Sunday, August 3, 2014

നിസ്സഹായതയുടെ ദീനമായ പ്രതിഷേധ ചിഹ്നങ്ങള്‍ 8


https://www.facebook.com/echmu.kutty/posts/300938983418736

എട്ടാം  ഭാഗം

ഗേറ്റിനരികിലേക്ക് നടക്കുമ്പോള്‍ തികച്ചും അപ്രതീക്ഷിതമായി   പൂജ  എന്നോട്  ചോദിച്ചു.. 

നീ എന്നെങ്കിലും  ഒരു  സൈക്യാട്രിസ്റ്റിന്‍റെ അടുത്ത്  പോയിട്ടുണ്ടോ. .. ?  

ആ നിമിഷത്തില്‍ വേദനയുടെ   ഒരു ആഴക്കടല്‍ എന്നെ വന്നു വിഴുങ്ങി. പാരനോയിയ എന്ന  വാക്ക്   ആഴക്കടലിന്‍റെ കൂറ്റന്‍ അലകളായി എന്നില്‍  ആഞ്ഞടിച്ചു. 

കണ്ണുകള്‍ നിറഞ്ഞുവെങ്കിലും നന്നെ ശ്രമപ്പെട്ട് ഞാന്‍  കണ്ണീര്‍ നിയന്ത്രിച്ചു. 

നിനക്ക്  സൈക്യാട്രിസ്റ്റെന്ന്  കേട്ടപ്പോഴെ  പ്രകടമായ ഒരു  വിവര്‍ണതയുണ്ടായിരുന്നു. അതാണെനിക്ക് സംശയം തോന്നിയത്.   പൂജ  എന്നെ  സൂക്ഷ്മമായി  ശ്രദ്ധിച്ചുകൊണ്ട്  വിശദീകരിച്ചു. 

പിടിക്കപ്പെടുമെന്ന്  കരുതി  ഞാനവള്‍ക്ക് മുഖം  കൊടുക്കാതിരിക്കാന്‍ പരിശ്രമിക്കുകയായിരുന്നു.
 .
ഗേറ്റിനു പുറത്ത് ഗരുവും സീമയും കുത്തിയിരിക്കുന്നുണ്ടായിരുന്നു. ദൈന്യതയുടെയും  വിവശതയുടെയും   ആള്‍രൂപങ്ങളെപ്പോലെ. 

ഗരു ഒന്നും ചോദിച്ചില്ല. 

അപ്പോഴാണ്  ചൌക്കിദാര്‍ ഛക്കകളും  ഛക്കകളാവാന്‍ പോകുന്നവരും സമയം  മെനക്കെടുത്താതെ വേഗം  സ്ഥലം വിടണമെന്ന്    പറഞ്ഞത്.  ആ ശബ്ദത്തിലെ ധിക്കാരം പൊതുവേ  എല്ലാറ്റിനോടും തണുപ്പന്‍ മട്ടുള്ള  എന്നെപ്പോലും ചൊടിപ്പിച്ചു.  അയാള്‍ക്കിട്ട്  രണ്ട് പൊട്ടിക്കണമെന്ന് സത്യമായും  എനിക്ക്  തോന്നി. 

ഗരുവില്‍  അസാധാരണമായ ഒരു   ഭാവമാറ്റമായിരുന്നു ഞാന്‍ അപ്പോള്‍  കണ്ടത്. ഗരു  കോപം  കൊണ്ട് മതി മറന്ന് കഴിഞ്ഞിരുന്നു. കല്ലുവെച്ച തെറികളും  ഉഗ്രശാപങ്ങളും ചൊരിയുന്നതിനൊപ്പം   സാരി അരയ്ക്ക് മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ച് ഗരു  ചൌക്കിദാറെ ഉഗ്രമായി  വെല്ലുവിളിച്ചു. 

ഞാന്‍  ഭയന്നു പോയി.  ഗരുവിന്‍റെ പേടിപ്പെടുത്തുന്ന ആ രൂപം എന്നെ  അടിമുടി തളര്‍ത്തിക്കളഞ്ഞു. ഞാനൊരിക്കലും  കാണാനാഗ്രഹിച്ച ഒരു  കാഴ്ചയായിരുന്നില്ല അത്. 

ചൌക്കിദാര്‍ ചൂളുന്നുണ്ടായിരുന്നു.  ആ ചൂളലോടെ  അയാള്‍  ഗേറ്റില്‍ നിന്നകലേക്ക്  നീങ്ങാന്‍ ശ്രമിച്ചു. അതു ശ്രദ്ധിച്ച ഗരുവിന്‍റെ  മുഖത്ത് പൈശാചികമായ  ഒരു ആനന്ദം വിരിയുന്നത്  ഞാന്‍ കണ്ടു. 

പൂജ  സ്തംഭിച്ചു  നില്‍ക്കുകയായിരുന്നു. എങ്കിലും അവള്‍  അതിവേഗം  മനസ്സാന്നിധ്യം  വീണ്ടെടുത്തു.  ഗരുവും സീമയും വീട്ടിലേക്ക്  മടങ്ങുകയും  ഞങ്ങള്‍  ഇച്ചാക്കയുടെ അടുത്തേക്ക്  പോയി  ഒരു നല്ല ഡോക്ടറെ  കണ്ടുപിടിക്കാന്‍ ശ്രമിക്കുകയും ആണ് ഉടനെ  വേണ്ടതെന്ന്   വലിയ ഭാവഭേദമൊന്നും കാണിക്കാതെ  അവള്‍ പറഞ്ഞവസാനിപ്പിച്ചു.

എല്ലാം ശരിയാകുമെന്ന  അപാരമായ  ആത്മവിശ്വാസം  അവള്‍ അപ്പോഴും  കൈവിട്ടിരുന്നില്ല.

സീമ ഒന്നും തന്നെ  ശ്രദ്ധിക്കാതെ നിസ്സംഗയായിരിക്കുകയായിരുന്നു. 

ഗരു സാധാരണ മട്ടില്‍  തലയാട്ടി. 

ഗരുവും  സീമയും പോയപ്പോഴാണ്  കൂടെ വരുന്നില്ലെന്ന് ഞാന്‍  പൂജയോട് പ്രതിഷേധമറിയിച്ചത്.

ചൌക്കിദാര്‍ വഴിയേ പോകുന്ന അടി ചോദിച്ചു മേടിക്കുന്ന  മര്യാദ കെട്ടവനായിരുന്നെങ്കിലും ഗരുവിന്‍റെ പെരുമാറ്റം ഒട്ടും ശരിയായില്ലെന്ന് എനിക്ക്  തോന്നി. അതുകൊണ്ടു തന്നെ  ഗരുവിനെ  സഹായിക്കേണ്ട  കാര്യമില്ലെന്ന് ഞാന്‍ വിചാരിച്ചു. 

ഗരു തുണിപൊക്കി കാണിച്ചതു കൊണ്ടാണല്ലേ  നിനക്ക്  പ്രയാസം? 

പൂജയുടെ  ചോദ്യം  അല്‍പം  തീക്ഷ്ണമായി തന്നെ  എനിക്കനുഭവപ്പെട്ടു. അവളുടെ മുഖത്ത്  കുറച്ച് ഗൌരവമുണ്ടായിരുന്നു. 

ഞങ്ങള്‍ ഒന്നിച്ചു  നടക്കുവാന്‍ തുടങ്ങുകയായിരുന്നു. പെട്ടെന്ന്  പൂജ നടത്തം മതിയാക്കി  മാര്‍ക്കറ്റിന്‍റെ  മുലയിലുള്ള  ചെറിയ  ചായക്കടയിലിട്ടിരുന്ന അഴുക്കു  നിറഞ്ഞ ഒരു  ബെഞ്ചില്‍ ഇരിപ്പു പിടിച്ചു. 

ദോ ചായ് ഓര്‍ ചാര്‍ മട്ടി .. 

ചായ കൂട്ടുന്ന  അമ്മൂമ്മയോട് പൂജയുടെ  അറിയിപ്പും പൊടുന്നനെയായിരുന്നു. അമ്മൂമ്മ  പതിനായിരം ചുളിവുകളുള്ള അവരുടെ മുഖം  നിറയെ വ്യാപിച്ച വലിയൊരു  പുഞ്ചിരിയുമായി  കീറലുകളുള്ള  സ്വറ്റര്‍ ഒന്നും  കൂടി  താഴേക്ക് വലിച്ചിട്ട്  തറയില്‍ കുന്തിച്ചിരുന്നു ചായ  കൂട്ടാന്‍ തുടങ്ങി. 

എനിക്ക്   ചായ കുടിക്കണമെന്നുണ്ടായിരുന്നില്ല. മട്ടിയും തിന്നണമെന്നുണ്ടായിരുന്നില്ല. ഇതു പോലെ പാവപ്പെട്ട അമ്മൂമ്മമാരും മറ്റും നടത്തുന്ന റോഡരികിലെ  ചെറിയ കടകളില്‍ കിട്ടുന്നതും വില കുറഞ്ഞതും എരിവുള്ളതുമായ   ഒരു പലഹാരമാണ് മട്ടി. അല്‍പം  കനമുള്ള ഒരു പപ്പടമെന്നു വേണമെങ്കില്‍ പറയാം.   പൊതുവേ വീട്ടമ്മമാരോ ഉദ്യോഗസ്ഥരോ  ആയ  സ്ത്രീകളൊന്നും  ഇമ്മാതിരി കടകളിലിരുന്നു ചായ കുടിക്കുകയോ മട്ടിയോ അല്ലെങ്കില്‍   പുഴുങ്ങിയ  മുട്ടയോ  മറ്റോ തിന്നുകയോ  ഒന്നും  ചെയ്യില്ല. അതെല്ലാം പുരുഷന്മാര്‍  മാത്രം ചെയ്യുന്ന കാര്യങ്ങളാണ്. സ്ത്രീകള്‍  സാധാരണയായി അത്തരം കടകളിലെ  വൃത്തിക്കുറവിനേയും  സൌകര്യമില്ലായ്മയേയും ഒക്കെ  പറ്റി പരാതിപ്പെട്ട് മുഖം  തിരിക്കാറാണ്  പതിവ്. 

പൂജ  ഒരു   സാധാരണ സ്ത്രീയായിരുന്നില്ലല്ലോ. 

ഞാന്‍  സ്വയം  തിരിച്ചറിയാനാവാത്ത  മുറുക്കമുള്ള ഒരു  അതൃപ്തിയോടെ  പൂജയുടെ സമീപം  ഇരുന്നു. 

അവള്‍ ഒരു മന്ത്രണം  പോലെ  മൃദുവായി  എന്നോട്  സംസാരിക്കുകയായിരുന്നു. അനാവശ്യമായി  ദേഷ്യപ്പെടുകയോ എന്‍റെ  വിവരമില്ലായ്മയെ പരിഹസിക്കുകയോ സ്വയം   ഗുരുവായിച്ചമഞ്ഞ്  ഉപദേശിക്കുകയോ എന്നെ നിസ്സാരമായി  അവഗണിക്കുകയോ  അല്ലെങ്കില്‍  എളുപ്പത്തില്‍  തെറ്റിദ്ധരിക്കുകയോ  ഒന്നുമായിരുന്നില്ല.

താഹിര്‍പൂര്‍  എന്ന സ്ഥലത്തെ ഗുരുതേജ് ബഹാദൂര്‍ കുഷ്ഠരോഗാശുപത്രിയില്‍ പലപ്പോഴും  പോയി  വന്ന കഥയാണ് അവള്‍ പറഞ്ഞുകൊണ്ടിരുന്നത്. നാലു ഫേസുകളിലായി അതിനുസമീപം ഇച്ചാക്കയും സന്ദീപ് സാറും കൂടി പണിതു  തീര്‍ത്ത  ഒരു കുഷ്ഠരോഗ കോളനിയെ പറ്റിയും  കൂടിയായിരുന്നു  അത് . അവിടെ   പരമദരിദ്രരായ അനാഥരായ കുഷ്ഠരോഗികള്‍  പാര്‍ക്കുന്നുണ്ടായിരുന്നു. അവര്‍  വളരെ വൃത്തിയായി  അവരുടെ  താമസസ്ഥലം  സൂക്ഷിക്കുമെന്നും  മറ്റും  പൂജ  പറഞ്ഞു തുടങ്ങിയപ്പോള്‍  ഞാന്‍ മടുപ്പോടെ  കോട്ടുവായിട്ടു.

അപ്പോഴാണ് അവള്‍  ചോദിച്ചത്.. 

ആ കുഷ്ഠരോഗികള്‍  മറ്റുള്ളവരോട്  എങ്ങനെയാണ് പ്രതിഷേധിക്കുക അല്ലെങ്കില്‍  വഴക്കു  കൂടുക  എന്നറിയുമോ ശാന്തീ..

എനിക്കറിയില്ലായിരുന്നു. 

അവര്‍ തൊടും.. വഴക്ക് മൂത്താല്‍  കെട്ടിപ്പിടിക്കും.. അതവരുടെ ഒരു തന്ത്രമാണ്. ഒരു രീതിയാണ്. അവര്‍ തൊടുന്നത് പൊതുസമൂഹത്തിനു അറപ്പാണ്. ആ അറപ്പുണ്ടാക്കി ഭയപ്പെടുത്തലാണ് അവര്‍ക്കാകെ കൂടി കഴിയുന്ന ഒരു പ്രതിഷേധം. ശാരീരിക വൈകല്യങ്ങളും അതുണ്ടാക്കുന്ന  ദുര്‍ബലതയും കൊണ്ട്  ആരേയും കായികമായി നേരിടാന്‍ അവര്‍ക്ക് കഴിയില്ല. 

എന്‍റെ  മാന്ദ്യം  ബാധിച്ച തലയില്‍ ഒരു മിന്നാമിനുങ്ങിന്‍റെ ചെറു വെട്ടമുണ്ടായി.

അപ്പോള്‍ ഗരു..
 
അതെ, ശാന്തി. ഗരുവും സീമയുമെല്ലാം തുണി പൊക്കിക്കാണിച്ച്  നടുക്കത്തിന്‍റെ  ഒരലയുണ്ടാക്കുന്നു.  കാഴ്ചക്കാരില്‍  ഒരു ചൂളല്‍ ഉണ്ടാക്കുന്നു.  അടിപിടിക്കു പോകുന്നതിലും  എളുപ്പമായി  ശാപങ്ങളും സ്വന്തം നഗ്നതയും കാണിച്ച്  പ്രതിഷേധിക്കുന്നു. ഏറ്റവും  നിസ്സഹായമായ പ്രതിഷേധമാണ് തുണി പൊക്കലും  ശപിക്കലും.. നാട്ടിന്‍ പുറങ്ങളില്‍ പെണ്ണുങ്ങള്‍ തമ്മില്‍  ലഹള കൂട്ടുമ്പോള്‍  ഇങ്ങനെ  ചെയ്യാറില്ലേ.. 

ഞാന്‍ തല കുലുക്കി. 

ഉവ്വ്.. കണ്ടിട്ടുണ്ട്. അലക്കുകാരികളായ  മാതുവിന്‍റേയും  കൊച്ചുവിന്‍റേയും വഴക്ക്  കാണാന്‍ വേണ്ടി  ആളു  കൂടുന്നത് ഈ തുണി പൊക്കല്‍കൊണ്ടാണെന്ന് വീട്ടിലെ ജോലിക്കാരി  അമ്മയോട് പറയുന്നതും  കേട്ടിട്ടുണ്ട്. 

അമ്മയെക്കുറിച്ചോര്‍ത്തപ്പോള്‍  എനിക്ക് വല്ലാത്ത തളര്‍ച്ച തോന്നി. 

അമ്മ എന്നെ മറന്നു  കാണുമോ?  

കുട്ടി  എല്ലാവരുടേയും ജീവിതം  തകരാറാക്കുകയാണ്. കുട്ടിയുടെ  മാത്രമല്ല .. ചേട്ടന്‍റെയും  അനീത്തിയുടേയും എന്‍റെയും  എല്ലാം .. എന്ന് പറഞ്ഞ് എന്നെ ഒഴിവാക്കിയ, എന്നെ  അകറ്റി മാറ്റിയ  അമ്മ ... അമ്മ  എന്നെ മറന്നിരിക്കും. 

പൂജ നീട്ടിയ ചായയും മട്ടിയും ഞാന്‍  ഒരു മടിയും കൂടാതെ  വാങ്ങി.

വെയില്‍ മങ്ങിക്കഴിഞ്ഞിരുന്നു.  തണുത്ത കാറ്റ് ചൂളം കുത്തിക്കൊണ്ടിരുന്നു. ഷാള്‍ വലിച്ചു  തലയിലൂടെ മുറുകെ ചുറ്റിയിട്ടും തണുക്കുന്നു. 

ഇച്ചാക്കയെ  കാണാന്‍  പോകണോ  എന്ന് ഞാന്‍ പൂജയോട്  പിന്നെ ചോദിച്ചില്ല. നിശ്ശബ്ദം  അവളെ  പിന്തുടര്‍ന്നു.

ഇച്ചാക്കയുടെ വീട്ടിലെത്തിയപ്പോള്‍  മൂന്നുമണി  കഴിഞ്ഞിരുന്നു.  അന്തരീക്ഷമാകെ ഇരുണ്ടു കനത്തു  നിന്നതുകൊണ്ട്  സന്ധ്യ മയങ്ങിക്കഴിഞ്ഞതായി തോന്നി. 

സ്വന്‍സല്‍  ഞങ്ങളെ  ഹാര്‍ദ്ദമായി സ്വീകരിച്ചു. 

കാര്യങ്ങള്‍ വിശദമാക്കിയതും ദീര്‍ഘ നേരം  സംസാരിച്ചതും  പൂജയാണ്.  ഞാന്‍ ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും പൂജയെപ്പോലെ നെഞ്ചു തൊടുന്ന ആത്മാര്‍ഥതയോടെ  ഒഴുക്കുള്ള ഭാഷയില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ എനിക്ക് കഴിവില്ലല്ലോ. 

അവര്‍ക്ക്  മാന്യമായ ഒരു  ജീവിതമാര്‍ഗമുണ്ടാകരുതെന്ന് അവര്‍ സമാധാനമായി  ജീവിക്കരുതെന്ന്    നമ്മുടെ സമൂഹത്തിനു നിരബന്ധമുള്ളതു പോലെയാണ്. നിലവിലെ സാഹചര്യങ്ങളും വിശ്വാസങ്ങളും മറ്റും  ഒരു കാരണവശാലും  മാറരുതല്ലോ
 
ഇച്ചാക്കയുടെ ശബ്ദത്തില്‍  ഒരു തരം നിരാശയോ  മടുപ്പോ  നിഴല്‍ വീശിയിരുന്നു. 

നല്ല ഒരു  ഫിസിഷ്യനേയോ ചൈല്‍ഡ്  സ്പെഷ്യലിസ്റ്റിനെയോ  കണ്ടു  പിടിക്കും  പോലെ എളൂപ്പമല്ലല്ലോ നല്ലൊരു സൈക്യാട്രിസ്റ്റിനെ കണ്ടു പിടിക്കുന്നത്.  പ്രത്യേകിച്ച്  വിശ്വാസത്തോടെയും  പ്രതീക്ഷയോടെയും  ആശ്രയിച്ചു ചെന്നയിടത്ത്   ഇമ്മാതിരിയൊരനുഭവമുണ്ടായതിനു ശേഷം. ഇച്ചാക്ക  ആരെയെല്ലാമോ ഫോണില്‍  വിളിച്ചെങ്കിലും അങ്ങനെയൊരാളെ കണ്ടു പിടിക്കാന്‍ അത്ര  എളുപ്പമൊന്നും കഴിഞ്ഞില്ല.

പൊടുന്നനെ മഴ ആര്‍ത്തിരമ്പി  പെയ്യാന്‍  തുടങ്ങി.  ഇരുട്ടും  തണുപ്പും  ഏറിയേറി  വന്നപ്പോള്‍  അന്ന്  ഇച്ചാക്കയുടെ വീട്ടില്‍  തന്നെ  താമസിക്കാമെന്ന്  പൂജ  തീരുമാനിക്കുകയായിരുന്നു.  ഞാനും  സ്വന്തം മുറിയിലേക്ക്  മടങ്ങിയില്ല. വീശിയടിച്ച  കാറ്റില്‍ തൊട്ടടുത്ത ഡി ഡി എ  പാര്‍ക്കിലെ മരങ്ങള്‍  ആടിയുലഞ്ഞു. ചിവീടുകളുടെ അസഹനീയമായ കരച്ചില്‍ ഞാന്‍ മറക്കാനാശിച്ച വീട്ടിലേക്കും ഓര്‍മ്മകളിലേക്കും   എന്നെ വലിച്ചു കൊണ്ടു പോയി... 

തീവ്ര വേദനകളില്‍ ഞാന്‍ മുങ്ങിത്താഴുമ്പോള്‍  പൊടുന്നനെ ഇച്ചാക്ക പറയുകയായിരുന്നു. 

ഇറ്റീസ് എ ടഫ്  ജോബ് പൂജ. തേര്‍ഡ് ജെന്‍ഡര്‍  എന്ന്  കേള്‍ക്കുമ്പോഴേ ..സൈക്യാട്രിസ്റ്റുകള്‍ ... 

എനിക്കറിയാം...ആരേയും കിട്ടാത്തതാണ് നല്ലത്.. അവര്‍ ചികില്‍സിച്ച് വഷളാക്കും..സൈക്യാട്രിസ്റ്റുകള്‍  എല്ലാവരും രോഗികളെ ചതിക്കുന്നവരാണ്.  ഞാനറിയാതെയായിരുന്നു ആ വാക്കുകള്‍  പുറത്തു ചാടിയത്.  അല്ലെങ്കില്‍  അത്  ഒതുക്കിവെച്ചിട്ടും  ഒതുങ്ങാത്തതായിരുന്നു.  സ്വയം ദീനമായി വഞ്ചിക്കപ്പെട്ടവളുടെ അപമാനത്തോടെ ഞാന്‍ തല കുനിച്ചുപിടിച്ചു. ഇച്ചാക്കയുടേയും  സ്വന്‍സലിന്‍റേയും പൂജയുടേയും  കണ്ണുകളില്‍ നോക്കാന്‍ എനിക്ക് ധൈര്യമുണ്ടായില്ല. 

ഇങ്ങനൊരു  അബദ്ധം എനിക്ക്  പറ്റിപ്പോയതില്‍  ഞാന്‍  ശരിക്കും  വേദനിച്ചു. 

സ്വന്‍സലിന്‍റെ  മൂളിപ്പാട്ടു കേട്ടിരുന്ന,  ചന്ദനത്തിരിയുടെ ഹൃദ്യമായ സുഗന്ധമുയര്‍ന്നിരുന്ന ആ മുറിയില്‍  ആഴമുള്ള  ഒരു   നിശ്ശബ്ദത പരന്നു. അത്താഴം കഴിക്കുമ്പോള്‍ പോലും പഴയൊരു  ആഹ്ലാദവും മൂളിപ്പാട്ടും  സ്വന്‍സലില്‍  ഇല്ലയെന്ന്  എനിക്ക്  തോന്നി. ഇച്ചാക്കയുടെ  മുഖവും അല്‍പം  മ്ലാനമാണെന്ന്  ഞാന്‍   കണ്ടു പിടിച്ചു. പൂജയുടെ  വെന്ത മുഖത്തു നിന്ന്  അവളുടെ മനോഭാവമെന്തെന്ന്  ആര്‍ക്കും  തിരിച്ചറിയുക  വയ്യല്ലോ. 

ഞാനും  പൂജയും  ഒന്നിച്ചാണ് ഉറങ്ങാന്‍  കിടന്നത്. 

ലൈറ്റണയ്ക്കും വരെ  പൂജ മൌനിയായിരുന്നു.  

നിന്‍റെ മനസ്സ് കത്തുന്നുണ്ടല്ലേ  എന്നവള്‍  ചോദിച്ചപ്പോള്‍  ഞാന്‍  കരഞ്ഞു പോയി.. അതില്‍ക്കൂടുതല്‍  ഒന്നും ഒതുക്കിവെയ്ക്കാന്‍  എനിക്ക് കഴിയുമായിരുന്നില്ല. 

അതൊരു പഴയ കുട്ടിക്കഥയായിരുന്നു. 

കാണാത്തതു  കണ്ടുവെന്നും കേള്‍ക്കാത്തത്  കേട്ടുവെന്നും അനുഭവിക്കാത്തത്  അനുഭവിച്ചുവെന്നും  പറയുന്നതിനാണ്   ഒരു  പതിനഞ്ചുകാരി കുട്ടിയ്ക്ക് എല്ലാവരും  ശിക്ഷ  നല്‍കുന്നത്.    എന്തിനാണ് കുട്ടി  കളവ് പറയുന്നതെന്ന് എല്ലാവരും  ചോദിക്കും. മെഡിക്കല്‍  കോളേജിലെ  ഹോസ്റ്റലില്‍  നിന്ന് വരുമ്പോഴൊക്കെയും ചേട്ടന്‍  കുട്ടിയെ  അടിച്ചു.. ചെവി  പിടിച്ചു തിരുമ്മി.. കൊല്ലുമെന്ന്  അലറി. അമ്മ കുട്ടിയ്ക്ക് ആഹാരം കൊടുത്തില്ല. ഇങ്ങനെയൊന്ന് എന്‍റെ ഈ   വയറ്റില്‍ പൊട്ടിയല്ലോ  എന്ന് തലയ്ക്കടിച്ചുകൊണ്ട്  സ്വയം ശപിച്ചു. അനിയത്തി  തരം  കിട്ടുമ്പോഴെല്ലാം  കള്ളി  എന്നു വിളിച്ചു. ടീച്ചറും കന്യാസ്ത്രീ പ്രിന്‍സിപ്പലും ഉപദേശിച്ചു. കുരിശു വരച്ചു മുട്ടു കുത്തിച്ചു.

എന്നിട്ടും കുട്ടി പിന്നെയും പിന്നെയും  കളവു പറഞ്ഞുകൊണ്ടിരുന്നു.  

രാത്രിയില്‍ പേടിച്ചു നിലവിളിച്ചു. കിടക്കയില്‍ മൂത്രമൊഴിച്ചു.

വെറുതേ പറയാണ്.. കുട്ടി എല്ലാം  വെറുതേ  പറയാണ്.. കുട്ടിക്ക്  എല്ലാം  വെറുതേ  തോന്നാണ്..  

അച്ഛന്‍ മാത്രം  അമ്മയോടും  ചേട്ടനോടും അനിയത്തിയോടും കുട്ടിയെപ്പറ്റി പതം  പറഞ്ഞ്  കരഞ്ഞു ... അച്ഛന്‍റെ കൂട്ടുകാരോട്  കരഞ്ഞു. സഹപ്രവര്‍ത്തകരോട് കരഞ്ഞു.

അച്ഛന് കുട്ടിയോട്   അത്രയ്ക്കിഷ്ടമായിരുന്നു. മറ്റാര്‍ക്കും  ഇല്ലാത്തത്രയും   ഇഷ്ടമായിരുന്നു. 

എല്ലാവര്‍ക്കും  സങ്കടം  തോന്നി.. സ്നേഹവാനായ ഒരച്ഛനെ  ഇങ്ങനെ വേദനിപ്പിക്കാന്‍ പറ്റുന്നുണ്ടല്ലോ ഈ കുട്ടിപ്പിശാചിനു... വീടു  നശിപ്പിക്കാനാകുന്നുണ്ടല്ലോ  ഈ അസുരവിത്തിനു... 

ഇതൊരു  രോഗമാണ്.. മനോരോഗം എന്നറിഞ്ഞ ദിവസം  അമ്മ മാറത്തടിച്ചു  നിലവിളിച്ചു. കുട്ടി  രാത്രിയില്‍ കിടക്ക നിറയെ  അപ്പിയിട്ട്   ആ അപ്പി  മേലു മുഴുവന്‍ വാരിത്തേച്ച ദിവസമായിരുന്നു  അത്. അച്ഛനായിരുന്നു  അത്  ആദ്യം  അറിഞ്ഞതും എല്ലാവരേയും വിളിച്ചു  കാണിച്ചതും.   ഹോസ്റ്റലിലായിരുന്ന  ചേട്ടന് ആ  ദുരിതം   നേരിട്ട് കാണേണ്ടി  വന്നില്ല.  അനിയത്തി  വലിയ  വായില്‍  ച്ഛര്‍ദ്ദിച്ചു. അവള്‍    കഴിച്ച അത്താഴം മുഴുവന്‍  കുട്ടിയുടെ  കിടപ്പു മുറിയില്‍  ദുര്‍ഗന്ധത്തോടെ  ചിതറിക്കിടന്നു. 

കുട്ടിയ്ക്ക് പാരനോയിയ  എന്ന മനോരോഗമായിരുന്നു. 

അല്‍പം  കഷണ്ടി ബാധിച്ച തലയും  കട്ടിക്കണ്ണടയുമുള്ള  സൈക്യാട്രിസ്റ്റ്  ഡോക്ടര്‍ അതിവേഗമാണ്  ആ രോഗം മനസ്സിലാക്കിയത്, മരുന്നു  കുറിച്ചത്. കുട്ടിയുടെ തോന്നലുകള്‍, സംശയങ്ങള്‍,  ചോദ്യങ്ങള്‍ എല്ലാം കാലക്രമത്തില്‍  അസ്തമിക്കുമെന്ന് അദ്ദേഹം  കുട്ടിയുടെ അച്ഛന്  ഉറപ്പു  കൊടുത്തു. ... 

മരുന്നുകള്‍  കഴിച്ച് .. മരുന്നുകള്‍  കഴിച്ച്... മരുന്നുകള്‍ കഴിച്ച്... 

പൂജ കണ്ണീരൊഴുക്കിക്കൊണ്ട്  എന്നെ  നെഞ്ചോടു  ചേര്‍ത്തപ്പോള്‍ മുമ്പൊരിക്കലും ആരോടും തോന്നാത്ത ഉല്‍ക്കടമായ വികാര വായ്പോടെ. അവളൂടെ  മൃദുലമായ ശരീരത്തില്‍ എന്നെ അമര്‍ത്തിവെച്ച് ഞാന്‍ മതിവരുവോളം  തേങ്ങിക്കരഞ്ഞു  .. 

മുഴുപ്പാര്‍ന്ന മഴത്തുള്ളികള്‍ ജന്നല്‍ച്ചില്ലുകളില്‍ ചിതറി വീണ് ഞങ്ങള്‍ക്കൊപ്പം  കണ്ണീരൊഴുക്കിക്കൊണ്ടിരുന്നു. സീമ ഒരു കഷണം കയറിലൂടെ യാത്ര  ചെയ്ത്   ഈ ലോകത്തില്‍  നിന്ന്  കടന്ന് പോവുകയാണെന്ന്   മഴത്തുള്ളികള്‍ക്ക്  അപ്പോള്‍ മനസ്സിലായിരുന്നുവോ ?  അതുകോണ്ടായിരിക്കുമോ അവരങ്ങനെ  തലതല്ലിക്കൊണ്ടിരുന്നത്... 

എനിക്കോ  പൂജയ്ക്കോ  അപ്പോള്‍  അത്  മനസ്സിലാക്കാനുള്ള  കഴിവുണ്ടായിരുന്നില്ല. ഞങ്ങളുടെ  ലോകം നന്നേ  ചെറുതായിത്തീര്‍ന്നിരുന്നു.   

( തുടരും )  

33 comments:

vettathan said...

ആര്‍ദ്രമായ രചന.ഇത് വായനക്കാരന്‍റെ മനസ്സിനെയാണ് അഡ്രസ്സ് ചെയ്യുന്നത്.തരളിതമാക്കുന്നത്.

Echmukutty said...

ആദ്യവായനയ്ക്കെത്തിയ വെട്ടത്താന്‍ ചേട്ടന് സ്വാഗതവും നന്ദിയും.. ഈ അഭിപ്രായത്തില്‍ തികഞ്ഞ സന്തോഷം...

Unknown said...

എനിക്കും വെട്ടത്താന്‍ സാറിന്റെ അഭിപ്രായം തന്നെ..
ആശംസകൾ..

പട്ടേപ്പാടം റാംജി said...

പുറംകാഴ്ചകളെല്ലാം വെറും ചായം തേക്കലുകള്‍ മാത്രം!
ഛക്ക തുണി പൊക്കിക്കാണിച്ചു...അയ്യേ..അസത്തുക്കള്‍..എന്ന് തികച്ചും ന്യായമെന്ന് സാധാരണ ചിന്തിക്കുന്ന ഒരു ചിന്തയെ ആണ് യഥാര്‍ത്ഥ ചിന്തയിലേക്ക് നയിച്ചിരിക്കുന്നത്. സ്വന്തം ആത്മാഭിമാനം നഷ്ടപ്പെടുത്തി എന്തുകൊണ്ട് അവര്‍ അത്തരത്തില്‍ പ്രതികരിക്കുന്നു എന്ന് ഛക്കകളുടെയും കുഷ്ഠരോഗികളുടെയും കഥകളിലൂടെ ഗഭീരമാക്കിയിരിക്കുന്നു. കുറഞ്ഞ തോതില്‍ മാത്രം മനസ്സിലാക്കുന്ന ഇത്തരം മാനസ്സിക അവസ്ഥകളെ വലിയ ഒരു സമൂഹത്തില്‍ നിസ്സഹായരായി കഴിയുന്ന അനേകരുടെ ജീവിതക്കാഴ്ച്ചകളിലെക്ക് അതിന്റെ ഉള്‍വെളിച്ചത്തിലേക്ക് നടന്നു തുടങ്ങുന്നതായാണ് ഈ അദ്ധ്യായത്തിന്റെ അവസാനത്തില്‍ എത്തിയപ്പോള്‍ തോന്നിയത്. അടുത്ത ആദ്ധ്യായത്തിനായുള്ള കാത്തിരിപ്പ് ഒരു സുഖമില്ല. എല്ലാരും പറഞ്ഞത് പോലെ ഇതൊന്നും ബ്ലോഗില്‍ ആയിരുന്നില്ല വരേണ്ടിയിരുന്നത്. കഴിഞ്ഞുപോയ അദ്ധ്യായങ്ങളെക്കാള്‍ ഇത്തവണ വളരെ കൂടുതല്‍ ശോഭിച്ചു. വളരെ വളരെ ഇഷ്ടായി.

കുസുമം ആര്‍ പുന്നപ്ര said...

ആദ്യവും അവസാനവും വായിച്ചു. ബാക്കി വായിക്കം.
മുഴുവനും വായിക്കും .എന്നിട്ട് അഭിപ്രായം എഴുതാം.

Pradeep Kumar said...

എഴുത്തിൽ പ്രതിഭയുടെ തിളക്കം .....

വീകെ said...

നിസ്സാഹായരായിപ്പോകുന്ന അവസ്ഥയിൽ ജയിക്കാനായി നമ്മളൊക്കെ ചെറുപ്പത്തിൽ ‘കൊതംകുത്തിക്കാണിക്കുക’എന്നൊരു പരിപാടി കാണിക്കുമായിരുന്നു. എതിരിടാൻ തക്ക ശക്തിയോ ശേഷിയോ ഇല്ലാത്തവർ സ്വയമൊരു സംതൃപ്തിക്കും എതിരാളിയെ ദ്വേഷ്യം പിടിപ്പിക്കാനുമൊക്കെയായിട്ടാണത് കാണിച്ച് സംതൃപ്തി അടയുന്നത്. ഗരുവിന്റെ തുണിപൊക്കിക്കാണിക്കൽ അതുപോലൊരു പ്രവൃത്തി തന്നെ.
പച്ചയായ ജീവിതച്ചിത്രങ്ങൾ..
ആശംസകൾ....

വീകെ said...
This comment has been removed by the author.
ajith said...

ഇതൊരു പുസ്തകമായിക്കാണാന്‍ ആഗ്രഹിക്കുന്നു.

Cv Thankappan said...

ജീവിതം ജീവിതമായി അനുഭവിച്ചു കഴിയുന്നവരുടെ ഹൃദയസ്പര്‍ശിയായ ആവിഷ്കരണം! ആശംസകള്‍

ente lokam said...

എച്ച്മു ..ഇന്ന് ഒറ്റയിരിപ്പിനു
മുഴുവൻ വായിച്ചു ആദ്യം മുതൽ .....

അര്ഥ നാരി എന്നാ സിനിമ കണ്ടപ്പോൾ
മുതൽ ഇവരോടുള്ള കാഴ്ചപ്പാടുകൾ
കുറെയൊക്കെ എന്റെ മനസ്സിൽ മാറി
തുടങ്ങിയിരുന്നു..

ഇവരെ അന്ഗീകരിക്കാനുള്ള കോടതി വിധി
യാണ് ഈയിടെ എന്നെ സന്തോഷിപ്പിച്ചതും
ഇന്ത്യൻ നിയമ വ്യവസ്ഥയോടുള്ള ബഹുമാനം
തോന്നിച്ചതുമായ ഒരു അനുഭവം..

മനസ്സിൽ തട്ടുന്ന ഈ എഴുത്തു ഏതെങ്കിലും
വായനക്കാരന്റെ മനസ്സും അഭിപ്രായവും
മാറാൻ ഇട വരുത്തട്ടെ എന്നു ആശിക്കുന്നു..

സേതുലക്ഷ്മി said...

വായിച്ചു,എച്മു. അടുത്ത ഭാഗത്തിനായി കാക്കുന്നു..അത്രമാത്രമേ പറയുന്നുള്ളൂ.

keraladasanunni said...

ഒറ്റയിരുപ്പിന്ന് മുഴുവനും വായിച്ചു. അത്രയ്ക്ക് നല്ല രചനയാണിതെന്ന് പ്റയാതെ വയ്യാ. അഭിനന്ദനങ്ങള്‍ 

Bipin said...

നല്ല കഥ

Sathees Makkoth said...

ഇഷ്ടപ്പെട്ടു

Joselet Joseph said...

ഒരു നോവലാക്കാം.
ഇടക്ക് ചില അദ്ധ്യായങ്ങള്‍ എനിക്ക് മിസ്സ്‌ ആയിട്ടുണ്ട്‌.
വൈകാതെ പുസ്തകം പ്രതീക്ഷിക്കാം അല്ലേ..?

Joselet Joseph said...
This comment has been removed by the author.
മുകിൽ said...

nannayi Echmukuti, ee udyamam. thudakam muthal ee avasaana bhagam vare otayadikku vaayichathu kondu ente vaayanakum abhiprayathinum kooduthalaayulla sathyasandhathayode parayaam, ezhuthu adhyaayam koodum thorum ozhukkum aazhavum koodi varunnu. jeevithangale adiyode puzhutheduthu kaanikkunna rachanayaanu ennum echmuvintethu.. athu thudarunnathi valare santhoshikkunnu.

ബൈജു മണിയങ്കാല said...

മനുഷ്യരിലെയ്ക്ക് ഇറങ്ങി ചെല്ലാൻ തുറന്നു പറഞ്ഞാൽ ഇപ്പോഴും ഒരു സമൂഹത്തിനെ പോലെ എനിക്കും കഴിഞ്ഞിട്ടില്ല കഴിയുന്നില്ല ഒരു പക്ഷെ കഴിയുകയും ഇല്ല എന്ന് പറയുന്നു അത് കൊണ്ട് തന്നെ പരന്ന വായനയിലൂടെ തലതല്ലി കരയുന്ന മുഴുത്ത മഴത്തുള്ളികളിലൂടെ ഒരു ചടങ്ങെന്ന പോലെ ദുഃഖം കെട്ടി നില്ക്കുന്ന ഏതോ വീട്ടിൽ നിന്നെന്ന പോലെ വായിച്ചിറങ്ങുന്നു

Vinodkumar Thallasseri said...

എനിക്കോ പൂജയ്ക്കോ അപ്പോള്‍ അത് മനസ്സിലാക്കാനുള്ള കഴിവുണ്ടായിരുന്നില്ല. ഞങ്ങളുടെ ലോകം നന്നേ ചെറുതായിത്തീര്‍ന്നിരുന്നു.

നമ്മുടെയൊക്കെ ലോകം എത്ര ചെറുതാണെന്ന്‌ കാണിക്കുന്നു, ഈ കഥകള്‍, അല്ല ജീവിതങ്ങള്‍.

ദീപ എന്ന ആതിര said...

വെറുതെ വായിച്ചു കടന്നു പോകാന്‍ കഴിയാത്ത തീവ്രത..ആശംസകള്‍

ramanika said...

അഭിനന്ദനങ്ങള്‍
വളരെ ഇഷ്ടായി.!

ശ്രീക്കുട്ടന്‍ said...

കഥ ഉഗ്രനായിട്ടുണ്ട്..

Vineeth M said...

ഒരു രക്ഷയുമില്ല, ഇങ്ങനെ തന്നെ തുടരട്ടെ ഈ എഴുത്ത്..
അസാധ്യം...

animeshxavier said...

പതിവ് പോലെ.. കൊള്ളാം.

വരികള്ക്കിടയിലെ സ്പെയ്സ് (വരികള്ക്കിടയിലെ വായന അല്ലാ ട്ടോ!) ഇത്തിരി കുറച്ചാൽ വായന അനായാസമാകും എന്ന് ഒരു അഭിപ്രായം. തെറ്റാനെങ്കി ക്ഷമിച്ച്ചെരെ!

ഗൗരിനാഥന്‍ said...

Atuththathinayi kathirikkunnu..vegamakatte

പ്രയാണ്‍ said...

Echmuse...

പ്രയാണ്‍ said...
This comment has been removed by the author.
ധനലക്ഷ്മി പി. വി. said...

എല്ലാം കൂടി ഇന്ന് വായിച്ചു .ഇതൊരു നോവല്‍ ആയി കാണാന്‍ നല്ല മോഹമുണ്ട് എച്മു

സ്നേഹത്തോടെ

ധനലക്ഷ്മി

വിനുവേട്ടന്‍ said...

ഹൊ... വല്ലാത്തൊരനുഭവം തന്നെ...

Muralee Mukundan , ബിലാത്തിപട്ടണം said...

അതി ഗംഭീരമ്മായ ഈയെഴുത്തിന്
അഭിനന്ദനങ്ങൾ കേട്ടൊ എച്മു
എട്ടും ഒമ്പതും ഇന്നാണ് വായിച്ചത്

കുഞ്ഞുറുമ്പ് said...

വായിച്ചു.. പറയാൻ വാക്കുകളില്ല...

സുധി അറയ്ക്കൽ said...

വായിച്ചു.....നല്ല സങ്കടം തോന്നുന്നു.