Saturday, May 7, 2016

മൂന്നാറിന്‍റെ ഉയരങ്ങളില്‍...




https://www.facebook.com/groups/812445722293457/permalink/889838967887465/
https://www.facebook.com/groups/1945563405669128/permalink/2597991093759686/
https://www.facebook.com/groups/yaathra/permalink/816191145137608/
https://www.facebook.com/echmu.kutty/posts/428866793959287

 ദൂരെത്തെവിടേയോ പെയ്യുന്ന മഴയുടെ നനവു തോന്നിപ്പിക്കുന്ന ഒരു ഇളം കാറ്റു വീശുന്നുണ്ടായിരുന്നു. ആകാശത്ത് നന്നെ വിളറിയ പൌര്‍ണമിച്ചന്ദ്രന്‍... വാഹനങ്ങളൊഴിഞ്ഞ നാഷണല്‍ ഹൈവേയില്‍ എസ് യു വി കാത്ത് നില്‍ക്കുമ്പോള്‍ ആരോ വഴക്കു കൂടുന്ന മാതിരി തോന്നി. ചെവിയോര്‍ത്തപ്പോള്‍ കേട്ടത് ഹിന്ദി ഭാഷയിലെ ഗൃഹകലഹമായിരുന്നു.

മാമലകള്‍ക്കിപ്പുറത്തെ കേരം തിങ്ങും മലയാള നാട്ടില്‍ രാത്രി രണ്ടുമണിക്ക് ഹിന്ദി ഭാഷ ആക്രോശങ്ങളായി ഉയരുന്നു. തൊട്ടപ്പുറത്തെ ഫ്ലാറ്റില്‍ നിന്നായിരുന്നു ആ കലഹമെന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ മനസ്സിലായി. പുരുഷ ശബ്ദങ്ങളായിരുന്നു രാത്രിയെ കീറിമുറിച്ചിരുന്നത്.. അച്ഛനും മകനുമാവാം.. സഹോദരങ്ങളാവാം.. സുഹൃത്തുക്കളാവാം...
തിരുവനന്തപുരത്ത് നിന്ന് മുന്നൂറു കിലോമീറ്ററിലധികം യാത്ര ചെയ്ത് മൂന്നാറിലേക്ക് പോവാനായിരുന്നു ആ കാത്തുനില്‍പ്പ്. വാസ്തുശില്‍പികളാണ് ഇത്തവണയും എന്‍റെ സഹയാത്രികര്‍.

നന്നെ കുട്ടിയായിരുന്നപ്പോഴാണ് ഇതിനു മുന്‍പ് മൂന്നാറില്‍ പോയിട്ടുള്ളത്. കരടിപ്പാറ എന്നോ മറ്റോ പേരുള്ള സ്ഥലത്തുണ്ടായ ഭീകരമായ ഒരു ബസ്സപകടം കഴിഞ്ഞ് അധിക ദിവസങ്ങളായിരുന്നില്ല അപ്പോള്‍. യാത്രയിലുടനീളം അച്ഛനും സുഹൃത്തുക്കളും ആ അപകടത്തെപ്പറ്റി പിന്നെയും പിന്നെയും സംസാരിക്കുന്നുണ്ടായിരുന്നു.

എസ് യു വി യില്‍ എന്‍റേതു മാത്രമായിരുന്നു സ്ത്രീ സാന്നിധ്യം. ഞാന്‍ മൌനിയായതു പോലെ സഹയാത്രികരായ പുരുഷന്മാരും കരുതലോടെ മാത്രമേ എപ്പോഴും സംസാരിച്ചുള്ളൂ. പുരുഷന്മാര്‍ തനിച്ചാകുമ്പോള്‍ അവര്‍ക്കനുഭവപ്പെടുന്ന എന്തും പറയാവുന്ന സ്വാതന്ത്ര്യം എന്‍റെ സാന്നിധ്യത്തില്‍ അവര്‍ക്ക് പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് ഇത്തരം യാത്രകളില്‍ ഞാന്‍ കണ്ടറിഞ്ഞിട്ടുണ്ട്. അവര്‍ പലപ്പോഴും വാക്കുകള്‍ വിഴുങ്ങി പെട്ടെന്ന് മൌനത്തിന്‍റെ കൂട്ടിലൊളിക്കാറുണ്ട്, കാര്യമില്ലാതെ ചുമച്ചു സംഭാഷണത്തില്‍ മാറ്റം വരുത്താറുണ്ട്. ചില വല്ലാത്ത വാക്കുകള്‍ അവരില്‍ സ്വാഭാവികമായി ഉദിയ്ക്കാറുണ്ടെന്നും അത് സ്ത്രീകള്‍ക്ക് മുന്നില്‍ അങ്ങനെ എടുത്തിടരുതെന്നുമുള്ള ബോധ്യമാണ് ആ വിഴുങ്ങലിനും മൌനത്തിനും ചുമയ്ക്കും പിറകിലെന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.

സീറ്റ് ബെല്‍റ്റൊക്കെ ഇട്ട് ഉറങ്ങാന്‍ തയാറെടുത്തുകൊണ്ട് എല്ലാവരും തമ്മില്‍ പരിചയപ്പെടുകയും ഏതു നിമിഷവും ഉറങ്ങി വീണേക്കുമെന്ന മുന്നറിയിപ്പോടെ സംഭാഷണം തുടരുകയും ചെയ്തു.

പുരുഷന്മാര്‍ സംസാരിക്കുന്നത് കേള്‍ക്കുക മാത്രം ചെയ്തുകൊണ്ട് യാതൊരു മറുപടിയും പറയാതെ ഒന്നു മൂളുക പോലും ചെയ്യാതെ, എസ് യു വി യുടെ വലിയ ജനല്‍ച്ചില്ലിലൂടെ പൌര്‍ണമിച്ചന്ദ്രനെയും ചന്ദ്രി കയുടെ മങ്ങിയ വെണ്മയേയും കണ്ടിരുന്ന ഞാന്‍ അധികം വൈകാതെ മുറിഞ്ഞു പോയ ഉറക്കത്തിലേക്ക് വഴുതിവീണു.

യാത്രയിലെവിടേയോ വെച്ച് വന്യമായ പച്ചപ്പിന്‍റെ തീക്ഷ്ണ സുഗന്ധം എന്നെ വലയം ചെയ്തപ്പോഴാണ് ഞാന്‍ കണ്ണു മിഴിച്ചത്. മൂന്നാറിന്‍റെ കവാടത്തിലെത്താറായിരുന്നു അപ്പോള്‍. ഗാഢമായി ഉറങ്ങിപ്പോയതുകൊണ്ട്, പുരുഷന്മാര്‍ ഇടയില്‍ ഒന്നു രണ്ടു തവണ എസ് യു വി നിറുത്തി ചായ കുടിച്ചതൊന്നും ഞാനറിഞ്ഞിട്ടുണ്ടായിരുന്നില്ല. റോഡിനിരുവശവും പച്ചപ്പിന്‍റെ ഉയര്‍ന്നുയര്‍ന്നു പോകുന്ന വന്‍മതിലായിരുന്നു. അവയില്‍ മനോഹരമായ കാട്ടുപുഷ്പങ്ങള്‍ പുഞ്ചിരിച്ചു... വിശ്വസുന്ദരിമാരെപ്പോലെ.. പല പൂക്കളും അപൂര്‍വ നിറങ്ങളിലായിരുന്നു ... പല രൂപങ്ങളിലായിരുന്നു.. ഒറ്റയ്ക്കും കൂട്ടമായും...അവ നിന്നിരുന്നു..

വഴിയില്‍ വെച്ച് രണ്ട് അതി മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ കുംഭകര്‍ണസേവയിലായിരുന്ന എന്നെ എണീപ്പിക്കാന്‍ കഴിയുന്നത്ര പരിശ്രമിച്ചുവെന്നും ആ പരിശ്രമത്തിന്‍റെ ഫോട്ടൊ അവര്‍ എടുത്തിട്ടുണ്ടെന്നും അതു കണ്ട് തൃപ്തിപ്പെടാമെന്നും വാസ്തുശില്‍പികള്‍ എന്നെ പരിഹസിച്ചു.

മൂന്നാര്‍ ടൌണിനു സമീപമാണ് പോകേണ്ടതെന്ന് എനിക്കറിയാമായിരുന്നു. പെന്‍സ്റ്റോക്കും കെ എസ് ഇ ബി യുടെ ഭീമന്‍ തുരങ്കവും അവിടെയുണ്ട്. സഹ്യപര്‍വതത്തിന്‍റെ വിവിധ മലയിടുക്കുകളിലും താഴ്വാരങ്ങളിലുമായി വളരുന്ന തേയിലത്തോട്ടങ്ങള്‍ .. ചെങ്കല്‍ കുട്ടി ഡാം.. ഭാഗ്യമുണ്ടെങ്കില്‍ ഇടുക്കി ഡാമും അങ്ങു ദൂരെ കാണാം..

നല്ലതണ്ണി, മുതിരപ്പുഴ, കുണ്ടലി എന്നിങ്ങനെ മൂന്ന് ആറുകള്‍ ചേരുമ്പോള്‍ മൂന്നാര്‍ ഉണ്ടാകുന്നു എന്നോ മറ്റോ കുട്ടിക്കാലത്തെ ഏതോ പാഠപുസ്തകത്തില്‍ വായിച്ചതു പോലെ ഒരു ഓര്‍മ്മ.. അതു ശരിയാണോ എന്തോ!
വളഞ്ഞു പുളഞ്ഞു കയറുന്ന റോഡുകളിലൂടെ എസ് യു വി നീങ്ങുകയായിരുന്നു.. ഇടുങ്ങിയ ഒരു വളവു കയറുമ്പോഴാണ് കാണേണ്ടുന്ന സൈറ്റിന്‍റെ ആദ്യ ദൃശ്യം വെളിപ്പെട്ടതെന്ന് വാസ്തു ശില്‍പികള്‍ അവരുടെ സ്വന്തം ജോലിയില്‍ ജാഗരൂകരായി..

ഞാനും ആ തണുത്ത അന്തരീക്ഷത്തിലേക്ക് കാലെടുത്തു വെച്ചു..

പച്ചപ്പുല്ലും പാറക്കെട്ടുകളും നിറഞ്ഞ മലയുടെ ഉയരങ്ങളില്‍ തകൃതിയായി നിര്‍മ്മിക്കപ്പെടുന്ന രണ്ട് ബഹുനിലക്കെട്ടിടങ്ങള്‍ക്ക് നടുവിലാണ് ആ സൈറ്റ്.. ഒരു വശത്തുയര്‍ന്നു പോകുന്ന മലമടക്കുകളും മറുവശത്ത് അഗാധമായ പച്ചപ്പിന്‍റെ ഇരുളിമയ്ക്കും നടുവില്‍ ഉണ്ടോ ഇല്ലയോ എന്ന് സംശയം തോന്നുന്ന റോഡരികില്‍ എന്നെ ഉപേക്ഷിച്ചിട്ട് വാസ്തുശില്‍പികള്‍ ആ പച്ചപ്പിന്‍റെ ഇരുളിമയിലേക്ക് അപ്രത്യക്ഷരായി.

പണിക്കാര്‍ തള്ളിക്കളഞ്ഞ മൂലക്കല്ലു പോലെ വഴിയരികിലുണ്ടായിരുന്ന ഒരു പരന്ന കരിങ്കല്‍കഷ്ണത്തില്‍ ഞാന്‍ ഇരുന്നു.. അമ്മീമ്മയുടെ വീട്ടിലെ ചുക്കിലിവലക്കോലുകളെ ഓര്‍മ്മിപ്പിക്കുന്ന സില്‍വര്‍ ഓക്കുമരങ്ങള്‍ നേരിയ നിഴലില്‍ ഇലകളുരുമ്മി കലമ്പല്‍ കൂട്ടി . അങ്ങകലെ നീലിമയോലുന്ന പര്‍വതനിരകള്‍ മഞ്ഞിന്‍റെ നേര്‍ത്ത വസ്ത്രങ്ങളില്‍ മുഖമൊളിപ്പിച്ചിരുന്നു. താഴ്വാരങ്ങളില്‍ തേയിലത്തോട്ടങ്ങള്‍ അപാരമായ സൌന്ദര്യത്തികവോടെ പച്ചപ്പരവതാനി നീര്‍ത്തിയിരുന്നു. അവിടവിടെ ചുവന്ന പൂക്കളുമായി നാഗലിംഗമരങ്ങളും നീലപ്പൂക്കളുമായി ജക്കറാന്തയും തലയുയര്‍ത്തി നിന്നു. വളഞ്ഞുപുളഞ്ഞു പോകുന്ന റോഡിലൂടെ വാഹനങ്ങള്‍ നീങ്ങുന്നതും കാണാമായിരുന്നു.

പരിചയമുള്ളതും ഇല്ലാത്തതുമായ പലതരം ചെടികളും നീളന്‍ പുല്ലുകളും റോഡരികിലും മുമ്പിലുയര്‍ന്നു പോകുന്ന മലമടക്കിലും ആര്‍ത്തു വളര്‍ന്നിരുന്നു. നന്ത്യാര്‍വട്ടപ്പൂവിനെ പുല്ലില്‍ കോര്‍ത്ത് ഒരു പമ്പരമാക്കി ഓടിക്കളിച്ചിരുന്ന ബാല്യകാലത്ത് അമ്മീമ്മയുടെ വീട്ടുവേലിയില്‍ തെളിഞ്ഞു നിന്നിരുന്ന ആ നീളന്‍ പുല്ലിനെക്കണ്ടപ്പോള്‍ ‘ എപ്പടി ഇരുക്കായ് ‘ എന്ന തികച്ചും പരിചിതമായ തമിഴ് അയ്യര്‍ കുശലം ചോദിക്കണമെന്ന് എനിക്ക് തോന്നി. തൊട്ടരികേയുണ്ടായിരുന്നു വയലറ്റിന്‍റെ പതുങ്ങിയ നിറമുള്ള കൊങ്ങിണിപ്പൂക്കള്‍ നേരിയ നാണത്തോടെ ‘ കണ്ടു കേട്ടോ’ എന്ന് തലയാട്ടുമ്പോള്‍ ... അതിനുമപ്പുറത്ത് ഓറഞ്ചും മഞ്ഞയും കലര്‍ന്ന തീക്ഷ്ണ നിറത്തില്‍ അവ തന്നെ ‘ഉം ... എന്താണിവിടെ’ എന്ന് ഒരു തമിഴ് ഗൌരവത്തില്‍ ചോദിച്ചു... തൊട്ടരികേ നിന്ന നേരിയ പിങ്ക് വര്‍ണത്തിലുള്ള കൊങ്ങിണിപ്പൂകളാകട്ടെ ‘ അത് സാരമില്ലെ’ന്ന് കുസൃതിയോടെ കണ്ണിറുക്കി...

ഈ നാടന്‍ ചെമ്പരത്തിപ്പൂക്കളെ ആരായിരിക്കും റോഡരികില്‍ ഇത്ര ഭംഗിയായി നട്ടു പിടിപ്പിച്ചിട്ടുണ്ടാവുക? മനുഷ്യരാവില്ല. കാരണം, അവയുടെ ഇലകള്‍ക്ക് വന്യമായ ആരോഗ്യമായിരുന്നു.. പൂക്കള്‍ക്ക് അസാധാരണ ശോഭയുള്ള ചുവപ്പും. അവയില്‍ മനുഷ്യപരിഷ്ക്കാരത്തിന്‍റെയോ അവരുടെ സസ്യപഠനങ്ങളുടേയോ കൃത്രിമ ലക്ഷണങ്ങള്‍ ഒട്ടുമുണ്ടായിരുന്നില്ല.

മഞ്ഞയും ചുവപ്പും നിറമുള്ള അനവധി കാട്ടുപൂക്കള്‍ ഞങ്ങളുമുണ്ട്... ഞങ്ങളുമുണ്ട് എന്ന് പറയാതിരുന്നില്ല. കമ്യൂണിസ്റ്റ് പച്ചയുടെ വയലറ്റ് നിറമുള്ള പൂക്കള്‍, ഞങ്ങള്‍ വെളുത്ത കമ്യൂണിസ്റ്റ് പച്ചപ്പൂക്കളുടെ മിശ്രവിവാഹിതരായ ബന്ധുക്കളാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. അപ്പോഴേക്കും വലുപ്പമുള്ള ഇലകളുമായി തൊട്ടാവാടിയും എത്തിനോക്കി. തൊട്ടാവാടിയുടെ കണ്ടു പരിചയിച്ച വെണ്മ കലര്‍ന്ന റോസ് നിറമായിരുന്നില്ല പൂക്കള്‍ക്ക്... അതും വയലറ്റ് നിറത്തിലായിരുന്നു.. അല്‍പം ദൂരെ കടും ചുവപ്പ് പൂങ്കുലകളുമായി വിദേശിയായ സാല്‍വിയാ ലിപ്സ്റ്റിക്കിട്ട ഇംഗ്ലീഷ് പുഞ്ചിരി പൊഴിച്ചു.

മുമ്പിലുയര്‍ന്ന് നിന്ന മലമടക്കുകളില്‍ നിന്ന് അനവധി നീര്‍ച്ചോലകള്‍ ഒഴുകിക്കൊണ്ടിരുന്നു. അവിടെയൊക്കെ ഹോസ് പൈപ്പുകള്‍ തരാതരം പോലെ ഘടിപ്പിച്ച് ആ വെള്ളം കൂറ്റന്‍ ടാങ്കുകളില്‍ ശേഖരിച്ചാണ് തൊട്ടരികേ താഴ്ചയുടെ അഗാധതകളില്‍ നിന്ന് ‘റബറുരുക്കും സിമന്‍റും കല്ലും കുപ്പിച്ചില്ലും കോണ്‍ക്രീറ്റും’ എല്ലാമായി ബഹുനിലകെട്ടിടങ്ങള്‍ ഉയരുന്നതെന്ന് എനിക്ക് മനസ്സിലായി..

ചലിക്കുന്ന കൊട്ടാരം പോലെ ഒരു കാര്‍ അരികത്തു വന്ന് നിന്നതപ്പോഴായിരുന്നു. അതില്‍ നിന്ന് തടിച്ചു വെളുത്ത് വിരലിലെമ്പാടും ഉരുണ്ട സ്വര്‍ണ മോതിരങ്ങള്‍ ധരിച്ച ഒരാളും ഒരു ന്യൂജന്‍ ലുക്കുള്ള ചെറുപ്പക്കാരനും പുറത്തിറങ്ങി. ചെറുപ്പക്കാരന്‍ ഭൂമി വില്‍പനക്കാരുടെ ദല്ലാളാണെന്ന് അവരുടെ സംഭാഷണത്തില്‍ നിന്ന് എനിക്ക് വെളിപ്പെട്ടു. മൂന്നാറില്‍ ഇഷ്ടംപോലെ ഭൂമിയുണ്ടെന്നും എല്ലായിടത്തും ഹോട്ടലുകളും ബഹുനിലമന്ദിരങ്ങളും എത്ര വേണമെങ്കിലും പണിയാമെന്നും ഒന്നോരണ്ടോ സീസണ്‍ കഴിയുമ്പോഴേക്കും ഇറക്കിയ മുതലെല്ലാം തിരിച്ചു പിടിക്കാമെന്നും ഒക്കെ ചെറുപ്പക്കാരന്‍ അതീവ വാചാലനായി.. കൊടും പണക്കാരുടെ മുഖത്ത് പൊതുവേ തെളിഞ്ഞു മിന്നുന്ന സമസ്ത ലോകത്തിനോടുമുള്ള അവിശ്വാസവും അതിനരികിട്ട കടുത്ത പുച്ഛവും തടിച്ച മനുഷ്യന്‍റെ ശരീരഭാഷയിലുണ്ടായിരുന്നു. ‘ മരങ്ങള്‍ വെട്ടി സ്ഥലം വൃത്തിയാക്കിയാല്‍ ... ‘ ചെറുപ്പക്കാരന്‍ താഴെക്ക് വിരല്‍ച്ചൂണ്ടിക്കൊണ്ട് വാചകം ഇങ്ങനെ പൂര്‍ത്തിയാക്കി.. ‘ അങ്ങ് അടിമാലീന്നു നോക്കിയാലും ഈ ഹോട്ടല്‍ കാണും.. ‘

ഞാന്‍ അവരെ വിട്ട് റോഡു പോലെ തോന്നിച്ച ആ വഴിയിലൂടെ മുന്നോട്ട് നടന്നു.

ഇരുവശവും ആര്‍ത്തു നില്‍ക്കുന്ന വെളുപ്പും നേരിയ ചുവപ്പും വയലറ്റും നിറമുള്ള പുല്ലുകള്‍, ഏകാന്തമെങ്കിലും പച്ചപ്പിന്‍റെ നിഴല്‍ പതിഞ്ഞ വഴിത്താര.. അണ്ണാനും ചിവീടും മാത്രമല്ല നല്ല മഞ്ഞച്ചുണ്ടുള്ള മൈനയും പവിഴച്ചുണ്ടന്‍ തത്തയും തലയില്‍ ചുമന്ന കെട്ടുള്ള മരംകൊത്തിയും പേരറിയാത്ത മറ്റ് അനവധിയനവധി കിളികളും ഒന്നിച്ചു ചേര്‍ന്നു കേള്‍പ്പിക്കുന്ന ഗ്രേറ്റ് സിംഫണി....അതൊരു സ്വര്‍ഗീയമായ ഏകാന്തതയായിരുന്നു. ബാല്യത്തിന്‍റെ നാട്ടു വഴികളില്‍ പരിചിതയായിരുന്ന തകരയ്ക്ക് മഞ്ഞപ്പൂക്കള്‍ക്കൊപ്പം, ഓറഞ്ചു നിറമുള്ള പൂക്കളുമുണ്ടെന്ന് ആ നടത്തത്തിലാണ് എനിക്ക് മനസ്സിലായത്.

നടന്നു നടന്ന് തീരെ പ്രതീക്ഷിക്കാതെയാണ് കെ എസ് ഇ ബിയുടെ വായും പിളര്‍ന്നിരിക്കുന്ന തുരങ്കത്തിനു മുന്‍പില്‍ ഞാനെത്തിപ്പെട്ടത്. തുരങ്കത്തിന്‍റെ മുന്നില്‍ കണ്ണും മിഴിച്ച് അങ്ങനെ നില്‍ക്കാമെന്നല്ലാതെ അകത്തു കയറാന്‍ അനുവാദമില്ല. തുരങ്കത്തിനുള്ളിലൂടെ നീര്‍ച്ചോലകള്‍ ഒഴുകിയിരുന്നു. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ പെന്‍സ്റ്റോക്ക് പൈപ്പുകള്‍ അങ്ങു താഴെ കാണുന്നുണ്ടായിരുന്നു. അതിനടുത്തേക്ക് മടക്കയാത്രയില്‍ പോവാന്‍ കഴിയുമെന്ന് ഞാന്‍ വിചാരിച്ചു. തുരങ്കത്തിനടുത്ത് ഉപേക്ഷിക്കപ്പെട്ട പെന്‍സ്റ്റോക് പൈപ്പുകളെ കണ്ടു. നീളന്‍ പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന അവയുടെ വലുപ്പം എന്നെ അതിശയിപ്പിക്കാതിരുന്നില്ല. 

എനിക്ക് അതിനകത്ത് സുഖമായി നിവര്‍ന്നു നില്‍ക്കാം. ഉത്തരേന്ത്യന്‍ ജീവിതകാലത്ത് പൈപ്പുകള്‍ക്കുള്ളില്‍ സ്ഥിരമായി ജീവിക്കേണ്ട ഗതികേടുള്ള കുറെ കുടുംബങ്ങളെ പരിചയപ്പെട്ടത് ഞാനോര്‍മ്മിക്കാതിരുന്നില്ല.ഒരു ചാക്കുമറയ്ക്കപ്പുറത്ത് യമുനയുടെ തീരങ്ങളിലും ഗംഗയുടെ തടങ്ങളിലും എല്ലാം പൈപ്പുകളില്‍ മനുഷ്യര്‍ പരസ്പരം സ്നേഹിക്കുകയും കലഹിക്കുകയും മാത്രമല്ല വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.

കല്ലുകള്‍ ഇളകിക്കിടക്കുന്ന ആ വഴിയിലൂടെ കുറെ ദൂരം നടന്നാല്‍ മലയ്ക്കപ്പുറത്ത് അങ്ങു ദൂരെ ഇടുക്കി ഡാം കാണാമെന്നായിരുന്നു എന്‍റെ അറിവ്. കുറച്ചധികം സമയം നടന്നിട്ടും എനിക്കൊന്നും കാണാന്‍ കഴിഞ്ഞില്ല. പിന്നെ നടന്ന വഴിയെല്ലാം തിരിച്ചു നടക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ.

പണിതുയരുന്ന കെട്ടിടഭീമന്മാരെയും ആകാശത്തേക്ക് കൈയുയര്‍ത്തുന്ന അവയിലെ കോണ്‍ ക്രീറ്റ് തൂണുകളേയും കണ്ടു നില്‍ക്കുമ്പോള്‍ ആ പരിസരത്തെങ്ങും ഒറ്റ സ്ത്രീയേയും കാണാനില്ലെന്ന് എനിക്ക് മനസ്സിലാവുകയായിരുന്നു. പുരുഷന്മാരായ തൊഴിലാളികള്‍ മാത്രമേ മലകള്‍ കുത്തിത്തുരക്കുന്ന, ടണ്‍ കണക്കിനു സിമന്‍റും കോണ്‍ ക്രീറ്റും മറ്റും ഉപയോഗിക്കേണ്ടി വരുന്ന ആ ഭീമന്‍ കെട്ടിടനിര്‍മ്മാണത്തില്‍ പങ്കെടുത്തിരുന്നുള്ളൂ. അതുകൊണ്ടാവണം ഞാന്‍ എന്തിനാണ് എന്തു കാണാനാണ് അവിടെ വന്നിരിക്കുന്നതെന്ന് നീല ഷര്‍ട്ടിട്ട ഒരു ജോലിക്കാരന്‍ എന്നോട് ചോദിച്ചത്.

വെറുതേ, ഇവിടെയൊക്കെ കാണാനാണെന്ന എന്‍റെ മറുപടി അയാളെ ഒട്ടും തൃപ്തനാക്കിയില്ല. ഇവിടെ എന്തു മണ്ണാങ്കട്ട കാണാനാണ്.. മൂന്നാര്‍ ടൌണിലേക്ക് പോകുകയല്ലേ വേണ്ടത് എന്നയാള്‍ ചോദിച്ചപ്പോള്‍ ഞാന്‍ പെട്ടെന്ന് ചിത്തിരപുരം ഗ്രാമത്തെ ഓര്‍ത്തു.

ഒട്ടും മടിയ്ക്കാതെ ഞാന്‍ അയാളോട് ചിത്തിരപുരത്തെക്കുറിച്ച് തിരക്കി.

പണിതീരാത്ത കെട്ടിടത്തിന്‍റെ തലചുറ്റിക്കുന്ന, ശരിക്കും ഭീതിദമായ ഔന്നത്യത്തില്‍ നിന്ന് താഴ്വരയുടെ ആഴങ്ങളിലേക്ക് അയാള്‍ വിരല്‍ച്ചൂണ്ടിപ്പറഞ്ഞു.

ആ പച്ച മേല്‍പ്പുരയിട്ട കെട്ടിടത്തിനപ്പുറത്തു കാണുന്നതൊക്കെ ചിത്തിരപുരമാണ്.

അഗാധതകളില്‍ മരങ്ങളുടെ നനഞ്ഞിരുണ്ട പച്ചപ്പും വിവിധ നിറമുള്ള കെട്ടിടങ്ങളുടെ മേല്‍ക്കൂരകളും പൂത്തുലഞ്ഞ് ശോണിമ പരത്തി നില്‍ക്കുന്ന നാഗലിംഗമരങ്ങളും നീലിച്ച പൂക്കളുള്ള ജക്കറാന്തയും കാണായി. 
                               (ചിത്തിരപുരം)
അവിടെവിടേയോ ആണ് ചിത്തിരപുരം. അച്ഛന്‍ രണ്ടു വയസ്സുകാരനായി കളിച്ചു നടന്ന സ്ഥലം. ചിത്തിരപുരത്തെപ്പറ്റി ഒന്നും അച്ഛന്‍ അത്ര കാര്യമായി പറഞ്ഞു തന്നിട്ടില്ല. അച്ഛന്‍റെ ബാല്യകാലത്തെ മാത്രമല്ല, എല്ലാ കാലങ്ങളേയും ഞങ്ങളില്‍ നിന്ന് ഒരു പ്രത്യേക അകലത്തിലായിരുന്നുവല്ലോ അച്ഛന്‍ എക്കാലവും സൂക്ഷിച്ചിരുന്നത്. ആ സ്ഥലത്തെക്കുറിച്ച് എന്തെങ്കിലും ഒക്കെ അറിയണമെന്ന് ഞാന്‍ വിചാരിച്ചു . നീല ഷര്‍ട്ട് ധരിച്ച ആ ജോലിക്കാരനോട് തന്നെ ചോദിക്കാമെന്ന് ഞാന്‍ കരുതി...

അപ്പോഴേക്കും മഞ്ഞ് തൂവെള്ള വസ്ത്രവുമായി കടന്നു വന്ന് ആ കാഴ്ചകളെ ഞങ്ങളില്‍ നിന്ന് മറച്ചു.

8 comments:

Shahid Ibrahim said...

ഒരു യാത്ര പോയ ഫീൽ വായിച്ചനുഭവിച്ചു.

© Mubi said...

ആസ്വദിച്ചൂട്ടോ... :)

Muralee Mukundan , ബിലാത്തിപട്ടണം said...

പണ്ട് നാട്ടിൽ ഒരു തല്ല് കേസിൽ പെട്ട്
കുറച്ച് കാലം മൂന്നാറിനടുത്തുള്ള കുഞ്ചുതണ്ണിയിൽ
കുറെ നാൾ ഞാൻ തങ്ങിയിട്ടുണ്ട് .അന്ന് സുന്ദര കോമളമായ
മൂന്നാർ മുഴുവൻ ചുറ്റി കറങ്ങിയിട്ടുണ്ട് - ആ തണുപ്പായിരുന്നു യു.കെയിൽ
വരുന്ന വരെ ഏറ്റവും വലിയ തണുപ്പെന്ന് കരുതിയ വെറുമൊരു മണ്ടനായിരുന്നു ഞാൻ

പിന്നെ ഒരു കാര്യം ശരിയാണ് ,ഏതൊരു യാത്രയിലും കൂട്ടത്തിൽ പെണ്ണുങ്ങൾ ഉണ്ടെങ്കിൽ
ആണുങ്ങൾക്ക് മിണ്ടാട്ടം മുട്ടും

Areekkodan | അരീക്കോടന്‍ said...

ഞാനുമൊരു പരിശീലനത്തിന്റെ ഭാഗമായി മൂന്നാറിനടുത്ത മാട്ടുപ്പെട്ടിയില്‍ പോയി ഈ തണുപ്പനുഭവിച്ചിട്ടുണ്ട്.

Yasmin NK said...

കുറെ കാലങ്ങള്‍ക്ക് ശേഷം ഒരു ബ്ലോഗ് വായിക്കുന്നു. സന്തോഷം എചുമു...

Cv Thankappan said...

അതിസുന്ദരമായ വിവരണം വായനയ്ക്കും കാണുന്ന കാഴ്ചകള്‍ക്കും ആസ്വാദന വര്‍ദ്ധിപ്പിച്ചു!
ആശംസകള്‍

സുധി അറയ്ക്കൽ said...

കൊള്ളാം ചേച്ചീ.ഒന്ന് വായിച്ചതായിരുന്നോന്നൊരു സംശയം.

vettathan said...

പ്രകൃതിയിലേക്ക് ഒരെത്തി നോട്ടം ,ഒപ്പം ചിത്തിര പുരത്തേക്കും