ഇത്
രാജ്യമെന്ന മാതാവിനെ വന്ദിക്കുവാനുള്ള
ആഹ്വാനമായി വായിക്കുന്നത് വളരെ
എളുപ്പമാണ്. എല്ലാവരും അങ്ങനെ
വായിക്കുവാന്‍ ഇഷ്ടപ്പെടുകയും ചെയ്യും. കാരണം ആ മാതാവിനെ വന്ദിക്കാനും ആദരിക്കാനും ചെല്ലും ചെലവും കൊടുത്ത് നമ്മള്
സൈന്യത്തെ നിയോഗിച്ചിട്ടുണ്ടല്ലോ. അതുകൊണ്ട് നമ്മളില്‍ ആരുടേയും ദൈനംദിന ചുമതലയില്‍ ആ വന്ദനവും ആദരവും കടന്നു വരുന്നില്ല. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, പാക്കിസ്ഥാനെതിരേ ഇന്ത്യ ക്രിക്കറ്റ്
കളിക്കുന്ന ദിവസം ഈ
ദിവസങ്ങളിലൊക്കെ രാജ്യസ്നേഹവും വന്ദേ മാതരവും
സിരകളില്‍ പതയും. അതിനും
പുറമേ സാധാരണക്കാരെ വല്ലാതെ ഭയപ്പെടുത്തുന്ന ചില പ്രത്യേക രാഷ്ട്രീയ നിലപാടുകള്‍ക്കുള്ളില്‍
വിശ്വസ്തരാവുമ്പോഴും വന്ദേ മാതരം
പലരേയും അലട്ടാറുണ്ട്.
ജന്മദേശമെന്ന
അമ്മയെക്കുറിച്ചല്ല ഈ കുറിപ്പ് പകരം അക്ഷരാര്‍ഥത്തില്‍ ഗര്‍ഭം ധരിച്ച് പ്രസവിക്കുകയും പോറ്റി വളര്‍ത്തുകയും
ചെയ്യുന്ന അമ്മമാരെ ക്കുറിച്ചാണ് .
നിത്യജീവിതത്തില്‍ അവര്‍ക്ക് നമ്മള്
അറിഞ്ഞും അറിയാതെയും നല്കുന്ന , അതൊക്കെ
അത്ര കാര്യമാക്കാനുണ്ടോ എന്ന
മട്ടില്‍ നിസ്സാരമാക്കിക്കളയുന്ന
ചില കാര്യങ്ങളെപ്പറ്റിയാണ് . ആ
കാര്യങ്ങള്‍ അമ്മ എന്ന സമൂഹത്തിന്റെ പൊതുനിര്മ്മിതിയെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിനെപ്പറ്റിയാണ്.
ഇലക്ട്റോണിക്
മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന
അമ്മമാരില്‍ ചിലര്‍ പാത്രങ്ങള്‍, സിങ്ക്, തറ, ചുവര്, പുരുഷന്മാരുടെ ഷര്‍ട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നതില്‍ മുഴുകിയിരിക്കുന്നു. വേറെ ചിലര്‍ കുട്ടികള്‍ക്ക് ഹെല്‍ത് ഡ്രിങ്കുകള്‍,
കുടുംബത്തിനു വേണ്ട ടൂത്ത് പേസ്റ്റ്, അലക്ക്
സോപ്പ് ഇവ തെരഞ്ഞെടുക്കുന്നു. കുട്ടികള്‍ എത്ര
നിസ്സാരമായ സംശയങ്ങള്‍ ചോദിച്ചാലും
ഫെബ്രുവരി മാസത്തില്‍ ഇരുപത്തെട്ട്
ദിവസമായതെന്ത് എന്നതു പോലെയുള്ള
സംശയങ്ങള്‍ക്കു പോലും ഉത്തരം പറയാന്‍
കഴിയാത്ത വിവരദോഷികളാണ്, മണ്ടശ്ശിരോമണികളാണ് ടിവിയിലെ അമ്മമാര്‍. സാമാന്യജ്ഞാനം
എന്നൊരു കാര്യമേ തൊട്ടുതെറിച്ചിട്ടില്ലാത്ത , ചായം പുരട്ടിയ ബൊമ്മകള്‍. എപ്പോഴും പ്രീണിപ്പിക്കുന്ന സദാ സേവിക്കുന്ന യാതൊരു വിവരവുമില്ലാത്ത നിത്യമായ പരാശ്രയത്തില്‍
ജീവിക്കുന്ന വിനീത വിധേയയായ
ഒരു രൂപമാണ് അമ്മ.
ഈ രൂപമാണ് എല്ലാവരുടേയും മനസ്സിലെ
അമ്മ. പിന്നെ ത്യാഗം, സ്നേഹം, ക്ഷമ ഇവയുടെ
മൂര്‍ത്തിമദ്ഭാവം. ഇതില്‍ നിന്നു
വ്യത്യസ്തയായ, ധാരാളം കഴിവുകള്‍ ഉള്ള അഭിപ്രായങ്ങളും രാഷ്ട്രീയ നിലപാടുകളുമുള്ള പൊരുതുന്ന സ്മാര്‍ട്ടായ ഒരമ്മയെ
നമ്മുടെ സമൂഹത്തിനു എവിടേയും പ്രചാരത്തില്‍
കാണാന്‍ കിട്ടുന്നില്ല. അതുകൊണ്ട് അങ്ങനെ
ഒരു അമ്മയെ സഹിക്കാനും പറ്റില്ല.
അച്ഛനോട് ചോദിച്ചിട്ട്,
അച്ഛനോട് പറഞ്ഞിട്ട്, അച്ഛന് സമ്മതിച്ചിട്ട് ,
അച്ഛനിഷ്ടമുണ്ടെങ്കില് എന്നീ സര്‍വ
സാധാരണ പ്രയോഗങ്ങളിലൂടെ അധികാരിയാണ് അച്ഛനെന്ന്
എല്ലാവരും ഉറപ്പിക്കുന്നു. ഇവിടെ അമ്മ എന്ന് കൂടി പ്രയോഗിച്ച് ശീലിക്കാന്‍
ഇപ്പോഴും ആരും തയാറല്ല . അച്ഛനു ശേഷം അമ്മ എന്നല്ലാതെ അച്ഛനൊപ്പം
അമ്മ എന്ന് ഒരു വ്യവഹാരത്തിലും നമുക്ക് ചിന്തിക്കാന്‍ കൂടി വയ്യ. അമ്മയുടെ കൂട്ടുകാരനായ അച്ഛന് നമ്മുടെ
സ്വപ്നങ്ങള്‍ക്കു കൂടിയും അപരിചിതനാണ്.
തികച്ചും മന്ദബുദ്ധിയായ, പ്രാഥമിക കാര്യങ്ങളില്‍ പോലും യാതൊരു നിയന്ത്രണവും സാധിക്കാത്ത
ഒരു കുഞ്ഞിനെ ദിവസം മുഴുവന്‍ പരി പാലിക്കുന്ന ഒരു അമ്മയെ കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ കാണുകയുണ്ടായി.
കുറച്ചു ദിനങ്ങള്‍ അവര്‍ക്കൊപ്പം
ചെലവാക്കിയപ്പോഴാണ് ആ അമ്മയുടെ ജീവിതത്തെ അടുത്തറിയാന്‍ കഴിഞ്ഞത്. അച്ഛന് രാവിലെ
ഓഫീസില്‍ പോവുകയും രാത്രിയില്‍ വളരെ വൈകീ വരികയും ചെയ്യും. എങ്കിലും ആ
കുട്ടിയും അച്ഛനെയാണ് വീട്ടിന്റെ അധികാരിയായി
മനസ്സിലാക്കുന്നതെന്ന് അച്ഛന് അഭിമാനം കൊള്ളുന്നത് കണ്ടപ്പോള്‍ ചിരിക്കണോ അതോ
കരയണോ എന്ന് ഞാന്‍ സംശയിച്ചു പോയി.
അച്ഛന് വന്നാല്‍ പിന്നെ ഭയപ്പെടാന്‍ ഒന്നുമില്ലെന്ന് വയ്യാത്ത
കുട്ടി കരുതുമെന്ന് ആ അച്ഛന്
പുളകം കൊള്ളുന്നുണ്ടായിരുന്നു. അച്ഛന് നിര്‍ദ്ദേശിക്കുന്നതനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്ന
ഒരാളാണ് അമ്മയെന്ന് ആ
കുട്ടിക്കുപോലും അറിയാമെന്ന് അദ്ദേഹം പൊങ്ങച്ചക്കാരനാകുന്നുണ്ടായിരുന്നു. എപ്പോഴും
എല്ലാം ചെയ്തുകൊടുത്തുകൊണ്ട് കൂടെ
നില്ക്കുന്ന അമ്മയേക്കാള്‍ സുരക്ഷിതത്വ
ബോധം പ്രദാനംചെയ്യുന്നത് അതി രാവിലെ
ഓഫീസില്‍ പോയി പാതിരാവില്‍
മടങ്ങുന്ന അച്ഛനാണത്രേ! എത്ര പൊള്ളയായ
ഊതി വീര്‍പ്പിച്ച ഒരു വിചിത്ര
ബോധത്തിലാണ് അധികാരി അച്ഛന്മാര് വാഴുന്നത് !
‘ നിന്റമ്മ
എന്‍ജിനീയറായിട്ട് എന്തു കാര്യം ?ഒരു
വിവരവുമില്ലാത്ത കഴുതയാണവള് .
സ്ത്രീകള്‍ പഠിക്കുന്നത് വെറുതെയാണ് ’ എന്ന്
ഡോക്ടറായ അച്ഛന് പറയുന്നത്
കേട്ട് അത് ഉറച്ചു
വിശ്വസിക്കുന്ന ഒരു പതിനൊന്നുകാരനെ കഴിഞ്ഞ ദിവസമാണ് പരിചയപ്പെട്ടത്. ആ കുട്ടിയോട്
സഹതാപം മാത്രമേ എനിക്ക്
തോന്നിയുള്ളൂ . അടുത്ത തലമുറയിലെ
സ്ത്രീകളോട് കൂടി ബഹുമാനമില്ലാത്ത രീതിയില്‍ അവനെ വളര്‍ത്തുന്നതില്‍ ഡോക്ടറായ അച്ഛന് വഹിക്കുന്ന പങ്ക് വളരെ
വലുതാണ്. ഇത് അത്ര നിസ്സാരമായ ഒരു കാര്യമല്ല തന്നെ. ‘ അമ്മ പാര്‍ട്ടികളിലും
ഗെറ്റ് ടുഗദറുകളിലും എല്ലാം ആരോട് സംസാരിക്കുന്നു അമ്മയെ ആരൊക്കെ നോക്കുന്നു എന്നറിയാനാണ് അച്ഛന് എന്നെ കൂടെ പറഞ്ഞു
വിട്ടിരിക്കുന്ന’തെന്നും ‘ ഞാന്‍
വന്നില്ലെങ്കില്‍ അമ്മയ്ക്ക് ഒന്നിലും പങ്കെടുക്കാനാവില്ലെ’ന്നും പറഞ്ഞതും ഈ മകന് തന്നെയാണ്. എല്ലാം കേട്ടു
കൊണ്ട്, ഉന്നതോദ്യോഗസ്ഥയും
ഉയര്‍ന്ന വരുമാനമുള്ളവളുമായ ആ അമ്മ
നിശ്ശബ്ദയായി നില്ക്കുന്നുണ്ടായിരുന്നു. അവര്‍ വിഴുങ്ങുന്ന അപമാനത്തിന്റെ കയ്പ്
കേള്‍വിക്കാര്‍ ഒരു തരം വിഡ്ഡിച്ചിരികൊണ്ട് രുചിച്ചു തീര്‍ത്തു.
സാമ്പത്തികമായി
മാത്രമല്ല വിദ്യാഭ്യാസംകൊണ്ടും ജീവിതനിലവാരം കൊണ്ടും എല്ലാം മുന്‍നിരയില്‍ നില്ക്കുന്ന സ്ത്രീകള്‍
പോലും അവസാന തരം പൌരത്വം മാത്രമേ ഇപ്പോഴും
നമ്മുടെ നാട്ടില്‍ നേടിയിട്ടുള്ളൂ.
നിഷപ്ക്ഷമായി നമ്മുടെ പൊതു ഇടങ്ങളെ
കാണുന്ന ഒരാള്‍ക്ക് ഇത് വളരെവേഗം മനസ്സിലാക്കാന്‍ സാധിക്കും. ആ
മനസ്സിലാക്കലിനു തടയിടുന്നത്
എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് സ്ത്രീത്വത്തെക്കുറിച്ച് നിര്‍മ്മിച്ചെടുക്കപ്പെടുന്ന
പലതരം വികല ബോധ്യങ്ങള്‍ ഉപയോഗിച്ചാണ്. അച്ഛനെന്ന പോലീസുകാരന്റെ കീഴിലെ ആശ്രിത ജന്മമാണ് അമ്മയെന്ന ബോധവും
അവസാനമില്ലാത്ത ത്യാഗമാണ് അമ്മയുടെ മുഖമുദ്രയെന്ന അറിവും
പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നത് അമ്മത്തത്തിനു
നിരക്കാത്തതാണെന്ന വിശ്വാസവും ആത്മാഭിമാനം അമ്മയ്ക്ക് ആവശ്യമില്ലാത്തതാണെന്ന തീരുമാനവും കൊച്ചുകുഞ്ഞുങ്ങളില്‍ പോലും വളരെ ആസൂത്രിതമായി വളര്‍ത്തിയെടുക്കപ്പെടുന്നുണ്ട്. അത്
തിരുത്തപ്പെടണമെന്ന ആഗ്രഹം എല്ലാ
അമ്മമാരുടെ മക്കള്‍ക്കും ഉണ്ടായേ തീരു. ഇല്ലെങ്കില്‍ അമ്മമാര്‍ക്ക് വിദ്യാഭ്യാസമോ ഉയര്‍ന്ന
ഉദ്യോഗമോ സാമ്പത്തിക ഭദ്രതയോ
കൈവന്നാലും അമ്മമാരായിത്തീരുന്ന ഓരോ
സ്ത്രീകളും എക്കാലത്തും അപമാനത്തിന്റെ
കയ്പ് വിഴുങ്ങിക്കൊണ്ട്
പുഞ്ചിരിക്കുന്ന മട്ടില്‍ ജീവിക്കേണ്ടതായി വരും..
22 comments:
നമ്മുടെ നാട്ടിലെങ്കിലും കുറേയൊക്കെ ഈ 'അമിത വിധേയത്വം' മാറി വരുന്നുണ്ടെന്നും (ഞങ്ങളുടെ തലമുറയിലെയെങ്കിലും) ഭാര്യയും ഭര്‍ത്താവും ഉത്തരവാദിത്വങ്ങളും തീരുമാനങ്ങളും സ്വന്തം നിലയില്‍ ധൈര്യമായി ഏറ്റെടുത്ത് (തന്നിഷ്ടപ്രകാരം എന്നര്‍ത്ഥമില്ല) പ്രവര്‍ത്തിയ്ക്കുന്നുണ്ട് എന്നും എനിയ്ക്ക് തോന്നിയിട്ടുണ്ട്.
ഫേസ് ബുക്കിൽ ഒരു പടം ഞാൻ വെറുതെ ഷെയർ ചെയ്തിരുന്നു അതിലെ വാചകങ്ങൾ ഏകദേശം ഇപ്രകാരം അർത്ഥം തരുന്നത് -
"നേതാക്കളെ മാറ്റാമെന്നൊ ഭരണം മാറ്റാമെന്നൊ ഒക്കെ ആഗ്രഹിക്കുന്നത് പോയിട്ട് വിവാഹം കഴിഞ്ഞാൽ ടി വിയുടെ ചാനൽ ഒന്ന് മാറ്റാൻ പറ്റുമോ?"
ഒക്കെ തമാശ
എല്ലാതരം ആളുകളും ഉണ്ട്
ഒന്നും ജനറലൈസ് ചെയ്യണ്ടാ.
ചിലരുടെ അനുഭവയോഗം ആണെന്ന് കരുതുക.
ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാവാം. എന്നാൽ പുതിയകാലത്തെ അണുകുടുംബവ്യവസ്ഥയിൽ അച്ഛനൊപ്പം അമ്മ എന്ന സംസ്കാരം വളർന്നുവരുന്നുണ്ട് എന്നതും യാഥാർത്ഥ്യമാണ്...
ഇതെല്ലാം ഒരു കഴിഞ്ഞ നൂറ്റാണ്ട് വരെയുണ്ടായിരിന്ന കാര്യങ്ങൾ ...
ചാനൽ സീരിയലുകളിൽ കൂടി കാട്ടി കൂൂട്ടി ഇപ്പോഴും പെണ്ണൂങ്ങളെ കീഴിൽ നിറുത്താനുള്ള പുരുഷന്റെ ഒരു ചെപ്പടി വിദ്യയാണ് കേട്ടൊ
‘എപ്പോഴും എല്ലാം ചെയ്തുകൊടുത്തുകൊണ്ട്
കൂടെ നില്ക്കുന്ന ഡാഡിയേക്കാൾ സുരക്ഷിതത്വ ബോധം പ്രദാനംചെയ്യുന്നത്
അതി രാവിലെ /നൈറ്റ് , ഡ്യൂട്ടിക്ക് പോയി ,
ഓവർ ടൈമും ചെയ്ത് മടങ്ങുന്ന മമ്മിയാണെത്രെ!
എത്ര പൊള്ളയായ ഊതി വീര്‍പ്പിച്ച
ഒരു വിചിത്ര ബോധത്തിലാണ് അധികാരി മമ്മിമാർ ഈ യു.കെയിലും മറ്റും വാഴുന്നത് അല്ലേ ! ‘
ശ്രീ പറയുന്നതു മാതിരി ഒക്കെ മാറ്റം വരുന്നുവെങ്കില്‍ നല്ലത് ...കുടുംബകോടതികളിലും കൌണ്സലിംഗ് സെന്ററുകളിലും ആത്മഹത്യാ പ്രതിരോധ ക്ലിനിക്കുകളിലും ഇന്ത്യാ മഹാരാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലൂടെയുള്ള, ചേരികളിലും ഇടത്തരക്കാരുടെ കെട്ടിടനിര്‍മ്മാണ മേഖലയിലെ നിരന്തരയാത്രകളിലും ഒന്നും എനിക്കീ മാറ്റം ബോധ്യമാകുന്ന വിധത്തില്‍ ഒന്നും കാണാന്‍ കഴിയുന്നില്ല ശ്രീ.. എങ്കിലും ഞാന്‍ പരതിക്കൊണ്ടേയിരിക്കുന്നു... കാര്യങ്ങളില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ വരുമെന്ന് പ്രതീക്ഷിച്ചു കൊണ്ടേയിരിക്കുന്നു. കാരണം മാറുമെന്ന വിശ്വാസമാണല്ലോ ഓരോ സമരത്തിന്റേയും പ്രേരണ. വായിച്ചതില്‍ സന്തോഷം കേട്ടോ.
ആരേയും ഒന്നിനേയും ജനറലൈസ് ചെയ്യുവാന്‍ ഇഷ്ടമില്ല ഡോക്ടര്‍ സര്. പക്ഷെ, സ്ത്രീകളും അവരുടെ ജീവിതവും അവരുടെ നിലപാടുകളും പലപ്പോഴും ഭയങ്കരമായി ജനറലൈസ് ചെയ്യപ്പെടാറുണ്ട്... തമാശകളില്‍ പോലും.. കഷ്ടത അനുഭവിക്കുന്നവരെ എല്ലാം അവരുടെ അനുഭവയോഗം എന്ന് കരുതി, അല്ലാത്തവര്‍ എപ്പോഴും മാറി നിന്നാലും ശരിയാവില്ലല്ലോ അല്ലേ?..
ഇനിയും വായിക്കുമല്ലോ.
പ്രദീപ് മാഷ് പറഞ്നതു പോലെ സംഭവിക്കട്ടെ.. വലിയ മാറ്റം വരുന്നുവെന്ന് കേള്‍ക്കാനും കാണാനും അനുഭവിച്ചറിയാനും എനിക്ക് വലിയ ആശയുണ്ട്..
മുരളീഭായ് ഇതൊന്നും കഴിഞ്ഞ നൂറ്റാണ്ടിലെ കാര്യമല്ല...
ചെറിയ മാറ്റങ്ങള്‍ ഉണ്ടെങ്കിലും അവയേയും കാതങ്ങളോളം പുറകോട്ടാക്കാന്‍ പറ്റിയ പലതും നടപ്പിലാക്കപ്പെടുന്നുണ്ട്..
എല്ലാ അധികാരി ബോധ്യങ്ങളും എല്ലാ നാട്ടിലും പൊളിഞ്ഞു പോകേണ്ടതാണ്...
വായിച്ച് അഭിപ്രായം എഴുതിയതില്‍ സന്തോഷം..
അടിച്ചമർത്തി ഭരിക്കപ്പെടുന്ന അല്ല പീഢിക്കപ്പെടുന്ന സ്തീകൾ വിരളമല്ല. എങ്കിലും മാറ്റങ്ങൾ കാണാതിരിക്കാനാവില്ല. സമൂഹത്തിന്റെ എന്തിനേറെ സ്വന്തം കുടുംബത്തിന്റെ വരെ മാനസീക അവസ്ഥക്ക് വലിയ മാറ്റം ഇനിയും വേണ്ടിയിരിക്കുന്നു. ജനറലൈസ് ചെയ്യുന്നതിനോടും യോജിപ്പില്ല. ആശംസകൾ
After reading some of the comments here, I actually feel sorry for you maam. They just substantiate the kind of Keralan maochism - oh we are all modern, my wife work, she is free, bla bla, until.. you know what I mean..
Keralan maochists live in an exclusive bubble of their own.
It is like reading the whole Ramayana, and then wondering who Sita was to Ram..What is the point of reading such a post...sorry.
ശ്വേത പരാതി പിന്‍വലിച്ചതും, പരാതിപ്പെട്ട പാവപ്പെട്ട മറ്റുള്ളവർ യാതൊരു പരിഗണനയും കിട്ടാതെ അലയുന്നതും, പീഡനവീരന്മാർ ഉന്നതങ്ങളിൽ വിലസിക്കുന്നതും , ഗോവിന്ദചാമിക്ക് വേണ്ടി മുംബയിൽ നിന്നു പോലും വക്കീലന്മാർ എത്തുന്നതും ഒക്കെ കൂട്ടി വായിച്ചാൽ എച്മുവിന്റെ പോസ്റ്റ് വളരെ പ്രാധാന്യം അർഹിക്കുന്നു
തുല്യമായൊരു സ്ഥാനം എന്നുവരും?
പണ്ടും കുറെ കുടുംബങ്ങളിൽ ഐക്യം ഉണ്ടായിരുന്നു ....അതുപോലെ മാത്രം ഇന്നും...ഒന്നും മാറിയിട്ടില്ല, എന്നാണ് എനിക്ക് തോന്നുന്നത്..
ഒരു മാറ്റം നമുക്ക് പ്രതീക്ഷിക്കാം...
ബഷീര്‍ വായിച്ച് അഭിപ്രായം കുറിച്ചതില്‍ സന്തോഷം.
രാജേഷ് എഴുതിയത് വായിച്ചു.. ഇത്തരം പ്രശ്നങ്ങളുടെ പ്രത്യേകത തന്നെ അതാണ്.. അതുകൊണ്ട് കഴിയുന്നത്ര അത് പറയാതിരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത് എന്ന് എല്ലാവര്ക്കും തോന്നും. സാംസ്ക്കാരികമായ ചില ബോധ്യങ്ങള്‍ അത്ര എളുപ്പത്തിലൊന്നും മാറുകയില്ലല്ലോ.
ഡോക്ടര്‍ സാര്‍ വീണ്ടും വന്നതില്‍ സന്തോഷം. ഇങ്ങനെ എഴുതിയതിലും സന്തോഷം.
അതൊരു വിദൂര സ്വപ്നമായിരിക്കാം അജിത്തേട്ടാ... യുഗങ്ങള്‍ക്കപ്പുറം സംഭവിച്ചേക്കാവുന്നത്... അല്ലെങ്കില്‍ ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്തത്.. പക്ഷെ, സമത്വമെന്ന ആശയം അതിനുവേണ്ടിയുള്ള സമരം ഇതൊന്നും മരിച്ചു പോകേണ്ട കാര്യങ്ങളല്ല. ജയിക്കുമെന്നുറപ്പുള്ള സമരം ചെയ്യുന്നതിനേക്കാള്‍ ആയിരം മടങ്ങ് ബലം ആവശ്യമാണ് ഓരോ ചെറിയ സ്റ്റെപ്പിലും തോല്പ്പിക്കപ്പെടുമെന്ന് ഉറപ്പുള്ള സമരം നിരന്തരമായി ചെയ്തുകൊണ്ടിരിക്കാന്‍... എന്നും തോല്‍ക്കുന്നവര്‍ക്കൊപ്പം നില്ക്കാന്... അതിനു അസാമാന്യമായ ധൈര്യവും ഉറച്ച ബോധ്യങ്ങളും കൂടിയേ കഴിയൂ..
മാറ്റം ഒച്ചിനെപ്പോലെ മെല്ലെ മെല്ലെ ... വരും.. എങ്കിലും അതൊരു പ്രതീക്ഷയാണ് അശ്വതി.
അതെ, വി കെ മാഷ്. നമുക്ക് പ്രതീക്ഷിക്കാം..
വായിച്ചു വളരുക
ചിന്തിച്ചു വിവേകം നേടുക.
വിദ്യാഭ്യാസാനന്തരം പരന്ന വായന പാടെ ഉപേക്ഷിക്കുന്നവരാണ് പലരും.
അതിന്റെ പോരായ്മ അവരുടെ നിത്യജീവിതത്തില്‍ പ്രകടമാകുന്നുണ്ടന്നതാണ് സത്യമാണ്.
ആശംസകള്‍
സങ്കുചിതമായി ചിന്തിക്കുന്ന ചിലര്‍ എങ്കിലും ഉണ്ട്; എന്നാല്‍ എല്ലാവരും അങ്ങനെയല്ല !!! ബഹുമാനവും സ്നേഹവും എല്ലാം ആദ്യം പഠിക്കുന്നത് വീട്ടില്‍ നിന്നും തന്നെ !!
ആറു ആണ്മക്കളും നാല് പെണ്‍കുട്ടികളും (എല്ലാവരും വലിയ വലിയ ഉദ്യോഗങ്ങളിൽ .) ഉള്ള ഒരു തറവാട്ടിൽ അവിടത്തെ തീരുമാനങ്ങൾ ( കൊച്ചുമക്കളുടെ കാര്യങ്ങൾ വരെ ) മുഴുവൻ എടുക്കുന്ന ഒരു അമ്മൂമയെ ഞാൻ പരിചയപ്പെട്ടു.
സ്ത്രീകൾക്ക് തീരുമാനമൊന്നും എടുക്കാൻ ആവില്ലെന്നും എല്ലാം എന്റെ കണ്ട്രോളിൽ ആണെന്നും ആരെങ്കിലും വമ്പു പറയുന്നുണ്ടെങ്കിൽ അയാൾ ഒന്നൊന്നര അപകർഷത ബോധമുള്ളവൻ തന്നെ.
പഴയതില്‍ നിന്നും കുറച്ചൊക്കെ മാറ്റങ്ങളുണ്ടെന്ന് തോന്നുന്നു... ആ മാറ്റങ്ങളെ അംഗീകരിക്കാന്‍ സമൂഹം തെയ്യാറാവാത്തതുകൊണ്ടാണ് കേരളത്തില്‍ ഇത്രയധികം ഡൈവേഴ്സ്കേസുകള്.
oru roopa venengil koodi bharthavinodu chodikendi varunna unnatha vidyabhyasam ulla sambalam muzhuvan bbharthavine elpikendi varunna , bharyamare enikaryam
Post a Comment