നേർത്ത മുട്ടത്തോടിനു പുറത്ത്, അത്യധികം സൂക്ഷിച്ച് കാൽ വെക്കേണ്ടുന്നത് പോലെയുള്ള ഒരു ദാമ്പത്യമാണ് ഞാൻ നയിച്ചത്. ഞാൻ മാത്രം ശ്രദ്ധിക്കേണ്ടത്. ഞാൻ മാത്രം വില കൊടുക്കേണ്ടത്. ഞാൻ മാത്രം തനിച്ച് കാത്തു വെയ്ക്കേണ്ടത്.
ഭർത്താവിന് എന്നെ തീരെ ആവശ്യമുണ്ടായിരുന്നില്ല. രാവിലെ കുടിക്കുന്ന ചായയോടോ നാലുമണിക്കു കഴിക്കുന്ന പരിപ്പുവടയോടോ തോന്നുന്ന സ്നേഹം മാത്രമേ അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്നുള്ളൂ. യാതൊരു സംശയത്തിനും ഇടയില്ലാതെ അത് വ്യക്തമായിട്ടും ആ സത്യത്തിനു നേരെ കണ്ണു രണ്ടും ബലമായി അടച്ച് പിടിച്ച് ഞാൻ ഒരു നല്ല ഭാര്യയായി ജീവിയ്ക്കാൻ ശ്രമിച്ചു.
പക്ഷെ, ഒടുവിൽ ഞാൻ ദയനീയമായി തോറ്റു.
അങ്ങനെയാണു ദാമ്പത്യം ഞാൻ സ്വയം അവസാനിപ്പിച്ചത്.
അത് അദ്ദേഹത്തിന് കൊടിയ അപമാനമായിത്തീർന്നു.
അദ്ദേഹം പൊടുന്നനെ നഷ്ടപ്രേമത്തിന്റെ രക്തസാക്ഷിയായപ്പോൾ ഞാൻ വഞ്ചനയുടേയും സ്വഭാവ ദൂഷ്യത്തിന്റെയും ആൾ രൂപമായി അറിയപ്പെട്ടു.
ഞങ്ങൾ വിവിധ കോടതികളിൽ കയറിയിറങ്ങി.
നാലഞ്ച് വർഷങ്ങൾക്ക് ശേഷം കുഞ്ഞിനെ അവധിക്കാലങ്ങളിൽ കുറച്ച് ദിവസം അദ്ദേഹത്തിനും ബാക്കി സമയം എനിക്കുമെന്ന് പ്രഖ്യാപിച്ച്, കോടതി ഞങ്ങൾക്ക് വിവാഹമോചനം അനുവദിച്ചു.
ഭർത്താക്കന്മാരുള്ള പെൺ സുഹ്റുത്തുക്കളും ഭാര്യമാരുള്ള ആൺ സുഹ്റുത്തുക്കളും എന്നിൽ നിന്ന് ഒരകലം പാലിയ്ക്കാൻ ശ്രദ്ധിച്ചിരുന്നു.
എന്റെ ബന്ധുക്കളാകട്ടെ എന്നെ ആവുന്നത്ര മറന്നു കളഞ്ഞു.
എങ്കിലും ബാക്കി ലോകം പഴയതു പോലെ തന്നെ മുൻപോട്ട് പോയി.
കുഞ്ഞിനെ അദ്ദേഹത്തിനു നൽകിയ ആദ്യത്തെ അവധിക്കാലം ഞാൻ ഒരു രാത്രി പോലും ഉറങ്ങിയില്ല. ഭയമോ നഷ്ടബോധമോ ഒന്നുമായിരുന്നില്ല കാരണം.
എന്റെ ശീലമായിരുന്നു.
കുഞ്ഞിനെ കെട്ടിപ്പിടിയ്ക്കാതെ എനിക്കുറങ്ങാൻ പറ്റുമായിരുന്നില്ല. കുഞ്ഞിനു കഥ പറഞ്ഞു കൊടുക്കാതെയും പാട്ട് പാടി കേൾപ്പിയ്ക്കാതെയും എന്റെ തൊണ്ടയും നാവും വരണ്ടുണങ്ങി.
കുഞ്ഞിന്റെ കുപ്പായങ്ങളും കളിപ്പാട്ടങ്ങളും പുസ്തകങ്ങളും ഞാൻ മുറികളിൽ വിതറി.
ഓരോന്നും സ്പർശിക്കുമ്പോൾ എന്റെ ആത്മാവു പോലും വെന്തു നീറി.
എന്റെ നെഞ്ചിൽ സങ്കടം ഭാരമേറിയ കരിങ്കല്ലു പോലെ അമർന്നു കിടന്നു.
ഞാൻ സെക്കന്റുകൾ എണ്ണിക്കൊണ്ടിരുന്നു.
അങ്ങനെ ഒടുവിൽ ആ ഉത്സവ ദിനം വന്നു ചേർന്നു. കുഞ്ഞ് എന്റെ പക്കലേക്ക് മടങ്ങിയെത്തി.
രാത്രി ഞങ്ങൾ വിശേഷങ്ങൾ പറഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്നു. കുഞ്ഞ് കിലുകിലെ ചിരിയ്ക്കുകയും എന്നെ ഉമ്മകൾ കൊണ്ട് മൂടുകയും ചെയ്തു.
‘അമ്മയെ കാണണംന്ന് അമ്മാമ്മ പറഞ്ഞു.’
മെത്തയിൽ എണീറ്റിരുന്നു കൊണ്ട്, പൊടുന്നനെയായിരുന്നു കുഞ്ഞിന്റെ അറിയിപ്പ്. എന്നിട്ട് കുഞ്ഞിക്കണ്ണുകൾ മിഴിച്ച് എന്നെ സൂക്ഷിച്ച് നോക്കിയപ്പോൾ സ്വാഭാവികമായും എനിക്ക് അടക്കാനാകാത്ത പരിഭ്രമം തോന്നി, എന്തിനാണ് അദ്ദേഹത്തിന്റെ അമ്മ എന്നെ കാണണമെന്ന് പറയുന്നത്?
കോടതി വിധി എന്തു തന്നെയായാലും കുഞ്ഞിനെ അവരുടെ മകനെ മാത്രമായി ഏൽപ്പിക്കുന്നതാണ് ശരിയെന്ന് എന്നോട് പറയുവാൻ അവർ ആഗ്രഹിയ്ക്കുന്നുണ്ടാവുമോ?
കഴിയുന്നത്ര ഭംഗിയായി ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു ‘എന്തിനാന്ന് അമ്മാമ്മ പറഞ്ഞില്ലേ?’
‘പറഞ്ഞു, പറഞ്ഞു. അപ്പാപ്പൻ മരിച്ച് സങ്കടത്തിലിരിയ്ക്ക്യല്ലേ അമ്മാമ്മ. അപ്പോ നിന്റമ്മ എന്തേ എന്നെ കാണാൻ വരാഞ്ഞേ? ഒന്നു വന്ന് കാണണ്ടേന്ന് ചോദിച്ചു. അമ്മ ഏതോ ഒരങ്കിളിനെ കല്യാണം കഴിയ്ക്കുംന്ന് അച്ഛൻ പറഞ്ഞപ്പോ അമ്മാമ്മ ചിരിക്കായിരുന്നു. അച്ഛനും മമ്മീം മുറീന്ന് പോയപ്പളാ അമ്മാമ്മ പിന്നെ പറഞ്ഞത്. അമ്മേം ആ അങ്കിളും പറേണ കേട്ട് ചക്കരക്കുട്ടിയായി പഠിച്ച് വലുതാകണംന്ന്.‘
ഞാൻ പെട്ടെന്ന് പുതപ്പിൽ മുഖം ഒളിപ്പിച്ചു. ആ അമ്മയുടെ കണ്ണുകൾ കുഞ്ഞിന്റെ മുഖത്ത് തെളിഞ്ഞു നിൽക്കുന്നതു പോലെ.
എന്റെ തൊണ്ടയിൽ ഒരു വലിയ പൊട്ടിക്കരച്ചിൽ മുട്ടിത്തിരിയുകയായിരുന്നു.
കട്ടിയുള്ള പുതപ്പ് കുഞ്ഞിക്കൈകൾ കൊണ്ട് വലിച്ചു മാറ്റിയിട്ട്, എന്റെ മുഖം നോക്കി കുഞ്ഞ് നിഷ്ക്കളങ്കമായി ചിരിച്ചു.
അപ്പോൾ എനിക്കും ചിരിയ്ക്കേണ്ടതായി വന്നു.
അങ്ങനെ അതൊരു പൊട്ടിച്ചിരിയായി മാറി.
5 comments:
ജീവിതത്തിന്റെ നല്ല അനുഭവഞ്ജാനങ്ങൾ
ഉള്ള ഒരു അമ്മക്ക് അമ്മക്ക് മറ്റൊരു യുവതിയായ
അമ്മ പെണ്ണിന്റണിന്റെ ദു:ഖങ്ങളെല്ലാം അറിയാം ...!
രണ്ട് ദിശകളിലായി ജീവിച്ച് ജീവിതം ഹോമിച്ചുകളയുന്നതിലും ഭേദമല്ലേ!?!?!
നല്ല വലിയമ്മ!
ജീവിതാനുഭവം ആണ് ഏറ്റവും വലിയ പാഠം .ആ അമ്മ അത് പഠിച്ചു പാസ്സായ ആളല്ലേ
എല്ലാംഅറിയുന്നഅമ്മ
വേര്‍പാടിന്റെ നൊമ്പരാക്ഷരങ്ങള്‍...
Post a Comment