Friday, March 29, 2019

നിത്യസ്നേഹം

https://www.facebook.com/photo.php?fbid=1105536476292312&set=a.526887520823880&type=3&theater


ഞാൻ എന്തു പറഞ്ഞാലും കിറുകൃത്യമായി മനസ്സിലാക്കും... ഒരു വിശദീകരണവും ഒരിക്കലും വേണ്ടി വരാറില്ല. ജീവിക്കുന്നതിന് കാരണമായ ഒരു നിത്യസ്നേഹം.... ദിലീപിൻറെ നല്ലപാതി.... അനിത...

ആലിൻകാ

https://www.facebook.com/photo.php?fbid=1103080343204592&set=a.526887520823880&type=3&theater


ആലിൻകാ പഴുത്തത് നോക്കി നില്ക്കുന്നത് ഞാൻ തന്നെയാ...

ഹനുമാൻ ദളിതനാണ്..

https://www.facebook.com/echmu.kutty/posts/1099723180206975


ഹനുമാൻ ദളിതനാണ്,
ഹനുമാൻ മുസ്ലിമാണ്,
ഹനുമാൻ ജാട്ടാണ്...
ഹനുമാൻ ജൈനനാണ്

ഇന്ന് കേട്ട വാർത്തയാണ്.

എനിക്ക് ഒന്നിച്ച് ജോലി ചെയ്തിരുന്ന സർദാർജി ആർക്കിടെക്റ്റിനെ ഓർമ്മ വന്നു. അദ്ദേഹം വാശി പിടിക്കുമായിരുന്നു.

ഹനുമാൻ സർദാർജിയാണ്. കാരണവും പറയും. അതിങ്ങനാണ്.

ആരുടേയോ ഭാര്യയെ ആരോ കട്ടോണ്ട് പോയി. സർദാർജി ആയതുകൊണ്ടാ അതിൻറെ പേരിൽ ഹനുമാൻ കടല് നീന്തിയതും സ്വന്തം വാലിൽ തീ പിടിപ്പിച്ചതും. വേറെയാരേലും ഇത്തരം റിസ്ക് എടുക്കുമോ നമുക്ക് ഒരു ഗുണവുമില്ലാത്ത കാര്യത്തിന്...

എന്നിട്ട് താടി തടവി ഗൗരവത്തിലിരിക്കും...

അന്നത് തമാശയായിരുന്നു.

ഇന്ന് ....

ഞങ്ങൾ

https://www.facebook.com/photo.php?fbid=1099050750274218&set=a.526887520823880&type=3&theater
ഞങ്ങൾ.... പ്രീതയും ഞാനും

എന്നെ കാണാൻ വന്ന അംബിക

https://www.facebook.com/photo.php?fbid=1091731241006169&set=a.526887520823880&type=3&theater




 എന്നെ കാണാൻ വന്ന അംബിക...ഇളനീരും മാതളനാരങ്ങയും അഗത്തിച്ചീരയും കറിവേപ്പിലയും ഒക്കെ എനിക്ക് തന്നു.#echmukutty

ഒത്തിരി നേരം മനസ്സ് തുറന്ന് സംസാരിച്ചു. എന്നെ അംബികക്ക് ശരിക്കും അറിയാൻ പറ്റുമെന്ന് എനിക്ക് മനസ്സിലായി. കാരണം ഒരേ പോലെയുള്ള കുറെ അനുഭവങ്ങൾ...

അംബിക പോവണമെന്ന് എനിക്കുണ്ടായിരുന്നില്ല.

സ്നേഹത്തോടെ ഒത്തിരി ഉമ്മ തന്ന് പിന്നെ വരാമെന്ന് പറഞ്ഞ് അംബിക പോയി.

പറഞ്ഞില്ലല്ലോ, അംബിക പോലീസുകാരിയാണ്. കേരളാ പോലീസ്.

Monday, March 25, 2019

Sita Mary Thomas എഴുതിയത്


ഒരു കുട്ടിയും പിന്നെയൊരു എച്ച്മുക്കുട്ടിയും:

പണ്ടു പണ്ട് ഒരിടത്ത് ഒരു ചേച്ചി ഉണ്ടായിരുന്നു. ഇഷ്ടിക കൊണ്ടുണ്ടാക്കിയ വലിയൊരു ബംഗ്ലാവിൽ താമസിച്ചിരുന്ന ഒരു ചേച്ചി. അവിടെ ഒരിക്കൽ ഒരു കുട്ടിയും വീട്ടുകാരും വിരുന്നിനു പോയി.

അന്നേ വരെ അങ്ങനെ ഒരു ബംഗ്ലാവ് കുട്ടി കണ്ടിട്ടില്ലായിരുന്നു. ഇഷ്ടിക കൊണ്ടുള്ള ഒരു ബംഗ്ളാവ്. അവിടവിടെ നിറമുള്ള ചില്ലുകൾ
പതിപ്പിച്ച മേൽക്കൂര. സിമന്റ് ഇരിപ്പിടങ്ങൾ. എങ്ങും നല്ല കാറ്റും വെളിച്ചവും തണുപ്പും. നീണ്ടും വളഞ്ഞും പുളഞ്ഞും പോകുന്ന ഇടനാഴികൾ. നടുമുറ്റവും അതിന്റെ ഒരു വശത്തായി തുറന്ന ഒരു അടുക്കളയും. വലിയ ഒരു ലൈബ്രറി. ആ മുറിയിൽ കിടന്നു കൊണ്ട് വായിക്കാൻ സിമെന്റ് കട്ടിൽ. ആ വീടിന്റെ പണി തീരും മുമ്പേ ആ വീട്ടുകാർ അവിടെ താമസം തുടങ്ങിയിരുന്നു. എല്ലായിടത്തും പുതുമയുടെ മണം. പണിക്കാരുടെ തട്ടും മുട്ടും. കുട്ടിക്ക് എല്ലാം ഒരു അദ്‌ഭുതമായിരുന്നു. ആ വീടും അതിനകത്തു മുഴുവനും പറന്നു നടക്കുന്ന ആ ചേച്ചിയും. നീണ്ട മുടിയുള്ള ഒരു കുഞ്ഞു ചേച്ചി. കണ്ടാൽ ഒരു അടയ്ക്കാകുരുവി പോലെ.

ചേച്ചി ഓടി നടന്ന ആ വീട്ടിൽ കുട്ടി മിഴിച്ചു നിന്നു. പണി നടന്നു കൊണ്ടിരിക്കുന്ന ആ ഇഷ്ടിക വീടിന്റെ, പെയിന്റ് ഉണങ്ങാത്ത വാതിലിൽ ചാരി.. ഉടുപ്പിലും മേത്തും പെയിന്റ് ആക്കി.. പണിക്കാരുടെ ചീത്ത കേട്ട്..

അന്നാട്ടിലെ മുതിർന്നവർ അതു വരെ ഇട്ടു കണ്ടിട്ടില്ലാത്ത ചുരിദാർ ആയിരുന്നു ചേച്ചിയുടെ വേഷം. കുഞ്ഞുവാവയേയും ഒക്കത്തു വെച്ച് ചേച്ചി അങ്ങനെ കലപില കൂട്ടിക്കൊണ്ടിരിക്കും. എളിയിൽ ഒരു വശത്തായി അങ്ങനെ വാവയെ എടുത്തു വെക്കുന്നതും കുട്ടി ആദ്യമായി കാണുകയായിരുന്നു. കാരണം കുട്ടിയുടെ അമ്മ അനിയത്തികുട്ടിയെ എടുത്തു പിടിച്ചിരുന്നത് അങ്ങനെയല്ല. പുറത്തു പോകാൻ നേരം ചേച്ചി പച്ച ചുരിദാറും മഞ്ഞ പാന്റും ഇട്ടു കൂട്ടു വന്നു. പിങ്ക് നിറത്തിലുള്ള സ്ട്രോബെറി ഐസ്ക്രീം അന്ന് ആദ്യമായി കുട്ടി കഴിച്ചു. 'പീച്ചി ഡാം കാണാൻ പോകാം'എന്ന് ചേച്ചി പറഞ്ഞപ്പോ ആരാ എന്താ പീച്ചിയെ എന്നോ, ഡാം എന്നാൽ എന്താണെന്നോ കുട്ടിയ്ക്ക് മനസ്സിലായില്ല.

ആ വീട്ടിലെ താമസം കുട്ടിക്ക് പതുക്കെ മടുത്തു. കളിക്കാൻ ആരും കൂട്ടില്ല. അനിയത്തിക്കുട്ടിയും അടയ്ക്കാകുരുവീടെ കുഞ്ഞുവാവയും എപ്പോഴും അമ്മക്കൈകളിൽ ഇരുന്നു. കുട്ടി അമ്മേടെ അടുത്ത് പറ്റിക്കൂടാൻ നോക്കി. അപ്പോളുണ്ട് അടയ്ക്കാകുരുവി അമ്മേടടുത്ത് വന്ന് കലപില കൂട്ടുന്നു. കുട്ടിയ്ക്ക് അതു തീരെ ഇഷ്ടായില്ല. "എന്തിനാ ഇങ്ങനെ എപ്പോഴും ബഹളം വെച്ച് നടക്കുന്നേ? ചേച്ചിയ്ക്ക് അടുക്കളയിൽ പണി ഒന്നൂല്ലേ?" എന്ന് കുട്ടി ദേഷ്യപ്പെട്ടു. അടയ്ക്കാകുരുവി അപ്പോഴും ചിരിച്ചു. കുട്ടി പിറ്റേന്ന് സ്വന്തം വീട്ടിലേക്കു തിരിച്ചു പോയി.

ചേച്ചി പിന്നെയും അദ്‌ഭുതപ്പെടുത്തി. ഒരിക്കൽ കുട്ടി കേട്ടു, ആ ചേച്ചി ഒളിച്ചോടിപ്പോയെന്ന്. വാവയേയും കൊണ്ട്. വീടുപണിയ്‌ക്ക്‌ വന്ന ആർക്കിടെക്റ്റിന്റെ കൂടെ ഡൽഹിക്ക്. വാവയുടെ അച്ഛന്റെ സങ്കടം ഓർത്ത് കുട്ടിയ്ക്ക് സങ്കടം വന്നു. ചേച്ചിയ്ക്ക് എന്തിന്റെ കുറവായിരുന്നു? അത്രയും ഭംഗിയുള്ള വീടുണ്ടായിരുന്നില്ലേ? വാവയുടെ പാവം ഒരു അച്ഛൻ ഉണ്ടായിരുന്നില്ലേ? വല്ലാത്ത ദേഷ്യം തോന്നി. ആ വാവയെ എങ്കിലും കൊടുത്തിട്ടു പോകാമായിരുന്നു. എന്തൊരു അഹങ്കാരം പിടിച്ച ചേച്ചി! എന്തൊരു ബഹളവും പത്രാസും ആയിരുന്നു! വാവയുടെ അച്ഛന്റെ കണ്ണീരിന്റെയും സങ്കടത്തിന്റെയും കഥകൾ കുട്ടി കേട്ടു കൊണ്ടേയിരുന്നു. ചേച്ചി എന്തൊരു ദുഷ്ടയാണ്!

ചേച്ചി പോയി വർഷങ്ങൾ കഴിഞ്ഞ് ആ ബംഗ്ലാവിൽ കുട്ടി പിന്നെയും പോയി. ആ അച്ഛന്റെ പുതിയ ഭാര്യയേയും കുട്ടികളേയും ഉൾക്കൊള്ളാൻ എന്തു കൊണ്ടോ കുട്ടിയ്ക്ക് ആയില്ല. ആ വീട് ചേച്ചിയുടെയും വാവയുടെയും തന്നെ ആണെന്ന് തോന്നി.

പിന്നീടെപ്പോഴോ വാവയുടെ അച്ഛന്റെ ഓർമ്മക്കുറിപ്പ് വായിക്കാൻ ഇടയായി. കുഞ്ഞു നഷ്ടപ്പെട്ട ഒരച്ഛന്റെ, പരിഷ്കാരിയായ പെണ്ണ് ചതിച്ചിട്ടു പോയ ഒരു ഭർത്താവിന്റെ വിങ്ങലുകൾ. ഒരുപാട് നാളുകൾക്കു ശേഷം അവരൊക്കെ വീണ്ടും മനസ്സിലേക്ക് വന്നത് അന്നായിരുന്നു. വാവയുടെ അച്ഛനെ ഓർത്തു പിന്നെയും സങ്കടപ്പെട്ടു.

കുട്ടി പിന്നെയും എപ്പോഴൊക്കെയോ ചേച്ചിയെ ഓർത്തു. അപ്പോഴൊക്കെ ദേഷ്യം തോന്നി. എങ്കിലും എന്തോ ഒരു കൗതുകത്തിന് ഓർക്കൂട്ടിലും ഫേസ്ബുക്കിലും വെറുതെ തിരഞ്ഞു. ചേച്ചിയുടെയും വാവയുടെയും പേരിന്റെ സ്പെല്ലിങ് പല രീതിയിൽ കൊടുത്തു നോക്കി. എവിടെയും കണ്ടില്ല. വാവ നാട് മറന്നു കാണും. ഭാഷ മറന്നു കാണും. ഹിന്ദിക്കാരിക്കുട്ടി ആയിക്കാണും. സുഖായി ഇരിക്കുന്നുണ്ടാവുമോ?

ഇപ്പൊ കുറച്ച് ദിവസം മുമ്പ് കുട്ടി അറിഞ്ഞു തൊട്ടടുത്ത് ആ ചേച്ചി ഉണ്ടെന്ന്. മറ്റൊരു കുട്ടിയായി, എച്ച്മുക്കുട്ടിയായി ഇരുന്ന് എഴുതുന്നുണ്ടെന്ന്. എച്ച്മുക്കുട്ടിയെ ഫേസ്ബുക്കിൽ എവിടെയൊക്കെയോ കാണാറുണ്ടായിരുന്നു. പക്ഷേ അത് പഴയ അടയ്ക്കാകുരുവിച്ചേച്ചി ആണെന്ന് അറിയില്ലായിരുന്നു. പണ്ടത്തെ രൂപവുമായി ഒരു സാമ്യവും ഇല്ലായിരുന്നു. ഫേസ്ബുക്കിലെ കുറിപ്പുകൾ മുഴുവൻ കുട്ടി വായിച്ചു. ആ വരികൾ കുട്ടിയോട് പറഞ്ഞു ആ അടയ്ക്കാകുരുവിയുടെ കണ്ണീരിൽ പടുത്തുയർത്തിയതായിരുന്നു ഭംഗിയുള്ള ഇഷ്ടികബംഗ്ളാവെന്ന്. അവൾ ജീവനും കയ്യിലെടുത്താണ് പണ്ട് അതിനകത്തു കൂടെ നടന്നിരുന്നതെന്ന്. കണ്ണിൽ നിറഞ്ഞിരുന്നത് ചിരിയല്ല ചോരയായിരുന്നെന്ന്. ഉള്ളം മുഴുവൻ മുറിവുകളായിരുന്നെന്ന്. കാണിച്ചു കൂട്ടിയ ബഹളങ്ങൾ ഒക്കെ വെറുതെ ആയിരുന്നെന്ന്. അവളെ അവിടെ ഇട്ടു കൊല്ലാതെ കൊല്ലുകയായിരുന്നെന്ന്. പ്രാണൻ ബാക്കിയാവണം എന്ന് അവൾക്ക് ഭയങ്കര കൊതിയായിരുന്നെന്ന്. ജീവിതത്തിലെ അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു ആ ഒളിച്ചോട്ടം എന്ന്.

കുട്ടിയ്ക്ക് ശ്വാസം മുട്ടി. നെഞ്ചിൽ ഒരു കല്ലെടുത്തു വച്ച പോലെ. കുട്ടി ചേച്ചിയുടെ ഫോൺ നമ്പർ കണ്ടെത്തി. വിളിച്ചു സംസാരിച്ചു. എച്ച്മുക്കുട്ടീന്ന് അല്ല, പണ്ടത്തെ പേര് വിളിച്ചു. ഒരുപാടൊരുപാട് സംസാരിച്ചു. പണ്ടത്തെ കുഞ്ഞോർമകളെപ്പറ്റി. ഇന്നേവരെ മനസ്സിൽ കൊണ്ട് നടന്ന ദേഷ്യത്തെപ്പറ്റി. ഇത്രയും അടുത്ത് ഉണ്ടായിട്ടും അറിയാതെ പോയതിനെപ്പറ്റി. ചേച്ചി എഴുതുന്നത് വായിക്കുമ്പോൾ ഉണ്ടാവുന്ന ശ്വാസംമുട്ടലിനെപ്പറ്റി.

പോയ വർഷങ്ങളുടെ പലിശയടക്കം ഉമ്മകൾ കൊടുത്ത് ഒടുവിൽ ഫോൺ വെയ്ക്കുമ്പോൾ കുട്ടിയ്ക്ക് കരച്ചിൽ വന്നു. പക്ഷേ ആ കരച്ചിലിന് ഒരു സുഖമുണ്ടായിരുന്നു. കണ്മുന്നിൽ ഒരു അടയ്ക്കാകുരുവി സന്തോഷത്തോടെ തത്തിക്കളിക്കുന്നത് കാണുമ്പോൾ ഉള്ള സുഖം.

പ്രോജക്ടുകളൂടെ വിവരങ്ങൾ

https://www.facebook.com/photo.php?fbid=1089279327918027&set=a.526887520823880&type=3&theater


A tribute to my dearest Daddy... Laurie Baker.#echmukutty

അദ്ദേഹത്തിന്റെ കുറച്ചു പ്രോജക്ടുകളൂടെ വിവരങ്ങൾ ഒരുമിച്ചു ചേർത്ത ഈ പുസ്തകത്തിൽ മലയാളം കുറിപ്പുകൾ ഞാൻ എഴുതീട്ടുണ്ട്

അമ്മീമ്മ

https://www.facebook.com/echmu.kutty/posts/1084031098442850


ഇതിൽ ചെറുപ്പക്കാരിയായ നമ്മുടെ അമ്മീമ്മയുണ്ട്. കണ്ടോ?

Sunday, March 24, 2019

മത്ത് അഥവാ കടകോൽ


https://www.facebook.com/photo.php?fbid=1073057382873555&set=a.526887520823880&type=3&theater



പഴയ പത്തായത്തിൽ വിശ്രമിക്കുകയായിരുന്നു മത്ത് എന്ന് തമിഴിലും കടകോൽ എന്ന് മലയാളത്തിലും പറയുന്ന അമ്മീമ്മയുടെ ഈ ഓർമ്മ. കുറച്ചുകൂടി ആഴത്തിലേക്ക് ദൃഷ്ടി പായിച്ചപ്പോൾ അടപലകയും മരികയും മുന്നിൽ പ്രത്യക്ഷപ്പെട്ടു.

എന്നും രാവിലെ എണീറ്റു വരുമ്പോൾ അമ്മീമ്മ തൈര് കലക്കുന്നത് കാണാം. വെങ്കലപ്പാന (വെള്ളോട്ട് പാത്രം) യിലിറക്കിവെച്ച് കയറ് ചുറ്റിയ മത്ത് സ്വർണ്ണവളകണിഞ്ഞ ആ കൈകളിൽ ഒരു താളത്തോടെ പ്രത്യേക ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് തിരിയുന്നുണ്ടാകും. വെണ്ണ ഉരുണ്ടു കൂടി വരുമ്പോൾ അതു ഞങ്ങൾക്ക് തോണ്ടിയെടുത്ത് തരാൻ പാകത്തിൽ പല്ല് തേച്ച് വന്നില്ലെങ്കിൽ അമ്മീമ്മയ്ക്ക് ദേഷ്യം വരും. നറും വെണ്ണ തിന്നാൻ ഞങ്ങൾക്ക് ഇഷ്ടമായിരുന്നു. അതുകൊണ്ട് അങ്ങിനെ ദേഷ്യപ്പെടേണ്ടി വന്നിട്ടില്ല, അമ്മീമ്മയ്ക്ക്.

അമ്മീമ്മ തൈര് കലക്കുമ്പോൾ മടിയിൽ കിടക്കാൻ കുഞ്ഞുങ്ങളായിരിക്കേ അനിയത്തിമാർ പരസ്പരം മത്സരിക്കുമായിരുന്നു. എനിക്കും നല്ല കൊതിയുണ്ടായിരുന്നു. വെങ്കലപ്പാനയിൽ നിന്ന് തെറിക്കുന്ന മോരിൻ തുള്ളികൾക്ക് നല്ല സ്വാദാണെന്ന് അവർ എന്നെ പറഞ്ഞു ആശിപ്പിക്കാറുണ്ട്. എന്റെ കുഞ്ഞ് അമ്മീമ്മയുടെ മടിയിൽ കിടന്ന് മോരിൻ തുള്ളികൾ നുണയുന്നത് കാണാനിടവന്നപ്പോൾ അക്കാര്യം എനിക്ക് തീർച്ചയായി. എന്റെ ജീവിതത്തിലെ അതിമനോഹര
നിമിഷങ്ങളിൽ ഒന്നായിരുന്നു അത്.

തൈര് കടയുന്ന മത്തും കേശവനാശാരിയുടെ കരവിരുതാണ്. അമ്മീമ്മയുടെ അരിവാർക്കാനുപയോഗിക്കുന്ന അടപലക പോലെ. കറി പകർന്ന് വിളമ്പാനെടുക്കുന്ന മരിക പോലെ. നല്ല തേക്കിൻ തടിയിൽ ഉണ്ടാക്കിയ ഈടുറ്റ അടുക്കള സാമഗ്രികൾ. ഗ്ലാസ് കുപ്പികൾക്കും ഭരണികൾക്കും ഒക്കെ സ്ക്ക്രൂ പോലെ തിരിച്ചിറക്കി വെക്കാവുന്ന മരത്തിന്റെ അടപ്പുകൾ കേശവനാശാരി നിർമ്മിച്ചു നൽകിയിരുന്നു. അതൊരെണ്ണം പോലും എന്റെ ചിക്കിച്ചികയലിൽ പുറത്ത് വന്നില്ല.

മോരു കൂട്ടി ഊണവസാനിപ്പിക്കണമെന്ന് അമ്മീമ്മയ്ക്ക് നിർബന്ധമായിരുന്നു. പരിപൂർണ്ണ സസ്യഭുക്കുകളായാണ് ഞങ്ങൾ വളർന്നത്, തമിഴ് ബ്രാഹ്മണരുടെ ആഹാരശീലങ്ങൾ തന്നെയായിരുന്നു ഞങ്ങളുടേത്. പച്ചക്കറികൾ ധാരാളം കഴിപ്പിക്കുമായിരുന്നെങ്കിലും ഉള്ളി, സവാള, വെളുത്തുള്ളി, പപ്പായ, മുരിങ്ങപ്പൂവ്...അങ്ങനെ കുറെ ഒഴിവാക്കലുകൾ ഭക്ഷണത്തിൽ അമ്മീമ്മ പുലർത്തിയിരുന്നു. ആദ്യത്തെ മൂന്ന് പേരും ഗന്ധം കൊണ്ടും പപ്പായ ഗർഭം നശിപ്പിക്കുന്ന സാന്ദ്രത കൂടിയ ഫലമെന്നതുകൊണ്ടും മുരിങ്ങപ്പൂവ് അസാധ്യ കയ്പുകൊണ്ടും അമ്മീമ്മയ്ക്ക് അനഭിമതരായി.

മുരിങ്ങ, മൂങ്ങ എന്ന രാത്രിപ്പക്ഷി ഇവർക്ക് മറ്റൊരു ദുഷ്പേരു കൂടി ഉണ്ടായിരുന്നു. ശ്രീരാമൻ മോക്ഷത്തിനായി സരയൂ നദിയിൽ ഇറങ്ങി മുങ്ങിയപ്പോൾ അയോധ്യാവാസികൾ എല്ലാം ഒന്നിച്ചു പോയത്രെ. എന്നാൽ മുരിങ്ങയും മൂങ്ങയും മാത്രം അനുഗമിക്കാൻ തയ്യാറായില്ല. അങ്ങനെ ദൈവത്തെ ധിക്കരിച്ചവർ എന്ന പേരുകൊണ്ട് വൈഷ്ണ്ണവ ബ്രാഹ്മണർക്ക് (അയ്യങ്കാർമാർക്ക്) ഈ രണ്ടുപേരും കടുത്ത വിരോധികളായിരുന്നു. പക്ഷെ, അയ്യരായിരുന്ന (ശൈവ ബ്രാഹ്മണർ) അമ്മീമ്മ മുരിങ്ങാക്കോലും മുരിങ്ങയിലയും ധാരാളമായി ആഹാരത്തിൽ ഉൾപ്പെടുത്തിയിരുന്നു.

മോര് ഒരു പ്രധാനവിഭവമായിരുന്നു വീട്ടിലെ മെനുവിൽ. നെയ്യും ചെറുപരിപ്പ് വേവിച്ചതും ഉപ്പും ചേർത്ത് ഊണാരംഭിച്ച്, സാമ്പാറിലൂടെയൊ, മുളകൂഷ്യത്തിലൂടേയോ, അവിയലിലൂടേയോ, എരിശ്ശേരിയിലൂടേയോ കടന്നുപോയി, തോരനോ, മെഴുക്കുപുരട്ടിയോ കൂട്ടത്തിൽ ചേർത്ത്, മോരും ഉപ്പിലിട്ടതുമായി അവസാനിക്കുന്ന ഒരനുഭൂതിയായിരുന്നു അമ്മീമ്മ വിളമ്പിയിരുന്ന ഭക്ഷണം. ഇതിലും രുചികരമായി ആർക്കും ഭക്ഷണമുണ്ടാക്കാൻ കഴിയില്ലെന്ന് ഞങ്ങൾ കുട്ടികൾ ഉറച്ചു വിശ്വസിച്ചു. സന്തോഷവും സ്നേഹവും കരുതലും രുചിക്കൊപ്പം അമ്മീമ്മ തന്നു.

കുറച്ച് മോര് ഒഴിച്ചാൽ അമ്മീമ്മ സമ്മതിക്കില്ല. ചോറും മോരും ശരിക്ക് കഞ്ഞി പോലെ ഒഴുകണമെന്നാണ് നിർബന്ധം. അച്ഛന് അമ്മീമ്മയുടെ ഈ ശീലത്തോട് ജീവിതത്തിലൊരിക്കലും പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല. ഞങ്ങൾ അങ്ങനെ ഭക്ഷണം കഴിക്കുന്നത് കാണുമ്പോഴൊക്കെയും അച്ഛൻ വാശിയോടെ വഴക്കുണ്ടാക്കുമായിരുന്നു. ഭക്ഷണം പലപ്പോഴും ഞങ്ങൾക്ക് കഠിന വേദന നൽകിയിട്ടുണ്ട്. ശീലങ്ങളുമായുള്ള വഴക്കം
ഒളിപ്പിക്കാൻ, ക്ഷോഭങ്ങളും പിണക്കങ്ങളും ഇല്ലാതാക്കാൻ ഞങ്ങൾ കുട്ടികൾ കിണഞ്ഞു പരിശ്രമിക്കുമായിരുന്നു. അച്ഛനെ പിണക്കാതെ നോക്കൽ അമ്മയ്ക്ക് അടി കിട്ടതിരിക്കനുള്ള ഞങ്ങളുടെ മുൻ കരുതലായിരുന്നു. സമൂഹവും ബന്ധുക്കളും വല്ലാതെ അകറ്റിമാറ്റിയ, കേസുകളിലും മറ്റു നൂലാമാലകളിലും കുടുങ്ങിയ, ജീവിതം എങ്ങിനെയെങ്കിലും ഒന്ന് വിജയിപ്പിച്ചെടുക്കാനുള്ള അമ്മ, അമ്മീമ്മ എന്ന രണ്ട് സ്ത്രീകളുടെ കൂട്ടയ പരിശ്രമങ്ങളെ അച്ഛനെന്ന ഒറ്റ പുരുഷന് എത്ര ഭംഗിയായി തകർക്കാൻ സാധിച്ചുവെന്നതിന്റെ ജീവിക്കുന്ന തെളിവുകളയി മാറി ഞങ്ങൾ.

ഈ മാനസ്സിക സമ്മർദ്ദം ഞങ്ങൾ ജീവിതകാലമത്രയും അനുഭവിച്ചു. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മാട്രിമോണി എന്ന ടെററിന്റെ ഇരകളായി. ഹൊറർ സ്റ്റോറികളിലെ കേന്ദ്രകഥാപാത്രമായ പുരുഷനെ പിണക്കാതെ നോക്കൽ എന്ന റോൾ വഹിക്കാൻ എന്നും ഞങ്ങൾ നിർബന്ധിതരായി. മാനസികമായും ശാരീരികമായും സാമ്പത്തികമായും വൈകാരികമായും ഞങ്ങൾ ചൂഷണം ചെയ്യപെട്ടു. പെരും നഷ്ടങ്ങൾ കഴുത്തൊടിഞ്ഞിട്ടും താങ്ങേണ്ടി വന്നു.

അച്ഛനോട് ഇന്നും തോന്നുന്ന വൈകാരികമായ അകൽച്ചക്ക് ഇപ്പോഴും പല രീതിയിൽ തുടരുന്ന, ഒരിക്കലും അവസാനിക്കാത്തതെന്ന് ഭയപ്പെടുത്തുന്ന ചൂഷണങ്ങൾ ഒരു പ്രധാന കാരണമാണ്. ജീവിതം കടകോലുകൊണ്ട് കടയുകയാണ് എന്നും. അമൃതിന്റെ അളവ് വളരെ കുറച്ചാണെങ്കിലും വിഷം ധാരാളമായി ഞങ്ങൾ കുടിക്കുന്നുണ്ട്. ഹിന്ദിഗാനത്തിൽ പറയുമ്പോലെ നൂറുകുറി മുറിച്ചാലും മുറി കൂടും വിധമാണ് ഞ്ങ്ങളെ സൃഷ്ടിച്ചതെന്ന് ഞാൻ അന്നേരമൊക്കെ വിചാരിച്ചും പോയിട്ടുണ്ട്. ശിവനെ പാർവ്വതി വിഷറങ്ങിപ്പോകാതെ കാത്തമാതിരി ഞങ്ങളെ കാക്കാൻ കരുതൽ മൂലധനമായി അമ്മീമ്മയും അമ്മയും പകർന്ന വാൽസല്യവും സ്നേഹവും മാത്രമേയുള്ളു. കാരണം ഒട്ടും ആവശ്യമുള്ളവർക്കല്ലല്ലൊ ഞങ്ങൾ കുടുംബം ഉണ്ടാക്കി നൽകിയത്, മനസ്സും ദേഹവും ആത്മാവും പകുത്തു കൊടുത്തത്....

വീടുകൾക്കും ജാതിയുണ്ട്

https://www.facebook.com/echmu.kutty/posts/1068699363309357





എച്ച്മുക്കുട്ടി കണ്ട വീടുകൾ ( അഥവാ വീടുകൾക്കും ജാതിയുണ്ട് ).

വീടുകളുടെ ജീവചരിത്രവും വീട്ടകങ്ങളുടെ ആത്മകഥയും ഇന്ത്യൻ ജാതി മത ഭരണകൂട സങ്കീർണ്ണതകളിലൂടെ അവതരിപ്പിക്കുകയാണ് മലയാളത്തിലെ ആദ്യകാല ബ്ലോഗറും ശ്രദ്ധേയയായ സാഹിത്യകാരിയുമായ എച്ച്മുക്കുട്ടി. സ്വന്തം വീട്ടകത്തിലൂടെ, വിവിധ സംസ്ഥാനങ്ങളിൽ വീടുനിർമ്മാണജോലിയുമായി സഞ്ചരിച്ചപ്പോൾ കണ്ട കാഴ്ചകളിലൂടെ, ലാറി ബേക്കർ എന്ന മനുഷ്യനുമായുള്ളവ്യക്തിബന്ധത്തിലൂടെ എച്ച്മുക്കുട്ടി ആത്മാനുഭവപരമായ എഴുത്തെഴുതുന്നു. വായിക്കൂ, നവംബർ ലക്കത്തിൽ.
പച്ചക്കുതിര മാസിക, ഡി സി ബുക്സ് / കറന്റ് ബുക്സ് ശാഖകളിലും കേരളത്തിലെ പ്രമുഖ ന്യൂസ് സ്റ്റാളുകളിലും കിട്ടും. [ തപാൽവഴിയും ലഭിക്കും. ഓൺലൈൻ ആയും ഡിജിറ്റൽ ഫണ്ട് ട്രാൻസ്ഫറിങ്ങ് വഴിയും എം.ഒ / ചെക്ക്, ഡി ഡി ആയും; ഡി സി, കറന്റ് ശാഖകളിൽ നേരിട്ടും വരിസംഖ്യ അടക്കാം. ഒരു വർഷത്തേക്ക് 240 രൂപ മാത്രം.]. വരിസംഖ്യ സംബന്ധിച്ച വിവരങ്ങൾക്ക് 9946108448, 0481 2301614 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഓൺലൈനിൽ dc   ഡിജിറ്റൽ വായനയ്ക്ക്