Tuesday, May 29, 2018

അവരുടെ വിശുദ്ധജാതി, മതങ്ങളില്‍ നിന്ന്‍ അകറ്റിനിര്‍ത്തപ്പെട്ട ജീവിതത്തെക്കുറിച്ചു തന്നെ

              (04-09-2015 ല്‍ അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ചത്)                                                               
                                                             
എന്റെ ബ്ലോഗിനു ‘എച്മുവോടുലകം’ എന്ന ലേശം തമിഴ് കലര്‍ന്ന പേരിടാന്‍ കാരണം എന്നിലെ തമിഴു ബ്രാഹ്മണ അമ്മത്തത്തിന്റേയും മലയാളി ആശാരി അച്ഛത്തത്തിന്റേയും നിത്യമായ ജാതിക്കുറവിന്റെ ബാക്കിപത്രമെന്ന നിലയിലാണ്. എന്റെ ഈ തമിഴ് വേരുകള്‍ ജീവിതകാലമത്രയും എന്നേയും സഹോദരിമാരേയും ദുരിതങ്ങളിലും നിന്ദാപമാനങ്ങളിലും വലിച്ചിഴക്കുവാന്‍ മാത്രം പറ്റിയവയായിത്തീര്‍ന്നത്, ആ വേരുകള്‍ക്കു പടരേണ്ടിയിരുന്നതു മലയാള ജാതി, മത ഭൂമികകളില്‍ ആയിരുന്നതിനാലാവാം. തമിഴ് ബ്രാഹ്മണരുടെ അമ്മത്തവും മലയാളി ആശാരിയുടെ അച്ഛത്തവും ഞങ്ങളെ തമിഴ് ബ്രാഹ്മണ കള്ളിയിലും മലയാളി ആശാരി കള്ളിയിലും പെടുത്തിയില്ല. അതു കൊണ്ടു ഞങ്ങളുടെ ജാതി കോളം ബ്ലാങ്കായി മാറി. അമ്മ ഭാഷാ കോളമാകട്ടെ വളഞ്ഞു കുത്തിയ ഒരു ചോദ്യചിഹ്നമായിത്തീര്‍ന്നു.

അമ്മയുടെ ജ്യേഷ്ഠത്തിയായ അമ്മീമ്മ മാത്രമായിരുന്നു അമ്മയേയും അച്ഛനേയും ഒഴിച്ചാല്‍ ഞങ്ങള്‍ മൂന്നു പെണ്‍കുട്ടികള്‍ക്കും ഈ പ്രപഞ്ചത്തില്‍ ആകെക്കൂടി ഉണ്ടായിരുന്ന ഒരേയൊരു ബന്ധു. ബാക്കി എല്ലാവരും ഒന്നുകില്‍ തമിഴ് ബ്രാഹ്മണരായിരുന്നു. അല്ലെങ്കില്‍ മലയാളി ആശാരിമാരായിരുന്നു.

ജാതിയില്‍ താഴ്ന്ന പുരുഷനെ ഭര്‍ത്താവാക്കിയതിലുള്ള തെറ്റിന് തമിഴ് ബ്രാഹ്മണ്യം എന്റെ അമ്മയെ കഠിനമായി ശിക്ഷിച്ചു. ഗ്രാമത്തില്‍ ആദ്യമായി ഗ്രാജുവേറ്റ് ആയ സ്ത്രീയാണെന്നതോ ആദ്യത്തെ കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥയാണെന്നതോ ഒന്നും ജാതീയമായി അമ്മ ചെയ്ത കുറ്റത്തിനുള്ള മാപ്പായില്ല. അമ്മയുടെ അച്ഛന്‍ അമ്മയ്ക്കായി കൊടുക്കാമെന്നേറ്റ സ്വത്തുവകകള്‍ കൈവശമാക്കി അമ്മയുടെ പേരില്‍ നികൃഷ്ടമായ നുണകളുടെ രസക്കൂട്ടുകളില്‍ ചാലിച്ച ഒരു സിവില്‍ കേസ് കൊടുക്കുകയാണ് പ്രതാപശാലികളായ സഹോദരന്മാര്‍ ചെയ്തത്. ജാതി മാറിയുള്ള കല്യാണത്തിനു കൂട്ടു നിന്നുവെന്നാരോപിച്ച് അമ്മീമ്മയുടെ പേരിലും അവര്‍ അതേ കേസു കൊടുത്തിരുന്നു. മുപ്പതു വര്‍ഷമാണ് ആ സിവില്‍ കേസ് നമ്മുടെ ചെറിയ കോടതികളില്‍ നിന്ന് വലിയ വലിയ കോടതികളിലേക്ക് യാത്ര ചെയ്തത്. അമ്മീമ്മ വെറുമൊരു യു പി സ്‌കൂള്‍ ടീച്ചറും സഹോദരന്മാര്‍ ആയിരക്കണക്കിനു രൂപ വരുമാനമുള്ള വലിയ ഉദ്യോഗസ്ഥരുമായിരുന്നു. ഭര്‍ത്താവോ മക്കളോ ഇല്ലാത്ത അമ്മീമ്മയ്ക്ക് അപ്പാ കൊടുത്ത വീട് അനര്‍ഹമായ സ്വത്താണെന്നതായിരുന്നു, ആ കേസില്‍ സഹോദരന്മാരുടെ ഒരു പ്രധാന വാദം.

പന്ത്രണ്ട് വയസ്സില്‍ കുടുംബത്തിലൂള്ള മുതിര്‍ന്നവരുടേയും പുരോഹിതനായ വാദ്ധ്യാരുടേയും അനുഗ്രഹാശിസ്സുകളോടെ ഒരു തമിഴ് ബ്രാഹ്മണനെ വിവാഹം കഴിക്കുകയും നാലുദിവസത്തിനു ശേഷം അകാരണമായി ആ മഹാ ബ്രാഹ്മണനാല്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്ത സ്ത്രീയായിരുന്നു അമ്മീമ്മ. കഠിനമായ പ്രതിഷേധങ്ങളെ നേരിട്ടുകൊണ്ടാണ് മുപ്പതുവയസ്സിനു ശേഷം അവര്‍ അക്ഷരം പഠിച്ചതും ടി ടി സി പാസ്സായി ഒരു അധ്യാപികയായതും.

അമ്മയുടെയും അച്ഛന്റേയും വിവാഹത്തിനു കൂട്ടുനിന്നുവെന്ന കുറ്റം ചാര്‍ത്തി അമ്മീമ്മയുടെ അപ്പാവിന്റെ മരണശേഷം അവരെ ഒരു ദിവസം രാവിലെ അതുവരെ ജീവിച്ച അപ്പാവിന്റെ തറവാട്ടുമഠത്തില്‍ നിന്ന് ഉടുത്ത സാരിയോടെ പടിയിറക്കി വിടുകയായിരുന്നു. ഒരു ഗ്രാമം ഒന്നടങ്കം വാടക വീടു നല്‍കാന്‍ സാധ്യമല്ല എന്ന് പറഞ്ഞിട്ടും പതറാതെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച, അതുകൊണ്ടു തന്നെ ഒത്തിരി ശ്രമങ്ങള്‍ക്കുശേഷം വാടകയ്ക്ക് ലഭിച്ച, ഇടിഞ്ഞു പൊളിഞ്ഞ വിറകുപുരയില്‍ മനസ്സുറപ്പോടെ ഒറ്റയ്ക്ക് പാര്‍ത്ത ഒരു സ്ത്രീയായിരുന്നു അമ്മീമ്മ.

പണത്തിന്റെ അതിരില്ലാത്ത ബലം, അതിന്റെ പ്രപഞ്ചം തുളയ്ക്കുന്ന ധിക്കാരം, അതിനോടുള്ള ഉപാധികളില്ലാത്ത ആര്‍ത്തി ഇതെല്ലാം എന്തെന്ന് എനിക്ക് ആദ്യമായി ബോധ്യമാക്കിത്തന്നത് ഈ അവസാനിക്കാത്ത സിവില്‍ കേസിന്റെ നൂലാമാലകളാണ്. പണമില്ലാത്തവരുടെ ഒടുങ്ങാത്ത ദൈന്യവും ആര്‍ക്കും പിച്ചിച്ചീന്താവുന്ന അവരുടെ ഗതികെട്ട അഭിമാനവും എന്റെ കണ്‍മുന്നില്‍ സദാ ദയനീയമായി വെളിപ്പെട്ടു നിന്നു. സഹോദരിമാര്‍ക്കെതിരേയും മരിച്ചു പോയ അപ്പാവിനെതിരേയും ആ കേസില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ രക്തബന്ധമെന്ന എടുത്താല്‍ പൊങ്ങാത്ത തമാശയെ എനിക്കു കാട്ടിത്തരികയായിരുന്നു. മനുഷ്യ മനസ്സിന്റെ അതിക്രൂരമായ കൗടില്യവും കള്ളത്തരങ്ങളോടുള്ള അതിന്റെ സ്വാഭാവികമായ താദാത്മ്യവും എന്നെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചിട്ടുള്ളത്.

അമ്മീമ്മ താമസിച്ചിരുന്ന വീട്ടില്‍ മുറ്റമടിക്കാന്‍ വന്നിരുന്ന ഒരു പാറുക്കുട്ടി ഈഴവ ജാതിക്കാരിയായിരുന്നു. അവരെക്കൊണ്ട് കറികള്‍ക്കുള്ള പച്ചക്കറി മുറിപ്പിക്കുക, തേങ്ങ ചിരകിച്ച് ചമ്മന്തിക്കും മറ്റും അരപ്പിക്കുക, വെള്ളം പിടിച്ചു വെക്കുന്ന ചെപ്പ്, കുടമുള്‍പ്പടെയുള്ള പാത്രങ്ങള്‍ കഴുകിക്കുക ഇതിനൊന്നും അമ്മീമ്മ യാതൊരു മടിയും വിചാരിച്ചിരുന്നില്ല. ജാതി-മത ഭേദമെന്യേ എല്ലാവരേയും ഒരുപോലെ മനുഷ്യരായി പരിഗണിക്കാനുള്ള കഴിവ് അവര്‍ക്കുണ്ടായിരുന്നു. ഇരുണ്ട വര്‍ണമുള്ള ആ പാറുക്കുട്ടി, അമ്മീമ്മയുടെ വീട്ടിലെ ആസ്ഥാന പണിക്കാരനും നായര്‍ ജാതിക്കാരനുമായ ഗോവിന്ദനെ കമ്മള് എന്നു മാത്രമേ അഭിസംബോധന ചെയ്തിരുന്നുള്ളൂ. അമ്മീമ്മയെ തമ്പുരാട്ടി എന്നും. എന്നെയും അനിയത്തിമാരേയും അവര്‍ പേരു വിളിച്ചിരുന്നു. എന്നാല്‍ അയല്‍പക്കക്കാരായിരുന്ന കൊച്ചു ബ്രാഹ്മണ പെണ്‍കുട്ടികളെ അവര്‍ കൊച്ചു തമ്പുരാട്ടിമാരെന്ന് തന്നെ വിളിച്ചു പോന്നു.

നിങ്ങടെ അച്ഛന്‍ ഞങ്ങടെ ജാതിക്കാരനായതുകൊണ്ട് ഞങ്ങടെ വീട്ടില്‍ വന്നു ഭക്ഷണം കഴിക്കുമെന്നും കല്യാണം കൂടുമെന്നും ചിലര്‍ പറയാറുണ്ടായിരുന്നു. കുട്ടിയും ഞങ്ങടെ രാജുവും അല്ലെങ്കില്‍ ഞങ്ങടെ ശശിയും വയസ്സിന് ഒത്ത പാകമാണെന്നും പറഞ്ഞ് ഒരു പ്രത്യേക തരം കള്ളച്ചിരി ചിരിക്കുന്നതും ഗ്രാമീണരില്‍ ചിലര്‍ക്കെല്ലാം ഇഷ്ടമുള്ള കാര്യമായിരുന്നു. സ്ത്രീകളായിരുന്നു ഇക്കാര്യത്തില്‍ എപ്പോഴും മുന്‍പന്തിയില്‍. എന്തോ ഒരു ഇക്കിളിയുടെ ദുരര്‍ഥം ഒളിപ്പിച്ചുവെച്ചിരിക്കുന്ന അമ്മാതിരി കള്ളച്ചിരികള്‍, ചെറുപ്പം മുതല്‍ ഞങ്ങളെ വിഷമിപ്പിച്ചുകൊണ്ടിരുന്നു.

കൗമാര പ്രായത്തില്‍ അച്ഛന്റെ ജാതിയില്‍പ്പെട്ടവരെന്ന് അവകാശപ്പെടുന്ന ആണ്‍കുട്ടികളുടെ പേരുകള്‍ പ്ലസ് ചിഹ്നമിട്ട് ഞങ്ങളൂടെ പേരുകള്‍ക്കൊപ്പം സ്‌കൂളിലെ ബഞ്ചിലും ഡസ്‌ക്കിലും ബോര്‍ഡിലും എഴുതിവെക്കുന്നതും ആദ്യമാദ്യമെല്ലാം ഞങ്ങളെ വേദനിപ്പിച്ചിരുന്നു. മറ്റു കൂട്ടുകാരികള്‍ക്കൊന്നും ഇത്തരമൊരു സങ്കടം അനുഭവിക്കേണ്ടി വന്നിരുന്നില്ല. അതുകൊണ്ടുതന്നെ ആ എഴുത്തുകള്‍ കണ്ട് സവര്‍ണരും അവര്‍ണരുമായ കൂട്ടുകാരികള്‍ പരിഹാസത്തോടെയുള്ള ഒരു പുഞ്ചിരി എപ്പോഴും ഞങ്ങള്‍ക്കു നേരെ ഉതിര്‍ത്തു. അതൊരു നിത്യപ്പതിവായപ്പോള്‍, അത്തരം കാര്യങ്ങള്‍ക്ക് വിശദീകരണമന്വേഷിക്കുന്നത് ഞങ്ങളെ കൂടുതല്‍ പരിഹാസ്യരാക്കുമെന്നു മനസ്സിലായപ്പോള്‍ പിന്നെ അവയെ ഞങ്ങള്‍ തീരെ കാര്യമാക്കാതെയായി.

ഞങ്ങള്‍ കുട്ടികള്‍, ജാതീയമായ എന്തോ ഒരു കുഴപ്പമുള്ളവരാണെന്നും ബ്രാഹ്മണരുടെ വെളുത്ത നിറമുള്ളവരല്ലെന്നും സാധിക്കുമ്പോഴെല്ലാം ഞങ്ങളെ അറിയിക്കുന്നതില്‍ ഗ്രാമത്തിലെ സവര്‍ണര്‍ക്കും അവര്‍ണര്‍ക്കും തമ്മില്‍ നല്ല യോജിപ്പായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഏതുതരം പരാമര്‍ശവും ഞങ്ങളെ ഭയപ്പെടുത്തുകയും അവരില്‍ നിന്നെല്ലാം ഒരുപോലെ അകറ്റുകയും മാത്രമേ ചെയ്തുള്ളൂ.

പഴയന്നൂരും ഷൊര്‍ണ്ണൂരും ഗുരുവായൂരും ഒക്കെ പ്രതാപശാലികളായ അമ്മാവന്മാരുണ്ടെന്ന് എപ്പോഴും അവകാശപ്പെടുമെങ്കിലും അമ്മീമ്മയുടെ വീട്ടില്‍ താമസിച്ചു ജോലി ചെയ്തിരുന്ന നായരായ മറ്റൊരു പാറുക്കുട്ടിക്ക് സ്വന്തം നായരത്തത്തില്‍ വലിയ ഗമയുണ്ടായിരുന്നു. അതിനോട് കലശലായ എതിര്‍പ്പുണ്ടായിരുന്നെങ്കിലും പാറുക്കുട്ടിയെ ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നതുകൊണ്ട് സാധിക്കുമ്പോഴെല്ലാം അവരെ സഹായിക്കാന്‍ അമ്മീമ്മ മനസ്സു വെച്ചു. എങ്കിലും ആറുമാസത്തിലധികം കാലം ഒരിക്കലും പാറുക്കുട്ടി വീട്ടില്‍ നിന്നില്ല. അതിനകം എന്തെങ്കിലും സൗന്ദര്യപ്പിണക്കങ്ങള്‍ അവര്‍ സൃഷ്ടിക്കുമായിരുന്നു. അവരെ ആശ്രയിച്ച് നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നര്‍ഥം.

എല്ലായ്‌പോഴും എന്തെങ്കിലും സഹായം സ്വീകരിച്ചിരുന്നു, അമ്മീമ്മയെ കുറെയൊക്കെ ആദരിച്ചിരുന്നു, എങ്കിലും അമ്മീമ്മ കേള്‍ക്കാത്തപ്പോള്‍ എന്നോടും അനിയത്തിയോടും പാറുക്കുട്ടി സ്വന്തം നായര്‍ പ്രതാപം ഇടയ്‌ക്കൊക്കെ പ്രകടിപ്പിച്ചിരുന്നു. ഞങ്ങള്‍ ഭക്ഷണം കഴിച്ച പാത്രങ്ങള്‍, വെള്ളവും മറ്റും കുടിച്ച ഗ്ലാസുകള്‍ ഒക്കെ സ്വയം കഴുകണമെന്ന് അവര്‍ പറയുമായിരുന്നു. ‘പെണ്‍കുട്ടികള്‍ ചെറുപ്പന്നേ വീട്ടു പണിയെടുത്ത് ശീലിക്കണ’മെന്ന മുഖവുരയോടെയാണെങ്കിലും ‘എനിക്കീ താന്ന യാതിക്കാരന്റെ മക്കള്‍ടെ പാത്രമൊന്നും മോറണ്ട കാര്യല്ല’ എന്നും അവര്‍ പിറുപിറുത്തിരുന്നു.

കപ്പ വില്‍ക്കുന്ന കത്രീനയോടും പാറുക്കുട്ടി എതിര്‍പ്പ് കാണിച്ചിരുന്നു. ‘എനിക്കിഷ്ടല്ല, ഈ യാതി കെഴങ്ങൊന്നും. ഇതൊക്കെ കൊറഞ്ഞ യാതീക്കാര്‌ടേം കാശില്ലാത്ത മാപ്ലാരുടേം ഭക്ഷണാ. ഈ കുട്ട്യോള്‍ക്ക് അതും കഞ്ഞിവെള്ളോം ഒക്കെയാ ഇഷ്ടം. അതെങ്ങനെയാ മത്ത കുത്തിയാ കുമ്പളം മുളക്കോ’ എന്നും മറ്റും അവര്‍ ചെറിയ ശബ്ദത്തില്‍ കത്രീനയുടേതില്‍ നിന്നും ഞങ്ങളുടേതില്‍ നിന്നും വ്യത്യസ്തമായ സ്വന്തം ജാതിയെ അടയാളപ്പെടുത്തിയിരുന്നു. കാച്ചില്‍, ചേന, ചേമ്പ് തുടങ്ങിയവയ്ക്കുള്ള ആഢ്യത്തം ഒരിക്കലും കപ്പയ്ക്ക് ഉണ്ടാവില്ലെന്നും പാറുക്കുട്ടി പ്രഖ്യാപിക്കാറുണ്ടായിരുന്നു.

ജാതിയുടെ കൊമ്പുകൂര്‍ത്ത അഹങ്കാരങ്ങള്‍ ഞങ്ങള്‍ കുട്ടികളെ പലപ്പോഴും കഠിനമായി ഒറ്റപ്പെടുത്തിയിട്ടുണ്ട്. എന്റെ നഴ്‌സറി സ്‌കൂള്‍ പഠനം അത്തരമൊരു സങ്കടമായിരുന്നു. ഒരു ബ്രാഹ്മണ ഭവനത്തിന്റെ പൊളിഞ്ഞ വിറകുപുരയിലായിരുന്നു നഴ്‌സറി ആരംഭിച്ചത്. ഗ്രാമത്തില്‍ ചെറിയ തോതില്‍ പ്രവര്‍ത്തനമാരംഭിച്ച മഹിളാ സമാജത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു നഴ്‌സറി. ഒന്നോ രണ്ടോ ഒടിഞ്ഞ മരത്താറാവുകളും രണ്ട് ഭേദപ്പെട്ട മരക്കുതിരകളും ഒരു ചക്രമില്ലാത്തതുകൊണ്ട് ഓടാത്ത ഒരു ട്രൈ സൈക്കിളും അവിടെയുണ്ടായിരുന്നു. ഒരു നരച്ച ബോര്‍ഡും.

നാലു വയസ്സായപ്പോഴേക്കും മലയാളം, ഇംഗ്ലീഷ് അക്ഷരമാലകള്‍ എഴുതാനും നൂറു വരെ മേപ്പട്ടും കീപ്പട്ടും എണ്ണാനും തമിഴ്, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ കുട്ടിക്കവിതകള്‍ മന:പാഠം ചൊല്ലാനും ഒക്കെ കഴിഞ്ഞിരുന്ന ഒരു ബഹുഭാഷാ പണ്ഡിതയായിരുന്നു ഞാനെങ്കിലും നഴ്‌സറി സ്‌കൂളിലെ ആദ്യത്തെ ദിനം തന്നെ എനിക്ക് വേപ്പിലക്കഷായം മാതിരി കയ്ച്ചു.

എല്ലാ കുട്ടികളും കൊഞ്ചിക്കൊഞ്ചി തമ്മില്‍ പരിചയപ്പെടുകയും പരിചയപ്പെടുത്തുകയുമായിരുന്നു.

ടീച്ചര്‍ ചോദിക്കും, എന്താ മോള്‍ടെ പേര്?

ഞ്ചെ പേര് മാല.

വീടേതാ?

കോവിലിഞ്ചെ പടിച്ച് മുമ്പത്തെ മഠം വീട്.

അച്ഛന്റെ പേരെന്താ?

ചുപ്പരാമ സാമി

അമ്മേടെ പേരോ?

അമ്മാന്ന്

അച്ഛന് എന്താ ജോലി?

പൂജ യ്യല്.

ഇമ്മട്ടില്‍ ചോദ്യോത്തരങ്ങള്‍ പുരോഗമിച്ചു കൊണ്ടിരുന്നു. ചിലര്‍ അമ്മയുടെ പേരും അറിയാമെന്ന് പറഞ്ഞ് മിടുക്കരായി. ഇനിയും ചില സാമര്‍ഥ്യക്കാര്‍ അച്ഛന്റെ സാമ്പത്തിക സ്ഥിതി കൂടിയും വെളിപ്പെടുത്തി… ‘ച്ഛന്റെ കൈലെപ്പയും ഞൂറിന്റെ പുത്യേ നോട്ന്താവും .’

അങ്ങനെ ടീച്ചര്‍ എന്നോടും ചോദിച്ചു.

അച്ഛന്റെ ജോലി എന്ന ചോദ്യത്തിന് ‘ഡോക്ടര്‍’ എന്ന് ഞാന്‍ പറഞ്ഞതും’ അല്ലല്ല, തീച്ചറെ അത് ആ കുത്തി പയണത് നൊണയാ.. ആ കുത്തീദച്ഛന്‍ ആശേരിയാ’ എന്ന് ചില കുഞ്ഞു തൊണ്ടകള്‍ കൂവിപ്പറഞ്ഞതും ഒന്നിച്ചായിരുന്നു.

ഞാന്‍ സമ്മതിക്കുമോ?

എന്റെ അച്ഛന്‍ ഡോക്ടറാണെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. അച്ഛന്‍ രാവിലെ ആശുപത്രിയിലേക്ക് പോകും, പേഷ്യന്റ്‌സിനെ നോക്കും, മരുന്ന് കൊടുക്കും, കുത്തി വെക്കും. അമ്മീമ്മയുടെ വീട്ടില്‍ പണികള്‍ ചെയ്യാന്‍ വരുന്ന ആശാരിമാരെയും ഞാന്‍ കണ്ടിട്ടുണ്ട്. മുഷിഞ്ഞ ഒരു സഞ്ചി കൈയില്‍ പിടിച്ച്, ചളി പിടിച്ച ബനിയനും ഇട്ട് പലതരം ഉളികളും അറക്കവാളും ഒക്കെയായി അവര്‍ പുരപ്പുറത്ത് കയറി പണിയാറുണ്ട്. അവര്‍ക്ക് കാറില്ല, ഷൂസും പാന്റും ഷര്‍ട്ടും സ്റ്റെതസ്‌കോപ്പും ഇല്ല.

എന്റെ അച്ഛന്‍ ആശാരീം കീശാരീം ഒന്നുമല്ല, ഡോക്ടറാണെന്ന് ഞാന്‍ ബഹളം വെച്ചപ്പോള്‍ ടീച്ചര്‍ ചിരിച്ചു. അവര്‍ എന്നെ സമാധാനിപ്പിക്കുന്നതിനു പകരം ‘ഡോക്ടറായാലും ജാതി ആശാരി തന്നെയാ..’ എന്ന് പറഞ്ഞത് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. മറ്റ് കുട്ടികള്‍ക്കൊപ്പം അവരും പൊട്ടിച്ചിരിച്ചപ്പോള്‍ ഞാന്‍ വിഷണ്ണയായി നിന്നു.

ജാതി എന്ന് പറയുന്ന ഒരു വൃത്തികെട്ട സാധനം എന്നേയും അനിയത്തിമാരേയും ഉപദ്രവിക്കാനായി, പരിഹസിക്കാനായി ഞങ്ങളുടെ പുറകെ എപ്പോഴുമുണ്ടാവുമെന്ന് പതുക്കെപ്പതുക്കെ എനിക്ക് മനസ്സിലായി. ജാതിക്ക് കുഞ്ഞുങ്ങള്‍ എന്നോ ദരിദ്രര്‍ എന്നോ രോഗികള്‍ എന്നോ അങ്ങനെ ഒരു പരിഗണനയുമില്ലെന്നും എനിക്ക് വേഗം മനസ്സിലായി.

ഇതെല്ലാമാണെങ്കിലും അച്ഛനോട് ആരും തന്നെ യാതൊരു വിവേചനവും പ്രദര്‍ശിപ്പിച്ചിരുന്നില്ല. അച്ഛന്റെ തിളങ്ങുന്ന ഷൂസും ചുളിവില്ലാത്ത വസ്ത്രങ്ങളും ചുരുണ്ടിരുണ്ട തലമുടിയും കാറും ഉദ്യോഗ പ്രൗഢിയും നാഗരിക പരിഷ്‌ക്കാരവും ഒക്കെ ഗ്രാമീണരെ എപ്പോഴും സന്തോഷിപ്പിച്ചു. അമ്മയുടെ ഗ്രാമത്തില്‍നിന്ന് കാണാനെത്തുന്ന ആരോടും അതീവ ദയയോടെയും കാരുണ്യത്തോടെയും മാത്രമേ അച്ഛനും പെരുമാറിയിരുന്നുള്ളൂ. മഹാധനികരും സ്ഥാനികളുമായ ബ്രാഹ്മണരുടെ കുടുംബത്തില്‍ ഇങ്ങനെയൊരു താഴ്ന്ന ജാതിക്കാരന്‍ മരുമകന്‍ വരേണ്ടിയിരുന്നില്ല എന്ന് ആ നാട്ടുകാരെക്കൊണ്ട് പറയിക്കരുതെന്ന് അച്ഛനും നല്ല ശാഠ്യമുണ്ടായിരുന്നു.

ഞങ്ങളോട് ജാതീയമായ വിരോധം പ്രകടിപ്പിച്ചു പോന്ന എല്ലാവരും തന്നെ, അച്ഛന്റെ മുന്നില്‍ അമ്മയുടെ ഗ്രാമക്കാരാണെന്നും ബന്ധുക്കളാണെന്നും കൂട്ടുകാരാണെന്നും ഒക്കെ പറയുകയും ആ ഉദ്യോഗ പ്രൗഢിയുടെ സൗജന്യം പറ്റാവുന്ന രീതിയില്‍ ആസ്വദിക്കുകയും ചെയ്തു. അച്ഛന്‍ ഒരു ഡോക്ടറായതും ഇക്കാര്യത്തില്‍ വലിയ സഹായം ചെയ്തിട്ടുണ്ട്. കാരണം അപകടവും വേദനയും രോഗവും മരണവുമൊന്നും ആരുടേയും ജാതിയും മതവും ധനസ്ഥിതിയും മറ്റും നോക്കിയല്ലല്ലോ ശരീരത്തില്‍ പിടിമുറുക്കുന്നത്.

ബൊമ്മക്കൊലുവിനു ഞങ്ങള്‍ക്ക് പലഹാരം കൈയില്‍ വെച്ചു തരാന്‍ മടിക്കുന്ന മാമിമാരും, ചന്ദനം പുറത്തുള്ള കല്ലില്‍ എറിഞ്ഞു തന്ന് ഞങ്ങളെ വേര്‍തിരിച്ചു കാണിക്കുന്ന അമ്പലത്തിലെ പൂജാരിയും, ബ്രാഹ്മണപ്പയ്യന് അല്ലെങ്കില്‍ നായര്‍ പെണ്‍കുട്ടിക്ക് കണക്കില്‍ അധികം മാര്‍ക്കു കൊടുക്കണമെന്ന നിര്‍ബന്ധംകൊണ്ട് അരമാര്‍ക്ക് കുറച്ചിട്ട് പരീക്ഷകളില്‍ ഞങ്ങളെ രണ്ടാമതാക്കുന്ന ടീച്ചറും, ഭഗവദ്ഗീത പഠിക്കുവാന്‍ ചെരട്ടക്കയിലുകളായ (ആശാരി സ്ത്രീകളാണ് ചെരട്ടക്കയില്‍ കുത്തുക) ഞങ്ങള്‍ക്ക് അര്‍ഹത ഇല്ലെന്ന് വിധിച്ച നായര്‍ ജാതിയില്‍ പെട്ട സംസ്‌കൃത പണ്ഡിതനുമെല്ലാം ജാതീയതയുടെ അഹങ്കാരത്താല്‍ ഞങ്ങളുടെ ശൈശവ ബാല്യങ്ങളെ ആഴത്തില്‍ കുത്തി മുറിവേല്‍പ്പിച്ചിട്ടുണ്ട്.

എന്നാലും രോഗം വരുമ്പോള്‍, അപകടത്തില്‍ പെടുമ്പോള്‍ ടൗണിലെ ആശുപത്രിയില്‍ ചെന്ന് ഇവരില്‍ പലരും അച്ഛനെ കൈകൂപ്പി തൊഴുന്നതും അച്ഛന്‍ അവരെ പരിശോധിക്കുന്നതില്‍ യാതൊരു വിരോധവും പ്രകടിപ്പിക്കാത്തതും ‘ഡോക്കട്ട്‌റ് നല്ല ഒരു മനിഷ്യനാ… എല്ലാ സഹായോം ചീതു… വേറെ വല്യ ഡോക്കട്ടറെയൊക്കെ വേഗം കാണാന്‍ള്ള എല്ലാ ഏര്‍പ്പാടും ഇണ്ടാക്കിത്തന്നു’ എന്നൊക്കെ പുകഴ്ത്തുന്നതും ഞങ്ങള്‍ കുട്ടികളെ കുറച്ചൊന്നുമല്ല അല്‍ഭുതപ്പെടുത്തിയിട്ടുള്ളത്.

അച്ഛന്റെ അച്ഛന്‍ മിടുക്കനായ ഒരു സിവില്‍ എന്‍ജിനീയറായിരുന്നു. അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടില്ല. എന്നെയോ സഹോദരിമാരെയോ കാണാന്‍ അദ്ദേഹമൊരിക്കലും താല്‍പര്യപ്പെട്ടതുമില്ല. ഞങ്ങളെ സ്വന്തം മകന്റെ മക്കളായി മനസ്സിലാക്കുന്നതിലും അദ്ദേഹത്തിനു എളുപ്പം മറ്റൊരു ജാതിയില്‍ പെട്ട സ്ത്രീയുടെ ഉദരഫലങ്ങളായി മാത്രം മനസ്സിലാക്കുവാനായിരുന്നു. അമ്മയെ പരിണയിക്കുക വഴി വിവാഹമെന്ന തെറ്റും അതില്‍ ഉണ്ടായിരിക്കേണ്ട ഒടുങ്ങാത്ത കുറ്റബോധവും അച്ഛനില്‍ എന്നും സജീവമായി നിലനിറുത്തുന്നതില്‍ ഇത്തരം തിരസ്‌ക്കാരങ്ങള്‍ പൂര്‍ണമായും വിജയിച്ചു. അമ്മയെ അല്ല വിവാഹം കഴിക്കേണ്ടിയിരുന്നതെന്നും ഞങ്ങളല്ല മക്കളായി പിറക്കേണ്ടിയിരുന്നതെന്നും അച്ഛന്‍ ജിവിതകാലമത്രയും വിശ്വസിച്ചു പോന്നു. അതുകൊണ്ടാണോ എന്നറിയില്ല , അച്ഛന്റെ വേരുകളെക്കുറിച്ച് ഒന്നും തന്നെ ഞങ്ങളോട് വെളിപ്പെടുത്താന്‍ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. അച്ഛന്റെ അമ്മ സ്‌കൂള്‍ ടീച്ചറായിരുന്നു. അവര്‍ അച്ഛന് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ തന്നെ മരിച്ചു പോയിരുന്നു. അച്ഛന്റെ അച്ഛന്‍ ഒരു കുഞ്ഞുള്ള സ്ത്രീയെ രണ്ടാമതും വിവാഹം കഴിച്ചിരുന്നു. അതില്‍ അദ്ദേഹത്തിനു മക്കളൊന്നും ഉണ്ടായില്ല.

ഞങ്ങള്‍ സഹോദരിമാര്‍ക്ക് ഞങ്ങള്‍ മാത്രമേ ബന്ധുക്കളായി ഉണ്ടായിരുന്നുള്ളൂ. കല്യാണങ്ങള്‍ക്കോ മറ്റു വിശേഷങ്ങള്‍ക്കോ വളരെ അപൂര്‍വമായി പോകുമ്പോള്‍ പോലും ഞങ്ങളുടെ ബന്ധുക്കള്‍ ഞങ്ങളുടെ കുടുംബം എന്നൊരു സങ്കല്‍പമേ ഞങ്ങളിലുണ്ടായിരുന്നില്ല. അത്തരം ഒരു സങ്കല്‍പം വളര്‍ന്നു വരാന്‍ ആവശ്യമായ യാതൊരു വൈകാരിക പിന്തുണയും ആരില്‍ നിന്നും ഒരു കാലത്തും ഞങ്ങള്‍ക്ക് ലഭ്യമായതുമില്ല. ഒരു കഷണം ചോക്ലേറ്റായോ വാല്‍സല്യമൂറുന്ന ഒരു ഉമ്മയായോ പോലും ആരും ഞങ്ങളെ സ്വീകരിച്ചില്ല. അതുകൊണ്ടാവണം ആരേയും ഞങ്ങളോട് ബന്ധപ്പെടുത്തി അമ്മാവന്‍ എന്നോ അമ്മായി എന്നോ ഞങ്ങള്‍ക്ക് പറയാനില്ലാതായത്. അവര്‍ അച്ഛന്റെ സഹോദരിയോ അമ്മയുടെ സഹോദരനോ മാത്രമായിരുന്നു. അച്ഛന്റെ അച്ഛന്‍, അപ്പൂപ്പന്‍ ആയി മാറിയില്ല ഒരിക്കലും. അമ്മയുടെ അമ്മ, പാട്ടി ആയില്ല ഒരിക്കലും. ഞങ്ങളുമായി ഒരു ബന്ധവുമില്ലാത്തവര്‍. എവിടെയായിരിക്കുമ്പോഴും ഞങ്ങള്‍ അവിടുത്തേതായിരുന്നില്ല. നമ്മൂടെ മക്കള്‍ എന്നോ ഇവിടത്തെ കുഞ്ഞുങ്ങള്‍ എന്നോ ഞങ്ങള്‍ ഒരിടത്തും സംബോധന ചെയ്യപ്പെട്ടില്ല. ഞങ്ങളുടെ ജന്മബന്ധങ്ങളില്‍ അതങ്ങനെയായതു കൊണ്ടാവാം പിന്നീട് ജീവിതത്തിലെ മിക്കവാറും എല്ലാ ബന്ധങ്ങളിലും ആ ഏച്ചുകൂട്ടലും സഹിക്കലും മുന്നിട്ടു നിന്നത്. നീയല്ല, നിന്നെപ്പോലെ ഒരാളല്ല ഞങ്ങളുടെ വീട്ടില്‍ വരേണ്ടിയിരുന്നതെന്നും നിനക്ക് ഈ കുടുംബത്തിലെത്താനുള്ള യോഗ്യതയില്ലെന്നും ഞളുളൂടെ ബന്ധങ്ങളില്‍ മിക്കവാറും എല്ലാവരും സാധിക്കുമ്പോഴെല്ലാം പറഞ്ഞു പോന്നു.

അങ്ങനെയാണ് മലയാളിയായ ക്രിസ്തുമതവിശ്വാസിയായി ജീവിക്കാന്‍ ഞാന്‍ പരിശ്രമിച്ചത്. എന്നാല്‍ മാമ്മോദീസാ വെള്ളം തലയില്‍ വീഴ്ത്താതെ ആര്‍ക്കും ക്രിസ്തുമതത്തിന്റെ പടി കേറാന്‍ പറ്റില്ല എന്ന് മതം എനിക്ക് മനസ്സിലാക്കിച്ചു തന്നു. ഇനി അത് വീഴ്ത്തിയാലും മാര്‍ക്കം കൂടിയവര്‍ക്ക് അസ്സലിന്റെ ഗമ കിട്ടുമോ? ഇല്ല. അവരെന്നും ‘മാര്‍ക്കം കൂടിയവര്‍’ അഥവാ ‘കണ്‍വെര്‍ട്ടഡ്’ തന്നെ ആയിരിക്കും. ധ്യാനം കൂടാന്‍ പോയപ്പോഴൊക്കെ എന്റെ ക്രിസ്ത്യാനി ഗ്രേഡ് കുറവാണെന്ന് അച്ചന്മാര്‍ക്ക് ഒറ്റ നോട്ടത്തില്‍ തന്നെ പിടി കിട്ടുമായിരുന്നു. നല്ല അസ്സല്‍ ക്രിസ്ത്യാനികളുടെ ശിരസ്സില്‍ കൈ വെച്ച് ധ്യാനിക്കുന്നത് പോലെ എന്റെ തലയില്‍ കൈ വെച്ച് ധ്യാനിക്കാന്‍ അച്ചന്മാര്‍ക്ക് പേടിയാവുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നീ ഒരു നല്ല സ്ത്രീയായിരിക്കാം, പക്ഷെ, ക്രിസ്ത്യാനിയാവാതെ അത് ഞങ്ങള്‍ക്ക് ഉറപ്പിക്കാനാവില്ല എന്നായിരുന്നു അച്ചന്മാര്‍ പറഞ്ഞിരുന്നത്. ഞാന്‍ താമസിക്കുന്ന വീട് അവര്‍ക്ക് വെഞ്ചരിക്കാന്‍ കഴിയുമായിരുന്നില്ല. മതം മാറാത്ത ഞാന്‍ പള്ളിയിലെ പരിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ലഭിക്കുന്ന വാഴ്ത്തപ്പെട്ട അപ്പത്തിനായി കൈ നീട്ടരുതെന്ന് മൈക്കിലൂടെ എന്റെ പേരെടുത്ത് പറഞ്ഞ് വിലക്കിയിട്ടുണ്ട് ദൈവ വിശ്വാസികളായ ക്രിസ്തീയപുരോഹിതന്മാര്‍. ഞാന്‍ ഭക്ഷണം കഴിച്ച പാത്രത്തിനു കൂടി ആശാരിത്തത്തിന്റെ അശുദ്ധിയുണ്ടായിരുന്നു.

ഈ തമിഴു ബ്രാഹ്മണരുടെ വേരു കാരണം ഞാന്‍ ബൈബിള്‍ വായിച്ചാല്‍ സഹസ്രനാമം ചൊല്ലുന്ന പോലെ തോന്നും. ഇറച്ചിയും മീനും വെച്ചാല്‍ സാമ്പാറും കൂട്ടുകറിയും പോലെയാണ്. എന്റെ മേലാണെങ്കിലോ സദാ ഒരു ഭസ്മത്തിന്റേയും പുളിച്ച മോരിന്റേയും വാടയാണ്. ഈ താരതമ്യങ്ങള്‍ക്ക് പുറമേ മറ്റൊരു ചോദ്യവും കൂടിയുണ്ടായിരുന്നു. ലോകത്തിലേക്കും വെച്ച് ഏറ്റവും മുന്തിയ മതം ഏതാണ്? അതിനൊരു ഉത്തരമേയുള്ളൂ ക്രിസ്തുമതം. ജാതിയില്ലാത്ത ഞാനെന്ന കാക്ക ഒരു ക്രിസ്ത്യാനി കൊക്കാകാന്‍ വേണ്ടി കുറെ കുളിച്ചു നോക്കി. ആയില്ല. ഈ ജന്മത്തില്‍ ആവുകയുമില്ല എന്ന് എനിക്കും വൈകാതെ മനസ്സിലായി.

അങ്ങനെ പണ്ടേ ജാതി ഇല്ലാത്ത ഞാന്‍ മതമില്ലാത്ത ജീവനായും രൂപാന്തരം പ്രാപിച്ചു. ജാതിയും മതവുമില്ലാത്ത, തമിഴനും മലയാളിയുമല്ലാത്ത ഒരു വിചിത്ര ജീവി. ഇത്ര അപൂര്‍വ്വമായ ജന്മം കൊണ്ട ഞാന്‍ പിന്നെ ഒരു മലയാളി നായരാകാന്‍ നോമ്പ് നോറ്റു. അതിനു പോയപ്പോഴല്ലേ എന്തൊരു ബുദ്ധിമുട്ടാണ് ആ അവതാരത്തിനെന്ന് അറിയുന്നത്.

ലോകത്തിലേക്കും വെച്ച് ഏറ്റവും മുന്തിയ ജാതിയാണ് കിരീയം നായര്‍. നായരാകണമെങ്കില്‍ കഴിഞ്ഞ ജന്മത്തില്‍ ഒത്തിരി പുണ്യം ചെയ്യണം. അങ്ങനെ ദൈവത്തിന്റെ പക്കലുള്ള കണക്കു പുസ്തകത്തിലെ അതീവ പുണ്യാത്മാക്കള്‍ എന്ന കള്ളിയില്‍ കയറിക്കൂടിയാല്‍ മാത്രമെ കിരീയം നായരായി ജനിക്കാന്‍ പറ്റൂ. ശരിയ്ക്കും പറഞ്ഞാല്‍ ഞാനൊക്കെ ഒരു കിരീയം നായരുടെ ഗേറ്റ്പടി പോലും കേറാന്‍ പാടില്ലാത്തതാകുന്നു. ശരിയായ ഒരു ആഢ്യത്തത്തിന്റെ രീതിയിലാണെങ്കില്‍ ആശാരി അച്ഛത്തം എന്ന വലിയ കുറവുള്ളതുകൊണ്ട് ജാതി കണക്കിന്റെ ഒരു ശരാശരി നോക്കിയാല്‍ എനിക്ക് നായര്‍ ജാതിയില്‍ കേറിപ്പറ്റാന്‍ ഒരു വഴിയുമില്ല. പിന്നെ ആ തമിഴ് ബ്രാഹ്മണ അമ്മത്തം ഉള്ളതു കൊണ്ട് എനിക്ക് വേണമെങ്കില്‍ നായരാകാനുള്ള മത്സരപ്പരീക്ഷക്ക് ഒന്നിരുന്ന് നോക്കാവുന്നതാണ്.

ഞാന്‍ നായരാകാനുള്ള ഊര്‍ജ്ജിത യത്‌നത്തില്‍, തിരുവാതിര നോറ്റും രാമായണം വായിച്ചും നായര്‍ ശൈലിയില്‍ പാകം ചെയ്തും ഒന്നര ഉടുത്തും ഗീതാജ്ഞാന യജ്ഞം ശ്രവിച്ചും വള്ളുവനാടന്‍ മലയാളത്തില്‍ നീട്ടിയും കുറുക്കിയും ഒക്കെ പറഞ്ഞും എന്നെത്തന്നെ ഉടച്ചു വാര്‍ത്തു. ഈ പ്രയത്‌നം കൊണ്ടൊക്കെ വല്ല കാര്യവുമുണ്ടോ! ഞാനുണ്ടോ നായരാകുന്നു? നായന്മാര്‍ക്കു ഞാന്‍ എന്നും ആശാരിച്ചി മാത്രമായിരുന്നു. ജാതി ശ്രേണിയില്‍ അധഃപതിച്ചു പോയ തമിഴ് ബ്രാഹ്മണ അമ്മത്തം നായര്‍ ജാതിയില്‍ വലിയൊരു തമാശക്കഥയായി. നായര്‍ ജാതിക്കാര്‍ എനിക്ക് വൃത്തിയെപ്പറ്റി ക്ലാസ്സെടുത്തു. ഈശ്വരവിശ്വാസത്തേയും സഹസ്രനാമം, കവചം, ഗായത്രി എന്നിങ്ങനെയുള്ള മന്ത്രങ്ങളെപ്പറ്റിയും പലവിധ പൂജാവിധികളെപ്പറ്റിയും കേമത്തം പറഞ്ഞു. എങ്കിലും എത്രയായാലും നമ്മടെ നായരു കുട്ടികളെപ്പോലെ ആവുമോ എന്ന് ദീര്‍ഘമായി ഇച്ഛാഭംഗത്തോടെ നിശ്വസിച്ചു. മനസ്സിലായോ? ഞാനെന്ന ജാതിയില്ലാത്ത കാക്ക, എത്ര കുളിച്ചാലും നായര്‍ കൊക്കായില്ല. ഈ ജന്മത്തില്‍ ആവുകയുമില്ല.

കറകളഞ്ഞ യഥാര്‍ഥ ആശാരിമാരും 916 ബ്രാഹ്മണരും ഒട്ടും മോശമായിരുന്നില്ല. ഞാനും സഹോദരങ്ങളും അവരുടെ കൂട്ടത്തില്‍ പെട്ടതല്ല എന്ന് പറ്റുന്ന തരത്തിലൊക്കെ രണ്ട് ജാതിക്കാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഞങ്ങള്‍, ഞങ്ങളുടെ ബന്ധുക്കള്‍ എന്ന് ആശാരിമാര്‍ അവരെപ്പറ്റിയും നാങ്കള്‍, എങ്കളോട് കൂട്ടം, എന്ന് ബ്രാഹ്മണര്‍ അവരെപ്പറ്റിയും ഉദ്‌ഘോഷിച്ചിരുന്നു. വിശ്വകര്‍മ്മജരുടെ ജാതി സഭയില്‍ സ്വയം ചേര്‍ന്ന് അച്ഛന്‍ ഞങ്ങളോട് അച്ഛന്റെ ജാതിയെ വെളിപ്പെടുത്തി തന്നു. സ്വന്തം പേരിനോട് ചേര്‍ത്ത് ആശാരി എന്നെഴുതിയ വിജ്ഞാപനങ്ങള്‍ വിശ്വകര്‍മ്മ ജാതി സഭയില്‍ നിന്ന് വരുമ്പോഴൊക്കെ അദ്ദേഹം അളവറ്റ് സന്തോഷിച്ചിരുന്നു. അമ്മയുമായുള്ള അച്ഛന്റെ അവസാനിക്കാത്തതും തികച്ചും ക്രൂരവുമായിരുന്ന ശാരീരിക കലഹങ്ങളില്‍ അമ്മയുടെ വെളുത്ത നിറത്തേയും തമിഴ് ബ്രാഹ്മണ്യത്തേയും അച്ഛന്‍ അശ്ലീല പദങ്ങളെന്ന പോലെ ഉപയോഗിച്ചു. അതുകൊണ്ടൊക്കെ തന്നെ ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് മിശ്രവിവാഹം കഴിച്ചിട്ടും ജാതി ഉണ്ടായിരുന്നുവെന്ന് ഞങ്ങള്‍ക്ക് ബോധ്യമായി.

ജാതിയെഴുതാത്ത സര്‍ട്ടിഫിക്കറ്റുമായി ഇന്റര്‍വ്യൂവിനു പോയപ്പോഴൊക്കെ സ്ത്രീകളാണ് ഇന്റര്‍വ്യൂ ബോര്‍ഡിലെങ്കില്‍ അവര്‍ അതൊരു വലിയ പ്രശ്‌നമാക്കിയിട്ടുണ്ട് . അച്ഛന്റെ ജാതിയിലേക്ക് മാറാത്തത് വലിയൊരു തെറ്റാണെന്ന് അവര്‍ ഉച്ചൈസ്തരം പ്രഖ്യാപിക്കും. അച്ഛന്റെ ജാതിയിലേക്ക് ചേര്‍ക്കപ്പെടാന്‍ അമ്മയുടെ വയറ്റില്‍ പിറന്ന ഞങ്ങള്‍ മക്കള്‍ക്ക് യോഗ്യതയും ജാതിശുദ്ധിയും പോരെന്ന് അച്ഛന്‍ തന്നെ കരുതിയിരുന്നുവെന്ന പരമാര്‍ഥം ഞങ്ങള്‍ ആരോട് പറയാനാണ് ? പറഞ്ഞാലും അനാവശ്യമായി ഉച്ചത്തില്‍ സംസാരിച്ച് സ്വന്തം അധികാരഗര്‍വും ജാതീയതയും എല്ലാ ചീഞ്ഞളിഞ്ഞ സാമൂഹിക വ്യവസ്ഥിതികളോടും ഉള്ള താദാത്മ്യവും അമിതമായി പ്രകടിപ്പിക്കുന്ന അവര്‍ക്ക് അതു മനസ്സിലാവുകയുമില്ല.

അതുകൊണ്ട് ഒരു ജാതിയിലും പെടാത്ത ഞങ്ങള്‍ക്ക് ഞങ്ങള്‍ മാത്രമായിരുന്നു ബന്ധുക്കള്‍. വെളുവെളുത്ത ബ്രാഹ്മണ ശരീരത്തില്‍ പുരണ്ട കഴുകി കളയേണ്ടുന്ന കറുത്ത ചെളിയെന്ന പോലെയാണ് തമിഴ് ബ്രാഹ്മണര്‍ ഞങ്ങളെ കണ്ടത്. ആശാരി അച്ഛത്തത്തിലൂടെ കടന്ന് വന്ന ആ ജാതി ശ്രേണിക്കും ഭയങ്കര ഔന്നത്യമായിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസം, ഉന്നതോദ്യോഗം, ധാരാളം ധനം എല്ലാമുണ്ടായിട്ടും ഞങ്ങളുടെ തമിഴ് ബ്രാഹ്മണ അമ്മത്തം അവര്‍ക്ക് പൊറുക്കുവാന്‍ കഴിഞ്ഞില്ല. കൈവിരല്‍ കൊണ്ട് ഞങ്ങളെ തൊടുന്നതു കൂടി അവര്‍ പാപമായി കരുതി. ഞങ്ങളും നിങ്ങളും എന്ന ദ്വന്ദ്വത്തിലല്ലാതെ നമ്മള്‍ എന്ന ഒരുമയില്‍ ഞങ്ങള്‍ക്ക് ഒരു കാലത്തും ഒരിടത്തും ജീവിതമുണ്ടായിരുന്നില്ല. ഇന്നത്തെ തീയതി വരെ അതാരും തന്നിട്ടുമില്ല.

ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി കുറെക്കാലം ഉത്തരേന്ത്യയില്‍ ചെലവാക്കേണ്ടി വന്നപ്പോള്‍ ജാതിയില്ലാത്ത ഞാന്‍ ഒരു വെറും ദക്ഷിണേന്ത്യന്‍ മദ്രാസിയായി മാറി. എന്റെ ജാതിയിലും ഭാഷയിലും വടക്കര്‍ക്ക് ഒരു താല്പര്യവുമുണ്ടായില്ല. അത് അവര്‍ക്ക് ജാതിയും ഭാഷയും പ്രശ്‌നമല്ലാത്തതു കൊണ്ടൊന്നുമല്ല. അവര്‍ക്കു മദ്രാസി എന്നു വെച്ചാല്‍ അത്രയേയുള്ളു, വല്ല ഈച്ചയോ കൊതുകൊ പോലെ തട്ടിക്കളയാന്‍ പറ്റുന്ന ഒരു ജീവി. വാടക വീട് ഒഴിഞ്ഞു പോടാ ദരിദ്രവാസി എന്നു വടക്കര്‍ തമ്പ്രാക്കള്‍ കല്‍പിക്കുമ്പോള്‍ ഏറ് കൊണ്ട പട്ടികളെപ്പോലെ മോങ്ങിക്കൊണ്ട് വാലും ചുരുട്ടി ഓടുന്നവര്‍, കിറിക്കിട്ട് തോണ്ടിയാലും വെറുതെ പല്ലിളിക്കുക മാത്രം ചെയ്യുന്നവര്‍, അവര്‍ക്കെന്ത് ജാതി? എന്ത് മതം? വടക്കരെ സംബന്ധിച്ച് വടക്കു ദേശമാകുന്നു ലോകം, ഹിന്ദിയാകുന്നു ലോക ഭാഷ, ഹിന്ദുമതമാകുന്നു ലോകമതം, വടക്കരായ ബ്രാഹ്മണരാകുന്നു ലോകജാതി, ബാക്കിയെല്ലാം ക്ഷുദ്രജീവികള്‍. വയറു പയിക്കാന്‍ വഴിയില്ലാതെ ക്ഷുദ്രമാരണങ്ങള്‍ ഒരു പെട്ടിയും എടുത്ത് ട്രെയിന്‍ കേറി പോന്നോളും വടക്കു ദേശത്തേക്ക്, വടക്കരെ കഷ്ടപ്പെടുത്താന്‍.

അങ്ങനെ കുറച്ച് കാലം പോയപ്പോള്‍ ജാതിയില്ലെങ്കിലും ഹിന്ദുമതക്കാരായ സഹോദരങ്ങള്‍ വഴി ബംഗാളിയുടെയും ഈഴവരുടേയും ദേശ, ഭാഷാ, ജാതി ഔന്നത്യത്തെക്കുറിച്ച് വളരെ അടുത്തറിയാനും ഭാഗ്യമുണ്ടായി. നമ്മള്‍ പെണ്ണുങ്ങള്‍ക്കു ഈ കല്യാണബന്ധം വഴി ഉണ്ടാവുന്നത്ര വളര്‍ച്ചയും, ഭാഗ്യവും സംസ്‌ക്കാരവും, സുരക്ഷിതത്വവും അങ്ങനെ എല്ലാമെല്ലാം തന്നെയും വേറെ ഒരു വഴിക്കും കിട്ടുവാന്‍ പോകുന്നില്ലല്ലോ. ആണ്‍ തുണ ഇല്ലെങ്കില്‍ പിന്നെ പെണ്ണിനു എന്തുണ്ടായിട്ടെന്ത്? ഉയര്‍ന്ന വിദ്യാഭ്യാസവും ഉന്നത ഉദ്യോഗവും ഉണ്ടെങ്കിലും ജാതിയില്ലാത്ത, ഒരു പെണ്ണിനു ജീവിതം കൊടുക്കുന്ന ആണിനും അവന്റെ ദേശ, ഭാഷാ, ജാതി മതങ്ങള്‍ക്കുമുള്ള ഔന്നത്യത്തിനും ഒപ്പം നില്‍ക്കാന്‍ ‘ബുര്‍ജ് ഖലീഫ’ കെട്ടിടത്തിന്റെ ഉയരം പോര തന്നെ. ബംഗാളി ചെയ്ത ഉപകാരത്തിനു നന്ദി പറഞ്ഞ് ബംഗാളിയായി മാറാന്‍ പരിശ്രമിച്ച് പരിശ്രമിച്ച് ജീവിക്കുക എന്നതില്‍ കവിഞ്ഞ് എന്താണ് മര്യാദയ്‌ക്കൊരു ജാതിയും കൂടി അവകാശപ്പെടാനില്ലാത്തവര്‍ ചെയ്യേണ്ടത് ?

‘ടാംബ്രാം’ എന്ന ചുരുക്കപ്പേരില്‍ ബംഗാളി, തമിഴ് ബ്രാഹ്മണരെ ഒതുക്കി; മലയാളി ആശാരി എന്താണെന്ന് അറിയാന്‍ ശ്രമിച്ചതു കൂടിയില്ല. ഇതൊക്കെ എന്ത് കുന്തമായാലും, ദക്ഷിണേന്ത്യക്കാരുടെ ആചാരരീതികള്‍ ഏതെങ്കിലും സംസ്‌ക്കാര സമ്പന്നനായ ബംഗാളിയുടേതിനൊപ്പം വരുമോ. പിന്നെ ഭാഷ, അതു ശരി, അമര്‍ സോണാര്‍ ബംഗ്ലയുടെ അഞ്ച് അയലത്തു നില്‍ക്കുമോ, ഈ തമിഴും മലയാളവുമൊക്കെ? ബംഗ്ല കേട്ടുകൊണ്ട് ജീവിയ്ക്കാന്‍ പറ്റുന്നതു തന്നെ കഴിഞ്ഞ ജന്മത്തില്‍ ചെയ്ത പുണ്യം കൊണ്ടാകുന്നു.

ഈഴവരും ഔന്നത്യത്തില്‍ പുറകിലായിരുന്നില്ല. വിദ്യാഭ്യാസം, പ്രത്യേകിച്ചും സംസ്‌കൃത ഭാഷാ പരിജ്ഞാനം, ആയുര്‍വേദജ്ഞാനം, ആതിഥ്യമര്യാദ, സംസ്‌ക്കാരം അങ്ങനെ എല്ലാം കൊണ്ടും തമിഴു ബ്രാഹ്മണരേക്കാളും അവര്‍ മികച്ചവര്‍ തന്നെ. ആശാരിജാതി കലാകാരന്മാരുടേതാണെങ്കിലും ഈഴവരോളം സംസ്‌ക്കാരം തികഞ്ഞവരല്ല അവര്‍. സംസ്‌കൃതത്തിന്റേയും മലയാളത്തിന്റേയും മുന്‍പില്‍ തമിഴ് ഭാഷക്ക് നിവര്‍ന്ന് നില്‍ക്കാന്‍ കൂടി പറ്റില്ല. പിന്നെ ലോകത്തിലേറ്റവും വെടിപ്പോടെജീവിക്കുന്ന ജാതിക്കാര്‍ ഏറ്റവും മേന്മ കൂടിയവര്‍ ഈഴവരല്ലാതെ മറ്റാരുമല്ല. അപ്പോള്‍ ജാതിയില്ലാത്തവര്‍ ചെയ്യേണ്ടത് എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് ഈഴവജാതിപ്പട്ടികയില്‍ കയറിക്കൂടാന്‍ പരിശ്രമിക്കുക എന്നതാകുന്നു. നമ്മുടെ ജാതിയിലേയാ എന്ന് പറഞ്ഞു കിട്ടുക അത്ര എളുപ്പമാണെന്നാണോ കരുതിയത്…

ജാതി, മത, ദേശ, മൊഴികളെക്കുറിച്ച് വിമര്‍ശിച്ച് പറഞ്ഞ് പുരോഗമനകാരികളും വിപ്ലവകാരികളുമൊക്കെ ആവേണ്ടുന്ന ചുരുക്കം ചില ജീവിതസന്ദര്‍ഭങ്ങളില്‍ ബ്രാഹ്മണരും, ആശാരിമാരും , ക്രിസ്ത്യാനികളും, നായന്മാരും, ബംഗാളികളും, ഈഴവരും ഒന്നു പോലെ ഞങ്ങളുടെ മുന്‍പില്‍ ഈപ്പറഞ്ഞ കാര്യങ്ങളിലൊന്നും തന്നെ അവര്‍ക്കാര്‍ക്കും വിശ്വാസമോ താല്പര്യമോ ഇല്ലെന്ന് ഭാവിച്ചു. അതിന്റെ ഏറ്റവും വലിയ സാക്ഷ്യമാണല്ലോ ഈവക വിശുദ്ധ ജാതി, മത, ദേശ, മൊഴി, ശരീരങ്ങളിലെ ഞങ്ങളുടെ സാന്നിധ്യമെന്നറിയിച്ചു. അവരൊന്നും പുരോഗമനകാരികളെല്ലെങ്കില്‍ സങ്കരജാതികളായ ഞങ്ങള്‍ എങ്ങനെ അവരുടെ വിശുദ്ധ ജാതിമതങ്ങളുടെ അതിര്‍ത്തികളില്‍ കയറിപ്പറ്റും?

ഈ വ്യത്യാസങ്ങള്‍ക്കെല്ലാം അതീതരാണവരെന്ന് പറയുമ്പോഴും ലഭ്യമാകുന്ന ആദ്യ ജീവിത സന്ദര്‍ഭത്തില്‍ തന്നെ അവര്‍ സ്വന്തം ജാതിമതദേശമൊഴികളുടെ കൊടിയടയാളങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു പോന്നു. ആദ്യമൊക്കെ അന്ധാളിച്ചു പോയെങ്കിലും അവരുള്‍പ്പെടുന്ന വിവിധതരം വേലിക്കെട്ടുകളുടെ പരിമിതികളെ അംഗീകരിക്കേണ്ടതുണ്ടെന്ന് കാലം പോകെ ഞങ്ങള്‍ മൂന്നു സഹോദരിമാരും പണ്ഡിതരായി. അവരുടെയൊക്കെ ഊറ്റപ്പെട്ട ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ശ്രേണികളില്‍ യാതൊരു സംവരണവും അവകാശപ്പെടാനില്ലാത്ത വെറും ഷെഡ്യൂള്‍ഡ് ട്രൈബുകളാണ് കാരുണ്യവും അംഗീകാരവും യാചിച്ചുകൊണ്ട് അവയുടെ സങ്കേതങ്ങളിലെത്തുന്ന വിജാതീയരും അന്യമതക്കാരും ഇതര വര്‍ഗ്ഗ, വര്‍ണ്ണങ്ങളില്‍പ്പെടുന്നവരും ഞങ്ങളെപ്പോലെയുള്ള സങ്കരജാതികളുമെന്ന് അവരവരുടെ ജീവിതാനുഭവങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് വിവരാവകാശമുണ്ടായി.

എല്ലാ ജാതിക്കാരും എല്ലാ മതക്കാരും എല്ലാ ദേശക്കാരും എല്ലാ മൊഴിക്കാരും തങ്ങളുടേതില്‍ നിന്ന് വിഭിന്നമായ ജാതിയും മതവും ദേശവും മൊഴിയുമുള്ളവര്‍ ചതിയ്ക്കും ചതിയ്ക്കുമെന്ന് അവരവരെ തന്നെ സദാ താക്കീതു ചെയ്യുന്നവരായിരുന്നു. ചതിക്കാന്‍ ജാതിയും മതവും ദേശവും ഭാഷയുമൊന്നും ഒരു പ്രശ്‌നമേയല്ലെന്ന് സങ്കരജാതി മത ദേശ മൊഴിക്കാരായ ഞങ്ങള്‍ക്കറിയാവുന്നതു പോലെ ഏതു മതക്കാര്‍ക്കാണ്, ഏതു ജാതിക്കാര്‍ക്കാണ്, ഏതു ദേശക്കാര്‍ക്കാണ്, ഏതുമൊഴിക്കാര്‍ക്കാണ് നിശ്ചയമുണ്ടാവുക? ചതിക്കാന്‍ കഴിയുന്നതും ഒരു വിശ്വവശ്യമായ കലയാണ്, വിശ്വാസം വരുന്നില്ലെങ്കില്‍ ചതിയുടെ രക്തമോലുന്ന, ഉണങ്ങാത്ത മുറിവുകളുള്ളവരോട് ചോദിക്കൂ. അവര്‍ പറയും, മോഹിപ്പിക്കുന്ന, വശീകരിക്കുന്ന, നമ്മെയാകമാനം ഉരുക്കിക്കളയുന്ന ഒരു കലാരൂപമായി മാറുന്ന ചതി, സ്വന്തം തീനാക്കു കൊണ്ട് അവരെയെങ്ങനെ നക്കി മുറിപ്പെടുത്തിയെന്ന്.

അമ്മീമ്മക്കഥകള്‍ എന്ന എന്റെ ആദ്യ പുസ്തകത്തില്‍ ഞാനിങ്ങനെ എഴുതി..

‘വേരുകളെ കുറിച്ച് ഒന്നും എഴുതാനോ പറയാനോ ആലോചിക്കാനോ എനിക്ക് ഒരിക്കലും കഴിയില്ല. കാരണം വേരുകളുടെ പടലങ്ങളില്ലാത്ത, അഭിമാനപൂര്‍വം ചൂണ്ടിക്കാണിക്കാന്‍ കുടുംബചരിത്രങ്ങളുടെ യാതൊരു ഭണ്ഡാരപ്പുരകളുമില്ലാത്ത ഒരാളാണു ഞാന്‍. പശ്ചാത്തലമില്ലാത്ത ഒരു ചിത്രം പോലെയോ വാദ്യവൃന്ദങ്ങളില്ലാത്ത ഒരു ഗാനം പോലെയോ ഉള്ള ജീവിതം. എന്റെ തറവാട്, എന്റെ അമ്മ വീട്, എന്റെ അച്ഛന്‍ വീട്, എന്റെ ബന്ധുവീടുകള്‍ ഇങ്ങനെയൊന്നും തന്നെ എനിക്കവകാശപ്പെടാന്‍ ഇല്ല. എന്തിന് എല്ലാവരും എന്റെ ജാതി എന്ന് പറയുന്നതു പോലെ… ഞാന്‍ ഒരു നമ്പൂതിരിയാണെന്നോ എന്നോ അല്ലെങ്കില്‍ ഞാന്‍ ഒരു ചോവനാണെന്നോ അതുമല്ലെങ്കില്‍ ഞാനൊരു പുലയനാണെന്നോ ഉറപ്പായി നെഞ്ചൂക്കോടെ പറയാന്‍ എനിക്ക് കഴിയില്ല. അമ്മാതിരി രക്തം എന്നിലൊരിക്കലും തിളക്കുകയില്ല. എല്ലാ ജാതികളിലും മതങ്ങളിലും ഉള്ളിന്റെ ഉള്ളില്‍ പതുങ്ങിയിരിക്കുന്ന ‘എന്റേതിന്റെ മേന്മയും’ ‘ഇതാ നോക്കു, ഇതാണ് എന്റേത്’എന്ന് പ്രഖ്യാപിക്കുമ്പോള്‍ കിട്ടുന്ന ആഹ്ലാദാഭിമാനവും ‘നമ്മടെ കൂട്ടത്തിലെയാ’ എന്ന ഐക്യപ്പെടലും എനിക്ക് എന്നും അപരിചിതമാണ്.‘

ജീവിതത്തിലെന്നും ഈ സംശയം ചോദ്യമായി ഉണ്ടായിരുന്നു.

ഈ ജാതിമതദേശമൊഴിയൊന്നും നമ്മള്‍ അദ്ധ്വാനിച്ച് നേടുന്നതൊന്നുമല്ലല്ലോ. മാതാപിതാക്കളെ കിട്ടുന്നതു പോലെ അതും ഒരു ഷോഡതിയല്ലേ? നമ്മുടെ നിയന്ത്രണത്തിലേ അല്ലാത്ത ഒരു അത്ഭുതം! അതിലിങ്ങനെ ഊറ്റം കൊള്ളാനും വികാരപരവശരാകാനും തോക്കും കത്തീം ഒക്കെ എടുക്കാനും മറ്റൊരാളെ അപമാനിക്കാനും മറ്റും എന്താണ് ഇത്രയധികമുള്ളത്?

അപ്പോള്‍ ഉത്തരം തന്നു ഇതെല്ലാമുള്ളവര്‍…

‘ജാതീം മതോം ദേശോം ഭാഷേം ഒന്നൂല്യാണ്ട് ജനിച്ചോര്‍ക്ക് എങ്ങനെയാ അതു പറഞ്ഞാല്‍ മനസ്സിലാവ്വാ? ഉള്ളതിനെക്കുറിച്ചല്ലേ അഭിമാനിക്കാന്‍ വകയുള്ളു, ഇല്ലാത്തതിനെ ഓര്‍ത്ത് സങ്കടപ്പെടാനല്ലെ പറ്റു’. അതിക്രൂരമായ ഒരു പരമസത്യത്തിന്റെ അമ്ലമഴ പോലെ, ജന്മസ്ഥലത്ത് അഭയാര്‍ഥിയാക്കപ്പെട്ടവനും, എല്ലാത്തരം ഇല്ലായ്മകളിലൂടെയും ഇഴഞ്ഞു നീങ്ങാന്‍ വിധിക്കപ്പെട്ടവനും എന്ത് അഭിമാനമെന്ന ആ പഴയ ചോദ്യം… ഉള്ളവരുടെ ധാര്‍ഷ്ട്യമായി, ഒരു മിന്നുന്ന വാള്‍ത്തല പോലെ… അതെ, ജാതിയുള്ളവരുടെ, മതമുള്ളവരുടെ, ദേശമുള്ളവരുടെ, മൊഴിയുള്ളവരുടെ, നിറമുള്ളവരുടെ, ധനമുള്ളവരുടെ… ഉള്ളവരുടേതു മാത്രമായ ലോകം! ആ ലോകത്തിന്റെ ചോദ്യങ്ങള്‍… ഉത്തരങ്ങള്‍… നിയമങ്ങള്‍… ആചാരങ്ങള്‍… രീതികള്‍… 


എന്നും എപ്പോഴും എവിടെയും എന്തിനും.

Monday, May 28, 2018

മഹാബോധിച്ചുവട്ടില്‍; ബീഹാറിന്റെ ഹൃദയത്തിലൂടെ





(ബീഹാര്‍-അവസാനഭാഗം)
 
മറക്കാന്‍ കഴിയാത്ത ഒരു ദിവസമായിരുന്നു  അത്.

കോപംകൊണ്ട് ഭ്രാന്തു പിടിച്ച അച്ഛന്റെ അടികളില്‍ നിന്ന് അമ്മയെ രക്ഷിക്കാന്‍ പണിപ്പെട്ട ഒരു കൌമാരക്കാരനെ കുറിച്ച് കേട്ടുകൊണ്ടാണ് ആ ദിനം പുലര്‍ന്നത്. അമ്മയുടെ മുഖത്ത് അച്ഛന്‍ തലയണ വെച്ചമര്‍ത്തുന്നതില്‍ നിന്നും അവന്‍ അമ്മയെ രക്ഷിച്ചു. അതിനുള്ള ശിക്ഷ അവനും കിട്ടി. അവനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ അച്ഛന്‍ ചെരിപ്പെടുത്ത് കൊടുത്ത്   അവനെക്കൊണ്ടു തന്നെ അവന്റെ പെറ്റമ്മയുടെ മുഖത്ത് അടിപ്പിച്ചു.....

ഭയന്നു പോയ അവന്‍ എല്ലാം അനുസരിച്ചു...

ആ അമ്മയുടെ ഹൃദയം പൊട്ടിക്കരച്ചിലിലാണ് എന്റെ ദിനം പുലര്‍ന്നത്.

അമ്മയുടേതായ എല്ലാം ആ വീട്ടിലായിരുന്നു. തുണിയും ആഭരണങ്ങളും സര്‍ട്ടിഫിക്കറ്റുകളും സ്വത്തിന്റെ  അവകാശപ്പത്രങ്ങളും... എല്ലാം അവിടെ ഉപേക്ഷിച്ച്  അവര്‍ ജീവന്‍ രക്ഷിക്കാന്‍ വീട് വിട്ടിറങ്ങി.. ഞാന്‍ അവരെ കേട്ടു.. കേള്‍ക്കുക മാത്രം ചെയ്തു. മറ്റൊന്നും എനിക്ക് കഴിയുമായിരുന്നില്ല.

എന്റെ സമാധാനം എന്നുമങ്ങനെയായിരുന്നു. ഒരു ചായ കുടിക്കുന്ന നേരം.... അത്രയും നേരം മാത്രം നിലനില്‍ക്കുന്ന സമാധാനം. ഞാനെന്നും ഇത്തരം അടികളില്‍... ഇത്തരം  നഷ്ടമാവലുകളില്‍.. ഇത്തരം ഭീതിപ്പെടലുകളില്‍.. ഇത്തരം ഉത്കണ്ഠകളില്‍  മാത്രമാണ്  ഇത്രയും കാലം ജീവിച്ചത്.

പക്കി ബാഗിനപ്പുറത്തുള്ള ഗോശാലയിലും മുന്നൂറുവര്‍ഷം പഴക്കമുള്ള ഇരുമ്പ് ഗേറ്റിന്റെ  നന്നാക്കല്‍ ജോലികളിലും പുതിയ കെട്ടിടങ്ങള്‍ക്കുള്ള വാനം കോരലിലും ഇടപെട്ടുകൊണ്ട്  ഉച്ചയൂണു കഴിയും വരെയുള്ള സമയം ചെലവാക്കി. ജോലിക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍  വ്യക്തമല്ലേ എന്നുറപ്പു വരുത്തി.
                                                

അതിനുശേഷമാണ് മഹാബോധിച്ചുവട്ടിലേക്ക് യാത്ര തിരിച്ചത്. രാജാസാഹേബായിരുന്നു  ഇത്തവണ എന്‍ഡേവറിന്റെ ഡ്രൈവര്‍. ഞങ്ങള്‍ മടങ്ങിപ്പോവുകയാണല്ലോ എന്ന് യാത്ര അയയ്ക്കാന്‍ റാണി സാഹിബായും ഒപ്പം വന്നു.

വിഹാരങ്ങളുടെ നാടായ ബീഹാറില്‍ ദാരിദ്ര്യമുണ്ട്. കൃഷി ഒട്ടും ലാഭമല്ലാതായിക്കഴിഞ്ഞ  ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ചെറുപ്പക്കാര്‍ പലരും കേരളത്തിലേക്ക്  ജോലി തേടി പോകുന്നുണ്ടെന്ന് റാണി സാഹിബാ പറഞ്ഞു. അതില്‍ ചിലര്‍ കള്ളത്തരങ്ങള്‍ കാണിക്കുകയും പണം കൊള്ളയടിക്കുകയും എ ടി എം മെഷീനുകളില്‍ നിന്ന് പണം  മോഷ്ടിച്ച് ബീഹാറിലേക്ക്  മടങ്ങുകയും ചെയ്യുന്നുണ്ട്. കേരളാ പോലീസ് ഇപ്പോള്‍  ബീഹാറിലേക്കും ഇടയ്ക്കിടെ യാത്ര ചെയ്യുന്നുണ്ട്.

പെണ്‍കുട്ടികളെ കൂട്ടിലടച്ച് സിനിമാറ്റിക് ഡാന്‍സു കളിപ്പിക്കുന്ന ഒരു വിനോദ വിശേഷം  അടുത്ത കാലം വരെ ഗയയിലുണ്ടായിരുന്നു. ഇപ്പോഴും അത് പൂര്‍ണമായും ഇല്ലാതായോ  എന്നറിയില്ല. ആളുകള്‍ ടിക്കറ്റെടുത്ത് ഈ ഡാന്‍സ് കാണുമായിരുന്നുവെന്നും ആ കുട്ടികളെ നോക്കി അശ്ലീല കമന്റുകള്‍ പറയുമായിരുന്നുവെന്നും ചൂളംകുത്തുമായിരുന്നുവെന്നും കേട്ടപ്പോള്‍ വേദന തോന്നി. തീര്‍ച്ചയായും പാവപ്പെട്ടവരുടെ, ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ മക്കളായിരിക്കുമല്ലോ അതെല്ലാം.
                                                   

ശാന്തിയും മനസ്സമാധാനവും തേടിയായിരിക്കുമോ എല്ലാവരും മഹാബോധി ക്ഷേത്രത്തിലേക്ക് പോകുന്നതെന്ന് ഞാന്‍ രാജാസാഹേബിനോട് ചോദിച്ചു.

അദ്ദേഹം ചിരിച്ചുകൊണ്ട് ഉത്തരം പറഞ്ഞു.

'ശാന്തിയും സമാധാനവും മറ്റെവിടെ നിന്നും കിട്ടുകയില്ല. നമ്മള്‍ സ്വയം നേടുകയേ  വഴിയുള്ളൂ'

ഞാന്‍ ഒന്നും പറഞ്ഞില്ല.

ഈ ചോദ്യം ഞാന്‍ ചോദിച്ചപ്പൊഴെല്ലാം എനിക്ക് കിട്ടിയത് ഇതേ ഉത്തരം തന്നെയായിരുന്നു. പലയിടങ്ങളില്‍ നിന്ന്.. പലരില്‍ നിന്ന്..

എനിക്കാണെങ്കില്‍ എന്നില്‍ നിന്നോ എന്റെ ചുറ്റുപാടുകളില്‍ നിന്നോ ഒരിയ്ക്കലും ശാന്തി ഉണ്ടായതുമില്ല.

നല്ല തിരക്കായിരുന്നു മഹാബോധി ക്ഷേത്രത്തില്‍. അവിടെയും ഈ ലോകത്തിന്റെ  ചെറുപതിപ്പ് ദൃശ്യമായിരുന്നു. എല്ലാ നാടുകളില്‍ നിന്നുമുള്ള  ബുദ്ധഭിക്ഷുക്കള്‍  മഹാബോധിയില്‍ ശാന്തി തേടി എത്തിയിരുന്നു.

യുനെസ്‌കോയുടെ വേള്‍ഡ് ഹെറിട്ടേജ് സൈറ്റുകളില്‍ മഹാബോധിക്ഷേത്രവും ഉള്‍പ്പെട്ടിട്ടുണ്ട്. 2002 ലായിരുന്നു യുനെസ്‌കോ ഈ പ്രഖ്യാപനം നടത്തിയത്. ഗുപ്ത രാജാക്കന്മാരുടെ കാലത്തെ ഇഷ്ടികകള്‍ കൊണ്ട് നിര്‍മ്മിച്ച ഈ ക്ഷേത്രം  ഒരു  വിസ്മയമാണെന്ന് യുനെസ്‌കോ അഭിപ്രായപ്പെടുന്നു.

രാജ്യത്തേയും യശോധരയേയും ത്യജിച്ച് ബോധോദയം തേടിയ സിദ്ധാര്‍ഥ രാജകുമാരന്‍ ഫല്‍ഗു നദിക്കരയിലെ കാട്ടില്‍ ഒരു ആലിന്‍ ചുവട്ടിലാണ് താനുദ്ദേശിച്ച ബോധം നേടിയത്. ആ സ്ഥലത്ത് അശോക ചക്രവര്‍ത്തി പൊതു വര്‍ഷം 260 ല്‍ പണി കഴിപ്പിച്ചതാണ്
മഹാബോധി ക്ഷേത്രം.  
                                               
ബോധോദയം കിട്ടിയ ശേഷം ആദ്യത്തെ ഒരാഴ്ച അദ്ദേഹം ആ ആലിന്‍ ചുവട്ടില്‍ തന്നെ  കഴിച്ചു കൂട്ടി.  ഇപ്പോഴും ആ ആലിന്‍ ചുവട്ടില്‍ അനവധി ഭിക്ഷുക്കള്‍ പ്രാര്‍ഥനാപൂര്‍വം  ധ്യാനലീനരായിരിക്കുന്നുണ്ട്. കഠിനമായ ശാരീരികാഭ്യാസങ്ങളിലും നമസ്‌ക്കാരങ്ങളിലും വ്യാപൃതരായി വ്യത്യസ്ത ഭാഷകകളില്‍ സംസാരിക്കുകയും  മന്ത്രങ്ങള്‍ ഉരുക്കഴിക്കുകയും ചെയ്യുന്നവര്‍. അവരുടെ ശ്രദ്ധയും നിഷ്ഠയും അല്‍ഭുതാവഹമായിരുന്നു. ഇപ്പോള്‍ നിലവിലുള്ള ബോധിവൃക്ഷം പഴയ ബോധി വൃക്ഷത്തിന്റെ എത്രാമത്തെ തലമുറയാകുമെന്ന് ഞാന്‍ വെറുതേ ഓര്‍ത്തു നോക്കി. ഈ വൃക്ഷത്തിന്റെ ചില്ലകള്‍ വെട്ടി വിറ്റ് വിദേശികളില്‍ നിന്ന്  പ ണം സമ്പാദിച്ചുവെന്ന  ആരോപണത്തിനു വിധേയനായ ബോധിപാലയേയും  മഹാബോധിക്ഷേത്രത്തിലെ ചില ഡിസൈന്‍ ആവശ്യങ്ങള്‍ക്കായി എന്റെ കൂട്ടുകാരനെ  കാണാന്‍ വരാറുണ്ടായിരുന്ന ബുദ്ധഭിക്ഷുവിനേയും ഞാന്‍ അപ്പോള്‍ ഓര്‍ക്കാതിരുന്നില്ല.

രണ്ടാമത്തെ ആഴ്ച ബുദ്ധന്‍ ചെലവാക്കിയത്  മഹാബോധി ക്ഷേത്രത്തിനു വടക്കു കിഴക്കായുള്ള, ഇപ്പോള്‍ അനിമേഷലോചന സ്തൂപം കാണാനാവുന്ന ഇടത്താണ്. അവിടെയുള്ള ബുദ്ധവിഗ്രഹത്തിന്റെ മിഴികള്‍ മഹാബോധി വൃക്ഷത്തെ ഉറ്റു നോക്കുന്നു. ബോധോദയത്തിനു ശേഷം ഇവിടെ ചെലവാക്കിയ ദിവസങ്ങളില്‍ ബുദ്ധന്‍  നിന്ന നില്‍പ്പില്‍ നില്‍ക്കുകയും കണ്ണിമ പോലും ചിമ്മാതെ ബോധിവൃക്ഷത്തില്‍  മാത്രം ശ്രദ്ധയര്‍പ്പിച്ചുകൊണ്ട് ധ്യാനിക്കുകയും ചെയ്തു.

മൂന്നാമത്തെ ആഴ്ച അനിമേഷലോചന സ്തൂപത്തില്‍  നിന്ന് മഹാബോധി വൃക്ഷത്തിനടുത്തേയ്ക്കും തിരിച്ചുമായി നിരന്തരമായി നടക്കുകയായിരുന്നു ബുദ്ധന്‍. അദ്ദേഹത്തിന്റെ ഓരോ കാല്‍വെപ്പിലും സുഗന്ധമിയലുന്ന ചെന്താമരകള്‍ വിരിഞ്ഞുവന്നുവെന്നാണ് ജാതകകഥകള്‍ പറയുന്നത്. ഈ നടപ്പിനെയും  ഒരു  ധ്യാനരീതിയാക്കിയിട്ടുണ്ട്. അതിന് ഇപ്പോള്‍ രത്‌നചക്രമ എന്നാണ് പേര്.

നാലാമത്തെ ആഴ്ച ക്ഷേത്രത്തിന്റെ വടക്കു കിഴക്കുള്ള രത്‌നാകര്‍ ചൈത്യത്തിനരികിലായിരുന്നു ബുദ്ധന്റെ ധ്യാനം.

അഞ്ചാം ആഴ്ച ബ്രാഹ്മണ പൌരോഹിത്യം ബുദ്ധനോട് ഏറ്റുമുട്ടി. ഇവിടെ ഇങ്ങനെ വനത്തില്‍ ധ്യാനവും നടപ്പും ഇരുപ്പുമൊക്കെയായി എന്തിനുള്ള പരിപാടിയാണ്? ആരാണ് നിന്റെ നേതാവ്? എന്താണ് നിന്റെ ലക്ഷ്യം? എന്നൊക്കെയുള്ള വ്യവസ്ഥാപിത ചോദ്യങ്ങളുമായി അവര്‍ ബുദ്ധനെ വളഞ്ഞു. ബുദ്ധന്‍ അജപാലനിഗോധ വൃക്ഷത്തിന്റെ (ഇത് ഏതു വൃക്ഷമെന്ന് എനിക്കറിയില്ല. കാര്യങ്ങള്‍ പറഞ്ഞു തന്ന ഗൈഡ് പറഞ്ഞതും ഞാന്‍ കേട്ടതും ഇങ്ങനെയൊരു പേരാണെന്നാണ് എന്റെ ധാരണ) ചുവട്ടിലിരുന്ന് അവരെ പരമശാന്തനായി എതിരിടുകയും അവരുടെ സമസ്ത ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുകയും ചെയ്തു. അതിന്റെ അനുസ്മരണാര്‍ഥം ഇപ്പോഴവിടെയുള്ളത് ഒരു  തൂണാണ്.

ആറാം ആഴ്ചയിലെ ധ്യാനം താമരക്കുളത്തിലായിരുന്നു.

ഏഴാം ആഴ്ചയിലെ ധ്യാനസ്ഥലത്തെപ്പറ്റി തര്‍ക്കങ്ങളുണ്ട്. അവിടെ രാജ്യയത്‌ന വൃക്ഷമുണ്ടായിരുന്നുവെന്നും ഇല്ലെന്നും വാദമുണ്ട്. സ്ഥലം തന്നെ ഇതായിരുന്നില്ലെന്നും പറയുന്നുണ്ട്.
                                                    

എന്തായാലും ആലും ആലിന്‍ചുവട്ടിലെ ധ്യാനവും ബുദ്ധഭിക്ഷുക്കള്‍ക്ക് അതീവ  മോക്ഷദായകമാണെന്ന് ഞാന്‍ കണ്ടറിഞ്ഞു. ബുദ്ധനൊപ്പം പിറന്നതാണ് ആലെന്നും   ഭൂമിയുടെ പൊക്കിളിലാണ് ആ ആല്‍മരം സ്ഥിതി ചെയ്യുന്നതെന്നും അവര്‍ വിശ്വസിക്കുന്നു. ബുദ്ധന്റെ ബോധോദയം ഭൂമിക്ക് താങ്ങാനായത് ആ പ്രത്യേക സ്ഥലത്ത് സംഭവിച്ചതുകൊണ്ടാണെന്ന് അവര്‍ കരുതുന്നു. ലോകാവസാന കാലത്ത് ഭൂമിയില്‍ നിന്ന് ഏറ്റവും ഒടുവില്‍ അപ്രത്യക്ഷമാകുന്നത് ഈ ആലായിരിക്കുമത്രേ.

മൌര്യ സാമ്രാജ്യാധിപനായ അശോക ചക്രവര്‍ത്തി പണിത ഈ മഹാബോധി ക്ഷേത്രം ഇന്ന് സ്വര്‍ണവര്‍ണമായ ബുദ്ധവിഗ്രഹത്താലും സ്വര്‍ണം പൂശിയ മേല്‍പ്പുരയാലും  അലംകൃതമാണ്. തായ് ലന്‍ഡ് രാജാവും തായ് ലന്‍ഡിലെ ബുദ്ധമത വിശ്വാസികളും ചേര്‍ന്നാണ് മേല്‍പ്പുരയെ സ്വര്‍ണത്തില്‍ കുളിപ്പിച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് അത്  സംഭവിച്ചത്.

ക്ഷേത്രത്തിന്റെ നാലുവശവും കല്ലുകൊണ്ട് നിര്‍മിച്ച ഒരു വേലിയുണ്ട് ഏകദേശം രണ്ട് മീറ്റര്‍ പൊക്കത്തില്‍... പഴയ വേലി സാന്‍ഡ് സ്റ്റോണില്‍ ചെയ്തതാണ്. പുതിയത് കരിങ്കല്ലിലും.  പുതിയതെന്ന് പറഞ്ഞാല്‍ പൊതുയുഗം 300 നും  600 നും ഇടയ്ക്ക് ഗുപ്ത സാമ്രാജ്യ കാലത്ത്. അപ്പോള്‍ പഴയ വേലിയോ എന്നാണോ? അത് പൊതുയുഗത്തിനു മുന്‍പ് 150 ല്‍ ... ഭിക്ഷുക്കളും സന്ദര്‍ശകരും ധാരാളം മെഴുകുതിരികളും ചെരാതുകളും അവിടെ തെളിയിക്കുന്നുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ പ്രധാന ഗോപുരത്തിനു 55 മീറ്റര്‍ പൊക്കമുണ്ട്. ആ ഗോപുരത്തിനെ ചുറ്റി നാലു ഗോപുരങ്ങള്‍ വേറെയുമുണ്ട്. അവയ്ക്ക്  ആനുപാതികമെങ്കിലും  ഉയരം കുറവു തന്നെ. ജാതകകഥകള്‍ ആലേഖനം ചെയ്ത്  അലങ്കരിച്ചവയാണ് ഈ ഗോപുരങ്ങള്‍.

രണ്ട് വര്‍ഷം  മുന്‍പുണ്ടായ സ്‌ഫോടനത്തെ പരാമര്‍ശിക്കുമ്പോള്‍ ഗൈഡ് വല്ലാതെ രോഷാകുലനായി. സാധിക്കുന്ന  മട്ടിലൊക്കെ മുസ്ലിം മത വിശ്വാസികളെ വിശ്വസിക്കാന്‍ പാടില്ലെന്ന് പറയാന്‍ ശ്രമിക്കുമ്പോഴും, അയാള്‍ പ്രകടമായ അസ്വസ്ഥതയോടെ  മുസ്ലിം മുഖച്ഛായയുള്ള എന്റെ കൂട്ടുകാരനെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.

എന്റെ കൂട്ടുകാരന്‍ ഡിസൈന്‍ ചെയ്ത കവാടങ്ങള്‍ മഹാബോധി ക്ഷേത്രത്തിനെ അലങ്കരിക്കുന്നുണ്ട്. അവിടെ നിന്ന് ആശീര്‍വാദമായി ലഭിച്ചത് ബുദ്ധനെ ആലേഖനം ചെയ്ത പട്ടിന്റെ ഒരു ഷാളായിരുന്നു. സാധാരണ 'എന്റെ'  എന്നോ ' ഞാന്‍' എന്നോ കഴിവതും  പറയാത്തവന്‍ എന്തുകൊണ്ടെന്നറിയില്ല, ആ കവാടങ്ങള്‍ക്ക് മുന്‍പില്‍ എന്നെ പിടിച്ചു നിറുത്തി ഒരു പടമെടുക്കാന്‍ തുനിഞ്ഞു. അപ്പോള്‍ രാജാസാഹേബ് ഞങ്ങളെ അടുപ്പിച്ചു നിറുത്തി പടമെടുത്തു തരികയായിരുന്നു.
                                           

സന്ധ്യ മയങ്ങും മുന്‍പ് ബോധഗയയിലെ  ഉള്‍പ്രദേശങ്ങളിലേക്ക് എന്‍ഡേവര്‍ ഞങ്ങളെ കൊണ്ടുപോയി. അവിടെയും ഫല ഭൂയിഷ്ഠമായ വയലുകള്‍ മുറിച്ചു വില്‍ക്കപ്പെടുന്നുണ്ട്. പറ്റ്‌നയിലോ അല്ലെങ്കില്‍ അതു  പോലെയുള്ള നഗരങ്ങളിലോ താമസിക്കുന്ന ധനാഢ്യര്‍  ഭൂമി മൊത്തമായി കര്‍ഷകരില്‍ നിന്ന് വാങ്ങിക്കൂട്ടുന്നു. ഗയയില്‍ ഹോംസ്റ്റേയും നല്ല നല്ല  ഹോട്ടലുകളും ആവശ്യമുണ്ട്. ഒരുപക്ഷെ, വികസനമുണ്ടാവുമ്പോള്‍ അതൊക്കെയാവും മനുഷ്യര്‍ക്ക് വേണ്ടി വരിക. അല്ലാതെ കാറ്റിന്റെ ഓളങ്ങളില്‍ രോമാഞ്ചം കൊള്ളുന്ന സസ്യ സമൃദ്ധിയായിരിക്കില്ല.

അത്താഴം കഴിഞ്ഞപ്പോള്‍ രാജാസാഹേബും റാണി സാഹിബായും മഖ്‌സൂദ്പൂരിലേക്ക് മടങ്ങി. അതിനകം തന്നെ അവര്‍ ആവശ്യപ്പെട്ട ഡിസൈനുകളെല്ലാം എന്റെ  കൂട്ടുകാരന്‍  പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു.

പാതിരായ്ക്കായിരുന്നു സിയാല്‍ദാ രാജധാനി ഗയയിലെത്തിയത്. രാജാസാഹേബിന്റെ  ജോലിക്കാര്‍ ഞങ്ങള്‍ക്കൊപ്പം സ്റ്റേഷനില്‍ വന്ന് കാത്തിരുന്നു. ഞങ്ങളെ ഒരു  കുറവും   വരാതെ യാത്രയയക്കണമെന്ന് അദ്ദേഹം അവരെ ചട്ടം കെട്ടിയിരുന്നു.

ഇനിയും കാണാമെന്ന് അവരോട് യാത്ര പറഞ്ഞ് ഞങ്ങള്‍ രാജധാനിയില്‍ കയറി. പിറ്റേന്ന് ഞാന്‍ യാത്രയവസാനിപ്പിച്ചത് നഷ്ടങ്ങളുടെ പടുകുഴിയിലേക്ക് സ്വന്തം മകന്റെ അച്ഛനാല്‍ തന്നെ  തള്ളിയിടപ്പെട്ട  ആ അമ്മയുടെ പൊട്ടിക്കരച്ചിലിലേക്കായിരുന്നു.

എന്റെ ചില യാത്രകള്‍ ചിലപ്പോള്‍ ഇങ്ങനെയുമാണ്



( ബീഹാര്‍ യാത്രക്കുറിപ്പുകള്‍ അവസാനിച്ചു )

ചിത്രങ്ങള്‍ അഴിമുഖം

Sunday, May 27, 2018

നളന്ദ; വീണുടഞ്ഞുപോയ വിശ്വകലാശാല

                
നളന്ദ യാത്ര... 2015...
ജീവിതത്തിലെ അതിനീചമായ ഒരു ദുരിതപർവം തുടങ്ങിയത് രണ്ട് നാൾ കഴിഞ്ഞപ്പോഴാണ്.
അന്ന് ആ ദുരിതകാല്പാടുകൾ ഞാൻ കണ്ടിരുന്നില്ല...
                                                         






(ബീഹാര്‍-ഭാഗം 4)
 
ഏറെ പുകഴേന്തിയ പ്രാചീന സര്‍വകലാശാലയായ നളന്ദ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ വര്‍ണപ്പകിട്ടുള്ള ഒത്തിരി കുതിരവണ്ടികള്‍ കണ്ടു. കുതിരയുടെ കുളമ്പടിയൊച്ചയെ അനുസ്മരിപ്പിക്കുന്ന ടം ടം എന്നാണ് ഈ വണ്ടികള്‍ക്കുള്ള പേര്. എനിക്കാ പേരും കുതിരവണ്ടികളുടെ ഓട്ടവും വളരെ രസകരമായി തോന്നി. ആരോഗ്യമുള്ള കുതിരകളായിരുന്നു അധികവും വണ്ടി വലിച്ചിരുന്നത്. നല്ല ഭക്ഷണവും പരിചരണവും കിട്ടുന്നുണ്ട് കുതിരകള്‍ക്കെന്ന് അവയുടെ ദൃഢമായ ശരീരവും മിന്നിത്തിളങ്ങുന്ന സമൃദ്ധമായ വാലും വിളിച്ചു പറഞ്ഞു. പക്ഷെ, കുതിരയെ തെളിക്കുന്ന മനുഷ്യക്കോലങ്ങള്‍ എന്തുകൊണ്ടോ മെലിഞ്ഞും ദുര്‍ബലരായും മാത്രം കാണപ്പെട്ടു.
 

നളന്ദയെക്കുറിച്ച് നന്നെ ചെറുപ്പം മുതലേ കേട്ടിരുന്നു. ഒരുപക്ഷെ, ഞാനാദ്യം വായിച്ച ചരിത്ര പുസ്തകങ്ങളില്‍ ഒന്ന് നളന്ദയെപ്പറ്റിയായിരുന്നു. കാണുവാനും സാധിക്കുമെങ്കില്‍ പോയ കാലത്തിലൂടെ യാത്ര ചെയ്ത് വിദ്യ അഭ്യസിക്കുവാനും വളരെ ആഗ്രഹമുണ്ടായിരുന്ന ഒരു സര്‍വകലാശാലയായിരുന്നു അത്. അതുകൊണ്ടു തന്നെ നളന്ദയുടെ മുന്നില്‍ ചെന്നിറങ്ങുമ്പോള്‍ എന്റെ മനസ്സ് എന്തിനെന്നില്ലാതെ വിറകൊണ്ടു.
 

ഗേറ്റിനരികില്‍ തന്നെ ടിക്കറ്റ് മുറിച്ചു കിട്ടും. പിന്നെ വീതിയേറിയ നീണ്ട നടപ്പാതയാണ്. ഇരുവശവും പച്ചപ്പുല്‍ത്തകിടികള്‍... മനോഹരമായി സംവിധാനം ചെയ്ത പൂന്തോട്ടം. പേരറിയുന്നതും അറിയാത്തതുമായ സസ്യശ്യാമള സമൃദ്ധി. ഒരുപാടു തരം പക്ഷികള്‍... നടപ്പാതയിലൂടെ നീങ്ങിയിരുന്നത് ഒരു മുഴുവന്‍ ലോകമായിരുന്നു. എനിക്കുറപ്പിച്ചു പറയാന്‍ കഴിയും ലോകരാഷ്ട്രങ്ങളുടെ മുഴുവന്‍ പ്രാതിനിധ്യവുമുണ്ടായിരുന്നു അവിടെയെന്ന്.

നളന്ദ എന്നാല്‍ അവസാനിക്കാത്ത ദാനമെന്നര്‍ഥമുണ്ട്. ആ പരിസരങ്ങളില്‍ കാണപ്പെട്ടിരുന്ന നാഗങ്ങളില്‍ നിന്നും ഈ പേരു ഉരുത്തിരിഞ്ഞുവെന്ന് കരുതപ്പെടുന്നുണ്ട്. താമരത്തണ്ടുകളുടെ ലഭ്യതയും നളന്ദ എന്ന പേരിനു കാരണമായിട്ടുണ്ടത്രേ.

പൊതു യുഗം അഞ്ചാം നൂറ്റാണ്ടു മുതല്‍ ആയിരത്തി ഇരുനൂറു വരെ വിശ്വപ്രസിദ്ധമായി നിലകൊണ്ട ഒരു സര്‍വകലാശാലയായിരുന്നു നളന്ദ. ഗുപ്ത ഭരണകാലത്താണ് നളന്ദ ഏറ്റവും ജ്വലിച്ചു നിന്നത്. വര്‍ദ്ധമാന മഹാവീരനും ബുദ്ധനും ഈ സര്‍വകലാശാലയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അവര്‍ ഇവിടത്തെ മാന്തോപ്പില്‍വെച്ച് ശിഷ്യരുമായി സംവദിച്ചിരുന്നു എന്നാണ് വിശ്വാസം. ശരിപുത്രന്‍ എന്ന ബുദ്ധശിഷ്യന്റെ ജനനവും നിര്‍വാണവും പാവരിക എന്ന മാന്തോപ്പില്‍ ആയിരുന്നുവെന്ന് പറയുന്നു. മൗര്യ ചക്രവര്‍ത്തിയായിരുന്ന അശോകന്‍, ഗുപ്ത ചക്രവര്‍ത്തിമാര്‍, കനൗജിലെ ചക്രവര്‍ത്തിയായിരുന്ന ഹര്‍ഷ വര്‍ദ്ധനന്‍, പാല രാജവംശജനായ ഗോപാല എന്നിങ്ങനെ പല രാജവംശങ്ങളുടേയൂം രാജാക്കന്മാരുടേയും പരിലാളനയിലാണ് നളന്ദ വിശ്വപ്രസിദ്ധമായ ഒരു സര്‍വകലാശാലയായത്. എങ്കിലും പാല രാജവംശത്തിന്റെ ഭരണത്തില്‍ കീഴില്‍ ബുദ്ധമതം മഹായാന രീതിയില്‍ നിന്ന് വജ്രയാനരീതിയില്‍ കൂടുതല്‍ താന്ത്രിക അനുഷ്ഠാനങ്ങളിലേക്ക് മാറുകയായിരുന്നു. ബുദ്ധമതത്തിന്റെ പല സ്വതന്ത്ര നിലപാടുകളിലും കാതലായ മാറ്റം വന്ന കാലമായിരുന്നു അത്.

ചൈനീസ് സഞ്ചാരിയായ ഹ്യുയാന്‍ സാങ് ഹര്‍ഷവര്‍ദ്ധനന്റെ സമകാലികനായിരുന്നു. രണ്ടു വര്‍ഷത്തിലധികം കാലം ഹ്യുയന്‍സാങ് നളന്ദയില്‍ ചെലവഴിച്ചു. ശിലാഭദ്രന്‍ എന്ന പ്രധാനാചാര്യനും യോഗാചാര്യന്‍ എന്ന അധ്യാപകനും ചേര്‍ന്നാണ് ഹ്യുയന്‍ സാങിനെ ബുദ്ധമതപഠനങ്ങളും വ്യാകരണവും യുക്തിശാസ്ത്രവും സംസ്‌കൃതവും അഭ്യസിപ്പിച്ചത്. പഠനശേഷം നളന്ദയിലെ ലൈബ്രറിയില്‍ നിന്ന് എഴുന്നൂറോളം ബുദ്ധമത ഗ്രന്ഥങ്ങള്‍ ഹ്യുയന്‍സാങ് ചൈനയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പിന്നീട് അനവധി വിദേശയാത്രികര്‍ നളന്ദയിലേക്ക് വരികയുണ്ടായി.

 അങ്ങനെ വന്നതില്‍ പ്രധാനപ്പെട്ട ഒരു വിദേശ വിദ്യാര്‍ഥിയായിരുന്നു യിംഗ്. അദ്ദേഹം പത്തു വര്‍ഷം നളന്ദയില്‍ പഠിച്ചു. തിരിച്ചു പോകുമ്പോള്‍ അദ്ദേഹവും നാനൂറ് സംസ്‌കൃത ഗ്രന്ഥങ്ങള്‍ കൂടെക്കൊണ്ടു പോയി.

1811ല്‍ ഫ്രാന്‍സിസ് ബുക്കാനനും ഹാമില്‍ട്ടനും ആണ് ആദ്യമായി നളന്ദയെ മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തതെങ്കിലും അവര്‍ക്ക് ആ സര്‍വകലാശാലയെ തിരിച്ചറിയാനൊന്നും കഴിവുണ്ടായില്ല. 1847ല്‍ മേജര്‍ മാര്‍ക്കോം ഖിത്തോ ആണ് കുഴിച്ചെടുത്ത അവശിഷ്ടങ്ങളും നളന്ദയും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം സ്ഥാപിച്ചത്. 1861 ലും 1915ലും 1974ലുമായി മൂന്നു ഘട്ടങ്ങളിലായിട്ടായിരുന്നു നളന്ദയുടെ അവശിഷ്ടങ്ങള്‍ ശേഖരിക്കപ്പെട്ടത്.
 

ഏകദേശം പന്ത്രണ്ട് ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുകയാണ് നളന്ദ. അതൊരു വാസ്തുവിദ്യാ അതിശയമാണ്. കൂറ്റന്‍ മതിലും ഒരു കവാടവുമായി ധാരാളം ഗ്രൗണ്ടുകളും വിവിധ വിഹാരങ്ങളും ധ്യാനമുറികളും ലക്ചര്‍ ക്ലാസ്സുകളും തികഞ്ഞ ഒന്നാന്തരം ഒരു സര്‍ വകലാശാലയായിരുന്നു അത്. പ്രതാപ കാലത്ത് പതിനായിരത്തോളം വിദ്യാര്‍ഥികളും രണ്ടായിരം അധ്യാപകരും ഉണ്ടായിരുന്നുവത്രേ.

നളന്ദയിലുണ്ടായിരുന്ന ലൈബ്രറി വിശ്വവിഖ്യാതിയാര്‍ജ്ജിച്ചതായിരുന്നു. ഒമ്പതു നിലയുള്ള കെട്ടിടത്തിലായിരുന്നു പുസ്തകങ്ങള്‍ സൂക്ഷിക്കപ്പെട്ടിരുന്നതെന്നും അത് മുമ്മൂന്നു ഭാഗങ്ങളായി തിരിയ്ക്കപ്പെട്ടിരുന്നുവെന്നും അവയുടെ പേരുകള്‍ രത്നസാഗര, രത്നോദതി, രത്നരഞ്ജന എന്നൊക്കെയായിരുന്നുവെന്നും തിബത്തന്‍ പ്രാചീന ചരിത്രം വെളിപ്പെടുത്തുന്നു. പതിനായിരക്കണക്കിനു പുസ്തകങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.


കൃത്യമായി വിന്യസിക്കപ്പെട്ട പതിനൊന്നു വിഹാരങ്ങളും ഇഷ്ടികയില്‍ തീര്‍ത്ത ആറു ക്ഷേത്രങ്ങളും അവശിഷ്ടങ്ങളായി ഇന്ന് നളന്ദയില്‍ കാണാം. നൂറടി വീതിയുള്ള നടപ്പാത തെക്കു വടക്കായും കിഴക്കു പടിഞ്ഞാറായും കാണപ്പെടുന്നു. ഇരുവശത്തും പറ്റാവുന്ന പോലെ പൂന്തോട്ടനിര്‍മ്മിതിയും ചെയ്തു വെച്ചിട്ടുണ്ട്. വിഹാരങ്ങളുടെ കവാടങ്ങളില്‍ ഗുപ്ത രാജാക്കന്മാരുടെ അടയാളമായ വില്ല് തെളിഞ്ഞു കാണുന്നു. പഴയ കെട്ടിടത്തിന്മേല്‍ കെട്ടിപ്പടുത്ത പുതു നിര്‍മ്മിതികളും വിവിധ കാലങ്ങളില്‍ തീപ്പൊള്ളലേറ്റ് കരിഞ്ഞ ഭാഗങ്ങളും എല്ലാം നമുക്ക് വ്യക്തമായി അറിയാന്‍ കഴിയും.

 മിക്കവാറും വിഹാരങ്ങള്‍ക്കെല്ലാം ഒരേ ഡിസൈന്‍ തന്നെയാണ് അനുവര്‍ത്തിച്ചിട്ടുള്ളത്. ദീര്‍ഘചതുരമായ മുറ്റവും ഭിക്ഷുക്കള്‍ക്ക് താമസിക്കാനുള്ള ചെറിയ അറകളും വരാന്തയും ശ്രീകോവിലും എല്ലാം ഏകദേശം ഒരു പോലെ തന്നെ. കടന്നു വരുമ്പോഴേ ശ്രീകോവില്‍
ദൃശ്യമാവും.

ഒന്നാമത്തെ വിഹാരമാണ് ഏറ്റവും പഴയത്. അതിഭീമമായ ഒരു ബുദ്ധപ്രതിമ രണ്ട് നിലയുള്ള ഈ വിഹാരത്തില്‍ ഉണ്ടായിരുന്നു. 


ഇപ്പോള്‍ കാണാന്‍ കഴിയുന്ന മൂന്നു ക്ഷേത്രങ്ങളില്‍ വെച്ച് ഏറ്റവും കേമമായത് മൂന്നാമത്തേതു തന്നെയാണ്. അത് ഏഴുനിലകളിലായിരുന്നു. സ്റ്റക്കോ പെയിന്റിംഗുകളുടെ ഒരു നിര തന്നെ നമുക്ക് മുന്നില്‍ വെളിപ്പെടുന്നുണ്ട്. ജാതക കഥകളും ബോധിസത്വനും ഉള്ളതുപോലെ ശിവനും പാര്‍വതിയും കാര്‍ത്തികേയനും ഉണ്ട്. ക്ഷേത്രത്തിനു ചുറ്റും അനവധി സ്തൂപങ്ങളുണ്ട്. ബുദ്ധമതഗ്രന്ഥങ്ങളിലെ വിശുദ്ധവാക്യങ്ങള്‍ കൊത്തിവെച്ച ഇഷ്ടികകള്‍ കൊണ്ടാണ് സ്തൂപങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഈ ക്ഷേത്രത്തിന്റെയും ശ്രീകോവിലില്‍ അതിഗംഭീരമായ ഒരു പീഠമുണ്ട് അവിടെയായിരുന്നിരിക്കണം പഴയ കാലത്ത് ബുദ്ധപ്രതിമ പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്.


നളന്ദ നിലനിര്‍ത്താന്‍ പ്രയത്നമൊക്കെ നടക്കുന്നുവെങ്കിലും പഴയകാല നിര്‍മ്മിതികള്‍ക്കൊപ്പം നില്‍ക്കുന്ന ജീര്‍ണോദ്ധാരണങ്ങള്‍ വളരെ കുറച്ചേ ദൃശ്യമായുള്ളൂ. എല്ലാറ്റിനോടുമുള്ള സ്ഥായിയായ നമ്മുടെ അലംഭാവം ഈ വിശ്വപ്രസിദ്ധിയുടെ അങ്കണത്തിലും ഒളിച്ചു കളിക്കുന്നുണ്ട്. അതേ, ഇപ്പോഴുള്ളതിലും എത്രയോ ഉയര്‍ന്ന നിലവാരത്തില്‍ നമുക്ക് നളന്ദയെ നിലനിറുത്താന്‍ കഴിയും, എങ്കിലും വിശദീകരിക്കാന്‍ കഴിയാത്ത ചില കാരണങ്ങളെ കൂട്ടു പിടിച്ച് നമ്മള്‍ ആ നല്ല പ്രവൃത്തി ചെയ്യുന്നില്ല.

 ലോകമാകെയുള്ള ജൈന ബുദ്ധമതവിശ്വാസികള്‍ നളന്ദയെ പ്രധാനപ്പെട്ട ഒരു സന്ദര്‍ശന സ്ഥലമായും തീര്‍ഥാടനകേന്ദ്രമായും കാണുന്നു. വര്‍ദ്ധമാന മഹാവീരനും ഗൗതമബുദ്ധനും നടന്ന വഴിത്താരകളിലെ മണല്‍ത്തരികള്‍ പോലും അവര്‍ക്ക് ദിവ്യവും വിശുദ്ധവുമായ ആത്മീയാനുഭൂതികള്‍ പകരുന്നുണ്ടെന്ന് എനിക്കു തോന്നി. അന്‍പതിലധികം വര്‍ഷമായി നളന്ദയില്‍ വഴികാട്ടിയായി വര്‍ത്തിക്കുന്ന, എന്നാലും ജാതിയില്‍ താനൊരു ബ്രാഹ്മണനാണെന്ന് അഭിമാനത്തോടെ എടുത്തു പറയുന്ന ശര്‍മ്മാജി, ഇംഗ്ലീഷിനും ഹിന്ദിയ്ക്കുമൊപ്പം നിരവധി വിദേശഭാഷകള്‍ അനായാസമായി കൈകാര്യം ചെയ്യുന്നത് ഞാന്‍ അത്ഭുതത്തോടെ കേട്ടു നിന്നു. തന്റെ ജീവിത സൗകര്യങ്ങളെല്ലാം തന്നെ ഈ ഭാഷാപാണ്ഡിത്യത്തില്‍ നിന്നു ലഭിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. സന്ദര്‍ശകരായ വിദേശികള്‍ നല്ല തുക ടിപ്പായികൊടുക്കാറുണ്ടത്രേ. വിദേശികളോടിടപഴകിയാണ് ഇത്ര ഒഴുക്കോടെ അനവധി ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നളന്ദ സൈറ്റിനപ്പുറത്താണ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം. അവിടെയും ധാരാളം വൃക്ഷങ്ങളും പൂച്ചെടികളുമുണ്ട്. മൂന്നു നാലു ഗാലറികളിലായി നളന്ദയില്‍നിന്നും രാജ്ഗിറില്‍ നിന്നും കുഴിച്ചെടുക്കപ്പെട്ട വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ആ പ്രദര്‍ശനം എന്തുകൊണ്ടോ അത്ര ആകര്‍ഷകമായി എനിക്കനുഭവപ്പെട്ടില്ല..


(തുടരും)
 

(ചിത്രങ്ങള്‍ അഴിമുഖം)

Saturday, May 26, 2018

ഇന്ത്യയുടെ ദാരിദ്ര്യം മാറ്റാന്‍ സോനെ കെ ഭണ്ഡാര്‍: രാജ്ഗിറിലെ പാറക്കെട്ടില്‍ ഒളിച്ചിരിക്കുന്ന സ്വര്‍ണഖനി:

പറവകൾ, ട്രാവൽഗുരു                                           

                                                 

(06-08-2015ല്‍ അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ചത്)
(ബീഹാര്‍ - ഭാഗം3)

രാവിലെ ശീതകാല പച്ചക്കറികള്‍ സമൃദ്ധമായി വളരുന്ന കൃഷിയിടങ്ങളും ആളില്ലാ ലെവല്‍ ക്രോസ്സുകളും കടന്ന് അജാതശത്രുവിന്റെ കോട്ടയും തേരുവഴിയും കാണാന്‍ പുറപ്പെട്ടു. നൂറുകണക്കിനു നെല്‍വിത്തുകള്‍ പണ്ട് ബീഹാറിലെ കര്‍ഷകരുടെ പക്കലുണ്ടായിരുന്നെന്നും അവയില്‍നിന്നും പലതരം അരിയും പല തരം അവലും ഉണ്ടാക്കാറുണ്ടെന്നും പറഞ്ഞുകൊണ്ടാണ് റാണി സാഹിബ നന്നെ ചെറിയ അവല്‍ കൊണ്ടുണ്ടാക്കിയ ഉപ്പുമാവ് പ്രഭാതഭക്ഷണമായി വിളമ്പിയത്. നറു നെയ്യിന്റെ സുഗന്ധം ഉപ്പുമാവില്‍ നിന്നുയരുന്നുണ്ടായിരുന്നു. അപ്പോള്‍ പറിച്ചെടുത്ത ഉരുളക്കിഴങ്ങ്, സ്വാദും പുതുമയുമുള്ള ഗ്രീന്‍ പീസ്, പച്ചിലത്തളിരിന്റെ കുടുമയുള്ള ക്യാരറ്റ്, വിവിധതരം പച്ചിലകള്‍, പഞ്ചാബി മട്ടില്‍ മലായിയും (പാല്‍പ്പാട) കുങ്കുമപ്പൂവും ചേര്‍ത്ത പാല്‍, മല്ലിയിലയും പുതിനയും ചേര്‍ത്ത് സുഗന്ധവും രുചിയും കൂട്ടിയ പാല്‍ക്കട്ടി… ഭക്ഷണം അങ്ങേയറ്റം സമൃദ്ധവും പോഷകപ്രദവുമായിരുന്നു.

നെല്‍വിത്തുകള്‍ മാത്രമല്ല, പച്ചക്കറി വിത്തുകളും ഉയരം കുറഞ്ഞ നാടന്‍ പശുക്കളുമെല്ലാം ബീഹാറില്‍ നിന്ന് മാഞ്ഞു പോയിക്കൊണ്ടിരിക്കുകയാണെന്ന് പ്രഭുജി പറഞ്ഞു. ഭക്ഷണവേളകളിലെല്ലാം പലതരം കഥകളും ഓര്‍മ പുതുക്കലുകളുമായി അദ്ദേഹം സ്വന്തം അറിവുകള്‍ ഞങ്ങളോട് പങ്കുവെച്ചു.

അജാതശത്രുവിന്റെ രാജ്യമായിരുന്നു ബീഹാര്‍. ബിംബിസാരന്റെ മകനാണ് അജാതശത്രു. അച്ഛനെ ജയിലിലടച്ചാണ് അജാതശത്രു മഗധയുടെ അധിപനായത്. ബുദ്ധനും (ബി സി 563483 ) മഹാവീരനും (ബി സി 540468 ) ജീവിച്ചിരുന്ന കാലഘട്ടത്തിലാണ് അജാതശത്രുവും ജീവിച്ചിരുന്നത്. ബുദ്ധജൈന മതസ്വാധീനമാണ് ബീഹാറിന്റെ ഈ സാ മട്ടിലുള്ള വികസനത്തിനു കാരണമെന്ന്.. ഓ! ഒന്നും അനശ്വരമല്ല അതുകൊണ്ടു തന്നെ ഒന്നും നേടി വെയ്‌ക്കേണ്ടതില്ല.. എന്ന വിചാരധാരയാണ് ഈ മെല്ലെപ്പോക്ക് സ്വഭാവത്തിനു ഹേതുവെന്ന് പലരും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഗയയില്‍ നിന്ന് അധികം അകലെയല്ല അജാതശത്രുവിന്റെ കോട്ട. ഗയയില്‍ നിന്ന് രാജ്ഗിറിലേക്ക് ഉള്ള യാത്രയില്‍ കോട്ട മതിലിനെ രണ്ടായി പിളര്‍ന്നു മാറ്റി, അതിനു നടുവിലൂടെ നാഷണല്‍ ഹൈവേ കടന്നു പോകുന്നു.

രാജ്ഗിര്‍ വളരെ പഴയ നഗരമാണ്. അജാതശത്രു തലസ്ഥാനം പാടലിപുത്രത്തിലേക്ക് മാറ്റുന്നതു വരെ മഗധയുടെ തലസ്ഥാനമായിരുന്നു രാജ്ഗിര്‍. മഹാഭാരതത്തില്‍ ഈ സ്ഥലം ഗിരിവ്രജമെന്ന് അറിയപ്പെടുന്നു, ജരാസന്ധന്റെ രാജ്യം. ജരാസന്ധനെ ഭീമന്‍ രണ്ടായിപ്പിളര്‍ന്ന സ്ഥലം ജരാസന്ധന്റെ അഘാട എന്നറിയപ്പെടുന്നു. സന്ദര്‍ശകര്‍ അവിടം കാണാനിഷ്ടപ്പെടുന്നു.

ചൈനീസ് സഞ്ചാരികളായ ഹ്യുയാന്‍സാങ്ങും ഫാഹിയാനും രാജ് ഗിറിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ആ വിവരണങ്ങള്‍ക്കനുസരിച്ച് പഴയതും പുതിയതുമായി രാജ്ഗിര്‍ വിഭജി്ക്കപ്പെട്ടിട്ടുണ്ട്. പഴയ രാജ് ഗിര്‍ കുന്നുകളാല്‍ ചുറ്റപ്പെട്ട താഴ്‌വയാണ്. പുതിയ രാജ്ഗിര്‍ കോട്ടമതിലിന്റെ വടക്കേ വാതിലിനടുത്ത് പരിഷ്‌ക്കരിച്ച രാജ്ഗിര്‍ നഗരത്തോട് ചേര്‍ന്ന് നില്‍ക്കുന്നു.
 സോനെ കാ ഭണ്ഡാര്‍  പാറക്കെട്ട്

അജാതശത്രുവിന്റെ രഥചക്രങ്ങള്‍ താഴ്ന്ന അടയാളമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പാറക്കെട്ടുകള്‍ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് ആകര്‍ഷണമാണ്. അവിടെ പാലി ലിപിയില്‍ കൊത്തിയ അനവധി ശിലാലിഖിതങ്ങളുണ്ട്. ഓരോ ലിഖിതത്തിനടുത്തും കുറച്ചു പൂക്കളും ചന്ദനത്തിരിയുടെ പുകയുമെല്ലാമായി ' ഞാന്‍ ഒരു ദരിദ്ര ബ്രാഹ്മണനാണ് എന്തെങ്കിലും തരൂ' എന്ന് പറയുന്നവരും ഇരിപ്പുണ്ട്. ഓരോ ലിഖിതവും തരാതരംപോലെ രാമായണ മഹാഭാരത കഥകളായി വേഷം മാറുന്നതും കാണാം. രാജ്ഗിര്‍ പട്ടണത്തിലെ സോനെ കാ ഭ ണ്ഡാര്‍ എന്ന പാറക്കെട്ടാണ് അജാതശത്രുവിന് ഏറ്റവും അധികം ആരാധന നേടിക്കൊടുക്കുന്നത്. മഹാഭാരതത്തിലെ ജരാസന്ധന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണമത്രയും ഈ ഭണ്ഡാരത്തിലുണ്ട്. അത് അജാതശത്രു കൈവശപ്പെടുത്തി. എന്നിട്ട് രണ്ട് ഗുഹകളുള്ള ആ കൂറ്റന്‍ പാറക്കെട്ടില്‍ പാലിയിലെഴുതി ചില സൂത്ര എഴുത്തുകള്‍. അത് ഡീ കോഡ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും അതിന്റെ ഒരു സൂത്രത്താക്കോല്‍ രഥചക്രങ്ങള്‍ താഴ്ന്ന ശിലകളിലെ ലിഖിതങ്ങളിലുണ്ടെന്നുമാണ് കഥ. സോനേ കാ ഭണ്ഡാറിലും ഒരു ബ്രാഹ്മണനുണ്ട്. അവിടെയും ദക്ഷിണ ചോദിക്കുന്നുണ്ട്. ആ ഭണ്ഡാരം തുറക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയുടെ സമസ്ത ദാരിദ്ര്യവും മാറുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അത്രമാത്രം സ്വര്‍ണമുണ്ടത്രേ ആ പാറക്കെട്ടുകള്‍ക്കുള്ളില്‍… കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ നിങ്ങളുടെ പത്മനാഭസ്വാമിയുടെ പക്കലുള്ളതിലുമധികം സ്വര്‍ണമുണ്ട് ഈ പാറക്കെട്ടിലെന്ന് കാവലിരിക്കുന്ന ബ്രാഹ്മണന്‍ പുഞ്ചിരിച്ചു. എത്ര ദൂരത്തു നിന്നായാലും അളവറ്റ ധനത്തിന്റെ വാര്‍ത്തകള്‍ എല്ലാവരും അറിയുകയും അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.


മണിയാര്‍ മഠം ക്ഷേത്രം

അടുത്തതായി തൊട്ടരികിലുള്ള മണിയാര്‍മഠെന്ന ഒരു പ്രാചീന ക്ഷേത്രം കാണാന്‍ പോയി. തറനിരപ്പില്‍ നിന്ന് താഴോട്ടാണ് പ്രതിഷ്ഠ. ആ ക്ഷേത്രത്തില്‍ ഇന്നുവരെ പൂജ മുടങ്ങിയിട്ടില്ലെന്നും അയ്യായിരത്തിലധികം വര്‍ഷമായി എന്നും പൂജ ചെയ്യപ്പെടുന്ന ക്ഷേത്രമാണതെന്നും പൂജാരി വിശദീകരിച്ചു. അതൊരു ജൈനക്ഷേത്രമായിരുന്നു. പിന്നീട് ഹിന്ദുമത വിശ്വാസത്തിന്റെ ഭാഗമായി നാഗാരാധന നിലവില്‍ വന്നു. എന്തായാലും ക്ഷേത്രം ജീര്‍ണാവസ്ഥയിലാണ്. ചുവരുകള്‍ ഇടിഞ്ഞു തുടങ്ങി. ജീര്‍ണോദ്ധാരണമൊന്നും അങ്ങനെ കാര്യമായി നടക്കുന്നില്ല.

വിസ്തൃതമായ ഒരു താഴ്‌വരയാണ് രാജ്ഗിര്‍. ഏഴു കുന്നുകളാല്‍ ചുറ്റപ്പെട്ട അതി സുന്ദരമായ താഴ്‌വര. വൈഭവഗിരി, രത്‌നഗിരി, ശൈലഗിരി, സ്വര്‍ണഗിരി, ഉദയഗിരി, ഛാദഗിരി, വിപുലഗിരി എന്നിവയാണ് ആ കുന്നുകള്‍. രാജ്ഗിറില്‍ നിന്ന് പതിനഞ്ചു കിലോ മീറ്റര്‍ കൂടി പോയാല്‍ വിശ്വപ്രസിദ്ധമായ നളന്ദയിലെത്തിച്ചേരാം. ചെറുകുറ്റിക്കാടുകള്‍ നിറഞ്ഞ വനഭംഗിയാണ്, രാജ്ഗിറിനുള്ളത്. ബുദ്ധന്‍ നടന്ന് പോയ വഴിത്താരകളാണിവിടെ. മാസങ്ങളോളം അദ്ദേഹം ധ്യാനിച്ചിരുന്ന ഗൃദ്ധ്ര കൂടവും അദ്ദേഹത്തിനു ഏറ്റവും പ്രിയപ്പെട്ട ജീവേകര്‍മവന്‍ ബുദ്ധവിഹാരവും (ദേവദത്തന്‍ അമ്പുകൊള്ളിച്ച് പരിക്കേല്‍പ്പിച്ചപ്പോള്‍ സിദ്ധാര്‍ഥനെ ചികില്‍സിച്ചത് ഇവിടെ ആയിരുന്നു എന്ന് കഥയുണ്ട്). രാജാവായ ബിംബിസാരന്‍, ബുദ്ധനു ദാനം ചെയ്ത വേണുവനവും രാജ്ഗിറിലുണ്ട്. ജൈനമതതീര്‍ഥങ്കരനായ വര്‍ദ്ധമാനമഹാവീരനും പതിനാലു വര്‍ഷങ്ങള്‍ രാജ്ഗിറില്‍ ചെലവാക്കിയിട്ടുണ്ട്.


ബ്രഹ്മകുണ്ഡം

കുറെ ചൂട് നീര്‍ച്ചോലകളുണ്ട് രാജ്ഗിറില്‍. വൈഭവ പര്‍വതത്തിലെ സപ്തറാണി ഗുഹകളില്‍നിന്ന് ആരംഭിക്കുന്ന സപ്തധാരകളാണ് ഈ നീര്‍ച്ചോലകള്‍. ഇവ വിവിധ കുളങ്ങളില്‍ ശേഖരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം കുളിയിടങ്ങളുണ്ട്. ബ്രഹ്മകുണ്ഡമാണ് ഏറ്റവും വലുത്. നാല്‍പത്തഞ്ചു ഡിഗ്രി സെന്റിഗ്രേഡാണ് അവിടെത്തെ വെള്ളത്തിന്റെ താപനില. അഭൂതപൂര്‍വമായ തിരക്കായിരുന്നു അവിടെ. അസഹനീയമായ വൃത്തികേടും. മനുഷ്യന്‍ എത്ര വൃത്തികെട്ട പദമെന്ന് ആര്‍ക്കും തോന്നിപ്പോകും.

രാജ്ഗിറിലെ വിശ്വശാന്തിസ്തൂപം കാണുകയായിരുന്നു അടുത്ത ലക്ഷ്യം. ലോകത്തിലെ എണ്‍പതു ശാന്തി സ്തൂപങ്ങളില്‍ ഒന്നാണിത്. 1969 ലാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. ജപ്പാന്‍ ഗവണ്മെന്റിന്റെ അധീനതയിലാണ് ഈ സ്തൂപവും സ്ഥലവും… ബുദ്ധന്‍ന്റെ അത്യപൂര്‍വമായ നാലു വിഗ്രഹങ്ങളാണ് അവിടെ ഉള്ളത്. നാനൂറു മീറ്റര്‍ ഉയരമുള്ള ഒരു കുന്നിലാണ് സ്തൂപം. ഒരു റോപ് വേയിലൂടെയാണ് സ്തൂപത്തിലെത്താന്‍ കഴിയുക. ഭയപ്പെടാന്‍ അവസരം കിട്ടും മുന്‍പേ ഞാന്‍ കയറിയ ബാസ്‌കറ്റ് സഞ്ചരിച്ചു തുടങ്ങിയതുകൊണ്ട് അത് അതീവരസകരമായ ഒരു യാത്രയായി എനിക്ക് അനുഭവപ്പെട്ടു. പാറക്കെട്ടുകള്‍ക്കും മുള്ളുള്ള കുറ്റിക്കാടുകള്‍ക്കും മീതെ ഒരു തൂങ്ങുന്ന ഇരുമ്പ് കുട്ടയിലേറിയുള്ള പോക്ക് എന്നെ ശരിക്കും ആഹ്ലാദിപ്പിച്ചു. ദേവാനന്ദും ഹേമമാലിനിയും റോപ് വേയിലൂടെ 'ഓ! മേരേ രാജാ' എന്ന പാട്ടൊക്കെ പാടി പോകുന്ന പോലെ… ഞാനും ചെറുതായി ഒന്നു പാടി നോക്കി.


വിശ്വശാന്തിസ്തൂപം

സ്തൂപത്തിലെ ക്ഷേത്രത്തില്‍ ബുദ്ധസന്യാസിമാര്‍ പിരീത് ചൊല്ലുന്നുണ്ടായിരുന്നു. പിരീതിന്റെ താളം ആ ക്ഷേത്രാന്തരീക്ഷത്തിന് അഭൗമമായ ഒരു ശാന്തി പകര്‍ന്നു. ഓം മണി പത്മേ ഹും എന്ന് ജപിക്കുമ്പോള്‍ ഒരു പക്ഷെ, വിശ്വശാന്തിയുടെ അറിയാസ്പന്ദനങ്ങള്‍ ഉണ്ടാകുന്നുണ്ടാവാം. ബുദ്ധമതാനുയായികള്‍ അതിക്രൂരരായി മാറിയ പ്രാചീനവും നവീനവുമായ സംഭവങ്ങളെ ഒന്നും മറന്നുകൊണ്ടല്ല ഇങ്ങനെ എഴുതുന്നത്. പിരീതിന്റെ താളാത്മകത നല്‍കുന്ന ശാന്തി മാത്രമാണ് എന്റെ വിവക്ഷ.

സര്‍വവും ത്യജിച്ച ബുദ്ധനെ ഇങ്ങനെ സ്വര്‍ണവര്‍ണത്തില്‍ തിളക്കമേറ്റി നിറുത്തിയിരിക്കുന്നതെന്തിനാവും എന്ന് ഞാന്‍ എന്നോടു തന്നെ ചോദിച്ചു. ലോകമാകെയുള്ള വിവിധ രാജ്യങ്ങളിലെ ബുദ്ധമതവിശ്വാസികള്‍ കൂട്ടമായും ഒറ്റയ്ക്കും വിശ്വശാന്തി സ്തൂപം കാണാന്‍ വരുന്നുണ്ടായിരുന്നു. പല വേഷങ്ങള്‍, പല ഭാഷകള്‍, പല ഫാഷനുകള്‍… എല്ലാവരും ഒരു പോലെ ബുദ്ധം ശരണം ഗച്ഛാമി.. എന്ന് മന്ത്രമുഗ്ദ്ധരായി വിശ്വശാന്തിസ്തൂപത്തെ പ്രദക്ഷിണം ചെയ്തു.


വിശ്വ ശാന്തി സ്തൂപത്തിലേക്കുള്ള റോപ് വേ

റോപ് വേയിലൂടെ താഴെയിറങ്ങിയപ്പോള്‍ ഇരുട്ട് പരക്കുകയായിരുന്നു. എങ്കിലും കുപ്പിവളക്കടകളില്‍ കയറാതെ തിരിച്ചു പോരാന്‍ എനിക്ക് മടി തോന്നി. മിനുങ്ങുന്ന വളകള്‍ തെരഞ്ഞ് ഞാന്‍ വര്‍ണങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന കടകളില്‍ കുറച്ചു സമയം ചെലവാക്കി. വളക്കൂടുകള്‍ക്കൊപ്പം ആട്ടയില്‍ തയാറാക്കി മടക്കുമടക്കായി വറുത്ത് പഞ്ചസാരപ്പാനിയില്‍ മുക്കിയ നാടന്‍ മധുരപലഹാരമായ ഖാജ വാങ്ങിക്കാനും മറന്നില്ല.

നിലാവു പരന്നു കഴിഞ്ഞിരുന്നു. ബിഹാറിന്റെ അതിവിസ്തൃതവും ഫലഭൂയിഷ്ഠവുമായ പച്ചക്കറിപ്പാടങ്ങളെ രാത്രിയിലെ ഇളം കാറ്റ് തീരാത്ത മോഹത്തോടെ വാരിപ്പുണര്‍ന്നു. നിലാവിന്റെ പ്രഭയില്‍ പച്ചക്കറിപ്പാടങ്ങള്‍ ലജ്ജയോടെ, രോമാഞ്ചം കൊള്ളുന്നത് കാണാമായിരുന്നു. പാടങ്ങള്‍ക്ക് നടുവിലൂടെയുള്ള ഏകാന്ത വഴിത്താരകളിലൂടെ എന്‍ഡേവര്‍ ഓടിക്കൊണ്ടിരുന്നു. ഒറ്റ വഴി വിളക്കും തെളിഞ്ഞിരുന്നില്ല. നിലാവിന്റെ ശോഭ നമ്മെ കൊതിപ്പിക്കുന്നതും ലഹരിയിലാഴ്ത്തുന്നതും അത്തരം ഇരുളിലാണ്. കാറിനുള്ളിലെ സാന്ദ്രമായ നിശ്ശബ്ദതയില്‍ തന്റെ മുഴക്കമുള്ള ശബ്ദത്തില്‍ മന്നാഡേ എനിക്കു വേണ്ടി മാത്രം പാടി.. സിന്ദഗീ… കേസി ഹെ പഹേലി..

യാത്ര അഭൗമവും അവിസ്മരണീയവുമാകാന്‍ മറ്റൊന്നും ആവശ്യമുണ്ടായിരുന്നില്ല.

(തുടരും)
ചിത്രങ്ങള്‍ അഴിമുഖം

Friday, May 25, 2018

മല്ലിപ്പൂക്കളുടെ നാട്ടില്‍: ബിഹാറിന്റെ ഹൃദയത്തിലൂടെ


(20-07-2015ല്‍അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ചത്)
(ഭാഗം-2)
രാജാവാണെന്ന് ഇന്ത്യയിലെ ജനങ്ങള്‍ അംഗീകരിക്കണമെങ്കില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്നാണ് രാജാസാഹേബ് ചിരിച്ചത്. ഇനി അഥവാ സ്വന്തമായി നിര്‍മ്മിച്ചില്ലെങ്കിലും പൂര്‍വികര്‍ നിര്‍മ്മിച്ചതിനെയൊക്കെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഭംഗിയായി സംരക്ഷിക്കുകയെങ്കിലും വേണമെന്ന് പിന്നെയും ചിരിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു. എന്തായാലും എത്ര പരിശ്രമിച്ചാലും രാജാവിന്റെ മകന്റെ മകനാകുന്നത്ര ഗമയും അധികാരവും രാജാവിന്റെ മകളുടെ മകന് അവകാശപ്പെടാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ കണ്ടു മനസ്സിലാക്കി. ദരിദ്രരും വിദ്യാവിഹീനരും ആശ്രിതരും ഒക്കെത്തന്നെയാണെങ്കിലും ഈ രാജാസാഹേബ് തങ്ങളുടെ രാജാവിന്റെ മകളുടെ മകന്‍ മാത്രമാണല്ലോ എന്ന ഖേദം ഗ്രാമീണര്‍ക്കുണ്ടായിരുന്നു.

സ്തൂപികാകൃതിയില്‍ വലിയ ഗോപുരങ്ങളുള്ള നരോത്തം ക്ഷേത്രത്തിന്റെ മുന്നില്‍ നില്‍ക്കുകയായിരുന്നു ഞങ്ങള്‍. ക്ഷേത്രത്തിനു പുറകില്‍ ഷേര്‍ഷാ സൂരിയുടെ ഇടിഞ്ഞു പൊളിഞ്ഞ കോട്ട ഷഹ് നായിയില്‍ നിന്നുതിരുന്നൊരു വിഷാദഗാനത്തെ ഓര്‍മ്മിപ്പിച്ചു. വിശാലമായ ക്ഷേത്രമുറ്റം തീറ്റപ്പുല്‍ക്കൃഷിയുടെ കടുത്ത പച്ചപ്പും പലതരം ചെമ്പരത്തികളും വെളുത്ത നിറമുള്ള അനവധി കാട്ടുപൂക്കളും പച്ചച്ചു തുടുത്തു വെളുത്ത പുഞ്ചിരികള്‍ മാറിമാറി സമ്മാനിച്ചുകൊണ്ടിരുന്നു. വയലറ്റു നിറമുള്ള ഒരു പൂപ്പാടമുണ്ടായിരുന്നു ക്ഷേത്രത്തിന്റെ വലതുഭാഗത്ത്. അവിടെ ശിവലിംഗ പ്രതിഷ്ഠയുമുണ്ടായിരുന്നു. ആ പൂപ്പാടമുണ്ടാക്കിയ കൌതുകം ചെറുതായിരുന്നില്ല. നന്നെ പരിചിതമായ ഒരു സുഗന്ധം അവിടെ പരന്നിരുന്നു. കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ അതെന്തെന്ന ഉത്തരം എന്നില്‍ നിന്നു തന്നെ അടര്‍ന്നു വീണു. അത് മല്ലിയുടെ സുഗന്ധമായിരുന്നു. സാമ്പാറില്‍ വറുത്തരയ്ക്കുന്ന നമ്മുടെ മല്ലി… ഒരു മല്ലിപ്പാടമായിരുന്നു അത്. ഉരുണ്ട മല്ലി മണികള്‍ വിളയുന്ന മല്ലിച്ചെടിയും കറികളില്‍ വിതറുന്ന പച്ചമല്ലിയിലയും രണ്ടു തരം ചെടികളില്‍ നിന്നാണ് ഉണ്ടാവുന്നതെന്ന് അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്. എന്റെ അജ്ഞത തിരിച്ചറിഞ്ഞ, നീലകണ്ഠ് എന്ന് പേരുള്ള അകത്തേക്ക് വളഞ്ഞൊട്ടിയ വയസ്സനായ ആ കര്‍ഷകന്‍ ക്ഷമാപൂര്‍വം വ്യത്യാസം വിശദീകരിച്ചു തന്നു. മനോഹരമായ വയലറ്റ് നിറത്തിലെ മല്ലിപ്പൂ വാസനിക്കാനുള്ള ആഗ്രഹം ഞാന്‍ മനസ്സില്‍ ഒതുക്കി. ആ പാടത്തേക്കിറങ്ങാന്‍ എന്നിലെ നാലുനേരം കുളിക്കുന്ന വൃത്തിക്കാരി മലയാളിക്ക് കഴിഞ്ഞില്ല. കാരണം പാടവരമ്പുകളാകെ ഗ്രാമീണരുടെ അമേധ്യത്തില്‍ മുങ്ങിനിവര്‍ന്നിരുന്നു.

 നരോത്തം ക്ഷേത്രം അത്ര കേമപ്പെട്ട സ്ഥിതിയിലൊന്നുമായിരുന്നില്ല. കുറച്ചു ജീര്‍ണോദ്ധാരണമൊക്കെ ഇടയ്ക്കും മുറയ്ക്കും ചെയ്തിട്ടുണ്ടെങ്കിലും. വലിയ കൊത്തു പണികളൊന്നും ചുവരുകളേയോ മേല്‍ക്കൂരയേയോ അലങ്കരിക്കുന്നുണ്ടായിരുന്നില്ല. ചുവരുകളിലെ വിള്ളലുകളില്‍ ആലും മറ്റു പലതരം വൃക്ഷങ്ങളും നാമ്പിട്ടു നിന്നു. തറ മാത്രം ചിലയിടത്ത് പഴയ മട്ടിലുള്ള മിനുപ്പില്‍ മിന്നുന്നുണ്ടായിരുന്നു. എന്നാല്‍ ക്ഷേത്രഗോപുരങ്ങള്‍ അലങ്കാരങ്ങളാല്‍ സമൃദ്ധമായിരുന്നു. ആടുന്ന ഒരു ഗോവണിയിലൂടെ കുറച്ചു ബുദ്ധിമുട്ടിയാണ് മേല്‍ക്കൂരയിലേക്ക് കയറിയതെങ്കിലും. ആ ശില്‍പചാതുരി എന്നെ അതിശയിപ്പിച്ചു. ഏകദേശം രാമായണകഥയാകെ ആ ഗോപുരങ്ങളില്‍ വെളിവാക്കപ്പെട്ടിരുന്നു. അംഗസൌഷ്ഠവം തികഞ്ഞ അപൂര്‍വമായ കൊത്തുപണികളായിരുന്നു എല്ലാം തന്നെ. എന്റെ കാല്‍പ്പെരുമാറ്റം ഉണ്ടാക്കിയ അലോസരത്തിലാവണം ആ മനോഹര ശില്‍പങ്ങളുടെ നിഴലില്‍ നിന്ന് അനേകം തത്തകള്‍ ചിറകടിച്ച് പറന്നുയരുന്നുണ്ടായിരുന്നു.

മാവുകളും കരിമ്പനകളും പച്ചക്കുട പിടിച്ച നാട്ടുവഴികളിലൂടെ നടക്കുമ്പോള്‍ കുറുക്കന്‍ കായച്ചെടിയെന്ന് ചെറുപ്പത്തില്‍ കേട്ടു പരിചയിച്ച കുറ്റിച്ചെടിയെ കണ്ടുമുട്ടി. രോമാവൃതമായി, ചുവന്ന നിറത്തില്‍ ഒരു കൂട്ടം ചെറു കായ്കളും പച്ചച്ച വലിയ ഇലകളുമാണ് ആ ചെടിക്കുണ്ടായിരുന്നത്. അതിനെ സിന്ദൂരച്ചെടി എന്നാണ് ബീഹാറുകാര്‍ വിളിക്കുന്നത്.എല്ലാ വീട്ടിലും അത് വെച്ചു പിടിപ്പിക്കുകയും ചെയ്യും. സ്ത്രീകള്‍ സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്താന്‍ ഈ കായുടെ ചുവന്ന കറ ഉപയോഗിക്കുന്നു. കടകളില്‍ സാധാരണമായി കിട്ടുന്ന ഒരു കുങ്കുമച്ചെപ്പിനു വലിയ വിലയാണെന്നും ആ പണമുണ്ടാക്കുന്നതിലും എത്രയോ എളുപ്പം സിന്ദൂരച്ചെടിയുടെ കറയുപയോഗിക്കുന്നതാണെന്നും വയലുകളില്‍ ജോലി ചെയ്തിരുന്ന മെലിഞ്ഞുണങ്ങിയ സ്ത്രീകള്‍ സാക്ഷ്യം പറഞ്ഞു. വലിയ കണ്ണാടികള്‍ പതിച്ച വന്‍കിട കോസ്‌മെറ്റിക്‌സ് ഷോപ്പുകളെ ആ നിമിഷത്തില്‍ ഞാന്‍ ഓര്‍ക്കാതിരുന്നില്ല. ഗയയിലും പരിസരങ്ങളിലും അത്തരം വലിയ കടകള്‍ എന്റെ യാത്രയില്‍ കാണാനായതുമില്ല.
രാജകുടുംബത്തിലെ സ്ത്രീകളെ ആകെ മൂടിമറയ്ക്കുന്നൊരു സമ്പ്രദായത്തെപ്പറ്റി റാണി സാഹിബാ പറഞ്ഞു തന്നതും അപ്പോഴാണ്. ഖട്ടാതോപ് എന്നാണ് ആ രീതിയുടെ പേര്. റാണിസാഹിബായും ആദ്യകാലത്ത് ആ രീതിയില്‍ സഞ്ചരിച്ചിരുന്നുവെത്രേ. അതൊരു ചലിക്കുന്ന മുറിയാണ്. നാലുപാടും കര്‍ട്ടണുകള്‍ ഇട്ട് പല്ലക്ക് ചുമക്കുന്നതു പോലെ നാലാളുകള്‍ റാണിയ്‌ക്കൊപ്പം നടക്കും. ക്ഷേത്രത്തിലും മറ്റും പോകുമ്പോള്‍ ഇത് നിര്‍ബന്ധമായിരുന്നു. ഖട്ടാതോപിന്റെ കര്‍ട്ടണ്‍ പിടിപ്പിക്കുന്ന കനത്ത കാലുകള്‍ കൊട്ടാരമുറ്റത്ത് വിശ്രമിക്കുകയാണ് ഇപ്പോഴെന്നും ഒരു ചെറുചിരിയോടെ അവര്‍ പറഞ്ഞു കേള്‍പ്പിച്ചു .

എന്നോട് സംസാരിക്കുമ്പോള്‍ റാണിസാഹിബാ ദില്ലിച്ചുവയുള്ള, പഞ്ചാബി വാക്കുകള്‍ ധാരാളമായി കടന്നു വരുന്ന ഹിന്ദി ഉപയോഗിച്ചു. എന്നാല്‍ അവരുടെ ജോലിക്കാരോടും മറ്റും നീട്ടലും കുറുക്കലുമായി നല്ല ബീഹാറിച്ചുവയുള്ള ഹിന്ദിയിലാണ് സംസാരിച്ചത്. ബീഹാറികളെ വൃത്തിയില്ലാത്തവര്‍, ദരിദ്രര്‍, മോഷ്ടാക്കള്‍ എന്നും മറ്റും പറഞ്ഞ് പരിഹസിക്കുന്നതില്‍ റാണി സാഹിബായ്ക്ക് എരിയുന്ന എതിര്‍പ്പാണ്. അതുകൊണ്ടുതന്നെ തന്റെ ബീഹാറിത്തം പറ്റുമ്പോഴെല്ലാം പ്രദര്‍ശിപ്പിക്കുന്നതില്‍ അവര്‍ പ്രത്യേകം താല്‍പര്യം കാണിച്ചു. അത് കേട്ടുകൊണ്ടിരിക്കുന്നതും കണ്ടുകൊണ്ടിരിക്കുന്നതും വളരെ രസകരമായി എനിക്കനുഭവപ്പെടാതിരുന്നില്ല.

അന്ന് പൌര്‍ണമിയായിരുന്നു. കൊട്ടാരത്തിലെ ക്ഷേത്രത്തില്‍ കാളിമാതാവിനെ വലിയ നഗാര കൊട്ടി ഉണര്‍ത്തി ദീര്‍ഘനേരം പൂജ ചെയ്യുന്നുണ്ടായിരുന്നു. പൂജാരി ഒരു ബ്രാഹ്മണനായിരുന്നുവെങ്കിലും സഹായി അഭ്യസ്തവിദ്യനായ ഒരു ദളിതനാണ്. തന്നെയുമല്ല അദ്ദേഹത്തിനു ഒരു അയിത്തവും കൊട്ടാരത്തില്‍ കല്‍പിച്ചിരുന്നില്ല. എല്ലായിടത്തും പ്രഭു എന്ന് വിളിക്കപ്പെട്ടിരുന്ന അദ്ദേഹം പൂജ്യനായിരുന്നു. അതെന്നില്‍ അല്‍ഭുതത്തോടൊപ്പം സന്തോഷവുമുളവാക്കി.

സുഗന്ധമുള്ള പുക ഉയരുന്ന വിറക് കഷ്ണങ്ങളായിരുന്നു അത്താഴത്തിനു മുന്‍പുള്ള സായാഹ്ന സദസ്സില്‍ നെരിപ്പോടിലുപയോഗിച്ചിരുന്നത്. ചിരപരിചിതയായ ഒരു വിറകുവെട്ടുകാരിയെപ്പോലെ റാണി സാഹിബാ വിറകുകഷ്ണങ്ങള്‍ കൊത്തിച്ചെറുതാക്കി നെരിപ്പോടില്‍ നിറയ്ക്കുന്നത് ഞാന്‍ കൌതുകത്തോടെ ശ്രദ്ധിച്ചു. ധും ധും എന്ന നഗാര മുഴക്കിയുള്ള വിപുലമായ പ്രാര്‍ഥനയ്ക്കും ആരതിയ്ക്കും ശേഷം കാളിമാതാവിന്റെ പ്രസാദമായി പാല്‍പായസം എല്ലാവര്‍ക്കും വിതരണം ചെയ്യപ്പെട്ടു.

രാത്രി ഇരുളുന്തോറും പൌര്‍ണമി പിന്‍വാങ്ങുന്തോറും ആകാശത്തിലെ ആയിരം കാന്താരി പൂത്തിറങ്ങിയ നക്ഷത്ര സമൃദ്ധി വ്യക്തമായി കാണാറായി.നഗരങ്ങളിലെ വെളിച്ച മാലിന്യത്തില്‍ ഈ കാന്താരിക്കാഴ്ച എത്ര അസുലഭമാണെന്ന് കുറെക്കാലം കൂടിയാണ് എനിക്ക് മനസ്സിലായത്. പാതിരാത്രിയില്‍ എപ്പോഴോ ഉണര്‍ന്ന ഞാന്‍ ഇലകളില്‍ ഇറ്റി വീഴുന്ന മഞ്ഞുതുള്ളികളുടെ നേര്‍ത്ത ഗാനം കേള്‍ക്കാതിരുന്നില്ല. അപ്പോള്‍ ജനല്‍പ്പാളിയുടെ വിടവിലൂടെ മഞ്ഞിന്റെ തണുപ്പും പൌര്‍ണമിയുടെ കൈകളും നീണ്ടു വന്നിരുന്നു.
 (തുടരും)
(ചിത്രങ്ങള്‍ അഴിമുഖം)

Thursday, May 24, 2018

ചില തിരിച്ചുപോക്കുകള്‍; ബിഹാറിന്റെ ഹൃദയത്തിലൂടെ-



https://www.azhimukham.com/travel-bihar-gaya-maksudpur-echmukutty-2/

(12-07-2015ല്‍ അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ചത്)
      (ഭാഗം 1)


ഡല്‍ഹിയിലെ ജന്‍പഥില്‍, പഞ്ചനക്ഷത്രഹോട്ടലായ ലേ മെറിഡിയനു മുന്നില്‍ വെച്ചായിരുന്നു ഞങ്ങള്‍ കയറിയിരുന്ന ഓട്ടോറിക്ഷയില്‍ കപ്പലു പോലെയുള്ള ഒരു കാര്‍ പാഞ്ഞു വന്നിടിച്ചത്. ഭാഗ്യം കൊണ്ട് ചോരയൊഴുകുന്ന പരിക്കൊന്നും ഉണ്ടായില്ല. എന്നാലും ഇടിയുടെ ആഘാതത്തില്‍ ആകെ ഉലഞ്ഞു പോയ എന്റെ ശരീരം എവിടെയൊക്കെയോ അമര്‍ന്നു ചതഞ്ഞു... വേദനിച്ചു. രണ്ട് മാസത്തിനിപ്പുറം ഇപ്പോഴും വേദനിക്കുന്നു.

ഡല്‍ഹിയില്‍ നിന്ന് സിയാല്‍ദയിലേക്ക് പോകുന്ന രാജധാനി എക്‌സ്പ്രസ്സില്‍ കയറണമായിരുന്നു ഞങ്ങള്‍ക്ക്. ആദ്യമായാണ് ഞാന്‍ രാജധാനിയില്‍ കയറുന്നത്. പത്താം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ബാഗും ചുമന്ന് കിതച്ച് കിതച്ച് എത്തിയപ്പോഴേക്കും ശരീരമാകെ വേദനിക്കുന്നുണ്ടായിരുന്നു.

ബംഗാളികളുടെ ഒരു വലിയ മീന്‍ ചന്ത പോലെ തോന്നിച്ചു ആ രാജധാനി. കുറെ നേരത്തേക്ക് ഞാന്‍ മലയാളം പോലും ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടി.

ഡല്‍ഹി വിട്ടാല്‍ ഉടനെ കുറെ ഇഷ്ടികപ്പാടങ്ങള്‍ കാണുമെങ്കിലും പിന്നീട് കാര്‍ഷിക സമൃദ്ധി പച്ചപ്പായി നമ്മുടെ കണ്ണുകളെ വിരുന്നൂട്ടാതിരിക്കില്ല. അത് ആഹ്ലാദകരമായ ഒരു കാഴ്ച തന്നെയായിരുന്നു. ഗോതമ്പ് വയലുകളും അറ്റം കാണാത്ത പച്ചക്കറിപ്പാടങ്ങളും കടുകുചെടികള്‍ പൂത്തുലഞ്ഞുണ്ടായ മഞ്ഞക്കടലും നോക്കെത്താദൂരത്തോളം വ്യാപിച്ചു കിടന്നു. ഫെബ്രുവരി മാസമായതുകൊണ്ട് അഞ്ചുമണിയായപ്പോഴേക്കും മൂടല്‍മഞ്ഞ് തന്റെ തൂവെള്ള സാരിയുമായി താഴ്ന്നിറങ്ങി കാഴ്ചകളെ മറയ്ക്കാന്‍ തുടങ്ങി.

രാജധാനിയിലെ യാത്രയ്ക്ക് സങ്കല്‍പിച്ച അത്ര രസമൊന്നുമുണ്ടായിരുന്നില്ല. റീഡിംഗ് ലാംപ് കത്തുന്നുണ്ടായിരുന്നില്ല. ടോയ് ലറ്റും പരിതാപകരമായിരുന്നു. ഭക്ഷണം മാത്രം ആവശ്യത്തിലുമധികം കിട്ടിക്കൊണ്ടിരുന്നു. വല്ലാത്ത തണുപ്പും ബംഗാളി ഭാഷയുടെ ഷബോഷ ബഹളവും കൂടിയായപ്പോള്‍ വേഗം കിടന്നുറങ്ങാമെന്നാണ് എനിക്ക് തോന്നിയത്. രാവിലെ മൂന്നാലു മണിയാവുമ്പോഴേക്കും ഗയ എത്തുമെന്നാണറിവ്. ഫോണില്‍ ഒരു അലാം സെറ്റ് ചെയ്തു വെച്ച് പുതപ്പെടുത്ത് തല വഴി മൂടിക്കിടന്നു.

ഗയയ്ക്കടുത്ത മഖ്‌സൂദ്പൂരിലെ രാജാസാഹേബും റാണി സാഹിബയുമായിരുന്നു ആതിഥേയര്‍. എല്ലാ നിലയ്ക്കും രാജകീയമായ സ്വീകരണവും താമസവും തന്നെയായിരുന്നു കാത്തിരുന്നത്. ഗയ സ്റ്റേഷനില്‍ എന്‍ഡവര്‍ കാത്ത് നിന്നിരുന്നു. ഗയ ടൌണിലെ കൊച്ചു കൊട്ടാരത്തിലേക്കായിരുന്നു ആദ്യം പോയത്. കൊട്ടാരത്തിനു മുന്നില്‍ വലിയൊരു കുന്നും അതിന്റെ ഉച്ചിയില്‍ പ്രകാശത്തില്‍ കുളിച്ചു നില്‍ക്കുന്നൊരു അമ്പലവുമുണ്ടായിരുന്നു. കൊച്ചുകൊട്ടാരത്തെ ആദ്യം കോള്‍ഡ് സ്റ്റോറേജാക്കി മാറ്റി, ഇപ്പോള്‍ അത് പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ട് കെട്ടിടത്തെ ഒരു സ്‌കൂള്‍ ആക്കി മാറ്റാനുള്ള പരിശ്രമത്തിലായിരുന്നു അവര്‍. സൂര്യനുദിക്കും മുന്‍പേ കെട്ടിടം മുഴുവന്‍ നടന്നു കണ്ടു. അനവധി കൂറ്റന്‍ മുറികള്‍ കൊട്ടാരത്തിലുണ്ടായിരുന്നു. കുറെ സഹായികളുമുണ്ടായിരുന്നു. പലരും ഇരുപത്തഞ്ചും മുപ്പതും കൊല്ലമായി രാജാസാഹേബിനൊപ്പം ജോലി ചെയ്യുന്നവരാണ്. അതിഥികളുടേയും കാലു തൊട്ട് വന്ദിക്കുക എന്നത് അവരുടെ നിത്യപ്പതിവാണെന്ന് തോന്നി. വളരെക്കൂടുതല്‍ വിനയവും മര്യാദയും പെരുമാറ്റത്തില്‍ പ്രകടിപ്പിക്കുന്നവരായിരുന്നു അവരെല്ലാവരും തന്നെ.
 


 ഗയ ഒരു വലിയ പട്ടണമല്ല, എന്നാല്‍ വലുപ്പമാര്‍ജ്ജിക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടക്കുന്നുണ്ട്. വളരെ വീതി കുറഞ്ഞ വഴികളും വഴികള്‍ക്കരികില്‍ ആണ്‍-പെണ്‍ സമത്വത്തോടെ പ്രാഥമിക ദിനകൃത്യങ്ങള്‍ നിര്‍വഹിക്കുന്ന സാധാരണക്കാരും നിറഞ്ഞ ഒരു പട്ടണമായിട്ടാണ് ആ പ്രഭാതത്തില്‍ ഗയ പ്രത്യക്ഷപ്പെട്ടത്. ഫല്‍ഗു നദിയ്ക്ക് മേലെയുള്ള വലിയ പാലവും വീതി കൂടാന്‍ പരിശ്രമിക്കുന്ന വഴികളും വലിയ കുഴികളുമെല്ലാമായി എന്‍ഡവര്‍ ഓളത്തില്‍ ചാഞ്ചാടുന്ന തോണിയെപ്പോലെ മഖ്‌സൂദ്പൂര്‍ ലക്ഷ്യമാക്കി നീങ്ങി.

രാംശില കുന്നും ഫല്‍ഗു നദിയും പശുവുമായി ബന്ധപ്പെട്ട ഒരു രാമായണകഥ പറഞ്ഞു തരികയായിരുന്നു റാണി സാഹിബാ. ദശരഥന്റെ ശ്രാദ്ധത്തിനു ഫല്‍ഗു നദിയുടെ കരയില്‍ സീത എല്ലാ തയാറെടുപ്പും ചെയ്ത് ശ്രീരാമനേയും ലക്ഷ്മണനേയും കാത്തിരുന്നുവെങ്കിലും അവര്‍ നേരത്തിനു എത്താതിരുന്നതുകൊണ്ട് സീത തന്നെ എല്ലാ കര്‍മ്മങ്ങങ്ങളും ചെയ്തു, സ്ത്രീയായതുകൊണ്ട് ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ വിലക്കുള്ള സീത കര്‍മ്മങ്ങള്‍ ചെയ്തുവെന്ന് ആരും വിശ്വസിച്ചില്ലെങ്കിലോ എന്ന് കരുതി രാംശിലയേയും ഫല്‍ഗു നദിയേയും നദിക്കരയില്‍ മേഞ്ഞിരുന്ന ഒരു പശുവിനേയും സാക്ഷിയായി വിളിച്ചു. സാക്ഷി പറഞ്ഞുകൊള്ളാമെന്ന് ഏറ്റ മൂന്നു പേരും ശ്രീരാമനേയും ലക്ഷ്മണനേയും കണ്ടപ്പോള്‍ കാലുമാറി. 'ആ സീത ചെയ്തിട്ടുണ്ടാവും ഞങ്ങളെങ്ങും കണ്ടില്ല.. ആ അറിഞ്ഞു കൂടാ' എന്നായി... സീത അന്ന് ശപിച്ചതാണത്രേ, ആ ശാപഫലമായി ഇന്നും രാംശിലാ കുന്നില്‍ ഒരു പുല്ലു പോലുമില്ല. ഫല്‍ഗു നദിയില്‍ വെള്ളവുമില്ല, പശു സ്പര്‍ശിച്ചാല്‍ പിന്നെ ആ ഭക്ഷണമോ പൂവോ പൂജയ്‌ക്കെടുക്കുകയുമില്ല. സീതയോട് ചെയ്ത വിശ്വാസവഞ്ചനയ്ക്കുള്ള ശിക്ഷയാണത്!

ഗയയിലെ റോഡുകളില്‍ എന്‍ഡവര്‍ ചാഞ്ചാടുകയായിരുന്നെങ്കില്‍ മഖ്‌സൂദ് പൂരിലെക്കുള്ള വഴി തിരിഞ്ഞപ്പോള്‍ അതിനു ഭ്രാന്തു പിടിച്ച പോലെയായി. അത് വലിയ കിണറുകളില്‍ ചെന്നു വീഴും പിന്നെ ചീറിക്കൊണ്ട് എണീക്കും. കുറച്ചു മിനിറ്റുകള്‍ ഒന്നു സമാധാനിക്കാന്‍ ശ്രമിക്കും. വീണ്ടും കിണറില്‍ വീഴും. വല്ലാത്ത നാട്ടുവഴികളായിരുന്നു അത്, വഴിക്കിരുവശവും സിര്‍ക്കൊണ്ട പുല്ലുകള്‍ ഒരു വനം പോലെ വളര്‍ന്നു നിന്നിരുന്നു. ഉത്തരേന്ത്യയിലെ പ്രധാന നാടന്‍ ഇരിപ്പിടങ്ങളായ മോഡകളും മോഡക്കസേരകളും നിര്‍മ്മിക്കുന്നതും പാവങ്ങള്‍ പുര മേയുന്നതും ഈ സിര്‍ക്കൊണ്ട പുല്ലുകള്‍ ഉപയോഗിച്ചാണ്.

കൊട്ടാരത്തിലേക്ക് തിരിയുന്ന വഴിക്കരികില്‍ ഡാക്ബാബയുടെ ഒരു പ്രതിഷ്ഠ ഉണ്ട്. യാത്രകള്‍ ആരംഭിക്കുമ്പോഴും അവസാനിപ്പിക്കുമ്പോഴും അവിടേക്ക് നാണയങ്ങള്‍ വലിച്ചെറിയുന്നത് ഒരു ആചാരമായി കാണപ്പെട്ടു. അതുപോലെ യാത്ര തുടങ്ങുമ്പോള്‍ പഞ്ചസാര ചേര്‍ത്ത തൈര് കഴിക്കുന്നതും ഒരു കലശം വെള്ളത്തില്‍ നാണയങ്ങളിടുന്നതും കൃത്യമായി പാലിക്കപ്പെട്ട മറ്റൊരു ആചാരമായിരുന്നു.

ഷേര്‍ഷാ സൂരി പണിത കോട്ടയുടെ താഴ്വാരത്തിലായിരുന്നു മഖ്‌സൂദ്പൂര്‍ കൊട്ടാരം. ഡല്‍ഹിയിലെ ല്യുട്ട്യന്‍സ് ബംഗ്ലാവുകളെ ഓര്‍മ്മിപ്പിക്കുന്ന ഒരു നിര്‍മ്മിതിയായിരുന്നു അത്. ഡല്‍ഹിയില്‍ നിന്ന് കല്‍ക്കത്ത വരെ പോകുന്ന ഗ്രാന്റ് ട്രങ്ക് റോഡ് ഷേര്‍ഷായുടെ ഈ കോട്ടയ്ക്കരികിലൂടെയാണ്. ആ വഴി നിര്‍മ്മിച്ച് ചുങ്കം പിരിയ്ക്കാനും കച്ചവടം നിയന്ത്രിക്കാനും പൊതുവേ ഭരണം സുഗമമാക്കാനും ഉള്ള ഭരണപരമായ സംവിധാനമായിട്ടാണ് ഷേര്‍ഷാ ആ കോട്ട പണിതത്. കോട്ട ഇപ്പോള്‍ ഏകദേശം പൂര്‍ണമായും ഇടിഞ്ഞു പൊളിഞ്ഞു കഴിഞ്ഞു. വിഷപ്പാമ്പുകളുടെ വിഹാരകേന്ദ്രമാണ് അവിടം. അതുകൊണ്ട് കോട്ട കാണാനുള്ള ആഗ്രഹം തീര്‍ത്തും ഉപേക്ഷിക്കേണ്ടി വന്നു.

കൊട്ടാരമുറ്റത്തിനപ്പുറം വളരെ വലിയ ഒരു കുളമാണ്. ഏക്കറുകളോളം വലുപ്പമുള്ള കുളം. ധാരാളം ജലമുള്ള ആ കുളത്തിലാണത്രേ ഗ്രാമത്തിലെ ച്ഛട്ട് പൂജ കാലം കൂടുന്നത്. അന്ന് സ്ത്രീകളെക്കൊണ്ട് കുളം നിറയുമെന്ന് ആയിരം വര്‍ണങ്ങളില്‍ കുളം പകര്‍ന്നാടുമെന്ന് റാണി സാഹിബാ പറഞ്ഞു തന്നു. കുളപ്പടവുകള്‍ക്ക് അടുത്തുള്ള ച്ഛത്ത്രിക്ക് കീഴെ ഗുഹാമാര്‍ഗമുണ്ട്. അതിപ്പോള്‍ അടഞ്ഞു കിടക്കുകയാണ്. കുറച്ചു ദൂരമൊക്കെ അകത്തേക്ക് പോകാമെങ്കിലും കൂടുതല്‍ യാത്ര ചെയ്യുന്നതിനോട് ആര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. അകത്തെന്തായിരിക്കും എന്നറിയില്ലാത്തതുകൊണ്ടുള്ള ഭയം എല്ലാവര്‍ക്കും ഉണ്ടായിരുന്നു.
 


 മഖ്‌സൂദ് പൂര്‍ രാജ്യം ശരിക്കും കാളീദേവിയുടെയാണ്. അവസാനത്തെ രാജാവ് ആണ്മക്കളില്ലാത്തതുകൊണ്ടാവണം രാജ്യം കാളിദേവിക്ക് സമര്‍പ്പിക്കുകയായിരുന്നു. അനവധി തര്‍ക്കങ്ങളും വഴക്കുകളും കോടതികേസുകളും ഒക്കെയായി ഒരു ട്രസ്റ്റും അതിന്റെ നടത്തിപ്പുകാരായി രാജാസാഹേബും റാണിസാഹിബായും പ്രവര്‍ത്തിക്കുന്നു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന രാജാസാഹേബും റാണി സാഹിബായും എന്റെ കൂട്ടുകാരനും എനിക്കും വ്യക്തിപരമായും ഒത്തിരി സഹായങ്ങള്‍ ചെയ്തു തന്നിട്ടുണ്ട്. അവര്‍ക്ക് ലാറിബേക്കര്‍ നിര്‍മ്മിതികളില്‍ വലിയ താല്‍പര്യമായിരുന്നു. ഡല്‍ഹിയിലും ഡെറാഡൂണിലും ബീഹാറിലും ഒക്കെ ശൌചാലയങ്ങളും സ്‌കൂളുകളും വീടുമെല്ലാം അവര്‍ പണിയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ നിര്‍മ്മിച്ച ശൌചാലയം ആ ഗ്രാമത്തിലുണ്ടായിരുന്നു. റാണി സാഹിബാ പ്രത്യേക താല്‍പര്യമെടുത്ത് കൊട്ടാരം നവീകരിക്കുമ്പോഴെല്ലാം ലാറിബേക്കര്‍ നിര്‍മ്മിതി തന്നെ തെരഞ്ഞെടുത്ത് പോന്നു. അങ്ങനെ ഞങ്ങളൂം സുഹൃത്തുക്കളും ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് നവീകരിച്ച സ്യൂട്ട് മുറിയില്‍ താമസിക്കുന്നത് സന്തോഷകരമായ ഒരനുഭവമായിരുന്നു. ലാറിബേക്കറുടെ സ്‌നേഹവാല്‍സല്യങ്ങള്‍ ദൂരെ ദൂരെ ബീഹാറിലും ഒരു തലോടലായി അനുഭവപ്പെടുകയായിരുന്നു.

പക്കിബാഗ് എന്ന് പേരുള്ള ഒരു മാവിന്‍ തോപ്പിലേക്കായിരുന്നു സ്യൂട്ട് മുറി തുറക്കുന്നത്. പലതരം മാവുകള്‍ നിരന്ന് നില്‍ക്കുന്ന ആ തോട്ടത്തില്‍ കുയിലുകള്‍ മല്‍സരിച്ച് പാടിക്കൊണ്ടിരുന്നു. രണ്ട് മൂന്ന് രാംപൂര്‍ ഹൌണ്ടുകള്‍ ഇടിവെട്ടുന്ന ശബ്ദത്തില്‍ കുരച്ച് പേടിപ്പിച്ചിരുന്നു. പേടി എനിക്ക് മാത്രമായിരുന്നു. കുയിലുകള്‍ക്ക് ഭയമൊട്ടുമില്ലായിരുന്നു. മാവിന്‍ തോപ്പിനപ്പുറത്ത് ബീഹാറിന്റെ കാര്‍ഷിക സമൃദ്ധി ഏക്കറുകളോളം പച്ചപ്പായി പരന്നു കിടന്നു, നെല്ലും പച്ചക്കറിയും വിളയുന്ന പാടങ്ങള്‍ ചക്രവാളം മുട്ടിയിരുന്നു. ശരിക്കും കണ്ണുകളേയും മനസ്സിനേയും കുളിര്‍പ്പിക്കുന്ന ഹരിത സമൃദ്ധി.

കൊട്ടാരത്തിലെ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ സൌജന്യ ചികില്‍സയുണ്ട്. അവിടെ വരുന്ന മനുഷ്യരെ കണ്ടപ്പോള്‍ എന്റെ നെഞ്ചു പിടഞ്ഞു. അരക്കഴഞ്ച് മാംസം പോലും ശരീരത്തിലില്ലാത്തവര്‍. തടിച്ചുരുണ്ട ബീഹാറികളെ ഈ യാത്രയില്‍ എനിക്ക് കാണാനേ കഴിഞ്ഞില്ല. എല്ലും തോലുമായവര്‍, മൂക്കീരൊലിപ്പിക്കുന്ന ചന്തി തേമ്പിയ വയറുന്തിയ കുട്ടികള്‍, വയറും പുറവും ഒന്നായിത്തീര്‍ന്ന സ്ത്രീകള്‍... കര്‍ഷകര്‍ കൂടുതലും വ്യവസായികള്‍ കുറവുമായ ബീഹാറില്‍ പട്ടിണി മഴയായി പെയ്യുന്നുണ്ടെന്ന് കരുതാനേ എനിക്ക് കഴിഞ്ഞുള്ളൂ.

(തുടരും)
ചിത്രങ്ങള്‍ അഴിമുഖം