നീ തന്നതല്ലേ ..
സ്വയം വിളഞ്ഞതല്ലേ ..
വളമായും ജലമായും
ഈ ജന്മം സഫലം.
കവിതയോ കഥയോ ലേഖനമോ നാടകമോ പോയിട്ട് ഒരു കത്തു പോലും ശരിയ്ക്ക് എഴുതാനറിയാത്ത അവന് അവള്‍ക്ക് ഈ മെയിലില്‍ എഴുതിയ നാലു വരികളാണ്. അത് വായിക്കുമ്പോള്‍ അവളൂടെ കണ്ണില്‍ നീര്‍മണികളുടെ നേര്‍ത്ത മറ ഉയര്‍ന്നു...
അവളുടെ മകളെക്കുറിച്ച് അവള് പൊങ്ങച്ചം പറഞ്ഞപ്പോഴായിരുന്നു.. എഴുതിയപ്പോഴായിരുന്നു.
ശരിയാണ്.... മകള്‍ മിടുക്കിയാണ്... സുന്ദരിയാണ്.... ഉദ്യോഗസ്ഥയാണ്.
സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് മകളുടെ ടീച്ചര്മാര് പറഞ്ഞിരുന്നു അവളോട്..
യൂ ആര് വെരി ലക്കി ടു ഹാവ് സച്ച് എ ലവ് ലി ഡോട്ടര്‍.
മകളുടെ മേലുദ്യോഗസ്ഥര്‍ പറഞ്ഞു.
ഷി ഈസ് സച്ച് എ നൈസ് ലേഡി.. വെരി ഹാര്‍ഡ് വര്‍ക്കിംഗ്..
മകളുടെ കീഴുദ്യോഗസ്ഥര്‍ വണങ്ങി.
ഇത്ര കരുണയോടെ ദയയോടെ പെരുമാറുന്ന ഒരു മാഡത്തെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം.
അഭിനന്ദന വചസ്സുകള്‍ അവളിലെ അമ്മയില്‍ എപ്പോഴും ഉല്‍സവങ്ങളായി കൊടിയേറി.
അവനോ ...
പാവം! പതിയെപ്പതിയെ ഒരു അച്ഛനാവുകയായിരുന്നു. ഓരോ സ്റ്റെപ്പും സൂക്ഷിച്ച്... സ്പീഡ് കൂട്ടിയെടുക്കുന്ന ഓട്ടക്കാരനെപ്പോലെ...
അവളുടെ മകള്‍ എന്തു വിളിച്ചാലും വിളി കേള്‍ക്കുമെന്ന വാഗ്ദാനമായിരുന്നു ആദ്യം..
മഞ്ഞപ്പിത്തം പിടിച്ച് മഞ്ഞിച്ചു പോയ മകളെ വാരിയെടുത്ത് ആശുപത്രിയിലേക്ക് ഓടിയതായിരുന്നു പിന്നെ..
രാത്രി മുഴുവന്‍ മകളെ നെഞ്ചില്‍ കിടത്തി... ‘സുഹാനി രാത് ഡല് ചുകി.. ‘എന്ന് മുഹമ്മദ് റാഫിയായി.... അങ്ങനെ അനവധി അനവധി പാട്ടുകളായി... പാട്ടുകാരായി... അതിനു ശേഷം..
അവന്റെ നെഞ്ചോടു ചേര്‍ന്നുറങ്ങാന്‍ സാധിക്കാതെ പോയ രാത്രികളില്‍ മകള്‍ ശാഠ്യം പിടിച്ചു.. ‘ അമ്മ പാട് ... ഉം... പാട്.. ‘
അമ്മയുടെ പാട്ട് കേട്ട് കിടക്കുമെങ്കിലും മകള്‍ അതൃപ്തി പ്രകടിപ്പിച്ചു.. ‘ ഉം ...ഉം... ശരിയായില്ല.’
വഴിവക്കില്‍ കിട്ടുന്ന സെക്കന്‍ഡ് ഹാന്‍ഡ് കഥപ്പുസ്തകങ്ങള്‍ അവന് കൈ നിറയേ മടി നിറയേ മനസ്സു നിറയേ മകള്‍ക്ക് വാങ്ങിക്കൊടുത്തു..
ആ പുസ്തകങ്ങളില്‍ ആണ്ടുമുങ്ങിപ്പോയ മകള്‍ക്ക് അവളറിയാതെ മാമു വാരിക്കൊടുക്കുകയും തലമുടിയില്‍ എണ്ണ തേച്ചു തിരുമ്മുകയും ചെയ്തു.
പിങ്ക് നിറവും മിനുസമുള്ള ഒരു അനിയന് വേണമെന്ന് വാശി പിടിച്ചു കരഞ്ഞ അവളൂടെ മകളെ സമാധാനിപ്പിക്കുവാന്‍ ഞായറാഴ്ച മാര്‍ക്കറ്റില്‍ നിന്ന് ഒരു വാവയെ മേടിച്ചു തരാമെന്ന് പറഞ്ഞ് മാര്‍ക്കറ്റ് ചുറ്റാന്‍ കൊണ്ടുപോയി...
മകള്‍ക്കൊപ്പം ആന കളിച്ചു.. കുതിര കളിച്ചു... ഒളിച്ചു കളിച്ചു..
നെടുങ്കന്‍ ബൈക്ക് യാത്രകളില്‍... ബസ്സ് യാത്രകളില്‍ ... വിദേശ യാത്രകളില്‍ എല്ലാം കൂടെ കൂട്ടി...
സമയം കിട്ടുമ്പോഴെല്ലാം മകളോട് സംസാരിച്ചു.. ലോകത്തെപ്പറ്റി.. സമരങ്ങളെപ്പറ്റി.. ജീവിതത്തെപ്പറ്റി.. സന്തോഷത്തെപ്പറ്റി... സങ്കടത്തെപ്പറ്റി.. മരണത്തെപ്പറ്റി.. സൂര്യനു കീഴിലുള്ള എല്ലാറ്റിനേയും പറ്റി..
അവളുടെ മകള്‍ വളര്‍ന്നു..... അവന്റെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കുവാനെന്ന പോലെ..
പാപ്പാ ... എന്ന് മകള്‍ വിളിക്കുമ്പോള്‍ അവന്റെ ഓരോ അണുവിലും ആഹ്ലാദം പൊട്ടിത്തരിയ്ക്കുന്നത് അവള്‍ക്ക് കാണാനായി.
എങ്കിലും സ്വന്തം ബീജങ്ങളുടെ അഭിമാനം തോള്‍പ്പൊക്കത്തില്‍ വളര്‍ന്നുവെന്ന് അഹങ്കരിക്കുന്നവരും സ്വന്തം അണ്ഡങ്ങളുടെ ആഢ്യത്തം വര്‍ണാഭമായ ജീവിതമായെന്ന് പൊങ്ങച്ചപ്പെടുന്നവരും അവനെ കാണുമ്പോള്‍ സഹതാപപൂര്‍ണമായ മിഴികളോടെ ഉറ്റുനോക്കുകയും സാധിക്കുമ്പോഴെല്ലാം കിലുങ്ങുന്ന വാക്കുകള്‍ കൊണ്ട് പരിതപിക്കുകയും ചെയ്തു..
എത്രയായാലും അവന്റെ വളര്‍ത്തുമകള്‍ മാത്രമാണെന്ന്... മറ്റൊന്നും അവകാശപ്പെടാ
നാവില്ലെന്ന് ..
എല്ലാ അഹങ്കാരങ്ങള്‍ക്കും അഭിമാനത്തിനും ആഢ്യത്തത്തിനും പൊങ്ങച്ചത്തിനുമായി അവന് സമര്‍പ്പിച്ച വിനയം തുളുമ്പുന്ന ഉത്തരമായിരുന്നു ...
വളമായും ജലമായും ഈ ജന്മം സഫലം...
എല്ലാ അഹങ്കാരങ്ങള്‍ക്കും അഭിമാനത്തിനും ആഢ്യത്തത്തിനും പൊങ്ങച്ചത്തിനുമായി അവന് സമര്‍പ്പിച്ച വിനയം തുളുമ്പുന്ന ഉത്തരമായിരുന്നു ...
വളമായും ജലമായും ഈ ജന്മം സഫലം...
11 comments:
അതെ
വളമായും ജലമായും
ഈ ജന്മം സഫലം ....
"അവനവനാത്മ സുഖത്തിനാചരിക്കുന്നവ-
യപരന്നു സുഖത്തിനായ് വരേണം."
തികച്ചും സത്യം.
ആശംസകള്‍
ഓ.എന്റെ ചേച്ചീീ...
ജന്മ സാഫല്യം...
വീണ്ടും ബ്ലോഗിലെത്തി അല്ലേ... നന്നായി...
ജന്മ സാഫല്യം
ചില വാക്കുകള്‍ പ്രതീക്ഷിക്കാതെ ലഭിക്കുന്നതാണ്.
ന്റെ പൊന്നാര പൊന്നു ചേച്ചി
കാണാതെ , അറിയാതെ പോകുന്ന കാഴ്ചകൾ.... ഒരച്ഛന്റെ ജന്മ സാഫല്യം.... !!
എല്ലാം തികഞ്ഞു എന്ന് തോന്നുമ്പോഴും ചിലത് അപൂർണ്ണമായി തന്നെ തുടരുന്നുവോ എന്ന ചിന്ത. അതായിരിക്കാം കാണുന്നവരുടെ പരിതാപം അല്ലേ?
മനസ്സു നിറഞ്ഞ തൃപ്തിയിൽ നിന്നുതിരുന്ന കണ്ണുനീർത്തുള്ളികൾ എൻ മിഴികളിൽ...
Post a Comment