മെട്ടിയണിഞ്ഞ മൈലാഞ്ചിച്ചുവപ്പുള്ള കാല് വിരലുകള്‍ക്ക് മോഹിപ്പിക്കുന്ന സൌന്ദര്യമുണ്ടെന്നാണ് വിശ്വാസം . മുതിര്‍ന്നവര്‍ പലരും പറയുന്നതു കേട്ടും പിന്നെ സിനിമകള്‍ കണ്ടും കഥകള്‍ വായിച്ചും ഒക്കെ ഉറപ്പിച്ചു കിട്ടിയിട്ടുള്ള ഒരു ബാല്യകാല വിശ്വാസമാണത്.
രാവണന് മോഷ്ടിച്ചുകൊണ്ട് പോയപ്പോള്‍ സീത സ്വന്തം മെട്ടി ഊരി വലിച്ചെറിഞ്ഞുവെന്നും ആ മെട്ടി കണ്ട് സീത അപഹരിക്കപ്പെട്ടിരിക്കുന്നുവെന്ന് ശ്രീരാമനു മനസ്സിലായി എന്നും രാമായണ കഥയുണ്ട്.
നല്ലോണം ശ്രദ്ധിച്ചു വായിച്ചാല്‍ മഹാഭാരതത്തിലും കാണും ഈ മെട്ടിയെപ്പറ്റി പറയുന്ന ഒരു സ്പെഷ്യല്‍ കഥ.
ഇന്ത്യയിലെ എല്ലാ ഭാഗത്തും രാമായണവും മഹാഭാരതവുമായി ബന്ധപ്പെട്ട അനവധി അനവധി കഥകള്‍ ഉണ്ടല്ലോ. ഭര്‍തൃമതികളും പതിവ്രതകളുമാണെങ്കില്‍ മഹാഭാരതത്തിലും സുലഭമാണ്. പിന്നെയാണോ മഹാഭാരതത്തില്‍ ഒരു മെട്ടിക്കഥയ്ക്ക് പഞ്ഞം?
ഒരു കാല് വിരലിലെ മെട്ടി ഭര്‍ത്താവിനും മറ്റേകാലിലേത് സഹോദരനുമാണെന്നും കഥയുണ്ട്, വടക്കേ ഇന്ത്യയിലെ ചിലയിടങ്ങളില്‍. സഹോദരന് മരിച്ചാല്‍ ഒരു കാല് വിരലിലേത് മാറ്റിക്കളയാറുണ്ട്. ഭര്‍ത്താവ് മരിച്ചാല്‍ സഹോദരന് ജീവിച്ചിരിപ്പുണ്ടെങ്കിലും ഇരു കാലുകളിലേതും മാറ്റും. ഭര്‍ത്താവിനോളം പവര്‍ സ്ത്രീയുടെ ജീവിതത്തില്‍ സഹോദരനില്ല തന്നെ.
മെട്ടി കാലിന്റെ നടുവിരലില്‍ ധരിക്കുമ്പോള്‍ കിട്ടുന്ന ഘര്‍ഷണം കൊണ്ട് സ്ത്രീയുടെ പ്രത്യുല്‍പ്പാദന ചക്രം ക്രമമാവുകയും അങ്ങനെ അവള് വേഗം ഗര്‍ഭം ധരിച്ച് ആരോഗ്യമൂള്ള കുഞ്ഞിനെ പ്രസവിക്കുകയും ചെയ്യും.. നടുവിരലിലെ ഒരു പ്രത്യേക നെര്‍വ് ഗര്‍ഭപാത്രത്തേയും ഹൃദയത്തേയും തൊട്ട് കടന്നുപോകുന്നുണ്ടെന്നും അതുകൊണ്ടാണ് മെട്ടിയുടെ ഘര്‍ഷണം ഗര്‍ഭധാരണവും പ്രസവവും സുഗമമാക്കുന്നതെന്നുമാണ് ശാസ്ത്രീയ വിശകലനം. സ്ത്രീ ധരിക്കുന്നത് വെള്ളിയുടെ മെട്ടിയാണെങ്കില്‍ വെള്ളി എന്ന ലോഹം ഭൂമിയില്‍ നിന്നുമുള്ള ഊര്‍ജ്ജത്തെ വഹിച്ച് സ്ത്രീക്ക് നല്കുന്നതുകൊണ്ട് അവള് എപ്പോഴും ആരോഗ്യവതിയായിരിക്കും.
ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത കഥകളും വിശ്വാസങ്ങളും അതിനൊക്കെപ്പുറമേ ശാസ്ത്രീയതകളുമുണ്ട്...
തമിഴ് ബ്രാഹ്മണരുടെ കല്യാണത്തിലെ വേദനാജനകമായ ഒരു അധ്യായമാണ് മെട്ടിയണിയിക്കല്‍. കല്യാണച്ചടങ്ങുകള്‍ ഏകദേശം അവസാനിക്കാറാവുമ്പോഴാണ് അതുണ്ടാവുന്നത്. അടുക്കളയിലെ അമ്മിക്കല്ല് കല്യാണ സദസ്സിലേക്ക് ആനയിക്കപ്പെടുന്നു. അമ്മയുടെ പ്രതീകമാണ് അമ്മി. ഇപ്പോ അമ്മി പോലെ ഉറച്ച ബന്ധമുണ്ടാവണമെന്ന് കരുതിയാണ് അമ്മിപ്പുറത്ത് കാല് വെപ്പിക്കുന്നതെന്നു പറഞ്ഞു തുടങ്ങീട്ടുണ്ട്, ചിലയിടങ്ങളിലൊക്കെ.
പഠനവും ബ്രഹ്മചര്യ ദീക്ഷയും കഴിഞ്ഞ് എനിക്ക് ഗൃഹസ്ഥാശ്രമിയാകാന്‍ ആരും വധുവിനെ തരുന്നില്ലെന്ന് പരിഭവിച്ച് കാശിയാത്രക്ക് തയാറായി പരദേശി കോലം കെട്ടുന്ന വരനെ അല്ലല്ല, നീ ഞങ്ങള്‍ക്ക് വിഷ്ണു ഭഗവാനല്ലേ, എന്റെ മകളെ സ്വീകരിച്ച് ഗൃഹസ്ഥാശ്രമ ധര്‍മ്മം നിര്‍വഹിക്കൂ എന്ന് വരന്റെ കാല്ക്കല് സാഷ്ഠാംഗം നമസ്ക്കരിച്ചാണ് വധൂ പിതാവ് വരനെ സ്വീകരിക്കുന്നത് . കന്യാദാനം ചെയ്തുകഴിഞ്ഞാല്‍ അച്ഛന് പിന്നെ സ്വന്തം മകള്‍ അന്യയായി മാറുന്നു.
ലാജഹോമം ചെയ്ത് അഗ്നിയില്‍ മലരു പൊരിയിച്ച് വരന് നല്കുന്ന പണവും പറ്റിയാല്‍ സഹോദരനും സ്വന്തം സഹോദരി അന്യയായിക്കഴിഞ്ഞു.
ഇനി ബാക്കിയുള്ളത് അമ്മയുമായുള്ള ബന്ധമാണ് . അതാണ് പൊട്ടാന്‍ ഇത്തിരി പ്രയാസമുള്ള ബന്ധം. അതിനാണ് അമ്മിക്കല്ലെന്ന അമ്മ. വരന് വധുവിന്റെ പാദം അമ്മിക്കല്ലിന്മേല് ഉയര്‍ത്തി വെപ്പിച്ച് കാലിലെ നടുവിരലില്‍ വെള്ളിവളയങ്ങള്‍ ( മെട്ടി അല്ലെങ്കില്‍ മെഞ്ചി) അണിയിക്കുന്നു.
ജാഗ്രതൈ... ഈയൊരൊറ്റ അവസരത്തിലാണ് ഭര്‍ത്താവ് ഭാര്യയുടെ പാദം സ്പര്‍ശിക്കുമ്പോള്‍ ഭാര്യയ്ക്ക് പാപം കിട്ടാത്തത്. അതിനുശേഷം അയാള്‍ ഭാര്യയുടെ പാദം കൈകൊണ്ട് അറിയാതെ സ്പര്‍ശിക്കാനിട വന്നാല്‍ പോലും അടുത്ത ഏഴു ജന്മം നരകയാതനയാണ് ഭാര്യയ്ക്ക് ഫലം.
ഓ! പിന്നേ എന്ന് അവിശ്വാസം സ്ഫുരിക്കുന്ന കണ്ണുകളോടെ അങ്ങനെ നോക്കുകയൊന്നും വേണ്ട.
ഇക്കാര്യങ്ങളൊക്കെ അതേ പോലെ വിശ്വസിക്കുന്ന രസതന്ത്രത്തിലും മാത് മാറ്റിക്സിലുമൊക്കെ ഡബിള്‍ ഡോക്ടറേറ്റ് എടുത്തിട്ടുള്ള ഐ ഐ ടിക്കാര് നമ്മുടേ നാട്ടില്‍ സുലഭമാണ്. എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരും ജഡ്ജിമാരും ഐ എ എസ്സുകാരും സുലഭമാണ്.
അങ്ങനെ പ്രസവിച്ചു വളര്‍ത്തിയ അമ്മയേയും ചവുട്ടി മകള്‍ നടന്നു പോവുകയാണ്. (പുക്കാത്തിലേയ്ക്ക്... പുകുന്ത ആത്തിലേക്ക് ... പൂകുന്ന വീട്ടിലേക്ക് ... ഭര്‍തൃഗൃഹത്തി ലേക്ക്)
ഇനി അവള് ജനിച്ചു വളര്‍ന്ന വീട്ടില്‍ വിരുന്നുകാരി മാത്രം. ഭര്‍തൃമാതാവും പിതാവും മരിച്ചാല്‍ ഒരു വര്‍ഷം പുലയാചരിക്കേണ്ടവള്‍ സ്വന്തം മാതാപിതാക്കള്‍ മരിച്ചാല്‍ വെറും മൂന്നു ദിവസം പുലകുളിച്ചാല്‍ മതി. അത്രയേ ഉള്ളൂ അവരോടുള്ള ബന്ധം.
മെട്ടി അഥവാ മെഞ്ചി സുമംഗലിയുടെ ചിഹ്നമാണെന്ന് പാട്ടുപാടി കഥ പറഞ്ഞ് മോഹിപ്പിച്ച് വെള്ളിയില്‍ തീര്‍ക്കണോ സ്വര്‍ണത്തില്‍ തീര്‍ക്കണോ വജ്രം പതിക്കണോ എന്നൊക്കെ വട്ടക്കെ വട്ടക്കെ ( വൈ ഗോയിംഗ് റൌണ്ട് ആന്‍ഡ് റൌണ്ട് ) ചര്‍ച്ച ചെയ്ത് ഒടുവില്‍ വെള്ളിയില്‍ തീര്‍ത്തതു മതി എന്ന് കല്യാണ നിശ്ചയത്തിനു തന്നെ തീരുമാനിക്കും. മെഞ്ചി ആണ്‍വീട്ടുകാരല്ലേ കൊണ്ടു വരിക ? അവര്‍ക്ക് അധികം ചെലവ് ചെയ്യേണ്ട ആവശ്യമില്ലല്ലോ. പെണ്‍വീട്ടുകാര്‍ക്കല്ലേ ചെലവ് എല്ലാം ചെയ്യേണ്ടതും ആണ്‍വീട്ടൂകാരുടെ പുറകേ നടന്ന് ചെരിപ്പ് തേയേണ്ടതും?
പിന്നെ അരയ്ക്ക് താഴെ സ്വര്‍ണം ധരിച്ചുകൂടാ എന്നൊരു സൌകര്യപ്രദമായ പഴഞ്ചൊല്ലുമുണ്ട്. സ്വര്‍ണത്തിനെ ബഹുമാനിക്കണം. അത് മറ്റു ലോഹങ്ങളെപ്പോലെ നിസ്സാരമല്ല. അത് പരിശുദ്ധമാണ്. അതുകൊണ്ട് സ്വര്‍ണപ്പാദസരവും സ്വര്‍ണമെട്ടിയുമൊന്നും ബ്രാഹ്മണസ്ത്രീക്ക് പാടില്ല.
മെട്ടി ഇടാന്‍ ഇഷ്ടമില്ലെന്ന് ബ്രാഹ്മണസ്ത്രീ പറയട്ടേ എന്ന് വെല്ലുവിളിക്കാം... താലി കെട്ടാന്‍ ഇഷ്ടമില്ലെന്ന് പറയട്ടെ... പര്‍ദ്ദ ഇടാന്‍ പറ്റില്ലെന്ന് പറയട്ടെ...അങ്ങനെ പെണ്ണുങ്ങള് കൊന്നാല്‍പോലും എതിരായി വായ തുറക്കില്ലെന്ന് ഉറപ്പുള്ള കുറെ വെല്ലുവിളികള്‍ ഉണ്ട്. രാജസ്ഥാനിലെ സ്ത്രീകള്‍ ശൈശവവിവാഹം മതി എന്നും സതി ചെയ്യാന്‍ സമ്മതമാണെന്നും ഒക്കെ മുദ്രാവാക്യം വിളിച്ച് ജാഥ നടത്തിയ പോലെ... ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കുന്നത് സ്ത്രീകള്‍ക്ക് ഇഷ്ടമായിട്ടു തന്നെയാണെന്നും അതുകൊണ്ട് അതിലൊന്നും ഒരു തെറ്റുമില്ലെന്നും ഭൂരിഭാഗം ആണും പെണ്ണുമടങ്ങുന്ന മനുഷ്യരെല്ലാം വിശ്വസിക്കാനും പ്രചരിപ്പിക്കാനും താല്പര്യവും കാണിക്കുന്നു ... എന്താ ല്ലേ...
വിശ്വാസത്തിന്റെ ഒരു ബലം !
തീര്‍ച്ചയായും പല രീതിയില്‍ പല അളവുകളില്‍ ബ്രാഹ്മണ്യത്തിനെ അനുകരിക്കാനാണ് മറ്റ് താഴ്ത്തപ്പെട്ട ജാതികളില്‍ പല തരത്തിലുള്ള പദ്ധതികളിലൂടെ ഉളവാക്കുന്ന പ്രേരണ. അതിനുള്ള ഒരു ഭയങ്കര സൂത്രവിദ്യയാണ് ജനനം കൊണ്ടല്ല, കര്‍മ്മം കൊണ്ടാണ് ഒരു ആള് ബ്രാഹ്മണനാകുന്നത് എന്ന കള്ളപ്രചാരണം.
ചുമ്മാതാണ്..കേട്ടൊ. ജന്മം കൊണ്ട ബ്രാഹ്മണസ്ത്രീകള്‍ക്ക് തന്നെ ഫുള്‍ പവറുള്ള ബ്രാഹ്മണരാകാന്‍ പറ്റിയിട്ടില്ല. പിന്നെയാണ് കര്‍മ്മം കൊണ്ട് മറ്റുള്ളവര്‍ ആവണത്..
19 comments:
ഇക്കാര്യങ്ങളൊക്കെ അതേ പോലെ വിശ്വസിക്കുന്ന രസതന്ത്രത്തിലും മാത് മാറ്റിക്സിലുമൊക്കെ ഡബിള്‍ ഡോക്ടറേറ്റ് എടുത്തിട്ടുള്ള ഐ ഐ ടിക്കാര് നമ്മുടേ നാട്ടില്‍ സുലഭമാണ്. എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരും ജഡ്ജിമാരും ഐ എ എസ്സുകാരും സുലഭമാണ്.
എന്താല്ലേ.... കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍...
ജാതിയുടെയും മതത്തിന്റെയും മതില്ക്കെട്ടുകള്ക്കുള്ളില് നിന്ന് മനുഷ്യന് എന്നാണ് പുറത്ത് കടക്കുക...? അങ്ങനെയൊരു സമത്വസുന്ദര ലോകം എന്നെങ്കിലുമുണ്ടാകുമോ...? പ്രത്യാശിക്കാം...
"താഴ്ത്തപ്പെട്ട ജാതി" അത് കസറി! ഇനി ഓര്‍മ്മയില്‍ വെച്ചോളാം.
ഈ മെട്ടിയൊന്നും ഞാന്‍ കണ്ടിട്ടില്ലാ, ട്ടോ. ബ്രാഹ്മണസ്ത്രീകളുടെ കാലില്‍ നോക്കാത്തോണ്ടാവും.
മിഞ്ചിയുടെ കഥയൊന്നും അറിയാതെ കുറച്ചു കാലം അതെന്റെ കാലിലും ഇട്ടിരുന്നു... ഓരോരോ വിശ്വാസങ്ങള്‍!
ഇപ്പോള്‍ ഫാഷനുവേണ്ടി അബ്രാഹ്മണരും മിഞ്ചി ഇടുന്നുണ്ട്. കുറച്ചു കഴിഞ്ഞാല്‍ അവിവാഹിതകളും ഇട്ടേക്കാം
എച്മുവേ ... വിശ്വാസം അതല്ലേ എല്ലാം.
എച്മുവേ ... വിശ്വാസം അതല്ലേ എല്ലാം.
വായിച്ചു. ഈ എച്ച്മു വലിയ സംഭവാന്ന് എല്ലാരും പറീന്ന്ണ്ട്. ഒരു പുസ്തകം കിട്ടാൻ എന്തെങ്കിലും വഴീണ്ടാ?
വായിച്ചു. ഈ എച്ച്മു വലിയ സംഭവാന്ന് എല്ലാരും പറീന്ന്ണ്ട്. ഒരു പുസ്തകം കിട്ടാൻ എന്തെങ്കിലും വഴീണ്ടാ?
ചുമ്മാതാണ്..കേട്ടൊ. ജന്മം കൊണ്ട ബ്രാഹ്മണസ്ത്രീകള്‍ക്ക് തന്നെ ഫുള്‍ പവറുള്ള ബ്രാഹ്മണരാകാന്‍ പറ്റിയിട്ടില്ല. പിന്നെയാണ് കര്‍മ്മം കൊണ്ട് മറ്റുള്ളവര്‍ ആവണത്..
ആശംസകൾ...
ഉള്ളില്‍ ഉറച്ചുകഴിഞ്ഞാല്‍ തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം.
(അന്ധ)വിശ്വാസം ഇപ്പോള്‍ ഏറുകയാണ്!
ആശംസകള്‍
സ്ത്രീ ധരിക്കുന്നത് വെള്ളിയുടെ മെട്ടിയാണെങ്കില്‍ വെള്ളി എന്ന ലോഹം ഭൂമിയില്‍ നിന്നുമുള്ള ഊര്‍ജ്ജത്തെ വഹിച്ച് സ്ത്രീക്ക് നല്കുന്നതുകൊണ്ട് അവള് എപ്പോഴും ആരോഗ്യവതിയായിരിക്കും....ഫിസിക്സ് പ്രകാരം ഈ ഊര്‍ജ്ജം ചാലനം ചെയ്യപ്പെടണമെങ്കില്‍ ചെരുപ്പിടാതെ നടക്കണം.അങ്ങനെയാണോ എച്മൂ?.
ഈ മെട്ടി ചരിതം വലിയ പിടിയുണ്ടായിരുന്നു..
എന്റെ ഇവിടെയുള്ള ഒരു പാക്കിസ്ഥാനി കൂട്ടുകാരിയുടെ
രണ്ട് കാൽ വിരലുകളിലും ഞാനിത് കണ്ടിട്ടുണ്ട്..
ഒരു പക്ഷേ ഇവരും പണ്ടത്തെ ബ്രാപ്മണകുലത്തിൽ
പെട്ടവരായിരിക്കാം..വെള്ളക്കാരുടെ നാട്ടിൽ വന്ന് പെട്ടിട്ടും
മെട്ടിയും മട്ടും ഇന്നും മാറിയിട്ടില്ലാ എന്ന് മാത്രം..!
നന്നായി. ആശംസകൾ.
മെട്ടിയാനാലും മെഞ്ചിയാനാലും
വിശ്വാസം താന്‍ മുക്കിയം.
ജന്മനാ ജായതേ ശൂദ്രഃ
സംസ്കാരാത് ദ്വിജ ഉച്ച്യതേ
വേദ പാഠേത് ഭവേ വിപ്രഃ
ബ്രഹ്മ ജ്ഞാനേതി ബ്രാഹ്മണഃ
മുബി പറഞ്ഞപോലെ മിഞ്ചി ചരിത്രമൊന്നുമറിയാതെ ഞാനും കുറേക്കാലം മിഞ്ചിയിട്ടു നടന്നിരുന്നു. പിന്നെ എപ്പോഴോ അത് മാറ്റി. ഈയിടെയായി വീണ്ടും മിഞ്ചിയണിയാൻ ചെറിയൊരു മോഹം തുടങ്ങി ഒന്നുവാങ്ങണമെന്നു കരുതി ഇരിക്കുമ്പോഴാണ് എച്ചുമുവിന്റെ ഈ കഥ വായിക്കാനിട വന്നത്.
മിഞ്ചിചരിത്രം വിശദമായി പറഞ്ഞു തന്നതിന് നന്ദി എച്ചുമു.
ജാഗ്രതൈ... ഈയൊരൊറ്റ അവസരത്തിലാണ് ഭര്‍ത്താവ് ഭാര്യയുടെ പാദം സ്പര്‍ശിക്കുമ്പോള്‍ ഭാര്യയ്ക്ക് പാപം കിട്ടാത്തത്. അതിനുശേഷം അയാള്‍ ഭാര്യയുടെ പാദം കൈകൊണ്ട് അറിയാതെ സ്പര്‍ശിക്കാനിട വന്നാല്‍ പോലും അടുത്ത ഏഴു ജന്മം നരകയാതനയാണ് ഭാര്യയ്ക്ക് ഫലം.
ഇത് വായിച്ച് കോപ്പെന്നൊക്കെ പറഞ്ഞിട്ട് താഴേയ്ക്ക് വന്നപ്പോൾ ആകെ ദേഷ്യം വന്നു.
വായിച്ച് അമർഷം കൊള്ളണമെങ്കിൽ ചേച്ചിയെ വായിക്കാൻ വരണം.
എച്ചുവേ, എന്നത്തേയും പോലെ നന്നായിരിക്കുന്നു എന്ന് ആദ്യമേ പറയട്ടെ..ഇനി ബ്രാഹ്മിണ വിഭാഗവുമായി അധികം ബന്ധമോന്നില്ലാത്തത് കൊണ്ട്, ഓരോ ആചാരങ്ങളുടെയും അര്‍ഥങ്ങള്‍ തീരെ പരിചയമില്ല എനിക്ക്. പക്ഷെ ഇത് വായിച്ചപ്പോള്‍ തോന്നിയത്, കല്യാണത്തോടെ പെണ്ണിന് സ്വന്തം വീടും അച്ഛനമ്മമാരും ഒക്കെയുള്ള ബന്ധത്തേക്കാള്‍ ഭര്‍തൃ വീടുമായി മാത്രമേ ബന്ധം പാടുള്ളൂ എന്നാ സങ്കല്പം ഭാരതത്തിലെ എല്ലാ സമൂഹവും ഒരളവോളം share ചെയ്യുന്നുണ്ട് എന്നാണ് കൂടുതല്‍ ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാവുക. ഞാനൊരു മുസ്ലിം വിഭാഗത്തില്‍ പെട്ട, മുസ്ലിംകള് തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് നിന്നും വരുന്ന ഒരു സ്ത്രീയാണ്. എന്റെ ചുറ്റുപാടിലും നാട്ടു ചിന്തകള്‍ ഇതൊക്കെ തന്നെയാണ്. കല്യാണത്തോടെ സ്ത്രീയുടെ വീടുമായുള്ള ബന്ധം അത്രയേ വേണ്ടു എന്നാ ചിന്ത. എന്തിനേറെ സ്വന്തം മാതാപിതാക്കള്‍ അസുഖമായിക്കിടന്നാലും, ഒറ്റയ്ക്കായാലും, പെണ്ണിന് അവരെ സഹായിക്കണമെങ്കില്‍ നൂറു കണക്കിന് പ്രതിബന്ധങ്ങളാണ്. ഒരുപാടൊരുപാട് നാട്ടു നിയമങ്ങള്‍. അല്ലെങ്കില്‍ സാമൂഹിക നിയമങ്ങള്‍. ഇത്തരം പുരുഷാധിപത്യ ചിന്തകള്‍ ഊട്ടിഉറപ്പിക്കാനും, സ്ത്രീകളെ കൊണ്ട് തന്നെ അത് നടപ്പില്‍ വരുത്തിക്കാനും, മതങ്ങളെ കൂട്ടുപിടിക്കുകയും ചെയ്യും.ആലോചിക്കുമ്പോള്‍ കഷ്ട്ടമാണ് തോന്നുക. വെറുമൊരു ആഭാരണത്തിന് പോലും, ആധിപത്യ അര്‍ഥങ്ങള്‍...എത്ര വിദ്യാഭ്യാസം ഉണ്ടായിട്ടും ഇതൊന്നും മാറുന്നെ ഇല്ല.
ഓരോരോ കീഴ്വഴക്കങ്ങൾ... അല്ലെങ്കിൽ അവയുടെ പേരിൽ നടക്കുന്ന തോന്നിയവാസങ്ങൾ
Post a Comment