പോണ്ടിച്ചേരി യാത്രകളുടെ എണ്ണം ഞാനറിയാതെ
തന്നെ വര്‍ദ്ധിച്ചുവര്‍ദ്ധിച്ചു വരികയായിരുന്നു. അരഡസനോളം തവണ പോണ്ടിച്ചേരി
ചുറ്റിക്കഴിഞ്ഞിരുന്നതുകൊണ്ട് ഇത്തവണത്തെ
യാത്രയെ അത്ര ആവേശത്തോടെയല്ല ഞാന്‍ മനസ്സിലേറ്റത്. പോകണമോ? എന്നാല്‍
ശരി, പോയിക്കളയാം.. എന്ന മട്ടായിരുന്നു എനിക്ക് .
പോണ്ടിച്ചേരി ടൌണില്‍ നിന്നും
മുപ്പതിലധികം കിലോ മീറ്റര്‍ അപ്പുറത്ത്
വണ്ണൂരിലേക്ക് തികച്ചും അപ്രതീക്ഷിതമായി ഒരു യാത്ര തരപ്പെട്ടത് എന്റെ
തണുപ്പന്‍ യാത്രാവിചാരത്തെ പൂര്‍ണമായും മാറ്റിമറിച്ചു. ചെന്നൈയില്‍
കുറച്ചധികകാലം താമസിക്കുമ്പോള്‍ നമ്മള് പതുക്കെപ്പതുക്കെ അറിയാന്‍
തുടങ്ങുകയാണ് തമിഴര്‍ക്കും കാര്‍ഷികവൃത്തി
വേണ്ടാതായിത്തുടങ്ങുന്നുവെന്ന വലിയ സത്യം... റിയല്‍ എസ്റ്റേറ്റ്
ബൂം തമിഴ് നാട്ടിലും ജൈത്രയാത്രയില്‍
തന്നെ. ചെന്നൈ നിവാസികള്‍ വിദൂരമായ തമിഴ് നാട് മേഖലകളില്‍ ഗ്രൌണ്ടുകളായി തിരിക്കപ്പെട്ട ഭൂമി സ്വന്തമാക്കുന്നു, അഞ്ചാറു കൊല്ലം കഴിയുമ്പോള്‍ മോഹവിലക്ക് വില്‍ക്കാമെന്ന ധാരണയോടെ. അതുവരെ
കൃഷി ചെയ്യപ്പെട്ടിരുന്ന ആ ഭൂമി
ചെന്നൈക്കാരുടെ സ്വന്തമാകുന്നതോടെ വെറും തരിശായി
മാറുന്നു.
ഹൈവേയിലൂടെയുള്ള യാത്ര ആനന്ദകരമായിരുന്നു.
രണ്ടാള് വട്ടം പിടിച്ചാല്‍ എത്താത്ത പുളിമരങ്ങളും
പടു കൂറ്റന്‍ കരിമ്പനകളും
വഴിക്കിരുപുറവും നിരന്നു നിന്നിരുന്നു.
ആകാശത്തിന്റെ നിറം പോലും കരിമ്പച്ചയായി
തോന്നുന്ന ഹരിത സമൃദ്ധി അത് കാഴ്ചവെച്ചു. പല പുരയിടങ്ങളും ആരേയും മോഹിപ്പിക്കുന്നവിധം സസ്യശ്യാമളകോമളവുമായിരുന്നു. തമിഴ് നാട്ടിന്റെ ഉള്ഭാഗങ്ങളിലൂടെയുള്ള യാത്ര
പലപ്പോഴും എന്നെ
അതിശയിപ്പിച്ചിട്ടുണ്ട്.
കിണറും പെരിയകുളവും ചിന്നക്കുളവും
ഏരിയും നിര്‍മ്മിക്കുന്നതിലും അവയെ
കാത്തു സൂക്ഷിക്കുന്നതിലും തമിഴര്‍
കാണിക്കുന്ന അസാമാന്യമായ പാടവം അല്‍ഭുതകരമാണ്. നൂറ്റാണ്ടുകള്‍
പഴക്കമുള്ള ഏരികള്‍ ( ബണ്ടു കള്‍ ) ഇന്നും
തികച്ചും പ്രവര്ത്തനക്ഷമമത്രേ. കിട്ടുന്ന
വെള്ളം മുഴുവന്‍ അവ കാത്തു വെക്കുന്നു. മഴവെള്ളം വെറുതേ ഒഴുക്കിക്കളഞ്ഞാല്‍ പോരാ എന്ന്
തമിഴ് കര്‍ഷകര്‍ കാലങ്ങളായി പഠിച്ചു കഴിഞ്ഞിരിക്കുന്നു. കൃഷി ചെയ്യാന്‍
വെള്ളം കൂടിയേ തീരുവല്ലോ. നമ്മെപ്പോലെ
മൂന്നു നേരം സോപ്പു തേച്ചു കുളിക്കുവാന്‍ മാത്രമല്ല തമിഴര്‍ വെള്ളം ഉപയോഗിക്കുന്നതെന്ന് ഏക്കര്‍ കണക്കിനു പരന്നു കിടക്കുന്ന ഏരികളുടെ
ദൃശ്യവും അവയിലൂടെ വീശിവരുന്ന കുളിരോലുന്ന തമിഴ്
നാടന്‍ കാറ്റും എന്നെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു.
മൂന്നു വശത്തും കനാലുകളുള്ള ഗ്രാമത്തിന്റെ വലിയൊരു ഭൂഭാഗത്തിലാണു ഞാന്‍ യാത്ര
അവസാനിപ്പിച്ചത്. കനാലുകള്‍ പൂര്‍ണമായും വറ്റി വരണ്ടിരുന്നു. ചക്രവാളത്തിന്റെ അതിരില്‍ കടുപച്ച നിറമുള്ള
മരങ്ങള്‍ കാണപ്പെടുന്നുണ്ടായിരുന്നുവെങ്കിലും വരണ്ടുണങ്ങി മണ് കട്ടകളായി വെടിച്ചു
കീറിയ ഭൂമിയായിരുന്നു എന്നെ സ്വാഗതം ചെയ്തത്. ഇറച്ചിക്കായി മാത്രം വളര്‍ത്തപ്പെടുന്ന പ്രത്യേക ജനുസ്സില്‍ പെട്ട ആട്ടിന്പറ്റങ്ങള് മേ
മേ എന്ന് കരഞ്ഞുകൊണ്ട് ആ ഉണക്കു ഭൂമിയില്‍
അലഞ്ഞുകൊണ്ടിരുന്നു. ആടുകളെ മേയാന്‍
വിടുന്ന ഭൂമി, അവയുടെ ചവുട്ടടിയിലും അവ ചിതറുന്ന
കാഷ്ഠത്തിലും കുതിര്‍ന്ന് , പിന്നീട് വിതയ്ക്കു
പാകമാകുമെന്നാണ് ഗ്രാമീണ വിശ്വാസം. അവിടെ നല്ല വിളവു ലഭിക്കുമെന്നും
കരുതപ്പെടുന്നു. അവിടവിടെ കാണുന്ന കുറ്റിച്ചെടികളും ഒട്ടും ഫലപ്രദമല്ലാത്ത രീതിയില്‍ നട്ടു
പിടിപ്പിക്കാന്‍ ശ്രമിച്ച ഒരു
മാന്തോപ്പുമായിരുന്നു ആ ഭൂഭാഗത്തിന്റെ ആകെയുള്ള സസ്യസമൃദ്ധി. തൊട്ടപ്പുറത്ത് ധാരാളം യൂക്കാലിമരങ്ങള്‍ ആരോഗ്യത്തോടെ
വളരുന്നുണ്ടായിരുന്നു. തമിഴര്‍ തൈലമരമെന്ന് വിളിക്കുന്ന യൂക്കാലിയെ കടിച്ചു
ചവയ്ക്കാന്‍ ആ ആടുകളും മുതിരുന്നുണ്ടായിരുന്നില്ല.
പാറകള്‍ക്കുള്ളില്‍ സുരക്ഷിതമായ ഒരു വലിയ
കുളവും അതിന്റെ കരയിലെ മോട്ടോറും അവിടെ കൃഷിയുണ്ടായിരുന്നതിന്റെ ലക്ഷണങ്ങളായി. കാവല്‍ക്കാരനെന്ന് പരിചയപ്പെടുത്തിയ ആള്
അഞ്ചുവര്‍ഷം മുന്‍പ് വരെ അവിടമാകെ പച്ച പുതച്ച നെല്പ്പാടമായിരുന്നുവെന്നും പിന്നീട് ഭൂമി
കൈമാറ്റത്തിനുശേഷം കൃഷിയുണ്ടായില്ലെന്നും
പറഞ്ഞു. ആടുകള്‍ മേയുന്നതുകൊണ്ട് നല്ല വിളവുള്ള കെട്ടിടങ്ങള്‍ ഉയര്‍ന്നു
വരുമെന്നും അങ്ങനെ നൂറുമേനി വിളവ് എന്ന
സങ്കല്പം പൂര്‍ത്തിയാകുമെന്നും പറഞ്ഞ് അയാള്‍ ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു.
എനിക്ക്
വല്ലായ്മ തോന്നി.
ക്രഷറിന്റെ ഭീതിദമായ രൌദ്രതാളം എവിടേയോ മുഴങ്ങുന്നുണ്ടായിരുന്നു.
തൊട്ടപ്പുറത്ത് പാറമടകളുണ്ടെന്നും പാറകളെല്ലാം
കഷണങ്ങളായി യാത്ര പോവുകയാണെന്നും
യൂക്കാലിത്തോട്ടത്തില്‍ കള പറിക്കുന്ന സ്ത്രീകളാണ് പറഞ്ഞു തന്നത്.
നാലഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍
യൂക്കാലിമരങ്ങള്‍ വില്പനക്കു തയാറാകുമെന്നും അവര്‍ പറഞ്ഞു.
നെല്ലു വിളയുന്ന ഭൂമി
വാങ്ങി,
അവിടെ കെട്ടിടം വിളയും വരെയുള്ള കാലത്തിനിടയ്ക്ക് ചെയ്യുന്ന ഇടവിളയാണ് തൈലമരമെന്ന യൂക്കാലി..
നല്ല വെയിലായിരുന്നു. പൊടി ഉയരുന്ന ചെമ്മണ് നിരത്തില്‍ ഒറ്റയ്ക്കും തെറ്റയ്ക്കും ചിലര്‍
കടന്നുപോയിക്കൊണ്ടിരുന്നു. പനയും ഏരിയുടെ
പരിസരങ്ങളില്‍ വളരുന്ന പുല്ലും ചേര്‍ത്ത് നിര്‍മ്മിച്ച മേല്‍ക്കൂരകളും മണ്ണുരുട്ടി
നിര്‍മ്മിച്ച ചുവരുകളുമുള്ള പഴയ കാല ഗൃഹനിര്‍മ്മിതികള്‍ ഏകദേശം പൂര്‍ണമായും അപ്രത്യക്ഷമായിക്കഴിഞ്ഞു.
എം ജി ആര് നല്കിയ വീടുകള്‍
പുതുക്കിപ്പുതുക്കി ഇപ്പോള്‍ ഏകദേശം
എല്ലാം തന്നെ കോണ്‍ ക്രീറ്റ് നിര്‍മ്മിതികളാണ്.
ഒരു പഴയ
വീട് കാണിച്ചു തരാമോ എന്ന്
ചോദിച്ചത് മൂക്കറ്റം കുടിച്ചിരുന്ന
ഒരാളോടായിപ്പോയി. ദുര്ഗന്ധമൊഴികെ മദ്യപന്റെ മറ്റു യാതൊരു ചേഷ്ടകളും അയാളിലുണ്ടായിരുന്നില്ല. ആ ദുര്‍ഗന്ധം നാടന്‍ ചാരായത്തിന്റെയാണെന്ന് മനസ്സിലാക്കാനുള്ള പരിചയവും
വിശേഷ ബുദ്ധിയും എനിക്കുണ്ടായിരുന്നുമില്ല.
പക്ഷെ, അയാള്‍
തമിഴ് നാട് സംസ്ക്കാരത്തിന്റെ
എല്ലാ ഔന്നത്യവും പ്രദര്‍ശിപ്പിച്ചു.
എന്റൊപ്പം നടക്കാതെ അല്പം ഉച്ചത്തില്‍
സംസാരിച്ചുകൊണ്ട് അയാള്‍ ദളിതരുടെ
കോളനിയിലേക്ക് എന്നെ കൊണ്ടുപോയി.. അവിടെ
പഴയ മണ്വീടുകളുണ്ടായിരുന്നു. വീടുകള്‍ക്ക് പുറത്ത് ചാണകം മെഴുകിയ
അടുപ്പുകളും. എല്ലാ വെള്ളിയാഴ്ചയും
വീടുകളും അടുപ്പുമെല്ലാം സ്ത്രീകള്‍
ചാണകവും മണ്ണും കൂട്ടി മെഴുകുമെന്ന്
അവര്‍ പറഞ്ഞു. തൈലമരത്തിന്റെ ശാഖകള്‍
അടുപ്പിച്ചടുപ്പിച്ച്
കുഴിച്ചിട്ട് മറച്ചുണ്ടാക്കിയതാണ്
അവരുടെ കുളിമുറിയും മറപ്പുരയും. പണ്ടെന്നോ
വായിച്ചു മറന്ന ഏതോ റഷ്യന്‍
കഥയിലെ ചെമ്പുമരത്തിന്റെ കൊമ്പുകളേയും ഇലകളേയും അവ അനുസ്മരിപ്പിച്ചു. ഏരിക്കരയില് എത്ര
വേണമെങ്കിലും മേച്ചില്പ്പുല്ലും പനങ്കഴകളും
കിട്ടുമെന്നും കൂലികൊടുത്ത് വെട്ടിക്കാമെങ്കില് ഒരു ബുദ്ധിമുട്ടുമില്ലാതെ വീടുണ്ടാക്കാമെന്നും
എനിക്ക് മനസ്സിലായി. മണ്‍ചുവരില്‍
സ്വിച്ച് ബോര്‍ഡുണ്ടായിരുന്നു.
അതിശയമെന്ന് പറയട്ടെ, നന്നെക്കുറച്ച് വീടുകളിലേ ടീ
വി ഉണ്ടായിരുന്നുള്ളൂ.
ചെന്നൈയിലെ
ധനികര്‍ക്ക് ഭൂമി കൈമാറി നഗരത്തിലേക്ക് താമസം മാറ്റുന്നതാണ് നല്ലതെന്ന
വിശ്വാസത്തിലാണ് പൊതുവേ ഗ്രാമീണര്‍. കൃഷി നഷ്ടത്തിലാണെന്നും മണ്‍വീടുകള്‍ താമസിക്കാന്‍ കൊള്ളാത്തതാണെന്നും
അവര്‍ ഉറപ്പിച്ചു പറഞ്ഞു. നഗരത്തിലാവുമ്പോള്‍ ഏതെങ്കിലും
ജോലിയൊക്കെ ചെയ്ത് എങ്ങനെയെങ്കിലും ജീവിക്കാന്‍ കഴിയുമെന്ന് അവര്‍ സ്വപ്നം കാണുന്നു.
പൊടുന്നനെ ഒരു ഏക്കര്‍ ഭൂമിക്ക് അഞ്ചും എട്ടും ലക്ഷം രൂപ കിട്ടുകയും അത്
അത്രയും പൊടുന്നനെ തന്നെ
ചെലവായിപ്പോവുകയും ചെയ്യുമ്പോള്‍ ഇങ്ങനെ അനവധി കൂട്ടം മനുഷ്യര്‍ നഗരത്തെരുവുകളില്‍ അടിഞ്ഞു കൂടുന്നു. അന്നം തരുന്ന ഭൂമിക്കു പകരമാകുന്നില്ല എത്ര
ലക്ഷം രൂപയും. പിന്നീട് സെപ്റ്റിക്
ടാങ്കും സീവറേജ് പൈപ്പുകളും വൃത്തിയാക്കുന്ന തൊഴിലുകളിലേക്ക് ഉള്‍പ്പടെ നഗരം അവരെ അതിക്രൂരമായി വിഴുങ്ങിക്കളയുന്നു. ഇത്തരം പൈപ്പുകളില്‍ കുടുങ്ങി മരണപ്പെടുന്ന ഗ്രാമീണത്തൊഴിലാളികള് ഇന്ന്
ചെന്നൈയുടെ ഒരു വാര്‍ത്ത
പോലുമാകുന്നില്ല.
ഗൈഡായി കൂടെ വന്നയാള്‍ അഞ്ചു രൂപ പോലും പ്രതിഫലം
വാങ്ങാതെ സ്ഥലം വിടുകയായിരുന്നു. അയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് ഞാനറിയാതിരിക്കണമെന്നു കരുതിയാവണം
അങ്ങനെ ചെയ്തത്. എന്തായാലും ആ ഗ്രാമീണ മാന്യത എന്നെ അല്‍ഭുതപ്പെടുത്താതിരുന്നില്ല.
വെദേര്ഡ് റോക്ക് എന്ന്
വിളിക്കുന്ന പ്രതിഭാസം ഞാനിത്ര രൂക്ഷമായി കണ്ണില്ക്കുത്തിക്കയറും പോലെ കണ്ടതും
അവിടെയായിരുന്നു. പതിനായിരക്കണക്കിനു
വര്‍ഷങ്ങള്‍ പഴക്കമുള്ള കരിമ്പാറകള്‍ മഴയും മഞ്ഞും വെയിലുമേറ്റ് ഉണക്കം ബാധിച്ച് പൊടിഞ്ഞുപൊടിഞ്ഞു മണ്ണാകുന്ന അതിശയ
ദൃശ്യം. കല്ലില്ക്കൊത്തിവെച്ചതു പോലെ എന്ന് ഇനി എവിടെയും
എഴുതരുതെന്ന് , അങ്ങനെ
എഴുതിക്കാണുന്നത്
വിശ്വസിക്കരുതെന്ന് എന്റെ കൈയില്‍ പൊടിഞ്ഞില്ലാതാകുന്ന കറുത്ത
പാറക്കഷണം മന്ദഹസിച്ചു . ഈ കാണുന്നതൊക്കെയും നശ്വരമാണെന്ന് മണ്ണോടു മണ്ണായിത്തീരുന്നതാണെന്ന്
മുന്നില്‍ പാറകള്‍ യൌവനത്തോടെ കറുത്തുതിളങ്ങുന്നതു ചൂണ്ടിക്കാട്ടി ആ മണല്‍ത്തരികള്‍, എന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.
20 comments:
യാത്ര വിവരണം നന്നായി. എവിടെയും ഭൂമി നാശത്തിന്റെ വക്കിൽ...
അവസാന വരികൾ ശ്രേദ്ധേയം . കുറച്ചു യാത്ര ചിത്രങ്ങൾ ചേർക്കാമായിരുന്നു .
നല്ല എഴുത്തിനു അഭിനന്ദനങ്ങൾ
പ്രകൃതിയെ നശിപ്പിക്കല്‍ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു.. യാത്രാവിവരണം വളരെ നന്നായി.. അഭിനന്ദനങ്ങള്‍..
തമിഴ് ഗ്രാമങ്ങളെക്കുറിച്ചും, അവിടെയുള്ള മനുഷ്യരെക്കുറിച്ചും എനിക്കുള്ള ചില ധാരണകൾ മാറ്റിമറിച്ചു എച്ചുമുവിന്റെ ഇത്തവണത്തെ യാത്രയെഴുത്ത്. കാർഷികവൃത്തിയിൽ അങ്ങേയറ്റം ശ്രദ്ധിക്കുന്നവരും,കാർഷികമായ അദ്ധ്വാനത്തിൽ അഭിമാനം കൊള്ളുന്നവരുമായ ബുദ്ധിമാന്മാരായ ഒരു ജനസമൂഹമാണ് തമിഴർ എന്നായിരുന്നു ഞാൻ ധരിച്ചിരുന്നത്. ആഗോളവത്കരണത്തിന്റേയും, നഗരവത്കരണത്തിന്റേയും ഇരകളായി ആ നല്ല സമൂഹവും മാറിക്കൊണ്ടിരിക്കുന്നു എന്നത് ഒരു നടുക്കത്തോടെയാണ് വായിച്ചത്....
ഈ ലേഖനം യാത്രഗ്രൂപ്പിൽ വായിച്ചിരുന്നു. ചുറ്റുപാടുകളെ കണ്ണുതുറന്ന് നോക്കിയും സ്പർശിച്ചും, മണത്തും അറിഞ്ഞും നടത്തുന്ന എച്ചുമുവിന്റെ യാത്രയെഴുത്തിൽ നിന്ന് പലതും പഠിക്കാൻ കഴിയുന്നു. പുതിയ ഉൾക്കാഴ്ചകൾ തരുന്നു...
വളരെ ഭീകരമായ ഒരു സത്യം
ഗ്രാമീണജീവിതത്തിന്റെ സുഖം - അത് എന്നും ഒരു കിട്ടാക്കനിയായി നിൽക്കുന്നു
അടിയ്ക്കാനറിയാവുന്നവന്റെ കയ്യിൽ ദൈവം വടി കൊടൂക്കില്ല
പലതും ഉള്‍ക്കൊള്ളാന്‍ പ്രയാസമെന്നതുപോലെ തന്നെ തമിഴ് മക്കളുടെ മണ്ണിനോടുള്ള അകല്‍ച്ചയും. സത്യത്തില്‍ അതൊരു പുതിയ അറിവായി തോന്നി. ഈ യാത്രകള്‍ക്ക് മണ്ണിന്റെ മണം ചേര്‍ന്നപ്പോള്‍ നിറമുള്ള യാത്രകളെക്കാള്‍ ഈര്‍പ്പമുള്ളതായി.
വായിച്ചൂ ആശംസകൾ
പ്രകൃതിയുടെ എല്ലാ തനതു സ്വഭാവവും നശിപ്പിച്ച് സ്വയം നാശത്തിന് മനുഷ്യൻ കോപ്പു കൂട്ടുന്നു...
ഇതൊന്നുമില്ലെങ്കിലും ഭൂമി സ്വാഭവികമായിത്തന്നെ സ്വയം നശിച്ചുതീരുമെന്നു ആ പാറപൊടിയൽ പ്രതിഭാസം ഓർമ്മപ്പെടുത്തുന്നു.
ആശംസകൾ...
അപ്പോൾ പച്ച പുതച്ച് കിടന്നിരുന്ന തമിഴ് ഗ്രാമങ്ങളും കേരളത്തെ പിന്തുടർന്നു തുടങ്ങിയിരിക്കുന്നു... ഈ പച്ചപ്പുകൾ ഇനി എത്ര കാലം...!
ആടുകള്‍ മേയുന്നതുകൊണ്ട് നല്ല വിളവുള്ള കെട്ടിടങ്ങള്‍ ഉയര്‍ന്നു വരുമെന്നും അങ്ങനെ നൂറുമേനി വിളവ് എന്ന സങ്കല്പം പൂര്‍ത്തിയാകുമെന്നും പറഞ്ഞ് അയാള്‍ ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു.
...ആ വാക്കുകളില്‍ എല്ലാം അടങ്ങിയിരിക്കുന്നു...
ആശംസകള്‍
എച്ചുമൂന്റെ യാത്രകൾ ചോദ്യങ്ങളിലേക്കും ചിന്തകളിലേക്കും ഇറങ്ങി ചെല്ലുന്നു.
പഴിക്കേണ്ടത് സര്‍ക്കാറിനെയാണ്. അവസരോചിതം എടുക്കേണ്ട നടപടികള്‍ എടുക്കാതെ വികസനം എന്ന പ്രക്രിയ ജനങ്ങളിലേക്ക് കൈമാറി ചുങ്കം കെട്ടി പിരിവു നടത്തി സര്‍ക്കാര്‍ സിംഹാസനത്തിന്റെ നിലനില്പിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും അനവരതം തുടരുന്നു.
വികസിത രാഷ്ട്രങ്ങളിലേതു പോലെ ഫലഭൂയിഷ്ഠമായ വിളനിലങ്ങള്‍ സംരക്ഷിക്കാനുള്ള ആധുനീക സംവിധാനങ്ങളെക്കുറിച്ചും മാര്‍ഗ്ഗങ്ങളെക്കുറിച്ചും കര്‍ഷകരില്‍ അവബോധമുണ്ടാക്കിയില്ലെങ്കില്, അതില്‍ മുത്ത് വിളയിപ്പിക്കാന്‍ കര്‍ഷകരെ പഠിപ്പിച്ചില്ലെങ്കില്‍, അവര്‍ക്ക് അതിനു വേണ്ടുന്ന ആനുകൂല്യങ്ങള്‍ നല്‍കിയില്ലെങ്കില്‍, അവര്‍ക്ക് യുക്തമായ പ്രതിഫലം ലഭിക്കാവുന്നതാണെന്ന് പ്രാവര്‍ത്തികമായിത്തന്നെ ബോധ്യപ്പെടുത്തിയില്ലെങ്കില്‍, ദല്ലാളുകളുടെ ചൂഷണം ഒഴിവാക്കാനുള്ള നടപടികള്‍ എടുത്തില്ലെങ്കില്‍, കാര്‍ഷികഭൂമി പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ തടയാന്‍ വേണ്ടിവരുന്ന നിയമപരമായ നിബന്ധനകള്‍ നിലവില്‍ വരുത്തിയില്ലെങ്കില്‍ (ഭാരിച്ച റവന്യൂ ചുമത്തുന്നതിലൂടെ തല്‍പ്പരരെ ഇത്തരം പ്രവണതകളില്‍ നിന്നും നിരുത്സാഹപ്പെടുത്താനാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്.), ഉണ്ടാകേണ്ട ഭവിഷ്യത്ത് മറ്റെന്താണ്?
എല്ലാറ്റിനും ഉപരിയായി, ഇക്കണ്ട ദുരവസ്ഥയ്ക്ക് കാരണമാകുന്നത് പ്രകൃതിയുടെ വിയോജിപ്പും കൂടിയല്ലേ? ഇതിനുള്ള പ്രതിവിധിയെന്തെന്ന് കണ്ടെത്തേണ്ടതും സംരക്ഷണാര്‍ത്ഥം പ്രവര്‍ത്തിക്കേണ്ടതും സര്‍ക്കാറിന്റെ ബാദ്ധ്യസ്ഥതയല്ലേ? വരണ്ട ഭൂമിയില്‍ ജലം സംഘടിപ്പിക്കുന്നതെങ്ങിനെ എന്ന പോര്‍വിളി അഭിമുഖീകരിക്കാനുള്ള കെല്‍പ്പ് നാം തന്നെ തിരഞ്ഞെടുത്ത സര്‍ക്കാറിനുണ്ടോ...?
മറ്റു പല രാഷ്ട്രങ്ങളിലേയും കര്ഷകരെപ്പോലെ അവരുടെ സ്വന്തം വാഹനങ്ങളില്‍ കയറി പാടത്തിലേയ്ക്ക് നമ്മുടെ കര്‍ഷകരും തിരിയ്ക്കുന്ന കാഴ്ച കണ്ടതിശയിക്കാനായി കണ്ണും കാതും കൂര്‍പ്പിച്ച് നമുക്ക് എത്ര കാലം കാത്തിരിക്കേണ്ടി വരും?
നിലനില്പിനുവേണ്ടിയുള്ള മനുഷ്യന്റെ വെപ്രാളം തുടരുമ്പൊഴുള്ള പരിസ്ഥിതിപ്പ്രകമ്പനങ്ങള് തന്നെയാണ് എച്ച്മുവിന്റെ സൂക്ഷ്മദൃഷ്ടിയില്‍ പതിഞ്ഞതും....
ഇത് ദുസ്സഹം തന്നെയാണ്!
നാം നമ്മെത്തന്നെയും പഴിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ ഹൃദയത്തോളം കട്ടി ഒന്നും ഇല്ല ഒരു ശിലയ്ക്കും
മറ്റു പല രാഷ്ട്രങ്ങളിലേയും കര്ഷകരെപ്പോലെ അവരുടെ സ്വന്തം വാഹനങ്ങളില്‍ കയറി പാടത്തിലേയ്ക്ക് നമ്മുടെ കര്‍ഷകരും തിരിയ്ക്കുന്ന കാഴ്ച കണ്ടതിശയിക്കാനായി കണ്ണും കാതും കൂര്‍പ്പിച്ച് നമുക്ക് എത്ര കാലം കാത്തിരിക്കേണ്ടി വരും?
വി.പി യുടെ കമന്റിലെ ഈ ചോദ്യം മനോഹരമായ ഒരു സ്വപ്നം പോലെ നമുക്ക് ഇന്‍ഡ്യക്കാര്‍ക്ക് തോന്നാം.
എച്മുവിന്റെ കാഴ്ച്കകളും വിവരണങ്ങളും ഭീതിജനകമായ സത്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്
May be these villagers were listening to their Central Minister Chidambaram, who declared he wanted to see 70% of Indians living in cities.
Under such ministers we see, hectares of agricultural land being converted to Race circuit and then snobbing about being a super nation. There is news now that there may not be anymore races in this InNdian circuit very soon. So will they decide to give the land back to those poor farmers, or will they create another race league, in line of the cricket league, stamping our stupidity in wasting money over International sport that we cant be good.
Land mafia is grabbing the whole of TN. The only region where land is not expensive seems to be the one around Kalpakkam. People are trying to sell for whatever they can earn and flee, to save anything they can from the readiation in the region. Thanks to Industrialisation.
എഴുത്തു നന്നായി, ചേച്ചീ
തമിഴ്നാടിനെ കേട്ട് മാത്രം പരിചയിച്ച എനിക്ക് അത്ര പരിചിതമല്ലാത്ത വിവരങ്ങളാണ് ഈ കുറിപ്പില്‍ നിന്നും കിട്ടിയത്.
പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു എന്തുകൊണ്ട് ഈ ഗ്രാമീണര്‍ക്ക് വലിയ ആഗ്രഹങ്ങള്‍ ഇല്ലാത്തത് എന്ന്. നാം ആയിരിക്കുന്ന അവസ്ഥയില്‍ സംതൃപ്തരായി ജീവിക്കുക എത്ര ഭാഗ്യമാണ് എന്ന്. നമ്മുടെ സമൂഹത്തില്‍,മറ്റുള്ളവരോട് താരതമ്യമ്യം ചെയ്തു ഏറ്റക്കുറച്ചിലുക്കള് തീര്‍ത്ത് മുന്നേറാന്‍ തത്രപ്പെടുമ്പോള്‍ ഒടുങ്ങാത്ത ആഗ്രഹങ്ങള്‍ മാത്രം അവശേഷിക്കുന്നു. കര്‍ഷക മനസുകളിലും പ്രലോഭനത്തിന്റെ മരുന്നുകള്‍ ഇന്ചെക്റ്റ് ചെയ്ത് ഭൂമാഫിയകള്‍ വ്യാപിക്കുകയാണ്. ഡി.എല്‍.എഫ് പോലുള്ള കമ്പനികള്‍ തമിഴനാട്ടില്‍ എത്ര സ്വാധീനം ചെലുത്തുന്നു എന്ന് ഐ.പി.എല്‍ ക്രിക്കറ്റ് കാണുമ്പോള്‍ മനസിലാകുന്നു.
യാഥാര്‍ഥ്യങ്ങളിലേക്ക് കണ്ണുതുറക്കുവാന്‍ ഉതകുന്ന നല്ല ഒരു ലേഖനം വായിച്ച സംതൃപ്തി പങ്കുവെയ്ക്കട്ടെ.
വെദേര്ഡ് റോക്ക് എന്ന് വിളിക്കുന്ന പ്രതിഭാസം ഇവിടെ യു.കെയിലുള്ള ‘സ്റ്റോൺ ഹഡ്ജിലുമുണ്ട്..
അല്ലാ ഒന്ന് ചോദിച്ചോട്ടെ ...
എന്താ ഈ പോണ്ടിച്ചേരിയെ ഒരു നാടുകാമുകനാക്കാനുള്ള കാരണമെന്റെ എച്മുകുട്ട്യേ... ?
ശ്രദ്ധേയമായ വാക്കുകള്‍
തമിഴ് നാട്ടില്‍ നിന്ന് എത്തുന്ന പച്ചക്കറിയെ ആസ്പ്ദിച്ച് ജീവിക്കുന്ന മലയാളി ഇനിയെന്തു ചെയ്യും ? പതിവുപോലെ നല്ല എഴുത്ത്.
തമിഴ് നാട്ടില്‍ നിന്ന് എത്തുന്ന പച്ചക്കറിയെ ആസ്പ്ദിച്ച് ജീവിക്കുന്ന മലയാളി ഇനിയെന്തു ചെയ്യും ? പതിവുപോലെ നല്ല എഴുത്ത്.
Post a Comment