അരുണാചലേശ്വരരുടെ നാലഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ചുമ്മാ അങ്ങ് ജീവിച്ചാല്‍ തന്നെ മോക്ഷം കിട്ടുമത്രേ. കുളിച്ചു ജപിച്ച് ഉപവസിക്കലോ അതു മാതിരി എന്തെങ്കിലും ആരാധനാ പരിപാടികളോ ഒന്നും തന്നെ ആവശ്യമില്ല. അതൊരു അടിയുറച്ച വിശ്വാസമാണ്. ബസ്സില്‍ ഒപ്പം വന്ന തമിഴ് അഴകികള്‍ ഈ അമ്പല ദര്‍ശനം നടത്താതെ മടങ്ങരുതെന്ന് എന്നോട് നിര്‍ബന്ധമായി പറഞ്ഞിരുന്നു.
മഴ മാറിയപ്പോള്‍ തുടുത്ത ചായയെ ഓര്‍മ്മിപ്പിക്കുന്ന
നിറത്തിലുള്ള മഴവെള്ളം വഴികളിലൂടെ
ഒലിച്ചിറങ്ങി. അതില്‍ ചവിട്ടിച്ചവിട്ടിയും പലപ്പോഴും പ്ലക് പ്ലക് എന്ന് വെള്ളം അടിച്ചുതെറിപ്പിച്ച് സ്കൂള്‍
കുട്ടി കളിച്ചുമാണ് ഞാന്‍ അമ്പലത്തിലേക്ക് പോയത്. യാത്രകളില്‍ കിട്ടുന്ന അപൂര്‍വമായ ഒരു ആനന്ദമായിരുന്നു ആ സ്ക്കൂള്‍കുട്ടി ചമയല്‍..
അറുപത്തിയാറു മീറ്റര്‍ ഉയരത്തില്‍ പതിമൂന്നു
നിലകളിലായി കെട്ടിപ്പൊക്കിയ മഹാഗോപുരത്തിന്റെ മുന്നില്‍ എത്തിയപ്പോള്‍ വിസ്മയം
കൊണ്ട് എന്റെ തല ചുറ്റി... അനേകായിരം
മനുഷ്യരെ വര്‍ഷങ്ങളായി അല്‍ഭുതപ്പെടുത്തിക്കൊണ്ട്
ശില്പകലയുടെ ഉടലാര്‍ന്ന മനോഹരവൈവിധ്യം ഉത്തുംഗമായി നിവര്‍ന്നു നില്ക്കുന്നു.
എണ്ണിയാല്‍ ഒടുങ്ങാത്ത ശില്പങ്ങള്..
പൂര്‍ണതയോടെ.. ലാവണ്യത്തോടെ... ഏതൊക്കെ
ഉളികളാവും ഇവിടെ ച്ഛിലും.. ച്ഛിലും എന്ന് സംഗീതമുതിര്ത്തിരിക്കുക.. എത്രയെത്ര
ശില്പികളൂടെ അധ്വാനവും വിയര്‍പ്പും ഈ മണ്ണില്‍ വീണിട്ടുണ്ടാകും... കുറേ
നേരത്തേക്കെങ്കിലും കനം കുറഞ്ഞ് കുറഞ്ഞ് ഞാനൊരു അപ്പൂപ്പന് താടി പോലെ ഭൂതകാലത്തിലെവിടേക്കോ
പാറിപ്പോയി..
ആ നിമിഷങ്ങളില്‍ പെട്ടെന്നെന്തോ
ഇടിഞ്ഞുപൊളിഞ്ഞ് എന്നില്‍ പതിക്കാന്‍ പോകുന്നതു പോലെയുള്ളൊരു ആന്തലില്‍ ഞാന്‍
വെട്ടിത്തിരിഞ്ഞു. എന്നെ വേദനിപ്പിച്ചുകൊണ്ട് ഒരു
നീണ്ട നഖം കൈത്തണ്ടയിലൂടെ ഉരഞ്ഞു
നീങ്ങിയപ്പോഴാണ് ഒരു മര്യാദകെട്ട പുരുഷന്റെ
ആലിംഗനത്തില്‍ നിന്ന് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നുവെന്ന് എനിക്ക്
മനസ്സിലായത്. എന്റെ മാറിടത്തില്‍ പതിക്കുന്നതിനു പകരം നില തെറ്റി റോഡിലേക്ക് വീണ
ഉടനെ അയാള്‍ സ്വന്തം വസ്ത്രം അല്പം
അസ്ഥാനത്തേക്ക് മാറ്റി ഒരു മദ്യപനായി അഭിനയിക്കുകയായിരുന്നു.
അടുത്തുണ്ടായിരുന്ന പോലീസുകാരനോട്
പരാതിപ്പെട്ടപ്പോള്‍ 'അന്ത ആളു പേത്തണ്ണി
ശാപ്പിട്ടിരിക്ക് ‘ എന്ന്
അയാള്‍ അതു നിസ്സാരമാക്കി..
നഖക്ഷതത്തില്‍ നിന്ന് ചോര പൊടിഞ്ഞു വന്നു.
‘പേത്തണ്ണി
കുടിച്ചാല്‍ ഇങ്ങനെ ചെയ്യാമോ’ എന്ന് ചോദിച്ചതിനു
അയാള്‍ ഒന്നും പറഞ്ഞില്ല.
മദ്യപനായി അഭിനയിച്ച ആള് പെട്ടെന്ന് തന്നെ
തിരക്കില്‍ അലിഞ്ഞു.
അപമാനം എന്നെ വല്ലാതെ വേദനിപ്പിച്ചു. ആള്‍ത്തിരക്കില്‍ ഈ വക
അഭ്യാസങ്ങള്ക്കി ടകൊടുക്കാതെ ഒരു
വരാല് മല്‍സ്യത്തെപ്പോലെ വഴുക്കിവഴുക്കി നീങ്ങാനുള്ള പാടവം ഒരു പക്ഷെ, പെണ്ജന്മമെടുത്ത
നിമിഷം മുതല്‍ സ്വായത്തമാക്കാന്‍ ഓരോ സ്ത്രീയും പരിശ്രമിക്കുന്നുണ്ട്. ഞാനും അതില്‍
നിന്നും ഒട്ടും വ്യത്യസ്തയല്ല. സ്ത്രീയെ തികച്ചും നിസ്സഹായമാക്കിക്കളയുന്ന ഈ അരക്ഷിതത്വത്തെപ്പറ്റി പുരുഷന്മാര്ക്കാവട്ടെ ഒരിക്കലും
മനസ്സിലാവുകയുമില്ല. കാരണം അത് അവര്‍ ഒട്ടും അനുഭവിക്കുന്നില്ലല്ലോ. അതുകൊണ്ട് അവര്‍ ‘ സ്ത്രീയേ നിന്റെ ഉടുപ്പ്, നിന്റെ
നോട്ടം, നിന്റെ ഭാവം, ചില കാലം, ഈ നേരം, നിന്റെ
ആണ്കാവലില്ലായ്മ ‘ എന്നൊക്കെ ന്യായം പറഞ്ഞു ഇമ്മാതിരി മര്യാദകെട്ടവന്മാര്ക്ക് എല്ലായ്പോഴും ചൂട്ടു
പിടിച്ചു കൊടുക്കുന്നു.
ശില്പകലയുടെ ശ്രേഷ്ഠമായ ലോകത്തു വിഹരിച്ചിരുന്ന
ഞാന്‍ എത്ര പെട്ടെന്നാണ് ഒരു സ്ത്രീ ശരീരം മാത്രമായിത്തീര്‍ന്നത്..
കോവിലിന്റെ
അതിവിശാലമായ മുറ്റത്ത് പടുകൂറ്റന്‍
കരിങ്കല്‍പ്പാളികള്‍ പാകിയിരുന്നു. നീണ്ട് നീണ്ട് പോവുന്ന
അവസാനമില്ലാത്ത വരിയില്‍ ഞാനും മനപ്രയാസത്തോടെ സ്ഥാനം പിടിച്ചു. ഭക്തിയോ
വിശ്വാസമോ കീഴ്പ്പെടലോ
ഒക്കെയാവുമല്ലോ പ്രതിഷേധമില്ലാതെ
എല്ലാവരേയും ഇങ്ങനെ പല വരികളില്‍ മണിക്കൂറുകളോളം നില്ക്കാന്
പ്രേരിപ്പിക്കുന്നത്. എല്ലാവരും ആവേശപൂര്‍വം
വിവിധ ശിവസ്തുതികള്‍ ജപിക്കുന്നുണ്ടായിരുന്നു. ചന്ദനത്തിരികളുടെയും ധൂപങ്ങളുടെയും
ഭസ്മത്തിന്റെയും സ്ത്രീകള്‍ മുടിക്കെട്ടില്‍ ചൂടിയ മുല്ലമാലകളുടേയും
സമ്മിശ്രഗന്ധത്തില്‍ ആണ്ടു മുങ്ങി ക്ഷമയോടെ ഞാന്‍ കാത്തു നിന്നു. ശബരിമല ദര്‍ശനത്തിനു
പോകുന്നവര്‍ ഇടയ്ക്കിടെ അത്യുച്ചത്തില്‍ ശരണം വിളിക്കുന്നുണ്ടായിരുന്നു. നീറുന്ന
കൈ നഖപ്പാടില്‍ മെല്ലെ ഊതിക്കൊണ്ട് നിന്റെ
തൃക്കണ്ണ് മാത്രമല്ല മറ്റു രണ്ട് കണ്ണും
കൂടി പൂട്ടി വെച്ച് നീയിങ്ങനെ നിശബ്ദനാകുന്നതെന്തെന്ന് ഞാന്‍
അണ്ണാമലൈയാരോട് പരിഭവപ്പെട്ടു. വേറെ ഒന്നും
എനിക്കാകുമായിരുന്നില്ല.
ചോള പാണ്ഡ്യ രാജാക്കന്മാരും കൃഷ്ണദേവരായരും ഉള്‍പ്പടെ
അനവധി പേര് ആയിരം വര്‍ഷങ്ങള്‍ക്കിടയിലുള്ള
നീണ്ട കാലംകൊണ്ട് പൂര്‍ത്തീകരിച്ചതാണ് ഈ അമ്പലത്തിന്റെ നിര്‍മ്മിതി. ശിവനും പാര്വതിയുമാണിവിടത്തെ പ്രതിഷ്ഠ.
പഞ്ചഭൂതങ്ങളിലൊന്നായ അഗ്നിയായാണ് ശിവന് ഇവിടെ ആരാധിക്കപ്പെടുന്നത്. ലോകത്തിലെ
ഏറ്റവും വലിയ ശിവക്ഷേത്രമായ ഇവിടെ ശിവന്
അരുണാചലേശ്വരര്‍ അല്ലെങ്കില്‍ അണ്ണാമലൈയാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. പാര്‍വതി
അപിതകുചാംബാള് എന്നും അറിയപ്പെടുന്നു. തമിഴ് സാഹിത്യമായ തേവാരത്തിലും തിരുവാസഗത്തിലും
അരുണാചലേശ്വരരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍
ഉണ്ട് . പാടല്‍ പെറ്റ് ര സ്ഥലം
എന്ന് അറിയപ്പെടുന്ന മഹാക്ഷേത്രങ്ങളില്‍ ഒന്നു തന്നെയാണിവിടം. ശൈവ സന്യാസിമാരായ
അപ്പരും സുന്ദരരും മാണിക്യവാസഗരും സംബന്തരുമെല്ലാം അരുണാചലേശ്വരരെ പാടിപ്പുകഴ്ത്തീട്ടുണ്ട്.
കാര്‍ത്തികമാസത്തില്‍ അരുണാചലഗിരിനിരയുടെ ഔന്നത്യത്തില്‍ തെളിയിക്കപ്പെടുന്ന കാര്‍ത്തികൈ
ദീപദര്ശനമാണ് ഈ അമ്പലത്തിലെ ഏറ്റവും പ്രധാന ആഘോഷം. അതീവപുണ്യക്കാഴ്ചയായി
കരുതപ്പെടുന്ന കാര്‍ത്തികൈ ദീപം കാണാന്‍
ലോകത്തിന്റെ അനവധി ഭാഗങ്ങളില്‍
നിന്ന് എണ്ണിയാലൊടുങ്ങാത്ത ജനങ്ങള്‍ എത്തിച്ചേരാറുണ്ട്. എല്ലാ പൌര്‍ണമി ദിനത്തിലും
ഭക്തജനങ്ങള്‍ പതിന്നാലു കിലോമീറ്റര്‍ കാല്നടയില് അരുണാചലഗിരിനിരയെ വലം
വെക്കുന്നു. നാലഞ്ചുലക്ഷം പേരൊക്കെ ഈ ഗിരിവലം പരിപാടിയില്‍ പങ്കെടുക്കാറുണ്ട്. തിരുവണ്ണാമലൈയില്‍
രാത്രി പതിനൊന്നുമണിക്കും ഭക്തിപൂര്‍വം
നഗ്നപാദരായി ശിവസ്തുതികള്‍ ഉരുവിട്ട്
നടക്കുന്ന പലരേയും കാണാന്‍
കഴിഞ്ഞു. പൌര്‍ണമി നാളില്‍ പൂര്‍ത്തിയാക്കാനാവാത്ത
ഗിരിവലം ചെയ്യുകയായിരുന്നു അവരെല്ലാവരും തന്നെ.
ഇരുപത്തഞ്ച് ഏക്കറില്‍ പരന്നു കിടക്കുന്ന ഒരു കെട്ടിടസമുച്ചയമാണ്
ക്ഷേത്രം . അറുപത്താറു മീറ്റര്‍ ഉയരമുള്ള ഏറ്റവും വലിയ
ഗോപുരത്തിനു പുറമേ മറ്റ് എട്ട് ഗോപുരങ്ങളും ഏഴു
പ്രാകാരങ്ങളും ഉണ്ട് ഈ ക്ഷേത്രത്തിനു. കിഴക്കുവശത്തുള്ള ഏറ്റവും വലിയ
ഗോപുരത്തെ രാജഗോപുരം എന്ന്
വിളിക്കുന്നു. അത് കൃഷ്ണദേവരായര്‍ പണി കഴിപ്പിച്ചതത്രെ. ഏഴു പ്രാകാരങ്ങളില്‍ രണ്ടെണ്ണം
പാണ്ഡ്യരാജാക്കന്മാരും ബാക്കിയുള്ളവ ചോളരാജാക്കന്മാരും കര്‍ണാടകത്തിലെ ഹോയ്സാല രാജാക്കന്മാരുമാണ് ചെയ്യിച്ചത്. നിര്‍മ്മാണ
ശൈലികളിലെ വ്യത്യാസം ഇതിലെല്ലാം
പ്രകടവുമാണ് . ആയിരം തൂണുകളുള്ള മണ്ഡപവും ബ്രഹ്മതീര്‍ഥം, ശിവഗംഗതീര്ഥം
എന്നീ രണ്ടു അതിവിശാലമായ കുളങ്ങളും ക്ഷേത്രത്തിലൂണ്ട്. ഈ ആയിരംകാല്‍
മണ്ഡപത്തില്‍ രമണ മഹര്‍ഷി ഏറെ സമയം ചെലവാക്കിയിട്ടുണ്ടത്രേ.
വളരെ പഴയ
ആചാരങ്ങള്‍ പാലിക്കുന്നൊരു
ക്ഷേത്രം കൂടിയാണ് ഇത്. തിരുവണ്ണാമലയിലെ സാധാരണക്കാര്‍ ഇവിടെ
പുരോഹിതന്മാരായും പല്ലക്കു
ചുമക്കുന്നവരായും പാട്ടുകാരായും കാവല്‍ക്കാരായും എന്നുവേണ്ട ക്ഷേത്രഭരണത്തിന്റെ എല്ലാ തലങ്ങളിലും നൂറ്റാണ്ടുകള്‍ മുമ്പ് പങ്കെടുത്തിരുന്നതു പോലെ
ഇപ്പോഴും പങ്കുകൊള്ളുന്നു. നഗരത്തിന്റെ
തെക്കുഭാഗത്തുള്ള ഗംഗാതീര്ഥത്തില് നിന്ന് ആനപ്പുറത്ത് വെള്ളം കൊണ്ടു
വന്ന് തിരുമജ്ജനമെന്ന തെക്കേ
ഗോപുരത്തിലൂടെ പ്രവേശിപ്പിച്ച് രണ്ടാമത്തെ പ്രാകാരം കഴുകി വൃത്തിയാക്കുന്ന ജോലി
ഇന്നും അതുപോലെ തുടരുന്നു.
ഒരു ദിവസം ആറു നേരം പൂജയുണ്ട്. രാവിലെ ശിവനെയും പാര്‍വതിയേയും ഉണര്‍ത്തി, എഴുന്നള്ളിച്ച് ദേവിയെ ഉണ്ണാമലൈയമ്മന് കോവിലിലും
ശിവനെ അരുണാചലേശ്വരര്‍ കോവിലിലുമായി ആരാധിക്കുന്നു.
മൂന്നരമണിക്കൂര്‍ വരിയില്‍ നിന്നതിനു ശേഷമാണ് ഞാന്‍ ശിവന്റെ മുന്നിലെത്തിയത്. ഈ ശിവലിംഗത്തെ ആലിംഗനം ചെയ്ത് ഭക്തിയുടെ ഉദാത്തമായ നിര്‍വൃതിയില്‍
രമണ മഹര്‍ഷി ഒരുപാട് സമയം ഇവിടെ
കഴിഞ്ഞിട്ടുണ്ടെന്ന് പൂജാരി പറഞ്ഞു കേള്‍പ്പിച്ചു.
സുഗന്ധമുള്ള ഭസ്മം പ്രസാദമായി കിട്ടി.
ദേവി ചുവപ്പു കുങ്കുമം തന്നു.
പുറത്ത് പുളിയോദരയും പായസവും അടങ്ങുന്ന
പ്രസാദവിതരണമുണ്ടായിരുന്നു. ആയിരം
നക്ഷത്രങ്ങള്‍ക്ക് താഴെയിരുന്ന്
ആലിലകളുടെ നേര്‍ത്ത മര്മ്മരം കേട്ട്
ഉത്തുംഗമായ ഗോപുരങ്ങളെ നോക്കി പിന്നെയും പിന്നെയും അല്ഭുതപ്പെട്ടുകൊണ്ട് ഞാന്‍ ആ ഭക്ഷണം
മുഴുവന്‍ രുചിയോടെ കഴിച്ചു തീര്‍ത്തു. എനിക്ക് ശരിക്കും വിശക്കുന്നുണ്ടായിരുന്നു.
ഗിരിവലത്തിനു
വരുന്നോ എന്ന് പലരും തമ്മില്‍ത്തമ്മില്‍
ചോദിച്ചിരുന്നുവെങ്കിലും ഞാന്‍
അതിനു മുതിര്‍ന്നില്ല.
ഗിരിവലം ചെയ്യുന്ന പലരേയും
താമസസ്ഥലത്തേക്കു മടങ്ങുമ്പോള്‍ ഞാന്‍ കണ്ടുമുട്ടി.
കൊച്ചുകുട്ടികള്‍ പോലും ഉല്‍സാഹത്തോടെ നടക്കുന്നത് കണ്ടു.
( തുടരും )
22 comments:
പുതുവര്‍ഷത്തിലെ ആദ്യ പോസ്റ്റ്..
കണ്ണടച്ചിരിക്കുന്ന ദൈവങ്ങള്‍...
ഇന്നലെ വായിച്ചിരുന്നു
പുതുവർഷത്തിലെ ആദ്യ വായന .യാത്ര തുടരട്ടെ ,ചോര പൊടിയാതെ
ഭക്തി നിറയുന്നു ഈ പുതുപ്പുലരിയിൽ....
ആശംസകൾ...
പ്രാർത്ഥനകളും പ്രദക്ഷിണവഴികളും ജീവിതത്തിൽ യാതൊരു മാജിക്കും ഉണ്ടാക്കുന്നില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എന്നാലും തീർത്ഥഘട്ടങ്ങളും, ദേവാലയങ്ങളും, എന്നെ വല്ലാതെ ആകർഷിക്കാറുമുണ്ട്. വൈയക്തികമായ നേട്ടങ്ങൾക്കായുള്ള പ്രാർത്ഥനകളൊന്നുമില്ലാതെ ദേവാലയങ്ങളുടെ പ്രദക്ഷിണവഴികളിലൂടെ വലംവെക്കുമ്പോഴും, പുണ്യതീർത്ഥങ്ങളിൽ മുങ്ങുമ്പോഴും, കർമകാണ്ഡത്തിന്റെ തുടർച്ചയിൽ ഞാൻ ചെയ്യേണ്ടത് അനുഷ്ഠിക്കുന്നു എന്ന പരമാനന്ദം അനുഭവിക്കാറുണ്ട്. ഇതിനൊക്കെ നിദാനമായ ഭാരതീയസംസ്കാരമെന്ന വികാരം സിരകളെ ത്രസിപ്പിക്കാറുണ്ട്. എച്ചുമുവിന്റെ എഴുത്ത് ഗിരിവലത്തിൽ എത്തിയതോടെ മനസ്സുകൊണ്ട് ഞാനും അരുണാചലേശ്വരനെ നമസ്കരിച്ചു. ഈ നല്ല എഴുത്ത് അടുത്ത ഒഴിവുകാലത്ത് ഏകനായി അരുണാചലഗിരി വലംവെക്കാനുള്ള തീരുമാനത്തിലേക്ക് എന്നെ കൊണ്ടുപോയി.
തുടക്കത്തിൽ മദ്യപനെക്കുറിച്ചു പറഞ്ഞ സംഭവം ദൗർഭാഗ്യകരം. സ്ത്രീത്വത്തെക്കുറിച്ചു എച്ചുമു നടത്തിയ നിരീക്ഷണങ്ങളോട് യോജിക്കുന്നു.
പ്രാചീനമായ തമിഴ് സാഹിത്യവുമായി കൂട്ടിയിണക്കി ചരിത്രവും, സംഭവഗതികളും ഉദാഹരിച്ചുകൊണ്ടുള്ള ഈ വിവരണം ഏറെ ഹൃദ്യമായി...
"ശില്പകലയുടെ ശ്രേഷ്ഠമായ ലോകത്തു വിഹരിച്ചിരുന്ന ഞാന്‍ എത്ര പെട്ടെന്നാണ് ഒരു സ്ത്രീ ശരീരം മാത്രമായിത്തീര്‍ന്നത്.. " മറ്റാരും സഹായിക്കാനില്ല. സ്വയം പ്രതിരോധത്തിനുള്ള കരുത്ത് നേടിയെ പറ്റൂ.
ഇപ്പോള്‍ പ്ലാന്‍ ചെയ്തിരിക്കുന്ന യാത്രകള്‍ കഴിഞ്ഞാല്‍ ,അടുത്തത് തമിള്‍ നാടാണ്.
എച്മുവിന് നന്ദി.
ഇതിലെ നഖക്ഷതങ്ങളുടെ ഭാഗം ഞാനെടുത്ത് ഷെയര്‍ ചെയ്തിട്ടുണ്ട് എന്റെ ഫെയ്സ്ബുക്കില്‍ ട്ടോ.. കൊഴപ്പല്യല്ലോ...?
നഖക്ഷതങ്ങൾ എന്റെ മനസ്സിലും കണ്ണിലും നിറഞ്ഞുനിന്നിരുന്നതിനാൽ പ്രക്ഷുബ്ദമായ മനസ്സോടെയാണ് ബാക്കി വായിച്ചത്..പിന്നെ എങ്ങനെ പ്രദക്ഷിണ വഴിയിലും ശില്പ ഭംഗിയിലും മനസ്സുടക്കും? ഇനി ഒരിക്കൽ വീണ്ടും വായിക്കാം മനസ്സ് നേരെയാവുംബൊൽ...
നവവത്സരാശംസകള്‍
ചരിത്രവും,വാസ്തുവീജ്ഞാനീയവും ഒരുപോലെ വിജയിച്ച വിവരണം.
അനുവാചകരെ താങ്കളോടൊപ്പം യാത്രചെയ്യിച്ച്, ചില പ്രത്യേക സ്ഥലങ്ങളില്‍ മാറിനിന്ന് അവരെ നോക്കി കാണുന്ന ശൈലി..
തുടര്‍ന്നാലും..
നല്ലൊരു വിവരണം.
അതിനിടയിലുണ്ടായ സംഭവം മനസ്സിനെ വേദനിപ്പിച്ചു........
പുതുവത്സരാശംസകള്‍
യാത്രയില്‍ വായിച്ചിരുന്നു എച്ച്മു. എഴുത്തിലൂടെ വായനക്കാരെ യാത്രയില്‍ പങ്കാളിയാക്കുന്ന വിവരണം!
നഖക്ഷതം ഒരു പോറലായി മനസ്സിലുടക്കിയെന്നു പറയാതെ വയ്യ :(
Nalla vivaranam.
Pakshe, nakhakshathangal....
Happy New Year.
നഖക്ഷതങ്ങൾ എന്റെ മനസ്സിലും കണ്ണിലും നിറഞ്ഞുനിന്നിരുന്നതിനാൽ പ്രക്ഷുബ്ദമായ മനസ്സോടെയാണ് ബാക്കി വായിച്ചത്..
ഞാനും അങ്ങനെ തന്നെയായിരുന്നു വായിച്ചത്.
യാത്രാ വിശേഷങ്ങളേക്കാളും ആഴത്തിൽ പതിഞ്ഞത് ആ നഖക്ഷതങ്ങളാണ്...!
‘നീറുന്ന കൈ നഖപ്പാടില്‍ മെല്ലെ ഊതിക്കൊണ്ട് നിന്റെ തൃക്കണ്ണ് മാത്രമല്ല മറ്റു രണ്ട് കണ്ണും കൂടി പൂട്ടി വെച്ച് നീയിങ്ങനെ നിശബ്ദനാകുന്നതെന്തെന്ന് ഞാന്‍ അണ്ണാമലൈയാരോട് പരിഭവപ്പെട്ടു. വേറെ ഒന്നും എനിക്കാകുമായിരുന്നില്ല.‘
അല്ലാതെന്ത് ചെയ്യാൻ പറ്റും ..അല്ലേ
വര്‍ണനയുടെ ശില്‍പ്പ ചതുര്യത്തില് അന്തം വിട്ടു നിന്ന എന്നെയും അവസാനം ആ നഖക്ഷതങ്ങള്‍ പോറലേല്‍പ്പിച്ചു കടന്നു പോയപോലെ.നന്നായിരിക്കുന്നു എഴുത്ത്.
താന്ങ്ങൾക്ക് ഏറ്റ നഖക്ഷ്ടതല്ങ്ങളെ കുറിച്ച് വായിച്ചു കഴിഞ്ഞതിൽ പിന്നെ എനിക്ക് ഈ പോസ്റ്റ് മനസിരുത്തി വായിക്കാൻ പറ്റിയില്ല. അപ്പോൾ അത് ശെരിക്കും അനുഭവിച്ച നിങ്ങൾ എന്ങ്ങിനെ അത്രയും സമയം ലൈൻ നിന്ന് ഈ കാഴ്ചകൾ എല്ലാം മനപ്രയാസം ഇല്ലാതെ കാണാൻ സാധിച്ചു എന്ന് ഓര്ത് ഞാൻ അത്ഭുതപ്പെടുന്നു.
നന്നായിട്ടുണ്ട് ...
അടുത്ത ഭാഗം വായിക്കാന്‍ ആവേശത്തോടെ
ഉളികളിൽ നിന്നും ചിന്നിയ ചോരകൊണ്ട് ശിൽപ്പങ്ങൾ ... അധികാരത്തിന്റെ വാൾത്തലയിൽ ഗോപുരകമാനങ്ങൾ ... വിശ്വാസത്തിന്റെ അടിമത്തം വരി വരിയായി നീണ്ടു പോകുന്നു. നല്ലൊരു വായന നല്‍കിയതിനു നന്ദി.
നഖമുറിപ്പാടില് ലോകം വികല ചിത്രമാകുന്നു.
അഭ്യാസങ്ങള്ക്കി ടകൊടുക്കാതെ ഒരു വരാല് മല്‍സ്യത്തെപ്പോലെ വഴുക്കിവഴുക്കി നീങ്ങാനുള്ള പാടവം ഒരു പക്ഷെ, പെണ്ജന്മമെടുത്ത നിമിഷം മുതല്‍ സ്വായത്തമാക്കാന്‍ ഓരോ സ്ത്രീയും പരിശ്രമിക്കുന്നുണ്ട്.
ശരിയാണ്...എങ്കിലും പ്രകൃതി ദുരന്തം പോലെ,എവിടെ നിന്നാണ്..എപ്പോഴാണ് എന്ന് തിരിച്ചറിയാൻ പറ്റാത്ത ഇതുപോലത്തെ അനുഭവം പെണ്ണായി പിറന്നവരെ തളർത്തിക്കളയും...
അരുണാചലേശ്വരരെ കാണാനുള്ള ആഗ്രഹം ഉണ്ട് ..
യാത്ര അല്ലെ ?അനുഭവിക്കാതെ എങ്ങനെ
മുന്നോട്ടു പോവും ?!!
അത് തന്നെയല്ലെ ഇവീടെ വരെ എത്തിച്ചതും .
പോറിയ നഖങ്ങൾ .കോറിയിട്ട വേദനയിൽ
വായന പോലും വഴി തെറ്റുന്നു ...
ഇതിനു ഞാന്‍ നേരത്തെ വായിച്ചു കുറിച്ച കമെന്റ്റ് എവിടെ??
Post a Comment