Saturday, June 14, 2014

അവന്... അവള്‍ ... അവ.. അത്..1


https://www.facebook.com/echmu.kutty/posts/594606424051989

അവനവൾ അല്ലെങ്കിൽ അവളവൻ

ഒന്നാം ഭാഗം

ശീതകാലം തുടങ്ങുന്നതിനു മുൻപേ മണ്ണിഷ്ടികയെണ്ണുന്ന ജോലിയിൽ നിന്ന് ഞാൻ പിരിച്ചു വിടപ്പെട്ടു കഴിഞ്ഞിരുന്നു. ഏകാകിനിയും താരതമ്യേനെ ദരിദ്രയുമായ എന്നോടു തോന്നിയ സഹതാപം നിമിത്തമാവണം എന്റെ ബോസ് രു തുണ്ട് കടലാസ്സിൽ എസ് ആൻഡ് എസ്സ് എന്ന ആർക്കിടെക്ട് ഫേമിന്റെ അഡ്രസ്സും ഫോൺ നമ്പറും കുറിച്ച് നൽകി, “അവിടെ പോയി നോക്കൂ, രു വഴിയുണ്ടെങ്കിൽ ഇച്ചാക്ക ജോലി തരാതിരിയ്ക്കില്ലഎന്ന് ആശ്വസിപ്പിച്ചത്.

ഞാൻ ദീർഘമായി നിശ്വസിച്ചുകൊണ്ട് ആ തുണ്ടു കടലാസ്സ് സഞ്ചിയിൽ നിക്ഷേപിച്ചു.

എനിയ്ക്ക് ഒരു മനസ്സമാധാനവുമുണ്ടായിരുന്നില്ല. ഒരു  ജോലി അത്യാവശ്യമായിരുന്നു. ശ്വാസം വലിക്കുന്നതു പോലെ അത്യാവശ്യമായിരുന്നു. 

ഇന്‍റര്‍വ്യൂവില്‍  തികച്ചും മോശമായ പ്രകടനമായിരുന്നിട്ടും മണ്ണുകൊണ്ട് നിര്‍മ്മിയ്ക്കുന്ന ഇഷ്ടികകള്‍ എണ്ണിത്തിട്ടപ്പെടുത്തുകയും അവയുടെ നീളം വീതി കനം ഇവ അളന്നു എഴുതിവെയ്ക്കുകയും ഇഷ്ടികകള്‍ ഉണങ്ങിക്കഴിയുമ്പോള്‍  അവ വീണ്ടും എണ്ണിയടുക്കി ടാര്‍പ്പാളിനടിയില്‍ വെക്കുകയും ചെയ്യുന്ന ജോലി എനിക്ക് ലഭിച്ചത് വെറും ഭാഗ്യം കൊണ്ടു മാത്രമായിരുന്നു.  ഒരു പുതിയ പെനിട്റോ മീറ്ററും സ്കെയീലും നല്ലൊരു കിറ്റും  അതിനായി എനിക്ക്  കിട്ടിയിരുന്നു. 

നല്ല പൊരിവെയിലില്‍ നിന്ന്   പാറിപ്പറക്കുന്ന മണ്‍ പൊടി മുഖത്തും  തലമുടിയിലും വീഴുന്നതില്‍ കുളിച്ച്  ഞാന്‍ ആ ജോലി  ചെയ്തു പോന്നു.  അതിപ്പോള്‍ ദേ,  ഇങ്ങനെയുമായി. 

പിറ്റേന്ന് രാവിലെ തന്നെ  ഞാന്‍  ഇച്ചാക്കയുടെ  ഓഫീസില്‍ ചെന്നു.

ഡി ഡി എ പാര്‍ക്കിന്‍റെ  മുമ്പിലായിരുന്നു  വിനീതമായ  ആ ഓഫീസ്. മുളന്തട്ടികൊണ്ട് മറയിട്ട  രണ്ട് വലിയ ഹാളുകള്‍... തികച്ചും മിതമായ  അലങ്കാരങ്ങള്‍ .. പാശ്ചാത്യ ക്ലാസ്സിക്കല്‍ സംഗീതം നേര്‍ത്ത ശബ്ദത്തില്‍ അവിടെ ഒഴുകിയിരുന്നു.. 

ധാരാളം പ്രോജക്ടുകള്‍ ഉണ്ട്  ഇച്ചാക്കയ്ക്കെന്ന്  എന്‍റെ  ബോസ് പറഞ്ഞത്  ഞാന്‍ ഓര്‍മ്മിച്ചു. 

ഫോണ്‍ ചെയ്ത്  അനുവാദം  ചോദിച്ചപ്പോള്‍ എന്നോട്  സംസാരിച്ച  റിസപ് ഷനിസ്റ്റിന്‍റെ  സ്വരം  അതീവ മധുരകരമായിരുന്നു.  കെ എസ് ചിത്രയുടെ സ്വരം പോലെ... ഞാന്‍ ഹാളില്‍ കടന്നപ്പോള്‍ റിസപ്ഷന്‍  ഡെസ്കിനു പുറകില്‍  അകത്തേക്ക് തിരിഞ്ഞിരുന്ന് ഫോണില്‍ സംസാരിക്കുന്നത്  ആ സ്വരത്തിന്‍റെ  ഉടമയാണെന്ന് എനിക്ക്  മനസ്സിലായി... അവരുടെ  തലമുടി  ഇളം കാറ്റില്‍  ഇളകിക്കൊണ്ടിരുന്നു.

യേസ്...  

എന്ന ശബ്ദത്തിനൊപ്പം എന്‍റെ  നേരെ തിരിഞ്ഞ  ആ മുഖം   കണ്ട്  ഞാന്‍ നടുങ്ങി. 

അത്.. ആ...   മുഖം  വാര്‍ന്ന് പോയിരുന്നു... പൊള്ളിക്കരിഞ്ഞ  തൊലി അവിടവിടെ ഒട്ടിച്ചു  ചേര്‍ത്തിരുന്നു.    ഏതോ  ഭയങ്കരമായ  അപകടത്തില്‍  നിന്ന്  രക്ഷപ്പെട്ട അടയാളങ്ങള്‍    മുഖത്ത്  തെളിഞ്ഞു  നിന്നു. 

നടുക്കം  മറക്കാന്‍  പണിപ്പെട്ടുകൊണ്ട് ഞാന്‍ വരവിന്‍റെ  കാരണം  വെളിപ്പെടുത്തി. 

അവര്‍  ചിരിക്കുകയും ഹാര്‍ദ്ദമായി  സ്വാഗതം  ചെയ്യുകയും ഒരു മിനിറ്റ്  പോലും പാഴാക്കാതെ  ഇച്ചാക്കയുടെ  മുന്നില്‍  എന്നെ  എത്തിക്കുകയും  ചെയ്തു. 

ഇച്ചാക്ക  ഗൌരവക്കാരനായിരുന്നെങ്കിലും പ്രസാദമുള്ള  മനുഷ്യനായിരുന്നു. അധികം  ചോദ്യങ്ങളൊന്നും ചോദിച്ചില്ല.  അതിന്‍റെ  കാരണം  പിന്നീടാണെനിക്ക്  മനസ്സിലായത്. 

ലെഫ്റ്റ് ഓവര്‍  ജോലികളെല്ലാം  നിങ്ങളുടെയാണ്. ഓഫീസ്  അസിസ്റ്റന്‍സ്  പൂര്‍ണമായും നിങ്ങളുടെ  ചുമതലയാണ്.. എല്ലാം പൂജ  പറഞ്ഞു  തരും
 
അത്ര പെട്ടെന്ന്  പുതിയ  ജോലി  കിട്ടുമെന്ന്  ഞാന്‍  കരുതിയില്ല. എനിക്ക്  കരച്ചില്‍  വന്നു.  ഇച്ചാക്കയ്ക്ക്  ആത്മാര്‍ഥമായി നന്ദി  പറഞ്ഞുകൊണ്ട് ഞാന്‍ ആ മുറിയില്‍ നിന്ന് പുറത്തേക്ക് കടന്നു. 

പൂജ  ആരാണെന്ന്  റിസപ് ഷനിസ്റ്റിനോട് ചോദിക്കാമെന്ന്  കരുതി,  ആ മേശയ്ക്കരുകിലേക്ക്  നടക്കുമ്പോഴാണ്  ചിലങ്കകള്‍ കിലുങ്ങുന്ന  ശബ്ദമുയര്‍ന്നത്. 

ഒപ്പം  ആജാ സീമാ ആജാ... എന്ന വല്ലാത്തൊരു ശബ്ദത്തിലുള്ള  വിളിയും കൈ തട്ടലും...   
കണ്ണഞ്ചിക്കുന്ന  സൌന്ദര്യമുള്ള , വെട്ടിത്തിളങ്ങുന്ന സല്‍വാര്‍  കമ്മീസ്  ധരിച്ച അസാധാരണമായ ഉയരമുള്ള  ഒരു  യുവതി ഹാളിലേക്ക് കടന്നു വന്നു. 

അവളുടെ ചുണ്ടുകളില്‍ രക്തവര്‍ണമുള്ള ലിപ്സ്റ്റിക്കുണ്ടായിരുന്നു.  കാലുകളില്‍  ചിലങ്കകളും. ...   


ഡോല്‍ വായിക്കുന്ന  മൈലാഞ്ചി ചുവപ്പുള്ള തലമുടിയും  തടിച്ച ദേഹവുമുള്ള ഒരാള്‍ ... 

ഹാര്‍മോണിക്ക ഊതുന്ന അരപ്രാണനെപ്പോലെ പരവശനായ മറ്റൊരാള്‍.. 

അവര്‍ കടന്നു വന്നപ്പോള്‍  സുന്ദരി  നൃത്തം ചെയ്യാന്‍ തുടങ്ങി.. സിനിമാറ്റിക്  നൃത്തം.. ഹിന്ദി സിനിമയിലെ നൃത്തം.. മാധുരി ദീക്ഷിതിന്‍റേയും  ഐശ്വര്യാ റായിയുടെയും നൃത്തം.

ഞാന്‍  അന്തം വിട്ടു നിന്നു. 

എനിക്ക് ഭയം തോന്നി. ഞാനെവിടെയാണ് വന്നു കയറിയത്? ഇത് ഒരു ആര്‍ക്കിടെക്ട് ഫേം തന്നെയോ? അതോ എന്നെ, എല്ലാവരും കൂടി ചതിക്കുകയാണോ..  എന്‍റെ  ജീവിതബന്ധങ്ങള്‍  പാടെ തകര്‍ന്നു പോയെന്ന്  നേരിട്ടറിയാവുന്ന  പഴയ  ബോസ് അത്തരമൊരു  ക്രൂരത എന്നോട്  കാണിക്കുമോ

തണുപ്പു  തോന്നിക്കുന്ന ആ  പ്രഭാതനേരത്തും എന്നില്‍  വിയര്‍പ്പു പൊട്ടി.. 

റിസപ്ഷനിസ്റ്റിന്‍റെ ഭീകരമായ   മുഖത്ത്  നോക്കുമ്പോള്‍  കൈത്തലങ്ങള്‍  തണുക്കുന്നതു പോലെ.   ഓഫീസില്‍ ധാരാളം ഫയലുകളും കമ്പ്യൂട്ടറുകളും  ഒക്കെ  ഇരിപ്പുണ്ട്... ഏതൊക്കേയോ  വലിയ  പ്രോജക്ടുകളൂടെ  മോഡലുകളും  ഫ്രെയിം  ചെയ്തു  തൂക്കിയ  ഫ്ലോര്‍ പ്ലാനുകളും  എലിവേഷനുകളും ഒക്കെ  കാണുന്നുണ്ട്.  ആരൊക്കേയോ  ജോലികള്‍  ചെയ്തു തുടങ്ങുന്നുമുണ്ട്. പക്ഷെ,  ദില്ലി  പോലെ ഒരു വന്‍ നഗരത്തില്‍ എന്തുതരം  കള്ളത്തരങ്ങളും ആരുടെയും  കണ്ണില്‍പ്പെടാതെ വിജയകരമായി  ചെയ്യാന്‍  കഴിയും... ചില ചില്ലറ സൂത്രങ്ങള്‍ കൈവശമുണ്ടായാല്‍ മതി.

നിമിഷം തോറും പരിഭ്രമം  ഏറി വന്നപ്പോള്‍ എന്തുകൊണ്ടോ പെട്ടെന്ന്  ഇച്ചാക്കയുടെ  കുലീനമായ  രൂപം എന്‍റെ  മനസ്സില്‍ തെളിഞ്ഞു. 

എനിക്ക് അല്‍പം  ധൈര്യം തോന്നി.  ഇല്ല.. ഇച്ചാക്ക അങ്ങനെ ഒരു വഞ്ചകനാവാന്‍  വഴിയില്ല. ഇത് എന്തോ ആഘോഷമോ  ഉല്‍സവപ്പിരിവോ അങ്ങനെ വല്ലതുമേ ആവാന്‍  തരമുള്ളൂ.

നൃത്തം  കഴിഞ്ഞ് സുന്ദരി  വശ്യമായി  ചിരിച്ചപ്പോള്‍  എല്ലാവരും  പണം  കൊടുക്കുന്നത്  കണ്ടു. ഞാന്‍ പണം കൊടുക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അതുകൊണ്ട്  ഞാന്‍ അവരെയാരേയും  കാണാത്ത മട്ടില്‍  നില്‍ക്കാന്‍ പരിശ്രമിച്ചു. 

ആ തടിയനും  എലുമ്പനും ഡോലും  ഹാര്‍മോണിക്കയുമായി  പുറത്തിറങ്ങിയപ്പോള്‍ സുന്ദരി റിസപ്ഷനിസ്റ്റിനെ കെട്ടിപ്പിടിച്ചു  യാത്ര പറഞ്ഞു. സുന്ദരിയുടെ  അപാരമായ  മനസ്സാന്നിധ്യം  എന്നെ  അതിശയിപ്പിക്കാതിരുന്നില്ല. 

അവരൊരുമിച്ച്  ഹാളില്‍  നിന്ന് പുറത്തിറങ്ങുന്നതു നോക്കി  നിന്നിരുന്ന   കറുത്ത ഫ്രെയിമുള്ള  കണ്ണട  ധരിച്ച , ഒരു റോട്ട്റിംഗ് പെന്‍ കൈയില്‍  പിടിച്ചിരുന്ന  ചെറുപ്പക്കാരന്‍റെ  പുരികങ്ങള്‍ വളഞ്ഞൊടിയുന്നതും  അയാള്‍  പല്ലുകള്‍ക്കിടയില്‍ പിറുപിറുക്കുന്നതും  ഞാന്‍ കണ്ടു. 

അതൊരു ചീത്തവാക്കാണെന്ന് എനിക്കുറപ്പുണ്ട്.

എനിക്ക്  വല്ലാത്ത  അസ്വസ്ഥത തോന്നി.  ഇയാള്‍ക്കൊപ്പവും  എനിക്ക് ജോലി ചെയ്യേണ്ടി  വരുമല്ലോ..   
   
ഞാന്‍  ഹാളിന്‍റെ  വാതില്‍  കടന്ന്  പുറത്തിറങ്ങിയപ്പോള്‍  സുന്ദരി  ചോദിക്കുന്നതു  കേട്ടു. 
 
ഗരുവിന്‍റെ  പിറന്നാളിനു  വരില്ലേ ... പൂജാ ദീദി.  

ആ സുന്ദരിക്ക്  ആണിന്‍റെ  ശബ്ദമാണ് . 

  ഭീകര മുഖമുള്ള  റിസപ്ഷനിസ്റ്റാണ് ഇച്ചാക്ക പറഞ്ഞ പൂജ.  

ഗരു  ആരായിരിക്കും? സുന്ദരിയുടെ  കുഞ്ഞായിരിക്കുമോ?  

സുന്ദരിയെ സൂക്ഷിച്ചു നോക്കിയപ്പോള്‍  എനിക്ക് തോന്നി .. അത്  അവളല്ല.. അവനാണെന്ന്.. എന്നാല്‍ അവനല്ല... അവളാണെന്ന്..  

തീര്‍ച്ചയായും വരും സീമ   എന്ന് പൂജ  യാത്രയാക്കുന്നത്  ഞാന്‍  വെറുതേ  നോക്കി നിന്നു. 

എലുമ്പന്‍ വീണ്ടും ആ പ്രത്യേക  ശബ്ദത്തില്‍  വിളിക്കുന്നുണ്ടായിരുന്നു  ആജാ  സീമാ ആജാ..
 
മറുപടിയായി  സീമ  കൈപ്പത്തികള്‍  കൂട്ടിത്തട്ടി.. ചിലങ്കകളുടെ  കിലുക്കം അകന്നു പോയി.

( തുടരും )

26 comments:

Pradeep Kumar said...

എഴുതിയതത്രയും നന്നായിരിക്കുന്നു. മുഴുവൻ പറയാതെ മാറ്റിവെച്ചതിൽ പ്രതിഷേധം....

ajith said...

ഫേസ് ബുക്കില്‍ വായിച്ചിരുന്നു. പക്ഷെ അവിടെ ഇത്രയും ഇല്ലായിരുന്നല്ലോ.

പട്ടേപ്പാടം റാംജി said...

രണ്ടാമാത്തെ ഭാഗവും കൂടി ചേര്‍ത്താണ് ഇവിടെയിപ്പോള്‍ അല്ലെ? സത്യത്തില്‍ കഥകളൊന്നും കഥകളല്ല, പ്രത്യേകിച്ചും വലിയ വലിയ നഗരങ്ങളില്‍ ആവുമ്പോള്‍ അല്ലെ? പരിചയമില്ലാത്തത് കേള്‍ക്കുമ്പോള്‍ തോന്നുന്ന ആകാംക്ഷയും ഭീകരതയും മനസ്സില്‍ പടര്‍ത്തിയ എഴുത്ത്.

Aneesh chandran said...

തുടരും കഥ :( മുഴുവന്‍ ഒറ്റ പോസ്റ്റില്‍ മത്യാര്‍ന്നു

വിനുവേട്ടന്‍ said...

അതെ... എച്ച്മു കണ്ടുപിടിച്ച പുതിയ പദം.. “അവ”... അവനും അവളും അല്ലാത്തത് അവ...

ബാക്കിയ്ക്കായി കാത്തിരിക്കുന്നു...

ചന്തു നായർ said...

തുടരുക.............

ശ്രീനാഥന്‍ said...

നല്ല അന്തരീക്ഷസൃഷ്ടി. ഇനിയെന്ത്? തുടരട്ടെ.

ശ്രീനാഥന്‍ said...

നല്ല അന്തരീക്ഷസൃഷ്ടി. ഇനിയെന്ത്? തുടരട്ടെ.

Cv Thankappan said...

ആകാംക്ഷയോടെ കാത്തിരിക്കുന്നു...............
ആശംസകള്‍

vettathan said...

അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

വീകെ said...

റിസപ്ഷനിലെ സ്വീകരണം കൊള്ളാം. ഇനി അകത്തെന്തിരിക്കുന്നുവെന്ന് അടുത്ത ഭാഗത്ത് നോക്കാം...
ആശംസകൾ.....

Vaisakh Narayanan said...

എന്നിട്ട്....?

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ആത്മകഥ ??

© Mubi said...

ക്ഷമയില്ലല്ലോ എച്ച്മു... വേഗം

Manoj vengola said...

വായിച്ചത് അത്രയും ഇഷ്ടപ്പെട്ടു.ബാക്കി വേഗമാകട്ടെ...

ലംബൻ said...

ദേ കിടക്കുന്നു സവാളവട..
ബാക്കി കൂടെ പറയൂന്നെ..

Unknown said...

അടുത്ത ഭാഗം വേഗം പോസ്റ്റ്‌ ചെയ്യു ...
ആശംസകൾ !

റോസാപ്പൂക്കള്‍ said...

അടുത്ത ഭാഗം വേഗം പോരട്ടെ

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല ജോലി
നല്ല അന്തരീക്ഷം
വരാൻ പോണത് കാണാൻ കാത്തിരിക്കുന്നു...

ഫൈസല്‍ ബാബു said...

നല്ല തുടക്കം !!,, അടുത്തത് ഒന്നൂടെ വായിക്കട്ടെ .

Manef said...

ഒരുപാട് എന്തൊക്കെയോ പറയാന്‍ ഉള്ളതുപോലെ തോന്നുന്നു.... തുടക്കം ഗംഭീരം എച്മു
ശേഷം വായിക്കട്ടെ....

കുസുമം ആര്‍ പുന്നപ്ര said...

അവന് അവളാകുന്നത് .ജിവിക്കാന്‍ വേണ്ടി. ഞാന്‍ കേട്ടിട്ടുണ്ട്.

keraladasanunni said...

വളരെ വൈകിയാണ് എത്തിയത്. വായന തുടങ്ങി.

വാചാല said...

അല്പം താമസിച്ചു പോയി...എന്നാലും ഒട്ടും ആവേശം ചോരാതെ വായിച്ചു തുടങ്ങുന്നു...

കുഞ്ഞുറുമ്പ് said...

ഞാനും തുടർക്കഥ വായിച്ചു തുടങ്ങി... ഒറ്റ ഇരുപ്പിന് 4 ഭാഗം വായിച്ചു.. എന്നിട്ടും മതിയായിട്ടല്ല.. നേരം പാതിരാത്രി ആയതുകൊണ്ടും പിറ്റേന്ന് കാലത്ത് എഴുന്നേൽക്കണ്ടതുകൊണ്ടും മാത്രം നിർത്തി.. നല്ല കഥ..

സുധി അറയ്ക്കൽ said...

വായിച്ചു തുടങ്ങുവാ ട്ടോ!!!!!!