Monday, June 22, 2015

ദശാംശങ്ങളില്‍ ചോര്‍ന്നു പോകുന്ന പൂര്‍ണതകള്‍...13

https://www.facebook.com/echmu.kutty/posts/450305268482106

പതിമ്മൂന്നാം ഭാഗം.

എസ് ആന്‍ഡ് എസ് ആര്‍ക്കിടെക്ചര്‍ ഫേമിന്‍റെ പരസ്യപ്പലക, പഴയതായി നിറം മങ്ങി.. ഒരു ആണിയില്‍ തൂങ്ങിക്കിടന്ന്, ഡി ഡി എ പാര്‍ക്കില്‍നിന്നുള്ള , കാറ്റു വീശുമ്പോഴൊക്കെ ആ ഗേറ്റ് പോസ്റ്റിന്‍റെ ചുമരില്‍ പെന്‍ഡുലമായി ആടിക്കൊണ്ടിരുന്നു. സന്ദീപ് സാര്‍ വായനയിലേയ്ക്കും വളരെ ചില്ലറയായ പ്രോജക്ടുകളിലേക്കും ഒതുങ്ങിപ്പോയി. എല്ലാവരും പിരിഞ്ഞു പോയിട്ടും പൂജ മാത്രം ആ ഓഫീസിലേക്ക് പൊയ്ക്കൊണ്ടിരുന്നു. ഇച്ചാക്കയുടെ അഭാവത്തില്‍ വല്ലാതെ തളര്‍ന്നു പോയ സന്ദീപ് സാറിനൊപ്പം നിന്ന് ഋതു ഓഫീസിനെ പുനര്‍ജീവിപ്പിക്കുമെന്ന് പൂജ കരുതിയിരുന്നോ എന്നറിയില്ല. എന്നാല്‍ അമേരിക്കയില്‍ നിന്ന് പി എച്ച് ഡി എടുത്ത ശേഷം ആ ഓഫീസിനായി പ്രത്യേകിച്ച് ഒന്നും ചെയ്യാതെ ഋതു, സ്കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചറില്‍ പ്രൊഫസറായി ചേരുകയാണുണ്ടായത്.

ഓഫീസ് പഴയ ഫോമിലാക്കാന്‍, പിന്നീട് സന്ദീപ് സാര്‍ ഒട്ടും ശ്രമിച്ചില്ല. ശ്രമിച്ചിട്ടും അദ്ദേഹത്തിനു കഴിഞ്ഞില്ല എന്നാണോ പറയേണ്ടതെന്നറിയില്ല. അക്കാര്യങ്ങളെക്കുറിച്ച് എനിക്കൊന്നും തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു പ്രൈസ് വാട്ടര്‍ കൂപ്പേഴ്സില്‍ ചേര്‍ന്നതിനുശേഷം എന്‍റെ ഭര്‍ത്താവിന് സന്ദീപ് സാറിന്‍റെ ഓഫീസുമായി അത്ര അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. ഇടയ്ക്ക് പൂജയുമായി അദ്ദേഹം സംസാരിക്കാറുണ്ടായിരുന്നുവെങ്കിലും മെല്ലെ മെല്ലെ അതും കുറഞ്ഞു വന്നു.

ഇച്ചാക്കയെ ഓര്‍മ്മിച്ചുകൊണ്ട് സന്ദീപ് സാര്‍ അതുല്യമായ ഒരു ഓര്‍മ്മപ്പുസ്തകമെഴുതി. ഭാര്യയായ ഋതുവിനൊപ്പം പൂജയ്ക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചിരുന്നു ആ പുസ്തകത്തില്‍. വൈക്കിംഗ് പബ്ലിക്കേഷന്‍സാണ് അത് പ്രസിദ്ധീകരിച്ചത്. അതിന്‍റെ പബ്ലിഷിംഗ് ദിവസം ഞാന്‍ എന്‍റെ ശ്വശ്വരര്‍ക്കൊപ്പം ആന്ധ്രാപ്രദേശിലെ ശ്രീകാളഹസ്തിയില്‍ ജ്യോതിര്‍ലിംഗം തൊഴാന്‍ പോയിരിക്കുകയായിരുന്നു.

ഇന്ത്യാ ഹാബിറ്റാറ്റ് സെന്‍ററില്‍ നടന്ന പുസ്തകപ്രകാശനം നല്ലൊരു ചടങ്ങായിരുന്നു. ദില്ലിയില്‍ നിന്നു മാത്രമല്ല, ഇന്ത്യയിലെ പലയിടങ്ങളില്‍ നിന്നും ഇച്ചാക്കയുടെ സുഹൃത്തുക്കള്‍ ചടങ്ങിനെത്തി. സ്വന്‍സല്‍ ഉണ്ടായിരുന്നെങ്കിലും പ്രകാശിപ്പിക്കപ്പെട്ട പുസ്തകം ഏറ്റു വാങ്ങിയത് ഇച്ചാക്കയുടെ അമ്മിജാനും അബ്ബാജാനുമായിരുന്നു. ഓഫീസില്‍ എന്നും ഇച്ചാക്കയെ വെറുത്തിരുന്ന പ്രദീപ് ജെയിന്‍ അദ്ദേഹത്തെക്കുറിച്ച് നല്ല വാക്കുകള്‍ മാത്രം പറഞ്ഞത് കേട്ട് പഴയ സഹപ്രവര്‍ത്തകര്‍ അല്‍ഭുതപ്പെട്ടു.

‘പ്രദീപ് നല്ലൊരു രാഷ്ട്രീയക്കാരനായി മാറി .. എവിടെ എന്തു എത്രത്തോളം ചെലവാകുമെന്ന് കണക്കു കൂട്ടാന്‍ കഴിയുന്നവന്‍ ‘ എന്നായിരുന്നു എന്‍റെ ഭര്‍ത്താവിന്‍റെ പ്രതികരണം.
അന്നത്തെ ദിവസം എന്നെ എല്ലാവരും വീണ്ടും വീണ്ടും അന്വേഷിച്ചതായി പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്ത് ഒരുതരം അതൃപ്തി നിഴലിട്ടിരുന്നു. ഇച്ചാക്കയുടെ മനോഹരമായ മുഖം അച്ചടിച്ച ആ പുസ്തകം വായിക്കാനും എന്തുകൊണ്ടോ അദ്ദേഹം എന്നെ ഒട്ടും പ്രേരിപ്പിക്കുകയുണ്ടായില്ല.

എന്നിട്ടും ഞാന്‍ പൂജയ്ക്കോ സന്ദീപ് സാറിനോ എന്തിനു തകര്‍ന്ന് തരിപ്പണമായ സ്വന്‍സലിനോ പോലും ഫോണ്‍ ചെയ്യാന്‍ തയാറായില്ല. എനിക്ക് ആഗ്രഹം തോന്നിയില്ല എന്നതാണു വാസ്തവം .
വിവാഹത്തിനുശേഷമുള്ള ദിവസങ്ങളിലും മാസങ്ങളിലും വര്‍ഷങ്ങളിലുമായി ഞങ്ങളുടെ ലോകങ്ങള്‍ വല്ലാതെ മാറിക്കഴിഞ്ഞിരുന്നു.

ഞാന്‍ കര്‍വാ ചൌത്തിനേയും ദീവാളിയേയും ലോഡിയേയും ഹോളിയേയും വസന്തപഞ്ചമിയേയും പോലുള്ള ആഘോഷങ്ങളെ കാത്തിരുന്നു. പിറന്നാളുകളേയും വാര്‍ഷികങ്ങളേയും പ്രതീക്ഷിച്ചു. വിലയേറിയ വര്‍ണാഭമായ തുണിത്തരങ്ങളും തിളക്കമുള്ള ആഭരണങ്ങളും മധുരപലഹാരങ്ങളും കിറ്റി പാര്‍ട്ടികളും എന്‍റെ ജീവിതത്തിന്‍റെ പ്രധാന ഭാഗമായി മാറി.

ഞാന്‍ പരിപാലിച്ചു വളര്‍ത്തിയ നായ്ക്കുട്ടികള്‍ ഡോഗ് ഷോകളില്‍ സമ്മാനങ്ങള്‍ നേടി.

ജാപ്പനീസ് ഫ്ലവര്‍ അറേഞ്ജ്മെന്‍റും വെജിറ്റബിള്‍ കാര്‍വിംഗും ഞാന്‍ പഠിച്ചു. മുന്നൂറോളം വന്മരങ്ങളെ ബോണ്‍സായ് പൂച്ചട്ടികളില്‍ ഞാന്‍ ഒതുക്കി നിറുത്തി.

എന്‍റെ നായ്ക്കുട്ടികളും കുള്ളന്മരങ്ങളും സൌത്ത് ദില്ലിയില്‍ പെരുമ നേടിക്കൊണ്ടിരുന്നു.

പലരും ഫോണ്‍ ചെയ്ത് അന്വേഷിക്കുമായിരുന്നു.

‘ശാന്തീ, നല്ല പെഡിഗ്രിയുള്ള നായ്ക്കുട്ടിയെ കിട്ടുമോ? എത്ര വില വേണമെങ്കിലുമാവാം.. പക്ഷെ, പെഡിഗ്രി .. ദാറ്റീസ് മസ്റ്റ്. ‘

‘ശാന്തീ, വാട്ടെബൌട്ട് എ ബോണ്‍ സായ് ബനിയാന്‍ ട്രീ?’

എന്നില്‍ വന്ന മാറ്റം പൂജയെ അമ്പരപ്പിച്ചിരുന്നു. അതുകൊണ്ട് അവള്‍ എന്നോട് കാര്യമായി ഒന്നും സംസാരിക്കാതെയായി. അല്ലെങ്കില്‍ ഞങ്ങള്‍ക്ക് പങ്ക് വെയ്ക്കാന്‍ താല്‍പര്യമുള്ള വിഷയങ്ങള്‍ കുറഞ്ഞു വന്നു.

എന്‍റെ ഭര്‍ത്താവ് തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് കൂപ്പു കുത്തുകയായിരുന്നു. വിദേശയാത്രകള്‍ അദ്ദേഹത്തിനു നിത്യപ്പതിവായി..എങ്കിലും അദ്ദേഹത്തിനു എന്‍റെ ഈ മാറ്റങ്ങള്‍ ഒട്ടും ദഹിച്ചിരുന്നില്ലെന്ന് ഞാനറിഞ്ഞത് പിന്നെയും വളരെക്കാലം കഴിഞ്ഞാണ്.

ബാബാ രാം ദേവിന്‍റെ യോഗാഭ്യാസരീതികളും മരുന്നുകളും എനിക്കും പ്രിയങ്കരമായി. വൈകാരിക സുരക്ഷിതത്വവും നല്ല ഭക്ഷണവും ഉയര്‍ന്ന ജീവിത നിലവാരവും എന്നെ ഒരു ഫാഷന്‍ മോഡല്‍ പോലെ സുന്ദരിയാക്കി മാറ്റിയിരുന്നു. എന്നും യോഗ ചെയ്യുന്നത് സൌന്ദര്യം കാത്തു സൂക്ഷിയ്ക്കാന്‍ അത്യുത്തമമാണെന്ന് ഭര്‍ത്താവിന്‍റെ അമ്മ മാത്രമല്ല, അവരുടെ സുഹൃത്തുക്കളും എപ്പോഴും എന്നെ പ്രേരിപ്പിച്ചു.

‘ ഒരു ഫ്രാഞ്ചൈസി ആരംഭിച്ചാലോ ? ശാന്തി മെഡിസിന്‍സ് എന്ന് പേരിടുകയുമാവാം.’ അമ്മയുടേതായിരുന്നു ആ വാക്കുകള്‍.

ഞാന്‍ ഉല്‍സാഹത്തോടെ തലയാട്ടി. ആ അമ്മയേയും അച്ഛനേയും കഴിയും വിധമെല്ലാം സന്തോഷിപ്പിക്കണമെന്നായിരുന്നു എന്‍റെ ആഗ്രഹം. അവര്‍ പറയുന്നതെല്ലാം ശരിയാണെന്ന് ഞാന്‍ കരുതിയിരുന്നു. അവരുടെ മുന്നില്‍ ഒരു എതിരഭിപ്രായവും ഞാന്‍ ഒരിയ്ക്കലും രേഖപ്പെടുത്തിയില്ല. എനിക്ക് ഒരിയ്ക്കലും എതിരഭിപ്രായം രൂപപ്പെടുത്താനുള്ള ശക്തിയോ അറിവോ ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം.

എന്‍റെ ഭര്‍ത്താവ് ചിരിച്ചു..

ആ ചിരിയുടെ അര്‍ഥമെനിക്ക് മനസ്സിലായില്ല.

പിന്നീട് വളരെ വല്ലപ്പോഴും മാത്രം ടോണ്‍ മാറുന്ന ആ ശബ്ദത്തില്‍ കര്‍ശനമായി വിലക്കി.

‘ഇപ്പോള്‍ ടി വിയിലും മരുന്നു കുപ്പികളിലുമേയുള്ളൂ. കുറച്ചു കൂടി കഴിഞ്ഞാല്‍ രാജ്യം മുഴുവന്‍ വ്യാപിച്ചു കൊള്ളും . അതിനു ശാന്തി മെഡിസിന്‍സിന്‍റെ പ്രത്യേക സഹായം ആവശ്യമില്ല.’

‘ എന്തു വ്യാപിക്കും’ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.

‘ കണ്ണു തുറന്ന് നോക്കൂ ശാന്തീ.. ഈ ദില്ലിയെ എങ്കിലും കാണാന്‍ ശ്രമിക്കു. ‘

എനിക്ക് ഒന്നും കാണാനാവുന്നില്ലെന്ന് ഞാന്‍ പരിഭവത്തോടെ തല വെട്ടിച്ചു. എന്നെ വിലക്കിയത് അതിനു ശബ്ദം അനാവശ്യമായി ഗൌരവപൂര്‍ണമാക്കിയത് ... അതൊന്നും എനിക്കൊട്ടും ഇഷ്ടമായില്ല.

എങ്കിലും അന്നുച്ചയ്ക്ക് വളരെ നാള്‍ കൂടി ഞാന്‍ പൂജയെ അന്വേഷിച്ച് സന്ദീപ് സാറിന്‍റെ ഓഫീസില്‍ പോയി.

ശരിയ്ക്കും പറഞ്ഞാല്‍ ദിവസങ്ങളും മാസങ്ങളും അല്ല, വര്‍ഷങ്ങള്‍ തന്നെയും കടന്നു പോയിരുന്നു.. ഞാന്‍ ആ ഓഫീസിലേക്ക് എത്തി നോക്കീട്ട് . സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതത്തില്‍ മിനിറ്റുകളും മണിക്കൂറുകളും മാത്രമല്ല, ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങള്‍ തന്നെയും കടന്നു പോവുന്നത് നമ്മള്‍ അറിയുകയേയില്ല. റ്റൈം ഫ്ലൈസ് എന്നൊക്കെ പറയുന്നത് സന്തോഷമുള്ള ജീവിതം നയിക്കുന്നവരാണ്. അത് അവര്‍ വെറുതേ പറയുന്നതുമല്ല, അവരുടെ സമയം ശരിക്കും പറന്നു പോവുക തന്നെയാണ് . എനിക്കും അതു തന്നെയാണു സംഭവിച്ചത്.

എന്നാല്‍ സങ്കടമുള്ളവര്‍.. സങ്കടങ്ങളോട് പൊരുതുന്നവര്‍ അവരുടെ ജീവിതത്തില്‍ ഓരോ നിമിഷം കടന്നു പോകുന്നതും കൃത്യമായി അടയാളപ്പെട്ടുകൊണ്ടായിരിക്കും. ഓരോ സങ്കടവും ഉണങ്ങാക്കലകള്‍ അവശേഷിപ്പിച്ചിരിക്കും. സമയം പറക്കുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവര്‍ അവിശ്വാസത്തോടെ കണ്ണുകളുയര്‍ത്തി ചുറ്റും നോക്കും. ഉണങ്ങാക്കലകളില്‍ വിറയ്ക്കുന്ന വിരലോടിയ്ക്കും. ഞാനും അങ്ങനെ തന്നെയായിരുന്നു.

വിവാഹത്തിനു ശേഷമാണ് ഞാന്‍ കാറോടിയ്ക്കാന്‍ പഠിച്ചത്. പഠിപ്പിച്ചത് ഭര്‍ത്താവിന്‍റെ അച്ഛനാണ്. കാറോടിക്കാന്‍ കഴിയാത്ത സ്ത്രീയ്ക്ക് ദില്ലി നഗരത്തില്‍ സ്വയം പര്യാപ്തത നേടാന്‍ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു.

‘ ശാന്തി ഒരു സ്മാര്‍ട്ട് ഡ്രൈവറാണെന്ന് ‘ എന്നോടൊപ്പം യാത്ര ചെയ്ത എല്ലാവരും സാക്ഷ്യം പറഞ്ഞു.

പൂജയോട് എന്‍റെ ഭര്‍ത്താവിന് അസാധാരണമായ ബഹുമാനമുള്ളതായി എനിക്കറിയാം. അത് ചിലപ്പോഴൊക്കെ എന്നെ അലോസരപ്പെടുത്താറുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ ... ഒരു തരം ലജ്ജയില്‍ ഞാന്‍ ചൂളുമായിരുന്നു....

അതൊരു അസുഖകരമായ വികാരമായി എന്‍റെ ഉള്ളില്‍ വളര്‍ന്നുകൊണ്ടിരുന്നു. ഞാന്‍ എന്നോടു പോലും സമ്മതിച്ചിരുന്നില്ലെങ്കിലും അത് സത്യമായിരുന്നു.

ഞാനും പൂജയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. പക്ഷെ, അന്നത്തെ നിരാലംബയായ ശാന്തിയല്ല , ഞാനിപ്പോള്‍.

എന്‍റെ ഇപ്പോഴത്തെ നിലയ്ക്കും വിലയ്ക്കും അനുസരിച്ചൊരു പരിചരണം പൂജ തരുന്നില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നുണ്ടായിരുന്നു. അത് എന്നെ ശല്യപ്പെടുത്തുന്ന ഒരു അസ്വസ്ഥതയുമായിരുന്നു.

ഓഫീസിലേക്ക് കയറുമ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്.. സ്വന്‍സലിന്‍റെ വിദഗ്ദ്ധ പരിചരണത്തില്‍ പൂത്തുലഞ്ഞിരുന്ന ചെടികളൊന്നും അവിടെ ഇല്ലായിരുന്നു. മാര്‍ച്ചിലും ഏപ്രിലിലുമെല്ലാം നൂറുകണക്കായി വിരിഞ്ഞിരുന്ന പൂക്കളില്‍ രോമാഞ്ചമണിഞ്ഞിരുന്ന ആ തോട്ടം ശൂന്യമായിക്കിടക്കുന്നു.

തട്ടുകളായി തിരിയ്ക്കപ്പെട്ട ഭൂമി വരണ്ടുണങ്ങിയിരുന്നു. തട്ടുകള്‍ ഇടിഞ്ഞും പരന്നും കിടന്നു. അവയില്‍ മഞ്ഞപ്പൂക്കളും മഞ്ഞിച്ച നൂലുകളുമുള്ള മുള്‍ച്ചെടികള്‍ തെഴുത്തിരുന്നു.

എനിക്ക് ആത്മാര്‍ഥമായ വേദന തോന്നി. ആ ഓഫീസില്‍ ചെലവാക്കിയ ദിവസങ്ങള്‍ എത്ര വിലപ്പെട്ടതായിരുന്നുവെന്ന് ഒരു നിമിഷം ഞാന്‍ ഓര്‍ത്തു പോയി. എന്‍റെ എല്ലാ വേദനകള്‍ക്കും ലേപനമുണ്ടായത് ആ ഓഫീസിലാണ്. എന്നിട്ടും ഞാന്‍ എല്ലാവരേയും എല്ലാറ്റിനേയും മറന്നു പോയി.

സന്ദീപ് സാര്‍ ഓഫീസിലുണ്ടായിരുന്നു. ഓഫീസ് ഇരുളടഞ്ഞും വിജനമായും കിടന്നു.
അദ്ദേഹം ഒരു പടുവൃദ്ധനായിക്കഴിഞ്ഞിരുന്നു. മനക്ലേശം ഒരാളെ എത്രത്തോളം തകര്‍ത്തുകളയുമെന്നതിന്‍റെ ആള്‍രൂപമായി വെളിപ്പെട്ടു അദ്ദേഹം.

സന്ദീപ് സാര്‍ പണിപ്പെട്ടു ചിരിച്ചു.. ‘ വരൂ ശാന്തി വരൂ... അശ്വിനി എവിടെ?’

ഞാനും ചിരിച്ച് സന്തോഷം പ്രകടിപ്പിച്ചു.

എനിക്ക് സന്ദീപ് സാറുമായും ഋതുവുമായും അത്ര ഏറേ അടുപ്പമുണ്ടായിരുന്നില്ല. അതുകൊണ്ട് സുഖമല്ലേ ഋതുവിനും സുഖമല്ലേ എന്ന മട്ടിലുള്ള ചില മര്യാദച്ചോദ്യങ്ങള്‍ ചോദിച്ചിട്ട് ഞാന്‍ പൂജയെ അന്വേഷിച്ചു.

പൂജ വന്നിട്ടില്ലെന്നും ഗ്രിഗറിയ്ക്കൊപ്പം മാളവിയ നഗറില്‍ പോയിരിക്കാമെന്നും സന്ദീപ് സാര്‍ മറുപടി പറഞ്ഞു. ഞാന്‍ കൂടുതല്‍ ഒന്നും ചോദിച്ചില്ല.

സ്വന്‍സലിനെ കാണാമെന്ന് കരുതി ഞാന്‍ സന്ദീപ് സാറിനോട് യാത്ര പറഞ്ഞു... രണ്ടടി നടന്ന് മടങ്ങി വന്ന് നല്ല പുസ്തകമാണ് എഴുതിയതെന്ന് അഭിനന്ദിച്ചപ്പോള്‍ സന്ദീപ് സാറിന്‍റെ മുഖത്ത് ഘനീഭവിച്ചു കിടന്ന വിഷാദം ഒരര്‍ദ്ധമന്ദഹാസമായി തുളുമ്പി.

അദ്ദേഹം നന്ദി പറഞ്ഞത് കേള്‍ക്കേ, ഞാന്‍ നിശ്ശബ്ദയായി സ്വന്‍സലിന്‍റെ വീട്ടിലേക്ക് നടന്നു.

വാതില്‍ തുറന്നത് സ്വന്‍സല്‍ തന്നെയായിരുന്നുവെങ്കിലും എനിക്ക് ഞെട്ടലൊതുക്കാന്‍ കഴിഞ്ഞില്ല. വീല്‍ചെയറില്‍ ഞാന്‍ കണ്ടത് പര്‍ദ്ദയില്‍ പൊതിഞ്ഞ സ്വന്‍സലിന്‍റെ മെലിഞ്ഞുണങ്ങിയ രൂപമായിരുന്നു. പഴയ സ്വന്‍സലിന്‍റെ പ്രേതത്തിനു പോലും ഇതിലും തെളിച്ചമുണ്ടാകുമായിരുന്നെന്ന് എനിക്ക് തോന്നി.

സ്വന്‍സല്‍ മതം മാറിയ വാര്‍ത്ത ആരുമെന്നെ അറിയിച്ചിരുന്നില്ല.

ഇച്ചാക്ക കടന്നു പോയപ്പോള്‍ സ്വന്‍സല്‍ ഇസ്ലാം മതത്തെ ആശ്ലേഷിച്ചതെന്തുകൊണ്ടാവും? ഇച്ചാക്കയുടെ അമ്മിജാനേയും അബ്ബാജാനേയും സമാധാനിപ്പിക്കാനോ? അതോ ഇടയ്ക്കിടെ വന്നിരുന്ന മൌലവിമാരെ തൃപ്തിപ്പെടുത്താനോ?

എന്‍റെ മനസ്സില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നുയര്‍ന്നു വന്നു.

സ്വന്‍സല്‍ ഒന്നും സംസാരിച്ചില്ല. കാവ തന്നു. അതു കുടിച്ചുകൊണ്ട് ഞങ്ങള്‍ മൌനമായിരുന്നു.

ചെയ്തത് ശരിയായില്ലെന്ന് എനിക്ക് തോന്നി. ഇടയ്ക്കിടെ വന്ന് സ്വന്‍സലിനെ കാണണമായിരുന്നു. എന്‍റെ ജീവിതത്തിലെ സുഖസൌകര്യങ്ങളിലും നിറപ്പകിട്ടുകളിലും ഇങ്ങനെ ആണ്ടു മുഴുകരുതായിരുന്നു.

ഇച്ചാക്കയുടെ വീട്ടില്‍ കാലം നിശ്ചലമായി നില്‍ക്കുന്നുണ്ട്. ഇച്ചാക്കയെ കാത്തിരിയ്ക്കുകയാണത്. അല്ല ഇച്ചാക്കയെ മാത്രം കാത്തിരിക്കുകയാണ് എന്ന് പറയുന്നതാവും ശരി. എല്ലാം അതേ,പോലെ , വീട്ടുപകരണങ്ങളും അലങ്കാരങ്ങളും എല്ലാം .. ഒരു വ്യത്യാസമുള്ളത് സ്വന്‍സല്‍ ദീനിയായ ഒരു മുസ്ലിമായിരിക്കുന്നു എന്നത് മാത്രമാണ്.

മൌനം മുറിച്ചത് ഞാന്‍ തന്നെയാണ്..

‘ പേരു മാറ്റിയോ ? സ്വന്‍സല്‍ .... ‘

‘ഇല്ല.. ഈ പേര് അദ്ദേഹത്തിനു വലിയ ഇഷ്ടമായിരുന്നു.. അത് മാറ്റിയില്ല. വേണ്ടെന്ന് അമ്മിജാന്‍ പറഞ്ഞു.’

‘സ്വന്‍സല്‍ മുസ്ലിമാവുന്നതിനോടും ഇച്ചാക്ക.. ‘ സ്വന്‍സലിന്‍റെ മുന്നിലിരുന്ന് ഇച്ചാക്ക എന്നുച്ചരിക്കുമ്പോള്‍ എനിക്ക് ഒരു വിങ്ങല്‍ തോന്നി. ഹൃദയം ആരോ ഞെക്കിപ്പിഴയുന്നതു പോലെ നൊമ്പരം കൊണ്ടു. കൂടുതല്‍ ഒന്നും പറയാന്‍ കഴിയാതെയായി.

‘ ശാന്തീ.. എനിക്ക് അദ്ദേഹം മാത്രമേയുള്ളൂ.. അദ്ദേഹം തിരിച്ചു വരും എന്ന് പറയൂ. അതിനായി ഞാന്‍ എന്തും ... അമ്മിജാന്‍ പറഞ്ഞു. ഒരു യഥാര്‍ഥ മുസ്ലിമായി ജീവിക്കൂ.. അദ്ദേഹം മടങ്ങി വരുമെന്ന്.. ഇമാം പറഞ്ഞു.. അബ്ബാജാന് സ്വപ്നദര്‍ശനം കിട്ടി... അതില്‍ക്കൂടുതല്‍ എനിക്ക് ഒന്നും വേണ്ടാ ശാന്തീ..

‘എന്നാലും ഒരു .. ‘

സ്വന്‍സലിന്‍റെ കണ്ണുകള്‍ തുളുമ്പി.

‘ എനിക്ക് ലോജിക്കില്ല.. യുക്തിയില്ല.. എനിക്ക് അദ്ദേഹം.. ‘

ഇപ്പോള്‍ സ്വന്‍സല്‍ നാണം കൂടാതെ പൊട്ടിക്കരഞ്ഞു. അത് കേട്ടിട്ടെന്ന പോലെ അകത്തു നിന്നും ഇച്ചാക്കയുടെ അമ്മിജാനും അബ്ബാജാനും പുറത്തിറങ്ങി വന്നു. വാര്‍ദ്ധക്യത്താല്‍ ക്ഷീണിതരായിരുന്നെങ്കിലും അവരുടെ മിഴികള്‍ തീക്ഷ്ണമായി എന്നിലേക്ക് തറഞ്ഞു കയറി..

സ്വന്‍സല്‍ പൊടുന്നനെ കണ്ണുകള്‍ തുടച്ചു..

ഞാന്‍ ആദരവ് പ്രകടിപ്പിക്കാന്‍ എഴുന്നേല്‍ക്കുകയും ചെയ്തു.

എന്നോടിരിയ്ക്കാന്‍ പറഞ്ഞുവെങ്കിലും അവര്‍ക്ക് എന്നെ അത്ര ഇഷ്ടമായില്ലെന്ന് തോന്നി. സ്വന്‍സല്‍ ഞാനാരാണെന്ന് വിശദീകരിച്ചപ്പോള്‍ അമ്മിജാന്‍ അല്‍പം പരിഹാസത്തോടെ ഇത്രകാലം എവിടെയായിരുന്നുവെന്ന് അന്വേഷിച്ചു.

എനിക്ക് ഉത്തരം മുട്ടി.

‘ഹിന്ദുക്കള്‍ ഇങ്ങനെയാണ്. അവര്‍ക്കാവശ്യമുള്ളപ്പോള്‍ മറ്റുള്ളവരെ ഉപയോഗിക്കും. അവരുടെ ആവശ്യം തീര്‍ന്നാല്‍ പിന്നെ ഓര്‍മ്മിക്കില്ല.. ‘ ഒരു മയവുമില്ലാതെ അമ്മിജാന്‍ സംസാരിച്ചപ്പോള്‍ എനിക്ക് എന്തിനെന്നറിയാതെ ക്ഷോഭം തോന്നി.

ഞാന്‍ എഴുന്നേറ്റു. സ്വന്‍സലിനോട് മാത്രം യാത്ര പറഞ്ഞിറങ്ങി.

കാര്‍ സ്റ്റാര്‍ട്ട് ചെയ്തതും അതിവേഗം ഓടിച്ചു തുടങ്ങിയതും ഞാന്‍ ശ്രദ്ധിച്ചില്ല.

എന്തിനാണ് ഇത്ര വിക്ഷുബ്ധയായതെന്ന് അപ്പോള്‍ മനസ്സിലായില്ലെങ്കിലും എന്‍റെ കഴിഞ്ഞ കാലജിവിതത്തില്‍ സഹായിച്ചവരോട് നന്ദിയില്ലായ്മ കാണിച്ചുവെന്നാണ് അമ്മിജാന്‍ പറഞ്ഞതെന്ന് ഓര്‍ക്കുമ്പോഴൊക്കെയും ആ വിക്ഷുബ്ധതയ്ക്ക് ഉത്തരം കിട്ടുന്നതായി എനിക്കു തോന്നി.

അന്നു രാത്രി ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ച് പറഞ്ഞപ്പോള്‍ എന്നെ സമാധാനിപ്പിക്കാന്‍ തുനിയാതെ ഞാനെന്നാണ് ഒരു ഹിന്ദുവായതെന്ന് എന്‍റെ ഭര്‍ത്താവ് ചോദിച്ചു. ഹിന്ദുമതത്തിന്‍റെ അതിസങ്കീര്‍ണമായ അധികാരഘടനയില്‍ ഞാന്‍ എവിടെയാണു നിലയുറപ്പിയ്ക്കുന്നതെന്ന് വിശദീകരിയ്ക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

ഞങ്ങള്‍ ഒരുമിച്ചിട്ട് വര്‍ഷങ്ങള്‍ കടന്നു പോയിരുന്നുവെങ്കിലും ഭര്‍ത്താവിനെ ഒട്ടും പരിചയമില്ലെന്ന് അന്നാദ്യമായി എനിക്ക് തോന്നി.

( തുടരും )

22 comments:

ചേച്ചിപ്പെണ്ണ്‍ said...

......

Echmukutty said...

ഒന്നും പറയാതെ പോയതെന്താ എന്റെ ചേച്ചിപ്പെണ്ണേ?

© Mubi said...

രാവിലെ ഫേസ് ബുക്കിൽ വായിച്ചിരുന്നു... ആകാംഷയോടെ തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു എച്ച്മു..

vettathan said...

ഒരിറ്റു സന്തോഷം നഷ്ടപ്പെടാതിരിക്കാന്‍ മനുഷ്യന്‍ എല്ലാം മറക്കും.അത് വരെ നടന്നത് മുഴുവന്‍.

Cv Thankappan said...

മാറ്റങ്ങളാണല്ലോ എല്ലാം?
രചനാരീതിയില്‍ പോലും....അത് സ്പഷ്ടമാകുന്നുണ്ട്.
എനിക്കിഷ്ടം പഴയ ശൈലിതന്നെയാണ്.അതിന്‍റെ കരുത്ത് ഒന്നുവേറെത്തന്നെയാണ്!
തുടര്‍ ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.
ആശംസകള്‍

കുഞ്ഞുറുമ്പ് said...

ഒരുപാടു മാറിയതു പോലെ. നിരാലംബയായ ശാന്തിയിൽ നിന്ന് കുടുംബിനിയായ ശാന്തിയിലേയ്ക്കുള്ള മാറ്റം :)

കുഞ്ഞുറുമ്പ് said...

ഒരുപാടു മാറിയതു പോലെ. നിരാലംബയായ ശാന്തിയിൽ നിന്ന് കുടുംബിനിയായ ശാന്തിയിലേയ്ക്കുള്ള മാറ്റം :)

കുഞ്ഞുറുമ്പ് said...

ഒരുപാടു മാറിയതു പോലെ. നിരാലംബയായ ശാന്തിയിൽ നിന്ന് കുടുംബിനിയായ ശാന്തിയിലേയ്ക്കുള്ള മാറ്റം :)

പട്ടേപ്പാടം റാംജി said...

കഥ അവസാനിപ്പിക്കാനുള്ള തിടുക്കം കാണുന്നുണ്ടല്ലൊ.
ശാന്തിയുടേയും സ്വൻസിലിന്റേയും സന്ദീപ്‌സാറിന്റേയും ജീവിതങ്ങൾ എങ്ങിനെ മാറി മറിയുന്നുവെന്ന് ഈ അദ്ധ്യായത്തിലൂടെ തെളിയുന്നു. അതത് സാഹചര്യങ്ങൾക്കനുസരിച്ച് മനുഷ്യനിൽ മാറ്റങ്ങൾ സംഭവിക്കുമ്പോൾ ഒറ്റപ്പെടലുകളെ കൂടെ നിന്നകറ്റാൻ ചെല്ലുന്നിടം സ്വർഗ്ഗമാക്കാൻ ശ്രമിക്കുന്ന ശ്രമം ശാന്തി സ്വീകരിക്കുന്നത് മനപ്പൂർവ്വം പഴയതിനെ മറക്കാൻ തുനിഞ്ഞാണ്‌. നൈമീഷികമായ ചില സന്തോഷങ്ങൾക്കപ്പുറത്തേക്ക് മനസ്സ് മാറാൻ കൂട്ടാക്കത്തത് നിരാശ്രയ ജീവിതങ്ങൾ (മൂന്നാം ലിങ്കക്കാര്‍) കണ്മുന്നിൽ കുടുങ്ങിക്കിടക്കുന്നതിനാലാണ്‌, ഒന്നിനും കഴിയാത്തവളെന്ന വെറും തോന്നലുകളാണ്‌.
നന്നായിരിക്കുന്നു.

Echmukutty said...

കഴിയുന്നത്ര വേഗം പോസ്റ്റ് ചെയ്യാമെന്ന് കരുതുന്നു മുബീ. ഈ പ്രോത്സാഹനത്തിനു നന്ദി

Echmukutty said...

അതെ, മനുഷ്യർ അങ്ങനെയാണ്..വെട്ടത്താൻ ചേട്ടന്റെ വായന കൃത്യമാണ്

Echmukutty said...

ശ്രമിക്കാം തങ്കപ്പൻ ചേട്ടാ.. ബാക്കി ഭാഗങ്ങൾ ഇനിയും നന്നാക്കാൻ പരിശ്രമിക്കാം

Echmukutty said...

മാറണമല്ലോ. ശാന്തി അത്ര വലിയ ഒരു മാറ്റമാണു ജീവിതത്തിൽ അനുഭവിച്ചത്. രണ്ട് അറ്റങ്ങളിൽ ഊഞ്ഞാലാടുന്ന ജീവിതം... അതാണു വലിയ മാറ്റമായത്. പോരെങ്കിൽ അങ്ങനെ ഒരു ഉറച്ച മനസ്സും വ്യക്തിത്വവും ഒന്നും അവൾക്കില്ല താനും.

Echmukutty said...

ശാന്തി ഉറച്ച മനസ്സുള്ള സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള ഒരു വ്യക്തിയല്ല. ദുർബലയാണവൾ ... അതത് സാഹചര്യങ്ങൾക്കനുസരിച്ച് പൊരുത്തപ്പെടാനും തീരെ സഹിയ്ക്കാനാവാതെ വരുമ്പോൾ ദുർബലമായ പ്രതിഷേധങ്ങൾ പ്രകടിപ്പിക്കാനും മാത്രം കഴിയുന്നവൾ. അവളെന്നും ആരെയെങ്കിലും ചാ‍രി മാത്രമേ നിന്നിട്ടുള്ളൂ.
അടിമുടി കലാകാരനായ ഒരാൾ ഇങ്ങനെ തളർന്നു പോവുന്നത് സ്വാഭാവികമാണല്ലോ. അതാണ് സന്ദീപ് സാറിനു സംഭവിച്ചത്. ഇച്ചാക്ക അത്ര വലിയ സ്വാധീനമായിരുന്നു. സ്വൻസലിനെ മതം മാറ്റുന്നതിലൂടെ പൊതുവേ മതം എന്ന വ്യവസ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂഷൻ അതിന്റെ ധർമ്മം നിറവേറ്റുകയാണ്. നിസ്സഹായരായ മനുഷ്യരെ മതങ്ങൾ എന്നും കെണി വെച്ച് പിടിച്ചിട്ടുണ്ട്. ഇവിടെയും അതു തന്നെയാണ് സംഭവിച്ചിട്ടുള്ളത്. രാംജിയുടെ വായനയ്ക്കും വിശദമായ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി

വിനോദ് കുട്ടത്ത് said...

മനുഷ്യൻ സാഹചര്യങ്ങള്‍ക്കനുസരിച്ച് രൂപഭാവ വ്യത്യാസങ്ങള്‍ക്കടിമപ്പെടുന്നു..... ചില വഴിത്തിരിവില്‍ സ്വയം നഷ്ടപ്പെടുന്നു.... ഇവിടെ ഇനിയും നന്മകള്‍ ഉണ്ടാവട്ടെ ....എന്നാഗ്രഹിക്കുന്നു.....

Muralee Mukundan , ബിലാത്തിപട്ടണം said...

ജീവിതങ്ങൾ മാറിമറിയാനും ,
പലതും മറക്കാതിരിക്കാനും, മറക്കപ്പെടാനും
ചില കൊച്ചുകൊച്ച് സന്ദർഭങ്ങളോ, കാരണങ്ങളോ മതി....
അത് ഏത് ലിങ്കക്കാർക്കും ഒരു പോലെ തന്നെ ...!

ജ്യുവൽ said...

സന്തോഷം ഒരു കുതിപ്പ് പോലെയാണ്.ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാനാവാത്തത്ര വേഗത്തിലുള്ള കുതിപ്പ്.വേഗതയൊന്നു കുറച്ചാൽ അത് അവസാനിക്കുമോ എന്ന് എല്ലാവരും ഭയപ്പെടുന്നു.അപ്പോൾ സമയം വേഗത്തിൽ സഞ്ചരിക്കും.ദുഖം ഒരു നിശ്ചലാവസ്ഥ.അപ്പോഴാണ്‌ നമുക്ക് ചുറ്റുമുള്ളത് നാം കാണുന്നത്.അറിയുന്നത്.
മനോഹരമായി ചേച്ചീ...

ajith said...

എത്ര ഉയരത്തില്‍ പറന്നാലും താഴെ വന്നേ സമ്മാനമുള്ളു എന്ന് എന്റെ അമ്മ എപ്പഴും പറയുമായിരുന്നു. ഉയരങ്ങളിലേക്ക് പോകുന്ന ആരെ കണ്ടാലും എനിക്കതാണ് തോന്നാറുള്ളത്. ശാന്തി ശാന്തിയടയട്ടെ

വീകെ said...

"ഹിന്ദുമതത്തിന്‍റെ അതിസങ്കീര്‍ണമായ അധികാരഘടനയില്‍ ഞാന്‍ എവിടെയാണു നിലയുറപ്പിയ്ക്കുന്നതെന്ന് വിശദീകരിയ്ക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു."

തീർച്ചയായും ആലോചിക്കേണ്ട വിഷയം..

സുധി അറയ്ക്കൽ said...

ശാന്തിയ്ക്ക്‌ എന്ത്‌ മാറ്റമാ വന്നത്‌!!!ഞാൻ അതിശയിക്കുന്നു..

സ്വൻസലിന്റെ അവസ്ഥ ഇങ്ങനെ ആയല്ലോ ദൈവമേ!!!!

കല്ലോലിനി said...

ശാന്തിയുടെ വിവാഹം അവളെ മാത്രം മാറ്റിയപ്പോള്‍.... ഇച്ചാക്കയുടെ തിരോധാനം എത്ര ജീവിതങ്ങളെയാണ് മാറ്റി മറിച്ചത്...!!!
ഒരത്ഭുതം പോലെ കഥയുടെ വഴിത്തിരിവുകളിലൊന്നില്‍ ഇച്ചാക്ക തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നു....

keraladasanunni said...

സാഹചര്യത്തിനൊത്ത് മാറുന്ന മനുഷ്യര്‍