Monday, December 30, 2013

നരച്ച താടിയും തലമുടിയും മുസ്ലിം മുഖച്ഛായയുമുള്ള കൂട്ടുകാരന്‍.( തുടര്‍ച്ച )


(രണ്ട്)
( ഫേസ് ബുക്കിലും  കുറിഞ്ഞിപ്പൂക്കളിലും   പോസ്റ്റ് ചെയ്തത് )
യമധര്‍മ്മന്‍ എസ്  എച്ച്    സര്‍വാധിപതിയായ ആ  പോലീസ് സ്റ്റേഷനില്‍ ഞങ്ങളെ അന്നു തുണച്ചത്  വെറും സാധ്യതാനിമിത്തങ്ങളായിരുന്നു. 

ഗതികേടിന്‍റെ    ദൈന്യതയില്‍ സ്ലം വിംഗ് കമീഷണറോട്  ഫോണില്‍ സംസാരിക്കാന്‍ അവസരമുണ്ടായത്,  അദ്ദേഹം ഞങ്ങളെ വിശ്വസിക്കാന്‍ തയാറായത്, തന്‍റെ  സുഹൃത്തായ പോലീസ് കമീഷണറോട് ഞങ്ങള്‍ക്ക് വേണ്ടി വാദിച്ചത്... 

ഇതെല്ലാം വെറും ഭാഗ്യമായിരുന്നു.  യാചകന്  അപ്രതീക്ഷിതമായി ലോട്ടറി അടിക്കുന്നതു പോലെ  ഒരു  കാര്യമായിരുന്നു.

പോലീസ്  കമിഷണര്‍   എസ്  എച്ച്  ഓ യമധര്‍മ്മനോട്  ഫോണില്‍  സംസാരിച്ചപ്പോള്‍ ഒരു സുരേഷ് ഗോപി സിനിമയില്‍  കാണുന്നതു പോലെ അയാള്‍ അപൂര്‍വമായ ചില  നെടുങ്കന്‍ ന്യായങ്ങളെ  അങ്ങനെയല്ലേ  സര്‍, ഇങ്ങനെയല്ലേ സര്‍  എന്നൊക്കെ ചോദിച്ച്  വലിയ വിനയം പ്രദര്‍ശിപ്പിക്കാന്‍ , തുടങ്ങി . 
  
എഫ് ഐ ആര്‍ എന്ന  പരമ വിശുദ്ധമായ റിപ്പോര്‍ട്ട് എഴുതിക്കഴിഞ്ഞുവെന്നും അതില്‍ ഒരു തിരുത്തലും  സാധ്യമല്ലല്ലോ, സര്‍ എന്നും മറ്റും എസ്   എച്ച് ഓ  പറയുന്നത് കേട്ട്  ഞങ്ങളുടെ ചിന്തകളും  സ്വപ്നങ്ങളും  മാത്രമല്ല  രക്തവും  മാംസവും   കൂടി  കണ്ണീരും വിയര്‍പ്പുമായി  ഉരുകിയൊലിച്ചു.  ടാഡയും പോട്ടയും അതു പോലെ മറ്റനേകം പേരുകളും  രക്തമൊഴുകുന്ന ദംഷ്ട്രങ്ങളുമായി ഞങ്ങള്‍ക്ക് മുന്നില്‍  വേതാളനൃത്തം ചവിട്ടി.

പോലീസ് കമീഷണറുമായി കുറെ  ഏറെ നേരത്തെ  ഫോണ്‍ സംഭാഷണങ്ങള്‍ക്ക് ശേഷം,  മദ്യപിച്ച്  റോഡില്‍ ബഹളമുണ്ടാക്കി, പൊതുജന ശല്യമുണ്ടാക്കിയെന്ന പേരില്‍  യമധര്‍മന്‍ എസ് എച്ച് ഒ  ഒരു കേസ് ചാര്‍ജ്  ചെയ്തു . 

ഞങ്ങള്‍ ജോലി ചെയ്തിരുന്നത് ഒരു ചേരി നിര്‍മാര്‍ജ്ജന പ്രോജക്ടിലായിരുന്നത്  പോലീസുകാര്‍ക്ക്  എളുപ്പമായി. ചേരിയിലെ  ദരിദ്രവാസികളായ മനുഷ്യരെ മദ്യപാനികളും വേശ്യകളും  മോഷ്ടാക്കളും രാജ്യദ്രോഹികളും ഒക്കെ ആക്കി മാറ്റാന്‍ യാതൊരു പ്രയാസവുമില്ലല്ലോ. കൊടും ദാരിദ്ര്യവും  പിന്നാക്ക ദളിത ജാതിക്കുറവാക്കലുകളും മത വൈരാഗ്യവും  അജ്ഞതയും നിരക്ഷരതയും എല്ലാം  ഒരുമിച്ചു ചേരുമ്പോള്‍  അവരുടെ ജീവിതവും മരണവും ഒരു പോലെ നിസ്സാരമായിത്തീരുന്നു.

ജാമ്യത്തിലിറങ്ങിയ എന്‍ജിനീയര്‍  വേദന കൊണ്ട് ഞരങ്ങുന്നുണ്ടായിരുന്നു. തുപ്പലില്‍ കൊഴുത്ത രക്തം കലര്‍ന്നിരുന്നു. ചെവിയില്‍ പടക്കം പൊട്ടുന്ന ശബ്ദമുണ്ടാകുന്നുവെന്ന്  ആവലാതിപ്പെട്ടപ്പോള്‍  ആ ഒച്ചയില്‍ വേദനയും കണ്ണില്‍  വെള്ളവും   തുളുമ്പി. പിന്നീട്   അദ്ദേഹം  ആശുപത്രിയില്‍ പോവുകയും പരിശോധനകള്‍ക്ക് വിധേയനാവുകയും ചെയ്തു. എന്നാല്‍  പോലീസ് മര്‍ദ്ദനമെന്ന് എഴുതാന്‍ എത്ര വിശദീകരിച്ചിട്ടും ഡോക്ടര്‍ തയാറായില്ല. പോലീസിനെക്കുറിച്ച്  എന്തെങ്കിലും സത്യം വെളിപ്പെടുത്തുവാന്‍ ശ്രമിക്കുകയെന്നത്  സാധാരണ ജനതയെ സംബന്ധിച്ച്,   എവറസ്റ്റ്  കൊടുമുടി കയറുന്നതു മാതിരി അതീവ ദുഷ്ക്കരമായ ഒരു കാര്യം തന്നെയായിരുന്നു. 
  
തിലക്  മാര്‍ഗിലെ  പട്യാല  ഹൌസ്  കോടതിയിലാണ്  കേസ് നടന്നത്. 

കേസുള്ള ദിവസങ്ങളില്‍ രാവിലെ  പതിനൊന്നു മണി മുതല്‍  വൈകുന്നേരം നാലുമണി വരെ  കോടതിയില്‍  സമയം ചെലവാക്കേണ്ടതുണ്ടായിരുന്നു. വളരെ പ്രധാനപ്പെട്ട വലിയ  കേസുകളൊക്കെ ആദ്യം വിളിക്കും. താരതമ്യേന ചെറിയ കേസുകള്‍  വൈകുന്നേരമേ  വിളിക്കു. പക്ഷെ, അങ്ങനെ  കരുതി കേസുള്ള ദിവസം അലസ മട്ടില്‍ നേരം വൈകിപ്പോകാന്‍  കഴിയില്ല. ഏതു നിമിഷവും കേസ് വിളിക്കപ്പെടാം  എന്നിരിക്കേ... അതുകൊണ്ട് നിത്യക്കൂലിക്ക് ജോലി ചെയ്യുന്നവരെ സംബന്ധിച്ച്  ഓരോ  കേസ് ദിനവും  സമയ നഷ്ടത്തിന്‍റേതു മാത്രമല്ല,  ജോലി നഷ്ടത്തിന്‍റേതും കൂലി നഷ്ടത്തിന്‍റേതും   കൂടിയാകുന്നു. 

കോടതിയിലെ മിക്കവാറും നടപടിക്രമങ്ങളും  തികഞ്ഞ നിര്‍വികാരതയോടെയും  എന്നാല്‍ വല്ലാത്ത  ധനാര്‍ത്തിയോടെയും  മാത്രം  പെരുമാറുന്ന ഭൂരിഭാഗം  ഉദ്യോഗസ്ഥരും പോലീസുകാരുടെ ആവശ്യത്തിലുമധികമുള്ള അധികാര സാന്നിധ്യവും നമ്മെ പരിഭ്രാന്തരാക്കാതിരിക്കില്ല. തുണി കൊണ്ട്  മുഖം മറച്ചു കെട്ടിയവരും പലതരം ചങ്ങലകളില്‍  ബന്ധിതരായവരുമായ  തീവ്രവാദികള്‍ ഒരു  പതിവു കാഴ്ചയായിരുന്നു. അവരെക്കാണുമ്പോഴെല്ലാം യമധര്‍മന്‍ എസ്  എച്ച്  ഒ എന്‍റെ മുന്നില്‍   നിന്ന് അലറുന്നതു മാതിരി ഞാന്‍ ഭയന്നു പോവുന്നുണ്ടായിരുന്നു. സത്യം പറയാത്ത  ജീവശ്ശരീരങ്ങളേയും  സത്യം മാത്രം പറയുന്ന മൃതശരീരങ്ങളേയും എനിക്ക് പതുക്കെപ്പതുക്കെ  മനസ്സിലാകാന്‍  തുടങ്ങി. ഇഷ്റ്ത് ജഹാന്‍റെതു  മാതിരിയുള്ള  മൃതശരീരങ്ങള്‍  പറയുന്ന  സത്യം കേള്‍ക്കാനാവശ്യമായ ഉള്‍ക്കാത് അധികാരത്തിന്‍റെയും പക്ഷഭേദത്തിന്‍റെയും ജീവശ്ശരീരങ്ങള്‍  എങ്ങനെയൊക്കെ മുറിച്ചു കളയുമെന്നും ആ കോടതിക്കാലങ്ങളില്‍ ഞാന്‍ തിരിച്ചറിഞ്ഞു. 

കോടതി മുറിയില്‍  ചെലവാക്കേണ്ടി  വന്ന  ദിവസങ്ങളില്‍,  ഏതു കുറ്റം ചെയ്തിട്ടാണ്  ഇങ്ങനെ കാത്തിരിക്കേണ്ടി വരുന്നതെന്ന് ആലോചിക്കാതിരിക്കാന്‍  കഴിയുമായിരുന്നില്ല.  ഒരുത്തരവും ആര്‍ക്കും കണ്ടുപിടിക്കാനുമുണ്ടായിരുന്നില്ല. അതുകൊണ്ട്  ക്ഷമയോടെ  കാത്തിരിക്കുന്നതു  മാത്രമായിരുന്നു  ഒരേ  വഴി. എങ്ങനെയെല്ലാം  ആലോചിച്ചാലും  നിസ്സഹായരും നിസ്സാരരും അനാഥരുമായ പാവം ജനത  മാത്രമാണല്ലോ ഞങ്ങള്‍.. 

പല  വൈകുന്നേരങ്ങളില്‍ കേസ് വിളിച്ച് , വിളിച്ച ദിവസമെല്ലാം മറ്റൊരു ദിവസത്തിലേക്ക് മാറ്റി വെച്ച്  മൂന്നു വര്‍ഷത്തിനപ്പുറം ഒരു ദിവസം ബഹുമാനപ്പെട്ട  കോടതി  മദ്യപിച്ച് റോഡില്‍ ബഹളമുണ്ടാക്കിയതിനു  തെളിവില്ല എന്ന  കാരണം ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിച്ചു. 

ആ ചെറുപ്പക്കാരന്‍ എന്‍ജിനീയര്‍ക്ക് സഹിക്കേണ്ടി  വന്ന  ശാരീരിക മാനസിക പീഡനങ്ങള്‍ക്കോ, അദ്ദേഹം നേരിട്ട വിചാരണകള്‍ക്കോ, ഞങ്ങള്‍ എല്ലാവരും സഹിച്ച  മാനസിക പീഡനങ്ങള്‍ക്കോ,  മൂന്നു വര്‍ഷമായിട്ടുള്ള കോടതി കയറ്റിറക്കങ്ങള്‍ക്കോ, ഉള്ള  ഉത്തരമായിരുന്നുവോ ആ  ഒറ്റവരിയില്‍  എഴുതിക്കിട്ടിയത്...  

അത്തരമൊരു കയ്പുള്ള  ആലോചനയ്ക്കല്ല,  അപകടം  കൂടാതെ രക്ഷപ്പെട്ടല്ലോ  എന്നാശ്വസിക്കാനാണ്  മനസ്സിനെ പരിശീലിപ്പിക്കേണ്ടതെന്ന്  സാധാരണ  ജനതയായ ഞങ്ങളോട് നമ്മുടെ നിയമം താക്കീതു തരികയായിരുന്നു . തന്നെയുമല്ല, കണ്ണില്‍  കൊള്ളാനുള്ളത് പുരികത്തില്‍ കൊണ്ടുവെന്ന പഴഞ്ചൊല്ല്  ഓര്‍മ്മിക്കുകയും ചെയ്യണമായിരുന്നു.

സൈന്യത്തിലെ ഏറ്റവും ഉയര്‍ന്ന  ഉദ്യോഗസ്ഥനായി  വിരമിച്ച  ആളും  എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയും ചിന്തകയുമായ ഭാര്യയും  നാസയിലെ  ശാസ്ത്രജ്ഞനായ മകനും കുറച്ചു  കെട്ടിടങ്ങള്‍ പണിയുവാനുള്ള  പ്രോജക്ടുമായി  വന്നത്  ആ ദിവസങ്ങളില്‍  തന്നെയായിരുന്നു. പ്രോജക്ട് കോസ്റ്റ്  നാലഞ്ചു കോടിയൊക്കെ  കാണുമെന്നറിഞ്ഞ് ഞങ്ങള്‍ എല്ലാവരും ഏറെ  സന്തോഷിച്ചു. ലഭ്യമായേക്കാവുന്ന ഫീസിനെപ്പറ്റിയും പ്രശസ്തിയെപ്പറ്റിയും   ഓര്‍ത്ത് പുളകമണിഞ്ഞു. വ്യത്യസ്തമായ കഴിവുകളൂള്ള കുട്ടികള്‍ക്ക് വേണ്ടി ചെയ്യേണ്ടുന്ന  ഒരു  സമ്പൂര്‍ണ ഗ്രാമമായിരുന്നു ആ പ്രോജക്ട്. 

തറപ്പണിയുടെയും ചുമരുകളുടേയും ഒക്കെ വിവിധങ്ങളായ  നെടുങ്കന്‍ വിശദീകരണങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും ശേഷം ഡോമുകളും ജാക് ആര്‍ച്ചുകളും ഫ്യൂണിക്കുലര്‍  ഷെല്ലുകളും വെറും ഫ്ലാറ്റ് റൂഫുകളും ചരിഞ്ഞ  മേല്‍ക്കൂരകളും എന്നു വേണ്ട  അങ്ങനെ പലതരം മേല്‍പ്പുരകളുടെ മോഡലുകളും മറ്റും കണ്ട്  മനസ്സിലാക്കുമ്പോള്‍   വി ഡോണ്‍ ട്  ലൈക്  ദിസ്  ഡോം ബിസിനസ്   എന്ന്  അച്ഛനും മകനും  വല്ലാതെ കര്‍ക്കശരായി. കാരണം  ഡോമുകള്‍  എപ്പോഴും  ആ നാശം പിടിച്ച ഇസ്ലാം ആര്‍ക്കിടെക്ചറിനെ ഓര്‍മ്മിപ്പിക്കുന്നു.... 

മുഹമ്മദ് ഗോറി  ദില്ലിയിലെ  അവസാനത്തെ ഹിന്ദു രാജാവിനെ വധിച്ചത് , അയോധ്യയിലെ രാമക്ഷേത്രത്തിനു മുകളില്‍  ബാബര്‍ പള്ളി ഉയര്‍ത്തിയത്,  ഔറംഗസീബ് അനവധി ഹിന്ദുക്കളെ ഉപദ്രവിച്ചത്, ടിപ്പു സുല്‍ത്താന്‍  ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളെ തകര്‍ത്തത്.. അങ്ങനെ ഈ  നാടു ഭരിച്ച  മുസ്ലിം രാജാക്കന്മാരുടെ  എണ്ണമില്ലാത്ത ദുഷ്ചെയ്തികള്‍ എണ്ണിപ്പറഞ്ഞ്   അവര്‍  വല്ലാതെ വികാരഭരിതരാകുന്നുണ്ടായിരുന്നു. 

ഈപ്പറഞ്ഞവരെല്ലാം ഭരണകര്‍ത്താക്കളായിരുന്നു ...  സാധാരണ മനുഷ്യരായിരുന്നില്ല. സാധാരണ മനുഷ്യര്‍ക്ക്  ഇതൊന്നും ചെയ്യുക എളുപ്പവുമായിരിക്കില്ല.  സാധാരണക്കാരായ ഇസ്ലാം മതവിശ്വാസികളെ  പഴയ കാല  ഭരണകര്‍ത്താക്കളുമായി താരതമ്യം ചെയ്യുന്നതിലെ  യുക്തിയൊന്നും അവരുടെ സംഭാഷണത്തില്‍ നിന്നെനിക്ക് മനസ്സിലായില്ല.. സ്ത്രീ  വിരുദ്ധതക്കും  ദളിത്  വിരുദ്ധതക്കും സഹായമായി  എപ്പോഴും ഉപയോഗിക്കുന്ന നീയല്ലെങ്കില്‍ നിന്‍റെ  അമ്മ വെള്ളം കലക്കിയിട്ടുണ്ടെന്ന ന്യായമാണതെന്ന് ചിലപ്പോഴൊക്കെ  തോന്നിയെങ്കിലും ഞാന്‍ ക്ഷമാപൂര്‍വം  അവരെ കേട്ടുകൊണ്ടിരുന്നു.

സ്വന്തം മകളെ  വിധവയായി കാണാനുള്ള ഒരു പിതാവിന്‍റെ  നീചതയാണ് മുഹമ്മദ് ഗോറിക്ക് ഹിന്ദുസ്ഥാനിലേക്കുള്ള വഴി  സുഗമമാക്കിയതെന്ന കഥ   ഇത്രയും ചരിത്രം കേള്‍പ്പിക്കുമ്പോഴും അവര്‍  പറഞ്ഞില്ല.  ഒരു ഹിന്ദു  സ്ത്രീയെ സംബന്ധിച്ച് വൈധവ്യത്തിലും  വലിയ  ദു:ഖം  അവള്‍ക്കില്ലെന്ന് പുരാണവും ഇതിഹാസവും സ്മൃതിയും ശ്രുതിയും  ഒക്കെ അനുശാസിക്കുന്ന ഒരു  നാട്ടിലെ    അച്ഛന്‍ തന്നെയായിരുന്നു അജ്മീര്‍  രാജാവായിരുന്ന ജയചന്ദെന്നും കൂടി ഓര്‍ക്കണം.   അതിനു മുമ്പൊക്കെയും ഹിന്ദുക്കുഷ്  പര്‍വതനിരകളില്‍ പലവട്ടം വഴി തെറ്റിപ്പോയ മുഹമ്മദ് ഗോറിയെ, രാജാവായ  ജയചന്ദ് പ്രത്യേകം  ക്ഷണിച്ച്, അകമ്പടി  നല്‍കി   കൂട്ടിക്കൊണ്ടു വന്ന് ദില്ലി ഭരിച്ചിരുന്ന  പൃഥിരാജ് ചൌഹാനെ വധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.  സ്വന്തം മകളായ സംയുക്ത  പൃഥിരാജിനെ സ്വയംവരം ചെയ്തതിലും, അങ്ങനെ ആരെ  പരിണയിക്കണമെന്ന തീരുമാനം  മകള്‍ സ്വയം എടുത്തതിലും  രോഷാകുലനായ ജയചന്ദിന്‍റെ  ആവശ്യം മകളുടെ വൈധവ്യമായിരുന്നു. ഗോറിക്ക്  സ്വന്തം സൈന്യത്തെയും  അദ്ദേഹം വിട്ടുകൊടുത്തു.

പൃഥ്വിരാജ് ചൌഹാന്‍ യുദ്ധത്തില്‍ മരിച്ചു.   മരണശേഷം  സംയുക്ത സതിയും  അനുഷ്ഠിച്ചു. ഗോറി  ചുമ്മാ വന്ന വഴിയെ  മടങ്ങിപ്പോയിക്കൊള്ളുമെന്നാണ് ജയചന്ദ് കരുതിയത്.  മകളുടെ വൈധവ്യം ആശിക്കുന്ന, അതിനുവേണ്ടി എന്തക്രമവും ചെയ്യാന്‍ സാധിക്കുന്ന പിതാക്കന്മാരുള്ള നാട്  ഗോറി  അങ്ങനെ സ്വന്തം വരുതിയിലാക്കി.  ലഭിച്ച ആദ്യ അവസരത്തില്‍  ജയചന്ദിന്‍റെ  തലയും ഗോറി വെട്ടി മാറ്റിയെന്നതാണ് ഈ കഥയുടെ അവസാനം. 

ഇന്നാട്ടില്‍  തുടര്‍ച്ചയായ ഇസ്ലാം  ഭരണം ഗോറിയില്‍ നിന്നാണ്  ആരംഭിച്ചത്.. 

മുസ്ലിം  ഭരണാധികാരികളുടെ തിന്മകള്‍  ഉരുക്കഴിക്കുന്നതു പോലെ ഈ  കഥ  അവര്‍ ഓര്‍മ്മിക്കുന്നതേയില്ല.  എന്താവും    മറവിയുടേയും അജ്ഞതയുടേയും രഹസ്യം.
സൈന്യത്തില്‍ ഇസ്ലാം മത വിശ്വാസികളെ നിയമിക്കുന്നത്  നമ്മുടെ രാജ്യ സുരക്ഷക്ക്  ആപല്‍ക്കരമായിരിക്കുമെന്ന് പറയാന്‍  സൈനികനും ശാസ്ത്രജ്ഞനുമായ അച്ഛനും മകനും  മടിയേതുമി ല്ലായിരുന്നു. ഇസ്ലാം മതവിശ്വാസികള്‍ക്ക് കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നുവെന്നും ഇന്ത്യ  വൈകാതെ  ഒരു ഇസ്ലാം  രാജ്യമായി മാറുമെന്നും ഹൈന്ദവവിശ്വാസങ്ങള്‍  അപകടത്തിലാണെന്നും മറ്റും  തീവ്ര നൊമ്പരത്തില്‍ കുതിര്‍ന്ന  ആശങ്കകള്‍  അവര്‍  പങ്കു വെച്ചു .  

അപ്പോഴാണ് എഴുത്തുകാരിയായ ഭാര്യ  പ്രോജക്ടിലുണ്ടായിരിക്കേണ്ട അമ്പലത്തെപ്പറ്റി വാചാലയായത്. ശരിയായ ഹൈന്ദവവിശ്വാസം പകര്‍ന്നു നല്‍കാന്‍  അവര്‍ പ്രത്യേകം താല്‍പര്യമെടുക്കുമെന്നും  കൃഷ്ണശിലയില്‍ തീര്‍ത്ത വിഗ്രഹം വിധിയാംവണ്ണം പ്രതിഷ്ഠിക്കുമെന്നും സാധിക്കുമെങ്കില്‍  ശങ്കരാചാര്യന്മാരില്‍ ആരെയെങ്കിലും അതിനായി  ആനയിക്കുമെന്നും മറ്റും അവര്‍ അതിയായി ഉല്‍സാഹം കൊണ്ടു.

മുസ്ലിം മുഖച്ഛായയുള്ള  വാസ്തു ശില്‍പിയെ  അല്‍പം സംശയത്തോടെ നോക്കിക്കൊണ്ട് എന്നാല്‍ മനോഹരമായ ഒരു പുഞ്ചിരിയോടെ, കുറച്ച്  കട്ടി കൂടിയ ശബ്ദത്തില്‍   അവര്‍ ഉപസംഹരിച്ചത്  ഇങ്ങനെയായിരുന്നു.  

ഒരു  മുസ്ലിം ആ അമ്പലം ഡിസൈന്‍  ചെയ്യുന്നത്  ഞങ്ങള്‍ക്ക് വലിയ  പ്രയാസമാണ്.. അതുകൊണ്ട് അമ്പലം നിങ്ങള്‍ക്കൊപ്പമുള്ള ഒരു ഹിന്ദു ചെയ്താല്‍ മതി . അതിന്‍റെ നിര്‍മ്മാണവും  ഹിന്ദുക്കള്‍ തന്നെ ചെയ്യണം  
 
തന്‍റെ ഒപ്പം അനേകം ഇസ്ലാം മതവിശ്വാസികള്‍  മേസ്തിരിമാരായും മരപ്പണിക്കാരായും  വെല്‍ഡര്‍മാരായുമൊക്കെ ജോലി ചെയ്യുന്നതുകൊണ്ട്    പ്രോജക്ട്  ഒഴിവാക്കുകയാണെന്ന്  പറയാന്‍  മുസ്ലിം മുഖച്ഛായയുള്ള വാസ്തുശില്‍പിക്ക്  പിന്നീട്  ഒരു നിമിഷം പോലും  ആലോചിക്കേണ്ടി വന്നില്ല. 

ഐ ഡോണ്‍ട്  സബ് സ്ക്രൈബ്  ടു  എനി  റിലിജിയണ്‍ എന്ന്  എപ്പോഴും എല്ലാവരോടും വളരെ കൃത്യമായി പറയുന്ന ആള്‍ മുസ്ലിമായി കരുതപ്പെടുന്നതിനെപ്പറ്റി  അന്നേരം  യാതൊരു വിശദീകരണവും  നല്‍കിയതുമില്ല.    

17 comments:

Echmukutty said...

ജാതി വ്യവസ്ഥയിലെ ദലിത് പീഡനം പോലെ, ലിംഗാധിപത്യത്തിലെ സ്ത്രീ പീഡനം പോലെ മതാത്മകമായ ഈ വര്‍ഗീയ ധ്രുവീകരണവും ഒരു തികഞ്ഞ ഇന്ത്യന്‍ യാഥാര്‍ഥ്യമാണ്.. അത് ഇല്ല എന്ന് പറയുന്നതും ഭാവിക്കുന്നതും അതിനെ ന്യായീകരിക്കുന്നവരെയാണ് പരോക്ഷമായെങ്കിലും സഹായിക്കുന്നത്. ഈ മനോഭാവം ഇല്ലാതാക്കപ്പെടുവാന്‍ എന്തുവേണമെന്നിടത്താണ് സംസ്ക്കാരത്തിന്‍റെ പ്രസക്തി. നിര്‍ഭാഗ്യവശാല്‍ സംസ്ക്കാരത്തെ അങ്ങനെ നിര്‍വചിക്കാന്‍ ആര്‍ക്കും മനസ്സു വരുന്നില്ല.

Unknown said...

സത്യം കാണാനും പറയാനും അസാമാന്യമായ ധൈര്യം വേണം, ആ ധൈര്യം പ്രകടിപ്പിക്കാന്‍ ആവാത്തതാണു പലരേയും യാഥാര്‍ത്യങ്ങളൊടു പുറംതിരിഞ്ഞു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്‌. "കല കലയ്ക്കുവേണ്ടിയാകുരുത്‌, കല സമൂഹത്തിനു വേണ്ടിയാകണം" എന്ന ഒരു പഴയ പുരോഗമനാശയം ഓര്‍ത്തുപോകുകയാണു.

Kadalass said...

യഥാർത്ഥ ഇന്ത്യയുടെ ചിത്രം ഇത്തരത്തിൽ സങ്കീർണമാണ്... ഇതൊക്കെ പറയാനും ചിന്തിക്കാനും ആരുണ്ട്?

സിയാഫ് അബ്ദുള്‍ഖാദര്‍ said...
This comment has been removed by the author.
റോസാപ്പൂക്കള്‍ said...

വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മിക്കാവാറും എല്ലായിടത്തും ഉള്ള മനോഭാവമാണ് എച്ചുമു തുറന്നെഴുതിയത്. ഞാന്‍ ചോദിച്ചിട്ടുണ്ട് അവരോട് എന്താ ഇങ്ങനെ..? ഞങ്ങളുടെ നാട്ടില്‍ ഇത്രക്കില്ലല്ലോ എന്ന്.അപ്പോള്‍ എനിക്ക് കിട്ടിയ മറുപടി "പശുവിറച്ചി തിന്നുന്ന അവരുടെ വീട്ടില്‍ നിന്നും ഒരു ഗ്ലാസ്‌ വെള്ളം പോലും ഞങ്ങള്‍ കുടിക്കില്ല എന്നാണ്." അതോടെ ഇതേ ഭക്ഷണം കഴിക്കുന്ന സത്യക്രിസ്ത്യാനിയായ എന്റെ മുഖം മഞ്ഞളിച്ചു പോയി. അതിനു ശേഷം ഞാന്‍ എന്റെ കുട്ടികളോടും പറയുമായിരുന്നു ബീഫ്‌ കഴിക്കുന്നത്‌ ആരോടും മിണ്ടിയേക്കരുത് എന്ന്.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഇങ്ങനെ ചിലർ തന്നെയാണ് നാം ജീവിച്ചിരിക്കാനുള്ള കാരണം.അല്ലെന്കിൽ എന്നേ ഇൻഡ്യ ശിഥിലമായേനെ.നല്ല എഴുത്തിന് സല്യൂട്ട്..

പട്ടേപ്പാടം റാംജി said...

കെടാതെ കിടക്കുന്ന ചില നന്മകള്‍ ഇപ്പോഴും മിന്നുന്നുണ്ട്.

© Mubi said...

മറക്കാനാവാതെ മനസ്സിലേക്ക് തന്നെ പാഞ്ഞെത്തുന്നു ഓരോ വരികളും....

Cv Thankappan said...

നന്നായിരിക്കുന്നു എഴുത്ത്
ആശംസകള്‍

Rajesh said...

I dont think the situation is any better even in Kerala. I was witness to a senior police officer asking - so none of you are Muslims - and then disappointingly ordering for the case (sorry dont want to get into details) to be closed.

Pradeep Kumar said...

മുഹമ്മദ് ഗോറിയുടെ കഥ വായിച്ചപ്പോള്‍ ധീരദേശാഭിമാനിയായിരുന്ന കുഞ്ഞാലിമരക്കാരെ പോര്‍ട്ടുഗീസുകാര്‍ക്ക് ഒറ്റിക്കൊടുത്ത കോഴിക്കോട്ടെ സാമൂതിരിമാരെപ്പറ്റി ഓര്‍ത്തു. താല്‍ക്കാലിക ലാഭത്തിനുവേണ്ടി വൈദേശിക ശക്തികളോട് സന്ധിചെയ്ത് ഈ നാടിനെ ഒറ്റിക്കൊടുക്കുകയും, അവര്‍ ഈ നാട്ടില്‍ ആധിപത്യം സ്ഥാപിക്കുന്നതിനെതിരെ ശക്തമായി പോരാടിയ സ്വന്തം സൈന്യാധിപനെ വധിക്കാന്‍ അവരെ സഹായിക്കുകയും ചെയ്ത സാമൂതിരമാരുടെ അന്ത്യവും ഏകദേശം ജയചന്ദിന്റെ അനുഭവത്തിനു സമാനമാണ് - നമ്മുടെ നാട്ടിലും പലരും ഈ കഥ ബോധപൂര്‍വ്വം മറക്കുന്നത് കണ്ടിട്ടുണ്ട്.....

സാധാരണക്കാരന്റെ ജീവിതം ഉത്തരേന്ത്യയിലുള്ള ദുസ്സഹമല്ല കേരളത്തില്‍ എന്നു തോന്നുന്നു. ഒരുപക്ഷേ നാം കടന്നുപോന്ന സാമൂഹ്യനവോത്ഥാന കാലഘട്ടത്തിന്റെ വെളിച്ചം ഇപ്പോഴും കെടാതിരിക്കുന്നതാവാം അതിന്റെ കാരണം.

ആരൊക്കെ ഊതിക്കെടുത്താന്‍ ശ്രമിച്ചാലും ആ വെളിച്ചം അണയാതിരിക്കട്ടെ

മുകിൽ said...

thudar kathakalaanallo Echmukutty...

നളിനകുമാരി said...

മനസ്സിനെ മരവിപ്പിക്കുന്ന വിവരങ്ങൾ ആണല്ലോ എച്മു ഇവിടെ കണ്ടതും കേട്ടതും.അതും മതേതരത്വം കൊട്ടിഘോഷിക്കുന്ന നമ്മുടെ ഭാരതത്തിൽ...

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

‘ഒരു മുസ്ലിം ആ അമ്പലം ഡിസൈന്‍ ചെയ്യുന്നത് ....... ഹിന്ദുക്കള്‍ തന്നെ ചെയ്യണം‘,
കേരളത്തിലെ പ്രശസ്തമായ പല ക്ഷേത്രങ്ങളിലേയും മേല്‍കൂരയ്ക് ചെമ്പ് പാളിയടിയ്ക്കുന്ന പ്രവൃത്തിചെയ്തത് മുസ്ലിം സഹോദരരാണ്. അതിനായി അവര്‍ വ്രതം അനുഷ്ടിച്ചിരുന്നുവെന്ന് അഭിമുഖത്തില്‍ പറയുകയുണ്ടായി.
ഇന്ത്യ എന്ന ജനാധിപത്യ പൂങ്കാവനത്തിന്റെ കാര്യസ്ഥത ലഭിയ്ക്കുവാന്‍ ഓരോ പ്രദേശങ്ങള്‍ക്കനുസരിച്ച് പൂക്കളെ വേര്‍തിരിയ്ക്കണം, ഇതിനായി നമ്മുടെ വിരമിച്ച സൈനികമേധാവിയെപ്പോലുള്ള മൃതപ്രായരെയാണ് എഴുത്തും,ചിന്തയും,സാമൂഹ്യപ്രവര്‍ത്തനവുമൊന്നുമില്ലാത്ത, ​ആവശ്യമെന്നുവന്നാല്‍, ഇതിനെയൊക്കെ വിലയ്ക്കെടുക്കാന്‍പോന്ന ശേഷിയും, ശേമുഷിയുമുള്ള കേന്ദ്രങ്ങള്‍ കരുക്കളാക്കുന്നത്. ഇവര്‍ കൈകാര്യം ചെയ്യുന്ന നമ്മുടെ പൂങ്കാവനത്തില്‍, അന്നന്നത്തെ അന്നത്തിനായി ഓടുന്ന, സാധാരണക്കാരായ നമുക്ക്, എച്മുകുട്ടി പറയുന്ന പോലെ,(ഭൂമിയെ പാതാളമാക്കുന്ന) "ആരുമില്ലായ്മയുടെ കനത്ത പാദപതനങ്ങള്‍" കേള്‍ക്കാം.

Muralee Mukundan , ബിലാത്തിപട്ടണം said...

ജാതി വ്യവസ്ഥയിലെ ദലിത് പീഡനം പോലെ, ലിംഗാധിപത്യത്തിലെ സ്ത്രീ പീഡനം പോലെ മതാത്മകമായ ഈ വര്‍ഗീയ ധ്രുവീകരണവും ഒരു തികഞ്ഞ ഇന്ത്യന്‍ യാഥാര്‍ഥ്യമാണ്.. അത് ഇല്ല എന്ന് പറയുന്നതും ഭാവിക്കുന്നതും അതിനെ ന്യായീകരിക്കുന്നവരെയാണ് പരോക്ഷമായെങ്കിലും സഹായിക്കുന്നത്

ഭാനു കളരിക്കല്‍ said...

ചരിത്രത്തിന്റെ സത്യസന്ധമായ പുനർ വായനയാണ് വർഗ്ഗീയവാദികൾ ഏറ്റവും ഭയക്കുന്ന കാര്യം.

aswathi said...

അനുഭവങ്ങളുടെ നീറ്റലുള്ള എഴുത്ത്..