Saturday, February 27, 2016

രജനീകാന്തിന്‍റെ സിനിമയും തത്തിത്തത്തി നടക്കുന്ന പാട്ടിയും..

https://www.facebook.com/echmu.kutty/posts/373587342820566

പൂനാനഗരം മഞ്ഞുകാലത്തിന്‍റെ പുതപ്പിലാണ്. കുത്തിത്തുളയ്ക്കുന്ന ഉത്തരേന്ത്യന്‍ ശൈത്യമല്ല ഇവിടെ. തൊലി വരളുകയും ചുണ്ടു പൊട്ടുകയും ചിലപ്പോഴൊക്കെ നേര്‍ത്ത തലവേദന തോന്നുകയും ചെയ്യുന്നുണ്ട്. എന്നാലും എപ്പോഴും കമ്പിളി വസ്ത്രങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞു കൂടേണ്ടതില്ല. പ്രഭാതങ്ങള്‍ക്കും രാത്രികള്‍ക്കും തണുപ്പധികം തോന്നുന്നുണ്ടെങ്കിലും പകല്‍ സമയം സുഖകരമായ കുളിരു മാത്രമേയുള്ളൂ.
നല്ല തണുപ്പുള്ള ഒരു ഞായറാഴ്ച പ്രഭാതത്തിലായിരുന്നു ഞാന്‍ രജനീകാന്തിന്‍റെ ലിംഗാ സിനിമ കാണാന്‍ പോയത്. പൂനയിലെ തമിഴ് പേശും കൂട്ടത്തിന്‍റെ ആഭിമുഖ്യത്തിലായിരുന്നു സിനിമാ പ്രദര്‍ശനം. പതിനെട്ടു മുഴം ചേലയുടുത്ത് വജ്രത്തിന്‍റെ നട്ടും ബോള്‍ട്ടുമിട്ട് മുറുക്കിയ മൂക്കുകളും കാതുകളുമായി വിറച്ചു വിറച്ചു നടക്കുന്ന കുറെ പാട്ടിമാരും നടക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് വാക്കിംഗ് സ്റ്റിക്കും വാക്കറുകളുമായെത്തിയ അപ്പൂപ്പന്മാരും പാല്‍ക്കുപ്പിയുള്ള കുഞ്ഞുങ്ങളുമായി വന്നു ചേര്‍ന്ന അച്ഛനമ്മമാരും ഉള്‍പ്പടെ അനവധിപ്പേര്‍ രാവിലെ എട്ടുമണിക്ക് തന്നെ തിയേറ്ററില്‍ ഹാജരായിരുന്നു. തമിഴരുടെ ഉള്ളില്‍ സ്റ്റൈല്‍ മന്നന്‍ ദളപതിയ്ക്കുള്ള സ്ഥാനമെന്തെന്ന് ആബാലവൃദ്ധം ജനങ്ങള്‍ തിങ്ങിനിറഞ്ഞ ആ തിയേറ്റര്‍ എനിക്ക് പറഞ്ഞു തന്നു.
ഒരു മാരുതി കാറിലായിരുന്നു അവരുടെ വരവ്. ഒരു പാട്ടിയും കൊച്ചു മകനും. പാട്ടിക്ക് കാഴ്ചയില്‍ എണ്‍ പതു തോന്നിച്ചു. കൊച്ചു മകന്‍ ഇരുപതുകളുടെ തുടക്കത്തിലായിരിക്കണം. പാട്ടിക്ക് നേരെ നടക്കാന്‍ നല്ല പ്രയാസമുണ്ട്. ആരെങ്കിലും നന്നായി താങ്ങി കൊടുക്കണം, എന്നാലേ ചാഞ്ഞു ചരിഞ്ഞെങ്കിലും നടക്കാന്‍ കഴിയൂ. പാട്ടി കൊച്ചുമകന്‍റെ കൈയും പിടിച്ച് വളരെ മെല്ലെ കാറില്‍ നിന്നിറങ്ങി എസ്കലേറ്ററിനടുത്തേക്ക് തത്തിത്തത്തി വന്ന് അല്‍പനേരം പകച്ചു നിന്നു. ‘ വേണ്ട... ഇതില്‍ പോവാന്‍ പറ്റില്ല... ലിഫ്റ്റ് മതി’ എന്ന് ചിണുങ്ങി.
‘ ഒരു പ്രശ്നവുമില്ല, നമുക്ക് ചുമ്മാ അങ്ങു പോവാ’ മെന്നായി കൊച്ചു മകന്‍.
പാവം പാട്ടിയ്ക്ക് ശങ്ക... ‘ വീണാലോ? നിനക്ക് പണിയാവില്ലേ..’
‘ ഈ ശങ്കകളാണ് കുഴപ്പം.. ഞാനില്ലേ കൂടെ .. ഒന്നും സംഭവിക്കില്ല.’
ഞാന്‍ അന്തം വിട്ട് നോക്കി നില്‍ക്കുമ്പോള്‍ കൊച്ചു മോന്‍ പാട്ടിയെ പൂണ്ടടക്കം പിടിച്ച് എസ്കലേറ്ററില്‍ കയറ്റി അങ്ങു കൊണ്ടു പോയി.
തിയേറ്ററില്‍ കയറും മുന്‍പ് പാട്ടിയെ ടോയിലറ്റില്‍ കൊണ്ടു വിട്ട് അവന്‍ പുറത്ത് കാത്തു നിന്നു. എന്നിട്ട് ഒരറിയിപ്പും.. ‘ വാതിലിന്‍റെ കുറ്റിയിടരുത്. കേട്ടല്ലോ.’
പാട്ടി പുറത്ത് വന്നപ്പോള്‍ അവരുടെ സാരിയിലെ ചുളിവൊക്കെ ശരിയാക്കി ‘ ഉം , കൊള്ളാം’ എന്ന് സ്വയം പറഞ്ഞ് അവന്‍ പാട്ടിയേയും കൂട്ടി തിയേറ്ററിനകത്ത് കടന്നു.
ഞങ്ങള്‍ അടുത്തടുത്ത സീറ്റുകളിലാണിരുന്നത്.
പോപ് കോണ്‍ വാങ്ങിക്കൊണ്ടു വന്ന് പാട്ടിയുടെ കൈയില്‍ കൊടുത്തിട്ട് അവന്‍ വാല്‍സല്യത്തോടെ വിരട്ടുകയാണ്.. ‘ ഇന്‍റര്‍ വെല്ലിനു മുന്‍പ് തീര്‍ക്കാന്‍ പാടില്ല.. ഇന്‍റര്‍ വെല്ലാകുമ്പോഴേ വേറെ വാങ്ങിത്തരികയുള്ളൂ.’
പാട്ടി ചിരിച്ചു.
സിനിമയില്‍ പ്രത്യേകിച്ച് ഒന്നുമുണ്ടായിരുന്നില്ല. നല്ല ഒരു കഥയോ മധുരമുള്ള ഒരു പാട്ടോ കുളിര്‍പ്പിക്കുന്ന ഒരു പ്രണയമോ ഉശിരന്‍ ഒരു സ്റ്റണ്ടോ അങ്ങനെ ഒരു തട്ടുപൊളിപ്പന്‍ സിനിമയില്‍ സാധാരണ കാണാറുള്ള യാതൊന്നും അതിലുണ്ടായിരുന്നില്ല. എല്ലാംകൊണ്ടും നിലവാരമില്ലാത്ത ഒരു മോശം സിനിമയായിരുന്നു അത്. എങ്കിലും പാട്ടി പൊട്ടിച്ചിരിക്കുകയും ‘ ഉം.. ഉം. നല്ലാരുക്ക് ജോറാരുക്ക് ..നമ്മ രജനി ഒരു ശിങ്കം താന്‍’ എന്നൊക്കെ പറയുകയും ചെയ്തു.
‘ അതെ.. അതെ.പാട്ടിക്ക് രജനിയെ കണ്ടാല്‍ മതിയല്ലോ. മറ്റൊന്നും വേണ്ടല്ലോ’ എന്ന് അപ്പോഴെല്ലാം അവന്‍ പാട്ടിയെ കളിയാക്കി.
എങ്കിലും ‘ ദാ..ഇത് നമ്മുടെ ശത്രുഘ്നന്‍ സിന്‍ഹയുടെ മകളാണ്.. ഇത് ഒരു പുതിയ നടിയാണ്... ഇത് ആ പാട്ടുകാരിയാണ് ‘ എന്നൊക്കെ പാട്ടിക്ക് പറഞ്ഞു കൊടുക്കുകയും അവര്‍ക്കൊപ്പം നിറഞ്ഞ സന്തോഷത്തോടെ പൊട്ടിച്ചിരിക്കുകയും ചെയ്തു.
എനിക്ക് സിനിമ കാണുന്നതിലും എത്രയോ ഇരട്ടി ആഹ്ലാദമുണ്ടായി... ആ സ്നേഹോഷ്മളമായ ബന്ധം നോക്കിയിരിക്കുമ്പോള്‍..
തിയേറ്ററില്‍ അന്ന് വന്നവരെല്ലാം ആണ്ടവനെ പ്രാര്‍ഥിച്ചിരിക്കും ... അങ്ങനെയൊരു പാട്ടിയും കൊച്ചുമകനും അവര്‍ എല്ലാവരുടേയും ജീവിതത്തിലും ഉണ്ടാവാന്‍..
പരസ്പരം ഗാഢമായി സ്നേഹിക്കുന്നവരെയും പരസ്പരം ആഴത്തില്‍ കരുതലുള്ളവരേയും അവര്‍ ആരുമായിക്കൊള്ളട്ടെ അവരെ, ഇങ്ങനെ കാണുന്നതും ഇങ്ങനെ നോക്കിയിരിക്കുന്നതും ഒരു സ്നേഹമാണ്, ഒരു സുഖമാണ്, ഒരു സന്തോഷമാണ്...

12 comments:

Akbar said...

നാട്ടിൽ വൃദ്ധസദനങ്ങൾ പെരുകുമ്പോൾ മനസ്സിനു സന്തോഷം പകരുന്ന ഒരു നല്ല കാഴ്ച്ചയെ എങ്ങിനെ എഴുത്തുകാരിക്ക് കാണാതെ പോകാനാവും..

Echmukutty said...

അതെ അക്ബര്‍ ജി , വായിച്ചതില്‍ സന്തോഷം..

സുധി അറയ്ക്കൽ said...

മനസ്സിനു നല്ല സുഖം തന്ന വായന..


ഓരോ തവണയും ചേച്ചിയെ വായിയ്ക്കാൻ വന്നിട്ട്‌ തളർന്നവശനായിട്ടാ പോകുന്നത്‌.ഇത്തവണയെന്തോ ആ ഫീലില്ല.

സുധി അറയ്ക്കൽ said...

മനസ്സിനു നല്ല സുഖം തന്ന വായന..


ഓരോ തവണയും ചേച്ചിയെ വായിയ്ക്കാൻ വന്നിട്ട്‌ തളർന്നവശനായിട്ടാ പോകുന്നത്‌.ഇത്തവണയെന്തോ ആ ഫീലില്ല.

പട്ടേപ്പാടം റാംജി said...

നന്നായി

© Mubi said...

സന്തോഷം എച്ച്മു ഇത് വായിച്ചപ്പോള്‍... :)

mini//മിനി said...

വളരെ സന്തോഷം തോന്നി,,
ഇങ്ങനെയും ചിലർ ജീവിച്ചിരിക്കുന്നത് ആശ്വാസമാണ്.

റോസാപ്പൂക്കള്‍ said...

സന്തോഷം തോന്നിയ വായന.

Muralee Mukundan , ബിലാത്തിപട്ടണം said...

പരസ്പരം ഗാഢമായി സ്നേഹിക്കുന്നവരെയും
പരസ്പരം ആഴത്തില്‍ കരുതലുള്ളവരേയും അവര്‍
ആരുമായിക്കൊള്ളട്ടെ അവരെ, ഇങ്ങനെ കാണുന്നതും
ഇങ്ങനെ നോക്കിയിരിക്കുന്നതും ഒരു സ്നേഹമാണ്, ഒരു സുഖമാണ്,
ഒരു സന്തോഷമാണ്...
അതെ ഇത്തരം സന്തോഷങ്ങൾ ഏത് വമ്പൻ സിനിമയേക്കാളും ഇമ്പം തരുന്നവയാണ്...!

നളിനകുമാരി said...

ഈ പ്രാവശ്യം ദുബായില്‍ ഞാന്‍ ചെന്നപ്പോള്‍ തണുപ്പ് സഹിക്കാന്‍ കഴിയാതെ കാലുവേദന കൂടി. ഇരിക്കുന്നിടത്തു നിന്ന് എഴുന്നേൽക്കുന്നതും കൂടി പരസഹായം വേണമെന്ന അവസ്ഥയായി. എന്നിട്ടും എന്റെ മോൻ താങ്ങി പിടിച്ചും വീൽചെയറിലിരുത്തിയും കാണേണ്ട സ്ഥലത്തൊക്കെ കൊണ്ടു പോയി. ഈ തിയേറ്റരീൽ എച്ച്മൂ കണ്ട കൊച്ചുമോനെപ്പോലെ...എന്റെ മക്കള്‍ ഞങ്ങളെ വൃദ്ധസദനത്തിൽ തള്ളില്ല എന്ന് ഉറപ്പുണ്ട്.

Bipin said...

സുഖം പകർന്ന കാഴ്ച. അതേ കുളിർമയോടെ അവതരിപ്പിച്ചു.കാര്യം കഴിഞ്ഞാൽ അമ്മയും അച്ഛനും അമ്മൂമ്മയും ഒക്കെ നമുക്ക് ഭാരമാകുന്നു.

Cv Thankappan said...

വാര്‍ദ്ധക്യം ബാല്യമാകുന്ന കാഴ്ച കണ്ടു!
കൊച്ചുമോന്‍റെ ശ്രദ്ധ മനസ്സില്‍‍ കുളിരായി പടര്‍ന്നു.
സന്തോഷം...
ആശംസകള്‍