പത്താം ഭാഗം
പൂജ മുഴുവനായും തകര്‍ന്നുടഞ്ഞു പോയില്ലെങ്കിലും അവളില്‍ വലിയ അളവില്‍ വിഷാദം
കൂടുകെട്ടുന്നുണ്ടായിരുന്നു. സീമയ്ക്ക്
വേണ്ടിയും ഗരുവിനു വേണ്ടിയും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന സങ്കടത്തില്‍
അവള് പലപ്പോഴും വല്ലാതെ വേദനിച്ചു.
ആ വേദന കാണുമ്പോഴൊക്കെ അവള് ഒട്ടും വിരൂപിണിയല്ല, പകരം ശ്രീ തുളുമ്പുന്ന
ഒരു ദേവീ വിഗ്രഹമാണെന്ന് എനിക്ക് തോന്നി. എന്നാല്‍ അവളെ ദേവിയെന്ന്
ഞാന്‍ പോലും കരുതുന്നതില്‍
പൂജയ്ക്ക് വിയോജിപ്പുണ്ടായിരുന്നു. അതുകൊണ്ട്
അത്തരമൊരു തോന്നല്‍ എനിക്കുണ്ടെന്ന് ഞാന്‍
പൂജയോട് പറഞ്ഞതേയില്ല. എന്നേയോ എന്റെ
വികാരങ്ങളേയോ വെളിപ്പെടുത്താനാവശ്യമായ
ധൈര്യം ഒരിക്കലുമില്ലാത്ത ഒരു ഭീരുവായിരുന്നുവല്ലോ എപ്പോഴും ഞാന്‍.
ഇച്ചാക്കയും സന്ദീപ്
സാറും പൂജയോട് സ്നേഹത്തോടെ മാത്രമേ പെരുമാറിയിരുന്നുള്ളൂ. എതിര്‍പ്പുകാരനായ പ്രദീപ് ജെയിന് പോലും ഗരുവിന്റെ ആത്മാര്‍ഥത നിറഞ്ഞ
സ്നേഹത്തെപ്പറ്റി അറിഞ്ഞ് സ്തബ്ധനായിപ്പോയി. പൂര്‍ണതയുള്ള സ്ത്രീ
പുരുഷന്മാരുടേയും ഗരുവിനെപ്പോലെയുള്ളവരുടേയും മനോവിചാരങ്ങളെപ്പറ്റി മുന്‍വിധികളോടെ ആലോചിക്കരുതെന്ന് പ്രദീപിനും തോന്നിയിരിക്കണം. അതുകൊണ്ടായിരിക്കണം
ഗരുവിന്റെ ജീവിതം തികച്ചും സാര്‍ഥകമാണെന്ന് അശ്വിനി ശര്‍മ്മ പറഞ്ഞപ്പോള്‍ പതിവുപോലെ ‘
എന്തൊക്കെപ്പറഞ്ഞാലും കൊള്ളാം, ആഫ്റ്റര്‍ ആള് ഒരു കൊലപാതകിയുടെ ജീവിതം സാര്ഥകമാവുന്നതെങ്ങനെ’
എന്നും മറ്റും പറഞ്ഞ് പ്രദീപ്
എതിര്‍ക്കുകയോ ബഹളം കൂട്ടുകയോ
ചെയ്യാതിരുന്നത്. നിശ്ശബ്ദമായ ആലോചനകളോടെ മുഖം താഴ്ത്തിയിരുന്നത്.
തണുപ്പു കാലം അവസാനിക്കുകയായിരുന്നു. ഹോളി
അടുത്തെത്തിയിരുന്നു.
ഇന്റാക്കിന്റെ
ചരിത്രസഞ്ചാരങ്ങള്‍ വേനല്‍ക്കാലത്ത് പതിവില്ല. വെന്തുരുകുന്ന
വേനല്‍പ്പകലുകളില്‍ ദില്ലിയിലെ
ജീവിതം തികച്ചും അസഹ്യമാണ്. തുറന്ന
മൈതാനത്തു നിന്ന് മണ്ണിഷ്ടിക എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലി
ചെയ്തിരുന്ന എനിക്ക് ദില്ലിയുടെ വേനല്‍ക്കാലം കത്തുന്ന
ഓര്‍മ്മകള്‍ പകര്‍ന്നു തന്നിരുന്നു. രാജസ്ഥാന് മരുഭൂവില്‍ നിന്നുള്ള പൊടിയുമായി
വീശിയടിക്കുന്ന ലൂ എന്ന കാറ്റും കനല് വാരിയെറിയുമ്പോലെയുള്ള പൊള്ളുന്ന
വരണ്ട ചൂടും ഗ്ലാസിനു ഇത്ര രൂപയെന്ന കണക്കില്‍ വെള്ളം നല്കുന്ന എന്‍ ഡി
എം സി കൈ വണ്ടികളും ‘കാലേ
കാലേ ജാമൂനേ’ എന്ന് പരി
ക്കേറ്റ ഒരു കിളി കരയുമ്പോലെ വിളിച്ചു കൂവി, ഉപ്പു പുരട്ടിയ ഞാവല്‍പ്പഴങ്ങള്‍
വില്‍ക്കുന്ന പാവപ്പെട്ട കച്ചവടക്കാരുമെല്ലാം
എന്റെ ജോലിയുടെ വളരെ അടുത്ത
ഭാഗങ്ങളായിരുന്നു. അടുത്ത തണുപ്പ്
കാലത്ത് മാത്രമേ ഇനി ചരിത്ര സഞ്ചാരങ്ങളുള്ളൂ എന്ന
ഇന്റാക്കിന്റെ വിശദമായ അറിയിപ്പോടെയാണ്
പുരാണകിലയും അതിന്റെ പരിസരങ്ങളും
ആ ഞായറാഴ്ച ഞങ്ങള്‍ നടന്നു തീര്‍ത്തത്.
ആ നടത്തത്തിലുടനീളം പൂജ തികച്ചും
അസ്വസ്ഥയായിരുന്നു.
അതിനു കാരണം മറ്റാരുമല്ല, ഗ്രിഗറി
സ്മിത്തായിരുന്നു. ഡോക്ടര്‍ ഗ്രിഗറി സ്മിത്ത്.
ഇംഗ്ലീഷുകാരനായ ഒരു പ്ലാസ്റ്റിക് സര്‍ജനായിരുന്നു
ഡോ. ഗ്രിഗറി സ്മിത്ത്. കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം ഇന്ത്യയിലുണ്ട്. ഇന്റാക്കിന്റെ ചരിത്ര സഞ്ചാരങ്ങളില്‍ പങ്കെടുത്തതുകൊണ്ടാണ് പൂജയും ഡോക്ടറും തമ്മില്‍ പരിചയപ്പെട്ടത്. പൂജയുടെ
മുഖമാണോ അതോ അവളുടെ സംസാരവും
പെരുമാറ്റവുമാണോ ചെറുപ്പക്കാരനായ ആ
പ്ലാസ്റ്റിക് സര്‍ജനെ ആകര്‍ഷിച്ചതെന്ന്
അറിയില്ല. പുരുഷന്മാര്ക്ക് സ്ത്രീകളുടെ
രൂപസൌകുമാര്യമാണോ
പെരുമാറ്റമാണോ കൂടുതല്‍ ഇഷ്ടമാകുന്നതെന്ന് എനിക്ക് ഒരിക്കലും പൂര്‍ണമായി മനസ്സിലാക്കാന്‍
കഴിഞ്ഞിട്ടില്ല. സുന്ദരിയായ പെണ്ണിനെ സ്വഭാവത്തിന്റെ
പേരില്‍ അവഗണിക്കുന്നവരും സ്വഭാവഗുണമുള്ള പെണ്ണിനെ സൌന്ദര്യത്തിന്റെ
പേരില്‍ നിന്ദിക്കുന്നവരും സൌകര്യമനുസരിച്ച് സ്വഭാവഗുണത്തേയും സൌന്ദര്യത്തേയും തരാതരം പോലെ പരസ്പരം വെച്ചു മാറുന്നത് ഞാന്‍ ധാരാളം കണ്ടിട്ടും കേട്ടിട്ടുമുണ്ട് .
സാധാരണ സ്ത്രീകളെപ്പോലെ പൂജയ്ക്ക്
രൂപ സൌകുമാര്യമില്ല. സാധാരണ പുരുഷന്മാര് ഇഷ്ടപ്പെടുന്ന തരം വിനയവും വിധേയത്വവും നിറഞ്ഞ സ്വഭാവവും അവള്‍ക്കുണ്ടായിരുന്നില്ല.
അപ്പോള്‍ ഡോ. ഗ്രിഗറിയെ
ആകര്ഷിച്ചതെന്തായിരിക്കും?
പ്ലാസ്റ്റിക് സര്‍ജന്റെ ജോലിക്ക് വെല്ലുവിളിയാകാന്‍ കഴിയുന്ന ഒരു
മുഖമുണ്ടല്ലോ എനിക്കെന്ന് അവള് പറ്റുമ്പോഴെല്ലാം ചിരിച്ചുകൊണ്ടിരുന്നു.
ഗ്രിഗറി അതു കേള്‍ക്കുമ്പോഴെല്ലാം പുഞ്ചിരിക്കുക മാത്രം ചെയ്തു. തികച്ചും വശ്യമായിരുന്നു
സ്നേഹം തുളുമ്പുന്ന ആ
പുഞ്ചിരി. ആ നീലക്കണ്ണുകളില്‍ തെളിഞ്ഞിരുന്നത് പൂജയോടുള്ള പ്രണയം തന്നെയായിരുന്നു. എന്നെപ്പോലെ പതുങ്ങിയ
വ്യക്തിത്വമുള്ള ഒരാള്‍ക്ക് പോലും ആ പ്രണയം വാചാലമായി അനുഭവപ്പെടുമ്പോഴും
പൂജ ഒന്നും തിരിച്ചറിയാത്തതു പോലെ ഡോക്ടര്‍ ഗ്രിഗറിയില്‍
നിന്ന് വലിയ ഒരളവോളം അകലം സൂക്ഷിച്ചിരുന്നു.
അദ്ദേഹത്തിന്റെ കൊച്ചുകൊച്ചു തമാശകളും വെട്ടിത്തുറന്നുള്ള
സത്യസന്ധമായ നിരീക്ഷണങ്ങളും മാധുര്യമുള്ള ഇംഗ്ലീഷ്
ഗാനങ്ങളും ഇന്റാക്കിലെ നടത്തക്കൂട്ടില് എല്ലാവര്ക്കും ഇഷ്ടമായിരുന്നു.
ഇനിയെന്നാണ് തമ്മില്‍ കാണുകയെന്ന് ഗ്രിഗറി ചോദിച്ചപ്പോള്‍ പൂജ അല്പം
പതറുന്നതു ഞാന്‍ കണ്ടു. പിന്നിടെപ്പോഴെങ്കിലും എന്നോ മറ്റോ ധിറുതിയില്‍
പറഞ്ഞ് അവള് അദ്ദേഹത്തെ ഒഴിവാക്കുവാന്‍ തുനിയുന്നത് ഞാനൊരു തമാശയായി ആസ്വദിച്ചു.
പിറ്റേന്നും അതിന്റെ
പിറ്റേന്നും എല്ലാം ഗ്രിഗറി ഞങ്ങളുടെ ഓഫീസിലേക്ക് വന്നു. എന്നാല്‍ അധിക
സമയമൊന്നും ചെലവാക്കിയില്ല. അഞ്ചു മിനിറ്റിലധികം
നീളുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ
സന്ദര്‍ശനം. ഞാനിവിടെ തന്നെയുണ്ട് എന്ന് ഓര്മ്മിപ്പിക്കാനെന്നോണമായിരുന്നു
ഗ്രിഗറിയുടെ വരവും നീലക്കണ്ണുകളിലെ മനോഹരമായ പുഞ്ചിരിയും.
പൂജയില്‍ വല്ലാത്തൊരു പാരവശ്യം
ദൃശ്യമായിക്കൊണ്ടിരുന്നു. അവള്‍ക്ക് ഡോ. ഗ്രിഗറിയെ ഒഴിവാക്കാന്‍
കഴിയുന്നുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രണയം തുളുമ്പുന്ന ആരാധന അവളെ
അഗാധമായി സ്പര്‍ശിക്കുകയും ഉല്‍ക്കടമായി ആനന്ദിപ്പിക്കുകയും ചെയ്തിരുന്നു. അതു നഷ്ടപ്പെടുത്തുന്നതില്‍
വിമുഖയായിരുന്നെങ്കിലും അതിനെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ അവള്‍ക്ക് സാധിക്കുന്നുണ്ടായിരുന്നില്ല.
അപ്രതീക്ഷിതമായി ഒരു ദിവസം
മുന്നി പൂജയെ കാണാന്‍ ഓഫീസിലെത്തി. കുറച്ചു
സമയം സംസാരിച്ചിരുന്ന് ചായയും കുടിച്ച്
മുന്നി പോയപ്പോഴാണ് പൂജ കാര്യങ്ങള്‍
എന്നോട് വിശദമാക്കിയത്.
മുന്നിയും മോനയും
സ്വപ്നയും വെവ്വേറെ ഗരുക്കളെയാണത്രെ
പിന്നീട് സ്വീകരിച്ചത്. കൂട്ടത്തില്‍ ഏറ്റവും ചെറുപ്പമായിരുന്ന മുന്നി പുതിയ ഗരുവിനൊപ്പം
ബോംബെക്ക് പോകാന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. ബോംബെയില്‍ കൂടുതല്‍ മെച്ചപ്പെട്ട
ജീവിതസാഹചര്യങ്ങള്‍ ഉണ്ടാകുമെന്ന് ആ
ഗരു മുന്നിയ്ക്ക് വാഗ്ദാനവും നല്‍കിയിട്ടുണ്ട്.
മുന്നി വന്നതിനടുത്ത ദിവസത്തില്‍
അവര്‍ക്കെല്ലാമായി ഒരു യാത്രയയപ്പെന്ന മട്ടില്‍ പൂജയോടൊപ്പം
മുന്നിയും മോനയും സ്വപ്നയും ഞാനും
ഖേല്‍ ഗാവ് മാര്‍ഗിലുള്ള ഒരു ചൈനീസ്
ഹോട്ടലില്‍ രാത്രി ഭക്ഷണത്തിനു പോയി.
ആവശ്യത്തിലുമധികം അല്ഭുതഭാവമായിരുന്നു
മുഖത്തെങ്കിലും ചൈനക്കാരായ ഹോട്ടല്‍
ജീവനക്കാര്‍ മര്യാദയില്ലാത്ത പെരുമാറ്റമൊന്നും എന്തുകൊണ്ടോ ,
ഒട്ടും കാണിക്കുകയുണ്ടായില്ല.
ഫെങ്ഷൂയി അലങ്കാരങ്ങളും
വര്‍ണശബളമായ ഡ്രാഗണുമെല്ലാം
ഹോട്ടലിന്റെ അകത്തളത്തെ
മനോഹരമാക്കിയിരുന്നു. ചെറിയൊരു മീന്‍ കുളവും കളകളാരവത്തോടെ അതിലേക്കെത്തുന്ന നീര്‍ച്ചാലും ദീപാലങ്കാരങ്ങളും എല്ലാമായി ആ അന്തരീക്ഷത്തിനു നല്ല സൌന്ദര്യം തോന്നിച്ചു.
പണച്ചെലവ് ഉദ്ദേശിച്ചതിലും അധികമായേക്കുമോ എന്ന ആശങ്ക എന്നെ അല്പം പരിഭ്രമിപ്പിക്കാതിരുന്നില്ല. പൂജയുണ്ടല്ലോ എന്നു തന്നെയായിരുന്നു അപ്പോഴും എന്റെ സമാധാനം.
അല്പ സമയം മൌനമായിരുന്നിട്ട് മുന്നി കുറെയേറെ കരഞ്ഞു. നിറുത്താതെ ഏങ്ങലടിച്ചു കരഞ്ഞു. സ്വപ്നയും മോനയും ആദ്യമൊക്കെ ഗൌരവത്തിലിരുന്നുവെങ്കിലും കുറച്ചു
കഴിഞ്ഞപ്പോള്‍ അവരും കരയാന്‍ തുടങ്ങി.
ജയിലില്‍ കിടക്കുന്ന ഗരുവിനെപ്പറ്റി, ഗരുവിന്റെ നന്മകളേയും സ്നേഹത്തെപ്പറ്റിയും പറഞ്ഞാണ് അവര്‍ കണ്ണീരൊഴുക്കിയത്. എത്ര
പറഞ്ഞിട്ടും മതിയാവാത്തതു പോലെ അവരവരുടെ സ്വന്തം മാതാവു നഷ്ടപ്പെട്ട അനാഥക്കുഞ്ഞുങ്ങളെന്ന
പോലെ അവര്‍ മൂന്നുപേരും തോരാതെ കരഞ്ഞു.
വിളമ്പി വെയ്ക്കപ്പെട്ട ആഹാരം
തണുത്തു ..
രാത്രി വളരുകയും ചൈനീസ് ഹോട്ടലുകാര്‍ തണുത്ത ആഹാരം മാറ്റി വേറെ എന്തെങ്കിലും കൊണ്ടുവരട്ടെ എന്ന് ചോദിക്കുകയും ചെയ്തപ്പോള്‍
രുചിയില്ലാത്തവര്‍ നുള്ളിത്തിന്നുന്ന മട്ടില്‍
വിരലുകളുടെ ഒന്നാം മടക്കിനുമേലേ ആഹാരത്തരികളോ മെഴുക്കോ പുരളാതെ ..പലവട്ടം
കണ്ണു തുടച്ചും ഇടയ്ക്കിടെ മൂക്കു വലിച്ചും ... അവര്‍ മൂന്നുപേരും ഭക്ഷണം കഴിച്ചു.
ഞങ്ങളും എന്തെല്ലാമോ
കഴിച്ചുവെന്ന് വരുത്തി. അടുത്ത ബന്ധുക്കള്‍
അകലങ്ങളിലേക്ക് പോകുമ്പോള്‍ തോന്നുന്ന
പാരവശ്യം പോലെ എന്തോ ഒന്ന് മനസ്സിനെ കട്ടിപ്പുതപ്പായി മൂടുകയായിരുന്നു.
മനുഷ്യര്‍ തമ്മില്‍ അടുക്കാനും സ്നേഹിക്കാനും ലിംഗപ്പൊരുത്തവും
യോനിപ്പൊരുത്തവും വേണമെന്ന് പറയുന്നത്
തികഞ്ഞ കള്ളത്തരമാണെന്ന് എനിക്ക് ആ നിമിഷം
ബോധ്യമായി. മുന്നിയേയും സ്വപ്നയേയും മോനയേയും ആലിംഗനം ചെയ്യാനും
കവിളില്‍ ചുംബിച്ച് യാത്ര പറയാനും എനിക്ക് യാതൊരു പ്രയാസവുമുണ്ടായില്ല. അവര്‍
ആണാണോ പെണ്ണാണോ എന്ന വിചാരം എന്നെ അലട്ടിയതേയില്ല.
ഹോട്ടലിനു പുറത്തിറങ്ങിയപ്പോള്‍, വലിയ ബഹളത്തോടെ കുറെ പോലീസു വാഹനങ്ങളും സൈറണ്‍ മുഴക്കുന്ന ആംബുലന്‍സും
പാഞ്ഞു പോകുന്നതു കണ്ടു . ആംബുലന്‍സില്‍
നിന്ന് ആരോ ഉച്ചത്തില്‍ കരയുന്നുണ്ടായിരുന്നു
. എന്റെ അടിവയറും തുടകളും വിറപൂണ്ടു. പരിചിതമായൊരു ദുരന്തത്തിന്റെ
കാലൊച്ച കേള്‍ക്കുന്നതു പോലെ ഹൃദയം തുടികൊട്ടി.
ഓട്ടോക്കാരനാണ് വിവരങ്ങള്‍
പറഞ്ഞത്.
ഓഡിറ്റോറിയത്തില്‍ സിനിമ കാണാന്‍ വന്ന സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെട്ടതാണ്. ബോധരഹിതയായി
കാറിനുള്ളില്‍ കിടക്കുകയായിരുന്നുവത്രെ ആ
സ്ത്രീ.
‘ഒന്നും തെളിയില്ല, കുറ്റം ചെയ്തവന് എന്തായാലും രക്ഷപ്പെടും. അതു ഉറപ്പാണ്.’ ഓട്ടോക്കാരന് കാര്‍ക്കിച്ചു തുപ്പിക്കൊണ്ട് അമര്‍ഷം പ്രകടിപ്പിച്ചു. ഏതൊരു വന്‍നഗരവും ഏതൊരു
കൊച്ചുഗ്രാമവും മിടുക്കും സ്വാധീനവുമുള്ള കുറ്റവാളികള്‍ക്ക് ഒളിക്കാന്‍
പറ്റിയ സ്ഥലങ്ങളാണെന്ന് അയാള്‍
മുരണ്ടു. ആവശ്യത്തിലുമധികം ഹോണടിച്ച് തന്റെ
ദേഷ്യം തീര്‍ക്കുകയായിരുന്നു ഓട്ടോ ഡ്രൈവര്‍.
ഞാനും പൂജയും ഒന്നും
പറഞ്ഞില്ല.
എനിക്ക് രാത്രി ഉറക്കമേ വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നും ഒന്നു
രണ്ട് പ്രാവശ്യം കാപ്പിയുണ്ടാക്കിക്കുടിച്ചും ബ്രഡ് മൊരിയിച്ചു തിന്നും ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നും
ഞാന്‍ നേരം വെളുപ്പിച്ചു.
എത്ര ഓര്‍ക്കരുതെന്ന് കരുതിയാലും ബലാല്‍സംഗമെന്ന് കേള്‍ക്കുമ്പോള്‍
ഞാന്‍ തകര്‍ന്നു പോകുന്നു. ഈ ലോകത്തിനോട്
ക്ഷമിക്കാന്‍ കഴിയാതാകുന്നു. ഈ പ്രപഞ്ചത്തിനു നേരെ അഗ്നിയായി ആളിപ്പടരാനും സമുദ്രമായി
ഇരമ്പിക്കയറാനും ഒന്നും ബാക്കിയില്ലാതെ എല്ലാറ്റിനേയും അവസാനിപ്പിക്കാനും ഞാന്‍ ആഗ്രഹിച്ചു
പോകുന്നു.
രാവിലെ എഴുന്നേല്ക്കുമ്പോള് എന്റെ കണ് പോളകള്‍ തടിച്ചു വീര്‍ത്തിരുന്നു.
രാവു മുഴുവന്‍ കാര്‍ന്നു തിന്ന ഹൃദയ വേദനകള്‍
എന്നെ ഒരു വിരൂപിണിയാക്കി മാറ്റിയിരുന്നു . പക്ഷെ, എന്തുകൊണ്ടോ എന്നത്തേയും പോലെ എല്ലാം ഒതുക്കിപ്പിടിച്ച് സംയമനം പാലിക്കാന്‍ അന്ന് എനിക്ക് കഴിഞ്ഞില്ല.
സാധാരണ സമയത്തിനും മുന്‍പേ ഓഫീസിലെത്തിയപ്പോഴായിരുന്നു പ്രദീപ് ചോദിച്ചത്.
‘ശാന്തി, ഇന്നലെ
രാത്രി ഖേല്‍ഗാവ് മാര്‍ഗില്‍ പോയിരുന്നു അല്ലേ... ഞാനറിഞ്ഞു. ച്ഛക്കകള്ക്കൊപ്പമുള്ള ഈ രാത്രിസഞ്ചാരം വലിയ അപകടമുണ്ടാക്കിത്തീര്‍ക്കും..
പറഞ്ഞില്ലെന്ന് വേണ്ട.’
സംഭാഷണം ഒഴിവാക്കാമെന്നു
കരുതി ഞാന്‍ മൌനം പാലിച്ചതേയുള്ളൂ. തന്നെയുമല്ല, എന്റെ ശ്രദ്ധ മാറ്റാനായി ഫ്ലവര്‍
വേസുകളിലെ വാടിയ പൂവുകള്‍ എടുത്തു മാറ്റുന്ന , പത്രക്കടലാസ്സുകള്‍ അടുക്കിവെയ്ക്കുന്ന
ജോലികളിലേര്‍പ്പെടുകയും ചെയ്തു.
പ്രദീപ് പിന്നെയും രോഷത്തോടെയും ഒരുതരം മൂര്‍ച്ചയുള്ള വൈരാഗ്യത്തോടെയും
സംസാരിച്ചുകൊണ്ടേയിരുന്നു. പൂജയുടെ അസാന്നിധ്യമായിരിക്കണം പ്രദീപിന് കൂടുതല്‍
ധൈര്യം നല്‍കിയത്.
‘ശാന്തി, എനിക്ക് മനസ്സിലാവാഞ്ഞിട്ട് ചോദിക്കുകയാണ്.. നിങ്ങള്‍ സ്ത്രീകള്‍ക്ക്
ഈ ബലാല്‍സംഗമെന്ന് കേട്ട് ഭയമാകുന്നില്ലേ.. ഇങ്ങനെ അസമയത്ത്
ഒരു മാതിരി ഉടുപ്പുമിട്ട് പുറത്തിറങ്ങി അപകടം വിളിച്ചു വരുത്തുന്നതെന്തിനാണ്..
കണ്ടില്ലേ ആ സ്ത്രീ ഒരു ഫ്രോക്കാണിട്ടിരുന്നത്.. മര്യാദയ്ക്ക് ഡ്രസ്സു
ചെയ്തിരുന്നെങ്കില്‍ ... ‘
എന്റെ പുരികങ്ങള്‍ വളഞ്ഞൊടിയുന്നുണ്ടെന്ന് എനിക്ക് തോന്നി.
‘ഇരുട്ടാവും മുന്‍പേ സ്ത്രീകള്‍ വീട്ടിലെത്തണം.
പിന്നെ പുരുഷന്മാരെ പ്രകോപിപ്പിക്കുന്ന വിധം പെരുമാറുകയുമരുത്.. വീട്ടിലായാലും പുറത്തായാലും.
സൂക്ഷിച്ചു ജീവിക്കാഞ്ഞിട്ടാണ് നാട്ടുകാരു
ബലാല്‍സംഗം ചെയ്തു അച്ഛന് ബലാല്‍സംഗം ചെയ്തു എന്നൊക്കെയുള്ള സ്റ്റുപ്പിഡ് കഥകളും
പറഞ്ഞ് സ്വയം ഒരു വലിയ തമാശയായി ഊരു
ചുറ്റി നടക്കേണ്ടി വരുന്നത്. ‘
അപ്പോള്‍ എന്തു സംഭവിച്ചു എന്ന് എനിക്ക് സ്വയം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഞാന്‍
അലറുകയും പ്രദീപിന്റെ മുടി പിടിച്ചുലയ്ക്കുകയും ചെയ്തുവെന്ന് പിന്നീട് അശ്വിനിശര്‍മ്മ
പറഞ്ഞു തന്നപ്പോഴാണ് ഞാനറിഞ്ഞത്. നിയന്ത്രണത്തില്‍ ഒതുങ്ങാത്ത സങ്കടവും ദേഷ്യവും
അമര്‍ഷവും പ്രകടിപ്പിക്കുന്നവരെ
ഭ്രാന്തുള്ളവരെന്ന് മുദ്ര കുത്തുകയാണല്ലോ സമൂഹത്തിന്റെ ഒരു രീതി. എന്തുകൊണ്ട് അവരങ്ങനെ ആയി എന്ന് ആലോചിക്കുന്നതും അതിനെന്തെങ്കിലും
പരിഹാരമുണ്ടോ എന്ന് അന്വേഷിക്കുന്നതും അത്തരം ആളുകളെ അഗാധമായി സ്നേഹിക്കുന്നവരുടെ
മാത്രം തലവേദനയാണ്. എന്റെ കാര്യത്തില്‍ മുദ്രകള്‍
ചാര്‍ത്തിക്കിട്ടിയതല്ലാതെ അഗാധമായി സ്നേഹിക്കുന്നവരാരുമില്ലാതിരുന്നതുകൊണ്ട്
പരിഹാരം തേടലൊന്നുമുണ്ടായിരുന്നില്ല... ഒരിക്കലും.
ഞാന്‍ ഉച്ചത്തില്‍ അലറുകയും പ്രദീപിന്റെ മുടിയുലയ്ക്കുകയും മാത്രമല്ല ചെയ്തത്. ബലാല്സംഗമെന്നാല് എന്താണെന്ന്, അതെങ്ങനെ എന്നെ കുത്തിക്കീറിയെന്ന് ഒരു മിന്നല്‍പ്പിണരായി പിളര്‍ന്നു
മാറ്റിയെന്ന് ഞാന്‍ വിളിച്ചു പറഞ്ഞു. രാത്രിയും പകലും പോലും ഉറങ്ങാനാവാത്ത ഒരു വീടെങ്ങനെയിരിക്കുമെന്ന് വിശദീകരിച്ചു. ജന്മവാല്സല്യങ്ങള്ക്കും
ചിലപ്പോഴെങ്കിലും ഒരു അച്ഛന് പൂട്ടായ
പുരുഷനായി മാത്രം അധപ്പതിക്കാനാവുമെന്നും, പെറ്റമ്മ കൂടിയും തിരിച്ചറിയാന്‍ മടിക്കുന്ന, അച്ഛന്
പൂട്ടിനെ തുറക്കാനാവാത്ത അമ്മത്താക്കോലാവുന്ന മഹാദുരന്തമെന്താണെന്നും പൊട്ടിക്കരഞ്ഞു.
പതിനഞ്ചു വയസ്സില്‍ ഗര്‍ഭിണിയാവുന്നതും
പാരനോയിയയുടെ മരുന്നു കഴിക്കുന്നതും
എങ്ങനെയാണെന്ന് ഞാന്‍ കാട്ടിക്കൊടുത്തു. കാണാത്തതു കണ്ടുവെന്നും കേള്‍ക്കാത്തത് കേട്ടുവെന്നും അനുഭവിക്കാത്തത് അനുഭവിച്ചുവെന്നും നുണ പറയുന്നവളാണെന്ന് കേട്ട്
കേട്ട് നാവ് നിശ്ചലമാകുന്നതെങ്ങനെയാണെന്നും പൊട്ടിക്കരച്ചിലുകള്‍
ഒതുക്കപ്പെടുന്നതെങ്ങനെയാണെന്നും ഒരിക്കലും ഭേദിക്കാനാവാത്ത വഞ്ചനകളുടെ ഉരുക്കുകോട്ടകളില്‍
തലതല്ലി ചോര ചിതറിക്കുന്നതെങ്ങനെയാണെന്നും തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഞാന്‍ വിളിച്ചു
പറഞ്ഞു.
ഞാന്‍ തികച്ചും ഒരു ഭ്രാന്തിയായി
മാറുകയായിരുന്നു.. സ്വയം തിരിച്ചെടുക്കാനാവാത്ത വിധം ഞാന്‍ ചിതറിപ്പോവുകയായിരുന്നു.
നിയന്ത്രിക്കാനാവാത്ത ശോകഭാരത്തില്‍ മങ്ങിപ്പോയ ഓര്‍മ്മപ്പൂക്കള്‍ പിന്നീട്
വിടര്‍ന്നപ്പോള്‍ ഞാന്‍ അശ്വിനിശര്‍മ്മയുടെ നെഞ്ചില്‍ മുഖം ചേര്‍ത്ത് കിതയ്ക്കുകയാണ്. എന്റെ വായിലെ
കൊഴുത്ത തുപ്പലില്‍ അദ്ദേഹത്തിന്റെ
വിലയേറിയ ഷര്‍ട്ട് കുതിര്‍ന്നിരുന്നു. കാലുകള്‍ക്കിടയിലൂടെ
രക്തക്കണ്ണീരൊഴുക്കി എന്റെ ശരീരം ആര്‍ത്തു
നിലവിളിച്ചിരുന്നു.
ഇച്ചാക്കയുടെ ഓഫീസ് മരണ വീടു പോലെ നിശ്ചലമായിരുന്നു. ഒരു കുഞ്ഞിളം കാറ്റില്‍ ആരോടും അനുവാദം ചോദിക്കാതെ കിലുങ്ങിച്ചിരിക്കുന്ന, ശരറാന്തലിലെ സ്ഫടികത്താലികളും ഡ്രോയിംഗുകള്ക്കായി കീറിയടുക്കപ്പെട്ട തീരെ കനം
കുറഞ്ഞ ട്രേസ് പേപ്പറുകളും പോലും നിശ്ശബ്ദമായിരുന്നു.
അശ്വിനിശര്‍മ്മയുടെ നെഞ്ചിനു
ഒരു നറുമണമുണ്ടായിരുന്നു. ഈ പ്രപഞ്ചത്തില്‍
എനിക്കായി നീക്കിവെയ്ക്കപ്പെട്ട എല്ലാ ദുര്‍ഗന്ധങ്ങള്‍ക്കും എല്ലാ തിന്മകള്ക്കും
എല്ലാ
ദുരന്തങ്ങള്‍ക്കും ഇടയില്‍ എന്നെ സുരക്ഷിതമായി ജീവിപ്പിച്ച
ആണ്മയുടെ വശ്യമായ നറുമണം .
( തുടരും )
29 comments:
2014 ഓഗസ്റ്റ് 21 നാണ് ഈ കഥയുടെ ഒന്‍പതാം ഭാഗം പോസ്റ്റു ചെയ്തത്. അതിനുശേഷം ഒരുപാട് വൈകി ഈ പത്താം ഭാഗത്തിനു.. എന്റെ പരിമിതികളില്‍ കൂട്ടുകാര്‍ ക്ഷമിക്കുകയും നേരത്തെ ഈ കഥയ്ക്ക് തന്ന പ്രോല്‍സാഹനം ഇനിയും തരികയും വേണമെന്ന് അപേക്ഷിക്കട്ടെ..
ഞങ്ങൾ കാത്തിരിക്കുകയായിരുന്നു എച്ചുമു ...ഇനിയും കാത്തിരിക്കും ..നിന്റെ എഴുത്തിനു വേണ്ടി ...സ്നേഹം പ്രീയ പശുക്കുട്ടി
സ്നേഹാശംസകള്‍...
Hats off..!, time does't matter, you only can do it...! Thank You.
മാസങ്ങള്‍ക്കുശേഷം അനുവാചകന് മറ്റൊരു നടുക്കം.......
എഴുത്തിലും കദനത്തിന്റെ നൊമ്പരപ്പൂക്കള്‍......
ആശംസകള്‍
എച്മുക്കുട്ടി,
തുടറ്ന്നു എഴുതിയതില്‍ സന്തോഷം, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
എച്മു, എന്തൊക്കെയോ തോന്നുന്നു;;;
സ്വയം തിരിച്ചെടുക്കാനാവാത്ത വിധം ഞാന്‍ ചിതറിപ്പോവുകയായിരുന്നു.
നിയന്ത്രിക്കാനാവാത്ത ശോകഭാരത്തില്‍ മങ്ങിപ്പോയ ഓര്‍മ്മപ്പൂക്കള്‍ പിന്നീട് വിടര്‍ന്നപ്പോള്‍ ഞാന്‍ അശ്വിനിശര്‍മ്മയുടെ നെഞ്ചില്‍ മുഖം ചേര്‍ത്ത് കിതയ്ക്കുകയാണ്. എന്റെ വായിലെ കൊഴുത്ത തുപ്പലില്‍ അദ്ദേഹത്തിന്റെ വിലയേറിയ ഷര്‍ട്ട് കുതിര്‍ന്നിരുന്നു. കാലുകള്‍ക്കിടയിലൂടെ രക്തക്കണ്ണീരൊഴുക്കി എന്റെ ശരീരം ആര്‍ത്തു നിലവിളിച്ചിരുന്നു..ഇതിലെ ആർത്തു എന്നാ വാക്ക് പോലും എത്ര നിഷ്കളങ്കമായി ശരീരത്തിന്റെ സ്വയം കാമനകളെ വരച്ചിടുന്നു സുന്ദരം
നാടാറ് മാസം കാടാറ് മാസം
എന്ന് കേട്ടിട്ടുണ്ട്.. ദാ ഇപ്പൊ കണ്ടൂ..!
ആണ്മയുടെ തിന്മകളുടെ
പരിണിതഫലങ്ങളിൽ ഇറങ്ങി
ചെന്ന് ,അവസാനം ആണ്മയുടെ
നന്മയുടെ ഒരു നറു വട്ടം കാട്ടി തന്ന ,
ഈ ആലേഖനത്തിലെ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വാചകം
“മനുഷ്യര്‍ തമ്മില്‍ അടുക്കാനും സ്നേഹിക്കാനും ലിംഗപ്പൊരുത്തവും യോനിപ്പൊരുത്തവും വേണമെന്ന് പറയുന്നത് തികഞ്ഞ കള്ളത്തരമാണെന്ന് എനിക്ക് ആ നിമിഷം ബോധ്യമായി. മുന്നിയേയും സ്വപ്നയേയും മോനയേയും ആലിംഗനം ചെയ്യാനും കവിളില്‍ ചുംബിച്ച് യാത്ര പറയാനും എനിക്ക് യാതൊരു പ്രയാസവുമുണ്ടായില്ല. അവര്‍ ആണാണോ പെണ്ണാണോ എന്ന വിചാരം എന്നെ അലട്ടിയതേയില്ല...” ഇതാണ് കേട്ടൊ
മറ്റ് ഒമ്പത് ഭാഗവും തകർത്തെറിഞ്ഞ പത്താം ഭാഗം വായന ഒരു ഷോക്കാണു നൽകിയത്. വേറെ ഒന്നും പറയാനില്ല.
എച്മു എവിടെപ്പോയെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഇതാ തിരിച്ചെത്തിയിരിക്കുന്നു.
ആശംസകൾ...
എന്തു പറ്റി എന്നു കരുതിയിരിക്കുകയായിരുന്നു.എഴുത്ത് ,ഇടയ്ക്കൊന്നു നിര്‍ത്തി മറ്റ് ജോലികള്‍ക്ക് പോയാല്‍ പിന്നീട് തുടരുക വിഷമമാണ്.എച്മുവിന് അഭിമാനപൂര്‍വ്വം ഉറച്ചു നില്ക്കാന് കഴിയുന്ന ഇടമാണ്,എഴുത്തിന്റെ ലോകം.തുടരുക.ആശംസകള്‍
കാത്തിരിക്ക്യായിരുന്നു എച്ച്മു...
കഥ വായിക്കുകയും എന്നെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന എന്റെ കൂട്ടുകാരോടെല്ലാം പ്രത്യേകം നന്ദി പറയട്ടെ. ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാന്‍ കഴിയാത്ത യാത്രകളും മറ്റനേകം ജീവിതപ്രശ്നങ്ങളുമാണ് ഇത്ര വലിയ ഇടവേള ഉണ്ടാക്കിയത്.
കൂടുതല്‍ ഉത്തരവാദിത്തത്തോടെ എഴുതുവാനും വായിക്കാനും തീര്‍ച്ചയായും പരിശ്രമിക്കും..എല്ലാവരോടും സ്നേഹം മാത്രം..
ആശംസകള്‍ !
എച്ച്മുവിന്റെ രചനകളില്‍, കഥയേക്കാള്‍, കഥാപാത്രങ്ങളെക്കാള്‍, പ്ലോട്ടുകളേക്കാള്‍, ഞാനിഷ്ടപ്പെടുന്നത്., ലളിതമായ ഭാഷയില്‍ കുത്തികുറിക്കുന്ന തീക്ഷ്ണമായ ചിന്തകളാണ്. ഇത്തവണയും പ്രതീക്ഷ തെറ്റിയില്ല.
ഇത്ര യാതനകള്‍ വായനയില്‍ നേരിടാന്‍ എനിക്കു കരുത്തില്ല .തീക്ഷ്ണമായ വാക്കുകളുടെ പ്രകാശത്തില്‍ കണ്ണു മഞ്ഞളിച്ചതിനാല്‍ ഞാന്‍ ഇറങ്ങിപ്പോകുന്നു .
ബ്ലോഗിൽ തിരിച്ചെത്തി അല്ലേ? സന്തോഷം...
അശനിപാതം ചൊരിഞ്ഞുകൊണ്ട് മുന്നേറുന്ന തുടർക്കഥ... അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു...
സാരല്യ എച്മു ഞങ്ങള്‍ സന്തോഷത്തോടെയാ കാത്തിരിക്കുന്നത് .
ഞാന്‍ ആഴത്തില്‍ മരവിച്ചില്ലാതായിരിക്കുന്നു.....
വാക്കുകളുടെ ഭാരത്തില്‍ മനസ്സ് മുങ്ങിതാണിരിക്കുന്നു.........
അഭിനന്ദനങ്ങള്‍
തുടർച്ചക്കുവേണ്ടി ഒമ്പതാം ലക്കം ഒരിക്കൽക്കൂടി വായിച്ചു. സുസ്മേഷ് ചന്ദ്രോത്തിനെപ്പോലുള്ള പ്രശസ്തരായ എഴുത്തുകാരാൽ പ്രകീർത്തിക്കപ്പെട്ട ഈ അനുഭവലോകത്തേയും, ഭാഷയേയും കുറിച്ച് ഞാൻ എന്തു പറയാനാണ്.... സൈബർ എഴുത്തിൽ തുടരുന്ന എന്നേപ്പോലുള്ളവരുടെ അഭിമാനമാണ് എച്ചുമു......
എച്ച്മുവിന്റെ ഓരോ കഥകളും
വായിക്കുമ്പോൾ ബെന്യാമിന്റെ ആടു
ജീവിതത്തിലെ വരികൾ ആണ് ഓർമ
വരുക.നാം നേരിട്ടു കാണാത്തവയും
അനുഭവിക്കാത്തവയും എല്ലാം നമുക്കു
വെറും കേട്ടു കേഴ്വിയും കഥകളും
മാത്രമാണ്. സത്യം..
നേരിട്ടു അറിഞ്ഞ അനുഭവ സാക്ഷ്യങ്ങൾ
പോലെ ഓരോ കഥയിലൂടെയും വായനക്കാരുടെ
മനസ്സിൽ കനലുകൾ വാരിഎറിയുന്ന
ഈ എഴുത്തിനു അഭിനന്ദനങ്ങൾ.
തീക്ഷണമായ വരികൾ മുഷ്ടി ചുരുട്ടിപ്പിടിച്ചാണ് വായിച്ചു തീർത്തത് ....
പല തവണ എച്ച്മുവിന്റെ ബ്ലോഗ് പരിശോധിച്ചു, പോസ്റ്റ് ഒന്നും കാണാതെ തിരിച്ചുപോയിട്ടുണ്ട്. ഇപ്പോള്‍ യാഥൃശ്ചികമായി ഈ പോസ്റ്റ് കണ്ടു. ഇതോ, മനസ്സിനെ വലാതെ ഉലയ്ക്കുന്ന ഒന്നായി.
9 ആം ഭാഗം ഓഫീസിൽ നിന്ന് എങ്ങനെയോ പെട്ടെന്ന് വായിച്ചുതീർത്ത് ഓടുകയായിരുന്നു. നാട്ടിലേയ്ക്കുള്ള ട്രയിൻ പിടിക്കാൻ. ഇപ്പൊ ട്രയിനിൽ വച്ച് ആകാംക്ഷ അടക്കാനാവാതെ 10 വായിച്ചു തീർത്തു. ഇനി പതിനൊന്നിലേയ്ക്ക്. ഒരു ശുഭലക്ഷണമുണ്ടല്ലോ.. :)
ആദ്യമായി ഈ ബ്ലോഗില്‍ ഒമ്പതാം ഭാഗമാണ് വായിച്ചത്... അന്ന് ഒന്നും മനസ്സിലായില്ല... പിന്നെ ഒന്നാം ഭാഗം തപ്പിപ്പോയി.. രണ്ടുമൂന്നു കഥകളൊക്കെ വായിച്ച് ഒന്നാം ഭാഗം കണ്ടെത്തി 9 വരെ വായിച്ചു.. 10 നു വേണ്ടി കാത്തിരുന്നു... കാത്തിരിപ്പ് നീണ്ടപ്പോള്‍ ബ്ലോഗ് എടുത്ത് ഒന്നേന്നു വായിച്ചു തുടങ്ങി... വായിക്കും തോറും ബ്ലോഗറോടുള്ള സ്നേഹവും ആരാധനയും കൂടിക്കൂടി വന്നു... വലിയൊരു കട്ടിപ്പുസ്തകംപോലെ വായിച്ചു വരികയായിരുന്നു.. ഇടക്ക് ചില സാഹചര്യങ്ങളാല്‍ വായനമുറിഞ്ഞു.. പിന്നെ ഇവിടെ ഇപ്പോഴാണ് വരുന്നത്.. വായിച്ച എല്ലാ പോസ്റ്റിലും കമന്റിടാനായില്ല... ചേച്ച്യമ്മു സദയംക്ഷമിക്കുമല്ലോ....
ഞാനെവിടേക്കാണ് വായിച്ചു പോകുന്നന്നതെന്നറിയില്ല പക്ഷേ..... വല്ലാത്ത എഴുത്ത് ...... നേരിന്റെ വര കളില്‍ സ്നേഹത്തിന്റെ മിന്നലാട്ടം......
എച്മുച്ചേച്ചീ...
അത്രയൊന്നും ഉൾക്കട്ടിയില്ലാത്ത എന്നേപ്പോളുള്ളവർക്ക് പറ്റിയ വായനയല്ല എച്മുവോടു ഉലകം...വായിച്ചു തളർന്ന് പോയല്ലോ.
പാവം ശാന്തി.നന്മ വരട്ടെ.ഇനിയെങ്കിലും..
Post a Comment