Tuesday, March 15, 2016

ഒരു പ്ലാവ് , വെറും ഒരു കൂഴ പ്ലാവ് .

https://www.facebook.com/echmu.kutty/posts/378458529000114

വരിക്ക, ചെമ്പരത്തി വരിക്ക എന്നൊക്ക പറയുന്ന ആഢ്യത്തവും ഗമയുമൊന്നുമില്ല കൂഴയ്ക്ക്. എല്ലാവരും എപ്പോഴും പുച്ഛിച്ച് നിസ്സാരമാക്കും.

‘ അയ്യേ! കൂഴ പ്ലാവാണോ? ഒന്നിനും കൊള്ളില്ല.. ചക്ക പഴുത്തു വീണാ പിന്നെ ആകെ കൊഴകൊഴാന്ന് .. ഈച്ച ആര്‍ത്തിട്ട് നില്‍ക്കപ്പൊറുതിണ്ടാവില്ല....’

‘എന്തിനാ ഇങ്ങനെ നിറുത്തണത് ? വെട്ടിക്കളഞ്ഞൂടെ? എത്ര ചവറാ റോഡിലും പറമ്പിലും വീഴണത്? ‘

ഇതു കേള്‍ക്കാന്‍ തുടങ്ങീട്ട് അഞ്ചാറു വര്‍ഷമായി. ശരിക്കു പറഞ്ഞാല്‍ ദില്ലി വിട്ട് തിരുവനന്തപുരത്ത് താമസമാക്കിയതു മുതല്‍ ഇതു കേള്‍ക്കുകയാണ്.

പറയുന്നവരെല്ലാം ഇടിയന്‍ചക്കയും മൂത്ത ചക്കയും എടുക്കാറുണ്ട്. കടുകും അരിയും ചുവന്നമുളകും കറിവേപ്പിലയും വറുത്തിട്ട് നാളികേരം ചിരകി ചേര്‍ത്ത ഇടിയന്‍ ചക്ക തോരന്‍ എല്ലാവര്‍ക്കും ഇഷ്ടം തന്നെ. ചക്ക മൊളോഷ്യം, ചക്ക അവിയല്‍, ചക്ക മെഴുക്കു പുരട്ടി, ചക്കപ്പുഴുക്ക് ഇതിനൊക്കെ മൂത്ത ചക്ക വേണം. ചിപ്സ് വറുക്കാനും ചക്ക കൂടിയേ തീരു. പിന്നെ ചക്കക്കുരു പൊടിമാസും മസാലക്കറിയും കേമമാണ്.

ഇതിനൊക്കെ കൂഴച്ചക്ക കൊള്ളാം.

ചക്കയുടെ മടലും ചകിണിയും നാല്‍ക്കാലികള്‍ക്കു പ്രിയങ്കരമാണ്. കടുത്ത പച്ച നിറമുള്ള പ്ലാവിലകള്‍ ആടിനു കൊടുക്കാനും നല്ലതു തന്നെ. പ്ലാവിന്‍റെ തടിക്കും കുറ്റമൊന്നുമില്ല.
എന്നാലും കൂഴപ്ലാവ് മഹാമോശമെന്നേ എല്ലാവരും പറയുന്നുള്ളൂ. കാരണം പഴുത്ത ചക്ക കൊഴകൊഴാന്ന്...അതിനു സ്വാദില്ല... അത് തികച്ചും അണ്‍ മാനേജബിള്‍.. അതുകൊണ്ട് വെട്ടിക്കളയൂ ഈ പ്ലാവിനെ..

ഇലക്ട്രിസിറ്റി ബോര്‍ഡുകാര്‍ വരും. വൈദ്യുതകമ്പിക്കു മേലെയുള്ള കൊമ്പുകള്‍ അറുത്തു മാറ്റി പ്ലാവ് വെട്ടാന്‍ ഉപദേശം തന്ന് പോകും.

വഴിയില്‍ പ്ലാവില വീണു കിടക്കുന്നുവെന്ന് റെസിഡന്‍റ് അസോസിയേഷന്‍കാര്‍ പ്ലാവ് വെട്ടാന്‍ നിര്‍ദ്ദേശിക്കും.

നീറുംകൂടു നിറയുന്നുവെന്ന് അയല്‍പക്കക്കാര്‍ പ്ലാവ് വെട്ടാന്‍ പരാതി നല്‍കും.
വൈദ്യുതി ഭഗവാന്‍റെ അമ്പലക്കാരോട് മൌനം പാലിച്ചു, വീട്ടിലുള്ളപ്പോഴൊക്കെ വഴി തൂത്തുവാരി വൃത്തിയാക്കി, ചോണനുറുമ്പിനെ കാട്ടി നീറിനെ പേടിയാക്കി... ഇടിയന്‍ ചക്കയും മൂത്ത ചക്കയും പ്ലാവിലയുമൊക്കെ എല്ലാവര്‍ക്കും കൊടുത്തു.

എന്നാലും പരാതിയും പരിഭവവും ബാക്കി. ഒടുവില്‍ വീട്ടുടമസ്ഥ ഫോണ്‍ വിളിച്ച് കല്‍പിച്ചു. ‘അതങ്ങ് വെട്ടിക്കളഞ്ഞേക്കു. പിന്നെ ആരും ശല്യം ശല്യം എന്ന് ദേഷ്യപ്പെടുകയില്ലല്ലോ.’
പ്ലാവ് വെട്ടാന്‍ ആളുകള്‍ വന്നു. കഴിയുന്നത്ര കൊമ്പുകള്‍ ചീവിയിറക്കി. ഇരുണ്ട് പച്ചച്ച പ്ലാവിലകളുടെ അസൂയാവഹമായ സമ്പത്തുമായി തലയുയര്‍ത്തി നിന്ന പ്ലാവ് ഇപ്പോള്‍ അംഗഭംഗപ്പെട്ട നിസ്സഹായതയായി കുനിഞ്ഞു നില്‍ക്കുന്നു. കൊമ്പുകള്‍ ചീവുന്നതിനിടെ അനാഥമായി വീണ കുറെ ഇടിയന്‍ചക്കകളും മൂത്ത ചക്കകളും പ്ലാവ് വെട്ടാന്‍ വന്നവരും പരാതിക്കാരും കൊണ്ടുപോകുമ്പോള്‍ പ്ലാവ് ചിരിക്കുന്നുണ്ടെന്ന് തോന്നി .

പച്ചപ്പില്ലാത്ത വിളറിയ ചിരി.

‘ കൊമ്പുകള്‍ ചീവിയാല്‍ പോരേ, മുഴുവനും വെട്ടേണ്ടല്ലോ’ എന്ന് പലവട്ടം ചോദിച്ചപ്പോള്‍ വീട്ടുടമസ്ഥ ചിരിച്ചു... ‘ഇഷ്ടം പോലെ ചെയ്യൂ’ എന്ന് സംഭാഷണം അവസാനിപ്പിച്ചു.

ഇപ്പോള്‍ വരാന്തയില്‍ സന്ധ്യാപ്രകാശം തടസ്സമില്ലാതെ കടന്നു വരുന്നുണ്ട്. അപ്പുറത്തെ വീട്ടുവരാന്തയില്‍ തെളിഞ്ഞു നില്‍ക്കുന്ന തൂക്കുവിളക്കും പോര്‍ച്ചിലെ കൂറ്റന്‍ കാറും കാണാം.
ആ കൂഴ പ്ലാവിന്‍റെ പച്ചക്കര്‍ട്ടന്‍ ഇല്ലല്ലോ...


18 comments:

Anju Ramesh said...

പാവം പ്ലാവ്.

അയൽപക്കത്തെ വീടിനുള്ളിൽ നീറ് കയറുന്നു എന്ന പരാതി കാരണം വലിയ ഒരു അശോക മരം തടി മാത്രം ബാക്കി നിർത്തി മുറിക്കേണ്ടി വന്നിട്ടുണ്ട് എനിക്ക്. നാട്ടിലെ കുഞ്ഞുങ്ങൾ എല്ലാർക്കും തന്നെ കരപ്പന് എണ്ണ കാച്ചാൻ സ്ഥിരമായി പൂവ് കൊടുക്കുമായിരുന്ന നൻമമരമായിരുന്നു അത്. ആ മരം മുറിച്ചപ്പോൾ തോന്നിയ അതേ സങ്കടം ഈ പ്ലാവിന്റെ കഥ വായിച്ചപ്പോഴും... എച്ചുമുക്കുട്ടീ, എഴുത്ത് മനസിൽ കൊണ്ടു. പതിവു പോലെ തന്നെ .

Cv Thankappan said...

ചൂട് അസഹ്യമാകുന്നു!!!

റോസാപ്പൂക്കള്‍ said...

പാവം.
തരത്തിൽ കൊള്ളാത്തതിനെ അങ്ങ് തീർത്തെക്കുക

പട്ടേപ്പാടം റാംജി said...

അങ്ങിനെ അതിനെ ഒരു വഴിക്കാക്കി

കുസുമം ആര്‍ പുന്നപ്ര said...

ചക്കയ്ക്കും ചക്കക്കുരുവിനും ഔഷധമൂല്യം കണ്ടെത്തിയപ്പോള്‍ ആരേലും പ്ലാവു മുറിച്ചു കളയുമോ?

Aarsha Abhilash said...

ഒരു കഷ്ണം ചക്കയ്ക്കും, ചക്കക്കുരുവിനും ചക്കച്ചുളയ്ക്കും ഒക്കെ കൊതിക്കുന്ന മനസുകളും ഉണ്ടിവിടെ :(
പാവം പ്ലാവ്!

Joselet Joseph said...

ചക്ക ഏറ്റവും ഔഷധ ഗുണമുള്ള സാധനമായി നാസ കണ്ടെത്തിക്കഴിഞ്ഞു. ക്യാന്‍സറിനും അള്‍സറിനും വിശപ്പിനും...എല്ലാം....
ഒരു തണല്‍ പോയി, ഇല്ലേ...

അക്ഷരപകര്‍ച്ചകള്‍. said...

ഞാൻ ജീവിച്ചിരിപ്പുണ്ട് എന്നറിയിക്കാൻ വന്നതാ എച്മു. ഫേസ്ബുക് ഇപ്പൊ ഇല്ല. അക്കൗണ്ട് വെരിഫിക്കേഷൻ എന്ന ഗുലുമാൽ. വേറൊന്നു ഉണ്ടാക്കാൻ പറയുന്നു സുഹൃത്തുക്കൾ എങ്കിലും എന്നെങ്കിലും അത് ശെരിയാവും എന്ന വിശ്വാസം കൊണ്ട് അത് ചെയ്യാത്തതാ. ഒരു കവിത അയച്ചു തരാനിരിക്കുകയായിരുന്നു എച്മുവിന്. അപ്പോളാ എഫ്ബി പണി തന്നത്. ഇനി വരാം ബ്ലോഗിൽ ഇടയ്ക്ക്.

മണ്ണിന്റെ മണമുള്ള എഴുത്താണ് എച്മുവിന്. എനിക്ക് ഏറെ പ്രിയം. തണൽ ഇല്ലാതാക്കി മനുഷ്യൻ സ്വയം ഇല്ലാണ്ടാവുന്നു. ഹരിതം ചോർന്നു ചോർന്ന് നരയേറുന്നു. ജീവിച്ചിരിയ്‌ക്കെ ഭൂമിക്കു ചരമഗീതം കുറിച്ച് മൺമറഞ്ഞ മഹാകവി ഒഎൻവിയുടെ ദീർഘദർശനം സ്മരിക്കുന്നു ഞാൻ. കൂഴ ചക്ക എന്നൊക്കെ പറഞ്ഞു ഞാൻ വേര്തിരിക്കില്ല പ്ളാവിനെ.
"മുള്ള് പതിച്ചൊരു ചെല്ലാത്തിൽ നിന്നമ്മ
സ്വർണത്തിൻ കാതിൽതോട കണക്കെ
കോടികായ്ച്ച പ്ലാവിൻ തേൻവരിക്ക കനി-
യേകിയ മധുര്യമെൻ സ്‌മൃതയിൽ"
ചക്കപ്രിയായ ഞാൻ ഒരു വിഷുക്കവിതയിൽ കുറിച്ച വരികളാണ് ഇവ.

തൊടിയിലെ മധുരങ്ങളെ, നന്മകളെ, അമ്മസ്നേഹത്തെ ഇല്ലാതാക്കല്ലേ മാനുഷ്യരേ എന്ന അഭ്യർത്ഥന മാത്രം. ആശംസകൾ എച്മു.എന്നും സ്നേഹം.

Geetha said...

ചക്ക ഇഷ്ടമായവർക്ക് കൂഴയെന്നും, വരിക്കയെന്നും ഒന്നുമില്ല. കൂഴച്ചക്കയുടെ പഴം അടയുണ്ടാക്കാനും, കുമ്പിളപ്പം ഉണ്ടാക്കാനും ഒത്തിരി നല്ലതാണ്.
ആ പ്ലാവ് തന്ന തണുപ്പും, തണലും നഷ്ടമായ ദുഃഖം. സാരമില്ല നഷ്ടമായവ ഓർത്തു ഇനിയും ദുഃഖിച്ചിരുന്നിട്ട് കാര്യമില്ല.
സുഖമല്ലേ എച്ചുമിക്കുട്ടീ

നളിനകുമാരി said...
This comment has been removed by the author.
നളിനകുമാരി said...

ഇതുപോലുള്ള ഒരനുഭവംഎനിക്കുമുണ്ടായിരുന്നു

മാധവൻ said...

പ്ലാക്കഥയിൽ ,,മനസാക്ഷി പശ കിനിയുന്നു...ഒട്ടിപ്പിടിച്ച് ,,ഒട്ടിപ്പിടിച്ച്...അങ്ങനെ

ajith said...

മനുഷ്യർക്ക് നന്ദിയില്ല. മരത്തോടായാലും മനുഷ്യരോടായാലും

സുധി അറയ്ക്കൽ said...

എത്രയെത്ര പക്ഷികൾക്ക്‌ തണലായി നിലകൊള്ളുന്ന പാവം പ്ലാവിനെ വെട്ടാൻ തോന്നിയില്ലല്ലോ.

നല്ലത്‌ ചേച്ചീ.ഒരിയ്ക്കലും വെട്ടരുത്‌.മലമറിയ്കാൻ വരുന്നവർ മലമറിയ്ക്കട്ടെ.

കല്ലോലിനി said...

എനിക്ക് രണ്ട് ചക്കയും ഒരുപോലെ ഇഷ്ടമാണ്. എത്ര നന്മയുണ്ടെങ്കിലും കുറവുകൾ മാത്രം കാണാൻ നമ്മള്‍ മനുഷ്യര്‍ക്ക് ഒരു പ്രത്യേക കഴിവ് തന്നെയാണ്.

Muralee Mukundan , ബിലാത്തിപട്ടണം said...

ചക്ക വിഭവങ്ങളുടെ റാണിയായ വെറും
കൂഴപ്പെണ്ണിന്റെ പച്ചപ്പില്ലാതായല്ലോ എന്ന ഖേദം

the man to walk with said...

മരം ജീവൻ തരുന്നു ഫലവും തരുന്നു എന്നാലും ...

Bipin said...

കൂഴയോ വരിക്കയോ എന്നുള്ളതല്ല പ്രശ്നം. വരിക്ക ആയാലും ഇത് തന്നെയായിരുന്നു ഗതി. അസൌകര്യമായ കാര്യങ്ങൾ മാറ്റുക എന്ന മനസ്ഥിതി. അത്ര മാത്രം. വരും തലമുറയെ ഒന്നും ആരും നോക്കുന്നില്ല. നല്ല എഴുത്ത്.