കാക്ക ഇല്ലാത്ത ഒരിടമുണ്ടോ ഈ ദുനിയാവിലെന്ന് നമുക്ക് സംശയം തോന്നും. പ്രത്യേകിച്ചും ഒരു മലയാളിക്ക്. ‘ കാക്കേ കാക്കേ കൂടെവിടെ ‘ എന്ന് കുഞ്ഞുവാവ അരിപ്പല്ലു കാട്ടി കൊഞ്ചിച്ചോദിക്കുന്നതു മുതല്‍ ബലിച്ചോറു കൊടുത്ത് ഈ ഭൂമിയില്‍ നിന്നൊരു ആത്മാവിനെ യാത്രയയക്കും വരെ കാക്ക ഒപ്പമുണ്ടാകുന്നു. നമ്മുടെ ജീവിതവുമായി ഇത്ര നിരന്തരമായ ബന്ധം പക്ഷികളില്‍ കാക്ക മാത്രമേ വെച്ചു പുലര്ത്തുന്നുള്ളൂ. ആ നിലയ്ക്ക് പുസ്തകത്തിന്റെ തലക്കെട്ട് മനുഷ്യജീവിതത്തിന്റെ തന്നെ ആകെത്തുകയായി മാറുന്ന ഒരു പരാമര്‍ശമായിത്തീരുന്നു.
പ്രശസ്ത എഴുത്തുകാരന് കെ പി രാമനുണ്ണി അവതാരിക എഴുതിയ ഈ പുസ്തകത്തെപ്പറ്റി യഥാര്‍ഥത്തില്‍
കൂടുതല്‍ പരിചയപ്പെടുത്തലൊന്നും
ആവശ്യമില്ല. കാരണം
പുസ്തകമെന്താണെന്ന് അദ്ദേഹം
തന്നെ വളരെ വ്യക്തമാക്കി
വിശദീകരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ
വായനക്കാരി എന്ന നിലയില്‍ ആസ്വാദകപക്ഷത്തു നിന്ന് നടത്തുന്ന ഒരു ചെറിയ പരിശ്രമം
മാത്രമാണീ കുറിപ്പ്. എല്ലാറ്റിനെപ്പറ്റിയും
എടുത്ത് പറഞ്ഞ് ആസ്വാദനം വായിച്ചാല്‍ മതി, സിനിമ കാണേണ്ടതില്ല എന്ന നിലയിലുള്ള
ഒരു വിശദീകരണം ഈ കുറിപ്പിലില്ല. പുസ്തകത്തിലെ ചില കഥകള്‍
മാത്രം എന്റെ കണ്ണിലൂടെ.. ബാക്കി കഥകള്‍ വായനക്കാരുടെ കണ്ണിലൂടെ തന്നെയാവണം.. പൂസ്തകം
തരുന്ന ഊര്‍ജ്ജം വലിച്ചെടുക്കാന്‍ വായനക്കാരോരുത്തരും ബാധ്യസ്ഥരാണല്ലോ ...
ജീവിതത്തിന്റെ ബാന്‍ഡ് വിഡ്ത്തില്‍ ഒരു കാക്ക
എന്ന പേരില്‍ എഴുതപ്പെട്ടിട്ടുള്ള ഒരു കഥയുണ്ട്
ഈ സമാഹാരത്തില്‍. ബന്ധങ്ങളിലെ ഇഴയടുപ്പം തിരിച്ചറിയാന്‍ പോലും കഴിവില്ലാത്തവരാണ് സാധാരണയായി മനുഷ്യര്‍. അവര്‍ക്കത് ബോധ്യമാകുന്നത് ഒരിക്കലും തിരികെ കിട്ടാത്ത വിധം ബന്ധങ്ങള്‍ നഷ്ടമാകുമ്പോള്‍ മാത്രമാണ്. നഷ്ടമായതിനെ തിരികെ ലഭിക്കുന്നുവെന്ന
പ്രതീതി നേടുവാന്‍ ഏതൊരു അസാധാരണ ബിംബത്തേയും
മനുഷ്യമനസ്സ് കൂട്ടുപിടിക്കും. ഈ
കഥയിലെ കമലമ്മയ്ക്ക് അതൊരു അചേതന വസ്തുവായ റേഡിയോ ആണ്...ഒരു സചേതന സാന്നിധ്യമായ കാക്കയും. പ്രത്യേകിച്ച്
വാര്‍ദ്ധക്യത്തിന്റെ ഒറ്റപ്പെടല്‍ കൂടി ചിത്രീകരിക്കുമ്പോള്‍...കാക്കയില്‍ മരിച്ചവരുടെ സാന്നിധ്യം ആരോപിക്കുന്നത്
നമ്മുടെ സംസ്ക്കാരവുമാണ്. ഇത്ര
വിശദമാക്കാതെ പറയാതെ പറഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ സുന്ദരമാകുമായിരുന്നില്ലേ എന്നും രണ്ടാം
വായനയില്‍ സംശയം തോന്നുന്നുണ്ട്. എങ്കിലും ജീവിതം അവരെ കടന്നുപോയവരുടെ ഈ കഥ വായനക്കാരെ
നൊമ്പരപ്പെടുത്തുന്നു . കൈമള്‍
എന്ന ഭര്‍ത്താവും കമലമ്മ എന്ന ഭാര്യയും സ്നേഹത്തിന്റെ പുതിയൊരു ഭാഷ്യം
തീര്‍ക്കുന്നു. മക്കള്‍ അറിയാതെ പോകുന്ന അച്ഛനമ്മമാരെ
വായനക്കാര്‍ തീവ്ര വേദനയോടെ
തിരിച്ചറിയുകയും ചെയ്യുന്നു.
ഹോളോബ്രിക്സില്‍ വാര്‍ത്തെടുത്ത ഒരു ദൈവം എന്ന കഥയില്‍ അല്പം പോലും വിപണനസാധ്യതയില്ലാത്ത വെറും
മനുഷ്യത്വത്തിനെപ്പറ്റിയാണ് കഥാകൃത്ത്
പറയുന്നത്. എന്തുകണ്ടാലും ഒന്നും തോന്നാത്ത കുറെ മനുഷ്യര്‍ ലോകത്തില്‍
നിറഞ്ഞുകൊണ്ടിരിക്കുന്നു. വേച്ചു വേച്ചു നടന്നു പോകുന്ന അമ്മൂമ്മമാരുടെ ഏകാന്തമായ
ലോകം... ജീവിതത്തിന്റെ അവസാനകാലത്തെത്തി നില്ക്കുന്ന അവരെയും തങ്ങളുടെ ബിസിനസ് വലുതാക്കാന്‍ എങ്ങനെ ഉപയോഗിക്കാമെന്ന് അന്വേഷിക്കുന്ന വര്‍ത്തമാനകാലത്തിന്റെ കൊടും ക്രൂരതകളോടും നൃശംസതകളോടും ഇടപെടേണ്ടി വരുമ്പോള്‍ ഈ കഥയും
ഇതിലെ കഥാപാത്രങ്ങളും മിഴിവോടെ മനസ്സില്‍ തെളിയുകയും നന്മയുടെ ഒരു
തിരിവട്ടമെങ്കിലും ഉള്ളിലുണ്ടാവണമെന്ന് നമ്മോട് ആവശ്യപ്പെടുകയും ചെയ്യുന്നു. മാലാഖ
പോലെയുള്ള നഴ്സിന്റെ തെളിമയുള്ള ചിത്രീകരണം നന്മകൊണ്ടു മാത്രമേ തിന്മയെ
ജയിക്കാനാവൂ എന്ന കഥാകൃത്തിന്റെ വിശ്വാസമായും വായിക്കാം.
ഒരു എക്സ് റേ
മെഷീന്റെ ആത്മഗതമെന്ന് പേരിട്ട കഥയിലെ
യന്തിരന് പേച്ചായി കുഞ്ഞിന്റെ കഷ്ടപ്പാടാണ് തെളിഞ്ഞു വരുന്നത്. മനുഷ്യരുടെ നെഞ്ചിന് കൂടും നിശ്വാസങ്ങളുമെല്ലാം ചേര്‍ന്നു നില്ക്കുന്ന ഒരു എക്സ് റെ മെഷീന് മനുഷ്യരെപ്പറ്റിയും ആധികാരികമായി
പറയുവാനായേക്കും. ഒത്തിരി ഗവേഷണങ്ങള്‍ ഒക്കെ ചെയ്ത് മെഷീനുകള്‍ക്ക് ബുദ്ധിയും
വികാരങ്ങളുമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട് ശാസ്ത്രജ്ഞന്മാര് പലരും. യഥാര്‍ഥത്തില്‍ മനുഷ്യര്‍ക്ക് മറ്റു മനുഷ്യരേയോ മനുഷ്യകുഞ്ഞുങ്ങളെപ്പോലുമോ ആവശ്യമേയില്ല എന്നു തോന്നും ചിലരെ കാണുമ്പോള്‍ ... അവര്‍ക്ക്
പറ്റിപ്പോയ ഒരു ശാരീരിക അബദ്ധം
മാത്രമായിരുന്നു കുഞ്ഞുങ്ങള്‍ എന്നും തോന്നും...പലപ്പോഴും എനിക്ക്
തോന്നിയിട്ടുണ്ട്. ഈ കഥയില്‍ എല്ലാവരുടെ വശവും അവതരിപ്പിക്കപ്പെടുന്നുണ്ട്. എങ്കിലും
കുഞ്ഞിന്റെ നിസ്സഹായതയും അനാഥത്വവും
മനസ്സിനെ വല്ലാതെ സ്പര്‍ശിക്കും. വര്‍ത്തമാനത്തിന്റെ രീതിയില്‍ പ്രത്യേകമായ
ശൈലിയുപയോഗിച്ച് എഴുതിയതുകൊണ്ട് ചിലര്‍ക്കെങ്കിലും
വായന അല്പം ക്ലിഷ്ടമായിത്തോന്നിക്കൂടെന്നില്ല.
നിങ്ങളില്‍
പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ എന്നായിരുന്നു യേശു പറഞ്ഞത്.
അരൂപിയുടെ തിരുവെഴുത്തുകള്‍ വായിക്കുമ്പോള്‍
എന്താണ് പാപമെന്ന് പിന്നെയും പിന്നെയും ആലോചിക്കാന്‍ നമ്മള് നിര്‍ബന്ധിതരാകും.
ഉപബോധമനസ്സില്‍ പോലും സഹായ മനസ്ഥിതി വെച്ചു പുലര്‍ത്തുന്ന മരിയയെപ്പോലെയുള്ള ഒരു
മനസ്സിനുടമ പാപിയാകുന്നതെപ്പോഴാണ്?
വായിച്ചു കഴിയുമ്പോള്‍ ഒരു
പാതിരാകുര്‍ബാനയില്‍ പങ്കെടുത്ത വിശ്വാസിയെ പോലെ മനസ്സിനെ വിമലീകരിക്കുന്നു ഈ കഥ.
തിരുപ്പിറവിയുടെ നന്മയില് അവതരിപ്പിക്കപ്പെടുന്ന കഥയിലെ അന്തരീക്ഷവും വായനക്കാരെ
തൊടാതെ കടന്നുപോവുകയില്ല. ജീവിതത്തിന്റെ
തീക്ഷ്ണ ഗന്ധം കഥയില്‍
പരന്നുകിടക്കുമ്പോഴും പ്രമേയം അത്ര
പുതുമയുള്ളതായില്ല , അവതരണത്തില്‍ അല്പം അതിവാചാലതയും
കടന്നു വന്നു എന്നീ ന്യൂനതകള്‍ കഥയില്‍ കാണുന്നുമുണ്ട്.
ബൂലോഗം.കോം
നടത്തിയ ചെറുകഥാ മല്‍സരത്തില്‍ മികച്ച രണ്ടാമത്തെ കഥയായി തെര
ഞ്ഞെടുക്കപ്പെട്ട ശവംനാറിപ്പൂ വിസ്ഫോടനാത്മകമായ ഒരു
രചനയാണ്. കഥ അക്ഷരങ്ങളിലൂടെ
നിലവിളിക്കുന്നു... ഓരോ വായനയും മനസ്സിനെ
ആഴത്തില്‍ അസ്വസ്ഥമാക്കും. ചിന്തിപ്പിക്കും.
മൂര്‍ച്ചയും കാഠിന്യവുമുള്ള ഒരു സൂചി
കൊണ്ട് കുത്തുന്നതു പോലെ സദാ നൊമ്പരപ്പെടുത്തും. തീവ്രമായ
ആഖ്യാനപരിസരങ്ങളുള്ള ഈ കഥ ഒറ്റ വായനയില്‍ ചിലപ്പോള്‍ വഴങ്ങിത്തന്നില്ലെന്നു വരാം ... അതേസമയം ഒരു രണ്ടാം വായനയ്ക്ക് ആരേയും മോഹാവേശിതരാക്കുകയും അങ്ങനെ
കഥയ്ക്കുള്ളിലേക്ക് ആകര്‍ഷിച്ചടുപ്പിക്കുകയും ചെയ്യും. ചുഴി പോലെ വലിച്ചു താഴ്ത്തുന്ന ഒരു ക്രൌര്യം
ഈ വരികളിലുണ്ട്.. കുളിരണ് കുറിച്ചീ എന്ന
നാടന്‍ ശീല് ഭയാനകമായ ഒരു ആഭിചാരകര്‍മ്മത്തിന്റെ മന്ത്രോച്ചാരണമായി അഗ്നി കൊളുത്തുന്നു. ആദ്യം കാളിയപ്പനായും പിന്നെ
കണ്ണകിയായും.. ഒടുവില്‍ കഥയെ മനസ്സിലേക്ക്
ആവാഹിക്കുന്ന വായനക്കാരനായും..
ആണ് ഞരമ്പ് രോഗികളുടെ വാര്‍ഡില്‍ പത്ത് കട്ടിലുകളാണുള്ളത്. അവയിലെല്ലാം ചെന്ന് വര്‍ത്തമാനം
പറഞ്ഞു വന്നാല്‍ കൊട്ടിഘോഷിക്കപ്പെടുന്ന
മനുഷ്യ ജീവിതം ഇത്രയേ ഉള്ളൂ എന്ന് നമ്മള് തിരിച്ചറിയും. സൂക്ഷ്മമായ
നിരീക്ഷണങ്ങളില്‍ സമ്പന്നമായ വരികള്‍. വായനക്കാരുടെ രക്തസമ്മര്‍ദ്ദമുയരുന്നത് ഒരുപക്ഷെ, രോഗാതുരമായ
സമൂഹത്തിന്റെ അതീവവൈയക്തികമായ
അവസ്ഥകളിലേക്ക് കഥാകൃത്ത് വെളിച്ചമുതിര്‍ക്കുന്നതുകൊണ്ടു കൂടിയാവാം. ഈ ഒരു കഥയില്‍ തുടങ്ങി അനവധി കഥകളായി
വലുതാകുന്ന കഥയാണിത് അല്ലെങ്കില്‍ ഓരോ
കഥയായി വളരുന്ന ഓരോ കട്ടിലുകളുടെ മുറി...
ആ മുറിയുടെ കഥ. നോവലോ തിരക്കഥയോ
മറ്റോ ആയി ജൈവിക വളര്‍ച്ച നേടാന്‍ കഴിയുന്ന
കഥാപാത്രങ്ങളെ ഒരു കഥയില്‍
സമ്മേളിപ്പിക്കുന്നത് എഴുത്തുകാരന്റെ
രചനാ കൈയടക്കത്തെയാണ് സൂചിപ്പിക്കുന്നത്.
ജീവിതത്തില്‍ നിന്നുമുള്ള നിലയ്ക്കാത്ത ചോരയിറ്റലുകള്‍ ഈ ആശുപത്രിക്കട്ടിലുകളില്‍
നമുക്ക് കാണാനാവും.
പഴയ ശീലിലുള്ള ഒരു കഥ പറച്ചിലാണ്
ശവക്കുഴിയിലേക്ക് വഴിക്കണ്ണുമായി എന്ന
കഥയിലുള്ളത്. പ്രതീക്ഷിക്കാന്‍ ഒരു നന്മയും ബാക്കിയില്ലാത്ത അവസാനം. മറ്റൊരാള്‍
മരിക്കുന്നത് ആഗ്രഹിക്കുക, ധനത്തിന്റെ പ്രൌഡി കാണിക്കാനായി ബന്ധങ്ങളുടെ
ജൈവികതയെ വിസ്മരിച്ചുകൊണ്ട് ശവപ്പെട്ടി അയക്കുക, ഒടുവില്‍
അനാഥയും ഏകാകിനിയുമായ സ്ത്രീയെ സംരക്ഷിക്കേണ്ട സ്റ്റേറ്റിന്റെ പ്രതീകമായി വരുന്ന പോലീസാകട്ടെ അവളെ ഉപദ്രവിക്കുകയും ചെയ്യുന്നു. വില്പനക്കാരുടെ ലാഭം എവിടെയാണ്... വാങ്ങുന്നവര്‍ നഷ്ടപ്പെടുന്നിടുത്തോ? ദാരിദ്ര്യമാണ് ഇവിടെ വില്പനക്കാരെന്റെ ആര്‍ത്തിയായി പരകായപ്രവേശം ചെയ്യുന്നത് .
ആ ദൈന്യം വായനക്കാരെ വേദനിപ്പിക്കും. അപ്പന്റെ മരണം കാത്തിരിക്കുന്ന മകനും ഇമ്മാനുവല്‍ മരിച്ച
ശേഷം തനിച്ചായിപ്പോകുന്ന സാറയും
മനപ്രയാസമുണ്ടാക്കുമെങ്കിലും കഥയുടെ അവസാനം എന്തായിരിക്കുമെന്ന്
ആദ്യമേ ഊഹിക്കാനാവുന്നുവെന്നത് ഒരു കുറവായി കരുതാം.
ഈ പുസ്തകത്തില്‍ തീരെ ആവശ്യമില്ലായിരുന്നു
എന്നെനിക്ക് തോന്നിയ ഒരു കഥയാണ്
പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ ശ്രദ്ധയ്ക്ക്... പുതുതായി ഒന്നും
പറയാന്‍ കഴിഞ്ഞില്ല ഈ കഥയ്ക്ക്.. അവതരണവും ഒട്ടും ആകര്‍ഷകമായില്ല. സൌന്ദര്യപരമായ
പരിചരണവും നന്നായില്ല. ആധുനികമായ കഥാസങ്കേതങ്ങളുള്ള ഒരു പുസ്തകത്തില്‍ പെട്ടെന്ന് ഏതോ പഴയ
നൂറ്റാണ്ടിലെ മൂഢവിശ്വാസങ്ങളുടെ കറുത്ത
നിഴല്‍ പരക്കുമ്പോലെ തോന്നി ഈ കഥ
വായിച്ചപ്പോള്‍... ഇത്ര ലാളിത്യത്തോടെ ഇമ്മാതിരിയൊരു സങ്കീര്‍ണമായ പ്രശ്നത്തെ
സമീപിക്കേണ്ടിയിരുന്നില്ല.
ഹരിചന്ദനം എന്ന കഥയിലും
സ്ത്രീയും സ്ത്രീയും തമ്മില്‍ ഒരു
സ്നേഹം പാടില്ല അത് ശരിയാവില്ല എന്ന പ്യൂരിട്ടന്‍ വിശ്വാസത്തെ താലോലിക്കുന്ന സാധാരണ സങ്കല്പം തന്നെയാണ്. അതിനെ ഉറപ്പിക്കാനെന്നതു പോലെ
എഴുതപ്പെട്ടിട്ടുള്ള വാചകങ്ങള്‍ ...
ജീവിതവിശ്വാസങ്ങള്‍.. എന്നിട്ടും സ്ത്രീപുരുഷ ബന്ധമാണ് അത്യാവശ്യമെന്ന് അതായിരിക്കണം
സത്യമെന്ന് വായനക്കാരെ വിശ്വസിപ്പിക്കാന്‍ കഥയ്ക്ക് കഴിഞ്ഞിട്ടുമില്ല. ജീവിത
വിജയം എന്ന സങ്കല്പത്തിനു മറ്റൊരു പുതിയ
മുഖവും കഥ പ്രദര്‍ശിപ്പിച്ചില്ല. ഒരു നവ്യാനുഭൂതി പകര്‍ന്നു
തരാന്‍ പര്യാപ്തമായില്ല .. വന്‍ശമ്പളം പറ്റുന്ന ടെക്കി ജീനിയസ്സുകളാണ് ചന്ദനയും
ഹരിതയുമെങ്കിലൂം ആ രീതിയില്‍ സാധാരണ ജീവിതവും ഉയര്‍ന്ന ബുദ്ധിശക്തിയുമൊക്കെ അവര്‍ക്കുമുണ്ടെന്ന്
കഥാകൃത്ത് പറയുന്നുവെങ്കിലും ലെസ്
ബിയനുകള്‍ എന്ന നിലയിലെ അവരുടെ വ്യക്തിത്വത്തിനു ഒട്ടും തിളക്കം പോരാ.
അവരുടെ ഭൂമിക സാധാരണ സ്ത്രീപുരുഷ ദാമ്പത്യം പൂക്കുന്നിടത്ത്,
മറ്റു യാതൊരു മാര്‍ഗ്ഗവുമില്ലെന്ന മട്ടില്‍ ചലനമറ്റു നില്ക്കുന്നു.
തൊണ്ണൂറ്റഞ്ചു പേജുകളിലായി പതിനഞ്ചു കഥകളുള്ള
ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്
സൈകതം ബുക്സാണ്. കെട്ടിലും മട്ടിലും
മനോഹരമായ ഈ പുസ്തകത്തില്‍ സംഭവിച്ചു പോയ
ഗുരുതരമായ ഒരു പിഴവ് സൈകതം പോലെ കഴിവുറ്റ
പ്രസാധകരില്‍ നിന്നുണ്ടാവാന്‍
പാടില്ലായിരുന്നു. നല്ല കഥകളുടെ ഈ
സമാഹാരത്തിനെ കവിത എന്ന് പുറം കവറില്‍ അച്ചടിച്ചിറക്കിയത് അക്ഷന്തവ്യമായ
അപരാധമാണ്. ഒഴിവാക്കാമായിരുന്ന
അക്ഷരപ്പിശകുകളും വായനയെ ദുരിതപ്പെടുത്തുന്നു. ഒരു സാധാരണ വായനക്കാരി എന്ന നിലയില്‍
അതിലെനിക്ക് ശക്തമായ പ്രതിഷേധമുണ്ട്.
12 comments:
ആസ്വാദനം നന്നായിരിക്കുന്നു.
കഥകളെ വിലയിരുത്തിയ രീതി ഇഷ്ടപ്പെട്ടു.
മനുവിന്റെ എല്ലാ കഥകളും ബ്ലോഗില്‍ വായിച്ചിരുന്നു എങ്കിലും ഇപ്പോള്‍ പുസ്തകം വായിച്ചു കഴിഞ്ഞതെ ഉള്ളു. അതുകൊണ്ട് തന്നെ ഇങ്ങിനെ ഒരാസ്വാദനം കണ്ടപ്പോള്‍ സന്തോഷം തോന്നി.
ആസ്വാദനം നന്നായി ..മനോരാജിനും പുസ്തകത്തിനും എല്ലാ വിജയാശംസകളും !എച്ചുമുവിനു abhinandanagal
മനസ്സില്‍ നില്ക്കുന്ന ചില കഥകളുണ്ട് മനോരാജിന്റെ ഈ പുസ്തകത്തില്‍... പുസ്തകവും ആസ്വാദന കുറിപ്പും ഇഷ്ടായി.
എച്മുവിന്റെ അവലോകനം നന്നായി. ചില കഥകളൊക്കെ ബ്ലോഗിൽ വായിച്ചിരുന്നു. ആശംസകൾ...
ആസ്വാദനം നന്നായി
ആശംസകള്‍
ആസ്വാദനം നന്നായിരിക്കുന്നു എച്മു
രാവിലെ ഈ പുസ്തകം വായിച്ചു തീര്‍ത്ത് ഒരു ചെറു കുറിപ്പ് പോസ്ടിയതെയുള്ളൂ...ഓരോ കഥകളിലേയ്ക്കും ആഴത്തില്‍ കടക്കാനുള്ള അവകാശം വായനക്കാരനു വിട്ടു നല്കി, വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു രീതിയാണ് ഞാന്‍ ഇപ്പോഴും അവലംബിക്കരുള്ളത്.
അത് ഇവിടെ പോസ്റ്റുന്നു.
ഇ-ലോകത്തിന്റെ സ്വന്തം പുസ്തക പരിചയക്കാരന് മനോരാജിന്റെ പുസ്തകം. പതിനഞ്ച് കഥകളുടെ സമാഹാരം. പരിചിതമായ വിഷയങ്ങളിലൂടെയാണ് കഥ നീങ്ങുന്നതെങ്കിലും അതവതരിപ്പിക്കാന്‍ മെനെഞ്ഞെടുത്ത കഥാന്തരീക്ഷങ്ങളുടെ വൈവിധ്യമാണ് ഓരോ കഥകളെയും വേറിട്ടു നിര്‍ത്തുന്നത്.
കഥയെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്ന ശീര്‍ഷകങ്ങള്‍.. ലളിതമായി പറയുന്ന ഓരോ കഥയും അതിന്റെ അന്ത്യത്തോട് അടുക്കുമ്പോള്‍ ആളിക്കത്തി ആശയത്തിന്റെ തീപ്പൊരി വായനക്കരിലേയ്ക്ക് ചിതറിയ്ക്കുന്നു.
ചെറുകഥകളുടെ സൌന്ദര്യം കെടുത്തുന്ന അനാവശ്യമെന്ന് തോന്നുന്ന ഒരു വരിപോലും കുറിക്കാതെ എഴുത്തിലെ കയ്യടക്കം മനോരാജ് കാത്തു സൂക്ഷിച്ചിരിക്കുന്നു.
ബുക്ക് സ്ടാളിലെ ഷെല്‍ഫില്‍ കഥാകൃത്തിനെ മുന്‍ പരിചയ മില്ലാത്തൊരു വായനക്കാരനെ ആകര്‍ഷിക്കുന്നതോ വിമുഖനാക്കുന്നതോയ ആയ ഒരു ഘടകം ഒരുപക്ഷേ ഈ സമാഹാരത്തിലെ ഏറ്റവും മികച്ചതെന്ന് എനിക്ക് തോന്നിയ "ജീവിതത്തിന്റെ ബാന്‍ഡ് വിഡ്ത്തില്‍ ഒരു കാക്ക" എന്ന പുസ്തകത്തിന്റെ ടൈറ്റില്‍ തന്നെയാവും.
മനോയുടെ ബ്ലോഗില്‍ ചില കഥകള്‍ വായിച്ചിട്ടുണ്ട്. പുസ്തകം വായിച്ചിട്ടില്ല പക്ഷെ.
നന്ദി ഈ പരിചയപ്പെടുത്തലിന്. നല്ല നിരീക്ഷണത്തോടെ തയ്യാറാക്കിയ അവതരണം.
എന്നാലും ഇത്ര നല്ല
കഥകളെ പ്രസാധകർ കവിതയാക്കി കളഞ്ഞല്ലോ
വായിച്ച് എന്നെ പ്രോല്‍സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി.. സ്നേഹം
Post a Comment