Sunday, June 29, 2014

ചീന്തിയെറിയപ്പെടുന്ന ഓടപ്പഴങ്ങള്‍ 5


https://www.facebook.com/echmu.kutty/posts/289291657916802

അഞ്ചാം ഭാഗം

നിസാമുദ്ദീന്‍  റെയില്‍വേ സ്റ്റേഷനു  സമീപം  ഭോഗലിലെ  ഒരു  ഗലിയിലേക്കാണ് ഞാന്‍  പൂജയ്ക്കൊപ്പം  പോയത്. 

എനിക്ക്   ഭയമോ  ഉല്‍ക്കണ്ഠയോ ഉദ്വേഗമോ ഒക്കെ തോന്നുന്നുണ്ടായിരുന്നു. സന്ധ്യ മയങ്ങി ഇരുട്ട്  വീഴാന്‍ തുടങ്ങിയ  നേരത്ത്  യാതൊരു മുന്‍പരിചയവുമില്ലാത്ത  ചിലരുടെ താമസസ്ഥലത്ത് പോവുകയാണ്.. അവരാണെങ്കില്‍   സാധാരണ മനുഷ്യരുടെ  ജീവിത  അതിര്‍ത്തികളില്‍ കാലുറപ്പിച്ചിട്ടുള്ളവരല്ല. അവരുടെ സാമൂഹ്യ ജീവിതം എനിക്കധികവുമപരിചിതമാണ്.  അവരെപ്പറ്റി  ആകെ  അറിയാവുന്നത്  അവര്‍  ട്രെയിനിലിരിക്കുമ്പോള്‍  പുരുഷയാത്രക്കാരോട്   പണം  ചോദിക്കുമെന്നും  അവരില്‍  അധികം  പേരും  നൃത്തക്കാരോ  ശരീര വില്‍പ്പനക്കാരോ  യാചകരോ  ആണെന്നും  മാത്രമാണ്. 

മഞ്ഞ്  താഴേക്ക്  നൂണ്ടിറങ്ങിയിരുന്നു. വഴിയിലെ  സാന്ദ്രത കൂടിയ പുകപടലങ്ങള്‍  രാത്രിയുടെ  കനം  വര്‍ദ്ധിച്ചതായി തോന്നിപ്പിച്ചു.   ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ   ഡ്രൈവര്‍  ഒരു  വരാല്‍  മല്‍സ്യത്തെപ്പോലെയാണ്  ഓട്ടോ  പായിച്ചുകൊണ്ടിരുന്നത്.    

എനിക്ക്  സീമയേയും  ഗരുവിനേയും   യാതൊരു   പരിചയവുമില്ല ...  അപ്പോള്‍ ..  ഞാന്‍  പകുതിയില്‍  നിറുത്തി.. 

പൂജ  ചിരിച്ചുകൊണ്ട്  അവളുടെ  ഇടതുകൈ എന്‍റെ  തുടയില്‍  കമഴ്ത്തിവെച്ചു. ആ കൈയിലെ   മിനുങ്ങുന്ന  നഖച്ചായം  എന്നെ  നോക്കി  സഹതാപത്തോടെ  ചിരിച്ചു. 

റ്റേക്കിറ്റീസി ശാന്തീ.. അല്ലെങ്കിലും അവരെപ്പറ്റി നമുക്കാര്‍ക്കും കാര്യമായി ഒന്നുമറിയില്ല.  അറിയാന്‍ നമ്മള്‍  ശ്രമിക്കുകയുമില്ല.
 
ഞാന്‍ പൂജയെ  ചോദ്യരൂപത്തില്‍  നോക്കി. 

അവള്‍  തുടര്‍ന്നു. 

ചിലതൊക്കെ  അറിയുമ്പോള്‍  നമുക്ക് കുറ്റബോധം തോന്നും. അതൊഴിവാക്കാന്‍ നല്ലത് അമ്മാതിരി  കാര്യങ്ങളൊന്നും  അറിയാനേ  തുനിയാതിരിക്കുന്നതാണ്. 

സീമ  നല്ലൊരു  വീട്ടില്‍  പിറന്നതാണ്. ആണിന്‍റെ  ദേഹം  ... പെണ്ണിന്‍റെ  മനസ്സ് ... അത്തരം  പൊരുത്തക്കേടുകള്‍ തിരിച്ചറിയാനുള്ള  കഴിവൊന്നും    വീട്ടിലാര്‍ക്കും  ഉണ്ടായിരുന്നില്ല. പെണ്മനമുള്ള  ഒരാളോട്  ആണിനെപ്പോലെയാക്...  ആണിനെപ്പോലെയാക്...    എന്നു  പറഞ്ഞാല്‍ ... ആണ്മ തെളിയിക്കുന്നത്  ഒരേ സമയം  ദയനീയവും  അപായകരവുമാണ്..
 
ഞാന്‍  അപ്പോഴാണ് ആണ്മ തെളിയിക്കുന്നതിനെപ്പറ്റി ആദ്യമായി ആലോചിച്ചത്. 

എന്ത്  ചെയ്താലാണ്  ആണ്മ   തെളിയിക്കാന്‍ പറ്റുക

പെണ്ണുങ്ങള്‍ക്ക്  ചെയ്യാന്‍ പറ്റാത്ത  കാര്യങ്ങളെന്ന്  എല്ലാരും  വീമ്പ് പറയുന്നതൊക്കെ   ചെയ്താല്‍ മതി   ആണ്മ തെളിയിക്കാം പൂജ  എന്‍റെ  മനസ്സ്  വായിച്ചതു  പോലെ  ഉത്തരം  പറഞ്ഞു. 

ആ ശബ്ദത്തിലെ പരിഹാസവും അമര്‍ഷവും  വേദനയും  എന്നെ ആഴത്തില്‍  സ്പര്‍ശിച്ചു. 

തെങ്ങില്‍ കയറുന്നത്... 

നീ മിണ്ടരുതെന്ന്  ഗര്‍ജിക്കുന്നത് ... 

ആസിഡ് മുഖത്തേക്ക് ഒഴിക്കുന്നത്... 

കൂട്ട ബലാല്‍സംഗം ചെയ്യുന്നത്... 

ഗര്‍ഭം ധരിപ്പിക്കുന്നത്... 

ഞാന്‍ ദീര്‍ഘമായി  നിശ്വസിച്ചു..  ഓര്‍ക്കരുതെന്ന്  ഞാനുറപ്പിച്ചിട്ടുള്ളതെന്തെല്ലാമോ  അണപൊട്ടിയൊഴുകുന്നതായി  എനിക്ക്  തോന്നി. കണ്ണീരിനെ ഒതുക്കിപ്പിടിച്ച്  എന്‍റെ  കണ്ണുകള്‍  കഴച്ചു. 

മാര്‍ക്കറ്റിനു സമീപമെത്തിയപ്പോള്‍  പൂജ  ഓട്ടോ  പറഞ്ഞു വിട്ടു.  കുറച്ചു  വെളുത്ത കലാകന്ദും അല്‍പം  മാവയും   ഒരു കിലോ പനീര്‍ ജിലേബിയും  ഹല്‍വായിക്കടയില്‍  നിന്ന്  വാങ്ങിയിട്ടാണ് ഗരുവിനെ കാണാന്‍  ഞങ്ങള്‍ പോയത്. 

എന്‍റെ ഹൃദയം ഉറക്കെ  മിടിക്കുന്നുണ്ടായിരുന്നു. ദേഹത്തെ രോമങ്ങള്‍  എഴുന്നു നില്‍ക്കുന്നുണ്ടായിരുന്നു.  എത്ര ശ്രമിച്ചിട്ടും  എന്‍റെ  ഭയവും ഉല്‍ക്കണ്ഠയും എന്നെ  വിട്ടു പോയില്ല. 

ഇടത്തരത്തിലും അല്‍പം കുറഞ്ഞ  ഒരു  ഫ്ലാറ്റിലേക്കാണ് ഞങ്ങള്‍ എത്തിയത്. അത്  താഴത്തെ  നിലയായിരുന്നു. വളരെ പ്രാകൃതമായ രീതിയില്‍  ചായം തേച്ച  ചുമരുകളും ഒന്നു രണ്ട്  വില കുറഞ്ഞ സോഫകളും കയറിച്ചെല്ലുന്ന  മുറിയില്‍ കാണപ്പെട്ടു.   പുരുഷ ശരീരമുള്ള  നാലഞ്ചു  സാരിക്കാര്‍  അവിടെ ഇരിക്കുന്നുണ്ടായിരുന്നു. എല്ലാവരും കണ്ണെഴുതിയിരുന്നു, പൊട്ടുകുത്തിയിരുന്നു, മുടി  ചീകികെട്ടിയിരുന്നു. ചന്ദനത്തിരിയുടെ  സുഗന്ധം  അവിടെ  ആകെ  പരന്നിരുന്നു. 

പൂജാ ദീദി   എന്ന കോറസ്സോടെ അവര്‍ ഞങ്ങളെ എതിരേറ്റു. അവരുടെ  വായില്‍ നിന്ന്  പുകയിലയും ചുണ്ണാമ്പും  ചേര്‍ത്ത  വെറ്റിലയുടെ രൂക്ഷഗന്ധം  അന്തരീക്ഷത്തില്‍  പടര്‍ന്നു. 

ആണുങ്ങളൂടെ ഘനമുള്ള  ശബ്ദത്തില്‍  സംസാരിക്കുകയും  ആണ്‍ ശരീര രൂപങ്ങളില്‍  സാരി ധരിക്കുകയും  ചെയ്യുന്നവരുമായി  ഇങ്ങനെ പരിചയപ്പെടുമെന്ന് സ്വപ്നത്തില്‍  കൂടി ഞാന്‍ കരുതിയിരുന്നില്ല.  പൊടുന്നനെ ഒരു പ്രേതലോകത്തെത്തിയതു പോലെയാണ്  എനിക്ക്  തോന്നിയത്. 

പൂജ അതീവ സ്വാഭാവികമായി  അവരോട് ഇടപഴകുന്നത് എന്നെ അല്‍ഭുതപ്പെടുത്തി.. 

മോനാ.. ഗരു എവിടെ

എന്താ വിശേഷം... സ്വപ്നാ.. 

ഗാവില്‍  പോയിരുന്നോ മുന്നീ.. .
 
എന്നൊക്കെ  ചോദിക്കുന്നത് കേട്ടാല്‍  അവരൊക്കെ  പൂജയുടെ അടുത്ത ബന്ധുക്കളാണന്നേ  ആര്‍ക്കും തോന്നൂ.. 

തലമുടി നരച്ചുവെങ്കിലും  ഗജ്റ ചൂടി  കൈകള്‍  നിറയെ  കുപ്പിവളകള്‍ ഇട്ട്  മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളുമായി സാരി ധരിച്ച ആറടി ഉയരമുള്ള  ഒരു രൂപം കടന്നു വന്നപ്പോള്‍  എല്ലാവരും  നിശ്ശബ്ദരായി  എണീറ്റു നിന്നു.  ഗരുവാണതെന്ന് ആരും പറയാതെ തന്നെ എനിക്ക് മനസ്സിലായി. മോനയും സ്വപ്നയും  മുന്നിയുമെല്ലാം  എന്തോ ഒരു ആചാര വാചകം പറഞ്ഞുകൊണ്ട് ഗരുവിന്‍റെ  പാദധൂളി   ശിരസ്സിലേല്‍ക്കുന്നുണ്ടായിരുന്നു. 

സാരി കൊണ്ട്  മൂടിവെച്ചിരിക്കുന്ന  ഗുഹ മാതിരിയുള്ള കുടവയറു കണ്ടപ്പോള്‍  എനിക്ക്  ചിരി വന്നെങ്കിലും ഞാന്‍ അത് ഒതുക്കിപ്പിടിച്ചു. 

വല്ലാത്ത ഒരു കാഴ്ച തന്നെയായിരുന്നു അത്. ആറടി ഉയരത്തില്‍,  വലിയൊരു കുടവയറും വിരിഞ്ഞ മാറിടവും ബലിഷ്ഠമായ കരങ്ങളും നരച്ച താടിമീശയുമുള്ള  ഒരു ശരീരത്തില്‍ സാരിയും മുല്ലപ്പൂവും കുപ്പിവളകളുമെല്ലാം  എങ്ങനെ  പൊരുത്തപ്പെടുമെന്ന്  എനിക്ക്  മനസ്സിലാകുന്നില്ലായിരുന്നു. 

ഗരു പൂജയെ കെട്ടിപ്പിടിച്ചു സ്നേഹം പ്രകടിപ്പിച്ചു. 

എനിക്ക് വല്ലായ്മ തോന്നി.  അപരിചിതയായ  എന്നെ  ഗരു  സ്പര്‍ശിക്കുമോ  എന്നോര്‍ത്ത്  ഞാന്‍ കുറച്ച് അസ്വസ്ഥയാവുകയും ചെയ്തു. 

എന്നാല്‍ ഗരു എന്നെ ശ്രദ്ധിച്ചതേയില്ല. 

പെണ്ണാവണമെന്ന് കൊതിയുണ്ടെന്ന്  വിചാരിച്ച്  സീമ  ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്ന് പറയുമ്പോള്‍  ഗരുവിന്‍റെ പുരുഷ  ശബ്ദം ഇടറി. 

വരൂ,  സീമയെ  കാണാ മെന്ന്  ഗരു പൂജയെ  വിളിച്ചപ്പോള്‍  പൂജ  എന്‍റെ  കൈയില്‍  പിടിച്ചുകൊണ്ട്  ഗരുവിനെ വിലക്കി. വേണ്ട... സീമയ്ക്ക്  സങ്കടം തോന്നിയാലോ ..  ഞങ്ങള്‍  കൊണ്ടുവന്നതാണെന്ന് പറഞ്ഞ്  ഇതെല്ലാം  ഗരു പൂജയ്ക്ക് കൊടുത്താല്‍ മതി   

ഗരു അപ്പോഴാണ്  എന്നെ ശ്രദ്ധിച്ചത്.  ഗരു  ചിരിച്ചു.  അത്  സ്നേഹവും  മര്യാദയുമുള്ള  ആതിഥേയത്വത്തിന്‍റെ  മന്ദഹാസമായിരുന്നു. ഞാനും ചിരിച്ചു.  

അങ്ങനെയല്ല, സീമയ്ക്ക് നിങ്ങള്‍  കാണാതെ പോയാലാണ്  വിഷമമാകുക.. വരൂ  എന്ന്  ക്ഷണിച്ച്  ഗരു മുന്നോട്ട്  നടന്നപ്പോള്‍  ഞാനും  പൂജയും അവരെ പിന്തുടര്‍ന്നു. 

അകത്തെ മുറിയിലെ  തറയില്‍ വിരിച്ച പായില്‍  സീമ കിടക്കുന്നത്  നേര്‍ത്ത വെളിച്ചത്തില്‍ ഞാന്‍  കണ്ടു.  കൊഴുത്ത രക്തത്തിന്‍റെ തുടുത്തു പച്ചച്ച  മണം  അവിടെയാകെ  പരന്നിരുന്നു. 

ഭയം കൊണ്ട്  എന്‍റെ ഹൃദയം  നിശ്ചലമായി.  എനിക്ക്  ഭയങ്കര ശബ്ദത്തില്‍ ഓക്കാനിക്കണമെന്നും എന്‍റെ  ദേഹത്തിലോടുന്ന രക്തത്തിന്‍റെ   അവസാനത്തുള്ളിയും  മൂത്രമായി  ഒഴിച്ചു കളയണമെന്നും   ഒക്കെ തോന്നി.   ഗന്ധം മറയ്ക്കാനായിരിക്കണം  പുറത്തേ  മുറിയില്‍  ചന്ദനത്തിരി  കത്തിച്ചു വെച്ചിരിക്കുന്നതെന്ന് ഞാന്‍ വിചാരിച്ചു . 

സീമ  കാലുകള്‍ അകത്തിപ്പരത്തിക്കിടക്കുകയായിരുന്നു.  കാലുകള്‍ കൂടുന്നിടത്ത്  വലിയൊരു  തുണി ക്കെട്ടുണ്ടായിരുന്നു. ചെറു കാറ്റടിക്കുമ്പോള്‍ പോലും  സീമ പുളയുമെന്ന്  എനിക്ക്  തോന്നി. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. 

പൂജ  അടക്കിയ ശബ്ദത്തില്‍ ഗരുവിനോട്  ചോദിച്ചു 

ആശുപത്രിയില്‍  പോയാലോ ?
 
കേസാവും.. ഇത്  ചെയ്ത ആ നായിന്‍റെ  മോന്‍ ഡോക്ടര്‍ സുഖമായി  രക്ഷപ്പെടുകയും ചെയ്യും . പോലീസ്  പിന്നെ  സീമയുടെ പുറകേ കൂടും..  അവര്‍ക്ക് വഴങ്ങി വഴങ്ങി  വായിലും  കുണ്ടിയിലും ക്യാന്‍സര്‍ പിടിക്കും.  വഴങ്ങാന്‍  മടിച്ചാല്‍  ഈ പച്ചമുറിവില്‍  ലാത്തിയിറക്കാന്‍ മടിക്കില്ല  പോലീസുകാര്‍.  ആ അനുഭവമുണ്ട് .  ഗരു  മുരണ്ടു.

എനിക്ക് കേട്ടതും  കണ്ടതുമെല്ലാം  മതിയായിരുന്നു. 

ഉറക്കെ കരയണമെന്നോ കാണുന്നതിനെല്ലാം തീവെയ്ക്കണമെന്നോ  ...  എന്തു വേണമെന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. മാനം മുട്ടെ  തീ ഉയരണമെന്നും  ആ തീയില്‍  ഈ ലോകം  മുഴുവനും ദഹിച്ചു ചാമ്പലാകണമെന്നും മാത്രം  ഞാന്‍ ഉല്‍ക്കടമായി  മോഹിച്ചു. 

അതൊരു  പ്രാകൃതമായ  പിച്ചിച്ചീന്തലായിരുന്നിരിക്കണം. ഗര്‍ഭപാത്രത്തില്‍  പപ്പായക്കറ പുരട്ടിയ  ഞെരിഞ്ഞില്‍ മുള്ളു  കോര്‍ത്തു  വലിക്കും പോലെ.. എന്‍റെ  പല്ലുകള്‍ക്കിടയിലും  അസ്ഥികളിലും  ആരോ മൂര്‍ച്ചയുള്ള  കത്തിയിറക്കുന്ന ശൈത്യം കിടുകിടുത്തു.   

വായിച്ചിട്ടുണ്ടായിരുന്നു... പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നു.. എങ്കിലും  ആദ്യമാണ് ഒരു  മനുഷ്യശരീരം  ഇങ്ങനെ ഒരവസ്ഥയിലെത്തുമെന്ന് ഞാന്‍  കണ്ടു  മനസ്സിലാക്കുന്നത്.  പുരുഷന്‍റെ  ആ അവയവം ... അതിനെ  നിഷ്ക്കരുണം തള്ളിക്കളയുന്ന  ഒരു  സ്ത്രീ  മനസ്സ്   ഉന്മാദനൃത്തം  ചവിട്ടുന്ന  നിസ്സഹായമായ  പുരുഷശരീരമായി  സീമ  ഞങ്ങളൂടെ  മുന്നില്‍ മലര്‍ന്നു  കിടന്നു. 

സീമയെപ്പോലെയുള്ളവരെ  ചതിക്കുന്ന ഒരുപാട്  ഡോക്ടര്‍മാരുണ്ട്. ശസ്ത്രക്രിയയ്ക്കു ശേഷം  അല്ലെങ്കില്‍  അതിനു മുന്‍പ്  പ്രതിഫലമെന്ന രീതിയില്‍ ലൈംഗികമായി  ഉപയോഗിക്കുന്നവരുണ്ട്. ചിലര്‍  മാറിടങ്ങള്‍  വളരാനുള്ള  ഹോര്‍മോണ്‍  കുത്തിവെപ്പുകള്‍  നല്‍കാമെന്നു പറഞ്ഞു  ചതിക്കാറുണ്ട് .   വെറുതെ  മൂര്‍ച്ചയേറിയ  ആയുധം  കൊണ്ട്  ലിംഗച്ഛേദം  നടത്തി പണം  പിടുങ്ങുന്ന വ്യാജ വൈദ്യന്മാരുണ്ട്. 

ഞങ്ങള്‍  ആര്‍ക്കും  വേണ്ടാത്തവരല്ലേ .. പെറ്റമ്മയ്ക്കും അച്ഛനും  പോലും  വേണ്ടാത്തവര്‍.. ജനിച്ച നാടിനു  വേണ്ടാത്തവര്‍...ഞങ്ങളെ  ല്ലാവരും ചതിക്കും  സ്വപ്നയുടെ ശബ്ദമായിരുന്നു അത്. 

അതെ,  സ്വത്തവകാശമില്ലാത്തവര്‍

തിരിച്ചറിയല്‍ കാര്‍ഡുകളില്ലാത്തവര്‍,

വോട്ടവകാശമില്ലാത്തവര്‍ ..... 

മോനയും  സ്വപ്നയും മുന്നിയും  ഗരുവുമെല്ലാം  പറഞ്ഞത്  അതു  തന്നെയായിരുന്നു. 

പെങ്ങളെ ഭോഗിക്കുന്നവന്‍ എന്ന്  വിളിക്കപ്പെടുന്നത് പോലെ  അമ്മയെ  ഭോഗിക്കുന്നവന്‍  എന്ന്  വിളിക്കപ്പെടുന്നത്  സഹിക്കാനാവാതെയാണ്  മോന  നാടും വീടും വിട്ട് പോന്നത്.  അങ്ങനെ വിളിച്ചിരുന്നത് സ്വന്തം സഹോദരന്‍ തന്നെയായിരുന്നു. അമ്മ നീയൊരു  ആണിനെപ്പോലെ  പെരുമാറ്  എന്ന്  നിര്‍ബന്ധിക്കും. അച്ഛന്‍  ആണാവാന്‍ പറഞ്ഞ്  പോത്തിനെ  തല്ലുന്ന വടി കൊണ്ട് തല്ലും.   പ്രാകും ... പട്ടിണിക്കിടും. കോപം  കൊണ്ട്  ഭ്രാന്തു പിടിച്ച  അച്ഛന്‍  ഒരു  ദിവസം  തുണി പൊക്കി  ലിംഗത്തില്‍  അമര്‍ത്തിപ്പിടിച്ചുകൊണ്ട്  അലറി.. നാണം കെട്ട ജന്തു ....  കോടി രൂപയ്ക്കുള്ള  സ്വര്‍ണം  തന്നാല്‍  ഈ സ്വത്തിനെ  വെച്ചു മാറുമോടാ... ഇതിലും വലിയ ഒരു സ്വത്ത്    ലോകത്തില്‍  വേറെ എന്തുണ്ടെടാ ...   ലോകം തിരിക്കുന്നത്  ഈ സ്വത്താണെടാ...  എന്നിട്ട്  വില കുറഞ്ഞ നിസ്സാരപ്പെട്ട   പെണ്ണാവാന്‍ നടക്കുന്നോ...  എന്തിനാ  കണ്ടവന്‍റെ കൂടെ കിടന്ന്  പെറ്റു കൂട്ടാനോ?

പെറ്റ്  കൂട്ടാനൊന്നും മോനയ്ക്കാവില്ലെന്ന് അച്ഛനറിയാതെ അല്ല. അമ്മയ്ക്കും സഹോദരനുമറിയാതെയല്ല.  എന്നാലും അങ്ങനെ പറഞ്ഞ് വേദനിപ്പിക്കണം.. അപമാനിക്കണം.. 

ആണ്‍  പെണ്‍ തെരഞ്ഞെടുപ്പുകളില്‍ പെണ്മ അപമാനമാണ്. 

അന്ന് രാത്രി  മോന  വീട്  വിട്ടു  പോന്നു. അമ്മയെ ഓര്‍മ്മ  വരും  ഇടയ്ക്കിടെ... അമ്മയെ  മാത്രമല്ല ... അച്ഛനേയും ചേട്ടനേയും ഒക്കെ ഓര്‍മ്മ  വരാറുണ്ട്.. പക്ഷെ,  എത്ര  ഓര്‍മ്മ  വന്നാലും  മോന ഇനി അങ്ങോട്ട്  പോവില്ല..  

പഴയ ഗരു  ശരീര വില്‍പനക്ക്  പറഞ്ഞു വിട്ട്  പണം  സമ്പാദിക്കുകയും ഒടുവില്‍ ഗുണ്ടകളുടേയും  പോലീസുകാരുടെയും പീഡനത്തില്‍ മലദ്വാരം പിളര്‍ന്നു  പോവുകയും ചെയ്ത  കഥയാണ് സ്വപ്ന  പറഞ്ഞത്.

ആദ്യമൊക്കെ  നൃത്തം ചെയ്യാന്‍ മാത്രമേ  ഗരു  അയച്ചിരുന്നുള്ളൂ. കുറെ  പണം  സമ്പാദിച്ചു കഴിഞ്ഞാല്‍  ലിംഗച്ഛേദനവും ഹോര്‍മോണ്‍ കുത്തിവെപ്പും ഒക്കെ  വലിയ ആശുപത്രിയില്‍  നടത്തിച്ചു തരാമെന്ന്  ഗരു  വാക്കും  നല്‍കിയിരുന്നു. 

ഗരു അവര്‍ക്ക് അമ്മയാണ്... ഗുരുവാണ്.. എല്ലാ  അപകടങ്ങളില്‍ നിന്നും സംരക്ഷിക്കുന്നത്  ഗരുവാണ്... അവരവരുടെ  ഗരുവിന്‍റെ  പേരിലാണ് അവരെല്ലാവരും അറിയപ്പെടുന്നത്..
ഗരു  പറയുന്നതെല്ലാം അവര്‍ അനുസരിക്കും.. 

സ്വപ്നക്ക് പക്ഷെ, ഭാഗ്യമുണ്ടായില്ല.  സമ്പാദ്യമെല്ലാം  പഴയ  ഗരു  കൊണ്ടു പോയി.. ആരോഗ്യവും  നശിച്ചു..  ഇപ്പോള്‍  കടകളില്‍  യാചിക്കാന്‍  പോകും.  ചില  കടക്കാര്‍  ചില്ലറ  ലൈംഗികകേളികള്‍ക്കൊക്കെ മുതിരുമെങ്കിലും ... ആരും ക്രൂരമായി   പീഡിപ്പിച്ചിട്ടില്ല.. 

ഗര്‍ഭിണികളുള്ള  വീട്ടില്‍ ചെന്നാലും  നല്ല ഭക്ഷണവും സാരിയും രൂപയും ഒക്കെ  കിട്ടും.  ഗര്‍ഭിണികള്‍ക്ക് അനുഗ്രഹം  ആവശ്യമാണ്.. അവര്‍ക്ക്  പലതരം ഭയങ്ങളുണ്ടാവും.. 

എനിക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു. കുറച്ചു  നേരം കൂടി അവിടെ ഇരുന്നാല്‍ ...  അവര്‍ പറയുന്നത്  കേട്ടാല്‍..   ഹൃദയം പൊട്ടി മരിച്ചു പോകുമെന്ന് ഞാന്‍ ഭയന്നു.

അവര്‍ക്ക്  ആരും ജോലി  കൊടുക്കില്ല. താമസിക്കാന്‍  ഇടം  കൊടുക്കില്ല. അവരുണ്ടെന്ന്  ഭാവിക്കുന്നത്  ലൈംഗിക മോഹങ്ങളുണരുമ്പോള്‍  .. അതും  സാധാരണ സ്ത്രീകള്‍  ചെയ്യാന്‍ മുടക്കം  പറയുന്ന  ഫാന്‍റസികള്‍ സാക്ഷാത് കരിക്കാന്‍ മാത്രമാണ്.. ഗരു പറഞ്ഞവസാനിപ്പിക്കുമ്പോള്‍ ഞങ്ങള്‍ ഫ്ലാറ്റിലെ വലിയ  മുറിയില്‍  മുഖത്തോടു മുഖം നോക്കിയിരിക്കുകയായിരുന്നു.

പൂജ  ഇച്ചാക്കയെ  വിളിച്ച്  സംസാരിച്ചു കഴിഞ്ഞിരുന്നു.  ഏതോ  ഒരു  പ്രൈവറ്റ് നഴ്സിംഗ് ഹോമില്‍  സീമയ്ക്കാവശ്യമായ ശുശ്രൂഷ ഇച്ചാക്ക ഏര്‍പ്പാട്  ചെയ്തും  കഴിഞ്ഞിരുന്നു. അവിടെ നിന്നു വരുന്ന  ആംബുലന്‍സും  കാത്ത്  രാത്രി വൈകിയും ഞങ്ങള്‍    ഫ്ലാറ്റില്‍ കാത്തിരുന്നു . 

സ്വപ്നയും  മോനയും  ഞങ്ങള്‍ക്കും  ഗരുവിനും  സബ്ജിയും റൊട്ടിയും ഉണ്ടാക്കി വിളമ്പി. ഒപ്പം  ഞങ്ങള്‍  കൊണ്ടു വന്ന  കലാകന്ദും  ജിലേബിയും ... 

ആരാണ് ആണെന്നും  ആരാണ് പെണ്ണെന്നും എനിക്ക്  ഒട്ടും  മനസ്സിലായില്ല. 

മൂന്നാലു വയസ്സായിട്ടും  എന്‍റെ  ജ്യേഷ്ഠന് ജട്ടിയിടാതെ നടക്കാന്‍ അനുവാദമുണ്ടായിരുന്നു. എന്നോട്  പറയുമ്പോലെ  കുണ്ടിക്കുപ്പായമിടാതെ  പുറത്തിറങ്ങിയാല്‍  അടിച്ചു ശരിപ്പെടുത്തുമെന്നൊന്നും  ആരും   ജ്യേഷ്ഠനോട്  പറഞ്ഞിരുന്നില്ല.  കുടപ്പനാടുന്ന സ്വര്‍ണ അരഞ്ഞാണവുമായി  നഗ്നനായി  ഓടുന്ന  ജ്യേഷ്ഠനെ എല്ലാവരും  വാരിയെടുത്തുമ്മ  വെക്കാറുണ്ടായിരുന്നു. 

ഓടപ്പഴത്തിന്‍റെ  ഭംഗിയായിരുന്നു ആ   ആണ്മ...  

പിന്നെപ്പിന്നെ പാഠം പഠിപ്പിക്കുന്ന  ചൂരലായി ആണ്മ.. മിണ്ടരുതെന്ന  അലര്‍ച്ചയായി  ആണ്മ.. ഗര്‍ഭം ധരിപ്പിക്കുന്ന  ഭയമായി ആണ്മ... 

പെണ്മ എന്നും  മോശമായിരുന്നു.. ഉടുപ്പില്ലാതെ വെളിച്ചത്തില്‍  കാണുമ്പോള്‍  അപമാനമായിരുന്നു. പതുക്കി വെക്കേണ്ട തെറ്റായിരുന്നു. നിയന്ത്രിച്ച്  ഒതുക്കപ്പെടേണ്ട സ്വത്തായിരുന്നു, കേടു വരുന്ന  പാഴായിപ്പോകുന്ന കനിയായിരുന്നു,  രഹസ്യമായ  ഒരു  മുറിവായിരുന്നു.. 

ബലിഷ്ഠമായ  ആണ്‍ശരീരത്തില്‍ തരളമായ  ഒരു  പെണ്മനം  പെയ്തു നിറയുന്നത്  ആരുടെ കുസൃതിയാണ്..കണക്കുകള്‍  എങ്ങനെയാണ് ഇത്രയും തെറ്റിപ്പോകുന്നത്?  നിഷ്ക്കരുണം ചീന്തിയെറിയപ്പെടുന്ന രക്തസ്നാതമായ   ഓടപ്പഴങ്ങള്‍ ആരുടെ  പ്രതികാരമാണ് ? 

ബൃഹന്നളയും  ശിഖണ്ഡിയും മാലിക് കഫൂറും  ചക്രവാളത്തിനപ്പുറത്ത് നിന്ന്  പരിഹാസത്തോടെ  പൊട്ടിച്ചിരിക്കുന്നതു പോലെ  എനിക്കു തോന്നി. കടന്നു പോയ  കാലങ്ങളുടെ  കനത്ത  ഭാരം പേറുന്ന  രഥചക്രങ്ങളെ താങ്ങാനാവാതെ ഞാന്‍  പൂജയുടെ തോളിലേക്ക്  തല  ചായിച്ചു. ... 

സീമയെയും  കൊണ്ടു ആംബുലന്‍സ്  പോയപ്പോള്‍  രാത്രി  പത്തുമണി കഴിഞ്ഞിരുന്നു.  ഇച്ചാക്കയുടെ കാര്‍ ഡ്രൈവര്‍  അക്ഷമനായി  എന്നെയും പൂജയേയും  കാത്തു  നിന്നു. 

ഞങ്ങള്‍  യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ ഗരു എന്‍റെ  ശിരസ്സില്‍  കൈവെച്ചുകൊണ്ട്  പറഞ്ഞു. 

എന്നെന്നും നിറഞ്ഞ  സന്തോഷം മാത്രമുണ്ടാവട്ടെ. ഞങ്ങളെപ്പോലെയുള്ള മക്കള്‍  നിന്‍റെ  തലമുറകളില്‍  ഒരു കാലത്തും  പിറക്കാതിരിക്കട്ടെ.  

വലിയൊരു  കരച്ചില്‍  ഞാന്‍ ചവച്ചിറക്കി. 

പുറത്ത്  തണുത്ത രാത്രി  ഇരുണ്ട് കനത്തു കിടന്നു.

( തുടരും )

27 comments:

© Mubi said...

എച്ച്മു.... ഉള്ളം പൊള്ളിക്കുന്ന വായന!

ajith said...

എനിക്ക്, അല്ലെങ്കില്‍ എച്ച്മുവിന്റെ വായനക്കാരില്‍ 99% പേര്‍ക്കും അറിയാത്ത ഇടങ്ങളിലേയ്ക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ട് പോയി “ഇതാണ് കറുത്ത യാഥാര്‍ത്ഥ്യങ്ങള്‍” എന്ന് വരച്ചുകാണിക്കുന്ന എഴുത്ത്. വേറെന്ത് പറയേണ്ടു.

Cv Thankappan said...

വിസ്ഫോടനമായി ഉള്ളില്‍ തിളച്ചുമറിയുന്നു!എഴുത്തിന്‍റെ മൂര്‍ച്ച അഭിനന്ദനീയം!!!ആശംസകള്‍

ലംബൻ said...

പകുതിക്ക് വെച്ച് വായന മുറിഞ്ഞു പിന്നീടും ഒന്ന് രണ്ടു പ്രാവശ്യം.. കണ്ണില്‍ വന്ന മൂടല്‍ കാരണം വായിക്കാന്‍ പറ്റുന്നില്ല.
എച്ചുമുന്‍റെ എഴുത്തിന്‍റെ ശക്തി കൊണ്ടാണ് അങ്ങിനെ.. ഒരു പക്ഷെ 'അവ' മുന്നില്‍ നിന്നാല്‍ ഇതുപോലെ അനുകമ്പ തോന്നണം എന്നില്ല.

MINI ANDREWS THEKKATH said...

നിസ്സഹായ്യരായ മനുഷ്യർ ......

വീകെ said...

ഇത് പുതിയൊരു ലോകം.
അവർ നമ്മുടെ പൌരന്മാരായിപ്പോലും രാജ്യം അംഗീകരിക്കുന്നില്ലെന്ന് കേട്ടിട്ടുണ്ട്. അവിടെ അവരെക്കുറിച്ച് പുറമേ നിന്നുള്ള കേട്ടറിവേ ഉണ്ടായിരുന്നുള്ളു.‘തമന്ന’ എന്ന ഒരു ഹിന്ദി ചിത്രം ഇവരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരുന്നു.

ഇവിടെ ബഹ്‌റീനിൽ അത്തരം ആൾക്കാരെ ധാരാളം കാണുന്നുണ്ട്. കാരണം അവരെ പിറന്നവീണ രാജ്യം പൌരന്മാരായി അംഗീകരിച്ച് പാസ്പ്പോർട്ടും മറ്റും കൊടുത്തിട്ടുണ്ട്. ജോലിയെടുക്കാൻ എവിടേയും പോകാം.
പക്ഷെ, എന്നിരുന്നാലും അവരുടെ വ്യക്തിപരമായ ജീവിതം അഞ്ജാതമാണ്. എഛ്മുവിന്റെ ഈ നോവൽ അതിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ്.
ആശംസകൾ...

റോസാപ്പൂക്കള്‍ said...

എച്ചുമു,ഇതൊരു ശക്തിയാണ് എന്റെ പ്രിയ കൂട്ടുകാരിയുടെ എഴുത്തിന്. സത്യം പലപ്പോഴും മൂര്‍ച്ചയുള്ള വാളായി മുറിക്കുന്നു,നോവുന്നു.

പട്ടേപ്പാടം റാംജി said...

ഞാന്‍ ദീര്‍ഘമായി നിശ്വസിച്ചു.. ഓര്‍ക്കരുതെന്ന് ഞാനുറപ്പിച്ചിട്ടുള്ളതെന്തെല്ലാമോ അണപൊട്ടിയൊഴുകുന്നതായി എനിക്ക് തോന്നി. കണ്ണീരിനെ ഒതുക്കിപ്പിടിച്ച് എന്‍റെ കണ്ണുകള്‍ കഴച്ചു.

പലപ്പോഴും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും ഇത്തരം ദൈന്യങ്ങള്‍ നേരെ വരുമ്പോഴാണ്.

ഞെട്ടല്‍ മാറിയിട്ടില്ല.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

പലപ്പോഴും ഇത്തരക്കാരെ കാണാറുണ്ട് .ഇരുണ്ട ഇടങ്ങളില്‍..പ്രകൃതി വിരുദ്ധ പ്രവര്‍ത്തികള്‍ക്ക് വില പേശുന്നത് ,കൂട്ടമായി ബസ്സ് കാത്തു നില്‍ക്കുന്നത് ,ട്രെയിനില്‍ യാചിക്കുന്നത് ..വേദനയുടെ ഭൂതകാലം അവര്‍ക്കുണ്ടെന്ന് അറിയാമായിരുന്നു ,ചിലരോടു സംസാരിച്ചിട്ടും ഉണ്ട് .അസൂയാവഹമായ എഴുത്തിലൂടെ ആ നേരനുഭവങ്ങളെ എല്ലാം നിങ്ങള്‍ നിഷ്പ്രഭമാക്കി ..

റിനി ശബരി said...

ചേച്ചീ , ആ കനത്ത രാത്രിയുടെ ഓര്‍മകള്‍
മനസ്സിലും ശരീരത്തിലേക്കും പടര്‍ന്ന് കേറിയ പൊലെ ..!
" അര്‍ദ്ധനാരി " സിനിമയിലേ ചില രംഗങ്ങള്‍
മുന്നിലേക്ക് വന്ന് കേറി .. ചേച്ചിയുടെ ഓര്‍മകളുടെ
നേര്‍ പകര്‍പ്പാണ് ആ സിനിമയും , ഒന്ന് കണ്ട് നോക്കുക
എം ജി ശ്രീകുമാറിന്റെ .. സാധിക്കുമെങ്കില്‍ ..!
വരികളില്‍ കനപ്പിച്ച് കിടപ്പുണ്ട് നേരുകളുടെ
ചില പൊട്ടിയൊലിച്ച മണങ്ങള്‍ ..!

Sabu Hariharan said...

മനോജ് കെ ജയൻ, തിലകൻ, രാജു എന്നിവർ അഭിനയിച്ച ‘അർദ്ധനാരി’ എന്ന സിനിമയിലെ രംഗങ്ങൾ ഓർത്തു. ആ സിനിമ കണ്ടു നോക്കൂ. ഇതിലും തീവ്രമായ ചിലതുണ്ടതിൽ..

vettathan said...

വീര്‍പ്പടക്കി വായിച്ചു

ചിന്താക്രാന്തൻ said...

ആകാംക്ഷയോടെ ഓരോ വരികളും സൂക്ഷമമായി വായിച്ചു .ഇങ്ങനേയും കുറെയേറെ ജന്മങ്ങള്‍ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട് ഈ കൂട്ടരെ ധര്‍മ്മം ചോദിച്ചുകൊണ്ട് അരികില്‍ വരും കൊടുത്തില്ലെങ്കില്‍ വട്ടമിട്ട് ചുറ്റിനും നടക്കും അപ്പോള്‍ ശെരിക്കും അവരോട് വെറുപ്പാണ് തോന്നിയിട്ടുള്ളത് .പക്ഷെ അവരുടെ ജീവിതത്തെ കുറിച്ച് ഈ കഥ വായിക്കുന്നത് വരെ ആഴത്തില്‍ ചിന്തിച്ചിരുന്നില്ല .എഴുതിയത് അത്രയും നന്നായിരിക്കുന്നു .തുടര്‍ന്നുള്ള എഴുത്തും വായിക്കുവാന്‍ കാത്തിരിക്കുന്നു ആശംസകള്‍

Joselet Joseph said...

വായന ഇടക്ക് മതിയാക്കി മടങ്ങിയാലോ എന്ന് വിചാരിച്ചു.എങ്കില്‍ എനിക്കാ അവസാന ഭാഗം നഷ്ടമായേനെ...
അറിയാത്ത, അനുഭവിക്കാത്ത, കാണാത്ത ജീവിതങ്ങള്‍..!

vazhitharakalil said...

ശരിക്കും കിടുങ്ങിപ്പോയി....അഭിനന്ദനങ്ങള്‍ എച്മ്മൂ..

Pradeep Kumar said...

ഒരു ചെറുകഥയാണെന്ന ധാരണയിൽ തുടങ്ങി, നോവലെറ്റാണെന്ന് സംശയിച്ച് നോവലിന്റെ ഫോർമാറ്റിലേക്ക് മാറുകയാണ് എച്ചുമുവിന്റെ ഈ രചന. നോവലാണെന്ന ധാരണയിൽ അൽപ്പംകൂടി മനസ്സുകൊടുത്ത് എഴുതുക. എച്ചുമുവിന് നല്ല ഭാഷയും, എഴുത്തിലെ കൈയ്യടക്കവുമുണ്ട്. ഒന്നുകൂടി ശ്രദ്ധിച്ചാൽ മലയാളഭാഷയിലെ ശ്രദ്ധേയമായ നോവലുകളുടെ കൂട്ടത്തിലേക്ക് ഈ നല്ല രചനയും എടുത്തുവെക്കാം....

ശോഭനം said...

welldone..........

A said...

രക്തം ഉറഞ്ഞു കൂടുന്ന വായന. പിറവിയുടെ ഏതോ ഒരു ബിന്ദുവില്‍ കയറിക്കൂടിയ ഒരു എറര്‍ ദുരിത ജന്മങ്ങളായി മുന്നില്‍ നില്‍ക്കുന്നു. ഒട്ടും പരിചിതമല്ലാത്ത ഈ ജീവിതങ്ങളെ ഹൃദയ രക്തത്തില്‍ തൊട്ട് എച്മു എഴുതിയത് വായിക്കുമ്പോള്‍ മരവിച്ചു നില്‍ക്കുന്നു മനവും തനുവും.

Muralee Mukundan , ബിലാത്തിപട്ടണം said...



‘പെണ്ണുങ്ങള്‍ക്ക് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളെന്ന് എല്ലാരും വീമ്പ് പറയുന്നതൊക്കെ ചെയ്താല്‍ മതി ആണ്മ തെളിയിക്കാം ‘

ദൈന്യ ജീവിതം നയിക്കുന്ന അർദ്ധനാരികളുടെ ചില നേരനുഭങ്ങൾ ഉജ്ജ്വലമായി പങ്കുവെച്ചിരിക്കുന്നു...

ചന്തു നായർ said...

നല്ല പനി.കണ്ണുകൾ അടഞ്ഞു വരുന്നു. പക്ഷേ ഉറക്കം മനസ്സിനെ വിരട്ടി ഓടിക്കുന്നു. സത്യം പറഞ്ഞാൽ.നല്ല വിറയലും ഉണ്ട്.കമ്പ്യൂട്ടർ ഉപയോഗിക്കരുതെ എന്നു അനന്തിരവളായ ഡോക്ക്ടർ പറഞ്ഞിരുന്നു. പകഏ ഞാൻ ഒരു സിനിമയുടെ സി.ഡി ഇട്ടു കണ്ടൂ “അർദ്ധനാരീ” തിയേറ്ററിൽ ഒരു ദിവസം മാത്രം ഓടിയ സിനിമ. തിരക്കഥയിലെ ചില ന്യൂനതകൾ ആ ചിത്രത്തെ ബാധിച്ചു. പക്ഷെ കരുത്തുറ്റപ്രമേയം. സിനിമ കണ്ടിട്ട് ഞാൻ ബ്ലൊഗുകൾ തിരഞ്ഞു.പലർക്കും ഇപ്പോൾ ബ്ലോഗ് വേണ്ടാതായിരിക്കുന്നു. എചുമുവിന്റെ കഥ വായിക്കാൻ മാറ്റി വച്ചിരുന്നതായിരുന്നു....... വായിച്ചു.തീവ്രമായ രചനയിൽ, ഗരുവിലൂടെ സീമയുടെ കിടപ്പിലെത്തിയപ്പോൾ ശാരീരത്തിന്റെ വിറയൽ മാറി...പനിയുടെ അളവ് കുറഞ്ഞ് വരുന്നതായും തോന്നി...അവസാനമെത്തിയപ്പോൾ ഞാൻ വിയർത്ത് തുടങ്ങി. ഇപ്പോൾ കീബോഡിൽ,വിരൽതുമ്പിൽ വിയർപ്പു തുള്ളിയിടുന്നൂ... സഖേ... ശക്തമായ വരികൾക്കും ചിന്തക്കും നമസ്കാരം ചൊല്ലി ഒന്നു കിടക്കട്ടെ...ഒരു കാര്യം കൂടി ഓർമ്മപ്പെടുത്തുന്നു.’അർദ്ധനാരീ‘ എന്ന സിനിമ കാണുക... അതൂം,ഇതും തമ്മിൽ ചില സാമ്യം തോന്നുന്നു. മഹാലക്ഷ്മി എന്ന നടിയുടെ കഥാപാത്രത്തിന്റെ ലിംഗം ഛേദിക്കുന്ന ഒരു രംഗം അതിലും കാണിക്കുന്നുണ്ട്. ശക്തമായ വരികൾക്ക് നല്ല നമസ്കാരം പറയുന്നു....

ശ്രീനാഥന്‍ said...

രു പരിചയവുമില്ലാത്ത ഒരു ലോകത്തിലൂടെ എച്ചുമു കൈ പിടിച്ചു നടത്തിയ പോലെ.ബലിഷ്ഠമായ ആണ്‍ശരീരത്തില്‍ തരളമായ ഒരു പെണ്മനം പെയ്തു നിറയുന്നത് ... ജീവിതത്തിന്റെ എല്ലാ ഇടവഴികളും അറിയാമല്ലേ, നന്നായിട്ടുണ്ട് രചന.

Manef said...

മുംബൈയിലെ കുറെ ദിവസങ്ങളിലെ ജീവിതത്തിനിടയില്‍ കണ്ട ആ കാഴ്ചകളിലേക്ക് വീണ്ടും മനസ്സ് പറന്നു പോകുന്നു.... തെരുവുകളിലെ സജീവ സാന്നിധ്യമായ അവരെ കുറിച്ചുള്ള വായന ഒരുപാട് നൊമ്പരപ്പെടുത്തി...

keraladasanunni said...


‘എന്നെന്നും നിറഞ്ഞ സന്തോഷം മാത്രമുണ്ടാവട്ടെ. ഞങ്ങളെപ്പോലെയുള്ള മക്കള്‍ നിന്‍റെ തലമുറകളില്‍ ഒരു കാലത്തും പിറക്കാതിരിക്കട്ടെ.’

വലിയൊരു കരച്ചില്‍ ഞാന്‍ ചവച്ചിറക്കി.

മനസ്സ് എന്നൊന്ന് ഇല്ലാത്തവര്‍ക്കേ കരയാതിരിക്കാനാവൂ.

ഫൈസല്‍ ബാബു said...

ഹൊ എന്തൊരു തീവ്രമായ എഴുത്ത് ,,ചില സിനിമകളില്‍ കണ്ടിട്ടുണ്ട് ഇത് പോലെ ചിലത് ,, മനസ്സില്‍ ഒരു നീറ്റലായി ഈ കഥാപാത്രങ്ങള്‍ !!,അടുത്ത ഭാഗം വായിക്കട്ടെ

കുഞ്ഞുറുമ്പ് said...

പെണ്മ എന്നും മോശമായിരുന്നു.. ഉടുപ്പില്ലാതെ വെളിച്ചത്തില്‍ കാണുമ്പോള്‍ അപമാനമായിരുന്നു. പതുക്കി വെക്കേണ്ട തെറ്റായിരുന്നു. നിയന്ത്രിച്ച് ഒതുക്കപ്പെടേണ്ട സ്വത്തായിരുന്നു, കേടു വരുന്ന പാഴായിപ്പോകുന്ന കനിയായിരുന്നു, രഹസ്യമായ ഒരു മുറിവായിരുന്നു..


"ഞങ്ങള്‍ കൊണ്ടുവന്നതാണെന്ന് പറഞ്ഞ് ഇതെല്ലാം ഗരു പൂജയ്ക്ക് കൊടുത്താല്‍ മതി ." ഗരു സീമയ്ക്ക് കൊടുത്താ മതി എന്നല്ലേ...

സുധി അറയ്ക്കൽ said...

എന്തൊരു ശക്തിയാണു ചേച്ചിയുടെ അക്ഷരങ്ങൾക്ക്‌!!!!!!!!
നല്ല വേദന തോന്നുന്നു.എന്തൊരു ജീവിതം!!!!

സുധി അറയ്ക്കൽ said...

തലക്കെട്ട്‌ ആദ്യം അമ്പരപ്പിച്ചു...പിന്നെ മനസ്സിലായി ഈ അധ്യായത്തിനു ആ തലക്കെട്ട്‌ തന്നെ വേണമെന്ന്...