ഒരു കുട്ടിയും പിന്നെയൊരു എച്ച്മുക്കുട്ടിയും:
പണ്ടു പണ്ട് ഒരിടത്ത് ഒരു ചേച്ചി ഉണ്ടായിരുന്നു. ഇഷ്ടിക കൊണ്ടുണ്ടാക്കിയ വലിയൊരു ബംഗ്ലാവിൽ താമസിച്ചിരുന്ന ഒരു ചേച്ചി. അവിടെ ഒരിക്കൽ ഒരു കുട്ടിയും വീട്ടുകാരും വിരുന്നിനു പോയി.
അന്നേ വരെ അങ്ങനെ ഒരു ബംഗ്ലാവ് കുട്ടി കണ്ടിട്ടില്ലായിരുന്നു. ഇഷ്ടിക കൊണ്ടുള്ള ഒരു ബംഗ്ളാവ്. അവിടവിടെ നിറമുള്ള ചില്ലുകൾ
പതിപ്പിച്ച മേൽക്കൂര. സിമന്റ് ഇരിപ്പിടങ്ങൾ. എങ്ങും നല്ല കാറ്റും വെളിച്ചവും തണുപ്പും. നീണ്ടും വളഞ്ഞും പുളഞ്ഞും പോകുന്ന ഇടനാഴികൾ. നടുമുറ്റവും അതിന്റെ ഒരു വശത്തായി തുറന്ന ഒരു അടുക്കളയും. വലിയ ഒരു ലൈബ്രറി. ആ മുറിയിൽ കിടന്നു കൊണ്ട് വായിക്കാൻ സിമെന്റ് കട്ടിൽ. ആ വീടിന്റെ പണി തീരും മുമ്പേ ആ വീട്ടുകാർ അവിടെ താമസം തുടങ്ങിയിരുന്നു. എല്ലായിടത്തും പുതുമയുടെ മണം. പണിക്കാരുടെ തട്ടും മുട്ടും. കുട്ടിക്ക് എല്ലാം ഒരു അദ്‌ഭുതമായിരുന്നു. ആ വീടും അതിനകത്തു മുഴുവനും പറന്നു നടക്കുന്ന ആ ചേച്ചിയും. നീണ്ട മുടിയുള്ള ഒരു കുഞ്ഞു ചേച്ചി. കണ്ടാൽ ഒരു അടയ്ക്കാകുരുവി പോലെ.
ചേച്ചി ഓടി നടന്ന ആ വീട്ടിൽ കുട്ടി മിഴിച്ചു നിന്നു. പണി നടന്നു കൊണ്ടിരിക്കുന്ന ആ ഇഷ്ടിക വീടിന്റെ, പെയിന്റ് ഉണങ്ങാത്ത വാതിലിൽ ചാരി.. ഉടുപ്പിലും മേത്തും പെയിന്റ് ആക്കി.. പണിക്കാരുടെ ചീത്ത കേട്ട്..
അന്നാട്ടിലെ മുതിർന്നവർ അതു വരെ ഇട്ടു കണ്ടിട്ടില്ലാത്ത ചുരിദാർ ആയിരുന്നു ചേച്ചിയുടെ വേഷം. കുഞ്ഞുവാവയേയും ഒക്കത്തു വെച്ച് ചേച്ചി അങ്ങനെ കലപില കൂട്ടിക്കൊണ്ടിരിക്കും. എളിയിൽ ഒരു വശത്തായി അങ്ങനെ വാവയെ എടുത്തു വെക്കുന്നതും കുട്ടി ആദ്യമായി കാണുകയായിരുന്നു. കാരണം കുട്ടിയുടെ അമ്മ അനിയത്തികുട്ടിയെ എടുത്തു പിടിച്ചിരുന്നത് അങ്ങനെയല്ല. പുറത്തു പോകാൻ നേരം ചേച്ചി പച്ച ചുരിദാറും മഞ്ഞ പാന്റും ഇട്ടു കൂട്ടു വന്നു. പിങ്ക് നിറത്തിലുള്ള സ്ട്രോബെറി ഐസ്ക്രീം അന്ന് ആദ്യമായി കുട്ടി കഴിച്ചു. 'പീച്ചി ഡാം കാണാൻ പോകാം'എന്ന് ചേച്ചി പറഞ്ഞപ്പോ ആരാ എന്താ പീച്ചിയെ എന്നോ, ഡാം എന്നാൽ എന്താണെന്നോ കുട്ടിയ്ക്ക് മനസ്സിലായില്ല.
ആ വീട്ടിലെ താമസം കുട്ടിക്ക് പതുക്കെ മടുത്തു. കളിക്കാൻ ആരും കൂട്ടില്ല. അനിയത്തിക്കുട്ടിയും അടയ്ക്കാകുരുവീടെ കുഞ്ഞുവാവയും എപ്പോഴും അമ്മക്കൈകളിൽ ഇരുന്നു. കുട്ടി അമ്മേടെ അടുത്ത് പറ്റിക്കൂടാൻ നോക്കി. അപ്പോളുണ്ട് അടയ്ക്കാകുരുവി അമ്മേടടുത്ത് വന്ന് കലപില കൂട്ടുന്നു. കുട്ടിയ്ക്ക് അതു തീരെ ഇഷ്ടായില്ല. "എന്തിനാ ഇങ്ങനെ എപ്പോഴും ബഹളം വെച്ച് നടക്കുന്നേ? ചേച്ചിയ്ക്ക് അടുക്കളയിൽ പണി ഒന്നൂല്ലേ?" എന്ന് കുട്ടി ദേഷ്യപ്പെട്ടു. അടയ്ക്കാകുരുവി അപ്പോഴും ചിരിച്ചു. കുട്ടി പിറ്റേന്ന് സ്വന്തം വീട്ടിലേക്കു തിരിച്ചു പോയി.
ചേച്ചി പിന്നെയും അദ്‌ഭുതപ്പെടുത്തി. ഒരിക്കൽ കുട്ടി കേട്ടു, ആ ചേച്ചി ഒളിച്ചോടിപ്പോയെന്ന്. വാവയേയും കൊണ്ട്. വീടുപണിയ്‌ക്ക് വന്ന ആർക്കിടെക്റ്റിന്റെ കൂടെ ഡൽഹിക്ക്. വാവയുടെ അച്ഛന്റെ സങ്കടം ഓർത്ത് കുട്ടിയ്ക്ക് സങ്കടം വന്നു. ചേച്ചിയ്ക്ക് എന്തിന്റെ കുറവായിരുന്നു? അത്രയും ഭംഗിയുള്ള വീടുണ്ടായിരുന്നില്ലേ? വാവയുടെ പാവം ഒരു അച്ഛൻ ഉണ്ടായിരുന്നില്ലേ? വല്ലാത്ത ദേഷ്യം തോന്നി. ആ വാവയെ എങ്കിലും കൊടുത്തിട്ടു പോകാമായിരുന്നു. എന്തൊരു അഹങ്കാരം പിടിച്ച ചേച്ചി! എന്തൊരു ബഹളവും പത്രാസും ആയിരുന്നു! വാവയുടെ അച്ഛന്റെ കണ്ണീരിന്റെയും സങ്കടത്തിന്റെയും കഥകൾ കുട്ടി കേട്ടു കൊണ്ടേയിരുന്നു. ചേച്ചി എന്തൊരു ദുഷ്ടയാണ്!
ചേച്ചി പോയി വർഷങ്ങൾ കഴിഞ്ഞ് ആ ബംഗ്ലാവിൽ കുട്ടി പിന്നെയും പോയി. ആ അച്ഛന്റെ പുതിയ ഭാര്യയേയും കുട്ടികളേയും ഉൾക്കൊള്ളാൻ എന്തു കൊണ്ടോ കുട്ടിയ്ക്ക് ആയില്ല. ആ വീട് ചേച്ചിയുടെയും വാവയുടെയും തന്നെ ആണെന്ന് തോന്നി.
പിന്നീടെപ്പോഴോ വാവയുടെ അച്ഛന്റെ ഓർമ്മക്കുറിപ്പ് വായിക്കാൻ ഇടയായി. കുഞ്ഞു നഷ്ടപ്പെട്ട ഒരച്ഛന്റെ, പരിഷ്കാരിയായ പെണ്ണ് ചതിച്ചിട്ടു പോയ ഒരു ഭർത്താവിന്റെ വിങ്ങലുകൾ. ഒരുപാട് നാളുകൾക്കു ശേഷം അവരൊക്കെ വീണ്ടും മനസ്സിലേക്ക് വന്നത് അന്നായിരുന്നു. വാവയുടെ അച്ഛനെ ഓർത്തു പിന്നെയും സങ്കടപ്പെട്ടു.
കുട്ടി പിന്നെയും എപ്പോഴൊക്കെയോ ചേച്ചിയെ ഓർത്തു. അപ്പോഴൊക്കെ ദേഷ്യം തോന്നി. എങ്കിലും എന്തോ ഒരു കൗതുകത്തിന് ഓർക്കൂട്ടിലും ഫേസ്ബുക്കിലും വെറുതെ തിരഞ്ഞു. ചേച്ചിയുടെയും വാവയുടെയും പേരിന്റെ സ്പെല്ലിങ് പല രീതിയിൽ കൊടുത്തു നോക്കി. എവിടെയും കണ്ടില്ല. വാവ നാട് മറന്നു കാണും. ഭാഷ മറന്നു കാണും. ഹിന്ദിക്കാരിക്കുട്ടി ആയിക്കാണും. സുഖായി ഇരിക്കുന്നുണ്ടാവുമോ?
ഇപ്പൊ കുറച്ച് ദിവസം മുമ്പ് കുട്ടി അറിഞ്ഞു തൊട്ടടുത്ത് ആ ചേച്ചി ഉണ്ടെന്ന്. മറ്റൊരു കുട്ടിയായി, എച്ച്മുക്കുട്ടിയായി ഇരുന്ന് എഴുതുന്നുണ്ടെന്ന്. എച്ച്മുക്കുട്ടിയെ ഫേസ്ബുക്കിൽ എവിടെയൊക്കെയോ കാണാറുണ്ടായിരുന്നു. പക്ഷേ അത് പഴയ അടയ്ക്കാകുരുവിച്ചേച്ചി ആണെന്ന് അറിയില്ലായിരുന്നു. പണ്ടത്തെ രൂപവുമായി ഒരു സാമ്യവും ഇല്ലായിരുന്നു. ഫേസ്ബുക്കിലെ കുറിപ്പുകൾ മുഴുവൻ കുട്ടി വായിച്ചു. ആ വരികൾ കുട്ടിയോട് പറഞ്ഞു ആ അടയ്ക്കാകുരുവിയുടെ കണ്ണീരിൽ പടുത്തുയർത്തിയതായിരുന്നു ഭംഗിയുള്ള ഇഷ്ടികബംഗ്ളാവെന്ന്. അവൾ ജീവനും കയ്യിലെടുത്താണ് പണ്ട് അതിനകത്തു കൂടെ നടന്നിരുന്നതെന്ന്. കണ്ണിൽ നിറഞ്ഞിരുന്നത് ചിരിയല്ല ചോരയായിരുന്നെന്ന്. ഉള്ളം മുഴുവൻ മുറിവുകളായിരുന്നെന്ന്. കാണിച്ചു കൂട്ടിയ ബഹളങ്ങൾ ഒക്കെ വെറുതെ ആയിരുന്നെന്ന്. അവളെ അവിടെ ഇട്ടു കൊല്ലാതെ കൊല്ലുകയായിരുന്നെന്ന്. പ്രാണൻ ബാക്കിയാവണം എന്ന് അവൾക്ക് ഭയങ്കര കൊതിയായിരുന്നെന്ന്. ജീവിതത്തിലെ അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു ആ ഒളിച്ചോട്ടം എന്ന്.
കുട്ടിയ്ക്ക് ശ്വാസം മുട്ടി. നെഞ്ചിൽ ഒരു കല്ലെടുത്തു വച്ച പോലെ. കുട്ടി ചേച്ചിയുടെ ഫോൺ നമ്പർ കണ്ടെത്തി. വിളിച്ചു സംസാരിച്ചു. എച്ച്മുക്കുട്ടീന്ന് അല്ല, പണ്ടത്തെ പേര് വിളിച്ചു. ഒരുപാടൊരുപാട് സംസാരിച്ചു. പണ്ടത്തെ കുഞ്ഞോർമകളെപ്പറ്റി. ഇന്നേവരെ മനസ്സിൽ കൊണ്ട് നടന്ന ദേഷ്യത്തെപ്പറ്റി. ഇത്രയും അടുത്ത് ഉണ്ടായിട്ടും അറിയാതെ പോയതിനെപ്പറ്റി. ചേച്ചി എഴുതുന്നത് വായിക്കുമ്പോൾ ഉണ്ടാവുന്ന ശ്വാസംമുട്ടലിനെപ്പറ്റി.
പോയ വർഷങ്ങളുടെ പലിശയടക്കം ഉമ്മകൾ കൊടുത്ത് ഒടുവിൽ ഫോൺ വെയ്ക്കുമ്പോൾ കുട്ടിയ്ക്ക് കരച്ചിൽ വന്നു. പക്ഷേ ആ കരച്ചിലിന് ഒരു സുഖമുണ്ടായിരുന്നു. കണ്മുന്നിൽ ഒരു അടയ്ക്കാകുരുവി സന്തോഷത്തോടെ തത്തിക്കളിക്കുന്നത് കാണുമ്പോൾ ഉള്ള സുഖം.
1 comment:
പോയ വർഷങ്ങളുടെ പലിശയടക്കം ഉമ്മകൾ കൊടുത്ത് ഒടുവിൽ ഫോൺ വെയ്ക്കുമ്പോൾ കുട്ടിയ്ക്ക് കരച്ചിൽ വന്നു. പക്ഷേ ആ കരച്ചിലിന് ഒരു സുഖമുണ്ടായിരുന്നു. കണ്മുന്നിൽ ഒരു അടയ്ക്കാകുരുവി സന്തോഷത്തോടെ തത്തിക്കളിക്കുന്നത് കാണുമ്പോൾ ഉള്ള സുഖം.
Post a Comment