അരുണാചലേശ്വരന്റെ
പരിസരത്തുള്ള പൊതുവഴിയിലെ, അതി ഭയങ്കരമായ
തിരക്കുള്ള ഒരു ഹോട്ടലിലായിരുന്നു ഉച്ചഭക്ഷണം കഴിച്ചത്. ഭക്ഷണം തീരും മുന്‍പ് തന്നെ ഇല വലിച്ചെടുക്കുന്ന ശീലം ആ
ഹോട്ടലിലുള്ളവര്‍ പുലര്‍ത്തിപ്പോന്നു.
ആസ്ത്രേലിയക്കാരനായ വാസ്തുശില്പിക്ക് ഇന്ത്യാക്കാര്‍ കൈ വിരലുകളുപയോഗിച്ച് , രസവും സാമ്പാറും
മോരും ഒക്കെ കൂട്ടിക്കുഴച്ച് അളിച്ചു വാരിത്തിന്നുന്നത് കണ്ട്
വല്ലായ്മയാകുന്നുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ അസ്വസ്ഥമായ മുഖവും സ്പൂണ്‍ സ്പൂണ്‍ എന്ന പരിഭ്രാന്തിയും അത്
വ്യക്തമാക്കി.
മനുഷ്യന്
എന്തിന്റെയെല്ലാം തടവറയിലാണ് എപ്പോഴും
ജീവിക്കുന്നത്. സ്വന്തം ശീലങ്ങളുടെ, സ്വന്തം വിശ്വാസങ്ങളുടെ, സ്വന്തം ...
സ്വയം നടത്തുന്ന നിരന്തരമായ സ്വാതന്ത്ര്യ സമരത്തിലുടെ അല്ലാതെ മനുഷ്യന് ഇത്തരം തടവറകളില്‍ നിന്ന് മോചനമില്ല. ആ
സ്വതന്ത്ര്യ സമരം ചെയ്യാനാവശ്യമായ മനോബലം
അധികം മനുഷ്യരിലും പലപ്പോഴും ഉണ്ടാവാറുമില്ല.
അതുകൊണ്ട് മനുഷ്യരെന്നെന്നും അവരവരുടെ വ്യക്തിത്വങ്ങളുടെ
തടവുകാരായിത്തുടരുന്നു.
ഉച്ചഭക്ഷണം കഴിച്ചപ്പോഴേക്കും മൂന്നു മണി
ആയിരുന്നു. അപ്പോഴാണ് യാതൊരു പ്രകോപനവുമില്ലാതെ വാസ്തു ശില്പികള് മണ്ണു വീടുകളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയത്. മണ്ണു വീട്
പണിയുന്നവരില്‍ വിദ്ഗ്ദ്ധരായ സ്വന്തം സുഹൃത്തുക്കളെപ്പറ്റിയും അവര്‍ വാചാലരായി.
മണ്ണുകൊണ്ട് വീടു പണിയുന്നവര്‍ എന്നും ഉണ്ടായിരുന്നു. ഇന്ത്യയിലെ
എല്ലാ സംസ്ഥാനങ്ങളിലും ഇപ്പോഴും മണ്ണു കൊണ്ട് മുള കൊണ്ട് പുല്ലുകൊണ്ട് ഒക്കെ വീടു പണിയുന്ന അനവധി
അനവധി മനുഷ്യരുണ്ട്. ആ വീടുകളില്‍ അവര്‍
ഒരു മനുഷ്യായുസ്സ് മുഴുവനും ചെലവാക്കുകയും ചെയ്യുന്നു. എങ്കിലും പണക്കാര് ഫാഷനു നിര്‍മ്മിക്കുന്ന മഡ് ഫാം ഹൌസുകളാണ് അവ നിര്‍മ്മിക്കുന്ന വാസ്തുശില്പികളാണ്
എപ്പോഴും ജനശ്രദ്ധ പിടിച്ചു പറ്റുക. അവര്‍ അവധിക്കാലം ചെലവിടുകയൊ വാരാന്ത്യ പാര്‍ട്ടികള്‍ നടത്തുകയോ ചെയ്യുന്ന മണ്വീടുകളെ
പറ്റി എഴുതപ്പെട്ട ലേഖനങ്ങള്‍ നിറമുള്ള മിനുക്കക്കടലാസ്സില് അച്ചടിച്ച്
വില്‍ക്കുന്ന മാസികകളും വാരികകളും എത്ര വേണമെങ്കിലും നമുക്ക് വായിക്കാന്‍
കിട്ടും.
കുറെ മണ്‍വീടുകള്‍ കാണാന്‍
പോവാമെന്ന് പറഞ്ഞപ്പോള്‍ എന്റെ
മനസ്സ് എന്തുകൊണ്ടോ ഇങ്ങനെയൊക്കെയുള്ള ആലോചനകളില്‍ ആഴ്ന്നു
പോയി.
തിരുവണ്ണാമല
ടൌണില്‍ തന്നെയെങ്കിലും
സമൃദ്ധമായ പച്ചപ്പ് നിറഞ്ഞ
വഴിയിലൂടെയായിരുന്നു യാത്ര. തിളങ്ങുന്ന കടും പച്ച
നിറമായിരുന്നു
ഇരുവശത്തുമുണ്ടായിരുന്നത്. എരുമകളും പോത്തുകളും ധാരാളമായുണ്ടായിരുന്നു റോഡില്‍ . കറുത്ത റോഡ് പിന്നെപ്പിന്നെ ചെമ്മണ്ണിട്ട പൊടി ഉയര്‍ത്തുന്ന
ഗ്രാമ വഴിത്താരയായിത്തീര്ന്നു.
ഞാറുകളുടെ പച്ചക്കടലായ ഒരു വയലിനരികില്‍
പേരറിയാത്ത അനവധി മരങ്ങളുടെ തണല്പ്പാടുകളില് അഗത്തിച്ചീര മരം
അതിരായി മതില് കെട്ടിയ മണ്‍വീടുകളുടെ പരിസരത്തില്‍ യാത്ര അവസാനിച്ചു .
പണി പൂര്ത്തിയാകാത്തവ. കഷ്ടിച്ചു
മുഴുവനായവ. പണി തുടങ്ങാന്‍ പോകുന്നവ.. അങ്ങനെയങ്ങനെ.. നീലനിറത്തില്‍
അരുണാചല ഗിരിനിരകള്‍ അങ്ങു ദൂരെ തലയുയര്‍ത്തി നില്ക്കുന്നുണ്ടായിരുന്നു.
മണ്ണു കുഴച്ചുരുട്ടി ചുവരുണ്ടാക്കി ചുവന്ന മണ്ണു കലക്കിപൂശിയതാണ് ചുവരുകള്‍. ഓട്ടോ റിക്ഷയുടെ മുന്നിലെ ഗ്ലാസ് മണ് ചുവരിലുറപ്പിച്ച്
തുറക്കാനാവാത്ത ജനലുകള്‍ പണിതിരിക്കുന്നതു
കണ്ടു. നീണ്ട ഞാറപ്പുല്ലുകളൂടെ പാളികള്‍ വീട്ടിലെ മുറികളെ തമ്മില്‍ വേര്‍തിരിച്ചു. മുളപ്പാളി പൈപ്പായി
മാറി പാത്രങ്ങള്‍ കഴുകാനുള്ള സിങ്കിലേക്ക് വെള്ളം ഒഴുക്കിത്തന്നുകൊണ്ടിരുന്നു. ചെറിയ
മണ്കലങ്ങള് ബ്രഷും പേസ്റ്റും ചീപ്പും
ബ്രഷും പേനയും മറ്റും വഹിച്ചു ചുമരിനെ ഉരുമ്മി നിന്നു. മുള പകുതിയാക്കി കീറിയുണ്ടാക്കിയ ചാരുപടിയും
കല്ലുപാളിയുടെ മേശയും സുഖമായി കിടന്നുറങ്ങാവുന്ന
മണ്തിണ്ണയും ആ വീടുകളെ സുന്ദരമാക്കി.
സോളാര്‍ വൈദ്യുതിയില്‍ വീടുകള്‍ക്കകത്ത് പ്രകാശം തിളങ്ങി.
അവിടെയാണ് ഞാന്‍
ചിത്രശലഭച്ചെടികളെ കണ്ടത്.. ആ ചെടികളില്‍ ഇലകളേക്കാളധികം ശലഭങ്ങളായിരുന്നു. ആയിരം വര്‍ണങ്ങളുടെ ശലഭപ്പെരുമഴ
പൊഴിച്ചു അവര്‍ ഉല്ലാസത്തോടെ പറന്നുകൊണ്ടിരുന്നു. എന്റെ കണ്ണുകള്‍ക്ക് മനസ്സിലാക്കാനാവാത്തത്രയും സുന്ദര
വര്‍ണങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു.
അഭൌമമായ അസുലഭമായ ഒരു ലാവണ്യ ദര്‍ശനമായിരുന്നു
അത്. സമയം വൈകുന്തോറും അവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു. ഇരുള് പരക്കും മുന്‍പ് അവര്‍
എല്ലാവരും എങ്ങോട്ടൊ യാത്ര പുറപ്പെടുകയും
ചെയ്തു.
സന്ധ്യയുടെ
തുടുത്ത ശോഭ ആ ചിത്രശലഭങ്ങളെ
മാത്രമല്ല, ഞങ്ങളെപ്പോലും സൌന്ദര്യമുള്ളവരാക്കി മാറ്റുന്നുണ്ടായിരുന്നു.
രമണാശ്രമം കാണാന്‍ വാസ്തുശില്പികളില് ആര്‍ക്കും അത്ര താല്പര്യമുണ്ടായില്ല. എങ്കിലും പൊടുന്നനെ അലറിപ്പെയ്ത മഴയില്‍ നിന്ന് രക്ഷനേടാന്‍ അവര്‍ എനിക്കൊപ്പം വന്നു. മഴത്തുള്ളികള്‍ക്ക് തണുപ്പു പകരാന്‍ മാത്രമല്ല മുഴുപ്പോടെ വീണ് വേദനിപ്പിക്കാനും കഴിയുമെന്ന് ആ മഴ നനഞ്ഞപ്പോള്‍ ശരിക്കും മനസ്സിലായി.
രമണാശ്രമം കാണാന്‍ വാസ്തുശില്പികളില് ആര്‍ക്കും അത്ര താല്പര്യമുണ്ടായില്ല. എങ്കിലും പൊടുന്നനെ അലറിപ്പെയ്ത മഴയില്‍ നിന്ന് രക്ഷനേടാന്‍ അവര്‍ എനിക്കൊപ്പം വന്നു. മഴത്തുള്ളികള്‍ക്ക് തണുപ്പു പകരാന്‍ മാത്രമല്ല മുഴുപ്പോടെ വീണ് വേദനിപ്പിക്കാനും കഴിയുമെന്ന് ആ മഴ നനഞ്ഞപ്പോള്‍ ശരിക്കും മനസ്സിലായി.
ഒരു സന്യാസ സമ്പ്രദായത്തിലും സ്വയം കുരുക്കിയിടാത്ത ജീവിത രീതിയാണ് രമണ മഹര്ഷിക്കുണ്ടായിരുന്നത്.
അദ്ദേഹം ആരേയും ഒന്നില്‍ നിന്നും
മോചിപ്പിച്ചില്ല. ആരോടും തന്റെ വഴി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടില്ല. തനിക്ക് അവകാശിയെ പ്രഖ്യാപിച്ചില്ല. ഞാനാണ്
ശരിയെന്നോ ഞാനാണ് വഴിയെന്നോ പറഞ്ഞില്ല. പണമോ സ്വത്തോ നേടിയില്ല. തികച്ചും ഒറ്റപ്പെട്ട
ഒരു പ്രതിഭാസമായിരുന്നു അദ്ദേഹം.
1879 മുതല്‍ 1950 വരെയായിരുന്നു രമണ മഹര്‍ഷിയുടെ
ജീവിതകാലം. ഒരു സാധാരണ ബ്രാഹ്മണ കുടുംബത്തില്‍
ജനിച്ച വെങ്കട്ടരമണന് മധുരയിലെ
സ്കോട്ടിഷ് മിഡില്‍ സ്കൂളിലും അമേരിക്കന്‍ മിഷന് സ്കൂളിലും ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി. പതിനാറുവയസ്സു
മുതല്‍ അരുണാചലഗിരിനിരകളിലും അരുണാചലേശ്വരരുടെ കോവിലിലും ഗുരുമുര്ത്തം
കോവിലിലും പാവല ക്കുന്റ്റ്രം
കോവിലിലും വിരൂപാക്ഷഗുഹയിലും സ്കന്ദ ഗുഹയിലും ധ്യാനത്തിലിരുന്നു. കൂടുതല്‍ സമയവും അദ്ദേഹം മൌനത്തിലായിരുന്നു.
അദ്ദേഹത്തിന്റെ അമ്മ ശ്രീമതി
അളകമ്മാളൂടെ സമാധിക്ക് ചുറ്റുമാണ്
ഇന്നത്തെ രമണാശ്രമം രൂപംകൊണ്ടിട്ടുള്ളത്, അരുണാചല ഗിരിനിരകളുടെ നിഴലില്‍ . 1922ലാണ് മഹര്‍ഷി ഇന്നത്തെ ആശ്രമസ്ഥലത്ത് ഒരു കുടിലില്‍
താമസമാക്കിയത്. രണ്ട് വര്‍ഷം കഴിഞ്ഞ് പിന്നെയുമൊരു കുടിലും പഴയ
ഹാള്‍ മുറിയായി ഇന്നും അറിയപ്പടുന്ന മുറിയും ഒക്കെ പതുക്കെപ്പതുക്കെ ഉയര്‍ന്നു
വന്നു. വിശാലമായ ലൈബ്രറിയും ആശുപത്രിയും
മ്യൂസിയവും ഗോശാലയും പ്രാര്‍ഥനാ മുറിയും അടുക്കളയും ഊണുമുറിയും എല്ലാമായി ആശ്രമം
പടര്‍ന്നു പന്തലിച്ചു.
1931ലാണ് രമണ മഹര്‍ഷിയുടെ വളരെ പ്രശസ്തമായ ജീവചരിത്രം , സെല്‍ഫ്
റിയലൈസേഷന് - ദ ലൈഫ് ആന്‍ഡ് ടീച്ചിംഗ്സ് ഓഫ്
രമണ മഹര്‍ഷി എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്
. പുസ്തകം രചിച്ചത് ശ്രീ
നരസിംഹ സ്വാമിയായിരുന്നു. പിന്നെയും മൂന്നു കൊല്ലം കഴിഞ്ഞ് എ സേര്‍ച്ച് ഇന്‍ സീക്രറ്റ് ഇന്‍ഡ്യ എന്ന പുസ്തകത്തിലൂടെ ശ്രീ പോള്‍ ബ്രണ്ടന്‍ രമണമഹര്‍ഷിയെ
പാശ്ചാത്യലോകത്തിനു പരിചയപ്പെടുത്തി. പിന്നീട് പരമഹംസയോഗാനന്ദയും സോമര്‍സെറ്റ്
മോമും മെഴ്സിഡസ് ഡി അകോസ്റ്റയും ആര്‍തര്‍ ഓസ്ബോണും വന്നു. സോമര്‍സെറ്റ് മോം ദ റേസേഴ്സ് എഡ്ജ് എന്ന
നോവലില്‍ ശ്രീഗണേശാ എന്ന കഥാപാത്രമായി ചിത്രീകരിച്ചിട്ടുള്ളത് രമണമഹര്‍ഷിയെ ആണ്. 1964ല്‍ ദ മൌണ്ടന്‍ പാത്ത് എന്ന പേരില്‍
രമണാശ്രമത്തില്‍ നിന്ന് പ്രസിദ്ധീകൃതമായ മാസികയുടെ എഡിറ്റര്‍
ഓസ്ബോണ്‍ ആയിരുന്നു.
വലിയ അവകാശവാദങ്ങളോ
ആള്‍ദൈവമാകാനുള്ള പ്രാഭവമോ ഒന്നും പ്രദര്‍ശിപ്പിക്കാതിരുന്ന രമണമഹര്‍ഷി ലോകമാകമാനമുള്ള അനവധി മനുഷ്യരെ തന്റെ ലാളിത്യത്തിലൂടെ മാത്രം സ്വാധീനിക്കുകയായിരുന്നു. പ്രശസ്തിയുടെ
അലകളില്‍ ഊഞ്ഞാലാടുമ്പോഴും അദ്ദേഹത്തിന്റെ
ജീവിതരീതിയില്‍ തരിമ്പും മാറ്റമുണ്ടായില്ല. തികഞ്ഞ നിസ്വനായിരുന്നു അദ്ദേഹം..
1948 ല്‍ രമണമഹര്‍ഷിക്ക് ക്യാന്‍സര്‍ ബാധിച്ചു, 1950ല്‍
അദ്ദേഹം സമാധിയാവുകയും ചെയ്തു.
സന്ധ്യാനേരമായിരുന്നു. പാശ്ചാത്യരും പൌരസ്ത്യരും
തദ്ദേശീയരുമായ അനവധി പേര് ഭജനയില്‍
പങ്കെടുക്കുന്നുണ്ടായിരുന്നു. ധ്യാനിച്ചിരിക്കാനുള്ള മുറികളില്‍ ഒരുപാട്
പേര്
ധ്യാനലീനരായിരിക്കുന്നുണ്ടായിരുന്നു.
മഴത്തുള്ളികള്‍ കെട്ടുപിണയുന്നത് കണ്ട്
ഭജനകള്‍ കേട്ടുകൊണ്ട് ആ വരാന്തയില്‍
ഞാന്‍ ഒതുങ്ങി നിന്നു. വീശിയടിച്ചിരുന്ന കാറ്റില്‍ മഴത്തുള്ളികള്‍ പാറി വീണുകൊണ്ടിരുന്നു.
പേരറിയാത്ത പൂക്കളുടെയും അനവധി
ധൂപങ്ങളുടേയും സുഗന്ധം ആ തണുത്ത അന്തരീക്ഷത്തില്‍ വ്യാപിച്ചിരുന്നു.
( തുടരും )
( തുടരും )
15 comments:
മണ്‍വീടും, ചണകം മെഴുകിയ തറയും, ഓല മേഞ്ഞ മേല്‍ക്കൂരയും ഇന്നൊരോര്മയാണു. മണ്ണെണ്ണ വിളക്കിനു പകരം സോളാര്‍ വിളക്ക് കാലത്തിന്റെ ആവശ്യവും. എച്മുക്കുട്ടിയുടെ യാത്രക്കും എഴുത്തിനും ഭാവുകങ്ങള്‍
"പേരറിയാത്ത പൂക്കളുടെയും.... സുഗന്ധം
... അന്തരീക്ഷത്തില്‍ വ്യാപിച്ചിരുന്നു." ഊരും പേരുമറിയാത്ത നമ്മുടെ സഹജീവികളുടെ സദ് വാസനകളെകൂടി പ്രതിനിധാനംചെയ്യുന്ന വരികള്‍.. മനോഹരമായ രചന.
സ്നേഹപൂര്‍വ്വം ആശംസകള്‍.
മൺചുമരും വൈക്കോൽ മേൽക്കൂരയും ഉണ്ടായിരുന്ന വീട്ടിൽ ഞാൻ കിടന്നുറങ്ങിയിട്ടുണ്ട്. ഓലക്കുട ചൂടി സ്കൂളിൽ പോയിട്ടുണ്ട്.. അതിന്റെ ലാളിത്യം ഒന്നു വേറെ തന്നെ. അന്ന് വീടൊന്ന് ഓല മേഞ്ഞ് കാണാനായിരുന്നു ഏറ്റവും വലിയ മോഹം. ഇന്നതോർക്കുമ്പോൾ ശരിക്കും ആശ്ചര്യം തോന്നും....!
യാത്രക്ക് എല്ലാ ഭാവുകങ്ങളും..
(ചിത്രമില്ലാത്തതിന്റെ കുറവ് കുറവു തന്ന്യാട്ടോ എച്മൂട്ടിയേയ്..)
രമണമഹര്‍ഷിയെപ്പറ്റി വായിക്കുന്നത് ഇഷ്ടമാണ്
എച്മുവിന്റെ വാക്കുകളിലൂടെയാകുമ്പോള് ഏറെയിഷ്ടം
പറയൂ!
ലാളിത്യം നിറഞ്ഞ പഴയകാലത്തെ ജീവിതസമ്പ്രദായങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി ഈ എഴുത്ത്...
പിന്നെ രമണമഹര്‍ഷിയെ പറ്റിയും..
അടുത്തതിനായി കാത്തിരിക്കുന്നു.
ആശംസകള്‍
തിരുവണ്ണാമലയും, രമണമഹർഷിയും...
ഭാരതം ജന്മം നൽകിയ മഹത് വ്യക്തികളെക്കുറിച്ചും അവരുടെ കർമ്മപഥങ്ങളെക്കുറിച്ചും അറിയാൻ പ്രത്യേക താൽപ്പര്യമാണ്....
സോമർസെറ്റ് മോമിനെപ്പോലുള്ള പാശ്ചാത്യചിന്തകരെപ്പോലും സ്വാധീനിച്ച രമണമഹർഷിക്ക് എച്ചുമു മനോഹരമായ ഒരു അവതാരിക എഴുതി...
യാത്രയില്‍ വായിച്ചിരുന്നു എച്ച്മു..
എണ്ണപ്പെട്ട കള്ളനാണയങ്ങൾക്കിടയിൽ അറിയാതെ കിടക്കുന്ന സ്വർണ നാണയങ്ങൾ ഇത് പോലെ ഒരുപാടുണ്ട്
രമണമഹര്‍ഷിയെ പറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞു..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..ആശംസകള്‍
മനുഷ്യന് എന്തിന്റെയെല്ലാം തടവറയിലാണ് എപ്പോഴും ജീവിക്കുന്നത്. സ്വന്തം ശീലങ്ങളുടെ, സ്വന്തം വിശ്വാസങ്ങളുടെ, സ്വന്തം ... സ്വയം നടത്തുന്ന നിരന്തരമായ സ്വാതന്ത്ര്യ സമരത്തിലുടെ അല്ലാതെ മനുഷ്യന് ഇത്തരം തടവറകളില്‍ നിന്ന് മോചനമില്ല. ആ സ്വതന്ത്ര്യ സമരം ചെയ്യാനാവശ്യമായ മനോബലം അധികം മനുഷ്യരിലും പലപ്പോഴും ഉണ്ടാവാറുമില്ല. അതുകൊണ്ട് മനുഷ്യരെന്നെന്നും അവരവരുടെ വ്യക്തിത്വങ്ങളുടെ തടവുകാരായിത്തുടരുന്നു.
ശീലങ്ങളുടേ തടവറയിൽ കഴിയുന്ന എനിക്കു
ഈ വായന ഒരു ധ്യാനത്തിന്റെ അനുഭവം തന്നു.
വരികളിലൂടെ പുമ്പാറ്റകളെ പറത്തുകയും, സുഗന്ധവും കുളിർമ്മയും പരത്തുകയും ചെയ്യുന്ന എഴുത്തുകാരീ.....
നല്ല ഭാഷയുടെ ഒഴുക്ക്..
താല്‍പ്പര്യത്തോടെ വായന തുടരുന്നു.
വിഷയവൈവിധ്യം കൊണ്ട് വിത്യസ്തമായ ഒരു വായനാനുഭവം.
ഗൊള്ളാം, നന്നായിട്ടുണ്ട്.
Post a Comment