തലമുടി ഏറെ നീളം കുറച്ച് പലപ്പോഴും പറ്റെ , തലയോട്ടി
കാണും വിധം മുറിക്കുന്നതാണ് രീതി. എപ്പോഴും വെയിലത്ത് പണിയെടുക്കുന്നവര്‍ക്ക് അതാണ്
നല്ലതെന്ന് ഒരു സ്വന്തം വ്യാഖ്യാനവും നല്‍കും. നീണ്ട
താടിയും കുറ്റിമുടിയുമാകട്ടെ കുമ്പളങ്ങ പോലെ നരച്ചു.. നരച്ച് നരച്ച് അത്
മഞ്ഞക്കുകയും കൂടി ചെയ്തു. ജനിച്ചപ്പോള്‍ മുതല്‍ ഞാന്‍ കൂടെയുണ്ടല്ലൊ ബാക്കിയെല്ലാവരും പിന്നെ വന്നു
കൂടിയതല്ലേ എന്ന മട്ടാണ്
അഹങ്കാരം പെരുത്ത നരയുടേത്. അത്ര കടുത്ത ഏകാധിപത്യവും കൈവശാവകാശവും. പത്തും പതിനഞ്ചും
വയസ്സ് പ്രായക്കൂടുതലൂള്ള നല്ല
കറുത്ത തലമുടിയും താടിയുമുള്ള ജ്യേഷ്ഠന്മാരുടെ
മുന്നില്‍ നരച്ച തലയും താടിയുമായി ഒരു
അപ്പൂപ്പനെ പോലെ പ്രത്യക്ഷപ്പെടാന്‍ ഒരു മടിയുമില്ല. അത് ഇപ്പോഴൊന്നുമല്ല , നേരത്തെ മുതല്‍
അങ്ങനെ തന്നെയായിരുന്നു. നരയാരംഭിക്കുക പോലും ചെയ്തിട്ടില്ലാത്ത കൂട്ടുകാര്‍ക്കു മുന്നില്‍ വല്യേട്ടനായോ അമ്മാവനായോ
ഒക്കെ ആയി അറിയപ്പെടാനും യാതൊരു പ്രയാസവുമില്ലായിരുന്നു .
സ്വന്തം
അമ്മയ്ക്കൊപ്പം പുറത്തു പോകുമ്പോള്‍
‘ആ, ആ ഇദാരാ ഇത്? എത്ര കാലായീ നിങ്ങളെ ഒന്നിച്ച് കണ്ടിട്ട്...
റിട്ടയര്‍ ആയേപ്പിന്നെ അങ്ങനെ കാണാറില്ല.. ‘ എന്ന് മകനെ
അച്ഛനാക്കി മാറ്റിയിരുന്ന, ‘മൂത്ത ചേട്ടനാണല്ലേ ? എന്നു വന്നു?’ എന്ന് മരുമകനെ അമ്മാവനാക്കി മാറ്റിയിരുന്ന ആളുകളെ കണ്ട് എനിക്ക് ചിലപ്പോള്‍ ചിരി വരാറുണ്ടായിരുന്നു.
റെയില്‍ വേ
സ്റ്റേഷനില്‍ ക്യൂ നില്‍ക്കുമ്പോള്‍ പലരും കാരുണ്യത്തോടെ മൊഴിയും..
‘ സീനിയര്‍
സിറ്റിസന് ഒരു ലൈനുണ്ട്.. അവിടെ
പോയി നില്‍ക്കു. പെട്ടെന്ന് ജോലി
നടക്കും. ‘
അകന്ന ബന്ധത്തിലും പരിചയത്തിലുമുള്ള തലമുടി
കറുപ്പിച്ച പല അമ്മൂമ്മമാരും
കൊച്ചു മക്കളോട് ‘ അപ്പൂപ്പന്‍റടുത്ത് നമസ്കാരം
പറയൂ, മക്കളേ’
എന്ന് ചെറുപ്പം നടിക്കും.
‘ വര്‍ക് സൈറ്റില്‍
പണിക്കാര്‍ക്ക് ഒരു ബഹുമാനമൊക്കെ തോന്നേണ്ടേ ദേ, ഇന്നലെ ഏതോ
എന്‍ജിനീയറിംഗ് കോളേജീന്ന് ഇറങ്ങി
വന്നേയുള്ളൂ എന്ന മട്ടിലിരുന്നാല്‍
സീനിയര്‍ മേസ്തിരിമാരൊന്നും തീരെ മൈന്‍ഡ് ചെയ്യില്ല’
എന്നൊക്കെയുള്ള കള്ളന്യായങ്ങള്‍ ഒരിക്കലും
ചായം പുരട്ടാത്ത താടിക്കും തലമുടിക്കുമായി എന്നും നിരത്താറുണ്ടെങ്കിലും ഒട്ടും വേഷം കെട്ടേണ്ടതില്ലെന്ന ഉറച്ച ബോധ്യമാണതിനു പിന്നിലെന്ന് എനിക്ക് മനസ്സിലായിരുന്നു.
ആവശ്യമില്ലാത്ത രാസപദാര്‍ഥങ്ങളുടെ ഉപയോഗം
സ്വന്തം ശരീരത്തിനു മാത്രമല്ല, വിശാലമായ അര്‍ഥത്തില്‍ ഈ പ്രകൃതിയേയും പരിക്കേല്‍പിക്കുമെന്നതും തീര്‍ത്തും
അത്യാവശ്യമല്ലാത്ത ഒന്നും ജീവിതത്തില്‍
പാടില്ലെന്നും
എനിക്കറിയാമായിരുന്നു.
എന്നെ
എപ്പോഴും മകളായി എല്ലാവരും തെറ്റിദ്ധരിക്കാറുണ്ട്. ‘ മോളാണല്ലേ’ എന്ന് ചോദിക്കുന്നത്
ജീവിതത്തില്‍ യാതൊരു പ്രയാസവുമുണ്ടാക്കാറില്ല. റ്റെക്കിയായ അനുജന്‍ തരം കിട്ടുമ്പോഴൊക്കെ ‘ എന്‍റെ
ചേട്ടന്‍റെ മോളെ, ഇബടെ വാ’ എന്ന്
വിളിച്ച് ചേട്ടത്തിയമ്മ എന്ന ഭാരമുള്ള
പദവി ഒഴിവാക്കിത്തരാറുണ്ട്.
‘രണ്ടാം കല്യാണമാണോ ‘ എന്ന് പോലും
മുഖത്ത് നോക്കി ചോദിക്കാന്‍
മടിക്കാത്തവരോട് ‘ എന്‍റെയോ? അല്ലല്ലോ ‘ എന്ന് ഒരു
സന്യാസിയെപ്പോലെ ശാന്തമായി മറുപടി പറഞ്ഞ്
നരച്ചു മഞ്ഞച്ച തല മുടിയും താടിയും അരുമയോടെ ഉഴിയുന്നതു കാണുമ്പോള്‍
എനിക്ക് ചിരി ഒതുക്കാന്‍
പറ്റാതെയാകും..
‘ അതാരാ,
അന്ന് കൂടേണ്ടായിരുന്ന ആ അപ്പൂപ്പന്‍ ’ എന്ന് ആരെങ്കിലും
എന്നോട് ചോദിച്ചാല്‍ ആദ്യകാലങ്ങളിലൊക്കെ എനിക്ക്
ഒരു അസ്വാസ്ഥ്യം തോന്നിയിരുന്നു.
പിന്നെപ്പിന്നെ ഞാനും അത് ഒട്ടും
കാര്യമാക്കാതെയായി.
എന്നാല്‍
കുമ്പളങ്ങ നര പോലെ
തമാശകളായിരുന്നില്ല മുസ്ലിം മുഖച്ഛായ
സമ്മാനിച്ചത്. പേടികളും ഞെട്ടലും
ഒറ്റപ്പെടലും നിഷേധങ്ങളും ഭീഷണികളുമായിരുന്നു.
ട്രെയിനിലെ ടി ടി മാരായിരുന്നു ഭയങ്കര
പ്രശ്നക്കാര്‍. അവരെപ്പോഴും രണ്ട് ഐഡന്‍റിറ്റി കാര്‍ഡുകള്‍ ചോദിക്കും. ഇലക് ഷന്‍ കമ്മീഷന്‍റെ കാര്‍ഡ്
കൊടുത്താല്‍ ഉടനെ ഡ്രൈവിംഗ് ലൈസന്‍സും
ചോദിക്കും. ഹിന്ദുപ്പേരും മുസ്ലിം മുഖവും.. അതെങ്ങനെ ശരിയാകും? ഇവന്‍ ശരിക്കും ഹിന്ദുവോ അതോ വളഞ്ഞ് വിളഞ്ഞ മുസ്ലിമോ?
വടക്കേ ഇന്ത്യയിലെ ഒരു ട്രെയിന്‍ യാത്രയില്‍ ഒരു പത്തുവയസ്സുകാരന്‍ അരികെ വന്ന് മടിച്ചു
മടിച്ചു ചോദിച്ചു. ‘ ആ മാതിരി ആള്‍ക്കാര്‍ രാവിലെ
ചായയ്ക്കു പകരം ചോര കുടിക്കുമോ? ‘
ഒന്നു ഞെട്ടിയെങ്കിലും സംയമനം
കൈവിടാതെ മനുഷ്യര്‍ ചോര
കുടിക്കില്ലെന്നും ഏതു മാതിരി ആള്‍ക്കാരെപ്പറ്റിയാണ്
മോന്‍ ചോദിക്കുന്നതെന്നും
അന്വേഷിച്ചപ്പോള്‍ കുഞ്ഞ് മൊഴിഞ്ഞു.
‘അങ്കിളിനെപ്പോലെ താടിയും മറ്റുമുള്ളവര്‍.. അവരുടെ ച്ഛായയുള്ളവര്‍..
ഒന്നും കൂടി മടിച്ചിട്ട് കുഞ്ഞ് പൂര്‍ത്തിയാക്കി...
‘ ഖാന്‍ മാര്‍ ‘
ഞെട്ടാന്‍ പോലും ഭയന്ന് ഞങ്ങള്‍
മുഖത്തോടു മുഖം നോക്കി ഇരുന്നു.
ദില്ലിയില്‍ വാടക വീടെടുത്ത് താമസം ആരംഭിക്കുവാന്‍ പോകുകയായിരുന്നു. ഹര്യാനയില്‍ നിന്ന് വീട്ടു സ്സാധനങ്ങള്‍ നിറച്ച
വണ്ടിയില്‍ കയറി ദില്ലിയിലെത്തി. എന്നാല്‍
മുസ്ലിം മുഖച്ഛായ കണ്ടതോടെ അക്ഷരാര്‍ഥത്തില്‍ തെരുവിന്‍റെ
മട്ടു മാറി . ഒരു മുസ്ലിമിനെ ആ
തെരുവില്‍ പാര്‍പ്പിക്കില്ലെന്ന്
വയസ്സന്മാരും വയസ്സികളും അടങ്ങുന്ന
അവിടത്തെ താമസക്കാര്‍ തീര്‍ത്തു
പറഞ്ഞു. ചുവന്ന പൊട്ടു കുത്തിയ എന്നെ കണ്ട്
അവരുടെ വെറുപ്പ് കൂടിയതേയുള്ളൂ.
വീട്ടൂടമസ്ഥന്‍ നേരിട്ട്
വന്ന് ഹിന്ദുവാണെന്ന് സര്‍ട്ടിഫൈ ചെയ്തു
കിട്ടുന്നതു വരെ വണ്ടിയില്‍ നിന്ന്
സാധനങ്ങള്‍ ഇറക്കാന്‍ കഴിഞ്ഞില്ല.
അഡ്വാന്‍സ് നല്‍കിയ വീട്ടില്‍ കയറാന്‍ കഴിഞ്ഞില്ല. ദില്ലിയിലെ തണുപ്പത്ത് പെരുവഴിയില്‍
നിന്ന് വെറുങ്ങലിച്ചു...
ആ
വെറുപ്പും വിരോധവും ഓര്‍ക്കുമ്പോള്‍ ഇന്നും പേടിയാകും.
മദിരാശിയിലും വീട്ടുടമസ്ഥന്‍ കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമാണ് വീടു തരാന്‍ തയാറായത്. താടിയും
വേഷഭൂഷാദികളും തെറ്റിദ്ധാരണ
ഉളവാക്കുന്നുവെന്നും സ്വന്തം സുരക്ഷിതത്വം
അയാള്‍ നോ ക്കേണ്ടേ എന്നുമുള്ള
ന്യായങ്ങള്‍ എഴുന്നള്ളിക്കാന്‍ ജൈന
മതസ്ഥനായ അയാളും മറന്നില്ല.
കാശി വിശ്വനാഥനെ
കാണാന്‍ പോയപ്പോള്‍ സൈന്യമാണ് വഴി
തടഞ്ഞത്. അവരുറച്ചു
വിശ്വസിക്കുകയായിരുന്നു ... ഇയാള്‍
മുസ്ലിമാണെന്ന്.. പൊട്ടു തൊട്ട
ഒരുത്തിയേയും കൂടെ കൂട്ടി ഇറങ്ങിയിരിക്കുകയാണ് മഹാക്ഷേത്രം
അശുദ്ധമാക്കാന്‍...
ഇന്ത്യയിലെ
പല മഹാക്ഷേത്രങ്ങളിലും വഴി
തടഞ്ഞിട്ടുണ്ട്.. ഐഡന്‍റിറ്റി കാര്‍ഡുകള്‍ക്ക് വിലയുണ്ടായത്
കാര്‍ഡുകളെ അവര്‍
വിശ്വസിച്ചിട്ടല്ല.. കാര്‍ഡുകള്‍ സത്യമാവാനുള്ള
മിനിമം സാധ്യതയെ പരിഗണിച്ചു
മാത്രമാണ്... കൂടെ വന്നിരുന്നവര്‍ക്കുണ്ടായിരുന്ന
രാഷ്ട്രീയവും ഔദ്യോഗികവുമായ അസാമാന്യ
സ്വാധീനം നിമിത്തമാണ്... അല്ലെങ്കില്‍, വെറും ഭാഗ്യം കൊണ്ടു മാത്രമാണ്.
സംശയത്തിന്‍റെയും
എതിര്‍പ്പുകളുടെയും മുനകള്‍ എക്കാലവും എവിടെയും അത്ര കൂര്‍ത്തതായിരുന്നു.
ദില്ലിയിലെ
സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ മമ്മൂട്ടി വന്ന ദിവസമായിരുന്നു അത്.
ഞാന്‍ വെറുതേ അപ്പുറത്തെ ഫ്ലാറ്റിലെ വീട്ടുകാരിയോട് ഞങ്ങളുടെ
നാട്ടിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ദില്ലിയില്‍ വന്നിട്ടുണ്ടെന്നും അദ്ദേഹത്തെ കാണാന്‍
എനിക്ക് ആഗ്രഹമുണ്ടെന്നും പറഞ്ഞു. ദൂരദര്‍ശനിലെ
മലയാളം സിനിമകള്‍ സബ് റ്റയിറ്റിലുകളോടെ വരുന്നത് കണ്ടു പരിചയിച്ചിട്ടുള്ള അവര്‍ക്ക്
മമ്മൂട്ടിയും മോഹന്‍ ലാലും സുരേഷ് ഗോപിയുമൊക്കെ
പരിചിതരായിരുന്നു. അവരുടനെ ‘ അത്
നിങ്ങളുടെ കടമയാണല്ലോ’ എന്ന മറുപടി
തന്നപ്പോള്‍ എന്‍റെ കണ്ണു
മിഴിഞ്ഞു പോയി. സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയോട്
എനിക്കെന്തു കടമ എന്നാലോചിച്ച്
ഞാന്‍ അന്തംവിട്ടു നില്‍ക്കുമ്പോള്‍ അവര്‍ വാചകം പൂര്‍ത്തിയാക്കി. ‘
നിങ്ങളുടെ ആദ്മിയും ആ സ്റ്റാറും അള്ളാ വിശ്വാസക്കാരല്ലേ ‘ ?
എനിക്ക്
ചിരിക്കണോ കരയണോ എന്ന്
മനസ്സിലായില്ല. സംഗീതജ്ഞരും സംവിധായകരും നടീ നടന്മാരും ഗായകരും എഴുത്തുകാരും മറ്റും മറ്റുമായ
ഒരു കൂട്ടം മനുഷ്യരെ അള്ളാ വിശ്വാസത്തിന്‍റെ പേരില്‍ മാത്രം എങ്ങനെ സ്നേഹിക്കുമെന്ന് അറിയാതെ
ഞാന്‍ വേദനിച്ചു. ഉസ്താദ്
വിലായത്ഖാനേയും പര്‍വീണ്‍ സുല്‍ത്താനയേയും സഫ്ദര്‍ ഹശ്മിയേയും ദിലീപ്കുമാറിനേയും മധുബാലയേയും മുഹമ്മദ് റാഫിയേയും സാദത്ത് മന്‍റ്രോയേ
യും ഒക്കെ സ്നേഹിക്കാനുള്ള അനവധി കാരണങ്ങള്‍ക്ക്
അള്ളാവിശ്വാസം എത്രമാത്രം പ്രസക്തമാണ് ?
നെടുങ്കന്‍ ട്രെയിന്‍
യാത്രകളില്‍ പലപ്പോഴും വിവിധ ഭാഷക്കാരായ മൌലവിമാരെയും ഹക്കീമുകളേയും കണ്ടു മുട്ടിയിരുന്നു. മിക്കവാറും പേര്‍ ഖുറാന്‍
തരാറുണ്ട്.. അവരെല്ലാവരും തന്നെ
സ്വന്തം വീടുകളിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നു. ഒരു ഹക്കീം ഞാന്‍
ബെര്‍ത്തില്‍ കമിഴ്ന്ന് കിടന്ന് ഉറങ്ങരുതെന്ന് നിര്‍ദ്ദേശിച്ചു. കാരണം ആ ശീലം കാലക്രമത്തില്‍ ദഹനവ്യവസ്ഥയെ
മോശമായി ബാധിക്കുമെന്ന് അദ്ദേഹം
ചൂണ്ടിക്കാട്ടി. എന്‍റെ ചുവന്ന പൊട്ടില്‍ നോക്കിക്കൊണ്ട് മുസ്ലിം ച്ഛായയുള്ള മുഖത്തിന്‍റെ ഉടമയോട് ‘ഹിന്ദുക്കള്‍ക്ക്
പെണ്‍കുട്ടികളെ ശരിക്ക് നോക്കി വളര്‍ത്താനറിയില്ല’ എന്ന്
പറഞ്ഞ് മെല്ലെ ചിരിച്ചു.
പലരും ഖാന്‍ സാഹിബ് എന്ന് വിളിച്ച് ആദരപൂര്‍വ്വം
സലാം ചൊല്ലിയിരുന്നു. സലാം മടക്കുമ്പോള്‍ തന്നെ അവരില്‍ ചിലര്‍ സത്യം മനസ്സിലാക്കുകയും ചെയ്തിരുന്നു.
ഹര്യാനയില്‍
താമസിച്ച കാലത്ത് , മുസ്ലിം ച്ഛായയുള്ള മുഖവും
താടിയും തലമുടിയും കാണുമ്പോള്‍
ഉയര്‍ന്ന ജാതിക്കാരായ ഹിന്ദു വീട്ടമ്മമാര്‍ ഭയത്തോടെ വഴിയൊഴിയും. മുസ്ലിമിനെ
വിവാഹം കഴിച്ച ഹിന്ദു സ്ത്രീ എന്ന
വിരോധം മനസ്സില്‍ വെച്ചുകൊണ്ട് അവിടെ താമസിച്ച അഞ്ചുകൊല്ലവും എന്‍റെ മുഖത്ത്
നോക്കാന്‍ വിസമ്മതിച്ച ചില ഉയര്‍ന്ന ജാതിക്കാരും ഉണ്ടായിരുന്നു. പാത്രം കഴുകാനും തുണിയലക്കാനും
മറ്റും വന്നിരുന്ന ചില ദളിത്
സ്ത്രീകളോടുള്ള എന്‍റെ അടുപ്പവും അതിനൊരു കാരണമായിരുന്നു
എന്നു വേണം കരുതാന്‍. അങ്ങനെ ഹൌസിംഗ് സൊസൈറ്റിയിലെ സ്ത്രീകളുടെ ചായകുടി പാര്‍ട്ടിയ്ക്ക് എന്‍റെ
തവണ വന്നപ്പോള്‍ അവരെല്ലാം കുഞ്ഞിനെ
നോക്കാനുണ്ട്,
കുറെ അതിഥികള്‍ വരുന്നുണ്ട്, അമ്മായിയമ്മയ്ക്ക് സുഖമില്ല എന്നിങ്ങനെ പല കാരണങ്ങള്‍ നിരത്തി ഒഴിവായി.
അവിടെ
താമസിക്കുമ്പോഴാണ് റെസിഡന്‍റ് വെല്‍ ഫെയര്‍ അസ്സോസിയേഷന്‍ നോണ്‍ വെജ് കഴിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാകരുതെന്ന് ഉപദേശിക്കാന്‍ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചത്. കണ്ണും മിഴിച്ച് നിന്ന എന്നോട്
ബ്രാഹ്മണരും ക്ഷത്രിയരുമായ
ഓഫീസ് അധികാരികള്‍ കാര്യങ്ങള്‍
വിശദീകരിച്ചു. കഴിഞ്ഞ ദിവസം എന്‍റെ വീട്ടില്‍ നിന്നുയര്‍ന്ന കരിഞ്ഞ മാട്ടിറച്ചിയുടെ മണം തൊട്ടപ്പുറത്ത് പാര്‍ക്കുന്ന ഭരദ്വാജുമാരുടെ മാതാപിതാക്കന്മാര്‍ക്ക്
മനം പുരട്ടലും ച്ഛര്‍ദ്ദിയുമുണ്ടാക്കിയത്രെ.
എന്തോ ഒരു ഭാഗ്യം കൊണ്ട്
അവര്‍ക്ക് ആശുപത്രിയില്‍ പോകേണ്ടി
വന്നില്ല.
‘നിങ്ങള്‍ക്ക് പിടിച്ച ആഹാരം
കഴിക്കരുതെന്നല്ല പറയുന്നത്. പക്ഷെ, ശ്രദ്ധിച്ച്
കരിയാതെ... ഇറച്ചി കരിഞ്ഞാല്‍
ശവം കത്തിക്കുന്ന മണമുണ്ടാവും..
അത് ഞങ്ങള്‍ക്ക് സഹിക്കാന്‍
ബുദ്ധിമുട്ടാണ്. ‘
അവരുടെ അറിയിപ്പില്‍ ഒതുക്കിവെച്ച അമര്‍ഷത്തിന്‍റേയും വൈരാഗ്യത്തിന്‍റേയും കത്തിമുന
എന്നെ കീറി മുറിക്കാതിരുന്നില്ല.
പഠിപ്പുള്ളവര്‍ക്ക് നല്ല ഭാഷയില്‍ മറ്റുള്ളവരെ അപമാനിക്കാനറിയാമെന്ന പാഠം ഞാന്‍ പണ്ടേ പഠിച്ചതാണല്ലോ.
മുസ്ലിം
എന്ന സംശയമുണ്ടായാല്‍ ചെറു പയര്‍ പരിപ്പ്
കരിയുമ്പോഴും മാട്ടിറച്ചിയുടെ ഗന്ധമുയരുമെന്ന് അന്നെനിക്ക് മനസ്സിലായി.
ഒരാളുടെ ആഹാരത്തെ ശവവുമായി കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്ന
സാംസ്ക്കാരികത എന്നെ ഭയപ്പെടുത്തി.
മൂന്നു എന്‍ജിനീയര്‍മാരും മുസ്ലിം മുഖച്ഛായയുമുള്ള വാസ്തു ശില്‍പിയും ഒന്നിച്ച്
ഒരു ചേരി നിര്‍മാര്‍ജ്ജന പ്രൊജക്ടില്‍
ജോലി ചെയ്യുന്ന കാലമായിരുന്നു.
സൈറ്റിലെ മലയാളിയായ കാവല്‍ക്കാരനെ
കെടുകാര്യസ്ഥതയുടെയും ചില്ലറ മോഷണങ്ങളുടേയും പേരില്‍ പുറത്താക്കേണ്ടി വന്നു.
ഓര്‍ഡര്‍ ഒപ്പിട്ട് കൊടുത്ത എന്‍ജിനീയര്‍ക്കെതിരേ അയാള്‍
പോലീസ് സ്റ്റേഷനില്‍
പരാതിപ്പെട്ടു. സാറ് കണ്ണില്‍ച്ചോരയില്ലാതെ മര്‍ദ്ദിച്ചുവെന്നായിരുന്നു കാവല്‍ക്കാരന്‍റെ പരാതി. യൂണിഫോമിലല്ലാതെ ഒരു ഗുണ്ടയെപ്പോലെ വന്ന കോണ്‍സ്റ്റബിളിനൊപ്പം സ്റ്റേഷനില്‍ പോകാന്‍
എന്‍ജിനീയര്‍ വിസമ്മതിച്ചു. കോണ്‍സ്റ്റബിള്‍ തിരിച്ചു പോയി അല്‍പം കഴിഞ്ഞ് വന്നത് ആറരയടി നീളവും
രണ്ടരയടി വീതിയുമുള്ള ഭീമാകാരനായ, യമധര്‍മ്മന്‍
എസ്
എച്ച് ഓ ആയിരുന്നു. ഇരുപതുകള്‍ കഴിഞ്ഞിട്ടില്ലാത്ത ആ എന്‍ജിനീയറെ എന്‍റെ മുന്നിലിട്ടാണ് അയാള്‍
ചവുട്ടിക്കൂട്ടിയത്.. അറസ്റ്റ് ചെയ്ത്
സ്റ്റേഷനില്‍ കൊണ്ടു പോയ
അദ്ദേഹത്തെ ഗുണ്ട മട്ടില്‍ നേരത്തെ സൈറ്റില്‍ വന്ന പോലീസും നല്ലവണ്ണം പെരുമാറി...
ഭാഷ പോലും
ശരിക്കറിയാത്ത നാട്ടില്‍,
പരിചയക്കാരായി അധികം ആരുമില്ലാത്ത
നാട്ടില്‍ സ്വന്തം നിലപാടു തെളിയിക്കാന്‍
നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍, ഭയം
കൊണ്ട് തകര്‍ന്ന് പോയ, ഉല്‍ക്കണ്ഠ കൊണ്ട് വിളറിപ്പോയ ഞങ്ങള്‍, പത്തുനൂറു പണിക്കാരും
മറ്റുമായി സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ എന്‍ജിനീയറെ ഒടിച്ചു മടക്കി ലോക്കപ്പില്‍
ഇട്ടിരുന്നു.
സ്തബ്ധരായ ഞങ്ങള്‍
സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു. ആരും
പ്രേരിപ്പിക്കാതെ തന്നെ,
സാറിനെ
വിട്ടു തരാതെ അവിടെ നിന്നു
അനങ്ങുകയില്ലെന്ന് മെലിഞ്ഞൊട്ടിയ വെറും ദാരിദ്ര്യപ്പേക്കോലങ്ങളായ പണിക്കാര്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ പോലീസുകാര്‍
സാമാന്യത്തിലധികം ക്രുദ്ധരായി..
മുസ്ലിം
മുഖച്ഛായയുള്ള വാസ്തുശില്‍പിയുടെ മുഖത്തു
നോക്കി ആ യമധര്‍മ്മന്‍ എസ് എച്ച് ഒ ഗര്‍ജ്ജിച്ചു.
‘ നീ ടാഡയെന്നും പോട്ടയെന്നും മറ്റും
കേട്ടിട്ടുണ്ടോ? മര്യാദയ്ക് ഇവരേംകൊണ്ട് പോയില്ലെങ്കില്‍ നിന്നേയും
ഇത് ചേര്‍ത്തങ്ങ് ബുക്
ചെയ്യും. നിന്നെ കണ്ടാലറിയാമല്ലോ തുമ്പിലെ
തൊലി കണ്ടിക്കുന്നവന്‍റെ വര്‍ഗ്ഗമാണെന്ന്...
ഞങ്ങള്‍ പറഞ്ഞാല്‍ പറഞ്ഞതാ..സുപ്രീം കോടതി
പോലും പിന്നെ ഒന്നും ചോദിക്കില്ല .... കേട്ടോടാ
‘
ഭയം എന്‍റെ
നട്ടെല്ലില്‍ തീയായി പുളഞ്ഞു.
വായിലെ ഉമിനീര്‍ വറ്റി. എനിക്ക് തല ചുറ്റി. അതി ഭീകരമായ ആരുമില്ലായ്മയുടെ കനത്ത പാദപതനങ്ങള്‍ എന്‍റെ ചെവിയെ
പ്രകമ്പനം കൊള്ളിച്ചു. പക്ഷെ, തളര്‍ന്നു
താഴെ വീഴാന്‍ പാടില്ലെന്ന് ഞാന്‍ എന്നെ
ശാസിച്ചു നിറുത്തി. ഈ സമരത്തില്‍ ഒരാള്‍
വീണാലും തകരുന്നത്
...
എത്ര, എത്ര നിസ്സഹായരാണ്, അനാഥരാണ് ഈ സ്വതന്ത്ര
രാജ്യത്തിലെ സാധാരണക്കാര്‍.....
ഞാന്‍
നീയാണെന്നും നീ ഞാനാണെന്നും തെളിയിക്കുന്നത് വളരെ
എളുപ്പം. നീ നീയല്ലെന്നും ഞാന്‍ ഞാനല്ലെന്നും
തെളിയിക്കുന്നതും അതിലും എളുപ്പം..
(തുടരും)
50 comments:
ഫേസ് ബുക്കില്‍ സൂനജ അജിത്തിന്‍റെ ഫാമിലി ഫോട്ടൊയ്ക്ക് മനോജ് രവീന്ദ്രന്‍ നിരക്ഷരന്‍ എഴുതിയ കമന്‍റും നാലാമിടത്തില്‍ സവാദ് റഹ് മാന്‍ എഴുതിയ യേ ഗലിസ്ഥാന്‍ ഹമാരാ എന്ന കുറിപ്പുമാണ് ഈ ഓര്‍മ്മകളെ കുലുക്കിയുണര്‍ത്തിയത്...
ഇന്നലെ ഫെയ്സ്ബുക്കിൽ ന്ന് വായിച്ചിരുന്നു.
പറഞ്ഞുകേട്ടതിനേക്കാളും എത്ര ഭീകരമാണു നമ്മുടെയൊക്കെ മനസ്സ്..!!
ഒരു ദുരന്ത വാർത്ത കണ്ടാൽ പോലും മരിച്ചവരുടെ മതം നോക്കുന്ന ഒരു റൂം മേറ്റ് ഉണ്ടായിരുന്നു എനിക്ക്..
ആദ്യവായനയ്ക്ക് നന്ദി സമീരന്‍.. മതം അസ്ഥിമജ്ജയില്‍ പോലും ക്യാന്‍സര്‍ പോലെ പടര്‍ന്ന് കഴിഞ്ഞ കോടിക്കണക്കിനു മനുഷ്യരുണ്ട്... നമുക്ക് ചുറ്റും..
വായിച്ചു പ്രാന്തായി. എന്തു പറയാൻ?. പ്രാന്ത് പ്രാന്ത് പ്രാന്ത്..അത്ര തന്നെ
സ്വന്തം മതമല്ലാത്തതിനാല്‍ അഞ്ചു വയസ്സുകാരിയെ കളിക്കാന്‍ കൂട്ടില്ലെന്ന് പറയിക്കുന്ന ബാല്യവും, മതത്തിലെ ഏതു വിഭാഗത്തില്‍ ആണെന്ന് ചോദിക്കാന്‍ യാതൊരു മടിയും ഇല്ലാത്തതും സ്വന്തം നാട്ടില്‍ നിന്ന് ഇവിടെക്ക് കുടിയേറിയവര്‍ക്ക് തന്നെയാണ്... അത്രക്കുണ്ട് വിഷം നമ്മുടെയൊക്കെ ഉള്ളില്‍!!
മതം വിഷം ആണെന്ന് തോന്നിപ്പിയ്ക്കുന്ന പല സംഭവങ്ങൾ കണ്ടിട്ടുണ്ട്. വിദ്യാഭാസം നേടിയിട്ടും ഇടുക്കമുള്ള മനസ്സിനുടമകൾ ആണ് ഭൂരിഭാഗവും സമൂഹത്തിൽ. നല്ല കുറിപ്പ്. ആശംസകൾ.
ജാതിയുടെയും മതത്തിന്റെയും പേരിലുള്ള സ്പര്‍ദ്ധ വിദ്യാസമ്പന്നരുടെ ഇടയിലാണ് കൂടുതല്‍ .പാവപ്പെട്ടവന്റെ ജാതീയതയും വര്‍ഗ്ഗീയതയും എറിയാകൂറും നാവിന്‍ തുമ്പത്താണ്. വിദ്യാസമ്പന്നന്‍റെതു അവന്‍റെ മനസ്സിലും.
ഇത്തരം മുഖഛായകളെ ഇത്തരത്തിൽ ക്രൂശിക്കപ്പെടുന്നതിന്റെ കാരണം എന്താ....? ഒരു കാലത്ത് ആർ.എസ്.എസ്. കാരെന്നാൽ മഹാത്മാഗാന്ധിയീ കൊന്നവർ എന്ന് മുദ്ര ചാർത്തിയിരുന്നു.അവർ പിന്നെ ജനസഘം എന്ന പാർട്ടി ഉണ്ടാക്കി.ഇപ്പോൾ ബി.ജെ.പി. കരായി.അധികാരത്തിലേറിയപ്പോൾ പിന്നെ ‘തീണ്ടിക്കൂടാത്തവർ എന്ന ദുഷ്പ്പേർ മാറിക്കിട്ടി.മുസ്ലീലീഗുകാർ രാഷ്ട്രീയ പാർട്ടി ആയപ്പോൾ...അവരുടെയും ‘തൊടായ്മ’ മാറിക്കിട്ടി.പക്ഷേ.....ഭാരതത്തിനെ തകർക്കുക എന്ന ചിന്തയിൽ അഫ്ഗാനിസ്ഥാനിലുള്ളവർ നമ്മുടെ ‘ഖാന്മാരേയും,ഫയാസ് മാരേയും’പണം കൊണ്ടും പദവി കൊണ്ടും വിലക്കെടുത്തപ്പോൾ എന്തേ, തങ്ങളിൽ നിന്നും കുറേപ്പേർ നമുക്ക് തന്നെ ശത്രുക്കളാകുന്നു എന്ന് മുസ്ലീം സഹോദരങ്ങൾ മനസിലാക്കിയില്ലാ.( മുസ്ലീം,ഹിന്ദു,ക്രിസ്ത്യാനി യെന്നൊന്നും എനിക്ക് വേർതിരിവില്ല കേട്ടോ) നമ്മുടെ വീട്ടിൽ ഒരു സംഭവം നടക്കുമ്പോൾ ആദ്യം അറിയേണ്ടത് നമ്മൾ തന്നെയാണ്.... അല്ലെങ്കിൽ വിമാനതാവളങ്ങളിലും, മറ്റുള്ളിടത്തുമൊക്കെ,അബ്ദുൽകലാമിനേയും,ഷാരുഖാനേയും ഒക്കെ വിദേശികളും, സ്വദേശികളും തടഞ്ഞു വക്കും.... ഇതിനൊക്കെ ഒരു അവസാനം വേണ്ടേ.. ഹിന്ദുക്കൾ ‘ഹിന്ദുക്കളിലേക്കും‘ ,മുസ്ലീമുകൾ മുസ്ലീമിലേക്കും ഒതുങ്ങുക... എന്നിട്ട് ഭാരതാംബയുടെ മക്കളാകുക... എച്ചുമുക്കുട്ടിയുടെ ആഖ്യാനം മനസിൽ കൊണ്ടു....
ജാതിവര്‍ഗ്ഗീയ അടിമത്തത്തില്‍ നിന്നും നമൊരിക്കലും മോചിതരാകില്ല. കാവല്‍ഭടന്മാര്‍ പുറത്ത് കാത്തുനില്‍പ്പുണ്ട്.
കയ്ക്കുന്ന സത്യങ്ങള്‍. വാടക വീട് കിട്ടാന്‍ പോലും സാദ്ധ്യമല്ലാത്ത തരത്തില്‍ ചില ജീവിതങ്ങള്‍. എന്നും സംശയദൃഷ്ടിയോടെ വീക്ഷിക്കപ്പെടുന്നവര്‍. എവിടെ നിന്നാണ് തിരുത്തല്‍ തുടങ്ങേണ്ടത്?!
എങ്ങിനെയൊക്കെ കേട്ടാലും കണ്ടാലും അറിഞ്ഞാലും പഴതിനേക്കാള്‍ തിളക്കത്തോടെ എല്ലാം സട കുടഞ്ഞെഴുന്നേല്‍ക്കുന്നു.....
പണ്ടൊന്നും ഇങ്ങനത്തെ ഒരു വേർതിരിവ് ആരിലും കണ്ടിരുന്നില്ല. ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ എന്നതെല്ലാം അവരവരുടെ വിശ്വാസങ്ങൾ മാത്രമായിരുന്നു. അതും തികച്ചും വ്യക്തിപരമായ കാര്യങ്ങൾ മാത്രം. അതൊരിക്കലും സമൂഹത്തിലേക്ക് ഇറങ്ങി വന്നിരുന്നില്ല.
ഇന്നിപ്പോൾ വോട്ടുബാങ്കു രാഷ്ട്രീയം തുടങ്ങിയപ്പോഴാണ് ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമായി നമ്മളെ നമ്മളാഗ്രഹിക്കാതെ തന്നെ വേർതിരിക്കാനാരംഭിച്ചത്. പരസ്പ്പരം ഒന്നിച്ചു കഴിഞ്ഞിരുന്നവരെ പോരടിക്കാനുള്ള മാനസ്സികാവസ്ഥയിൽ എത്തിച്ചത് നമ്മുടെ രാഷ്ട്രീയം തന്നെയല്ലെ..?.
എഫ് ബിയില്‍ വായിച്ചിരുന്നു, നമ്മുടെ നാട്ടില്‍ ഇങ്ങിനെയൊക്കെ നടക്കുന്നുവോ എന്ന് അതിശയിച്ചു പോകുന്നു,മതഭ്രാന്തന്‍മാരുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും നമുക്ക് ഒരു മോചനം അന്യമാവുമയാണോ ... നല്ല പോസ്റ്റ്
ജീവിതം മണക്കുന്ന എഴുത്ത്. ഒരുപാട് വാചാലമാവാന്‍ തോന്നുണ്ട് എച്ച്മുവിനെ വായിച്ചപ്പോള്‍. എന്നാലും പേടിയാണെനിക്ക്, ഓരോ പുലരികളേയും വാര്‍ത്തകളേയും ചെയ്തികളേയും ചിന്തകളേയും എന്ന് മാത്രം പറയുന്നു.
"ഭാരതം എന്‍റെ നാടും എല്ലാ ഭാരതീയരും എന്‍റെ സഹോദരീസഹോദരന്മാരുമാണ്..."
ഇങ്ങനെ എല്ലാവർക്കും ചിന്തിക്കാൻ പറ്റുന്നൊരു കാലം എന്നാണോ വരുക
നന്നായി ഏഴുതി..പക്ഷെ ഞാന്‍ ഇപ്പോള്‍ ഉള്ളത് മോഡിയുടെ സ്വന്തം നാട്ടിലാണ്. മുസ്ലിം ആയ മുസ്ലിം എന്ന് കാഴ്ചയിലും തോന്നിക്കുന്ന എനിക്ക് ഇങ്ങനെയുള്ള അനുഭവം ഒന്നും ഇത് വരെ ഉണ്ടായിട്ടില്ല..താമസം ജൈനന്മ്മാരുടെ ഇടയ്ക്കും..പക്ഷെ നമ്മുടെ നാട്ടില്‍ വെച്ച് ഉണ്ടായിട്ടുണ്ട്..ഭാര്യയുംമായി പോകുമ്പോള്‍ എന്നോട് ഒരാള്‍ ചോദിച്ചു."മൂത്ത മകളുമായി എങ്ങോട്ടാണ് " എന്ന്..അത് വീട്ടില്‍ ചിരിയുടെ മാലപ്പടക്കം കൊളുത്താന്‍ കാരണം ആയി..പലപ്പോഴും..ആശംസകളോടെ...
ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തിൽ മനുഷ്യരെ തരം തിരിക്കുന്നത് മനുഷ്യാവകാശങ്ങൾക്ക് നേരെയുള്ള കടന്നാക്രമണമാണ്. ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നതിന്റെ പേരിൽ, ഭാഷ ദേശ വേഷ വിധാനങ്ങളുടെ പേരിൽ അവഗണിക്കപ്പെടുന്നത് നീതി നിഷേധമാണ്.... നിഷ്കളങ്കരും നിരപരാധികളുമായ കുറെ ആളുകൾ ഇതിന്റെ പേരിൽ ബലിയാടുകളകുന്നു.... ഇന്ത്യയിൽ മാത്രമല്ല ലോകത്തെല്ലായിടത്തും....
ഫേസ്ബുക്കിലെ ചില ഗ്രൂപ്പുകളിലെ ചര്‍ച്ചകളൊക്കെ കണ്ടാല്‍ പേടി തോന്നും "...ജാതി...മതം...ഹിന്ദു...മുസ്ലീം...എന്റെ മതമാണ് ശ്രേഷ്ഠം....നിന്റെ മതക്കാര്‍ തീവ്രവാദികളാണ്...." അങ്ങനെ പലതും.... ആ ആളുകളെല്ലാം നേരിട്ട് കാണുകയാണെങ്കില്‍ കൊലപാതകം വരെ നടന്നേക്കാം എന്നു തോന്നിപ്പോകും അവരുടെ ചര്‍ച്ച കണ്ടാല്‍...
ഇക്കൂട്ടരുടെ എണ്ണം നാള്‍ക്കു നാള്‍ കൂടുകയല്ലാതെ കുറയുന്നില്ല... :-(
(ഞാനാണ് ഈ ബ്ലോഗിലെ അറനൂറാമത്തെ ഫോളോവര്‍ :-) )
എച്മു, വായിച്ചിട്ട് ഇതുപോലെ ഒക്കെ നടക്കുമോന്നു വിശ്വസിക്കാൻ തോന്നുന്നില്ല ..പോലീസുകാരുടെ ഒക്കെ ക്രൂരത ..സംരക്ഷണം തരേണ്ടവർ തന്നെ ....
എച്മുവിന്റെ എഴുത്തിൽ എപ്പോഴും കാണുന്ന തീവ്രതയുടെ പൊരുൾ മനസ്സിലാവുന്നു ...
ഒരു സെക്യൂലർ രാഷ്ട്രത്തിൽ ഇതെങ്ങനെ സംഭവിക്കുന്നു...?
ഭാരതം ഒരു സെക്യൂലർ രാഷ്ട്രമാണെന്നാണല്ലോ അവകാശപ്പെടുന്നത്... എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്നതിനെയാണ് സെക്യുലറിസം എന്ന് ബഹുഭൂരിപക്ഷവും തെറ്റിദ്ധരിച്ചിരിക്കുന്നു...
ഓക്സ്ഫഡ് ഡിക്ഷ്ണറിയോ മെറിയം വെബ്സ്റ്റർ ഡിക്ഷ്ണറിയോ എടുത്ത് ആ വാക്കിന്റെ അർത്ഥം ഒന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും...
Secularism : the belief that religion should not play a role in government, education, or other public parts of society, indifference to or rejection or exclusion of religion and religious considerations
മേൽക്കൊടുത്തിരിക്കുന്നതാണ് സെക്യൂലറിസത്തിന്റെ യഥാർത്ഥ നിർവ്വചനം. അഭിനവ ഭാരതത്തിന്റെ അവസ്ഥ അതുമായി ഒന്ന് തുലനം ചെയ്ത് നോക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും... ഇതും ഇതിനപ്പുറവും നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ എച്ച്മു... മതാന്ധകാരത്തിൽ നിന്നും നമ്മുടെ ജനത എന്നെങ്കിലും പുറത്ത് കടക്കുമോ...? എനിക്ക് യാതൊരു പ്രത്യാശയുമില്ല... എങ്കിലും മോഹിച്ചു പോകുന്നു...
ചുറ്റിലും നടക്കുന്നതു നിഷ്കളങ്കമായി കാണാനും ധൈര്യ പൂര്‍വം വിലയിരുത്താനും എച്മുകുട്ടിക്കു കഴിയുന്നുണ്ട്. അഭിനന്ദനങ്ങള്‍.
ഇങ്ങിനെ പല അനുഭവങ്ങളും പലരും പറഞ്ഞു കേട്ടിട്ടുണ്ട്. മുപ്പതു വര്‍ഷത്തോടടുക്കുന്ന പ്രവാസ ജീവിതത്തില്‍ വിവിധ മതസ്ഥര്‍ എനിക്ക് സുഹൃത്തുക്കള്‍ ആയുണ്ട്. കയ്പ്പേറിയ ഒരു അനുഭവവും ഉണ്ടായിട്ടില്ല. ഈ കുറിപ്പ് വായിച്ചപ്പോള്‍ അതൊരു ഭാഗ്യമാണോ എന്ന് തോന്നിപ്പോകുന്നു. ബാബറി മസ്ജിദ് തകര്‍ത്ത നാള്‍ കുര്‍ളയിലെ ഒരു മുസ്ലിം കേന്ദ്രത്തില്‍ പൊട്ടി പുറപ്പെട്ട കലാപത്തില്‍ ട്രാഫിക്കില്‍ കുടുങ്ങിയ പട്ടിയെ പോലെ കുഴഞ്ഞു നിന്ന എന്റെ നെറ്റിയിലെ ചന്ദനം മായ്ച്ച് കൈപിടിച്ചുകൊണ്ടോടി പ്രശ്ന മേഖല കടത്തി തന്ന മുസ്ലിം വൃദ്ധന്റെ രൂപം ഇന്നും മനസ്സില്‍ മായാതെയുണ്ട്.
മത ബാന്ധവങ്ങള്‍ ഇല്ലാതെ മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന കാലം വരുമോ ആവോ?
ഫേസ്‌ബുക്കില്‍ വായിച്ചിരുന്നു ഇത്.
കഷ്ടം എന്നാല്ലാതെ എന്ത് പറയാന്‍.
കാശ്മീരില്‍ വെച്ച് ഹിന്ദു വീട്ടു ജോലിക്കാരിയെ തേടി വിഷമിക്കുന്ന വടക്കെഇന്ത്യന്‍ മഹിളകളെ ധാരാളം കണ്ടിട്ടുണ്ട്.
I will vote this as your best post maam.
A lot of people will never believe this kind of horrors occur in India.
In Gujarat,I saw - even before the genocide days - Hindus pushing a muslim family out of the train.
I was myself searched and almost stripped, in Sydney airport just because I looked like a Muslim, with my beard. Having known that pain, I cannot imagine how our Muslim brothers manage to live in India. I have heard so many stories from friends about police harassment, just because they are Muslims.
മതേതരത്വം എവിടെ പോയോ ആവോ,,,
അനായസവായന ...നേരെ ചൊവ്വേയുള്ള ശൈലി ..
വളരെ കാലിക പ്രധാന്യമുള്ള
ഒരു വിഷയം തന്നെയാണ് ഇത്തവണ എച്മു കൈകാര്യം ചെയ്തിട്ടുള്ളത്...
ഭാരതത്തിൽ മാത്രമല്ല ഇപ്പോൾ
പാശ്ചാത്യ നാടുകളിലും ഈ പ്രവണതയുണ്ട്.
ഒരു ഏഷ്യൻ മുസ്ലീം ഛായ
എനിക്കൊക്കെ , ഇവരാൽ കാണപ്പെടുന്നതുകൊണ്ട് , പലപ്പോഴും പല സെർച്ചുകളിലും എനിക്കും നിന്ന് കൊടുക്കേണ്ടി വന്നിട്ടുണ്ട്...!
കുറച്ച് കൊല്ലങ്ങളായി ,ലോകം മുഴുവൻ ഏറ്റവും കൂടുതൽ നവമാധ്യമങ്ങളിലടക്കം വളരെയധികം വായിക്കുന്ന/എഴുതുന്ന/ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം തന്നെയാണ് Why do people Hate Muslims .
(http://www.gamespot.com/forums/offtopic-discussion-314159273/why-do-people-hate-muslims-so-much-26281876/)
കുറച്ചു നാള്‍ ഡല്‍ഹിയില്‍ കഴിഞ്ഞിരുന്നതില്‍ നിന്നും ചേച്ചി എഴുതിയ ഇക്കാര്യങ്ങളൊക്കെ എനിക്ക് വിശ്വാസം ഉള്ളവ തന്നെ! ആദ്യ നാളുകളില്‍ ഭര്‍ത്താവിന്‍റെ ജോലി മാറാനുള്ള സമയം നീണ്ടപ്പോള്‍ ഞാന്‍ മാത്രം ഒരു പഞ്ചാബി കുടുംബത്തിന്‍റെ പേയിംഗ് ഗസ്റ്റ് കൂട്ടത്തില്‍ നിന്നിരുന്നു. റൂം മേറ്റ്സ് ആയി കിട്ടിയവരില്‍ നിന്ന് ഇടയ്ക്കൊക്കെ കേട്ടിരുന്നു ഇത്തരം മാംസം കഴികുന്നതിനെ കുറിച്ചുള്ള കമന്റ്സ് ഒക്കെ! നമ്മുടെ ഇന്ത്യയില്‍ തന്നെയാ ഇതൊക്കെ നടക്കുന്നത് -വിശ്വസിക്കാം!
എനിയ്ക്കൊന്നും മനസിലായില്ല @PRAVAAHINY
ഇത് നമ്മുടെ സ്വന്തം നാട് തന്നെയോ?
എച്ച്മുവിനു പകരം ഞാൻ ആയിരുന്നെങ്കിൽ കരഞ്ഞും പേടിച്ചും ജീവിച്ചേനെ
അനുഭവങ്ങൾ നമ്മേ കരുത്തരാക്കും അല്ലെ?
kollam
നന്ദി... ചില സത്യങ്ങൾ ഇങ്ങനെ കറുത്തത് ആണെന്ന് തുറന്നു പറഞ്ഞതിന്...
ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ് അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ ..
രാജ്യം കൂടുതല്‍ മുസ്ലിം രാജ്യവും ഹിന്ദു രാജ്യവുമായി മാറിക്കൊണ്ടിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍.
ആള്‍ക്കാരുടെ മനസ്സില്‍ പേടി വളര്‍ത്തുന്നതിന് കാരണക്കാര്‍ ആയി നാമോരോരുത്തരും മത്സരിക്കുന്നുണ്ട്. എച്മുവിന്റെ തന്നെ ഈ എഴുത്ത് വായിക്കുന്ന നൂറുപേരില്‍ ഒരു പത്തുപേരിലെങ്കിലും മനസ്സില്‍ ജനിപ്പിക്കുന്ന ഭാവവും ചിന്തയുമെന്താണെന്ന്‍ ഊഹിക്കാവുന്നതല്ലേയുള്ളൂ. ഇതുപോലെ തന്നെയാണ് ഓരോരുത്തരും അവരവര്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് സംശയത്തിന്റെ വിത്തുകള്‍ പാകിപ്പിക്കുന്നത്. ഒരിടത്ത് ഒരു സ്ഫൊടനമോ അക്രമമോ ഉണ്ടായാല്‍,അത് ചെയ്തവനെ പോലീസ് പിടിച്ചാല്‍ ഉടന്‍ കുറച്ച് പേരു വന്ന്‍ ചെയ്തവന്റെ പേരുവച്ച് ഒരു കസര്‍ത്തുകളിയുണ്ട്. അതില്‍ ഒരു മതക്കാരും ജാതിക്കാരും മോശമല്ല. ഈ വിധം സര്‍വ്വരും തുടങ്ങുമ്പോള്‍ ജീവിതമെന്നത് അരക്ഷിതത്വത്തിന്റെ പുറത്തായ്പ്പോകും. എല്ലായ്പ്പോഴും ഭൂരിപക്ഷങ്ങളാല്‍ ന്യൂനപക്ഷം ജീവിക്കാനാവാത്ത വിധം പീഡിപ്പിക്കപ്പെടുന്ന എന്ന ചിന്താഗതി വളര്‍ത്തിയെടുക്കുവാന്‍ ഓരോരുത്തരും മത്സരിക്കുകയാണ്. ഈ മത്സരത്തില്‍ ഇരകളായിപ്പോകുന്നവരോ കളങ്കമേതുമില്ലാത്ത പാവങ്ങളും. നാമിന്ന്‍ വെറും മുസ്ലീങ്ങ:ളും ഹിന്ദുക്കളും കൃസ്ത്യാനികളുമായ് വേര്‍തിരിഞ്ഞ് അകലം പാലിക്കുവാന്‍ ശീലിതരായ്പ്പോയി. ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമെന്നാണ് തോന്നുന്നത്.
എനിക്കിതൊക്കെ വെറും കേട്ടുകേൾവികൾ മാത്രമാണ്. സത്യമായിരിക്കും എന്ന് മനസ്സു വിങ്ങുമ്പോഴും, എയ്.. വെറുതെയായിരിക്കും എന്ന് ആശ്വസിക്കാനാഗ്രഹിക്കുന്ന കേട്ടുകേൾവികൾ
അറിയാതെ എങ്കിലും , മനസ്സുകളിൽ ഒരു ഭയം എച്മു വിതച്ചോ എന്നൊരു സംശയം ഉണ്ട് .
ഇങ്ങനെ ഒന്നും നടക്കില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം .
ചില വസ്തുതകള്‍:-
1. ആഹാരത്തിനായുള്ള മാംസം ശവത്തില്‍നിന്നേ മുറിച്ചെടുക്കുവാന്‍ കഴിയൂ.
2. അത്തരം ശവഭാഗങ്ങള്‍ കരിയുമ്പോള്‍ ശവം കത്തുന്ന ഗന്ധം ഉണ്ടാകും.
(കൂടെ വര്‍ഗ്ഗീയ അസഹിഷ്ണുതകൂടിയാകുമ്പോള്‍ ഗന്ധം രൂക്ഷമാകും)
3. ആഹാരത്തെ ശവമെന്ന് വിളിയ്ക്കാം, ശവം ആഹാരമായാല്‍.
4. വികാസം പ്രാപച്ച ജീവികളുടെ ജീവന്‍പോയ ദേഹത്തെയാണ് സാധാരണയായി 'ശവം'എന്ന് വിളിയ്ക്കുന്നത്.
കൂടാതെ രസനയെ രസിപ്പിയ്ക്കുവാനായി വികാസം പ്രാപച്ച സാധു ജീവികളെ കൊന്ന് തിന്നുന്നതിന് മുമ്പ്, അത്തരം പരഹിംസകള്‍ നടത്താതെ രസന രസിയ്ക്കുമോ എന്ന്, ഒരു നൂറ് തവണയെങ്കിലും ബുദ്ധികൊടുത്ത് ആലോചിയ്ക്കുക.
നിരപരാധികളും പാവങ്ങളുമല്ലേ ആ ജീവകള്‍..
കുറിപ്പില്‍ പറഞ്ഞ നിഷ്ടുരരായ ഏമാന്‍മാരെ പോലെയോ 'ജിഹാദ്'എന്നും പഞ്ഞ് ബോംബ് പൊട്ടിച്ചും വെടിവെച്ചും ഒന്നുമറിയാത്ത നിരപരാധികളെ കൊന്നൊടുക്കി നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടുയ്ക്കുന്ന, കുറിപ്പില്‍ വിവരിച്ച ആളുടെ ഛായയുള്ള,'കാഫിറു'കളെ പോലെയോ അല്ലല്ലോ അവ.
'ജീവ ജീവസ്യ ഭോജനം' എന്ന് ശാസ്ത്രങ്ങളില്‍ കാണാം... നാം കഴിയ്ക്കുന്ന പച്ചക്കറികളും, പഴങ്ങളും,ധാന്യങ്ങളും, കിഴങ്ങുകളുമൊക്കെ ജീവനുള്ളവയാണ്.
എല്ലാവരും സഹോദരീ സഹോദരന്‍മാരാണെന്ന് പ്രതിജ്ഞയെടുക്കുന്ന
നമ്മുടെ നാട്ടില്‍ നാം അനാഥരാണെന്ന് തിരിച്ചറിയാന്‍ ഇത്തരമൊരു സംഭവം ഉണ്ടാകേണ്ടി വന്നുവോ?
ഈ പ്രാന്ത് നമ്മുടെ നാട്ടില്‍ ഏറെക്കുറെ എല്ലാവരിലും ഏറിയും കുറഞ്ഞും കാണുന്നുണ്ട് സാബു. വായനക്കും അഭിപ്രായത്തിനും നന്ദി.
മുബി, ആ അനുഭവം ചെറുപ്പത്തില്‍ ഉണ്ടായിട്ടുണ്ട്. ബൊമ്മക്കൊലു കാണാന്‍ പോകുമ്പോള്‍ പല കുട്ടികളോടും പലതരം പരിചരണങ്ങള്‍ കാണാം. ചിലര്‍ക്ക് കൈയില്‍ പലഹാരം കിട്ടും. വേറെ ചിലര്‍ക്ക് ഇലച്ചിന്തില്‍ താഴെ വിളമ്പിക്കിട്ടും, ഇനിയും ചിലര്‍ക്ക് മുറ്റത്തേക്ക് വരും.. എല്ലാവരും കുട്ടികള്‍ ആയിരുന്നു. ജാതിയും മതവുമാണ് നമ്മുടെ നാട്ടിന്‍റെ ഏറ്റവും വലിയ സത്യം.
അമ്പിളിക്കും വെട്ടത്താന്‍ ചേട്ടനും നന്ദി. രണ്ടു പേരുടെയും ഇവിടെ രേഖപ്പെടുത്തപ്പെട്ട അഭിപ്രായങ്ങള്‍ തികച്ചും സത്യമായി സ്വന്തം ജീവിതത്തില്‍ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.
ചന്തുവേട്ടന്‍റെ അഭിപ്രായം വായിച്ചു. ജാതിക്കും മതത്തിനും അതീതമായ ഒന്നും നമ്മുടെ നാട്ടില്‍ ഇല്ല എന്നാണ് എന്‍റെ അനുഭവം. അതുകൊണ്ട് ഭാരതാംബയുടെ മക്കളാവുകയെന്നതൊക്കെ നടപ്പില്‍ വരുമോ എന്നറിയില്ല.
തുമ്പി പറഞ്ഞത് വാസ്തവമാണ്..
അജിത്തേട്ടന്‍റെ വായനക്ക് നന്ദി. അത്തരമൊരു തിരുത്തല്‍ ആത്മാര്‍ഥമായി എല്ലാവരും ആഗ്രഹിക്കുന്നുവെങ്കില്‍ ചിലപ്പോള്‍ നടപ്പിലാകുമായിരിക്കും. അറിയില്ല.
രാംജിക്ക് നന്ദി. അതെ, എല്ലാവരും കൂടുതല്‍ കൂടുതല്‍ ജാതീയതയേയും മതത്തേയും വാരിപ്പുണരാന്‍ ആഗ്രഹിക്കുന്നു.
ജാതിയേയും മതത്തേയും മാത്രം പ്രണയിക്കുന്ന ജനത തന്നെയായതുകൊണ്ടാണ് രാഷ്ട്രീയത്തിലെ വൃത്തികെട്ട കളികള്‍ നമുക്ക് രുചിച്ചതും അതനുസരിച്ച് ജാതി മതാടിസ്ഥാനത്തില്‍ നമ്മള്‍ വേര്‍തിരിയുന്നതും എന്ന് തോന്നുന്നു വി കെ മാഷെ. വായനക്ക് നന്ദി.
ഫൈസലിനു നന്ദി. ഇതൊന്നും നടക്കുന്നില്ല എന്ന് ഉറപ്പ് പറയാന്‍ എനിക്ക് ഏതായാലും കഴിയില്ല.
എനിക്കും പേടിയാണ് ഇലഞ്ഞീ..
വരുമായിരിക്കും ശ്രീ അങ്ങനൊരു കാലം.
ഷാനവാസ് ഇക്കയെ കണ്ടതില്‍ ഇങ്ങനെ നല്ലൊരു അഭിപ്രായം വായിച്ചതില്‍ ഒത്തിരി സന്തോഷം. ഒരിക്കലും സങ്കടകരമായ അനുഭവങ്ങള്‍ വരാതിരിക്കട്ടെ.
അതെ, മുഹമ്മദ് കുഞ്ഞി ഇത് ലോകം മുഴുവന്‍ സംഭവിക്കുന്ന ഒരു കാര്യമാണ്..
അറുനൂറാമത്തെ ഫോളോവര്‍ക്ക് ഒത്തിരി നന്ദി.. സന്തോഷം സംഗീത്. മതത്തിന്‍റെയും ജാതിയുടെയും ഏറ്റവും വലിയ പ്രശ്നമാണ് എന്‍റേത് ശ്രേഷ്ഠവും നിന്‍റേത് മോശവും എന്ന ഉറച്ച വിശ്വാസം. അത് ഉള്ളിടത്തോളം ഇമ്മാതിരി വഴക്കുകള്‍ നടന്നുകൊണ്ടിരിക്കും.
അശ്വതി മനുഷ്യരുടെ ഏറ്റവും വലിയ പ്രശ്നമാണത്. മറ്റൊരാളുടെ ജീവിതം നമുക്ക് എന്നും കെട്ടുകഥയാണ്.. അതാണ് മനുഷ്യര്‍ ഇത്ര ഒറ്റപ്പെട്ടു പോകുന്നതിന്‍റെ കാരണവും.
ഡിക് ഷണറിയിലെ സെക്യുലറിസം അര്‍ഥം വായിക്കാന്‍ മാത്രമാണ് വിനുവേട്ടാ. അത് അങ്ങനെ മനസ്സിലാക്കപ്പെടുന്നതേയില്ല എവിടെയും.
ബൈജുവിനു നന്ദി.
വേണു മാഷിന്‍റെ അഭിപ്രായം വായിച്ചു സമാധാനിക്കുന്നു. ഒരിക്കലും ഒരു ദുരനുഭവവും വരാതിരിക്കട്ടെ. മനുഷ്യര്‍ മനുഷ്യരെ മനുഷ്യരായി കാണുന്ന കാലം വരട്ടെ..
റോസാപ്പൂവിന്‍റെ അഭിപ്രായത്തിനു നന്ദി.
രാജേഷിനും നന്ദി. തുടര്‍ന്നും വായിക്കുമല്ലോ.
മതേതരത്വം തീര്‍ച്ചയായും ഭരണഘടനയിലുണ്ട് നീതു.
മറ്റൊരാള്‍ക്ക് നന്ദി.
മുരളീ ഭായ് നമ്മള്‍ക്ക് മുസ്ലിമിനോട് മാത്രമല്ല പ്രശ്നം. നമുക്ക് ദളിതരോടും, ആദിവാസികളോടും ഒക്കെ പ്രശ്നമാണല്ലോ. അത് മതത്തിന്‍റെ മാത്രമല്ല, ജാതിയുടെയും ദാരിദ്ര്യത്തിന്‍റെയും ചൂഷണത്തിന്‍റെയും ഒക്കെ പ്രശ്നമാണ്.
ആര്‍ഷക്ക് നന്ദി.
പ്രവാഹിനിക്ക് മനസ്സിലായില്ല എന്ന് വായിച്ച് ഖേദിക്കുന്നു. മനസ്സിലാകുന്ന വിധത്തില്‍ കൂടുതല്‍ ഭംഗിയായി എഴുതുവാന്‍ ശ്രമിക്കാം.
അങ്ങനെ കരുത്തൊന്നും ഉണ്ടെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല നളിന ചേച്ചി.ആ അനുഭവങ്ങള്‍ എന്നും വേദനാപൂര്‍ണമായിരുന്നു.
അനിസിനും ഷഹീമിനും നന്ദി.
പോസ്റ്റ് അവലോകനത്തില്‍ പരിഗണിച്ചതിനു നന്ദി.. വരികള്‍ക്കിടയില്‍
അല്ല, നാമൂസ് . രാജ്യം അങ്ങനെ രണ്ടായല്ല... പലതായി.. പല കഷണങ്ങളായി തന്നെയാണ് മുറിയുന്നത്. എല്ലാവരും ആത്മാര്‍ഥമായി ഒന്നിച്ചു ശ്രമിക്കാതെ ഈ മുറിവുകള്‍ കൂടുകയില്ല.
അതെ, ശ്രീക്കുട്ടന്‍.. സ്ത്രീ പീഡനത്തെപ്പറ്റി പറയുമ്പോള്‍, ദളിത് പീഡനത്തെപ്പറ്റി പറയുമ്പോള്‍ , ഉദ്യോഗസ്ഥ പോലീസ് കോടതി പീഡനത്തെപ്പറ്റിയൊക്കെ പറയുമ്പോള്‍ മനുഷ്യരില്‍ ഭയം ഉണ്ടാകും. ഏതു തരം ദുരനുഭവവും അങ്ങനെ തന്നെയാണ്. ഭൂരിപക്ഷം ന്യൂനപക്ഷത്തെ, ശക്തര്‍ ദുര്‍ബലരെ , ധനികര്‍ ദരിദ്രരെ ഒക്കെ ജീവിക്കാന്‍ അനുവദിക്കാതെ പീഡിപ്പിക്കുന്നത് സര്‍വ സാധാരണം ..
അങ്ങനെ കേട്ടുകേള്‍വികള്‍ എന്നു മാത്ര മായി വിശ്വസിക്കാന്‍ എന്നുമെന്നും കഴിയട്ടെ വിഡ്ഡിമാന്‍. ഒരിക്കലും ദുരനുഭവങ്ങള്‍ വരാതിരിക്കട്ടെ.
പീഡനങ്ങളെപ്പറ്റി സംസാരിക്കുമ്പോഴെല്ലാം മനുഷ്യരില്‍ ഭയം ഉണ്ടാകുന്നുണ്ടാവും വില്ലേജ് മാന്‍. ദളിത് പീഡനവും സ്ത്രീ പീഡനവും ശിശുപീഡനവുമടക്കം എല്ലാം അറിഞ്ഞറിഞ്ഞ് നമ്മള്‍ എന്നുമെന്നും ഭയന്നു തന്നെ ജീവിക്കുന്നു. അതിനിടയില്‍ ഇങ്ങനെയും ചില അനുഭവങ്ങള്‍ ചിലര്‍ക്കുണ്ടാകുന്നുണ്ട്. ഭയപ്പെടാന്‍ നമുക്ക് എത്രയെത്ര കാരണങ്ങള്‍..
സസ്യഭക്ഷണമാണ് നല്ലതെന്ന് പറയുന്നവര്‍ മാംസഭക്ഷണം ഇഷ്ടപ്പെടുന്നവരെ നിന്ദിക്കുന്നതും മാംസഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ സസ്യഭക്ഷണം ഇഷ്ടപ്പെടുന്നവരെ പരിഹസിക്കുന്നതും ഒരുപോലെ അധമമാണെന്ന് ഞാന്‍ കരുതുന്നു, സുബ്രഹ്മണ്യന്‍. അനാവശ്യമായ ഒരു അധീശത്വം പ്രകടിപ്പിക്കാന്‍ ഇതും ഒരു ന്യായമായി സസ്യഭോജികളും മാംസഭോജികളും ഉപയോഗിക്കാറുണ്ട്. അപരരെ വേദനിപ്പിക്കാന്‍ മാത്രമേ ഇതുകൊണ്ട് കഴിയൂ. പൌരബോധം കൈവന്ന അന്നുമുതല്‍ സ്ത്രീ എന്ന നിലയില്‍ തന്നെ ഈ രാജ്യത്ത് എത്ര അനാഥയാണ് ഞാനെന്ന് തികച്ചും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.. ഈ സംഭവം വന്നപ്പോഴേ അതു മനസ്സിലായുള്ളൂ എന്ന് ഈ കുറിപ്പില്‍ ഞാന്‍ എഴുതിയിട്ടില്ലല്ലോ. അതുകൊണ്ട് ആ ചോദ്യം ശരിക്കും എനിക്ക് മനസ്സിലായില്ല. വായനക്കും അഭിപ്രായത്തിനും നന്ദി.
ആഹാരമൂല്ല്യത്തിന്റേയോ, അവ നമ്മുടെ ശരീരത്തിന് ചെയ്യുന്ന ഗുണദോഷങ്ങളുടെ അടിസ്ഥാനത്തിലോ 'സസ്യാഹാരം നല്ലത് മാംസഭക്ഷണം മോശം' എന്ന് ഒരിയ്ക്കലും അഭിപ്രായപ്പെട്ടിട്ടില്ല. നമുക്ക് രസിയ്ക്കാന്‍വേണ്ടി വേദനയും, വികാരവും, വിചാരവുമുള്ള ജീവികളെ കൊലചെയ്യുന്നതിലുള്ള അമര്‍ഷമേ ഞാന്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. താങ്കളുടെ പ്രൊഫൈല്‍ പടത്തില്‍ വച്ചിരിയ്ക്കുന്നതുപോലുള്ള ഒരു ജീവയുടെ കഴുത്തില്‍ (നമുക്കത് ഒഴിവാക്കാമെന്നിരിയ്ക്കെ) കത്തിവയ്ക്കമ്പോഴുണ്ടാവുന്ന വേദനയേയും, ഭയത്തെയും, സങ്കടത്തെയും, നിരാശയേയും ഭക്ഷണമെന്ന് പറഞ്ഞ് സാമാന്യവല്കരിയ്ക്കുവാനോ നിസ്സാരവല്‍ക്കരിയ്ക്കുവാനോ എനിയ്ക്ക് കഴിയില്ല.
നീതിനിഷേധത്തിന്റെയും, അവകാശലംഘനത്തിന്റെയും, ജാതിമതപ്രായലിംഗദേശഭാഷാസ്വദേശിവിദേശി ഭേദമന്യേ നടക്കുന്ന അതിക്രമങ്ങളുടെയും അക്രമങ്ങളുടെയും അന്തമില്ലാത്ത പൂരത്തട്ടായ നമ്മുടെ നാട്ടില്‍ (നമ്മള്‍നേരിട്ട് ബന്ധപ്പെട്ടതോ അല്ലാത്തതോ) ആയ
ചില പ്രത്യേക സംഭവങ്ങളോട് ചേര്‍ന്ന് നമുക്കുണ്ടാവുന്ന അത്തരം ബോധങ്ങളാണ് ചോദ്യം കൊണ്ട് ഉദ്ദേശിച്ചത്.
ippozhan vayichath. Ith ezhuthi ennath ishtamayi
ഈ ലേഖനത്തോടും അതിനു ലഭിക്കുന്ന പ്രതികരണങ്ങളോടും ഒപ്പം സഞ്ചരിക്കുകയാണ്. അനുഭവം, മതം, സംസ്കാരം എന്നൊക്കെ ലേബലിട്ട ഈ നല്ല ലേഖനത്തിന്റെ തുടര്‍ച്ചയായ രണ്ടാംഭാഗവും വായിച്ച് എന്താണ് പറയേണ്ടത് എന്നറിയാത്ത ഒരു അവസ്ഥയിലാണ്....
എഞ്ചിനീയറെ അറസ്റ്റ് ചെയ്ത സംഭവത്തെ എത്ര ആലോചിച്ചിട്ടും അതിനുമുമ്പ് പറഞ്ഞുവന്ന ഒരു പ്രത്യേക മതവിശ്വാസക്കാരോടും, അവരുടെ സംസ്കാരത്തോടുമുള്ള അസഹിഷ്ണതയുടെ ഭാഗമായി വായിക്കാന്‍ കഴിയുന്നില്ല. എഞ്ചിനീയറുടെ അറസ്റ്റിനെ ഇന്ത്യയിലെ അധികാരസ്ഥാനങ്ങളെ ഗ്രസിച്ചിരിക്കുന്ന ധിക്കാരത്തിന്റേയും അഴിമതിയുടേയും ഭാഗമായേ വായിക്കാനാവുന്നുള്ളു. ആദ്യം വന്ന പോലീസുകാരനെ പ്രകോപിപ്പിച്ചതിലുള്ള പകപോക്കലിന്റെ ഭാഗംകൂടിയാവണം ആ സംഭവം. എന്റെ ഊഹം മാത്രം. സംഭവത്തിന്റെ ഭാഗമായ ആള്‍ പറയുന്നത് എന്റെ ഊഹത്തേക്കാള്‍ കൃത്യമായത് ആവുമെന്ന് കരുതുന്നു...
ലേഖനത്തിന്റെ ആദ്യഭാഗത്ത് പറയുന്ന ഉത്തരേന്ത്യന്‍ അനുഭവങ്ങളെക്കുറിച്ച് വായിച്ചുള്ള അറിവല്ലാതെ നേരനുഭവങ്ങള്‍ ഇല്ല. കേരളം വിട്ട് അധികം സഞ്ചരിച്ചിട്ടില്ലാത്തതിനാല്‍ ഇതുപോലുള്ള ലേഖനങ്ങളാണ് ഇത്തരം വിഷയത്തിലുള്ള എന്റെ അറിവിന്റെ സ്രോതസ്സ്.
അസഹിഷ്ണുതയുടെ വേരുകള്‍ ഇന്ത്യയുടെ ശരീരത്തില്‍ വളരെ ബോധപൂര്‍വ്വം കുത്തിവെക്കപ്പെടുന്നുണ്ട് എന്നാണ് എന്ന് തോന്നിയിട്ടുണ്ട് . അഫ്ഘാനിസ്ഥാന്‍ പോലുള്ള മദ്ധ്യപൗരസ്ത്യനാടുകളില്‍ ഉടലെടുത്ത വിദ്വേഷത്തിന്റെ വിത്തുകള്‍ ഇങ്ങ് കേരളം പോലുള്ള പ്രദേശങ്ങളില്‍ പോലും പരസ്പരസ്പര്‍ദ്ധ വിതക്കുന്നുണ്ട്. ഒരുകാലത്ത് അങ്ങേയറ്റം സ്നേഹത്തോടെ കഴിഞ്ഞിരുന്നവര്‍ ഇപ്പോള്‍ പരസ്പരം സംശയത്തോടെ വീക്ഷിക്കുന്നു. ഒരു ഭാഗത്ത് മദ്ധ്യപൗരസ്ത്യദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ആശയങ്ങളും, മറുഭാഗത്ത് അതിനു ബദലായി ഉത്തരേന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത സംഹിതകളും സ്വച്ഛമായി ഒഴുകിയിരുന്ന മലയാളിയുടെ പരസ്പരസ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും മൂല്യബോധത്തെ തകര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു...
വളരെ സൂക്ഷ്മമായി സമീപിക്കേണ്ട ഒരു വിഷയമാണ് എച്ചുമു ചര്‍ച്ച ചെയ്യുന്നത്. ഇത്തരം വിഷയത്തെ പൊട്ടിത്തെറിക്കുന്ന ഒരു ബോംബായി മാറ്റിയെടുത്തതും, ഇറക്കുമതി ചെയ്ത ആശയങ്ങളുടെ ബുദ്ധികേന്ദ്രങ്ങള്‍ തന്നെ....
ഭയപ്പെടുത്തുകയാണ് ഇന്നത്തെ ഇന്ത്യ.പുതിയ ലോകത്തിലെ ഇരുണ്ട ഭൂഖണ്ഡമാവുകയാണ് ഇന്ത്യ.എന്തെങ്കിലും സംഭവിക്കും വരെ മാത്രം സ്വസ്ഥതയോടെ ഇരിക്കാം.പക്ഷേ അതെപ്പോഴും സംഭവിക്കാം.മക്കളോടെ പുറത്തു പോയി രക്ഷപെടാന്‍ പറയാന്‍ ഇന്നെനിക്കു ഒരു മനസക്ഷിക്കുത്തുമില്ല.
പേടിച്ചു പോയി വായിച്ചിട്ട്. ഇതി്ങനെ നടക്കുമായിരിക്കും എന്ന് പല ആർട്ട് സിനിമകൾ കാണിച്ചു തന്നപ്പോഴും, ഏയ് ഇതെല്ലാം cinematic exaggeration ആകുമെന്ന് വിചാരിച്ചു. പക്ഷെ ഇത് വായിച്ചപ്പോൾ ചോര തണുത്തു. കണ്ണടച്ച് ഇരുട്ടാക്കി ഞാൻ എത്ര നാൾ ജീവിച്ചു!
എത്ര, എത്ര നിസ്സഹായരാണ്, അനാഥരാണ് ഈ സ്വതന്ത്ര രാജ്യത്തിലെ സാധാരണക്കാര്‍.....
Post a Comment