നാലഞ്ചു
വര്‍ഷങ്ങള്‍ക്കു മുമ്പാണ്, ഒരു
പ്രൈവറ്റ് എന്‍ജിനീയറിംഗ് കോളേജിലെ
അഡ് മിഷന് പരിപാടിയില്‍ പങ്കെടുക്കേണ്ടി വന്നത്. പതിനേഴും പതിനെട്ടും വയസ്സുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും നിറഞ്ഞ,
സുന്ദരമായി ഡിസൈന്‍ ചെയ്യപ്പെട്ട ആ ക്യാമ്പസ്സ് അതിമനോഹരമായിരുന്നു. ആണ് കുട്ടികള്‍ പാന്റും ഷര്‍ട്ടും ധരിച്ചപ്പോള്‍ സല്‍വാര്‍
കമ്മീസും കമ്മീസിനു മുകളില്‍ ഓവര്‍കോട്ടായി
ഒരു ജാക്കറ്റും ധരിച്ചവരായിരുന്നു കോളേജിലെ പെണ്‍കുട്ടികള്‍.
പുതുതായി
കോളേജില്‍ ചേര്‍ന്ന കുട്ടികള്‍ക്കായി അനവധി നിര്‍ദ്ദേശങ്ങള്‍ മൈക്കിലൂടെ ഒഴുകി വന്നിരുന്നു. കോളേജിന്റെ വരാന്തകളില്‍ പെണ് കുട്ടികളുമായി സംസാരിച്ചു
നില്‍ക്കരുതെന്നും കോളേജില്‍ നിന്ന് താന്താങ്ങളുടെ ഹോസ്റ്റലുകളിലേക്ക് കൂട്ടി ക്കൊണ്ടുപോകുന്ന
കോളേജ് ബസ്സില്‍ ആദ്യം പെണ്‍കുട്ടികള്‍ കയറി ഇരുന്നതിനു ശേഷം
മാത്രമേ ആണ്‍കുട്ടികള്‍ കയറാവൂ
എന്നും പലവട്ടം ആവര്‍ത്തിക്കപ്പെട്ടു. ഓവര്‍ കോട്ടിടാതെ, അത്തരം മാന്യമായ വസ്ത്രം ധരിക്കാതെ ഒറ്റ പെണ്‍കുട്ടിയും ക്യാമ്പസ്സില്‍ പ്രവേശിക്കരുതെന്നും പ്രവേശിച്ചാല്‍ അഡ്മിഷന് ആ നിമിഷം ക്യാന്സലാക്കുമെന്നും അറിയിപ്പുണ്ടായി.
മാതാപിതാക്കന്മാരുടെ ആശ്വാസം പ്രകടമായി
കാണാമായിരുന്നു. മക്കള്‍ വഴി
തെറ്റില്ലല്ലോ എന്നും ഒരു മിക്സഡ്
കോളേജാണെങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ അടുത്തിടപഴകി കേടു വരില്ലല്ലോ എന്നും അവര്‍
സന്തോഷിക്കുന്നുണ്ടായിരുന്നു. ആണ്‍കുട്ടികളെ വഴി തെറ്റിക്കാന്‍ വേണ്ടീ മാത്രമുണ്ടായ പെണ്‍കുട്ടികളെ, നല്ലവരായ ആണ്‍കുട്ടികളുടെ മാതാപിതാക്കന്മാര് അകറ്റി നിറുത്താന്‍ ആശിച്ചു.
പെണ്‍കുട്ടികളെ പലതരത്തിലും വഞ്ചിക്കാന്‍ വേണ്ടി ഉണ്ടായ ആണ്‍കുട്ടികളെ ആട്ടിയകറ്റാന്‍ പെണ്‍കുട്ടികളൂടെ മാതാപിതാക്കന്മാരും കൊതിച്ചു.
മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ അഡ്മിഷന് നേടിയ
പെണ്‍കുട്ടിയെ ആ ബ്രാഞ്ച്
മാറണമെന്ന് അധ്യാപകര്‍
ഉപദേശിച്ചുകൊണ്ടിരുന്നു. അത് ആണ്
കുട്ടികളുടെ മേഖലയാണ്. പെണ്‍കുട്ടികള്‍ക്ക് പഠിയ്ക്കാന്‍ ബുദ്ധിമുട്ടാണ്. എപ്പോഴും
ആണ്‍കുട്ടികളുമായി അങ്ങനെ ഇടപഴകുന്നത്
സുഖകരമായ ഒരു ഏര്‍പ്പാടല്ല.
അധ്യാപകരുടെ ഉപദേശത്തില്‍ വിളറിയ പെണ്
കുട്ടിയെ മാതാപിതാക്കന്മാരും അല്പം
രൂക്ഷമായി
വിലക്കുന്നുണ്ടായിരുന്നു. ഓവര്ക്കോട്ടിട്ടാലും പെണ്‍കുട്ടിയല്ലാതായി മാറുകയില്ലെന്ന് അവര്‍ ഉല്ക്കണ്ഠപ്പെട്ടുകൊണ്ടിരുന്നു.
അധ്യാപികമാര്‍ പിങ്ക് നിറത്തിലുള്ള കോട്ട്
ധരിച്ച് ക്ലാസ്സെടുക്കണമെന്ന
നിയമം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും ഡി ഇ ഒ മാരും എ ഇ ഓമാരും പാസ്സാക്കിക്കഴിഞ്ഞുവെന്നും അതനുസരിച്ച്
എറണാകുളം ജില്ലയിലെ കാക്കനാട് പഞ്ചായത്ത്
അധ്യാപികമാര്‍ക്കായി കോട്ടുകള്‍ തയ്പിച്ചു കഴിഞ്ഞുവെന്നും ഉള്ള
പത്രവാര്‍ത്തയാണ് ഇതെല്ലാം ഓര്‍മ്മിക്കാന്‍ പ്രേര ണയായത്. പല സി ബി എസ് ഇ സ്കൂളുകളിലും അധ്യാപികമാര്‍ കോട്ട് ധരിച്ചാണത്രേ ക്ലാസ് എടുക്കുന്നത്. സ്കൂളുകളുടെ
പഠന നിലവാരം വര്‍ദ്ധിപ്പിക്കാനാണ് അധ്യാപികമാര്‍ കോട്ടിട്ട് പഠിപ്പിക്കണമെന്ന തീരുമാനമെടുക്കപ്പെട്ടത്.
പഠിപ്പിക്കുന്ന വിഷയത്തിലെ അവഗാഹം വര്‍ദ്ധിപ്പിക്കാനാവശ്യമായ ട്രെയിനിംഗുകളേക്കാള്,
ക്ലാസ്സുകളേക്കാള്‍, പ്രോജക്ടുകളേക്കാള്‍ കോട്ട് ധരിച്ച
അധ്യാപികമാര്‍ എങ്ങനെയാണ് വിദ്യാലയത്തിന്റെ പഠന
നിലവാരം ഉയര്‍ത്തുന്നതെന്ന് മനസ്സിലായില്ല.
അധ്യാപികമാര്‍ക്ക് കോട്ട്
ധരിക്കുമ്പോള്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുമെന്നും വാര്‍ത്തയിലുണ്ട്. പുരുഷന്മാരായ അധ്യാപകര്‍ക്ക് പഠന നിലവാരം ഉയര്‍ത്തുവാന്‍ എന്തുകൊണ്ട്
പിങ്ക് കോട്ട് ധരിക്കേണ്ടി വരുന്നില്ലെന്നും അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ എന്തുകൊണ്ട്
കോട്ട് സഹായിക്കുന്നില്ലെന്നും മനസ്സിലായില്ല.
സ്ത്രീ ശരീരത്തെപ്പറ്റിയുള്ള മുതിര്‍ന്നവരുടെ ചീഞ്ഞളിഞ്ഞ ബോധ്യങ്ങള്‍ കുട്ടികളില്‍
കുത്തിവെക്കുന്നത് ഇമ്മാതിരി വേര്‍തിരിവുകള്‍
വളരെ
ബോധപൂര്‍വം സൃഷ്ടിച്ചുകൊണ്ടാണ്. പ്രൈവറ്റ് എന്‍ജിനീയറിംഗ് കോളേജില്‍ സഹപാഠിനി
എന്ന സമസ്ഥാനത്തു നിന്ന് വെറും
പെണ്ശരീരമാക്കി വിദ്യാര്‍ഥിനിയെ നിസ്സാരപ്പെടുത്തുന്നതും
സ്കൂളുകളില്‍ വിദ്യ പകര്‍ന്നു തരുന്ന
ഗുരു എന്ന മഹത്തായ സങ്കല്പത്തില്
നിന്നും അധ്യാപികയെ ഒരു
ശരീരം മാത്രമാക്കി അപമാനപ്പെടുത്തുന്നതും ഇങ്ങനെയാണ്.
അധ്യാപക സംഘടനകള്‍ ഇക്കാര്യത്തില്‍ എതിര്‍പ്പ്
രേഖപ്പെടുത്തിയതായും കോട്ട്
ധരിക്കുന്നതില്‍ വിസമ്മതം
പ്രകടിപ്പിച്ചതായും വാര്‍ത്തയുണ്ടായിരുന്നു.
ഈ എതിര്‍പ്പിന്റെയും വിസമ്മതത്തിന്റെയും
മുനയെ ഒടിച്ചു കളയാന്‍ പരിശ്രമിക്കുന്നവരുടെ എണ്ണവും
അതിനവര്‍ പറയുന്ന വിചിത്ര ന്യായങ്ങളും ആവശ്യമുള്ളതിലും എത്രയോ അധികം മാധ്യമശ്രദ്ധ നേടുമെന്നതാണ് സാധാരണ കണ്ടു വരാറുള്ള ഒരു രീതി. സമകാലികമായ സ്ത്രീ പീഡന ദുരന്തങ്ങളെ
എടുത്ത് കാണിച്ച് ,
ഒരുപാട് ചര്‍ച്ചകള്‍ നടത്തി, അങ്ങനെ
മെല്ലെമെല്ലെ , ഇന്നല്ലെങ്കില്‍ നാളെ കോട്ട് പ്രാബല്യത്തില്‍ വരുത്താമെന്ന് കോട്ടുന്യായവുമായി രംഗത്തിറങ്ങിയവര്‍ക്ക് ഉറച്ച വിശ്വാസവുമുണ്ട്.
ഏതു
സാഹചര്യത്തിലും പുരുഷന് അനിയന്ത്രിതമായ ലൈംഗികമായ താല്പര്യങ്ങളുണ്ടാവുമെന്നും അതിനു പ്രേരണയുണ്ടാക്കാതെ അടങ്ങിയൊതുങ്ങി മൂടി മറച്ച് സ്ത്രീകള്‍ കഴിഞ്ഞു കൂടുകയാണ്
വേണ്ടതെന്നും തലമുറകളായി പലതരത്തില്‍ പറഞ്ഞു
പഠിപ്പിക്കുന്നതിനെ, സ്കൂളുകളില്‍ തന്നെ വിദ്യാര്‍ഥിനികളിലും അധ്യാപികമാരിലും കൂടി സര്‍ക്കാര്‍ അംഗീകാരത്തോടെ
നടപ്പിലാക്കുന്നത് ഇങ്ങനെ ചില വിചിത്ര പരിഷ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ്. ഏതു
സാഹചര്യത്തിലും അനിയന്ത്രിതമായ
ലൈംഗികതയുമായി, സ്നേഹം, കരുണ, മര്യാദ, വിനയം, സമത്വം തുടങ്ങിയ നന്മകളൊന്നും
ഇല്ലാത്ത അപകടകാരികളാണ് പുരുഷന്മാരെന്നുള്ള ജീര്‍ണ ധാരണയ്ക്ക് കൂടി ഇത്തരം പരിഷ്ക്കാരങ്ങള്‍ കാരണമാകുന്നുണ്ട്. പുരുഷനെ സൂക്ഷിക്കണം അവന് സൌകര്യം കിട്ടിയാല്‍ ലൈംഗികമായി
ആക്രമിക്കുമെന്ന് പ്രചരിപ്പിക്കുന്നത്
എത്രത്തോളം
അപമാനകരമാണെന്ന് നിന്ദ്യമാണെന്ന് പുരുഷന്മാര്
തിരിച്ചറിയുന്നില്ല, എന്നു മാത്രമല്ല സംസ്ക്കാരമില്ലാത്ത ഹീനമായ ഈ അപമാനം പുരുഷത്വത്തിന്റെ തൊപ്പിയിലെ പൊന്‍ തൂവലാണെന്നും കൂടി അവര്‍
ധരിച്ചു വശായിരിക്കുന്നു. അതുകൊണ്ടാണ്
സ്ത്രീകള്‍ അടങ്ങിയൊതുങ്ങിക്കഴിയണമെന്ന പരമ്പരാഗതമായ നിലപാടിനെ
കാത്തുസൂക്ഷിക്കാനുള്ള പലതരം ന്യായങ്ങളുമായി
അവര്‍ ലജ്ജാലേശമെന്യേ രംഗത്തു വരുന്നത്. പുരുഷ ശരീരത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും സാധാരണയായി പ്രചരിപ്പിക്കപ്പെടുന്ന അതിശയോക്തിപരമായ കരുത്തിന്റെ
പൊട്ടക്കഥകളില്‍ പുളകം കൊള്ളുന്നത്.
പരമ്പരാഗതമായ ഈ നിലപാടുകളെ പുരുഷപക്ഷത്തു നില്ക്കലാണെന്നു കരുതി അംഗീകരിക്കുന്ന സ്ത്രീകളും ചെയ്യുന്നത്
പുരുഷനെ യഥാര്‍ഥത്തില്‍ അതിനീചനായി, വെറും വിടനായി
ചിത്രീകരിക്കുക തന്നെയാണ്.
ദീപത്തിനല്ല,
നേത്രരോഗിക്കാണ് ചികില്‍സ
വേണ്ടതെന്ന് ശ്രീരാമനോട് പറയാതെ
സീതയെ അഗ്നിപരീക്ഷയ്ക്ക് വിധേയയാക്കിയ
രാമായണകാലം മുതല്‍ നേത്രരോഗികള്‍
ദീപത്തിനെ കുടം കൊണ്ട് അടയ്ക്കുകയാണ്, കോട്ട്
ധരിപ്പിക്കുകയാണ്, ഇതിനെല്ലാം പറ്റിയ അപൂര്‍വ ന്യായങ്ങള്‍ കണ്ടുപിടിക്കുകയാണ്.
22 comments:
എച്മൂ
ഞാന്‍ പലവര്ഷങ്ങള് സിംഗപ്പൂരില്‍ ജീവിച്ചവനാണ്. അല്പവസ്ത്രധാരിണികളായി നടക്കുന്ന സുന്ദരികള്‍ ധാരാളമുള്ള ഒരു രാജ്യം. അവിടെ ആരും പറയില്ല, “അവളുടെ ഡ്രസ്സിന്റെ കുറവ് കൊണ്ട് ഞാന്‍ നിയന്ത്രണം വിട്ടു” എന്ന്. വിട്ടാല്‍ വിവരം അറിയും. അങ്ങനെയാണ് അവിടെ നിയമവാഴ്ച്ച.
സമൂഹത്തിന്റെ ചിന്താഗതിയും അതിനൊപ്പമാണ്.
കണ്ണടച്ചാല്‍ ഇരുട്ടാണ്...
മഞ്ഞപ്പിത്തമുള്ളവര്ക്ക കാണുന്നതെല്ലാം
മഞ്ഞയാണ്!
ആശംസകള്‍
ദീപത്തിനല്ല, നേത്രരോഗിക്കാണ് ചികില്‍സ...Rogathinalla rogikkaanu chikilsa vendath :)
അജിതെട്ടന്റെ കമെന്റ്റ് എല്ലാം പറഞ്ഞു.
ശരിയാണെല്ലാമെന്ന് എച്മുവിന്റെകൂടെ തലകുലുക്കാമെന്നതല്ലാതെ വാക്കുകള്‍ സമ്മതിക്കുന്നില്ല ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഒന്ന് തന്നെ പറയാന്‍...
well said,,,
ഞങ്ങൾ ഇവിടേയും കാണാറുണ്ട് വളരെ കുറച്ച് വസ്ത്രം ധരിക്കുന്ന ധാരാളം സ്ത്രീകളെ. അത് കാണുന്ന ഒരു പുരുഷന്റേയും സമനില തെറ്റിയതായി കണ്ടിട്ടില്ല. തെറ്റിയാൽ വിവരമറിയുമെന്ന് ഓരോ ഞരമ്പു രോഗികൾക്കും നല്ല തിരിച്ചറിവുണ്ട്. നമ്മുടെ നാട്ടിലതില്ല. അതാണ് പ്രശ്നം.
ആയുർവേദകോളേജിൽ ചേർന്ന കാലം. അവിടെ ഡിഗ്രി ആദ്യമായി തുടങ്ങുകയാണ്. അവിടെ പഴയ വിദ്വാന്മാരായ വൈദ്യന്മാരാണ് അദ്ധ്യാപകർ.
യൂണീവേഴ്സിറ്റി നിയമപ്രകാരം ഡിഗ്രിയും ഉന്നതഡിഗ്രിയും ഉള്ളവർ വേണം ഡിഗ്രിക്കാരെ പഠിപ്പിക്കാൻ
അതുകൊണ്ട് രണ്ടാം വർഷമായപ്പോഴേക്കും ചില ഡിഗ്രിക്കാരായ അദ്ധ്യാപകർ ചേർന്നു.
അവർ ആദ്യം ഞങ്ങളെ ഉപദേശിച്ചത് ആധുനിക വൈദ്യക്കാരെ പോലെ ഞങ്ങളും ഓവർകോട്ടിട്ട് വരണം. ഒറ്റമുണ്ടിന്റെ മുകളിൽ ഓവർക്കോട്ട് പറ്റാത്തത് കൊണ്ട് വേഷം പാന്റാക്കണം
ആണ്ടിൽ രണ്ട് ഒറ്റമുണ്ടുകൾ തന്നെ സംഘടിപ്പിക്കാനുള്ള വിഷമം ഞങ്ങൾക്കല്ലെ അറിയൂ. പിന്നല്ലെ പാന്റ്. പണത്തിന്റെ ബുദ്ധിമുട്ടറിയാത്ത അദ്ധ്യാപകർക്കുണ്ടൊ അതറിയുന്നു
അവർ നിർബ്ബന്ധിച്ചു
പക്ഷെ ഞങ്ങൾ കൊടൂത്ത ഒരു മറുപടീ കാരണം ഞങ്ങൾ പാസായി പോരുന്നത് വരെ പിന്നീട് ആരും നിർബ്ബന്ധിച്ചില്ല -
ഞങ്ങൾ പറഞ്ഞു "എണ്ണ തേപ്പും പിഴിച്ചിലും മറ്റും നടത്താനല്ലെ ഞങ്ങൾ പഠിക്കുന്നത്. അതിൻ ചേർന്ന വേഷം ഇതല്ല. അതിൻ പറ്റിയ പ്ലാസ്റ്റിക് കോണകം ആയിരിക്കും ഞങ്ങൾ ധരിക്കുക"
അന്ന് ഒപ്പം ഉണ്ടായിരുന്നവരിൽ ഭൂരിഭാഗവും പഠിക്കണം എന്ന് ഉദ്ദേശത്തിൽ വന്നവരായത് കൊണ്ട് ആ പ്രകടനം വിജയിച്ചു
ശരിയാണ്... ഈ അസുഖത്തിനാണ് ആദ്യം ചികിത്സ വേണ്ടത്.
കുടുംബമാധ്യമത്തില്‍ വായിച്ചിരുന്നു.
ചേച്ചീ , വൃത്തിയായ് പറഞ്ഞിരിക്കുന്നു ..
ദീപത്തിന്റെ കുറ്റങ്ങളാണ് മുഴച്ച് നില്‍ക്കുന്നത്
മിഴികളുടെ അപാകതകള്‍ , ഒളിച്ച് വച്ചിരിക്കുന്നു ..
എല്ലാര്‍ക്കുമറിയാം , നേര് എന്തെന്ന് .. പക്ഷേ
പറയുമ്പൊള് അതില്‍ വെള്ളം ചേര്‍ക്കുന്നു ...
ഒരൊറ്റ കാഴ്ചയില്‍ , മദം പൊട്ടുന്ന എന്താണ്
ആണുങ്ങളില്‍ നിറച്ച് വച്ചിരിക്കുന്നത് , മുലകുടി
മാറാത്ത പിഞ്ചുകുട്ടികളേ എന്തിന്റെ പേരിലാണ്
അക്രമിക്കപെടുന്നത് ? അധ്യാപികയേ ഇങ്ങനെ
വേഷം കെട്ടിക്കുന്ന സമൂഹം , അവിറ്റെ പഠിക്കുന്ന
കുട്ടികളുടെ മനസ്സിനേ എങ്ങനെയാണ് കാണുന്നത് .
അത്രക്ക് അധപതിച്ചൊ നമ്മുടെ വളരുന്ന തലമുറ ..?
എങ്കില്‍ വീട്ടിലേ അമ്മയും പെങ്ങളും വരെ നാളേ
പൊതിഞ്ഞിരിക്കേണ്ടി വരുമൊ ?
തെറ്റും ശരിയും സ്വയം വിലയിരുത്തട്ടെ.
എച്മു...നന്നായി എഴുതി...എവിടേക്കാണീ പോക്ക് എന്ന് ആർക്കറിയാം ...
പ്രിയപ്പെട്ട ചേച്ചി,
കുറിപ്പ് നന്നായി. ആശംസകൾ
വായിച്ചു കഴിഞ്ഞപ്പോൾ ഇത്രയൊക്കെ മനസിൽ തോന്നി.
പുരുഷന് സ്ത്രീയോടെന്ന പോലെ സ്ത്രീക്ക് പുരുഷനോടും ഉണ്ടാകും ആകർഷണം
അത് പ്രകൃതി നിയമമാണ്.
നാളെ ഒരു സ്ത്രീ പുരുഷനെ ബലാൽസംഗം ചെയ്യില്ലാ എന്ന് എന്താ ഉറപ്പ്?
ബലാൽസംഗം കൈകൊണ്ട് വേണമെന്നില്ലാലോ കണ്ണുകൊണ്ടായാലും മതിയല്ലോ
അപ്പോൾ പുരുഷനും വേണ്ടേ കോട്ട്??
പക്ഷെ മനുഷ്യന് വിവേകബുദ്ധി ഉണ്ട്. മൃഗമല്ല.
അവന് അല്ലെങ്കിൽ അവൾക്ക് തിരിച്ചറിവുണ്ട് ആരെ ഏതുകണ്ണിലൂടെ നോക്കണമെന്ന്.
മൃഗത്തിന് അതില്ലാ.
സ്വന്തം അമ്മയെയോ പെങ്ങളെയോ തിരിച്ചറിയാൻ കഴിവില്ലാത്ത മുട്ടനാടോ കാളകുട്ടനോ അല്ലാലോ ഒരു മനുഷ്യനായ പുരുഷൻ... മറിച്ചും.
ആരെങ്കിലും (അവനോ അതോ അവളോ) അത് തിരിച്ചറിയുന്നില്ലെങ്കിൽ അവരെ കണ്ടെത്തി മാനസീക രോഗത്തിനുള്ള ചികിൽസ നൽകി അവരെ മനുഷ്യരാക്കി മാറ്റുകയാണ് വേണ്ടത്.. അല്ലാതെ ഇത്തരത്തിലുള്ള ബാലിശമായ നിയമങ്ങളല്ല.
ഏതു വസ്ത്രം ധരിക്കണം എന്നത് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യം ആണ്.
അവനവന്റെ മാന്യതയ്ക്ക് ചേരുന്ന വസ്ത്രങ്ങൾ ഓരോരുത്തരും തിരഞ്ഞെടുക്കട്ടെ.
അതിന് പൂർണ സ്വാതന്ത്ര്യം വേണം.
പുരുഷനായാലും സ്ത്രീയായാലും മാന്യമായ വസ്ത്രങ്ങൾ അല്ലാ ധരിക്കുന്നതെങ്കിൽ
മാന്യതയ്ക്ക് വിലകൽപ്പിക്കുന്ന ഒരു സമൂഹത്തിൽ ആ വ്യക്തിയുടെ വ്യക്തിത്വം കളങ്കപെടുന്നത് സ്വാഭാവികം ആണ്. കാലം മാറാതെ കോലം മാറ്റാൻ തിടുക്കം കാണിക്കണ്ടാ.
ഇത്രയും പറഞ്ഞപ്പോൾ ഇതുംകൂടി ചോദിചോട്ടെ?
ബസിൽ എന്തിനാ സ്ത്രീകൾക്ക് പ്രത്യോകം സീറ്റ്??
ഓരോ സീറ്റിന് മുകളിലും സ്ത്രീകൾ എന്ന് എഴുതി വച്ചിരിക്കുന്നത് കാണുമ്പോൾ അത് സ്ത്രീകൾ അബലകൾ ആണെന്ന് പുരുഷൻമാരെ ഓർമപെടുത്തുകയല്ലേ ചെയുന്നത് ? ഇന്ന് സ്ത്രീകൾക്ക് പുരുഷനേക്കാൾ ശക്തിയില്ല്ലേ??? ഇത്തരം നിയമങ്ങൾ പൊളിച്ചെഴുതെണ്ടതല്ലേ??
അതെ, അജിത്തേട്ടന് പറഞ്ഞതാണ് കാര്യം.. ശരിക്കും അത്രയുമേ കാര്യമുള്ളൂ താനും..
അനീഷ്,
തങ്കപ്പന് ചേട്ടന്,
ഡോക്ടര്‍ സര്,
ശ്രീജിത്ത്,
ഇലഞ്ഞിപ്പൂക്കള്‍ എല്ലാവര്ക്കും നന്ദി..
നീതു,
വികെ മാഷ്,
ഇന്‍ഡ്യാ ഹെറിട്ടേജ് എല്ലാവര്ക്കും നന്ദി.
ശ്രീ,
രാംജി,
റിനി,
കലാവല്ലഭന്‍,
അശ്വതി ഇനിയും വായിക്കുമല്ലോ.. എല്ലാവര്ക്കും നന്ദി..
കോഴിക്കോട്ടെ ഒരു പെണ്‍പള്ളിക്കൂടത്തില്‍ തന്റെ മകള്‍ പഠിക്കുന്ന വേളയില്‍ അവിടെ പുരുഷ അധ്യാപകര്‍ പഠിപ്പിക്കാന്‍ പാടില്ലെന്നും, പ്രസ്തുത വിദ്യാലയത്തിലെ പുരുഷന്മാരായ അദ്ധ്യാപകരെ മുഴുവന്‍ സ്ഥലം മാറ്റണമെന്നും പറഞ്ഞ് വലിയ ഒച്ചപ്പാടുണ്ടാക്കി, ഉന്നതങ്ങളിലെ സ്വാധീനമുപയോഗിച്ച് പുരുഷന്മാരായ അധ്യാപകരെ മുഴുവന്‍ ആ വിദ്യാലയത്തില്‍ നിന്നും സ്ഥലം മാറ്റിക്കാന്‍ നേതൃത്വം കൊടുത്തത് ഒരു സ്ത്രീയാണ് - ഇവരുടെ പേര് ഞാനിവിടെ പറയുന്നില്ല.കേരളത്തില്‍ ഇവരെ അറിയാത്തവര്‍ ആരുമുണ്ടാവില്ല. നമ്മുടെ സാമൂഹ്യസാംസ്കാരികരംഗങ്ങളില്‍ അത്രയേറെ പ്രശസ്തയാണ് ഈ മഹതി.വിപ്ലവാത്മകമായ രീതിയില്‍ സ്ത്രീവിമോചനത്തിന്റെയും സാമൂഹ്യമോചനത്തിന്റേയും ആശയങ്ങള്‍ മുന്നോട്ടുവെക്കുന്ന ഇവരെപ്പോലുള്ള ആളുകളാണ് സ്ത്രീയുടെ ശത്രു എന്നു ഞാന്‍ പറയും....
എച്ചുമു പറഞ്ഞ ആശയത്തിന് അനുബന്ധമായി എനിക്ക് നേരിട്ടറിയുന്ന ഒരു കാര്യം പറഞ്ഞുവെന്നു മാത്രം....
ദീപത്തിനല്ല,
നേത്രരോഗിക്കാണ് ചികില്‍സ വേണ്ടതെന്ന് ശ്രീരാമനോട് പറയാതെ സീതയെ അഗ്നിപരീക്ഷയ്ക്ക് വിധേയയാക്കിയ രാമായണകാലം മുതല്‍ നേത്രരോഗികള്‍ ദീപത്തിനെ കുടം കൊണ്ട് അടയ്ക്കുകയാണ്, കോട്ട് ധരിപ്പിക്കുകയാണ്, അതും പിങ്ക് കോട്ട്..!
ഇതിനെല്ലാം
പറ്റിയ അപൂര്‍വ ന്യായങ്ങള്‍
കണ്ടുപിടിക്കുകയാണ്....
ഇനിയും കണ്ടുപിടിച്ചു കൊണ്ടിരിക്കും...!!
now the innocent kids will also think y ladies are wearing these overcoats, while men dont have.
The attitude and concept of people and society towards these should change. We should be broadminded. We need to read about muslim marriage at age of 16 yrs in connection with it.
Post a Comment