Saturday, November 9, 2013

ബിരിയാണി കല്യാണം കഴിക്കുന്ന കുഞ്ഞും നീണ്ട വാല്‍ മുടിയുള്ള ഒരു കുതിരയും


https://www.facebook.com/ithu.nammude.ulakam/photos/a.495598557157607.134492.185325288184937/629877757063019/?type=3&theater



അമ്മയും കുഞ്ഞും കൂടി ചന്തത്തില്‍  ഉടുപ്പൊക്കെയിട്ട് മെല്ലെ മെല്ലെ  നടന്നു  പോവുകയായിരുന്നു. അയല്‍പ്പക്കത്തെ മാമി ചോദിച്ചു. 

എവിടെപ്പോവാ വാവേം അമ്മേം ?
 
കല്യാണം കഴിച്ചാന്‍ പോവാ 

മാമി ഞെട്ടി. അവര്‍ മനസ്സുകൊണ്ട് മൂക്കില്‍ വിരല്‍ വെച്ചു. അങ്ങനെ വരട്ടെ. ഇതാണ് അമ്മയും കുഞ്ഞും കൂടി ഫ്ലാറ്റില്‍  തനിച്ചു പാര്‍ക്കുന്നതിന്‍റെ കാര്യം.  ആദ്യത്തെ കല്യാണത്തിലെയാവണം ഈ കുഞ്ഞ്.  ഇപ്പോള്‍ വീണ്ടും ഒരു കല്യാണം  കഴിക്കാന്‍ പോകുന്നു.  എന്നാലും കുഞ്ഞിനേയും കൊണ്ട് ... അതെ, ന്യൂ ജനറേഷന്‍ കാലമാണല്ലോ .  ഇങ്ങനെയുമാവാമായിരിക്കും. 

ആര്‍ഭാടമില്ലാതെ, ആഭരണമില്ലാതെ, ആരേയും അറിയിക്കാതെ, ആദ്യവിവാഹത്തിലെ കുഞ്ഞിന്‍റെ  കൈയും പിടിച്ച്...   

മാമി  കുഞ്ഞിന്‍റെ അമ്മയെ പാളിപ്പാളി നോക്കി. ഉം...  അതെ, അതെ,  സാധാരണയിലും കവിഞ്ഞ നല്ല വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. ഇട്ടിരിക്കുന്നത് ഒറിജിനല്‍ സ്വര്‍ണമാണോ എന്നറിയില്ല. ഇക്കാലത്ത് അസ്സല്‍  സ്വര്‍ണം തോറ്റു പോകുന്ന ഇമിറ്റേഷന്‍ ആഭരണങ്ങള്‍ എത്ര വേണമെങ്കിലും കിട്ടുമല്ലോ. 
 
എന്നാലും ഇപ്പോഴത്തെ പെണ്ണുങ്ങളെ സമ്മതിക്കണം. എത്ര പെട്ടെന്നാണ് കല്യാണം കഴിക്കുന്നതും ബന്ധം ഒഴിയുന്നതും പിന്നെയും കല്യാണം കഴിക്കുന്നതും. പണ്ടൊക്കെ സിനിമാതാരങ്ങളായിരുന്നു ഇങ്ങനെ ചെയ്തിരുന്നത് ..  

ഇപ്പോള്‍  പഠിത്തമുള്ള ജോലിയുള്ള  പെണ്ണുങ്ങള്‍ രണ്ടാമതും മൂന്നാമതും ഒക്കെ ഒരുളുപ്പുമില്ലാതെ കല്യാണം കഴിക്കുന്നു.   

മാമി  കുഞ്ഞിന്‍റെ അമ്മയെ ഒന്നിരുത്തി നോക്കീട്ട് പറഞ്ഞു. 

ശരി,  ശരി.  അമ്മേം വാവേം കൂടി പോയി വരു.
 
പിറ്റേ ദിവസം മാമി  വീട്ടിലേക്ക് വന്നപ്പോള്‍ കുഞ്ഞ്  പടം വരക്കുകയായിരുന്നു. അമ്മ  കമ്പ്യൂട്ടറിന്‍റെ മുന്നിലിരിക്കുകയും.. വീട്ടില്‍ മറ്റാരുമുള്ളതായി മാമിക്കു  തോന്നിയില്ല. എന്നാലും ഇതുവരെ അജ്ഞാതമായിരുന്നത് എന്തോ ഉടനെ വെളിപ്പെടുമെന്ന ഒരു പരവേശം അവരെ ഗ്രസിച്ചു... 

കൈയിലിരുന്ന  ഗുലാബ് ജാമുന്‍ കുഞ്ഞിനു  നല്‍കിയിട്ട്  മാമി വാല്‍സല്യം പ്രകടിപ്പിച്ചുകൊണ്ട്  കുഞ്ഞിനോട്  ചോദിച്ചു. 

ഇന്നലെ പോയി  കല്യാണം കഴിച്ചോ വാവേം  അമ്മേം?  

ഗുലാബ് ജാമുന്‍ വായിലിട്ട്  അലിയിച്ച്  മധുരമൂറുന്ന  നാവോടെ  കുഞ്ഞു കൊഞ്ചി. 

കഴിച്ചു കഴിച്ചു ,  വാവ  ബിരിയാണി കല്യാണം കഴിച്ചു.   അമ്മ ... 

അമ്മ... എത്ര ശ്രമിച്ചിട്ടും  മാമിക്ക്  ഉദ്വേഗം അടക്കാന്‍ കഴിഞ്ഞില്ല. കമ്പ്യൂട്ടറിന്‍റെ മുന്നിലിരുന്ന അമ്മ  തിരിഞ്ഞുനോക്കിയപ്പോള്‍ അവര്‍  അതീവ നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് കുഞ്ഞിന്‍റെ തലമുടിയില്‍ വിരലോടിച്ചു. 

അമ്മ,  സാലഡ് കല്യാണം മാത്രേ  കഴിച്ചുള്ളൂ.
 
ഒന്നു  പതറിയെങ്കിലും മാമി  വിട്ടില്ല. 

എവിടെ വെച്ചാ അമ്മ  കഴിച്ചത്?
 
ഒരു പച്ച പ്ലേറ്റിലു വെച്ചാ  അമ്മ കഴിച്ചത്.
 
പാരവശ്യത്തോടെ മാമി ചോദിച്ചു.

ആരടെയായിരുന്നു കല്യാണം?
 
നീണ്ട വാലു മുടീള്ള ഒരു  കുതിരേടെ..
 
കുതിരേടേ കല്യാണോ?
 
ആ.. കുതിരേടെ കല്യാണായിരുന്നു. പാട്ടും ഡാന്‍സും ഒക്കെണ്ടായിരുന്നു.
 
അമ്പരന്നു നിന്ന  മാമിയോട് അമ്മ  അതൊരു ഉത്തരേന്ത്യന്‍ കല്യാണമായിരുന്നുവെന്ന് വിശദീകരിച്ചു. അത്  ഓഫീസിലെ ഒരു സഹപ്രവര്‍ത്തകന്‍റേതായിരുന്നുവെന്നും... അവരുടെ ബാരാത് ഘോഷയാത്രയ്ക്ക്  വരന്‍  കുതിരപ്പുറത്തേറിയാണ് പോവുകയെന്നും  പറഞ്ഞു.

മാമി  പിന്നെ അധിക സമയം കുഞ്ഞിനെ കൊഞ്ചിച്ചില്ല. 

34 comments:

വീകെ said...

എന്തെങ്കിലും ഒന്നു കാണുമ്പോഴേക്കും എന്തിനാ തോക്കീ കേറി വെടി വക്കണെ...!

(തേങ്ങ ഉടക്കുന്ന സ്വഭാവം ഇല്ലാട്ടൊ.sorry)

ajith said...

എന്തൊരു ആകാംക്ഷ!!

© Mubi said...

അറിയാഞ്ഞിട്ട്‌ ഇരിക്കപ്പൊറുതിയില്ലാതായി...പാവം

jayanEvoor said...

കൊള്ളാം, കുസൃതിക്കഥ!

നളിനകുമാരി said...

വായിച്ചു തുടങ്ങിയപ്പോള്‍ എന്റെ എച്ച് മുവേ ഞാന്‍ കരുതി ഈ പറഞ്ഞത് എന്റെ നീല്‍ ആണെന്ന്.
അസ്സലായി കേട്ടോ.ഓരോരുത്തര്‍ക്ക് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കാനുള്ള ആകാംക്ഷ

Unknown said...

ഹെഹെ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹഹ ഹ ഇടക്കിടക്ക് ഇതുപോലെ ഓരോന്ന് വരുന്നത് കൊണ്ട് എച്മുന്റെ പോസ്റ്റ് വായിക്കാതിരിക്കാനും പറ്റില്ല

ഒന്ന് രസിച്ച് പോയാൽ പിന്നെ ഉടൻ വരും അടൂത്തത് ഒരാഴ്ച മൂഡോഫാക്കാൻ. ഇനി ഈ ലൈൻ അങ്ങ് തുടർന്ന് പിടിച്ചൊ

സിയാഫ് അബ്ദുള്‍ഖാദര്‍ said...

മറ്റുള്ളവരുടെ ജീവിതത്തില്‍ എന്ത് സംഭവിക്കുന്നു എന്നെത്തി നോക്കാനുള്ള അനാവശ്യ ആകാംക്ഷ മനുഷ്യരിലോക്കെയും ഏറിയും കുറഞ്ഞും ഉണ്ടാകും ,അത് കൊണ്ടാണ് കഥയും നോവലും ഒക്കെ വായിക്കപ്പെടുന്നത് ,അത്തരക്കാരെ ശരിയാക്കാന്‍ കുട്ടികളെക്കൊണ്ടേ കഴിയൂ ..

Dr Premakumaran Nair Malankot said...

ഹാ ഹാ അത് നന്നായി!

Anonymous said...

ഹി ഹി...അങ്ങനെ വേണം മാമിയ്ക്ക്‌..

പട്ടേപ്പാടം റാംജി said...

എന്തൊക്കെ പ്രതീക്ഷയായിരുന്നു .....

vettathan said...

"ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും........"

ചന്തു നായർ said...

കുസൃതിക്കഥ!.....നന്നായി...

മാണിക്യം said...


"കുതിരേടെ ബിര്യാണികല്യാണ൦" കുഞ്ഞുങ്ങള്‍ എത്രമാനോഹരമായിട്ട് ആണ് കാര്യങ്ങള്‍ പറയുക!
പേടിച്ചു പേടിച്ചാ വായിച്ചു തുടങ്ങിയത്‌. പണിക്കര്‍ സര്‍ പറഞ്ഞപോലെ ലച്ച്മൂ അടുത്തത് എന്താ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പേടിച്ചു പേടിച്ചാ വായിച്ചു തുടങ്ങിയത്‌.

ഹ ഹ മാണിക്യം :)
അപ്പൊ എനിക്ക് കൂട്ടൊണ്ട് അല്ലെ സമാധാനമായി

Anonymous said...


കൊള്ളം എച്ച്‌മു..ഒരു വലിയ യാഥാര്‍ഥ്യം അല്‍പ്പം നര്‍മം കലര്‍ത്തി ലളിതവും അതീവ സുന്ദരവുമായി അവതരിപ്പിയ്ക്കാന്‍ കഴിഞ്ഞിരിയ്ക്കുന്നു എച്ച്‌മുവിന്‌ ഈ കൊച്ചു കഥയിലൂടെ...

അയല്‍വീട്ടുജനലിലൂടെ ഒളിഞ്ഞുനോക്കാനും അവരുടെ ജീവിതത്തില്‍ എന്തെങ്കിലും അസ്വാരസ്യങ്ങളും താളപ്പിഴകളും ഉണ്ടോ എന്ന്‌ അളെന്നെടുക്കാനും അങ്ങിനെ എന്തെങ്കിലുമുണ്ടെങ്കില്‍ ചൂഴ്‌ന്നെടുത്തുരസിയ്ക്കാനുമുള്ള മനുഷ്യന്റെ വ്യഗ്രതയും ആകാംഷയും സ്വാഭാവികം മാത്രമാണ്‌. സിയാഫ്‌ പറഞ്ഞതുപോലെ അതിന്റെ അളവിന്റേയും തൂക്കത്തിന്റേയും കാര്യത്തില്‍ മാത്രമെ വ്യതാസമുണ്ടാകു.

അതുകൊണ്ടുതന്നെയല്ലെ ചാനലുകളും മറ്റു മാധ്യമസംവിധാനങ്ങളും കുടുംബബന്ധങ്ങളിലെ കഥകളികളും കഥയല്ലിതു ജീവിതങ്ങളും ആവശ്യത്തില്‍ കൂടുതല്‍ എരിവും പുളിയും ചേര്‍ത്ത്‌ നിത്യവും സന്ധ്യക്ക്‌ നമ്മുടെ തീന്‍മേശയില്‍ എത്തിയ്ക്കുന്നത്‌.

ആധുനികമാധ്യമസംവിധാനങ്ങളുടെ കടന്നുകയറ്റംകൊണ്ടുമാത്രമാണ്‌ നമ്മുടെ നാട്ടിന്‍പുറങ്ങളിലെ പരദൂഷണം മുത്തിശ്ശിമാര്‍ക്ക്‌ വംശനാശം സംഭവിച്ചത്‌.

ഒരു പക്ഷെ ആവര്‍ത്തിച്ചുള്ള ഇത്തരം ചാനല്‍ദൃശ്യങ്ങള്‍ മടുത്തിട്ടാകാം ഫ്രഷായ ഇരകള്‍ക്കായി പാവം മാമി പുറത്തേയ്ക്കിറങ്ങിയത്‌. മാമിയുടെ ദുഃഖത്തില്‍ മറ്റുള്ളവരോടൊപ്പം ഞാനും പങ്കു ചേരുന്നു..ആശംസകള്‍..

(ഒരുപാടു നാളിനുശേഷം മാണിക്യം ചേച്ചിയെ കമന്റ്‌ ബോക്സില്‍ കണ്ടതില്‍ ഏറെ സന്തോഷം.)

aswathi said...

പാവം മാമി

Akbar said...

സംശയം മാറിയപ്പോ മാമിക്ക് ആശ്വാസമായല്ലോ. അന്യരുടെ ജീവിതത്തിലേക്ക് തലയിടാൻ എന്തൊരു ആവേശമാണ് ചിലർക്ക്...

റോസാപ്പൂക്കള്‍ said...

എച്ചുമോ,വളരെ നന്നായി. ഇഷ്ടപ്പെട്ടു.
ആരാന്റെ കാര്യം അറിയാഞ്ഞിട്ട്‌ എനിക്കാകെ ഒരു എരിപൊരി സഞ്ചാരം.

Yasmin NK said...

അത് നന്നായി!!

ഫൈസല്‍ ബാബു said...

ഹഹ എച്മു വില്‍ നിന്നും വുത്യസ്തമായ ഒരു പരീക്ഷണം , ഇനി ഇതും ഒളിഞ്ഞു നോട്ടം എന്ന് പറയല്ലേ :)

Aarsha Abhilash said...

haha കലേച്ചീ ..അത് നന്നായി.. ബിരിയാണി കല്യാണം കഴിച്ചാല്‍ കൊള്ളാം എന്നൊരു പൂതി എനിക്കും :)

ഷബീര്‍ - തിരിച്ചിലാന്‍ said...

നശിപ്പിച്ച്... എന്തൊക്കെ പ്രതീക്ഷകളായിരുന്നു... :(

Unknown said...

ഹഹഹ്.. അത് കലക്കി..
മാമിയോടൊപ്പം കുറേ വായനക്കാരും ( ഞാനടക്കം) ചമ്മിപ്പോയി.. :)

Muralee Mukundan , ബിലാത്തിപട്ടണം said...

ഞാനും ഒന്ന് പതറി..മാമീടെ പോലെ..

ഈ അമ്മ വീണ്ടും
കല്ല്യാണിച്ചോന്ന് വെച്ചിട്ടാണ് കേട്ടൊ..

ഇപ്പ്യോ സമാധാനാ‍ായ്ട്ടാ‍ാ‍ാ‍ാ‍ാ‍ാ...!

Pheonix said...

അപ്പൊ കുതിര ബിരിയാണി അല്ലേ???!!!

Pradeep Kumar said...

കഥയും കാര്യവും ഗംഭീരമായി

വേണുഗോപാല്‍ said...

ഈ മാമിയെ ഞാന്‍ എവിടെയോ ഒക്കെ കണ്ട പോലെ....

ഇത്തരം കഥാപാത്രങ്ങള്‍ക്ക് വംശനാശം സംഭവിച്ചുക്കൊണ്ടിരിക്കുന്നു. ഇന്ന് ആളുകള്‍ക്ക് അവനവന്റെ കാര്യങ്ങള്‍ നോക്കാനേ സമയമില്ല.

ഈ കല്യാണം ഇഷ്ട്ടായി

padasaram said...

മാമീടെ ചമ്മിയ മുഖം ആണ് മനസ്സില്‍,,,

ഗൗരിനാഥന്‍ said...

hahaha....ഇപ്പോഴും ബരാത്ത്‌ കണ്ട് വായും പൊളിച്ച്‌ നില്‍ക്കുന്ന എന്റെ വക കിടക്കട്ടെ നല്ല ഒന്നാന്തരം ചിരി

Unknown said...

nannayi

വിനുവേട്ടന്‍ said...

ഒരു മിനിക്കഥ... നന്നായീട്ടോ...

Cv Thankappan said...

സ്നേഹം ഭാവിച്ച് അയലത്തെ വീട്ടിലെ
രഹസ്യങ്ങള്‍ ചൂഴ്ന്നെടുക്കുവാനുള്ള ദുഷ്പ്രവണതയെ നര്‍മ്മരസത്തോടെ
പകര്‍ത്തിയിരിക്കുന്നു.
ആശംസകള്‍

ഇസ്മയില്‍ അത്തോളി said...

ഒരു പാടു നാളു കൂടി ഈ വഴി ഒക്കെ വരികയാണ് .കുറഞ്ഞത്‌ ഒരു വർഷമായി ഒരു ബ്ലോഗ്‌ വായിച്ചിട്ട് ..............അത് പോലെ തന്നെ എഴുതിയിട്ടും ...ഇന്നിപ്പോ പുതിയ എഴുത്തിനും വായനക്കും നല്ല നാളു നോക്കി കയറിയത് എച്ചുമുവിന്റെ മുറ്റത്തു തന്നെ .............പതിവിൽ നിന്നും മാറിയ ഒരു പരീക്ഷണം പോലെ തോന്നിയല്ലോ എഴുത്ത് .............അല്ലെങ്കിൽ ഇപ്പോൾ ഇങ്ങനെ തന്നെയാണോ എഴുതാറു...............?ഏതായാലും കുതിര ബിരിയാണി ദം പാകം ...........ആശംസകൾ .................