ശബ്ദ കോലാഹലങ്ങള്‍ നമ്മുടെ നാടിന്റെ അടയാളങ്ങളാണ്. ബഹളം വെയ്ക്കുന്നതും ഉച്ചത്തില്‍
അലറുന്നതും ഒറക്കെ ഒറക്കെ പറഞ്ഞ് പേടിയാക്കുന്നതും എല്ലാം നമ്മുടെ ശീലങ്ങളാണ്.
അധികാരം പലപ്പോഴും പ്രകടിപ്പിക്കപ്പെടുന്നത് അലര്‍ച്ചയിലൂടെ
നിശ്ശബ്ദതയെ ക്രൂരമായി ഭേദിച്ചുകൊണ്ടാണ്.
അതാണല്ലോ മിണ്ടരുത് എന്ന്
ഗര്‍ജ്ജിച്ച് സംസാരിക്കാന്‍
തുടങ്ങുന്നവരെപ്പോലും ഒതുക്കാന്‍ ഉപയോഗിക്കുന്ന തന്ത്രം.
ഭക്തിയുടെയും ആരാധനയുടേയും അത്യുദാത്തമെന്ന് ഭൂരിപക്ഷം പേരും വിശ്വസിക്കുന്ന ദൈവിക
കാര്യങ്ങളില്‍ ശബ്ദം അതിന്റെ
ഏറ്റവും രൂക്ഷമായ
കടന്നുകയറ്റമായി മാറുന്നുണ്ട്. അനവധി ആളൂകള് ഒന്നിച്ചു നിന്ന് അത്യുച്ചത്തില്‍
പ്രാര്ഥിക്കുന്നതിനെപ്പറ്റിയല്ല
പറയുന്നത്. അത് എത്രയായാലും
ബോധപൂര്‍വം അവര്‍ തെരഞ്ഞെടുത്ത
ആരാധനാക്രമമാണ്. അവരില്‍ ഒതുങ്ങി
നില്ക്കുന്നിടത്തോളം, അതില്‍ പങ്കെടുക്കാന്‍ നമ്മള് അവിടെ പോകാത്തിടത്തോളം പൊതുജനത്തിനെ
അത് ബാധിക്കുകയില്ല.
ആരാധനാലയങ്ങളുടെ അരികില്‍
വീടു വെക്കരുതെന്നാണ് വാസ്തു ശാസ്ത്രം. ആരാധനാലയങ്ങളേക്കാള്‍ ഉയരത്തിലാവരുത് വീടുകള്‍ എന്നു മാത്രമേ അതിനു
അര്‍ഥമുള്ളൂ എന്നും
വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഈയിടെയായി
ആരാധനാലയങ്ങളുടെ സാമീപ്യം മനുഷ്യ
ജീവിതത്തെ അതിക്രൂരമായി ഭീതിപ്പെടുത്തുന്നുവെന്ന് തോന്നാന്‍ തുടങ്ങിയിരിക്കുന്നു. സ്ത്രീ പീഡനമെന്ന പോലെ ഇക്കാര്യത്തിലും ജാതി മത
വ്യത്യാസമൊന്നുമില്ല.
നിരന്തരമായി ഉയരുന്ന പ്രാര്‍ഥനാ കോലാഹലങ്ങള്‍ക്കുള്ളില്‍
പെട്ടു പോകുന്ന മനുഷ്യരുടെ ജീവിതം എത്ര ദുരിതപൂര്‍ണമാകുന്നുവെന്ന് വലിയ
ഉച്ചഭാഷിണിപ്പെട്ടികള്ക്കു സമീപം കട നടത്തുന്നവര്‍ അമര്‍ഷത്തോടെ പറഞ്ഞു.
ആരാധനാലയത്തിനു അടുക്കെ വീടുള്ള മുത്തശ്ശി
പൊട്ടന്മാരുടെ ദൈവത്തെപ്പറ്റി അതാരാണെന്നതിനെപ്പറ്റി അദ്ദേഹത്ത
പ്രസാദിപ്പിക്കുന്നതിനു എന്തു
ചെയ്യണമെന്നതിനെപ്പറ്റി ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിക്കുന്നുണ്ടായിരുന്നു. മുത്തശ്ശിക്കു
ചെവി കേള്ക്കുന്നതുകൊണ്ടാണല്ലോ ഈ
പ്രാര്‍ഥനാ പീഡനം താങ്ങാന്‍
വയ്യാതാകുന്നത്. പൊട്ടന്മാരുടെ ദൈവത്തെ പ്രീതിപ്പെടുത്തി ചെകിടു
പൊട്ടിയെന്ന വരം വാങ്ങിയാല്‍ ഞാന്‍
രക്ഷപ്പെട്ടില്ലേ മക്കളേ എന്ന് പറഞ്ഞ മുത്തശ്ശിയെ നോക്കി വിരലുകള്‍ ചെവിയില്‍
തിരുകിയ കടയുടമസ്ഥരും ജോലിക്കാരും
സഹതാപപൂര്‍വം ചിരിച്ചു.
അവിടെയുണ്ടായിരുന്ന ഒരു ഉത്തമ ദൈവ
വിശ്വാസിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.
അദ്ദേഹം ക്ഷുഭിതനായി.
മുത്തശ്ശിക്കും പ്രാര്ഥനാശബ്ദങ്ങളും പാട്ടുകളും
മറ്റും പീഡനമാണെന്ന് പറയുന്നവര്‍ക്കും ദൈവത്തിന്റെ മഹത്വം അറിയില്ലെന്ന് അദ്ദേഹം
അത്യുച്ചത്തില്‍ പറഞ്ഞു. ഈ ഉദാത്തമായ
ശബ്ദങ്ങള്‍ ശ്രവിക്കുമ്പോള്‍ എന്തുമാത്രം പോസിറ്റീവ് എനര്‍ജിയാണ്
മനുഷ്യരിലും പ്രകൃതിയിലും നിക്ഷേപിക്കപ്പെടുന്നതെന്ന് ആരും മനസ്സിലാക്കുന്നില്ല. ദൈവകാര്യമായതുകൊണ്ട് ആര്‍ക്കും അത് മുടക്കാനോ അങ്ങനെ പാടില്ലെന്ന്
പറയാനോ കഴിയില്ല തന്നെ. കുറച്ചു ശബ്ദം
സഹിച്ചാലെന്ത് ദൈവസ്തുതിയല്ലേ കേള്‍ക്കുന്നത് അഴിമതിയുടെ അവതാരങ്ങളായ രാഷ്ട്രീയക്കാരുടെ ഉദ്ബോധനങ്ങളും
അലവലാതി സിനിമാപ്പാട്ടും ചീഞ്ഞളിഞ്ഞ
സീരിയല്‍ വചനങ്ങളും ഒന്നുമല്ലല്ലോ.
ഉച്ചഭാഷിണികളായ അനവധി കറുത്ത ചതുരപ്പെട്ടികള്‍ റോഡരികില്‍ സ്ഥാപിച്ചിരുന്നതുകൊണ്ട് ഭക്തിഗാനങ്ങളും പ്രാര്‍ഥനകളും
നട്ടുച്ച നേരത്തും അവിടമാകെ മുഴങ്ങിയിരുന്നു. ദൈവവിശ്വാസിയാണെങ്കിലും കാര്യങ്ങള്‍
വളരെ ഉറക്കെ ഞങ്ങളോട് വിശദീകരിക്കേണ്ടി വന്നതുകൊണ്ട് അദ്ദേഹത്തിന്റെ ശബ്ദവും വല്ലാതെ ഇടറുന്നുണ്ടായിരുന്നു.
മുത്തശ്ശി സങ്കടപ്പെട്ടുകൊണ്ട് അതു തന്നെ
ചൂണ്ടിക്കാണിച്ചു.സ്വന്തം വീട്ടില്‍ മനുഷ്യര്‍ക്ക് ഇത്ര ഉച്ചത്തില്‍
സംസാരിക്കേണ്ടി വരുന്നത് കഷ്ടമല്ലേ? കുഞ്ഞിനെ ഉറക്കാന്‍ പറ്റാത്തത് കഷ്ടമല്ലേ ? രോഗികള്‍ക്ക്
സമാധാനമായി വിശ്രമിക്കാനാവാത്തത്
കഷ്ടമല്ലേ? ശാന്തിയും സമാധാനവും
കളിയാടുന്ന സ്തുതികളായിരിക്കില്ലേ ദൈവവും
ഇഷ്ടപ്പെടുന്നത്?
മുത്തശ്ശിയുടെ ചോദ്യങ്ങള്‍ക്ക് ആരും മറുപടി
പറഞ്ഞില്ല. അതെ എന്നു പറയണമെന്നുണ്ടെങ്കിലും ദൈവകാര്യങ്ങളില്‍ ഇടപെടുന്നതിലെ അനൌചിത്യവും അക്രമത്തിനിരയായെങ്കിലോ എന്ന ഭയവുമായിരിക്കണം
കാരണം. ഇത്തരം ചെറിയ ഇടപെടലുകള്‍ പോലും
ദൈവത്തിനെയും മതത്തിനെയും ചോദ്യം ചെയ്യുന്നതായും
അത് ഒരു തരത്തിലും
അനുവദനീയമല്ലെന്നുമുള്ള അപകടകരമായ
മതാത്മകത വളര്‍ത്തുന്നതില്‍
മതാചാര്യന്മാരും മാധ്യമങ്ങളും രാഷ്ട്രീയാധികാരവും പരസ്പരം മല്‍സരിക്കുന്നു.
അനുഭവിക്കുന്ന കഷ്ടപ്പാടുകളില്‍ മനസ്സു തകര്‍ന്ന ജനത ആ ചുഴിയിലേക്ക് യാതൊരു പ്രതിരോധവും കൂടാതെ ആണ്ടിറങ്ങിപ്പോവുകയും ചെയ്യുന്നു.
ശബ്ദത്തിന്റെ ഈ അതിരു കവിഞ്ഞ ആര്‍ഭാടവും വിശ്വാസത്തിന്റെ കടന്നുകയറുന്ന ഈ
പ്രദര്‍ശനവും കൊണ്ട് മനുഷ്യരെങ്ങനെ ദൈവത്തോട് കൂടുതല്‍ അടുക്കുമെന്ന് ദൈവവും ആലോചിക്കുന്നുണ്ടാവും. വല്ലാത്ത നിസ്സഹായത അനുഭവിക്കുന്നുണ്ടാവും. ഈ അലര്‍ച്ചകളില്‍ ശരിയായി കാതു കേള്‍ക്കാത്തതുകൊണ്ടാവും
മനുഷ്യര്‍ പ്രാര്ഥിക്കുന്നതൊന്നും ദൈവത്തിനു നടപ്പിലാക്കിത്തരാന്‍ ആവാത്തതും.
അന്യരോടുള്ള പരിഗണന ദൈവികമായി ഉയരുമ്പോള്‍ അവരവരോട്
മാത്രമുള്ള പരിഗണന പൈശാചികമായി അധപ്പതിക്കുന്നുവെന്ന് എന്തുകൊണ്ടോ നമ്മള്
മനുഷ്യര്‍ക്ക് പലപ്പോഴും മനസ്സിലാക്കാന്‍
കഴിയാറില്ല. അതുകൊണ്ട് നമ്മള്
കണ്ണീര്‍പ്പാടങ്ങളില്‍ അവസാനമില്ലാതെ നീന്തിക്കൊണ്ടേയിരിക്കുന്നു....
29 comments:
മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കാതെ,പ്രാര്‍ത്ഥനകളും,പ്രഭാഷണങ്ങളും ചടങ്ങുകളും ഉച്ചത്തില്‍ വെയ്ക്കുന്നതില്‍ ഭക്തി അശേഷം ഇല്ല. അത് പലപ്പോഴും ശക്തിപ്രകടനമാണ്.ഇക്കാര്യത്തില്‍ കേരളത്തിലെ മതങ്ങള്‍ അന്യോന്യം മല്‍സരിക്കുകയാണ്. ദൈവം മിക്കവാറും ചിരിക്കുന്നുണ്ടാവണം.
ദൈവം പൊട്ടനായിരിക്കണം അല്ലെങ്കിൽ ഇത്ര വല്യ ശബ്ദം ഉണ്ടാക്കേണ്ട ആവശ്യം എന്ത്?
സത്യത്തിൽ ഇക്കാര്യം ഞാനും ഒരുപാട് ആലോചിച്ചിട്ടുള്ളതാണ്./
പക്ഷെ നാം അനുഭവിക്കാൻ മാത്രം വിധിക്കപ്പെട്ടവരല്ലെ
കുറച്ച് താന്തോന്നികൾ തീരുമാനിക്കുന്ന അലവലാതിത്തരം മുഴുവൻ അന്നുഭവിക്കാൻ വിധിക്കപ്പെട്ടവർ
ഇപ്പോള്‍ ശബ്ദനിയന്ത്രണവും,സമയക്രമവും ഒരുപരിധിവരെ പാലിക്കുവാന്‍ കഴിഞ്ഞീട്ടുണ്ടെന്ന് തോന്നുന്നു.
പണ്ടോക്കെ ഒരു നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ലല്ലോ.പരസ്പരം സഹകരണമുണ്ടെങ്കില്‍ പ്രശ്നങ്ങളൊന്നും
ഉണ്ടാവുകയില്ല.സ്ഥലക്കുറവും,വീടുകളുടെ ആധിക്യവും പ്രശ്നം തന്നെ....
ആശംസകള്‍
ഇപ്പോള്‍ ശബ്ദനിയന്ത്രണവും,സമയക്രമവും ഒരുപരിധിവരെ പാലിക്കുവാന്‍ കഴിഞ്ഞീട്ടുണ്ടെന്ന് തോന്നുന്നു.
പണ്ടോക്കെ ഒരു നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ലല്ലോ.പരസ്പരം സഹകരണമുണ്ടെങ്കില്‍ പ്രശ്നങ്ങളൊന്നും
ഉണ്ടാവുകയില്ല.സ്ഥലക്കുറവും,വീടുകളുടെ ആധിക്യവും പ്രശ്നം തന്നെ....
ആശംസകള്‍
ഇന്നലെ ഒരു അമ്പലത്തില്‍ പോയപ്പോള്‍ അവിടെ മൈക്ക് സെറ്റ് ഒക്കെ വെച്ച് ഹരേ രാമ ഹരേ കൃഷണ പാടുന്നു.. പാവം ഭാഗവതര്‍ വെള്ളിയൊക്കെ തീര്‍ന്നു സ്വര്‍ണം പ്ലാറ്റിനം തുടങ്ങിയ അപൂര്‍വ മൂലകങ്ങള്‍ വരെ വീഴാന്‍ തുടങ്ങിയ്യിരിക്കുന്നു. ഇതൊക്കെ രാവിലെ മുതല്‍ സഹിക്കുന്ന കൃഷന്റെയും രാമന്റെയും അവസ്ഥ.. ശിവ ശിവ.. എന്നലാതെ എന്താ ഇപ്പൊ പറയുക.
ദൈവത്തിന്റെയോ മതത്തിന്റെയോ പേരിലാണെങ്കിൽ എന്തുമാവാം എന്നൊരു ധാര്‍ഷ്ട്യം
അതിന്റെ ആളുകൾക്കുണ്ട് .നമ്മുടെ പൊതുസമൂഹം അത് നിശ്ശബ്ദം സഹിക്കുകയും ചെയ്യും .
"(അതില്‍ ) ഭക്തി അശേഷം ഇല്ല. അത്... ശക്തിപ്രകടനമാണ്"
@vettathan സല്യൂട്ട്! അതിനപ്പുറം ഒന്നും പറയാനില്ല.
"വിശ്വാസം" അതുണ്ടെങ്കില്‍ എന്തുമാകാം അല്ലോ.. ല്ലേ..
ഇതായിരിക്കും ചിലപ്പോ ദേവാലയങ്ങള്‍ക്കടുത്ത് വീടുകള്‍ പാടില്ലെന്ന് പണ്ടുള്ളവര്‍ പറഞ്ഞതിന്റെ പൊരുള്‍ എന്ന് തോന്നുന്നു.
chevikelkkaathavar ellaru thangaleppolaanennu karuthi uchathile samsaarikku....appo aara pottan alariprarthikkunnavaro atho sabdasallyam sahikkanavathe chevi pothippokunna daivamo...?
ഭക്തിയെ വളച്ചൊടിച്ച് ശക്തികാണിക്കുക എന്നൊരു ലക്ഷ്യം മാത്രമേയുള്ളു ഈ ഉച്ചഭാഷിണിപ്രയോഗങ്ങൾക്ക്.....
ചുറ്റുപാടും എന്തെല്ലാം നടന്നാലും ഒന്നും ഞാനറിഞ്ഞില്ല.. അതൊന്നും എന്റെ പ്രശ്നമല്ല ...എനിക്കെ വേറെ പണിയുണ്ട്... എന്തെങ്കിലും ആകട്ടെ .. വെറുതെ കുഴപ്പത്തിൽ ചാടണ്ട ..ഇങ്ങനെ സ്വയം പറഞ്ഞു തന്‍കാര്യം നോക്കി പോകുന്നവർ ഇപ്പോൾ കൂടി വരുന്നുണ്ട് ... രണ്ടോ മൂന്നോ പേർ ബോൾഡ് ആയി പറഞ്ഞാൽ കുറയ്ക്കാവുന്ന ബഹളങ്ങളേ ഉള്ളു ഇതെല്ലാം... കോളേജിൽ പഠിച്ചിരുന്നപ്പോൾ ഹൊസ്റ്റലിനു മുന്പിലെ കവലയിൽ മെഗാഫൊണുമായി സുവിശേഷം പ്രസംഗിച്ചു നിന്ന ഉപദേശിക്കൂട്ടത്തെ ഒറ്റയ്ക്ക് തുരത്തിയ അനുഭവം കൊണ്ട് പറഞ്ഞതാ ...ഒറ്റയ്ക്ക് പോയത് ധീരത കൊണ്ടൊന്നുമല്ല ..എന്നേക്കാൾ കായികബലമുള്ള കുറേപ്പേരെ ഞാൻ വിളിച്ചു ..അവർ പറഞ്ഞ മറുപടികളാണ് നേരത്തെ കണ്ടത് .. ഉദ്ദേശശുദ്ദിയും ഒരൽപം ചൊരത്തിളപ്പും മതി പൊട്ടൻ ദൈവങ്ങളെ ഓടിക്കാൻ
ശബ്ദിയ്ക്കാനുള്ള കഴിവ്, പ്രത്യേകിച്ചും മാനവരാശിയ്ക്ക്ക് അവരുടെ വികാരവിചാരങ്ങള്‍ പ്രകടിപ്പിയ്ക്കാന്‍ സൃഷ്ടികര്‍ത്താവ് കനിഞ്ഞരുളിയ സിദ്ധിയല്ലെ..ശബ്ദമില്ലാത്തൊരു ലോകത്തെപ്പറ്റി ആലോചിയ്ക്കാന്‍പോലും കഴിയില്ലല്ലോ നമുക്ക്..
പിന്നെ സന്ധ്യാനേരത്ത് ഈ അമ്പലപ്പാട്ടുകള്‍ കഴിഞ്ഞ നൂറ്റാണ്ടുമുതല്ക്കെ തുടങ്ങിയതല്ലെ..പക്ഷെ അന്ന് ഇത്രയേറേ ആരാധനലായങ്ങള്‍ ഇല്ലായിരുന്നു, മാത്രമല്ല അവയൊന്നും ഇത്രമാത്രം വാണിജ്യവല്ക്കരിക്കപ്പെട്ടിരുന്നുമില്ല. എല്ലാറ്റിനും ഭക്തിമാര്ഗ്ഗത്തിന്റേതായ ഒതുക്കവും ലാളിത്യമുണ്ടായിരുന്നു..ആര്‍ക്കും അലസോരമാകാതെ അന്തീരക്ഷത്തിലേയ്ക്ക് പ്രവഹിപ്പിയ്ക്കാനുള്ള കരുതലുണ്ടായിരുന്നു അതിന്റെ സംഘാടകര്‍ക്ക്. ആകാശത്തോളം ഉയരമുള്ള കൊടിമരത്തില്‍ അല്ലെങ്കില്‍ ആലിന്കൊമ്പില് ഭദ്രമായികെട്ടിവെച്ച കോളാമ്പിയിലൂടെ ഒഴുകിയെത്തുന്ന ഇമ്പമുള്ള ഈണങ്ങള്‍ക്ക് ഗ്രാമസന്ധ്യയ്ക്ക് ചാരുതയും കുളിര്‍മ്മയും പകരാനുള്ള മാസ്മരികതയുണ്ടായിരുന്നു..
കാലം മാറി..സാങ്കേതികവിദ്യകള്‍ ചൊവ്വയോളം വളര്‍ന്നു. കര്‍ണ്ണപുടങ്ങള്‍ തകര്‍ത്ത് ഭൂമിയുടെ അതിരും കടന്ന് അനന്തതയ്ക്കപ്പുറംപോലും പ്രകമ്പനംകൊള്ളിയ്ക്കാന് കെല്‍പ്പുള്ള ഉച്ചഭാക്ഷിണികള്‍ സുലഭമായി, എന്റെ ദൈവമാണോ വലുത് നിന്റെ ദൈവമാണോ വലുത് എന്ന ചോദ്യവുമായി ആസുരഭാവം പൂണ്ട അവയുടെ മല്‍സരം ചുറ്റിലും ശക്തമായി. ഇതെല്ലാം കാണാനും കേള്‍ക്കാനും വയ്യാതെ ദൈവങ്ങള്‍ എങ്ങോ പോയ്മറഞ്ഞു..ചുരുക്കത്തില്‍ നാഥനില്ല കളരിയായി ആരാധനാലയങ്ങള്‍...കയ്യൂക്കുള്ളവന് കാര്യേക്കാരനായി. അവരുടെ നിയന്ത്രണത്തിലായി കാര്യങ്ങള്‍.
ഇന്ന് തിയറ്ററുകളില്പോയി സിനിമ കണ്ടു പുറത്തിറങ്ങുമ്പോള്‍ അവിടുത്തെ ആധുനിക സൗണ്ട് സിസ്റ്റങ്ങളുടെ രണ്ടരമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന നിരന്തര പീഡനത്തിനുവിധേയമാകുന്ന കര്ണ്ണപുഠങ്ങളുടെ അവസ്ഥ..!! ചിന്തിയ്ക്കാന്‍ പോലും കഴിയുന്നില്ല അല്ലെ. ഇത് വേഗത്തിന്റേ,വേഗതേറിയ അല്ലെങ്കില്‍ അലറിവിളിയ്ക്കുന്ന സംഗീതത്തിന്റെ കാലമാണ്, പല പുതിയ ഭക്തിഗാനങ്ങളും കുത്തുപാട്ടുകളെന്നറിയപ്പെടുന്ന തമിഴ് ഡാന്‍സ് നമ്പറുകളുടെ പാരഡികള്‍ മാത്രമായി തരംതാണിരിയ്ക്കുന്നു.
ഒന്നും ആരുടേയും കുറ്റമല്ല..കാലം എപ്പോഴും അങ്ങിനെയാണ്.നല്ലതായാലും ചീത്തയായാലും മാറ്റങ്ങള്‍ അനിവാര്യമാണ്...ഒന്നുകൂടെ പറയട്ടെ നമ്മുടെ ഗൃഹാന്തരീക്ഷത്തില്‍ സ്വീകരണമുറിയിലെ സായന്തനങ്ങളെ മലീമസമാക്കുന്ന ( അതും പരമാവധി ഉച്ചത്തില്‍) സീരിയല്‍-കോമഡി ചാനല്പ്രോഗ്രാമുകളേക്കാള് എത്രയോ ഭേദമാണ് ഈ അമ്പലപ്പാട്ടുകള്‍. സത്യമല്ലെ എചുമു ഞാന്‍ പറഞ്ഞതില്‍ കുറച്ചെങ്കിലും ശരിയില്ലെ .....
ആശംസകള്‍..
80 ഡിബിയ്ക്ക് മുകളില്‍ ഉള്ള ശബ്ദം ശ്രവണശക്തിയ്ക്ക് തകരാറുണ്ടാക്കും. ദൈവം ഒരു ശബ്ദവും കേള്‍ക്കുന്നില്ല. ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍!
വെട്ടത്താന്‍ ചേട്ടന് പറഞ്ഞതാണ് സത്യം. അത് വെറും ശക്തിപ്രകടനം മാത്രമാണ്... ഭക്തിപ്രകടനം അല്ല.
ഞാന്‍ പ്രതികരിച്ചു നോക്കി.. ഡോക്ടര്‍ സര്.. ഒറ്റയ്ക്ക് പ്രതികരിച്ചിട്ട് കാര്യമില്ല എന്ന് എനിക്ക് മനസ്സിലായി.. അങ്ങനെ എല്ലാം കേള്‍ക്കാന്‍ പിന്നെയും വിധിക്കപ്പെട്ടു.
ഇല്ല തങ്കപ്പന് ചേട്ടാ, ഒരു നിയന്ത്രണവുമില്ല. ഈ ശബ്ദകോലാഹലത്തിനു.. രാത്രിയില്‍ പോലും ബഹളം തന്നെയാണ്..ദൈവം എന്നോ ഇരിപ്പിടം വിട്ട് വല്ല ബഹിരാകാശത്തേക്കോ പാതാളത്തിലേക്കോ ഓടി രക്ഷപ്പെട്ടു കാണും.
ശ്രീജിത്ത് പറഞ്ഞത് വാസ്തവം.
അതെയതെ, മറ്റൊരാളോട് തീര്‍ത്തും യോജിക്കുന്നു..
തന്നെ തന്നെ കെ കെ.
എന്നാണ് എല്ലാവരും പറയുന്നത് മനോജ്.
അങ്നഗ്നെ വിചാരിക്കാം നമുക്ക് രാംജി.
അറിഞ്ഞു കൂടാ... ജന്മസുകൃതമേ..
പ്രദീപ് മാഷ് പറഞ്ഞത് ശരിയാണ്..
ശരിയാവാം , രാജീവ്. പക്ഷെ, എന്റെ പ്രതികരണം കൊണ്ട് പ്രയോജനമുണ്ടായില്ല..
കുട്ടിക്കാലത്ത് ഉറക്കം ഉണര്ന്നിരുന്നത് അമ്പലത്തിലെ പാട്ട് കേട്ടായിരുന്നു ... :(
അശ്വിന് എഴുതിയത് വായിച്ചു... നമ്മള് തെരഞ്ഞെടുത്ത് സഹിക്കുന്ന ബഹളങ്ങള്‍ക്ക് നമ്മള് തന്നെയാണ് ഉത്തരവാദികള്‍ .. സിനിമാതിയേറ്ററും വീട്ടിലെ ടിവിയും പോലെ അല്ല, ആരാധനാലയങ്ങളിലെ ബഹളം.. അത് വലിയ വലിയ കറുത്ത ചതുരപ്പെട്ടികള്‍ വെച്ച് പൊതുനിരത്തിലേക്കും ആശുപത്രിയിലേക്കും സദാസമയവും അടിച്ചേല്‍പ്പിക്കുന്നത് അന്യരോടുള്ള പരിഗണനയില്ലായ്മയാണ്..അനുതാപക്കുറവാണ്. അതാണ് ഞാന്‍ ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചത്..വായനയ്ക്ക് നന്ദി. ഇനിയും വരുമല്ലോ.
അജിത്തേട്ടനും ആര്‍ഷയ്ക്കും നന്ദി.
“ഈ അലര്‍ച്ചകളില്‍ ശരിയായി കാതു കേള്‍ക്കാത്തതുകൊണ്ടാവും മനുഷ്യര്‍ പ്രാര്ഥിക്കുന്നതൊന്നും ദൈവത്തിനു നടപ്പിലാക്കിത്തരാന്‍ ആവാത്തതും.”
കാലങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന ഈ കർണ്ണകഠോരശബ്ദങ്ങൾ കേട്ടുകേട്ട് ദൈവങ്ങളുടെ ചെവിയും അടഞ്ഞു പോയിരിക്കും...
ആരാധന ആശരനർക്കും നിരാലംബർക്കും ഒരാശ്രയമാണ്, പ്രതീക്ഷയാണ്... അവർ പ്രാർത്ഥിക്കട്ടെ
ഭക്തി ഒരുവന്റെ ഉള്ളിലല്ലേ, ആരാധനാലയത്തിലെത്താൻ കഴിയാത്ത അവന്റെ ഉള്ളിലേക്ക് എത്തിക്കാനുള്ള ശ്രമം.
ഇതിന്റെ പൂർണ്ണമായ അർത്ഥം മനസ്സിലാക്കണമെങ്കിൽ കേരളത്തിനു വെളിയിൽ ജീവിക്കണം. അപ്പോഴാണ് ഈ ക്രൂരതയുടെ വ്യാപ്തി മനസ്സിലാകൂ.
NB : കഴിഞ്ഞ ദീപാവലിക്ക് ഞാൻ അഞ്ചു മാസം പ്രായമുള്ള മോളെയും, ഭാര്യയേയും നാട്ടിൽ കൊണ്ടാക്കി. ഇവിടെ അഞ്ചാറു ദിവസം ജനൽ ചില്ലുകൾ ഇടറുന്ന രീതിയിൽ പടക്കം പൊട്ടിച്ചു നാട്ടുകാർ കളിക്കുമ്പോൾ കുഞ്ഞിനോട് ഉറങ്ങൂ എന്നു വാശി പിടിക്കാൻ പറ്റില്ലല്ലോ.....
എന്തിനാ ഇത്രയധികം ശബ്ദമുണ്ടാക്കി പ്രാര്‍ത്ഥിക്കണെ.. ഞാനും ആലോചിക്കാറുണ്ട്. ഭക്തിയേക്കാള്‍ മല്‍സരമാണ്...
എച്മു , കേരളത്തിന് പുറത്ത് ഈ പറഞ്ഞത് നൂറുവട്ടം ശരിയാണ് ...ഒരു ചെറിയ ഏരിയയിൽ എത്ര ആരാധനാലയങ്ങളാണ്!!!.ചില പ്രത്യേക ദിവസങ്ങളിൽ, എല്ലായിടത്തു നിന്നും ഒരുമിച്ചു ഉച്ചഭാഷിണി യിലൂടെ വരുന്ന ശബ്ദം ജീവിതം തന്നെ മടുപ്പിക്കും...പിന്നെങ്ങനെ ഭക്തി ഉണ്ടാവും?
എന്തും സഹിക്കാന്‍ വിധിക്കപ്പെട്ടവരല്ലേ നാം പൊതുജനം എന്ന കഴുത.
പിന്നെ ഇവിടെ മാത്രമായി എന്ത് ?
ദൈവങ്ങൾ ഉച്ച ഭാഷിണിയിലൂടെ
അവതരിക്കുന്ന കലി കാലം
ഭക്തിയുടെ ശബ്ദ ശക്തി ...!
കാതടപ്പിക്കുന്ന ഡോളക്ക് മേളങ്ങളും അതിലിരട്ടി ഉച്ചത്തില്‍ അലറുന്ന സൌണ്ട് ബോക്സുകളുമാണ് മിക്കവാറുമെല്ലാ മറാത്താ ആഘോക്ഷങ്ങളുടെയും അകമ്പടി. ആയതിനാല്‍ ഞാന്‍ ഒട്ടു മിക്ക ശബ്ദങ്ങളോടും പൊരുത്തപ്പെട്ടു എന്ന് പറയാം.
വിശ്വാസങ്ങളുടെ ഭാഗമായി നടത്തുന്ന ഇത്തരം കാര്യങ്ങളെ പ്രതിരോധിക്കാന്‍ പൊതുജനം മിനക്കെടില്ല. അഥവാ മിനക്കെട്ടാല്‍ കാര്യങ്ങള്‍ മറ്റൊരു തലത്തിലേക്ക് വഴിമാറി കലാപ സൂചനകള്‍ വരും. ആയതിനാല്‍ ഭരിക്കുന്ന സര്‍ക്കാരുകള്‍ തന്നെയാണ് നിയമനിര്‍മ്മാണത്തിലൂടെ ഇതിനൊക്കെ തടയിടെണ്ടത്.
Post a Comment