Monday, June 23, 2014

ഇച്ചാക്കയുടെ സ്വന്‍സല്‍ . 3


https://www.facebook.com/echmu.kutty/posts/287204144792220

മൂന്നാം ഭാഗം

ഇച്ചാക്ക  ഒരു മുസ്ലിമാണെന്ന്  എന്നോട്   ആദ്യം പറഞ്ഞത്  പ്രദീപ് ജെയിനാണ്.

 എപ്പോഴും  റോട്റിംഗ് പെന്‍  കൈയില്‍ പിടിച്ചിരിക്കുകയോ,  വല്ല ഡ്രോയിംഗുകളിലും ശ്രദ്ധിച്ചിരിക്കുകയോ  അല്ലെങ്കില്‍ മുന്നില്‍  കാണുന്ന പേപ്പറിലും  കമ്പ്യൂട്ടറിലും   ഡിസൈനുകള്‍  വരയ്ക്കാന്‍ ശ്രമിക്കുകയോ  ചെയ്ത്  സദാ  താനൊരു  ആര്‍ക്കിടെക്ടാണെന്ന്  ധ്വനിപ്പിക്കുവാന്‍  പ്രദീപ്   ഇഷ്ടപ്പെട്ടു.  വാസ്തുവിദ്യയുടെ  ജാര്‍ഗണുകള്‍  സംഭാഷണത്തിലുടനീളം ഉപയോഗിക്കുന്നത്  അയാളുടെ ഒരു ശീലമായിരുന്നു. കറുത്ത ഫ്രെയിമുള്ള കണ്ണടയും  ഷേവ് ചെയ്തു മിനുക്കിയ  മുഖവും മോടിയുള്ള വസ്ത്രധാരണവും ചുറ്റും പടരുന്ന  വിലയേറിയ പെര്‍ഫ്യൂമിന്‍റെ  സുഗന്ധവും  ഉണ്ടായിരുന്നെങ്കിലും  എനിക്ക്  അയാളെ  അംഗീകരിക്കാന്‍  നല്ല വൈമനസ്യമുണ്ടായിരുന്നു. 

പല്ലുകള്‍  കടിച്ചു പിടിച്ച്  അയാള്‍  ഉപയോഗിച്ചിരുന്ന ബേന്‍ചോ ( പെങ്ങളെ ഭോഗിക്കുന്നവന്‍ )  എന്ന വാക്കു തന്നെയായിരുന്നു  അതിനു  കാരണം.   ഇച്ചാക്കയെ പരാമര്‍ശിക്കേണ്ടി  വരുമ്പോള്‍, സാധിക്കുമ്പോഴെല്ലാം  അയാള്‍ ആ  വാക്കുപയോഗിച്ചു. ഇച്ചാക്ക  അയാള്‍ക്കെന്തു ദ്രോഹമാണ് ചെയ്തതെന്ന് എനിക്ക്  ഒരുകാലത്തും മനസ്സിലായതേയില്ല. 

അതീവ വിസ്തൃതമായ  ഒരു  ഫാം  ഹൌസായിരുന്നു  ഇച്ചാക്കയുടെ  ഓഫീസായി  പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഭൂമി പല തട്ടുകളായി തിരിച്ച് അതില്‍  ധാരാളം  പച്ചക്കറികള്‍  കൃഷി ചെയ്തിരുന്നു. വിളവെടുപ്പുസമയത്ത്   ഞങ്ങള്‍ക്കെല്ലാം ഇഷ്ടം  പോലെ പച്ചക്കറികള്‍  കിട്ടിയിരുന്നു. കട്ട് ഫ്ലവറുകളുടെ  അതി മനോഹരമായ ഒരു  ഉദ്യാനവും അവിടെയുണ്ടായിരുന്നു. ഡാലിയകളും കാലന്‍ഡുലൈകളും ട്യൂലിപ്പുകളും ഓര്‍ക്കിഡുകളും നര്‍ഗീസുമെല്ലാം അവിടെ  നിറഞ്ഞു നിന്നു.

തണുപ്പുകാലത്തെ മൃദുലമായ വെയില്‍ ഒഴുകി വീഴുന്ന  തോട്ടത്തിനരികിലെ നടപ്പാതയില്‍  വെച്ചാണ് ഞാനാദ്യം സ്വന്‍സലിനെ  കണ്ടത്.  അത്  സ്വന്‍സലാണെന്ന് അപ്പോഴെനിക്കറിഞ്ഞുകൂടായിരുന്നു. വീല്‍ ചെയറിലിരുന്ന് സ്വെറ്റര്‍  തയിക്കുന്ന ആ ജ്വലിക്കുന്ന സൌന്ദര്യം  കണ്ടപ്പോള്‍ ഒന്നു  ശ്രദ്ധിച്ചുവെന്ന് മാത്രം... 

പ്രദീപ്  ജെയിന്‍  വിശദീകരിച്ചു... 

മിസ്സിസ്  സാഹിലാണ്... 

ഇച്ചാക്കയുടെ  പേര് സാഹിലെന്നാണെന്ന് ഇതിനകം  ഞാന്‍  അറിഞ്ഞിരുന്നു. ഫേമിന്‍റെ  മറ്റൊരു   പാര്‍ട്ട്ണറുടെ പേര്  സന്ദീപ് എന്നാണെന്നും  അതാണ് എസ് ആന്‍ഡ് എസ് ആര്‍ക്കിടെക്ചര്‍ ഫേം   എന്നും  ഞാന്‍  മനസ്സിലാക്കിയിരുന്നു. 

നല്ലോരു  ബ്രാഹ്മണപ്പെണ്ണ്... ഇതാണ് അതിന്‍റെ  യോഗം..
 
പ്രദീപിന്‍റെ  വാക്കുകളിലെ  അമര്‍ഷം  എനിക്ക്  മനസ്സിലായി. ജാതീയതയുടെയും  മതാത്മകതയുടേയും അവജ്ഞയും  ആരാധനയും അല്ലെങ്കില്‍ പുച്ഛവും ഗമയും  ഒക്കെ നേരിയതായി പുരണ്ട  ധ്വനികള്‍  പോലും എനിക്ക്  പിടിച്ചെടുക്കാന്‍ കഴിയുമായിരുന്നു. 

അതെന്‍റെ സ്വന്തം ജീവിതാനുഭവം... 

അയാള്‍ പല്ലുകള്‍ക്കിടയിലൊതുക്കിയ  വെറുപ്പോടെ തുടര്‍ന്നു.. 'കാലുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ  മുസ്ലിം  വരനാകുമായിരുന്നില്ല.  അന്തസ്സുള്ള ഒരു  കാശ്മീരി  ബ്രാഹ്മണന്‍റെ  ഭാര്യയാകുമായിരുന്നു സ്വന്‍സല്‍..  

മൂര്‍ച്ചയുള്ള  എന്തെങ്കിലും  പറയാന്‍  എന്‍റെ നാവു  തരിച്ചു.. പക്ഷെ, ഞാന്‍  ഒതുങ്ങി. എന്‍റെ  തോളിലുള്ള  വലിയ  ഭാരത്തെപ്പറ്റി ഞാന്‍  മറന്നുകൂടാ. കൂടുതല്‍ പഠിപ്പുള്ളവര്‍ക്ക് ,  ടെക്നിക്കല്‍  ബിരുദമുള്ളവര്‍ക്ക് കലഹിക്കാം... വായില്‍ത്തോന്നിയത്  പറയാം. അവര്‍ക്ക്  പിന്നേയും  ജോലികള്‍ കിട്ടും. അതാണോ എന്‍റെ സ്ഥിതി

വാട്ട് സോര്‍ട്ട്  ഓഫ്  എ ജോബ് യൂ വില്‍ ഗെറ്റ് വിത്  എ മലയാളം  എം എ ... 

സ്വന്‍സല്‍ എന്നാല്‍ കാശ്മീരി ഭാഷയില്‍ മഴവില്ല്  എന്നാണത്രെ അര്‍ഥം... അവരെ കണ്ടപ്പോള്‍ എനിക്ക്  ഇച്ചാക്കയോടുള്ള  ആദരവ്  ഇരട്ടിച്ചു.  സന്തുഷ്ടയാണ് അവരെന്ന് ആ ജ്വലിക്കുന്ന  സൌന്ദര്യം തെളിവ് നല്‍കുന്നുണ്ടായിരുന്നു.

പ്രദീപിനു മുസ്ലിങ്ങളോട്  വെറുപ്പാണ്... അവരാണ് ഇന്ത്യയെ  നശിപ്പിക്കുന്നതെന്ന്  അയാള്‍ക്കുറപ്പുണ്ട്. എല്ലാവരേയും പാകിസ്ഥാനിലേക്കോ  ബംഗ്ലാദേശിലേക്കോ നാടു കടത്തണം. ഇന്ത്യയില്‍ ജനസംഖ്യ  കൂട്ടുന്നത്  അവരാണ്. അവരെല്ലാം ടെററിസ്റ്റുകളാണ്. ഗാന്ധിജി പാകിസ്ഥാനു പണം നല്‍കാന്‍  വാശി പിടിച്ചു...    നിര്‍ബന്ധമില്ലായിരുന്നെങ്കില്‍  ഉരുക്കുമനുഷ്യനായ  പട്ടേല്‍  പണം നല്‍കുകയില്ലായിരുന്നു. ഗാന്ധിജിയെ വധിച്ചത് വളരെ  നന്നായി... അല്ലെങ്കില്‍ ഇനീം  പാക്കിസ്ഥാനു  ഓരോന്നോക്കെ  എടുത്തു കൊടുക്കാന്‍ നിര്‍ബന്ധിക്കുമായിരുന്നു.  ചര്‍ച്ചില്‍  പണ്ടേ  ഗാന്ധിജിയെ അങ്ങ് തീര്‍ത്തു കളയാമോ എന്ന്  ഏതോ  വൈസ്രോയിയോട്  അഭിപ്രായം ചോദിച്ചതാണ്. ഇന്ത്യ  കത്തുമെന്ന്  പറഞ്ഞ് ഭീരുവായ  വൈസ്രോയി പിന്‍വാങ്ങി... 

അയാള്‍  പിറുപിറുത്തുകൊണ്ടേയിരുന്നു.. 

ഗാന്ധിജി എവിടെയോ ഇരുന്ന് നൊമ്പരപ്പെടുന്നുണ്ടാവണം .. എത്ര  വ്യര്‍ഥമായിരുന്നു  തന്‍റെ  ജന്മമെന്ന്  മനസ്സിലാക്കുന്നുണ്ടാവണം. 

മുസ്ലിമിനുവേണ്ടി  സംസാരിച്ചുവെന്ന്  ഹിന്ദുക്കള്‍  ഗാന്ധിജിയെ വെറുക്കുന്നു. ഹിന്ദുക്കളുടെ  ആളായിരുന്നുവെന്ന് മുസ്ലിമുകള്‍  രോഷം കൊള്ളുന്നു. തോട്ടികള്‍ക്ക് വേണ്ടി  സംസാരിച്ചുവെന്ന് സവര്‍ണ ഹിന്ദുക്കള്‍ ഗാന്ധിജിയെ  അകറ്റുന്നു. ഹരിജനമെന്നേ  വിളിച്ചുള്ളൂ  ബ്രാഹ്മണരെന്ന്  വിളിച്ചില്ലെന്ന് അവര്‍ണ ഹിന്ദുക്കള്‍ ഗാന്ധിജിയെ വിമര്‍ശിക്കുന്നു.

ഏതെങ്കിലും  ഒരു  വ്യര്‍ഥമാസത്തിലെ  കഷ്ടരാത്രിയിലാവണം  ഗാന്ധിജി ഇന്ത്യയില്‍ ജനിച്ചത്. ഇത്ര  വ്യര്‍ഥമായി ജീവിച്ചത്. 

പതുക്കെപ്പതുക്കെ  എനിക്ക് ആ  ഓഫീസിലെ കാര്യങ്ങള്‍ വ്യക്തമാകാന്‍ തുടങ്ങി. 

പ്രദീപിനു  സന്ദീപ് എന്ന ഹിന്ദു ആര്‍ക്കിടെക്ടിനോടാണ് കൂറ്.  അത്  അദ്ദേഹത്തിന്‍റെ അറിവോ  കഴിവോ  ഒന്നും കണ്ടിട്ടല്ല.  ഹിന്ദുവായതു കൊണ്ടു  മാത്രമാണ്. പുരുഷന്മാര്‍  കാര്യങ്ങള്‍ ഒക്കെ  വിശകലനം  ചെയ്ത്  സൌഹൃദമുണ്ടാക്കുമെന്നും അവര്‍ക്ക്  അസൂയ  ഇല്ലെന്നും  തമ്മില്‍ത്തമ്മില്‍  അസാധാരണമായ ചേര്‍ച്ചയാണെന്നും പെണ്ണുങ്ങളെപ്പോലെ  നിസ്സാരകാര്യങ്ങളല്ല അവര്‍ ഡീല്‍ ചെയ്യാറെന്നും  മറ്റും വീമ്പ് പറയുന്നത് വെറും  കളവാണെന്ന്    ഓഫീസിലെ ജീവിതം  എന്നെ  പഠിപ്പിച്ചു. 

ഇച്ചാക്കയുടെ  കഴിവുകളില്‍ പ്രദീപിനും  അദ്ദേഹത്തെ  പിന്താങ്ങുന്ന  മറ്റുള്ളവര്‍ക്കും  വ്യക്തമായ അസൂയ ഉണ്ടായിരുന്നു. അതാണ് സത്യം.  അസൂയ  കാരണം  വിശകലനമൊന്നും അവരെക്കൊണ്ട് സാധിക്കുമായിരുന്നില്ല.  പോരാത്തതിനു മുസ്ലിം എന്ന അന്ധമായ വിരോധവും അസൂയയുടെ ആഴം  വര്‍ദ്ധിപ്പിച്ചു. 

ഇച്ചാക്ക ഒരു   സുന്ദരനും സുമുഖനുമായിരുന്നു. ഇംഗ്ലീഷും ഹിന്ദിയും അസാധാരണമായ പദസ്സമ്പത്തോടെ അദ്ദേഹത്തില്‍ നിന്ന് അനര്‍ഗളമായി  ഒഴുകി. ഡിസൈന്‍ ചെയ്യുന്നതിലും ജീവന്‍  തുളുമ്പുന്ന  ചിത്രങ്ങള്‍ വരക്കുന്നതിലും ഇച്ചാക്ക  മിടുക്കനായിരുന്നു. വാസ്തുവിദ്യ  അദ്ദേഹത്തിനു  വിശുദ്ധമായ ഒരു  തപസ്സു പോലെ ആത്മീയമായിരുന്നു.  

എല്ലാവരോടും തികഞ്ഞ  വിനയത്തോടെ ഒരു ചീത്ത വാക്കും ഒരിക്കല്‍  പോലും  ഉച്ചരിക്കാതെ അദ്ദേഹം  ജോലി ചെയ്തു. നീണ്ടു മെലിഞ്ഞു വെളുത്ത ആ വിരല്‍ത്തുമ്പുകളില്‍ പോലും കുലീനത്വം തുളുമ്പി. 

സുഗന്ധവാഹിയായ  ഒരു ഇളംകാറ്റിന്‍റെ സൌരഭ്യവും   മൃദുലതയും  ആനന്ദവുമായിരുന്നു ഇച്ചാക്ക. 

ഇച്ചാക്കയും  സന്ദീപും തമ്മില്‍ അസാധാരണമായ  അടുപ്പമായിരുന്നു. നല്ല  ഭാര്യയെ കിട്ടുന്നതിലും പ്രയാസമാണ് നല്ലൊരു വര്‍ക്കിംഗ് പാര്‍ട്ടണറെ കിട്ടുകയെന്ന് തമാശ  പറഞ്ഞ്  അവര്‍ പൊട്ടിച്ചിരിക്കുമെന്ന്  പൂജയാണ് പറഞ്ഞത് .. 

അവര്‍  മൂന്നുപേരും  കാശ്മീരികളാണ്. ചിനാര്‍ മരങ്ങളുടെയും  മഞ്ഞിന്‍റെയും  കാശ്മീര്‍ ഉപേക്ഷിച്ചു പോന്നവരാണ്..   

രണ്ടു പേര്‍  കാശ്മീരി  പണ്ഡിറ്റുകള്‍... ഒരാള്‍ മുസ്ലിം.. 

പൂജ  എന്നെപ്പോലെയാണ്.. 

ഇന്ത്യക്കാരിയെന്ന്  പോലും സ്വയം പറയാത്തവള്‍.. 

( തുടരും )

25 comments:

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഭാഷയുടെ അനിര്‍ഗ്ഗളമായ ഒഴുക്ക് .ഞാനും ഒഴുകുന്നു ..

പട്ടേപ്പാടം റാംജി said...

പ്രദീപിന്‍റെ വാക്കുകളിലെ അമര്‍ഷം എനിക്ക് മനസ്സിലായി. ജാതീയതയുടെയും മതാത്മകതയുടേയും അവജ്ഞയും ആരാധനയും അല്ലെങ്കില്‍ പുച്ഛവും ഗമയും ഒക്കെ നേരിയതായി പുരണ്ട ധ്വനികള്‍ പോലും എനിക്ക് പിടിച്ചെടുക്കാന്‍ കഴിയുമായിരുന്നു.

പുതിയ കഥാപാത്രങ്ങളുമായി കഥ മനോഹരമായി ഇനിയും തുടരുന്നു അല്ലെ.

ajith said...
This comment has been removed by the author.
ajith said...

സമകാലിക ഇന്‍ഡ്യയുടെ അവസ്ഥകള്‍ തന്നെ ഈ കഥയില്‍ ജ്വലിക്കുന്നു

ബെന്‍ജി നെല്ലിക്കാല said...

ലോകോ സമസ്ത സുഖിനോ ഭവന്തു...
വര്‍ഗീയതയുടെ പേരില്‍ ഇനി നമ്മുടെ നാട് നശിക്കാതിരിക്കട്ടെ.

വീകെ said...

ഇച്ചാക്ക ഒരു മുസ്ലിമാണെന്ന് എന്നോട് ആദ്യം പറഞ്ഞത് പ്രദീപ് ജെയിനാണ്. (എന്നു പറഞ്ഞാൽ ഇച്ചാക്കയെ കുറിച്ചാണ് പറയാൻ പോകുന്നത്.)
എപ്പോഴും റോട്റിംഗ് പെന്‍ കൈയില്‍ പിടിച്ചിരിക്കുകയോ, വല്ല ഡ്രോയിംഗുകളിലും ശ്രദ്ധിച്ചിരിക്കുകയോ അല്ലെങ്കില്‍ മുന്നില്‍ കാണുന്ന പേപ്പറിലും കമ്പ്യൂട്ടറിലും ഡിസൈനുകള്‍ വരയ്ക്കാന്‍ ശ്രമിക്കുകയോ ചെയ്ത് സദാ താനൊരു ആര്‍ക്കിടെക്ടാണെന്ന് ധ്വനിപ്പിക്കുവാന്‍ അയാള്‍ ഇഷ്ടപ്പെട്ടു. (ആര്..ഇച്ചാക്ക.) വാസ്തുവിദ്യയുടെ ജാര്‍ഗണുകള്‍ സംഭാഷണത്തിലുടനീളം ഉപയോഗിക്കുന്നത് അയാളുടെ ഒരു ശീലമായിരുന്നു. കറുത്ത ഫ്രെയിമുള്ള കണ്ണടയും ഷേവ് ചെയ്തു മിനുക്കിയ മുഖവും മോടിയുള്ള വസ്ത്രധാരണവും ചുറ്റും പടരുന്ന വിലയേറിയ പെര്‍ഫ്യൂമിന്‍റെ സുഗന്ധവും ഉണ്ടായിരുന്നെങ്കിലും എനിക്ക് അയാളെ അംഗീകരിക്കാന്‍ നല്ല വൈമനസ്യമുണ്ടായിരുന്നു. (ആരെ...? ഇച്ചാക്കയെ.)

പല്ലുകള്‍ കടിച്ചു പിടിച്ച് അയാള്‍ ഉപയോഗിച്ചിരുന്ന ബേന്‍ചോ ( പെങ്ങളെ ഭോഗിക്കുന്നവന്‍ ) എന്ന വാക്കു തന്നെയായിരുന്നു അതിനു കാരണം.
(ഇതുവരെ ഇച്ചാക്കയെക്കുറിച്ചാണ് പറഞ്ഞത്.)
ഇച്ചാക്കയെ പരാമര്‍ശിക്കേണ്ടി വരുമ്പോള്‍, സാധിക്കുമ്പോഴെല്ലാം അയാള്‍ ആ വാക്കുപയോഗിച്ചു. ഇച്ചാക്ക അയാള്‍ക്കെന്തു ദ്രോഹമാണ് ചെയ്തതെന്ന് എനിക്ക് ഒരുകാലത്തും മനസ്സിലായതേയില്ല.
(ഇതു വായിച്ചതോടെ ആകെ കൊളാബൊറേഷൻ ആയി. ഇത്ര നേരം പറഞ്ഞത് ഇച്ചാക്കയെ അല്ലായിരുന്നോ...? എന്റെ വായന എന്നെ തെറ്റിദ്ധരിപ്പിച്ചതോ എച്മൂട്ടിയേ..?)
ആശംസകൾ...

വീകെ said...
This comment has been removed by the author.
Echmukutty said...

ഇങ്ങനെ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടായതില്‍ വിഷമമുണ്ട് വി കെ മാഷെ. കഴിവു പോലെ അത് തിരുത്താന്‍ നോക്കീട്ടുണ്ട്.

Manoj vengola said...

വായിച്ചു...വായിച്ചു..ബാക്കി കൂടി വരട്ടെ..

Manoj vengola said...

വായിച്ചു...വായിച്ചു..ബാക്കി കൂടി വരട്ടെ..

Sabu Hariharan said...

മനോഹരം.
ഫ്ലാഷ്ബാക്ക്:
ടെററിസ്റ്റ് അല്ലെങ്കിൽ ഇന്ത്യൻ ആർമിയുടെ അറ്റാക്ക് - കാശ്മീരി പണ്ഡിറ്റുകൾ മുസ്ലിം യുവതിയെ രക്ഷപ്പെടുത്തുന്നു (യുവതിക്ക് വെടിയേറ്റിരിക്കാൻ സാദ്ധ്യതയുണ്ട്), അല്ലെങ്കിൽ ഹിന്ദു മുസ്ലീം പ്രണയം..ഇതൊക്കെ പ്രതീക്ഷിക്കുന്നു..

റിനി ശബരി said...

ഇന്നുമുണ്ടിതൊക്കെ , അന്നുമുണ്ടിതൊക്കെ
ആ മഹാത്മാവ് മുകളില്‍ ഇരുന്ന് കേഴുന്നുണ്ടാകാം ...!
എന്തിനാണ് അദ്ധേഹം പ്രയത്നിച്ചത് അതിന് വിരുദ്ധമായ്
തന്നെ മിക്ക മനസ്സുകളിലും അതൊക്കെ കുടി കൊള്ളുന്നു
ഇടക്ക് കലി തുള്ളി പുറത്ത് ചാടുന്നു .. എത്രയില്ലെന്ന്
പറഞ്ഞാലും ഇന്നും നില നിന്ന് പോകുന്നുണ്ട് ഇതൊക്കെ ..
ചിലതൊക്കെ നമ്മുക്ക് തിരികേ കിട്ടുന്നുണ്ട് ...
ഒരു സഹ പ്രവര്‍ത്തകന്‍ എന്നൊട് വളരെ കാര്യമായ്
പറഞ്ഞിരുന്നു നീ എല്ലാം കൊണ്ട് ശരി തന്നെ പക്ഷേ
നീ നിസ്കരിക്കാന്‍ പള്ളിയില്‍ വരുന്നില്ല അത് മാത്രമാണൊരു കുറവെന്ന് .
വര്‍ഗ്ഗിയ ചിന്തകളുടെ ആകെതുകയാണിപ്പൊള്‍ കാണാറുള്ള
മിക്ക മനസ്സുകളും , കൂടെ നില്‍ക്കുമ്പൊള്‍ നിക്ഷപക്ഷത
പറയുകയും മാറിയാല്‍ വിഷം പുറത്ത് ചാടുകയും ചെയ്യുന്ന ഒന്ന് ..
ഇച്ചാക്കയും , സ്വന്‍സലിലും നല്ലൊരു ചിത്രമായ് മനസ്സിലേക്ക്
പതിഞ്ഞ് നില്‍ക്കുന്നു .. മനുഷ്യന്‍ മനുഷ്യനേ അറിയുന്ന കാലം വന്നിരുന്നെങ്കില്‍ ..!
കുറേ നാളുകള്‍ക്ക് ശേഷമാണിവിടെ .. സ്നേഹം സന്തൊഷം

Muralee Mukundan , ബിലാത്തിപട്ടണം said...

അശോക് ഭായിയുടെ
കമന്റ് എവിടെ പോയി..?

മഴവില്ലഴ്കോടെ ഒരു
കഥയുടെ കെട്ട് കൂടി അഴിയുകയാണല്ലോ ഇവിടെ

മിനി പി സി said...

നീണ്ട കഥ .....ആദ്യ ലക്കം കൊള്ളാം ,ഇനിയും വരട്ടെ ........അവസാനം അഭിപ്രായപ്പെടാംട്ടോ എച്മു .

Cv Thankappan said...

നമുക്ക് ചിലരോട് വെറുപ്പുണ്ടാകുന്നത് അവരുടെ സംസാരരീതികൊണ്ടാണ്‌...................
ആശംസകള്‍

റോസാപ്പൂക്കള്‍ said...

ഓരോ ലക്കവും ഭംഗിയായി പോകുന്നു എച്ചുമോ

Abdul Wadhood Rehman said...

Is this a start of a series? If not where did it start? Anyhow, it was a fine taste of language. Quite admirable.

vettathan said...

വായിച്ചപ്പോള്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ ഒരു എഴുത്തുകാരി എന്ന നിലയില്‍ എച്മുവിനെ എത്ര മുന്നോട്ട് കൊണ്ടുപോയി എന്നാണ് ഞാന്‍ ഓര്‍ത്തത്. മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങള്‍.
ഗാന്ധിജിയെക്കുറിച്ച്-എന്‍റെ ചെറുപ്പത്തില്‍ വിപ്ലവകാരികള്‍ക്കും വര്‍ഗ്ഗീയവാദികള്‍ക്കും അദ്ദേഹം അസ്പൃശ്യനായിരുന്നു.ഇപ്പോള്‍ എല്ലാവരും ആ പേര് വിളിച്ച് അഭിമാനം കൊള്ളുന്നതായി ഭാവിക്കുന്നു.എച്മുവിന്‍റെ നിരീക്ഷണം കൃത്യമാണ്.

Unknown said...

വളരെ നന്നായി ചേച്ചി..
ആശംസകൾ !

Manef said...

ബേന്‍ചോ (പെങ്ങളെ ഭോഗിക്കുന്നവന്‍)
ഈ പ്രയോഗം ഒട്ടുമിക്ക വടക്കേ ഇന്ത്യക്കാര്‍ക്കും പിന്നെ പച്ചകള്‍ക്കും (പാക്കിസ്ഥാനികള്‍) അത്ര വലിയ ഒരു ചീത്ത വാക്ക് അല്ല എന്നാണ് എനിക്കു തോന്നുന്നത് കാരണം അവരുമായി കൂടുതല്‍ അടുത്ത് ഇടപെടുന്തോറും എനിക്കു അങ്ങനെ ആണ് ബോധ്യപ്പെട്ടത് ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ ദേഷ്യം തോന്നുമായിരുന്നു.... പിന്നെ പിന്നെ മനസ്സിലായി ഇവര്‍ പൂട്ടിന് തേങ്ങാപ്പീര പോലെ സംസാരത്തിനിടയില്‍ ചേര്‍ക്കുന്ന ഒരു വാക്കാണ് ഇതെന്ന് (സംസ്കാരസമ്പന്നര്‍ ഇതില്‍ നിന്നും വ്യത്യസ്തര്‍ ആണ്)....
വായിക്കുന്തോറും ആകാംക്ഷയാണ് ഞാന്‍ വായന തുടരട്ടെ.....

keraladasanunni said...

ഇച്ചാക്ക എന്ന കുലീനനായ മനുഷ്യന്‍ 
മനസ്സില്‍ ഇടം പിടിച്ചു.

ഫൈസല്‍ ബാബു said...

ഒരാളെ കൂടി പരിചയപെട്ടു "ഇച്ചാക്ക ബാക്കി വായിക്കട്ടെ !!.. കഥ രസകരമായി മുന്നോട്ട് പോവുന്നു സന്തോഷം.

കുഞ്ഞുറുമ്പ് said...

ഇത് വായിച്ചപ്പൊ എനിക്കും ഇച്ചാക്കയോടുള്ള ഇഷ്ടം കൂടി.. ഒപ്പം സ്വൻസലിനെയും :)നല്ല ആഖ്യാനം

സുധി അറയ്ക്കൽ said...

നന്നായി എഴുതി.ഗാന്ധിജിയേക്കുറിച്ചു പറഞ്ഞ ഭാഗം ഞാൻ കോപ്പി ചെയ്യുവാ ട്ടോ!!!

സുധി അറയ്ക്കൽ said...

വീണ്ടും ഞാൻ വന്നു.