Monday, February 12, 2018

സ്പര്‍ശനങ്ങളെപ്പറ്റി...

 
അഴിമുഖത്തില്‍@ സൈറ മുഹമ്മദ് എഴുതിയ  മനോഹരമായ കുറിപ്പ്.. അതിനെത്തുടര്‍ന്ന് @ഋഹമെ ഖീലെ എല്‍സ ജോസ് ഫേസ് ബുക്കിലിട്ട കുറിപ്പും പ്രതികരണങ്ങളും.. അവയൊക്കെയാണ്   ഒരുപക്ഷെ,   എന്റെ ഈ  വാക്കുകള്‍ക്കുള്ള പ്രേരണ..

സ്പര്‍ശമെന്നത് നമ്മുടെ സംസ്‌ക്കാരത്തില്‍  ഒരു പുറം കാര്യമല്ല... അത്  ഒരു  അകം കാര്യമാണ്. അയിത്തം എന്ന  സങ്കല്‍പം  ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും  കഴിയുന്നത്ര വെച്ചു പുലര്‍ത്തുന്ന, അതിനു യോജിക്കുന്ന ന്യായങ്ങളെ  വേദ പുരാണ ഇതിഹാസ മത ഗ്രന്ഥങ്ങള്‍ മുതല്‍  വ്യക്തി ശുചിത്വം വരെ പരതി കണ്ടു പിടിക്കുന്ന  അപൂര്‍വ ജനതയാണ് നമ്മള്‍...  നമുക്ക്  സ്പര്‍ശമെന്നത് തെറ്റായി  കാണാനാണ്  എപ്പോഴും എളുപ്പം. നാടക ചലച്ചിത്ര അഭിനേതാക്കളെ,  അവരുടെ പ്രശസ്തിയേയും പണത്തേയും പ്രധാനമായി എണ്ണുമ്പോഴും  അവന്‍ അവള്‍  എന്ന് വില കുറച്ച് കാണുന്നതില്‍  ഈ സ്പര്‍ശമെന്ന  പ്രക്രിയയ്ക്ക് വലിയ  പങ്കുണ്ട്.

നമ്മുടെ നമസ്‌തെ  എന്ന കൈ കൂപ്പല്‍  തന്നെ  അകല്‍ച്ചയെ  ആണ് ധ്വനിപ്പിക്കുന്നത്.  കൈകൂപ്പലിനു എന്തൊക്കെ  ദിവ്യത്വം  കല്‍പിച്ചാലും.. അതിനു  ഒരു തുറവി ഇല്ല. അപരിചിതരെ  തൊടുന്നത്  അതീവ  ദുസ്സഹമായ  ഒരു  അനുഭവമാണെന്ന് എഴുതുന്നതില്‍ പ്രധാനപ്പെട്ട  എഴുത്തുകാരും  പുകഴ്‌പെറ്റ  ചലച്ചിത്ര സംവിധായകരും ഒക്കെയുണ്ട്.  അപ്പോള്‍ പിന്നെ  നമസ്‌തെയുടെ  ദിവ്യത്വം തന്നെയാവുമല്ലോ   നമുക്ക്  ശരണം.

കുറെക്കാലം മുന്‍പാണ്.. തൃശ്ശൂര്‍ നിന്ന്  കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ഞാന്‍..  ഒരു സീറ്റില്‍  മോടിയില്‍  വസ്ത്രം ധരിച്ച് കാഴ്ചയില്‍ തന്നെ  ഒരു മുതിര്‍ന്ന പ്രൊഫസറെ പോലെ തോന്നിപ്പിക്കുന്ന ഒരാള്‍  ഇരിക്കുന്നുണ്ടായിരുന്നു. രണ്ടാള്‍ക്കിരിക്കാവുന്ന സീറ്റില്‍  തനിച്ചിരിക്കുകയായിരുന്ന  അദ്ദേഹത്തിനരികില്‍  പോയി ഞാനിരുന്നു. മറ്റ്  സീറ്റുകളില്‍ എല്ലാം ആളുണ്ടായിരുന്നത്  കൊണ്ടും  കുറെ ഏറെ നേരം ബസ്സില്‍  നിന്നു യാത്ര ചെയ്യേണ്ടി  വരുമല്ലോ എന്ന ഉല്‍ക്കണ്ഠ കൊണ്ടുമാണ് ഞാനങ്ങനെ ചെയ്തത്. എന്നാല്‍ അദ്ദേഹത്തിനു അത്  സഹിക്കാന്‍ കഴിഞ്ഞില്ല.  അദ്ദേഹം വലിയ  ബഹളമുണ്ടാക്കുകയും  അദ്ദേഹത്തിന്റെ  മകളാവാന്‍ മാത്രം  പ്രായമുണ്ടായിരുന്ന  എന്നെ  കഠിനമായി അധിക്ഷേപിക്കുകയും  സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ നിര്‍ബന്ധിതയാക്കുകയും ചെയ്തു.  ബസ്സ് ഓടുമ്പോള്‍ അന്യ സ്ത്രീയുടെ  സ്പര്‍ശനമുണ്ടായാലോ  എന്ന  ഭയമാണതിനു കാരണമെന്ന് അദ്ദേഹം തന്റെ  ചാരിത്ര്യശുദ്ധിയെയും സത്സ്വഭാവത്തേയും  ഉച്ചത്തില്‍  വ്യക്തമാക്കി.

പിന്നീട്  അനവധി തവണ ഔദ്യോഗിക കാര്യങ്ങള്‍ക്കായി സ്വദേശികളും വിദേശികളുമായ  ഒട്ടേറെ  പുരുഷന്മാര്‍ക്കൊപ്പം യാത്ര ചെയ്യേണ്ടി വന്നപ്പോള്‍  ഒരു കാര്യം ഞാന്‍ മനസ്സിലാക്കി.  അറിയാത്ത മട്ടില്‍ സ്പര്‍ശിക്കുന്നത്  എന്തുകൊണ്ടോ നമ്മുടെ നാട്ടിലുള്ളവര്‍ക്ക് കൂടുതല്‍ പഥ്യമാണ്. സ്പര്‍ശമെന്ന പാപബോധം ഉള്ളില്‍ കിടന്ന് കലമ്പല്‍ കൂട്ടുന്നതുകൊണ്ടാവാം..

എന്നുവെച്ച് എല്ലാവരും അങ്ങനെയായിരുന്നില്ല... അറിഞ്ഞ്  വേണ്ടപ്പോള്‍ വേണ്ടതു മാതിരി .. സ്പര്‍ശം  കൊണ്ട്  മനസ്സില്‍ കയറിക്കൂടിയവര്‍ ഉണ്ടായിരുന്നു.. ഉണ്ട്...  ഇനിയും ഉണ്ടാകും...

സാണ്ട് എന്ന് വിളിക്കുന്ന  കാളക്കൂറ്റന്മാരും പേരൊന്നുമില്ലാത്ത  വെറും  കില്ലപ്പട്ടികളും ദില്ലി നഗരത്തിലെ റോഡുകളില്‍ ഒരു പതിവ് കാഴ്ചയായിരുന്നു. തിളയ്ക്കുന്ന  വെയിലില്‍  ഒരു കാക്ക പോലും പുറത്തിറങ്ങാത്ത  ഉച്ചനേരത്തും വെയില്‍  കുടിച്ച് മയങ്ങിയ പോലെ കാളക്കൂറ്റന്മാര്‍ അലസമായി റോഡില്‍ ചുറ്റിത്തിരിയുന്നുണ്ടാവും.  കില്ലപ്പട്ടികള്‍ പൊറുതികേടോടെ  ഓടുകയും ചവറുവീപ്പകള്‍ മണപ്പിക്കുകയും  ചെളിവെള്ളം നക്കിക്കുടിക്കുകയും  നാവു പുറത്തിട്ട് കിതയ്ക്കുകയും  ചെയ്യുന്നുണ്ടാവും...

അങ്ങനൊരു  നട്ടുച്ചയായിരുന്നു.

ഞാന്‍  വഴി നടക്കുകയും  എന്റെ കഷ്ടകാലത്തിനു  ഒരു  കാളക്കൂറ്റനു എന്നെ ഓടിയ്ക്കാന്‍  തോന്നുകയും ചെയ്ത  നട്ടുച്ച കൂടിയുമായിരുന്നു അത് ..

പ്രാണഭയം ഒരു വല്ലാത്ത  ഭയമാണെന്ന്  ജീവിതത്തില്‍  അനുഭവിച്ചറിയേണ്ടി വന്നവളാണ് ഞാന്‍.. അത് സിനിമയില്‍  കാണുന്നതു പോലെയോ കടലാസ്സില്‍ എഴുതി വായിക്കുന്നതു പോലെയോ അല്ലെന്ന്  നല്ല  തീര്‍ച്ചയുള്ള ഒരാള്‍... അതുകൊണ്ട് തന്നെ ഒരാള്‍ ഇന്നയാളെ  കൊല്ലുമെന്ന് എന്നോടാരെങ്കിലും പറഞ്ഞാല്‍ അത്  തമാശയായിട്ടെടുക്കാനോ  ഹേയ്, എന്ന് നിസ്സാരമാക്കാനോ  എനിക്കൊരിക്കലും കഴിയില്ല.

ആ നട്ടുച്ചയും  അങ്ങനെയായിരുന്നു.. അതുകൊണ്ട് ചട്ടിയില്‍ നിന്ന്  അടുപ്പിലേക്ക് ചാടിയെന്നതുപോലെ ഞാന്‍ ഓടി... പറ്റാവുന്ന വേഗതയില്‍.. ആ കാളക്കൂറ്റന്‍  എന്റെ പിന്നാലെ ഭ്രാന്തെടുത്തു പാഞ്ഞു.. ...

പ്രാണഭയത്തോടെ ,  ഹൃദയം  പുറത്തേക്ക്  ചാടുന്ന കിതപ്പോടെ ഞാനോടിക്കയറിയത്  ദീര്‍ഘകായനായ  ഒരു സര്‍ദാര്‍ജിയുടെ കൈകള്‍ക്കുള്ളിലേയ്ക്കായിരുന്നു.  അദ്ദേഹത്തിന്റെ  നെഞ്ചോട് ചേര്‍ന്ന്  നിന്ന് മരണത്തെ പിന്തള്ളി  ഞാന്‍ കിതച്ചു..

' ബേബി... കൂള്‍ഡൌണ്‍'  എന്ന് എന്റെ  പുറത്ത്  തട്ടി ആശ്വസിപ്പിക്കുകയും  എന്നെ സുരക്ഷിതമായി ബസ്സു കയറ്റി വിടുകയും ചെയ്ത  അദ്ദേഹത്തെ  ...

ഗുരുതരമായ ക്ഷയരോഗം ബാധിച്ച് ആശുപത്രിയിലായിരുന്നു  ഞാന്‍..  ദില്ലി നഗരത്തിലെ  വലിയൊരു  ആതുരാലയത്തില്‍.. ജീവന്‍ അപകടത്തിലാണെന്ന സംശയമുണ്ടായെങ്കിലും   ക്ഷയമാണെനിക്കെന്ന് തിരിച്ചറിയപ്പെട്ടിട്ടില്ല..അതുകൊണ്ടു  തന്നെ  ന്യൂമോണിയ  ആണെന്ന വിശ്വാസത്തിലാണ് ചികില്‍സ . ഈ ലോകത്തിലെ എരിവന്‍ മുളകുകളെല്ലാം കൂടി അരച്ച് കുരുമുളകു വെള്ളത്തില്‍ കലക്കിയതു പോലെ എരിഞ്ഞു നീറുന്ന ഒരു മരുന്ന് ഡ്രിപ്പായി നല്‍കിക്കൊണ്ടായിരുന്നു ചികിത്സ ആരംഭിച്ചത്. അതു കഴിഞ്ഞ് ചെസ്റ്റ് ഫിസിയോതെറാ!പ്പി എന്ന പേരില്‍ ഒരു ഇടി ചികിത്സയുമുണ്ടെന്ന്  നഴ്‌സ് എന്നെ  അറിയിച്ചു. നെഞ്ചില്‍ കനത്തു കിടക്കുന്ന കഫം ഇളക്കിക്കളയുവാനായിരുന്നു അത്. ഇങ്ങനെ കഫം പുറത്തു വന്നില്ലെങ്കില്‍ ട്യൂബിട്ട് എടുക്കുമെന്നും അവര്‍ പറഞ്ഞു. കാലഹരണപ്പെട്ട മെഷീനിലെ പഴഞ്ചന്‍ ട്യൂബിടുന്നതുകൊണ്ട് രോഗിയ്ക്ക് പ്രയാസം കൂടുകയേയുള്ളു എന്ന് പറഞ്ഞ നഴ്‌സിന്റെ മുഖത്ത് ഒരു അര്‍ദ്ധ മന്ദഹാസം വിരിഞ്ഞു.

കൈമുട്ടോളമെത്തുന്ന വലിയ ഗ്ലൌസുകള്‍ ധരിച്ചിരുന്ന, ചെറുപ്പക്കാരനായ ഒരു ഡോക്ടര്‍ യാതൊരു താല്പര്യവുമില്ലാത്ത മുഖഭാവത്തോടെയായിരുന്നു,  ബെഡ്ഡിനരികിലേയ്ക്ക് വന്നത്. പ്രധാന ഡോക്ടറുടെ  നിരീക്ഷണത്തില്‍, വീര്‍പ്പിച്ചു കെട്ടിയ മുഖവുമായി അദ്ദേഹം ചെസ്റ്റ് ഫിസിയോതെറാപ്പി ചെയ്യാന്‍ ആരംഭിച്ചു. മന്ദ താളത്തില്‍ നിന്ന് ചടുലമായി മുറുകിക്കയറുന്ന മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ തായമ്പകയായിരുന്നു നെഞ്ചും കൂടില്‍ അരങ്ങേറിയത്. അതിന്റെ അവസാനത്തില്‍ കനത്തു കല്ലിച്ചു കിടന്ന കഫം രക്തക്കലര്‍പ്പോടെ പുറത്തേയ്ക്ക് തെറിച്ചു വീണു. ചര്‍ദ്ദിച്ച് അവശയായി ബോധം മറയുന്നതിനു മുന്‍പുള്ള ആ മൂടിക്കെട്ടിയ ഇരുട്ടില്‍ പെരുവഴിയില്‍ അനാഥയാക്കപ്പെട്ട പിഞ്ചു ബാലികയെപ്പോലെ ഡോക്ടറുടെ കൈ പിടിച്ച് ഞാന്‍ എന്തൊക്കെയോ പുലമ്പി…..

അന്നു രാത്രി ഉറക്കം വരാതെ കടുത്ത നെഞ്ചു വേദനയുമായി തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍   ഡോക്ടര്‍ എന്റരികില്‍ വന്നു ..  'പെയിന്‍ അസഹ്യമാണല്ലേ'   എന്ന് ചോദിച്ചു...

എനിക്കുത്തരമുണ്ടായിരുന്നില്ല. നറു നെയ് പുരട്ടിയ ചപ്പാത്തിയുടെ സുഗന്ധമുള്ള   കൈവിരലുകള്‍ കൊണ്ട് അദ്ദേഹം എന്റെ കവിളില്‍ മന്ദ്രമായി തട്ടി..  എന്നിട്ടു പറഞ്ഞു.'  ഉറങ്ങൂ..  ഐ വില്‍ ബി ഹിയര്‍.. '

അത്ര മേല്‍  മൃദുലമായി സ്പര്‍ശിക്കാന്‍ , അങ്ങനൊരു  ധൈര്യം  തരാന്‍ ...

10 comments:

Echmukutty said...

ഒരുപാട് നാളുകള്‍ക്ക് ശേഷം ...

ajith said...

സ്നേഹത്തോടെ ഉള്ള ഒരു തൂവൽസ്പർശം പോലും ദേഹിയെ ഉണർത്തുന്നതുതന്നെയാണ്. തീർച്ച. ഞാൻ സ്പർശിച്ച് സ്നേഹിക്കുന്നവനാണ്. എന്റെ സഹോദരിമാർക്കും സഹോദരന്മാർക്കും ഒക്കെ ഇങ്ങനെ തൊട്ടു സ്നേഹിക്കാൻ അവരുടെ തുണയാളിനെ കൂടാതെ ഞാൻ മാത്രമേയുള്ളു എന്ന് പലപ്പോഴും എനിക്ക് തോന്നാറുണ്ട്.

Punaluran(പുനലൂരാൻ) said...

വളരെ ഹൃദയസ്പർശി യായ കുറിപ്പ് ..സ്പര്‍ശമെന്ന പാപബോധം ഉള്ളില്‍ കിടന്ന് കലമ്പല്‍ കൂട്ടുന്നതുകൊണ്ടാവാം നാം പലപ്പോഴും അങ്ങനെ പെരുമാറുക ..ആശംസകൾ

Echmukutty said...

വായിച്ച് അഭിപ്രായമെഴുതി എന്നെ പ്രോല്‍സാഹിപ്പിച്ച അജിത്തേട്ടനും പുനലൂരാനും ഒത്തിരി നന്ദി

മഹേഷ് മേനോൻ said...

സ്പർശം എന്ത് ഉദ്ദേശത്തോടെ എന്നതിനെ ആശ്രയിച്ചിരിക്കുമല്ലോ.സ്പർശത്തിന്റെ മേന്മ. പലപ്പോഴും ഡോക്ടർമാരുടെ സ്പർശം ദൈവത്തിന്റെ സ്വന്തം കൈകളുടെ സ്പർശമായി തോന്നിയിട്ടുണ്ട്. ഒരു കുഞ്ഞുകാര്യത്തെ നന്നായെഴുതി... ആശംസകൾ :-)

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

സ്നേഹ സ്പര്‍ശം, വത്സല്യ സ്പര്‍ശം, സാന്ത്വന സ്പര്‍ശം, കാരുണ്യ സ്പര്‍ശം, പ്രണയ സ്പര്‍ശം, കാമ സ്പര്‍ശം.. നീണ്ടു നീളുന്ന സ്പര്‍ശങ്ങള്‍.. പാപിഷ്ടരായ ആളുകളുടെ മനസില്‍ എല്ലാ സ്പര്‍ശങ്ങളും പാപമായി പതിയുന്നു. സ്പര്‍ശങ്ങളെ തിരിച്ചറിയാന്‍ പുണ്യജന്മങ്ങള്‍ക്കേ കഴിയൂ..

Cv Thankappan said...

നന്നായിരിക്കുന്നു എഴുത്ത്
ആശംസകള്‍

Sivananda said...

ഒരുപാട് കേട്ടിരിയ്ക്കുന്നു എച്ച്മു.. കഥകളും വായിചിരിയ്ക്കുന്നു. പക്ഷെ ഈ ബ്ലോഗ്സ് ഇപ്പോഴാണ് കണ്ടത്.. മറ്റൊന്നും പറയാനില്ല. വാക്കുകളിലെ ഈ മയില്‍പ്പീലികള്‍ എന്നെയും തഴുകുന്നു... അത്രമാത്രം..

Muralee Mukundan , ബിലാത്തിപട്ടണം said...

ഇവിടെയൊക്കെ നല്ല കുളിരുള്ള സമയത്ത് തിരക്കില്ലാത്ത
ഒരു പബ്ലിക് ട്രാൻസ്പോർട്ടിൽ ഒറ്റക്കിരിക്കുന്ന ഒരാളുടെ ചാരത്ത്
മറ്റൊരാൾ വന്ന് ഇരിക്കുമ്പോൾ പരസ്പരം കിട്ടുന്ന ആ ശാരീരിക താപം ഒരു നിർവൃതി തന്നെയാണ് ...!
ശരിക്ക് പറഞ്ഞാൽ സ്പർശനം സുഖകരവും ആശ്വാസപ്രദവുമായ ഒരു സംഗതി തന്നെയാണ് കേട്ടോ എച്ച്മു ...

Unknown said...

വൈകിയാണ് വായിച്ചത്.
സ്പർശിക്കുന്ന വാക്കുകൾ.