തിരക്കേറിയ നഗര വീഥിയിലേയ്ക്കാണ് കോളേജിന്റെ മെയിൻ ഗേറ്റ് തുറക്കുന്നത്. അവിടെ ആരെങ്കിലും കാത്ത് നിന്നാല്‍ പോലും കാണാൻ വിഷമമാണ്. റോഡ് മുറിച്ച് നടന്ന് പുരാതനവും അതീവ വിസ്തൃതവുമായ മൈതാനം താണ്ടി മാത്രമേ ട്യൂഷൻ ക്ലാസ്സിലേയ്ക്ക് പോകാനാവൂ. കോളേജ് വിട്ടാൽ ഒറ്റ മിനിറ്റ് പോലും പാഴാക്കാതെ അങ്ങോട്ട് ഓടണം, എത്തേണ്ട താമസം ക്ലാസ്സ് തുടങ്ങുകയായി.
ഭാവി ഡോക്ടർമാരും എൻജിനീയർമാരും
ശ്രദ്ധിച്ചിരുന്ന് പഠിയ്ക്കുകയും ധിറുതിയിൽ നോട്ട് കുറിയ്ക്കുകയും ചെയ്യും.
എനിക്ക് വലിയ ആശയൊന്നുമുണ്ടായിരുന്നില്ല, ഒരു ഡോക്ടറാകാൻ. പക്ഷേ, അമ്മയ്ക്ക് ഞാന്‍ ഡോക്ടറാകണമെന്നുണ്ടായിരുന്നു. ഞാൻ മെഡിസിനു
പഠിയ്ക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നു പറഞ്ഞ് അമ്മയെ വേദനിപ്പിയ്ക്കാൻ
കഴിയില്ല. അതു കൊണ്ട് മാത്രം ഞാന്‍ ആത്മാർത്ഥമായി ശ്രമിച്ചു പോന്നു.
ഒരു ദിവസം പച്ചപ്പുല്ലു നിറഞ്ഞ മൈതാനത്തിലൂടെ, തുമ്പികളും
ചിത്രശലഭങ്ങളും ആഹ്ലാദത്തോടെ പാറിപ്പറക്കുന്നതും
ശ്രദ്ധിച്ച് നടക്കുമ്പോഴാണ് നീല ഡയലുള്ള വാച്ച് കെട്ടിയ ഒരു കൈത്തണ്ട വഴി
തടഞ്ഞത്. ഞാന്‍ ഞെട്ടുകയും വിളറുകയും
വല്ലാതെ ഭയപ്പെടുകയും ചെയ്തു. ആ പരിഭ്രാന്തിയില്‍ കുനിഞ്ഞു പോയ തല ഉയർത്തി ‘ആരാണിത്‘ എന്നു രൂക്ഷമായി നോക്കാൻ ഒരു മിനിറ്റ് താമസിച്ചു പോയി.
അപ്പോഴേയ്ക്കും
അതീവ മൃദുലമായ ഒരു ശബ്ദം എന്നെ തേടിയെത്തി. അത്ര മേൽ മൃദുലമായ, കാരുണ്യവും ദയയുമുള്ള, പൌരുഷം തുളുമ്പുന്ന ഒരു ശബ്ദം ഞാന്‍ അതു വരെ കേട്ടിട്ടുണ്ടായിരുന്നില്ല. ക്രോധവും പുച്ഛവും പരിഹാസവും മാത്രം നിറഞ്ഞ ഒച്ച
കേട്ട് പരിചയിച്ചിരുന്ന എന്റെ കാതുകൾക്ക് ആ
വാക്കുകൾ സംഗീതമായി തോന്നി.
‘ഞാൻ.... എൻജീനിയറിംഗിനു പഠിയ്ക്കുന്നു. ലാസ്റ്റ് സെമസ്റ്ററായി.’
എന്നില്‍ വിയർപ്പു പൊട്ടി. ശരീരത്തില്‍ ആവി ഉയര്‍ന്നു. ഹൃദയം ഇടിക്കുന്നത്
നെഞ്ചിനു പുറത്തായിത്തീര്‍ന്നു.
‘താൻ ഇപ്പോഴേ ഇങ്ങനെ ഭയന്നാലോ? ഞാനൊന്നും പറഞ്ഞില്ലല്ലോ ഇതു വരെ.‘
ഞാന്‍ തലയുയർത്തി, പ്രയാസത്തോടെ അയാളുടെ മുഖത്തേയ്ക്ക് നോക്കി.
സ്നേഹവും കരുണയും തുളുമ്പുന്ന കണ്ണുകളാണ് അയാളുടേതെന്ന് എനിക്ക് തോന്നി . അല്പം കുഴിഞ്ഞ കവിളുകളും കുറച്ച്
വളർന്ന മുഖ രോമങ്ങളും നെറ്റിയിലേക്ക് പാറി വീഴുന്ന മുടിയിഴകളും കിളരം കൂടിയ
അയാൾക്ക് സുന്ദരമായ ഒരു വിഷാദച്ഛായ നൽകുന്നുണ്ടായിരുന്നു.
എന്റെ ശബ്ദത്തില്‍ വിറ പൂണ്ടിരുന്നു.
‘എന്റെ
വഴി തടയുന്നതെന്തിനാണ്?‘ ചോദിച്ച് കഴിഞ്ഞപ്പോൾ എനിക്ക് തല ചുറ്റുന്നതു മാതിരിയുണ്ടായിരുന്നു.
കുറച്ചു നേരം കൂടി നിന്നാൽ അവിടെത്തന്നെ
ഉരുണ്ട് വീണു മരിച്ചു പോകുമെന്ന് ഞാന്‍ ഭയന്നു.
‘
എനിയ്ക്ക് തന്നെ ഇഷ്ടമാണെന്നു പറയാൻ. പഠിത്തം കഴിഞ്ഞാൽ തനിക്കൊപ്പം ജീവിക്കണമെന്ന് ആഗ്രഹിയ്ക്കുന്നുവെന്ന് പറയാൻ‘
ഞാന്‍ ശരം വിട്ടതു പോലെ നടന്നു, അല്ല. ഓടി. ട്യൂഷൻ ക്ലാസ്സിൽ ചെന്ന് ഒന്നു
രണ്ട് ഗ്ലാസ്സ് നിറയെ പച്ചവെള്ളം കുടിച്ചു. എന്നിട്ടും ശരീരമാകമാനം വ്യാപിച്ച
വേവുന്ന ചൂട് തണുത്തില്ല. അന്ന് പഠിപ്പിച്ച
യാതൊന്നും തന്നെ എനിക്ക് മനസ്സിലായില്ല.
ഈ ആൺകുട്ടികൾക്ക് വേറെ ഒരു ജോലിയുമില്ലേ? ഒപ്പം ജീവിയ്ക്കാൻ നടക്കുന്നു!
എനിക്ക് ഒപ്പം ജീവിക്കുക എന്നു കേൾക്കുന്നതേ പേടിയാണ്.
പഠിച്ച് നല്ലൊരു ജോലി വാങ്ങി അമ്മയെയും കൊണ്ട് വേറെ ഏതെങ്കിലും ഒരു നാട്ടിൽ പോയി
താമസിയ്ക്കണമെന്നാണ് എന്റെ ആഗ്രഹം. പത്മരാജന്റെ
ഒരു സിനിമയിലെപ്പോലെ ദൂരെ ദൂരെ
സേഫായ ഒരു സ്ഥലത്ത്…………ആ നാട്ടിൽ ഞാനും അമ്മയും കൂടി ഭയമില്ലാതെ കളിച്ചു ചിരിച്ച് തമാശയൊക്കെ
പറഞ്ഞ് സന്തോഷമായി ജീവിയ്ക്കും. നല്ല ഭക്ഷണമുണ്ടാക്കി ആഹ്ലാദത്തോടെ കഴിയ്ക്കും, പ്ലേറ്റുകൾ വലിച്ചെറിയാൻ ആരും വരാത്ത
ഒരിടത്തായിരിയ്ക്കും ആ ഊണുമുറി. ഇഷ്ടപ്പെട്ട പാട്ടുകൾ കേട്ട്, അമ്മ പറയുന്ന കഥകൾ ശ്രദ്ധിച്ച്, കൈകാലുകള്‍ കൊണ്ട് കലഹിക്കാന്‍ ആരും വരാത്ത ഒരിടത്തായിരിയ്ക്കും ആ കിടപ്പുമുറി.
മുതിര്‍ന്നു വരുന്തോറും അച്ഛനും അമ്മയും തമ്മിലൂള്ള കലഹങ്ങള്‍ എനിക്ക് താങ്ങാവുന്നതിനപ്പുറമായിത്തീര്‍ന്നു
കഴിഞ്ഞിരുന്നു. എന്തുകാരണമായാലും അച്ഛന് അമ്മയോട് ശാരീരികമായി കലഹിക്കുന്നത് എനിക്കൊരിക്കലും ക്ഷമിക്കാന്‍ സാധിച്ചില്ല.
നാളെ അയാളെ കണ്ടാൽ മുഖത്ത് നോക്കി ഉറപ്പിച്ച്
പറയും. പോയി പണി നോക്കാൻ, ഒരുത്തൻ ഇഷ്ടപ്പെടാനും ഒപ്പം
ജീവിയ്ക്കാനും ഇറങ്ങിയിരിയ്ക്കുന്നു!
എങ്കിലും രാത്രി വളരെ വൈകുന്നതു വരെ നീല ഡയലുള്ള വാച്ച് കെട്ടിയ കൈത്തണ്ട മനസ്സിനെ
ശല്യം ചെയ്തു കൊണ്ടിരുന്നു.
പിറ്റേന്ന് ക്ലാസ്സിൽ ചെന്നപ്പോൾ അനു ഒരു
കള്ളച്ചിരിയുമായി അടുത്ത് വന്നു.
‘ഇന്നലെ
നിന്നെ കല്യാണം കഴിയ്ക്കാനൊരാളു വന്നെന്ന് കേട്ടല്ലോ.’
നല്ല ഗൌരവത്തിൽ അവളുടെ മുഖത്ത് തറപ്പിച്ചു
നോക്കി.അവൾ യാതൊരു ഭാവഭേദവുമില്ലാതെ പിന്നെയും ചിരിച്ചു.
‘നീ എന്നെ
നോക്കി പേടിപ്പിയ്ക്കണ്ട, പാവം! അയാൾ
എന്റെ നെയ്ബറാണ്. എത്ര കാലമായി നിന്നെ സ്വപ്നം
കാണുന്നുവെന്നറിയാമോ? ഇന്നലെ അങ്ങു തുറന്നു പറഞ്ഞു പോയി. അത്രയേയുള്ളൂ.‘
‘എനിയ്ക്ക്
കേൾക്കണ്ട‘ നല്ല
കടുപ്പത്തിലാണ് മറുപടി പറഞ്ഞത്.
പെട്ടെന്ന് അനുവിന്റെ മുഖം കർക്കശമായി.
‘നീ
കേൾക്കണം. കേട്ടേ തീരു. എടീ കഴുതേ, ഈ ലോകത്തിലെ വീടുകളെല്ലാം നിന്റെ വീടു പോലെയാണോ?
ഒരിക്കലുമല്ല. സ്നേഹവും മര്യാദയും ദയയും ഒക്കെ വീട്ടിലും ധാരാളാമായി
പ്രകടിപ്പിക്കുന്ന സാധാരണ മനുഷ്യരും പിറന്നിട്ടുണ്ട്
ഈ ഭൂമിയില്‍. അയാൾ അങ്ങനൊരു മനുഷ്യനാണ്.’
ഒന്നും പറയാൻ തോന്നിയില്ല.
‘അയാൾക്ക്
ഒരു ജോലി കിട്ടട്ടെ, അയാളുടെ അമ്മ നിന്റെ വീട്ടിൽ വരും. നിന്റെ പനങ്കുലത്തലമുടി കണ്ട് ആ പാവം
ചെറുക്കന്റെ ഞരമ്പുകളൊക്കെ തളർന്ന് പോയിരിയ്ക്കാണ്. അപ്പോഴാണ് അവളുടെ ഒരു ഗമ.
ഞാനയാളെ പ്രേമിച്ചേനെ, പണ്ടേ. അതിനയാൾക്ക് എന്നോട് പ്രേമം വരില്ല. ഫ്രോക്കിട്ട് നടന്ന കാലം മുതൽ
അറിയണത് കൊണ്ട് അയാൾക്ക് എന്നോട് വാത്സല്യാത്രെ, പ്രേമം നഹി. നിന്നെപ്പോലെ ഒരു അരസികയെയാണ്
അയാൾക്കിഷ്ടം.’
ഇതൊക്കെ കേൾക്കാൻ രസമുണ്ട്. സങ്കല്പ്പിക്കാന് സുഖമുണ്ട്. അതു മതി. കൂടുതൽ ഒന്നും ആവശ്യമില്ല.
എങ്കിലും എന്നും വൈകുന്നേരം
മൈതാനത്തിലെത്തുമ്പോഴേയ്ക്കും കണ്ണുകൾ അയാളെ തേടുവാൻ തുടങ്ങി. നേരത്തെ കണ്ടു
കഴിഞ്ഞാൽ കാണാത്ത ഭാവത്തിൽ പോകുകയുമാകാമല്ലോ.എന്നിലെ ആ കള്ളത്തരം എന്നെ അമ്പരപ്പിക്കാതിരുന്നില്ല. പരസ്പരം കാണുന്ന നിമിഷത്തിൽ ഞാന്‍ ഒരു
കുറ്റവാളിയെപ്പോലെ മുഖം കുനിയ്ക്കുകയോ കണ്ണുകൾ പിൻ വലിയ്ക്കുകയോ ചെയ്തു പോന്നു.
പതുക്കെ പതുക്കെ പരിഭ്രമം കുറഞ്ഞു
കൊണ്ടിരുന്നു. ഒരു ദിവസം കണ്ണുകൾ കൂട്ടി മുട്ടിയപ്പോൾ ഞാന്‍ എന്നെ അറിയാതെ ചിരിച്ചു പോയി . ആ നിമിഷത്തിൽ അയാളുടെ കണ്ണുകൾ
പ്രകാശിച്ചു. അത്രയും തിളക്കമുള്ള ഒരു മന്ദഹാസം ഞാന്‍ അന്നു വരെ കണ്ടിരുന്നില്ല.
വിസ്മയത്തില്‍ എന്റെ കണ്ണുകൾ മിഴിഞ്ഞ് വിടർന്നു.
അയാൾ അടുത്ത് വന്നു പറഞ്ഞു.
‘ഓ, ഒന്നു ചിരിച്ചുവല്ലോ. ഭാഗ്യം!‘
അത് പതിവായി, ഒരു ചെറിയ ചിരി. അപ്പോൾ ആ കണ്ണുകളിൽ പരക്കുന്ന ദീപ്തി ……… എനിക്ക് നിഗൂഢമായ ആഹ്ലാദം തോന്നുവാൻ തുടങ്ങി. എന്റെ മണിക്കൂറുകളിൽ നെറ്റിയിലേക്ക് മുടി വീണു കിടക്കുന്ന അയാളുടെ മുഖം സ്ഥാനം പിടിച്ചു.
ലോകം ഞാന്‍ കരുതിയിരുന്നത്രയും നിറം കെട്ടതല്ല. പ്രഭാതത്തിന് അമ്മയുടെ കലങ്ങിയ
കണ്ണിന്റേതല്ലാത്ത ഒരു ചുവപ്പ് നിറമുണ്ട്, കിളികളുടെ പാട്ടിന് തേങ്ങലിന്റേതു
മാത്രമല്ലാത്ത ഒരു ഈണമുണ്ട്,
ജനല്‍ കര്ട്ടന്
തട്ടിത്തെറിപ്പിക്കുന്ന കാറ്റിനു പൂക്കളൂടെ
സുഗന്ധമുണ്ട്. ഓങ്ങിവരുന്ന കൈയിനും കൂടി അപരിചിതമായ ഒരു മൃദുലതയുണ്ട്, നിലാവിന്
കണ്ണീരിന്റെ തിളക്കത്തിലും വെള്ളിച്ചായം പുരട്ടുവാൻ കഴിയും…….
ഉറങ്ങാൻ
തുടങ്ങുമ്പോൾ ഞാന്‍ തലയിണയോട് മന്ത്രിച്ചു, ‘ ഞാൻ ഉറങ്ങീ…..നീയോ? പഠിച്ചതു
മതി,
ഇനി ഉറങ്ങിക്കോളൂ...ഇല്ലെങ്കില്‍ ക്ഷീണമാവും..’
പിന്നെപ്പിന്നെ
എനിക്ക് മനസ്സിലായി, ഞാന്‍ അയാളോട് ഒരുപാട് സംസാരിയ്ക്കുന്നുണ്ടെന്ന്. ആരും കാണാതെ, ആരും കേൾക്കാതെ,
മറ്റാർക്കും
മനസ്സിലാവാത്ത ഭാഷയിൽ അയാളോടു മാത്രമായി …….ഞാന്‍ ആരും കാണാതെ
ചിരിച്ചു, കരഞ്ഞു, ചിലപ്പോൾ നാണിച്ചു….മടിച്ചു മടിച്ച് വിരൽ നീട്ടി അയാളെ
തൊട്ടു. കുളിമുറിയിൽ നിൽക്കുമ്പോൾ മാറു മറയും വിധം തോർത്തുടുത്തു. എന്നിട്ടും അയ്യേ! എന്ന് എന്നോടു തന്നെപലകുറി
മന്ത്രിച്ചു. എല്ലായ്പോഴും അയാൾ അരികിലുണ്ടെന്ന
തോന്നലിൽ തനിച്ച്, എന്ന ഭീതിയും ആകുലതയും, എന്നിൽ നിന്നൂർന്നു പോയി. അന്നുവരെ എനിക്കപരിചിതമായിരുന്ന ഒരു മധുരമുള്ള
ലജ്ജ എത്ര ശ്രമിച്ചാലും ഊരി മാറ്റാനാവാത്ത നനുത്ത കുപ്പായമായി എന്നെ പൊതിഞ്ഞു.
മനസ്സ് ഓളം
വെട്ടിയപ്പോഴും ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. ചന്ദ്രനിൽ നിന്നിറങ്ങി വരുന്ന രാജകുമാരനെക്കുറിച്ച് , രാജകുമാരന് കാണിയ്ക്കുന്ന സുന്ദരസ്വപ്നങ്ങളെക്കുറിച്ച്, ലോകത്തിന് പെട്ടെന്ന് മഴവിൽ വർണ്ണം
പകർന്നതിനെക്കുറിച്ച്….
ഭയമുണ്ടായിരുന്നു, ഉള്ളിൽ. രാജകുമാരൻ വന്നതു പോലെ പ്രകാശ വീചികളുടെ തേരിൽ ഒന്നും പറയാതെ
തിരിച്ചു പോയാലോ. വീണ്ടും തനിച്ചായിപ്പോയാലോ..ഈ അരുമയുള്ള ആനന്ദം തൽക്കാലം ആരോടും പറയേണ്ട..
പരീക്ഷാക്കാലം
ആരംഭിക്കുകയായിരുന്നു. കോളേജില്‍
ഓട്ടോഗ്രാഫുകള്‍ കണ്ണീര്‍പ്പുഴകളില്‍ നീന്തുന്നുണ്ടായിരുന്നു. ദീര്‍ഘനിശ്വാസങ്ങളും
ശോകഗാനങ്ങളും കോളേജിനെ നീലിമയോലുന്ന വിഷാദത്തിലാഴ്ത്തിയിരുന്നു.
അവസാനത്തെ
ക്ലാസ്സിന്റെ ദിവസം ... അന്ന് അയാള്‍ എന്റൊപ്പം മൈതാനത്തിലൂടെ നടക്കുവാന്‍ തയാറായി... കുറെ കുട്ടികള്‍
പന്തുകളിക്കുന്നുണ്ടായിരുന്നു. തുമ്പികളും പല വര്‍ണങ്ങളുള്ള ചിത്രശലഭങ്ങളും പാറിപ്പറക്കുന്നുണ്ടായിരുന്നു.
അവര്‍ക്കെല്ലാമിടയിലൂടെ ഞങ്ങള്‍ ഒന്നിച്ചു നടന്നു.
അടുത്ത
ദിവസം ബാംഗളൂരില്‍ ട്രെയിനിംഗിനു
പോകുന്നതിനെപ്പറ്റിയും ജോലിയില്‍
പ്രവേശിച്ചു കഴിഞ്ഞാല്‍ ഏറ്റവും പെട്ടെന്ന് എന്നെ സ്വന്തമാക്കുമെന്നതിനെപ്പറ്റിയും ...
ഒക്കെ അയാള്‍ സംസാരിച്ചു. ഒട്ടും
ചാപല്യമില്ലാതെ.. പ്ലാന്‍ വരച്ച് ഒരു
കെട്ടിടത്തെപ്പറ്റി വിശദീകരിക്കുന്ന സൂക്ഷ്മതയോടെ..
ഞാന്‍ ഒന്നും
പറഞ്ഞില്ല. ആ ആഗ്രഹത്തിന്റെ തീക്ഷ്ണതയും
വാക്കുകളിലെ സത്യസന്ധതയുമൊന്നും അപ്പോഴെനിക്ക്
കൃത്യമായി വെളിവായിരുന്നില്ല. പതിനേഴു വയസ്സ് ജീവിതത്തേയോ മനുഷ്യരേയോ
തിരിച്ചറിയാനുള്ള ബുദ്ധിയോ
വിവരമോ പക്വതയോ ഇല്ലാത്ത പ്രായമാണ്.
ഞാന്‍ ട്യൂഷന് ക്ലാസ്സിന്റെ ഗേറ്റു കടക്കുമ്പോള്‍ അയാള്‍ റോഡിനപ്പുറത്ത്
നിന്ന് കൈവീശി. ഞാന്‍ ചിരിച്ചു. ഒരു നിമിഷം എന്നെ ഉള്ളിലേക്ക് വലിച്ചെടുക്കുന്നതു പോലെ നോക്കി നിന്നിട്ട് അയാള്‍ തിരിഞ്ഞു നടന്നു.
ഇപ്പോഴും എനിക്കതെല്ലാം ഓര്‍മ്മയുണ്ട്...
തല ഉയര്‍ത്തിപ്പിടിച്ചുള്ള ആ നടത്തം.. വെളുപ്പില്‍ ചെമ്പും ഇളം നീലയും വരകളുള്ള ഷര്‍ട്ട്..
സ്റ്റഡി
ലീവിന്റെ എട്ടാമത്തെ ദിവസമായിരുന്നു.
അതിരാവിലെയാണ്
അനു ഫോണ്‍ ചെയ്തത്. ഭാഗ്യത്തിനു ഞാന്‍
മാത്രമേ ഉണര്‍ന്നിരുന്നുള്ളൂ.
അനുവിന്റെ ശബ്ദം മാത്രമല്ല അവള്
തന്നെയും മരിച്ചു പോയിരുന്നു...
എന്നോടത് പറയുമ്പോള്‍ ...
വെറും ഒരപകടം
മാത്രമായിരുന്നു... വന്‍ നഗരങ്ങളിലെ നിരത്തുകളില്‍ സാധാരണ സംഭവിക്കുന്ന ഒന്ന്..
ഞാന്‍ കണ്ണുകള്‍ മുറുക്കിയടച്ച് വായ് പൊത്തിപ്പിടിച്ച് കുളിമുറിയിലേക്ക് ഓടി... ഷവര്‍ തുറന്നു വിട്ടു... ഒരു കട്ട സോപ്പ്
മുഴുവന്‍ അലിഞ്ഞു തീരുവോളം
കുളിച്ചു..
പിന്നെ
എനിക്ക് ഒന്നും പഠിക്കാന്‍ കഴിഞ്ഞില്ല... ഞാന്‍ മെഡിസിനു പഠിക്കണമെന്ന അമ്മയുടെ ആശയും എന്റെ
അധ്യാപകരുടെ പ്രതീക്ഷയും ഒന്നും ഞാന്‍ നിറവേറ്റിയില്ല... അപ്പോള്‍ മാത്രമല്ല, പിന്നീടൊരിക്കലും.
ഏഴെട്ടു
മാസങ്ങള്‍ കടന്നു പോയിരിക്കും.
ഒരു ദിവസം അപ്രതീക്ഷിതമായി അനു ഫോണ്‍ ചെയ്തു...
അവള് അതിനകം എന്‍ട്രന്‍സ് പരീക്ഷ എഴുതുകയും
മെഡിക്കല്‍ കോളേജില്‍ ചേരുകയും ചെയ്തിരുന്നു. അവള് കൂടുതല്‍ തിരക്കുകളിലേക്ക്
കൂപ്പുകുത്തിയതുകൊണ്ട് ഞങ്ങള്‍ തമ്മില്‍
അങ്ങനെ കാണാറൂണ്ടായിരുന്നില്ല, സംസാരിക്കാറൂണ്ടായിരുന്നില്ല.
പിറ്റേന്നു ഒരു പതിനൊന്നു മണിയോടെ അനു അയാളുടെ അമ്മയേയും കൂട്ടിക്കൊണ്ട് വീട്ടിലെത്തി. വീട്ടില്‍ ഞാന്‍ മാത്രമേ
ഉണ്ടായിരുന്നുള്ളൂ.
അവര്‍ ഒന്നും
പറഞ്ഞില്ല. കണ്ണിമയ്ക്കാതെ എന്നെ നോക്കിക്കൊണ്ടിരുന്നു. ഞാനും ഒന്നും പറഞ്ഞില്ല. അവര്‍ക്ക് തനിച്ചു താമസിക്കാന്‍ വയ്യാത്തതുകൊണ്ട് ബോംബെയിലുള്ള
ജ്യേഷ്ഠത്തിയ്ക്കൊപ്പം താമസിക്കാന്‍ തീരുമാനിച്ചുവെന്ന് ഒടുവില്‍ അനു എന്നോട്
വെളിപ്പെടുത്തി. അവര്‍ അപ്പോഴും
ഒന്നും പറഞ്ഞില്ല. അത് സമ്മതിക്കുകയോ
നിഷേധിക്കുകയോ ചെയ്തില്ല.
49 comments:
ഫേസ് ബുക്കിലെ കുറിഞ്ഞിപ്പൂക്കള്‍ക്ക്... ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.. അവരുമായി അടുത്തില്ലായിരുന്നുവെങ്കില്‍ ഞാനിത് എഴുതുമായിരുന്നില്ല..
എച്ച്മൂ.... ഞാനൊന്ന് ഹഗ്ഗട്ടെ.....
naaan karanju....heera
T o u c h i n g .....
No other words.
എന്നാലും ഇതൊരു കൊലച്ചതി ആയിപ്പോയി. കഥ മുക്കാലും വായിച്ചപ്പോൽ അവനെങ്ങാനും വിവാഹം ചെഹ്യ്തിലെങ്കിൽ വണ്ടി വിളിച്ച് വാവന്റെ വീട്ടിൽ പോയി തല്ലിയേനേ എന്ന് കമന്റണം എന്ന് വിചാരിച്ചതായിരുന്നു.
ഈ കൊച്ചിൻ നേരെ ചൊവ്വെ കഥ അവസാനിപ്പിച്ചു കൂടെ വെറുതെ മനുഷ്യനെ വിഷമിപ്പിക്കാൻ
മനസ്സിനെ വല്ലാതെ സ്പർശിക്കുന്നു ഈ ഓർമ്മയെഴുത്ത്..... മനോഹരമായ ഒരു ചെറുകഥയുടെ ക്രാഫ്റ്റിലൂടെ ഓർമ്മകൾ വിവരിച്ചപ്പോൾ ഇതൊരു ചെറുകഥയാണോ എന്ന് ശങ്കിച്ചുപോയി ....
ചേച്ചീ.. ഒന്നും പറയാന്‍ വാക്കുകളില്ല.. :(
കഥകള്‍ അനുഭവത്തെ പോലെ മനസ്സ് തൊടുകയില്ല .. :(
വായിച്ചു
മനം നിറഞ്ഞ മൌനം മാത്രം
പിന്നെ വാത്സല്യത്തോടെ നെറുകയില്‍ ഒരു തലോടല്‍.
അതാണെന്റെ പ്രതികരണം!
നീ കേൾക്കണം. കേട്ടേ തീരു. എടീ കഴുതേ, ഈ ലോകത്തിലെ വീടുകളെല്ലാം നിന്റെ വീടു പോലെയാണോ?
സുഖമുള്ള കഥപോലെ ഓര്‍മ്മകള്‍.
ഇവിടെ വന്നു ഇതുപോലെ ഓരോന്ന് വായിച്ചിട്ട് വിചാരിക്കും ഇനി വിഷമിപ്പിക്കുന്ന കഥകള്‍ വായിക്കാന്‍ ഇങ്ങോട്ട് വരണ്ടാന്നു. പക്ഷെ ഓരോ പ്രാവശ്യവും ഇങ്ങോട്ട് വലിച്ചുകൊണ്ടുവന്നു ഇത് വായിക്കൂ ചെക്കാ.. എന്നുള്ള ആ എഴുത്തിലുള്ള കാന്തികപ്രഭാവം അതുകൊണ്ടാ അറിയാതെ വന്നു പോകുന്നത്. നമിക്കുന്നു. വീണ്ടും നമിക്കുന്നു.
ഞാൻ അജിത്തിനെ കടം കൊള്ളുന്നു....വായിച്ചു
മനം നിറഞ്ഞ മൌനം മാത്രം
പിന്നെ വാത്സല്യത്തോടെ നെറുകയില്‍ ഒരു തലോടല്‍.
അതാണെന്റെ പ്രതികരണം!
എച്ച്മൂ ..................
നന്നായി എച്ച്മൂ.. ഏതാനും വരികളിലൊതുക്കിയ ഒരു കുറിപ്പില്‍ നിന്നും കൂടുതലായി അത് വായിക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചതാണ്. ഇഷ്ടം, ഇഷ്ടം..
എച്ച്മൂവോടുലകം ഈസ് റിയലി ടച്ചിംഗ്.
ഹൃദയം തകർത്തു ............................
ഒന്നും പറയാനില്ല ...............
മൗനം മാത്രം..................
Ishtamai echmu
എച്മു..
വളരെ പിശുക്കി എന്റെ ഒരു കവിതയ്ക്ക് കമന്റ് ആയി ഒരിക്കല്‍ എന്തോ പറഞ്ഞിരുന്നു. ഇപ്പോള്‍ വിശദമായ ഈ ഓര്‍മ്മക്കുറിപ്പ്..
ഒന്നും പറയാനാവുന്നില്ല. ചില ഓര്‍മ്മകള്‍ ഒരിക്കലും മങ്ങുന്നില്ല.ഷര്‍ട്ടിലെ വരകളും കണ്ണിലെ തിളക്കവും സഹിതം..ഒന്നും മാഞ്ഞുപോവുകയില്ല..
ഭോലയുടെ ഓണം പോലെ മനസ്സിൽ തട്ടിയ മറ്റൊന്ന്... വെറുമൊരു പൈങ്കിളി കഥ മാത്രമാകുമായിരുന്ന ഈ നൂലിഴ കൊണ്ട് ഹൃദയത്തിന്റെ ഉള്ളറകളിലെവിടെയോ തീരാ നൊമ്പരം അവശേഷിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു...
അജിത്ഭായിയുടെ മൌനത്തിൽ ഞാനും പങ്ക് ചേരുന്നു... ഈ തൂലിക ഇനിയും ചലിച്ചുകൊണ്ടേയിരിക്കട്ടെ...
ഹൃദ്യം ...അവസാനം സങ്കടമാക്കിക്കളഞ്ഞല്ലോ
എന്താ ഇപ്പോൾ പറയുക... ! പ്രണയ ദിനം തന്നെ വായിക്കാൻ തോന്നിയ ഈ നല്ല എഴുത്തിനെ പറ്റി !
സ്നേഹത്തോടെ......
വായിച്ചു........
..........
ദുഃഖം മാത്രമല്ല, പ്രണയവും ഉള്ളിൽ തട്ടി, ഉള്ളിൽ തട്ടുന്ന പോലെ എഴുതാനറിയാം എച്ചുമുക്ക്...
ഹൃദയസ്പര്‍ശിയായിരിക്കുന്നു ഈ എഴുത്ത്...
പിന്നെ വാത്സല്യത്തോടെ...
നല്ലതുവരുവാനായി നേരുന്നു.
!! GREAT !!
Something beyond Words . . . .
അന്നുവരെ എനിക്കപരിചിതമായിരുന്ന ഒരു മധുരമുള്ള ലജ്ജ എത്ര ശ്രമിച്ചാലും ഊരി മാറ്റാനാവാത്ത നനുത്ത കുപ്പായമായി എന്നെ പൊതിഞ്ഞു.
ee pranaya dinathil poovittu kaaycha oru pranayam aakum ennu karuthi.
pakshe...Echmu...kannu nanayichu..
രസായിരിക്കുന്നു
..........
ഒരു നെടുവീർപ്പോടെ വായിച്ച് നിർത്തി.. മനസിനുള്ളിലേക്കിറങ്ങിചെന്ന് വിങ്ങലുണ്ടാക്കുന്നു.. നന്നായി അവതരിപ്പിച്ചു.
എച്ച്മൂ....
കണ്ണീര്മൂടി മുഴുവന്‍ വായിക്കുവാനാകാതെ രണ്ടുതവണ ഞാന്‍ മടങ്ങി..എച്മുന്റെ കൂട്ടുകാരിയെപ്പോലെ പാതി ചോര്‍ന്ന ജീവനുമായ് ഇതേപോലൊരു വാര്‍ത്ത എനിക്കും പറയേണ്ടി വന്നിട്ടുണ്ട്..അന്നവളുടെ തണുത്ത വിരലുകളില്‍ നേര്‍ത് നേര്‍ത് പിടഞ്ഞ ജീവന് എനിക്കിപ്പോഴും അനുഭവപ്പെടുന്നു..
നല്ലൊരു വായന സമ്മാനിച്ച് തന്നു...ആശംസകള്‍
ഒരു hug പൊസ്റ്റ്ന്റെ പേരിൽ ഞാൻ കേട്ട പഴികൾക്ക് ഉത്തരം !!!..... creative mind അത് എങ്ങനെ interpret ചെയ്യുന്നു എന്ന് ഇതിലും കൂടുതൽ പറയാൻ ആവില്ലെനിക്ക് !! Luv Echmu Kutty Hugs !!! I mean it....
sincere congrats for the sincere narration.
ജീവിതം ബാക്കി വെക്കുന്നതു, ഇത്തരം ഓര്‍മ്മകള്‍ അയവിറക്കാനാണെന്നു തോന്നുന്നു
എന്താ പറയേണ്ടതെന്നറിയില്ല, ചേച്ചീ.
ഓര്‍മ്മകള്‍ മിഴിവോടെ അവതരിപ്പിച്ചിരിയ്ക്കുന്നു, നനഞ്ഞ കണ്ണുകളോടെ, ജീവിതം പലപ്പോഴും ഇങ്ങനെയൊക്കെയാണല്ലോ എന്ന തിരിച്ചറിവോടെ വായിച്ചു തീര്‍ത്തു.
വേറൊന്നും പറയാനാകുന്നില്ല.
ഈ സംഭവം എഴുതാതിരുന്നെങ്കില്‍, വായിയ്ക്കാതെ പോയെങ്കില്‍ നഷ്ടമായേനെ.
വായിച്ചു,, ശരിക്കും കരച്ചിൽ വന്നു,,,
മനോഹരമായി എഴുതി. എല്ലാ കഥകളിലെയും പോലെ മരണം എന്നൊരു cliche വേണമായിരുന്നോ അവസാനം? തുടക്കത്തിൽ ഒരുപാടു പ്രതീക്ഷകൾ നല്‍കിയെങ്കിലും അവസാനം അല്പം നിരാശപ്പെടുത്തി. എഴുത്തിന്റെ ഭംഗി കൊണ്ട് പ്രമേയത്തിന്റെ സാധാരണത്വം ഒരു വലിയ പ്രശ്നമായി തോന്നിയില്ല.
കുറേ നേരമായി എന്തെഴുതണം എന്നറിയാതെ ഇരിക്കുന്നു...
പോട്ടെ.. പിന്നെ വരാം...
ഇത് വെറുമൊരു കഥയാണോ? അവസാന ഭാഗം എന്റെ ജീവിതത്തില്‍ നടന്ന സംഭവം ആണ്. ആ അമ്മ എന്റെ കയ്യുകള്‍ പിടിച്ചു മൌനമായി ഇരുന്നില്ല -കെട്ടിപ്പിടിച്ചു അലറിക്കരഞ്ഞു :(
ezutthinte shaili... bhasaha ,,,
asooyaavahamaaya avatharanam..........
vayanayil layichirunnu poyi,,,,,
,,, ente mizhikalum nirayunnu,,,:(
valare manoharamaaya ezutthu,,, ashamsakal
എന്താ പറയ്യാ.....:(
നന്നായി ഫീൽ ചെയ്തു...
അനുഭവമായിരുന്നുവോ എച്മു...?
എച്ച്മുക്കുട്ടീ...
വളരെ വളരെ നന്നായി എഴുതിയിരിക്കുന്നു.ഓര്മയായാലും കഥയായാലും മറ്റാരുടെയെങ്കിലും അനുഭവമായാലും എന്തായാലും.അതെഴുതിയ ഭാഷയില്‍ വിളക്കു കാണിക്കാന്‍ നക്ഷത്രങ്ങള്‍ മത്സരിക്കുന്നത് എനിക്ക് കാണാം.
സ്നേഹത്തോടെ,
സുസ്മേഷ്.
ഈ വിങ്ങുന്ന വേദനയിലൂടെ കടന്നു പോയ എല്ലാവരോടും സ്നേഹം...
ഒരു സുഖമുള്ള പ്രണയത്തിന്റെ ഓര്‍മ്മയില്‍ പിന്നീട് എന്ത് സംഭവിച്ചാലെന്താണ്..?
നേരത്തെ വായിച്ചിരുന്നു..ഒന്നും പറയാന്‍ വാക്കുകളില്ലാതെ പോയി..:(
Post a Comment