Thursday, January 16, 2014

സ്ത്രൈണമാകട്ടേ ഭരണവും...


( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2014   ജനുവരി  10  ന്  പ്രസിദ്ധീകരിച്ചത് )

നമ്മുടെ  രാജ്യതലസ്ഥാനമായ  ഇന്ദ്രപ്രസ്ഥത്തില്‍,   ചെറുതായിരിക്കുന്നതിന്‍റേയും  ലളിതമായിരിക്കുന്നതിന്‍റേയും ഋജുവായിരിക്കുന്നതിന്‍റേയും ഒക്കെ  മഹത്വത്തെപ്പറ്റി  ഒരുപക്ഷെ,  അനവധി കാലങ്ങള്‍ക്ക് ശേഷം ചൂടു പിടിച്ച ചര്‍ച്ചകള്‍  നടക്കുകയാണിപ്പോള്‍. എല്ലാം  ആവശ്യത്തിലും  എത്രയോ ഇരട്ടിയിലധികം പൊലിപ്പിച്ചു  പൊലിപ്പിച്ചു  മാത്രം  പ്രദര്‍ശിപ്പിക്കുന്ന  ഒരു  ശൈലിയാണ് ദില്ലിക്കുള്ളത്. അങ്ങനെ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ ആരുടേയോ   മുന്നില്‍  ഒരു  രാജ്യമെന്ന നിലയില്‍ മോശക്കാരാകുമെന്ന് നമ്മെ  ഭരിച്ചിരുന്നവര്‍ എല്ലാക്കാലത്തും വിശ്വസിച്ചു പോന്നു. അതുകൊണ്ട്  മനുഷ്യരെ  ആട്ടിയോടിക്കാനും കന്നുകാലികളെ അതിര്‍ത്തി  കടത്തി വിടാനും  പടര്‍ന്നു പന്തലിച്ച വന്‍ മരങ്ങള്‍  വെട്ടിമാറ്റാനും  ബസ്സോടുന്നതു പോലെ സര്‍വസാധാരണമായി  ബുള്‍ഡോസറുകള്‍ പായിക്കാനും അനാവശ്യമായ കെട്ടുകാഴ്ചകള്‍ എഴുന്നള്ളിക്കാനും  ഭരണാധികാരികള്‍ മല്‍സരിച്ചു. വലുതാകാനും  കൂടുതല്‍ വലുതാകാനും  അങ്ങനെ പെരുംചുഴികള്‍  കണക്കേ  സങ്കീര്‍ണമാകാനുമായിരുന്നു എല്ലാവര്‍ക്കും ത്വര.  ഇനിയും ഇനിയും പണം,  ഇനിയും ഇനിയും  ഭൂമി,  ഇനിയും ഇനിയും അധികാരം അങ്ങനെ  എല്ലാം  ഇനീമിനീം വേണം... ഈ കിട്ടിയതൊന്നും  പോരാ.. ഒട്ടും മതിയായില്ല...  

വലുതാകുമ്പോഴും സങ്കീര്‍ണമാകുമ്പോഴും നമുക്ക് ചെറുതിനെയും ലളിതമായതിനേയും  നേരെയുള്ളതിനേയുംഒക്കെ  കാണാനോ  മനസ്സിലാക്കാനോ  സാധിക്കാതെയാകും. അതൊരു  സാധാരണ മനുഷ്യ സ്വഭാവമാണ്. രണ്ട് മുണ്ട് കിട്ടിയാല്‍ ഒരു  മുണ്ടുള്ളവരെ പൂര്‍ണമായും  മറക്കുകയും മൂന്നു മുണ്ടുള്ളവരെപ്പറ്റി മാത്രം ഏറിയ കൂറും വിചാരിക്കുകയും ചെയ്യുന്നതാണ് പൊതുവേ ഒരു  രീതി.   ഭരണാധികാരികള്‍  അവരാരായിരുന്നാലും  അവ്വിധം  ഒരു  വശത്തേക്കു മാത്രം നോക്കുന്നവരാകുമ്പോള്‍ സംഭവിക്കേണ്ടുന്ന  അനിവാര്യമായ ദുരന്തം നമ്മുടെ രാജ്യത്തിനു  ഇതിനോടകം ഇനി  നേരെയാക്കാനാവാത്ത വിധം  സംഭവിച്ചു കഴിഞ്ഞു.  സാധാരണക്കാരുടെ മനസ്സിലും  ഈ മനോഭാവം വളരെ ആഴത്തില്‍ വേരോടിയിട്ടുണ്ട്.  അതുകൊണ്ട്  ഒരു  മുണ്ടുമാത്രമുള്ളവരേയും  അതു  പോലുമില്ലാത്തവരേയും ഭരണാധികാരികള്‍ മാത്രമല്ല  സാധാരണക്കാരും  കാണാന്‍  ശ്രമിക്കാറില്ല. എങ്ങനേയും എന്തുചെയ്തും  ഇനിയും കൂടുതല്‍  എന്നാകുമ്പോള്‍  പിന്നെ അഴിമതി എന്ന പതിനായിരം കാലുള്ള ദുര്‍ഭൂതം  ഒരിക്കലും ഇറക്കി  വിടാനാവാത്ത വിധം നമ്മളിലാകമാനം  പിടിമുറുക്കുന്നു. 

വല്ലാതെ കെട്ടിക്കിടന്ന്  ദുര്‍ഗന്ധമുയര്‍ത്തുന്ന  വലിപ്പത്തിന്‍റെയും  സങ്കീര്‍ണതയുടേയും ആയ   ഈ ദുരവസ്ഥയിലേക്കാണ് പെട്ടെന്ന് ചെറുതെന്നും ലളിതമെന്നും ഋജുവെന്നും മറ്റും  പറഞ്ഞുകൊണ്ടും അങ്ങനെയാവാന്‍  തികഞ്ഞ ആഗ്രഹമുണ്ടെന്നു പ്രഖ്യാപിച്ചുകൊണ്ടും അതീവ  സാധാരണക്കാരെന്ന് അവകാശപ്പെട്ടുകൊണ്ടും കുറച്ച്   മനുഷ്യര്‍ രംഗത്ത് വന്നിരിക്കുന്നത്.  ഹേയ്,  അവര്‍  ശരിയല്ല.. അവര്‍ക്ക് നയ പരിപാടികളില്ല..  അവര്‍ക്ക് ഒന്നും ചെയ്യാന്‍  കഴിയില്ല എന്നൊക്കെ തന്നെ എല്ലാവരും പറഞ്ഞിരുന്ന ഇടത്തു നിന്നു തന്നെയാണ്    ചിലപ്പോള്‍ ശരിയായേക്കും എന്ന രീതിയിലേക്ക്  അവര്‍  ഇപ്പോള്‍ മാറ്റപ്പെട്ടിരിക്കുന്നത്. അവര്‍  എങ്ങനെ ദില്ലി ഭരിക്കുന്നു എന്നതും അവരുടെ സാധീനം എത്രത്തോളം മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക്  പരിവഹനം ചെയ്യപ്പെടുന്നു  എന്നതും കാത്തിരുന്ന് കാണേണ്ട കാര്യമാണ്. 

ചെറുതാകുന്നതിന്‍റേയും സാധാരണമാകുന്നതിന്‍റേയും നേരെചൊവ്വേ  ആകുന്നതിന്‍റേയുമൊക്കെ പ്രസക്തി മനുഷ്യരില്‍  വീണ്ടും ഉണര്‍ത്തിയെന്നതാണ്  ഒരുപക്ഷെ, ഈ മനുഷ്യര്‍ ചെയ്ത  ഏറ്റവും വലിയ കാര്യം. സത്യസന്ധത നല്ലൊരു കാര്യമാണെന്നും ധനാസക്തിയും  അധികാരാസക്തിയും   വാഴ്ത്തപ്പെടുന്നതു പോലെ അത്ര കേമമല്ലെന്നും ഇപ്പോള്‍  പലരും  വല്ലപ്പോഴുമെങ്കിലും ആലോചിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതൊക്കെ എത്രകാലം  അവരില്‍ ശക്തമായി നിലനില്‍ക്കുമെന്നത്  കണ്ടറിയേണ്ട കാര്യമാണെങ്കിലും... ലാളിത്യത്തിനുവേണ്ടി ലളിതമാകാതിരിക്കാനുള്ള ജീവിത ബോധ്യവും    തീര്‍ത്തും അത്യാവശ്യമായ കാര്യങ്ങള്‍ മാത്രം നിവര്‍ത്തിക്കാനുള്ള ജീവിതബോധ്യവും പറഞ്ഞ വാക്കുകളില്‍ ഉറച്ചു നില്‍ക്കാനുള്ള  ജീവിതബോധ്യവും ദില്ലി സംസ്ഥാനത്തിന്‍റെ  പുതിയ ഭരണാധികാരികള്‍ക്ക്  ഉണ്ടാവട്ടെ എന്ന് വിചാരിക്കാം.

നമ്മള്‍  സ്ത്രീകളെ സംബന്ധിച്ച്    മാറ്റത്തിന്‍റെ  തുടക്കം,  നമ്മുടെ സ്വന്തം ഉപകരണവും  ആയുധവും ഒക്കെയായ ഒരു ചൂലില്‍ നിന്നാരംഭിക്കുന്ന മാറ്റത്തിന്‍റെ  തുടക്കം  ഒരുപക്ഷെ, പുരുഷന്മാരേക്കാളധികം സന്തോഷം പകരുന്ന ഒരു  കാര്യമാവുന്നത്  എങ്ങനെയാണെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍. ആഡംബരം വേണ്ട, വലിയ  ബംഗ്ലാവ് വേണ്ട,  ബീക്കണ്‍ ലൈറ്റ് വേണ്ട,  ഇസഡ് റ്റൈപ്പ്  സെക്യൂരിറ്റി വേണ്ട  എന്നൊക്കെ  ഒരു ഭരണാധികാരി പറയുന്നത് കേള്‍ക്കുമ്പോള്‍ എല്ലാവരും അതിശയപ്പെടുന്നു. ഹൌ!  എത്ര അഭിനന്ദിച്ചിട്ടും ആര്‍ക്കും മതി വരുന്നില്ല. ജനതയെ ഭയപ്പെടുന്ന, അകറ്റി നിറുത്തുന്ന  ഭരണാധികാരി, രാജ്യത്തിന്‍റെ  അലങ്കാരമല്ല പകരം അപമാനമാണെന്ന്, കേമത്തം കാണിക്കുവാനുള്ള തത്രപ്പാടില്‍  എല്ലാ അധികാരികളും അത്  മാത്രം കണ്ട്  ശീലിച്ച  പാവം ജനങ്ങളും മറന്നു പോകുന്നു. അതാണീ അതിശയമുണ്ടാകാന്‍ പ്രേരണയാകുന്നത്. 

ഒരു  സാധാരണ വീട്ടമ്മ വീട്ടിലെല്ലാവരും കഴിച്ചിട്ട് മതി  തന്‍റെ  ഭക്ഷണം എന്ന് തീരുമാനിക്കുന്നത്... എല്ലാ മക്കളുടേയും സുഖസൌകര്യങ്ങള്‍ വേണ്ടവണ്ണമാകട്ടെ എന്ന് കരുതി തനിക്ക് കുറച്ചു മതി എന്ന് കരുതുന്ന അമ്മയാകുന്നത്. അപ്രതീക്ഷിത സാഹചര്യങ്ങളില്‍ ഓ,  എനിക്കു വേണ്ട എന്ന് എല്ലാം ഒഴിവാക്കുന്നത്   ഇതൊക്കെ  നമ്മള്‍ ഭൂരിഭാഗം സ്ത്രീകള്‍ക്കും  നിത്യ പരിചയമാണല്ലോ.... അതുകേട്ട് അതനുഭവിച്ച് വളര്‍ന്നവരാണ് മിക്കവാറും എല്ലാവരും തന്നെ. ഭരണാധികാരികളും ഉദ്യോഗസ്ഥരും  ഒക്കെത്തന്നെ. 

അത്യാവശ്യങ്ങള്‍ പോലും നീക്കിവെച്ച്  മക്കള്‍ക്കായി ജീവിക്കാന്‍ പാടുപെടുന്ന ഓരോ  അമ്മമാരുടെയും പ്രത്യേക മാനസികാവസ്ഥയിലേക്ക്,    നിസ്വാര്‍ഥതയിലേക്ക് ,  ആ സ്ത്രൈണതയിലേക്ക് നമ്മുടെ  ഓരോ  ഭരണാധികാരികളും വളരേണ്ടതുണ്ട്.  കൂട്ടത്തില്‍ പുറകിലായി  നില്‍ക്കുന്ന  കുഞ്ഞിനെ  കൂടുതല്‍  പിന്തുണയ്ക്കുന്ന  അമ്മയുടെ മനസ്ഥിതി അഴിമതികൊണ്ട്  നട്ടം തിരിഞ്ഞ ദരിദ്ര ജനതയെ സംബന്ധിച്ച്  എല്ലാ ഭരണാധികാരികള്‍ക്കും ഉണ്ടായേ തീരു. അതിനവര്‍  ഈ അമ്മമാരെ  കണ്ടാല്‍  മതി,  വേറേ എവിടേയും മാതൃകകളെ  തേടിപ്പോകേണ്ടതില്ല.  

ഭരിക്കുന്നുവെന്ന  തോന്നല്‍ അധികാരിക്കും  ഭരിക്കപ്പെടുന്നുവെന്ന  തോന്നല്‍ ജനതക്കും  ഇല്ലാതെയാകുമ്പോഴാണ് ശരിയായ  ഭരണവും ജീവിതവും ഉണ്ടാവുന്നത്.      

22 comments:

Unknown said...

എച്മുകുട്ടി, ലേഖനം ഉചിതമായി. AAP ഇടതാകണോ അല്ല വലതാകണോ എന്നൊക്കെ ചറ്‍ച്ച നടക്കുമ്പോള്‍, അതൊന്നുമല്ല അമ്മയെ കണ്ടു പഠിക്കണം എന്നു പറയുന്നതു ഒരു നല്ല ഉപദേശം തന്നെയാണു.

SHAMSUDEEN THOPPIL said...

Ashamsakal checheeeee

drpmalankot said...

ശ്രദ്ധേയമായ ലേഖനം.
ചൂൽ പ്രയോഗം, ശുദ്ധികലശം ഇതൊക്കെ ആവശ്യം തന്നെ.
[ ഞങ്ങൾ വൈദ്യവൃത്തിയിലുള്ളവർ പഴകിയ രോഗങ്ങള്ക്ക് ചികിത്സ തുടങ്ങുന്നത് വയർ ശുദ്ധി ചെയ്തെടുത്ത ശേഷം മാത്രമാണ്! ]

ലംബൻ said...

അമ്മയെ കണ്ടു പഠിക്കണം.. അതാണ്.. പോയിന്‍റ്.

aswathi said...

നല്ല ലേഖനം എച്മു ...നല്ല വിചാരങ്ങൾ.

Pradeep Kumar said...

ഇന്ദ്രപ്രസ്ഥത്തിൽ നടന്ന ഭരണമാറ്റങ്ങൾ നല്ലതിനാവട്ടെ. പ്രതീക്ഷകൾ നഷ്ടമാവുന്ന മനുഷ്യർ കിട്ടുന്ന കച്ചിത്തുരുമ്പിൽ പിടിമുറുക്കും - ആ കച്ചിത്തുരുമ്പും അടർന്നുപോവാതിരുന്നാൽ മതി.....

പട്ടേപ്പാടം റാംജി said...

ഭരിക്കുന്നുവെന്ന തോന്നല്‍ അധികാരിക്കും ഭരിക്കപ്പെടുന്നുവെന്ന തോന്നല്‍ ജനതക്കും ഇല്ലാതെയാകുമ്പോഴാണ് ശരിയായ ഭരണവും ജീവിതവും ഉണ്ടാവുന്നത്.

നല്ല ലേഖനം

vettathan said...

അവസാനം എഴുതിയത് പൂര്‍ണ്ണമായും ശരിയാണ്. പക്ഷേ മുദ്രാവാക്യം മുഴക്കുന്നതും ഭരിക്കുന്നതും രണ്ടും രണ്ടാണ്. കമ്പനി ഉല്‍പ്പാദിപ്പിക്കുന്ന കറണ്ടിന്റെ ചാര്‍ജ്ജ് പകുതിയാക്കിയും വെള്ളം ഫ്രീ ആക്കിയും ഒരാറു മാസമൊക്കെ മുന്നോട്ട് പോകാന്‍ പറ്റും. എന്തെങ്കിലും തൊടുന്യായം പറഞ്ഞു ഭരണം വിട്ടു ലോകസഭാ ഇലക്ഷനെ നേരിട്ടു നേട്ടമുണ്ടാക്കുകയും ചെയ്യാം. ബസ്സില്‍ ക്രൂരമായി ബാലാല്സ്സംഗം ചെയ്തു കൊല്ലപ്പെട്ട പെണ്‍ കുട്ടി "ആപ്പി"നുണ്ടാക്കിക്കൊടുത്ത നേട്ടം ചില്ലറയല്ല. ഇന്നലെ അമ്പതുകഴിഞ്ഞ സ്വീഡീഷ് വനിത കൂട്ട ബലാല്‍സംഗത്തിന് ഇരയായി. അന്ന് ഷീലാ ദീക്ഷിതിനെ കുറ്റം പറഞ്ഞു നടന്നവര്‍ ധാര്‍മ്മിക ഉത്തരവാദിത്വം പോലും ഏറ്റെടുത്തതായി കണ്ടില്ല. ആവര്‍ത്തിക്കട്ടെ-മുദ്രാവാക്യം വിളി പോലെ സുഖകരമല്ല ഭരിക്കുക എന്നത്.

ajith said...

നല്ല ലേഖനം

Cv Thankappan said...

"ഒരു സാധാരണ വീട്ടമ്മ വീട്ടിലെല്ലാവരും കഴിച്ചിട്ട് മതി തന്‍റെ ഭക്ഷണം എന്ന് തീരുമാനിക്കുന്നത്..."
ഭരണാധികാരികളും അമ്മ മനസ്സുള്ളവരായിരുന്നുവെങ്കില്‍...
അര്‍ത്ഥവത്തായ ലേഖനം
ആശംസകള്‍

വീകെ said...

വളരെ നല്ല ഉദാഹരണം ‘അമ്മ മനസ്സ്‘
പക്ഷെ, ഇത് രാഷ്ട്രീയമാണ്. അവിടെ അമ്മ പെങ്ങന്മാരില്ല. മിത്രങ്ങളും ശത്രുക്കളുമില്ല. ആശംസകൾ...

Anonymous said...

"മാതൃകാ പരമാവണം" ഭരണം.

Anonymous said...

That is a Danish woman, from the land of that cartoonist. That is ok.

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

'Charity begins at home', 'രാജ്യഭാരം ചെയ്യുന്ന ആള്‍ (ആളുകള്‍) ജനതയെ തന്റെ (തങ്ങളുടെ) ശരീരഭാഗമായി കരുതി സംരക്ഷിയ്ക്കണം' ..., തുടങ്ങിയ തത്ത്വങ്ങളെല്ലാം പതിനാറും, പതിനേഴും ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്നവരും വേദശാസ്ത്ര പാരംഗതരും മറ്റുമായ 'വൈജ്ഞാനിക ശാര്‍ദൂലങ്ങ'ളെന്ന് വിശേഷിപ്പിയ്ക്കാവുന്ന നമ്മുടെ ഭരണാധികരികള്‍ക്ക്, ഞാനും, എച്മുകുട്ടിയുമെല്ലാം ജനിയ്ക്കുന്നതിനുമുമ്പേ തന്നെ, അറിയാം. പക്ഷേ ഇവര്‍ക്കറിയാത്ത മറ്റെന്തോ ഉണ്ടെന്നുള്ളത് തീര്‍ച്ചയാണ്. അതു പറയുവാനോ എഴുതുവാനോ എച്മുകുട്ടിയ്ക്ക് കഴിഞ്ഞെങ്കില്‍.....

Sudheer Das said...

അടവുനയങ്ങള്‍ എന്ന ഓമനപേരില്‍ അറിയപ്പെടുന്ന വൃത്തികെട്ട നെറികേടുകളെ ആശ്രയിക്കാതെതന്നെ, മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്‌, ജനങ്ങളുടെ മനസ്സില്‍ ഇടംനേടാനും, അധികാരത്തില്‍ എത്തിച്ചേരാനും സാധിക്കും, എന്ന ലളിതസുന്ദരമായ ഒരു സത്യമാണ്‌ ആം ആദ്‌മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പുവിജയം നമുക്ക്‌ കാണിച്ചുതരുന്നത്‌. കേരള കോണ്‍ഗ്രസ്സ്‌, മുസ്‌ളിംലീഗ്‌, തുടങ്ങിയ ഈര്‍ക്കില്‍ പാര്‍ട്ടികളേയും മറ്റു ജാതിമത സംഘടനകളെയും പ്രീണിപ്പിച്ച്‌, അവരുടെ താത്‌പര്യങ്ങള്‍ക്ക്‌ കീഴടങ്ങി, അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന കോണ്‍ഗ്രസ്സുകാരും അതേ പാത പിന്‍തുടരുവാന്‍ ശ്രമിക്കുന്ന ഇടതുപാര്‍ട്ടികളും ഈ സത്യം നല്ലവണ്ണം തിരിച്ചറിയുണ്ട്‌ എന്നുവേണം കരുതാന്‍. എന്നിട്ടും എന്തുകൊണ്ട്‌ അവര്‍ അതേ പാത പിന്‍തുടരുവാന്‍ ശ്രമിക്കുന്നു എന്നു പരിശോധിക്കുമ്പോഴാണ്‌ മുഖ്യധാരാ പാര്‍ട്ടികളുടെ തലപ്പത്തിരിക്കുന്ന നേതാക്കന്‍മാരുടെ മുഖംമൂടികള്‍ വലിച്ചുകീറേണ്ടി വരുന്നത്‌. ഈ അഴുക്കുചാലുകളിലൂടെ മാത്രമേ അവര്‍ക്ക്‌ അധികാരം സ്വപ്‌നം കാണാന്‍ കഴിയൂ എന്ന ഗതികേടിലാണവര്‍ ഓരോരുത്തരും. അതാണ്‌ സത്യം. അല്ലാതെ, ഇത്തരം വൃത്തികേടുകള്‍ക്കു പകരം വെക്കുവാന്‍ മാത്രം ഉയര്‍ന്ന മൂല്യങ്ങളോ ആദര്‍ശങ്ങളോ വീക്ഷണങ്ങളോ ഒന്നുംതന്നെ ഇപ്പോഴത്തെ നേതാക്കന്‍മാര്‍ക്കിടയില്‍ ഇല്ല. വലിയ വലിയ ലക്ഷ്യങ്ങളോടെ കെട്ടിപ്പടുത്ത പ്രസ്ഥാനങ്ങളുടെ നേതാക്കന്‍മാര്‍ ഇപ്പോള്‍ ഹൈടെക്‌ നിലവാരമുള്ള വെറും മൂന്നാംകിട ബ്രോക്കര്‍മാരായി അധഃപതിച്ചിരിക്കുന്നു. ചുരുങ്ങിയ പക്ഷം തങ്ങള്‍ സത്യസന്ധരും ആത്മാര്‍ത്ഥതയുള്ളവരാണെന്നുപോലും തെളിയിക്കുവാന്‍ അവര്‍ക്കു കഴിയുന്നില്ല. വിജയിക്കുക എന്നത്‌ എളുപ്പമാണ്‌, വിജയം നിലനിര്‍ത്തുക എന്നതാണ്‌ വിഷമകരം. പരാജയങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാലും, . വലിയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പരിശ്രമിക്കുമ്പോള്‍, വീഴുന്നതുപോലും മഹത്തരമാണ്‌

Aneesh chandran said...

നല്ല പ്രയോഗങ്ങള്‍. ആധികാരികമായി കുറച്ചു കൂടി പറയാമായിരുന്നു.

© Mubi said...

നല്ല ചിന്ത എച്ച്മു

മിനി പി സി said...

സ്ത്രൈണതയില്‍ നിന്നും ഉരുവമെടുത്ത് പുറത്തെത്തുമ്പോഴെയ്ക്കും ആ നന്മയോക്കെ എവിടൊക്കെയോ കൈമോശം വന്നുപോകുന്നതുകൊണ്ടാവും എല്ലാരും ,ഇവ്വിധം സ്വാര്‍ത്ഥന്മാരും ,വകയ്ക്ക് കൊള്ലാത്തവരുമാകുന്നത് ....അതിലെയ്ക്കൊരു അനിവാര്യമായ തിരിച്ചുപോക്ക്...ലേഖനം കൊള്ളാം .

വിനുവേട്ടന്‍ said...

ഒരു മാറ്റം അനിവാര്യമാണ്... ക്രിമിനലുകൾ കൊടികുത്തി വാഴുന്ന പ്രധാന രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും ഒരു മോചനം... സംശുദ്ധമായ ഭരണം കാഴ്ച്ച വയ്ക്കാൻ ആയാൽ ഇതൊരു തരംഗമാകും...

Muralee Mukundan , ബിലാത്തിപട്ടണം said...


ലാളിത്യത്തിനുവേണ്ടി ലളിതമാകാതിരിക്കാനുള്ള ജീവിത ബോധ്യവും തീര്‍ത്തും അത്യാവശ്യമായ കാര്യങ്ങള്‍ മാത്രം നിവര്‍ത്തിക്കാനുള്ള ജീവിതബോധ്യവും പറഞ്ഞ വാക്കുകളില്‍ ഉറച്ചു നില്‍ക്കാനുള്ള ജീവിതബോധ്യവും ദില്ലി സംസ്ഥാനത്തിന്‍റെ പുതിയ ഭരണാധികാരികള്‍ക്ക് ഉണ്ടാവട്ടെ എന്ന് വിചാരിക്കാം.‘

ഈ ചിന്ത തന്നെ രക്ഷതോ :

uttopian said...

Good view points. Well said. :)

നാട്ടുമ്പുറത്തുകാരന്‍ said...

നന്നായിട്ടുണ്ട് തികച്ചും വ്യത്യസ്തമായ വിലയിരുത്തല്‍