കര്‍ക്കടക വാവ്..
ബലിയിടുന്ന ദിവസം. തിരുവല്ലത്ത്,
വര്‍ക്കലയില്‍, ആലുവായില്‍.. തിരുന്നാവായയില്‍ കാശിയില്‍,
കുരുക്ഷേത്രത്തില്‍, ഗയയില്‍, ഹരിദ്വാരില്‍, ഹൃഷികേശില്‍, ജഗന്നാഥ്
ഘട്ടില്‍.. നമ്മുടെ ഭാരതദേശത്ത് ഇങ്ങനെ ഒത്തിരി ഒത്തിരി സ്ഥലത്ത്
ബലിയിടല്‍ നടക്കുന്നുണ്ടാവും..
ആരൊക്കേയോ ആര്‍ക്കൊക്കേയോ വേണ്ടി..
ഞാന്‍ ഇതുവരെയുള്ള ജീവിതത്തില്‍ ഒരിയ്ക്കലേ ബലിയിട്ടിട്ടുള്ളൂ.
അത് ഹൃഷികേശിലായിരുന്നു.. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്. അച്ഛനും അമ്മീമ്മയും പോയതിനു ശേഷം..
നല്ല തിരക്കായിരുന്നു അവിടെ. എല്ലാ നാട്ടില്‍ നിന്നുമുള്ളവരുടെ
ഉറ്റവരേയും ഉടയവരേയും കൊണ്ട് ഗംഗാ തടം നിറഞ്ഞിരുന്നു. നീണ്ട ബലത്തായ
ഇരുമ്പ് ചങ്ങലകളില്‍ പിടിച്ചുകൊണ്ടു വേണം ഗംഗയില്‍ ഇറങ്ങി മുങ്ങാന്‍..
അതിശക്തമായ ഒഴുക്കും വെള്ളത്തിന്‍റെ ഹിമശൈത്യവും അപകട സാധ്യത
കൂട്ടിയിരുന്നു.
മരണം എത്തിനോക്കാത്ത ബന്ധങ്ങള്‍ ഈ
പ്രപഞ്ചത്തിലില്ലെന്നും നമ്മള്‍ എല്ലാവരും എപ്പോഴും മരിച്ചവരുടെ
ബന്ധുക്കളാണെന്നും എന്നോടു പറഞ്ഞ കുട്ടി ലാമയെ ഞാനപ്പോള്‍
ഓര്‍മ്മിച്ചു. കുഞ്ഞു മരിച്ച സങ്കടത്തില്‍ പൊട്ടിക്കരയുന്ന അമ്മയോട്
ആരും മരിയ്ക്കാത്ത വീട്ടില്‍ നിന്ന് കടുക് മേടി ച്ചു കൊണ്ടുവരാന്‍
ബുദ്ധന്‍ അരുളിച്ചെയ്ത കഥ പറയുമ്പോഴാണ് കുട്ടിലാമ മരണവുമായി നമുക്കുള്ള
ശാശ്വതബന്ധത്തെപ്പറ്റി വാചാലനായത്.
ബലിയിടാനുള്ള
പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്ന പുണൂല്‍ ധാരികള്‍ അച്ഛനുള്ള ബലി വളരെ
ഭംഗിയായി ഇടീച്ചു. അമ്മീമ്മ അമ്മയുടെ ജ്യേഷ്ഠത്തിയാണെന്നും അവര്‍ക്ക്
മക്കളില്ലെന്നും പറഞ്ഞപ്പോള്‍ പൂണൂല്‍ധാരികളുടെ താല്‍പര്യം ഗണ്യമായി
കുറഞ്ഞു. എന്നാല്‍ മകളായി ത്തന്നെ എല്ലാ കര്‍മ്മങ്ങളും ചെയ്യാനാണ്
വന്നിരിക്കുന്നതെന്ന് അറിയിക്കേ അവര്‍ ഉഷാറായി.. മന്ത്രങ്ങള്‍ ചൊല്ലി..
എന്നാലും എല്ലാ ക്രമങ്ങളും പൂര്‍ണമാക്കിയില്ല... കുറെ സ്റ്റെപ്പുകള്‍
അവര്‍ സൌകര്യപൂര്‍വം ഒഴിവാക്കി..
അമ്മീമ്മയ്ക്ക് മക്കളില്ലല്ലോ എന്ന ന്യായീകരണം.. ഇത്രയൊക്കെ മതി.. എന്ന ആശ്വസിപ്പിക്കല്‍..
അമ്മീമ്മ മരിച്ചപ്പോള്‍ നാട്ടിലെ എല്ലാ വീടുകളില്‍ നിന്നും
ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ സ്ത്രീകള്‍ കൂട്ടമായി വന്നിരുന്നു..
‘എന്‍റെ ടീച്ചറെ’ എന്ന് അവരില്‍ പലരും വിങ്ങിപ്പൊട്ടിയിരുന്നു.
അവരൊക്കെ ‘ എന്‍റെ അമ്മേ’ എന്ന് വിളിക്കുന്നതിനു പകരമാണ് ‘ എന്‍റെ
ടീച്ചറെ’ എന്ന് വിളിച്ചത്. അത് അവര്‍ക്കും അമ്മീമ്മയ്ക്കും മാത്രം
അറിയാവുന്ന ഹൃദയ പിന്തുണകളുടെ പങ്കുവെയ്ക്കലുകളായിരുന്നുവല്ലോ.
ബ്രാഹ്മണരുടെ ശ്മശാനത്തില്‍ അമ്മീമ്മയ്ക്ക് പ്രവേശനമുണ്ടായിരുന്നില്ല.
ഒരു തരത്തിലുള്ള ജാതി മത ചിന്തകളുമില്ലാതെ ജീവിച്ച അമ്മീമ്മ അങ്ങനെ ഒരു
പ്രത്യേക ജാതിച്ചുടലയില്‍ അവസാനിക്കേണ്ട വ്യക്തിയുമായിരുന്നില്ല .
അതുകൊണ്ടു തന്നെ പൊതുശ്മശാനത്തില്‍ കൂട്ടിയ ചിത കത്തിയ്ക്കാന്‍ ജാതിയും
മതവും നോക്കാതെ ശിഷ്യന്മാരില്‍ പലരും തയാറായി ..
മരണാനന്തരകര്‍മ്മങ്ങളിലോ മറ്റ് ആചാരങ്ങളിലോ ഒന്നും അമ്മീമ്മ അല്‍പം
പോലും വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടാവണം ഹൃഷികേശിലെ പൂജാരിയോട് അയാള്‍
ചെയ്തത് ന്യായമായില്ലെന്ന് ഞാന്‍ തര്‍ക്കിക്കുമ്പോള്‍ ഗംഗയുടെ
വെണ്‍നുരയലകളില്‍ അമ്മീമ്മയുടെ ചിരി കാണാമായിരുന്നു.
പിന്നീടിന്നുവരെ ഞാന്‍ ബലിയിട്ടിട്ടില്ല.
ചടുലമായ ചലനങ്ങളോടെ അയാള്‍ കടന്നു വന്നപ്പോള്‍ തോന്നി, ആരാണപ്പാ? നമ്മുടെ
മെഗാസ്റ്റാര്‍ മമ്മൂട്ടി വരുമ്പോള്‍ ടി വിയില്‍ കേള്‍ക്കാറുള്ളതു മാതിരി
പെ പ്പെ പെ പെ പ പ്പെ... ഒരു സി ബി ഐ ചലനം...ബാന്‍ഡ് വാദ്യം .
അന്തരീക്ഷത്തിലാവണം, ഫ്രണ്ട് ഓഫീസില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ആ
സമയത്ത്. ബാന്‍ഡ് വായിക്കാനൊന്നും ആരും ഉണ്ടായിരുന്നില്ല, അവിടെ.
കുറഞ്ഞചെലവില്‍ ഒരു വീടുണ്ടാക്കാനാണ് അയാള്‍ വന്നത്. എന്നുവെച്ചാല്‍ നൂറ്
ഗജ് ( കഷ്ടിച്ച് രണ്ട് സെന്‍റ് ) ഭൂമിയില്‍, ഏറ്റവും കുറഞ്ഞ ചെലവില്‍ ഒരു
വീട്..
ഞാനുദ്ദേശിച്ചത് ശരിയായിരുന്നു. അയാളുടെ ചലനങ്ങള്‍ സൂചിപ്പിച്ചതു പോലെ അയാളൊരു സി ബി ഐ ഓഫീസര്‍ തന്നെയായിരുന്നു.
എനിക്കാണെങ്കില്‍ ഈ പട്ടാളം, പോലീസ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ
ഒരസ്വസ്ഥതയാണ്. യൂണിഫോമും കവാത്തും ആ മാതിരി ദടപിടലുമൊക്കെ കണ്ടാല്‍
എനിക്ക് ആ നിമിഷം ബോധക്കേട് വരും.
ഞാന്‍ വളരെ സൂക്ഷിച്ച് എന്നാല്‍
കിറുകൃത്യമായി ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് അവതരിപ്പിച്ചു. ആദ്യത്തെ സൈറ്റ്
വിസിറ്റ്, സോയില്‍ ടെസ്റ്റ്, വീട്ടിനെത്ര വലുപ്പം വേണം, എത്ര മുറി വേണം
എന്നൊക്കെയുള്ള സ്വപ്നങ്ങള്‍ അയാള്‍ ഞങ്ങളുമായി
പങ്കുവെയ്ക്കേണ്ടതിന്‍റെ ആവശ്യം, ഡിസൈന്‍ ചെയ്യാനെടുക്കുന്ന സമയം,
പിന്നെ ഭരണസഭാ അധികൃതര്‍ ഞങ്ങള്‍ വരച്ചുകൊടുക്കുന്ന ഡിസൈന്‍
അംഗീകരിക്കാന്‍ കാണിക്കുന്ന ബുദ്ധിമുട്ട്, പ്രത്യേകിച്ച് ചെലവ്
ചുരുക്കിയുള്ള കെട്ടിട നിര്‍മ്മാണമെന്നു കേട്ടാലുടനെ അവര്‍ ചോദിക്കുന്ന
പതിനായിരം ചോദ്യങ്ങള്‍, അതിനൊക്കെയുള്ള ഉത്തരങ്ങള്‍, അവിടത്തെ പ്ലാനറുമായി
അവസാനമില്ലാത്ത നെടു നെടുങ്കന്‍ ചര്‍ച്ചകള്‍ , പിന്നെ എല്ലാറ്റിനും
ഒടുവില്‍ അവര്‍ ചോദിക്കുന്ന കൈക്കൂലി...
ഇത്രയുമെത്തിയപ്പോള്‍ സി
ബി ഐ ഓഫീസര്‍ കൈ ഉയര്‍ത്തി എന്നെ വിലക്കി.. മുറുകിയ മുഖത്തൊടെ പറഞ്ഞു. ‘
ഞാന്‍ കൈക്കൂലി കൊടുത്തിട്ട് സാങ്ഷന്‍ വാങ്ങുന്ന പ്രശ്നമില്ല.’
ഞാനൊന്നും മിണ്ടിയില്ല.
എനിക്ക് കൈക്കൂലി കൊടുക്കാന്‍ വലിയ ആശയൊന്നുമില്ല. തന്നെയുമല്ല അതു
കൊടുക്കാന്‍ മടിയും ഭയങ്കര പേടിയുമാണ്. എന്നാല്‍ പി ഡബ്ലി യൂ ഡി മാനുവല്‍
വിടര്‍ത്തി കാണിച്ച് , നിങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന ചെലവു ചുരുങ്ങിയ
കെട്ടിടത്തിനു അനുമതി തരണമെങ്കില്‍ ഇത്ര രൂപ വേണമെന്നും മറ്റും ഭരണസഭാ
ഉദ്യോഗസ്ഥര്‍ ഒരു ഉളുപ്പുമില്ലാതെ പറയുമ്പോള്‍ വീടുവെയ്ക്കാനാശയുള്ള
പാവപ്പെട്ട മനുഷ്യര്‍ ഫയലിനിടയ്ക്കും മറ്റും വെച്ച് പണം നല്‍കാറുണ്ടെന്ന്
എനിക്കറിയാം..
ഒരു സി ബി ഐ ഓഫീസര്‍ കൈക്കൂലി കൊടുക്കാതെ ആ അനുമതി നേടുന്നെങ്കില്‍ എനിക്കെന്തു ചേതം?
ബാക്കി കാര്യങ്ങളെപ്പറ്റിയുള്ള എന്‍റെ വിവരണം കഴിഞ്ഞപ്പോള്‍ അയാള്‍ കര്‍ശനമായി പറഞ്ഞു.
‘എസ്റ്റിമേറ്റ് കൃത്യമായിരിക്കണം.ഒരു രൂപ കൂടുതലായാല്‍ പോലും ഞാന്‍
തരില്ല. കാരണം ലോണെടുക്കുന്ന പണമാണ്. വേറെ ഒരു പൈസ പോലും എന്‍റെ
പക്കലില്ല. ‘
എനിക്ക് നല്ല ഭയം തോന്നി.
കാര്യം ആര്‍ക്കിടെക്ട്
എന്ന വാക്കിനു ശകലം ഗ്ലാമറൊക്കെ തുടക്കത്തില്‍ ഉണ്ടാവുമെങ്കിലും വീടുപണി
തുടങ്ങുമ്പോള്‍ ക്ലയന്‍റിനു തോന്നുന്ന ബഹുമാനവും സ്നേഹവും അടുപ്പവും
ഒന്നും അതു തീരാറാവുമ്പോഴേക്കും അത്രയ്ക്കങ്ങോട്ട് ബാക്കിയാവാറില്ല.
എന്‍റെ ബോസ് അതെനിക്ക് പലവട്ടം പറഞ്ഞു തന്നിട്ടുണ്ട്. പോക്കറ്റിലെ പണം
തീരാറായിത്തുടങ്ങുമ്പോള്‍ മനുഷ്യരുടെ യഥാര്‍ഥ സ്വഭാവം പുറത്തു
വരുമെന്നാണ് അദ്ദേഹം പറയുന്നത്. ഇയാളാണെങ്കില്‍ പോലീസുകാരനാണ്. വെറുതെ
ഇയാളുടെ വായിലിരിക്കുന്ന പോലീസ് ഭാഷ കേള്‍ക്കേണ്ടി വരരുതല്ലോ.
അതുകൊണ്ട് ഫൈനല്‍ ചര്‍ച്ചകള്‍ക്കും തീരുമാനത്തിനുമായി സി ബി ഐ ഓഫീസറെ ഞാന്‍ ബോസിന്‍റെ ക്യാബിനില്‍ കൊണ്ടു വിട്ടു.
അധികം വൈകാതെ ബോസ് എന്നെ വിളിക്കുകയും എഗ്രിമെന്‍റ് ഫോം കൊണ്ടുചെല്ലാന്‍ പറയുകയും ചെയ്തു.
വീടുകളുടെ ഡിസൈന്‍ ചര്‍ച്ചകള്‍ക്ക് വരുമ്പോള്‍ സാധാരണയായി പുരുഷന്മാര്‍
സ്ത്രീകളെ കൂടിക്കൊണ്ടു വരാറുണ്ട്. കൊണ്ടു വരണമെന്ന് ഞങ്ങള്‍
നിര്‍ബന്ധമായി പറയുകയും ചെയ്യാറുണ്ട്. എന്നാല്‍ ഈ സി ബി ഐ ഓഫീസര്‍
തനിച്ചാണു വന്നത്. ഞങ്ങള്‍ അക്കാര്യം പറഞ്ഞപ്പോള്‍ അത് പറ്റില്ല
എന്ന് വളരെ അറുത്തു മുറിച്ചു പറയുകയും ചെയ്തു അയാള്‍.
ആര്‍ക്കിടെക്ട്
ഇത്തിരി നേരം കണ്ണു മിഴിച്ചു നിന്നു.. കൂടുതലൊന്നും വാദിച്ചില്ല. സി ബി ഐ
പോലീസിനെ പേടിയില്ലാത്ത ആര്‍ക്കിടെക്ട് ഉണ്ടോ..
അങ്ങനെ ഡിസൈന്‍
റെഡി ... ഡ്രാഫ്റ്റ്സ്മാന്‍ പ്ലാന്‍ വരച്ചു തയാറാക്കി.നഗരസഭാ അധികൃതരെ
കാണാന്‍ പോയത് ഞാനും ആര്‍ക്കിടെക്ടും സി ബി ഐ പോലീസു കാരനുമൊന്നിച്ചാണ്.
അപ്പോഴല്ലേ... എന്താ ആ ഐഡന്‍റിറ്റി കാര്‍ഡിന്‍റെ ഒരു ഗമ...
കൈക്കൂലിയോ... അയ്യേ! അതെന്തോന്നു സാധനം എന്ന മട്ടിലായിരുന്നു നഗരസഭാ
അധികൃതര്‍.. അവര്‍ ഒരു ചോദ്യവും ഞങ്ങളോട് പോലും ചോദിച്ചില്ല.
റെക്കോര്‍ഡ് സ്പീഡില്‍ വീടു പണിയാനുള്ള അനുമതി കിട്ടി.
വീടുപണി ആരംഭിച്ചു.
ബില്ല് കൊടുക്കുമ്പോള്‍ ഇപ്പോ ഉദാഹരണത്തിനു അമ്പത്താറായിരത്തി ഇരുനൂറ്റി
ഏഴു രൂപ അമ്പതു പൈസ എന്ന് കമ്പ്യൂട്ടര്‍ പ്രിന്‍റ് വന്നാല്‍ സാധാരണ
മനുഷ്യര്‍ ഒന്നുകില്‍ അമ്പതു പൈസ കൂട്ടിത്തരും അല്ലെങ്കില്‍ കുറച്ചു
തരും. സി ബി ഐ സാര്‍ കൃത്യം അമ്പതു പൈസ തരും. ഞങ്ങള്‍ സാറിന്‍റെ കൃത്യം
കണക്ക് കണ്ട് അന്തംവിട്ടിട്ടുണ്ട്. അതേ സമയം നമ്മുടെ പണികള്‍
വീഴ്ചയില്ലാത്തതാവണമെന്ന് തികഞ്ഞ കരുതലെടുക്കുകയും ചെയ്തിട്ടുണ്ട്.
മാസ്റ്റര്‍ ബെഡ് റൂമില്‍ ഭാര്യയ്ക്ക് ജാലക കാഴ്ച നിര്‍ബന്ധമെന്ന് പറഞ്ഞ്
ബേ വിന്‍ഡോ ചെയ്യിച്ചു. രണ്ട് പെണ്‍മക്കളുടേയും മുറികളില്‍ കളര്‍
കോമ്പിനേഷനുകള്‍ വ്യത്യസ്തമാകണമെന്ന് പറഞ്ഞു. അടുക്കളയില്‍,
കുളിമുറികളില്‍.. എന്ന് വേണ്ട എല്ലായിടത്തും പേഴ്സണല്‍ ടച്ച് എന്ന്
പറയുന്ന ആ വിശദമാക്കലുകള്‍ ഉണ്ടായിരുന്നു അയാള്‍ക്ക്. എന്നാല്‍ അയാളുടെ
ഭാര്യയേയും മക്കളേയും ഞങ്ങള്‍ക്കൊരിയ്ക്കലും കാണാന്‍ കഴിഞ്ഞതുമില്ല.
വീട് പണി തീര്‍ന്നു. അപൂര്‍വമായി മാത്രം സാധിക്കുന്ന ഒരു നേട്ടം
പോലെ എസ്റ്റിമേറ്റില്‍ അല്‍പം കുറഞ്ഞ തുകയ്ക്ക് ഞങ്ങള്‍ക്ക് ആ പണി
തീര്‍ക്കാനായി...
സി ബി ഐ പേടി തന്നെ കാരണം...
വാസ്തു പൂജയ്ക്കും
ഗൃഹപ്രവേശത്തിനുമൊന്നും ഞങ്ങളെ ആരും ക്ഷണിച്ചില്ല... ഞങ്ങള്‍ പോയതുമില്ല.
സി ബി ഐ ഇനി ഈ വഴി വരില്ലല്ലോ എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ
ആശ്വാസം..
കുറെക്കാലം കഴിഞ്ഞ് ... ആ സ്ഥലത്തിനടുത്ത് തന്നെ മറ്റൊരു
രണ്ട് സെന്‍റ് പ്ലോട്ടിന്‍റെ സാധ്യതയുമായി ഒരു ക്ലയന്‍റ് വന്നപ്പോഴാണ്
...
ഞങ്ങള്‍ ചെയ്ത ആ വീട് അയാള്‍ കണ്ടിട്ടുണ്ട്. .. അതുകൊണ്ടാണ് ശരിയ്ക്കും ഞങ്ങളെ തേടി വന്നത് തന്നെ..
സി ബി ഐ ഓഫീസര്‍ക്കും ഫാമിലിയ്ക്കും ഒക്കെ സുഖമല്ലേ എന്ന ഞങ്ങളുടെ മര്യാദച്ചോദ്യത്തിന് കിട്ടിയ ഉത്തരമിതായിരുന്നു..
‘അദ്ദേഹം സി ബി ഐ ഒക്കെ അന്നേ വിട്ടു.. വിവാഹമോചനത്തിന്‍റെ ഏറ്റവും
വലിയ കരാറായിരുന്നു ആ വീട്.. അതുണ്ടാക്കി .. അതില്‍ അമ്മയും മക്കളും
താമസിക്കുന്നുണ്ട് ... അദ്ദേഹം എവിടെയാണെന്ന് അവര്‍ക്കറിയില്ല.. അറിയേണ്ട
കാര്യവുമില്ലല്ലോ.. ‘
സ്നേഹിക്കുന്നവരുടെ ... നമ്മെ ആവശ്യമുള്ളവരുടെ
ഇടയില്‍ നില്‍ക്കുമ്പോള്‍ മാത്രമല്ലേ നമുക്ക് മേല്‍വിലാസവും
ഐഡന്‍റിറ്റി കാര്‍ഡും ഒക്കെ വേണ്ടതുള്ളൂ.. അങ്ങനെ ആരുമില്ലെങ്കില്‍
പിന്നെ...
ഓണത്തിനും ദീപാവലിക്കും അമ്മീമ്മ കുറച്ചധികം പുതിയ തുണികള്‍
വാങ്ങുമായിരുന്നു. വില കൂടിയ തുണികളൊന്നുമല്ല, പൂക്കളുള്ള ചീട്ടി,
വെളുത്ത മല്‍മല്‍, കോടിക്കളറുള്ള ജഗന്നാഥന്‍ എന്നിങ്ങനെ
അറിയപ്പെട്ടിരുന്ന സാധാരണ തുണികള്‍ .. ജഗന്നാഥനും മല്‍മലും ഷിമ്മീസുകളും
മറ്റ് അടിവസ്ത്രങ്ങളും തയിക്കാനും ചീട്ടി അഥവാ പരുത്തിത്തുണി ഉടുപ്പുകള്‍
തയിക്കാനും ഉപയോഗിച്ചിരുന്നു.
എന്‍റെ ഒരു സഹപാഠിനിയുടെ
അച്ഛനായിരുന്നു പരിസരത്തെ ആസ്ഥാന തയ്യല്‍ക്കാരന്‍. അദ്ദേഹത്തിനു വലിയ
ഡിസൈന്‍ സെന്‍സൊന്നും ഉണ്ടായിരുന്നില്ല. ഫ്രില്ലുകള്‍, ബോ, ഷോ ബട്ടണ്‍,
എംബ്രോയിഡറി എന്നതിനെയൊക്കെ അദ്ദേഹം പൂര്‍ണമായും അവഗണിച്ചു. എത്ര
പറഞ്ഞുകൊടുത്താലും അദ്ദേഹത്തിന്‍റെ തയ്യലില്‍ അമ്മീമ്മ പ്രതീക്ഷിക്കുകയും
ആശിക്കുകയും ചെയ്ത ഒരു പൂര്‍ണത കിട്ടിയിരുന്നില്ല. അതുകൊണ്ട് ആ
കുപ്പായങ്ങളില്‍ ഞങ്ങളുടെ സൌന്ദര്യം വേണ്ടത്രയും
മിന്നിത്തിളങ്ങുന്നില്ലെന്ന് അമ്മീമ്മ വിശ്വസിച്ചിരുന്നു. ഞാനും
അനിയത്തിയും പരമ സുന്ദരിമാരും ബഹു മിടുക്കികളുമാണെന്നായിരുന്നു എന്നും
അമ്മീമ്മ കരുതിയിരുന്നത്.
ആദിമമനുഷ്യരുടെ പോലെ വിരൂപമായ മുഖവും
ശരീരവുമാണ് ഉള്ളതെന്ന് സദാ ചൂണ്ടിക്കാട്ടി, വെളുത്ത നിറത്തിന്‍റേയും
കൊഴുത്തുരുണ്ട ശരീരത്തിന്‍റെയും മറ്റും അഹങ്കാരത്തോടെ ഞങ്ങളെ നിരന്തരം
നിന്ദിക്കുന്നവരുമായി വണക്കത്തോടെ ഇടപഴകേണ്ട ഗതികേടു വന്നതില്‍ അതുകൊണ്ടു
തന്നെ പില്‍ക്കാലത്ത് അമ്മീമ്മ വല്ലാതെ വേദനിക്കുകയും ദു:ഖിക്കുകയും
ചെയ്തിരുന്നു.
ഒരു മധ്യവേനല്‍ അവധിക്കാലത്താണ് അമ്മീമ്മ പഴയൊരു
തയ്യല്‍ മെഷീന്‍ വാങ്ങിയത്. അല്‍പം ദൂരെയുള്ള ഒരു ബ്രാഹ്മണഗൃഹത്തിലെ
പാട്ടിയുടേതായിരുന്നു ആ മെഷീന്‍. കൈകൊണ്ടും കാലുകൊണ്ടും തയിക്കാനുള്ള
സൌകര്യം അതിലുണ്ടായിരുന്നു. അതിന്‍റെ എന്തൊക്കെയോ ഭാഗങ്ങള്‍ ഏതോ ഒരു
കാലത്ത് വിദേശ നിര്‍മിതമായിരുന്നുവത്രേ. അതിനൊരു സ്പെഷ്യല്‍ രാജകീയ
ആഢ്യത്വമുണ്ടെന്ന് ഉടമസ്ഥയായ പാട്ടി അഭിമാനത്തോടെ കരുതിയിരുന്നു.
പണ്ട് കാലത്ത് അമ്മീമ്മയുടെ തറവാട്ടു മഠത്തില്‍ തുണികള്‍ തയിച്ചിരുന്ന
തയ്യല്‍ക്കാരനെ അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്നു കണ്ട് ശിഷ്യത്വം
സ്വീകരിക്കുകയായിരുന്നു പിന്നീട് അമ്മീമ്മ ചെയ്തത്. സമൃദ്ധമായ
വാര്‍ദ്ധക്യത്താല്‍ അതീവ ക്ഷീണിതനായിരുന്നങ്കിലും അമ്മീമ്മയെ
പഠിപ്പിക്കാന്‍ അദ്ദേഹം യാതൊരു മടിയും പ്രയാസവും കാണിച്ചില്ല. ഞങ്ങള്‍
കുട്ടികള്‍ക്ക് അദ്ദേഹത്തെ കണ്ടപ്പോള്‍ അല്‍ഭുതം തോന്നി ... നന്നെ
പ്രായമായിട്ടും അദ്ദേഹത്തിന്‍റെ കണ്ണിനു കാഴ്ചക്കുറവോ കൈകള്‍ക്ക് വിറയലോ
ഒന്നുമുണ്ടായിരുന്നില്ല. അഞ്ചാറു കിലോ മീറ്റര്‍ ദൂരം സൈക്കിള്‍ ചവുട്ടി
വന്ന് കിതപ്പോടെ കുറച്ചു നേരം വരാന്തയില്‍ ചുവരും ചാരി വിശ്രമിച്ചിരുന്നു
അദ്ദേഹം. വലുപ്പമുള്ള ഇലച്ചീന്തില്‍ അമ്മീമ്മ വിളമ്പിക്കൊടുക്കുന്ന
ഉപ്പുമാവും, വെളുത്ത പൂക്കളുള്ള വിദേശ നിര്‍മിതമായ ചില്ലുഗ്ലാസില്‍
ഒഴിച്ചുകൊടുക്കുന്ന തുടുത്ത ചായയും കുറെ സമയമെടുത്ത് കഴിച്ചു
തീര്‍ക്കുമായിരുന്നു. അതുകഴിഞ്ഞ് തയ്യല്‍ മെഷീന്‍റെ പുറകിലിരുന്ന്
അദ്ദേഹം ഭക്തിപൂര്‍വം കുരിശു വരച്ച് ‘എന്‍റെ ഈശോയേ’ എന്ന് ജപിക്കും.
പിന്നെ കത്രികയും ന്യൂസ് പേപ്പറും സ്കെയിലും മാര്‍ക്കിംഗ് ചോക്കും
തുണികളുമെല്ലാമായി ഒരു ദടപിടലോടെ അമ്മീമ്മയെ തയ്യല്‍ പഠിപ്പിച്ചു
തുടങ്ങും .
വീടിനു പുറത്ത് മേടവെയില്‍ ഉരുകിത്തിളച്ചു കിടക്കും.
മുളങ്കൂട്ടങ്ങള്‍ ദീനമായി കരയുന്നുണ്ടാവും. ചെമ്പോത്തും പോത്താംകീരികളും
മൈനകളുമെല്ലാം തിളയ്ക്കുന്ന വെയില്‍ കുടിച്ച് മരത്തണലുകളീല്‍ ചാഞ്ഞു
മയങ്ങുന്നുണ്ടാവും..
അമ്മീമ്മ അതിയായ ഉല്‍സാഹത്തോടെ തയ്യല്‍
പഠിച്ചുകൊണ്ടിരുന്നു. സൂക്ഷിച്ചില്ലെങ്കില്‍ വിരലില്‍ സൂചി കയറുമെന്ന് ആ
അധ്യാപകന്‍ അമ്മീമ്മയെ എപ്പോഴും താക്കീതു ചെയ്യാറുണ്ടായിരുന്നു. ആ
വിരട്ടല്‍ കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് വല്ലാത്ത പേടി തോന്നും. അതുകൊണ്ട്
അദ്ദേഹം ക്ലാസ് കഴിഞ്ഞ് പോകുന്നതുവരെ ഞങ്ങള്‍ ഇടയ്ക്കിടെ രാമനാമം
ചൊല്ലും. പോരാത്തതിനു അര്‍ജുനന്‍ , ഫല്‍ഗുനന്‍ എന്നും ചൊല്ലുമായിരുന്നു.
ഇതൊക്കെയാണെങ്കിലും തയ്യല്‍ പഠിക്കേണ്ട എന്ന് അമ്മീമ്മയോട് ഉറപ്പിച്ചു
പറയാനുള്ള ധൈര്യം ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.
സ്ത്രീകളുടെ
വസ്ത്രങ്ങളെല്ലാം സാമാന്യം ഭംഗിയായി തയിക്കാന്‍ ആ മധ്യ വേനലവധിക്കാലത്ത്
അമ്മീമ്മ പഠിച്ചു. പിന്നീട് വിവിധ തരം തയ്യലുകളുടെ വസന്തകാലമായിരുന്നു
വീട്ടില്‍ .
റേഷന്‍ കടയില്‍ നിന്നു കിട്ടുന്ന തുണികളും
അമ്മിമ്മയുടെ പഴയ സാരികളും ധാരാളം ഞൊറിവുകളുള്ള പാവാടകളായും
ഫ്രോക്കുകളായും രൂപം മാറി. കട്പീസ് സെന്‍ററില്‍ നിന്ന് അമ്മ
കൊണ്ടുത്തരുന്ന തുണിക്കഷണങ്ങള്‍ വേണ്ട രീതിയില്‍ യോജിപ്പിച്ച് അമ്മീമ്മ
നല്ല ഡിസൈനര്‍ ഉടുപ്പുകള്‍ തയിച്ചു തരുമായിരുന്നു. ആപ്ലിക് വര്‍ക്ക്
ചെയ്ത ഭംഗിയുള്ള തലയിണ ഉറകളും കിടക്കവിരികളും അമ്മീമ്മയുടെ വിരലുകളില്‍
നിന്നും ജന്മം കൊണ്ടു. ബംഗാളി സ്ത്രീകള്‍ പഴയ സാരികള്‍ അടുക്കടുക്കായി
കൂട്ടിത്തയിച്ചുണ്ടാക്കുന്ന പുതപ്പുകള്‍ അസാമാന്യ കലാവിരുതോടെയാണ്
അമ്മീമ്മ നിര്‍മ്മിച്ചത്. ആ പുതപ്പുകള്‍ എനിക്കും അനിയത്തിക്കും ഒരേ
പോലെ ഇഷ്ടമായിരുന്നു. അമ്മീമ്മയുടെ പഴയ സാരികള്‍ കൊണ്ട് ഉണ്ടാക്കിയ ആ
പുതപ്പുകളില്‍ നിന്ന് ഞങ്ങള്‍ക്ക് സദാ അവരുടെ സുഗന്ധം കിട്ടിപ്പോന്നു.
ആ സുഗന്ധം ഞങ്ങള്‍ക്ക് പകര്‍ന്നു തന്ന വൈകാരിക സുരക്ഷിതത്വമാകട്ടെ
നിസ്സീമമായിരുന്നു.
ഓണത്തിനെന്നല്ല ഒരു ആഘോഷത്തിനും അച്ഛന്‍
അങ്ങനെ കൃത്യമായി തുണികളൊന്നുമെടുക്കാറില്ല. അത്തരം കാര്യങ്ങളിലൊന്നും
അച്ഛന് ഒട്ടും ശ്രദ്ധയുണ്ടായിരുന്നില്ല. എങ്കിലും വളരെ വല്ലപ്പോഴും
അല്ലെങ്കില്‍ വളരെ ദുര്‍ലഭമായി എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി
ഉടുപ്പുകള്‍ വാങ്ങിത്തരികയും ഉണ്ടായിട്ടുണ്ട്.
ഓണത്തിനു അച്ഛന്‍
മേടിച്ചു തന്നതെന്ന് പറഞ്ഞ് സ്കൂളില്‍ എല്ലാവരും പുത്തനുടുപ്പുകള്‍
കാണിക്കുമ്പോള്‍ ഞങ്ങള്‍ അല്‍പം പരവശരാകാറുണ്ടായിരുന്നു. ഞങ്ങള്‍ക്ക്
അമ്മയും അമ്മീമ്മയും മേടിച്ചു തന്ന ഉടുപ്പുകളെന്ന് പറയുമ്പോഴും അവയെ
തൊട്ടുകാണിക്കുമ്പോഴും വേണ്ടത്ര ഗമ പോരെന്നു തോന്നിയിരുന്നു. അച്ഛന്‍
മേടിച്ചു തന്ന ഉടുപ്പാണെന്ന് പറയുവാന്‍ സാധിക്കുമ്പോഴാണ് ശരിക്കും ഗമ
കിട്ടുന്നതെന്നായിരുന്നു അക്കാലത്തൊക്കെ വിചാരം. അങ്ങനെ പറയാന്‍
സാധിക്കാത്തതില്‍ അന്നേരം വല്ലാത്ത സങ്കടവുമുണ്ടായിട്ടുണ്ട്.
ബോംബെ ഡൈയിംഗിന്‍റെയും ഹാന്‍റ്റെക്സിന്‍റെയുമൊക്കെ ക്ലോത്ത് ക്ലബ്ബില്‍
ചേര്‍ന്ന് വര്‍ഷം മുഴുവന്‍ പണമടച്ചാണ് ഓണത്തിനും വിഷുവിനുമൊക്കെ അമ്മ
ഉടുപ്പ് എടുത്ത് തന്നിരുന്നത്. കട് പീസ് സെന്‍ററിലും എന്‍ ടി സിയിലും
ഒക്കെ അമ്മയ്ക്ക് ക്ലോത്ത്ക്ലബ്ബുകളില്‍ അംഗത്വമുണ്ടായിരുന്നു. സ്വന്തം
ശമ്പളത്തില്‍ നിന്ന് ഞങ്ങള്‍ മുതിരും വരെ ഇങ്ങനെ എല്ലാക്കൊല്ലവും
പണമടച്ചു അമ്മ ഭേദപ്പെട്ട വസ്ത്രങ്ങള്‍ വാങ്ങിച്ചു തന്നുകൊണ്ടിരുന്നു.
ഓണത്തിനു എല്ലാവര്‍ക്കും തുണികള്‍ കൊടുക്കുന്നത് അമ്മീമ്മയുടെ
പതിവായിരുന്നു. പാലും പച്ചക്കറിയും മറ്റും കൊണ്ടുതരുന്നവര്‍ക്ക്,
പറമ്പില്‍ പണിയെടുക്കുന്നവര്‍ക്ക്, വീട്ടു ജോലിക്ക് സഹായിക്കുന്നവര്‍ക്ക്
എല്ലാം അമ്മീമ്മ മറക്കാതെ ജഗന്നാഥന്‍ മുണ്ടും ബ്ലൌസും തോര്‍ത്തുമൊക്കെ
ഓണപ്പുടവയായി നല്‍കും. ഞങ്ങള്‍ക്കും പൂക്കളുള്ള ചീട്ടിത്തുണിയുടെ
കുപ്പായങ്ങള്‍ തയിച്ചു തരും. എന്നാല്‍ സ്വന്തമായി യാതൊന്നും വാങ്ങുകയില്ല
.
ഉത്രാടത്തിന്‍റെ അന്ന് കൃത്യമായി ഉച്ചയൂണിനു മുമ്പ് ഒരു
നെയ്ത്തുകാരന്‍ വീട്ടില്‍ വന്നിരുന്നു. അയാള്‍ കൊണ്ടുവരുന്ന പരുക്കന്‍
സാരിയായിരുന്നു എല്ലാ വര്‍ഷവും അമ്മീമ്മയുടെ ഓണപ്പുടവ. ഞങ്ങള്‍
കുട്ടികള്‍ക്ക് ആ പുടവ ഒട്ടും ഇഷ്ടമായിരുന്നില്ല. പരമ ദയനീയമായിരുന്നു
അതിന്‍റെ ഡിസൈന്‍. എല്ലാ വര്‍ഷവും ഒരേ പോലെ ചെറുതും വലുതുമായ കള്ളികള്‍
സാരി മുഴുവന്‍ അങ്ങനെ പടര്‍ന്നു കിടക്കും. സാരിയുടെ മുന്താണിക്കോ
ബോര്‍ഡറിനോ ഒന്നും ഒരു എടുപ്പുമുണ്ടാവുകയില്ല. കളര്‍
കോമ്പിനേഷനുകളാകട്ടെ അതിലും പരിതാപകരം. വെളുപ്പോ മങ്ങിയ വെളുപ്പോ
ആയിരിക്കും ബേസ് കളര്‍. അതില്‍ മഞ്ഞയോ മങ്ങിയ പച്ചയോ അതുമല്ലെങ്കില്‍
ഓറഞ്ചോ ഒക്കെ യാതൊരു കലാബോധവുമില്ലാതെ നെടുകെയും കുറുകെയും
നെയ്തിട്ടുണ്ടാകും. തുണിയാണെങ്കിലോ തികച്ചും പരുക്കന്‍. .. പലവട്ടം
അലക്കി അവിടവിടെ നൂലു പൊന്തിയ പോലെ അല്ലെങ്കില്‍ ഉരക്കടലാസ്സ് പോലെ ...
വല്ല കര്‍ട്ടനോ ബെഡ് ഷീറ്റോ മറ്റോ ആക്കാനേ ആ സാരി കൊള്ളുകയുള്ളൂ എന്ന്
ഞാനും അനിയത്തിയും ഉറച്ചു വിശ്വസിച്ചു.
എന്തിനാണ് അമ്മീമ്മ ഈ
പരുക്കന്‍ സാരി വാങ്ങുന്നതെന്നും തിരുവോണത്തിന്‍റെ അന്ന്
അതുടുക്കുന്നതെന്നും ഓണാവധി കഴിഞ്ഞ് സ്കൂള്‍ തുറക്കുന്ന ദിവസം
അതുടുത്തുകൊണ്ട് സ്കൂളിലേക്ക് പോകുന്നതെന്നും ഞങ്ങള്‍ക്ക് മനസ്സിലായതേ
ഇല്ല.
കുറച്ച് മുതിര്‍ന്നപ്പോള്‍ അതും പറഞ്ഞ് ഞങ്ങള്‍ അമ്മീമ്മയോട് ഉശിരോടെ തര്‍ക്കിച്ചു..
‘സാരീണ്ട് ടീച്ചറെ’ എന്നയാള്‍ പറയുമ്പോള്‍ അമ്മീമ്മ അയാളുടെ
പക്കലുണ്ടാവാറുള്ള ചില സാരികളൊക്കെ തൊട്ടു നോക്കും. എന്നിട്ട് ആദ്യം
തന്നെ കുറച്ച് തോര്‍ത്തുമുണ്ടുകള്‍ വാങ്ങും.
‘ ടീച്ചറെ, സാരി’ എന്ന് അയാള്‍ വീണ്ടും പറയും.
‘ കൈനീട്ടായിട്ടുള്ള സാരിയാ. ടീച്ചര്‍ക്കാണ് ആദ്യം.. ടീച്ചര്‍ വാങ്ങിയാ മുഴുവനും വിറ്റ് പോവും. സാരി എട്ക്കണം ടീച്ചറെ.. ‘
ഇങ്ങനെയാണ് ആ സാരി വില്‍പന.
അതു കഴിഞ്ഞ് അമ്മീമ്മ അയാള്‍ക്ക് വലിയൊരു നാക്കിലയില്‍ ഗോതമ്പുപായസമടക്കമുള്ള ഉത്രാടസ്സദ്യ വിളമ്പും.
അയാളുടെ വിശ്വാസത്തെ വേദനിപ്പിക്കാന്‍ അമ്മീമ്മ ഒട്ടും
ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ അതൊരു വെറും നല്ല മനസ്സു
മാത്രവുമായിരുന്നില്ല. അയാളുടെ അധ്വാനത്തെയും അവര്‍ ഏറെ വില
മതിച്ചിരുന്നു. അയാളുടെ അധ്വാനവും വിശ്വാസവും മാത്രമായിരുന്നു ആ
അനാകര്‍ഷകമായ ഓണപ്പുടവയുടെ ഊടും പാവും. അതിനെ നിസ്സാരമായിക്കരുതാന്‍
അമ്മീമ്മ തയാറായിരുന്നില്ല. ഞങ്ങള്‍ കുട്ടികളും ആ സാരിയെ അതുകൊണ്ടു തന്നെ
നിസ്സാരമായി കാണാന്‍ പാടില്ലെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു.
ഓണാവധിക്കു ശേഷം സ്കൂളിലെ മറ്റ് ടീച്ചര്‍മാര്‍ സ്വര്‍ണക്കസവുള്ള
കേരളാസ്സാരിയും അതീവ മൃദുലമായ മറ്റ് പട്ടു സാരികളും ഉടുത്തു വരുമ്പോള്‍
അമ്മീമ്മ മാത്രം ഉരക്കടലാസ്സു പോലെയുള്ള നെയ്ത്തുസ്സാരി ധരിച്ച്
സ്കൂളിലെത്തി. യാതൊരു കലാബോധവുമില്ലാത്ത വിചിത്ര നിറങ്ങള്‍ പടര്‍ന്നതും
വില കുറഞ്ഞതുമായ ആ ഓണപ്പുടവ ധരിച്ചിട്ടും അവര്‍ ഒരു നക്ഷത്രം പോലെ
ജ്വലിച്ചു. അത് തീര്‍ച്ചയായും മറ്റൊരാളുടെ അധ്വാനത്തെ ഒട്ടും ചൂഷണം
ചെയ്യാതെ,അതിനെ തികച്ചും വിലമതിക്കുന്ന അവരുടെ മനസ്സിന്‍റെ സൌന്ദര്യം
കൊണ്ടു തന്നെയായിരുന്നു.
ആരേയും ഒന്നിനു വേണ്ടിയും ചൂഷണം ചെയ്യാന്‍ ഇഷ്ടപ്പെടാത്ത ഒരു മനസ്സിനുടമയാവുന്നത് ഒട്ടും എളുപ്പമല്ലല്ലോ.
മനസ്സ് വിങ്ങിപ്പോയതുകൊണ്ടു മാത്രം എഴുതാതിരിക്കാനാവില്ലെന്ന് തോന്നിയതുകൊണ്ടു മാത്രം എഴുതപ്പെടുന്നൊരു കുറിപ്പാണിത്.
ഈ കുറിപ്പ് ഇരുനൂറു വര്‍ഷം മുന്‍പ് മരിച്ചു പോയൊരു പെണ്ണിനെ പറ്റിയാണ്... അവളുടെ ശരീരഭാഗങ്ങളെപ്പറ്റിയാണ്.
ആ പേരു ഓര്‍മ്മ വന്നു കാണും എന്ന വിശ്വാസത്തില്‍ ..
ഒരര്‍ഥത്തില്‍ വേദനിപ്പിക്കപ്പെടുന്ന, നിന്ദിക്കപ്പെടുന്ന ഓരോ പെണ്ണും
സാര്‍ ട്ട് ജി ബ്രാട് മാനാണ്... ആ ജീവിതത്തിന്‍റെ അടുത്തും അകലെയുമായ
പൊട്ടുകളാണ്.
1816ല്‍ യൂറോപ്പിലെ കഠിനമായ തണുപ്പ് സഹിയ്ക്കാതെ
മരിച്ചു പോയ ഒരു ഇരുപത്തേഴുകാരിയാണ് സാര്‍ ട്ട് ജി. മനുഷ്യ സമൂഹത്തില്‍
എന്നും ഒരേ പോലെ കത്തി നില്‍ക്കുന്ന സ്ത്രീ ശരീരമെന്ന ഒടുങ്ങാത്ത
കൌതുകത്തിന്‍റെ അതീവ ദയനീയമായ ഇര.
സാര്‍ട്ട്ജി പിറന്നത് ദക്ഷിണാഫ്രിക്കയിലാണ്. ഖൊസിയാന്‍ എന്ന ആഫ്രിക്കന്‍ ഗോത്രത്തില്‍ പെട്ട ഒരു സ്ത്രീ ജന്മം.
ഇംഗ്ലീഷുകാരും ഡച്ചുകാരും നാനൂറു വര്‍ഷം മുന്‍പ്
ദക്ഷിണാഫ്രിക്കയിലെത്തിയപ്പോള്‍ ഈ ഗോത്രക്കാരെ കുറ്റിക്കാട്ടിലെ
മനുഷ്യര്‍ എന്നു വിളിച്ചു പോന്നു. അവരെ അടിമകളാക്കി പിടിക്കുന്നതിലും
പതുക്കെപ്പതുക്കെ ഇല്ലായ്മ ചെയ്യുന്നതിലും അവര്‍ പരസ്പരം മല്‍സരിച്ചു.
അങ്ങനെ ഒരു ദിവസം സാര്‍ട്ജി ഇംഗ്ലീഷുകാരുടെ പിടിയിലായി. ആ ശരീരം കണ്ട
നേവല്‍ സര്‍ജനായ സായിപ്പിന്‍റെ തലയില്‍ ഒത്തിരി കാര്യങ്ങള്‍ ഒരേ സമയം
തെളിഞ്ഞു. അയാള്‍ സാര്‍ട് ജിയെ വിലയ്ക്ക് വാങ്ങി.
ഖൊസിയാന്‍ ഗോത്രത്തിന്‍റെ ശാരീരിക പ്രത്യേകതകളുമായി പിറന്ന ആ ശരീരത്തെ അയാള്‍ മുഴുവനായും ഉപയോഗിച്ചു...
എന്താണ് ആ ഗോത്രത്തിന്‍റെ പ്രത്യേകത എന്നറിയുമോ?
തൊട്ട് കണ്ണെഴുതാവുന്ന നിറം. കീഴടക്കാനാവാത്ത കുന്നുകള്‍ പോലെ ഉന്തി
നില്‍ക്കുന്ന ചന്തികള്‍, സദാ വെല്ലുവിളിക്കുന്ന ഉയര്‍ന്ന മുലകള്‍,
നീണ്ടുരുണ്ട് കരുത്തുറ്റ തുടകള്‍, വലുപ്പമേറിയ യോനീതടം..
സായിപ്പ്
സാര്‍ ട് ജി യെ ഇംഗ്ലണ്ടിലെത്തിച്ചു .. ഒരു കൂട്ടിലിട്ട്
പ്രദര്‍ശനത്തിനു വെച്ചു. ഇംഗ്ലീഷുകാര്‍ പണം നല്‍കി ആ ശരീരം തൊട്ടു
രസിച്ചു. അനുഭവിച്ചു തളര്‍ന്നു. പണം കുറെ കൈയില്‍ വന്നു കഴിഞ്ഞപ്പോള്‍
ഡോക്ടര്‍ സായിപ്പിനു പതുക്കെപ്പതുക്കെയാണെങ്കിലും ഈ പ്രദര്‍ശനം
ബോറടിച്ചു തുടങ്ങി..
അങ്ങനെ അയാള്‍ സാര്‍ ട് ജിയെ ഒരു
സര്‍ക്കസ്സുകാരനു വിറ്റു. സര്‍ക്കസ്സുകാരന്‍ ചില സര്‍ക്കസ്സുവിദ്യകളൊക്കെ
പഠിപ്പിച്ചു.. പഠിപ്പിക്കുമ്പോള്‍ ആകാവുന്ന പോലെയൊക്കെ ശിഷ്യയെ
രുചിച്ചു. എന്നിട്ട് പാരീസില്‍ പ്രദര്‍ശനത്തിനു വെച്ചു.
ഫ്രഞ്ചുകാര്‍ക്ക് അല്‍ഭുതം താങ്ങാനായില്ല. അവരും സാര്‍ട്ജിയെ
ഭോഗിച്ചുല്ലസിച്ചു. പക്ഷെ, അതെ... സാര്‍ ട്ജി തുണിയുടുക്കാതെ ...
തുണിയുടുക്കാനാവാതെ... യൂറോപ്പിലെ കൊടും തണുപ്പില്‍... അതെ, മഞ്ഞിനു
സ്വയം തോന്നിക്കാണും ഈ നീറുന്ന ജീവിതം അവസാനിപ്പിച്ചു കൊടുക്കേണ്ട
ധര്‍മ്മം തന്‍റെയാണെന്ന് ...
സാര്‍ട്ജി മരിച്ചു. ..
എന്നിട്ടോ..
ഫ്രഞ്ചുകാര്‍ ആ ശരീരത്തില്‍ മരുന്നുകള്‍ പുരട്ടി പാരീസിലെ മൂസി ഡി ഹോമി
എന്ന മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വെച്ചു. അതും ബോറടിച്ചപ്പോള്‍
ഒടുവില്‍ വെള്ളക്കാരെ എപ്പോഴും അതിശയിപ്പിച്ച ആ യോനീദളങ്ങളുള്‍പ്പടെ
ഫോര്‍മലിനില്‍ ഇട്ട് ലബോറട്ടറിയില്‍ സൂക്ഷിച്ചു.
പിന്നെ കാലം കടന്നു പോയി... ഈസ്റ്ററും ക്രിസ്തുമസ്സും പലവട്ടം വന്നു..
1940കളില്‍ സാര്‍ട് ജിയുടെ ദയനീയമായ കഥ ലോകമറിഞ്ഞു തുടങ്ങിയിരുന്നു.
പിന്നീട് കവിതകളും ലേഖനങ്ങളും വന്നു. 1978ല്‍ ഖോസിയന്‍ ഗോത്രക്കാരിയായ
ഡയാന ഫെറസ് ‘ നിന്നെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഞാന്‍ വന്നിരിക്കുന്നു’
എന്ന തലക്കെട്ടില്‍ എഴുതിയ കവിത ഏറെ വായിക്കപ്പെട്ടു. അമേരിക്കന്‍ നരവംശ
ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ജെ ഗുള്‍ഡ് എഴുതിയ ലേഖനവും സാര്‍ട്ജിയെ
ലോകശ്രദ്ധയില്‍ എത്തിക്കാന്‍ കാരണമായി..
ദക്ഷിണാഫ്രിക്ക
സ്വതന്ത്രമായതിനു ശേഷം 1994 ല്‍ നെല്‍സണ്‍ മണ്ടേല തികച്ചും ഔദ്യോഗികമായി
നിയമപരമായി സാര്‍ട് ജിയുടെ ഭൌതികാവശിഷ്ടങ്ങളെ തിരിച്ചു തരണമെന്ന്
ഫ്രാന്‍സിനോട് ആവശ്യപ്പെട്ടു. എന്നിട്ടും എട്ടു കൊല്ലം ആ ആവശ്യത്തിനു
പുറത്ത് അടയിരുന്നതിനു ശേഷമാണ് ഫ്രാന്‍സ് ആ ശരീരഭാഗങ്ങള്‍ കൈമാറിയത്.
ദക്ഷിണാഫ്രിക്ക പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സാര്‍ട്ജിയെ ഖോസിയാന്‍ ഗോത്രാചാരപ്രകാരം സംസ്ക്കരിച്ചു.
സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനു വേണ്ടിയുള്ള
കേന്ദ്രങ്ങള്‍ക്ക് ദക്ഷിണാഫ്രിക്ക സാര്‍ട്ജിയുടെ പേരു നല്‍കി. കടലോര
പരിസ്ഥിതി സം രക്ഷണത്തിനു വേണ്ടി ദക്ഷിണാഫ്രിക്ക ആദ്യം കടലിലിറക്കിയ
കപ്പലിന്‍റെ പേരും സാര്‍ട്ജി ബ്രാട് മാന്‍ എന്നാണ്. ...
ആന്ധ്രാപ്രദേശിലെ സ്ത്രീകളുടെ വലുപ്പമേറിയ പിന്‍ഭാഗത്തെപ്പറ്റി
സംസാരിക്കുന്നത് കേട്ടിരിക്കേണ്ടി വന്ന ഒരു നിസ്സഹായതയില്‍...
സമൃദ്ധമായ മാറിടങ്ങള്‍ക്കു നേരെയുള്ള കൈനീളലുകളെപ്പറ്റി നൊമ്പരപ്പെടുന്ന
ഒരു കണ്ണീരിനിടയില്‍.. സ്ത്രീ ശരീരം എന്ന അവസാനിക്കാത്ത കൌതുകമെന്ന്
എണ്ണപ്പെടുന്ന ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളിലും...
വിങ്ങുന്ന ഒരു ഓര്‍മ്മയായി... സാര്‍ ട്ജി ബ്രാഡ് മാന്‍..
നേർത്ത
മുട്ടത്തോടിനു പുറത്ത്, അത്യധികം സൂക്ഷിച്ച് കാൽ വെക്കേണ്ടുന്നത്
പോലെയുള്ള ഒരു ദാമ്പത്യമാണ് ഞാൻ നയിച്ചത്. ഞാൻ മാത്രം ശ്രദ്ധിക്കേണ്ടത്.
ഞാൻ മാത്രം വില കൊടുക്കേണ്ടത്. ഞാൻ മാത്രം തനിച്ച് കാത്തു വെയ്ക്കേണ്ടത്.
ഭർത്താവിന് എന്നെ തീരെ ആവശ്യമുണ്ടായിരുന്നില്ല. രാവിലെ കുടിക്കുന്ന
ചായയോടോ നാലുമണിക്കു കഴിക്കുന്ന പരിപ്പുവടയോടോ തോന്നുന്ന സ്നേഹം മാത്രമേ
അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്നുള്ളൂ. യാതൊരു സംശയത്തിനും ഇടയില്ലാതെ
അത് വ്യക്തമായിട്ടും ആ സത്യത്തിനു നേരെ കണ്ണു രണ്ടും ബലമായി അടച്ച്
പിടിച്ച് ഞാൻ ഒരു നല്ല ഭാര്യയായി ജീവിയ്ക്കാൻ ശ്രമിച്ചു.
പക്ഷെ, ഒടുവിൽ ഞാൻ ദയനീയമായി തോറ്റു.
അങ്ങനെയാണു ദാമ്പത്യം ഞാൻ സ്വയം അവസാനിപ്പിച്ചത്.
അത് അദ്ദേഹത്തിന് കൊടിയ അപമാനമായിത്തീർന്നു.
അദ്ദേഹം പൊടുന്നനെ നഷ്ടപ്രേമത്തിന്റെ രക്തസാക്ഷിയായപ്പോൾ ഞാൻ വഞ്ചനയുടേയും സ്വഭാവ ദൂഷ്യത്തിന്റെയും ആൾ രൂപമായി അറിയപ്പെട്ടു.
ഞങ്ങൾ വിവിധ കോടതികളിൽ കയറിയിറങ്ങി.
നാലഞ്ച് വർഷങ്ങൾക്ക് ശേഷം കുഞ്ഞിനെ അവധിക്കാലങ്ങളിൽ കുറച്ച് ദിവസം
അദ്ദേഹത്തിനും ബാക്കി സമയം എനിക്കുമെന്ന് പ്രഖ്യാപിച്ച്, കോടതി ഞങ്ങൾക്ക്
വിവാഹമോചനം അനുവദിച്ചു.
ഭർത്താക്കന്മാരുള്ള പെൺ സുഹ്റുത്തുക്കളും ഭാര്യമാരുള്ള ആൺ സുഹ്റുത്തുക്കളും എന്നിൽ നിന്ന് ഒരകലം പാലിയ്ക്കാൻ ശ്രദ്ധിച്ചിരുന്നു.
എന്റെ ബന്ധുക്കളാകട്ടെ എന്നെ ആവുന്നത്ര മറന്നു കളഞ്ഞു.
എങ്കിലും ബാക്കി ലോകം പഴയതു പോലെ തന്നെ മുൻപോട്ട് പോയി.
കുഞ്ഞിനെ അദ്ദേഹത്തിനു നൽകിയ ആദ്യത്തെ അവധിക്കാലം ഞാൻ ഒരു രാത്രി പോലും ഉറങ്ങിയില്ല. ഭയമോ നഷ്ടബോധമോ ഒന്നുമായിരുന്നില്ല കാരണം.
എന്റെ ശീലമായിരുന്നു.
കുഞ്ഞിനെ കെട്ടിപ്പിടിയ്ക്കാതെ എനിക്കുറങ്ങാൻ പറ്റുമായിരുന്നില്ല.
കുഞ്ഞിനു കഥ പറഞ്ഞു കൊടുക്കാതെയും പാട്ട് പാടി കേൾപ്പിയ്ക്കാതെയും എന്റെ
തൊണ്ടയും നാവും വരണ്ടുണങ്ങി.
കുഞ്ഞിന്റെ കുപ്പായങ്ങളും കളിപ്പാട്ടങ്ങളും പുസ്തകങ്ങളും ഞാൻ മുറികളിൽ വിതറി.
ഓരോന്നും സ്പർശിക്കുമ്പോൾ എന്റെ ആത്മാവു പോലും വെന്തു നീറി.
എന്റെ നെഞ്ചിൽ സങ്കടം ഭാരമേറിയ കരിങ്കല്ലു പോലെ അമർന്നു കിടന്നു.
ഞാൻ സെക്കന്റുകൾ എണ്ണിക്കൊണ്ടിരുന്നു.
അങ്ങനെ ഒടുവിൽ ആ ഉത്സവ ദിനം വന്നു ചേർന്നു. കുഞ്ഞ് എന്റെ പക്കലേക്ക് മടങ്ങിയെത്തി.
രാത്രി ഞങ്ങൾ വിശേഷങ്ങൾ പറഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ച്
കിടക്കുകയായിരുന്നു. കുഞ്ഞ് കിലുകിലെ ചിരിയ്ക്കുകയും എന്നെ ഉമ്മകൾ കൊണ്ട്
മൂടുകയും ചെയ്തു.
‘അമ്മയെ കാണണംന്ന് അമ്മാമ്മ പറഞ്ഞു.’
മെത്തയിൽ
എണീറ്റിരുന്നു കൊണ്ട്, പൊടുന്നനെയായിരുന്നു കുഞ്ഞിന്റെ അറിയിപ്പ്.
എന്നിട്ട് കുഞ്ഞിക്കണ്ണുകൾ മിഴിച്ച് എന്നെ സൂക്ഷിച്ച് നോക്കിയപ്പോൾ
സ്വാഭാവികമായും എനിക്ക് അടക്കാനാകാത്ത പരിഭ്രമം തോന്നി, എന്തിനാണ്
അദ്ദേഹത്തിന്റെ അമ്മ എന്നെ കാണണമെന്ന് പറയുന്നത്?
കോടതി വിധി എന്തു
തന്നെയായാലും കുഞ്ഞിനെ അവരുടെ മകനെ മാത്രമായി ഏൽപ്പിക്കുന്നതാണ് ശരിയെന്ന്
എന്നോട് പറയുവാൻ അവർ ആഗ്രഹിയ്ക്കുന്നുണ്ടാവുമോ?
കഴിയുന്നത്ര ഭംഗിയായി ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു ‘എന്തിനാന്ന് അമ്മാമ്മ പറഞ്ഞില്ലേ?’
‘പറഞ്ഞു, പറഞ്ഞു. അപ്പാപ്പൻ മരിച്ച് സങ്കടത്തിലിരിയ്ക്ക്യല്ലേ അമ്മാമ്മ.
അപ്പോ നിന്റമ്മ എന്തേ എന്നെ കാണാൻ വരാഞ്ഞേ? ഒന്നു വന്ന് കാണണ്ടേന്ന്
ചോദിച്ചു. അമ്മ ഏതോ ഒരങ്കിളിനെ കല്യാണം കഴിയ്ക്കുംന്ന് അച്ഛൻ പറഞ്ഞപ്പോ
അമ്മാമ്മ ചിരിക്കായിരുന്നു. അച്ഛനും മമ്മീം മുറീന്ന് പോയപ്പളാ അമ്മാമ്മ
പിന്നെ പറഞ്ഞത്. അമ്മേം ആ അങ്കിളും പറേണ കേട്ട് ചക്കരക്കുട്ടിയായി പഠിച്ച്
വലുതാകണംന്ന്.‘
ഞാൻ പെട്ടെന്ന് പുതപ്പിൽ മുഖം ഒളിപ്പിച്ചു. ആ അമ്മയുടെ കണ്ണുകൾ കുഞ്ഞിന്റെ മുഖത്ത് തെളിഞ്ഞു നിൽക്കുന്നതു പോലെ.
എന്റെ തൊണ്ടയിൽ ഒരു വലിയ പൊട്ടിക്കരച്ചിൽ മുട്ടിത്തിരിയുകയായിരുന്നു.
കട്ടിയുള്ള പുതപ്പ് കുഞ്ഞിക്കൈകൾ കൊണ്ട് വലിച്ചു മാറ്റിയിട്ട്, എന്റെ മുഖം നോക്കി കുഞ്ഞ് നിഷ്ക്കളങ്കമായി ചിരിച്ചു.
അപ്പോൾ എനിക്കും ചിരിയ്ക്കേണ്ടതായി വന്നു.
അങ്ങനെ അതൊരു പൊട്ടിച്ചിരിയായി മാറി.
2015 ജൂലൈ ലക്കം പുടവ മാസികയില്‍ പ്രസിദ്ധീകരിച്ചൊരു പെരുന്നാള്‍ ഓര്‍മ്മ.
സസ്യഭക്ഷണം മാത്രം കഴിച്ചിരുന്നതുകൊണ്ട് ഇസ്ലാം മതക്കാരായ കുടുംബ
സുഹൃത്തുക്കളൂടെ വീടുകളില്‍ നിന്ന് അത്ര കാര്യമായി ഭക്ഷണം
കഴിയ്ക്കലുണ്ടായിട്ടില്ല. അച്ഛന്‍ മാത്രമേ നോമ്പുതുറയിലും പെരുന്നാള്‍
വിരുന്നുകളിലും മുഴുവനായും പങ്കെടുക്കുമായിരുന്നുള്ളൂ. ഞങ്ങള്‍ ഐസ്
ക്രീമും മധുര പലഹാരങ്ങളും കഴിക്കും.. അത് ഇപ്പോഴത്തെ പോലെ വല്ല
കമ്പനിയുടേതൊന്നുമല്ല. ആ വീട്ടില്‍ തന്നെ തയാറാക്കിയത്. നേരു പറഞ്ഞാല്‍
ആ ഐസ് ക്രീമിന്‍റെയും മധുരപലഹാരങ്ങളുടെയും രുചി ഇന്നും മറക്കാന്‍
കഴിഞ്ഞിട്ടില്ല.
നല്ല അടുപ്പമുണ്ടായിരുന്ന
കുടുംബസുഹൃത്തായിരുന്നു സിവില്‍ എന്‍ജിനീയറായിരുന്ന ശ്രീ മുസ്തഫ. മുസ്തഫാ
അങ്കിള്‍ എന്നൊക്കെ വിളിക്കുന്നത് കുറെ കഠിനമായി തോന്നിയതുകൊണ്ട് ഞാന്‍
ഉമാപ്പ എന്നാക്കി ആ പേര് .
ഉമാപ്പ മിക്കവാറും എന്നും വീട്ടില്‍
വരുമായിരുന്നു. അദ്ദേഹത്തിന്‍റെ അമ്മയും ഭാര്യയും അമ്മയുടേയും
ജ്യേഷ്ഠത്തിയായ അമ്മീമ്മയുടെയും അടുത്ത സുഹൃത്തുക്കളുമായിരുന്നു. അവരില്‍
നിന്നാണ് ഞാനാദ്യമായി നോമ്പ് പിടിയ്ക്കലും നോമ്പ് തുറക്കലും,
എന്നൊക്കെയുള്ള വാക്കുകള്‍ കേള്‍ക്കുന്നത്.
അമ്മീമ്മ
മൈസൂര്‍പ്പാക്കുണ്ടാക്കുന്നതില്‍ ബഹു മിടുക്കിയായിരുന്നു. ഉമാപ്പയുടെ
ഭാര്യ വീട്ടില്‍ വരുമ്പോഴൊക്കെ ആ മൈസൂര്‍പ്പാക്കിനെ പുകഴ്ത്തി
സംസാരിക്കുകയും പ്ലേറ്റില്‍ വെച്ച കഷണങ്ങളോട് ഭംഗിയായി നീതി
പുലര്‍ത്തുകയും ചെയ്യുമായിരുന്നു. അങ്ങനെ ഒരു നോമ്പുതുറയ്ക്ക്
മൈസൂര്‍പ്പാക്ക് ഉണ്ടാക്കിക്കൊടുക്കാമെന്ന് അമ്മീമ്മ ഏറ്റു.
ഉച്ചയൂണു കഴിഞ്ഞതിനുശേഷമാണ് ഞാനും അനിയത്തിയും അമ്മീമ്മയും കൂടി
മൈസൂര്‍പ്പാക്കുണ്ടാക്കുവാന്‍ ഉമാപ്പയുടെ വീട്ടിലെത്തിയത്. ചെവിയുടെ
മേല്‍ത്തട്ട് നിറയെ കുനുകുനെയുള്ള സ്വര്‍ണവളയങ്ങളും തൂവെള്ളയായ
ഉടുപുടവകളും ധരിച്ചിരുന്ന ഉമാപ്പയുടെ അമ്മ, അമ്മീമ്മയെ കണ്ടപാടെ
വെളുക്കെ ചിരിച്ച് സ്വീകരിച്ചിരുത്തുകയും അതേ വേഗതയില്‍ അവരുടെ അടുക്കള
വാതില്‍ അമര്‍ത്തിച്ചാരുകയും ചെയ്തു.
‘മീനും എറച്ചീം ഒക്കെണ്ടാക്കണുണ്ട്.. ആ മണൊന്നും ഇങ്ങോട്ട് വരണ്ടാ’ എന്ന് വിശദീകരിക്കാനും അവര്‍ മറന്നില്ല.
അമ്മീമ്മയുടെ തമിഴ് ബ്രാഹ്മണ്യത്തെ ഇത്തരം മണങ്ങള്‍ കൊണ്ട് മുറിവേല്‍പിക്കുന്നതില്‍ അവര്‍ക്ക് വിമുഖതയുണ്ടായിരുന്നു.
എന്തായാലും മുറ്റത്തേയ്ക്ക് പിടിച്ചിട്ട ഒരു ഇരുമ്പ് മേശപ്പുറത്ത്
സ്റ്റൌ വെച്ച് കത്തിച്ച് വലിയൊരു പാത്രവും ചട്ടുകവും ചേരുവകളുമായി
അമ്മീമ്മ പാചകം ആരംഭിച്ചു.
കൈയാളുകളായി ഉമാപ്പയുടെ അമ്മയും ഭാര്യയും.
ഇഷ്ടം പോലെ വര്‍ത്തമാനവും , കളിയും ചിരിയും എല്ലാമായി
മൈസൂര്‍പ്പാക്ക് പാകമായിക്കൊണ്ടിരുന്നു.
ഞാനും അനിയത്തിയും
ഉമാപ്പയുടെ മകളും കൂടി കളിച്ചു രസിച്ചു. നല്ലൊരു പൂന്തോട്ടമുണ്ടായിരുന്നു ആ
വീട്ടുമുറ്റത്ത്. ഉമാപ്പ വിദേശപര്യടനമൊക്കെ നടത്തിയിരുന്ന
എന്‍ജിനീയറായതുകൊണ്ടും ലാന്‍ഡ് സ്കേപ്പിംഗില്‍ നല്ല
താത്പര്യമുണ്ടായിരുന്നതുകൊണ്ടും ജാപ്പനീസ് മാതൃകയിലുള്ള
വള്ളിക്കുടിലുകളും നടപ്പാതകളും ഇംഗ്ലിഷ് രീതിയില്‍ തയാറാക്കിയ
പുല്‍ത്തകിടിയും മറ്റും ആ പൂന്തോപ്പിലുണ്ടായിരുന്നു.
പക്ഷികള്‍ക്ക് കുടിയ്ക്കാന്‍ വെള്ളവും കൊറിയ്ക്കാന്‍ ധാന്യമണികളും നിറച്ച പാത്രങ്ങള്‍ ഞാന്‍ ആദ്യം കണ്ടത് ആ വീട്ടിലാണ്.
ഈന്തപ്പഴം, ഉപ്പു ചേര്‍ത്ത അസ്സോര്‍ട്ടഡ് നട്സ് , റോസ് മില്‍ക് ഇതൊക്കെ
ഉമാപ്പയുടെ അമ്മ ഞങ്ങള്‍ കുട്ടികള്‍ക്ക് സല്‍ക്കരിച്ചു...
കുറച്ചു കഴിഞ്ഞപ്പോഴേക്കും നറുനെയ്യിന്‍റെ മണമുള്ള രസികന്‍
മൈസൂര്‍പ്പാക്ക് തയാറായി.. അന്നത്തെ നോമ്പുതുറയിലെ താരം ആ
മൈസൂര്‍പ്പാക്കായിരുന്നുവെന്ന് പിറ്റേന്ന് വീട്ടില്‍ വന്നപ്പോള്‍ ഉമാപ്പ
അമ്മീമ്മയ്ക്ക് ഒരു സര്‍ട്ടിഫിക്കറ്റും നല്‍കി.
അമ്മയും അച്ഛനും നഗരത്തില്‍ ഒരു വീടുണ്ടാക്കാന്‍ തീരുമാനിച്ച കാലം.
അപ്പോഴാണ് ആദ്യമായി ഒരാള്‍ വീടിന്‍റെ പ്ലാന്‍ വരയ്ക്കുന്നത് ഞാന്‍
കാണാനിടയായത്. മറ്റാരുമല്ല, ഉമാപ്പ തന്നെ. ഉമാപ്പയുള്ളപ്പോള്‍ പിന്നെ
വേറൊരു സിവില്‍ എന്‍ജിനീയറെ അന്വേഷിക്കേണ്ടതില്ലല്ലോ.
അങ്ങനെ വീടുപണി ആരംഭിച്ചു.
വീടുപണികളുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കുഴപ്പങ്ങളെന്താണെന്ന്
വെച്ചാല്‍... അത് വളരെ ചെറിയ കാര്യങ്ങള്‍ കൊണ്ടു തടസ്സപ്പെട്ട് വല്ലാതെ
അങ്ങു നീണ്ടു പോകാറുണ്ട് . പിന്നെ കൈവശമുള്ള പണം തീരുന്നതനുസരിച്ച്
വീട്ടുടമസ്ഥരുടെ യഥാര്‍ഥ സ്വഭാവം പുറത്തു വരും.
അച്ഛനും അമ്മയും
തമ്മില്‍ മറ്റെല്ലാ കാര്യത്തിലുമെന്ന പോലെ വീടുപണിയിലും ഒട്ടും
ചേര്‍ച്ചയുണ്ടായിരുന്നില്ല. അമ്മ മുന്‍കൈയെടുക്കുന്ന ഒന്നിലും
സഹകരിയ്ക്കാതിരിക്കുന്നതും വീടുമായോ ഞങ്ങളുടെ ജീവിതവുമായോ ബന്ധപ്പെട്ട ഒരു
കാര്യത്തിനും മുന്‍കൈ എടുക്കാതിരിയ്ക്കുന്നതും അച്ഛന്‍റെ നിസ്സഹകരണ
രീതിയായിരുന്നു.
വീടു പണിയുമ്പോള്‍ ഗൃഹനാഥന്‍ നിത്യം പണിസ്ഥലത്ത് ഒന്ന് പോയി, കുറ്റവും കുറവുമൊക്കെ തിരുത്തുക എന്നതൊരു നാട്ടുനടപ്പാണല്ലോ.
അച്ഛന്‍ ഒരിയ്ക്കലും അതിനു വഴങ്ങിയില്ല.
ഓഫീസ് ജോലിയും നാലു വര്‍ഷത്തെ ദാമ്പത്യത്തിലുണ്ടായ മൂന്നു മക്കളും
സ്വന്തം സഹോദരന്മാരുമായി കോടതിയില്‍ ഏറ്റുമുട്ടേണ്ടുന്ന സിവില്‍ കേസിന്‍റെ
ദൈന്യവും സ്വരച്ചേര്‍ച്ചയില്ലാത്ത ദാമ്പത്യവും അമ്മയെ വീടുപണിയില്‍
നിന്ന് അകറ്റി നിറുത്തിയിരുന്നു.
ആഭിചാരം ചെയ്യപ്പെട്ട്
ഇല്ലാതാക്കാന്‍ വിധിക്കപ്പെടുന്നവരുടെ അവസാനിക്കാത്ത ദൈന്യം പോലെ ,
ഞങ്ങള്‍ മൂന്നു മക്കളുടെയും ഇപ്പോഴും മാറാത്ത വൈകാരിക അനാഥത്വം പോലെ , ആ
വീടും അങ്ങനെ എങ്ങനെ ഒക്കേയോ ഉയര്‍ന്നുകൊണ്ടിരുന്നു.
ആ
വീടിന്‍റെ അയല്‍പ്പക്കത്ത് വളരെ പാവപ്പെട്ട കുറച്ച്
തെങ്ങുകയറ്റത്തൊഴിലാളികളായിരുന്നു കുടുംബമായി അക്കാലം
താമസിച്ചിരുന്നത്.
ഒരിയ്ക്കല്‍ ഒരു ഉച്ചനേരത്ത് ഓഫീസില്‍ നിന്നും
അല്‍പനേരത്തേയ്ക്ക് മുങ്ങിയ അമ്മ, പണിക്കാര്‍ക്ക് കൂലി കൊടുക്കാന്‍
വേണ്ടി നേരെ വീടു പണിയുടെ വര്‍ക് സൈറ്റിലെത്തി. അപ്പോള്‍ യാദൃച്ഛികമായി
അയല്‍പ്പക്കത്തെ തെങ്ങുകയറ്റത്തൊഴിലാളികളുടെ കുടുംബത്തെ കാണാനിടയായി.
വീടു പണി നടക്കുന്നേടത്ത് വന്ന് ഇഷ്ടം പോലെ മേല്‍നോട്ടം വഹിക്കാനാവാത്ത
തന്‍റെ ബുദ്ധിമുട്ടുകളേയും ഗതികേടുകളേയും പറ്റി സങ്കടപ്പെട്ട അമ്മ,
ദയവായി നിങ്ങള്‍ സാധിക്കും പോലെ മേല്‍നോട്ടം വഹിക്കണമെന്ന് അവരോട്
സഹായാഭ്യര്‍ഥന നടത്തി.
അമ്മയെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് അവര്‍ പറഞ്ഞു.
‘ അത് സാരല്യാ.. എന്നും അമ്മേടെ ചേട്ടന്‍ വരുന്നുണ്ടല്ലോ. ചെലപ്പോ
കാലത്ത് വരും.. അല്ലെങ്കില്‍ വൈകുന്നേരം. ചെല ദിവസം രണ്ട് നേരോം
വരാറുണ്ട്. വന്നാല്‍ പണിക്കാരെയൊക്കെ വെരട്ടാറും ഉണ്ട്, ചിലപ്പോഴൊക്കെ. ‘
അഞ്ചു സഹോദരന്മാരും അമ്മയ്ക്കെതിരേ കോടതിയില്‍ കേസു
വാദിച്ചുകൊണ്ടിരുന്ന ദുരിതകാലമായിരുന്നു അത്. ജാതി മാറിയുള്ള കല്യാണം
കൊണ്ട് തമിഴ് ബ്രാഹ്മണ്യത്തെ വെല്ലു വിളിച്ച, മാപ്പില്ലാത്ത
കുറ്റമായിരുന്നു അവര്‍ അമ്മയുടെ മേല്‍ ചുമത്തിയിരുന്നത്.
അതുകൊണ്ട് ഒന്നും മനസ്സിലാവാത്ത അമ്മ കണ്ണും മിഴിച്ച് നിന്ന
‘ഒരു ഇളം പച്ച കാറില് വരാറുണ്ട്. ആ വെളുത്തു തുടുത്ത നിറം കണ്ടപ്പോഴേ
ഞങ്ങള്‍ക്ക് മനസ്സിലായി.. അമ്മേടെ ചേട്ടനാന്ന്.. നല്ല മുഖച്ഛായ തോന്നും.
സാറല്ല.. സാറിനു നെറം ഇല്ല്യാലോ... ‘
ഇപ്പോള്‍ അമ്മയ്ക്ക് എല്ലാം വ്യക്തമായി.
ഉമാപ്പയായിരുന്നു ആ സഹോദരന്‍. പണം വാങ്ങാതെ പ്ലാന്‍ വരയ്ക്കുക
മാത്രമല്ല, പെട്രോള്‍ ചെലവാക്കി വര്‍ക് സൈറ്റില്‍ വന്ന് ആരോടും പറയാതെ
വീടു പണിയുടെ മേല്‍നോട്ടവും വഹിക്കാന്‍ ഒരു വെറും സിവില്‍
എന്‍ജിനീയര്‍ക്ക് കഴിയില്ല. ... അതിനു സഹോദരന്‍ ആവുക തന്നെ വേണം.
വണ്ടിക്കൂലിയെങ്കിലും മേടിയ്ക്കണമെന്ന് അമ്മ ഉമാപ്പയെ നിര്‍ബന്ധിച്ചു.
ഉമാപ്പ വഴങ്ങിയില്ല.
‘ആവുന്നത്ര സഹായിക്കണമെന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്.’
ഉമാപ്പ നല്ലൊരു മകനും കൂടിയാണ്....
അമ്മ ആശുപത്രിയിലാണെന്ന അറിയിപ്പില്‍ ദില്ലിയില്‍ നിന്ന് നാട്ടിലേക്ക്
പറക്കുമ്പോള്‍ പ്രഷറും ഷുഗറുമായിരുന്നു വില്ലന്മാരായി മനസ്സില്‍ ഉയര്‍ന്നു
നിന്നിരുന്നത്. അതില്‍ത്തന്നെ പ്രഷര്‍ കൂടിയിട്ടുണ്ട് എന്ന അറിവ്
കൂടിയായപ്പോള്‍ സ്ട്രോക്കും പരാലിസിസും ഹാര്‍ട്ട് അറ്റാക്കും ഒക്കെ
മനസ്സിനെ ആകുലപ്പെടുത്തിക്കൊണ്ടിരുന്നു. ഒന്നിനെപ്പറ്റിയും ഒരു
കാര്യത്തിനെപ്പറ്റിയും ഒരു അറിവുമില്ലാതിരിക്കുന്നതാണു നല്ലതെന്ന്
ഇമ്മാതിരി നെഞ്ചുരുക്കുന്ന ജീവിതസന്ദര്‍ഭങ്ങളില്‍ ഞാന്‍ പലവട്ടം
വിചാരിച്ചു പോയിട്ടുണ്ട്.
അമ്മയ്ക്ക് പ്രഷര്‍ കൂടിയെന്നേയുള്ളൂ.. മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷെ, അമ്മയില്‍ ഒ രു മാറ്റമുണ്ടായിരുന്നു.
ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുള്ള ആളാണു അമ്മ. അന്നൊന്നും
ദൃശ്യമാവാതിരുന്ന ഭയവും ഭീതിയും അമ്മയില്‍ നിഴല്‍ വീശിയിരുന്നു.
സോഡിയം ലെവലിലെ വ്യത്യാസമാണെന്ന് ..
രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ ചിലപ്പോള്‍ ഇങ്ങനെ ഉണ്ടാകാമെന്ന്..
വാര്‍ദ്ധക്യ സഹജമായ വിഷാദം പിടിപെട്ടതാണെന്ന്..
മരണഭയമാണെന്ന്...
ഡോക്ടര്‍മാര്‍ എന്തൊക്കെയോ പറഞ്ഞു. ഞങ്ങള്‍ പകുതി വിശ്വസിച്ചു.. ബാക്കി
വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. അമ്മീമ്മയുടേതല്ലാതെ
മറ്റാരുടേയും പിന്തുണ അമ്മയ്ക്കുണ്ടായിട്ടില്ല. ചില ചില്ലറ ഘട്ടങ്ങള്‍
ഒഴിച്ചാല്‍.. എന്നും വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും പരിഹാസവും
നിന്ദയും മാത്രമായിരുന്നു അമ്മയുടെ അവാര്‍ഡുകള്‍. അപ്പോഴെല്ലാം ധൈര്യമായി
പിടിച്ചു നിന്ന അമ്മയ്ക്ക് വിഷാദമെന്ന രോഗമുണ്ടാവുമെന്ന് ഞങ്ങള്‍ക്ക്
വിശ്വാസം വന്നില്ല.
എങ്കിലും ഞങ്ങളൂടെ അമ്മ ഇപ്പോള്‍ ഒരു കിളിക്കുഞ്ഞിനെപ്പോലെ ചകിതയായിരിക്കുന്നുവെന്നതൊരു വാസ്തവമാണ്.
അമ്മയുടെ തല സ്കാന്‍ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍
മൂന്നു മക്കളും ഞടുങ്ങി. വലിയ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന മഹാരോഗങ്ങളുടെ
പേരുകള്‍ ഞങ്ങളുടെ ബോധമണ്ഡലത്തെ കാര്‍ന്നു തിന്നു.
സ്കാന്‍ റിപ്പോര്‍ട്ടില്‍ ഒന്നും തെളിഞ്ഞില്ല. കോശങ്ങളുടെ വാര്‍ദ്ധക്യസഹജമായ ശോഷണമല്ലാതെ..
പക്ഷെ, പഠിപ്പും വിവരവുമുള്ള പുതിയ തലമുറക്കാരായ ആ ഡോക്ടര്‍മാര്‍ ഒന്നടങ്കം പറഞ്ഞു.
അമ്മയ്ക്ക് ഡിമെന്‍ഷ്യ ആണെന്ന്.. ഓര്‍മ്മയുടെ പിടി വിട്ടു പോകുന്ന
നൂലുവള്ളികളെ തെരഞ്ഞാണ് അമ്മ പരിഭ്രമത്തോടെ അലയുന്നതെന്ന്.. അതാണ് ഞാനീ
ഭൂമിയില്‍ ഇല്ലല്ലോ എന്ന മാറ്റം അമ്മയ്ക്കുണ്ടാവുന്നതെന്ന്...
അമ്മയുടെ പക്കല്‍ പണം കൊടുക്കരുത്.
അമ്മയെ തനിച്ചാക്കരുത്...
അമ്മയോട് ദേഷ്യപ്പെടരുത്...
അമ്മ കുഞ്ഞാവുകയാണ്.. നിങ്ങള്‍ അമ്മമാരായല്ലോ. അതുകൊണ്ട് മക്കളെ നോക്കുന്നതു പോലെ അമ്മയെ നോക്കണം.
ഇനി പുതിയ കാര്യങ്ങളൊന്നും അമ്മ പഠിയ്ക്കില്ല. പരിചയമായിരുന്നതൊക്കെ മറന്നു പോകും.
കഴിച്ചത് മറക്കും... ഭക്ഷണം തന്നില്ലെന്ന് പറയും...
അറിയാതെ മൂത്രമൊഴിക്കുകയും അപ്പിയിടുകയും ചെയ്യും. നിങ്ങളെ തിരിച്ചറിയാതാവും..... അങ്ങനെ പതിയെപ്പതിയെ അമ്മ ..
ഉമിനീര്‍ വറ്റിപ്പോയ ഞങ്ങള്‍ക്ക് ശബ്ദിക്കാന്‍ കഴിഞ്ഞില്ല.
ഡോക്ടര്‍മാര്‍ ചികില്‍സ ആരംഭിച്ചു. അങ്ങനെ ഡിമെന്‍ഷ്യ വ്യാപിക്കുന്നത് മെല്ലെയാക്കുന്ന മരുന്നുകള്‍ അമ്മ കഴിക്കാന്‍ തുടങ്ങി.
അമ്മയില്‍ ഒരു തരം വിറയല്‍ പ്രത്യക്ഷപ്പെട്ടതൊഴികേ വേറെ മാറ്റമൊന്നും വന്നില്ല. അമ്മ ചിന്താകുലയായിരുന്നു.
അനിയത്തി വീടു മാറി.. ജോലിയിടത്തു നിന്ന് അരമണിക്കൂറില്‍ അമ്മയ്ക്കരികേ
എത്താവുന്ന സ്ഥലത്തായി താമസം. മകളെ സ്ക്കൂള്‍ മാറ്റിച്ചേര്‍ത്തു. നേരത്തേ
വീട്ടില്‍ സഹായത്തിനു നിന്നിരുന്ന അമ്മൂമ്മ പുതിയ വീട്ടിലും വന്നു
താമസിക്കാമെന്ന് സമ്മതിച്ചു. അങ്ങനെ മുപ്പതിലധികം വര്‍ഷം താമസിച്ച
സ്വന്തം വീട് വിട്ട് മറ്റൊരു ജില്ലയില്‍, ചെറിയൊരു വാടക വീട്ടില്‍ അമ്മ
താമസം തുടങ്ങി.
അമ്മയുടെ ചികില്‍സ തുടരാന്‍ എല്ലായ്പോഴും
കിലോമീറ്ററുകളോളം യാത്ര ചെയ്യുന്നതിന്‍റെ ബുദ്ധിമുട്ട് ഓര്‍ത്ത്
പുതിയൊരു ഡോക്ടറെ അന്വേഷിക്കുമ്പോഴാണ് വാടക വീടിന്‍റെ അടുത്തു തന്നെ
അച്ഛന്‍റെ സുഹൃത്തായ ഞങ്ങള്‍ ചെറുപ്പത്തിലേ അങ്കിള്‍ എന്ന് വിളിച്ചു
ശീലിച്ച ഡോക്ടറുണ്ടെന്ന് അറിഞ്ഞത്.
അനിയത്തി അവിടെ ചെന്ന് കരഞ്ഞു. നെഞ്ചു പൊട്ടിക്കരഞ്ഞു.
അവര്‍ അങ്കിളും ആന്‍റിയും രണ്ട് പേരും ഡോക്ടര്‍മാരായിരുന്നു. അമ്മ
അനിയത്തിയെ പ്രസവിച്ച ദിവസം, ഒത്തിരി വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള
ഏപ്രില്‍ മാസത്തിലെ ആ ദിവസം അവരിരുവരും അമ്മയേയും കുഞ്ഞിനേയും കാണാന്‍
വന്നിരുന്നു. ജോണ്‍സണ്‍സ് ബേബി സോപ്പും കുഞ്ഞുടുപ്പും പൌഡറുമായി..
ആ
കുഞ്ഞ് ജീവിതത്തിന്‍റെ ചാട്ടവാറേറ്റ്, നിസ്സഹായയായി മുന്നില്‍ വന്നു
നിന്ന് കരയുന്നതു കണ്ടപ്പോള്‍ അവരുടെ കണ്ണുകളും നിറഞ്ഞു.
അനിയത്തിയുടെ വാക്കുകള്‍ കേട്ട് അവരും ദു:ഖിച്ചു.
ഡിമെന്‍ഷ്യ ബാധിച്ച അമ്മ അവര്‍ക്കും ഒരു സങ്കടമായി..
അപ്പോഴാണ് അനിയത്തിയെ അമ്മ ഫോണില്‍ വിളിച്ചത്. ‘സമയം സന്ധ്യയാവുന്നു , കുട്ടി എന്താ വരാത്തത്? കുട്ടി എവിടെപ്പോയി?’
അങ്കിളിലെ പരിചയ സമ്പന്നനായ ഡോക്ടര്‍ ഉണര്‍ന്നു.
പിന്നെ ചോദ്യങ്ങളായി..
അമ്മ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമോ?
ഉവ്വ്.
നമ്പറുകള്‍ സ്വയം ഡയല്‍ ചെയ്യുമോ?
ഉവ്വ്.
തെറ്റാതെ..
അതെ... തെറ്റാതെ.
ഇത് നിന്‍റെ പുതിയ നമ്പറോ അതോ പഴയ നമ്പറോ
പുതിയ നമ്പര്‍ ... എടുത്തിട്ട് രണ്ടാഴ്ചയായതേയുള്ളൂ. അമ്മയ്ക്കീ നമ്പര്‍ കാണാപ്പാഠമാണ്.
അമ്മയ്ക്ക് എന്തൊക്കെ മരുന്നുകളാണ് കൊടുക്കുന്നത്.
അനിയത്തി എല്ലാ മരുന്നുകളുടേയും പേര് ഉരുവിട്ടു.
അങ്കിള്‍ കല്‍പിച്ചു.
നീ വീട്ടില്‍ ചെന്ന് ആ മരുന്നെല്ലാം എടുത്ത് കളയണം. ഷുഗറിന്‍റെയും
പ്രഷറിന്‍റെയും മരുന്ന് മാത്രം കൊടുത്താല്‍ മതി. ഇത്രമാത്രം മരുന്നുകള്‍
കഴിച്ച് അവര്‍ ജീവിച്ചിരിയ്ക്കേണ്ട യാതൊരു കാര്യവുമില്ല. പിന്നെ നിന്‍റെ
അമ്മയ്ക്ക് ഡിമെന്‍ഷ്യ ഇല്ല. ഉണ്ടെങ്കില്‍ അവര്‍ ഇത്ര കൃത്യമായി നിന്നെ
അന്വേഷിക്കുമായിരുന്നില്ല. പുതിയ മൊബൈല്‍ നമ്പര്‍ പഠിയ്ക്കുമായിരുന്നില്ല.
അമ്മയുടെ വിറയല്‍ ഡിമെന്‍ഷ്യയ്ക്ക് കഴിയ്ക്കുന്ന ഗുളികയുടെ സൈഡ്
ഇഫക്ടാണ്. അത് ഉടനടി നിറുത്തണം.
അനിയത്തി കരയാന്‍ മറന്നു നിന്നു.
അങ്കിള്‍ സമാധാനിപ്പിച്ചുകൊണ്ട് ഇത്രയും കൂടി പറഞ്ഞു.
അമ്മയുടെ ഭയത്തിനു വേറെ എന്തെങ്കിലും കാരണമുണ്ടാവും. നമുക്കന്വേഷിക്കാം.
നീ സമാധാനിക്ക്.. അമ്മയെ കൂട്ടിക്കൊണ്ടു വരൂ. ഞങ്ങള്‍ പഴയ
കൂട്ടുകാരല്ലേ... അമ്മ പറയും. എല്ലാം പറയും.
ഭേദപ്പെട്ട മാര്‍ക്കും
വേണ്ടത്ര പണവുമുണ്ടെങ്കില്‍ വൈദ്യവും ശസ്ത്രക്രിയയും ചികില്‍സയും
എല്ലാവര്‍ക്കും പഠിയ്ക്കാം.. എന്നാല്‍ ഒരു ധന്വന്തരിയാവാന്‍ പരീക്ഷ
പാസ്സായതുകൊണ്ടോ സ്കാന്‍ ചെയ്യാന്‍ എഴുതിക്കൊടുത്തതുകൊണ്ടോ ഇംഗ്ലീഷില്‍
ഇടമുറിയാതെ സംസാരിച്ചതുകൊണ്ടോ ഒന്നും സാധിക്കുകയില്ലെന്ന് ഞങ്ങള്‍ക്ക്
ബോധ്യമാവുകയായിരുന്നു .
ഒരു ദശകത്തിനിപ്പുറം ഇപ്പോഴും അമ്മ ഒന്നും
മറന്നിട്ടില്ല. ആ മനസ്സില്‍ ഒതുക്കിവെച്ച സങ്കടങ്ങളും അപമാനവും
വേദനയുമുള്‍പ്പടെ ഒന്നും മറന്നിട്ടില്ല.
ഞങ്ങളുടെ അമ്മയ്ക്ക് ഡിമെന്‍ഷ്യ ഉണ്ടായിരുന്നില്ലല്ലോ.... ഒരിയ്ക്കലും.