Monday, May 28, 2018

മഹാബോധിച്ചുവട്ടില്‍; ബീഹാറിന്റെ ഹൃദയത്തിലൂടെ





(ബീഹാര്‍-അവസാനഭാഗം)
 
മറക്കാന്‍ കഴിയാത്ത ഒരു ദിവസമായിരുന്നു  അത്.

കോപംകൊണ്ട് ഭ്രാന്തു പിടിച്ച അച്ഛന്റെ അടികളില്‍ നിന്ന് അമ്മയെ രക്ഷിക്കാന്‍ പണിപ്പെട്ട ഒരു കൌമാരക്കാരനെ കുറിച്ച് കേട്ടുകൊണ്ടാണ് ആ ദിനം പുലര്‍ന്നത്. അമ്മയുടെ മുഖത്ത് അച്ഛന്‍ തലയണ വെച്ചമര്‍ത്തുന്നതില്‍ നിന്നും അവന്‍ അമ്മയെ രക്ഷിച്ചു. അതിനുള്ള ശിക്ഷ അവനും കിട്ടി. അവനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ അച്ഛന്‍ ചെരിപ്പെടുത്ത് കൊടുത്ത്   അവനെക്കൊണ്ടു തന്നെ അവന്റെ പെറ്റമ്മയുടെ മുഖത്ത് അടിപ്പിച്ചു.....

ഭയന്നു പോയ അവന്‍ എല്ലാം അനുസരിച്ചു...

ആ അമ്മയുടെ ഹൃദയം പൊട്ടിക്കരച്ചിലിലാണ് എന്റെ ദിനം പുലര്‍ന്നത്.

അമ്മയുടേതായ എല്ലാം ആ വീട്ടിലായിരുന്നു. തുണിയും ആഭരണങ്ങളും സര്‍ട്ടിഫിക്കറ്റുകളും സ്വത്തിന്റെ  അവകാശപ്പത്രങ്ങളും... എല്ലാം അവിടെ ഉപേക്ഷിച്ച്  അവര്‍ ജീവന്‍ രക്ഷിക്കാന്‍ വീട് വിട്ടിറങ്ങി.. ഞാന്‍ അവരെ കേട്ടു.. കേള്‍ക്കുക മാത്രം ചെയ്തു. മറ്റൊന്നും എനിക്ക് കഴിയുമായിരുന്നില്ല.

എന്റെ സമാധാനം എന്നുമങ്ങനെയായിരുന്നു. ഒരു ചായ കുടിക്കുന്ന നേരം.... അത്രയും നേരം മാത്രം നിലനില്‍ക്കുന്ന സമാധാനം. ഞാനെന്നും ഇത്തരം അടികളില്‍... ഇത്തരം  നഷ്ടമാവലുകളില്‍.. ഇത്തരം ഭീതിപ്പെടലുകളില്‍.. ഇത്തരം ഉത്കണ്ഠകളില്‍  മാത്രമാണ്  ഇത്രയും കാലം ജീവിച്ചത്.

പക്കി ബാഗിനപ്പുറത്തുള്ള ഗോശാലയിലും മുന്നൂറുവര്‍ഷം പഴക്കമുള്ള ഇരുമ്പ് ഗേറ്റിന്റെ  നന്നാക്കല്‍ ജോലികളിലും പുതിയ കെട്ടിടങ്ങള്‍ക്കുള്ള വാനം കോരലിലും ഇടപെട്ടുകൊണ്ട്  ഉച്ചയൂണു കഴിയും വരെയുള്ള സമയം ചെലവാക്കി. ജോലിക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍  വ്യക്തമല്ലേ എന്നുറപ്പു വരുത്തി.
                                                

അതിനുശേഷമാണ് മഹാബോധിച്ചുവട്ടിലേക്ക് യാത്ര തിരിച്ചത്. രാജാസാഹേബായിരുന്നു  ഇത്തവണ എന്‍ഡേവറിന്റെ ഡ്രൈവര്‍. ഞങ്ങള്‍ മടങ്ങിപ്പോവുകയാണല്ലോ എന്ന് യാത്ര അയയ്ക്കാന്‍ റാണി സാഹിബായും ഒപ്പം വന്നു.

വിഹാരങ്ങളുടെ നാടായ ബീഹാറില്‍ ദാരിദ്ര്യമുണ്ട്. കൃഷി ഒട്ടും ലാഭമല്ലാതായിക്കഴിഞ്ഞ  ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ചെറുപ്പക്കാര്‍ പലരും കേരളത്തിലേക്ക്  ജോലി തേടി പോകുന്നുണ്ടെന്ന് റാണി സാഹിബാ പറഞ്ഞു. അതില്‍ ചിലര്‍ കള്ളത്തരങ്ങള്‍ കാണിക്കുകയും പണം കൊള്ളയടിക്കുകയും എ ടി എം മെഷീനുകളില്‍ നിന്ന് പണം  മോഷ്ടിച്ച് ബീഹാറിലേക്ക്  മടങ്ങുകയും ചെയ്യുന്നുണ്ട്. കേരളാ പോലീസ് ഇപ്പോള്‍  ബീഹാറിലേക്കും ഇടയ്ക്കിടെ യാത്ര ചെയ്യുന്നുണ്ട്.

പെണ്‍കുട്ടികളെ കൂട്ടിലടച്ച് സിനിമാറ്റിക് ഡാന്‍സു കളിപ്പിക്കുന്ന ഒരു വിനോദ വിശേഷം  അടുത്ത കാലം വരെ ഗയയിലുണ്ടായിരുന്നു. ഇപ്പോഴും അത് പൂര്‍ണമായും ഇല്ലാതായോ  എന്നറിയില്ല. ആളുകള്‍ ടിക്കറ്റെടുത്ത് ഈ ഡാന്‍സ് കാണുമായിരുന്നുവെന്നും ആ കുട്ടികളെ നോക്കി അശ്ലീല കമന്റുകള്‍ പറയുമായിരുന്നുവെന്നും ചൂളംകുത്തുമായിരുന്നുവെന്നും കേട്ടപ്പോള്‍ വേദന തോന്നി. തീര്‍ച്ചയായും പാവപ്പെട്ടവരുടെ, ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ മക്കളായിരിക്കുമല്ലോ അതെല്ലാം.
                                                   

ശാന്തിയും മനസ്സമാധാനവും തേടിയായിരിക്കുമോ എല്ലാവരും മഹാബോധി ക്ഷേത്രത്തിലേക്ക് പോകുന്നതെന്ന് ഞാന്‍ രാജാസാഹേബിനോട് ചോദിച്ചു.

അദ്ദേഹം ചിരിച്ചുകൊണ്ട് ഉത്തരം പറഞ്ഞു.

'ശാന്തിയും സമാധാനവും മറ്റെവിടെ നിന്നും കിട്ടുകയില്ല. നമ്മള്‍ സ്വയം നേടുകയേ  വഴിയുള്ളൂ'

ഞാന്‍ ഒന്നും പറഞ്ഞില്ല.

ഈ ചോദ്യം ഞാന്‍ ചോദിച്ചപ്പൊഴെല്ലാം എനിക്ക് കിട്ടിയത് ഇതേ ഉത്തരം തന്നെയായിരുന്നു. പലയിടങ്ങളില്‍ നിന്ന്.. പലരില്‍ നിന്ന്..

എനിക്കാണെങ്കില്‍ എന്നില്‍ നിന്നോ എന്റെ ചുറ്റുപാടുകളില്‍ നിന്നോ ഒരിയ്ക്കലും ശാന്തി ഉണ്ടായതുമില്ല.

നല്ല തിരക്കായിരുന്നു മഹാബോധി ക്ഷേത്രത്തില്‍. അവിടെയും ഈ ലോകത്തിന്റെ  ചെറുപതിപ്പ് ദൃശ്യമായിരുന്നു. എല്ലാ നാടുകളില്‍ നിന്നുമുള്ള  ബുദ്ധഭിക്ഷുക്കള്‍  മഹാബോധിയില്‍ ശാന്തി തേടി എത്തിയിരുന്നു.

യുനെസ്‌കോയുടെ വേള്‍ഡ് ഹെറിട്ടേജ് സൈറ്റുകളില്‍ മഹാബോധിക്ഷേത്രവും ഉള്‍പ്പെട്ടിട്ടുണ്ട്. 2002 ലായിരുന്നു യുനെസ്‌കോ ഈ പ്രഖ്യാപനം നടത്തിയത്. ഗുപ്ത രാജാക്കന്മാരുടെ കാലത്തെ ഇഷ്ടികകള്‍ കൊണ്ട് നിര്‍മ്മിച്ച ഈ ക്ഷേത്രം  ഒരു  വിസ്മയമാണെന്ന് യുനെസ്‌കോ അഭിപ്രായപ്പെടുന്നു.

രാജ്യത്തേയും യശോധരയേയും ത്യജിച്ച് ബോധോദയം തേടിയ സിദ്ധാര്‍ഥ രാജകുമാരന്‍ ഫല്‍ഗു നദിക്കരയിലെ കാട്ടില്‍ ഒരു ആലിന്‍ ചുവട്ടിലാണ് താനുദ്ദേശിച്ച ബോധം നേടിയത്. ആ സ്ഥലത്ത് അശോക ചക്രവര്‍ത്തി പൊതു വര്‍ഷം 260 ല്‍ പണി കഴിപ്പിച്ചതാണ്
മഹാബോധി ക്ഷേത്രം.  
                                               
ബോധോദയം കിട്ടിയ ശേഷം ആദ്യത്തെ ഒരാഴ്ച അദ്ദേഹം ആ ആലിന്‍ ചുവട്ടില്‍ തന്നെ  കഴിച്ചു കൂട്ടി.  ഇപ്പോഴും ആ ആലിന്‍ ചുവട്ടില്‍ അനവധി ഭിക്ഷുക്കള്‍ പ്രാര്‍ഥനാപൂര്‍വം  ധ്യാനലീനരായിരിക്കുന്നുണ്ട്. കഠിനമായ ശാരീരികാഭ്യാസങ്ങളിലും നമസ്‌ക്കാരങ്ങളിലും വ്യാപൃതരായി വ്യത്യസ്ത ഭാഷകകളില്‍ സംസാരിക്കുകയും  മന്ത്രങ്ങള്‍ ഉരുക്കഴിക്കുകയും ചെയ്യുന്നവര്‍. അവരുടെ ശ്രദ്ധയും നിഷ്ഠയും അല്‍ഭുതാവഹമായിരുന്നു. ഇപ്പോള്‍ നിലവിലുള്ള ബോധിവൃക്ഷം പഴയ ബോധി വൃക്ഷത്തിന്റെ എത്രാമത്തെ തലമുറയാകുമെന്ന് ഞാന്‍ വെറുതേ ഓര്‍ത്തു നോക്കി. ഈ വൃക്ഷത്തിന്റെ ചില്ലകള്‍ വെട്ടി വിറ്റ് വിദേശികളില്‍ നിന്ന്  പ ണം സമ്പാദിച്ചുവെന്ന  ആരോപണത്തിനു വിധേയനായ ബോധിപാലയേയും  മഹാബോധിക്ഷേത്രത്തിലെ ചില ഡിസൈന്‍ ആവശ്യങ്ങള്‍ക്കായി എന്റെ കൂട്ടുകാരനെ  കാണാന്‍ വരാറുണ്ടായിരുന്ന ബുദ്ധഭിക്ഷുവിനേയും ഞാന്‍ അപ്പോള്‍ ഓര്‍ക്കാതിരുന്നില്ല.

രണ്ടാമത്തെ ആഴ്ച ബുദ്ധന്‍ ചെലവാക്കിയത്  മഹാബോധി ക്ഷേത്രത്തിനു വടക്കു കിഴക്കായുള്ള, ഇപ്പോള്‍ അനിമേഷലോചന സ്തൂപം കാണാനാവുന്ന ഇടത്താണ്. അവിടെയുള്ള ബുദ്ധവിഗ്രഹത്തിന്റെ മിഴികള്‍ മഹാബോധി വൃക്ഷത്തെ ഉറ്റു നോക്കുന്നു. ബോധോദയത്തിനു ശേഷം ഇവിടെ ചെലവാക്കിയ ദിവസങ്ങളില്‍ ബുദ്ധന്‍  നിന്ന നില്‍പ്പില്‍ നില്‍ക്കുകയും കണ്ണിമ പോലും ചിമ്മാതെ ബോധിവൃക്ഷത്തില്‍  മാത്രം ശ്രദ്ധയര്‍പ്പിച്ചുകൊണ്ട് ധ്യാനിക്കുകയും ചെയ്തു.

മൂന്നാമത്തെ ആഴ്ച അനിമേഷലോചന സ്തൂപത്തില്‍  നിന്ന് മഹാബോധി വൃക്ഷത്തിനടുത്തേയ്ക്കും തിരിച്ചുമായി നിരന്തരമായി നടക്കുകയായിരുന്നു ബുദ്ധന്‍. അദ്ദേഹത്തിന്റെ ഓരോ കാല്‍വെപ്പിലും സുഗന്ധമിയലുന്ന ചെന്താമരകള്‍ വിരിഞ്ഞുവന്നുവെന്നാണ് ജാതകകഥകള്‍ പറയുന്നത്. ഈ നടപ്പിനെയും  ഒരു  ധ്യാനരീതിയാക്കിയിട്ടുണ്ട്. അതിന് ഇപ്പോള്‍ രത്‌നചക്രമ എന്നാണ് പേര്.

നാലാമത്തെ ആഴ്ച ക്ഷേത്രത്തിന്റെ വടക്കു കിഴക്കുള്ള രത്‌നാകര്‍ ചൈത്യത്തിനരികിലായിരുന്നു ബുദ്ധന്റെ ധ്യാനം.

അഞ്ചാം ആഴ്ച ബ്രാഹ്മണ പൌരോഹിത്യം ബുദ്ധനോട് ഏറ്റുമുട്ടി. ഇവിടെ ഇങ്ങനെ വനത്തില്‍ ധ്യാനവും നടപ്പും ഇരുപ്പുമൊക്കെയായി എന്തിനുള്ള പരിപാടിയാണ്? ആരാണ് നിന്റെ നേതാവ്? എന്താണ് നിന്റെ ലക്ഷ്യം? എന്നൊക്കെയുള്ള വ്യവസ്ഥാപിത ചോദ്യങ്ങളുമായി അവര്‍ ബുദ്ധനെ വളഞ്ഞു. ബുദ്ധന്‍ അജപാലനിഗോധ വൃക്ഷത്തിന്റെ (ഇത് ഏതു വൃക്ഷമെന്ന് എനിക്കറിയില്ല. കാര്യങ്ങള്‍ പറഞ്ഞു തന്ന ഗൈഡ് പറഞ്ഞതും ഞാന്‍ കേട്ടതും ഇങ്ങനെയൊരു പേരാണെന്നാണ് എന്റെ ധാരണ) ചുവട്ടിലിരുന്ന് അവരെ പരമശാന്തനായി എതിരിടുകയും അവരുടെ സമസ്ത ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുകയും ചെയ്തു. അതിന്റെ അനുസ്മരണാര്‍ഥം ഇപ്പോഴവിടെയുള്ളത് ഒരു  തൂണാണ്.

ആറാം ആഴ്ചയിലെ ധ്യാനം താമരക്കുളത്തിലായിരുന്നു.

ഏഴാം ആഴ്ചയിലെ ധ്യാനസ്ഥലത്തെപ്പറ്റി തര്‍ക്കങ്ങളുണ്ട്. അവിടെ രാജ്യയത്‌ന വൃക്ഷമുണ്ടായിരുന്നുവെന്നും ഇല്ലെന്നും വാദമുണ്ട്. സ്ഥലം തന്നെ ഇതായിരുന്നില്ലെന്നും പറയുന്നുണ്ട്.
                                                    

എന്തായാലും ആലും ആലിന്‍ചുവട്ടിലെ ധ്യാനവും ബുദ്ധഭിക്ഷുക്കള്‍ക്ക് അതീവ  മോക്ഷദായകമാണെന്ന് ഞാന്‍ കണ്ടറിഞ്ഞു. ബുദ്ധനൊപ്പം പിറന്നതാണ് ആലെന്നും   ഭൂമിയുടെ പൊക്കിളിലാണ് ആ ആല്‍മരം സ്ഥിതി ചെയ്യുന്നതെന്നും അവര്‍ വിശ്വസിക്കുന്നു. ബുദ്ധന്റെ ബോധോദയം ഭൂമിക്ക് താങ്ങാനായത് ആ പ്രത്യേക സ്ഥലത്ത് സംഭവിച്ചതുകൊണ്ടാണെന്ന് അവര്‍ കരുതുന്നു. ലോകാവസാന കാലത്ത് ഭൂമിയില്‍ നിന്ന് ഏറ്റവും ഒടുവില്‍ അപ്രത്യക്ഷമാകുന്നത് ഈ ആലായിരിക്കുമത്രേ.

മൌര്യ സാമ്രാജ്യാധിപനായ അശോക ചക്രവര്‍ത്തി പണിത ഈ മഹാബോധി ക്ഷേത്രം ഇന്ന് സ്വര്‍ണവര്‍ണമായ ബുദ്ധവിഗ്രഹത്താലും സ്വര്‍ണം പൂശിയ മേല്‍പ്പുരയാലും  അലംകൃതമാണ്. തായ് ലന്‍ഡ് രാജാവും തായ് ലന്‍ഡിലെ ബുദ്ധമത വിശ്വാസികളും ചേര്‍ന്നാണ് മേല്‍പ്പുരയെ സ്വര്‍ണത്തില്‍ കുളിപ്പിച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് അത്  സംഭവിച്ചത്.

ക്ഷേത്രത്തിന്റെ നാലുവശവും കല്ലുകൊണ്ട് നിര്‍മിച്ച ഒരു വേലിയുണ്ട് ഏകദേശം രണ്ട് മീറ്റര്‍ പൊക്കത്തില്‍... പഴയ വേലി സാന്‍ഡ് സ്റ്റോണില്‍ ചെയ്തതാണ്. പുതിയത് കരിങ്കല്ലിലും.  പുതിയതെന്ന് പറഞ്ഞാല്‍ പൊതുയുഗം 300 നും  600 നും ഇടയ്ക്ക് ഗുപ്ത സാമ്രാജ്യ കാലത്ത്. അപ്പോള്‍ പഴയ വേലിയോ എന്നാണോ? അത് പൊതുയുഗത്തിനു മുന്‍പ് 150 ല്‍ ... ഭിക്ഷുക്കളും സന്ദര്‍ശകരും ധാരാളം മെഴുകുതിരികളും ചെരാതുകളും അവിടെ തെളിയിക്കുന്നുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ പ്രധാന ഗോപുരത്തിനു 55 മീറ്റര്‍ പൊക്കമുണ്ട്. ആ ഗോപുരത്തിനെ ചുറ്റി നാലു ഗോപുരങ്ങള്‍ വേറെയുമുണ്ട്. അവയ്ക്ക്  ആനുപാതികമെങ്കിലും  ഉയരം കുറവു തന്നെ. ജാതകകഥകള്‍ ആലേഖനം ചെയ്ത്  അലങ്കരിച്ചവയാണ് ഈ ഗോപുരങ്ങള്‍.

രണ്ട് വര്‍ഷം  മുന്‍പുണ്ടായ സ്‌ഫോടനത്തെ പരാമര്‍ശിക്കുമ്പോള്‍ ഗൈഡ് വല്ലാതെ രോഷാകുലനായി. സാധിക്കുന്ന  മട്ടിലൊക്കെ മുസ്ലിം മത വിശ്വാസികളെ വിശ്വസിക്കാന്‍ പാടില്ലെന്ന് പറയാന്‍ ശ്രമിക്കുമ്പോഴും, അയാള്‍ പ്രകടമായ അസ്വസ്ഥതയോടെ  മുസ്ലിം മുഖച്ഛായയുള്ള എന്റെ കൂട്ടുകാരനെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.

എന്റെ കൂട്ടുകാരന്‍ ഡിസൈന്‍ ചെയ്ത കവാടങ്ങള്‍ മഹാബോധി ക്ഷേത്രത്തിനെ അലങ്കരിക്കുന്നുണ്ട്. അവിടെ നിന്ന് ആശീര്‍വാദമായി ലഭിച്ചത് ബുദ്ധനെ ആലേഖനം ചെയ്ത പട്ടിന്റെ ഒരു ഷാളായിരുന്നു. സാധാരണ 'എന്റെ'  എന്നോ ' ഞാന്‍' എന്നോ കഴിവതും  പറയാത്തവന്‍ എന്തുകൊണ്ടെന്നറിയില്ല, ആ കവാടങ്ങള്‍ക്ക് മുന്‍പില്‍ എന്നെ പിടിച്ചു നിറുത്തി ഒരു പടമെടുക്കാന്‍ തുനിഞ്ഞു. അപ്പോള്‍ രാജാസാഹേബ് ഞങ്ങളെ അടുപ്പിച്ചു നിറുത്തി പടമെടുത്തു തരികയായിരുന്നു.
                                           

സന്ധ്യ മയങ്ങും മുന്‍പ് ബോധഗയയിലെ  ഉള്‍പ്രദേശങ്ങളിലേക്ക് എന്‍ഡേവര്‍ ഞങ്ങളെ കൊണ്ടുപോയി. അവിടെയും ഫല ഭൂയിഷ്ഠമായ വയലുകള്‍ മുറിച്ചു വില്‍ക്കപ്പെടുന്നുണ്ട്. പറ്റ്‌നയിലോ അല്ലെങ്കില്‍ അതു  പോലെയുള്ള നഗരങ്ങളിലോ താമസിക്കുന്ന ധനാഢ്യര്‍  ഭൂമി മൊത്തമായി കര്‍ഷകരില്‍ നിന്ന് വാങ്ങിക്കൂട്ടുന്നു. ഗയയില്‍ ഹോംസ്റ്റേയും നല്ല നല്ല  ഹോട്ടലുകളും ആവശ്യമുണ്ട്. ഒരുപക്ഷെ, വികസനമുണ്ടാവുമ്പോള്‍ അതൊക്കെയാവും മനുഷ്യര്‍ക്ക് വേണ്ടി വരിക. അല്ലാതെ കാറ്റിന്റെ ഓളങ്ങളില്‍ രോമാഞ്ചം കൊള്ളുന്ന സസ്യ സമൃദ്ധിയായിരിക്കില്ല.

അത്താഴം കഴിഞ്ഞപ്പോള്‍ രാജാസാഹേബും റാണി സാഹിബായും മഖ്‌സൂദ്പൂരിലേക്ക് മടങ്ങി. അതിനകം തന്നെ അവര്‍ ആവശ്യപ്പെട്ട ഡിസൈനുകളെല്ലാം എന്റെ  കൂട്ടുകാരന്‍  പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു.

പാതിരായ്ക്കായിരുന്നു സിയാല്‍ദാ രാജധാനി ഗയയിലെത്തിയത്. രാജാസാഹേബിന്റെ  ജോലിക്കാര്‍ ഞങ്ങള്‍ക്കൊപ്പം സ്റ്റേഷനില്‍ വന്ന് കാത്തിരുന്നു. ഞങ്ങളെ ഒരു  കുറവും   വരാതെ യാത്രയയക്കണമെന്ന് അദ്ദേഹം അവരെ ചട്ടം കെട്ടിയിരുന്നു.

ഇനിയും കാണാമെന്ന് അവരോട് യാത്ര പറഞ്ഞ് ഞങ്ങള്‍ രാജധാനിയില്‍ കയറി. പിറ്റേന്ന് ഞാന്‍ യാത്രയവസാനിപ്പിച്ചത് നഷ്ടങ്ങളുടെ പടുകുഴിയിലേക്ക് സ്വന്തം മകന്റെ അച്ഛനാല്‍ തന്നെ  തള്ളിയിടപ്പെട്ട  ആ അമ്മയുടെ പൊട്ടിക്കരച്ചിലിലേക്കായിരുന്നു.

എന്റെ ചില യാത്രകള്‍ ചിലപ്പോള്‍ ഇങ്ങനെയുമാണ്



( ബീഹാര്‍ യാത്രക്കുറിപ്പുകള്‍ അവസാനിച്ചു )

ചിത്രങ്ങള്‍ അഴിമുഖം

3 comments:

vettathan said...

കൃഷി ആദായകരമല്ലാതാവുന്നു. കൃഷിഭൂമി കഷണങ്ങളാക്കി അവിടെ കെട്ടിടങ്ങള്‍ ഉയരുന്നു. വീണ്ടും പട്ടിണിയും പരിവട്ടവും ഇവിടെ തുടര്‍ക്കഥ ആവുമോ?

Muralee Mukundan , ബിലാത്തിപട്ടണം said...

ഹൃദ്യം , സുന്ദരം ...!

പട്ടേപ്പാടം റാംജി said...

യാത്രകളിലൂടെ കയറിയിറങ്ങുന്ന യാത്രാവിവരണങ്ങളാണു എചുമുക്കുട്ടിയുടെ യാത്രാവിവരണങ്ങളുടെ ഏറ്റവും വലിയ മനോഹാരിത. അവസാനിക്കാത്ത നീറ്റലുകൾക്കിടയിൽ നീരുറവ.പോലെ സുന്ദരം ഈ വിവരണം