..അതു ഒരു പെട്ടിയിൽ ഇട്ടു വക്കും..എല്ലാ പ്രഭാതങ്ങളിലും കാതുകൾ എണ്ണി നോക്കും..എണ്ണം കുറവെന്നേ എന്നും അയ്യാൾക്ക് തോന്നൂ..പിന്നെ പകലൊന്നും,രത്രി ഒന്നും എന്നരീതിയിലാക്കി...പെട്ടികൾ പലതും നിറഞ്ഞു.ആദ്യമയി രജസ്വല ആകുന്ന പെണ്ണിനെ കിട്ടിയാൽ അയ്യൾ ആനന്ദത്തിന്റെ ഗിരിമകുടമേറും.... അന്തപ്പുരത്തിൽ പെട്ടികളുടെ എന്നെം ഏറി വന്നൂ..കമ്പളങ്ങൾ പെൺകുട്ടികളുടെ കണ്ണീർ കൊണ്ട് കുതിർന്നൂ...... അയ്യാൾക്കും ഒരു ബന്ധത്തിലും കുഞ്ഞുങ്ങളുണ്ടായില്ലാ എന്നതാണ്..മറ്റൊരു കാര്യം... എച്ചുമുക്കുട്ടീ..ഞനിതു,ഇപ്പോൾ ഇവിടെ നിർത്തുന്നൂ..എല്ല എഴുത്തിനു നല്ല നമസ്കാരം..

ajith said...

നാളത്തെ വായനയ്ക്കായി മാറ്റി വയ്ക്കുന്നു
പെട്ടെന്ന് വായിച്ചുപോകാവുന്നതല്ലെന്ന് ഓടിച്ചുനോക്കിയപ്പോള്‍ മനസ്സിലായി

mattoraal said...

എച്മു , ആശംസകൾ

Mukesh M said...

കഥയുടെ കൂടെ കമന്റ്‌ ബോക്സിലെ എച്മുവിന്‍റെ വിവരണം കൂടി ചേര്‍ത്ത് വായിച്ചപ്പോഴാണ് പൂര്‍ണ്ണമായി എന്ന് തോന്നിയത്. മികച്ചത്.
ആശംസകള്‍.

Unknown said...

അറിയണം.. അവരൊന്നും ഒരിക്കലും മരിക്കുന്നില്ലെന്ന് .... എത്രകാലം കഴിഞ്ഞാലും ഈ പ്രപഞ്ചത്തില്‍ , നഷ്ടപ്പെട്ടവരുടെ രക്തം നീതിയ്ക്കായി നിലവിളിക്കുമെന്ന്... ആ നിലവിളി കേള്‍ക്കാതിരിക്കാന്‍ മന്ത്രം ചൊല്ലിയിട്ടോ ന്യായം നിരത്തിയിട്ടോ കാര്യമില്ല... ഹോമം കഴിച്ചിട്ടും ധ്യാനിച്ചിട്ടും ഗ്രന്ഥം വായിച്ചിട്ടും പ്രയോജനമില്ല...”

വളരെ വളരെ മികച്ച കഥ.

ആശംസകൾ ചേച്ചി..

Aarsha Abhilash said...

കലേച്ചീ, ഗുല്‍മോഹറില്‍ വായിച്ചിരുന്നു. അന്നും ഇന്നും ശ്വാസം അടക്കി പിടിച്ചാണ് വായിച്ചത്. പിന്കുറിപ്പ് ആയ ആ കമന്റ് കൂടി വന്നപ്പോഴാണ് പൂര്‍ണ്ണം ആയത്. ഇങ്ങനെയും ഒരു ഭൂതകാലം - അതില്‍ നിന്ന് എത്ര കഷ്ടം സഹിച്ചാണ് ഇന്ന് നമ്മള്‍ ഇങ്ങനെ ആയിരിക്കുന്നത് , അപ്പോഴും ശ്രമിക്കുന്നത് എവിടെ ഒക്കെ ചവിട്ടി താഴ്ത്താം എന്ന് തന്നെ. ഒരേ നാട്ടില്‍ MA പഠിക്കുന്ന പെണ്‍കുട്ടിയെയും, നിക്കഹ് നാള്ളിനു പത്താം ക്ലാസ് കഴിയാന്‍ (തോല്‍ക്കാന്‍ എന്ന് പ്രത്യേകം) കാത്തിര്‍ക്കുന്ന പെണ്‍കുട്ടിയെയും ഞാന്‍ കാണുന്നു ... കല്പ്പനികത നിറഞ്ഞ അവളുടെ കണ്ണില്‍ നോക്കി ചോദിച്ചു -മോളെ നിനക്ക് പഠിച്ചൂടെ? , അവളെന്നോട് പറഞ്ഞു , ചെക്കന് മോന്ജുള്ള ചെറിയ പെണ്ണിനെ വേണം ചേച്ചീ -ഞാന്‍ പഠിച്ചാല്‍ എന്നെ ആര് കെട്ടും? :(

വായനക്കാരന്‍ said...

Good One..! Congrats..! (but In my opinion, your realistic way of narration is better than fantasy) Thanks.

Echmukutty said...

കഥ വായിച്ച് പ്രോല്‍സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി.. സ്നേഹം..

Muralee Mukundan , ബിലാത്തിപട്ടണം said...

1829 – ലെ സതി നിരോധന നിയമം ,
1840 - ലെ അടിമത്ത നിരോധന നിയമം
1856 - ലെ വിധവാ വിവാഹ നിയമം
1891- ലെ ഏജ് ഓഫ് കണ്‍സെന്‍റ് ബില്‍.
1929 - ലെ ദ ചൈല്‍ ഡ് മാര്യേജ് റിസ്റ്റ്റെയിന്‍ ഡ് ആക്റ്റ് മുതൽ നിയമങ്ങളൊക്കെ സായിപ്പ് വന്ന് നടപ്പാക്കിയിട്ടും
ഇന്നും ചോരയൊലിപ്പിച്ചും കണ്ണീരൊഴുക്കിയുമൊന്നും ഭാരതത്തിൽ
അവൾക്കൊന്നും ന: സ്വാതന്ത്രമർഹതി എന്ന് തന്നെ പറയാവുന്ന ചരിത്രകഥ തന്നെ
ഇത് അല്ലെങ്കിൽ സാക്ഷാൽ അനുഭവം ...

ഇലഞ്ഞിപൂക്കള്‍ said...

ഒരു സ്ത്രീപക്ഷ കഥ എന്ന് തുടക്കത്തില്‍ തോന്നിയെങ്കിലും ഇതതല്ല, ഒരു സാമൂഹികരചനയാണ് എന്ന് തിരുത്തേണ്ടിവന്നു വായനയുടെ അവസാനത്തില്‍. മനുഷ്യന്‍റെ കണ്ണീരും നിസ്സാഹയതയും ആസക്തിയും പ്രതികാരവുമെല്ലാം അക്ഷരങ്ങള്‍ക്ക് ആവാഹിക്കാവുന്നയുമത്ര തീവ്രതയില്‍ ഇതിലുണ്ട്..

sreee said...

എച്ച്മുവിന്റെ കഥകള്‍ വെറും കഥകളായി തീരുന്നില്ല. വായനക്കാരന്റെ ഹൃദയം ചീന്തിഎടുക്കുന്നുണ്ട്. ഞാന്‍ കുറെ നേരം വേറെ ഏതോ ലോകത്തില്‍ ആയിപ്പോയി.

© Mubi said...

ശക്തമായ ഒരു എഴുത്ത്.അഭിനന്ദനങ്ങള്‍ എച്ച്മു...