Thursday, June 1, 2017

ഒരു സി ബി ഐ സ്നേഹബന്ധം

https://www.facebook.com/echmu.kutty/posts/466738346838798

ചടുലമായ ചലനങ്ങളോടെ അയാള്‍ കടന്നു വന്നപ്പോള്‍ തോന്നി, ആരാണപ്പാ? നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി വരുമ്പോള്‍ ടി വിയില്‍ കേള്‍ക്കാറുള്ളതു മാതിരി പെ പ്പെ പെ പെ പ പ്പെ... ഒരു സി ബി ഐ ചലനം...ബാന്‍ഡ് വാദ്യം . അന്തരീക്ഷത്തിലാവണം, ഫ്രണ്ട് ഓഫീസില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ആ സമയത്ത്. ബാന്‍ഡ് വായിക്കാനൊന്നും ആരും ഉണ്ടായിരുന്നില്ല, അവിടെ.

കുറഞ്ഞചെലവില്‍ ഒരു വീടുണ്ടാക്കാനാണ് അയാള്‍ വന്നത്. എന്നുവെച്ചാല്‍ നൂറ് ഗജ് ( കഷ്ടിച്ച് രണ്ട് സെന്‍റ് ) ഭൂമിയില്‍, ഏറ്റവും കുറഞ്ഞ ചെലവില്‍ ഒരു വീട്..

ഞാനുദ്ദേശിച്ചത് ശരിയായിരുന്നു. അയാളുടെ ചലനങ്ങള്‍ സൂചിപ്പിച്ചതു പോലെ അയാളൊരു സി ബി ഐ ഓഫീസര്‍ തന്നെയായിരുന്നു.

എനിക്കാണെങ്കില്‍ ഈ പട്ടാളം, പോലീസ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ ഒരസ്വസ്ഥതയാണ്. യൂണിഫോമും കവാത്തും ആ മാതിരി ദടപിടലുമൊക്കെ കണ്ടാല്‍ എനിക്ക് ആ നിമിഷം ബോധക്കേട് വരും.

ഞാന്‍ വളരെ സൂക്ഷിച്ച് എന്നാല്‍ കിറുകൃത്യമായി ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് അവതരിപ്പിച്ചു. ആദ്യത്തെ സൈറ്റ് വിസിറ്റ്, സോയില്‍ ടെസ്റ്റ്, വീട്ടിനെത്ര വലുപ്പം വേണം, എത്ര മുറി വേണം എന്നൊക്കെയുള്ള സ്വപ്നങ്ങള്‍ അയാള്‍ ഞങ്ങളുമായി പങ്കുവെയ്ക്കേണ്ടതിന്‍റെ ആവശ്യം, ഡിസൈന്‍ ചെയ്യാനെടുക്കുന്ന സമയം, പിന്നെ ഭരണസഭാ അധികൃതര്‍ ഞങ്ങള്‍ വരച്ചുകൊടുക്കുന്ന ഡിസൈന്‍ അംഗീകരിക്കാന്‍ കാണിക്കുന്ന ബുദ്ധിമുട്ട്, പ്രത്യേകിച്ച് ചെലവ് ചുരുക്കിയുള്ള കെട്ടിട നിര്‍മ്മാണമെന്നു കേട്ടാലുടനെ അവര്‍ ചോദിക്കുന്ന പതിനായിരം ചോദ്യങ്ങള്‍, അതിനൊക്കെയുള്ള ഉത്തരങ്ങള്‍, അവിടത്തെ പ്ലാനറുമായി അവസാനമില്ലാത്ത നെടു നെടുങ്കന്‍ ചര്‍ച്ചകള്‍ , പിന്നെ എല്ലാറ്റിനും ഒടുവില്‍ അവര്‍ ചോദിക്കുന്ന കൈക്കൂലി...

ഇത്രയുമെത്തിയപ്പോള്‍ സി ബി ഐ ഓഫീസര്‍ കൈ ഉയര്‍ത്തി എന്നെ വിലക്കി.. മുറുകിയ മുഖത്തൊടെ പറഞ്ഞു. ‘ ഞാന്‍ കൈക്കൂലി കൊടുത്തിട്ട് സാങ്ഷന്‍ വാങ്ങുന്ന പ്രശ്നമില്ല.’

ഞാനൊന്നും മിണ്ടിയില്ല.

എനിക്ക് കൈക്കൂലി കൊടുക്കാന്‍ വലിയ ആശയൊന്നുമില്ല. തന്നെയുമല്ല അതു കൊടുക്കാന്‍ മടിയും ഭയങ്കര പേടിയുമാണ്. എന്നാല്‍ പി ഡബ്ലി യൂ ഡി മാനുവല്‍ വിടര്‍ത്തി കാണിച്ച് , നിങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന ചെലവു ചുരുങ്ങിയ കെട്ടിടത്തിനു അനുമതി തരണമെങ്കില്‍ ഇത്ര രൂപ വേണമെന്നും മറ്റും ഭരണസഭാ ഉദ്യോഗസ്ഥര്‍ ഒരു ഉളുപ്പുമില്ലാതെ പറയുമ്പോള്‍ വീടുവെയ്ക്കാനാശയുള്ള പാവപ്പെട്ട മനുഷ്യര്‍ ഫയലിനിടയ്ക്കും മറ്റും വെച്ച് പണം നല്‍കാറുണ്ടെന്ന് എനിക്കറിയാം..

ഒരു സി ബി ഐ ഓഫീസര്‍ കൈക്കൂലി കൊടുക്കാതെ ആ അനുമതി നേടുന്നെങ്കില്‍ എനിക്കെന്തു ചേതം?

ബാക്കി കാര്യങ്ങളെപ്പറ്റിയുള്ള എന്‍റെ വിവരണം കഴിഞ്ഞപ്പോള്‍ അയാള്‍ കര്‍ശനമായി പറഞ്ഞു.
‘എസ്റ്റിമേറ്റ് കൃത്യമായിരിക്കണം.ഒരു രൂപ കൂടുതലായാല്‍ പോലും ഞാന്‍ തരില്ല. കാരണം ലോണെടുക്കുന്ന പണമാണ്. വേറെ ഒരു പൈസ പോലും എന്‍റെ പക്കലില്ല. ‘

എനിക്ക് നല്ല ഭയം തോന്നി.

കാര്യം ആര്‍ക്കിടെക്ട് എന്ന വാക്കിനു ശകലം ഗ്ലാമറൊക്കെ തുടക്കത്തില്‍ ഉണ്ടാവുമെങ്കിലും വീടുപണി തുടങ്ങുമ്പോള്‍ ക്ലയന്‍റിനു തോന്നുന്ന ബഹുമാനവും സ്നേഹവും അടുപ്പവും ഒന്നും അതു തീരാറാവുമ്പോഴേക്കും അത്രയ്ക്കങ്ങോട്ട് ബാക്കിയാവാറില്ല. എന്‍റെ ബോസ് അതെനിക്ക് പലവട്ടം പറഞ്ഞു തന്നിട്ടുണ്ട്. പോക്കറ്റിലെ പണം തീരാറായിത്തുടങ്ങുമ്പോള്‍ മനുഷ്യരുടെ യഥാര്‍ഥ സ്വഭാവം പുറത്തു വരുമെന്നാണ് അദ്ദേഹം പറയുന്നത്. ഇയാളാണെങ്കില്‍ പോലീസുകാരനാണ്. വെറുതെ ഇയാളുടെ വായിലിരിക്കുന്ന പോലീസ് ഭാഷ കേള്‍ക്കേണ്ടി വരരുതല്ലോ.

അതുകൊണ്ട് ഫൈനല്‍ ചര്‍ച്ചകള്‍ക്കും തീരുമാനത്തിനുമായി സി ബി ഐ ഓഫീസറെ ഞാന്‍ ബോസിന്‍റെ ക്യാബിനില്‍ കൊണ്ടു വിട്ടു.

അധികം വൈകാതെ ബോസ് എന്നെ വിളിക്കുകയും എഗ്രിമെന്‍റ് ഫോം കൊണ്ടുചെല്ലാന്‍ പറയുകയും ചെയ്തു.

വീടുകളുടെ ഡിസൈന്‍ ചര്‍ച്ചകള്‍ക്ക് വരുമ്പോള്‍ സാധാരണയായി പുരുഷന്മാര്‍ സ്ത്രീകളെ കൂടിക്കൊണ്ടു വരാറുണ്ട്. കൊണ്ടു വരണമെന്ന് ഞങ്ങള്‍ നിര്‍ബന്ധമായി പറയുകയും ചെയ്യാറുണ്ട്. എന്നാല്‍ ഈ സി ബി ഐ ഓഫീസര്‍ തനിച്ചാണു വന്നത്. ഞങ്ങള്‍ അക്കാര്യം പറഞ്ഞപ്പോള്‍ അത് പറ്റില്ല എന്ന് വളരെ അറുത്തു മുറിച്ചു പറയുകയും ചെയ്തു അയാള്‍.

ആര്‍ക്കിടെക്ട് ഇത്തിരി നേരം കണ്ണു മിഴിച്ചു നിന്നു.. കൂടുതലൊന്നും വാദിച്ചില്ല. സി ബി ഐ പോലീസിനെ പേടിയില്ലാത്ത ആര്‍ക്കിടെക്ട് ഉണ്ടോ..

അങ്ങനെ ഡിസൈന്‍ റെഡി ... ഡ്രാഫ്റ്റ്സ്മാന്‍ പ്ലാന്‍ വരച്ചു തയാറാക്കി.നഗരസഭാ അധികൃതരെ കാണാന്‍ പോയത് ഞാനും ആര്‍ക്കിടെക്ടും സി ബി ഐ പോലീസു കാരനുമൊന്നിച്ചാണ്.
അപ്പോഴല്ലേ... എന്താ ആ ഐഡന്‍റിറ്റി കാര്‍ഡിന്‍റെ ഒരു ഗമ... കൈക്കൂലിയോ... അയ്യേ! അതെന്തോന്നു സാധനം എന്ന മട്ടിലായിരുന്നു നഗരസഭാ അധികൃതര്‍.. അവര്‍ ഒരു ചോദ്യവും ഞങ്ങളോട് പോലും ചോദിച്ചില്ല.

റെക്കോര്‍ഡ് സ്പീഡില്‍ വീടു പണിയാനുള്ള അനുമതി കിട്ടി.

വീടുപണി ആരംഭിച്ചു.

ബില്ല് കൊടുക്കുമ്പോള്‍ ഇപ്പോ ഉദാഹരണത്തിനു അമ്പത്താറായിരത്തി ഇരുനൂറ്റി ഏഴു രൂപ അമ്പതു പൈസ എന്ന് കമ്പ്യൂട്ടര്‍ പ്രിന്‍റ് വന്നാല്‍ സാധാരണ മനുഷ്യര്‍ ഒന്നുകില്‍ അമ്പതു പൈസ കൂട്ടിത്തരും അല്ലെങ്കില്‍ കുറച്ചു തരും. സി ബി ഐ സാര്‍ കൃത്യം അമ്പതു പൈസ തരും. ഞങ്ങള്‍ സാറിന്‍റെ കൃത്യം കണക്ക് കണ്ട് അന്തംവിട്ടിട്ടുണ്ട്. അതേ സമയം നമ്മുടെ പണികള്‍ വീഴ്ചയില്ലാത്തതാവണമെന്ന് തികഞ്ഞ കരുതലെടുക്കുകയും ചെയ്തിട്ടുണ്ട്.

മാസ്റ്റര്‍ ബെഡ് റൂമില്‍ ഭാര്യയ്ക്ക് ജാലക കാഴ്ച നിര്‍ബന്ധമെന്ന് പറഞ്ഞ് ബേ വിന്‍ഡോ ചെയ്യിച്ചു. രണ്ട് പെണ്‍മക്കളുടേയും മുറികളില്‍ കളര്‍ കോമ്പിനേഷനുകള്‍ വ്യത്യസ്തമാകണമെന്ന് പറഞ്ഞു. അടുക്കളയില്‍, കുളിമുറികളില്‍.. എന്ന് വേണ്ട എല്ലായിടത്തും പേഴ്സണല്‍ ടച്ച് എന്ന് പറയുന്ന ആ വിശദമാക്കലുകള്‍ ഉണ്ടായിരുന്നു അയാള്‍ക്ക്. എന്നാല്‍ അയാളുടെ ഭാര്യയേയും മക്കളേയും ഞങ്ങള്‍ക്കൊരിയ്ക്കലും കാണാന്‍ കഴിഞ്ഞതുമില്ല.

വീട് പണി തീര്‍ന്നു. അപൂര്‍വമായി മാത്രം സാധിക്കുന്ന ഒരു നേട്ടം പോലെ എസ്റ്റിമേറ്റില്‍ അല്‍പം കുറഞ്ഞ തുകയ്ക്ക് ഞങ്ങള്‍ക്ക് ആ പണി തീര്‍ക്കാനായി...

സി ബി ഐ പേടി തന്നെ കാരണം...

വാസ്തു പൂജയ്ക്കും ഗൃഹപ്രവേശത്തിനുമൊന്നും ഞങ്ങളെ ആരും ക്ഷണിച്ചില്ല... ഞങ്ങള്‍ പോയതുമില്ല. സി ബി ഐ ഇനി ഈ വഴി വരില്ലല്ലോ എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ ആശ്വാസം..

കുറെക്കാലം കഴിഞ്ഞ് ... ആ സ്ഥലത്തിനടുത്ത് തന്നെ മറ്റൊരു രണ്ട് സെന്‍റ് പ്ലോട്ടിന്‍റെ സാധ്യതയുമായി ഒരു ക്ലയന്‍റ് വന്നപ്പോഴാണ് ...

ഞങ്ങള്‍ ചെയ്ത ആ വീട് അയാള്‍ കണ്ടിട്ടുണ്ട്. .. അതുകൊണ്ടാണ് ശരിയ്ക്കും ഞങ്ങളെ തേടി വന്നത് തന്നെ..

സി ബി ഐ ഓഫീസര്‍ക്കും ഫാമിലിയ്ക്കും ഒക്കെ സുഖമല്ലേ എന്ന ഞങ്ങളുടെ മര്യാദച്ചോദ്യത്തിന് കിട്ടിയ ഉത്തരമിതായിരുന്നു..

‘അദ്ദേഹം സി ബി ഐ ഒക്കെ അന്നേ വിട്ടു.. വിവാഹമോചനത്തിന്‍റെ ഏറ്റവും വലിയ കരാറായിരുന്നു ആ വീട്.. അതുണ്ടാക്കി .. അതില്‍ അമ്മയും മക്കളും താമസിക്കുന്നുണ്ട് ... അദ്ദേഹം എവിടെയാണെന്ന് അവര്‍ക്കറിയില്ല.. അറിയേണ്ട കാര്യവുമില്ലല്ലോ.. ‘

സ്നേഹിക്കുന്നവരുടെ ... നമ്മെ ആവശ്യമുള്ളവരുടെ ഇടയില്‍ നില്‍ക്കുമ്പോള്‍ മാത്രമല്ലേ നമുക്ക് മേല്‍വിലാസവും ഐഡന്‍റിറ്റി കാര്‍ഡും ഒക്കെ വേണ്ടതുള്ളൂ.. അങ്ങനെ ആരുമില്ലെങ്കില്‍ പിന്നെ...

7 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

എന്നാലും , നാട്ടിലൊക്കെ ചാരമാരുടെയൊക്കെ ഒരു വില നോക്കിയേ ...!

അദ്ദേഹം സി ബി ഐ ഒക്കെ അന്നേ വിട്ടു.. വിവാഹമോചനത്തിന്‍റെ ഏറ്റവും
വലിയ കരാറിനായി ,മുൻ പാർട്ട്ണർക്കും മക്കൾക്കും ഏറ്റവും ചിലവ് കുറഞ്ഞ ഒരു വീട്
ഉണ്ടാക്കുന്നവരെ മാത്രം ആ വീട്.. അതുണ്ടാക്കി .. അതില്‍ അമ്മയും മക്കളും താമസിക്കുന്നുണ്ട് ...
അദ്ദേഹം എവിടെയാണെന്ന് അവര്‍ക്കറിയില്ല.. അറിയേണ്ട കാര്യവുമില്ലല്ലോ.. സ്നേഹിക്കുന്നവരുടെ ...
നമ്മെ ആവശ്യമുള്ളവരുടെ ഇടയില്‍ നില്‍ക്കുമ്പോള്‍ മാത്രമല്ലേ നമുക്ക് മേല്‍വിലാസവും ഐഡന്‍റിറ്റി കാര്‍ഡും ഒക്കെ വേണ്ടതുള്ളൂ.. !

© Mubi said...

ഇത് മുമ്പ് വായിച്ചതു പോലെ... ഇനി എഫ് ബിയിലാണോ? വീടുണ്ടാക്കി കഴിഞ്ഞതോടെ എല്ലാ ബന്ധങ്ങളും അയാൾ ഉപേക്ഷിച്ചിട്ടുണ്ടാകും...

വിനുവേട്ടന്‍ said...

ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് ആയിപ്പോയി... വീടിന്റെ കാര്യത്തിൽ മുഴുകി വായിച്ചു പോയി അവസാനം ഞെട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ...

ലംബൻ said...

ഇത് ഞാന്‍ നേരത്തെ എവിടെയോ വായിച്ചിരുന്നു.

Cv Thankappan said...

സ്നേഹിക്കുന്നവരുടെ ... നമ്മെ ആവശ്യമുള്ളവരുടെ ഇടയില്‍ നില്‍ക്കുമ്പോള്‍ മാത്രമല്ലേ നമുക്ക് മേല്‍വിലാസവും ഐഡന്‍റിറ്റി കാര്‍ഡും ഒക്കെ വേണ്ടതുള്ളൂ.. അങ്ങനെ ആരുമില്ലെങ്കില്‍ പിന്നെ...

ഓര്‍ത്തിരിക്കേണ്ട കാര്യം
ആശംസകള്‍

Bipin said...

എല്ലാത്തിലും ഒരു പേർസണൽ ടച്ച് ഉണ്ടായിരുന്നു. വിട്ടു പോകുമ്പോഴും അവരയാളുടെ മനസ്സിൽ ഉണ്ടായിരുന്നു.
നല്ല കഥ

vettathan said...

ആ അവസാനം ,അത് പറഞ്ഞ രീതി ,ഇപ്പോഴത്തെ രീതിയിൽ പറഞ്ഞാൽ സൂപ്പർ ആയി