Saturday, June 21, 2014

തീത്തൈലത്തിന്‍റെ തീക്ഷ്ണ ചുംബനം. 2


https://www.facebook.com/echmu.kutty/posts/286420721537229

 രണ്ടാം ഭാഗം

പൂജ  ഹൃദ്യമായി  ചിരിച്ചുകൊണ്ട്  എന്നെ ഓഫീസിലേക്ക് സ്വാഗതം ചെയ്തു. ഹൃദ്യം  എന്ന് ഞാന്‍  വിചാരിക്കുന്നതാണ്.. കവിളെല്ലുകള്‍  തെളിഞ്ഞ്  നേര്‍ത്ത  തൊലി ഇപ്പോള്‍  വലിഞ്ഞു പൊട്ടുമെന്ന മട്ടില്‍..  ചുവന്നുന്തിയ കണ്ണുകളില്‍  നിന്ന്  നീരു  വീഴ്ത്തിക്കൊണ്ട്... കോടിയ  വായ് ... പിന്നേയും  കോടിച്ച്... പുകഞ്ഞ് വെന്ത നിറമുള്ള   നെറ്റിയിലേക്ക്  വീഴുന്ന  മുടിയിഴകളെ ശ്രദ്ധാപൂര്‍വം  മാറ്റിക്കൊണ്ട്.. 

ഭാഗ്യം  .. പൂജയുടെ  സംസാരശേഷിക്ക്  തകരാറൊന്നുമില്ല...

മനോഹരമായ ഇംഗ്ലീഷ്  അതിലും മനോഹരമായ  ഹിന്ദി... 

എന്തു  പറ്റിയതാവും  പൂജയ്ക്ക്...  അപകടം.. ?  എന്നാലും  മുഖം  ഇത്രമാത്രം വിരൂപമായല്ലോ.. എന്ന്  എന്‍റെ  ഉള്ളം  ചുട്ടു നീറി. 

ആവി ഉള്ളിലൊതുക്കിയതല്ലാതെ ഞാന്‍ ഒന്നും ചോദിച്ചില്ല.. 

എന്‍റെ  മനമറിഞ്ഞതു പോലെ  തികച്ചും നിസ്സാരമായിട്ടായിരുന്നു  പൂജയുടെ  പ്രതികരണം.. 

ഇറ്റ് വാസ് ആന്‍ ആസിഡ് അറ്റാക്..  

തീത്തെലത്തിന്‍റെ  ഉഗ്രചുംബനത്തില്‍  മുഖമില്ലാതായിപ്പോയ ഒരുവള്‍  ഇതാ  എന്‍റെ  മുമ്പില്‍  .... 

മനുഷ്യരുടെ ജീവിതകഥകള്‍  എത്ര  ചെറുത്.. ചെറുതും  നിസ്സാരവും.. പൂജ  പ്രദര്‍ശിപ്പിച്ച പാകത എന്നെ അതിശയിപ്പിച്ചു. 

പൂജയുടെ കൂട്ടുകാരിക്ക്  നേരെയായിരുന്നു  അവളുടെ  നിരാശാഭരിതനായ  കാമുകന്‍ ആസിഡ് എറിഞ്ഞത്. അത്  വീണത് പൂജയുടെ മുഖത്തായിപ്പോയി  എന്നു  മാത്രം.. 

അയാള്‍ക്ക് ശിക്ഷയൊന്നും  കിട്ടിയില്ല. കാരണം  പൂജയുടെ കൂട്ടുകാരി അയാളെ  കാമുകനായും  ഭര്‍ത്താവായും അംഗീകരിക്കാന്‍  തയാറായി. തന്നെയുമല്ല അവള്‍  പൂജയോട്  അവരെ ഉപദ്രവിക്കരുതെന്ന്  കേണപേക്ഷിച്ചു... ഭര്‍ത്താവിനേയും കുടുംബത്തിനേയും സ്നേഹിച്ചു  സംരക്ഷിക്കുന്നതിലധികം  പ്രതിബദ്ധതയും കടപ്പാടും  ഒരു സ്ത്രീക്ക്  ആരോടെങ്കിലും ആവശ്യമുണ്ടോ. 

എനിക്ക്  ഒന്നും  മനസ്സിലായില്ല.

ഇതില്‍  മനസ്സിലാക്കാനെന്തിരിക്കുന്നു?  ബലാല്‍സംഗം ചെയ്തവനെ കല്യാണം  കഴിച്ച്  സുഖമായി ജീവിച്ചുകൂടേ എന്ന്  കോടതികള്‍  പെണ്ണുങ്ങളോട്  നിര്‍ദ്ദേശിക്കുന്ന  നാടാണ് നമ്മുടേത്.  അയാള്‍  ബലാല്‍സംഗം ചെയ്തെങ്കിലെന്ത്  നിന്നെ  കല്യാണം  കഴിക്കാന്‍  തയാറാണെന്ന്  കോടതിയോട് സമ്മതിച്ചില്ലേ..  പിന്നെന്തിനാ  കേസ് എന്ന്   ജഡ്ജി ചോദിക്കാറുണ്ടല്ലോ. എന്തു കുറ്റം ചെയ്താലും ഒരു  കല്യാണം കൂടെയുണ്ടെങ്കില്‍  അതിനൊരു  നിവൃത്തിമാര്‍ഗം  കിട്ടും.
 
പൂജ  പൊട്ടിച്ചിരിച്ചു.

എന്‍റെ  മമ്മിയും പപ്പയും  കേസിനൊന്നും  പോവാന്‍ അത്ര  താല്‍പര്യപ്പെട്ടില്ല. ആളുകള്‍  ആവശ്യമില്ലാതെ  കഥകള്‍  മെനയും  എന്നായിരുന്നു  അവരുടെ  ഭയം. ചീത്തപ്പേര് കിട്ടുമെന്ന് ഭീഷണി വന്നാല്‍ പെണ്ണിനെ സംബന്ധിച്ചുള്ള ന്യായത്തേയും നീതിയേയുമൊക്കെ അച്ഛനമ്മമാര്‍ പോലും  ഞെക്കിക്കൊന്നു  കുഴിച്ചിട്ടു  കളയും. മുഖം  ഇങ്ങനെയാക്കി എടുക്കാന്‍ തന്നെ  കുറെ പണം ചെലവായി... ഇനിയും  പണം  ചെലവാക്കിയാല്‍ മുഖം കൂടുതല്‍  ശരിയാകും. ഒരു  എയിറ്റിഫൈവ്  പെര്‍സന്‍റൊക്കെ റീ  ക്രിയേറ്റ്  ചെയ്യാമെന്ന്  ഡോക്ടര്‍മാര്‍  ഉറപ്പ് പറയുന്നുണ്ട്...
 
അവളൊന്നു നിറുത്തീട്ട്  വീണ്ടും  തുടര്‍ന്നു. 

പക്ഷെ, എനിക്ക്  മടുത്തു.  ഞാന്‍  എല്ലാം അവസാനിപ്പിച്ചു.  ആളുകള്‍  എന്നെ കാണുമ്പോള്‍ ഞെട്ടുന്നത് ആഹ്ലാദത്തോടെ ആസ്വദിക്കാന്‍  ഞാന്‍ പഠിച്ചു.  ചിലര്‍  നിന്നെപ്പോലെ  ഞെട്ടല്‍ ഒതുക്കിപ്പിടിക്കാന്‍   നോക്കും... മറ്റു  ചിലര്‍  ഭയങ്കരമായി ഞെട്ടും... അപൂര്‍വം ചിലര്‍  മൈന്‍ഡ് ചെയ്യാതിരിക്കും... അപ്പോള്‍  സങ്കടംകൊണ്ട് ഞെട്ടുന്നത്  ഞാനായിരിക്കും.

പൂജ  പിന്നെയും  ആര്‍ത്തു ചിരിച്ചു. 

എനിക്ക് വല്ലായ്മ തോന്നിയെങ്കിലും  ഞാനത്  പുറത്ത് കാണിച്ചില്ല. 

വീട്ടില്‍ എന്‍റെ  ഈ നിലപാട് വലിയ ഒരു ഇഷ്യൂ  ആണ്...   മുഖമൊക്കെ  ഒരു വിധം  ഭംഗിയാക്കി  കേട് വന്ന നെറ്റിക്ക് ഇത്ര ലക്ഷം,  മൂക്കിനു ഇത്ര  ലക്ഷം, കണ്ണിനു  ഇത്ര ലക്ഷം എന്നൊക്കെ കണക്കു പറഞ്ഞ്  കാശും  മേടിച്ച്   എന്നെ  കല്യാണം  കഴിക്കാന്‍ വരുന്ന  ഒരുത്തന്‍റെ  കൂടെ  പോയി  ജീവിക്കണമെന്നാണ് വീട്ടിലെ നിര്‍ബന്ധം.  നിന്നെപ്പോലെ  ഒരാളെ  ഞാനായതുകൊണ്ട്  സഹിക്കുന്നുവെന്ന്  അയാള്‍ പറയുന്നതും കേട്ട് ... ഞാനെന്തോ  ഭയങ്കര കുറ്റം  ചെയ്തമാതിരി തലയും  കുനിച്ച്  പിടിച്ച്....  എനിക്ക്  വയ്യ... എന്നെ  ആരും അങ്ങനെ  ഉദ്ധരിക്കേണ്ട....  

ഇപ്പോള്‍  പൂജയുടെ  മുഖത്തിനു  നല്ല മുറുക്കമുണ്ട്.. 

ഞാന്‍ സാവധാനം അവളുടെ  കൈപ്പത്തിയില്‍  സ്പര്‍ശിച്ചു.  വരാനിരിക്കുന്ന  തീവ്ര സൌഹൃദത്തിന്‍റെ  തുടക്കമെന്നോണം  ആ മൃദുലമായ  വിരലുകള്‍  എന്‍റെ കൈക്കുള്ളില്‍ ഒരു വിറയലോടെ   ഒതുങ്ങി. 

തണുപ്പുകാലത്തിന്‍റെ  വരവറിയിച്ചുകൊണ്ട്  കുളിരുള്ള  കാറ്റു  വീശുന്നുണ്ടായിരുന്നു...  തൊട്ടടുത്ത ഡി ഡി എ പാര്‍ക്കില്‍ നിന്നാവണം പക്ഷികളുടെ മധുര കൂജനവും ആ കാറ്റിനൊപ്പം  ഒഴുകി വരുന്നുണ്ടായിരുന്നു.

ലെഫ്റ്റ് ഓവര്‍ ജോലികള്‍ എന്ന് പറയുന്നത്  ഒട്ടും  എളുപ്പമല്ലെന്നും  അത്  ഒരിക്കലും  അവസാനിക്കാത്ത  ജോലികള്‍ക്കുള്ള ഒറ്റപ്പേരാണെന്നും ഞാന്‍  മനസ്സിലാക്കാന്‍ പോകുന്നതേ  ഉണ്ടായിരുന്നുള്ളൂ. 

വാടിത്തുടങ്ങിയ പുഷ്പാലങ്കാരങ്ങള്‍, ടോപ്പിടാത്ത  റോട്റിംഗ്  പേനകള്‍, ട്രേസ്  ചെയ്ത്  പൂര്‍ത്തിയാവാത്ത ഡ്രോയിംഗുകള്‍,  എഴുതി മുഴുമിക്കാത്ത  സ്റ്റേറ്റ്മെന്‍റുകള്‍ , തുറന്നിട്ടടയ്ക്കാന്‍  മറന്നു പോയ  റെഫറന്‍സ് ഗ്രന്ഥങ്ങള്‍, കണക്കുകൂട്ടി  അവസാനിപ്പിച്ചിട്ടില്ലാത്ത മെഷര്‍മെന്‍റ് ബുക്കുകള്‍,   ഷട്ട് ഡൌണ്‍  ചെയ്യാത്ത  കമ്പ്യൂട്ടറുകള്‍,   സൈന്‍ ഔട്ട്  ചെയ്യാത്ത ഈമെയില്‍ അക്കൌണ്ടുകള്‍, പൊടി  തുടയ്ക്കാത്ത മേശപ്പുറങ്ങള്‍, തുന്നല്‍ വിട്ടു  പോയ  കുഷ്യനുകള്‍,   കഴുകി വെയ്ക്കാത്ത  ചായക്കപ്പുകള്‍,  ഫ്ലഷ്  ചെയ്യാത്ത  ടോയ് ലറ്റുകള്‍

അങ്ങനെ  ബാക്കിയായിക്കിടക്കുന്ന   ജോലികള്‍ക്കെല്ലാം  എല്ലാവരും  എന്നെ വിളിച്ചുകൊണ്ടിരുന്നു.     അതെല്ലാം   എന്‍റെയാണ്... ഞാന്‍  ചെയ്യേണ്ടതാണ്... 

ഇച്ചാക്കയുടെ ഓഫീസിലെ ഒരു  പമ്പരമാണ് ഞാനെന്ന്  അധികം വൈകാതെ എനിക്ക്  ബോധ്യമായി. അങ്ങനെയാണെങ്കില്‍ക്കൂടി  കടുത്ത  മാനസിക സംഘര്‍ഷങ്ങളിലൂടെ  കടന്ന് പോവുകയായിരുന്ന എനിക്ക്  ആ ജോലികള്‍ ഒരു  പെരുംഭാഗ്യമായിത്തീര്‍ന്നു. എന്‍റെ  നഷ്ടങ്ങളും തീവ്ര നൊമ്പരങ്ങളും എല്ലാം  ആ ഓഫീസിന്‍റെ  ഗേറ്റിനപ്പുറത്ത്  മാത്രം കാവല്‍   നിന്നു.  

( തുടരും )

21 comments:

ഫൈസല്‍ ബാബു said...

ഈ തുടര്‍ക്കഥയുടെ ആദ്യഭാഗം വായിച്ചു വരാം :)

ഫൈസല്‍ ബാബു said...

പൂജയുടെ സമാനമായ അനുഭവം പലയിടത്തും വായിച്ചിട്ടുണ്ട്, വിധിയെ പഴിക്കാതെ പൊരുതി ജയിക്കുന്ന പൂജയുടെ വ്യക്തിത്വം എടുത്തു പറയേണ്ടത് തന്നെ !!, എന്നിട്ടെന്തായി ? അടുത്ത ഭാഗം വരട്ടെ ,

കല്യാണിക്കുട്ടി said...

really touching

w8ing for the remaining portions.......
:-)

congraats....echmukutty.........

പട്ടേപ്പാടം റാംജി said...

നിന്നെപ്പോലെ ഒരാളെ ഞാനായതുകൊണ്ട് സഹിക്കുന്നുവെന്ന് അയാള്‍ പറയുന്നതും കേട്ട് ... ഞാനെന്തോ ഭയങ്കര കുറ്റം ചെയ്തമാതിരി തലയും കുനിച്ച് പിടിച്ച്.... എനിക്ക് വയ്യ... എന്നെ ആരും അങ്ങനെ ഉദ്ധരിക്കേണ്ട....’

വിശ്വസിക്കാന്‍ പ്രയാസമാകുന്ന പല കഥകളും ആരും അറിയാതെ പോകുന്നു, അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുന്നില്ല.
പൂജ തുടരട്ടെ.

റോസാപ്പൂക്കള്‍ said...

ഇനി മൂന്നാമത്തേത് പോരട്ടെ

വിനുവേട്ടന്‍ said...

ഒരു സഹജീവിയോട് ഇത്തരം ക്രൂരതകള്‍ കാണിക്കുവാന്‍ എങ്ങനെ മനസ്സ് വരുന്നു...? അനുതാപം ഇല്ലായ്മ... അതല്ലേ ഇങ്ങനെ കണ്ണില്‍ ചോരയില്ലാതെ പെരുമാറുവാന്‍ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നത്...?

പൂജയുടേത് അപാര മനോധൈര്യം തന്നെ...

Sathees Makkoth said...

ജീവിതത്തോട് ചേർന്ന് നില്ക്കുന്ന കഥ! തുടരട്ടെ. ആശംസകൾ!

ajith said...

പൂജ ശക്തയായൊരു എച്മുക്കഥാപാത്രമായിരിയ്ക്കും എന്ന് നിര്‍ണ്ണയം.

© Mubi said...

പൂജ.... മുഴുവനും വായിക്കാന്‍ തിടുക്കാവുണു..

vettathan said...

അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

Pradeep Kumar said...

തീത്തൈലത്തിന്റെ ഉഗ്രചുംബനം!!
- ജീവിതമെന്ന തീത്തൈലം!. കഥക്ക് അനുയോജ്യമായ ശീർഷകം.
നന്നായി 'കഥ' പറയുന്നു. മുഴുവനും വായിക്കണം....

വീകെ said...

വീട്ടില്‍ എന്‍റെ ഈ നിലപാട് വലിയ ഒരു ഇഷ്യൂ ആണ്... മുഖമൊക്കെ ഒരു വിധം ഭംഗിയാക്കി കേട് വന്ന നെറ്റിക്ക് ഇത്ര ലക്ഷം, മൂക്കിനു ഇത്ര ലക്ഷം, കണ്ണിനു ഇത്ര ലക്ഷം എന്നൊക്കെ കണക്കു പറഞ്ഞ് കാശും മേടിച്ച് എന്നെ കല്യാണം കഴിക്കാന്‍ വരുന്ന ഒരുത്തന്‍റെ കൂടെ പോയി ജീവിക്കണമെന്നാണ് വീട്ടിലെ നിര്‍ബന്ധം. നിന്നെപ്പോലെ ഒരാളെ ഞാനായതുകൊണ്ട് സഹിക്കുന്നുവെന്ന് അയാള്‍ പറയുന്നതും കേട്ട് ... ഞാനെന്തോ ഭയങ്കര കുറ്റം ചെയ്തമാതിരി തലയും കുനിച്ച് പിടിച്ച്.... എനിക്ക് വയ്യ... എന്നെ ആരും അങ്ങനെ ഉദ്ധരിക്കേണ്ട....’
വളരെ ശരിയാണ്. ഇങ്ങനെ സംഭവിച്ചതിൽ ഓരോന്നിനും കണക്കു പറഞ്ഞ് കാശ് വാങ്ങി കെട്ടിക്കൊണ്ടു പോകാനും ആളുണ്ടാകും. നമ്മുടെ നാടല്ലെ...!!

Joselet Joseph said...

നമുക്ക് ഈ സ്ത്രീ ശാസ്തീകരണ പ്രസംഗത്തിന് അല്പം ഇന്റെര്‍വല്‍ കൊടുത്ത് സ്ത്രീകള്‍ക്ക് തോക്കിനുള്ള അവകാശ സമരത്തിനായി പോരാടിയാലോ?
ചിലപ്പോള്‍ വിപ്ലവകരമായ മാറ്റം സംഭവിക്കും!
യു,പി യിലൊക്കെ അല്ലാതെ എന്നാ ചെയ്യാനാ ചേച്ചി...

ലംബൻ said...

പൂജയുടെ നിലപാടുകളെ പൂജിക്കുന്നു. അടുത്ത ഭാഗം വേഗം പോന്നോട്ടെ.

Muralee Mukundan , ബിലാത്തിപട്ടണം said...

പൂജ പൂജിക്കപ്പെടുക തന്നെ ചെയ്യും

Cv Thankappan said...

തീവ്രമായ സൌഹൃദത്തിന്‍റെ തുടക്കം....
ആശംസകള്‍

Manef said...

എന്‍റെ മനമറിഞ്ഞതു പോലെ തികച്ചും നിസ്സാരമായിട്ടായിരുന്നു പൂജയുടെ പ്രതികരണം..

‘ഇറ്റ് വാസ് ആന്‍ ആസിഡ് അറ്റാക്..’

ഇത്ര നിര്‍വ്വികാരയായി പറയാന്‍ മാത്രം പക്വമായിരിക്കുന്നു പാവം ആ പെങ്കുട്ടിയുടെ മനസ്സ്..... ജീവിതത്തില്‍ നേരിട്ട ഭീകര ദുരന്തം അങ്ങനെ അത് നിസ്സാരമാക്കാന്‍ ശ്രമിക്കുന്നു....

keraladasanunni said...

ആസിഡ് അറ്റാക്ക് നടത്തിയവനെ വിവാഹം 
ചെയ്ത് ഒരുമിച്ചു ജീവിക്കേണ്ടി വരുന്ന സ്ത്രീയുടെ നിര്‍ഭാഗ്യം വാക്കുകള്‍ക്ക് അതീതമാണ്.

കുഞ്ഞുറുമ്പ് said...

പൂജ മനസ്സിൽ കയറിപ്പറ്റി.. :) ആസിഡ് അറ്റാക്ക്‌ fighter ലക്ഷ്മിയെ ഓർത്തു

സുധി അറയ്ക്കൽ said...

വായിച്ചു .നന്നായിട്ടുണ്ട്‌.
വീകേയുടെ മരുഭൂമിയും ഇതു ഒന്നിച്ചാണു വായന തുടങ്ങിയത്‌..
കഴിഞ്ഞ അധ്യായത്തിൽ കമന്റ്‌ ഇടാൻ കഴിഞ്ഞില്ലല്ലോ!!!?????

സുധി അറയ്ക്കൽ said...

ഒന്നൂടെ വായിച്ചു.ബാക്കി വായിക്കുന്നു.