Thursday, June 26, 2014

ഗരു. 4


https://www.facebook.com/echmu.kutty/posts/288268241352477

 നാലാം ഭാഗം

ഞാനും പൂജയും തമ്മിലുള്ള സൌഹൃദം മഴക്കാലത്തെ വെള്ളച്ചാട്ടം പോലെ  അതിവേഗം തിടം വെച്ചു  വളര്‍ന്നു. അവള്‍ സാമാന്യത്തിലും  എത്രയോ അധികം  മനക്കരുത്തുള്ളവളായിരുന്നു. ഞാന്‍ വൈകാരികമായി  തളരുമ്പോഴെല്ലാം  അവള്‍  എന്നെ  ചേര്‍ത്തു പിടിച്ചു. അങ്ങനെയൊരനുഭവം എനിക്കാദ്യമായിരുന്നു.  തോളില്‍  തല  ചായിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെയും നിഷ്ക്കരുണം  പറിച്ചെറിയപ്പെട്ട  ഓര്‍മ്മകളേ  എനിക്കന്നുവരെ സ്വന്തമായി ഉണ്ടായിരുന്നുള്ളൂ.  അവളെ  പരിചയപ്പെടാന്‍ കഴിഞ്ഞത് എന്‍റെ ജീവിതത്തിലെ  ഏറ്റവും  വലിയ  അനുഗ്രഹമായി  ഞാന്‍  കരുതി.

ഞായറാഴ്ചകളില്‍  ഞങ്ങള്‍  ഒന്നിച്ച്  ദില്ലി  കാണാനിറങ്ങിത്തിരിക്കും. ഒരു പകല്‍ മുഴുവന്‍  ഒരിടത്ത് എന്ന കണക്കില്‍  അതീവ സാവധാനമായിരുന്നു   ദില്ലി ദര്‍ശനം.  ഒരു ഞായറാഴ്ച മുഴുവന്‍ കുത്തബ് മീനാറില്‍.. അടുത്താഴ്ച  ബഹായി ടെമ്പിളില്‍,  പിന്നെ  ചുവപ്പ് കോട്ടയില്‍.. അങ്ങനെയങ്ങനെ.. 

ഇന്‍റാക്  എന്ന സംഘടന നടത്തി വന്ന ചരിത്ര പഥങ്ങളിലൂടെയുള്ള  സഞ്ചാരമെന്ന ഒരു പകല്‍ നടത്തങ്ങളിലും  ഞങ്ങള്‍ പോയി.  ഇന്നത്തെ  ലാല്‍ ഡോറകളും ജുഗ്ഗിഝോപ്പടികളുമെല്ലാം  അനവധി ചരിത്രകഥകളുറങ്ങിക്കിടക്കുന്ന പഴയ  ആവാസപദങ്ങളാണെന്ന്  ആ യാത്രകള്‍ ഞങ്ങളെ  പഠിപ്പിച്ചു തന്നു. ദില്ലിയിലെ  ചരിത്ര പണ്ഡിതരായ പല  ബുദ്ധിജീവികളേയും  ഞങ്ങള്‍ ആ നടത്തകളില്‍  പരിചയപ്പെടുകയും ചെയ്തു. 

ഭംഗിയുള്ള  സല്‍വാര്‍  കമ്മീസുകള്‍ കാണുമ്പോള്‍ എനിക്ക്  കൊതിയാകുമായിരുന്നു. എന്നാല്‍  അതൊന്നും മേടിച്ചിടുവാനുള്ള യാതൊരു സാമ്പത്തിക സ്ഥിതിയും  എനിക്കുണ്ടായിരുന്നില്ല. എന്‍റെ  നിസ്സഹായതയും ആര്‍ത്തിയും തിരിച്ചറിഞ്ഞ  പൂജ  ചാന്ദ്നി ചൌക്കിലെ പരമദരിദ്രരായ മുസ്ലിം ദര്‍ജിമാരുടെ പക്കല്‍ എന്നെ  കൂട്ടിക്കൊണ്ടു  പോയി.  കട്ട്  പീസുകള്‍ കലാപരമായി ചേര്‍ത്തു തയിച്ച് അവരുണ്ടാക്കിയിരുന്ന സല്‍വാര്‍ കമ്മീസുകള്‍ക്ക്  വില നന്നേ  കുറവായിരുന്നു.

സത്യാപോളും റിതുകുമാറും കട് പീസുകള്‍ കൊണ്ട്  വസ്ത്രങ്ങള്‍ ഡിസൈന്‍  ചെയ്യുമ്പോള്‍  അതിനെ ആപ്ലിക് വര്‍ക്കെന്ന്  പറയും. ഇവരാവുമ്പോ  കണ്ടം വെച്ചതെന്ന്  പറയും  എന്ന് പൂജ  ചിരിച്ചു.

കരീംസ് ജഹാംഗീറി ചിക്കന്‍റെയും   പറാത്താവാലി ഗലിയിലെ പറാത്തകളുടേയും രുചി  പൂജയാണെനിക്ക്  പരിചയമാക്കിത്തന്നത്. ദില്ലിയിലെ വിവിധ തരം  ചാട്ടുകളും  ജിലേബിയുമെല്ലാം  ഒരു മടിയും കൂടാതെ പൂജ  എനിക്ക്  വാങ്ങിത്തന്നു.  

ദില്ലിഹാട്ടിലെ   കരകൌശലവസ്തുക്കള്‍  കാണുന്നതും  മൈലാഞ്ചി  ഇടുന്നതും  കുപ്പി  വളകള്‍ വാങ്ങുന്നതും   ഞങ്ങള്‍ക്കിഷ്ടമായിരുന്നു. അവിടത്തെ  സ്റ്റാളില്‍  നിന്ന്  തിബത്തന്‍  മോമോയും  മുളക്  ചട്ണിയും  അതിനു പുറമേ  ചൂടു  ചായയും  കുടിച്ച്  സ് സ്  എന്നു  ഞങ്ങള്‍  ആഹ്ലാദശബ്ദമുണ്ടാക്കുമായിരുന്നു. 

തണുപ്പുകാലമായിരുന്നതുകൊണ്ട്  ഇരുണ്ടു തണുത്ത താമസസ്ഥലത്തിനു  പുറത്ത്   സമയം ചെലവാക്കുകയെന്നത്  തികച്ചും ആനന്ദകരമായ  ഒരു  കാര്യമായിത്തീര്‍ന്നു. 

എന്നാല്‍ ഈ  യാത്രകളൂം  ചുറ്റിത്തിരിയലുമൊന്നും അത്ര  എളുപ്പമായിരുന്നില്ല.  പൂജയുടെ  മുഖം  ദില്ലി  പോലെ  ഒരു  വന്‍നഗരത്തിലും വലിയ പ്രശ്നം തന്നെയായിരുന്നു. ആളുകള്‍  ങ്ങളുടെ  ജോഡിയെ എപ്പോഴും തിരിഞ്ഞു  നോക്കി. ചിലര്‍  ഞെട്ടല്‍  പ്രകടിപ്പിച്ചു. കുട്ടികള്‍ അമ്മമാര്‍ക്ക് ഞങ്ങളെ  ചൂണ്ടിക്കാട്ടിക്കൊടുത്തു, അധികം അമ്മമാരും  ഞെട്ടലോടെ  മക്കളുടെ കണ്ണു  പൊത്തി വേഗത്തില്‍  നടന്നകന്നു. ചില  പുരുഷന്മാരാകട്ടെ  തുണിയൂരി മുഖത്തിട്ടാല്‍ മാത്രം  മതി..  ബാക്കിയൊക്കെ  ഒ കെ  എന്ന  വെടലച്ചിരിയും അശ്ലീല കമന്‍റും  രേഖപ്പെടുത്തി. 

ഒരു ദിവസം ഉച്ചയ്ക്ക് ഓഫീസില്‍ വെച്ചാണ് പൂജ  ഇന്ന് വൈകീട്ട് ഗരുവിനെ കാണാന്‍ കൂടെ വരുന്നുണ്ടോ   എന്ന്  ചോദിച്ചത്.  

ആരാണ് ഗരുവെന്ന് ഞാന്‍ സംശയിച്ചു. സീമയേയും ഗരുവിനേയും  ഗരുവിന്‍റെ  പിറന്നാളിനു പൂജ  ക്ഷണിച്ചതിനേയുമൊക്കെ  ഞാന്‍ പൂര്‍ണമായും  മറന്നു കഴിഞ്ഞിരുന്നു . 

ഗരുവിനെയും സീമയേയും കുറിച്ച്  അപ്പോഴാണ് ആദ്യമായി  പൂജ  സംസാരിക്കാന്‍ തുടങ്ങിയത്. ഗരുവിന്‍റെ പിറന്നാളിനാണ് പൂജ  അവിടെ അവസാനം പോയതെന്നും   ഇന്ന്   ഗരു പൂജയെ വിളിച്ച്  അങ്ങോട്ട് ചെല്ലാമോ എന്ന്  ചോദിച്ചിരിക്കുകയാണെന്നും  പൂജ  പറഞ്ഞു.  ഗരുവിനു  എന്തോ ഒരു കാര്യമായ  മനപ്രയാസമുണ്ട്.  അത്  പൂജക്ക്  ഉറപ്പാണ്. 

പൂജയുടെ  സംസാരം  എന്നെ  ഒട്ടും  തൃപ്തിപ്പെടുത്തിയില്ല. ഞാന്‍ വീണ്ടും ചോദിച്ചു.   
   
ഗരു  ആരാണ്? സീമ..
 
സീമ   ഒരു  ഛക്കയാണ്.. ഗരു  സീമയുടെ സ്ഥാനം  മൂത്ത വേറൊരു ഛക്ക.  വല്ല  പ്രാന്തുമുണ്ടോ ശാന്തീ,   പൂജയുടെ പുറകെ ഈ  ഛക്കകളുടെ   താമസസ്ഥലത്തൊക്കെ പോകാന്‍...

പ്രദീപായിരുന്നു  പടപട എന്നുത്തരം  തന്നത്. 

അധികം  താമസിയാതെ  ഒരു  വലിയ  വഴക്കുണ്ടാവുമെന്ന്  എനിക്ക്  ഭയം   തോന്നി.  ഞാന്‍ മെല്ലെ അവിടം  വിട്ടു. 

വരാന്തയില്‍  സിഗരറ്റും  പുകച്ച്  അശ്വിനിശര്‍മ്മ  ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ  ചാര്‍ട്ടേട് എക്കൌണ്ടന്‍റാണ് ശര്‍മ്മ.   അകത്തെ  ബഹളം  അദ്ദേഹം  കേട്ടിരിക്കുമെന്ന് എനിക്ക് തോന്നി. ഞാന്‍  ഒരു ചമ്മിയ  ചിരി ചിരിച്ചു. 

നിനക്കറിയുമോ കുട്ടീ  ഛക്കയാരാണെന്ന്  പുകയൂതിക്കൊണ്ട് അശ്വിനി ശര്‍മ്മ ചോദിച്ചപ്പോള്‍  ഞാന്‍ ഇല്ലെന്ന് സത്യം  പറഞ്ഞു. 

ബൃഹന്നളയും ശിഖണ്ഡിയുമാണ്  ഛക്ക.  ദില്ലിയില്‍  ഇന്ദ്രപ്രസ്ഥത്തിന്‍റെ  കാലം  മുതല്‍  അവരുണ്ട്. എല്ലാ ആവശ്യങ്ങള്‍ക്കും  ഈ രാജ്യം  അവരെ  എക്കാലത്തും  ഉപയോഗിച്ചിട്ടുണ്ട്.  ശത്രു  രാജാവിനെ വിഷം കൊടുത്ത്  കൊല്ലാനും  യുദ്ധത്തില്‍ മറയായി മുന്നില്‍  നില്‍ക്കാനും അന്തപ്പുരങ്ങള്‍ക്കും  വേശ്യാലയങ്ങള്‍ക്കും കാവല്‍ നില്‍ക്കാനും   എല്ലാം  ധാരാളമായി അവരെ ഉപയോഗിച്ചിട്ടുണ്ട്.  എന്നാലും അവര്‍ ജീവിച്ചിരിപ്പില്ല്ല  എന്ന്  ഭാവിക്കാനാണ് ഇപ്പോഴും ഈ രാജ്യത്തിനിഷ്ടം.
 
എനിക്ക്  ആണും പെണ്ണുമല്ലാത്തതെന്ന ആ  ഛക്ക  പ്രയോഗം  മനസ്സിലായിത്തുടങ്ങുകയായിരുന്നു. ഞാന്‍ മെല്ലെ  തല  കുലുക്കി. 

അപ്പോഴായിരുന്നു  ഇച്ചാക്കയുടെ വീട്ടിനുള്ളില്‍ നിന്ന്  ഭയങ്കര ബഹളം കേട്ടത്.  അശ്വിനി ശര്‍മ്മ എണീറ്റു നിന്ന്  കഴുത്തു നീട്ടി നോക്കിയെങ്കിലും ഒരു  പതിവ്  കാഴ്ചയെന്ന പോലെ  അതിനെ നിസ്സാരമാക്കി എന്നിട്ട്  സിഗരറ്റ്  കുറ്റി എറിഞ്ഞു  കളഞ്ഞ്  ഓഫീസിനകത്തേക്ക്  കയറിപ്പോയി.  

ഒരു മാത്ര സ്തംഭിച്ചു നിന്നിട്ട്   ഞാന്‍  ഇച്ചാക്കയുടെ വീടിനെ  ലക്ഷ്യമാക്കി ഓടി.  

അപ്പോഴാണ്  ഒരു  മൌലവിയും  പ്രായമുള്ള ഒരു സ്ത്രീയും പുരുഷനും  കൂടി നടപ്പാതയിലൂടെ  നല്ല  വേഗതയില്‍  നടന്നു  വരുന്നതു  കണ്ടത്. നന്നെ   ദേഷ്യപ്പെട്ടിരിക്കുകയാണവരെന്ന് ആ  ധിറുതിയും  അമര്‍ഷം തുളുമ്പുന്ന  ആ ചലനങ്ങളും  വ്യക്തമാക്കി. 

സ്വന്‍സല്‍ ഒരു സ്വര്‍ണ  വിഗ്രഹത്തെപ്പോലെ  നിശ്ചലയായി വരാന്തയിലിരിക്കുന്നുണ്ടായിരുന്നു.
ഞാന്‍  മെല്ലെ  ചിരിച്ചു.  എന്നാല്‍  അവര്‍  ചിരിച്ചില്ല. പിന്നെ  എന്തു ചെയ്യണമെന്ന്  എനിക്കൊരു  രൂപവുമുണ്ടായില്ല. 

പോയ  വഴിയെ  ഞാന്‍  മടങ്ങി.  വന്നു കയറിയത് പ്രദീപിന്‍റെ  മുന്നിലേക്കാണ്.. 

ഞാന്‍ കണ്ടു ...  ഇച്ചാക്കയുടെ വീട്ടിലേക്ക്  ഓടിപ്പോകുന്നത്. സ്വന്‍സല്‍ ഒന്നും മിണ്ടാത്തതും  ഞാന്‍  കണ്ടു.
 
ചമ്മലൊതുക്കാന്‍ ഞാന്‍ പ്രയത്നിച്ചെങ്കിലും  ഒട്ടും വിജയിച്ചില്ല. 

സാഹിലിന്‍റെ  അമ്മിയും അബ്ബയുമാണത്. സ്വന്‍സലിനെ മുസ്ലിമാക്കാന്‍  വേണ്ടിയുള്ള പരിശ്രമമാണ് നടക്കുന്നത്.  ഇത്  ഇടയ്ക്കിടെ ആവര്‍ത്തിക്കും. ആദ്യം  അവര്‍  ഇവിടെ  താമസിക്കാന്‍ വരും,  പിന്നെ പുറകെ മൌലവിമാര്‍  വരും .  അതു കഴിഞ്ഞ്  നിര്‍ബന്ധവും  കരച്ചിലും ഇതുപോലെയുള്ള   പ്രാക്കും ഒക്കെയുണ്ടാവും..  സ്വന്‍സല്‍  എന്തിനാണീ  വൃത്തികെട്ട  അലവലാതികളെ  ഇങ്ങനെ സഹിക്കുന്നതെന്നറിയില്ല. 

പ്രദീപിന്‍റെ  സ്വരത്തില്‍ നീറിപ്പുകയുന്ന അമര്‍ഷമുണ്ടായിരുന്നു. 

ഇച്ചാക്ക  എന്തിനാണ് ഈ നാശം പിടിച്ച   പ്രദീപിനെ  ഇങ്ങനെ  സഹിക്കുന്നതെന്ന്  പൂജയോട്  ചോദിച്ചപ്പോള്‍  അവള്‍  തന്ന  മറുപടി ഞാന്‍  പൊടുന്നനെ ഓര്‍മ്മിച്ചു.  

  മതപരമായ  സ്പര്‍ദ്ധയൊന്നും  ഒരുകാലത്തും  തീരില്ല ശാന്തി. അത് പലതരം അധികാരങ്ങളുടെ ഒരു  ഭാഗമാണ്.  അധികാര മല്‍സരങ്ങളില്‍  സ്നേഹത്തിനും  ബഹുമാനത്തിനുമൊന്നും  ഒരു സ്ഥാനവുമില്ല. പ്രദീപിനു മാത്രമാണോ ഇച്ചാക്കയോട് എതിര്‍പ്പുള്ളത് ? പൂജാമുറി  ഇച്ചാക്ക  ഡിസൈന്‍ ചെയ്യരുതെന്ന് പറയാറുള്ള  എത്രയോ  ക്ലയന്‍റ്സ് ഉണ്ട്..  ആ ഗുരുദ്വാരയുടെ ആള്‍ക്കാര്‍ക്ക്  ഇച്ചാക്ക  ഡിസൈന്‍  ചെയ്യരു തെന്നും ഒരിക്കലും   സൈറ്റ്  വിസിറ്റിനു  വരരുതെന്നുമായിരുന്നു കണ്ടീഷന്‍.. സന്ദീപ്  അമ്മാ തിരി  ഡിസൈനെല്ലാം നിര്‍ബന്ധമായി  ഇച്ചാക്കയെക്കൊണ്ട്  ചെയ്യിക്കും... അവരിരുവരും  കൂടി അത്  ക്ലയന്‍റ്സ്   അറിയാതെ  നോക്കുകയും ചെയ്യും.  ആ പൂജാമുറിയിലെ ദൈവങ്ങള്‍ക്കോ ആ  ഗുരുദ്വാരയ്ക്കോ  എന്നിട്ട്  ഇതുവരെ യാതൊരു  തരക്കേടും പറ്റിയിട്ടില്ല. പ്രദീപും അത്രയൊക്കെയേയുള്ളൂ.
 
ഇച്ചാക്കയുടെ അമ്മിയേയും  അബ്ബയേയും കഴിയുന്നത്ര   വേദനിപ്പിക്കാതിരിക്കാനാണ് സ്വന്‍സല്‍  അവരെ സഹിക്കുന്നതെന്ന്  എനിക്ക്  ബോധ്യമായി.. 

ആ ഛക്കകളെ കാണാന്‍  പോകുന്നുണ്ടോ ശാന്തീ

പ്രദീപിന്‍റെ  പുച്ഛം  കലര്‍ന്ന  ശബ്ദം  കേട്ടപ്പോള്‍  ഉവ്വ്..  ഉവ്വ്  എന്നലറണമെന്ന്  എനിക്ക്  തോന്നി. പക്ഷെ,  ഞാന്‍  മിണ്ടിയില്ല.  

( തുടരും )

16 comments:

Joselet Joseph said...

അനുഭവക്കുറിപ്പ് ആണെന്ന് മനസിലായി.
ഒരുപാട് പേരുകള്‍...ആളുകള്‍..
അതല്ലേ ജീവിതം അല്ലേ...
ഡല്‍ഹി ഇതുപോലെ ഒന്ന് നടന്നു കാണണമെന്നുണ്ട്. എന്ന് നടക്കുമോ ആവോ?

പട്ടേപ്പാടം റാംജി said...

ഓരോ ഭാഗം തീരുമ്പോഴും അടുത്തത് അറിയാനുള്ള ആഗ്രഹം കൂടിക്കൊണ്ടിരിക്കുന്നു. ഇതൊന്നും ഒരിക്കലും അവസാനിക്കില്ലെന്ന് മാത്രമല്ല കൂടിക്കൊണ്ടിരിക്കുന്നു എന്ന് പറയാനാണ് തോന്നുന്നത്. ഇന്നലെയാണ് നമ്മുടെ നാട്ടിലെ ഏറ്റവും വലിയ നല്ലൊരു വിദ്യാലയത്തിലെ പ്രധാനദ്ധ്യാപികയെ അധികാര ഗര്‍വ്വിന്റെയും അല്‍പത്തത്തിന്റെയും പേരില്‍ സ്ഥലം മാറ്റിയത്. ഒന്നും കുറയുന്നില്ല എന്നതിന് ഇതിനേക്കാള്‍ വലിയ തെളിവ് എന്തിനാണ്? തുടരട്ടെ.

Cv Thankappan said...

മതങ്ങള്‍ തമ്മിലും,മതങ്ങള്‍ക്കുള്ളിലും സ്പര്‍ദ്ധകള്‍ വര്‍ദ്ധിച്ചുവരികയാണ്...........

ആശംസകള്‍

ajith said...

കൂടെ സഞ്ചരിക്കുകയാണ്

വീകെ said...

മനുഷ്യർ പരസ്പ്പരം തമ്മിൽത്തല്ലി ലോകം അവസാനിപ്പിക്കും. അതിന് മതവും ജാതിയുമൊന്നും ഒരു കാരണമേയല്ല. ഉണ്ടെങ്കിൽ അത് താൽക്കാലികം മാത്രമായിരിക്കും.

കഥ ആകാംക്ഷയോടെ മുന്നോട്ട് പോകുന്നു. ഇനിയും വരാം
ആശംസകൾ...

റിനി ശബരി said...

വായിക്കുന്നു , കേരളത്തിലേ
അമ്പലങ്ങളിലേ താമരമൊട്ടുകള്‍
ആരുടെ വിയര്‍പ്പിന്റെ ഫലമെന്നറിയുവാന്‍
ഒന്ന് തിരിഞ്ഞ് നോക്കണം ചിലര്‍ ..
അതു പൊലെയാണ് ചിലരുടെ
വിശ്വാസ്സങ്ങള്‍ കാണുമ്പൊള്‍ ...
ഇന്നും സമൂഹം അംഗീകരിച്ച് കൊടുക്കാത്ത
ഒന്ന് തന്നെ ഹിജഡകള്‍ .. തുടരുക ..

റോസാപ്പൂക്കള്‍ said...

ദില്ലി ഒരു വല്ലാത്ത നഗരം തന്നെ..
ഇനി അടുത്തതിനായി കാത്തിരിക്കുന്നു.എച്ചുമോ

mattoraal said...

അനുഭവങ്ങൾ വിലപ്പെട്ടതാണ്‌ .

vazhitharakalil said...

വളരെയധികം ഇഷ്ടപ്പെട്ടു.

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ സഞ്ചാരം തികച്ചും വേറിട്ട ഒരു മേഖലയിൽ കൂടിയാണല്ലോ...

ശ്രീനാഥന്‍ said...

ദില്ലി അറിയുന്നു ഈ കഥയിലൂടെ.‘അധികാര മല്‍സരങ്ങളില്‍ സ്നേഹത്തിനും ബഹുമാനത്തിനുമൊന്നും ഒരു സ്ഥാനവുമില്ല‘ ശരി തന്നെ.

Manef said...

ശിഖണ്ഡികള്‍ എന്നും ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളുടെയും ഭാഗം ആണല്ലോ.... എന്നും അവഗണനകള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ഒരു കൂട്ടം...

keraladasanunni said...

മതപരിവര്‍ത്തനത്തിനുള്ള ശ്രമത്തേക്കാള്‍ 
ഛക്കകളെക്കുറിച്ചുള്ള പരാമര്‍ശമാണ് മനസ്സില്‍ തട്ടുന്നത്. ആണായോ പെണ്ണായോ അല്ലാത്തൊരു ജീവിതം നയിക്കേണ്ടിവരുന്നത് സങ്കടകരം തന്നെ.

ഫൈസല്‍ ബാബു said...

ഓരോ ഭാഗത്തുംഒരു പുതിയ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നു എന്നത് മാത്രമല്ല എനിക്ക് ഇഷ്ടമാവുന്നത് , അറിയപ്പെടാത്ത ചിലയാള്കളെയും ആചാരങ്ങളെയും കൂടി പഠിപ്പിച്ചു തരുന്നു കഥയിലൂടെ ,,ഇനി അടുത്ത ഭാഗം വായിക്കട്ടെ !!.

കുഞ്ഞുറുമ്പ് said...

ഗരുവും സീമയുമൊക്കെ ഒരു വേദന തന്നെ.. ട്രാഫിക്‌ സിഗ്നലുകളിൽ, പാര്ക്കുകളിൽ ഒക്കെ ഒരു രൂപ എന്ന് പറഞ്ഞു കൈ നീട്ടുന്ന അവരുടെ നിസ്സഹായത പലപ്പോളും മനസ്സിനെ അലട്ടാറുണ്ട്

സുധി അറയ്ക്കൽ said...

വായിച്ച്യൂ ഇഷ്ടമാകുന്നു..മതവെറി. പിടിച്ച കുറേ ആൾക്കാർ.

സ്വൻസലിനെ ഇഷ്ടമാകുന്നു.ഇച്ചാക്കയേയും.