നേർത്ത
മുട്ടത്തോടിനു പുറത്ത്, അത്യധികം സൂക്ഷിച്ച് കാൽ വെക്കേണ്ടുന്നത്
പോലെയുള്ള ഒരു ദാമ്പത്യമാണ് ഞാൻ നയിച്ചത്. ഞാൻ മാത്രം ശ്രദ്ധിക്കേണ്ടത്.
ഞാൻ മാത്രം വില കൊടുക്കേണ്ടത്. ഞാൻ മാത്രം തനിച്ച് കാത്തു വെയ്ക്കേണ്ടത്.
ഭർത്താവിന് എന്നെ തീരെ ആവശ്യമുണ്ടായിരുന്നില്ല. രാവിലെ കുടിക്കുന്ന
ചായയോടോ നാലുമണിക്കു കഴിക്കുന്ന പരിപ്പുവടയോടോ തോന്നുന്ന സ്നേഹം മാത്രമേ
അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്നുള്ളൂ. യാതൊരു സംശയത്തിനും ഇടയില്ലാതെ
അത് വ്യക്തമായിട്ടും ആ സത്യത്തിനു നേരെ കണ്ണു രണ്ടും ബലമായി അടച്ച്
പിടിച്ച് ഞാൻ ഒരു നല്ല ഭാര്യയായി ജീവിയ്ക്കാൻ ശ്രമിച്ചു.
പക്ഷെ, ഒടുവിൽ ഞാൻ ദയനീയമായി തോറ്റു.
അങ്ങനെയാണു ദാമ്പത്യം ഞാൻ സ്വയം അവസാനിപ്പിച്ചത്.
അത് അദ്ദേഹത്തിന് കൊടിയ അപമാനമായിത്തീർന്നു.
അദ്ദേഹം പൊടുന്നനെ നഷ്ടപ്രേമത്തിന്റെ രക്തസാക്ഷിയായപ്പോൾ ഞാൻ വഞ്ചനയുടേയും സ്വഭാവ ദൂഷ്യത്തിന്റെയും ആൾ രൂപമായി അറിയപ്പെട്ടു.
ഞങ്ങൾ വിവിധ കോടതികളിൽ കയറിയിറങ്ങി.
നാലഞ്ച് വർഷങ്ങൾക്ക് ശേഷം കുഞ്ഞിനെ അവധിക്കാലങ്ങളിൽ കുറച്ച് ദിവസം
അദ്ദേഹത്തിനും ബാക്കി സമയം എനിക്കുമെന്ന് പ്രഖ്യാപിച്ച്, കോടതി ഞങ്ങൾക്ക്
വിവാഹമോചനം അനുവദിച്ചു.
ഭർത്താക്കന്മാരുള്ള പെൺ സുഹ്റുത്തുക്കളും ഭാര്യമാരുള്ള ആൺ സുഹ്റുത്തുക്കളും എന്നിൽ നിന്ന് ഒരകലം പാലിയ്ക്കാൻ ശ്രദ്ധിച്ചിരുന്നു.
എന്റെ ബന്ധുക്കളാകട്ടെ എന്നെ ആവുന്നത്ര മറന്നു കളഞ്ഞു.
എങ്കിലും ബാക്കി ലോകം പഴയതു പോലെ തന്നെ മുൻപോട്ട് പോയി.
കുഞ്ഞിനെ അദ്ദേഹത്തിനു നൽകിയ ആദ്യത്തെ അവധിക്കാലം ഞാൻ ഒരു രാത്രി പോലും ഉറങ്ങിയില്ല. ഭയമോ നഷ്ടബോധമോ ഒന്നുമായിരുന്നില്ല കാരണം.
എന്റെ ശീലമായിരുന്നു.
കുഞ്ഞിനെ കെട്ടിപ്പിടിയ്ക്കാതെ എനിക്കുറങ്ങാൻ പറ്റുമായിരുന്നില്ല.
കുഞ്ഞിനു കഥ പറഞ്ഞു കൊടുക്കാതെയും പാട്ട് പാടി കേൾപ്പിയ്ക്കാതെയും എന്റെ
തൊണ്ടയും നാവും വരണ്ടുണങ്ങി.
കുഞ്ഞിന്റെ കുപ്പായങ്ങളും കളിപ്പാട്ടങ്ങളും പുസ്തകങ്ങളും ഞാൻ മുറികളിൽ വിതറി.
ഓരോന്നും സ്പർശിക്കുമ്പോൾ എന്റെ ആത്മാവു പോലും വെന്തു നീറി.
എന്റെ നെഞ്ചിൽ സങ്കടം ഭാരമേറിയ കരിങ്കല്ലു പോലെ അമർന്നു കിടന്നു.
ഞാൻ സെക്കന്റുകൾ എണ്ണിക്കൊണ്ടിരുന്നു.
അങ്ങനെ ഒടുവിൽ ആ ഉത്സവ ദിനം വന്നു ചേർന്നു. കുഞ്ഞ് എന്റെ പക്കലേക്ക് മടങ്ങിയെത്തി.
രാത്രി ഞങ്ങൾ വിശേഷങ്ങൾ പറഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ച്
കിടക്കുകയായിരുന്നു. കുഞ്ഞ് കിലുകിലെ ചിരിയ്ക്കുകയും എന്നെ ഉമ്മകൾ കൊണ്ട്
മൂടുകയും ചെയ്തു.
‘അമ്മയെ കാണണംന്ന് അമ്മാമ്മ പറഞ്ഞു.’
മെത്തയിൽ
എണീറ്റിരുന്നു കൊണ്ട്, പൊടുന്നനെയായിരുന്നു കുഞ്ഞിന്റെ അറിയിപ്പ്.
എന്നിട്ട് കുഞ്ഞിക്കണ്ണുകൾ മിഴിച്ച് എന്നെ സൂക്ഷിച്ച് നോക്കിയപ്പോൾ
സ്വാഭാവികമായും എനിക്ക് അടക്കാനാകാത്ത പരിഭ്രമം തോന്നി, എന്തിനാണ്
അദ്ദേഹത്തിന്റെ അമ്മ എന്നെ കാണണമെന്ന് പറയുന്നത്?
കോടതി വിധി എന്തു
തന്നെയായാലും കുഞ്ഞിനെ അവരുടെ മകനെ മാത്രമായി ഏൽപ്പിക്കുന്നതാണ് ശരിയെന്ന്
എന്നോട് പറയുവാൻ അവർ ആഗ്രഹിയ്ക്കുന്നുണ്ടാവുമോ?
കഴിയുന്നത്ര ഭംഗിയായി ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു ‘എന്തിനാന്ന് അമ്മാമ്മ പറഞ്ഞില്ലേ?’
‘പറഞ്ഞു, പറഞ്ഞു. അപ്പാപ്പൻ മരിച്ച് സങ്കടത്തിലിരിയ്ക്ക്യല്ലേ അമ്മാമ്മ.
അപ്പോ നിന്റമ്മ എന്തേ എന്നെ കാണാൻ വരാഞ്ഞേ? ഒന്നു വന്ന് കാണണ്ടേന്ന്
ചോദിച്ചു. അമ്മ ഏതോ ഒരങ്കിളിനെ കല്യാണം കഴിയ്ക്കുംന്ന് അച്ഛൻ പറഞ്ഞപ്പോ
അമ്മാമ്മ ചിരിക്കായിരുന്നു. അച്ഛനും മമ്മീം മുറീന്ന് പോയപ്പളാ അമ്മാമ്മ
പിന്നെ പറഞ്ഞത്. അമ്മേം ആ അങ്കിളും പറേണ കേട്ട് ചക്കരക്കുട്ടിയായി പഠിച്ച്
വലുതാകണംന്ന്.‘
ഞാൻ പെട്ടെന്ന് പുതപ്പിൽ മുഖം ഒളിപ്പിച്ചു. ആ അമ്മയുടെ കണ്ണുകൾ കുഞ്ഞിന്റെ മുഖത്ത് തെളിഞ്ഞു നിൽക്കുന്നതു പോലെ.
എന്റെ തൊണ്ടയിൽ ഒരു വലിയ പൊട്ടിക്കരച്ചിൽ മുട്ടിത്തിരിയുകയായിരുന്നു.
കട്ടിയുള്ള പുതപ്പ് കുഞ്ഞിക്കൈകൾ കൊണ്ട് വലിച്ചു മാറ്റിയിട്ട്, എന്റെ മുഖം നോക്കി കുഞ്ഞ് നിഷ്ക്കളങ്കമായി ചിരിച്ചു.
അപ്പോൾ എനിക്കും ചിരിയ്ക്കേണ്ടതായി വന്നു.
അങ്ങനെ അതൊരു പൊട്ടിച്ചിരിയായി മാറി.
2015 ജൂലൈ ലക്കം പുടവ മാസികയില്‍ പ്രസിദ്ധീകരിച്ചൊരു പെരുന്നാള്‍ ഓര്‍മ്മ.
സസ്യഭക്ഷണം മാത്രം കഴിച്ചിരുന്നതുകൊണ്ട് ഇസ്ലാം മതക്കാരായ കുടുംബ
സുഹൃത്തുക്കളൂടെ വീടുകളില്‍ നിന്ന് അത്ര കാര്യമായി ഭക്ഷണം
കഴിയ്ക്കലുണ്ടായിട്ടില്ല. അച്ഛന്‍ മാത്രമേ നോമ്പുതുറയിലും പെരുന്നാള്‍
വിരുന്നുകളിലും മുഴുവനായും പങ്കെടുക്കുമായിരുന്നുള്ളൂ. ഞങ്ങള്‍ ഐസ്
ക്രീമും മധുര പലഹാരങ്ങളും കഴിക്കും.. അത് ഇപ്പോഴത്തെ പോലെ വല്ല
കമ്പനിയുടേതൊന്നുമല്ല. ആ വീട്ടില്‍ തന്നെ തയാറാക്കിയത്. നേരു പറഞ്ഞാല്‍
ആ ഐസ് ക്രീമിന്‍റെയും മധുരപലഹാരങ്ങളുടെയും രുചി ഇന്നും മറക്കാന്‍
കഴിഞ്ഞിട്ടില്ല.
നല്ല അടുപ്പമുണ്ടായിരുന്ന
കുടുംബസുഹൃത്തായിരുന്നു സിവില്‍ എന്‍ജിനീയറായിരുന്ന ശ്രീ മുസ്തഫ. മുസ്തഫാ
അങ്കിള്‍ എന്നൊക്കെ വിളിക്കുന്നത് കുറെ കഠിനമായി തോന്നിയതുകൊണ്ട് ഞാന്‍
ഉമാപ്പ എന്നാക്കി ആ പേര് .
ഉമാപ്പ മിക്കവാറും എന്നും വീട്ടില്‍
വരുമായിരുന്നു. അദ്ദേഹത്തിന്‍റെ അമ്മയും ഭാര്യയും അമ്മയുടേയും
ജ്യേഷ്ഠത്തിയായ അമ്മീമ്മയുടെയും അടുത്ത സുഹൃത്തുക്കളുമായിരുന്നു. അവരില്‍
നിന്നാണ് ഞാനാദ്യമായി നോമ്പ് പിടിയ്ക്കലും നോമ്പ് തുറക്കലും,
എന്നൊക്കെയുള്ള വാക്കുകള്‍ കേള്‍ക്കുന്നത്.
അമ്മീമ്മ
മൈസൂര്‍പ്പാക്കുണ്ടാക്കുന്നതില്‍ ബഹു മിടുക്കിയായിരുന്നു. ഉമാപ്പയുടെ
ഭാര്യ വീട്ടില്‍ വരുമ്പോഴൊക്കെ ആ മൈസൂര്‍പ്പാക്കിനെ പുകഴ്ത്തി
സംസാരിക്കുകയും പ്ലേറ്റില്‍ വെച്ച കഷണങ്ങളോട് ഭംഗിയായി നീതി
പുലര്‍ത്തുകയും ചെയ്യുമായിരുന്നു. അങ്ങനെ ഒരു നോമ്പുതുറയ്ക്ക്
മൈസൂര്‍പ്പാക്ക് ഉണ്ടാക്കിക്കൊടുക്കാമെന്ന് അമ്മീമ്മ ഏറ്റു.
ഉച്ചയൂണു കഴിഞ്ഞതിനുശേഷമാണ് ഞാനും അനിയത്തിയും അമ്മീമ്മയും കൂടി
മൈസൂര്‍പ്പാക്കുണ്ടാക്കുവാന്‍ ഉമാപ്പയുടെ വീട്ടിലെത്തിയത്. ചെവിയുടെ
മേല്‍ത്തട്ട് നിറയെ കുനുകുനെയുള്ള സ്വര്‍ണവളയങ്ങളും തൂവെള്ളയായ
ഉടുപുടവകളും ധരിച്ചിരുന്ന ഉമാപ്പയുടെ അമ്മ, അമ്മീമ്മയെ കണ്ടപാടെ
വെളുക്കെ ചിരിച്ച് സ്വീകരിച്ചിരുത്തുകയും അതേ വേഗതയില്‍ അവരുടെ അടുക്കള
വാതില്‍ അമര്‍ത്തിച്ചാരുകയും ചെയ്തു.
‘മീനും എറച്ചീം ഒക്കെണ്ടാക്കണുണ്ട്.. ആ മണൊന്നും ഇങ്ങോട്ട് വരണ്ടാ’ എന്ന് വിശദീകരിക്കാനും അവര്‍ മറന്നില്ല.
അമ്മീമ്മയുടെ തമിഴ് ബ്രാഹ്മണ്യത്തെ ഇത്തരം മണങ്ങള്‍ കൊണ്ട് മുറിവേല്‍പിക്കുന്നതില്‍ അവര്‍ക്ക് വിമുഖതയുണ്ടായിരുന്നു.
എന്തായാലും മുറ്റത്തേയ്ക്ക് പിടിച്ചിട്ട ഒരു ഇരുമ്പ് മേശപ്പുറത്ത്
സ്റ്റൌ വെച്ച് കത്തിച്ച് വലിയൊരു പാത്രവും ചട്ടുകവും ചേരുവകളുമായി
അമ്മീമ്മ പാചകം ആരംഭിച്ചു.
കൈയാളുകളായി ഉമാപ്പയുടെ അമ്മയും ഭാര്യയും.
ഇഷ്ടം പോലെ വര്‍ത്തമാനവും , കളിയും ചിരിയും എല്ലാമായി
മൈസൂര്‍പ്പാക്ക് പാകമായിക്കൊണ്ടിരുന്നു.
ഞാനും അനിയത്തിയും
ഉമാപ്പയുടെ മകളും കൂടി കളിച്ചു രസിച്ചു. നല്ലൊരു പൂന്തോട്ടമുണ്ടായിരുന്നു ആ
വീട്ടുമുറ്റത്ത്. ഉമാപ്പ വിദേശപര്യടനമൊക്കെ നടത്തിയിരുന്ന
എന്‍ജിനീയറായതുകൊണ്ടും ലാന്‍ഡ് സ്കേപ്പിംഗില്‍ നല്ല
താത്പര്യമുണ്ടായിരുന്നതുകൊണ്ടും ജാപ്പനീസ് മാതൃകയിലുള്ള
വള്ളിക്കുടിലുകളും നടപ്പാതകളും ഇംഗ്ലിഷ് രീതിയില്‍ തയാറാക്കിയ
പുല്‍ത്തകിടിയും മറ്റും ആ പൂന്തോപ്പിലുണ്ടായിരുന്നു.
പക്ഷികള്‍ക്ക് കുടിയ്ക്കാന്‍ വെള്ളവും കൊറിയ്ക്കാന്‍ ധാന്യമണികളും നിറച്ച പാത്രങ്ങള്‍ ഞാന്‍ ആദ്യം കണ്ടത് ആ വീട്ടിലാണ്.
ഈന്തപ്പഴം, ഉപ്പു ചേര്‍ത്ത അസ്സോര്‍ട്ടഡ് നട്സ് , റോസ് മില്‍ക് ഇതൊക്കെ
ഉമാപ്പയുടെ അമ്മ ഞങ്ങള്‍ കുട്ടികള്‍ക്ക് സല്‍ക്കരിച്ചു...
കുറച്ചു കഴിഞ്ഞപ്പോഴേക്കും നറുനെയ്യിന്‍റെ മണമുള്ള രസികന്‍
മൈസൂര്‍പ്പാക്ക് തയാറായി.. അന്നത്തെ നോമ്പുതുറയിലെ താരം ആ
മൈസൂര്‍പ്പാക്കായിരുന്നുവെന്ന് പിറ്റേന്ന് വീട്ടില്‍ വന്നപ്പോള്‍ ഉമാപ്പ
അമ്മീമ്മയ്ക്ക് ഒരു സര്‍ട്ടിഫിക്കറ്റും നല്‍കി.
അമ്മയും അച്ഛനും നഗരത്തില്‍ ഒരു വീടുണ്ടാക്കാന്‍ തീരുമാനിച്ച കാലം.
അപ്പോഴാണ് ആദ്യമായി ഒരാള്‍ വീടിന്‍റെ പ്ലാന്‍ വരയ്ക്കുന്നത് ഞാന്‍
കാണാനിടയായത്. മറ്റാരുമല്ല, ഉമാപ്പ തന്നെ. ഉമാപ്പയുള്ളപ്പോള്‍ പിന്നെ
വേറൊരു സിവില്‍ എന്‍ജിനീയറെ അന്വേഷിക്കേണ്ടതില്ലല്ലോ.
അങ്ങനെ വീടുപണി ആരംഭിച്ചു.
വീടുപണികളുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കുഴപ്പങ്ങളെന്താണെന്ന്
വെച്ചാല്‍... അത് വളരെ ചെറിയ കാര്യങ്ങള്‍ കൊണ്ടു തടസ്സപ്പെട്ട് വല്ലാതെ
അങ്ങു നീണ്ടു പോകാറുണ്ട് . പിന്നെ കൈവശമുള്ള പണം തീരുന്നതനുസരിച്ച്
വീട്ടുടമസ്ഥരുടെ യഥാര്‍ഥ സ്വഭാവം പുറത്തു വരും.
അച്ഛനും അമ്മയും
തമ്മില്‍ മറ്റെല്ലാ കാര്യത്തിലുമെന്ന പോലെ വീടുപണിയിലും ഒട്ടും
ചേര്‍ച്ചയുണ്ടായിരുന്നില്ല. അമ്മ മുന്‍കൈയെടുക്കുന്ന ഒന്നിലും
സഹകരിയ്ക്കാതിരിക്കുന്നതും വീടുമായോ ഞങ്ങളുടെ ജീവിതവുമായോ ബന്ധപ്പെട്ട ഒരു
കാര്യത്തിനും മുന്‍കൈ എടുക്കാതിരിയ്ക്കുന്നതും അച്ഛന്‍റെ നിസ്സഹകരണ
രീതിയായിരുന്നു.
വീടു പണിയുമ്പോള്‍ ഗൃഹനാഥന്‍ നിത്യം പണിസ്ഥലത്ത് ഒന്ന് പോയി, കുറ്റവും കുറവുമൊക്കെ തിരുത്തുക എന്നതൊരു നാട്ടുനടപ്പാണല്ലോ.
അച്ഛന്‍ ഒരിയ്ക്കലും അതിനു വഴങ്ങിയില്ല.
ഓഫീസ് ജോലിയും നാലു വര്‍ഷത്തെ ദാമ്പത്യത്തിലുണ്ടായ മൂന്നു മക്കളും
സ്വന്തം സഹോദരന്മാരുമായി കോടതിയില്‍ ഏറ്റുമുട്ടേണ്ടുന്ന സിവില്‍ കേസിന്‍റെ
ദൈന്യവും സ്വരച്ചേര്‍ച്ചയില്ലാത്ത ദാമ്പത്യവും അമ്മയെ വീടുപണിയില്‍
നിന്ന് അകറ്റി നിറുത്തിയിരുന്നു.
ആഭിചാരം ചെയ്യപ്പെട്ട്
ഇല്ലാതാക്കാന്‍ വിധിക്കപ്പെടുന്നവരുടെ അവസാനിക്കാത്ത ദൈന്യം പോലെ ,
ഞങ്ങള്‍ മൂന്നു മക്കളുടെയും ഇപ്പോഴും മാറാത്ത വൈകാരിക അനാഥത്വം പോലെ , ആ
വീടും അങ്ങനെ എങ്ങനെ ഒക്കേയോ ഉയര്‍ന്നുകൊണ്ടിരുന്നു.
ആ
വീടിന്‍റെ അയല്‍പ്പക്കത്ത് വളരെ പാവപ്പെട്ട കുറച്ച്
തെങ്ങുകയറ്റത്തൊഴിലാളികളായിരുന്നു കുടുംബമായി അക്കാലം
താമസിച്ചിരുന്നത്.
ഒരിയ്ക്കല്‍ ഒരു ഉച്ചനേരത്ത് ഓഫീസില്‍ നിന്നും
അല്‍പനേരത്തേയ്ക്ക് മുങ്ങിയ അമ്മ, പണിക്കാര്‍ക്ക് കൂലി കൊടുക്കാന്‍
വേണ്ടി നേരെ വീടു പണിയുടെ വര്‍ക് സൈറ്റിലെത്തി. അപ്പോള്‍ യാദൃച്ഛികമായി
അയല്‍പ്പക്കത്തെ തെങ്ങുകയറ്റത്തൊഴിലാളികളുടെ കുടുംബത്തെ കാണാനിടയായി.
വീടു പണി നടക്കുന്നേടത്ത് വന്ന് ഇഷ്ടം പോലെ മേല്‍നോട്ടം വഹിക്കാനാവാത്ത
തന്‍റെ ബുദ്ധിമുട്ടുകളേയും ഗതികേടുകളേയും പറ്റി സങ്കടപ്പെട്ട അമ്മ,
ദയവായി നിങ്ങള്‍ സാധിക്കും പോലെ മേല്‍നോട്ടം വഹിക്കണമെന്ന് അവരോട്
സഹായാഭ്യര്‍ഥന നടത്തി.
അമ്മയെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് അവര്‍ പറഞ്ഞു.
‘ അത് സാരല്യാ.. എന്നും അമ്മേടെ ചേട്ടന്‍ വരുന്നുണ്ടല്ലോ. ചെലപ്പോ
കാലത്ത് വരും.. അല്ലെങ്കില്‍ വൈകുന്നേരം. ചെല ദിവസം രണ്ട് നേരോം
വരാറുണ്ട്. വന്നാല്‍ പണിക്കാരെയൊക്കെ വെരട്ടാറും ഉണ്ട്, ചിലപ്പോഴൊക്കെ. ‘
അഞ്ചു സഹോദരന്മാരും അമ്മയ്ക്കെതിരേ കോടതിയില്‍ കേസു
വാദിച്ചുകൊണ്ടിരുന്ന ദുരിതകാലമായിരുന്നു അത്. ജാതി മാറിയുള്ള കല്യാണം
കൊണ്ട് തമിഴ് ബ്രാഹ്മണ്യത്തെ വെല്ലു വിളിച്ച, മാപ്പില്ലാത്ത
കുറ്റമായിരുന്നു അവര്‍ അമ്മയുടെ മേല്‍ ചുമത്തിയിരുന്നത്.
അതുകൊണ്ട് ഒന്നും മനസ്സിലാവാത്ത അമ്മ കണ്ണും മിഴിച്ച് നിന്ന
‘ഒരു ഇളം പച്ച കാറില് വരാറുണ്ട്. ആ വെളുത്തു തുടുത്ത നിറം കണ്ടപ്പോഴേ
ഞങ്ങള്‍ക്ക് മനസ്സിലായി.. അമ്മേടെ ചേട്ടനാന്ന്.. നല്ല മുഖച്ഛായ തോന്നും.
സാറല്ല.. സാറിനു നെറം ഇല്ല്യാലോ... ‘
ഇപ്പോള്‍ അമ്മയ്ക്ക് എല്ലാം വ്യക്തമായി.
ഉമാപ്പയായിരുന്നു ആ സഹോദരന്‍. പണം വാങ്ങാതെ പ്ലാന്‍ വരയ്ക്കുക
മാത്രമല്ല, പെട്രോള്‍ ചെലവാക്കി വര്‍ക് സൈറ്റില്‍ വന്ന് ആരോടും പറയാതെ
വീടു പണിയുടെ മേല്‍നോട്ടവും വഹിക്കാന്‍ ഒരു വെറും സിവില്‍
എന്‍ജിനീയര്‍ക്ക് കഴിയില്ല. ... അതിനു സഹോദരന്‍ ആവുക തന്നെ വേണം.
വണ്ടിക്കൂലിയെങ്കിലും മേടിയ്ക്കണമെന്ന് അമ്മ ഉമാപ്പയെ നിര്‍ബന്ധിച്ചു.
ഉമാപ്പ വഴങ്ങിയില്ല.
‘ആവുന്നത്ര സഹായിക്കണമെന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്.’
ഉമാപ്പ നല്ലൊരു മകനും കൂടിയാണ്....